ദാവൂദിന്റെ സഹായിയിൽനിന്ന് വിപണി നിരക്കിനേക്കാൾ കുറഞ്ഞ വിലയ്ക്ക് മന്ത്രി മാലിക് ഭൂമി വാങ്ങിയെന്നായിരുന്നു ഫഡ്നാവിസിന്റെ ആരോപണം. ഭൂമി വിറ്റവരിൽ ഒരാൾ 1993ലെ ബോംബെ സ്ഫോടനക്കേസ് പ്രതിയാണ്. രണ്ടാമത്തെയാൾ ദാവൂദിന്റെ സഹോദരി ഹസീനയുടെ സഹായിയും. 2.80 ഏക്കർ സ്ഥലം വെറും 30 ലക്ഷം രൂപയ്ക്ക് സോളിഡസ് ഇൻവെസ്റ്റ്മെന്റ് എന്ന കമ്പനി വാങ്ങിയെന്നായിരുന്നു ആരോപണം. കമ്പനിയുടെ തലപ്പത്തുണ്ടായിരുന്നതാകട്ടെ നവാബിന്റെ...Dawood

ദാവൂദിന്റെ സഹായിയിൽനിന്ന് വിപണി നിരക്കിനേക്കാൾ കുറഞ്ഞ വിലയ്ക്ക് മന്ത്രി മാലിക് ഭൂമി വാങ്ങിയെന്നായിരുന്നു ഫഡ്നാവിസിന്റെ ആരോപണം. ഭൂമി വിറ്റവരിൽ ഒരാൾ 1993ലെ ബോംബെ സ്ഫോടനക്കേസ് പ്രതിയാണ്. രണ്ടാമത്തെയാൾ ദാവൂദിന്റെ സഹോദരി ഹസീനയുടെ സഹായിയും. 2.80 ഏക്കർ സ്ഥലം വെറും 30 ലക്ഷം രൂപയ്ക്ക് സോളിഡസ് ഇൻവെസ്റ്റ്മെന്റ് എന്ന കമ്പനി വാങ്ങിയെന്നായിരുന്നു ആരോപണം. കമ്പനിയുടെ തലപ്പത്തുണ്ടായിരുന്നതാകട്ടെ നവാബിന്റെ...Dawood

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദാവൂദിന്റെ സഹായിയിൽനിന്ന് വിപണി നിരക്കിനേക്കാൾ കുറഞ്ഞ വിലയ്ക്ക് മന്ത്രി മാലിക് ഭൂമി വാങ്ങിയെന്നായിരുന്നു ഫഡ്നാവിസിന്റെ ആരോപണം. ഭൂമി വിറ്റവരിൽ ഒരാൾ 1993ലെ ബോംബെ സ്ഫോടനക്കേസ് പ്രതിയാണ്. രണ്ടാമത്തെയാൾ ദാവൂദിന്റെ സഹോദരി ഹസീനയുടെ സഹായിയും. 2.80 ഏക്കർ സ്ഥലം വെറും 30 ലക്ഷം രൂപയ്ക്ക് സോളിഡസ് ഇൻവെസ്റ്റ്മെന്റ് എന്ന കമ്പനി വാങ്ങിയെന്നായിരുന്നു ആരോപണം. കമ്പനിയുടെ തലപ്പത്തുണ്ടായിരുന്നതാകട്ടെ നവാബിന്റെ...Dawood

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2018ൽ പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ ഇമ്രാൻ ഖാനോട് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചു: ‘ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ മുന്നിലുള്ള ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്നാണല്ലോ റിപ്പോർട്ടുകൾ...?’

ഇമ്രാൻ അതിനു മറുപടി പറഞ്ഞതിങ്ങനെ: ‘ഞങ്ങളുടെ കയ്യിലും ആ പട്ടികയുണ്ട്. പാക്കിസ്ഥാന്റെ മണ്ണ് ഭീകരപ്രവർത്തനത്തിനായി ഞങ്ങൾ ഒരിക്കലും വിട്ടുകൊടുക്കില്ല’. ആ സംഭാഷണം അവിടെത്തീർന്നു. 

ഇമ്രാൻ ഖാൻ
ADVERTISEMENT

രണ്ടു വർഷങ്ങൾക്കിപ്പുറം 2020ൽ ഐക്യരാഷ്ട്ര സംഘടനയ്ക്ക് പാക്കിസ്ഥാൻ ഒരു പട്ടിക കൈമാറി. രാജ്യത്ത് നിരോധിക്കപ്പെട്ട 88 ഭീകരസംഘടനകളുടെയും അവരുടെ നേതാക്കന്മാരെപ്പറ്റിയുമായിരുന്നു അത്. അതിലും മുന്നിൽത്തന്നെ ദാവൂദ് ഇബ്രാഹിമിന്റെ പേരായിരുന്നു. പാക്കിസ്ഥാനുമായി യാതൊരു ബന്ധവും ദാവൂദിനില്ലെന്നും റിപ്പോർട്ടിലൂടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു വച്ചു. ഇനി സമകാലിക പാക്കിസ്ഥാനിലേക്ക്.

കഴിഞ്ഞ ദിവസം ഒരു പാക്ക് മാധ്യമപ്രവർത്തകന്റെ യുട്യൂബ് ചാനലിലൂടെ അദ്ദേഹം ഒരു വാർത്ത പുറത്തുവിട്ടു. പാക്ക് ശതകോടീശ്വരൻ ഫറൂഖ് സഹൂറിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നായിരുന്നു അത്. അതിനു തെളിവുണ്ടെന്നു പറയുന്നതാകട്ടെ പാക്ക് അന്വേഷണ ഏജൻസിയായ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ എജൻസി (എഫ്ഐഎ)യും. സഹൂറിന്റെ പെൺമക്കളെ അദ്ദേഹം പാക്കിസ്ഥാനിൽനിന്ന് അനധികൃതമായി കടത്തിക്കൊണ്ടു പോയതായി ബന്ധപ്പെട്ട കേസിൽ എഫ്ഐഎ തലവൻ സലൗള്ള അബ്ബാസി റജിസ്റ്റർ ചെയ്ത എഫ്ഐആറിലാണ് ഈ വിവരമുള്ളത്. 

സോഫിയ മിർസ.

സഹൂറിന്റെ മുൻ ഭാര്യയും മോഡലുമായ സോഫിയ മിർസയാണ് ഇതു സംബന്ധിച്ച പരാതി 2009ൽ നൽകിയത്. നിലവിൽ യുഎഇയിൽ താമസിക്കുന്ന സഹൂറിന് ദാവൂദുമായി അടുത്ത ബിസിനസ് ബന്ധങ്ങളുണ്ടെന്നാണ് അബ്ബാസി ആരോപിക്കുന്നത്. ‘സഹൂർ തട്ടിപ്പുകാരനാണ്, രാജ്യാന്തര ക്രിമിനലാണ്, അയാൾക്ക് ദാവൂദ് ഇബ്രാഹിമുമായി ബന്ധവുമുണ്ട്...’ എഫ്ഐആറിൽ പറയുന്നു. 

മാലിക്കിന്റെ അറസ്റ്റ് മഹാരാഷ്ട്ര സർക്കാരിനോടുള്ള വെല്ലുവിളിയാണ്. കേന്ദ്ര ഏജൻസികൾക്ക് അന്വേഷണത്തിന്റെ പേരിൽ എന്തും ചെയ്യാൻ അധികാരമുണ്ട്. പഴയ സംഭവങ്ങളെല്ലാം അവർ കുത്തിപ്പൊക്കുകയാണ്. പക്ഷേ ഒരു കാര്യം ഓർക്കണം, 2024നു ശേഷം നിങ്ങൾക്കെതിരെയും ഞങ്ങൾ അന്വേഷിക്കും...

ദാവൂദ് എന്ന ഭീകരൻ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും ഞങ്ങൾക്കറിയില്ല എന്നു പറഞ്ഞ പാക്കിസ്ഥാനാണ് ഇപ്പോൾ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതും രാജ്യത്തിന്റെ ഏറ്റവും ഉയർന്ന രഹസ്യാന്വേഷണ ഏജൻസിയുടെ തലവൻ. പാക്ക് ആഭ്യന്തര സെക്രട്ടറിയുടെ കീഴിലാണ് ഏജൻസി പ്രവർത്തിക്കുന്നതെന്നത് മറ്റൊരു യാഥാർഥ്യം. ദാവൂദ് പാക്കിസ്ഥാനിൽത്തന്നെയുണ്ട് എന്ന ഇന്ത്യയുടെ സംശയം അതോടെ ബലപ്പെടുകയായിരുന്നു. അങ്ങനെയെങ്കിൽ എന്താണ് അയാളുടെ പദ്ധതി?

ADVERTISEMENT

ഇടവേളയ്ക്കു ശേഷം ഇന്ത്യയ്ക്കെതിരെ വീണ്ടും?

1993ൽ മുംബൈയിൽ നടന്ന കൂട്ട സ്ഫോടനക്കേസിൽ ഇന്നും ഇന്ത്യ തേടുന്ന പ്രധാന പ്രതിയാണ് ദാവൂദ് ഇബ്രാഹിം. അന്ന് മുംബൈയിൽ 12 ഇടത്തു നടന്ന സ്ഫോടനത്തിൽ ഇരുനൂറിലേറെപ്പേർ കൊല്ലപ്പെട്ടു. ആയിരത്തിലേറെ പേർക്കു പരുക്കേറ്റു. സ്ഫോടനത്തിനു തൊട്ടു മുൻപ് ദാവൂദ് പാക്കിസ്ഥാനിലേക്കു കടന്നു. 2003ൽ ഇന്ത്യയും യുഎസും ദാവൂദിനെ രാജ്യാന്തര ഭീകരനായി പ്രഖ്യാപിച്ചു. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ആയുധങ്ങൾ ഉൾപ്പെടെ ഇന്ത്യയിൽ എത്തിച്ചു കൊടുത്തത് ദാവൂദാണെന്നതിനും തെളിവ് ലഭിച്ചിട്ടുണ്ട്. 

2008ലെ മുംബൈ ഭീകരാക്രമണം. ഫയൽ ചിത്രം

ഇന്നും അയാളുടെ തലയ്ക്ക് കോടികളാണു വില. ഹവാല പണമിടപാടിലും 2013ലെ ഐപിഎൽ ഒത്തുകളി ഇടപാടിലുമെല്ലാം ദാവൂദിന്റെ പങ്ക് ഇന്ത്യൻ അന്വേഷണ ഏജൻസികൾ തിരിച്ചറിഞ്ഞിരുന്നു. ദാവൂദിന് പാക്കിസ്ഥാനാണ് അഭയം നൽകുന്നതെന്ന വിവരം ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ വ്യക്തമാക്കിയിട്ടുമുണ്ട്. ഇക്കാര്യം പാക്കിസ്ഥാൻ നിഷേധിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും അവർ പോലുമറിയാതെ സത്യം പുറത്തു വരാറുണ്ട്. അതിൽ ഏറ്റവും അവസാനത്തേതായിരുന്നു അബ്ബാസിയുടെ പ്രസ്താവന. 

‘ഇത് എൻസിപി പ്രതീക്ഷിച്ചതാണ്. നവാബ് ഭായിയും പ്രതീക്ഷിച്ചിരുന്നു. ഇഡി സംഘം വീട്ടിലേക്കു വരികയാണെങ്കിൽ അവർക്കായി ചായയും ബിസ്കറ്റും തയാറാക്കി വയ്ക്കുമെന്ന് നേരത്തേതന്നെ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഒരു നോട്ടിസ് പോലും നൽകാതെയാണ് ഇഡി നവാബിനെ കൊണ്ടുപോയത്..

ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ദാവൂദ് പ്രത്യേക വിഭാഗംതന്നെ രൂപീകരിച്ച വാർത്തകളും 2022 ആദ്യം പുറത്തു വന്നിരുന്നു. ജനുവരി ഏഴിന് ആ സംഘത്തിനെതിരെ മുംബൈ പൊലീസ് കേസും റജിസ്റ്റർ ചെയ്തു. മുംബൈയും ഡൽഹിയും കേന്ദ്രീകരിച്ച് ആക്രമണത്തിനായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെയും വ്യവസായികളെയും അപായപ്പെടുത്തുക എന്നതും ‘ദാവൂദ് ഗ്യാങ്ങിന്റെ’ ലക്ഷ്യമായിരുന്നെന്ന് പൊലീസ് പറയുന്നു. 

ADVERTISEMENT

ദാവൂദിന്റെ ഇന്ത്യാവിരുദ്ധ സംഘം വെറും അഭ്യൂഹം മാത്രമല്ലെന്നു തെളിയിച്ച്, കഴിഞ്ഞ ദിവസം കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തു. രാഷ്ട്രീയ നേതാക്കളും ബിസിനസുകാരും ഉൾപ്പെടെ ദാവൂദിനു ധനസഹായം നൽകുന്നതായുള്ള സൂചന എൻഐഎയ്ക്കു ലഭിച്ചതിനു പിന്നാലെയായിരുന്നു ഇത്. ദാവൂദും വിദേശത്തുനിന്ന് വൻതോതിൽ ഇന്ത്യയിലേക്ക് ഹവാല പണം എത്തുക്കുകയാണ്. ഇന്ത്യയിൽ രാഷ്ട്രീയ–സാമ്പത്തിക അസ്ഥിരത ലക്ഷ്യമിട്ടാണിത്.  

ഇതു സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സമാന്തര അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി, ദാവൂദിന്റെ സഹോദരൻ ഇക്ബാൽ കസ്കറിനെയും ഇഡി ചോദ്യം ചെയ്തു. തട്ടിക്കൊണ്ടു പോകൽ കേസിൽപ്പെട്ട് താനെ ജയിലിലായിരുന്ന കസ്കറിനെ, ദാവൂദിന്റെ പണമിടപാട് സംബന്ധിച്ച വിവരങ്ങൾക്കായാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കസ്റ്റഡി ഫെബ്രുവരി 24ന് അവസാനിച്ചതിനെത്തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.. ഇയാളിൽനിന്നു പല നിർണായക വിവരങ്ങളും ഇഡിക്കു ലഭിച്ചതായാണു വിവരം. ‘ദാവൂദ് ഗ്യാങ്ങിന്റെ’ ഇന്ത്യയിലെ നീക്കം ഏകോപിപ്പിച്ചിരുന്നതും കസ്കർ ആണെന്നാണു വിവരം. 

ഇക്ബാൽ കസ്കറിനെ കോടതിയിൽ ഹാജരാക്കുന്നു. ചിത്രം: SEBASTIAN D'SOUZA / AFP

അതിനിടെയായിരുന്നു മഹാരാഷ്ട്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി നവാബ് മാലിക്കിന്റെ അറസ്റ്റ്. ഇതിനു മുന്നോടിയായിത്തന്നെ എൻഐഎയും ഇഡിയും കുരുക്ക് മുറുക്കിയിരുന്നു. ഫെബ്രുവരി 16ന് മുംബൈയിലെ പത്തിടത്ത് ഇഡിയുടെ എഴുപതോളം ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് എത്തിയത്. അതിലൊന്ന് കസ്കറിന്റെ വസതിയാണ്. ദാവൂദിന്റെ സഹോദരി ഹസീന പാർക്കറുടെ മകന്റെ വീട്ടിലും പരിശോധന നടന്നു. തട്ടിക്കൊണ്ടുപോകൽ, ഹവാല, ലഹരിമരുന്ന് വിൽപന, റിയൽ എസ്റ്റേറ്റ് തുടങ്ങിയവയിലൂടെ അനധികൃതമായി ദാവൂദിന്റെ കൂട്ടാളികളിൽ പലരും പണം സമ്പാദിച്ചതായും ഇഡി കണ്ടെത്തി. ദാവൂദ്, അയാളുടെ അടുത്ത അനുയായി ഛോട്ടാ ഷക്കീൽ, സഹോദരൻ അനീസ് ഇബ്രാഹിം എന്നിവരായിരുന്നു ഇതിനു പിന്നിലെന്ന് എൻഐഎയും കണ്ടെത്തി.

‘ആരാണ് ആ നാല് ബിസിനസുകാർ?’

ഛോട്ടാ ഷക്കീലിന്റെ ബന്ധു സലിം ഖുറേഷിയെയും (സലിം ഫ്രൂട്ട്) ഇഡി ചോദ്യം ചെയ്തിരുന്നു. ദാവൂദിന്റെ മുംബൈയിലെ ഇടപാടുകളിലേറെയും സലിമിലൂടെയാണു നടക്കുന്നതെന്നാണ് ഇഡിക്കു ലഭിച്ച വിവരം. ദാവൂദുമായി ഇടപാടുകൾ തുടരുന്ന നാല് ഇന്ത്യൻ ബിസിനസുകാരെപ്പറ്റിയും ഇഡിക്കും എൻഐഎയ്ക്കും വിവരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെയും ദുബായിലെയും സ്ഥലമിടപാടിന്റെ ഉൾപ്പെടെ രേഖകളും ഇവരിൽനിന്ന് കണ്ടെത്തി. മന്ത്രി മാലിക്കിനു പിന്നാലെ ഇവരെയും വരുംദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നാണറിയുന്നത്. മന്ത്രിയെ മാർച്ച് 3 വരെ ഇഡി കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഭീകരവാദ പ്രവർത്തനങ്ങൾക്ക് നവാബ് മാലിക് പണം നൽകി എന്നാണ് ഇഡി ആരോപിക്കുന്നത്. മന്ത്രിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു കോടതിയും പറഞ്ഞു. കൂടുതൽ അന്വേഷണവും ചോദ്യം ചെയ്യലും അനിവാര്യമായ സാഹചര്യത്തിലാണ് മന്ത്രിയെ കോടതി ഇഡി കസ്റ്റഡിയിൽ വിട്ടത്. വെള്ളിയാഴ്ച രാവിലെ വയറു വേദനയെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിക്ക് ഭക്ഷണം വീട്ടിൽനിന്നാണ് എത്തിക്കുന്നതെന്നും ഇഡി അറിയിച്ചു.

നവാബ് മാലിക് ഇഡി ഓഫിസിൽ. ചിത്രം: ANI

പണമിടപാടും രാജ്യവിരുദ്ധ പ്രവർത്തനങ്ങളും തമ്മിലുള്ള ബന്ധമാണു പ്രധാനമായും ഇഡിയും എൻഐഎയും പരിശോധിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ദാവൂദിന്റെ ഡി–കമ്പനി’ പോലെ സംഘം രൂപീകരിച്ച് ഒരു ‘ഗ്യാങ്’ ഇന്ത്യാ വിരുദ്ധ പ്രവർത്തനം നടത്തിയതായാണു വിവരം. അന്വേഷണത്തിൽ മഹാരാഷ്ട്രയിലെയും ഡൽഹിയിലെയും പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ കുടുങ്ങുമെന്ന് എൻഐഎ വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു മാലിക്കിന്റെ അറസ്റ്റ്. മാർച്ച് 3 വരെ മാലിക്കിനെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് പ്രത്യേക കോടതി. വേണ്ടത്ര തെളിവുകളില്ലാതെ ഇത്തരമൊരു വിവാദപരമായ നീക്കം ഇഡി നടത്തില്ലെന്നും നിരീക്ഷകർ പറയുന്നു. അങ്ങനെയെങ്കിൽ ഇന്ത്യയെ ഞെട്ടിക്കുന്ന വിവരങ്ങളായിരിക്കും വരുംനാളുകളിൽ പുറത്തുവരിക.

മാലിക്കിനെ കുരുക്കിയത് ആര്?

മുംബൈ അധോലോകവുമായും ദാവൂദ് ഇബ്രാഹിമുമായും അയാളുടെ സഹായികളുമായുമുള്ള ബന്ധമാണ് മാലിക്കിനെ കുടുക്കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. കള്ളപ്പണ ഇടപാടിന്റെ പേരിൽ 23നു രാവിലെ ആറോടെയാണ് ഇഡി സംഘം മന്ത്രിയുടെ വീട്ടിലെത്തിയത്. നേരത്തേ മന്ത്രിക്കെതിരെ സമൻസ് അയച്ചിരുന്നതായും പറയപ്പെടുന്നു.രാവിലെ എട്ടോടെ ഇഡി സംഘം അദ്ദേഹത്തോടൊപ്പം ദക്ഷിണ മുംബൈയിലെ ഓഫിസിലേക്കു തിരിച്ചു. അപ്പോഴൊന്നും പക്ഷേ അറസ്റ്റിന്റെ യാതൊരു സൂചനകളും ലഭിച്ചിരുന്നില്ല. 

ചോദ്യം ചെയ്യൽ അഞ്ചു മണിക്കൂറിലേറെ നീണ്ടു. മുംബൈയിലെ ചില വസ്തു ഇടപാടുകളുമായി മാലിക്കിനുള്ള ബന്ധം നാളുകളായി ഇഡിയുടെ ‘റഡാറി’ലായിരുന്നു. അതു സംബന്ധിച്ച കൃത്യമായ തെളിവു ലഭിച്ചതോടെയായിരുന്നു ചോദ്യം ചെയ്യൽ. നേരത്തേ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്കെതിരെ നിരന്തരം ആരോപണം ഉന്നയിച്ചു വാർത്ത സൃഷ്ടിച്ചയാളുമാണ് മാലിക്ക്. 2021 ഒക്ടോബറിൽ നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനുൾപ്പെടെ ലഹരിക്കേസിൽ അറസ്റ്റിലായതിനു പിന്നാലെയായിരുന്നു മാലിക്കിന്റെ ഇടപെടൽ. നേരത്തേ ഇദ്ദേഹത്തിന്റെ മരുമകൻ സമീർഖാനെയും എൻസിബി മുംബൈ യൂണിറ്റ് ലഹരിക്കേസിൽ അറസ്റ്റ് ചെയ്തിരുന്നു.  

കേന്ദ്ര സര്‍ക്കാരിനെതിരെയും അവർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെയും നവാബ് സംസാരിച്ചതാണ് അദ്ദേഹത്തിനെതിരെ നടപടിക്കു കാരണമായത്. കേന്ദ്രത്തിനെതിരെ അദ്ദേഹം തുറന്നടിച്ചിരുന്നതിനാൽത്തന്നെ ഇത്തരമൊരു നീക്കം ബിജെപിയുടെ ഭാഗത്തുനിന്ന് ഞങ്ങൾ പ്രതീക്ഷിച്ചതാണ്..

കള്ളപ്പണം തടയൽ നിയമപ്രകാരമാണ് (Prevention of Money Laundering Act (PMLA) അറുപത്തിയേഴുകാരനായ മന്ത്രിക്കെതിരെ നിലവിൽ കേസെടുത്തിരിക്കുന്നത്. എന്നാൽ ശിവസേന, എൻസിപി, കോൺഗ്രസ് സഖ്യം മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചതിന്റെ പ്രതികാരമായി കേന്ദ്ര ഏജൻസിയെക്കൊണ്ട് ബിജെപി നടത്തിയതാണ് അറസ്റ്റെന്ന് നേതാക്കൾ പറയുന്നു. അറസ്റ്റിനു പിന്നാലെ എൻസിപി നേതാക്കളും മന്ത്രിമാരും ഉൾപ്പെടെ എൻസിപി തലവൻ ശരദ് പവാറിന്റെ വീട്ടിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതികാര രാഷ്ട്രീയം തങ്ങളുടെ വഴിയല്ലെന്നാണ് ബിജെപി പ്രതികരണം. മാലിക് മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും അവർ ആവശ്യപ്പെടുന്നു. കോടതിയും മന്ത്രിക്കെതിരെ നിലപാടെടുത്തതോടെ മഹാ അഘാഡി സഖ്യത്തിലും ആശയക്കുഴപ്പമുണ്ടായിട്ടുണ്ട്. എന്നാൽ  ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ പ്രതിഷധം ശക്തമാക്കാനാണ് എൻസിപി–ശിവസേന–കോണ്‍ഗ്രസ് സഖ്യ തീരുമാനം. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോഴത്തെ അറസ്റ്റെങ്കിലും മുൻ മഹാരാഷ്ട്ര ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഉൾപ്പെടെ പരാതികൾ ഇഡിയുടെ പരിഗണനയിലുണ്ടായിരുന്നു. 

പരാതിക്കു പിന്നിൽ ഫഡ്നാവിസ്?

ദാവൂദിന്റെ സഹായിയിൽനിന്ന് വിപണി നിരക്കിനേക്കാൾ കുറഞ്ഞ വിലയ്ക്ക് മാലിക് ഭൂമി വാങ്ങിയെന്നായിരുന്നു ഫഡ്നാവിസിന്റെ ആരോപണം. ഭൂമി വിറ്റവരിൽ ഒരാൾ 1993ലെ ബോംബെ സ്ഫോടനക്കേസ് പ്രതിയാണ്. രണ്ടാമത്തെയാൾ ദാവൂദിന്റെ സഹോദരി ഹസീനയുടെ സഹായിയും. കുർളയിലെ എൽബിഎസ് മാർഗിലെ 2.80 ഏക്കർ വരുന്ന സ്ഥലം വെറും 30 ലക്ഷം രൂപയ്ക്ക് സോളിഡസ് ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വാങ്ങിയെന്നായിരുന്നു ഫഡ്നാവിസിന്റെ ആരോപണം. കമ്പനിയുടെ തലപ്പത്തുണ്ടായിരുന്നതാകട്ടെ നവാബിന്റെ മകൻ ഫറസ് മാലിക്കും. 

ദേവേന്ദ്ര ഫഡ്നാവിസ്.

നേരത്തേ നവാബ് മാലിക്കും കമ്പനിയുടെ ഭാഗമായിരുന്നു. എന്നാൽ 2019ൽ മന്ത്രിയായപ്പോൾ കമ്പനിയിലെ ഔദ്യോഗിക പദവിയൊഴിഞ്ഞു. സ്ക്വയർ ഫീറ്റിന് 8500 രൂപ വരുന്ന സ്ഥലം വെറും 25 രൂപ നിരക്കിലാണ് സോളിഡസ് വാങ്ങിയതെന്നും ഫഡ്നാവിസ് ആരോപിച്ചു. ഇടപാടിന്റെ പേരിൽ 20 ലക്ഷത്തോളം രൂപ ദാവൂദിന്റെ സഹായികൾക്കു നൽകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിലൊരാളായ ഷഹാവലി ഖാൻ ആണ് ബോംബെ സ്ഫോടനക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടത്. ഇയാളിപ്പോഴും ജയിലിലാണ്. 2005ലാണ് ഫഡ്നാവിസിന്റെ പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. 2007ൽ ഷഹാവലി ഖാൻ ജയിലിലുമായി. 

ദാവൂദിന്റെ സഹോദരി ഹസീനയുടെ എല്ലാ സ്ഥലമിടപാടിന്റെയും ഇടനിലക്കാരനായിരുന്നു സലീം പട്ടേൽ. ഹസീനയുടെ അംഗരക്ഷകനുമായിരുന്നു ഇയാൾ. സലീമിനും മാലിക്കിന്റെ കമ്പനി പണം നൽകിയതായി ഫഡ്നാവിസ് ആരോപിച്ചു. എന്നാൽ ആരോപണങ്ങളെല്ലാം മന്ത്രി മാലിക് നിഷേധിച്ചിരുന്നു. കുർളയിൽ വാങ്ങിയതെന്നു പറയുന്ന ഭൂമി മുനിറ പട്ടേൽ എന്ന വനിതയിൽനിന്നാണ് വാങ്ങിയതെന്ന് മന്ത്രി പറയുന്നു. റജിസ്ട്രേഷൻ നടത്തിയതും അവരുമൊത്താണ്. എന്നാൽ സലിം പട്ടേൽ എന്നയാൾ ഇടപാടിൽ ഇടപെട്ടിരുന്നെന്നും പക്ഷേ നേരിട്ടല്ലെന്നും മന്ത്രി സമ്മതിച്ചിരുന്നു. 

ദക്ഷിണ മുംബൈയിൽ ദാവൂദിന്റെ ഉടമസ്ഥതയിലുള്ള 'ആഷിയാന ഹോട്ടൽ' മുംബൈ നഗരസഭ അധികൃതർ പൊളിക്കുന്നു. 2001ലെ ചിത്രം: STR / AFP

ആ സ്ഥലത്തിന്റെ ഒരു ഭാഗം കാവൽക്കാരനു നൽകിയിരുന്നതായും മന്ത്രി പറയുന്നു. ഷഹാവലി ഖാന്റെ പിതാവായിരുന്നു ആ കാവൽക്കാരൻ. ആ സ്ഥലം കൂടി കൂട്ടിച്ചേർക്കാൻ വേണ്ടിയാണ് നിശ്ചിത തുക അവർക്കു നൽകി മുഴുവൻ ഭൂമിയും സ്വന്തമാക്കിയതെന്നും മാലിക് പറഞ്ഞു. സോളിഡസ് കമ്പനി മാലിക് കുടുംബത്തിന്റേതാണെന്നും ഫഡ്നാവിസ് ആരോപിച്ചിരുന്നു. 

നവാബ് മാലിക്കും ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളുമായി ഇത്തരത്തിൽ ഭൂമി ഇടപാടുകൾ നടന്നിരുന്നുവെന്നാണ് ഇഡി പറയുന്നത്. ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് മാലിക് വ്യക്തമായ ഉത്തരം നൽകാതിരിക്കുക കൂടിയായതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുഎപിഎ ചുമത്തിയാണ് എൻഐഎ ദാവൂദ് സംഘത്തിനെതിരെ നിലവിൽ കേസെടുത്തിരിക്കുന്നത്. എൻഐഎ തുടക്കമിട്ട കേസിന്റെ ഭാഗമായിട്ടായിരുന്നു ഇഡിയുടെ ‘ദാവൂദ് കണക്‌ഷൻ’ അന്വേഷണം. ഇതിന്റെ ഭാഗമായി ഇഡിയും ഇസിഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട് (എഫ്ഐആറിനു സമാനമായി ഇഡി തയാറാക്കുന്ന രേഖ–Enforcement Case Information Report (ECIR). 

ദാവൂദ് ഇബ്രാഹിമിന്റെയും ഇബ്രാഹിം കസ്കറിന്റെയും നേതൃത്വത്തിലാണ് ഇന്ത്യാവിരുദ്ധ സംഘം രൂപംകൊണ്ടതെന്നാണ് എൻഐഎ കണ്ടെത്തൽ. സ്ഫോടക വസ്തുക്കളും തോക്കും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ചുള്ള ആക്രമണത്തിനാണ് സംഘത്തിന്റെ ശ്രമം. ഡൽഹി, മുംബൈ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം ഇതുവഴി അക്രമത്തിനും സംഘം ലക്ഷ്യമിടുന്നു. ഇതിനു ഹവാല പണം ദാവൂദിന്റെ നേതൃത്വത്തിൽ ഇന്ത്യയിലേക്കു ‘പമ്പ്’ ചെയ്യുകയാണെന്നും എൻഐഎ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായിരുന്നു ഫെബ്രുവരി 15ന് ഇഡി മുംബൈയിൽ പലയിടത്തും റെയ്ഡ് നടത്തിയത്. 

റെയ്ഡിനിടെ ഹസീന പാർക്കറുടെ മകൻ അലിഷാ പാർക്കറെ ചോദ്യം ചെയ്തപ്പോഴാണ് നവാബ് മാലിക്കിന്റെ ഭൂമി ഇടപാട് വിവരങ്ങൾ പുറത്തുവന്നത്. തുടർന്നാണ് ഇഡി ഇപ്പോൾ അറസ്റ്റിലേക്കു നീങ്ങിയതും. വരുംനാളുകളിൽ മാലിക്കുമായി ബന്ധമുള്ളവരെയും ചോദ്യം ചെയ്യുന്നതോടെ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തെ വീണ്ടും ദാവൂദ് ഇബ്രാഹിമെന്ന പേര് പിടിച്ചു കുലുക്കുകയാണ്. ബിജെപിയും ഇഡിയും എൻഐഎയും ഒരു വശത്തും എൻസിപി, ശിവസേന, കോൺഗ്രസ് സഖ്യം ഉൾപ്പെടെ മറുവശത്തും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തുന്നതോടെ ഇത്തവണ രാഷ്ട്രീയപ്പോരിന്റെ പ്രകമ്പനം അതിശക്തമാകുമെന്നതും ഉറപ്പ്.

English Summary: Why Maharashtra Minister Nawab Malik got Arrested by ED; What is the Dawood Ibrahim Connection?