ഹാരിസ് എറണാകുളം സ്വദേശിനിക്കൊപ്പം താമസിച്ചിരുന്ന ഹോട്ടലിന്റെ തൊട്ടടുത്ത മുറിയിൽ ഷൈബിന്റെ സംഘത്തിൽ പെട്ട ഒരാളും താമസിച്ചു വിവരങ്ങൾ കൈമാറി. ഗുണ്ടാ സംഘമെത്തി ഗേറ്റിനടുത്തും പരിസരത്തുമായി കാവൽ നിന്നു. ഇതിനിടെ കൃത്യം നടത്തുന്ന സംഘം അകത്തു കയറി ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സ്ത്രീയെ ശ്വാസം മുട്ടിച്ചു കൊന്ന്, ഹാരിസിനെ കൈ ഞരമ്പു മുറിച്ചു ബാത്ത് ടബിലിട്ടു. ഇതെല്ലാം ചെയ്തത്.. Saibin

ഹാരിസ് എറണാകുളം സ്വദേശിനിക്കൊപ്പം താമസിച്ചിരുന്ന ഹോട്ടലിന്റെ തൊട്ടടുത്ത മുറിയിൽ ഷൈബിന്റെ സംഘത്തിൽ പെട്ട ഒരാളും താമസിച്ചു വിവരങ്ങൾ കൈമാറി. ഗുണ്ടാ സംഘമെത്തി ഗേറ്റിനടുത്തും പരിസരത്തുമായി കാവൽ നിന്നു. ഇതിനിടെ കൃത്യം നടത്തുന്ന സംഘം അകത്തു കയറി ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സ്ത്രീയെ ശ്വാസം മുട്ടിച്ചു കൊന്ന്, ഹാരിസിനെ കൈ ഞരമ്പു മുറിച്ചു ബാത്ത് ടബിലിട്ടു. ഇതെല്ലാം ചെയ്തത്.. Saibin

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹാരിസ് എറണാകുളം സ്വദേശിനിക്കൊപ്പം താമസിച്ചിരുന്ന ഹോട്ടലിന്റെ തൊട്ടടുത്ത മുറിയിൽ ഷൈബിന്റെ സംഘത്തിൽ പെട്ട ഒരാളും താമസിച്ചു വിവരങ്ങൾ കൈമാറി. ഗുണ്ടാ സംഘമെത്തി ഗേറ്റിനടുത്തും പരിസരത്തുമായി കാവൽ നിന്നു. ഇതിനിടെ കൃത്യം നടത്തുന്ന സംഘം അകത്തു കയറി ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സ്ത്രീയെ ശ്വാസം മുട്ടിച്ചു കൊന്ന്, ഹാരിസിനെ കൈ ഞരമ്പു മുറിച്ചു ബാത്ത് ടബിലിട്ടു. ഇതെല്ലാം ചെയ്തത്.. Saibin

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കൃത്യത്തിനു പദ്ധതിയിട്ടാൽ മാസങ്ങൾ നീണ്ട ഗവേഷണം, കൃത്യമായ ആസൂത്രണം, അറുത്തിട്ടാലും ഒപ്പം നിൽക്കുന്ന ഒരു സംഘം യുവാക്കൾ, ഒപ്പം സഹായത്തിന് ഒരു പൊലീസുകാരന്റെ ബുദ്ധിയും– നിലമ്പൂർ മുക്കട്ട സ്വദേശി ഷൈബിൻ അഷറഫിന്റെ കുറ്റകൃത്യങ്ങൾ ഇത്രനാളും പുറംലോകം അറിയാതിരുന്നതിന്റെ കാരണങ്ങൾ ഇതെല്ലാമായിരുന്നെന്നു പൊലീസ് പറയുന്നു. അളമുട്ടിയപ്പോൾ മാത്രമാണ് സഹായിയും കുറ്റകൃത്യങ്ങളിൽ പങ്കാളിയുമായ വയനാട് സ്വദേശി നൗഷാദ് സെക്രട്ടേറിയറ്റിനു മുന്നിലെത്തി എല്ലാം വിളിച്ചു പറഞ്ഞത്. നൗഷാദ് കൈമാറിയ ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണത്തിനിറങ്ങിയ പൊലീസിനു തെളിഞ്ഞു കിട്ടിയതാകട്ടെ കുറ്റകൃത്യങ്ങളുടെ നീണ്ട നിര. ഇതിനു വഴി തുറന്നതോ, ഷൈബിൻ തന്നെ നിലമ്പൂർ പൊലീസിൽ നൽകിയ പരാതിയും. മൈസൂർ സ്വദേശിയും പാരമ്പര്യ വൈദ്യനുമായ ഷാബാ ഷരീഫിനെ ബന്ദിയാക്കി മർദിക്കുന്നതിന്റേത് ഉൾപ്പെടെ വിഡിയോ ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും ലഭിച്ചതോടെ പൊലീസിന് അന്വേഷണം എളുപ്പമായി. അതേസമയം കുറ്റകൃത്യം നടന്ന വീട്ടിലെ തെളിവുകളെല്ലാം പ്രതി നശിപ്പിച്ചത് അന്വേഷണ സംഘത്തിനു കടുത്ത വെല്ലുവിളിയുമാണ്. വീടു പരിശോധിച്ച പൊലീസിന് എയർ കണ്ടിഷൻ ഘടിപ്പിച്ചതിന്റെയും മറ്റും തെളിവുകൾ ലഭിച്ചു. ചോരപ്പാടുകളും ലഭിച്ചെങ്കിലും മിക്ക തെളിവുകളും വിദഗ്ധമായി നശിപ്പിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും പ്രതികളിൽ ഒരാളായ നൗഷാദിൽനിന്നു ലഭിച്ച വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റകൃത്യം നടന്ന സ്ഥലവും മറ്റും പൊലീസ് ഉറപ്പു വരുത്തിയിട്ടുണ്ട്. മൂന്നു ദിവസം മലപ്പുറം എസ്പി എസ്. സുജിത് ദാസ് നിലമ്പൂരിൽ ക്യാംപ് ചെയ്താണ് അന്വേഷണത്തിനു നേതൃത്വം നൽകിയത്. ഐപിഎസ് പരിശീലനകാലത്ത് ഒരിക്കലും ഇത്രയധികം കുരുക്കുകളും വഴിത്തിരിവുകളും നിറഞ്ഞ കേസ് വായിച്ചിട്ടു പോലുമില്ലെന്ന് അദ്ദേഹം പറയുന്നു. ഷൈബിന്റെ കുറ്റകൃത്യങ്ങളെപ്പറ്റി അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. അതിലൂടെ...

∙ ബിസിനസ് പങ്കാളിയുടെ ഭാര്യയിലും കണ്ണു വച്ചു?

ADVERTISEMENT

മരുഭൂമിയിലും മറ്റും വൻകിട നിർമാണ കമ്പനികൾക്ക് ഡീസൽ എത്തിച്ചു നൽകുന്നതായിരുന്നു ഷൈബിന്റെ ബിസിനസ് എന്നു പറയപ്പെടുന്നു. ഓരോ കേന്ദ്രത്തിലേക്കും എത്തിക്കുന്ന ഡീസലിന്റെ അളവിൽ വൻ തട്ടിപ്പു നടത്തിയാണ് ഇത്രയേറെ ലാഭം കൊയ്തത് എന്നാണ് ഇയാൾക്കൊപ്പം വർഷങ്ങളായി കൂടെയുള്ള മറ്റു പ്രതികൾ പൊലീസിനു നൽകിയ മൊഴി. 10,000 ഗാലൻ ഇന്ധനം നൽകേണ്ടിടത്ത് 8000 മാത്രം നൽകും. ഈ ബിസിനസിൽ പങ്കാളിയായിരുന്ന കോഴിക്കോട് മുക്കം സ്വദേശി ഹാരിസിനെയാണ് പിന്നീട് ഇയാൾ തന്നെ ഗുണ്ടകളെ ഉപയോഗിച്ചു കൊലപ്പെടുത്തി എന്ന ആരോപണം ഉയർന്നിരിക്കുന്നത്.

ഷാബായെ ഒളിവിൽ താമസിപ്പിച്ച നിലമ്പൂരിലെ വീട് (വലത്)

ആദ്യ ഘട്ടങ്ങളിൽ ഹാരിസും ഷൈബിനും ഭാര്യമാർക്കൊപ്പം ഒരേ ഫ്ലാറ്റിലായിരുന്നു താമസം. ഇതിനിടെ ഹാരിസിന്റെ ഭാര്യയുമായി ഷൈബിൻ അടുപ്പത്തിലുമായെന്ന് പൊലീസ് പറയുന്നു. ഇതോടെ ഇരുവരുടെയും ബിസിനസ് ബന്ധത്തിലും വിള്ളൽ വീണു. ഇക്കാലത്താണ് വൃക്കരോഗം ബാധിച്ച ഷൈബിന്റെ വൃക്ക മാറ്റിവയ്ക്കേണ്ടി വന്നത്. കോയമ്പത്തൂരിലുള്ള സഹോദരി വൃക്ക നൽകി. അതിനുശേഷം സൗദിയിൽ തിരിച്ചെത്തിയതോടെ ഹാരിസുമായി സാമ്പത്തിക തർക്കം ഉയർന്നു. ഹാരിസ് കണക്കിൽ കൃത്രിമം കാണിച്ചെന്നാരോപിച്ചായിരുന്നു വഴക്ക്. ഇരുവരും ഗുണ്ടകളെ ഉപയോഗിച്ചു പരസ്പരം കൊല്ലാൻ ഗൂഢാലോചന നടത്തിയെന്നും സൂചനയുണ്ട്.

ഇതിനിടെ ഇരുവരും തമ്മിൽ ഒരു ഒത്തുതീർപ്പു ചർച്ചയ്ക്കും ശ്രമമുണ്ടായി. ചർച്ചയ്ക്കിടെ ദുബായ് പൊലീസ് എത്തി ഷൈബിനെയും രണ്ടു കൂട്ടാളികളെയും അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നു ലഹരിമരുന്നു പിടിച്ചതായിരുന്നു കുറ്റം. ഏതാനും മാസങ്ങൾ ജയിൽ ശിക്ഷയ്ക്കു ശേഷം നാട്ടിലേക്കു നാടുകടത്തി. ദുബായിലേയ്ക്കു യാത്രാ വിലക്കുമുണ്ടായി. ദുബായിലെ സ്വന്തം ബിസിനസ് സ്ഥാപനത്തിലേക്കു പോകാൻ കഴിയാതെ വന്നതോടെ ഷൈബിന്റെ പക ഇരട്ടിച്ചു. പ്രശ്നങ്ങൾ രൂക്ഷമായതോടെ ഇരുവരുടെയും ഭാര്യമാർ പിണങ്ങി നാട്ടിലേക്കും പോന്നിരുന്നു. നാട്ടിലെത്തിയ ഹാരിസിനെ കൊലപ്പെടുത്താൻ ഷൈബിൻ പലപ്രാവശ്യം ശ്രമിച്ചെന്നാണു വിവരം. ഒരു ക്വട്ടേഷൻ സംഘത്തിനു 40 ലക്ഷം രൂപ നൽകിയെങ്കിലും ഫലമുണ്ടായില്ല. സംഘം പണം വാങ്ങി മുങ്ങിയതു മാത്രം മിച്ചം. ഇതോടെയാണ് നിലമ്പൂരിൽ തന്നെയുള്ള തന്റെ ബന്ധുക്കളിൽ ചിലർ ഉൾപ്പെട്ട ഗുണ്ടാ സംഘത്തെ ഉപയോഗിച്ചു കൊലപാതകം ആസൂത്രണം ചെയ്യുന്നത്.

∙ ഹിന്ദി മാത്രം പറയണം; സിഗ്നേച്ചർ ആപ്പിലൂടെ നിർദേശങ്ങൾ

ADVERTISEMENT

തട്ടിക്കൊണ്ടു വരാനോ കൊലപ്പെടുത്താനോ പോകുമ്പോൾ സംഘാംഗങ്ങൾ ഹിന്ദി മാത്രം പറയണമെന്നാണ് ഷൈബിന്റെ നിർദേശം. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഭീഷണിപ്പെടുത്താനായി സ്ഫോടക വസ്തുക്കളും വാങ്ങി സൂക്ഷിച്ചു. തട്ടിക്കൊണ്ടു വരുമ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഹിന്ദിക്കാർ തട്ടിക്കൊണ്ടു പോയി എന്നു വരുത്തി തീർക്കാനായിരുന്നു ഈ നീക്കം. ഓരോ ഓപ്പറേഷനും തയാറെടുപ്പിനു മാസങ്ങളെടുത്തു. വീട് എവിടെയാണ്, പരിസരത്തുള്ള സുരക്ഷാ ക്യാമറകൾ, കണക്ടിവിറ്റി, വീട്ടിലെ അംഗങ്ങൾ, പുറത്തു പോകുന്നവർ, വരുന്നവർ, ദിനചര്യ എല്ലാം പഠിക്കും.

നിലമ്പൂരിലെ ഷൈബിന്റെ വീട്ടിലെ നീന്തൽക്കുളം.

ഉദ്ദേശിക്കുന്ന ആളെ പിടികൂടിയാൽ ഓരോ നീക്കത്തിനും കൃത്യമായ പദ്ധതിയുണ്ട്. ആര് എവിടെ നിൽക്കണം, പിടിക്കണം, കെട്ടണം, ഉടുപ്പ് ആര് അഴിക്കണം, ഷൂസ് ആര് ഊരണം തുടങ്ങി സംഘാംഗങ്ങൾക്കെല്ലാം ജോലി വീതിച്ചു നൽകിയിട്ടുണ്ടാകും. ഇത്തരത്തിൽ ഹാരിസിനെ വധിക്കുന്നതിനു തയാറാക്കിയ രൂപരേഖയാണ് വിഡിയോ ദൃശ്യങ്ങളിൽനിന്നു പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഉപയോഗിച്ച ഫോണുകൾ കൃത്യം കഴിഞ്ഞാൽ അപ്പോൾത്തന്നെ ഗുണ്ടാ സംഘത്തിൽനിന്നു തിരികെ വാങ്ങുകയും ചെയ്യും.

∙ മൊബൈൽ സിം സംഘടിപ്പിക്കുന്ന തന്ത്രം

ഒരു ഓപ്പറേഷൻ നടപ്പാക്കാൻ തീരുമാനിച്ചാൽ അതിനു പ്രതികൾ ഉപയോഗിക്കുക ഷൈബിൻ നൽകുന്ന ഫോൺ മാത്രമായിരിക്കും. ഇതിനായി സിംകാർഡ് സംഘടിപ്പിക്കുന്നതാണ് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയ തന്ത്രം. കാർഡ് സംഘടിപ്പിക്കാൻ നിയോഗിക്കപ്പെട്ടവർ തമിഴ്നാട്ടിലെ ഏതെങ്കിലും ഒരു ബാറിനു സമീപം പോയി നിൽക്കും. ഗൂഡല്ലൂരിലും ഊട്ടിയിലുമെല്ലാമുള്ള ബാറുകളാണു തിരഞ്ഞെടുക്കുക. മദ്യപിച്ചു വരുന്നവരോട് അവിടെ പണിക്കു വന്നതാണ്, ഒരു സിം എടുക്കാൻ സഹായിക്കാമോ എന്നു ചോദിക്കും. അവർക്ക് ഒരു ഫുൾബോട്ടിൽ വാങ്ങി നൽകുന്നതോടെ അവർ എന്തിനും തയാറാകും. അവരുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് അടുത്ത ഔട്ട്‍ലറ്റിൽ പോയി പോയി സിംകാർഡ് എടുത്തു നൽകും. പുതിയ ഫോണും വാങ്ങും. ആവശ്യം കഴിഞ്ഞാൽ ആ ഫോണുകളും സിംകാർഡു‌കളും ഒഴിവാക്കും. തട്ടിക്കൊണ്ടു വരാൻ പോകുമ്പോൾ സിസിടിവിയിൽ പതിഞ്ഞു തിരിച്ചറിയാതിരിക്കാൻ വാഹനങ്ങളുടെ നമ്പർ മാറ്റും. ഷൈബിൻ സംഘത്തിനൊപ്പം ഉണ്ടാവില്ലെങ്കിലും ഒരു കിലോമീറ്ററിനുള്ളിൽത്തന്നെ ഉണ്ടാവും.

ഹാരിസിന്റെ കൊലപാതകം കൃത്യമായ പ്ലാനിങ്ങോടെയായിരുന്നു എന്നതിനാലാണ് സംശയം ഉണ്ടാകാതിരുന്നത്. ഹാരിസിനെയും ഒരു സ്ത്രീയെയുമാണ് ഇവർ അബുദാബിയിൽ വച്ചു കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. എറണാകുളം സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. ആ സ്ത്രീയെ ഷൈബിൻ തന്നെയാണോ ഹാരിസിനൊപ്പം വിട്ടത് എന്ന കാര്യത്തിലും സംശയമുണ്ട്.

ADVERTISEMENT

∙ ‘ഉറങ്ങാൻ പോകുകയാണ്; നീ വൈകുന്നേരം വരൂ’

ഹാരിസ് എറണാകുളം സ്വദേശിനിക്കൊപ്പം താമസിച്ചിരുന്ന ഹോട്ടലിന്റെ തൊട്ടടുത്ത മുറിയിൽ ഷൈബിന്റെ സംഘത്തിൽ പെട്ട ഒരാളും താമസിച്ചു വിവരങ്ങൾ കൈമാറി. ഗുണ്ടാ സംഘമെത്തി ഗേറ്റിനടുത്തും പരിസരത്തുമായി കാവൽ നിന്നു. ഇതിനിടെ കൃത്യം നടത്തുന്ന സംഘം അകത്തു കയറി ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു. ഹാരിസ് ഈ സ്ത്രീയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു എന്നു വരുത്തിത്തീർക്കാനുള്ള എല്ലാ തെളിവുകളും ഒരുക്കിയിരുന്നു. കൃത്യം നടക്കുന്നതിനിടെ ഹാരിസിന്റെ സുഹൃത്തുക്കളിൽ ഒരാൾ വരുന്നത് അറിഞ്ഞ് ഹാരിസിന്റെ തന്നെ ഫോണിൽനിന്നു മെസേജ് അയച്ചു, ഞാൻ ക്ഷീണിച്ച് ഉറങ്ങാൻ കിടക്കുകയാണ്, നീ വൈകുന്നേരം വരൂ എന്ന്. ഇതു വിശ്വസിച്ച് അയാൾ മടങ്ങിപ്പോയി.

ഹോട്ടലിൽ എല്ലായിടത്തും ഹാരിസിന്റെ മാത്രം വിരലടയാളമാണ് ഉണ്ടായിരുന്നത് എന്നതിനാൽ അബുദാബി പൊലീസിനും കൊലപാതക സംശയമുണ്ടായില്ല. മേശയിൽ ഇരുന്ന ഗ്ലാസിലും ഒരു കടി മാത്രം കടിച്ചു വച്ചിരുന്ന ആപ്പിളിലും എല്ലാം ഹാരിസിന്റെ വിരൽപാടുകളാണ് ഉണ്ടായിരുന്നത്. ആപ്പിളിലെ കടിയുടെ പാടു പോലും ഹാരിസിന്റേത്. അയാൾ സ്ഥിരമായി കഴിക്കുന്ന മദ്യത്തിന്റെ കുപ്പിയിലെ വിരലടയാളവും ഹാരിസിന്റേത്. ഇതെല്ലാം കൃത്രിമമായി ഉണ്ടാക്കിയതാണ് എന്നാണ് അന്വേഷണ സംഘത്തിനു കൂട്ടുപ്രതികളിൽനിന്നു ലഭിച്ച മൊഴി. ഒപ്പമുണ്ടായിരുന്ന സ്ത്രീയെ ശ്വാസം മുട്ടിച്ചു കൊന്ന്, ഹാരിസിനെ കൈ ഞരമ്പു മുറിച്ചു ബാത്ത് ടബിലിട്ടു. ഇതെല്ലാം ചെയ്തത് ഒരേ ഗുണ്ടാ സംഘമാണെന്നാണു കണ്ടെത്തൽ. ഈ സംഘാംഗങ്ങൾ ഈ കാലയളവിൽ വീസ എടുത്തു ദുബായിൽ പോയതിന്റെ വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആറു മാസം അവർ അവിടെ താമസിച്ചതിന്റെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്.

∙ പ്രതികളെ സഹായിച്ച പൊലീസ് ബുദ്ധി

വിദഗ്ധമായി കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനും തെളിവു നശിപ്പിക്കുന്നതിനും പ്രതികളെ സഹായിച്ചിരുന്നത് കൊല്ലം സ്വദേശിയായ, വിരമിച്ച ഒരു പൊലീസുകാരൻ. ഇദ്ദേഹത്തിന്റെ ഭാര്യ അധ്യാപികയായി മലപ്പുറം ജില്ലയിലുണ്ടായിരുന്നു. സബ് ഇൻസ്പെക്ടറായി വിരമിച്ച ഇദ്ദേഹം ദീർഘ വർഷങ്ങളായി വിദേശത്ത് ഷൈബിന്റെ ജോലിക്കാരനാണ്. സർവീസിലിരിക്കെ മികച്ച കാര്യപ്രാപ്തി പ്രകടമാക്കിയിരുന്ന ഇദ്ദേഹം കേസുകൾ പഴുതില്ലാതെ എഴുതുന്നതിലും വിദഗ്ധനായിരുന്നു എന്നു സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു.

Image is only for Representative Purpose

സർവീസിലിരിക്കെ ലീവെടുത്തു ദുബായിൽ പോയി പത്തു വർഷം ജോലി ചെയ്തു. ഷൈബിന്റെ ജോലിക്കാരുടെ മേൽനോട്ടമായിരുന്നു ഇയാൾക്കു ജോലി. റിട്ടയറാകുന്നതിനു തൊട്ടു മുൻപു വീണ്ടും സർവീസിൽ കയറി സർവീസ് കാലാവധി പൂർത്തിയാക്കിയതിനു ശേഷം വീണ്ടും ഷൈബിനൊപ്പം പോകുകയായിരുന്നു. തെളിവു നശിപ്പിക്കാനും കുറ്റകൃത്യത്തിനു പദ്ധതിയിടാനും ഇദ്ദേഹം സഹായിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസ് വിലയിരുത്തൽ.

∙ എന്തുകൊണ്ട് മൂലക്കുരു മരുന്നിന്റെ ‘കൂട്ട്’?

ഇത്ര സമ്പന്നനായിരുന്നിട്ടും വെറും ഒരു മൂലക്കുരുവിന്റെ ചികിത്സാ തന്ത്രം തേടാൻ ഷൈബിൻ അഷറഫിനെ പ്രേരിപ്പിച്ചത് എന്തായിരിക്കും? ഒറ്റമൂലിക്കു വേണ്ടി മൈസൂർ സ്വദേശിയായ, പാരമ്പര്യ വൈദ്യൻ ഷാബായെ കൊലപ്പെടുത്തിയെന്ന കാര്യം കേൾക്കുന്നവർക്ക് അത്ര വിശ്വാസകരമായി തോന്നില്ലെങ്കിലും അതിനു കൃത്യമായ കാരണമുണ്ട്. ഷൈബിന്റെ ഉറ്റ സുഹൃത്തും വയനാട്ടിൽ ബിസിനസിൽ ആദ്യകാല പങ്കാളിയുമായിരുന്ന ആൾക്കാണ് വൈദ്യന്റെ ചികിത്സയിൽ രോഗം മാറിയത്. വൈദ്യനെ തട്ടിക്കൊണ്ടു വരാൻ പോയവരിലുണ്ടായിരുന്ന ഷിഹാബിനും അസുഖം മാറിയത് ഇദ്ദേഹത്തിന്റെ ചികിത്സയിൽ. ഷൈബിൻ ഇപ്പോൾ അറസ്റ്റിലാണ്. പ്രതികളിൽ ഒരാളായ നൗഷാദിന്റെ ബന്ധുവായ ഒരാൾക്കും അസുഖം മാറിയതോടെ ഇത് ശരിയായ ചികിത്സയാണെന്നു ഷൈബിൻ ഉറപ്പിച്ചു.

അത്രയേറെ വിശ്വാസ്യത ഉണ്ടായതോടെ ഈ രഹസ്യ മരുന്ന് ഉപയോഗിച്ചു വയനാട്ടിൽ ഒരു ആശുപത്രി തുടങ്ങാനായിരുന്നു പദ്ധതി. ഇയാളുടെ ഭാര്യ ലാബ് ടെക്നിഷ്യനാണ്. അവരെ ഉപയോഗിച്ചു വയനാട്ടിൽ ആശുപത്രി തുടങ്ങിയാൽ പണം കൊയ്യാമെന്നും കണക്കു കൂട്ടി. തട്ടിക്കൊണ്ടു വന്നു പൂട്ടിയിട്ടിട്ടും പക്ഷേ ഷാബാ മരുന്നു പറഞ്ഞു കൊടുത്തില്ല. എന്തെങ്കിലും പറഞ്ഞു കൊടുത്തു രക്ഷപ്പെടാൻ കഴിഞ്ഞതുമില്ല. പാരമ്പര്യ വിശ്വാസമാകാം മരുന്നു പറഞ്ഞു കൊടുക്കുന്നതിൽനിന്ന് വൈദ്യനെ തടഞ്ഞതെന്നാണ് ഒരു വിലയിരുത്തൽ. അങ്ങനെ ഒരു മരുന്നേ ഇല്ലാത്തതാവാം പറഞ്ഞു കൊടുക്കാൻ സാധിക്കാതെ പോയതിന്റെ കാരണമെന്നും അന്വേഷണ സംഘം വിലയിരുത്തുന്നുണ്ട്.

ഷാബാ ഷരീഫ്

ഷാബായെ തട്ടിക്കൊണ്ടു വരാൻ പ്രതികൾ മൂന്നു കാറുകളിലായാണ് നിലമ്പൂരിൽനിന്നു പോയത്. മാത്രമല്ല, അദ്ദേഹത്തെ വിശ്വസിപ്പിച്ചു കൂടെക്കൂട്ടാനുള്ള ബൈക്ക് കൊണ്ടു പോയതും നിലമ്പൂരിൽ നിന്ന്. ആദ്യമേ തന്നെ ബൈക്ക് സ്ഥലത്തെത്തിച്ച ശേഷമായിരുന്നു സംഘത്തിന്റെ യാത്ര. ഒടുവിൽ കൃത്യം നടത്തിയതിനു ശേഷം ബൈക്ക് തിരികെ എത്തിക്കുകയും ചെയതു.

∙ ഒന്നും അറിഞ്ഞിട്ടില്ലെന്നു ഭാര്യ

നിലമ്പൂർ മുക്കട്ടയിലെ കൂറ്റൻ വീടിന്റെ മുകളിലെ നിലയിൽ നടന്നിരുന്ന സംഭവങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് ഷൈബിന്റെ ഭാര്യ പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. ഇതു നുണയാകുമെന്ന് ആദ്യം സംശയിച്ചെങ്കിലും പ്രതിയുടെ സ്വഭാവം കണക്കിലെടുത്താൽ ഭാര്യയെയും ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്തിയതാകാം എന്നു തന്നെയാണ് അനുമാനം. ഷാബായെ താമസിപ്പിക്കുമ്പോഴും ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കുമ്പോഴും ഇവർ വീട്ടിലുണ്ടായിരുന്നു. അവർക്കു മുകളിലെ നിലയിലേക്കു പോകുന്നതിനു വിലക്കുണ്ടായിരുന്നത്രെ. അതേസമയം മുകളിലെ നിലയിൽ എസി പിടിപ്പിച്ചപ്പോൾ എന്തിനാണെന്നു ചോദിച്ചിരുന്നു. അവിടെ ചില മെഷീനുകളുണ്ട് എന്നായിരുന്നത്രേ മറുപടി.

വയനാട്ടിൽ ഷൈബിൻ നിർമിച്ച വീട്.

വയനാട് സ്വദേശിനിയായ യുവതിയെ പ്രണയിച്ചാണ് ഷൈബിൻ വിവാഹം കഴിക്കുന്നത്. വീട്ടുകാർ സമ്മതിക്കാതെ വന്നതോടെ ഇയാൾക്കൊപ്പം പോവുകയായിരുന്നു. യുവതിയെ കാണാനില്ലെന്ന പരാതി പൊലീസിനു ലഭിച്ചതിന്റെയും പിന്നീടു കോടതിയിൽ ഹാജരാക്കിയതിന്റെയും രേഖകൾ പൊലീസ് പരിശോധിച്ചിരുന്നു. നിലവിൽ മകനോടൊപ്പം സ്വന്തം വീട്ടിലാണ് യുവതി താമസിക്കുന്നത്. അന്വേഷണ സംഘം ഇവിടെ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.

∙ വിനയായത് നൗഷാദുമായുണ്ടായ ‘സൗന്ദര്യപ്പിണക്കം’

ഒരു കൊച്ചു വാക്കുതർക്കമാണ് ഷൈബിനെയും നൗഷാദിനെയും തമ്മിൽ അവസാനം തെറ്റിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഡ്രൈവിങ്ങിൽ ഷൈബിൻ അത്ര പോരെന്ന് നൗഷാദ്. ‘എന്ത് റഫായാണ് വാഹനം ഉപയോഗിക്കുന്നത്’ എന്നു പറഞ്ഞു കളിയാക്കി. എങ്കിൽ നീ ഓടിച്ചോളാൻ ഷൈബിൻ. നൗഷാദ് ഓടിച്ചപ്പോൾ ‘അതിലും മോശമായല്ലോ’ എന്നു പറഞ്ഞു കളിയാക്കി. അതിന്റെ പേരിൽ നിർത്തിപ്പോകാൻ പറഞ്ഞു തർക്കവും വഴക്കുമായി. ഒടുവിൽ പിരിഞ്ഞതോടെ തനിക്കു കിട്ടാനുള്ള പണം തരണമെന്നായി നൗഷാദ്. ഒടുവിൽ ജോലി നിർത്തിയെന്നും ഷൈബിന്‍ തരാനുള്ള രണ്ടു കോടിയോളം രൂപ നിലമ്പൂരിൽ പോയി വാങ്ങണമെന്നും ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞു.

ഷാബായെ കാണാനില്ലെന്നു ഭാര്യ പരാതി നൽകിയ സരസ്വതി പുരയിലെ പൊലീസ് സ്റ്റേഷൻ. ചിത്രം: ജിതിൻ ജോയൽ ഹാരിം

നേരത്തേ കൂടെ ജോലി ചെയ്ത രണ്ടു പേരെയും ബന്ധുക്കളെയും കൂട്ടിയാണ് കഴിഞ്ഞ 26ന് ഇവർ നിലമ്പൂരിൽ പോകുന്നത്. അവിടെ വച്ച് അടിപിടിയുണ്ടായി. ഇതിന്റെ എല്ലാം വിഡിയോ നൗഷാദ് എടുത്തു സൂക്ഷിച്ചു. എല്ലാ കാര്യങ്ങളും ഷൈബിനെക്കൊണ്ടു പറയിപ്പിച്ചു വിഡിയോ റിക്കോർഡ് ചെയ്തു. ഇതോടെ മൂന്നു ലക്ഷം രൂപയും നൗഷാദിനു കൊടുത്തു. ബാക്കി പണം വയനാട്ടിൽ എത്തിക്കാമെന്നും, സ്ഥലം എഴുതി നൽകാമെന്നും ഉറപ്പു നൽകി. ഇനി വാക്കു പാലിച്ചില്ലെങ്കിലോ എന്ന ഉറപ്പിനാണ് ഷൈബിന്റെ ലാപ്ടോപ്പും ഫോണുമെല്ലാം ഒരു ബാഗിലാക്കി എടുത്തു കൊണ്ടു പോകുന്നത്. ഇവ കൊള്ളയടിക്കപ്പെട്ടു എന്നു കാണിച്ചായിരുന്നു ഷൈബിൻ നൗഷാദിനും സംഘത്തിനും എതിരെ പൊലീസിൽ പരാതി നൽകുന്നത്.

ഷൈബിൻ വരാതായതോടെ ഇതെല്ലാം ഒളിപ്പിക്കാനായി കുഴിച്ചിട്ടു. വീട്ടിൽ നിന്നെടുത്ത സാധനങ്ങൾക്കൊപ്പം സ്ഫോടക വസ്തുക്കൾ ഉള്ള വിവരം നൗഷാദ് അറിഞ്ഞതുമില്ല. പിന്നീട് കേസായി നൗഷാദിനെ അറസ്റ്റു ചെയ്യാൻ ചെന്നപ്പോൾ ചേട്ടനെയാണ് പൊലീസിനു കിട്ടിയത്. അദ്ദേഹത്തെ കൊണ്ടു പോകാൻ ശ്രമിച്ചപ്പോൾ പ്രദേശവാസികളായ സിപിഎമ്മുകാർ എതിർത്തു. 40 വർഷമായി ലീഗ് കൗൺസിലർ ഉണ്ടായിരുന്ന സ്ഥലത്ത് ഡിവൈഎഫ്ഐ പ്രവർത്തകനാണ് ഇത്തവണ ജയിച്ചത്. അദ്ദേഹം ഇടപെട്ട് പ്രതിയെ കൊണ്ടുപോകാൻ പറ്റില്ലെന്നു വാശിപിടിച്ചു. ഷൈബിന്റെ പൈസ വാങ്ങിയാണ് പൊലീസുകാർ വന്നതെന്നായിരുന്നു ആരോപണം.

നൗഷാദിനെ തെളിവെടുപ്പിനായി നിലമ്പൂരിലെ ഷൈബിന്റെ വീട്ടിലെത്തിച്ചപ്പോൾ. ചിത്രം: മനോരമ

ജോലി ചെയ്ത കൂലി വാങ്ങാനാണു നൗഷാദും സംഘവും ഷൈബിനെ കാണാൻ പോയത്. അതു കിട്ടിയിട്ടാണ് വന്നത് എന്നും ബാക്കി എല്ലാം വ്യാജ പരാതിയാണെന്നും ഇവർ വാദിച്ചു. എല്ലാം കോടതി തീരുമാനിക്കട്ടെ എന്നു പറഞ്ഞാണ് അവസാനം ബത്തേരി പൊലീസിന്റെ സഹായത്തോടെ നൗഷാദിന്റെ സഹോദരനെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കുന്നത്. അതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയാണ് മൊബൈൽ ഫോണും മറ്റും കുഴിച്ചിട്ട കാര്യം പറയുന്നത്. അതിനു വേണ്ടി പരിശോധിക്കുമ്പോൾ ഒപ്പം കണ്ടെത്തിയതാകട്ടെ സ്ഫോടക വസ്തുക്കളും!

∙ ഷൈബിന്റെ പൊലീസ് ബന്ധം ഭയന്ന് നൗഷാദ്

സഹോദരൻ റിമാൻഡിലായതിനു പിന്നാലെയാണ് നൗഷാദും കൂട്ടുപ്രതികളും തിരുവനന്തപുരത്തെത്തി സെക്രട്ടേറിയറ്റിനു മുന്നിൽ പ്രശ്നമുണ്ടാക്കുന്നത്. കൂലി ചോദിക്കാൻ പോയതിന്റെ പേരിൽ ഒരു പരാതി നൽകിയപ്പോഴേയ്ക്കും പൊലീസ് വന്ന് സഹോദരനെ അറസ്റ്റ് ചെയ്തെങ്കിൽ പൊലീസ് തങ്ങളെയും കുടുക്കുമെന്നായിരുന്നു നൗഷാദിന്റെ ഭയം. പൊലീസുമായെല്ലാം വലിയ അടുപ്പമുണ്ടെന്ന മട്ടിലാണ് മിക്കപ്പോഴും സൈബിന്റെ സംസാരം. കോടികൾ പൊലീസിനു കൈക്കൂലി കൊടുക്കുന്നുണ്ടെന്നും അവകാശപ്പെട്ടിട്ടുണ്ട്. ഇതെല്ലാം വിശ്വസിച്ചാണ് സെക്രട്ടേറിയറ്റിനു മുന്നിലെത്തി ശ്രദ്ധ ആകർഷിക്കാൻ ശ്രമിച്ചത്.

സെക്രട്ടറിയേറ്റിനു മുന്നിൻ നൗഷാദും സംഘവും നടത്തിയ ആത്മഹത്യാ നാടകം (വിഡിയോ ചിത്രം)

തങ്ങൾ എന്തു പറഞ്ഞാലും പൊലീസ് ഷൈബിന്റെ പക്ഷത്തുതന്നെ നിൽക്കുമെന്നായിരുന്നു ഇവരുടെ വിശ്വാസം. കയ്യിലുള്ള വിഡിയോ ദൃശ്യങ്ങൾ എങ്ങനെയെങ്കിലും ഉയർന്ന ഉദ്യോഗസ്ഥരിൽ എത്തിക്കണമെന്നുമുണ്ടായിരുന്നു. അങ്ങനെയാണ് സെക്രട്ടേറിയറ്റിനു മുന്നിലെ പ്രകടനം ആസൂത്രണം ചെയ്തത്. അതു ഫലം കാണുകയും ചെയ്തു. ഷൈബിനെതിരായ വിഡിയോകൾ നൗഷാദ് പകർത്തി പെൻഡ്രൈവിലാക്കി സൂക്ഷിച്ചിരുന്നു. മറ്റുള്ളവരുടെ ഫോണുകളിൽനിന്നു അത് നീക്കം ചെയ്യിച്ചു. പെൻഡ്രൈവിലാക്കി വിഡിയോയുടെ ഒരു കോപ്പി മറ്റൊരു സ്ഥലത്തും സൂക്ഷിച്ചിരുന്നു. ഷൈബിൻ കൊലപ്പെടുത്തിയാൽ അടുത്ത ആൾക്കാർക്ക് അറിയാവുന്ന സ്ഥലത്തായിരുന്നു ഇതു സൂക്ഷിച്ചത് എന്നും നൗഷാദ് വെളിപ്പെടുത്തിയിട്ടുണ്ട്.

∙ ആനവേട്ടക്കേസിലും പ്രതി

2013ൽ വയനാട്ടിൽ ആനയെ വെടിവച്ചു കൊന്ന കേസിലും പ്രതിയാണ് ഷൈബിൻ എന്ന വിവരം വനംവകുപ്പ് ഉദ്യോഗസ്ഥർക്കു ലഭിച്ചിട്ടുണ്ട്. അന്ന് തോക്കുമായി ഒരാൾ അറസ്റ്റിലായെങ്കിലും ഷൈബിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിരുന്നില്ല. ഷൈബിനെതിരെയുള്ള കേസ് വിവരങ്ങൾ പുറത്തു വന്നതോടെ അന്നത്തെ കൂട്ടാളി വിവരങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർക്കു കൈമാറുകയായിരുന്നു. അന്വേഷണ സംഘം ഉടൻ തന്നെ ഷൈബിനെ ചോദ്യം ചെയ്യാൻ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

നിലമ്പൂരിലെ ഷൈബിന്റെ വീട്ടിൽ ഫൊറൻസിക് സംഘം തെളിവെടുപ്പു നടത്തുന്നു. ചിത്രം: മനോരമ

∙ മരിച്ച എറണാകുളം സ്വദേശിനി ആര്?

ഹാരിസിനൊപ്പം ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ എറണാകുളം സ്വദേശിനി ആരെന്ന കാര്യത്തിൽ പൊലീസ് നിശബ്ദത പുലർത്തുകയാണ്. മദ്യപാനിയായ ഭർത്താവ് വീടു നോക്കാതെ വന്നതോടെയാണ് എറണാകുളത്തു ബ്യൂട്ടിഷനായി യുവതി ജോലിക്കിറങ്ങുന്നത്. അവസരം ലഭിച്ചപ്പോൾ വിദേശ ജോലിക്കു പോയതാണു മരണത്തിൽ കലാശിച്ചത്. അമ്മയുടെ മരണ ശേഷം ഇവരുടെ പെൺമക്കളും മുത്തശ്ശിയുടെ സംരക്ഷണയിലാണ്. അതുകൊണ്ടുതന്നെ ഇവരുടെ പേരു വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന മുത്തശ്ശിയുടെ അപേക്ഷ പൊലീസ് മാനിക്കുകയയിരുന്നു. കേസിനു വേണ്ട വിവരങ്ങൾ കൈമാറിയെങ്കിലും പരാതിയുമായി മുന്നോട്ടു പോകാനുള്ള സാഹചര്യമില്ലെന്നു ബന്ധുക്കൾ പറയുന്നു. വിദേശത്തുണ്ടായിരുന്ന ഇവരുടെ സഹോദരിയാണ് മൃതദേഹം ഏറ്റു വാങ്ങിയതും തുടർ നടപടികൾ സ്വീകരിച്ചതും. ഇവർ ഉപോഗിച്ചിരുന്ന മൊബൈൽ ഫോൺ പൊലീസ് നിയമപരമായ തടസ്സങ്ങൾ ഉന്നയിച്ചു തിരികെ നൽകിയിട്ടുമില്ല.

∙ വീടിനു മുന്നിൽ 20 കാറുകൾ; വടംവലി മൽസരത്തിലും കമ്പം

ഷൈബിൻ അഷറഫിന്റെ മുക്കട്ടയിലെ വീട്ടുമുറ്റത്തു കിടക്കുന്നത് മേഴ്സീഡിസും ഓഡിയും തുടങ്ങി 20 വാഹനങ്ങൾ. വയനാട്ടിലെ വീട്ടിൽ കുറേ പഴയ വാഹനങ്ങൾ വേറെയും. ഇന്ത്യയിൽ കിട്ടുന്ന ഏതാണ്ട് എല്ലാ ആഡംബര വാഹനങ്ങളും വാങ്ങി ഉപയോഗിക്കുന്നതിൽ വളരെ തൽപരനായിരുന്നു ഇയാൾ എന്നു പൊലീസ് പറയുന്നു. വീട്ടിൽ നീന്തൽക്കുളം ഉൾപ്പടെ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ഷൈബിന്റെ വീട്ടിലെ വാഹനങ്ങൾ. ചിത്രം: ജിതിൻ ജോയൽ ഹാരിം

വടംവലി മത്സരത്തിൽ കമ്പം കാണിച്ചിരുന്ന ഷൈബിൻ ബത്തേരിയിൽ വച്ചു നടന്ന മത്സരത്തിൽ സ്വന്തം ടീമിനെ ഇറക്കിയിരുന്നു. മത്സരത്തിനിടെ സ്വന്തം ടീം അംഗങ്ങളെ കൂവിയതിന്റെ പേരിൽ ഒരാളുമായി വാക്തർക്കമുണ്ടായി അടിപിടിയിൽ കലാശിച്ചു. ഇയാളെ പിടിച്ചു കെട്ടി ഇപ്പോൾ പണി നടക്കുന്ന പുത്തന്‍കുന്നിലെ വീട്ടിലെത്തിച്ച് ക്രൂരമായി മർദിച്ചു. പിന്നീടു പണം നൽകി കേസ് ഒതുക്കിയെങ്കിലും ഇയാളെ കർണാടകയിലെ ഒരു കുളത്തിൽ മരിച്ച നിലയിൽ പിന്നീട് കണ്ടെത്തുകയായിരുന്നു.

∙ ക്രൂരതയുടെ മുഖം

കാഴ്ചയിൽ ഒരു ക്രൂരനായൊന്നും ഷൈബിനെ ആർക്കും തിരിച്ചറിയാനാവില്ലെന്നു പൊലീസ് പറയുന്നു. പക്ഷേ മറഞ്ഞിരിക്കുന്നത് എത്രത്തോളം ക്രൂരതയാണെന്ന് അറിയണമെങ്കിൽ ഷാബാ ഷരീഫിനോട് ഇയാൾ ചെയ്ത കാര്യങ്ങൾ അറിയണം. ഷാബായെ വെട്ടിനുറുക്കി പുഴയിൽ ഒഴുക്കിയ ശേഷം തൊട്ടടുത്ത ദിവസം മകന്റെ ജന്മദിനം കേക്കു മുറിച്ച് ആഘോഷിക്കുകയാണ് ഷൈബിൻ ചെയ്തത്! കൊല്ലണം എന്നു കരുതിയായിരുന്നില്ല മുറിയിലിട്ടു മർദിച്ചതെന്നാണ് ഇയാൾ പൊലീസിനോടു പറഞ്ഞിരിക്കുന്നത്. പക്ഷേ മാസങ്ങൾ നീണ്ട ക്രൂരതയും ഭക്ഷണം നൽകാതെ ബന്ദിയാക്കിയതും ഷാബായുടെ ആരോഗ്യം നശിപ്പിച്ചിരുന്നു. ഭിത്തിയോടു ചേർത്തു നിർത്തി ശാരീരികമായി പീഡിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നത്രെ.

നിലമ്പൂരിലെ ഷൈബിന്റെ വീട്ടിൽ ഫൊറൻസിക് സംഘം തെളിവെടുപ്പു നടത്തുന്നു. ചിത്രം: മനോരമ

മൃതദേഹം വെട്ടി നുറുക്കാൻ അടുത്തു തന്നെയുള്ള മരമില്ലിലെത്തി പുളിമരത്തിന്റെ തടി സംഘടിപ്പിച്ചു. ശരീരത്തിന്റെ ഓരോ ഭാഗവും ചെറു കഷ്ണങ്ങളാക്കി നുറുക്കി പ്ലാസ്റ്റിക് കവറുകളിലാക്കി നാലു വാഹനങ്ങളിൽ പോയി എടവണ്ണ പുഴയിൽ ഒഴുക്കിക്കളഞ്ഞു. ഇതിനിടെ വാഹനം അപകടത്തിൽ പെട്ടെന്നും നൗഷാദ് മൊഴി നൽകിയിട്ടുണ്ട്. നൗഷാദും മറ്റൊരാളും ചേർന്നായിരുന്നു മാംസം വെട്ടി നുറുക്കിയത്. എംഡിഎംഎ പോലെ ഏതോ ലഹരി നാവിനടിയിൽ വച്ചശേഷമായിരുന്നത്രെ ഇതെല്ലാം ചെയ്തത്. മൃതദേഹം പുഴയിൽ ഒഴുക്കി തിരികെ ഹോട്ടൽ മുറിയിലെത്തി മണിക്കൂറുകൾ ഷവറിന് അടിയിൽ നിന്നാണ് സാധാരണ അവസ്ഥയിലേയ്ക്കു വന്നതെന്നും ഇവർ പൊലീസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്.

∙ തെളിവുണ്ടോ എന്നു പ്രതി

മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കിട്ടാത്തത് കോടതിയിൽ തിരിച്ചടിയാകാതിരിക്കാൻ പരമാവധി തെളിവുകൾ ശേഖരിക്കുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്. ഇപ്പോൾ കിട്ടിയിരിക്കുന്ന ഡിജിറ്റൽ തെളിവുകൾ തന്നെ പ്രതിയെ ശിക്ഷിക്കാൻ മതിയാകുമെന്ന് അന്വേഷണ സംഘം പറയുന്നു. അതേ സമയം ചോദ്യം ചെയ്യലിനോടു പ്രതി സഹകരിക്കാത്തതും തിരിച്ചടിയാകുന്നുണ്ട്. കുറ്റം ചെയ്തെന്നോ ചെയ്തില്ലെന്നോ അംഗീകരിക്കാത്ത പ്രതി നിങ്ങളുടെ പക്കൽ തെളിവുണ്ടോ എന്നാണ് പൊലീസിനോടു ചോദിക്കുന്നത്. തെളിവില്ലാത്ത കാര്യം എന്നോടു ചോദിക്കെണ്ടെന്നു പറഞ്ഞാണ് ഷൈബിൻ ചോദ്യങ്ങളെയെല്ലാം പ്രതിരോധിക്കുന്നത്.

English Summary: Notorious Life Story of Shaibin Ashraf, the Alleged Mastermind of the Brutal Crimes