ആറ്റിങ്ങൽ ബസ് സ്റ്റാൻഡിനു സമീപമുള്ള ജൂസ് കടയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒരാൾ സ്ഥിരമായി ഉണ്ടായിരുന്നു. വെളുത്ത ഷർട്ടും മുണ്ടും വേഷം. നരച്ച താടിയും മുടിയുമുള്ള ശാന്തപ്രകൃതനായ വയോധികൻ. പലവിധ പഴച്ചാറുകൾ വിൽക്കുന്ന ഇയാളെ നഗരത്തിൽ വന്നുപോകുന്നവരാരും പെട്ടെന്നു തിരിച്ചറിഞ്ഞിരിക്കില്ല. ജീവപര്യന്തം ശിക്ഷയനുഭവിക്കവെ.. | Manichan | Kalluvathukkal Liquor Tragedy | Kalluvathukkal Hooch Tragedy | Manorama News

ആറ്റിങ്ങൽ ബസ് സ്റ്റാൻഡിനു സമീപമുള്ള ജൂസ് കടയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒരാൾ സ്ഥിരമായി ഉണ്ടായിരുന്നു. വെളുത്ത ഷർട്ടും മുണ്ടും വേഷം. നരച്ച താടിയും മുടിയുമുള്ള ശാന്തപ്രകൃതനായ വയോധികൻ. പലവിധ പഴച്ചാറുകൾ വിൽക്കുന്ന ഇയാളെ നഗരത്തിൽ വന്നുപോകുന്നവരാരും പെട്ടെന്നു തിരിച്ചറിഞ്ഞിരിക്കില്ല. ജീവപര്യന്തം ശിക്ഷയനുഭവിക്കവെ.. | Manichan | Kalluvathukkal Liquor Tragedy | Kalluvathukkal Hooch Tragedy | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറ്റിങ്ങൽ ബസ് സ്റ്റാൻഡിനു സമീപമുള്ള ജൂസ് കടയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒരാൾ സ്ഥിരമായി ഉണ്ടായിരുന്നു. വെളുത്ത ഷർട്ടും മുണ്ടും വേഷം. നരച്ച താടിയും മുടിയുമുള്ള ശാന്തപ്രകൃതനായ വയോധികൻ. പലവിധ പഴച്ചാറുകൾ വിൽക്കുന്ന ഇയാളെ നഗരത്തിൽ വന്നുപോകുന്നവരാരും പെട്ടെന്നു തിരിച്ചറിഞ്ഞിരിക്കില്ല. ജീവപര്യന്തം ശിക്ഷയനുഭവിക്കവെ.. | Manichan | Kalluvathukkal Liquor Tragedy | Kalluvathukkal Hooch Tragedy | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റ്റിങ്ങൽ ബസ് സ്റ്റാൻഡിനു സമീപമുള്ള ജൂസ് കടയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒരാൾ സ്ഥിരമായി ഉണ്ടായിരുന്നു. വെളുത്ത ഷർട്ടും മുണ്ടും വേഷം. നരച്ച താടിയും മുടിയുമുള്ള ശാന്തപ്രകൃതനായ വയോധികൻ. പലവിധ പഴച്ചാറുകൾ വിൽക്കുന്ന ഇയാളെ നഗരത്തിൽ വന്നുപോകുന്നവരാരും പെട്ടെന്നു തിരിച്ചറിഞ്ഞിരിക്കില്ല. ജീവപര്യന്തം ശിക്ഷയനുഭവിക്കവെ ജയിലി‍ൽനിന്നു പരോളിനിറങ്ങിയ പ്രതിയായിരുന്നു അയാൾ. കേരളം ഇന്നും ഞെട്ടിത്തരിക്കുന്ന കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി; ചന്ദ്രൻ എന്ന മദ്യരാജാവ് മണിച്ചൻ!

പൂജപ്പുര സെൻട്രൽ ജയിലിലായിരുന്ന മണിച്ചൻ ശാന്തസ്വഭാവക്കാരനായതിനാൽ നെട്ടുകാൽത്തേരി തുറന്ന ജയിലിലാണിപ്പോൾ. ജയിലിലെ മികച്ച കർഷകനാണെന്നാണ് അധികൃതരുടെ സാക്ഷ്യം. 2000 ഒക്ടോബറിൽ 31 പേർ മരിക്കുകയും (അനൗദ്യോഗിക കണക്ക് ഇതിലും കൂടും) 6 പേർക്ക് കാഴ്ച നഷ്ടമാകുകയും 500 പേർ ചികിത്സ തേടുകയും ചെയ്ത മദ്യദുരന്തക്കേസിലെ ഏഴാം പ്രതി. ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട മണിച്ചനെ 20 വർഷം തടവു പൂർത്തിയാക്കിയെന്ന കാരണം ചൂണ്ടിക്കാട്ടി ജയിൽമോചിതനാക്കാൻ ഒരുങ്ങുകയാണു സർക്കാർ. മന്ത്രിസഭയുടെ ശുപാർശ അംഗീകാരത്തിനായി ഗവർണർക്ക് സമർപ്പിച്ചിരിക്കുന്നു.

ADVERTISEMENT

മദ്യദുരന്തക്കേസിലെ പ്രതിയായതിനാൽ മണിച്ചന്റെ ജയിൽമോചനമെന്ന ആവശ്യത്തിൽ രാജ്ഭവൻ ഉടനടി തീരുമാനമെടുക്കാൻ തയാറല്ല. മൂന്നാഴ്ചയായിട്ടും ഗവർണറുടെ അംഗീകാരം കാത്തുകിടക്കുകയാണ് ഈ ഫയൽ. മണിച്ചന്റെ സഹോദരങ്ങളായ കൊച്ചനി, മണികണ്ഠൻ എന്നിവർക്ക് ശിക്ഷാ ഇളവ് നൽകി കഴിഞ്ഞവർഷം വിട്ടയച്ചിരുന്നു. ഇതിനിടെ, നാലു മാസമായിട്ടും ജയിൽ ഉപദേശകസമിതി തീരുമാനം വൈകുന്നത് എന്താണെന്ന ചോദ്യവുമായി സുപ്രീംകോടതിയും രംഗത്തെത്തി. തീരുമാനം ഇനിയും വൈകിയാൽ ഇടക്കാല ഉത്തരവിറക്കുമെന്നു കോടതി വ്യക്തമാക്കി. ഫയലുകൾ മുദ്രവച്ച കവറിൽ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്.

ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ, ഇന്നും അതിന്റെ തീരാവേദനകൾ പേറുന്ന കല്ലുവാതുക്കൽ മദ്യദുരന്തം ഈ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയാവുകയാണ്. വ്യാജമദ്യ നിർമാണത്തിനായി ഭൂഗർഭ അറകൾ, മാസപ്പടി പറ്റുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും, ലഹരിക്കായി ആർത്തിരമ്പിയെത്തി മരണം പുൽകിയ സാധാരണക്കാർ... ഓർക്കുമ്പോഴെല്ലാം സങ്കടവും നിസ്സഹായതയും നുരഞ്ഞുപൊന്തുന്ന പേരാണു കല്ലുവാതുക്കൽ; ഒരിക്കലും മറക്കരുതാത്തൊരു പേരുമാണത്.

∙ ഇടവഴിയിൽ ലഹരിയൊഴുകിയ കാലം

നാട്ടിലെ വഴികളായ വഴികളൊക്കെ ലഹരിയിൽ പുളഞ്ഞ ഒരു കാലമുണ്ടായിരുന്നു കല്ലുവാതുക്കലിന്. ചാരായ നിരോധനത്തെ നിഗൂഢതകളുടെ മതിൽക്കെട്ടുകൾകൊണ്ടു ഫലപ്രദമായി ചെറുത്തുനിന്ന കാലം. മതിലിനു പുറത്ത് ‘താ, താ..’ എന്നു കരഞ്ഞുവിളിച്ച് ആളുകൾ വീണ്ടുംവീണ്ടും തടിച്ചുകൂടിയ കാലം. നാട്ടിലെ ചോരയും നീരുമുള്ള യുവാക്കളുടെ ആസക്‌തിക്കു മുകളിൽ ലാഭക്കൊതിയൻമാർ ഈച്ചകളെ പോലെ പൊതിഞ്ഞത് അപ്പോഴാണ്. കുറെയേറെപ്പേർ ലഹരിയിൽ മുങ്ങിയപ്പോൾ, കുറച്ചുപേർ ലഹരിപ്പണത്താൽ ധനാഢ്യരായി.

ADVERTISEMENT

പക്ഷേ, ഒരു ദിവസം അതു സംഭവിച്ചു. മദ്യത്തിൽ വിഷം കലർന്നു; മരണത്തിനു ലഹരി പിടിച്ചെന്നു നാട്ടുകാർ വാവിട്ടു കരഞ്ഞു. രണ്ടു പതിറ്റാണ്ടു മുൻപത്തെ ഒക്ടോബറിൽ മരണം കല്ലുവാതുക്കലിലെ വീടുകൾക്കു മുന്നിൽ മുട്ടിവിളിച്ചു കൊണ്ടേയിരുന്നു. ഒട്ടേറെ വീടുകളുടെ ജീവന്റെ വിളക്കണഞ്ഞു. നാടിനെയാകെ വിഷം തീണ്ടിയ നാളുകൾ. ആൾക്കൂട്ടത്തെ പകുത്തു തെക്കോട്ടു പായുന്ന ആംബുലൻസുകളുടെ സൈറനുകൾ ആകാശത്ത് അലയടിച്ചു. കല്ലുവാതുക്കൽ, കൊട്ടാരക്കര, പള്ളിക്കൽ, പട്ടാഴി, പള്ളിപ്പുറം... നാടുകളുടെ നാഡികൾ വിഷമേറ്റു തളർന്നു. അത്രയേറെ വീടുകളിൽനിന്ന് ഒരേസമയം നിലവിളി ഉയർന്നു.

കല്ലുവാതുക്കൽ വിഷമദ്യ ദുരന്തത്തിൽ പെട്ടവരുടെ ബന്ധുക്കളുടെ വിലാപം. ഫയൽ ചിത്രം: മനോരമ

വ്യാജമദ്യം വിഷക്കാറ്റൂതിയ രണ്ടുമൂന്നു രാപകലുകൾ. കല്ലുവാതുക്കലിൽ കാത്തുനിന്ന പൊലീസ് സംഘത്തിന്റെ വയർലെസ് സെറ്റുകളിൽ മരണ സന്ദേശങ്ങൾ വന്നുകൊണ്ടിരുന്നു. അടുത്തു നിന്നവർ കാതു കൂർപ്പിച്ചു. ആരായിരിക്കും? തളർന്ന ശരീരവും പകച്ച കണ്ണുകളുമായി ഉറ്റവരുടെ കൈകളിൽ കിടന്നു മെഡിക്കൽ കോളജിലേക്കു പോയ പലരും യാത്ര പൂർത്തിയാക്കിയില്ല. ആദ്യം കീഴടങ്ങിയതു കൗസല്യയും പ്രഭാകരനും. 2000 ഒക്‌ടോബർ 21ന് ആയിരുന്നു അത്. പിറ്റേന്നു പുലരുമ്പോഴേക്കും പല ഭാഗത്തായി വിഷം ദുർബലമാക്കിയ ശരീരങ്ങളിലെ ജീവനറ്റു. ഇല്ലാതായവരിൽ ഏറെയും കോളനികളിലെ അരപ്പട്ടിണിക്കാർ.

വിഷമദ്യം കഴിച്ചവർ ചികിത്സ തേടണമെന്ന് അറിയിച്ചു പൊലീസും നാട്ടുകാരും മുക്കുംമൂലയും കയറിയിറങ്ങി. എങ്ങും തറയ്‌ക്കാത്ത കണ്ണുകളുമായിരിക്കുന്നവരെ പിടിച്ചുകുലുക്കി ഉറ്റവർ ചോദിച്ചു: ‘കുടിച്ചോ?’ പലരും ആധിയോടെ സമ്മതിച്ചു. ചിലർ ഒഴിഞ്ഞു മാറി. പിന്നെയും ചിലർ സ്വയം പഴിക്കുന്ന ചുണ്ടുകളോടെ ജീവിതം വിട്ടകന്നു. വിഷം നൽകി കുടുംബങ്ങളെ അനാഥമാക്കിയവരെ അമ്മമാർ ഇരുകൈകളും തലയിൽവച്ചു ശപിച്ചു. ആശുപത്രികളിലേക്ക് ഓടിയെത്തിയ സ്‌ത്രീകൾ നിസ്സഹായരായി വിലപിച്ചു. ഒന്നുമറിയാതെ കുഞ്ഞുങ്ങളും പൊട്ടിക്കരഞ്ഞു.

തലചുറ്റൽ, ഛർദി, തളർച്ച... തുടക്കം അങ്ങനെയായിരുന്നു. പതിവായി കഴിക്കുന്ന ‘സാധന’ത്തിന് എന്താണിന്നൊരു കടുപ്പം? വീര്യം കൂടിയതാവാം, മാറിക്കൊള്ളും. കഴിച്ചവരെല്ലാം ആശ്വാസം കൊണ്ടത് അങ്ങനെയാണ്. പലരും ഉറക്കത്തിലെപ്പോഴോ വിഷത്തിന് അടിയറവ് പറഞ്ഞു. ചിലർ ആശുപത്രി വരെയെത്തി. തളർന്നുവീണവരെ ആശുപത്രിയിലാക്കാൻ പാഞ്ഞുനടന്ന പലരും വിഷം അവരിലും തല പൊക്കുന്നെന്നു പിന്നീടറിഞ്ഞു. ദുരന്തത്തിൽ മരിച്ച ഗിരീഷ് കുമാർ ആദ്യം മറ്റുള്ളവരെ ആശുപത്രിയിലെത്തിക്കാൻ ഓടിനടന്നതാണ്.

ADVERTISEMENT

‘ഞാൻ ഇന്നലെ രണ്ടു ഗ്ലാസ് കുടിച്ചു. പക്ഷേ കുഴപ്പമൊന്നുമില്ല’– രാവിലെ ഇതു പറഞ്ഞയാൾ ഉച്ചയോടെ ആശുപത്രിയിലായി. മദ്യപിച്ചതു നാട്ടുകാരറിയുമല്ലോ എന്നോർത്തു മിണ്ടാതിരുന്നവർക്കും വൈകിയാണു ചികിത്സ കിട്ടിയത്. കവലകളിലെ അടഞ്ഞ കടകൾക്കും ഭയപ്പാടു നിറഞ്ഞ വീടുകൾക്കും നടുവിൽ ജനം കാത്തുനിന്നു. ലഹരിക്കച്ചവടം ഇത്രയും വേരു പടർത്തിയിട്ടും കണ്ണടച്ച പൊലീസും എക്‌സൈസും നാട്ടുകാരുടെ നാവിന്റെ എരിവറിഞ്ഞു. സ്ഥലത്തെത്തിയ എക്‌സൈസ് മന്ത്രി ടി.ശിവദാസ മേനോനെ തടഞ്ഞു ജനം തിരിച്ചയച്ചു. മദ്യലോബിയും രാഷ്‌ട്രീയക്കാരും പൊലീസും എക്‌സൈസും ചേർന്നുണ്ടാക്കിയ വിഷലിപ്‌ത കൂട്ടുകെട്ടിനെതിരെ ജനരോഷം ഇരമ്പി.

∙ മാടക്കടയിൽനിന്ന് മദ്യരാജാവിലേക്ക്

ചിറയിൻകീഴ് പണ്ടകശാല പാലത്തിനു സമീപത്തെ മാടക്കടയിൽ ചാരായക്കച്ചവടം നടത്തിയായിരുന്നു മണിച്ചന്റെ തുടക്കം. ചാരായനിരോധനത്തിനുശേഷം ‘ബിസിനസ്’ തഴച്ചുവളർന്നു. പിന്നീട് വർഷങ്ങളോളം കൂന്തള്ളൂർ എന്ന ഗ്രാമത്തിലെ കിരീടം വയ്ക്കാത്ത രാജാവായി മണിച്ചൻ. ദുരന്തത്തിനു കാരണമായ മദ്യമൊഴുകിയതു മണിച്ചന്റെ ചിറയിൻകീഴിലെ ഗോഡൗണിൽനിന്നാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. മണിച്ചന് അളവറ്റ സമ്പത്തുണ്ടായിരുന്നു. വീടുകൾ, വാഹനങ്ങൾ, ഗോഡൗണുകൾ.... ഇന്ന് സ്വത്തുക്കളെല്ലാം നഷ്ടപ്പെട്ടെന്നു ബന്ധുക്കൾ പറയുന്നു.

മാർബിൾ പാളികൾ പതിച്ച വലിയ വീടായ റാണിവില്ലയിലായിരുന്നു മണിച്ചനും കുടുംബവും കഴിഞ്ഞിരുന്നത്. കൂന്തള്ളൂരിൽ മദ്യദുരന്തത്തിനു മുൻപുള്ള ഏറ്റവും വലിയ സംഭവമായിരുന്നു മണിച്ചന്റെ മകളുടെ വിവാഹം. രാഷ്ട്രീയക്കാരും സിനിമാതാരങ്ങളും ഉൾപ്പെടെ പ്രമുഖരുടെ വൻപട ചടങ്ങിൽ പങ്കെടുത്തു. പിന്നീടതു വൻവിവാദവുമായി. വിവാഹ മാമാങ്കത്തിന്റെ 40–ാം നാളിലായിരുന്നു മദ്യദുരന്തം. വീടിനു സമീപമാണ് മണിച്ചന്റെ പഴയ ഗോഡൗൺ. പാട്ടത്തിനെടുത്ത പുരയിടത്തിൽ ഹോളോബ്രിക്സ് ഫാക്ടറിയുടെ മറവിൽ സ്പിരിറ്റ് ശേഖരിച്ചിരുന്ന കെട്ടിടം.

മണിച്ചന്റെ വീട് (ഫയൽ ചിത്രം)

കൂറ്റൻ മഞ്ഞഗേറ്റും മതിലുമുള്ള പുരയിടം. ദുരന്തത്തിനു ശേഷം പൊലീസ് കാവലുണ്ടായിട്ടും ഇവിടെയുള്ള ഗോഡൗണിലെ ബാക്കി സ്പിരിറ്റ് കാണാതായതും വാർത്തയായിരുന്നു. തെളിവുകളൊന്നും പെട്ടെന്നു കണ്ടെത്താനാകാത്ത രീതിയിലായിരുന്നു മണിച്ചന്റെ പ്രവർത്തനം. അന്വേഷണ സംഘത്തെ കുഴക്കിയതും അതായിരുന്നു. ഒരാൾക്കുപോലും പ്രത്യക്ഷത്തിൽ കണ്ടുപിടിക്കാനാവാത്ത ഭൂഗർഭ അറയിലെ സ്പിരിറ്റ് ശേഖരം പൊലീസ് മനസ്സിലാക്കിയതു സാഹസികമായാണെന്ന് പ്രത്യേക അന്വേഷണ സംഘത്തലവനായിരുന്ന അന്നത്തെ ഐജി സിബി മാത്യു ഉൾപ്പെടെയുള്ളവർ പറഞ്ഞിട്ടുണ്ട്.

‘‘ഈ കേസിൽ അബ്‌കാരികളുമായി നടത്തിയത് തുറന്ന യുദ്ധമാണ്. പൊലീസിലും എക്‌സൈസിലും പലരും സൃഷ്‌ടിച്ച തടസ്സങ്ങളെ അതിജീവിച്ചാണ് അന്വേഷണം പൂർത്തിയാക്കിയത്. അന്വേഷണത്തിന്റെ തുടക്കം മുതൽ തെളിവു നശിപ്പിക്കാനും അന്വേഷണ ഉദ്യോഗസ്‌ഥർക്കെതിരെ വ്യാജ ആരോപണം ഉന്നയിക്കാനും ശ്രമമുണ്ടായി. മണിച്ചന്റെ സുഹൃത്തുക്കളായ പൊലീസ്– എക്‌സൈസ് ഉദ്യോഗസ്‌ഥരും രാഷ്‌ട്രീയക്കാരുമായിരുന്നു പിന്നിൽ. രാഷ്‌ട്രീയമല്ല, സാമ്പത്തിക നേട്ടമായിരുന്നു അവരുടെ ലക്ഷ്യം. എല്ലാം നൽകി അവരെ സഹായിച്ചത് അബ്‌കാരികളാണ്. അവരുടെ താത്‌പര്യം സംരക്ഷിക്കാൻ കേസിൽ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്‌തു.

സർക്കാർ തലത്തിൽ സ്വാധീനമുണ്ടായില്ല. കുറ്റക്കാരായ ഉദ്യോഗസ്‌ഥരുടെ പേരിൽ കേസെടുത്തിട്ടുണ്ട്. കള്ളുഷാപ്പുകളിലൂടെയും മറ്റും വിതരണം ചെയ്യാൻ പുറത്തുനിന്നു വൻതോതിൽ സ്‌പിരിറ്റ് കടത്തിക്കൊണ്ടു വന്നെന്ന വാദം കോടതി അംഗീകരിച്ചതു പ്രോസിക്യൂഷന്റെ വിജയമാണ്. ഇത്തരം കേസിൽ ആദ്യമായാണു കൊലക്കുറ്റം. ഇതു തെളിയിക്കുക പ്രയാസമായിരുന്നു. ഗൂഢാലോചനയും തെളിയിക്കാൻ ബുദ്ധിമുട്ടായിരുന്നു. താൻ അബ്‌കാരി കരാറുകാരനല്ലെന്നാണ് മണിച്ചൻ പറഞ്ഞിരുന്നത്. ഷാപ്പുകൾ ലേലം കൊള്ളാൻ മണിച്ചൻ നൽകിയ ബാങ്ക് വായ്‌പാ അപേക്ഷയാണു തെളിവായത്.’’– സിബി മാത്യുവിന്റെ വാക്കുകൾ.

Photo Credit : Axel Bueckert / Shutterstock.com

∙ ഭൂഗർഭ അറ, 18 ടാങ്കുകൾ; അതീവ രഹസ്യം

ഇത്രയേറെ പേരുടെ ജീവൻ നഷ്ടമായ സംഭവമായിട്ടും കേസിൽ തെളിവുതരാൻ ആരും മുന്നോട്ടുവരാത്തതു പൊലീസിനെ കുഴപ്പിച്ചു. മണിച്ചനോടും കൂട്ടാളികളോടുമുള്ള ഭയം തന്നെയായിരുന്നു കാരണം. ഇതിനിടെ, വഞ്ചിയൂരുള്ള മണിച്ചന്റെ ഗോഡൗണിൽനിന്നു കന്നാസുകൾ കിട്ടി. അതിൽ സ്പിരിറ്റിന്റെയും വിഷാംശമായ മീതൈൽ ആൽക്കഹോളിന്റെയും അംശം കണ്ടെത്തി. ആറു വാഹനങ്ങളും പിടികൂടി. സ്പിരിറ്റും അഴുക്കും ചേർന്ന് ഇതിൽ പറ്റിപ്പിടിച്ചിരുന്നു. 2000 നവംബർ 18ന് മണിച്ചന്റെ വീട്ടിൽനിന്ന് 500 മീറ്റർ അകലെയുള്ള ഗോഡൗണിൽ പരിശോധന നടന്നു. ഇവിടെ മൊത്തം സിമന്റ് ചെയ്തോ കോൺക്രീറ്റ് ചെയ്തോ ഉറപ്പിച്ചിരിക്കുകയാണ്. മൂന്നുമീറ്റർ വരെ ഉയരത്തിൽ മതിലും കെട്ടിയിട്ടുണ്ട്.

മണിച്ചന്റെ ഗോഡൗണുകളിലൊന്നിന്റെ ഗേറ്റ്.

രാത്രി ഇവിടേക്കു ലോറികൾ വരുന്നുണ്ടെന്നും സ്പിരിറ്റ് ശേഖരമുണ്ടെന്നും മനസ്സിലായതോടെയാണു ഈ ഭാഗം കേന്ദ്രീകരിച്ച് അന്വേഷിക്കാൻ തയാറായതെന്ന് അന്നത്തെ ഡിവൈഎസ്പി കെ.കെ.ജോഷ്വ പറയുന്നു. സ്പിരിറ്റ് ശേഖരം എവിടെയാണെന്നു പക്ഷേ മനസ്സിലായില്ല. ഒരു ഭാഗത്ത് മൂന്നു ലോഡോളം മെറ്റൽ ചിപ്സും മണലും കൂട്ടിയിട്ടിരിക്കുന്നതു കണ്ടു. ഫാക്ടറിയിൽ ഉപയോഗിക്കുന്ന കൂടം ഉപയോഗിച്ച് അന്വേഷണ സംഘത്തിലെ ഒരാൾ തറയിൽ ഇടിച്ചുനോക്കി. ചിലയിടത്തു ശബ്ദവ്യത്യാസം. ഇതോടെ കോൺക്രീറ്റ് പൊളിക്കാനാരംഭിച്ചു. ശ്രമകരമായിരുന്നതിനാൽ ചെറിയ ദ്വാരമുണ്ടാക്കി.

രാത്രി 11 മണി കഴിഞ്ഞു. ഇരുട്ടായതിനാൽ തീപ്പെട്ടിക്കൊള്ളിയുരച്ചു നോക്കാൻ ആരോ ശ്രമിച്ചെങ്കിലും വേണ്ടെന്നു വച്ചു. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഒരു പ്രദേശമാകെ കത്തിച്ചാമ്പലാകുമായിരുന്നു. സ്പിരിറ്റിന്റെ മണമുയർന്നു. ടോർച്ച് തെളിച്ചാണു നോക്കിയത്. ഭൂഗർഭ അറയിൽ 5,000 ലീറ്റർ വീതം കൊള്ളുന്ന 18 ടാങ്കുകളിലായിരുന്നു സ്പിരിറ്റ് ശേഖരം. പിറ്റേന്ന് ജെസിബി കൊണ്ടുവന്ന് അറ പൊളിച്ചു. അപ്പോഴാണു നാട്ടുകാർ അങ്ങോട്ട് എത്തിനോക്കാൻ ധൈര്യം കാട്ടിയത്. അറയിൽ ഇറങ്ങാതെ സ്പിരിറ്റ് നിറയ്ക്കാനും എടുക്കാനും കഴിയുമായിരുന്നു. കൂട്ടിയിട്ട മെറ്റൽ ചിപ്സിനടിയിലെ പിവിസി പൈപ്പ് വഴിയാണ്, സ്പിരിറ്റ് ടാങ്കറിൽനിന്നു ടാങ്കുകളിലേക്ക് കയറ്റുന്നതും എടുക്കുന്നതും.

അറ മുഴുവൻ കെട്ടിയടച്ചിരുന്നു. പണിതതിനുശേഷം പൊലീസ് പൊളിക്കുന്നതുവരെ ആരും അതിൽ ഇറങ്ങിയിട്ടില്ല. അടിയന്തര സാഹചര്യത്തിൽ ഇറങ്ങാനായി ഒരുഭാഗത്ത് രണ്ടുഭിത്തി കെട്ടിയിരുന്നു. ഇതിലൊന്ന് പൊളിച്ചാൽ താഴേക്ക് കോവണിയിറങ്ങിച്ചെല്ലാം. ജെസിബി ഉപയോഗിച്ചു പൊളിച്ചശേഷമാണു പൊലീസ് ഇതറിഞ്ഞത്. പിറ്റേന്നു രാവിലെ അറ പൊളിച്ചു. പിന്നീട് അറസ്റ്റിലായ മണിച്ചൻതന്നെയാണ് സ്പിരിറ്റ് ഒളിപ്പിക്കുന്നതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നതും വെല്ലുവിളിയായിരുന്നു.

തെളിവുശേഖരണം കഴിഞ്ഞപ്പോഴേക്കും 90 ദിവസമാകാറായി. മൂന്നു ദിവസം ഒറ്റയിരുപ്പിൽ കുറ്റപത്രം എഴുതിത്തീർത്തു. കോടതി അവസാനിക്കുന്നതിന് 15 മിനിറ്റ് മാത്രം മുൻപാണ് ഓടിപ്പാഞ്ഞെത്തി കുറ്റപത്രം സമർപ്പിച്ചത്. മുഖ്യപ്രതി മണിച്ചൻ ഉൾപ്പെടെയുള്ളവരെ വിചാരണ നടത്തിയ ഒന്നാംഘട്ടത്തിൽ ആർ.സുഗതനായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ. രണ്ടാംഘട്ട കേസിൽ പ്രോസിക്യൂഷനു ചുക്കാൻ പിടിച്ചത് അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജാണ്.

ആറ്റിങ്ങലിനടുത്ത് വഞ്ചിയൂർ കടവിളയിൽ മണിച്ചന്റെ ഗോഡൗണിൽ പൊലീസ്–എക്സൈസ് അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ കോൺക്രീറ്റ് അറ ഇൻസെറ്റിൽ മണിച്ചൻ.

∙ ‘അബ്‌കാരിയല്ല, പലിശക്കാരൻ മാത്രം’

അബ്‌കാരി കച്ചവടവുമായി യാതൊരു ബന്ധവുമില്ലെന്നും പലിശക്കാരൻ മാത്രമാണെന്നുമാണു മണിച്ചൻ കോടതിയിൽ പറഞ്ഞത്. കേസിന്റെ വിചാരണയിൽ പ്രതികൾക്ക് അവസാനമായി കോടതിയെ എന്തെങ്കിലും ബോധിപ്പിക്കാനുള്ള അവസരത്തിലായിരുന്നു മണിച്ചന്റെ പ്രതികരണം. തനിക്ക് അബ്‌കാരി ബിസിനസോ സ്‌പിരിറ്റ് കച്ചവടമോ ഇല്ലെന്ന് അറിയിച്ച മണിച്ചൻ, വർഷങ്ങൾക്കുമുൻപ് ചാരായക്കച്ചവടം നടത്തിയിരുന്നതായി സമ്മതിച്ചു. ചിലർക്ക് പണം പലിശയ്‌ക്കു നൽകിയിട്ടുണ്ട്. ആദായനികുതി ഉദ്യോഗസ്‌ഥർ റെയ്‌ഡ് നടത്തി രേഖകൾ കണ്ടെത്തിയെന്നു പറയുന്ന ‘ഉഷസ്’ കെട്ടിടം, ഗോഡൗൺ, താബുക്ക് ഫാക്‌ടറി എന്നിവ സ്വന്തമല്ലെന്നും കൈവശാവകാശം പോലുമില്ലെന്നും മണിച്ചൻ പറഞ്ഞു.

വിധി പ്രസ്താവിക്കുമ്പോൾ, അക്ഷോഭ്യനായി നിന്ന മണിച്ചൻ, ശിക്ഷയുടെ കാഠിന്യമറിഞ്ഞപ്പോൾ പൊലീസുകാർക്കെതിരെ പൊട്ടിത്തെറിച്ചു. തന്നെ പൊലീസ് മനപ്പൂർവം കുടുക്കുകയായിരുന്നുവെന്ന് ആരോപിച്ചു. മണിച്ചന് 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം. ഗൂഢാലോചന, ഗൂഢാലോചനയ്ക്ക് കൂട്ടുനിൽക്കൽ, കാഴ്ച നഷ്ടപ്പെടുത്തൽ, ചാരായത്തിൽ വിഷം കലർത്തൽ, തെളിവ് നശിപ്പിക്കൽ, സ്പിരിറ്റ്‌ കടത്തൽ, ചാരായ വിൽപന തുടങ്ങിയ കുറ്റങ്ങൾക്കും ശിക്ഷ കിട്ടി.

ആദ്യഘട്ട വിചാരണയിൽ മണിച്ചൻ, കല്ലുവാതുക്കൽ താത്ത (ഹയറുന്നിസ), കൊച്ചനി, വിനോദ്, പള്ളിക്കൽ സുരേഷ്, അന്തമൺ മനോഹരൻ, സജീന്ദ്രൻ തുടങ്ങി എട്ടു പേർക്കായിരുന്നു ജീവപര്യന്തം തടവ്. രണ്ടാംഘട്ട വിചാരണയിൽ മണിച്ചന്റെ ഭാര്യ ഉഷ, ബന്ധു സുഗതൻ തുടങ്ങിയവരെയും ശിക്ഷിച്ചു. വിഷം കലർന്ന സ്‌പിരിറ്റ് കഴിച്ചു നിരവധി പേർ മരിക്കുകയും കാഴ്‌ച നഷ്‌ടപ്പെടുകയും ചെയ്‌ത കേസിൽ ചിറയിൻകീഴിലെ ഷാപ്പ് ലൈസൻസികളായിരുന്നു ഉഷയും സുഗതനും. താത്തയ്‌ക്കു ജീവപര്യന്തവും 7.35 ലക്ഷം പിഴയുമായിരുന്നു ശിക്ഷ.

മണിച്ചൻ (ഫയൽ ചിത്രം)

മണിച്ചനാണ് ഏറ്റവും വലിയ ശിക്ഷ കിട്ടിയത്– ജീവപര്യന്തം തടവും 30.45 ലക്ഷം രൂപ പിഴയും. മണിച്ചനു ജീവപര്യന്തം കൂടാതെ 43 വർഷം തടവും അഡീഷനൽ ഡിസ്‌ട്രിക്‌ട് ആൻഡ് സെഷൻസ് ജഡ്‌ജി കെ.ചന്ദ്രദാസ് നാടാർ വിധിച്ചു. ശിക്ഷ ഒരേകാലത്ത് അനുഭവിച്ചാൽ മതി. ജീവപര്യന്തം ജീവിതാവസാനം വരെയാണെന്നും വിചാരണ ചെയ്ത കൊല്ലം അഡീഷനൽ സെഷൻസ് കോടതി എടുത്തുപറഞ്ഞു. ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും മണിച്ചന്റെ ശിക്ഷ ഇളവു ചെയ്തില്ല.

മണിച്ചന്റെ സഹോദരങ്ങളായ വിനോദ് കുമാർ, മണികണ്ഠൻ (കൊച്ചനി) എന്നിവരെ ജീവപര്യന്തം ശിക്ഷയിൽ ഇളവു നൽകി ജയിലിൽനിന്ന് 2021 ൽ വിട്ടയച്ചിരുന്നു. സംസ്ഥാന ജയിൽ ഉപദേശക സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. 20 വർഷം വിനോദും മണികണ്ഠനും ജയിലിലായിരുന്നു. ഇതിനിടയിൽ വിനോദിന് 8 വർഷത്തെയും മണികണ്ഠന് 9 വർഷത്തെയും ശിക്ഷാഇളവ് ലഭിച്ചു. ജീവപര്യന്തം ശിക്ഷയിൽ ഇളവു നൽകണമെന്ന വിനോദ് കുമാറിന്റെ ആവശ്യം 9 തവണയും മണികണ്ഠന്റേത് 12 തവണയും ജയിൽ ഉപദേശകസമിതി നിരസിച്ചിരുന്നു.

തുടർന്ന്, ഇരുവരുടെയും ഭാര്യമാർ സുപ്രീംകോടതിയെ സമീപിച്ചു. ജയിൽ ഉപദേശക സമിതിയോടു തീരുമാനമെടുക്കാൻ സുപ്രീംകോടതി നിർദേശിച്ചു. മദ്യവ്യാപാരത്തിൽ ഏർപ്പെടില്ലെന്ന ഉറപ്പു വാങ്ങി ജയിൽ മോചിതരാക്കാമെന്ന നിർദേശമാണു ജയിൽ ഉപദേശക സമിതി നൽകിയത്. ശിക്ഷ അനുഭവിച്ച കാലയളവിൽ ഇരുവരും ജയിലിൽ പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ല. ഇതുവരെയുണ്ടായിരുന്ന ജീവിത രീതികൾ മാറ്റണമെന്ന ചിന്ത രണ്ടുപേരിലുമുണ്ട്. പുതിയ ജീവിതം സാധ്യമാക്കാനുള്ള അവസരം രണ്ടുപേർക്കും നൽകണമെന്നുമായിരുന്നു ഉപദേശക സമിതിയുടെ ശുപാർശ.‌

ഹയറുന്നിസയുടെ വീട് (ഫയൽ ചിത്രം: മനോരമ)

∙ ‘മർമമറിഞ്ഞ’ കല്ലുവാതുക്കൽ താത്ത

ചാരായ വിൽപനയുടെ ‘മർമമറിഞ്ഞ’ കച്ചവടക്കാരി എന്ന നിലയിലാണു ഹയറുന്നിസ എന്ന താത്തയെ നാടറിഞ്ഞത്. വീട്ടിൽ ലഹരി തേടിയെത്തുന്നവർക്കായി ഒരുക്കിയ സൗകര്യങ്ങൾ അക്കാലത്തുതന്നെ ചർച്ചയുമായി. കല്ലുവാതുക്കൽ ദുരന്തത്തിൽ ഒന്നാം പ്രതിയായിരുന്നു താത്ത. പൊലീസ് കയറാതിരിക്കാൻ രണ്ടരയാൾ പൊക്കത്തിൽ മതിൽ കെട്ടിയ, ഔട്ട്ഹൗസും എസിയും അടക്കമുള്ള സൗകര്യങ്ങളുമുള്ള ഇരുനില വീട്ടിലായിരുന്നു മദ്യക്കച്ചവടം. സ്‍റ്റേഷനിൽനിന്നു പൊലീസുകാർക്കു പാഞ്ഞെത്താൻ മാത്രം ദൂരമുള്ള ആ വീടിനെ പക്ഷേ നോവിക്കാതിരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നു.

പരവൂർ സ്വദേശിയായ താത്ത ദുരന്തമുണ്ടാകുന്നതിനും രണ്ടു പതിറ്റാണ്ടു മുൻപാണു ഭർത്താവ് രാജനൊപ്പം കല്ലുവാതുക്കലിൽ എത്തുന്നത്. പരവൂരിൽ ഹോട്ടൽ നടത്തിയ പരിചയമായിരുന്നു കൈമുതൽ. പിന്നീട് വീട്ടിൽ മദ്യക്കച്ചവടം തുടങ്ങി. കുറഞ്ഞ വിലയ്ക്കു മദ്യം കിട്ടുമെന്നതിനാൽ, കൂലിപ്പണിക്കാരും മറ്റും ഇവിടേക്കൊഴുകി. സമീപത്തെ പാറക്വാറിയിൽ ജോലി ചെയ്യുന്നവർക്ക് അൽപം ലഹരി വേണമായിരുന്നു. ഇതാണു ഹയറുന്നിസയുടെ വളർച്ചയ്ക്കു വളമായത്. ബസുകളും സമാന്തര സർവീസ് നടത്തുന്ന വണ്ടികളും അടക്കം ഒട്ടേറെ വാഹനങ്ങളും നിരവധി വീടുകളും താത്ത വാങ്ങിക്കൂട്ടി.

ഹയറുന്നിസയുടെ വീട്ടിലേക്കുള്ള വഴിയും ഗേറ്റും.

നാട്ടിലെ സമ്പന്നയായി മാറിയ താത്തയ്ക്കു രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധമുണ്ടായി. വീട്ടിൽ എക്സൈസ് സംഘം ‘പതിവ് പരിശോധന’ നടത്താറുണ്ട്. പരിശോധനയ്ക്ക് ആളെത്തുന്നു എന്നറിഞ്ഞാലുടൻ വീട്ടിൽ സൂക്ഷിച്ച മദ്യം ശുചിമുറിയിൽ ഒഴുക്കിക്കളയുകയായിരുന്നു താത്തയുടെ തന്ത്രം. പിന്നീടാണ് റോഡിൽനിന്നു വീട്ടിലേക്കുള്ള ചെറുവഴിയിൽ ആർക്കും കയറാൻ പറ്റാത്തത്ര പൊക്കത്തിൽ മതിൽ കെട്ടിയത്. വീടു മുഴുവൻ മറയുന്ന നീല ഗേറ്റും സ്ഥാപിച്ചു. അകത്തുനിന്ന് ഇരുമ്പുതകിടു നീക്കിയാൽ മാത്രം കാണാവുന്ന ചെറുദ്വാരത്തിലൂടെ നോക്കിയാണു പുറത്തുള്ള ആളെ തിരിച്ചറിഞ്ഞിരുന്നത്.

ഗേറ്റിനു താഴെ ചെറിയ അഴികളുണ്ട്. പരിശോധനയ്ക്കു വരുന്നവർ പൊലീസുകാരാണോ എന്നറിയാൻ ഷൂസ് കാണാനാണ് അഴികൾ സ്ഥാപിച്ചിരുന്നതെന്നാണു നാട്ടുകാരുടെ വിശ്വാസം. ടാങ്കിൽ ശേഖരിച്ച മദ്യമെടുക്കാനായി ടാപ്പുകളും വീട്ടിലുണ്ടായിരുന്നു. വീടിനുള്ളിൽ കന്നാസുകളുടെ ശേഖരം ഒഴിവാക്കാനായി, ഒഴിഞ്ഞ കന്നാസുകൾ കഴുകി വൃത്തിയാക്കി വഴിയരികിൽ ഉപേക്ഷിക്കുന്നതും പതിവാണ്. ദുരന്തകാരണമായ മദ്യം കഴിച്ചു ഭർത്താവ് രാജനും അസ്വസ്‌ഥതകളുണ്ടായി എന്ന ഒറ്റക്കാരണത്താലാണു താത്തയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്താതിരുന്നത്. മരണകാരണം മീതൈൽ ആൽക്കഹോൾ കലർന്ന മദ്യമാണെന്നു തെളിഞ്ഞിരുന്നു. മണിച്ചന്റെ ഗോഡൗണിലാണ് ഈതൈൽമീതൈൽ ആൽക്കഹോളുകൾ മിശ്രിതപ്പെടുത്തിയതെന്നും വ്യക്‌തമായി.

ഹയറുന്നിസയുടെ വീട്ടുജോലിക്കാരി കല്ലുവാതുക്കൽ പാറയിൽ ഹരിജൻ കോളനിയിൽ കൗസല്യ (65) ആയിരുന്നു ദുരന്തത്തിന്റെ ആദ്യ ഇര. സന്ധ്യയ്‌ക്ക് ഏഴു മണിയോടെയായിരുന്നു ഇവരുടെ അന്ത്യം. അന്നുതന്നെ നടയ്‌ക്കൽ കിടങ്ങിൽ വീട്ടിൽ പ്രഭാകരനും മരണത്തിനു കീഴടങ്ങി. പിന്നെ, കല്ലുവാതുക്കലിൽ കരച്ചിലിന്റെ നാളുകളായിരുന്നു. മദ്യം കഴിച്ചവർ വീടുകളിലും വഴികളിലുമൊക്കെ തലചുറ്റി വീണു. ഒളിവിൽ പോയ ഹയറുന്നിസ, ഭർത്താവ് രാജൻ, സഹായി രാജു എന്നിവരെ പിന്നീട് ഗുരുവായൂരിൽനിന്നാണ് അറസ്‌റ്റ് ചെയ്‌തത്. ജീവപര്യന്തം തടവായിരുന്നു ശിക്ഷ.

കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി ഹയറുന്നിസയെ പൊലീസ് ക്ലബിലെത്തിച്ചപ്പോൾ (ഫയൽ ചിത്രം: മനോരമ)

ഇടക്കാലങ്ങളിൽ പരോളിലെത്തി മടങ്ങിയിരുന്ന താത്ത രോഗഗ്രസ്തയായി. കരളിലെ കാൻസറിനു തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു ചികിത്സ. രോഗവും ജയിൽ ജീവിതവും കാരണം അന്ത്യനാളുകളിൽ പശ്‌ചാത്താപത്തിന്റെ വഴികളിലൂടെയാണ് അവർ കടന്നുപോയത്. കട്ടിലിൽനിന്നു പരസഹായം കൂടാതെ എഴുന്നേൽക്കാൻ പോലുമായിരുന്നില്ല. ലക്ഷക്കണക്കിനു രൂപ മരുന്നിനുവേണ്ടി സർക്കാർ ചെലവഴിച്ചു. വിദേശത്തുനിന്നും മരുന്നെത്തിച്ചു. വനിതകളായ രണ്ടു തടവുകാരെ ഹയറുന്നിസയുടെ പരിചരണത്തിനു മാത്രം നിയോഗിച്ചു. കേസ് നടത്തി താത്തയുടെ സമ്പാദ്യമെല്ലാം നഷ്‌ടമായി.

ദുരന്തത്തിനു ശേഷവും താത്തയുടെ വീട്ടിൽനിന്നു പൊലീസിനു കാര്യമായ തെളിവുകളൊന്നും കിട്ടിയിരുന്നില്ല. വീടാകെ കഴുകിത്തുടച്ചു വൃത്തിയാക്കിയാണ് ഇവർ ഒളിവിൽപ്പോയത്. പക്ഷേ, എവിടെനിന്നാണു മദ്യം കഴിച്ചതെന്ന ആളുകളുടെ മരണമൊഴി അവർക്കെതിരെ നിർണായക തെളിവായി. ഒടുവിൽ പശ്‌ചാത്താപത്തിന്റെയും ദുരിതത്തിന്റെയും കിടക്കയിൽ കിടന്നു കല്ലുവാതുക്കലിന്റെ പഴയ റാണി 2009 ൽ യാത്രയായി. ഒന്നര വർഷത്തിനു ശേഷം ഭർത്താവും കേസിലെ പ്രതിയുമായിരുന്ന രാജനും മരിച്ചു.

2001 ഒക്ടോബറിൽ മനോരമ പ്രസിദ്ധീകരിച്ച വാർത്ത.

∙ മാസപ്പടി റിപ്പോർട്ടിൽ ഉലഞ്ഞ് സിപിഎം

വിഷമദ്യ ദുരന്തക്കേസിന്റെ വിധിന്യായത്തിൽ തൊഴിലാളിവർഗ പാർട്ടിക്കെതിരെ കോടതിയുടെ രൂക്ഷവിമർശനമാണ് ഉണ്ടായത്. എക്‌സൈസ് ഉദ്യോഗസ്‌ഥർ മണിച്ചനിൽനിന്നു മാസപ്പടി വാങ്ങിയതു പരാമർശിച്ചപ്പോഴായിരുന്നു പാർട്ടിയുടെ പേരുപറയാതെയുള്ള വിമർശനം.

‘തൊഴിലാളി വർഗത്തിന്റെ പേരിൽ ആണയിടുന്ന രാഷ്‌ട്രീയ പാർട്ടികൾ ഈ തിന്മയിൽനിന്നു മുക്‌തമല്ല. ഈ രാഷ്‌ട്രീയ പാർട്ടികൾ പൊതുജനങ്ങളെയും പാർട്ടി അണികളെയും തെറ്റിദ്ധരിപ്പിച്ചു. പ്രതികൾക്ക് ഒത്താശ ചെയ്‌തുകൊടുത്ത പൊലീസ്, എക്‌സൈസ് ഉദ്യോഗസ്‌ഥർ പ്രതികളേക്കാൾ സമൂഹത്തിനു ഭീഷണിയാണ്. കേസ് ആദ്യഘട്ടത്തിൽ അന്വേഷിച്ച പൊലീസ് ഉദ്യോഗസ്‌ഥരുടെ അനാസ്‌ഥയ്‌ക്കു ന്യായീകരണമില്ല. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ നാലു ദിവസം വൈകിയതു പ്രധാന തെളിവുകൾ നശിപ്പിക്കാൻ അവസരമൊരുക്കി. ഇവിടെ സർക്കാർ കുറ്റക്കാരാണ്. കുറ്റവാളികൾ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളുമായി പ്രവർത്തിക്കുമ്പോൾ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. ദുരന്തത്തെക്കുറിച്ചു കുറ്റവാളികൾ അറിയുന്നതിനുമുൻപേ പൊലീസ് ഇന്റലിജൻസിനു യഥാർഥ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നുവെങ്കിൽ പല പ്രത്യക്ഷ തെളിവുകളും ലഭിക്കുമായിരുന്നു. 16 ചെത്തുതൊഴിലാളികൾ മാത്രമുള്ള ചിറയിൻകീഴ് റേഞ്ചിൽ ലേലത്തുക നാലു കോടി രൂപ വരെയായിട്ടും സർക്കാർ കണ്ടില്ലെന്നു നടിച്ചത് ആശാസ്യമല്ല. ചുരുങ്ങിയ ഷാപ്പുകൾകൊണ്ട് വൻ ലേലത്തുക മുതലാക്കാനാവില്ലെന്നു കണ്ട അബ്‌കാരികൾ കള്ളുഷാപ്പുകളിൽ ചാരായം വിറ്റു’ – കോടതി ചൂണ്ടിക്കാട്ടി.

പ്രതീകാത്മക ചിത്രം

മണിച്ചൻ ഇടതു സർക്കാരിന്റെ കാലത്ത് ഭരണമുന്നണിയിലെ രാഷ്‌ട്രീയ കക്ഷികൾക്കു വൻതുക നൽകിയെന്നതിനു പ്രഥമദൃഷ്‌ട്യാ ശക്‌തമായ തെളിവുണ്ടെന്ന് ഇക്കാര്യം അന്വേഷിച്ച ജസ്‌റ്റിസ് വി.പി.മോഹൻകുമാർ കമ്മിഷൻ കണ്ടെത്തിയതു സിപിഎമ്മിൽ ഒച്ചപ്പാടുണ്ടാക്കി. മണിച്ചന്റെ മാസപ്പടി ഡയറിയിലുള്ള ചില പേരുകൾ പണം വാങ്ങാനെത്തിയവരുടേതു മാത്രമാണെന്നായിരുന്നു സിപിഎം അന്വേഷണ സമിതിയുടെ കണ്ടെത്തൽ.

എല്ലാ രാഷ്‌ട്രീയക്കാർക്കും പണം നൽകുന്നതിൽ മണിച്ചൻ ധാരാളിയായിരുന്നെങ്കിലും ഭരണകക്ഷിക്കു നൽകുന്നതിൽ കുറേക്കൂടി ഉദാര നിലപാടാണു സ്വീകരിച്ചിരുന്നതെന്നാണ് ആരോപണം അന്വേഷിച്ച ജസ്റ്റിസ് മോഹൻകുമാർ കമ്മിഷൻ കണ്ടെത്തിയത്. ഭാർഗവി തങ്കപ്പൻ, കടകംപള്ളി സുരേന്ദ്രൻ, എം.സത്യനേശൻ എന്നിവർ പണം വാങ്ങിയത് ഇടതുമുന്നണിക്കു വേണ്ടിയായിരുന്നു. മണിച്ചന്റെ മാനേജർ ബാലചന്ദ്രൻ, സുനിൽദത്ത്, പണം വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന രാഷ്‌ട്രീയ നേതാക്കൾ എന്നിവർ കമ്മിഷനു നൽകിയ വിവരങ്ങൾ സമാനമാണ്. എം.സത്യനേശൻ സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കെ അദ്ദേഹത്തിന്റെ പാർട്ടിക്കാരനായിരുന്നു എക്‌സൈസ് മന്ത്രി. ഈ സാഹചര്യത്തിൽ സത്യനേശന് അബ്‌കാരി കരാറുകാരൻ പണം നൽകിയതു തിരിച്ചു സഹായം പ്രതീക്ഷിച്ചുതന്നെയാണെന്നു വ്യക്‌തമാണെന്നും മോഹൻകുമാർ കമ്മിഷൻ വ്യക്തമാക്കി.

മണിച്ചൻ ബന്ധം ആരോപിച്ച് തിരുവനന്തപുരത്ത് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.സുശീലൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡി.ജയറാം, ബി.സോമൻ എന്നിവരടക്കമുള്ള നേതാക്കൾക്കെതിരെ നടപടി എടുക്കാൻ അന്നത്തെ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഡിവൈഎഫ്ഐ നേതാക്കളായ എം.പ്രദീപ്, വി.ജോയി, ആർ.സുഭാഷ് എന്നിവരെ ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയിൽനിന്നു ലോക്കൽ കമ്മിറ്റികളിലേക്കു തരം താഴ്‌ത്തി. വെഞ്ഞാറമൂട് ഏരിയാ സെക്രട്ടറി ശശിധരക്കുറുപ്പ്, അംഗങ്ങളായ ഗോപാലകൃഷ്‌ണൻ നായർ, ദേവദാസൻ എന്നിവരെയും തരംതാഴ്‌ത്തി. കോലിയക്കോട് കൃഷ്‌ണൻ നായരെ സംരക്ഷിക്കാനായി അന്വേഷണ കമ്മിഷനു മുന്നിൽ ഇവർ കള്ളം പറഞ്ഞു എന്നായിരുന്നു നിഗമനം.

ആരോപണ വിധേയരായവരിൽ പേരൂർക്കട സദാശിവൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരെ നടപടികളിൽനിന്ന് ഒഴിവാക്കി. പാർട്ടിക്കു വേണ്ടിയാണു മണിച്ചനിൽനിന്നു പണം വാങ്ങിയത് എന്നായിരുന്നു ഇരുവരുടെയും നിലപാട്. ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്തു പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന തന്നെ, കല്ലുവാതുക്കൽ മദ്യദുരന്തവുമായി ബന്ധപ്പെട്ട ജുഡിഷ്യൽ കമ്മിഷൻ റിപ്പോർട്ടിൽ കുടുക്കാൻ പ്രതിപക്ഷ നേതാവായിരിക്കെ വി.എസ്.അച്യുതാനന്ദൻ ശ്രമിച്ചെന്ന ആരോപണവുമായി 2011 ഫെബ്രുവരിയിൽ പി.ശശി രംഗത്തെത്തിയതു കോലാഹലമുണ്ടാക്കി. പാർട്ടിക്കുള്ള കത്തിലായിരുന്നു ശശിയുടെ വെളിപ്പെടുത്തൽ.

പി.ശശി

കർണാടക ഹൈക്കോടതിയിൽ ജഡ്‌ജിയായിരിക്കെ അന്വേഷണത്തിനു വന്ന ജസ്‌റ്റിസ് മോഹൻകുമാറിനെ കാണാൻ വിഎസിന്റെ രഹസ്യദൂതൻ പോയി എന്ന പ്രചാരണം നേരത്തേതന്നെ പാർട്ടിക്കകത്തുണ്ടായിരുന്നു. മണിച്ചന്റെ സഹോദരി നളിനി, കമ്മിഷന്റെ തെളിവെടുപ്പിൽ ശശിക്കെതിരെ മൊഴി നൽകി. പിന്നീടു മണിച്ചൻ തന്നെ സഹോദരിയുടെ നടപടിയെ തള്ളിപ്പറഞ്ഞു. മണിച്ചൻ ജയിൽമോചിതനാകുമ്പോൾ, ഇതുവരെ പുറത്തുവരാത്ത അണിയറക്കഥകൾ പുറത്തുവരുമോ? മാസപ്പടിയുടെ കനത്തിൽ പാവങ്ങളെ കുരുതികൊടുക്കാൻ മണിച്ചനും കൂട്ടർക്കും പിൻബലം നൽകിയതാരാണ്? നാട്ടുകാർക്കിപ്പോഴും സംശയമാണ്, കല്ലുവാതുക്കലെ ഇടവഴികളിലും മതിൽക്കെട്ടുകളിലും ചോരക്കറയുള്ള ചതിക്കഥകൾ മൗനമായി ഉറങ്ങുന്നുണ്ടെന്ന്.

English Summary: Kerala Government recommends release of Manichan, the Kingpin of Kalluvathukkal liquor hooch tragedy- a flashback