ഞാൻ രാഷ്ട്രീയ രംഗത്തുനിന്നു മാറുകയായിരുന്നില്ല. എന്റെ അനാരോഗ്യവും പാർട്ടിയുടെ സമീപനവുമായിരുന്നു അതിനു കാരണം. 2018ൽ തൃശൂർ സമ്മേളനം നടക്കുന്നതു വരെ ഞാൻ സജീവ പ്രവർത്തകനായിരുന്നു. അവിടെ വച്ച്.. Pirappancode Murali, Cross Fire, Pirappancode Murali Interview

ഞാൻ രാഷ്ട്രീയ രംഗത്തുനിന്നു മാറുകയായിരുന്നില്ല. എന്റെ അനാരോഗ്യവും പാർട്ടിയുടെ സമീപനവുമായിരുന്നു അതിനു കാരണം. 2018ൽ തൃശൂർ സമ്മേളനം നടക്കുന്നതു വരെ ഞാൻ സജീവ പ്രവർത്തകനായിരുന്നു. അവിടെ വച്ച്.. Pirappancode Murali, Cross Fire, Pirappancode Murali Interview

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞാൻ രാഷ്ട്രീയ രംഗത്തുനിന്നു മാറുകയായിരുന്നില്ല. എന്റെ അനാരോഗ്യവും പാർട്ടിയുടെ സമീപനവുമായിരുന്നു അതിനു കാരണം. 2018ൽ തൃശൂർ സമ്മേളനം നടക്കുന്നതു വരെ ഞാൻ സജീവ പ്രവർത്തകനായിരുന്നു. അവിടെ വച്ച്.. Pirappancode Murali, Cross Fire, Pirappancode Murali Interview

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിപിഎമ്മിന്റെ മുതിർന്ന നേതാവായ പിരപ്പൻകോട് മുരളി തന്റെ ആത്മകഥയിൽ നടത്തിയ ചില പരാമർശങ്ങൾ സിപിഎം രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചകൾക്ക് തിരി കൊളുത്തിയിരിക്കുന്നു. വി.എസ്. അച്യുതാനന്ദന്റെ ഉറ്റ സഖാവായിരുന്ന പിരപ്പൻകോട് മുരളി പാർട്ടിയുടെ മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രശസ്തനായ നാടകകൃത്തും ഗാനരചയിതാവുമാണ്. വാമനപുരം മണ്ഡലത്തിൽനിന്ന് രണ്ടുതവണ എംഎൽഎ ആയ തന്നെ 1996ൽ തോൽപ്പിക്കാനായി എല്ലാ കുതന്ത്രങ്ങളും മറ്റൊരു മുൻ സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് കൃഷ്ണൻനായർ പ്രയോഗിച്ചെന്നാണ് ആത്മകഥയിൽ പിരപ്പൻകോട് ആരോപിച്ചത്. കാൽ നൂറ്റാണ്ട് പിന്നിലുള്ള സിപിഎം രാഷ്ട്രീയത്തിന്റെയും വിഭാഗീയതയുടേയും അടിവേരുകളിലേക്കാണ് പിരപ്പൻകോടിന്റെ ആക്ഷേപങ്ങൾ എത്തിച്ചേരുന്നത്. അദ്ദേഹം അവിടെ നിർത്തുന്നില്ലെന്ന് ഈ അഭിമുഖത്തിൽ വ്യക്തമാകുന്നു. പാർട്ടിയിൽ താൻ നേരിട്ട ഒറ്റപ്പെടലിന്റെയും അപമാനത്തിന്റെയും കഥകൾ പിരപ്പൻകോട് തുറന്നു പറയുന്നു. വിഎസ് പക്ഷത്തോടുള്ള ആഭിമുഖ്യം മൂലം ഔദ്യോഗിക പക്ഷത്തിന്റെ കണ്ണിലെ കരടായി മാറുകയായിരുന്നു പിരപ്പൻകോട്. വിഭാഗീയത. പാർട്ടിയെ ഉഴുതുമറിച്ച ആ കാലഘട്ടത്തിലേക്കുള്ള തിരിഞ്ഞുനോട്ടം കൂടിയാണ് ഈ അഭിമുഖം. ഒപ്പം സിപിഎമ്മിലെ ‘തലമുറ മാറ്റത്തെയും’ പിരപ്പൻകോട് വിശകലനം ചെയ്യുന്നു. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’  പിരപ്പൻകോട് മുരളി സംസാരിച്ചു.

∙ ഉള്ളിലടക്കിയിരുന്ന ചില കാര്യങ്ങൾ താങ്കൾ ഇപ്പോൾ തുറന്നു പറയാൻ തയാറാകുന്നു. എന്താണ് ആ തീരുമാനത്തിനു പിന്നിൽ? 

ADVERTISEMENT

ആത്മകഥ എഴുതണമെന്ന് ഞാൻ തീരുമാനിച്ചതല്ല. ഒരു പുതിയ മാസിക തുടങ്ങാൻ പോകുന്നുവെന്നും അതിൽ ഒരു ലേഖന പരമ്പര വേണമെന്നും എന്റെ രണ്ടു സുഹൃത്തുക്കൾ കുറേ നാൾ മുൻപ് അഭ്യർഥിച്ചു. കലാസാഹിത്യ പ്രസ്ഥാനത്തെയോ നാടകത്തെയോ കുറിച്ച് ആവാമെന്ന് ‍ഞാൻ പറഞ്ഞു. അതല്ല, രാഷ്ട്രീയ ജീവിതത്തെക്കുറിച്ചു വേണമെന്നായി അവർ.‘എന്റെ  കമ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ’ എന്ന പേര് ഞാൻ നിർദേശിച്ചു. പൊതു ജീവിതത്തിൽ വന്ന കാലം മുതൽ പോരാട്ട സ്വഭാവമാണ് ഏന്റേത്. ഞാൻ ഒരു ശരാശരിക്കാരനല്ല, പുതുമയ്ക്കു വേണ്ടിയും പുതിയ ചെറുപ്പക്കാരെ ഈ പ്രസ്ഥാനത്തിലേക്ക് കൊണ്ടുവരാനും എല്ലാക്കാലത്തും ശ്രമിച്ചിട്ടുള്ളയാളാണ്. എന്റെ അച്ഛൻ കോൺഗ്രസുകാരനായിരുന്നു. ഇഎംഎസിന്റെയും കെ.ദാമോദരന്റെയും പുസ്തകങ്ങൾ ചെറുപ്പത്തിലെ വായിച്ച് അറിയാതെ ഈ പാർട്ടിയിൽ ഞാൻ ആകൃഷ്ടനായി. ഒരു പ്രത്യേക ലക്ഷ്യത്തോടെയല്ല ഞാൻ രാഷ്ട്രീയത്തിൽ വന്നത്. രക്തത്തിൽ അലിഞ്ഞതാണ് എന്റെ കമ്യൂണിസ്റ്റ് ബോധം. വ്യക്തി താൽപര്യങ്ങൾക്കു വേണ്ടി പ്രസ്ഥാനത്തിന്റെ വിശ്വാസ പ്രമാണങ്ങൾ ചോദ്യം ചെയ്യപ്പെടുന്നുവെന്നു തോന്നിയപ്പോൾ അതു പൊട്ടിത്തെറിച്ചു. ഒരു ഘട്ടം വരെ ആ പൊട്ടിത്തെറി മനസ്സിൽ വച്ചു. അതു പറയാവുന്ന രീതിയിൽ പറയാൻ പിന്നീട് തീരുമാനിച്ചു. 

പിരപ്പൻകോട് മുരളി. ചിത്രത്തിന് കടപ്പാട്: ഫെയ്‌സ്ബുക്ക്

∙ സിപിഎമ്മുമായുള്ള കെട്ടുപാടുകൾ ഏതാണ്ട് വിച്ഛേദിച്ചിട്ടുണ്ടല്ലോ. പാർട്ടി അംഗമാണെങ്കിലും നേതൃനിരയിൽ ഇപ്പോഴില്ല. ആ സ്വാതന്ത്ര്യവും ഈ തുറന്നു പറച്ചിലിനു കാരണമല്ലേ? 

ഞാൻ രാഷ്ട്രീയ രംഗത്തുനിന്നു മാറുകയായിരുന്നില്ല. എന്റെ അനാരോഗ്യവും പാർട്ടിയുടെ സമീപനവുമായിരുന്നു അതിനു കാരണം. 2018ൽ  തൃശൂർ സമ്മേളനം നടക്കുന്നതു വരെ ഞാൻ സജീവ പ്രവർത്തകനായിരുന്നു. അവിടെ വച്ച് സംസ്ഥാനകമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയത് നീതിയുക്തമായ തീരുമാനമായി എനിക്കു തോന്നിയില്ല. 

പ്രായപരിധിയും അനാരോഗ്യവും ചൂണ്ടിക്കാട്ടിയായിരുന്നില്ലേ താങ്കളെ ഒഴിവാക്കിയത്? 

ADVERTISEMENT

പുതിയ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുക്കാനായി നിലവിലുള്ള കമ്മിറ്റി ചേർന്നപ്പോൾ ‘നിങ്ങൾക്ക് 80 വയസ്സായി, അതുകൊണ്ട് ഒഴിവാകണം’ എന്ന് എന്നോടു പറഞ്ഞു. 80 വയസ്സായില്ലെന്നും 74 വയസ്സേ ആയിട്ടുള്ളെന്നും ഞാൻ എഴുന്നേറ്റുനിന്ന് അറിയിച്ചു. മാറി നിൽക്കണമെന്നു പറഞ്ഞാൽ ചെയ്യാം, അതിന് അർഥം നേതൃത്വം എന്നെ വിശ്വസിക്കുന്നില്ലെന്നാണല്ലോ എന്നും പറഞ്ഞു. അപ്പോൾ ‘നിങ്ങൾ പ്രവർത്തിക്കുന്നില്ല’ എന്നു കാരണം മാറി. എന്താണ് ആ വിലയിരുത്തലിന് കാരണമെന്നു ഞാൻ ചോദിച്ചു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഭാഗമായാണ് കൂടുതലും എന്റെ പ്രവർത്തനം. ‘ഈ പ്രായത്തിലും ഏറ്റവും ശുഷ്കാന്തിയോടെ പ്രവർത്തിക്കുന്നു’ എന്നാണ് ജില്ലാ സമ്മേളന റിപ്പോർട്ടിൽ പറഞ്ഞത്. അതോടെ ഉള്ള കാര്യം ഞാൻ നേരെ പറഞ്ഞു. ‘നിങ്ങൾക്ക് താൽപര്യമില്ലാത്ത രാഷ്ട്രീയ പ്രവർത്തനശൈലിയാണ് ഏന്റേത് എന്നു മനസ്സിലായി. അങ്ങനെയെങ്കിൽ ഒഴിവാക്കിക്കൊള്ളൂ’  

∙ എന്തായിരുന്നു അപ്പോൾ നേതൃത്വത്തിന്റെ പ്രതികരണം?

തോപ്പിൽ ഭാസി പണ്ട് അച്യുതമേനോനോട് പറഞ്ഞതു കൂടി ഞാൻ അവിടെ ഉദ്ധരിച്ചു. ‘അണ്ടിത്തൊഴിലാളിയെ സംഘടിപ്പിക്കുന്നവനും ചുമട്ടുതൊഴിലാളിയെ സംഘടിപ്പിക്കുന്നവനും ഈ പാർട്ടിയിൽ സ്ഥാനമുണ്ട്. ബുദ്ധിജീവിക്കും നാടകം എഴുതുന്നവനും പത്രപ്രവർത്തകനും  ഇതിൽ സ്ഥാനമില്ല. മൂന്നു നാടകം കഴിഞ്ഞ വർഷം ഞാൻ എഴുതി. മൂന്നും ജനങ്ങൾ അംഗീകരിച്ചതാണ്. പക്ഷേ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഞാൻ അധികപ്പറ്റാണ്. ഈ പാർട്ടിയിൽ തുടരാ‍ൻ ​ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അംഗത്വത്തിൽനിന്ന് എന്നെ ഒഴിവാക്കണം’ ഇത്രയും പറഞ്ഞാണ് തോപ്പിൽ ഭാസി പുറത്തു പോയത്. അത്രയും ധൈര്യം എനിക്കില്ലെന്ന് ഞാൻ പറഞ്ഞു. ഈ പാർട്ടിയിൽ തുടരാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. എനിക്കു ചെയ്യാൻ കഴിയാവുന്ന കാര്യങ്ങൾ ചെയ്യും, അധികം വൈകാതെ കോവിഡ് കാലമായി. പിന്നാലെ എനിക്ക്  പക്ഷാഘാതം ഉണ്ടായി. ഉർവശീ ശാപം ഉപകാരം എന്നതു പോലെയായി അതെല്ലാം. പാർട്ടി നയങ്ങളെ ഞാൻ മാനിക്കുന്നുണ്ട്. പക്ഷേ എനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. 

∙ താങ്കൾ ഒരേ സമയം രാഷ്ട്രീയ പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായിരുന്നു. രണ്ടിലും വ്യക്തിമുദ്ര പതിപ്പിച്ചു. പക്ഷേ ഏറ്റവും ഉയർന്ന തലത്തിലേക്ക് എത്തിയുമില്ല. രണ്ടും ഒരുമിച്ചു കൊണ്ടു നടന്നതിനെക്കുറിച്ച് എന്തെങ്കിലും വീണ്ടുവിചാരം ഉണ്ടായിട്ടുണ്ടോ?  

ADVERTISEMENT

പാ‍ർട്ടിയുടെ സമുന്നതരായ നേതാക്കളുടെ സ്നേഹവാത്സല്യങ്ങൾ എനിക്ക് അനുഭവിക്കാൻ ഇടവന്നിട്ടുണ്ട്. സി.അച്യുതമേനോനെ പോലെ സഹൃദനായ ഒരു നേതാവിനെ ഞാൻ കണ്ടിട്ടില്ല. എകെജിയാണ് എന്റെ ആദ്യ രണ്ട് നാടകങ്ങൾ ഉദ്ഘാടനം ചെയ്തത്. ആദ്യമായി ഒരു  സമ്മാനം തന്നതും എകെജിയാണ്. നാടകങ്ങളുടെ എല്ലാം അവതാരികകൾ എഴുതിയിട്ടുള്ളത് ഇഎംഎസോ, ഇ.കെ.നായനാരോ വിഎസോ ആണ്. അതുകൊണ്ടെല്ലാം എന്റെ സാംസ്കാരിക പ്രവർത്തനത്തെ അവർക്കു തടസ്സപ്പെടുത്താൻ കഴിയുമായിരുന്നില്ല. പിന്നെ ചെയ്യാവുന്നത് മേലോട്ട് കടത്തിവിടാതിരിക്കുക എന്നതായിരുന്നു. അതിനിടയിൽ ഒഎൻവി, പി.ഭാസ്കരൻ, എംടി, അടൂർ തുടങ്ങിയവരുമായുള്ള എന്റെ ബന്ധങ്ങളും പുഷ്കലമായി. ഇതെല്ലാം എന്റെ ചക്രവാളം വികസിപ്പിച്ചുവെന്നത് ശരിയാണ്. പക്ഷേ അത്രയും ഈ പാർട്ടിയിൽ ഞാൻ ഒറ്റപ്പെട്ടു. പലർക്കും അസൂയ തന്നെയായിരുന്നു. അവനു രാഷ്ട്രീയം കളിച്ചാൽ പോരാ, നാടകവും കളിക്കണം എന്നെല്ലാമുള്ള മനോഭാവമാണ് പലരിലും വളർന്നത്. മൂന്നൂറും നാനൂറും വേദികൾ വരെ ഓരോ നാടകവും കളിച്ചിട്ടുണ്ട്. എല്ലാ ദിവസവും കേരളത്തിലെ ഒരു ഗ്രാമത്തിലെങ്കിലും ‘പിരപ്പൻകോട് മുരളി’ എന്ന പേര് ഉച്ചഭാഷിണിയിലൂടെ മുഴങ്ങും. ഞാൻ അറിയാതെ എനിക്ക് ഒരു അംഗീകാരം വന്നുകൊണ്ടിരുന്നു, കൂടെ എതിർപ്പും. അപ്പോൾ താഴെ എനിക്ക് ഒരു യോഗം തരാതിരിക്കാം, എന്നെ അംഗീകരിക്കാതിരിക്കാം, ഒന്നിനും കൊള്ളാത്തവനാണെന്ന് പറയാം, നാടകവും മറ്റുമായി നടക്കുകയാണെന്നു പുച്ഛിക്കാം.

∙ രണ്ടു മേഖലകളിലെയും പ്രവർത്തനം താങ്കൾക്ക് ആന്തരിക സംഘർഷങ്ങൾ ഉണ്ടാക്കി എന്നല്ലേ മനസ്സിലാക്കേണ്ടത്? 

ഞാൻ ഒരിക്കലും പാർട്ടിയെ തള്ളിപ്പറഞ്ഞിട്ടില്ല. പാർട്ടിയുടെ വിശ്വാസപ്രമാണങ്ങൾ പ്രചരിപ്പിക്കാനുള്ളതായിരുന്നു എന്റെ നാടകങ്ങളിൽ ഏറെയും. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ഉണ്ടായതിന്റെ വൈകാരിക പശ്ചാത്തലമാണ് അതിൽ ഉണ്ടായത്. മലയപ്പുലയനും ഇഎംഎസും, എകെജി വിപ്ലവത്തിന്റെ രക്തനക്ഷത്രം, പി.കൃഷ്ണപിള്ളയെക്കുറിച്ചുള്ള സഖാവ്, ഇ.കെ.നായനാരെക്കുറിച്ചുള്ള ജനനായകൻ എന്നിവയെല്ലാം ഉദാഹരണങ്ങളാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനം എങ്ങനെയാണ് ജനങ്ങളിലേക്ക് എത്തിച്ചേർന്നത് എന്നാണ് എന്റെ നാടകങ്ങൾ വിശദമാക്കിയത്. കേരളത്തിലെ വിപ്ലവ പ്രസ്ഥാനത്തെക്കുറിച്ച് നൂറു കൊല്ലത്തിനുശേഷം പഠിക്കുന്ന ഗവേഷക വിദ്യാർഥിയും പിരപ്പൻകോട് മുരളിയുടെ നാടകങ്ങളെക്കുറിച്ച് അതിൽ പരാമർശിക്കുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. അത് അഹങ്കാരമല്ല, അഭിമാനം കലർന്ന വസ്തുതയാണ്. 

ഇ.കെ. നായനാർ.

രണ്ടും കൂടി വേണ്ടിയിരുന്നില്ല, ഏതെങ്കിലും ഒന്നിൽ മതിയായിരുന്നു എന്ന് പ്രതിസന്ധികളുടെ ഏതെങ്കിലും ഘട്ടത്തിൽ തോന്നിയിട്ടുണ്ടോ? 

ഒരിക്കലുമില്ല. എന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണ് നാടകങ്ങളും പാട്ടുകളും. ആയിരത്തിലേറെ  പാട്ടുകളും എഴുതിയിട്ടുണ്ട്. ഒരിക്കൽ കെ. കരുണാകരന് എതിരെ എഴുതിയ പത്തു പാട്ടുകൾ അടങ്ങുന്ന കാസറ്റിലെ ഒരു പാട്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ അദ്ദേഹം കേൾക്കാനിടയായി. ഞാൻ കൂടി പങ്കെടുത്ത എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം നടക്കുന്ന സ്ഥലത്ത്  സന്ദർഭവശാൽ അദ്ദേഹം എത്തിപ്പെടുകയായിരുന്നു. ‘കരിങ്കാലി കരുണാകരൻ’എന്നെല്ലാം പറഞ്ഞുളള പാട്ട് അപ്പോൾ ഉച്ചത്തിൽ മുഴങ്ങുകയാണ്. എങ്കിൽ പിന്നെ മുഴുവൻ കേട്ടിട്ടേ പോകുന്നുള്ളൂവെന്നായി കരുണാകരൻ.. അവിടെ കോൺഗ്രസിന്റെ ഒരു പാർട്ടി ഓഫിസിൽ കാലിന്മേൽ കാലും കയറ്റിവച്ച് പത്തു പാട്ടും കേട്ടു. എല്ലാം കഴിഞ്ഞ് എന്തു പറയും അദ്ദേഹം എന്ന് ഞാൻ തരിച്ചു നിൽക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ജി.കാർത്തികേയനും സംഭ്രാന്തിയിലായി. നേരെ വന്ന കരുണാകരൻ എന്റെ തോളത്ത് തട്ടി. എന്നിട്ടു പറഞ്ഞു – ‘മുരളീ ഇതാണ് രാഷ്ട്രീയ പ്രവർത്തനം. നാനൂറ് പ്രസംഗം പ്രസംഗിച്ചാൽ ഈ ഒരു പാട്ടാവില്ല. അവനവൻ വിശ്വസിക്കുന്ന രാഷ്ട്രീയത്തിന് ആത്മാർഥമായിട്ട് എന്തു ചെയ്യാം എന്നതാണ് പ്രധാനം. അതു മുരളി ചെയ്തു, നല്ലത്’ ഇത്രയും പറഞ്ഞാണ് അദ്ദേഹം പോയത്.

അതിനുശേഷം കരുണാകരൻ മരിക്കുന്നതു വരെ ആ വീട്ടിൽ എന്തു വിശേഷം ഉണ്ടായാലും എന്നെ വിളിക്കും. എക്കാലത്തും രാഷ്ട്രീയത്തിന് അതീതമായ ബന്ധങ്ങൾ എനിക്ക് ഉണ്ടായിരുന്നു. കോൺഗ്രസ് നേതാക്കളായ കാവിയാട് ദിവാകരപ്പണിക്കരും തലേക്കുന്നിൽ ബഷീറും എന്റെ അടുത്ത സുഹൃത്തുക്കളായരുന്നു. പത്തു വർഷം വാമനപുരത്ത് എംഎൽഎ ആയിരുന്നപ്പോൾ ഒരു രാഷ്ട്രീയ സംഘർഷവും അവിടെ ഉണ്ടായിട്ടില്ല, പക്ഷേ ആ ഒറ്റക്കാരണം പറഞ്ഞ് എന്റെ പാർട്ടിയിലെ പലരും എനിക്കെതിരെ പ്രവർത്തിച്ചു. അയാൾ കോൺഗ്രസാണ്, കമ്യൂണിസ്റ്റൊന്നുമല്ല, അയാളെ എതിർക്കണം എന്നായിരുന്നു പ്രചാരണം. 

സാധാരണ രാഷ്ട്രീയ പ്രവർത്തകനെ പോലെ ഒരു ഭാഗ്യാന്വേഷിയായി മാറാൻ സാംസ്കാരിക പ്രവർത്തനം പശ്ചാത്തലം തടസ്സമായോ?

രാഷ്ട്രീയ പ്രവർത്തനത്തിന്റെ ശൈലി തന്നെ മാറിയല്ലോ. ത്യജിക്കുന്നവരാണു പണ്ട് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. എകെജിയും ഇഎംഎസും വിഎസും നായനാരും എം.എൻ. ഗോവിന്ദൻനായരും എല്ലാം അങ്ങനെ ത്യജിച്ചിട്ടു വന്നതാണ്. സ്വന്തം സ്വത്തു പോലും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി നഷ്ടപ്പെടുത്തിയ ഒരുപാട് പേരുണ്ട് പിന്നീട് വന്നവരിൽ കൂടുതലും ഇതിൽനിന്ന് എന്ത് എടുക്കാമെന്നു കരുതിയവരാണ്. ഏതു പാർട്ടി എന്നില്ല. എല്ലാ രാഷ്ട്രീയ പാർട്ടിയുടെയും കാര്യമാണ്. നഷ്ടപ്പെട്ടവരുടെ സ്ഥാനത്ത് നേടിയവരായി എല്ലാ പാർട്ടികളുടെയും തലപ്പത്ത്. വിദ്യാർഥിയായിരിക്കുമ്പോൾ രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ എങ്ങനെ വാ‍ർഡ് കൗൺസിലർ ആകാം എന്നാണ് നോട്ടം. ഓരോ ഗ്രേഡ് അനുസരിച്ച് മോഹങ്ങളും കൂടും. ആ രീതിയാണ് ഇന്ന് രാഷ്ട്രീയപ്രവർത്തനത്തെ ചൂഴ്ന്നുനിൽക്കുന്നത്. 

∙ വിഎസ് അച്യുതാനന്ദനൊപ്പം ഉറച്ചു നിന്നവരെല്ലാം സമയവും സന്ദർഭവും നോക്കി കൂറുമാറിയപ്പോഴും താങ്കൾ മാറാതെനിന്നത്  നിലപാടുകളിലെ വിട്ടുവീഴ്ച്ചയില്ലായ്മ കൊണ്ടാണെന്ന് കരുതാമോ? 

ആശയപരമായി പാർട്ടിയോടുള്ള താൽപര്യം കൊണ്ടാണ് ഇതിൽ വന്നതെന്ന് ഞാൻ പറഞ്ഞല്ലോ. അതുപോലെ ഇതിൽനിന്ന് എന്തെങ്കിലും  നേടാൻ വന്നയാളുമല്ല ഞാൻ. എഴുപതുകളി‍ൽ രാഷ്ട്രീയം തന്നെ അവസാനിപ്പിച്ചാലോ എന്നു ചിന്തിച്ചിട്ടുണ്ട്. അന്ന് വീട്ടിൽ വന്ന് ഈ പാർട്ടിയിലേക്ക് വീണ്ടും കൈപിടിച്ചു കൊണ്ടുപോയത് സാക്ഷാൽ സി.എച്ച്. കണാരനാണ്. നേരെ എംഎൽഎ ക്വാർട്ടേഴ്സിൽ‍ എന്നെ  കൊണ്ടുപോയി. അവിടെ എസ്.രാമചന്ദ്രൻപിള്ളയും എംഎൽഎ ആയിരുന്ന എൻ.സത്യനേശനും ഉണ്ട്. ആ ചർച്ചയെ തുടർന്ന് കെഎസ് വൈഎഫിന്റെ അടുത്ത ജില്ലാ സമ്മേളനത്തിൽ എന്നെ ജില്ലാ സെക്രട്ടറി ആക്കി. വൈകാതെ പാർട്ടി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. സിഎച്ചും എസ്ആർപിയും ആണ് വീണ്ടും രാഷ്ട്രീയത്തിൽ സജീവമാക്കിയത്. അന്നു മുതൽ ഈ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിനൊപ്പം ഉറച്ചു നിന്നിട്ടുണ്ട്. ആ നിലപാടുകൾ എടുക്കുന്നവർക്ക് പിന്തുണയും നൽകിയിട്ടുണ്ട്. 

പിരപ്പൻകോട് മുരളി, വി.എസ്.അച്യുതാനന്ദൻ.

സിറ്റിങ് എംഎൽഎ ആയിരുന്ന താങ്കളെ 2006ൽ വാമനപുരത്തു നിന്ന് മാറ്റി ജെ.അരുന്ധതിയെ സ്ഥാനാർഥി ആക്കി. അന്ന് മത്സരിച്ചു ജയിച്ചിരുന്നുവെങ്കിൽ ഉറപ്പായും വിഎസ് മന്ത്രിസഭയിൽ ഉണ്ടാകുമായിരുന്നു. എന്താണ് സംഭവിച്ചത്? 

എന്നെയാണ് സ്ഥാനാർഥിയായി പാർട്ടി ആദ്യം നിർദേശിച്ചത്. പക്ഷേ ഞാൻ ഒഴിഞ്ഞു. പാർട്ടിയുടെ സംഘടനാ തത്വം അനുസരിച്ച് രണ്ടുതവണയാണ് എംഎൽഎ ആകാൻ കഴിയുന്നത്. രണ്ടു തവണ എനിക്ക് അവസരം കിട്ടി, രണ്ടു തവണയും ജയിച്ചു. നാട്ടുകാരോടെല്ലാം തത്വം പറഞ്ഞിട്ട് നമ്മൾ തന്നെ അതു പാലിക്കാതിരിക്കുന്നത് ശരിയല്ലല്ലോ. നാട്ടിലെ വിദ്യാർഥി നേതാവായ എച്ച്.എ.ഷറഫിനെ സ്ഥാനാർഥിയാക്കണമെന്ന അഭിപ്രായം എനിക്ക് ഉണ്ടായി. അത് ജില്ലാ കമ്മിറ്റിയിൽ പറയുകയും അംഗീകരിപ്പിക്കുകയും ചെയ്തു. പക്ഷേ നമ്മുടെ ഉപജാപകൻ വെറുതെ ഇരിക്കില്ലല്ലോ. അദ്ദേഹം അതിനെ ഒരു വനിതാമണ്ഡലമാക്കി അരുന്ധതിയെ സ്ഥാനാർഥിയാക്കി. അവരെ പോലെ ഒരാളെ സ്ഥാനാർഥിയാക്കണമെന്നു പറയുമ്പോൾ ആർക്കും എതിർക്കാൻ പറ്റില്ലല്ലോ. അതിനു പിന്നിൽ നടന്ന കാര്യങ്ങളെല്ലാം പുറത്തു പറയാൻ കഴിയുന്നതല്ല. 

∙ താങ്കൾ തന്നെ മത്സരിക്കണമെന്ന് വിഎസും പറഞ്ഞില്ലേ? 

അദ്ദേഹത്തെ കണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്തി. ഷറഫിനെ പോലെ പുതിയ ചെറുപ്പക്കാരനു വേണ്ടിയാണ് പിന്മാറുന്നതെന്ന് പറഞ്ഞപ്പോൾ അദ്ദേഹം സമ്മതിച്ചു. അതാണ് വിഎസ്. സ്വന്തം പക്ഷത്തു നിൽക്കുന്നവൻ എന്ത് അനാവശ്യം കാട്ടിയാലും അയാളെ അംഗീകരിക്കുന്ന ആളല്ല അദ്ദേഹം. ഞാൻ പറഞ്ഞത് ന്യായമാണെന്നു തോന്നിയതുകൊണ്ടാണ് അദ്ദേഹം സമ്മതിച്ചത്. 1996ൽ ഞാൻ സ്ഥാനാർഥി ആകുന്നില്ലെന്നു പറഞ്ഞപ്പോൾ എന്നെ നിർബന്ധിച്ചു സ്ഥാനാർഥിയാക്കിയത് വിഎസാണ്. 2006ൽ ഞാൻ ഇല്ലെന്നു പറഞ്ഞപ്പോൾ അത് അംഗീകരിച്ചു തന്നതും വിഎസാണ്. 

അതിനുശേഷം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് താങ്കൾക്കു മത്സരിച്ചു ജയിക്കേണ്ടി വന്നു. ആർ പരമേശ്വരൻപിള്ള എതിരാളിയായി. വോട്ടെടുപ്പ് പക്ഷേ താങ്കൾ പ്രതീക്ഷിച്ചതല്ലല്ലോ? 

ആ സമയത്ത് ജില്ലാ സെക്രട്ടറി ആയിരുന്ന എം.വിജയകുമാർ നിയമസഭയിലേക്കു മത്സരിക്കാൻ ആഗ്രഹിച്ചു. പകരം ഞാൻ ജില്ലാ സെക്രട്ടറി ആകണമെന്ന് അദ്ദേഹം പറഞ്ഞു. മറ്റു കാര്യങ്ങൾ ചെയ്യാനുള്ളതുകൊണ്ട് ആ കസേര വേണ്ടെന്നു ഞാൻ പറഞ്ഞു. അതു ശരിയാകില്ല, ഞാൻ തന്നെ ജില്ലാ സെക്രട്ടറി ആകണമെന്ന് അദ്ദേഹം ശഠിച്ചു. വിഎസ് അടക്കം പലരുമായും ഇക്കാര്യം സംസാരിച്ചു. അവരുടെയെല്ലാം സമ്മർദ്ദം വന്നപ്പോൾ ഞാൻ സമ്മതിച്ചു പക്ഷേ കൂടെ നിന്ന പലരും അപ്രതീക്ഷിതമായി മറ്റൊരു നിലപാട് എടുക്കാൻ തുടങ്ങി. അതോടെ മത്സരിച്ചാൽ തോൽക്കുമെന്ന് വിജയകുമാർ എന്നെ വിളിച്ചു പറഞ്ഞു. അതോടെ എനിക്കു വാശിയായി. അങ്ങനെയാണ് ആ മത്സരം നടക്കുന്നത്. എനിക്കെതിരെ മത്സരിക്കാൻ പരമേശ്വരൻപിള്ളയും ആഗ്രഹിച്ചതല്ല. മറ്റു പലർ‍ക്കും നിൽക്കാൻ പറ്റാത്തതുകൊണ്ട് അദ്ദേഹത്തെ നിർബന്ധിച്ച് ഇറക്കുകയായിരുന്നു. 

എം.വിജയകുമാർ.

ആ ഘട്ടത്തിൽ നടന്ന ജില്ലാ സമ്മേളന റിപ്പോർട്ടിൽ ജില്ലയിലെ ചേരിതിരിവിനെക്കുറിച്ച് ജില്ലാ സെക്രട്ടറി എന്ന നിലയിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. വളരെ മോശം സാഹചര്യമായിരുന്നോ അന്ന്

വളരെ മോശം തന്നെയായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി, പാർട്ടി അല്ലാതായി തീർന്ന ഘട്ടം. ഇഎംഎസ് സർക്കാരിന്റെ 50 വർഷം അന്ന് ആഘോഷിക്കാൻ തീരുമാനിച്ചു. തലസ്ഥാനത്തെ ആഘോഷ പരിപാടികൾ ഞാൻ തന്നെ നിർദേശിച്ചു. ഒഎൻവി ചെയർമാനും ഞാൻ സെക്രട്ടറിയുമായ സമിതിയാണ് എല്ലാം നടത്തിയത്. നാട്ടിൽനിന്ന് കാശുപിരിക്കാൻ പറ്റില്ലെന്നും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ തന്നെ പണം സമാഹരിക്കണമെന്നും പാർട്ടി നിർദേശിച്ചു. പിരിക്കാൻ വളരെ മോശമായ എനിക്കു തന്നെ അതിനായി ഇറങ്ങേണ്ടി വന്നു. എല്ലാം ഭംഗിയായി നടന്നു. ‘മലയപ്പുലയനും ഇംഎഎസും’ നാടകം അതിനു വേണ്ടി എഴുതിയതാണ്. എല്ലാം കഴിഞ്ഞപ്പോൾ പാർട്ടി എന്നെ കുറ്റപ്പെടുത്തി. എനിക്ക് രാഷ്ട്രീയം ഇല്ലെന്നായിരുന്നു ആരോപണം. ഒഎൻവിയെ ചെയർമാനാക്കിയത് അതുകൊണ്ടാണത്രെ. അതിലും പ്രയാസം ഉണ്ടാക്കിയത് അഴിമതി നടത്തി എന്ന ആക്ഷേപമാണ്. പിരിച്ച കാശ് നാടക സംഘത്തിനായി മുടക്കി എന്നായിരുന്നു ആക്ഷേപം. ആകെ 84,000 രൂപയാണ് നാടകത്തിനു ചെലവായത്. ജില്ലാ സമ്മേളനത്തിൽ അതോടെ മുഴുവൻ കണക്കും ഞാൻ അവതരിപ്പിച്ചു. പരിപാടിയിൽനിന്നു ബാക്കി കിട്ടിയ 35 ലക്ഷം രൂപ പേരൂർക്കട ബാങ്കിൽ നിക്ഷേപിച്ച കാര്യം വ്യക്തമാക്കി. അതിൽനിന്നുള്ള പലിശ കൊണ്ടായിരുന്നു പാർട്ടി ഓഫിസിലെ സഖാക്കൾക്ക് വേതനം കൊടുത്തു കൊണ്ടിരുന്നത്. ആരെയും ഞാൻ പേരെടുത്തു കുറ്റപ്പെടുത്തുന്നില്ല, ഗ്രൂപ്പിനെയും പറയുന്നില്ല. ഇതിനകത്ത് ഇരിക്കുന്ന ഓരോരുത്തർക്കും ഓരോ താൽപര്യമാണ്. അതിനു വഴങ്ങിയില്ലെങ്കിൽ പിന്നെ സെക്രട്ടറി ആയിരിക്കാൻ കഴിയില്ല. 

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക നേതൃത്വം പാർട്ടിയിലെ ആധിപത്യം ശക്തമാക്കുന്ന ആ സമയത്ത് അവരുടെ മൂക്കിനു താഴെയുള്ള തലസ്ഥാനത്തു താങ്കൾ അവരെ വെല്ലുവിളിച്ചു നിന്നു. താങ്കളെയും ഒപ്പം കൊണ്ടുവരാനുള്ള ശ്രമം നടന്നു കാണില്ലേ? 

ജില്ലാ സെക്രട്ടറി എന്ന മുൾക്കീരിടം ഒഴിവാക്കിത്തരണമെന്ന് അന്നു പോയി പറഞ്ഞത് സംസ്ഥാന സെക്രട്ടറി ആയ പിണറായി വിജയനോടാണ്. ജില്ലാ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിയിൽനിന്നും ഒഴിവാക്കണം, ഏതെങ്കിലും ബ്രാഞ്ചിൽ പോയി ഇരുന്നു കൊള്ളാമെന്നും  അദ്ദേഹത്തോടു പറ‍ഞ്ഞു. ‘അതൊന്നും ശരിയാകില്ല, ആളുകൾ പല അഭിപ്രായങ്ങൾ പറയും, നിങ്ങൾ ധീരമായി നേരിടണമെന്ന്’ ഒരു പാർട്ടി സെക്രട്ടറി പറയേണ്ട രീതിയിൽ തന്നെയാണ് പിണറായി എന്നോട് സംസാരിച്ചത്. വാസ്തവത്തിൽ രണ്ടാമതും ജില്ലാ സെക്രട്ടറിയായി ഉറപ്പിച്ചു നിർത്തിയത് പിണറായിയാണ്. അല്ലെങ്കിൽ ആ ജില്ലാ സമ്മേളനത്തോടെ രാഷ്ട്രീയം ഞാൻ അവസാനിപ്പിക്കുമായിരുന്നു. മനസ്സുകൊണ്ട് മടുത്തുപോയി. വലിയ പ്രതീക്ഷ വച്ചു പുലർത്തുന്നവരെല്ലാം വളരെ പെറ്റി ആയ താൽപര്യങ്ങൾക്കായി നമ്മളെ ഉപയോഗിക്കുന്നുവെന്നു കാണുമ്പോൾ ആകെ തകർന്നു പോകും.സഹിക്കാൻ കഴിയില്ല. 

പിണറായി വിജയൻ.

അതെല്ലാം നേരിട്ടുകൊണ്ട് വിഎസിനൊപ്പം നിന്നത് നഷ്ടങ്ങൾ അല്ലേ ഉണ്ടാക്കിയിട്ടുള്ളൂ?

ഈ പാർട്ടിയിൽ എന്തെങ്കിലും തേടി വന്ന ആളല്ലല്ലോ.അതുകൊണ്ട് ഒന്നും നഷ്ടപ്പെടാനുമില്ല. ആനപ്പുറത്ത് ഇരിക്കുമ്പോൾ എല്ലാവരും ശ്രദ്ധിക്കും. ഇറങ്ങിയാൽ പിന്നെ ആരും ശ്രദ്ധിക്കില്ല. അത്രേയുള്ളൂ. എന്റെ കവിതയിൽ പറഞ്ഞതു പോലെ എന്റെ സ്വന്തം സാമ്രാജ്യത്തിൽ ഞാൻ രാജാവു തന്നെയാണ്. അതുകൊണ്ട് ആരെയും പേടിയില്ല. 2018 ൽ തൃശൂർ സമ്മേളനത്തിൽ 74 വയസ്സായ എന്നോട് 80 വയസ്സായെന്നും ഒഴിവാകണമെന്നുമല്ലേ പറഞ്ഞത്.അപ്പോൾ  അത് അംഗീകരിച്ചല്ലേ കഴിയൂ. പാർട്ടിക്ക് വേണ്ടെങ്കിൽ  എന്തു ചെയ്യാനാണ്.  പിന്നെ എന്തെങ്കിലും പദവി വേണമെങ്കിൽ അല്ലേ നിൽക്കേണ്ട കാര്യമുള്ളൂ.ഏതെങ്കിലും സ്ഥാപനത്തിന്റെ  ചെയർമാൻ ആകുക, കാർ കിട്ടുക, അലവൻസ് എഴുതിയെടുക്കുക. അതെല്ലാം ഓരോ താൽപര്യങ്ങളാണ്. എനിക്ക് ആ താല്പര്യമില്ല. മുന്തിരിങ്ങ പുളിക്കും എന്നും പറയുന്നതു പോലെയും അല്ല. ടി.കെ.രാമകൃഷ്ണൻ സാംസ്കാരിക മന്ത്രി ആയിരുന്നപ്പോൾ ആ വകുപ്പിൽ ഏതു പദവിയും എനിക്കു ലഭിക്കുമായിരുന്നു. ഒന്നിനും പിറകെ ഞാൻ പോയിട്ടില്ല. 

∙ അന്ന് ‘ജനശക്തി’ വാരികയുടെ ഉദ്ഘാടനച്ചടങ്ങിന് സിപിഎം ജില്ലാ സെക്രട്ടറി ആയ താങ്കൾ പങ്കെടുത്തത് വിവാദമായല്ലോ? പാർട്ടിയെ ധിക്കരിക്കാൻ ഉറച്ചു പോയതാണോ? 

ഒട്ടുമല്ല. വാരികയുടെ പത്രാധിപർ  ജി.ശക്തിധരൻ എന്നെ ചടങ്ങിന് വിളിച്ചിരുന്നില്ല. രാവിലെ ഒരു വിവാഹച്ചടങ്ങിനു പോകാൻ തയാറാകുകയായിരുന്നു. അപ്പോഴാണ് ഞാനും കൂടി ആ വിവാഹത്തിന് ഒപ്പം വരാമെന്ന് ഒഎൻവി സാർ വിളിച്ചു പറഞ്ഞത്. ഒരു ചടങ്ങിൽ പങ്കെടുക്കുകയാണെന്നും  അങ്ങോട്ട് വന്നാൽ ഒരുമിച്ചു പോകാമെന്നും അദ്ദേഹം പറഞ്ഞു. അവിടെ എത്തിയപ്പോഴാണ്  ‘ജനശക്തി’ വാരികയുടെ ഉദ്ഘാടനച്ചടങ്ങാണെന്ന് മനസ്സിലായത്. അപ്പുക്കുട്ടൻ വള്ളിക്കുന്നും മറ്റും അവിടെ ഉണ്ട്. ഉദ്ഘാടനം കഴിഞ്ഞ് ഒഎൻവി എന്റെ വാഹനത്തിൽ വിവാഹത്തിനു വരികയും ചെയ്തു. എനിക്കെതിരെ പക്ഷേ  പരാതി പോയി. എന്താണ് അവിടെ നടന്നതെന്ന് സത്യസന്ധമായി സംസ്ഥാനകമ്മിറ്റിക്ക് എഴുതിക്കൊടുത്തു. ജില്ലാ സെക്രട്ടറി ആയിരിക്കെ ആകെ വിശദീകരണം ചോദിച്ചത് അക്കാര്യത്തിനാണ്. 

കേരളത്തിലെ ഏറ്റവും സമ്പത്തുള്ള ജില്ലാ ഘടകങ്ങളിൽ ഒന്നാണ് തിരുവനന്തപുരം. അവിടെ പണം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് താങ്കൾക്ക് ചില ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നതായും അതു നേതൃത്വത്തോട് പങ്കുവച്ചതായും കേട്ടിട്ടുണ്ട്. ശരിയാണോ? 

അതൊന്നും പുറത്ത് ചർച്ച ചെയ്യാൻ കഴിയുന്നതല്ല.

പിന്നീട് വട്ടിയൂർക്കാവിൽ ടി.എൻ.സീമ പരാജയപ്പെട്ടപ്പോഴും താങ്കൾക്കെതിരെ അന്വേഷണവും നടപടിയും ഉണ്ടായല്ലോ? 

യഥാർഥത്തിൽ തിരഞ്ഞെടുപ്പ് സെക്രട്ടറി ആയിരുന്ന ജില്ലാ കമ്മിറ്റി അംഗം ബി.എസ്.രാജീവിനെ ഉന്നമിട്ടു നടത്തിയ നീക്കമായിരുന്നു അത്. രാജീവിനെ പാർ്ട്ടിയിൽ  നിന്നു പുറത്താക്കാനായിരുന്നു ശ്രമം. അതു ശരിയല്ലെന്ന് ഞാൻ വിചാരിച്ചു. രാജീവും ഞാനും ടിഎൻ സീമയും വിജയകുമാറും ഇരുന്ന് ആലോചിച്ച കാര്യങ്ങൾ മാത്രമെ അവിടെ നടപ്പാക്കിയിട്ടുള്ളൂ. പക്ഷേ തോറ്റതോടെ രാജീവ് എല്ലാം കുഴപ്പത്തിലാക്കിയെന്ന്  സീമ പരാതിപ്പെട്ടു. പക്ഷേ ഒടുവിൽ  ഉദ്ദേശിച്ച നടപടി അയാൾക്കെതിരെ എടുക്കാൻ കഴിഞ്ഞില്ല.അതുകൊണ്ട് എന്നെ കൂടി കരുവാക്കി.യഥാർഥത്തിൽ രാജീവ് എന്റെ ഒരു വിമർശകനായിരുന്നു. ഞാൻ അഴിമതിക്കാരനാണ് എന്നെല്ലാം ആരോപിച്ചിട്ടുണ്ട്.പക്ഷേ വായിക്കുകയും പഠിക്കുകയും ചെയ്യുന്ന മിടുക്കനായ സഖാവായിരുന്നു അദ്ദേഹം.

ടി.എൻ.സീമ.

∙കോലിയക്കോട് കൃഷ്ണൻനായർക്കെതിരെയാണ് ഇപ്പോൾ താങ്കൾ ആരോപണം ഉന്നയിച്ചത്. വാമനപുറത്ത് 96 ൽ താങ്കളെ സ്ഥാനാർഥി ആക്കരുതെന്ന് ചടയനെ കണ്ട് അദ്ദേഹം പറഞ്ഞപ്പോൾ ഒരു ഉന്നത നേതാവിന്റെ ശുപാർശയും ചടയന്റെ പക്കൽ എത്തിയിരുന്നതായി താങ്കൾ എഴുതി. കോലിയക്കോടിന് അടുപ്പമുള്ള സിപിഎം നേതാവിനെ തന്നെയാണോ ഉദ്ദേശിക്കുന്നത്?

അല്ല, അതൊരു ട്രേഡ് യൂണിയൻ നേതാവാണ്. പേരു പറയാൻ കഴിയില്ല. 

പക്ഷേ താങ്കൾ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നാണല്ലോ കോലിയക്കോട് ആരോപിക്കുന്നത്? 

ഞാൻ പറഞ്ഞതിനു  രേഖയുണ്ട.് അന്നു കഴിക്കൂട്ടം, വർക്കല, വാമനപുരം, പാറശാല  മണ്ഡലങ്ങളിലെ വീഴ്ച്ചകളെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി കമ്മിഷനെ വച്ചു. കമ്മിഷൻ അംഗങ്ങളുടെ പേര് ഞാൻ പറയുന്നില്ല. അവരല്ലാം ജീവിച്ചിരുപ്പുണ്ട്. പേരു പറഞ്ഞാൽ നാളെ എല്ലാം നിഷേധിച്ച അവർക്ക് പ്രസ്താവന ഇറക്കേണ്ടി വരും. പക്ഷേ കമ്മിഷൻ റിപ്പോർട്ട് പാർട്ടിയുടെ  പക്കലുണ്ട്. അതിൽ പറഞ്ഞിരിക്കുന്നത്  കോലിയക്കോടിനെ പാർട്ടിയിൽ വച്ചുകൊണ്ടിരിക്കാൻ പാടില്ലെന്നാണ്. അതിന്റെ അടിസ്ഥാനത്തിൽ സിപിഎമ്മിൽ നിന്നു പുറത്താക്കാൻ  ജില്ലാകമ്മിറ്റി തീരുമാനിച്ചതാണ്. പക്ഷേ പാർട്ടിയിലെ ആ ‘ഉന്നത ബന്ധം’ ഉപയോഗിച്ച് അയാൾ രക്ഷപെട്ടു. സംസ്ഥാനകമ്മിറ്റി ആ ശിക്ഷ ‘പരസ്യശാസന’ ആയി കുറച്ചു. ഇതെല്ലാം പാ‍ർട്ടി രേഖകകളിൽ ഉള്ള നിലയ്ക്ക് എങ്ങനെയാണ് പച്ചക്കള്ളം ആകുന്നത് എന്ന് എനിക്ക് അറിയില്ല. 

വിമർശനവും സ്വയം വിമർശനവും എന്നതാണല്ലോ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ രീതി. ഉൾപ്പാർട്ടി വിമർശനം ഇല്ലാതാകുന്നുണ്ടോ? 

സംശയമെന്ത്! പാർട്ടിയുടെ സ്വാഭാവം തന്നെ മാറിയില്ലേ? ത്യജിക്കുന്നവരുടെ പാർട്ടി  ലഭിക്കുന്നവരുടെ പാർട്ടിയായി മാറി. സ്ഥാനമാനങ്ങൾ നോക്കിയാണ് പലരും നിൽക്കുന്നത്. പിന്നെ പറഞ്ഞിട്ടു  കാര്യമില്ല. 

ഇപ്പോൾ താങ്കൾ ഉന്നയിക്കുന്ന പരസ്യ വിമർശങ്ങൾ അതതു ഘട്ടങ്ങളിൽ പാർട്ടിക്ക് അകത്തു പറഞ്ഞിട്ടുണ്ടോ? 

തീർച്ചയായും. പറയേണ്ട സ്ഥലത്ത് മുഴുവൻ കൃത്യമായി പറഞ്ഞിട്ടുണ്ട്. ‘നിങ്ങളുടെ കാര്യം കട്ടപ്പുകയാകും’ എന്നെല്ലാം ചില നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്റെ അഭിപ്രായം തുറന്നു പറയാൻ  ഒരിക്കലും മടി കാട്ടിയിട്ടില്ല. 

പിണറായി–കോടിയേരി ദ്വന്ദം മാതൃകയാണെന്നാണല്ലോ പക്ഷേ പുതിയ തലമുറക്കാർ അഭിപ്രായപ്പെടുന്നത്? 

അതെ. പുതിയ ആളുകൾക്കും പുതിയ പാർട്ടിക്കും മാതൃകയാണ്. ഇപ്പോഴത്തെ പാർട്ടി അതാണ്. സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സി.പി.നാരായണന്റെ ഒരു ബന്ധു പണം വാങ്ങി ഗൾഫിൽ അയയ്ക്കാമെന്ന് പറഞ്ഞ് ആരെയോ കബളിപ്പിച്ചുവെന്ന പരാതിയുടെ പേരിൽ അദ്ദേഹത്തിനെതിരെ നടപടി എടുത്ത പാർട്ടിയിലാണ് ഇതെല്ലാം നടക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ മക്കൾക്കെതിരെ ഉയരുന്ന ആരോപണങ്ങൾ വല്ലതും കമ്മ്യൂണിസ്റ്റ്  പാർട്ടിക്കു ചേരുന്നതാണോ? 

പാർട്ടിയിൽ ഒരു തലമുറമാറ്റമാണ് നടപ്പാക്കുന്നതെന്ന് കരുതുന്നവരുണ്ട്. 75 വയസ് കഴിഞ്ഞവരെ പാർട്ടി ഘടകത്തിൽനിന്നു മാറ്റി നിർത്താനുള്ള തീരുമാനത്തെ എങ്ങനെയാണ് കാണുന്നത്? 

അത് നല്ല തീരുമാനമാണ് അനാരോഗ്യം വന്നാൽ നമ്മുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. എത്ര പ്രഗത്ഭരുടെ കാര്യത്തിലും അതാണ് സ്ഥിതി. പക്ഷ ആളുകളെ മാറ്റുന്നത് വൈരനിര്യതാനത്തിന് ആയിക്കൂടാ. പകരം വരുന്നവർ അർഹത ഉള്ളവരും ആയിരിക്കണം.

പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ.

∙ താങ്കളെല്ലാം സജീവമായി നിന്ന കാലത്തെ സിപിഎമ്മിനെയും ഇന്നത്തെ സിപിഎമ്മിനെയും ചുരുക്കത്തിൽ  എങ്ങനെ താരതമ്യപ്പെടുത്തുന്നു?

ഒരു താരതമ്യവും ഇല്ല. കാലം മാറിയിരിക്കുന്നു. ഇന്ന് ഒരു ബിസിനസ് യുഗമാണ്. നമ്മുക്ക് എന്തു കിട്ടും എന്നതാണ് മുദ്രാവാക്യം. അവനവനിസമാണ്  എല്ലായിടത്തും.രാഷ്ട്രീയത്തിൽ മാത്രമല്ല, കുടുംബങ്ങളിലും അത്  ശക്തമാണ്. 

തിരുത്തലുകൾക്കു വേണ്ടിയുള്ള ശ്രമങ്ങളെല്ലാം താങ്കൾ പാർട്ടിക്ക്  അകത്ത് നടത്തിയെന്നു പറഞ്ഞു. ഒരു ഘട്ടത്തിലും പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലേ?

പാർട്ടിയുടെ ശൈലി മാറിയില്ലേ. തലകുത്തി നടക്കുന്നവർക്ക് മുന്നിൽ നേരെ നടന്നവൻ പരിഹസിക്കപ്പെടുന്നത് ഒരു നാടകത്തിൽ പ്രതിപാദിച്ചിട്ടുണ്ടല്ലോ. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി എന്തെങ്കിലും നേടാത്തവർ വിഡ്ഢികളാണെന്ന  ചിന്താഗതിയാണ് ഇപ്പോൾ  പൊതുവിൽ ഉള്ളത്. 

∙ വിഎസ് പാർട്ടി പിടിച്ച പാലക്കാട് സമ്മേളനത്തിൽ നിന്നും പിണറായി പാർട്ടി പിടിച്ച മലപ്പുറം സമ്മേളനത്തിൽ എത്തിയതാണോ പാർട്ടിയിലെ  മാറ്റങ്ങൾക്കു കാരണം?

അതായിരുന്നു എല്ലാ മാറ്റങ്ങൾക്കും തുടക്കം. ശൈലി അവിടെ മാറിത്തുടങ്ങി. 

പിന്നീട് വിഎസും ചില പദവികൾ കിട്ടാനായി വിട്ടുവീഴ്ച്ചകളെല്ലാം ചെയ്തിട്ടില്ലേ? 

അത് പാർട്ടി കേന്ദ്രകമ്മിറ്റിയുടെ ഇടപെടലുകളുടെ ഭാഗമായിരുന്നു. ഒരുമിപ്പിച്ചു കൊണ്ടുപോകാനായി അവർ ശ്രമിക്കുന്നത് സ്വാഭാവികമാണ്

പിരപ്പൻകോട് മുരളി.

വിഭാഗീയത അവസാനിച്ചെന്നും ഐക്യം ആണെന്നുമാണല്ലോ പാർട്ടി അവകാശപ്പെടുന്നത്? 

അതെ.അഭിപ്രായ വ്യത്യാസം ഉള്ളവരെല്ലാം പുറത്തു പോയാൽ പിന്നെ വിഭാഗീയത ഇല്ലല്ലോ. വ്യത്യസ്ത അഭിപ്രായം ഇല്ലെങ്കിൽ പിന്നെ എല്ലാം ഏകകണ്ഠം തന്നെ. 

ഈ തുറന്നുപറച്ചിൽ ഉണ്ടാക്കുന്ന ഭവിഷ്യത്തുകളിൽ ആശങ്കയില്ലേ? അച്ചടക്ക നടപടിയെ ഭയക്കുന്നില്ലേ? 

പാർട്ടി രണ്ടായി പിളർന്ന ഘട്ടത്തിൽ നടന്ന ഒരു വിശദീകരണ യോഗത്തിൽ എകെജിയോട് ഒരു സഖാവ് ഒരു ചോദ്യം ഉന്നയിച്ചു. എന്തു സംഭവിച്ചാലും കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ അച്ചടക്കം പാലിക്കാൻ ബാധ്യസ്ഥനല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ  സംശയം. ‘പാർട്ടി അച്ചടക്കം പാലിക്കുന്നവനാണ് കമ്മ്യൂണിസ്റ്റുകാർ, പക്ഷേ പാർട്ടി ഉണ്ടെങ്കിലേ അച്ചടക്കത്തിന് പ്രസക്തിയുള്ളൂ’  എന്നായിരുന്നു എകെജിയുടെ മറുപടി. അച്ചടക്കത്തിനു വേണ്ടി പാർട്ടിയെ ബലികൊടുക്കാൻ കഴിയില്ല. അതുകൊണ്ടാണ് പാർട്ടി വിട്ട് പുതിയ പാർട്ടി രൂപീകരിക്കേണ്ടി വന്നതെന്നും എകെജി ചൂണ്ടിക്കാട്ടി. ഈ പാർട്ടിയെ ഉപയോഗിച്ച് ഉപജീവനം നടത്തുകയും സ്വകാര്യതാൽപര്യത്തിന് വിനിയോഗിക്കുകയും ചെയ്യുന്ന കുറേപ്പരുണ്ട്. അവരെക്കുറിച്ച് ചിലപ്പോൾ തുറന്നു പറയേണ്ടി വരും. പാർട്ടി കമ്മിറ്റികൾതന്നെ നടത്തിയ വിലയിരുത്തലുകളെ ഞാൻ പറഞ്ഞിട്ടുമുള്ളൂ. പി.ഭാസ്കരൻ മാഷ് എന്നോട് പറഞ്ഞ ഒരു കാര്യം കൂട്ടി ച്ചേർക്കട്ടെ. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വം ഇല്ല എന്നതു കൊണ്ട് ആരും കമ്മ്യൂണിസ്റ്റ് അല്ലാതാകുന്നില്ല. കമ്മ്യൂണിസ്റ്റ്  പാർട്ടിയിൽ അംഗത്വം ഉണ്ട് എന്നതുകൊണ്ട് ആരും കമ്മ്യൂണിസ്റ്റ് ആകുന്നുമില്ല.

English Summary: Cross Fire interview with former MLA Pirappancode Murali