ഒരു അഭിമുഖത്തിൽ അസുഖകരമായ ചോദ്യമുണ്ടായാൽ അസ്വസ്ഥനാകുന്ന ഇയാൾ എങ്ങനെയാണ് തിളങ്ങുന്ന വിജയം നേടിയെടുത്തത്? അതും എതിരാളിയേക്കാൾ ഇരട്ടിയിലേറെ വോട്ടു നേടി? പിതാവിന്റെ മോശം ചരിത്രം മായ്ച്ചു കളയാൻ സമൂഹമാധ്യമങ്ങൾ ഇയാളെ ഏതെല്ലാം വിധത്തിലാണ് സഹായിച്ചത്? എന്തു ഘടകങ്ങളാണ് ഈ രാഷ്ട്രീയ ഉയിർത്തെഴുന്നേൽപിൽ സഹായകരമായത്? എന്തായിരിക്കും ഈ ഭരണമാറ്റം ഏഷ്യൻ രാഷ്ട്രീയത്തിലുണ്ടാക്കുന്ന സ്വാധീനം? Philippines . Marcos Jr

ഒരു അഭിമുഖത്തിൽ അസുഖകരമായ ചോദ്യമുണ്ടായാൽ അസ്വസ്ഥനാകുന്ന ഇയാൾ എങ്ങനെയാണ് തിളങ്ങുന്ന വിജയം നേടിയെടുത്തത്? അതും എതിരാളിയേക്കാൾ ഇരട്ടിയിലേറെ വോട്ടു നേടി? പിതാവിന്റെ മോശം ചരിത്രം മായ്ച്ചു കളയാൻ സമൂഹമാധ്യമങ്ങൾ ഇയാളെ ഏതെല്ലാം വിധത്തിലാണ് സഹായിച്ചത്? എന്തു ഘടകങ്ങളാണ് ഈ രാഷ്ട്രീയ ഉയിർത്തെഴുന്നേൽപിൽ സഹായകരമായത്? എന്തായിരിക്കും ഈ ഭരണമാറ്റം ഏഷ്യൻ രാഷ്ട്രീയത്തിലുണ്ടാക്കുന്ന സ്വാധീനം? Philippines . Marcos Jr

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു അഭിമുഖത്തിൽ അസുഖകരമായ ചോദ്യമുണ്ടായാൽ അസ്വസ്ഥനാകുന്ന ഇയാൾ എങ്ങനെയാണ് തിളങ്ങുന്ന വിജയം നേടിയെടുത്തത്? അതും എതിരാളിയേക്കാൾ ഇരട്ടിയിലേറെ വോട്ടു നേടി? പിതാവിന്റെ മോശം ചരിത്രം മായ്ച്ചു കളയാൻ സമൂഹമാധ്യമങ്ങൾ ഇയാളെ ഏതെല്ലാം വിധത്തിലാണ് സഹായിച്ചത്? എന്തു ഘടകങ്ങളാണ് ഈ രാഷ്ട്രീയ ഉയിർത്തെഴുന്നേൽപിൽ സഹായകരമായത്? എന്തായിരിക്കും ഈ ഭരണമാറ്റം ഏഷ്യൻ രാഷ്ട്രീയത്തിലുണ്ടാക്കുന്ന സ്വാധീനം? Philippines . Marcos Jr

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനരോഷം ഭയന്ന് ഫിലിപ്പീൻസിൽനിന്നു പലായനം ചെയ്ത ഫെർഡിനാൻഡ് മാർക്കോസിന്റെ മകൻ, 36 വർഷം കഴിഞ്ഞ് അതേ രാജ്യത്തിന്റെ ഭരണാധികാരിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഏകാധിപത്യകാലത്തെ ഭരണകൂട ഭീകരതകളും അഴിമതിയും പുറത്തുകൊണ്ടുവരാനും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനും പോരാടുന്നവർക്കു കനത്ത ആഘാതമായിരിക്കുന്ന ഫിലിപ്പീൻസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു ഫലം. ചെയ്തുകൂട്ടിയ ദ്രോഹങ്ങൾക്ക് മാർക്കോസ് കുടുംബം ഒരിക്കൽപ്പോലും ഫിലിപ്പീൻസ് ജനതയോടു ക്ഷമാപണം നടത്തിയിട്ടില്ല. അവർ കൊള്ളയടിച്ച പൊതുമുതൽ നാടിനു തിരിച്ചുനൽകിയതുമില്ല. ഇപ്പോൾ അതേ കുടുംബം ജനാധിപത്യമാർഗത്തിൽ വീണ്ടും അധികാരത്തിലേക്ക് എത്തുന്നു! ഫിലിപ്പീൻസിന്റെ മുൻ ഏകാധിപതിയുടെ ഏക മകൻ ‘ബോങ്ബോങ്’ എന്നറിയപ്പെടുന്ന ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ (64) എതിർസ്ഥാനാർഥിക്കു ലഭിച്ചതിലും ഇരട്ടിയിലേറെ വോട്ടു നേടിയാണു വിജയിച്ചത്. ഒരു അഭിമുഖത്തിൽ അസുഖകരമായ ചോദ്യമുണ്ടായാൽ അസ്വസ്ഥനാകുന്ന ഇയാൾ എങ്ങനെയാണ് ഫിലിപ്പീൻസിൽ തിളങ്ങുന്ന വിജയം നേടിയെടുത്തത്. പിതാവിന്റെ മോശം ചരിത്രം മായ്ച്ചു കളയാൻ സമൂഹമാധ്യമങ്ങൾ ഇയാളെ ഏതെല്ലാം വിധത്തിൽ സഹായിച്ചു? എന്തു ഘടകങ്ങളാണ് ഈ രാഷ്ട്രീയ ഉയിർത്തെഴുന്നേൽപിൽ മാർക്കോസ് ജൂനിയറിനെ സഹായിച്ചത്? എന്തായിരിക്കും ഫിലിപ്പീൻസിലെ ഭരണമാറ്റം ഏഷ്യൻ രാഷ്ട്രീയത്തിലുണ്ടാക്കുന്ന സ്വാധീനം?

കൊടിയ ദുരിതത്തിന്റെ നാളുകൾ

ADVERTISEMENT

1965 മുതൽ 1986 വരെയാണു മാർക്കോസ് സീനിയർ ഫിലിപ്പീൻസ് ഭരിച്ചത്. 1965ൽ പ്രസിഡന്റായി അധികാരമേറ്റെങ്കിലും 1972ലാണ് ഏകാധിപതിയായി മാറിയത്. പ്രസിഡന്റ് സ്ഥാനത്തു രണ്ടാം ഘട്ടം ഭരണം പൂർത്തിയാക്കുന്നതിനു മാസങ്ങൾക്കു മുൻപ് ഇയാൾ പട്ടാള നിയമം പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ പാർലമെന്റിന്റെ അധികാരം നഷ്ടമായി. പ്രതിപക്ഷ നേതാക്കൾ കൂട്ടത്തോടെ അറസ്റ്റിലായി. സമ്പൂർണ സെൻസർഷിപ്പും ഏർപ്പെടുത്തി. ഒരിക്കൽ മികച്ച അഭിഭാഷകനായിരുന്ന മാർക്കോസ് സീനിയർ രാജ്യത്തെ കോടതികളുടെ നിയന്ത്രണവും ഏറ്റെടുത്തു. എതിരാളികളെയും വിമർശകരെയും പൊലീസും സൈന്യവും ചേർന്നു തടവിൽ വച്ചു ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു-ഈ അടിച്ചമർത്തൽ 1986ൽ മാർക്കോസും കുടുംബവും രാജ്യം വിട്ടോടും വരെ തുടർന്നു.

മാർക്കോസിന്റെ ഏകാധിപത്യവാഴ്ച ഫിലിപ്പീൻസ് ചരിത്രത്തിലെ ഏറ്റവും മോശം കാലമായിരുന്നു. ഒരുവശത്ത് അഴിമതിയും ഭരണകൂട ഭീകരതയും കൊടികുത്തി വാഴുമ്പോൾ മറുവശത്തു ലക്ഷക്കണക്കിനു മനുഷ്യർ കൊടിയ ദാരിദ്ര്യത്തിൽ നരകിച്ചു. ഈ ഏകാധിപത്യ ഭരണത്തിന്റെ പതനത്തിനു തുടക്കമിട്ടത്  പ്രതിപക്ഷ നേതാവ് ബെനിഗ്നോ അക്വിനോയുടെ കൊലപാതകത്തോടെയാണ്. മാർക്കോസ് പ്രതിപക്ഷ നേതാക്കളെ വേട്ടയാടാൻ തുടങ്ങിയപ്പോൾ യുഎസിൽ അഭയം നേടിയ അക്വിനോ 1983 ഓഗസ്റ്റിലാണു രാജ്യത്തേക്കു മടങ്ങിവന്നത്. രാജ്യത്തു ജനാധിപത്യം പുനഃസ്ഥാപിക്കുമെന്ന പ്രഖ്യാപനത്തോടെ തിരിച്ചെത്തിയ അക്വിനോ മനിലയിൽ വിമാനമിറങ്ങിയതിനു തൊട്ടുപിന്നാലെ വെടിയേറ്റു കൊല്ലപ്പെട്ടു. 

ജനാധിപത്യത്തിനായി ദാഹിച്ചുനിന്ന രാജ്യത്തെ ഇതു ഞെട്ടിച്ചു. പതിനായിരങ്ങളാണു വിലാപയാത്രയായി തെരുവിലിറങ്ങിയത്. അവർ അക്വിനോയുടെ ഭാര്യ കോറിയുടെ പിന്നിൽ അണിനിരന്നു. ജനരോഷം തണുപ്പിക്കാൻ 1986ൽ പൊതുതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ കോറി മാർക്കോസിനെതിരെ മത്സരിച്ചു. എന്നാൽ വ്യാപകമായ തിരഞ്ഞെടുപ്പു ക്രമക്കേടുകളിലൂടെ താൻ ജയിച്ചതായി മാർക്കോസ് പ്രഖ്യാപിച്ചു. അതോടെ രാജ്യമെങ്ങും ജനകീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. സമാധാനപരമായി നടന്ന ഈ പ്രക്ഷോഭം ജനകീയാധികാര വിപ്ലവം എന്ന പേരിലാണ് അറിയപ്പെട്ടത്. കത്തോലിക്കാസഭയുടെ പിന്തുണയും സമരക്കാർക്കു ലഭിച്ചു. 

കോടികളുമായി ഹവായിയിലേക്ക്...

ADVERTISEMENT

പ്രക്ഷോഭം ശക്തമായതോടെ സൈനിക നേതൃത്വവും മാർക്കോസിനെതിരെ തിരിഞ്ഞു. ജനക്കൂട്ടത്തിനു നേരെ വെടിവയ്ക്കാൻ സൈന്യം വിസമ്മതിച്ചു. തെരുവുപ്രക്ഷോഭം നാലു ദിവസം പിന്നിട്ടപ്പോൾ നിൽക്കക്കള്ളിയില്ലാതെ അമേരിക്കൻ ഹെലികോപ്റ്ററുകളിൽ കോടികളുടെ രത്നങ്ങളും ആഭരണങ്ങളും പണവുമായി മാർക്കോസ് കുടുംബം യുഎസിലെ ഹവായിലേക്കു പറന്നു. മാർക്കോസ് ജൂനിയറിന് അന്ന് 28 വയസ്സാണ്. ഖജനാവിൽനിന്നു കൊള്ളയടിച്ചുകൂട്ടിയ സമ്പാദ്യവുമായി മാർക്കോസ് കുടുംബം രാജ്യം വിടുമ്പോൾ ആ ഹെലികോപ്റ്ററുകളിലൊന്നിൽ അയാളുമുണ്ടായിരുന്നു. മൂന്നു വർഷത്തിനുശേഷം 1989ൽ മാർക്കോസ് സീനിയർ ഹവായിയിൽ അന്തരിച്ചു. 

മാർക്കോസ് സീനിയറും ഭാര്യ ഇമെൽഡയും അവരുടെ കൂട്ടാളികളും ചേർന്നു ഖജനാവിൽനിന്ന് ഏകദേശം 1000 കോടി ഡോളർ കൊള്ളയടിച്ചുകടത്തിയെന്നാണ് യുഎസ് കസ്റ്റംസ് നൽകിയ ഏകദേശ കണക്ക്. ഇതിൽ ഏകദേശം 400 കോടി ഡോളർ മാത്രമാണു 2013ൽ വീണ്ടെടുക്കപ്പെട്ടത്. മുൻ സൗന്ദര്യ റാണി കൂടിയായ ഇമെൽഡയുടെ ആഡംബര ജീവിതം കുപ്രസിദ്ധമായിരുന്നു. മാർക്കോസ് കുടുംബം യുഎസിലേക്കു പലായനം ചെയ്തതിനു പിന്നാലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ 3000 ഡിസൈനർ പാദരക്ഷകളാണു കണ്ടെത്തിയത്. ഇവ ലോകമെമ്പാടും സഞ്ചരിച്ച് ഇമെൽഡ വാങ്ങിക്കൂട്ടിയതായിരുന്നു. 

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മകന്റെ വിജയം ആഘോഷിച്ച വിഡിയോ പുറത്തുവന്നതോടെ ഇമെൽഡ വീണ്ടും വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. കാണാതായ, പിക്കാസോയുടെ അമൂല്യ ചിത്രം ഇമെൽഡയുടെ വീട്ടിലെ ചുമരിൽ കണ്ടതാണ് വീണ്ടും ചർച്ചയായത്. ഇത് ഒറിജിനലാണെന്നും പണ്ട് വാങ്ങിക്കൂട്ടിയതോ എവിടെനിന്നെങ്കിലും തട്ടിയെടുത്തതോ ആയിരിക്കുമെന്നാണു പ്രചാരണം. അതല്ല ചിത്രത്തിന്റെ പകർപ്പാണെന്നും പറയപ്പെടുന്നു. പക്ഷേ ‘തട്ടിപ്പിന്റെ’ ചരിത്രം ഇമെൽഡയെ മറക്കാത്ത അവസ്ഥയാണ്.

ഇമൽഡയുടെ വീട്ടിലെ ചുമരിലുള്ള പിക്കാസോ ചിത്രം (ചുവന്ന വൃത്തത്തിൽ). ചിത്രത്തിനു കടപ്പാട്: The Projector

1990കളിൽ 5 വർഷത്തെ പ്രവാസത്തിനുശേഷം ഫിലിപ്പീൻസിലേക്കു മടങ്ങിയെത്താനും വീണ്ടും രാഷ്ട്രീയശക്തിയായി വളരാനും മാർക്കോസ് കുടുംബത്തിനു സാധിച്ചുവെന്നതാണു ശ്രദ്ധേയമായ വസ്തുത. അനധികൃത സമ്പാദ്യവും രാജ്യാന്തരതലത്തിലുള്ള അധികാരബന്ധങ്ങളും ഉപയോഗിച്ചാണ് അവർ ഫിലിപ്പീൻസിൽ വീണ്ടും കരുത്തു കാട്ടിയത്. മാർക്കോസ് ജൂനിയർ ആദ്യം പ്രവിശ്യ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നാലെ കോൺഗ്രസ് അംഗവും സെനറ്ററുമായി. 92 വയസ്സുള്ള മാർക്കോസിന്റെ ജൂനിയറിന്റെ അമ്മ ഇമെൽഡ മനിലയിലുണ്ട്. അവർ കോൺഗ്രസ് അംഗമാണ്. മാർക്കോസിന്റെ ജൂനിയറിന്റെ സഹോദരി ഐമീ സെനറ്ററും മുൻ ഗവർണറുമാണ്. മാർക്കോസ് സീനിയർ പട്ടാളനിയമം പ്രഖ്യാപിച്ചതിന്റെ 50-ാം വർഷത്തിലാണ് ഫിലിപ്പീൻസിന്റെ അധികാരം വീണ്ടും മാർക്കോസ് കുടുംബത്തിന്റെ കൈകളിലേക്കു തിരിച്ചെത്തിയിരിക്കുന്നതെന്ന കൗതുകവുമുണ്ട്.

ADVERTISEMENT

വ്യാജചരിത്രം സമൂഹമാധ്യമത്തിലൂടെ...

ഭരണതല അഴിമതിയും ഭരണകൂട ഭീകരതയും വ്യാപകമായിരുന്ന മാർക്കോസ് സീനിയറിന്റെ ഏകാധിപത്യഭരണത്തെ സുവർണകാലമായി ‘റീബ്രാൻഡ്’ ചെയ്യുന്ന സമൂഹമാധ്യമ ക്യാപെയ്നാണു ഫിലിപ്പീൻസിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പു കാലത്തു കണ്ടത്. നുണകൾ വിതച്ചു നേടിയ വിജയം എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. കഴിഞ്ഞ നൂറ്റാണ്ടിലെ മാർക്കോസ് കുടുംബവാഴ്ച ഫിലീപ്പീൻസിനെ കടുത്ത ദാരിദ്ര്യത്തിലേക്കും സാമ്പത്തിക പ്രതിസന്ധിയിലേക്കുമാണു കൊണ്ടുപോയത്. എന്നാൽ ചരിത്രവസ്തുതകളെ മൂടിവച്ചു പിതാവിന്റെ ഭരണകാലം മഹത്തായ ഭരണമായിരുന്നുവെന്നായിരുന്നു ജൂനിയറിന്റെ വ്യാജപ്രചാരണം. ഇത് 30 വയസ്സിനു താഴെയുള്ളവരിലാണ് ഏറ്റവും സ്വാധീനമുണ്ടാക്കിയതെന്നു രാഷ്ട്രീയ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. 1986ൽ അവസാനിച്ച മാർക്കോസ് സീനിയർ യുഗത്തെപ്പറ്റി നേരിട്ട് അറിവോ അനുഭവമോ ഇല്ലാത്ത യുവവോട്ടർമാരാണ് ഈ വിജയത്തിനു കാരണമായതെന്നു വേണം അനുമാനിക്കാൻ. 

സമൂഹമാധ്യമങ്ങൾ വഴിയുള്ള ഈ കള്ളപ്രചാരണതന്ത്രം തിരഞ്ഞെടുപ്പുകാലത്തല്ല, ഒരു ദശകം മുൻപേ ആരംഭിച്ചതാണ്. എഡിറ്റ് ചെയ്തുണ്ടാക്കിയ നൂറുകണക്കിനു വ്യാജവിഡിയോകൾ യുട്യൂബിൽ അപ്‌ലോഡ് ചെയ്തായിരുന്നു തുടക്കം. ഇതാകട്ടെ മാർക്കോസ് അനുഭാവികളുടെ ഫെയ്സ്ബുക് പേജുകളിൽ വ്യാപകമായി പങ്കിടുകയും ചെയ്തു. പലായനം ചെയ്ത ഏകാധിപതിയോടും കുടുംബത്തോടും അനീതി കാട്ടി, കെട്ടിച്ചമച്ചതും പെരുപ്പിച്ചുകാട്ടിയതുമായിരുന്നു മാർക്കോസ് കുടുംബത്തിനെതിരായ ആരോപണങ്ങൾ എന്നിങ്ങനെയായിരുന്നു വ്യാജപ്രചാരണങ്ങൾ. മാർക്കോസിന്റെ ഭാര്യയുടെ ആർഭാട ജീവിതമടക്കമുള്ള എല്ലാ സംഭവങ്ങളും കെട്ടുകഥകളാണെന്നും സമൂഹമാധ്യമ പ്രചാരണത്തിലൂടെ സ്ഥാപിച്ചെടുക്കാൻ ശ്രമിച്ചു. ഫിലിപ്പീൻസിൽ മാർക്കോസ് അനന്തര സർക്കാരുകളെല്ലാം വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടത് മാർക്കോസ് ജൂനിയറിന്റെ ഈ പ്രചാരണങ്ങൾക്ക് ആക്കം കൂട്ടുകയും െചയ്തു

രാജ്യമെങ്ങും കൂറ്റൻ റാലികളാണു മാർക്കോസ് ജൂനിയർ സംഘടിപ്പിച്ചത്. ആഘോഷപൂർവം സംഘടിപ്പിക്കുന്ന ഇത്തരം റാലികളിലെല്ലാം കോമഡി ഷോകളും പാട്ടും നൃത്തവും അരങ്ങേറും. ചെറുപ്പക്കാരായിരുന്നു ഈ റാലികളിലേറെയും വന്നെത്തിയത്. അവർക്കെല്ലാം ടിഷർട്ടുകളും തൊപ്പികളും സൗജന്യമായി വിതരണം ചെയ്തു. ജനക്കൂട്ടത്തെ ആവേശത്തോടെ അഭിസംബോധന ചെയ്യുന്ന മാർക്കോസ് ജൂനിയർ പക്ഷേ അസുഖകരമായ ചോദ്യങ്ങൾ ഉയരുന്ന അഭിമുഖങ്ങളും ചർച്ചാവേദികളും ഒഴിവാക്കുകയാണു പതിവ്. 

ഏഷ്യയിൽ എന്തു മാറ്റം?

ഫിലിപ്പീൻസിന്റെ പുതിയ പ്രസിഡന്റായി മാർക്കോസ് ജൂനിയർ അധികാരമേൽക്കുമ്പോൾ അത് ഏഷ്യയിലെ ശാക്തികചേരികളിലും ചലനങ്ങളുണ്ടാക്കും. ചൈനയും യുഎസുമായി നല്ല ബന്ധമാണ് മാർക്കോസ് ജൂനിയറിനുള്ളത്. മാർക്കോസിന്റെ വിജയത്തെ വൈറ്റ് ഹൗസ് സ്വാഗതം ചെയ്തിട്ടുമുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി നല്ല അടുപ്പമുള്ള മാർക്കോസ് ജൂനിയർ, സൗത്ത് ചൈന കടലിലെ ഫിലിപ്പീൻസ്-ചൈന തർക്കം രമ്യമായി പരിഹരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രവാസത്തിൽ കഴിഞ്ഞ 5 വർഷം ഒഴികെ, 23-ാം വയസ്സു മുതൽ അധികാരത്തിന്റെ ഭാഗമായി വളർന്ന മാർക്കോസ് ജൂനിയർ, ഒരിക്കൽ താൻ ഫിലിപ്പീൻസ് പ്രസിഡന്റാകും എന്ന സ്വപ്നം ലക്ഷ്യമിട്ടാണ് ഓരോ ചുവടും വച്ചത്. 1990കളിൽ ഫിലിപ്പീൻസിൽ തിരിച്ചെത്തിയ മാർക്കോസ് കുടുംബത്തിലെ അംഗങ്ങളെല്ലാം വൈകാതെ ഏതെങ്കിലും ഭരണപദവികളിൽ സ്ഥാനമുറപ്പിക്കുകയും ചെയ്തിരുന്നു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെർട്ടുമായുള്ള അടുപ്പമാണു മാർക്കോസ് കുടുംബത്തിന്റെ മറ്റൊരു ശക്തി. ഏകാധിപത്യശൈലിയിൽ ഭരണം നിർവഹിച്ച ഡ്യൂട്ടെർട്ടിന്റെ പൊലീസ്, ലഹരിവേട്ടയുടെ പേരിൽ ആയിരക്കണക്കിനു യുവാക്കളെയാണു തെരുവിൽ വെടിവച്ചുവീഴ്ത്തിയത്. മാർക്കോസ് യുഗത്തെ അനുസ്മരിപ്പിക്കുന്ന ഭരണശൈലിയായിരുന്നു ഇത്. ഡ്യൂട്ടെർട്ടുമായി മാർക്കോസ് ജൂനിയറിനു പല വിഷയങ്ങളിലും ഭിന്നതകൾ ഉണ്ടായിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ മകൾ സാറാ ഡ്യൂട്ടെർട്ടാണ് ഇത്തവണ തിരഞ്ഞെടുപ്പിൽ മാർക്കോസിനൊപ്പം വൈസ് പ്രസിഡന്റായി മത്സരിച്ചത്. ഡ്യൂട്ടെർട് -മാർക്കോസ് കുടുംബങ്ങൾ  തിരഞ്ഞെടുപ്പിൽ ഒരുമിച്ചതോടെ രാജ്യത്തെ ലിബറൽ-ജനാധിപത്യവാദികളുടെ പക്ഷം ദുർബലമാകുകയും ചെയ്തു. 

ഫെർഡിനാൻഡ് മാർക്കോസ്, ഇമെൽഡ (ഫയൽ ചിത്രം: AFP)

മാർക്കോസ് കുടുംബം നാൾവഴി

1965: ഫെർഡിനാൻഡ് മാർക്കോസ് ഫിലിപ്പീൻസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

1972: പട്ടാള നിയമം പ്രഖ്യാപിച്ചു

1983: മാർക്കോസ് വിരുദ്ധ അഭിഭാഷകനും പ്രതിപക്ഷ നേതാവുമായ ബെനിഗ്നോ അക്വീനോ കൊല്ലപ്പെട്ടു.

1986: തിരഞ്ഞെടുപ്പു ക്രമക്കേടുകൾക്കുപിന്നാലെ ജനകീയ പ്രക്ഷോഭത്തിൽ മാർക്കോസ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. മാർക്കോസും കുടുംബവും യുഎസിലേക്ക് പണവും ആഭരണങ്ങളും മറ്റു സമ്പാദ്യങ്ങളുമായി പലായനം ചെയ്തു.

1989: ഫെർഡിനൻഡ് മാർക്കോസ് യുഎസിൽ മരിച്ചു

1991:  മാർക്കോസ് കുടുംബം ഫിലിപ്പീൻസിലേക്കു മടങ്ങിയെത്തി.

2022: ഫെർഡിനാൻഡിന്റെ മകൻ ബോങ്ബോങ് മാർക്കോസ് ജൂനിയർ ഫിലിപ്പീൻസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

English Summary: Forgetting the Past of a Dictator: How Ferdinand Marcos won in Philippines Presidential Election?