എന്റെ സഹപ്രവർത്തകൻ കോവിഡ് ബാധിച്ചു മരിച്ചു. ആ വീട്ടിൽ പോയ ദിവസമാണ് ഇനി ഈ മെല്ലെപ്പോക്കു പറ്റില്ലെന്ന് ഉറപ്പിച്ചത്. അവിടെ അദ്ദേഹത്തിന്റെ ഭാര്യയുടെ നെറുകയിലെ സിന്ദൂരം മായ്ക്കുകയും മംഗല്യസൂത്ര (താലി) അഴിക്കുകയും വളകൾ പൊട്ടിക്കുകയും ചെയ്യുകയായിരുന്നു. അരുതേ അരുതേ എന്ന് അവർ ഉറക്കെ നിലവിളിച്ചു. ഭർത്താവുമൊത്തുള്ള ജീവിതത്തിന്റെ ഓർമകളൊന്നും ഇല്ലാതാക്കല്ലേ എന്നു വിലപിച്ചു... Widows, Pramod Sinjathe, India

എന്റെ സഹപ്രവർത്തകൻ കോവിഡ് ബാധിച്ചു മരിച്ചു. ആ വീട്ടിൽ പോയ ദിവസമാണ് ഇനി ഈ മെല്ലെപ്പോക്കു പറ്റില്ലെന്ന് ഉറപ്പിച്ചത്. അവിടെ അദ്ദേഹത്തിന്റെ ഭാര്യയുടെ നെറുകയിലെ സിന്ദൂരം മായ്ക്കുകയും മംഗല്യസൂത്ര (താലി) അഴിക്കുകയും വളകൾ പൊട്ടിക്കുകയും ചെയ്യുകയായിരുന്നു. അരുതേ അരുതേ എന്ന് അവർ ഉറക്കെ നിലവിളിച്ചു. ഭർത്താവുമൊത്തുള്ള ജീവിതത്തിന്റെ ഓർമകളൊന്നും ഇല്ലാതാക്കല്ലേ എന്നു വിലപിച്ചു... Widows, Pramod Sinjathe, India

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്റെ സഹപ്രവർത്തകൻ കോവിഡ് ബാധിച്ചു മരിച്ചു. ആ വീട്ടിൽ പോയ ദിവസമാണ് ഇനി ഈ മെല്ലെപ്പോക്കു പറ്റില്ലെന്ന് ഉറപ്പിച്ചത്. അവിടെ അദ്ദേഹത്തിന്റെ ഭാര്യയുടെ നെറുകയിലെ സിന്ദൂരം മായ്ക്കുകയും മംഗല്യസൂത്ര (താലി) അഴിക്കുകയും വളകൾ പൊട്ടിക്കുകയും ചെയ്യുകയായിരുന്നു. അരുതേ അരുതേ എന്ന് അവർ ഉറക്കെ നിലവിളിച്ചു. ഭർത്താവുമൊത്തുള്ള ജീവിതത്തിന്റെ ഓർമകളൊന്നും ഇല്ലാതാക്കല്ലേ എന്നു വിലപിച്ചു... Widows, Pramod Sinjathe, India

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2012ലെ ജയ്പൂർ സാഹിത്യോത്സവത്തിൽ പങ്കെടുക്കാനെത്തിയ യുഎസിലെ പ്രശസ്ത ടിവി അവതാരക ഓപ്ര വിൻഫ്രിയോടു മാധ്യമങ്ങൾ ചോദിച്ചു, ഇന്ത്യയെക്കുറിച്ച് എന്താണ് അഭിപ്രായം? ‘അമ്മയെ, അമ്മൂമ്മയെ, അച്ഛനെ, അപ്പൂപ്പനെ എല്ലാം സംരക്ഷിക്കുന്ന കുടുംബങ്ങൾ വളരെ മനോഹരം. എന്നാൽ, കുടുംബത്തെ ഇത്രയേറെ സ്നേഹിക്കുന്ന ഈ നാട് എന്തുകൊണ്ടാണു വിധവകളെ ഇങ്ങനെ തള്ളിക്കളയുന്നത്? അവരെ മനുഷ്യരായി പരിഗണിക്കാത്തത്?’ – ഇതായിരുന്നു ഓപ്രയുടെ മറുപടിയും മറുചോദ്യവും.

സ്വാതന്ത്ര്യം നേടി 75 ആണ്ടു പിന്നിട്ടെങ്കിലും ഇന്നും ചിലയിടങ്ങളിൽ ഭർത്താവു മരിച്ച സ്ത്രീയോടു കാണിക്കുന്ന മനുഷ്യത്വമില്ലായ്മ രാജ്യത്തിന്റെ തലതാഴ്ത്തുക തന്നെ ചെയ്യും. ഭർത്താവിന്റെ അന്ത്യത്തോടെ ഭാര്യയുടെ ജീവിതം തീരുന്നുവെന്ന സങ്കൽപത്തിൽ കാട്ടിക്കൂട്ടുന്ന അനാചാരങ്ങൾ മഹാരാഷ്ട്ര കോലാപ്പുരിലെ 2 ഗ്രാമങ്ങൾ വിലക്കിയത് ഇക്കഴിഞ്ഞദിവസമാണ്. തൊട്ടുപിന്നാലെ സംസ്ഥാനത്തെ 28000 ഗ്രാമപഞ്ചായത്തുകളോടു സമാന നടപടി സ്വീകരിക്കാൻ മഹാരാഷ്ട്ര സർക്കാർ നിർദേശവും നൽകി. ഇന്നും ഇത്തരം പ്രാകൃത രീതികൾ തുടരുന്നല്ലോ എന്ന നിരാശയും ഇപ്പോഴെങ്കിലും മാറ്റത്തിനു തയാറായല്ലോ എന്ന ആശ്വാസവും  ഒരേപോലെ ഉള്ളിൽ ഉണർത്തിയ വാർത്ത.

ADVERTISEMENT

‘ഞാൻ മരിച്ചാൽ എന്റെ ഭാര്യയെ വിധവയാക്കാൻ വിട്ടുകൊടുക്കരുത്’

മഹാരാഷ്ട്രയിലെ കോലാപ്പുർ ജില്ലയിലുള്ള ഹെർവാദ്, മൻഗാവ് എന്നീ ഗ്രാമപഞ്ചായത്തുകൾ ‘വിധവാ ദുരാചാരം’ നിർത്തലാക്കിയത് പെട്ടെന്നൊരു ദിവസത്തെ വെളിപാടിൽ അല്ല. അതിനു പിന്നിൽ അണിനിരന്നവരെക്കുറിച്ചുള്ള അന്വേഷണമാണ് പ്രമോദ് സിൻജാദെ എന്ന സാധാരണക്കാരനായ ‘അസാധാരണ’ മനുഷ്യനിലെത്തിച്ചത്. മഹാരാഷ്ട്രയിലെ സോലാപ്പുരിൽ താമസിക്കുന്ന അദ്ദേഹം മഹാത്മാ ഫുലെ സമാജ് സേവാ മണ്ഡൽ എന്ന സംഘടന രൂപീകരിച്ച് വർഷങ്ങളായി സാമൂഹിക സേവനം നടത്തുകയാണ്. 

പ്രമോദ് സിൻജാതെയും ഭാര്യയും

പ്രമോദിന്റെ വാക്കുകളിലേക്ക്: 

‘‘ വിധവകളുടെയും സ്ത്രീകളുടെയും ഉന്നമനത്തിലായി പല പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. പതിയെ മാറ്റങ്ങൾ കൊണ്ടുവരാമെന്നായിരുന്നു ചിന്ത. ഇതിനിടെ എന്റെ സഹപ്രവർത്തകൻ കോവിഡ് ബാധിച്ചു മരിച്ചു. ആ വീട്ടിൽ പോയ ദിവസമാണ് ഇനി ഈ മെല്ലെപ്പോക്കു പറ്റില്ലെന്ന് ഉറപ്പിച്ചത്. അവിടെ അദ്ദേഹത്തിന്റെ ഭാര്യയുടെ നെറുകയിലെ സിന്ദൂരം മായ്ക്കുകയും മംഗല്യസൂത്ര (താലി) അഴിക്കുകയും വളകൾ പൊട്ടിക്കുകയും ചെയ്യുകയായിരുന്നു. അരുതേ അരുതേ എന്ന് അവർ ഉറക്കെ നിലവിളിച്ചു. ഭർത്താവുമൊത്തുള്ള ജീവിതത്തിന്റെ ഓർമകളൊന്നും ഇല്ലാതാക്കല്ലേ എന്നു വിലപിച്ചു. പക്ഷേ, ചടങ്ങു നടത്താനെത്തിയ മറ്റു വിധവകൾ അവരെ ബലമായി പിടിച്ചു നിർത്തി ആഭരണങ്ങളെല്ലാം അഴിച്ചെടുത്തു. വെള്ളസാരി ഉടുക്കാൻ കൊടുത്തു. ഇതു കണ്ടു നിന്നപ്പോൾ ഞാൻ കരഞ്ഞുപോയി. അവളുടെ ജീവിതം തീർന്നല്ലോ എന്നു ചുറ്റും നിന്നു പരിതപിച്ചവരോടു ഞാൻ ചോദിച്ചു – ഭാര്യ മരിച്ചാൽ ഭർത്താവിന്റെ ജീവിതം തീരുന്നില്ലല്ലോ. പിന്നെ ഭർത്താവു മരിച്ചാൽ ഭാര്യയുടെ ജീവിതം തീരുന്നത് എങ്ങനെയാണ് എന്ന്. ആരും മറുപടി പറഞ്ഞില്ല.

ADVERTISEMENT

എന്റെ ഭാര്യയ്ക്കും ഈ അവസ്ഥ വരാമല്ലോ എന്നോർത്തപ്പോൾ ശരീരം വിറങ്ങലിച്ചു. വീട്ടിലെത്തിയ ഉടൻ 100 രൂപയുടെ മുദ്രപത്രം വാങ്ങുകയാണു ചെയ്തത്. ഞാൻ മരിച്ചാൽ എന്റെ ഭാര്യയെ വിധവാ ദുരാചാരങ്ങൾക്കു വിധേയയാക്കരുത്. എല്ലാ സന്തോഷങ്ങളോടെയും മാന്യതയോടെയും ജീവിക്കാൻ അവളെ അനുവദിക്കണമെന്ന് ഭർത്താവിന്റെ അധികാരത്തോടെ ഞാൻ ആവശ്യപ്പെടുകയാണ് എന്ന് അതിൽ എഴുതി ഒപ്പിട്ടു തഹസിൽ‌ദാരെ ഏൽപിച്ചു. പിന്നെ വിശ്രമിച്ചിട്ടില്ല. സാമൂഹികപ്രവർത്തകരെയും സന്നദ്ധസംഘടനകളെയും കണ്ടു. അനാചാരങ്ങൾക്കെതിരെ ‘വിധവ പ്രഥ ബന്ധി കയ്ദ സമിതി’ എന്ന സംഘടന രൂപീകരിച്ചു. പുരോഗമന ചിന്തകളുള്ളവരെ ഉൾപ്പെടുത്തി വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി.

കോലാപ്പുർ ജില്ലയിലെ പഞ്ചായത്ത് മേധാവികളെ (സർപഞ്ച്) കണ്ട് വിധവാ ആചാരങ്ങൾ നിർത്താൻ ആവശ്യപ്പെട്ടു. ഇതിനുള്ള വിശദമായ നിവേദനവും കൈമാറി. തുടർന്നാണ് ഹെർവാദ് ഗ്രാമം ആചാരം വിലക്കി ചരിത്രമെഴുതിയത്. ഇതു വലിയ വാർത്തയായതോടെ മൻഗാവും ഇതേ തീരുമാനമെടുത്തു, ’’ അദ്ദേഹം മനോരമ ഓൺലൈനിനോടു പറഞ്ഞു. മൻഗാവ് ഇന്ത്യാ ചരിത്രത്തിലെ സുപ്രധാന ഏടാണെന്നറിയാമല്ലോ. 1920ൽ ഇവിടെയാണു പ്രസിദ്ധമായ ‘അയിത്തോച്ചാടന സമ്മേളനം’ (അൺടച്ചബിലിറ്റി കോൺഫറൻസ്) നടന്നത്. ആ വേദിയിൽ ഛത്രപതി ഷഹു മഹാരാജ് ഡോ. ബി.ആർ.അംബേദ്കറെ ‘അടിച്ചമർത്തപ്പെട്ടവരുടെ യഥാർഥ നേതാവ്’ ആയി പ്രഖ്യാപിച്ചു. മാൻഗാവ് പ്രഖ്യാപനത്തിന്റെ 102ാം വാർഷികത്തിലാണ്  ‘വിധവാ ആചാരം’ വിലക്കിയുള്ള അടുത്ത നിർണായക പ്രഖ്യാപനം. 

വെറും വിലക്ക് പോരാ, തടവും പിഴയും ഉറപ്പാക്കും നിയമം വേണം

രാജ്യമെമ്പാടും മരണം വിതച്ച കോവിഡ്, ഒട്ടേറെ ചെറുപ്പക്കാരുടെ ജീവനെടുത്തതും ഗ്രാമസഭകളുടെ തീരുമാനത്തിനു പിന്നിലുണ്ട്. ഹെർവാദിലും മൻഗാവിലും യുവാക്കൾ കോവിഡിനു കീഴടങ്ങിയപ്പോൾ അവരുടെ ഭാര്യമാരും കൊച്ചുകുഞ്ഞുങ്ങളും വലിയ ചോദ്യചിഹ്നമായി. പഴയ ആചാരങ്ങളുടെ മാറാപ്പും പേറിയിരുന്നാൽ യുവതികൾക്കു ജോലിക്കുപോകാനോ നന്നായി ജീവിക്കാനോ കഴിയില്ല. ജീവിതം തുടങ്ങിയതേയുള്ളൂ അവരിൽ പലരും. അവരോട് ഇനി മരിച്ചതുപോലെ വേണം ജീവിക്കാൻ എന്ന് എങ്ങനെ പറയുമെന്ന ചോദ്യങ്ങൾ ഓരോ വീട്ടിലുമുയർന്നു. എങ്കിലും സ്വയം തീരുമാനമെടുക്കാൻ മടി. പെൺമക്കൾ വെള്ളസാരിയിൽ കരിഞ്ഞുതീരരുത് എന്ന് ആഗ്രഹമുണ്ടെങ്കിലും ആചാരങ്ങളെയും ആളുകളെയും പേടി. അതിനിടെയാണു പ്രമോദ് കടന്നെത്തിയതും പേടികളെ മാറ്റിയെടുത്തതും.

ADVERTISEMENT

വെറും വിലക്കു പോര, നിയമം കൊണ്ടുവരണമെന്നാണു പ്രമോദിന്റെയും സംഘത്തിന്റെയും ആവശ്യം. ഭർത്താവ് മരിച്ചാലുടൻ വിധവകളെ വെള്ളയുടുപ്പിച്ച് മുറിയിൽ അടയ്ക്കുന്നവർക്കും അതിനു പ്രേരിപ്പിക്കുന്നവർക്കും തടവും പിഴയും ഉറപ്പാക്കുന്ന കർശന വ്യവസ്ഥകളുള്ള നിയമത്തിനായി രാഷ്ട്രീയ നേതാക്കളെ കാണുകയാണിവർ. ജൂലൈയിൽ നടക്കുന്ന നിയമസഭാ സംയുക്ത സമ്മേളനത്തിൽ ഇക്കാര്യം ചർച്ച ചെയ്യാമെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറും മകളും എംപിയുമായ സുപ്രിയ സുളെയും ഗ്രാമവികസന മന്ത്രി ഹാസൻ മുഷ്‌റിഫും നൽകിയ ഉറപ്പിലാണു പ്രതീക്ഷ.

വൃന്ദാവനിലെ വിധവകളുടെ ഹോളി ആഘോഷം. Photo: Noemi CASSANELLI / AFP

‘അന്തസ്സുള്ള ജീവിതം അവരുടെ അവകാശം’ എന്ന മുദ്രാവാക്യവുമായി വിധവകളെ നിറങ്ങളിലേക്കും ആഘോഷങ്ങളിലേക്കും തിരിച്ചുകൊണ്ടുവരികയാണിവർ. വീണ്ടും താലിയും സിന്ദൂരവും നിറമുള്ള സാരിയുമണിഞ്ഞ് ഒട്ടേറെപ്പേർ നിറകൺചിരിയോടെ ഗ്രാമസഭയ്ക്കെത്തി. കോമൾ ദേവിയെന്ന സ്ത്രീയെ കൊച്ചുമകൾ താലി അണിയിച്ചപ്പോൾ കണ്ടുനിന്നവർ കരഞ്ഞു, സന്തോഷം കൊണ്ട്. 

ദുർമന്ത്രവാദിനിയെന്ന ദുഷ്പേര്; കുടിക്കാൻ ശവം കഴുകിയ വെള്ളം

തമിഴ്നാട്, കർണാടക, ജാർഖണ്ഡ്, രാജസ്ഥാൻ, ബിഹാർ, ഉത്തർപ്രദേശ്, ഛത്തിസ്ഗഡ്, മധ്യപ്രദേശ് – അങ്ങനെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും ചില വിഭാഗങ്ങൾക്കിടയിൽ വിധവകളെ ഒറ്റപ്പെടുത്തുകയും മാറ്റിനിർത്തുകയും ചെയ്യുന്ന കാലംകെട്ട രീതികൾ തുടരുന്നു. ഭർത്താവ് മരിച്ചാൽ പിന്നെ ജീവിതത്തിൽ ആഡംബരങ്ങളൊന്നും പാടില്ലെന്നതാണ് അലിഖിത നിയമം. ആഭരണങ്ങൾ അണിയരുത്. ആഘോഷങ്ങളിൽ പങ്കെടുക്കരുത്. സ്വന്തം മക്കളുടെ കല്യാണമാണെങ്കിൽ പോലും അടുത്തെങ്ങും കണ്ടുപോകരുത് – കാരണം വിധവകൾ അപശകുനമാണത്രേ. അവരെ കണി കണ്ടാലോ അവർ ചടങ്ങിൽ പങ്കെടുത്താലോ അശുഭമാണത്രേ. 

പൂ ചൂടരുത്, ഇഷ്ടഭക്ഷണം കഴിക്കരുത്, മാംസാഹാരം തൊടരുത്, പരമാവധി ദിവസങ്ങളിൽ ഉപവസിക്കണം, തലമൊട്ടയടിക്കണം, സദാ പ്രാർഥനകളിൽ മുഴുകണം, സിനിമ കാണുകയോ ഉല്ലാസയാത്ര പോകുകയോ ചെയ്യരുത് – എന്നിങ്ങനെ അരുതുകളുടെയും ചിട്ടകളുടെയും പട്ടികയ്ക്ക് നീളം വളരെ വളരെ. രാജസ്ഥാനിലെ അജ്മേറിൽ കന്യാദേവിയെന്ന ദലിത് വിധവയെ തീയിൽ കിടത്തിയും അടിച്ചും വിസർജ്യം തീറ്റിച്ചും കൊന്നതോർമയില്ലേ. നാൽപതുകാരിയായ അവരുടെ ദുർമന്ത്രവാദവും പ്രേതബാധയും കാരണമാണു ഭർത്താവ് മരിച്ചതെന്നായിരുന്നു ബന്ധുക്കളുടെ കണ്ടെത്തൽ.

കത്തുന്ന കൽക്കരി കൈവള്ളയിൽ ഇട്ടു കെട്ടിവച്ചു. തല്ലിച്ചതച്ച് ഉടുതുണികൾ വലിച്ചെറിഞ്ഞു. തീച്ചൂളയിൽ കിടത്തി, മുഖത്തു തീ കോരിയിട്ടു. ഞാൻ ദുർമന്ത്രവാദിയല്ല, എനിക്കു വേദനിക്കുന്നേ പേടിയാകുന്നേ ഒന്നും ചെയ്യല്ലേ എന്ന് അവരെത്ര കരഞ്ഞുകാണും. അമ്മയെ കൊല്ലല്ലേ എന്ന് അവരുടെ മക്കളെത്ര കാലുപിടിച്ചു കാണും. അന്ധവിശ്വാസങ്ങളുടെയും ദുരാചാരങ്ങളുടെ ഇരുൾ നീങ്ങാത്ത ഇന്ത്യ അതെങ്ങനെ കേൾക്കാൻ? ചില സമുദായങ്ങൾക്കിടയിൽ വിധവകളെ ഭർത്താവിന്റെ സഹോദരങ്ങൾ ബലാത്സംഗം ചെയ്യുന്നു. ഭർത്താവിന്റെ മൃതദേഹം കഴുകിയ വെള്ളം വിധവകൾ കുടിക്കണമെന്ന പൈശാചികമായ ആചാരമുണ്ട് ചില ഗോത്രവിഭാഗങ്ങൾക്കിടയിലെന്നും യുഎൻ വിമൻ റിപ്പോർട്ടിൽ പറയുന്നു. ഇത്തരം പ്രശ്നങ്ങളിലേക്കു കൺതുറപ്പിക്കാനാണു 2011ൽ രാജ്യാന്തര വിധവാ ദിനമായി ജൂൺ 23 പ്രഖ്യാപിച്ചത്.

വിധവാ പെൻഷനുള്ള അപേക്ഷയിൽ പൊട്ടുതൊട്ട ഫോട്ടോ ഒട്ടിച്ചതിന് അപേക്ഷ തള്ളിയ സംഭവങ്ങൾ പോലും തുടരുന്നു നമ്മുടെ രാജ്യത്ത്. വടക്കൻ കർണാടകയിൽ കൊച്ചുപെൺകുട്ടികളെ പ്രായം കൂടിയവർ വിവാഹം കഴിക്കുന്ന സംഭവങ്ങൾക്ക് അൽപം കുറവുണ്ടായതിൽ ആശ്വാസം. പക്ഷേ, ഇപ്പോഴുമുണ്ട് അവിടെ കുട്ടിത്തം മാറാത്ത ഒരുപിടി വിധവകൾ.

വൃന്ദാവനത്തിലെ ആഘോഷ ഹോളി; കുദ്രോളിയിലെ വിധവ പൂ‌ജാരികൾ

വിധവകൾക്കു ചാപ്പ കുത്തുന്ന ഖാപ് പഞ്ചായത്തുകളും അവരെ തൊട്ടാൽ കുളിക്കുന്ന വീട്ടകങ്ങളും ഉള്ള ഇന്ത്യയിൽ ഇതിനെല്ലാമെതിരെ കുറേയേറെ വെളിച്ചങ്ങളും ഉയരുന്നുണ്ട്. ഇന്ത്യയിലെ 4.5 കോടി വിധവകളുടെ വലിയ പ്രതീക്ഷയും അതുതന്നെ. പല സംസ്ഥാനങ്ങളിലും നിന്നു നടതള്ളുന്ന‌ വിധവകളുടെ അഭയകേന്ദ്രമാണു മഥുരയിലെ വൃന്ദാവനം. വെളുത്ത ചേല ചുറ്റി, മൊട്ടയടിച്ച തല സാരിത്തലപ്പുകൊണ്ടു മൂടി, അരവയറെങ്കിലും നിറയ്ക്കാൻ പിച്ചയെടുത്തും അസുഖം വന്നാൽ ചികിത്സിക്കാൻ പാങ്ങില്ലാതെ മരിച്ചു വീണും ഇരുപതിനായിരത്തോളം വിധവകൾ പാർക്കുന്ന ഇടം. വൃന്ദാവനിലും രാധാകുണ്ഡിലും ഗോവർധനിലും ആശ്രമമുറ്റത്തോ വഴിയോരത്തോ അവരെ കാണാം. പലതരം ചൂഷണങ്ങൾക്കു നടുവിൽ മറുത്തൊന്നും മിണ്ടാനാകാതെ കല്ലായി ജീവിക്കുന്ന സ്ത്രീകൾ. വിധവാ പെൻഷൻ പോലും അവരറിയാതെ പിടിച്ചെടുക്കുന്നവരാണു ചുറ്റും. 

ഈ ദുരിതത്തിനെതിരെ നടപടിയെടുക്കാൻ സുപ്രീം കോടതി നിർദേശിച്ചത് 2012ലാണ്. അതിനു ശേഷവും വലിയ മാറ്റങ്ങൾ ഉണ്ടാകാതെ ചില വർഷങ്ങൾ. പക്ഷേ ഇപ്പോൾ കൂടുതൽ താമസസൗകര്യവും ചികിത്സാ സഹായവും വൃന്ദാവനിലേക്ക് എത്തുന്നു. ഞങ്ങളെ ആഘോഷങ്ങളിൽ നിന്നു വിലക്കാൻ നിങ്ങൾക്ക് എന്ത് അവകാശമെന്ന ചോദ്യവുമായി അവർ ദീപാവലിയും ഹോളിയും ആഘോഷിക്കുന്നു. താജ്‌മഹലിലേക്കു യാത്ര പോകുന്നു. സുലഭ് ഇന്റർനാഷനൽ, മൈത്രി തുടങ്ങി ഒട്ടേറെ സന്നദ്ധ സംഘടനകളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും നിരന്തര ശ്രമത്തിന്റെ ഫലമാണിതെല്ലാം. ഇക്കഴിഞ്ഞ ഹോളിയിൽ വൃന്ദാവനം നൂറുനൂറു നിറങ്ങളിൽ നിറഞ്ഞു ചിരിച്ചു. നാൽപതും അൻപതും അറുപതും വർഷങ്ങളായി അവിടെ നരകിച്ചു കഴിയുന്നവരുൾപ്പെടെ കയ്യടിച്ചു പാട്ടുപാടി, പീച്ചാംകുഴലിൽ വെള്ളം ചീറ്റി. വെള്ള സാരികൾ മഴവിൽ നിറങ്ങളിൽ കുളിച്ചു.

വീട്ടുകാരെ കാണാൻ പലർക്കും ആഗ്രഹമുണ്ട്. പക്ഷേ, ആർക്കും ഇവരെ വേണ്ട. ഒരിക്കൽ മകനെ കാണാനുള്ള ആഗ്രഹത്തിൽ വൃന്ദാവൻ വിട്ടുപോയ വയോധിക അവശനിലയിൽ അവിടേക്കു തന്നെ തിരിച്ചെത്തി. ഞങ്ങൾ 5 പുരുഷന്മാരുണ്ട്, 5 സ്ത്രീകളെ കിട്ടുമോ എന്നു വിളിച്ചു ചോദിക്കുന്നവർ പോലുമുണ്ട് ഇപ്പോഴും– മൈത്രിയുടെ പ്രവർത്തകർ പറയുന്നു. നരച്ചു പിഞ്ഞിയ വെള്ളച്ചേല പോലെ തന്നെയാണു വൃന്ദാവനിലെ വിധവകളുടെ ജീവിതം. തണുത്തും മരവിച്ചും നാളെകൾ ഇല്ലാതെയുമുള്ള ജീവിതം. മാറ്റങ്ങൾ അവർക്കു പുതുനിറങ്ങൾ സമ്മാനിക്കുകയാണിന്ന്. എങ്കിലുമുണ്ട് ഇനിയുമേറെ, വളരെയേറെ മാറാൻ.

കുദ്രോളി ക്ഷേത്രത്തിൽ പൂജ ചെയ്യുന്ന സ്ത്രീകൾ

കർണാടകയിലെ കുദ്രോളിയിൽ ശ്രീനാരായണ ഗുരു സ്‌ഥാപിച്ച ഗോകർണനാഥ ക്ഷേത്രത്തിന്റെ നൂറാം വാർഷികം 2012ൽ കൊണ്ടാടിയത് വിധവാ വിവേചനത്തിനെതിരെയുള്ള ധീരമായ ചുവടുവയ്പോടെയാണ്. ആയിരക്കണക്കിനു വിധവകൾ ചേർന്ന് അന്ന് ഉത്സവത്തേര് ഉരുട്ടി. ഭ‌ർത്താവ് മരിച്ചാൽ പൊട്ടുമായ്ക്കുകയോ താലിയറുക്കുകയോ ചെയ്യില്ലെന്നു മറ്റു സ്ത്രീകൾ പ്രതിജ്ഞയെടുത്തു. ഉത്സവങ്ങളിലും മറ്റു ചടങ്ങുകളിലും വിധവകളെ മാറ്റിനിർത്തുന്നതിനെതിരെ ഗുരുസന്ദേശം മുറുകെപ്പിടിച്ചുകൊണ്ടുള്ള വിപ്ലവം! പിന്നീടു തുടർച്ചയായി ഹോമങ്ങളിലും പൂജകളിലും വിധവകൾക്കു പ്രാധാന്യം നൽകിയ ക്ഷേത്രം അവരെ പൂജാരിമാരായി നിയമിച്ച് കൊടുമുടിയോളം തലയുയർത്തി.

കുദ്രോളി ക്ഷേത്രം

സിൻജാദെ ചോദിച്ചു, കേരളത്തിൽ വിധവകളോട് എങ്ങനെയാണ്?

മഹാരാഷ്ട്ര ഗ്രാമങ്ങളിലെ വിധവകളുടെ ദുസ്ഥിതി പറയുന്നതിനിടെ, സാമൂഹികപ്രവർത്തകൻ പ്രമോദ് സിൻജാദെ ചോദിച്ചു– ‘കേരളത്തിൽ ഇത്തരം പ്രശ്നങ്ങളുണ്ടോ? അവിടെ നഗരങ്ങളിൽ മാത്രമാണോ വികസനമുള്ളത്? ഗ്രാമങ്ങളിൽ വിധവകളെ ഒറ്റപ്പെടുത്താറുണ്ടോ?’ ഇല്ല എന്നു മറുപടി പറഞ്ഞു. രാജ്യത്തെ ആദ്യത്തെ 2 വിധവാ സൗഹൃദ പഞ്ചായത്തുകൾ ഇവിടെയാണ് – ഇടുക്കിയിലെ വണ്ണപ്പുറവും കുമളിയും, വിധവകൾക്കായി പ്രത്യേക പദ്ധതികൾ ഇവിടെയുണ്ട്, ആശ്രയമില്ലാതെ കഴിയുന്നവരെ ഏറ്റെടുത്തു സംരക്ഷിക്കും എന്നെല്ലാം അക്കമിട്ടു കേരളത്തിന്റെ നേട്ടങ്ങളും നിരത്തി. ഭർത്താവു മരിച്ചവർ വേറെ വിവാഹം കഴിക്കാറുണ്ടെന്നും എന്തിനാണു വിധവ എന്ന വാക്ക് എന്നു ചോദിക്കാൻ ഇവിടെ നൂറുകണക്കിനു പേരുണ്ടെന്നും അഭിമാനം കൊള്ളാനും മറന്നില്ല. 

പക്ഷേ, ഫോൺ വച്ചു കഴിഞ്ഞപ്പോൾ ഒരു തികട്ടൽ. ദുർമന്ത്രവാദിയെന്നും യക്ഷിയെന്നുമൊന്നും ഭർത്താവ് മരിച്ചവരെ നാം വിളിക്കാറില്ലെങ്കിലും മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെയേറെ മുന്നിലാണെങ്കിലും നമുക്കിടയിലുമുണ്ടല്ലോ ചില എഴുതാച്ചട്ടങ്ങൾ. മംഗള കാര്യങ്ങൾക്കു വിധവകൾ പങ്കെടുക്കരുതെന്ന് ചിലർക്കെങ്കിലും നിർബന്ധമില്ലേ? ഭർത്താവ് മരിച്ചിട്ടും അവൾ നടക്കുന്ന കണ്ടില്ലേ – ഫാഷൻ ഡ്രസൊക്കെയിട്ട്, ചിരിച്ചു മറിഞ്ഞ് – കാലത്തിന്റെയൊരു പോക്കേ – എന്നിങ്ങനെ വിധവകൾ ചിരിക്കുന്നതിനു വരെ അളവ് നിശ്ചയിക്കാറില്ലേ നമ്മളും? പിള്ളേരെ നോക്കി ഇരുന്നാൽ പോരേ, വേറെ കല്യാണം കഴിക്കണോ എന്ന ചോദ്യവും പതിവ്. ഓൾ കേരള വിധവ അസോസിയേഷൻ രൂപീകരിച്ച സ്ത്രീകൾ അവർ നേരിട്ട ഒറ്റപ്പെടുത്തലുകളെക്കുറിച്ചു പറഞ്ഞ് ഒരിക്കൽ കരഞ്ഞിരുന്നു. അതിനെല്ലാം വളരെ മാറ്റങ്ങൾ വന്നതിൽ അഭിമാനമുണ്ട്. 

വൃന്ദാവനിലെ വിധവകളുടെ ദീപാവലി ആഘോഷം. Photo: Xavier Galiana / AFP

തൃശൂർ കുത്താമ്പുള്ളിയിൽ പാരമ്പര്യ നെയ്ത്തുകാരായ ദേവാംഗ സമുദായക്കാർ ഭർത്താവ് മരിച്ച സ്ത്രീയുടെ സിന്ദൂരം മായ്ച്ചും വളപൊട്ടിച്ചുമുള്ള ആചാരങ്ങൾ തുടരുന്നുണ്ട്. കർണാടകയിലും ആന്ധ്രയിലും തമിഴ്നാട്ടിലും ഒഡിഷയിലുമാണു ദേവാംഗകളുടെ വേരുകൾ. കേരളത്തിലേക്കു ചിലർ കുടിയേറിയെന്നു മാത്രം. ‘‘ഭർത്താവിന്റെ മരണം ഒരാളിലുണ്ടാക്കുന്ന വേദനയും നഷ്ടവും നിരാശയും പറഞ്ഞറിയിക്കാൻ പറ്റാത്തതിന് അപ്പുറമാണ്. അതിന്റെ അർഥം ഭാര്യയുടെ എല്ലാ ചിരികളും നഷ്ടപ്പെട്ടു എന്നല്ല. എല്ലാവരെയും പോലെ സ്വന്തം ഇഷ്ടങ്ങളിൽ സന്തോഷിച്ചു തന്നെ അവൾക്കും കഴിയണം. അതു പാടില്ലെന്നു സമൂഹം പറയുന്നത് എന്തിനാണ്? ചിരിച്ചാൽ ഭർത്താവിനെ മറന്നുപോകുമോ?  ഭാര്യയുടെ സങ്കടത്തിനു ചുറ്റുമുള്ളവർ മാർക്കിടേണ്ട കാര്യമില്ല. ഭർത്താവ് മരിച്ചാൽ പിന്നെ ചിരിക്കരുത്, പാടരുത്, വിഡിയോ എടുക്കരുത്, തമാശ പറയരുത് – എന്നിങ്ങനെയുള്ള ‘‌ചട്ടം പഠിപ്പിക്കൽ’ നിർത്തേണ്ട സമയം എന്നേ കഴിഞ്ഞു,’’– ഒരു വർഷം മുൻപ് ഭർത്താവിനെ കോവിഡ് കവർന്നതു മുതൽ നേരിടേണ്ടി വന്ന ചില ‘ഉപദേശങ്ങളെ’ക്കുറിച്ചു ജാനകി രാജേഷ് എന്ന യുവതിയുടെ വാക്കുകൾ.

കാലം മടിച്ചു നിന്ന കാലത്ത് വിധവാ വിവാഹത്തിലൂടെ വിപ്ലവമെഴുതിയ കേരളമേ, അങ്ങിങ്ങു പൊന്തി നിൽക്കുന്ന ചില കാരമുള്ളുകൾ കൂടി പറിച്ചെറിയാം.‌ മറ്റിടങ്ങളേക്കാൾ മുന്നേ നടക്കുന്ന കേരളത്തിന്റെ ശീലത്തിലേക്ക് ഇതുകൂടി എഴുതിച്ചേർക്കാം. ഭർത്താവിന്റെ മരണത്തീയതി ഭാര്യയുടെ സന്തോഷത്തിന്റെ ‘എക്സ്പയറി ഡേറ്റ്’ അല്ലെന്ന് ഉറക്കെപ്പറയാം.

English Summary: Attempts of Pramod Sinjathe to stop atrocities against widows