കണ്ണൂരിന്റെ മണ്ണിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ കേരള ഘടകത്തിന്റെ വാദമുഖങ്ങൾക്കു മേൽക്കൈ കിട്ടുമോയെന്ന ചോദ്യമാണു പാർട്ടി കോൺഗ്രസ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസന നയരേഖയ്ക്കു പാർട്ടി കോൺഗ്രസിന്റെ ‘ഗുഡ് സർട്ടിഫിക്കറ്റ്’ കേരള ഘടകം പ്രതീക്ഷിക്കുന്നുണ്ട്. ഒപ്പം, കോൺഗ്രസുമായി...CPM Party Congress

കണ്ണൂരിന്റെ മണ്ണിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ കേരള ഘടകത്തിന്റെ വാദമുഖങ്ങൾക്കു മേൽക്കൈ കിട്ടുമോയെന്ന ചോദ്യമാണു പാർട്ടി കോൺഗ്രസ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസന നയരേഖയ്ക്കു പാർട്ടി കോൺഗ്രസിന്റെ ‘ഗുഡ് സർട്ടിഫിക്കറ്റ്’ കേരള ഘടകം പ്രതീക്ഷിക്കുന്നുണ്ട്. ഒപ്പം, കോൺഗ്രസുമായി...CPM Party Congress

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂരിന്റെ മണ്ണിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ കേരള ഘടകത്തിന്റെ വാദമുഖങ്ങൾക്കു മേൽക്കൈ കിട്ടുമോയെന്ന ചോദ്യമാണു പാർട്ടി കോൺഗ്രസ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസന നയരേഖയ്ക്കു പാർട്ടി കോൺഗ്രസിന്റെ ‘ഗുഡ് സർട്ടിഫിക്കറ്റ്’ കേരള ഘടകം പ്രതീക്ഷിക്കുന്നുണ്ട്. ഒപ്പം, കോൺഗ്രസുമായി...CPM Party Congress

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ കേരളത്തിൽ പാർട്ടിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായ കണ്ണൂരിന്റെ മണ്ണ് ഏപ്രിൽ 6 മുതൽ 10 വരെ സിപിഎമ്മിന്റെ 23–ാമത് പാർട്ടി കോൺഗ്രസിനു വേദിയാകുമ്പോൾ ഉയരുന്ന ചോദ്യങ്ങൾ പലതാണ്. കോൺഗ്രസ് ബന്ധം, വികസന ലൈൻ തുടങ്ങിയ വിഷയങ്ങളിൽ കേരളത്തിലെ പാർട്ടിയുടെയും ഭരണ നേതൃത്വത്തിന്റെയും നിലപാടുകൾ ആവർത്തിച്ചുറപ്പിക്കാനുള്ള വേദിയായി കണ്ണൂർ മാറുമോയെന്ന ചോദ്യമാണ് ഏറ്റവും വലുത്. രാഷ്ട്രീയ ലൈനിന്റെ കാര്യത്തിലെങ്കിലും ചെറുത്തുനിൽപിനു ശക്തിയില്ലാതെ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും സംഘവും വഴങ്ങേണ്ടി വരുമെന്ന സൂചനയാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്നത്.

ഭരണത്തുടർച്ചയുടെ തിളക്കത്തിനു നേതൃത്വം നൽകിയ കേരളത്തിലെ പാർട്ടി ഘടകം ആതിഥേയത്വം വഹിക്കുന്ന പാർട്ടി കോൺഗ്രസ് എന്ന നിലയിൽ കണ്ണൂർ പാർട്ടി കോൺഗ്രസ്, ദേശീയതലത്തിൽ സിപിഎമ്മിന്റെ രാഷ്ട്രീയ ലൈനിലുണ്ടാകാവുന്ന നിർണായക മാറ്റങ്ങൾക്കു വേദിയാകുമോയെന്ന ആകാംക്ഷയാണു മുഖ്യം. തിളക്കത്തിനിടയിലും സിൽവർ ലൈൻ പോലുള്ള പദ്ധതികൾക്കെതിരെ ഉയരുന്ന വമ്പിച്ച ജനരോഷം സൃഷ്ടിക്കുന്ന പ്രതിസന്ധി മറ്റൊന്ന്. കേന്ദ്ര നേതൃത്വത്തെ വെല്ലുവിളിച്ചു മുൻപ് ബംഗാളിൽ ജ്യോതിബസു–ബുദ്ധദേവ് കൂട്ടുകെട്ട് നടപ്പാക്കിയ വികസന ലൈൻ പിൽക്കാലത്ത് അവിടെ പാർട്ടിക്കേൽപിച്ച ആഘാതത്തിന്റെ ചരിത്രം ഉറക്കം കെടുത്തുന്ന സത്യമായി പാർട്ടിക്കു മുന്നിൽ നിൽക്കുകയും ചെയ്യുന്നു.

സിപിഎം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് കണ്ണൂരിൽ നിരന്ന ബാനറുകള്‍. ചിത്രം: മനോരമ
ADVERTISEMENT

അപ്പോഴും, പാർട്ടി ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ നയപരമായ കാര്യങ്ങളിൽ മാർഗനിർദേശം നൽകുകയും അതു നടപ്പാക്കുന്നുവെന്നു ഉറപ്പാക്കുകയും ചെയ്യേണ്ട കേന്ദ്ര നേതൃത്വത്തിന്റെ നിസ്സഹായാവസ്ഥയാണു കൊച്ചിയിൽ സമാപിച്ച പാർട്ടി സംസ്ഥാന സമ്മേളനത്തിൽ കണ്ടത്. അതിന്റെ തുടർച്ചയാണോ കണ്ണൂരിലും ഉണ്ടാവുക എന്ന ചോദ്യം പാർട്ടി ഘടകങ്ങളിൽ ഉയർന്നു തുടങ്ങിയിട്ടുണ്ട്.

രാഷ്ട്രീയ ലൈനിൽ ഭേദഗതി വരുമോ?

പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാൻ പോകുന്ന കരടു രാഷ്ട്രീയ പ്രമേയത്തിൽ, കോൺഗ്രസുമായി ഉണ്ടാക്കാവുന്ന ബന്ധത്തെക്കുറിച്ചു കൂടുതൽ വ്യക്തത വേണമെന്ന ആവശ്യം പ്രതിനിധികളിൽ നിന്നുണ്ടാവുമോയെന്ന ആകാംക്ഷയാണു പാർട്ടി കോൺഗ്രസിനെ ശ്രദ്ധേയമാക്കുന്നത്. ബിജെപിക്കെതിരെ കോൺഗ്രസുമായി സഹകരിച്ചു മൂന്നാം ബദലിനായി മുന്നിട്ടിറങ്ങണമെന്ന ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ രാഷ്ട്രീയ ലൈൻ പ്രകാശ് കാരാട്ട്– പിണറായി വിജയൻ എന്നിവരടക്കമുള്ള പൊളിറ്റ് ബ്യൂറോയിലെ മുതിർന്ന നേതാക്കൾ ഇടപെട്ടു നിർവീര്യമാക്കിയതാണു കഴിഞ്ഞ കേന്ദ്രകമ്മിറ്റി– പിബി യോഗങ്ങളിൽ കണ്ടത്. കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം വേണ്ടെന്ന നിലപാടിലേക്കു നേതൃത്വത്തെ എത്തിച്ചതിനു പിന്നിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യമാണെന്നു വ്യക്തവുമാണ്.

കരടു രാഷ്ട്രീയ പ്രമേയത്തിൽ ‘രാഷ്ട്രീയ ലൈൻ’ എന്ന തലക്കെട്ടിൽ പറയുന്നതിങ്ങനെ:

ADVERTISEMENT

∙ ബിജെപിയെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയുമാണു മുഖ്യ കടമ. ജനങ്ങളെ ശക്തവും സമരോത്സുകവും ആയ രീതിയിൽ സംഘടിപ്പിക്കുന്നതിനു സിപിഎമ്മിന്റെയും ഇടതുപക്ഷ ശക്തികളുടെയും സ്വതന്ത്ര ശക്തിയുടെ വളർച്ച ആവശ്യമാണ്.
∙ ഹിന്ദുത്വ അജൻഡയ്ക്കും വർഗീയ ശക്തികളുടെ പ്രവർത്തനങ്ങൾക്കും എതിരെ പോരാട്ടത്തിനു നേതൃത്വം നൽകുന്നതിനു പാർട്ടിയുടെയും ഇടതുപക്ഷത്തിന്റെയും ശക്തിപ്പെടുത്തൽ ആവശ്യമാണ്. ഹിന്ദുത്വ വർഗീയ വാദത്തിനെതിരെ എല്ലാ മതനിരപേക്ഷ ശക്തികളെയും വിശാലമായ രീതിയിൽ അണിനിരത്താൻ പാർട്ടി ശ്രമിക്കണം.

പ്രതീകാത്മക ചിത്രം

∙ പാർലമെന്റിൽ പാർട്ടി മതനിരപേക്ഷ പ്രതിപക്ഷ പാർട്ടികളുമായി ഉഭയ സമ്മതത്തോടെയുള്ള പ്രശ്നങ്ങളിൽ സഹകരിക്കണം. പാർലമെന്റിനു പുറത്ത് വർഗീയ അജൻഡയ്ക്കെതിരായി മതനിരപേക്ഷ ശക്തികളുടെ ഏറ്റവും വിപുലമായ സംഘാടനത്തിനു വേണ്ടി പ്രവർത്തിക്കും. പാർട്ടിയും ഇടതുപക്ഷവും സ്വതന്ത്രമായും പ്രശ്നാധിഷ്ഠിതമായി മറ്റു ജനാധിപത്യ പാർട്ടികളുമായി യോജിച്ചും, നവലിബറലിസത്തിന്റെ ആക്രമണത്തെയും ജനാധിപത്യത്തിനും ജനാധിപത്യ അവകാശങ്ങൾക്കും എതിരെയുള്ള അമിതാധികാര കടന്നുകയറ്റത്തെയും കിരാത നിയമങ്ങൾ ഉപയോഗിച്ചുള്ള അടിച്ചമർത്തലിനെയും നേരിടും.

∙ വർഗ– ബഹുജന സംഘടനകളുടെ ഐക്യത്തോടെയുള്ള പ്രവർത്തനങ്ങൾക്കുള്ള സംയുക്ത പ്ലാറ്റ്ഫോമുകളെ പാർട്ടി പിന്തുണയ്ക്കും. തൊഴിലാളി വർഗ–കർഷക, കർഷകത്തൊഴിലാളി ഐക്യത്തിന്റെ അടിസ്ഥാനത്തിൽ പ്രക്ഷോഭങ്ങൾ നടത്താനുള്ള എല്ലാ ശ്രമങ്ങളെയും പാർട്ടി പിന്തുണയ്ക്കും.
∙ ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനൊപ്പം പാർട്ടിയുടെ സ്വതന്ത്ര ശക്തി വളർത്തിക്കൊണ്ടു വരുന്നതിനു മുൻഗണന നൽകും. ഇടതുപക്ഷ ഐക്യത്തിന്റെ പ്രചാരണവും പ്രക്ഷോഭങ്ങളും ബൂർഷ്വാ ഭൂപ്രഭു ഭരണ വർഗ നയങ്ങൾക്കുള്ള ബദൽ നയങ്ങളിൽ കേന്ദ്രീകരിക്കും.

∙ ബഹുജന സംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളും അടക്കം എല്ലാ ഇടതുപക്ഷ ജനാധിപത്യ ശക്തികളെയും ഒന്നിച്ച് അണിചേർക്കുന്നതിനു പാർട്ടി സ്ഥിരമായി പ്രവർത്തിക്കും. ഇടതുപക്ഷ ജനാധിപത്യ പ്ലാറ്റ്ഫോം, ഇടതുപക്ഷ ജനാധിപത്യ പരിപാടിയും ബദൽ നയങ്ങളും കേന്ദ്രീകരിച്ചുള്ള സംയുക്ത പ്രക്ഷോഭങ്ങളും മുന്നേറ്റങ്ങളും നടത്തണം.
∙ തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ മുകളിൽ നൽകിയ രാഷ്ട്രീയ ലൈൻ അനുസരിച്ചു ബിജെപി വിരുദ്ധ വോട്ടുകളെ പരമാവധി ഒന്നിപ്പിക്കുന്നതിന് അനുയോജ്യമായ തിരഞ്ഞെടുപ്പ് അടവുകൾ സ്വീകരിക്കും.

ADVERTISEMENT

യച്ചൂരിയുടെ നീരസം ഫലിക്കുമോ?

ബിജെപി വോട്ടുകളെ പരമാവധി ഭിന്നിപ്പിക്കാൻ ശ്രമിക്കുമെന്നു കരടു രാഷ്ട്രീയ പ്രമേയം പറയുമ്പോഴും അതിലൊരിടത്തും കോൺഗ്രസ് എന്ന വാക്കുപോലും കടന്നുവരാതിരിക്കാൻ കരടു തയാറാക്കുമ്പോൾ ഈ രാഷ്ട്രീയ ലൈനിനു ചുക്കാൻ പിടിച്ചവർ ശ്രദ്ധിച്ചുവെന്നു വേണം പറയാൻ. ഇക്കാര്യത്തിലുള്ള നീരസം യച്ചൂരിയുടെ പിന്നീടുള്ള ശരീരഭാഷയിൽനിന്നു വ്യക്തമായിരുന്നു. കൊച്ചിയിൽ പാർട്ടി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു യച്ചൂരി നടത്തിയ പ്രസംഗത്തിൽ, കോൺഗ്രസിനെ പേരെടുത്തു പറഞ്ഞു വിമർശിച്ചില്ലെന്നു പ്രതിനിധികൾ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നു സമ്മേളനത്തിനിടയ്ക്കു തന്നെ മാധ്യമ സമ്മേളനം വിളിച്ചു കരടു രാഷ്ട്രീയ പ്രമേയത്തെക്കുറിച്ചു യച്ചൂരിക്കു കൂടുതൽ വിശദീകരിക്കേണ്ടി വന്നു.

സീതാറാം യച്ചൂരി

കോൺഗ്രസുമായി ദേശീയ തലത്തിൽ രാഷ്ട്രീയ ധാരണയോ നീക്കുപോക്കോ ഉണ്ടാകാനുള്ള സാധ്യതകൾ തള്ളിക്കളയാനും യച്ചൂരി നിർബന്ധിതനായി. കൊച്ചി സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗത്തിൽ കേരളത്തിലെ പ്രതിനിധികളുടെ മനസ്സറിയാനുള്ള ശ്രമം യച്ചൂരി നടത്തിയിരുന്നു. ഇതു മുന്നിൽക്കണ്ടു കേരള നേതൃത്വം ശക്തമായി ഇടപെട്ടു യച്ചൂരിയെക്കൊണ്ടു കേന്ദ്ര കമ്മിറ്റിയുടെ നിലപാട് ആവർത്തിക്കുകയായിരുന്നുവെന്നാണു സൂചന.

കോൺഗ്രസിനെ പേരെടുത്തു പറയുകയോ വിമർശിക്കുകയോ ചെയ്യാതെ ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാൻ ഇടതു– ജനാധിപത്യ ശക്തികൾ ഒന്നിക്കണമെന്ന യച്ചൂരിയുടെ ഉദ്ഘാടന പ്രസംഗത്തിലെ ആഹ്വാനം പാർട്ടി കോൺഗ്രസിനായി കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരടു രാഷ്ട്രീയ പ്രമേയത്തോട് ഒത്തുപോകുന്നതാണെങ്കിലും വിശദാംശങ്ങളിലേക്ക് അദ്ദേഹം പോയില്ല. നയരൂപീകരണത്തിൽ കേരളത്തിലെ പാർട്ടിയുടെ സംഭാവന ചൂണ്ടിക്കാട്ടിയ യച്ചൂരി, പ്രമേയത്തിന്റെ കരട് സംസ്ഥാന സമ്മേളനം വിശദമായ ചർച്ചയ്ക്കു വിധേയമാക്കണം എന്ന് ആവർത്തിച്ചു.

കോൺഗ്രസുമായി ഏതെങ്കിലും തരത്തിൽ സഖ്യമുണ്ടാക്കുന്നത് ആത്മഹത്യാപരമാണെന്നു വാദിക്കുന്ന കേരള ഘടകത്തിന്റെ നിലപാടിൽ നിന്നു വ്യത്യസ്തമായിരുന്നു ആദ്യം യച്ചൂരിയുടെ ലൈൻ എന്നു ഇതിനകം വ്യക്തമായതാണ്. ബംഗാൾ ഘടകത്തിന്റെ നിലപാടും യച്ചൂരിക്കൊപ്പമാണെന്നോർക്കണം. കരടു പ്രമേയത്തിന്മേൽ പാർട്ടി കോൺഗ്രസ് കൂടുതൽ വ്യക്തത വരുത്തുമെന്നിരിക്കെ, കേരളത്തിൽനിന്നു വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുമോയെന്നായിരുന്നു യച്ചൂരി നോക്കിയത്. പക്ഷേ, കേരളത്തിൽ പാർട്ടി നേതൃത്വം നൽകുന്ന വിഭാഗം ആ പ്രതീക്ഷകൾ മുളയിലേ നുള്ളിയെന്നതും കൊച്ചി സമ്മേളനത്തിന്റെ രേഖകളിലുണ്ടാകും.

Supporters of Biman Bose, the West Bengal's state chief of the Communist Party of India-Marxist (CPI-M), listen to his speech under a sign of CPI-M during the 23rd open party meeting in Kolkata February 19, 2012. REUTERS/Rupak De Chowdhuri (INDIA - Tags: POLITICS)

കോൺഗ്രസുമായി പാർട്ടി നേരിട്ട് ഏറ്റുമുട്ടുന്ന കേരളത്തിലെ രാഷ്ട്രീയ സ്ഥിതിയല്ല മറ്റു സംസ്ഥാനങ്ങളിൽ എന്ന യച്ചൂരി വിഭാഗത്തിന്റെ വാദം പാർട്ടി കോൺഗ്രസിൽ ഉയർന്നേക്കാം. കോൺഗ്രസിനെ അകറ്റി നിർത്താനുള്ള വെമ്പൽ, ബിജെപിക്കെതിരായ പോരാട്ടത്തിലെ ആത്മാർഥതക്കുറവ് വ്യക്തമാക്കുന്നുവെന്ന വിമർശനവും രാഷ്ട്രീയ നിരീക്ഷകർ ഉന്നയിച്ചിട്ടുണ്ട്. പക്ഷേ, കേരള ഘടകം മുൻകയ്യെടുത്ത് തയാറാക്കിയ കരടു രാഷ്ട്രീയ പ്രമേയം അന്തിമമായി പ്രഖ്യാപിക്കാൻ ഈ വിഭാഗം തന്നെ കണ്ണൂരിൽ ചരടുവലികൾ നടത്തും. രാഷ്ട്രീയ ലൈൻ പരാജയപ്പെട്ടുവെന്നു സ്വന്തം മണ്ണിൽ തന്നെ കേൾക്കാൻ പിണറായി വിജയനും സംഘവും നിന്നു കൊടുക്കില്ലെന്നു ചുരുക്കം.

വികസന നയരേഖ ചർച്ചയാകുമോ?

കൊച്ചി സംസ്ഥാന സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച ‘നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്’ എന്ന നയരേഖ കണ്ണൂർ പാർട്ടി കോൺഗ്രസിൽ ചർച്ചയാകുമോ ? ചർച്ചയാവണമെന്നു വാദിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ചെറിയൊരു വിഭാഗമെങ്കിലും, നിശബ്ദമാണെങ്കിലും കേരളത്തിലെ പാർട്ടിയിലുണ്ട്. പിണറായി വിജയൻ അവതരിപ്പിച്ച വികസന നയരേഖയ്ക്ക് പശ്ചിമ ബംഗാളിൽ ഒരു മുൻഗാമിയുണ്ടെന്നു മറക്കരുതെന്നാണ് ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

സിപിഎം കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചതിനു കടകവിരുദ്ധമായി പശ്ചിമബംഗാൾ സർക്കാർ പാസാക്കിയ വ്യവസായ നയമായിരുന്നു അതെന്നും ഈ വിഭാഗം പറയുന്നു. 34 വർഷം തുടർ ഭരണം നടത്തിയ ബംഗാളിലെ ഇടതുപക്ഷത്തിന് ഇന്നു നിയമസഭയിൽ ഒരൊറ്റ എംഎൽഎ പോലുമില്ലാതായതിന് ഈ വ്യവസായ നയം കാരണമായിട്ടുണ്ടെന്നും ഈ വിഭാഗം പറയുന്നു.

ബുദ്ധദേവ് ഭട്ടാചാര്യ

ബുദ്ധദേവ് ഭട്ടാചാര്യയുടെ നയങ്ങളെ ചോദ്യം ചെയ്യാൻ പാർട്ടി കേന്ദ്ര നേതൃത്വത്തിനു കെൽപില്ലാതെ പോയതിനു സമാനമായ നിലയിലേക്കു കേരളത്തിലെ വികസന കാര്യങ്ങളിലും കേന്ദ്ര നേതൃത്വം പോകരുതെന്നു വാദിക്കുന്ന ചെറിയ വിഭാഗത്തിന്റെ ശബ്ദം പാർട്ടി കോൺഗ്രസിൽ ഉയരുമോയെന്ന ചോദ്യവും പ്രസക്തമാണ്. സിൽവർലൈൻ പദ്ധതിക്കെതിരെ സംസ്ഥാനത്തു രൂക്ഷമായ സമരങ്ങൾ അരങ്ങേറുകയും സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുകയും ചെയ്യുമ്പോൾ കേന്ദ്ര നേതൃത്വം വ്യക്തമായ നിലപാടു പറയാതെ ഒഴിഞ്ഞുമാറുന്നുവെന്ന ആക്ഷേപവും ശക്തമാണ്.

കൊച്ചി സമ്മേളനത്തിൽ സിൽവർലൈൻ പദ്ധതിയെക്കുറിച്ചു ചോദ്യങ്ങൾ ഉയർന്നപ്പോൾ, പൊട്ടിത്തെറിക്കുന്ന യച്ചൂരിയെയാണു കണ്ടത്. അതൊക്കെ കേരളത്തിലെ ഭരണ നേതൃത്വത്തോടാണു ചോദിക്കേണ്ടതെന്ന മട്ടിൽ യച്ചൂരി നൽകിയതു വഴുക്കൻ മറുപടിയാണെന്നു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനത്തിൽ പാർട്ടി ജനറൽ സെക്രട്ടറി പങ്കെടുക്കുന്ന പതിവു തെറ്റിച്ചു യച്ചൂരി സമാപന ദിവസം ഉച്ചയ്ക്കു തന്നെ മടങ്ങിയതും അന്നു ശ്രദ്ധിക്കപ്പെട്ടിരുന്നു.

വികസന നയരേഖ പറയുന്നത്:

സിപിഎമ്മിന്റെ പ്രഖ്യാപിത സാമ്പത്തിക– രാഷ്ട്രീയ നയങ്ങളിൽ നിന്നുള്ള പ്രകടമായ ചുവടുമാറ്റമാണു മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസന നയരേഖ മുന്നോട്ടുവയ്ക്കുന്നത്. നയരേഖയിൽ ‘ഉന്നത വിദ്യാഭ്യാസം, ആരോഗ്യരംഗം, ശുചിത്വം എന്നീ തലക്കെട്ടുകളിൽ പറയുന്നത് ഇങ്ങനെ: കേരളം ഉന്നത വിദ്യാഭ്യാസത്തിന്റെ ഒരു ധിഷണാകേന്ദ്രമാക്കി മാറ്റാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തു പ്രവേശനാനുപാതം 37 ശതമാനമാണ്. അതു അടുത്ത 5 വർഷം കൊണ്ടു 50 ശതമാനമാക്കി വർധിപ്പിക്കുന്നതിനു പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കണം.

സിപിഎം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് കണ്ണൂരിലെ ദീപാലങ്കാരം. ചിത്രം: മനോരമ

∙ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും ബോധന പഠന നിലവാരത്തിന്റെ ഗുണമേന്മയിൽ കുതിച്ചുചാട്ടം ഉറപ്പുവരുത്തി ലോക നിലവാരത്തിൽ എത്തിക്കാൻ പ്രാപ്തമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. ആഗോളതലത്തിൽ മുന്നിൽ നിൽക്കുന്ന സ്ഥാപനങ്ങളോടു കിടപിടിക്കുന്ന ഉന്നത കലാലയങ്ങൾ വളർത്തിക്കൊണ്ടുവരണം. സർക്കാർ മേഖലയിലും സഹകരണ മേഖലയിലും പിപിപി മോഡലിലും സ്വകാര്യ മേഖലയിലും ഈ രീതിയിൽ വൻകിട ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ ഉണ്ടാവണം.

∙ മറ്റു സംസ്ഥാനങ്ങളിൽനിന്നും രാജ്യത്തിനു പുറത്തു നിന്നും ചികിത്സയ്ക്കായി രോഗികൾ കേരളത്തിൽ വരാൻ ഇടയാക്കുംവിധം ചികിത്സാ സൗകര്യം മെച്ചപ്പെടണം. ഇതിനായി ഇപ്പോൾ നിലവിലുള്ളതിനു പുറമെ ചില വൻകിട ആശുപത്രികൾ വരണം. സ്വകാര്യ മേഖലയിലും പൊതുമേഖലയിലും ഇത്തരം ആശുപത്രികൾ വരുന്നതിനു സഹായകമായ പദ്ധതിക്കു രൂപം നൽകണം.
∙ എല്ലാ നഗരസഭകളിലും പ്രധാന കേന്ദ്രങ്ങളിലും മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ ബിഒടി അടിസ്ഥാനത്തിൽ ഉണ്ടാക്കണം. അതിനായി താൽപര്യ പത്രം ക്ഷണിക്കണം. കേരളമാകെ ‘ക്ലീൻ’ ആക്കാൻ ഇത്തരമൊരു നടപടിയിലേക്കു നീങ്ങണം. സുവിജ് പദ്ധതികൾ ആവിഷ്കരിക്കണം.

കോടിയേരി ‘ഒളിച്ചുവച്ചോ സ്വകാര്യ മാതൃക’?

ഉന്നത വിദ്യാഭ്യാസ രംഗത്തു സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കാമെന്ന വികസന നയരേഖയിൽ പരാമർശമുണ്ടെന്നു കൊച്ചി സംസ്ഥാന സമ്മേളനത്തിനിടയിലെ മാധ്യമ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സമ്മതിച്ചെങ്കിലും ആരോഗ്യ– മാലിന്യ സംസ്കരണ രംഗങ്ങളിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള പദ്ധതികളെക്കുറിച്ചു മിണ്ടിയില്ല. സമ്മേളനത്തിനിടയിൽ എല്ലാ ദിവസവും കോടിയേരി മാധ്യമങ്ങളെ കണ്ടു ചോദ്യങ്ങൾക്കു മറുപടി നൽകിയെങ്കിലും ഇക്കാര്യങ്ങൾ മറച്ചുവയ്ക്കുകയായിരുന്നു. ആരോഗ്യവും മാലിന്യ സംസ്കരണവും പ്രാദേശിക സർക്കാരിന്റേതിനു പുറമെ സംസ്ഥാന സർക്കാരിന്റെയും പരമപ്രധാന ഉത്തരവാദിത്തമാണെന്നിരിക്കെയാണ്, ഈ രണ്ടു രംഗങ്ങളിലും സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത്.

കോടിയേരി ബാലകൃഷ്ണൻ

കേന്ദ്രനയം വേറെ, കേരളത്തിൽ വേറെ

വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യപങ്കാളിത്തത്തെക്കുറിച്ച് വിരുദ്ധ നയങ്ങളുടെ ഏറ്റുമുട്ടലിനും കൊച്ചി സമ്മേളനം സാക്ഷ്യം വഹിക്കുന്നതു കണ്ടു. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസന നയരേഖയിൽ ഉന്നത വിദ്യാഭ്യാസ, ഗവേഷണ മേഖലയിൽ സർക്കാർ സ്ഥാപനങ്ങൾക്കു പുറമേ, സ്വകാര്യ, പൊതു–സ്വകാര്യ പങ്കാളിത്ത സ്ഥാപനങ്ങൾ ഉണ്ടാവണമെന്നു നിർദേശിക്കുന്നത് പാർട്ടി കേന്ദ്ര നേതൃത്വം തയാറാക്കിയ കരടു രാഷ്ട്രീയ പ്രമേയത്തിനു വിരുദ്ധമാണെന്ന ആരോപണമാണു സംസ്ഥാന സമ്മേളനത്തെ തെല്ലെങ്കിലും ചൂടുപിടിപ്പിച്ചത്.

രാഷ്ട്രീയ പ്രമേയത്തിന്റെ കരടിൽ, ‘സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കണം’ എന്നു വ്യക്തമായി ആവശ്യപ്പെടുന്നുണ്ട്. ജനുവരി 7 മുതൽ 9 വരെ ഹൈദരാബാദിൽ നടന്ന കേന്ദ്ര കമ്മിറ്റി യോഗം അംഗീകരിച്ച ഈ കരടിലെ നിർദേശം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അവതരിപ്പിച്ച വികസനരേഖയിലെ നിലപാടിനു കടകവിരുദ്ധമാണെന്നായിരുന്നു ആരോപണം. കരടു രാഷ്ട്രീയ പ്രമേയത്തിൽ ‘പുതിയ വിദ്യാഭ്യാസ നയം റദ്ദു ചെയ്യുക’ എന്ന തലക്കെട്ടിലുള്ള ഭാഗത്താണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുക എന്നു പറയുന്നത്. ഈ പ്രമേയത്തിന്റെ മലയാള പരിഭാഷ പാർട്ടി വാരികയായ ചിന്ത പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഗവ.കോളജുകൾക്കു സ്വയംഭരണ പദവി നൽകുന്നതിനെപ്പോലും എതിർത്തിരുന്ന സിപിഎം വിദ്യാഭ്യാസ മേഖലയിൽ മുൻപു സ്വീകരിച്ചിരുന്ന നയങ്ങളിൽനിന്നു മാറുന്നതിന്റെ സൂചനയാണ് മുഖ്യമന്ത്രി അവതരിപ്പിച്ച വികസന രേഖയിലെ നിലപാടെന്ന ചർച്ചയും പാർട്ടിയിൽ ഉയർന്നിട്ടുണ്ട്. ഇക്കാര്യങ്ങൾ പാർട്ടി കോൺഗ്രസിൽ ഉയർന്നു വരുമോയെന്നും രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നു. പിപിപി മാതൃകയിലും സ്വകാര്യ സംരംഭങ്ങളായും ഉന്നത വിദ്യാഭ്യാസ – ഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കാമെന്ന വികസന രേഖയിലെ നിർദേശം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന കരടു രാഷ്ട്രീയ പ്രമേയത്തിന് എതിരല്ലെന്നുമുള്ള പാർട്ടി നിലപാട് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കേരളത്തിലെ വികസന ലൈൻ പാർട്ടി കോൺഗ്രസിൽ ചോദ്യം ചെയ്യപ്പെടുമോയെന്നു കാത്തിരുന്നു കാണണം.

കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും.

‘വിദ്യാഭ്യാസ രംഗത്തു വ്യാപാരവൽക്കരണവും വർഗീയവൽക്കരണവും ലക്ഷ്യമിടുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെയാണു പാർട്ടി കോൺഗ്രസ് പ്രമേയം. സാമൂഹികനീതി ഉറപ്പുവരുത്തി സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ രംഗത്തു വൻ സ്വകാര്യ വിദ്യാഭ്യാസ–ഗവേഷണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ചാണു വികസനരേഖ പറയുന്നത്...’ കോടിയേരി ഇങ്ങനെ വിശദീകരിച്ചെങ്കിലും നിലപാടുകളിലെ പൊരുത്തക്കേടുകൾ കോൺഗ്രസ് ചർച്ച ചെയ്യണമെന്ന ആവശ്യം ഉയർന്നു തുടങ്ങിയിട്ടുണ്ട്.

പാർട്ടി കോൺഗ്രസും ‘പിണറായിപക്ഷം’ പിടിക്കുമോ?

കണ്ണൂരിന്റെ മണ്ണിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ കേരള ഘടകത്തിന്റെ വാദമുഖങ്ങൾക്കു മേൽക്കൈ കിട്ടുമോയെന്ന ചോദ്യമാണു പാർട്ടി കോൺഗ്രസ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസന നയരേഖയ്ക്കു പാർട്ടി കോൺഗ്രസിന്റെ ‘ഗുഡ് സർട്ടിഫിക്കറ്റ്’ കേരള ഘടകം പ്രതീക്ഷിക്കുന്നുണ്ട്. ഒപ്പം, കോൺഗ്രസുമായി യാതൊരു രാഷ്ട്രീയ നീക്കുപോക്കും വേണ്ടെന്ന നിലപാട് ആവർത്തിച്ചുറപ്പിക്കുകയും വേണം.

യച്ചൂരിയെ കാഴ്ചക്കാരനാക്കി കേരള ഘടകം ഇതു രണ്ടും സാധിച്ചെടുത്താൽ പാർട്ടി കോൺഗ്രസ് ‘പിണറായി പക്ഷം’ പിടിച്ചുവെന്നു രാഷ്ട്രീയ നിരീക്ഷകർ വിധിയെഴുതിയേക്കാം. അതീവ ഗുരുതര പ്രതിസന്ധി നേരിടുന്ന ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ അവതരിപ്പിക്കുന്ന ‘അനുഭവ വിവരണ’ങ്ങളും പാർട്ടി കോൺഗ്രസിന്റെ ഗതി നിയന്ത്രിക്കാൻ പര്യാപ്തമായേക്കാം...

English Summary: Yechury's Submission, Kerala Domination- What is Really in Store for CPM Party Conference in Kannur?