വർഷങ്ങളായി തുടരുന്ന യുദ്ധത്തിലേറ്റ പ്രഹരത്തിൽനിന്ന് ഇപ്പോഴും യെമൻ മുക്തമായിട്ടില്ല. അതിനിടെയാണ് എഫ്എസ്ഒ സേഫർ എന്ന കപ്പൽ ദുരന്തഭീതിയായി തുടരുന്നത്. യെമന്റെ തീരത്താണ് കഴിഞ്ഞ മൂന്നര ദശാബ്ദമായി ഈ ‘ടൈം ബോംബുള്ളത്’. അങ്ങനെ വിശേഷിപ്പിച്ചതാകട്ടെ ഐക്യരാഷ്ട്ര സംഘടനയും. ഈ കപ്പലുണ്ടാക്കുന്ന മാനുഷിക ദുരന്തം അതിശക്തമായിരിക്കുമെന്ന മുന്നറിയിപ്പും യുഎൻ നൽകിക്കഴിഞ്ഞു. എന്തുകൊണ്ട്?... FSO Safer Ship . Yemen

വർഷങ്ങളായി തുടരുന്ന യുദ്ധത്തിലേറ്റ പ്രഹരത്തിൽനിന്ന് ഇപ്പോഴും യെമൻ മുക്തമായിട്ടില്ല. അതിനിടെയാണ് എഫ്എസ്ഒ സേഫർ എന്ന കപ്പൽ ദുരന്തഭീതിയായി തുടരുന്നത്. യെമന്റെ തീരത്താണ് കഴിഞ്ഞ മൂന്നര ദശാബ്ദമായി ഈ ‘ടൈം ബോംബുള്ളത്’. അങ്ങനെ വിശേഷിപ്പിച്ചതാകട്ടെ ഐക്യരാഷ്ട്ര സംഘടനയും. ഈ കപ്പലുണ്ടാക്കുന്ന മാനുഷിക ദുരന്തം അതിശക്തമായിരിക്കുമെന്ന മുന്നറിയിപ്പും യുഎൻ നൽകിക്കഴിഞ്ഞു. എന്തുകൊണ്ട്?... FSO Safer Ship . Yemen

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഷങ്ങളായി തുടരുന്ന യുദ്ധത്തിലേറ്റ പ്രഹരത്തിൽനിന്ന് ഇപ്പോഴും യെമൻ മുക്തമായിട്ടില്ല. അതിനിടെയാണ് എഫ്എസ്ഒ സേഫർ എന്ന കപ്പൽ ദുരന്തഭീതിയായി തുടരുന്നത്. യെമന്റെ തീരത്താണ് കഴിഞ്ഞ മൂന്നര ദശാബ്ദമായി ഈ ‘ടൈം ബോംബുള്ളത്’. അങ്ങനെ വിശേഷിപ്പിച്ചതാകട്ടെ ഐക്യരാഷ്ട്ര സംഘടനയും. ഈ കപ്പലുണ്ടാക്കുന്ന മാനുഷിക ദുരന്തം അതിശക്തമായിരിക്കുമെന്ന മുന്നറിയിപ്പും യുഎൻ നൽകിക്കഴിഞ്ഞു. എന്തുകൊണ്ട്?... FSO Safer Ship . Yemen

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ‘ടൈംബോംബ് നിർവീര്യ’മാക്കാനായി എട്ടു കോടി ഡോളർ (ഏകദേശം 600 കോടി രൂപ) അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഐക്യരാഷ്ട്ര സംഘടന(യുഎൻ). യുദ്ധത്താൽ സംഘർഷഭരിതമായ യെമന്റെ തീരത്താണ് കഴിഞ്ഞ മൂന്നര ദശാബ്ദമായി ഈ ‘ബോംബുള്ളത്’. 10 ലക്ഷത്തോളം ബാരൽ ക്രൂഡ് ഓയിലുമായി 1988 മുതൽ റാസ് ഇസ തുറമുഖത്തോടു ചേർന്നു സ്ഥിതി ചെയ്യുന്ന എണ്ണക്കപ്പലിനെയാണ് ഐക്യരാഷ്ട്ര സംഘടന ‘ടൈംബോംബ്’ എന്നു വിശേഷിപ്പിച്ചത്. ഈ കപ്പൽ പൊട്ടിത്തെറിക്കുകയോ എണ്ണ ചോർന്ന് കടലില്‍ പരക്കുകയോ ചെയ്താൽ കാത്തിരിക്കുന്നത് വൻ ദുരന്തമാണ്. ചെങ്കടലിലും അതിനുമപ്പുറത്തും അതുവഴിയുള്ള പാരിസ്ഥിതിക ദുരന്തത്തിന്റെ അലയൊലികളെത്തും. 

വർഷങ്ങളായി തുടരുന്ന യുദ്ധത്തിലേറ്റ പ്രഹരത്തിൽനിന്ന് ഇപ്പോഴും യെമൻ മുക്തമായിട്ടില്ല. അതിനിടെയാണ് എഫ്എസ്ഒ സേഫർ എന്ന കപ്പൽ ദുരന്തഭീതിയായി തുടരുന്നത്. ഇതുണ്ടാക്കുന്ന പാരിസ്ഥിക ദുരന്തവും മാനുഷിക ദുരന്തവും അതിശക്തമായിരിക്കുമെന്നു പറയുന്നു യെമനിലെ യുഎൻ ഹ്യുമാനിറ്റേറിയൻ കോ–ഓർഡിനേറ്റർ ഡേവിഡ് ഗ്രെസ്‌ലി. ‘അടുത്ത ആറാഴ്ചയ്ക്കകം 600 കോടി രൂപ ലഭ്യമാക്കുകയാണു വേണ്ടത്. കപ്പലിലെ ക്രൂഡ് ഓയിൽ ചോരുന്നതു തടയാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കുകയെങ്കിലും വേണം. അല്ലെങ്കിൽ ഈ ടൈം ബോംബ് ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന വിധത്തിൽ തുടരും...’ ഡേവിഡ് പറയുന്നു. 

എഫ്‌എസ്ഒ സേവർ ടാങ്കർ യെമൻ തീരത്ത്.
ADVERTISEMENT

സേഫർ ടാങ്കറിൽനിന്ന് എണ്ണ മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ യെമനിലെ ഹൂതികളും ഐക്യരാഷ്ട്ര സംഘടയും തമ്മിൽ വർഷങ്ങളായി നടന്നു വരികയായിരുന്നു. ഇക്കഴിഞ്ഞ മാർച്ചിലാണ്, കപ്പലിലെ എണ്ണ മറ്റൊരു സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രം ഇരുവിഭാഗവും ഒപ്പിട്ടത്. ആദ്യഘട്ടത്തിൽ നാലു മാസമെടുത്ത് എണ്ണ മാറ്റാനായിരുന്നു ധാരണ. അടിയന്തരമായ ആ ഇടപെടലിനു ശേഷം, ഒന്നര വർഷത്തിനകം പൂർണമായും സേഫർ ടാങ്കറിലെ എണ്ണ മറ്റൊരു കപ്പലിലേക്കു മാറ്റാനും തീരുമാനമായി. ഇതു പ്രകാരം ജൂണ്‍ ആദ്യവാരം എണ്ണനീക്കം ആരംഭിക്കണം. സെപ്റ്റംബറിൽ അവസാനിക്കുകയും വേണം. ഇല്ലെങ്കിൽ ഒക്ടോബറിൽ കടലിൽ കാത്തിരിക്കുന്നത് കനത്ത കാറ്റും അടിയൊഴുക്കുമാണ്. ഇത് ഡിസംബർ വരെ തുടരും. നിലവിലെ സാഹചര്യത്തിൽ, കാറ്റിൽ കപ്പൽ തകരാൻ വരെ സാധ്യതയുണ്ട്. അതിനാൽത്തന്നെ ജൂണിലെ അടിയന്തര ഇടപെടലിനു തടസ്സം നേരിട്ടാൽ എണ്ണ നീക്കം പിന്നെയും മാസങ്ങൾ വൈകും. ഇതാണ് ‘ടൈംബോംബ്’ പൊട്ടാനുള്ള സാഹചര്യം ശക്തമാക്കുന്നത്. 

യെമനിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ചെങ്കടലിലെ റാസ് ഇസ തുറമുഖം നിലവിൽ ഹൂതി വിമതരുടെ കീഴിലാണ്. റാസ് ഈസ തുറമുഖത്തുനിന്ന് വെറും ആറു കിലോമീറ്റർ മാത്രം മാറിയാണ് സേഫർ ടാങ്കറിന്റെ സ്ഥാനം. ഇവിടേക്ക് സാങ്കേതിക വിദഗ്ധരെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സംഘടന ഹൂതികളുമായി ചർച്ച നടത്തി വരികയായിരുന്നു. എന്നാൽ ദുരന്തത്തെ തുറുപ്പുചീട്ടാക്കി വിലപേശലിനായിരുന്നു തുടക്കത്തിൽ ഹൂതികളുടെ ശ്രമം. 

എഫ്‌എസ്ഒ സേവർ ടാങ്കർ യെമൻ തീരത്ത്. ചിത്രം: AFP

ഒടുവിൽ, ഇക്കഴിഞ്ഞ മാർച്ചിൽ തുറമുഖത്തിനു സമീപത്തേക്ക് എത്തുന്നതിന് യുഎൻ സംഘത്തിന് അനുമതിയും ലഭിച്ചു. അങ്ങനെയാണ് കപ്പൽ ദ്രവിച്ച അവസ്ഥയിലാണെന്നും അറ്റകുറ്റപ്പണി നടത്തി രക്ഷിക്കാൻ പറ്റാത്തതിനും അപ്പുറത്തേക്കു കാര്യങ്ങളെത്തിയെന്നും വ്യക്തമായത്. എണ്ണടാങ്കറുകളിലെ എണ്ണയും അന്തരീക്ഷത്തിലെ ഓക്സിജനും ചേർന്ന് തീപിടിക്കാതിരിക്കാനുള്ള സംവിധാനം കപ്പലുകളിലുണ്ടാകാറുണ്ട്. തീ കത്തുന്നത് തടയുന്ന ‘അലസ വാതക’ങ്ങളാണ് ഇത്തരത്തിൽ ഉപയോഗിക്കാറുള്ളത്. ഈ വാതകങ്ങൾ വർഷങ്ങൾക്കു മുൻപേതന്നെ കപ്പലിൽനിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞെന്നും വിദഗ്ധർ പറയുന്നു. 

1970കളിലാണ് ഈ സേഫർ ടാങ്കർ ജപ്പാനിൽ നിർമിക്കപ്പെട്ടത്. 1980കളില്‍ കപ്പൽ യെമനു വിറ്റു. യെമനിലെ കിഴക്കൻ മരിബിൽ ഉൽപാദിപ്പിക്കുന്ന ഏകദേശം 30 ലക്ഷം ബാരൽ വരുന്ന ക്രൂഡ് ഓയിൽ, കയറ്റുമതിക്കായി സൂക്ഷിക്കാനായിരുന്നു കപ്പൽ വാങ്ങിയത്. 1181 അടി നീളമുള്ള കപ്പലിൽ ക്രൂഡ് ഓയിൽ സൂക്ഷിക്കുന്നതിനായി 34 ടാങ്കുകളാണുള്ളത്. മരിബാകട്ടെ നിലവിൽ യെമനിലെ യുദ്ധത്തിന്റെ കേന്ദ്രവും! 

ADVERTISEMENT

ഒന്നര വർഷമെടുത്ത് 10 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ നീക്കം ചെയ്യാനാണ് യുഎൻ തീരുമാനം. ഇതിനായി വമ്പനൊരു കപ്പൽ വാടകയ്ക്കെടുക്കേണ്ടി വരും. മാത്രവുമല്ല, എണ്ണനീക്കത്തിന് ആവശ്യമായ ജീവനക്കാരെ ലഭ്യമാക്കണം. കപ്പൽ അറ്റകുറ്റപ്പണിക്കുള്ള സംഘവും വേണം. ഇതിനെല്ലാമാണ് 600 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നത്. അബുദാബി, ഖത്തർ, സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്ക് യുഎൻ ദൗത്യ സംഘവുമായെത്തി ചർച്ച നടത്തുമെന്ന് ഡേവിഡ് ഗ്രെസ്‌‌ലി വ്യക്തമാക്കിയിട്ടുണ്ട്. നെതർലൻഡ്സും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

സേഫർ ടാങ്കറിൽ ചോർച്ചയോ പൊട്ടിത്തെറിയോ ഉണ്ടായാൽ അതു ലോക സമ്പദ്‌വ്യവസ്ഥയെ എത്രമാത്രം മാരകമായിട്ടായിരിക്കും ബാധിക്കുകയെന്നതിൽ ഇപ്പോഴും വിദഗ്ധർക്ക് വ്യക്തതയില്ല. കപ്പലിനകത്തെ കൂടുതൽ വിവരങ്ങള്‍ ലഭ്യമാകാത്തതാണു പ്രശ്നം. എന്നാൽ ലോകം ഇന്നേവരെ കണ്ടതിൽവച്ച് ഏറ്റവും ഭീകരമായ പാരിസ്ഥിതിക ദുരന്തമായിരിക്കും കപ്പൽപൊട്ടിത്തെറിയിലൂടെ സൃഷ്ടിക്കപ്പെടുക എന്നതിൽ ആർക്കും സംശയമില്ല. ഇപ്പോൾത്തന്നെ അൽപാൽപമായി എണ്ണ കടലിലേക്ക് ഒലിച്ചിറങ്ങുകയാണെന്ന് യെമൻ യുഎന്നിനെ അറിയിച്ചിട്ടുണ്ട്. കടലിൽ പടരുന്ന എണ്ണയ്ക്കു തീപിടിച്ചാൽ രാജ്യാന്തര കപ്പൽ ഗതാഗതത്തെ വരെ ഗുരുതരമായി ബാധിക്കും. 

എണ്ണവിലയിൽ നോട്ടമിട്ട് ഹൂതികൾ

2015 മുതൽ റാസ് ഇസയിലാണ് കപ്പലിന്റെ സ്ഥാനം. യെമൻ ഓയിൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ കപ്പൽ ഗതാഗതത്തിന് ഉപയോഗിക്കാറില്ല. പകരം തുറമുഖത്തുനിന്ന് അൽപം മാറി നങ്കൂരമിട്ടു കിടക്കും. യെമനിലെ മരിബ് എണ്ണപ്പാടത്തിൽ നിന്നുള്ള ക്രൂഡ് ഓയിൽ പൈപ് ലൈൻ വഴി കടലിലെ എക്സ്പോർട്ട് ടെർമിനലിലേക്ക് എത്തിക്കുന്നതാണ് രീതി. ടെർമിനലില്‍ നിന്ന് എണ്ണ ബാരലുകളിലാക്കി ഓയിൽകമ്പനിയുടെ കപ്പലിലേക്കു മാറ്റും. അതിൽ നിന്നാണു മറ്റു രാജ്യങ്ങളിലെ കപ്പലുകളിലേക്ക് കയറ്റുമതിക്കായി കൈമാറുക.

ADVERTISEMENT

പല വലുപ്പത്തിലുള്ള ഏകദേശം 34 ക്രൂഡ് ഓയിൽ ടാങ്കറുകളാണ്‌ നിലവിൽ കപ്പലിലുള്ളതെന്നാണു കരുതുന്നത്. ഇവയിലെല്ലാമായി ഏകദേശം 30 ലക്ഷം ബാരൽ എണ്ണ ഉൾക്കൊള്ളിക്കാനാകും. എന്നാൽ ഇത്രയും എണ്ണ ഇപ്പോഴില്ലെന്നാണു കരുതുന്നത്. അപ്പോഴും ആശങ്കയ്ക്കു വക നൽകി 10 ലക്ഷത്തോളം ബാരൽ എണ്ണ കപ്പലിലെ പടുകൂറ്റൻ ടാങ്കറിലുണ്ട്.

2016ൽ റാസ് ഇസ തുറമുഖത്തിനു നേരെയുണ്ടായ ആക്രമണം (ഫയൽ ചിത്രം)

റാസ് ഇസ തുറമുഖം ഹൂതികൾ പിടിച്ചെടുത്തതോടെ 2015 മാർച്ച് മുതൽ കപ്പലിൽ നിന്നുള്ള എണ്ണകൈമാറ്റം പൂർണമായും നിലച്ചു. ആവശ്യത്തിനു ഡീസൽ ലഭിക്കാത്തതിനാൽ ഇതേവരെ കപ്പലിന്റെ എൻജിനും ചലിപ്പിക്കാനായിട്ടില്ല. യുദ്ധങ്ങളും കലാപങ്ങളും കാരണം പരിസ്ഥിതിക്കുണ്ടാകുന്ന ദോഷങ്ങളെപ്പറ്റി പഠിക്കുന്ന കോൺഫ്ലിക്ട് ആൻഡ് എൻവയോണ്‍മെന്റൽ ഒബ്സർവേറ്ററി കൂട്ടായ്മ പ്രതിനിധി ഡഗ് വെയറാണ് 2018ൽ ഈ പ്രശ്നം യുഎന്നിനു മുന്നില്‍ ആദ്യമായി അവതരിപ്പിച്ചത്. പിന്നാലെ യുഎൻ സുരക്ഷാകൗണ്‍സിൽ വിഷയം ചർച്ചയ്ക്കെടുക്കുകയായിരുന്നു.

കപ്പലിലെ എണ്ണയ്ക്ക് ഏകദേശം 544 കോടി രൂപ വരും വില. നിലവിൽ ഹൂതികൾക്ക് എണ്ണ കയറ്റുമതിക്കുള്ള അനുമതിയില്ല. കപ്പലിലെ എണ്ണ വിറ്റു കിട്ടുന്നതില്‍നിന്ന് ഒരു വലിയ വിഹിതം തങ്ങൾക്കു നൽകണമെന്നായിരുന്നു നേരത്തേ അവരുടെ ആവശ്യം. ആയുധ സംഭരണത്തിനും മറ്റുമായി ആ പണം ഉപയോഗപ്പെടുത്തുമെന്നതിനാൽ യുഎന്നിന് അത്തരമൊരു ഉറപ്പ് നൽകാനുമായില്ല. ഇക്കാര്യത്തിൽ തീരുമാനം വൈകിയാൽ കപ്പൽ കെട്ടിവലിച്ചു കൂടുതൽ ദൂരത്തിലേക്കു കൊണ്ടുപോകുമെന്നു വരെ ഒരു ഘട്ടത്തിൽ ഹൂതികൾ ഭീഷണിപ്പെടുത്തിയിരുന്നു. അതിനിടെയാണ് തുടർ ചർച്ചകളിലൂടെ ഹൂതികളുമായി യുഎൻ ധാരണാപത്രം ഒപ്പിട്ടത്.

ഭീഷണി വ്യക്തമാക്കി വിഡിയോയും

യെമനിലെ സൗദി പിന്തുണയോടു കൂടി പ്രവർത്തിക്കുന്ന സർക്കാരും ഹൂതികളും തമ്മിലൊപ്പിട്ട കരാറിന്റെ ലംഘനം കൂടിയാണ് ഈ കപ്പലിന്മേൽ നടക്കുന്നതെന്ന് യുഎൻ ആരോപിച്ചിരുന്നു. 2018ൽ സ്റ്റോക്കോമിൽ ഇരുവിഭാഗവും ഒപ്പിട്ട കരാർ പ്രകാരം ചെങ്കടൽ തീരത്തെ പല തുറമുഖങ്ങളും തീരസംരക്ഷണ സേനയ്ക്ക് വിട്ടുനൽകുന്നതിനു ഹൂതികൾ സമ്മതമറിയിച്ചിരുന്നു. അതിൽ ഉൾപ്പെട്ട തുറമുഖത്തിനു സമീപമാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. യെമനിൽ കയറ്റുമതി–ഇറക്കുമതിക്കായി പ്രധാനമായും ആശ്രയിക്കുന്ന ഹൊബെയ്ദ തുറമുഖത്തു നിന്നും അധികം അകലെയല്ലാതെയാണു കപ്പൽ. യെമനിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്ന് യുഎൻ അവശ്യവസ്തുക്കളും സഹായങ്ങളും എത്തിക്കുന്നത് ഈ തുറമുഖം വഴിയാണെന്നതും അപകടത്തിന്റെ വ്യാപ്തി കൂട്ടുന്നു. 

എത്രമാത്രം അപകടകരമാണ് കപ്പലിന്റെ സ്ഥാനം എന്നതു സംബന്ധിച്ച് യെമൻ സർക്കാർ ട്വിറ്ററിൽ ആനിമേഷൻ വിഡിയോയും നേരത്തേ പുറത്തുവിട്ടിരുന്നു. ‘കപ്പൽ സംബന്ധിച്ചു കരാർ വരെ തയാറാക്കിയതാണ്. എന്നാൽ അതിന്മേൽ ഇപ്പോഴും തർക്കം തുടരുകയാണ്. യുഎൻ സംഘത്തിന് കപ്പലിൽ കയറി പരിശോധിക്കാനായില്ലെങ്കിൽ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കില്ലെന്നത് ഉറപ്പാണ്. 30 വർഷം മുൻപുണ്ടായ എക്സോൺ വാൽഡസ് കപ്പലപകടത്തെത്തുടർന്ന് 2.6 ലക്ഷം ബാരൽ എണ്ണയാണ് കടലിലേക്ക് ഒഴുകിയത്. റാസ് ഇസ തുറമുഖത്തോടു ചേർന്നുള്ള കപ്പലില്‍ നിന്നു പുറന്തള്ളപ്പെട്ടേക്കാവുന്ന എണ്ണയുടെ അളവ് ഇതിലും നാലിരട്ടിയോളം വരും...’ അന്ന് വിഡിയോ സന്ദേശത്തിൽ യെമൻ വ്യക്തമാക്കി.

കടലിനെ ‘കൊന്നൊടുക്കിയ’ കപ്പൽ ദുരന്തം

1989 മാർച്ച് 24നാണു ലോകത്തെ ഞെട്ടിച്ച എക്സോൺ വാൽഡെസ് കപ്പലപകടം ഉണ്ടാകുന്നത്. മനുഷ്യൻ കാരണം ലോകത്തുണ്ടായ ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തത്തിൽ മുൻനിരയിലാണ് ഇതിന്റെ സ്ഥാനം. കലിഫോർണിയയിലേക്കു പോകുകയായിരുന്ന എക്സോൺ കമ്പനിയുടെ കപ്പലാണ് അപകടത്തിൽപ്പെട്ടത്. അലാസ്കയിലെ പ്രിൻസ് വില്യം ജലപാതയിൽ അന്നു പവിഴപ്പുറ്റിൽ തട്ടിത്തകർന്നു കടലിലേക്കൊഴുകിയ എണ്ണയുടെ മൂന്നിരട്ടിയെങ്കിലും ഇപ്പോൾ യെമൻ തീരത്തുള്ള കപ്പലിലുണ്ട്. 

എക്സോൺ വാൽഡെസ് കപ്പലിൽ നിന്നൊഴുകിയ എണ്ണ ഏകദേശം 2100 കിമീ നീളത്തിൽ തീരമേഖലയെ ബാധിച്ചു. ഇതിൽ 320 കിമീ നീളത്തിലും വൻതോതിൽ എണ്ണയടിഞ്ഞ് ഭീഷണിയുണ്ടായി. എണ്ണയുടെ ഒഴുക്ക് തടയാൻ മറ്റു കപ്പലുകൾക്കോ ഹെലികോപ്ടറുകൾക്കോ ചെറുവിമാനങ്ങൾക്കോ പോലും എത്തിച്ചേരാൻ ഏറെ ബുദ്ധിമുട്ടുള്ള മേഖലയായിരുന്നു പ്രിൻസ് വില്യം ജലപാത. തീരത്തോടു ചേർന്നുതന്നെയാണെങ്കിലും യെമനിലും സമാനമായ അവസ്ഥയാണ്. മേഖലയിലെ ആഭ്യന്തര കലാപം കാരണം കപ്പലിനടുത്തേക്ക് എത്തിച്ചേരാൻ മറ്റു കപ്പലുകളും വിമാനങ്ങളും കോപ്ടറുകളും ഏറെ പാടുപെടേണ്ടി വരും. 

വെള്ളത്തിലേക്ക് എണ്ണ പടർന്നാൽ തടയാനുള്ള സംവിധാനങ്ങളൊന്നും ഹൂതികളുടെ കയ്യിലില്ല. യെമനും ഒപ്പമുള്ള മറ്റു രാജ്യങ്ങളും ചേർന്നു സഹായം എത്തിക്കാൻ ഹൂതികൾ സമ്മതിക്കുകയുമില്ല. സൗദിയും യെമനും ഹൂതികളും ഒപ്പം നിന്നു പ്രശ്നം പരിഹരിക്കുമെന്നു പ്രതീക്ഷിക്കാനുമാകില്ല. ഇതൊക്കെയാണ് കപ്പല്‍പ്രശ്നം കൂടുതൽ രൂക്ഷമാക്കുന്നത്. യെമനിൽ സംരക്ഷിതപ്രദേശമായി നിർത്തിയിരിക്കുന്ന ഒരേയൊരു കടൽതീര മേഖലയും റാസ് ഇസ തുറമുഖത്തിനു സമീപമാണ്. പവിഴപ്പുറ്റുകളും കണ്ടൽച്ചെടികളും കടലാമകളും വൻ മത്സ്യസമ്പത്തും നിറഞ്ഞ ഈ മേഖലയെ ആയിരിക്കും ഏറ്റവും ദോഷകരമായി എണ്ണച്ചോർച്ച ബാധിക്കുക. 

വാതകം നിറയുന്നു; ഏതു നിമിഷവും സ്ഫോടനം

ജപ്പാനിൽ നിർമിച്ച കപ്പൽ പൂർണമായും ലോഹത്തിലുള്ളതാണ്. എണ്ണക്കപ്പലുകളിലെ ടാങ്കറിൽ സൂക്ഷിച്ചിരിക്കുന്ന വീപ്പകളിൽ നിന്നു പലതരത്തിലുള്ള വാതകങ്ങൾ പുറത്തുവരുന്നതു പതിവാണ്. എളുപ്പത്തിൽ അന്തരീക്ഷത്തിൽ നിറയുന്നതരം സജീവ വാതകങ്ങളായിരിക്കും ഇവ. ഓക്സിജനുമായി ചേർന്ന് സ്ഫോടനമുണ്ടാകാനുള്ള സാധ്യതയും ഏറെ. വീപ്പകൾ സൂക്ഷിച്ചിരിക്കുന്ന ടാങ്കറിലേക്ക് ഇടയ്ക്കിടെ അലസ വാതകങ്ങൾ പമ്പ് ചെയ്താണ് ഈ പ്രശ്നം പരിഹരിക്കുക.

3.97 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി ഇറാനിൽനിന്ന് മലേഷ്യയിലേക്കു പോവുകയായിരുന്ന ഫ്രഞ്ച് കപ്പലിന് യെമൻതീരത്തു വച്ച് തീപിടിച്ചപ്പോൾ അണയ്ക്കാനുള്ള ശ്രമം. 2002 ഒക്ടോബർ ആറിനായിരുന്നു സംഭവം. ഫയൽ ചിത്രം: AFP PHOTO/STR

അവസാനമായി 2017 ജൂണിലാണ് അലസവാതകങ്ങൾ ടാങ്കറിലേക്കു പ്രയോഗിച്ചത്. ഇപ്പോൾത്തന്നെ വീപ്പകളിൽ നിന്നുള്ള സജീവ വാതകങ്ങൾ ടാങ്കറിൽ നിറഞ്ഞ അവസ്ഥയിലായിരിക്കും. മാത്രവുമല്ല പ്രതികൂലമായ കാലാവസ്ഥാ സാഹചര്യങ്ങൾ കാരണം കപ്പൽ ദ്രവിച്ചു രണ്ടായി പിളരാൻ പോലും സാധ്യതയുണ്ട്. 2019 ഏപ്രിൽ മുതൽ കപ്പലിന്റെ പല ഭാഗങ്ങളും ഇളകിപ്പോകാൻ തുടങ്ങിയെന്നും യുഎന്നിന്റെ എമർജൻസി റിലീസ് കോ–ഓർഡിനേറ്റർ ഫോർ ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് മാർക് ലൊകോക്ക് മുന്നറിയിപ്പു നൽകിയിരുന്നു.

കനത്ത ചൂടാണ് യെമൻ തീരത്ത് മിക്ക സമയവും അനുഭവപ്പെടാറുള്ളത്. ഇതോടൊപ്പം കടലിലെ ഉപ്പുരസമുള്ള വെള്ളവും ഹ്യുമിഡിറ്റിയും എല്ലാം ചേർന്ന് കപ്പലിനെ അപകടത്തിലാക്കുന്നുണ്ട്. മരിബിൽനിന്ന് റാസ് ഇസയിലേക്ക് എണ്ണ എത്തിക്കുന്ന പൈപ് ലൈനുമായും കപ്പൽ ബന്ധപ്പെടുത്തിയിട്ടുണ്ട്. ഈ പൈപ്പിലും ഏകദേശം 10 ലക്ഷം ബാരൽ എണ്ണയുണ്ടെന്നാണു കരുതുന്നത്. സ്ഫോടനമുണ്ടായാൽ ഈ എണ്ണയും കടലിലേക്ക് ഒഴുകും. ചെങ്കടലിന്റെ തീരമേഖലയൊന്നാകെ അതോടെ മലിനമാക്കപ്പെടും. ഏതുസമയത്താണ് പൊട്ടിത്തെറിയുണ്ടാകുന്നതെന്നതും കടലിലെ അടിയൊഴുക്കുകളുടെ വേഗതയും ദിശയും അനുസരിച്ചു മാത്രമാണ് അപകടത്തിന്റെ വ്യാപ്തി കണക്കുകൂട്ടാനാവുക. ഒരുപക്ഷേ ലോക കപ്പൽഗതാഗതത്തിന്റെ സിംഹഭാഗവും നടക്കുന്ന സൂയസ് കനാലും ഹോർമുസ് കടലിടുക്കും വരെ ഈ എണ്ണ എത്താം. 

സമ്പ‌ദ്‌വ്യവസ്ഥ തകർന്നടിയും

സേഫർ കപ്പൽ തകർന്നാൽ സൗദിയുടെയും എറിത്രിയയുടെയും സുഡാന്റെയും ഈജിപ്തിന്റെയും ഉൾപ്പെടെ തീരത്തേക്ക് എണ്ണപ്പാടകൾ അടിച്ചു കയറും. ഇത്രയും കാലമായി സംരക്ഷിക്കപ്പെട്ടിരുന്ന ചെങ്കടലിലെ അറുനൂറിലേറെ വരുന്ന മീനുകൾ ഉൾപ്പെട്ട ജലജീവികളുടെയും പവിഴപ്പുറ്റുകളുടെയും സമ്പൂർണ നാശമായിരിക്കും ഫലം. പവിഴപ്പുറ്റുകൾ പൂർണമായും നശിപ്പിക്കപ്പെടുമെന്നതിൽ സംശയമില്ല. യെമനിലെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ മത്സ്യബന്ധന മേഖലയും കുറേക്കാലത്തേക്ക് നിശ്ചലമാകും. റാസ് ഇസ തുറമുഖത്തും ഏദൻ കടലിടുക്കിനോടു ചേർന്നും മത്സ്യബന്ധനം തൊഴിലാക്കി ജീവിക്കുന്ന ആയിരങ്ങളുടെ ജീവനോപാധി തടസ്സപ്പെടും. ചെങ്കടൽ തീരത്തോടു ചേർന്നുള്ള ടൂറിസവും പൂർണമായി തകരും.

രാജ്യാന്തര പിന്തുണയോടെ യെമനിൽ അധികാരത്തിലെത്തിയ സർക്കാരിനെ അട്ടിമറിക്കാൻ 2015ൽ ഹൂതികൾ ശ്രമം തുടങ്ങിയതോടെയാണ് മേഖലയിലെ ആഭ്യന്തര യുദ്ധം ശക്തമായത്. ഇറാനാണ് ഹൂതികൾക്കു പിന്തുണ നൽകുന്നത്. മറുവശത്ത് യെമൻ സർക്കാരിനൊപ്പം സൗദി ഉൾപ്പെടെയുള്ള സഖ്യശക്തികൾ ചേർന്നതോടെ യുദ്ധം ശക്തമായി. കുറച്ചുകാലത്തെ ഇടവേളയ്ക്കു ശേഷം ഇരുവിഭാഗവും തമ്മിൽ അടുത്തകാലത്തും ബോംബ്, മിസൈൽ ആക്രമണം ഉൾപ്പെടെ നടത്തി സംഘർഷം  ശക്തമായിരിക്കുകയാണ്. സൗദിയിലേക്കും ഹൂതികൾ ആക്രമണം നടത്തുന്നതു തുടരുന്നു. ഈ സംഘർഷം വലിയ യുദ്ധത്തിന്റെ വക്കിലെത്തുമോയെന്നു പോലും അടുത്തിടെ ലോകം ആശങ്കപ്പെട്ടിരുന്നു. അത്തരമൊരു ആക്രമണത്തിനിടെ പരസ്പരം പ്രയോഗിക്കപ്പെടുന്ന ആയുധങ്ങൾ പോലും റാസ് ഇസ തീരത്തെ ‘സേഫർ’ കപ്പലിനു മേൽ ഭീഷണിയായി നിൽക്കുന്ന അവസ്ഥയാണു നിലവിൽ.

(With inputs from Manorama Online Archive)

English Summary: An Aging Crude Oil Tanker has become a Floating Time Bomb; UN seeks Rs. 600 Crore to to prevent Disaster in Red Sea