മുൻഗാമികളിൽനിന്നു വ്യത്യസ്തമായ ഭരണം കാഴ്ചവയ്ക്കാനുള്ള ശ്രമത്തിലാണു ഭഗവന്ത്. ചുരുങ്ങിയ കാലയളവിൽത്തന്നെ തന്റെ വഴി വേറിട്ടതാണെന്നു ഭഗവന്തിനു തെളിയിക്കാനായെന്നാണ് അനുയായികളുടെ വാദം. കേജ്‌രിവാളിൽനിന്ന് ഉപദേശങ്ങൾ തേടാറുണ്ടെങ്കിലും ഭരണപരമായ എല്ലാ തീരുമാനങ്ങളുമെടുക്കുന്നതു താൻ തന്നെയാണെന്നു ഭഗവന്ത് പറയുന്നു.... | Punjab | AAP | Bhagwant Singh Mann | Punjab AAP Government | Manorama News

മുൻഗാമികളിൽനിന്നു വ്യത്യസ്തമായ ഭരണം കാഴ്ചവയ്ക്കാനുള്ള ശ്രമത്തിലാണു ഭഗവന്ത്. ചുരുങ്ങിയ കാലയളവിൽത്തന്നെ തന്റെ വഴി വേറിട്ടതാണെന്നു ഭഗവന്തിനു തെളിയിക്കാനായെന്നാണ് അനുയായികളുടെ വാദം. കേജ്‌രിവാളിൽനിന്ന് ഉപദേശങ്ങൾ തേടാറുണ്ടെങ്കിലും ഭരണപരമായ എല്ലാ തീരുമാനങ്ങളുമെടുക്കുന്നതു താൻ തന്നെയാണെന്നു ഭഗവന്ത് പറയുന്നു.... | Punjab | AAP | Bhagwant Singh Mann | Punjab AAP Government | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻഗാമികളിൽനിന്നു വ്യത്യസ്തമായ ഭരണം കാഴ്ചവയ്ക്കാനുള്ള ശ്രമത്തിലാണു ഭഗവന്ത്. ചുരുങ്ങിയ കാലയളവിൽത്തന്നെ തന്റെ വഴി വേറിട്ടതാണെന്നു ഭഗവന്തിനു തെളിയിക്കാനായെന്നാണ് അനുയായികളുടെ വാദം. കേജ്‌രിവാളിൽനിന്ന് ഉപദേശങ്ങൾ തേടാറുണ്ടെങ്കിലും ഭരണപരമായ എല്ലാ തീരുമാനങ്ങളുമെടുക്കുന്നതു താൻ തന്നെയാണെന്നു ഭഗവന്ത് പറയുന്നു.... | Punjab | AAP | Bhagwant Singh Mann | Punjab AAP Government | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭരണത്തിൽ 50 ദിവസം പിന്നിട്ടതിന്റെ ആവേശത്തിലാണു ഭഗവന്ത് മാൻ. പഞ്ചാബിൽ അധികാരത്തിലേറി രണ്ടു മാസം പൂർത്തിയായിട്ടില്ലെങ്കിലും മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ നേതൃത്വത്തിൽ, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാനുള്ള തീവ്രശ്രമത്തിലാണ് ആം ആദ്മി പാർട്ടി. വിവാദങ്ങൾ തലപൊക്കുമ്പോഴും, ജനങ്ങൾക്കു നൽകിയ ഉറപ്പ് പാലിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണു സർക്കാർ. ഡൽഹിക്കു പുറത്തു പൂർണാർഥത്തിൽ അധികാരം കിട്ടിയ ആദ്യ സംസ്ഥാനമെന്നതിനാൽ ശ്രദ്ധയോടെയാണു നീക്കം. സർക്കാരിനെ വിലയിരുത്താനുള്ള കാലപരിധിയല്ല 50 ദിവസമെങ്കിലും, ഭരണവഴിയുടെ സൂചനകൾ വ്യക്തമാണ്.

തിരഞ്ഞെടുപ്പിനു മുൻപ് എഎപി വാഗ്ദാനം ചെയ്തതുപോലെ യുവാക്കൾക്കു വലിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടുള്ള പ്രഖ്യാപനമാണു കഴിഞ്ഞ ദിവസം സർക്കാർ നടത്തിയത്. പുതുതായി 26,454 തൊഴിലവസരം വിവിധ സർക്കാർ വകുപ്പുകളിലായി സൃഷ്ടിച്ചു. വിദ്യാഭ്യാസവും യോഗ്യതയും അടിസ്ഥാനമാക്കി, സുതാര്യതയോടെയും നിയമാനുസൃതമായിട്ടുമാകും നിയമന നടപടികളെന്നു ഭഗവന്ത് മാൻ പറഞ്ഞു. തൊഴിൽമേളയ്ക്കിടെ യാതൊരുവിധ അനധികൃത ഇടപാടുകളോ അഴിമതിയോ അംഗീകരിക്കില്ലെന്നും ഇക്കാര്യത്തിൽ കർശന നിലപാടെടുക്കുമെന്നും ഭഗവന്ത് വ്യക്തമാക്കി.

ADVERTISEMENT

സർക്കാർ നിയന്ത്രണത്തിലുള്ള 25 വകുപ്പുകൾ, ബോർഡുകൾ, കോർപറേഷനുകൾ തുടങ്ങിയ മേഖലകളിലാണ് ഒഴിവുകൾ വിജ്ഞാപനം ചെയ്യുക. ഇതിനു മന്ത്രിസഭാ യോഗം നേരത്തേ അനുമതി നൽകിയിരുന്നു. അന്തസ്സോടെ ജീവിക്കാനുതകുന്ന തരത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ ഇനിയും സൃഷ്ടിക്കും. സർക്കാരിന്റെ ജനോന്മുഖ പദ്ധതികൾ വിപുലമായി വാർഷിക ബജറ്റിൽ ഉൾപ്പെടുത്തും. 117 ൽ 92 സീറ്റുകളും നേടി പഞ്ചാബിൽ അട്ടിമറി വിജയം നേടിയ എഎപി, ദേശീയതലത്തിൽ മാതൃകയാക്കാവുന്ന വികസനപ്രവർത്തനങ്ങൾ നടത്താനാണു ലക്ഷ്യമിടുന്നതെന്നു നേതൃത്വം പറയുന്നു.

∙ ‘റിമോട്ട് കൺട്രോൾ’ എത്രനാൾ?

ഡൽഹിക്കു പുറത്തേക്കു സാമ്രാജ്യം പടർത്തണമെന്ന എഎപിയുടെ രാഷ്ട്രീയ മോഹത്തിന് ഊടുംപാവും നെയ്ത തലപ്പാവുകാരനാണു ഭഗവന്ത്. 2014 മുതൽ പഞ്ചാബിലെ സംഗ്‌രൂർ മണ്ഡലത്തെ ലോക്‌സഭയിൽ പ്രതിനിധീകരിച്ച ഭഗവന്ത്, ഇപ്പോൾ പഞ്ചാബിന്റെ ഭാവി തീരുമാനിക്കുന്ന മുഖ്യമന്ത്രിയാണ്. ഭരണത്തിലെ പരിചയക്കുറവൊന്നും താരതമ്യേന ജൂനിയർ നേതാവായ ഭഗവന്തിനെ അലട്ടുന്നില്ല. എഎപിയുടെ വിപുലമായ സന്നാഹത്തെ ആശ്രയിച്ചാണു ഭരണനിർവഹണം.

എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാളിന്റെ റിമോട്ട് കൺട്രോളാണു പഞ്ചാബ് ഭരണത്തെ നിയന്ത്രിക്കുന്നതെന്നാണു പ്രതിപക്ഷത്തിന്റെ വിമർശനം. പഞ്ചാബ് ചീഫ് സെക്രട്ടറി, ഊർജ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി കേജ്‌രിവാൾ ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതു വിവാദവുമായി. ഇത് ഫെഡറലിസത്തിന്റെ ലംഘനമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

ഭഗവന്ത് മാൻ, അരവിന്ദ് കേജ്‍രിവാൾ
ADVERTISEMENT

ഭഗവന്തിനെ റബർ സ്റ്റാംപെന്നാണ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ് വിശേഷിപ്പിച്ചത്. എന്നാൽ, പരിശീലനത്തിനായാണു പഞ്ചാബിലെ ഉന്നത ഉദ്യോഗസ്ഥർ കേജ്‌രിവാളുമായി ചർച്ച നടത്തിയതെന്നായിരുന്നു ഭഗവന്തിന്റെ ന്യായീകരണം. ഉദ്യോഗസ്ഥർ നേരത്തേ ഗുജറാത്തിലും തമിഴ്നാട്ടിലും പോയിരുന്നെന്നും നാടിനു ഗുണകരമാകുമെങ്കിൽ ഇസ്രയേലിലേക്കുപോലും അവരെ അയയ്ക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

മുൻഗാമികളിൽനിന്നു വ്യത്യസ്തമായ ഭരണം കാഴ്ചവയ്ക്കാനുള്ള ശ്രമത്തിലാണു ഭഗവന്ത്. ചുരുങ്ങിയ കാലയളവിൽത്തന്നെ തന്റെ വഴി വേറിട്ടതാണെന്നു ഭഗവന്തിനു തെളിയിക്കാനായെന്നാണ് അനുയായികളുടെ വാദം. കേജ്‌രിവാളിൽനിന്ന് ഉപദേശങ്ങൾ തേടാറുണ്ടെങ്കിലും ഭരണപരമായ എല്ലാ തീരുമാനങ്ങളുമെടുക്കുന്നതു താൻ തന്നെയാണെന്നു ഭഗവന്ത് പറയുന്നു. സ്വന്തമായൊരു സംഘത്തെ ഭരണ സഹായത്തിനായി ഭഗവന്ത് തയാറാക്കിയിട്ടുമുണ്ട്.

ഭഗവന്ത് മാൻ

സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ ഉദ്യോഗസ്ഥ തലത്തിൽ വലിയ പൊളിച്ചെഴുത്താണ് അദ്ദേഹം നടത്തിയത്. രണ്ടു ഡസനോളം ഐഎഎസ്–ഐപിഎസ് ഉദ്യോഗസ്ഥരുടെ പദവികൾ പുനർനിശ്ചയിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിൽ ഇഷ്ടക്കാരെ നിയോഗിച്ച ഭഗവന്ത് അവർക്കു സുപ്രധാന ചുമതലകൾ നൽകി. ‘ടീം മാൻ’ എന്ന പേരിലറിയപ്പെടുന്ന സംഘത്തിൽ മുഖ്യമായും അഞ്ചു പേരാണുള്ളത്. ഭഗവന്ത് മാനിന്റെ ഭരണ–രാഷ്ട്രീയ ഇടപെടലുകളിലെല്ലാം ഇവരുടെ കയ്യൊപ്പുണ്ടാകും.

∙ പഞ്ചാബിലെ ‘പഞ്ചപാണ്ഡവർ’

ADVERTISEMENT

പഞ്ചാബിൽ എഎപി വൻവിജയം നേടിയതിന്റെ അടുത്ത ദിവസമായ മാർച്ച് 11ന്, അതായത് മുഖ്യമന്ത്രിയായി ഭഗവന്ത് ചുമതലയേറ്റെടുക്കുന്നതിനും 5 ദിവസം മുൻപ്, സെക്രട്ടേറിയറ്റിലൊരു വാർത്ത പരന്നു. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന അഡിഷനൽ ചീഫ് സെക്രട്ടറിയായി 1991 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥൻ എ.വേണുപ്രസാദിനെ നിയമിക്കും എന്നതായിരുന്നു അത്. ഭഗവന്ത് സ്ഥാനമേറ്റെടുത്തതിനു പിന്നാലെ ആ വാർത്ത നടപ്പിലാവുകയും ചെയ്തു.

ഉദ്യോഗസ്ഥ–ഭരണതലത്തിൽ ഭഗവന്തിന് ഉപദേശങ്ങൾ നൽകുകയാണ് അഞ്ചംഗ സംഘത്തിലെ പ്രധാനിയായ വേണുപ്രസാദിന്റെ ചുമതല. എഎപിയുടെ വാഗ്ദാനങ്ങളിലുൾപ്പെട്ട ഊർജം, ഗതാഗതം, നികുതി മേഖലകളിലെ വൈദഗ്ധ്യമാണു വേണുവിനെ തിരഞ്ഞടുക്കാനുള്ള കാരണമെന്നു പാർട്ടിവൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഇദ്ദേഹത്തിന്റെ അക്കാദമിക മികവും കണക്കിലെടുത്തു. സോയിൽ സയൻസിൽ പിജി ഡിപ്ലോമയുള്ള, പബ്ലിക് പോളിസിയിലും കൃഷിയിലും ബിരുദാനന്തര ബിരുദമുള്ള വേണു, ഫിനാ‍ൻസിൽ എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്.

ഡൽഹിയിൽ പൊലീസിനുമേൽ കേന്ദ്ര സർക്കാരിനാണ് അധികാരം. എന്നാൽ പഞ്ചാബിൽ പൊലീസ് ഭരണം കൈവശമുള്ളത് എഎപിക്കു നിർണായകമാണ്. പൊലീസ്, ക്രമസമാധാനം തുടങ്ങിയ വിഷയങ്ങളിൽ മുഖ്യമന്ത്രിയെ ഉപദേശിക്കുക എന്ന ദൗത്യം കൂടിയുണ്ട് സ്പെഷൽ പ്രിൻസിപ്പൽ സെക്രട്ടറിയായ ഗൗരവ് യാദവിന്. 1992ൽ ഗൗരവും കേജ്‍രിവാളും സിവിൽ സർവീസ് പരീക്ഷ ഒരുമിച്ചാണു പാസായതെന്നതും ശ്രദ്ധേയമാണ്. ഗൗരവ് ഐപിഎസിന്റെ ഭാഗമായപ്പോൾ, കേജ്‍രിവാളിനെ ഐആർഎസിലാണു നിയമിച്ചത്. കേജ്‍രിവാൾ പിന്നീട് രാഷ്ട്രീയത്തിലെത്തി.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ ഭഗവന്തുമായി സമ്പർക്കം പുലർത്തുന്ന രാജ്ബിർ സിങ് ഗുമാൻ (35) ആണു മറ്റൊരു വിശ്വസ്തൻ. മുഖ്യമന്ത്രിയുടെ പഴ്സനൽ സെക്രട്ടറിയും ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയുമാണ് ഇദ്ദേഹം. സംഗ്‌രൂർ എംപിയായതു മുതൽ ഭഗവന്തിന്റെ ദൈനംദിന പരിപാടികൾക്ക് ഉൾപ്പെടെ മാർഗനിർദേശങ്ങൾ നൽകുന്നയാളാണു ഗുമാൻ. സ്വകാര്യ എൻജിനീയറിങ് കോളജിൽ അസിസ്റ്റന്റ് പ്രഫസറായിരുന്ന ഗുമാൻ, ഭഗവന്തിന്റെ അയൽനാട്ടുകാരനുമാണ്. വിശ്വസ്തനായ സഹായിയായി, നിഴലായി ഗുമാൻ മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

ഗുമാന്റെ അടുത്ത സുഹൃത്തും നാട്ടുകാരനുമായ സുഖ്‌വിർ സിങ് (34) മുഖ്യമന്ത്രിയുടെ രണ്ടാമത്തെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയും മറ്റൊരു വിശ്വസ്തനുമാണ്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പു വേളയിൽ ഗുമാന്റെ ശുപാർശയിലാണ് ഇദ്ദേഹം ഭഗവന്തിന്റെ സംഘാംഗമായത്. എൻജിനീയറായ സുഖ്‌വി‌റിനെ പക്ഷേ, ഭഗവന്തിന്റെ കൂടെ എപ്പോഴും കാണില്ല. അണിയറയിൽ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിലാണു ശ്രദ്ധ. തന്റെ ‘പൊളിറ്റിക്കൽ സെക്രട്ടറി’ എന്ന് ഇടയ്ക്കു സുഖ്‌വിറിനെ ഭഗവന്ത് വിളിക്കാറുണ്ട്. ആഭ്യന്തര, രാജ്യാന്തര സംഭവവികാസങ്ങൾ ദിവസവും ഭഗവന്തിനു റിപ്പോർട്ട് ചെയ്യുന്ന സുഖ്‌വിറിന് ‘രാഷ്ട്രീയ ഉപദേശകൻ’ എന്ന വിളിപ്പേരും അണികൾക്കിടയിലുണ്ട്.

തമാശ ഇഷ്ടപ്പെടുന്നവരാണു പഞ്ചാബികൾ. ‌തമാശകളിലൂടെയാണു ഭഗവന്തും പഞ്ചാബികളുടെ ഹൃദയം കവർന്നത്. നേരത്തേ, പ്രകടനത്തിനു മുൻപ് അടുപ്പക്കാരുടെ മുൻപിൽ ഫൈനൽ റിഹേഴ്‍സൽ അവതരിപ്പിക്കുന്ന പതിവുണ്ടായിരുന്നു ഭഗവന്തിന്. ഈ കൂട്ടത്തിലുൾപ്പെട്ട മൻജിത് സിദ്ദുവാണു മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്. 2014ൽ എഎപിയിൽ ചേർന്നതു മുതൽ ഭഗവന്തിന്റെ കൂടെയാണ്. സർക്കാരിന്റെ വിവിധ മാധ്യമവിഭാഗങ്ങളുടെ തലവനായി പ്രവർത്തിക്കുന്ന മൻജിത്തിന്, എല്ലാ മന്ത്രിമാരുമായും പാർട്ടി എംഎൽഎമാരുമായും ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ സന്ദേശവാഹകനായാണ് പാർട്ടികളും നേതാക്കളും ഇദ്ദേഹത്തെ കാണുന്നത്.

∙ സംഭവബഹുലം മധുവിധുക്കാലം

പൊതുവെ സർക്കാരുകളുടെ ആദ്യ ആറുമാസം ‘മധുവിധു’ കാലമായാണു വിശേഷിപ്പിക്കുക. കാര്യങ്ങൾ പഠിക്കാനുള്ള സമയമാണിത്. പാർട്ടികളുടെയും നേതാക്കളുടെയും നിലപാടുകൾക്കും ഇടപെടലുകൾക്കും അനുസരിച്ച് മധുവിധുവിന്റെ കാലാവധി ‌ഏറിയും കുറഞ്ഞുമിരിക്കും. കോൺഗ്രസിലെയും അകാലിദളിലെയും തലമുതിർന്ന നേതാക്കളെ തറപറ്റിച്ച് പുത്തൻ ഭരണം വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ എഎപിയിൽനിന്നു ജനം ഏറെ പ്രതീക്ഷിക്കുക സ്വാഭാവികം. മാറ്റിവയ്ക്കാൻ ഒരു നിമിഷം പോലുമില്ലെന്നതു മനസ്സിൽവച്ചാണു ഭഗവന്തും പാർട്ടിയും പ്രവർത്തിക്കുന്നത്.

ഭഗവന്ത് മാനിന്റെ സത്യപ്രതിജ്ഞ. ഫയൽ ചിത്രം: എഎൻഐ / ട്വിറ്റർ

ഭഗത് സിങ്ങിന്റെ ജന്മഗ്രാമമായ നവൻഷഹർ ജില്ലയിലെ ഖട്കർ കലനിൽ സത്യപ്രതിജ്ഞ നടത്തിയാണു ഭഗവന്ത് മാറ്റത്തിന്റെ വരവറിയിച്ചത്. വ്യത്യസ്തമായ സത്യപ്രതിജ്ഞാ ചടങ്ങിലൂടെ തുടക്കത്തിലേ ശ്രദ്ധ നേടി. ഭഗത് സിങ്ങിനെ ‘സ്വന്തമാക്കുക’ വഴി ബിജെപിക്കും കോൺഗ്രസിനും രാഷ്ട്രീയസന്ദേശം കൈമാറാനും സാധിച്ചു. ഭഗവന്ത് മുഖ്യമന്ത്രിയായതോടെ, ഭഗത് സിങ്ങിനൊപ്പം ബി.ആർ. അംബേദ്‌കറുടെ ചിത്രവും സർക്കാർ ഓഫിസുകളിൽ ഇടംപിടിച്ചു. രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ പിൻവലിച്ചും മുഖ്യമന്ത്രി വാർത്തകളിൽ നിറഞ്ഞു. ഏതാനും ചിലരുടെ സുരക്ഷയേക്കാൾ പഞ്ചാബിലെ ജനങ്ങളുടെ സുരക്ഷയാണു പരമപ്രധാനമെന്നു പറഞ്ഞായിരുന്നു നീക്കം.

മന്ത്രിസഭാ യോഗത്തിനിടെ ഭഗവന്ത് മാൻ. Photo: @BhagwantMann / Twitter

സാധാരണക്കാരുടെ പാർട്ടിയാണ് എഎപി എന്ന പ്രതിഛായ നിലനിർത്താൻ എംഎൽഎമാരുടെ പെൻഷനിലും കൈവച്ചു. എത്രതവണ എംഎൽഎ ആയിട്ടുണ്ടെങ്കിലും ഒറ്റ ടേമിന്റെ പെൻഷൻ മാത്രമേ ലഭിക്കൂവെന്നാണു ഭഗവന്തിന്റെ നിലപാട്. ഇതിലൂടെ ലാഭിക്കുന്ന പണം ക്ഷേമപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണു തീരുമാനം. കടത്തിൽ മുങ്ങിയ പഞ്ചാബിനു കേന്ദ്ര സർക്കാരിന്റെ സഹായം വേണമെന്നാണു സംസ്ഥാനത്തിന്റെ ആവശ്യം. മൂന്നു ലക്ഷം കോടിയിലേറെയാണു പ‍ഞ്ചാബിന്റെ കടം. പ്രതിസന്ധി പരിഹരിക്കാൻ ഒരു ലക്ഷം കോടി തരണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പട്ടിരിക്കുകയാണു മുഖ്യമന്ത്രി. കേന്ദ്ര–സംസ്ഥാന ബന്ധത്തിന്റെ ബലതന്ത്ര പരീക്ഷണം കൂടിയാകും ഇതിന്മേലുള്ള നടപടി.

∙ വാട്സാപ് നമ്പറിൽ ഹെൽപ്‌ലൈൻ!

അഴിമതി തുടച്ചുനീക്കും എന്നതായിരുന്നു എഎപിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. തന്റെ സ്വന്തം വാട്സാപ് നമ്പർ അഴിമതിവിരുദ്ധ ഹെൽപ്‌ലൈൻ നമ്പരായി അവതരിപ്പിച്ചിരിക്കുകയാണു ഭഗവന്ത്. അഴിമതി കണ്ടാൽ മുഖ്യമന്ത്രിക്കു നേരിട്ട് വാട്സാപ്പിൽ സന്ദേശമയയ്ക്കാമെന്നാണ് എഎപിയുടെ പ്രചാരണം, ക്രമസമാധാനം തകർന്നെന്ന പ്രതിപക്ഷ ആരോപണങ്ങളെ തുടർന്ന്, ക്രിമിനലുകളെ നേരിടാനായി ആന്റി–ഗാങ്സ്റ്റർ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു.

ജൂലൈ ഒന്നു മുതൽ പഞ്ചാബിൽ ഗാർഹിക ഉപയോക്താക്കൾക്ക് മാസം തോറും 300 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കി. പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. സംസ്ഥാനത്തെ 80% ഗാർഹിക ഉപഭോക്താക്കൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് എഎപി പറയുന്നു. പുതിയ പ്രഖ്യാപനം സംസ്ഥാനത്തിന് 5,000 കോടി രൂപയുടെ അധികച്ചെലവുണ്ടാക്കും. 2021 ഡിസംബർ 31 വരെയുള്ള ഗാർഹിക ഉപയോക്താക്കളുടെ 2 കിലോവാട്ട് യൂണിറ്റ് വരെ കുടിശിക എഴുതിത്തള്ളും. വ്യാവസായിക ആവശ്യങ്ങൾക്കുള്ള വൈദ്യുതിനിരക്ക് വർധിപ്പിക്കില്ലെന്നും കർഷകർക്കുള്ള സൗജന്യ വൈദ്യുതി തുടരുമെന്നും ഭഗവന്ത് പറഞ്ഞു.

ഇതിനിടെ, പഞ്ചാബിൽനിന്ന് ആം ആദ്മി പാർട്ടിയുടെ സ്ഥാനാർഥികളായ 5 പേരും രാജ്യസഭയിലുമെത്തി. ക്രിക്കറ്റ് താരം ഹർഭജൻ സിങ്, ഡൽഹി രാജേന്ദ്ര നഗർ എംഎൽഎയും ഡൽഹി ജല ബോർഡ് ഉപാധ്യക്ഷനുമായ രാഘവ് ഛദ്ദ, ലവ്‌ലി പ്രഫഷനൽ യൂണിവേഴ്സിറ്റി സ്ഥാപകൻ അശോക് മിത്തൽ, ഡൽഹി ഐഐടി പ്രഫസർ സന്ദീപ് പഥക്, വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ സഞ്ജീവ് അറോറ എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നും പ്രകടനമാണ് ഈ നേട്ടത്തിനും വഴിയൊരുക്കിയത്.

∙ ബഗ്ഗയെച്ചൊല്ലി പൊലീസ് പോര്

കേന്ദ്രഭരണ പ്രദേശവും ഹരിയാന – പഞ്ചാബ് സംസ്ഥാനങ്ങളുടെ സംയുക്ത തലസ്ഥാനവുമായ ചണ്ഡിഗഡിനെ പഞ്ചാബിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കിയതും ഈ സർക്കാരിന്റെ കാലത്താണ്. ചണ്ഡിഗഡിലെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കേന്ദ്ര സർക്കാർ ജീവനക്കാരുടെ അതേ ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനമാണ് ചണ്ഡിഗഡിനായുള്ള പിടിവലി സജീവമാക്കിയത്. ചണ്ഡിഗഡിനെ വിട്ടുകൊടുക്കില്ലെന്നു പ്രമേയാവതരണത്തിനിടെ മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു.

ഡൽഹിയിലെ ഭരണമാതൃക വാഗ്ദാനം ചെയ്തായിരുന്നു പഞ്ചാബിലെ എഎപി പ്രചാരണം. അതുപക്ഷേ റിമോട്ട് കൺട്രോൾ ഭരണമെന്ന വിമർശനത്തിനു വഴിവച്ചു. ബിജെപി വക്താവും യുവമോർച്ച ദേശീയ സെക്രട്ടറിയുമായ തേജീന്ദർപാൽ ബഗ്ഗയാണ് പഞ്ചാബിലെ പുതിയ വെല്ലുവിളി. കേജ്‌രിവാളിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്തെന്ന കേസിൽ ഡൽഹിയിലെ വീട്ടിൽനിന്നു പഞ്ചാബ് പൊലീസ് ബഗ്ഗയെ അറസ്റ്റ് ചെയ്തതു വിവാദമായി. പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത ബഗ്ഗയെ ഡൽഹി പൊലീസ് മോചിപ്പിച്ചു. അറസ്റ്റിനെതിരെ ഹരിയാന പൊലീസും ഇടപെട്ടതോടെ 3 സംസ്ഥാനങ്ങളിലെ പൊലീസ് സേനകൾ തമ്മിലുള്ള പോരായി മാറി.

തേജീന്ദർപാൽ ബഗ്ഗ

‘കശ്മീർ ഫയൽസ്’ സിനിമയ്ക്കെതിരെ കേജ്‌രിവാൾ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ചു ബഗ്ഗ വിഡിയോയിലും ചില മാധ്യമങ്ങളോടും വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിനെതിരെ ആംആദ്മി പാർട്ടിയുടെ പ്രവർത്തകൻ പഞ്ചാബിലെ മൊഹാലിയിൽ പരാതി നൽകി. പഞ്ചാബ് പൊലീസ് 5 തവണ ബഗ്ഗയ്ക്കു നോട്ടിസ് നൽകിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്നായിരുന്നു അറസ്റ്റ്. ജനപ്രിയ പദ്ധതികളുടെ നടപ്പാക്കലിനപ്പുറം, പൊലീസിന്റെ നിയന്ത്രണാധികാരം എഎപി എങ്ങനെ വിനിയോഗിക്കും എന്നതും രാജ്യം ഉറ്റുനോക്കുന്ന കാര്യമാണ്. അതിലേക്കുള്ള ചൂണ്ടുവിരലാണോ ‘ബഗ്ഗ എപ്പിസോഡ്’? ഭരണം കോമഡിയും ട്രാജഡിയും ആകാതിരിക്കാൻ ഭഗവന്തിന് ഏറെ പണിപ്പെടേണ്ടതുണ്ടെന്നു ചുരുക്കം.

English Summary: AAP's Bhagwant Singh Mann completes 50 days in Punjab's CM office