ഭർത്താവ് ഉപേക്ഷിച്ചു പോകുമ്പോൾ പറക്കമുറ്റാത്ത രണ്ടു പെൺകുഞ്ഞുങ്ങളുമായി അവൾ തെരുവിൽ നിന്നു. ജോലിയില്ല, പണമില്ല, സഹായിക്കാൻ ആളുമില്ല.. ഒറ്റപ്പെട്ട് നിൽക്കുമ്പോഴും മരണം പരിഹാരമല്ലെന്നുറപ്പിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു നീലേശ്വരം കരുവാച്ചേരി സ്വദേശിനി റീന. Mothers day, P Reena, Mothersday special, Manorama News

ഭർത്താവ് ഉപേക്ഷിച്ചു പോകുമ്പോൾ പറക്കമുറ്റാത്ത രണ്ടു പെൺകുഞ്ഞുങ്ങളുമായി അവൾ തെരുവിൽ നിന്നു. ജോലിയില്ല, പണമില്ല, സഹായിക്കാൻ ആളുമില്ല.. ഒറ്റപ്പെട്ട് നിൽക്കുമ്പോഴും മരണം പരിഹാരമല്ലെന്നുറപ്പിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു നീലേശ്വരം കരുവാച്ചേരി സ്വദേശിനി റീന. Mothers day, P Reena, Mothersday special, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭർത്താവ് ഉപേക്ഷിച്ചു പോകുമ്പോൾ പറക്കമുറ്റാത്ത രണ്ടു പെൺകുഞ്ഞുങ്ങളുമായി അവൾ തെരുവിൽ നിന്നു. ജോലിയില്ല, പണമില്ല, സഹായിക്കാൻ ആളുമില്ല.. ഒറ്റപ്പെട്ട് നിൽക്കുമ്പോഴും മരണം പരിഹാരമല്ലെന്നുറപ്പിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു നീലേശ്വരം കരുവാച്ചേരി സ്വദേശിനി റീന. Mothers day, P Reena, Mothersday special, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭർത്താവ് ഉപേക്ഷിച്ചു പോകുമ്പോൾ പറക്കമുറ്റാത്ത രണ്ടു പെൺകുഞ്ഞുങ്ങളുമായി അവൾ തെരുവിൽ നിന്നു. ജോലിയില്ല, പണമില്ല, സഹായിക്കാൻ ആളുമില്ല..  ഒറ്റപ്പെട്ട് നിൽക്കുമ്പോഴും മരണം പരിഹാരമല്ലെന്നുറപ്പിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു നീലേശ്വരം കരുവാച്ചേരി സ്വദേശിനി റീന. തെങ്ങു കയറിയും ബസോടിച്ചും അവർ രണ്ടു മക്കളെയും വളർത്തി. ഇളയമകൾ അറിയപ്പെടുന്ന ബോഡി ബിൽഡർ പി.പാർവതി. മലബാറിലെ ആദ്യ വനിതാ ബസ് ഡ്രൈവറായ പി. റീന മനോരമ ഓൺലൈനിനോട് ഈ മാതൃദിനത്തിൽ മനസ്സു തുറക്കുന്നു; കടന്നു വന്ന വഴിത്താരകൾ, താണ്ടിയ മുൾപ്പാതകൾ, നേട്ടങ്ങൾ ... എല്ലാം.

പണവുമായി നാടുവിട്ട ഭർത്താവ്

ADVERTISEMENT

പതിനേഴാം വയസ്സിലാണ് വിവാഹിതയാകുന്നത്. വീട്ടുകാർ ഉറപ്പിച്ച വിവാഹമായിരുന്നു. ഭർതൃവീട് ആലപ്പുഴയായിരുന്നു. കൂറേക്കാലം ആലപ്പുഴയിൽ നിന്ന ശേഷം രണ്ട് പെൺമക്കളുമായി എന്റെ നാടായ നീലേശ്വരത്തേക്കു വന്നു. വിവാഹത്തിന് മുൻപ് ഗൾഫിലായിരുന്നു ഭർത്താവിന് ജോലി. വിവാഹശേഷം ഒരുതവണ പോയി തിരിച്ചുവന്നു. നീലേശ്വരത്ത് റോഡ് സൈഡിൽ ഇളനീർ കച്ചവടവും ഹോട്ടലുമൊക്കെ നടത്തിവന്നു. ഞാനും സഹായത്തിന് കൂടി. ആ സമയം രണ്ടുമക്കളും ചെറുതായിരുന്നു. 

മക്കൾ റിജിമോളും പാർവതിക്കുമൊപ്പം പി.റീന

എന്റെ അച്ഛൻ തന്ന 5 സെന്റ് സ്ഥലത്ത് വീടുവയ്ക്കാമെന്ന് പറഞ്ഞ് രണ്ടുപേരുടെ പേരിലുമായ 10 സെന്റ് സ്ഥലം വിൽക്കാൻ തീരുമാനിച്ചു. ഞാൻ ഒപ്പിട്ടുകൊടുത്തു. എന്നാൽ സ്ഥലം വിറ്റ പണവും കൊണ്ട് അയാൾ നാടുവിടുകയായിരുന്നു. തികഞ്ഞ മദ്യപാനിയായ അയാൾ കിട്ടിയ പണം മുഴുവൻ കുടിച്ചുതീർത്തു. അതിനുശേഷം ആലപ്പുഴയിലെ വീട്ടിലേക്ക് പോകുകയായിരുന്നു അയാൾ. മക്കളെയും കൂട്ടി വരാൻ എന്നെ നിർബന്ധിച്ചു. എന്നും ഉപദ്രവം മാത്രമായിരുന്ന അയാൾക്കൊപ്പം ജീവിക്കേണ്ടെന്നും ഞങ്ങൾ നോക്കിക്കോളാമെന്നും അച്ഛൻ പറഞ്ഞു. പിന്നീട് ഞാൻ അങ്ങോട്ട് പോയില്ല. ഭർതൃവീട്ടുകാര്‍ ആരും ഞങ്ങളെക്കുറിച്ച് അന്വേഷിക്കാൻ വന്നതുമില്ല. പത്ത് വർഷത്തിനു ശേഷം അയാൾ മരിച്ചുവെന്ന വാർത്തയാണ് നാട്ടിൽനിന്നു കിട്ടിയത്.

പെൺമക്കളുമായി ഒറ്റയ്ക്ക്...

ഭർത്താവ് വിട്ടുപോയതോടെ ആകെ തളർന്നു. കുഞ്ഞുമക്കളെയും വച്ച് എങ്ങനെ ജീവിക്കുമെന്ന് ആലോചിച്ച് ഒരുപാട് വേദനിച്ചു. ജീവിതം അവസാനിപ്പിച്ചാലോ എന്ന് ചിന്തിച്ചു. പിന്നെ അയാൾക്കു മുന്നിൽ ജീവിച്ചുകാണിക്കണം എന്ന് തോന്നി. അയാൾ ഉപേക്ഷിച്ചുപോയ ഇളനീർ കച്ചവടം ഞാൻ ഏറ്റെടുത്തു. ഹോട്ടൽ നടത്തിയും ശീലമുള്ളതുകൊണ്ട് ആ പണിയും ചെയ്തുതുടങ്ങി.

ADVERTISEMENT

അച്ഛനെ വേണ്ടെന്ന് പറഞ്ഞ മക്കൾ

ഉപേക്ഷിച്ച് പത്ത് വർഷത്തിനിടയിൽ അയാള്‍ മക്കളെ വിളിച്ചത് നാലോ അഞ്ച് തവണ മാത്രം. അതും മദ്യപിച്ചിരുന്ന സമയങ്ങളിൽ... ഒടുവിൽ അച്ഛനെ വേണ്ടെന്ന് മക്കൾ പറഞ്ഞു. അമ്മ പറഞ്ഞിട്ടാണോ ഇങ്ങനെ സംസാരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഞങ്ങൾ ചെറിയ കുട്ടികളല്ലെന്നും കാര്യങ്ങൾ മനസ്സിലാക്കാനുള്ള പക്വത ആയെന്നും അവർ പറഞ്ഞു. രണ്ട് പെൺമക്കളെ വിട്ടുപോയതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭർത്താവിനെതിരെ കേസ് കൊടുത്തു. കേസിന്റെ വിധി വന്നെങ്കിലും ഒന്നും കിട്ടിയില്ല. തന്റെ കയ്യിൽ ഒന്നുമില്ലെന്ന് പറഞ്ഞ് അദ്ദേഹം ജയിലിൽ കിടന്നു. 

മക്കൾക്കൊപ്പം പി. റീന

അവസാനമായി ഒരുനോക്ക്...

ചെറിയ മകൾ മൂന്നാം ക്ലാസിലായപ്പോഴാണ് ഭർത്താവിന്റെ മരണം. പോകില്ലെന്ന് തീരുമാനിച്ചെങ്കിലും അവസാനമായി മക്കളെ കാണിക്കണമെന്ന് ഭർതൃബന്ധുക്കൾ നിർബന്ധിച്ചു. മക്കളുമായി അമ്പലപ്പുഴയിലേക്ക് പോയി. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് മൂത്തമകളെ ഭർതൃവീട്ടുകാർ അവസാനമായി കാണുന്നത്. അച്ഛന്റെ മരണത്തിന് പോകുമ്പോൾ അവൾക്ക് പതിനെട്ട് വയസ്സായി. രണ്ടുമക്കളെയും ഒറ്റയ്ക്ക് ഇത്രയും വളർത്തിയത് കണ്ട് അവർ ഞെട്ടിപ്പോയി. ചെറിയ മകളെ അവരാരും കണ്ടിട്ടില്ലായിരുന്നു. ഭർത്താവിന്റെ മരണശേഷമാണ് ഭർതൃവീട്ടുകാരുമായി കൂടുതൽ അടുക്കുന്നത്.

ADVERTISEMENT

ജീവിക്കാൻ സമ്മതിച്ചില്ല, കട കത്തിച്ചു

ഞങ്ങൾ നാലു പെണ്‍മക്കളും 2 ആണ്‍മക്കളുമാണ്. പള്ളിക്കര മേൽപ്പാലം നിർമാണത്തിന്റെ ഭാഗമായി അച്ഛന് വീടും സ്ഥലവും കൊടുക്കേണ്ടി വന്നു. പത്ത് സെന്റ് സ്ഥലത്തിന് അന്ന് കിട്ടിയത് 2.50 ലക്ഷമാണ്. ഇന്ന് സെന്റിന് 7 ലക്ഷത്തോളം രൂപ കൊടുക്കുന്നുണ്ട്. ചെറിയ തോതിലുള്ള അരി മില്ലും അച്ഛനുണ്ടായിരുന്നു. 

ജീവിതമാർഗമായ ഇതെല്ലാം കൊടുക്കേണ്ടി വന്നു. തുച്ഛമായ തുകയ്ക്ക് സ്ഥലം കൊടുത്തത് അച്ഛനെ വല്ലാതെ വേദനിപ്പിച്ചു. കാര്യങ്കോട് വിട്ട് ഞങ്ങൾ കരുവാച്ചേരിയിൽ എത്തുകയായിരുന്നു.

കാര്യങ്കോടായിരുന്നു ഇളനീർ കട നടത്തിയത്. മൂന്നുതവണ അക്രമികൾ കട കത്തിച്ചു. പൊലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. കരുവാച്ചേരിയിൽനിന്നും വന്നിട്ട് ഇവിടെ കച്ചവടം ചെയ്യേണ്ട എന്ന് അക്രമികൾ പറഞ്ഞതായി അറിഞ്ഞു. റോഡരികിൽ നിറയെ ഇളനീർ കടകളാണ്. എങ്കിലും എന്റെ കടയിൽ എന്നും തിരക്കാണ്. അതൊക്കെ ഒരുപാടു പേരിൽ അസൂയ ഉണ്ടാക്കുന്നുണ്ടായിരുന്നു. ഞാൻ ഒരു ദിവസം 1000 ഇളനീർ വരെ കൊണ്ടുവരും. ഒരുപാടെണ്ണം തൂക്കിയിടും. ഒന്നോ രണ്ടോ ഇളനീർ കുടിക്കാനാണെങ്കിലും ആളുകൾ ഒരുപാട് ഇളനീർ ഉള്ളയിടത്തായിരിക്കും വരിക. ആളുകളെ ആകർഷിക്കാനായി കുറച്ച് ബിസിനസ് ട്രിക്കുകൾ ഒക്കെ പയറ്റിയാണ് കച്ചവടം നടത്തിയത്. അതൊക്കെ സമീപ കടക്കാരെ പ്രകോപിപ്പിച്ചു, കട കത്തിച്ചു. എങ്കിലും ഞാൻ പിന്മാറിയില്ല. എന്നെത്തന്നെ കത്തിച്ചാലും ഞാൻ അവിടെത്തന്നെ കച്ചവടം നടത്തുമെന്ന് തീരുമാനിച്ചു.

പോളിനേഷൻ വർക്ക് ചെയ്യുന്ന കേരളത്തിലെ ആദ്യ വനിത

മെഷീന്റെ സഹായത്തോടെ തേങ്ങപറിക്കുന്ന പി. റീന

കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലുള്ളവർ (സിപിസിആർഐ) ഇളനീർ കുടിക്കാൻ കടയിലെത്തി. സ്ത്രീകൾക്ക് വേണ്ടി  തേങ്ങ പറിക്കാൻ പഠിപ്പിക്കുന്നുണ്ടെന്നും നിങ്ങൾക്ക് ഏറെ ഗുണകരമാണെന്നും അവർ പറഞ്ഞു. ഇതിനായി പത്ത് ദിവസം തോട്ടത്തിൽ താമസിക്കണമെന്ന് പറഞ്ഞു. ചെറിയ കുഞ്ഞുങ്ങളെ വിട്ട് വരില്ലെന്ന് പറഞ്ഞപ്പോൾ അവർ നിർബന്ധിച്ചു. മക്കളെ വളർത്താൻ മറ്റൊരു മാർ‌ഗമാണിതെന്ന് അവർ പറഞ്ഞു. കുട്ടികളെ അമ്മയെ ഏൽപ്പിച്ച് പരിശീലനത്തിന് പോയി. ചെറിയ ഇനം തെങ്ങുണ്ടാക്കുന്ന പോളിനേഷൻ വർക്കും പഠിച്ചു. കേരളത്തിൽ പോളിനേഷൻ വർക്ക് ചെയ്യുന്ന ആദ്യ വനിത ഞാനാണെന്ന് അവർ പറഞ്ഞു. പഠനശേഷം സർക്കാർ സൗജന്യമായി തേങ്ങ പറിക്കുന്ന മെഷീൻ തന്നു. പിന്നീട് ഇളനീർ സ്വന്തമായി ഇടാനും അയൽവാസികൾക്ക് തേങ്ങ പറിച്ചുകൊടുക്കാനും തുടങ്ങി. 

ഡ്രൈവിങ്ങിലേക്ക്...

മേൽപ്പാലം വരുന്നതോടെ കച്ചവടം വഴിമുട്ടുമെന്നായപ്പോൾ മറ്റൊരു തൊഴിൽ കണ്ടെത്തണമെന്ന് തോന്നി. ഡ്രൈവിങ് പഠിച്ചാൽ പഠിപ്പിക്കാൻ പോകാമല്ലോ എന്നു കരുതി. എല്ലാമായി, ഇനിയിപ്പോൾ ഡ്രൈവിങ് മാത്രമേ ഉള്ളൂ എന്നുപറഞ്ഞ് വീട്ടുകാരൊക്കെ കളിയാക്കി. തുടക്കത്തിൽ തന്നെ ഫോർ വീലർ ലൈസൻസാണ് എടുത്തത്. തുടർന്ന് കാഞ്ഞങ്ങാടുള്ള ഡ്രൈവിങ് സ്കൂളിൽ ശമ്പളം ഇല്ലാതെ സ്റ്റാഫായി ജോലി ചെയ്ത് പ്രാക്ടീസ് ചെയ്തു. 

പഠിച്ച് തെളിഞ്ഞിട്ടും എന്നെ പഠിപ്പിക്കാൻ അനുവദിക്കുന്നില്ല. ഇതോടെ ഞാൻ മറ്റൊരു സ്ഥാപനത്തിലേക്ക് പോയി. അവിടെ മാസശമ്പളം 2,000 രൂപയായിരുന്നു. മക്കളുടെ കാര്യങ്ങൾ നോക്കാൻ ഈ തുക പറ്റില്ലെന്ന് കണ്ടപ്പോൾ ഞാൻ വീണ്ടും ഇളനീർ കച്ചവടത്തിലേക്ക് മടങ്ങി. എന്നാൽ മറ്റ് ചില ഡ്രൈവിങ് സ്കൂളുകളിൽനിന്നും പഠിപ്പാക്കാൻ ക്ഷണമുണ്ടായി. പാർട് ടൈം ആണെങ്കിൽ ചെയ്യാമെന്ന് ഏറ്റു. രാവിലെ 7 മുതൽ 10 വരെ ഡ്രൈവിങ് പഠിപ്പിക്കൽ. അതിനുശേഷം ഇളനീർ കച്ചവടം, പിന്നെ വൈകുന്നേരം വീണ്ടും പഠിപ്പിക്കൽ. 

ആ വാക്ക് കൊണ്ടെത്തിച്ചത് സ്വന്തം സ്ഥാപനത്തിലേക്ക്...

എനിക്ക് ജോലി നൽകരുതെന്ന് പറഞ്ഞ് എന്റെ ഒരു ബന്ധു ഡ്രൈവിങ് സ്കൂൾ ഉടമയെ വിളിച്ച് ഭീഷണിപ്പെടുത്തി. അതോടെ കുറച്ചുകാലത്തേക്ക് എന്നോട് മാറിനിൽക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അത് എന്നെ വല്ലാതെ തളർത്തി. നാലുവർഷമായി അദ്ദേഹത്തിനു വേണ്ടി ഞാൻ പണിയെടുക്കുന്നു. ഇപ്പോൾ ആരോ ഒരാൾ വിളിച്ചുപറഞ്ഞതിന്റെ പേരിൽ എന്നെ ഒഴിവാക്കാൻ നോക്കുന്നു. ‘രണ്ടുകുട്ടികളെ വളർത്താനല്ലേ അവൾ ഇവിടെ വരുന്നത്, തിരിച്ചെടുക്കണ’മെന്ന് മറ്റ്  ഡ്രൈവർമാർ ആവശ്യപ്പെട്ടു. തുടർന്ന് എന്നോട് വീണ്ടും പഠിപ്പിക്കാനായി ക്ഷണിച്ചു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു ‘തൽക്കാലം ഞാൻ നിൽക്കാം, പക്ഷേ ഞാൻ സ്വന്തമായി ഡ്രൈവിങ് സ്കൂൾ തുടങ്ങും’.

മലബാറിലെ ആദ്യ വനിതാ ബസ് ഡ്രൈവർ

പി. റീന തന്റെ ഡ്രൈവിങ് സ്കൂളിൽ

ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടയിലാണ് ഹെവി ലൈസൻസ് എടുക്കുന്നത്. ബസ് ഓണേഴ്സിന്റെ കളക്‌ഷൻ എടുക്കുന്ന സമയത്ത് കുറേപേരെ പരിചയപ്പെട്ടിരുന്നു. എനിക്ക് ബസ് പ്രാക്ടീസ് ചെയ്യണമെന്ന് പരിചയത്തിലുള്ള ഹരിയേട്ടനോട് (ഹരിഹരൻ) പറഞ്ഞു. ഒരാഴ്ച കഴിഞ്ഞ് അദ്ദേഹം എന്നെ വിളിച്ചു. നാളെത്തന്നെ ചെറുവത്തൂരിലേക്ക് വാ, മടക്കരയിലേക്ക് ബസ് എടുത്തോ എന്ന് പറഞ്ഞു. ‘പാസഞ്ചർ വേണ്ട, പ്രാക്ടീസ് ചെയ്യാൻ മാത്ര’മാണെന്ന് അദ്ദേഹത്തോട് പറഞ്ഞു. പക്ഷേ എന്നെക്കൊണ്ട് പറ്റുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ‘രാവിലെ 7 മണി സമയത്ത് നാലഞ്ചുപേർ മാത്രമേ കാണൂ, നീ ഓടിച്ചുനോക്ക്’ എന്ന് പറഞ്ഞു. 

അങ്ങനെ ഞാൻ അദ്ദേഹത്തിന്റെ നാഗരാജ് ബസ് ചെറുവത്തൂരിൽനിന്നു മടക്കര വരെ ഓടിച്ചു. പിന്നെ അവിടെനിന്നു തിരിച്ചും എടുക്കാൻ പറഞ്ഞു. ആ സമയം ബസ് നിറയെ ആളുകളായിരുന്നു. ഡ്രൈവറും കണ്ടക്ടറുമെല്ലാം ധൈര്യം തന്നതോടെ ഞാൻ ഓടിച്ചു. നിങ്ങൾ എന്ത് ധൈര്യത്തിലാണ് അവൾക്ക് ബസ് ഓടിക്കാൻ കൊടുത്തതെന്ന് പലരും ഹരിയേട്ടനോട് ചോദിച്ചു. ‘അവൾക്ക് ലൈസൻസ് ഉണ്ട്. പിന്നെ ഓടിക്കുമെന്ന വിശ്വാസം എനിക്കുണ്ട്’ എന്ന് അദ്ദേഹം പറഞ്ഞു. ഒരുപാട് പേരുടെ പിന്തുണയുള്ളത് കൊണ്ട് ദിവസം 6 ട്രിപ്പ് ഓടിക്കാൻ തുടങ്ങി. ഇടയ്ക്കുവച്ച് പോകുന്നത് ഡ്രൈവിങ് സ്കൂളിൽ പ്രശ്നമായി. പിന്നെ ബസ് ഓടിച്ച് കിട്ടുന്നത് തുച്ഛമായ തുകയായിരുന്നു. അതോടെ ഞാൻ ബസ് ഓടിക്കൽ നിർത്തി. പിന്നീടാണ് ബന്ധുവിന്റെ ഇടപെടലില്‍ ഡ്രെവിങ് സ്കൂളിലെ ജോലി തെറിക്കുന്ന സാഹചര്യമുണ്ടായത്.

എല്ലാം സഹിച്ചത് മക്കൾക്കു വേണ്ടി

ഡ്രൈവിങ് സ്കൂളിൽ നിന്ന് മാറ്റി നിർത്താനുള്ള ശ്രമം ഒരു വിധത്തിൽ ഗുണംചെയ്തെന്ന് പറയാം. അപ്പോഴാണ് സ്വന്തമായി ഡ്രൈവിങ് സ്കൂൾ തുടങ്ങണമെന്ന വാശിയൊക്കെ വന്നത്. അല്ലെങ്കിൽ ഇപ്പോഴും ഞാൻ അടിമയായി അദ്ദേഹത്തിന്റെ ശകാരവും കേട്ട് അവിടെ പണി തുടർന്നേനെ. നാലുവർഷം  എല്ലാം സഹിച്ചുനിന്നത് മക്കൾക്ക് വേണ്ടിയാണ്. ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായി. അപ്പോഴെല്ലാം ദൈവം എന്നെ കൈപിടിച്ച് മുന്നോട്ടുകൊണ്ടുവരികയായിരുന്നു.

കാവിലമ്മ എന്നാണ് ഡ്രൈവിങ് സ്കൂളിന്റെ പേര്. അഞ്ചുവർഷമാണ് ഡ്രൈവിങ് സ്കൂളിന് ലൈസൻസ് നൽകുക. പിന്നീടത് പുതുക്കും.ആദ്യ 5 വർഷത്തിനുള്ളിൽ സ്വന്തമായി വീടുവയ്ക്കണമെന്ന് കരുതി. അതിനായി ഒരുപാട് കഷ്ടപ്പെട്ടു. ഒന്നരവർഷത്തിനുള്ളിൽ ചായ്യോത്ത് മറ്റൊരു ഡ്രൈവിങ് സ്കൂളും തുറന്നു. മൂത്തമകളുടെ വിവാഹ സമയം അതു കൊടുക്കേണ്ടി വന്നു. 

മകളെ മോശക്കാരിയാക്കാൻ ശ്രമം...

മൂത്തമകൾ റിജിമോൾ (കസ്തൂരി) മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ ചെയ്തു. എനിക്കൊരു സഹായമാകുമല്ലോ എന്ന് കരുതിയാണ് അവളെ ആ കോഴ്സിൽ ചേർത്തത്. ഡ്രൈവിങ് നല്ല രീതിയിൽ നടന്നുപോകുന്നതിൽ പലർക്കും അസൂയയുണ്ടായിരുന്നു. ആദ്യം എന്നെക്കുറിച്ച് മോശമായി എഴുതിയ പേപ്പറുകൾ ഡ്രൈവിങ് ഗ്രൗണ്ടിൽനിന്നും കിട്ടി. ഞാനത് കാര്യമാക്കിയില്ല. പക്ഷേ പിന്നീട് മൂത്തമകളെക്കുറിച്ച് എഴുതിയിടാൻ തുടങ്ങി. അതെന്നെ വേദനിപ്പിച്ചു. അവളും ഒരുപാട് കരഞ്ഞു. എന്നെ തകർക്കുക എന്നതായിരുന്നു ലക്ഷ്യം. 

ഇത്തരം വൃത്തികെട്ട പണി ചെയ്യുന്നത് ആരെന്ന് കണ്ടെത്താൻ ഞാനും മക്കളും അർധരാത്രിയിൽ കല്ലും കത്തിയുമായി ഗ്രൗണ്ടിൽ പോയി ഇരുന്നിട്ടുണ്ട്. ഒറ്റയ്ക്ക് പെൺമക്കളെയും കൊണ്ട് ഇരിക്കുമ്പോൾ മനസ്സു നിറയെ പേടിയായിരുന്നു. പിന്നീട് ഗ്രൗണ്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചെങ്കിലും ആളെ കിട്ടിയില്ല. അതിനിടയ്ക്ക് കസ്തൂരിക്ക് നല്ലൊരു കല്ല്യാണ ആലോചന വന്നു. ഇനിയൊരു പേരുദോഷം അവൾക്ക് വരാൻ പാടില്ലെന്നും എങ്ങനെയെങ്കിലും അവളെ കെട്ടിച്ചുവിടണമെന്നും തോന്നി. പിന്നെ മകന്റെ സ്ഥാനത്ത് ഒരാൾ എത്തുമല്ലോ..മരുമകൻ ടുവീലർ മെക്കാനിക്ക് ആണ്. വിവാഹം ഉറപ്പിച്ചതോടെ ഞാൻ ആ വിഷയം തള്ളിക്കളഞ്ഞു.

പി. റീന മക്കൾക്കും മരുമകനുമൊപ്പം

പാർവതിയാണ് പ്രതീക്ഷ...

മൂത്തമകളെ കെട്ടിച്ചുവിട്ടതോടെ പിന്നീടുള്ള പ്രതീക്ഷ ഇളയമകൾ പാർവതിയിലായിരുന്നു. എറണാകുളത്ത് ഒരു വർഷത്തെ ഫാഷൻ ഡിസൈനിങ് കോഴ്സിനു വിട്ടു. മൂത്തയാളെ എന്റെ ഇഷ്ടത്തിനായിരുന്നു പഠിക്കാൻ വിട്ടത്. അതിൽ അവൾക്ക് വിഷമം ഉണ്ടായിരുന്നു. അതുകൊണ്ട് ചെറിയ മകളെ അവളുടെ ഇഷ്ടത്തിന് വിടുകയായിരുന്നു. കോഴ്സ് കഴിഞ്ഞതിനു ശേഷം എറണാകുളത്തെ പ്രമുഖ വസ്ത്രവ്യാപാര ശാലയിൽ ഫാഷൻ ഡിസൈനറായി ജോലി കിട്ടി. എന്നാൽ അവിടെ സെയിൽസ് ഉൾപ്പെടെയുള്ള ജോലികൾ അവളെക്കൊണ്ട് ചെയ്യിപ്പിച്ചു. ജോലിക്കിടയിൽ ഇരിക്കാനും അനുവദിക്കാറില്ല. മൂന്നുമാസത്തിനു ശേഷം ലീവിന് വന്ന അവളെ കണ്ടതും ഞാൻ കരഞ്ഞു. എല്ലുംതോലുമായി വന്നുനിൽക്കുന്നു. നല്ലപോലെ ക്ഷീണിച്ചു.. ഇനി അവളെ തിരിച്ചയയ്ക്കുന്നില്ലെന്ന് തീരുമാനിച്ചു. ശരീരം നന്നാക്കാനായി അവളെ ജിമ്മിലേക്ക് വിട്ടു.

പ്രതീക്ഷിക്കാത്ത വഴിത്തിരിവ്..

പാർവതി (ഇടത്)

ജിമ്മിൽ പോയി മൂന്നുമാസത്തിനുള്ളിൽ അവൾ ബോഡിബിൽഡിങ് മത്സരത്തിൽ പങ്കെടുത്തു. ഫിസിക്കിൽ രണ്ടാം സ്ഥാനം നേടി. അവൾ ഈ മേഖലയിൽ തിളങ്ങുമെന്ന് ഒരിക്കലും കരുതിയില്ല. പാർവതിയെ ഈ രംഗത്തേക്ക് ഇറക്കുന്നില്ലെന്ന് ആദ്യം തീരുമാനിച്ചെങ്കിലും അവളുടെ ഭാവി ഇതിലാണെന്ന് തോന്നി. പിന്നീട് നിരവധി ദേശീയ രാജ്യാന്തര മത്സരങ്ങളിൽ അവളെ പങ്കെടുപ്പിച്ചു. എല്ലായിടത്തും അവൾ വിജയിച്ചു.

പണമാണ് തടസ്സം...

വീട് വച്ചതിന്റെ കടങ്ങൾ ഉണ്ട്. ഒന്നും സമ്പാദിച്ചു വച്ചിട്ടില്ല. പണിയെടുത്തില്ലെങ്കിൽ ഒന്നുമില്ലാത്ത അവസ്ഥയാണ്. പുണെയിൽ നടന്ന വേൾഡ് ജൂനിയർ വനിതാ ബോഡി ഫിറ്റ്നസ് മത്സരത്തില്‍ പങ്കെടുക്കാനുള്ള പണം  നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ എന്റെ എസ്എസ്എൽസി ബാച്ചായ ‘പ്ലാറ്റിനം 1994–95’ പൂർവിദ്യാർഥി കൂട്ടായ്മയാണ് നൽകിയത്. റജിസ്ട്രേഷൻ ഫീസായ 20,000 രൂപയായിരുന്നു നൽകിയത്. പിന്നെ ചിട്ടി പിടിച്ചും മറ്റുമാണ് ബാക്കി ചെലവുകൾ നോക്കിയത്.

പുണെയിൽ നടന്ന മിസ്റ്റർ വേൾഡ് ജൂനിയർ വനിതാ ബോഡി ഫിറ്റ്നസിൽ മൂന്നാം സ്ഥാനവും മിസ്റ്റർ ഇന്ത്യ ബോഡി ഫിറ്റ്നസിലും മിസ്റ്റര്‍ ഇന്ത്യ വനിതാ ഫിസിക്കിലും രണ്ടാം സ്ഥാനവും നേടി. മത്സരത്തിനായി ഉപയോഗിച്ച ബിക്കിനി അവൾ സ്വയം നിർമ്മിച്ചതാണ്. മത്സരത്തിനുള്ള ബിക്കിനിയ്ക്ക് ഏകദേശം 15,000 രൂപയോളം വില വരും. ഇതോടെയാണ് അവൾ മെറ്റീരിയൽ വാങ്ങി സ്വയം ഡിസൈൻ ചെയ്യാൻ തീരുമാനിച്ചത്.

എന്തിനും അമ്മ കൂടെയുണ്ട്: പാർവതി

അമ്മയാണ് എന്നെ ബോഡിബിൽഡിങ് ഫീൽഡിൽ ഇറക്കിയത്. ഞാൻ സ്വപ്നത്തിൽ പോലും ഇതൊന്നും ചിന്തിച്ചിട്ടില്ല. മെലിഞ്ഞതു കാരണം ജിമ്മിൽ പോകാൻ അമ്മയാണ് പറഞ്ഞത്. എന്തു കാര്യത്തിനും അമ്മ കൂടെയുണ്ട്. ഓരോന്ന് പഠിക്കാനായി അമ്മ ഇങ്ങോട്ടാണ് പറയുന്നത്. മത്സരങ്ങൾക്കെല്ലാം അമ്മയ്ക്കൊപ്പമാണ് പോകുന്നത് 

വിമർശനങ്ങൾ നേരിടാൻ തയാർ

പാർവതി ബോഡി ബിൽഡിങ്ങിൽ ഇറങ്ങിയ കാര്യം ആളുകൾ അറിഞ്ഞു വരുന്നതേയുള്ളൂ. പാർവതി ജിമ്മിൽ പരിശീലിപ്പിക്കാൻ പോകുന്നുവെന്ന് അറിയാം. പക്ഷേ ഇത്രയും മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്ന് അറിയില്ല. ഇനിയാണ് വിമർശനങ്ങൾ അഭിമുഖീകരിക്കാൻ പോകുന്നത്. നേരത്തേ ഉണ്ടായ തിരിച്ചടികൾ പോലെ ഇനിയുമുണ്ടാകും. നേരിടാൻ തയാർ.

അപമാനം, അവഗണന...മുന്നോട്ട് മാത്രം

സ്വന്തമായി ജോലി ഇല്ല, മക്കളെ വളർത്താൻ കഴിവില്ല എന്നൊക്കെ വരുമ്പോഴാണ് മരണത്തെക്കുറിച്ച് ചിന്തിക്കുന്നത്. തുടക്കത്തില്‍ ഞാനും അത് തന്നെയല്ലെ ചിന്തിച്ചത്. എന്നെപ്പോലുള്ളവരോട് പറയാനുള്ളത് ഒന്നേയുള്ളൂ..‘ധൈര്യത്തിൽ മുന്നോട്ട് പോകുക’.

ഇളനീർ കച്ചവടം നടത്തുന്ന സമയത്ത് ഒരുപാടു പേർ മോശമായി സംസാരിച്ചിട്ടുണ്ട്. മദ്യപിച്ചെത്തി പലതും പറയുമായിരുന്നു. രണ്ടുമൂന്നുപേരെ തല്ലേണ്ടി വന്നിട്ടുണ്ട്. ഞാൻ വലിയ ധൈര്യമുള്ളവളൊന്നുമല്ല. പക്ഷേ അങ്ങനെയൊരു സന്ദർഭത്തിൽ തനിയെ ധൈര്യം വന്നു. 

പലരും മക്കളെ വിട്ട് പുതിയ ജീവിതം തേടി പോകുന്നവരുണ്ട്. എന്നാൽ ഞാൻ മക്കൾക്ക് വേണ്ടി മാത്രമാണ് ജീവിച്ചത്. ഇനിയും അങ്ങനെ തന്നെ. എന്ത് ജോലിയെടുക്കാനും തയാറാകണം. ഞാൻ ഇളനീർ കച്ചവടം ചെയ്തു, ബസ് ഓടിക്കാൻ പോയി, തേങ്ങപറിക്കാൻ പോയി. ഡ്രൈവിങ് പഠിപ്പിക്കാൻ പോയി..ആ സമയത്തൊക്കെ ആളുകൾ എന്തെല്ലാം പറഞ്ഞു. അതെല്ലാം ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ വിട്ടു. ഒരുപാട് കരയേണ്ട സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ എന്റെ മക്കൾ എന്നോടൊപ്പം ഉണ്ടായിരുന്നു. ഇന്ന് ആളുകൾ ഞങ്ങളെ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു.

English Summary: P Reena: Life story of first women bus driver in Malabar region