അണ്ണാഡിഎംകെ നേതൃത്വത്തിലേക്കു തിരിച്ചുവരാനുള്ള ശശികലയുടെ ശ്രമങ്ങൾക്കു തദ്ദേശ തിരഞ്ഞെടുപ്പുചിത്രം കരുത്തുപകരും. പനീർസെൽവത്തിന് ഇപ്പോൾ തന്നെ അര സമ്മതമാണ്. എടപ്പാടിയുടെ എതിർപ്പിന് ഇനി പഴയ ശക്തിയുണ്ടാകില്ല. വ്യക്തിപ്രഭാവമുള്ള നേതാക്കൾക്കു ചുറ്റും കറങ്ങുന്ന അണ്ണാഡിഎംകെയുടെ കടിഞ്ഞാൺ ‘ത്യാഗത്തലൈവി ചിന്നമ്മ’യുടെ കൈകളിലെത്തിയാൽ അദ്ഭുതപ്പെടേണ്ടതില്ല... Tamil Nadu Politics . MK Stalin

അണ്ണാഡിഎംകെ നേതൃത്വത്തിലേക്കു തിരിച്ചുവരാനുള്ള ശശികലയുടെ ശ്രമങ്ങൾക്കു തദ്ദേശ തിരഞ്ഞെടുപ്പുചിത്രം കരുത്തുപകരും. പനീർസെൽവത്തിന് ഇപ്പോൾ തന്നെ അര സമ്മതമാണ്. എടപ്പാടിയുടെ എതിർപ്പിന് ഇനി പഴയ ശക്തിയുണ്ടാകില്ല. വ്യക്തിപ്രഭാവമുള്ള നേതാക്കൾക്കു ചുറ്റും കറങ്ങുന്ന അണ്ണാഡിഎംകെയുടെ കടിഞ്ഞാൺ ‘ത്യാഗത്തലൈവി ചിന്നമ്മ’യുടെ കൈകളിലെത്തിയാൽ അദ്ഭുതപ്പെടേണ്ടതില്ല... Tamil Nadu Politics . MK Stalin

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അണ്ണാഡിഎംകെ നേതൃത്വത്തിലേക്കു തിരിച്ചുവരാനുള്ള ശശികലയുടെ ശ്രമങ്ങൾക്കു തദ്ദേശ തിരഞ്ഞെടുപ്പുചിത്രം കരുത്തുപകരും. പനീർസെൽവത്തിന് ഇപ്പോൾ തന്നെ അര സമ്മതമാണ്. എടപ്പാടിയുടെ എതിർപ്പിന് ഇനി പഴയ ശക്തിയുണ്ടാകില്ല. വ്യക്തിപ്രഭാവമുള്ള നേതാക്കൾക്കു ചുറ്റും കറങ്ങുന്ന അണ്ണാഡിഎംകെയുടെ കടിഞ്ഞാൺ ‘ത്യാഗത്തലൈവി ചിന്നമ്മ’യുടെ കൈകളിലെത്തിയാൽ അദ്ഭുതപ്പെടേണ്ടതില്ല... Tamil Nadu Politics . MK Stalin

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറു നാട്ടിൽ നൂറു മലയാളമെന്നു കേരളത്തെക്കുറിച്ച് പറയാറുണ്ട്. തമിഴ്നാട്ടിലെത്തിയാൽ ആറു നാട്ടിൽ നൂറു കാലാവസ്ഥയാണ്. ചെന്നൈയിൽ കൊടുങ്കാറ്റ് നാശം വിതയ്ക്കുമ്പോൾ സംസ്ഥാനത്തിന്റെ പടിഞ്ഞാറ് കോയമ്പത്തൂരിലെ പ്രശ്നം വരൾച്ചയായിരിക്കും. ഒറ്റ സംസ്ഥാനമാണെങ്കിലും കാലാവസ്ഥയിൽ പല ഭൂഖണ്ഡങ്ങളാണു തമിഴകം. എന്നാൽ, ഇടയ്ക്കിടെ അവിടെ എല്ലാ മേഖലകളിലും ഒരുപോലെ രാഷ്ട്രീയ കൊടുങ്കാറ്റ് ആഞ്ഞടിക്കാറുണ്ട്. വടക്ക് ചെന്നൈയും തെക്ക് കന്യാകുമാരിയും പടിഞ്ഞാറ് സേലവും തെക്ക് വടക്ക് കടലൂരുമെല്ലാം ആ കാറ്റ് ഒരേ തീവ്രതയിൽ വീശും.

നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ അത്തരമൊരു ചുഴലിയാണു തമിഴകത്ത് വീശിയത്. അതിന്റെ ആഘാതത്തിൽ അണ്ണാഡിഎംകെ കടപുഴകി വീണു. ഡിഎംകെയുടെ വിജയരഥം തമിഴകം കീഴടക്കുമ്പോൾ, എം.കെ.സ്റ്റാലിനെന്ന നേതാവ് ദ്രാവിഡ രാഷ്ട്രീയ ചരിത്രത്തിലെ പുതിയ ഉദയസൂര്യനാകുന്നു. പ്രതിപക്ഷ നിരയിലെ അനൈക്യം മുതൽ അണ്ണാഡിഎംകെയുടെ നേതൃദാരിദ്യം വരെയായി പല കാരണങ്ങൾ ഡിഎംകെ വിജയത്തിനു പിന്നിലുണ്ട്. അതിൽ ഏറ്റവുമാദ്യം എണ്ണേണ്ടതു 9 മാസം പൂർത്തിയായ സ്റ്റാലിൻ ഭരണത്തോടുള്ള ജനങ്ങളുടെ മതിപ്പിനെയാണ്.

ADVERTISEMENT

സ്റ്റാലിനറിയാം, വിയർപ്പിന്റെ വില

രാജ്യത്തു തന്നെ മുഖ്യമന്ത്രി പദവിക്കായി സ്റ്റാലിനെപ്പോലെ കാത്തിരുന്ന മറ്റൊരു നേതാവുണ്ടാകില്ല. വിവാഹം കഴിഞ്ഞ്, മധുവിധു നാളിൽ അടിയന്തരാവസ്ഥയുടെ ഇരയാക്കപ്പെട്ടു ജയിലിൽ ക്രൂര മർദനത്തിനിരയായിട്ടുണ്ട് സ്റ്റാലിൻ. 14-ാം വയസ്സു മുതൽ ഡിഎംകെയുടെ കൊടി പിടിച്ചിറങ്ങിയതാണ്. എന്നിട്ടും, കരുണാനിധിയുടെ മകനായതു കൊണ്ടു മാത്രം രാഷ്ട്രീയ മുഖ്യധാരയിലെത്തിയ വ്യക്തിയായി സ്റ്റാലിൻ വിശേഷിപ്പിക്കപ്പെട്ടു. 1989ൽ തന്നെ നിയമസഭയിലെത്തിയെങ്കിലും മന്ത്രി പദവിക്കായി 2006 വരെ കാത്തിരിക്കേണ്ടി വന്നു. അതിനിടെ ലഭിച്ച ചെന്നൈ മേയർ പദവിയിൽ തിളങ്ങി.

എം.കെ.സ്‌റ്റാലിൻ വാർത്താസമ്മേളനത്തിനിടെ. ചിത്രം: AFP

പാർട്ടി യുവജന വിഭാഗം സെക്രട്ടറി, പാർട്ടി ഡപ്യൂട്ടി സെക്രട്ടറി, ട്രഷറർ, വർക്കിങ് പ്രസിഡന്റ്, പ്രസിഡന്റ് എന്നിങ്ങനെ സംഘടനാ തലത്തിലും പടിപടിയായിട്ടായിരുന്നു വളർച്ച. കരുണാനിധിയുടെ മകനെന്ന വിലാസം തീർച്ചയായും സ്റ്റാലിനു ഗുണം ചെയ്തിട്ടുണ്ട്. എന്നാൽ, അണികൾക്കിടയിൽ അദ്ദേഹത്തെ സർവ സമ്മതനാക്കിയതു കഠിനാധ്വാനിയെന്ന പ്രതിച്ഛായയാണ്. തമിഴ്നാട്ടിൽ ഇന്നു കാണുന്ന ഡിഎംകെ പതാകകളിൽ പാതി കരുണാനിധിയും പാതി സ്റ്റാലിനും ഉയർത്തിയതാണെന്നു അണികൾ ആവേശത്തോടെ പറയും.

യുവജന വിഭാഗം സെക്രട്ടറിയായിരിക്കെ ആദ്യ സംസ്ഥാന പര്യടനം നടത്തിയ സ്റ്റാലിൻ പിന്നീട് ഓരോ നിർണായക ഘട്ടങ്ങളിലും ഊർജം തേടി ജനങ്ങൾക്കിടയിലേക്കിറങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ്, ‘ഉങ്കൾ തകുതിയിൽ സ്റ്റാലിൻ’ എന്ന പേരിൽ നടത്തിയ പര്യടനം വൻ ഹിറ്റായിരുന്നു. എല്ലാ നിലയിലും മാസ് ലീഡറായിരുന്നു കരുണാനിധി. അണികളെ പ്രകമ്പനം കൊള്ളിക്കുന്ന വാക് ചാതുരി, അക്ഷരങ്ങളിൽ അഗ്നി പടർത്തുന്ന രചനാ ശൈലി, തിരിച്ചടികൾ അവസരങ്ങളാകുന്ന രാഷ്ട്രീയ തന്ത്രങ്ങൾ എന്നിവയെല്ലാം ഒരാളിൽ സംഗമിച്ചപ്പോഴാണു കലൈജ്ഞർ എന്നദ്ദേഹത്തെ തമിഴകം വിളിച്ചത്.

കരുണാനിധി.
ADVERTISEMENT

അദ്ദേഹത്തിന്റെ പിൻഗാമിയായെത്തിയ സ്റ്റാലിൻ പക്ഷേ, ക്ലാസാണ്. പാർട്ടി നടത്തിപ്പായാലും ഭരണ നിർവഹണമായാലും കൃത്യമായ പ്ലാനിങ്ങുണ്ട്. ദ്രാവിഡ ആശയങ്ങളുടെ പടയാളിയായി കളം നിറയുമ്പോഴും ഭരണാധികാരിയെന്ന നിലയിൽ സ്റ്റാലിൻ തികഞ്ഞ പ്രഫഷനലാണ്. ചെന്നൈ മേയറെന്ന നിലയിൽ അദ്ദേഹം അതു തെളിയിച്ചു. 10 കൊല്ലം തുടർച്ചയായി പ്രതിപക്ഷത്തിരുന്നിട്ടും സംഘടനാ സംവിധാനത്തിൽ ചെറുവിള്ളൽ പോലും വീഴാതെ കാത്തു സൂക്ഷിച്ചതു സ്റ്റാലിന്റെ നേതൃമികവാണ്.

പ്രഫഷനൽ ദ്രാവിഡൻ

സംഘടന കൈകാര്യം ചെയ്യുന്നതിൽ കരുണാനിധിയേക്കാൾ രാഷ്ട്രീയ ശത്രുവായിരുന്ന ജയലളിതയുടെ ശൈലിയാണു സ്റ്റാലിന്. അച്ചടക്കത്തിൽ വിട്ടു വീഴ്ചയില്ല. തമിഴ്നാടിന്റെ മുക്കിലും മൂലയിലും കരുത്തുറ്റ കേഡർ സംവിധാനമുള്ള ഡിഎംകെ, കോവിഡ് കാലത്ത് സമാന്തര സർക്കാർ സംവിധാനം പോലെയാണു ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. തമിഴ്നാടിനൊപ്പം തിരഞ്ഞെടുപ്പു നടന്ന ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഭരണ കക്ഷി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ ഇടതു മുന്നണി നേടിയ ചരിത്ര ഭരണത്തുടർച്ചയ്ക്കു കോവിഡ് കാലത്തെ ക്ഷേമ പ്രവർത്തനങ്ങൾ പ്രധാന കാരണമായി വിലയിരുത്തപ്പെട്ടു. തമിഴ്നാട്ടിലെ അണ്ണാഡിഎംകെ സർക്കാർ കോവിഡ് പ്രതിസന്ധി കാലത്ത് ജനക്ഷേമ പ്രവർത്തനങ്ങളിൽ അത്ര മോശമല്ലായിരുന്നു. എന്നാൽ, അതിനെ മറികടക്കുന്ന മികവാണ് കെട്ടുറപ്പുള്ള സംഘടനാ സംവിധാനത്തിലൂടെ ഡിഎംകെ കാഴ്ചവച്ചത്. അതു വോട്ടിൽ പ്രതിഫലിച്ചപ്പോഴാണ്, മുഖ്യമന്ത്രിസ്ഥാനത്തിനായുള്ള സ്റ്റാലിന്റെ ദീർഘകാല കാത്തിരിപ്പ് അവസാനിച്ചത്.

എം.കെ.സ്‌റ്റാലിൻ.

ഡിഎംകെ ഭരണത്തിൽ തിരിച്ചെത്തിയാൽ പ്രാദേശിക നേതാക്കളുടെ ഗുണ്ടായിസം അരങ്ങു തകർക്കുമെന്നു നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് എതിർ പാർട്ടികൾ പ്രചരിപ്പിച്ചിരുന്നു. മുൻകാല ഡിഎംകെ സർക്കാരുകളുടെ കാലത്തെ കുട്ടിനേതാക്കളുടെ ചെയ്തികളാണു ഇത്തരമൊരു ചീത്തപ്പേര് പാർട്ടിക്കു നേടിക്കൊടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ്, എതിരാളികൾക്കു ഡിഎംകെയെ അടിക്കാൻ ഒരു വടി കിട്ടി.

ADVERTISEMENT

രാത്രി ബിരിയാണി ചോദിച്ചു ഡിഎംകെ പ്രവർത്തകർ ചെന്നൈയിലെ ഹോട്ടലിലെത്തി. തീർന്നുപോയെന്നു പറഞ്ഞ ഉടമയെ പ്രവർത്തകർ പെരുമാറി. ഡിഎംകെ ഗുണ്ടായിസം തുടങ്ങിയെന്നു അണ്ണാഡിഎംകെയും ബിജെപിയും വ്യാപകമായി പ്രചരിപ്പിച്ചു. പിറ്റേ ദിവസം സ്റ്റാലിൻ നേരിട്ടു കടയിലെത്തി. പ്രവർത്തകരുടെ ചെയ്തിക്കു ഉടമയോടു ക്ഷമ ചോദിച്ചു. ഒറ്റ നടപടിയിലൂടെ വ്യക്തമായ രണ്ടു സന്ദേശങ്ങൾ സ്റ്റാലിൻ നൽകി. ഡിഎംകെയെ ഗുണ്ടായിസവുമായി ബന്ധപ്പെടുത്തുന്ന എതിർ പ്രചാരണത്തിന്റെ മുനയൊടിച്ചു, അതിക്രമം കാണിച്ചാൽ പാർട്ടിയിലുണ്ടാകില്ലെന്നു വ്യക്തമായ സന്ദേശം സ്വന്തം അണികൾക്കു നൽകി.

ഡിഎംകെയെ അധികാരത്തിലെത്തിച്ചതിനു പിന്നാലെ, കേന്ദ്ര വിരുദ്ധ രാഷ്ട്രീയമെന്ന ദ്രാവിഡ ആശയം അവസരം കിട്ടുമ്പോഴൊക്കെ ഉയർത്തിപ്പിടിക്കാൻ സ്റ്റാലിൻ ശ്രദ്ധിച്ചു. ബിജെപി സർക്കാരിന്റെ ഓരോ നടപടിയിലും തമിഴ് വിരുദ്ധത ആരോപിച്ചു. കോൺഗ്രസിനോടു ചേർന്നു നിൽക്കുമ്പോഴും, കേന്ദ്ര വിരുദ്ധ രാഷ്ട്രീയത്തിന്റെ നേതൃ മുഖങ്ങളിലൊന്നായി സ്വയം ഉയർത്തിക്കാട്ടി.

ഡിഎംകെ പ്രവർത്തകര്‍ സ്റ്റാലിന്റെ ചിത്രവുമായി. AFP

ഡിഎംകെയുമായി ചേർന്നു നിൽക്കുന്ന പ്രസിദ്ധീകരണ ശാലകളിലൊന്ന് ഈയിടെ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പേര് ശ്രദ്ധേയമാണ്. ‘എന്തുകൊണ്ടാണു ഞങ്ങൾ എം.കെ.സ്റ്റാലിൻ പ്രധാനമന്ത്രിയാകണമെന്നു ആഗ്രഹിക്കുന്നത്’? ആശയ പ്രചാരണത്തിനൊപ്പം, ക്ഷേമ പദ്ധതികളെന്ന ദ്രാവിഡ രാഷ്ട്രീയത്തിന്റെ യുഎസ്പിയും സ്റ്റാലിൻ മുഖ്യമന്ത്രിയെന്ന നിലയിൽ ഫലപ്രദമായി പ്രയോഗിച്ചു കഴിഞ്ഞു. ഭരണത്തിലേറിയ ആദ്യ പൊങ്കലിനു 5000 രൂപയാണു റേഷൻ കാർഡ് ഉടമകൾക്കു പാരിതോഷികമായി നൽകിയത്. അതെല്ലാം തദ്ദേശ ഫലത്തിൽ പ്രതിഫലിച്ചിച്ചിട്ടുണ്ട്.

പരന്നൊഴുകി ഡിഎംകെ തരംഗം

പുഴയിലേക്കെറിഞ്ഞ വസ്തുക്കൾ ഒഴുക്കുള്ള ദിശയിലേക്കു പോകുന്നതുപോലെ, ഭരണകക്ഷിക്കു അനുകൂലമായാണു തദ്ദേശ തിരഞ്ഞെടുപ്പുകളിൽ തമിഴ്കം വിധിയെഴുതാറുള്ളത്. എന്നാൽ, ഡിഎംകെ നേടിയ വിജയത്തിന്റെ തിളക്കത്തിനൊപ്പം അണ്ണാഡിഎംകെയുടെ തകർച്ച കൂടിയാണു ഇത്തവണ ശ്രദ്ധേയമാകുന്നത്. ഏറെക്കാലമായി അണ്ണാഡിഎംകെയുടെ നെടുങ്കോട്ടയാണു കോയമ്പത്തൂർ ബെൽറ്റ് ഉൾപ്പെടുന്ന കൊങ്കു മണ്ഡലം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മേഖലയിലുൾപ്പെടുന്ന കോയമ്പത്തൂർ, ധർമപുരി ജില്ലകളിൽ ഡിഎംകെയ്ക്ക് ഒരു സീറ്റു പോലും നേടാനായില്ല. അണ്ണാഡിഎംകെ നേടിയ സീറ്റുകളിൽ 50 ശതമാനത്തിൽ അധികം കൊങ്കു മേഖലയിൽ നിന്നാണ്. ഇവിടെ തകർപ്പൻ വിജയമാണു ഡിഎംകെ നേടിയത്.

കൊങ്കു നാട് പിടിക്കുകയെന്നതു സ്റ്റാലിന്റെ പ്രധാന അജൻഡകളിലൊന്നായിരുന്നു. അതിനായി കോയമ്പത്തൂർ, സേലം ജില്ലകളിലേക്കു രണ്ടു മന്ത്രിമാരെ വീതം പ്രത്യേകം നിയോഗിക്കുകയും ചെയ്തു. കോയമ്പത്തൂർ കോർപറേഷനിൽ ചരിത്രത്തിലാദ്യമായി മേയർ സ്ഥാനം ഡിഎംകെയ്ക്കു ലഭിച്ചു. അണ്ണാഡിഎംകെയെപ്പോലെ, ബിജെപിക്കും സ്വാധീനമുള്ള മേഖലയാണു കൊങ്കു നാട്. ഇരു പാർട്ടികളും ഒറ്റയ്ക്കു മത്സരിച്ചതും ഡിഎംകെയുടെ കുതിപ്പിനു കാരണമായി. സംസ്ഥാനത്തെ 21 കോർപറേഷനിലും ഭൂരിപക്ഷം നേടിയ ഡിഎംകെ ആകെ സീറ്റുകളിൽ 68% നേടി. നഗരസഭകളിൽ 61%, ടൗൺ പഞ്ചായത്തുകളിൽ 58% എന്നിങ്ങനെയാണു മറ്റു തദ്ദേശ സ്ഥാപനങ്ങളിലെ വിജയത്തിന്റെ തോത്. വാഴ നനയുമ്പോൾ ചീരയും നനയുമെന്നതു പോലെ, ഡിഎംകെയുടെ മഹാ വിജയത്തിന്റെ ഗുണം സഖ്യ കക്ഷികളായ കോൺഗ്രസിനും ഇടതു പക്ഷത്തിനും മുസ്‍ലിം ലീഗിനുമെല്ലാം ലഭിച്ചു.

ഉണ്ടയില്ലാത്ത ഇരട്ടക്കുഴൽ തുപ്പാക്കി

1996 നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയവുമായി താരതമ്യം ചെയ്യുമ്പോൾ അണ്ണാഡിഎംകെയുടെ ഇത്തവണത്തെ തോൽവി അത്ര പരിതാപകരമല്ല. അന്ന് ആകെ 4 സീറ്റുകളാണു പാർട്ടി നേടിയത്. സാക്ഷാൽ ജയലളിത സ്വന്തം മണ്ഡലത്തിൽ തോറ്റു. എന്നാൽ, അന്നു പാർട്ടിയെ കൈപിടിച്ചുയർത്താൻ ജയലളിതയെന്ന പുരട്ച്ചി തലൈവിയുണ്ടായിരുന്നു. തോൽവിയിലും അണ്ണാഡിഎംകെയുടെ സംഘടനാ സംവിധാനം അതേപടി തുടർന്നു. തെക്കൻ തമിഴ്നാട്ടിലും കൊങ്കുനാട്ടിലും പരമ്പരാഗത കേന്ദ്രങ്ങളിൽ വോട്ടു വിഹിതം വലിയ രീതിയിൽ താഴോട്ടു പോയില്ല.

ജയലളിതയുടെയും ശശികലയുടെയും ചിത്രങ്ങളുമായി പാർട്ടി പ്രവർത്തകർ.

ജയലളിതയുടെ മരണ ശേഷം പാർട്ടിയുടെ ‘തല’ ദുർബലമായെന്ന വിലയിരുത്തൽ ശരിവയ്ക്കുന്നതാണു പാർട്ടിയുടെ തുടർച്ചയായ തിരഞ്ഞെടുപ്പു തോൽവികൾ. പാർട്ടി പിടിക്കാനുള്ള ശ്രമം പരാജയപ്പെട്ടു വി.കെ.ശശികല നാലു വർഷത്തോളം ജയിലിൽ കിടന്നു. തിരിച്ചെത്തിയപ്പോഴേക്കും എടപ്പാടി കെ.പളനി സാമിയും ഒ.പനീർസെൽവവും പാർട്ടി പിടിച്ചടക്കിയിരുന്നു. ജയലളിതയുടെ ഹൃദയ തോഴിയെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ ഇരുവരും തയാറായില്ല. ഭരണമുണ്ടായിരുന്ന കാലത്ത് അതിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി പാർട്ടിയെ കെട്ടുറപ്പോടെ നിർത്താൻ എടപ്പാടിക്കു കഴിഞ്ഞിരുന്നു. മറ്റു സാധ്യതകളൊന്നും മുന്നിലില്ലാത്തതിനാൽ എടപ്പാടിക്കു കീഴിൽ ഉപമുഖ്യമന്ത്രിയായി ഒ.പനീർസെൽവം അടങ്ങിയിരുന്നു.

ഇരുവരും ചേർന്നുള്ള ഇരട്ട നേതൃത്വം ഇരട്ടക്കുഴൽ തുപ്പാക്കിയാണെന്നാണ് അണ്ണാഡിഎംകെ അവകാശപ്പെട്ടിരുന്നത്. ആ തുപ്പാക്കിയിൽ ഉണ്ടയില്ലെന്നു തദ്ദേശ തിരഞ്ഞെടുപ്പു ഫലം തെളിയിച്ചിരിക്കുന്നു. എടപ്പാടിയുടെ തട്ടകമായ എടപ്പാടി നഗരസഭയിലും പനീർസെൽവത്തിന്റെ സ്വന്തം പെരിയകുളത്തും ഡിഎംകെ ഭരണം പിടിച്ചെടുത്തു. സ്വന്തം കോട്ട കാക്കാൻ കഴിയാത്തവർക്കു എങ്ങിനെ പാർട്ടിയെ രക്ഷിക്കാനാകുമെന്നു അണികൾ ചോദിച്ചു തുടങ്ങിയിരിക്കുന്നു. ഡിഎംകെയുടെ കടന്നു കയറ്റത്തിനൊപ്പം, അണ്ണാഡിഎംകെ വോട്ടുകൾ ബിജെപിയിലേക്കു പോകുന്നുണ്ടോയെന്ന ആശങ്കയും ഇത്തവണത്തെ ഫലം പാർട്ടിക്കു മുന്നിലേക്കിടുന്നുണ്ട്.

വി.കെ.ശശികല.

ജയലളിതയെപ്പോലെ ആജ്ഞാശക്തിയുള്ള നേതൃത്വത്തിന്റെ അഭാവം പ്രതിപക്ഷത്തിരിക്കുമ്പോൾ തെളിഞ്ഞു കാണുന്നു. ശശികലയെ മാറ്റി നിർത്തുന്നതിലുള്ള വിരോധം കാരണം തെക്കൻ തമിഴ്നാട്ടിലെ തേവർ വോട്ടുകൾ പാർട്ടിയെ കയ്യൊഴിയുന്നതായി ഓരോ തിരഞ്ഞെടുപ്പും തെളിയിക്കുന്നു. എടപ്പാടി മുഖ്യമന്ത്രിയായിരുന്നപ്പോൾ പിന്തുണച്ചതു പോലെ, അദ്ദേഹത്തിന്റെ സമുദായമായ ഗൗണ്ടറുകൾ ഇപ്പോൾ പാർട്ടിക്കൊപ്പമില്ലെന്നു കൊങ്കുനാട് ഫലം വ്യക്തമാക്കുന്നു. ടി.ടി.വി.ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം ചെറിയ രീതിയിലാണെങ്കിലും പാർട്ടി വോട്ടു ചോർത്തുന്നുണ്ട്. തേവർ ബെൽറ്റായ ഒരത്തനാട് നഗരസഭയിൽ അണ്ണാഡിഎംകെയ തോൽപിച്ചു ദിനകരന്റെ പാർട്ടി ഭരണം പിടിച്ചതു ഒപിഎസ്-ഇപിഎസ് നേതൃത്വത്തിനു നാണക്കേടായി.

വരുമോ ശശികല?

അണ്ണാഡിഎംകെ നേതൃത്വത്തിലേക്കു തിരിച്ചുവരാനുള്ള ശശികലയുടെ ശ്രമങ്ങൾക്കു തദ്ദേശ തിരഞ്ഞെടുപ്പുചിത്രം കരുത്തുപകരും. പനീർസെൽവത്തിന് ഇപ്പോൾ തന്നെ അര സമ്മതമാണ്. എടപ്പാടിയുടെ എതിർപ്പിന് ഇനി പഴയ ശക്തിയുണ്ടാകില്ല. വ്യക്തിപ്രഭാവമുള്ള നേതാക്കൾക്കു ചുറ്റും കറങ്ങുന്ന അണ്ണാഡിഎംകെയുടെ കടിഞ്ഞാൺ ‘ത്യാഗത്തലൈവി ചിന്നമ്മ’യുടെ കൈകളിലെത്തിയാൽ അദ്ഭുതപ്പെടേണ്ടതില്ല. പാർട്ടി കൈപ്പിടിയിലൊതുക്കിയാലും എടപ്പാടിയെ പൂർണമായി മാറ്റി നിർത്തുക ശശികലയ്ക്കും എളുപ്പമാകില്ല. കൊങ്കുനാട്ടിലെ ഗൗണ്ടറുകൾ അണ്ണാഡിഎംകെയുടെ പരമ്പരാഗത വോട്ടു ബാങ്കാണ്. അവരുടെ പ്രതിനിധിയായ എടപ്പാടിയെ തഴഞ്ഞാൽ ആ മേഖലയിൽ കനത്ത തിരിച്ചടി നേരിട്ടേക്കാം. ശശികലയുടെ നേതൃത്വത്തിനു കീഴിൽ ഒപിഎസും-ഇപിഎസും ഒരുമിച്ചു പ്രവർത്തിക്കുന്ന അണ്ണാഡിഎംകെ ഉടൻ യാഥാർഥ്യമാകാനാണു സാധ്യത.

വി.കെ.ശശികല, ജയലളിത

സ്റ്റാലിൻ തേരോട്ടം നടത്തുമ്പോഴും തമിഴ്നാട്ടിൽ എക്കാലവുമുള്ള ഡിഎംകെ വിരുദ്ധ വോട്ടു ബാങ്ക് അതേപടി നിലനിൽക്കുന്നുണ്ട്. മറ്റു പാർട്ടികൾ ആ വിടവിലേക്കു തള്ളിക്കയറുന്നതു തടയാൻ അണ്ണാഡിഎംകെ നഷ്ടപ്രതാപം വീണ്ടെടുക്കേണ്ടിവരും. ഡിഎംകെ കഴിഞ്ഞാൽ തമിഴ്നാട്ടിലെ മുക്കിലും മൂലയിലും സംഘടനാ സംവിധാനമുള്ള ഏക പാർട്ടിയാണു അണ്ണാഡിഎംകെ. ഒന്നോ രണ്ടോ തിരഞ്ഞെടുപ്പു പരാജയങ്ങൾ കൊണ്ട് അവരെ എഴുതിത്തള്ളാനാകില്ല. 10 വർഷം മുൻപാണു തമിഴ്നാട്ടിൽ ഇതിനു മുൻപ് തദ്ദേശ തിരഞ്ഞെടുപ്പു നടന്നത്. അന്നു സംസ്ഥാനത്താകെ 10 കോർപറേഷനുകൾ. പത്തിടത്തും ഭരണം പിടിച്ചതു അണ്ണാഡിഎംകെ. അന്നത്തെ പൂജ്യത്തിൽ നിന്നാണ് ഇന്നത്തെ മിന്നും വിജയത്തിലേക്കു ഡിഎംകെ അടിവച്ചടിവച്ചു കയറിയത്. അണ്ണാഡിഎംകെയുടെ രാഷ്ട്രീയ ഭാവി, നിലവിലെ പ്രതിസന്ധിയെ അവർ എങ്ങനെ അവസരമാക്കി മാറ്റുമെന്നതിനെ ആശ്രയിച്ചിരിക്കും.

വിരിഞ്ഞോ, താമര മുകുളങ്ങൾ?

ഡിഎംകെയുടെ വിജയത്തിനൊപ്പം തദ്ദേശ തിരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ തമിഴ്നാട്ടിൽ നിന്നു മുഴങ്ങിക്കേട്ട ഒരു അവകാശവാദവും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായി. ഡിഎംകെയ്ക്കും അണ്ണാഡിഎംകെയ്ക്കും പിന്നിൽ തങ്ങൾ സംസ്ഥാനത്തെ മൂന്നാം കക്ഷിയായിരിക്കുന്നുവെന്ന പ്രഖ്യാപനം നടത്തിയതു ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലയാണ്. ഒറ്റനോട്ടത്തിൽ അതിൽ കഴമ്പില്ല. സീറ്റെണ്ണത്തിൽ കോൺഗ്രസിന്റെ പിന്നിലാണു ബിജെപി. കോൺഗ്രസ് ആകെ 592 സീറ്റുകൾ നേടിയപ്പോൾ ബിജെപിക്കു ലഭിച്ചതു 308 എണ്ണം മാത്രം. എന്നാൽ, കോൺഗ്രസ് ഡിഎംകെ സഖ്യത്തിനൊപ്പമാണു മത്സരിച്ചത്. ബിജെപി ഒറ്റയ്ക്കായിരുന്നു. 2011ൽ നേടിയ 272 സീറ്റുകളാണു 308 ആയി ഇത്തവണ വർധിപ്പിച്ചത്. ആകെ സീറ്റെണ്ണം നേരത്തെ 1.76% ആയിരുന്നെങ്കിൽ ഇപ്പോഴത് 2.4% ആയി.

പ്രതീകാത്മക ചിത്രം

ബിജെപിയുടെ അവകാശവാദങ്ങൾ അതേപടി മുഖവിലക്കെടുക്കാനാവില്ലെങ്കിലും ഫലത്തിലെ ചില സൂചനകൾ ശ്രദ്ധേയമാണെന്നു ബിജെപിയെ അനുകൂലിക്കുന്നവർ പറയുന്നു.. സംസ്ഥാനത്തെ 28 ജില്ലകളിൽ പാർട്ടി തദ്ദേശ സ്ഥാപനങ്ങളിൽ പ്രാതിനിധ്യം നേടി. 10 ഇടത്ത് ഒരാളെയും ജയിപ്പിക്കാനായില്ല. എതിരാളികളെ ഞെട്ടിച്ച് ചെന്നൈ കോർപറേഷനിൽ ഒരു സീറ്റ് നേടി. പത്തിലേറെ സീറ്റുകളിൽ ഡിഎംകെയ്ക്കു പിന്നിൽ രണ്ടാമതെത്തി. വെസ്റ്റ് മാമ്പലത്തു ജയിച്ച ഉമാ അനന്തൻ എന്ന ബിജെപി സ്ഥാനാർഥി തീവ്ര ഹിന്ദുത്വ നിലപാടുകളിലൂടെ നേരത്തെ വിവാദങ്ങളിൽ നിറഞ്ഞു നിന്നയാളാണ്. ആലന്തൂർ, മാധവരം, റോയപുരം തുടങ്ങി അണ്ണാഡിഎംകെ ശക്തികേന്ദ്രങ്ങളിലാണു ബിജെപി രണ്ടാമതെത്തിയിരിക്കുന്നത്.

ഡിഎംകെയ്ക്കു പകരക്കാരായി അണ്ണാഡിഎംകെയെന്നതു മാറി ചില വോട്ടർമാരെങ്കിലും ബിജെപിയെ കണ്ടു തുടങ്ങിയോയെന്ന സംശയം ഇതുണർത്തുന്നുണ്ട്. അതേസമയം, ബിജെപി നേടിയ 308 സീറ്റുകളിൽ 200 എണ്ണവും പരമ്പരാഗത ശക്തികേന്ദ്രമായ കന്യാകുമാരി ജില്ലയിലാണെന്ന മറുപുറവുമുണ്ട്. 1996ൽ ഒറ്റയ്ക്കു മത്സരിച്ചു കന്യാകുമാരിയിലെ പത്മനാഭപുരം സീറ്റ് ബിജെപി നേടിയിരുന്നു. അതിനു ശേഷം സംസ്ഥാനത്ത് പാർട്ടിയുടെ വളർച്ച പടവലങ്ങ പോലെ താഴോട്ടാണ്. അതിനാൽ, തദ്ദേശ തിരഞ്ഞെടുപ്പിലെ ചെറിയ നേട്ടങ്ങൾ രാഷ്ട്രീയ സൂചനയായി കാണാനാകില്ലെന്ന വിലയിരുത്തലുമുണ്ട്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെ സഖ്യത്തിനൊപ്പം തന്നെ മത്സരിക്കുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രഖ്യാപനവും ശ്രദ്ധേയം.

ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദങ്ങൾ ഇടയ്ക്കിടെ തമിഴ്നാട്ടിലെ കാലാവസ്ഥ തകിടം മറിക്കാറുണ്ട്. അപ്രതീക്ഷിതമായി രൂപംകൊള്ളുന്ന രാഷ്ട്രീയ ന്യൂന മർദങ്ങളാണു ഇവിടെ പല തിരഞ്ഞെടുപ്പുകളുടെയും ഗതി നിർണയിക്കുന്നത്. ഇപ്പോൾ ആ കാറ്റ് വീശിയതു ഡിഎംകെയ്ക്കും എം.കെ.സ്റ്റാലിനും അനുകൂലമായാണ്. രാഷ്ട്രീയ വൃത്തങ്ങളിലെവിടെയോ രൂപം കൊള്ളുന്ന മറ്റൊരു ന്യൂനമർദത്തിൽ അതിന്റെ ദിശ വീണ്ടും മാറി മറയാം.

English Summary: From Karunanidhi to Stalin and DMK's Big Win; Winds of Change in Tamil Nadu Politics