നാഷനൽ റൈഫിൾ അസോസിയേഷന്റെ വാർഷിക കൺവെൻഷൻ അടുത്തയാഴ്ച ടെക്സസിലെ ഹൂസ്റ്റണിൽ നടക്കാനിരിക്കെയാണ് വെടിവയ്പ് ഉണ്ടായിട്ടുള്ളത്.. മുൻ പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിയവരടക്കമുള്ള... texas school, school shootings in america, elementary school meaning, shooting in texas, texas latest news

നാഷനൽ റൈഫിൾ അസോസിയേഷന്റെ വാർഷിക കൺവെൻഷൻ അടുത്തയാഴ്ച ടെക്സസിലെ ഹൂസ്റ്റണിൽ നടക്കാനിരിക്കെയാണ് വെടിവയ്പ് ഉണ്ടായിട്ടുള്ളത്.. മുൻ പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിയവരടക്കമുള്ള... texas school, school shootings in america, elementary school meaning, shooting in texas, texas latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഷനൽ റൈഫിൾ അസോസിയേഷന്റെ വാർഷിക കൺവെൻഷൻ അടുത്തയാഴ്ച ടെക്സസിലെ ഹൂസ്റ്റണിൽ നടക്കാനിരിക്കെയാണ് വെടിവയ്പ് ഉണ്ടായിട്ടുള്ളത്.. മുൻ പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിയവരടക്കമുള്ള... texas school, school shootings in america, elementary school meaning, shooting in texas, texas latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തോക്കുകൾ കൈവശം വയ്ക്കാനുള്ള അവകാശത്തിനായി വാദിക്കുന്നവർക്കായി യുഎസിലെ രാഷ്ട്രീയക്കാർ എന്തും കാട്ടിക്കൂട്ടുന്ന പതിവുണ്ടെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു അമേരിക്കൻ സംസ്ഥാനമായ ടെക്‌സസിലെ റിപ്പബ്ലിക്കൻ സെനറ്റർ ടെ‍ഡ് ക്രൂസ് മെഷീൻ ഗണ്ണിൽ ബേക്കൺ (ഒരു തരം പന്നിയിറച്ചി) ചുറ്റി അത് വേവിക്കുന്ന വിഡിയോ. ടെക്സാസിൽ 19 സ്കൂൾ കുട്ടികളടക്കം 21 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പിനു ശേഷം ട്വിറ്ററിൽ ‘പതിവ്’ സങ്കടപ്രതികരണവും പ്രാർഥനയുമായെത്തിയ ക്രൂസിനോട് രൂക്ഷമായാണ് സോഷ്യൽ മീഡിയയും ഡെമോക്രാറ്റ് പാർട്ടി നേതാക്കളും പ്രതികരിച്ചത്. കഴിഞ്ഞ വർഷങ്ങളിലെല്ലാം ഇത്തരത്തിൽ വെടിവയ്പുകള്‍ ഉണ്ടായപ്പോൾ നടത്തിയ പ്രതികരണത്തിലെ അതേ വാക്കുകൾ തന്നെയായിരുന്നു കഴിഞ്ഞ ദിവസവും. 2018–ലെ തിരഞ്ഞെടുപ്പിൽ നാഷനൽ റൈഫിൾസ് അസോസിയേഷൻ (എൻആർഎ) എന്ന തോക്ക് അവകാശത്തിനായി വാദിക്കുന്ന ഏറ്റവും വലിയ ലോബീയിങ് ഗ്രൂപ്പ് അടക്കമുള്ളവരിൽ നിന്ന് ടെഡ് ക്രൂസ് വാങ്ങിയ സംഭാവന 3,09,021 ഡോളറായിരുന്നു; ഈ ‘ഗൺ ലോബി’യിൽ നിന്ന് സംഭാവന വാങ്ങിയ റിപ്പബ്ലിക്കൻ നേതാക്കളിൽ ഏറ്റവും കൂടുതല്‍ ലഭിച്ചതും ടെഡിനു തന്നെ. അമേരിക്കയിൽ തുടരെത്തുടരെയുണ്ടാകുന്ന കൂട്ട വെടിവയ്പുകളുടെ പ്രധാന കാരണം തോക്കുകളുടെ അനിയന്ത്രിതമായ ലഭ്യതയും ഇതിന് യാതൊരു നിയന്ത്രണങ്ങളുമില്ലാത്തതുമാണ് എന്ന വാദം വീണ്ടും ശക്തമായി ഉയർന്നിട്ടുണ്ട്. എന്നാൽ തോക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നു വാദിക്കുന്നവരും നിയന്ത്രണം ആവശ്യമില്ല എന്നു വാദിക്കുന്നവരും ഏകദേശം തുല്യമാണ് എന്നതിനാൽ ഇക്കാര്യത്തിൽ ഉടനടിയൊന്നും വലിയ മാറ്റം ഉണ്ടാകാനും ഇടയില്ല. അമേരിക്കൻ സ്വാതന്ത്ര്യ പോരാട്ടത്തോളം നീണ്ടതാണ് ഇതിന്റെ വേരുകൾ എന്നതിനാൽ തന്നെ പ്രത്യേകിച്ചും. ഡെമോക്രാറ്റുകൾ ഭൂരിഭാഗവും യാഥാസ്ഥിതികരായ റിപ്പബ്ലിക്കന്മാരിൽ ചെറുന്യൂനപക്ഷവുമാണ് തോക്ക് നിയന്ത്രണം ആവശ്യമാണ് എന്നു വാദിക്കുന്നവർ. എന്നാൽ അതിനെ വെല്ലാൻ പോകുന്നതാണ് ‘ഗൺ ലോബി’യും അവരെ പിന്തുണയ്ക്കുന്ന റിപ്പബ്ലിക്കൻ നേതാക്കളും.

∙ ‘‘ഉത്തരവാദിത്തം ‘ഗൺ ലോബി’ക്ക്; ഇനിയെങ്കിലും മാറിച്ചിന്തിക്കൂ’’

‌യുഎസിലെ ടെക്സസിലുളള സ്കൂളിലുണ്ടായ വെടിവയ്പ്പിൽ ദുഃഖം രേഖപ്പെടുത്തി വൈറ്റ്ഹൗസിൽ നടത്തിയ പ്രസ്താവനാവേളയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ചിത്രം – Stefani Reynolds / AFP
ADVERTISEMENT

19 സ്കൂൾ കുട്ടികളടക്കം 21 പേരുടെ മരണത്തിനിടയാക്കിയ കൂട്ട വെടിവയ്പിന്റെ ഉത്തരവാദിത്തം ‘ഗൺ ലോബി’ക്കാണെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈ‍ഡൻ‌ പ്രതികരിച്ചത്. ‘‘ഒരു രാജ്യമെന്ന നിലയിൽ ദൈവത്തെ സാക്ഷി നിർത്തി ഞാൻ ചോദിക്കുകയാണ്, ഈ ഗൺ ലോബിക്കെതിരെ ഇനിയെങ്കിലും നമ്മൾ പ്രതികരിക്കുമോ? ഇപ്പോൾ 3,448 ദിവസമായി(പത്തു വർഷം) ഞാന്‍ ഇതിനെതിരെ പ്രതികരിക്കാൻ തുടങ്ങിയിട്ട്. 2012 ൽ ഒരു അക്രമി കനക്ടികട്ടിലുള്ള എലമെന്ററി സ്കൂളിൽ നടത്തിയ വെടിവയ്പിൽ 20 കുട്ടികൾ അടക്കം 26 പേരാണു മരിച്ചത്. അന്നു മുതൽ 900–ത്തിലേറെ വെടിവയ്പുകളാണ് നമ്മുടെ സ്കൂൾ മുറ്റങ്ങളിൽ ഉണ്ടായത്.’’, – ബൈഡൻ വിവരിച്ചു. 10 ദിവസം മുമ്പ് ന്യൂയോർക്കിൽ കറുത്ത വർഗക്കാർ തിങ്ങിപ്പാർക്കുന്ന ബഫലോയിൽ നടന്ന വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചും ബൈഡൻ പ്രതികരിച്ചു.

‘‘എല്ലാ ദുരന്തങ്ങളും തടയാൻ കഴിഞ്ഞേക്കില്ല. എന്നാൽ തോക്കു നിയന്ത്രണം പോലുള്ള നിയമങ്ങൾ മെച്ചപ്പെട്ട ഫലം ഉണ്ടാക്കിയിട്ടുണ്ട്. 1994–ൽ നമ്മൾ ‘അസൾട്ട് വെപ്പൺസ് ബാൻ’ നടപ്പാക്കിയപ്പോൾ ഇത്തരം കൂട്ടക്കൊലകൾ കുറഞ്ഞു. എന്നാൽ 2004–ൽ ഈ നിയമം കാലഹരണപ്പെട്ടപ്പോള്‍ കൂട്ടക്കൊലകൾ മൂന്നിരട്ടിയായി. 18 വയസുള്ള ഒരു കുട്ടിക്ക് ഒരു തോക്കു കടയിൽ ചെന്ന് രണ്ട് യന്ത്രത്തോക്കുകൾ വാങ്ങാനാകുമെങ്കിൽ അതു തെറ്റാണ്. എന്തിനെയെങ്കിലും കൊല്ലാനല്ലെങ്കിൽ പിന്നെ എന്തിനാണ് ഇത്തരം തോക്കുകൾ? തോക്കു നിർമാതാക്കൾ രണ്ടു ദശകമായി തോക്കുകൾ വിൽക്കുന്നു. അതവർക്കു വലിയ ലാഭവും ഉണ്ടാക്കുന്നുണ്ട്. ഇവർക്കെതിരെ പ്രതികരിച്ചേ മതിയാവൂ.’’, – ബൈഡൻ പറഞ്ഞു.

ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുന്നത് തടയാൻ എല്ലാവരും ഒന്നിക്കണമെന്നും നിയമനിർമാണം നടത്തേണ്ട ജനപ്രതിനിധികളാരും തോക്കുകൾക്കു മേൽ നിയന്ത്രണം കൊണ്ടുവരുന്ന നിയമങ്ങൾ തടയാനോ എതിര്‍ക്കാനോ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘‘ഇത്തരത്തിലൊരു ദുരന്തം ഇനിയുണ്ടാവാതിരിക്കാൻ നടപടി എടുക്കാൻ നാം ധൈര്യം കാണിച്ചേ മതിയാകൂ’’, – നിയമനിർമാണം അനിവാര്യമാണെന്നു വ്യക്തമാക്കി വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പ്രതികരിച്ചതിങ്ങനെ.

ഗണ്‍ ലോബിക്കും റിപ്പബ്ലിക്കൻ പാർട്ടിക്കുമെതിരെയാണ് മുൻ രാഷ്ട്രപതി ബറാക് ഒബാമയും പ്രതികരിച്ചത്. ‘‘സാന്‍ഡി ഹുക് (കുട്ടികളടക്കം 26 പേർ കൊല്ലപ്പെട്ട 2012–ലെ വെടിവയ്പ്) പിന്നിട്ട് 10 വർഷവും ബഫലോ പിന്നിട്ട് 10 ദിവസവും ആകുന്നു. നമ്മുടെ സമൂഹം മരവിച്ചിരിക്കുകയാണ്, പേടി കൊണ്ടല്ല, മറിച്ച് ഗൺ ലോബിയും ഒരു രാഷ്ട്രീയ പാർട്ടിയും ഇത്തരം ദുരന്തങ്ങൾ തടയുന്നതിനെ യാതൊരു വിധത്തിലും സഹായിക്കാത്തതു മൂലം.’’, ഒബാമ ട്വീറ്റ് ചെയ്തു.

ടെക്സസിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരെ ഓർത്തു വിലപിക്കുന്ന പെൺകുട്ടി. ഉവാൾഡെയിലെ വില്ലി ഡി ലിയോൺ സിവിക് സെന്ററിനു പുറത്തുനിന്നുളള ദൃശ്യം. ചിത്രം – allison dinner / AFP
ADVERTISEMENT

∙ അമേരിക്കയിലെ ‘ഗോസ്റ്റ് ഗണ്ണു’കൾ

എന്നാൽ തോക്കുമായി ബന്ധപ്പെട്ട നിയമനിർമാണം അത്ര എളുപ്പത്തിൽ നടക്കില്ല എന്നതാണ് വാസ്തവം. സെനറ്റിൽ 50 സീറ്റാണ് ഡെമോക്രാറ്റുകൾക്കുള്ളത്, 60 പേരുടെ പിന്തുണയുണ്ടെങ്കിലേ മിക്ക ബില്ലുകളും സെനറ്റിൽ പാസാവുകയുള്ളൂ. എന്നാൽ ബിൽ പാസാകാൻ ഈ 60 വോട്ടു വേണമെന്ന നിബന്ധന മാറ്റാതെ തന്നെ തോക്ക് നിയമം പരിഷ്കരിക്കണമെന്ന് വാദിക്കുന്നവരുമുണ്ട്.

വാങ്ങുന്നവരെക്കുറിച്ച് യാതൊരു പരിശോധനയുമില്ലാതെ ‘ഗോസ്റ്റ് ഗൺ’ എന്നറിയപ്പെടുന്ന സെമി ഓട്ടോമാറ്റിക് റൈഫിൾ ഭാഗങ്ങൾ വാങ്ങാൻ സാധിക്കുന്ന നിയമത്തിലെ പഴുത് ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നു കഴിഞ്ഞ മാസവും തോക്കുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോൾ ബൈഡൻ പറഞ്ഞിരുന്നു. വാങ്ങുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ഇല്ല എന്നതിനു പുറമെ ഈ തോക്കിന്റെ ഭാഗങ്ങൾക്കു തിരിച്ചറിയുന്ന സീരിയൽ നമ്പറുകളും ഉണ്ടാകില്ല. വാങ്ങുന്നവർക്ക് സ്വന്തമായി കൂട്ടിയോജിപ്പിച്ച് ഉപയോഗിക്കാൻ സാധിക്കുന്ന ഇവ പലയിടത്തും നടന്ന അക്രമങ്ങളിൽ ഉപയോഗിക്കുന്നുണ്ട് എന്നാണ് ന്യൂയോർക്ക് പൊലീസ് വ്യക്തമാക്കുന്നത്.

വെടിവയ്പ്പിൽ കൊല്ലപ്പെട്ട സ്കൂൾ കുട്ടികൾക്ക് ആദരാഞ്ജലിയർപ്പിക്കാൻ സ്കൂൾ പരിസരത്തുണ്ടാക്കിയ പ്രത്യേക സ്ഥലത്ത് അർപ്പിക്കാൻ എത്തിച്ച പൂക്കൾ ഏറ്റുവാങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥൻ. ചിത്രം – allison dinner / AFP

ടെക്സസിലെ വെടിവയ്പിനു തൊട്ടു പിന്നാലെ ഇത്തരം ‘ഗോസ്റ്റ് ഗണ്ണു’കൾ നിയന്ത്രിക്കാനുള്ള നിയമം കലിഫോർണിയ സെനറ്റ് പാസാക്കുകയും ചെയ്തു. ഇത്തരം ഗോസ്റ്റ് ഗണ്ണുകളോ അനധികൃത യന്ത്രത്തോക്കുകളോ ഉണ്ടാക്കുകയോ വിൽക്കുകയോ ചെയ്യുന്നവർക്കെതിരെ ജനത്തിനു പരാതിപ്പെടാം. ഇത്തരത്തിൽ പിടിക്കപ്പെടുന്നവർ 10,000 ഡോളറും അഭിഭാഷക ചെലവും പരാതിപ്പെടുന്നവർക്ക് കൊടുക്കണം എന്നാണ് ഈ നിയമം. (ടെക്സസിൽ ഈ മാതൃകയിൽ ഗർഭച്ഛിദ്രത്തിനെതിരെയും നിയമമുണ്ട്).

ADVERTISEMENT

തോക്കുമായി ബന്ധപ്പെട്ട നിയമങ്ങൾ അമേരിക്കൻ കോൺഗ്രസിൽ പാസാക്കുന്നതിനു പകരം അവ എക്സിക്യൂട്ടീവ് ഉത്തരവുകളായി നടപ്പാക്കാറാണ് പതിവ്. ലാസ് വേഗാസിലെ സംഗീതപരിപാടിക്കിടെ 60 പേർ കൊല്ലപ്പെട്ട വെടിവയ്പിനു പിന്നാലെ 2018–ൽ ഡോണൾഡ് ട്രംപ് ഭരണകൂടം ‘ബംപ് സ്റ്റോക്’ നിരോധിച്ച തീരുമാനം ഇത്തരത്തിലൊന്നായിരുന്നു. സെമി ഓട്ടോമാറ്റിക് റൈഫിളുകളിൽ നിന്ന് വെടിവയ്ക്കുമ്പോൾ വേഗം കൂട്ടുന്ന സംവിധാനമാണിത്.

∙ ‌100 പേർക്ക് 120 തോക്കുള്ള അമേരിക്ക

ലോകത്തിലെ ഒരു രാജ്യത്തും അമേരിക്കയിലുള്ളത്ര തോക്കും അതുപയോഗിച്ചുള്ള അക്രമവുമില്ല. കാനഡയേക്കാൾ ആറു മടങ്ങും സ്വീഡനേക്കാൾ ഏഴു മടങ്ങും ജര്‍മനിയേക്കാൾ 16 മടങ്ങുമാണ് അമേരിക്കയിൽ തോക്കുപയോഗിച്ചുള്ള കൊലപാതകങ്ങളെന്ന് 2012 ൽ യുഎൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. പത്തുലക്ഷം പേരിൽ 30 പേരോളമാണ് തോക്കുകൊണ്ട് അമേരിക്കയിൽ കൊല്ലപ്പെടുന്നത് എന്നാണു കണക്ക്.

2107ലെ ഒരു കണക്കനുസരിച്ച് 100 അമേരിക്കക്കാർക്ക് 120.5 തോക്കുണ്ട് എന്നാണ് സ്വിറ്റ്സര്‌‍ലൻഡിലെ സ്മോൾ ആംസ് സർവെ 2018–ൽ പുറത്തുവിട്ട കണക്ക്. ആഭ്യന്തര യുദ്ധത്തിൽ തകർന്ന യെമനാണ് കൂടുതൽ തോക്കുകളുള്ള രണ്ടാമത്തെ രാജ്യം – അവിടെ 100 പേർക്കുള്ളത് 52.8 തോക്കുകളാണ്. അതായത്, ഇതിന്റെ ഇരട്ടിയാണ് ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിലുള്ള തോക്കുകളുടെ എണ്ണം.

വേറൊരു തരത്തിൽ പറഞ്ഞാൽ ലോകജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെ മാത്രം വസിക്കുന്ന അമേരിക്കയിലാണ് ലോകത്ത് സ്വകാര്യവ്യക്തികളുടെ പക്കലുള്ള തോക്കുകളിൽ 45 ശതമാനവും. എന്നാൽ ഇതിനർഥം പ്രായപൂർത്തിയായ എല്ലാ അമേരിക്കക്കാരും തോക്കുകൾ ഉപയോഗിക്കുന്നു എന്നല്ല. അമേരിക്കക്കാരിലെ ഒരു ന്യൂനപക്ഷമാണ് ഇത് സ്വന്തമാക്കി വച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

മാനസിക വെല്ലുവിളി നേരിടുന്നവരാണ് പലപ്പോഴും കൊലപാതകികളാകുന്നത് എന്നാണ് തോക്കു നിയന്ത്രണ പരിപാടികളെ എതിർക്കുന്നവർ ഉന്നയിക്കുന്ന വാദങ്ങളിലൊന്ന്. എന്നാൽ കൊളംബിയ സർവകലാശാലയിലെ മാനസിക വിദഗ്ധനായ മൈക്കൽ സ്റ്റോൺ 2015–ലെ കണക്കുകൾ വച്ച് പറയുന്നത് കൂട്ട വെടിവയ്പ് നടത്തിയ 235 പേരിൽ 22 ശതമാനം പേർക്കു മാത്രമേ മാനസികാസ്വാസ്ഥ്യങ്ങളുള്ളൂ എന്നാണ്.

ടെക്സസിൽ വെടിവയ്പ്പുണ്ടായ റോബ് എലിമെന്ററി സ്കൂളിനു പുറത്ത് നിന്നുള്ള ദൃശ്യം. ചിത്രം – allison dinner / AFP

തോക്കുകൾ കൊണ്ടുള്ള കൊലപാതകങ്ങളിൽ അമേരിക്ക മുന്നിൽ നിൽക്കുമ്പോഴും ആകെയുള്ള കുറ്റകൃത്യങ്ങളിൽ ഈ രാജ്യം പിന്നിലാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. 2018–ല്‍ ഡ്യൂക്ക് സർവകലാശാല നടത്തിയ പഠനം പറയുന്നത് വികസിത രാജ്യങ്ങളിലെ ആകെ കുറ്റകൃത്യങ്ങളുടെ ശരാശരി 6.3 ശതമാനമാണെങ്കിൽ അമേരിക്കയിലിത് 5.5 ശതമാനം മാത്രമാണ് എന്നാണ്. തോക്ക് സ്വന്തമാക്കാനുള്ള നടപടിക്രമങ്ങൾ കൂടുതൽ ശക്തമാക്കിയാൽ അതുപയോഗിച്ചുള്ള കൊലപാതകങ്ങളിലും കുറവുണ്ടാകും എന്ന് 10 രാജ്യങ്ങളിലായി നടത്തിയ ‌മറ്റൊരു പഠനവും പറയുന്നു.

തോക്കുകൾ കൈവശം വയ്ക്കാനുള്ള അവകാശത്തെ അനുകൂലിക്കുന്നവരും തോക്കുകൾ നിയന്ത്രണവിധേയമാക്കണമെന്ന് വാദിക്കുന്നവരും ഒരേ ശക്തിയോടെ തന്നെ നിലനിൽക്കുന്നു എന്ന് 2017–ലെ പ്യൂ റിസർച്ച് സെന്ററിന്റെ സർവേ വ്യക്തമാക്കുന്നു. തോക്കുകൾ കൈവശം വയ്ക്കാൻ അവകാശമുണ്ടെന്ന് വാദിക്കുന്നവരുടെ എണ്ണം കൂടി വരുന്നു എന്നും ഈ സർവേ തുടരുന്നു.

∙ എന്‍ആർഎ എന്ന ശക്തമായ ലോബി ഗ്രൂപ്പ്

പ്രതീകാത്മക ചിത്രം

തോക്കുകളുടെ കാര്യത്തിൽ ഏറ്റവും ശക്തമായ രാഷ്ട്രീയ സംഘടന എന്നത് നാഷനൽ റൈഫിൾ അസോസിയേഷനാണ് (എൻആർഎ). അമേരിക്കയിലെ റിപ്പബ്ലിക്കൻ രാഷ്ട്രീയത്തിൽ എൻആർഎക്കു ശക്തമായ സ്വാധീനവുമുണ്ട്.

ഒരു ഗൗരവകരമായ രാഷ്ട്രീയ സംഘടന എന്നതിനേക്കാൾ ഒരു സ്പോർട്ടിങ് ക്ലബായി 1871–ൽ സ്ഥാപിതമായതാണ് എൻആർഎ. തോക്കുകളുടെ കാര്യത്തിൽ ചില നിയന്ത്രണങ്ങൾ വേണമെന്നു പോലും അവർ ആദ്യകാലങ്ങളിൽ വാദിച്ചിരുന്നു. 1934–ൽ എൻആർഎ പ്രസിഡന്റായിരുന്ന കാൾ ഫ്രെഡറിക് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. 1960–കളിലും 70–കളിലും അക്രമങ്ങൾ കൂടിയതോടെ തോക്ക് നിയന്ത്രണത്തിനുള്ള ആവശ്യവും ‌ശക്തമായി.

1968–ൽ അമേരിക്കൻ കോൺഗ്രസ് പാസാക്കിയ നിയമത്തോടെ തോക്കുകൾ സർക്കാർ പിടിച്ചെടുക്കുമെന്നും കൂടുതൽ നിയന്ത്രണങ്ങൾ വരുമെന്നും എൻആർഎ ഭയപ്പെട്ടു. അതോടെ അംഗങ്ങൾ സംഘടിക്കുകയും തോക്കിന്റെ കാര്യത്തില്‍ യാതൊരു നിയന്ത്രണവും പാടില്ലെന്ന കടുംപിടുത്തക്കാരനായ ഹാര്‍ലൻ കാർട്ടർ എന്നയാളെ സംഘടനാ നേതൃത്വത്തിലേക്ക് കൊണ്ടു വരികയും ചെയ്തു. അതോടെ ഇന്ന് കാണുന്ന വിധത്തില്‍ തോക്ക് കൈവശം വയ്ക്കുക എന്ന അവകാശത്തിനു വേണ്ടി വാദിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ലോബിയായി എൻആർഎ മാറി.

തോക്കിന്റെ കാര്യത്തിൽ യാതൊരു നിയന്ത്രണവും പാടില്ലെന്ന് വാദിക്കുന്നവരാണ് എന്‍ആർഎ. ആൾക്കാരെ കൊലപ്പെടുത്തുന്ന വിധത്തിലുള്ള തോക്കുകൾ കൈവശം വയ്ക്കുന്നത് നിരോധിക്കുകയോ തോക്കുകൾ സ്വന്തമാക്കുന്നവരുടെ കണക്കു സൂക്ഷിക്കുകയോ ചെയ്യുന്നത് വഴി അക്രമങ്ങൾ കുറയില്ലെന്നാണ് ഈ സംഘടനയുടെ പക്ഷം. സ്വകാര്യവ്യക്തികൾ തോക്കുകൾ കൈവശം വയ്ക്കുന്നത് അവസാനിപ്പിക്കുന്ന ഒന്നും അവർക്ക് ദഹിക്കില്ലെന്നതും വ്യക്തം. അമേരിക്കൻ ഭരണഘടനയിലെ പ്രശസ്തമായ ‘രണ്ടാം ഭേദഗതി’യുടെ (Second Amendment) ലംഘനമാകും ഇതെന്നും വാദിക്കുന്നവരും ഉണ്ട്.

ടെക്സസിൽ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവർക്ക് ആദരസൂചകമായി യുഎസ് ദേശീയ പതാകകൾ താഴ്ത്തിക്കെട്ടിയിരിക്കുന്നു. സ്റ്റാച്യു ഓഫ് ലിബർട്ടിക്കു സമീപത്തു നിന്നുള്ള ദൃശ്യം. ചിത്രം – TIMOTHY A. CLARY / AFP

1791 ഡിസംബർ 15-ന് നിലവിൽ വന്ന അമേരിക്കൻ ഭരണഘടനയിലെ രണ്ടാം ഭേദഗതി ബിൽ ഒഫ് റൈറ്റ്സ് എന്ന ആദ്യത്തെ പത്ത് ഭരണഘടനാ ഭേദഗതികളിലൊന്നാണ്. അമേരിക്കൻ പൗരന്മാരുടെ സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാൻ വേണ്ടി വരുത്തിയ ഭേദഗതികളായത് കൊണ്ടാണ് ബിൽ ഓഫ് റൈറ്റ്സ് അഥവാ അവകാശ പത്രിക എന്ന് ഇവയെ വിളിക്കുന്നത്. 1791 ലെ രണ്ടാം ഭേദഗതിയനുസരിച്ച് എല്ലാ അമേരിക്കൻ പൗരന്മാർക്കും തോക്കുകൾ കൈവശം വൈയ്ക്കാനും കൊണ്ടുനടക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടനാപരമായ അടിസ്ഥാന അവകാശമാണ്. അമേരിക്കയുടെ നാലാം പ്രസിഡന്റായ ജേംസ് മാഡിസൺ ആണ് ഈ ഭേദഗതികൾ യുഎസ് ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ചത്. അതിന്റെ ഇംഗ്ലിഷ് വാക്യത്തിൽ ഇങ്ങനെ പറയുന്നു – "A well regulated militia being necessary to the security of a free state, the right of the people to keep and bear arms shall not be infringed"(ഒരു സുഭദ്രമായ ജനകീയ സേന ഒരു സ്വതന്ത്ര രാജ്യത്തിന്റെ സുരക്ഷയ്ക്ക് അനിവാര്യമാണ്, അതിനാൽ ആയുധങ്ങൾ കൈവശം വയ്ക്കാനും കൊണ്ട്നടക്കാനുമുള്ള ജനത്തിന്റെ അവകാശം ലംഘിക്കരുത്)

മേൽപ്പറഞ്ഞ ‘രണ്ടാം ഭേദഗതി’ പിന്തുണയ്ക്കുന്നവർ ആയതിനാൽ തോക്കുകൾ നിയന്ത്രിക്കാനുള്ള എന്തു ശ്രമം ഉണ്ടാകുമ്പോഴും തോക്കുടമകളെ അണിനിരത്തി എൻആർഎ രംഗത്തിറങ്ങും, ബില്ലുകളാണെങ്കിൽ അത് അട്ടിമറിക്കും. അമേരിക്കൻ കുടുംബങ്ങളിൽ 30–40 ശതമാനം പേർ മാത്രമേ തോക്കുടമകളായുള്ളൂ. എന്നാൽ അവർ വളരെ ശക്തരും റിപ്പബ്ലിക്കൻ മേഖലയിൽ നിർണായക ശക്തിയുമാണ്. തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികൾക്ക് എ മുതൽ എഫ് വരെ റേറ്റിങ് നൽകുന്ന പതിവുണ്ട് സംഘടനയ്ക്ക്. അതുകൊണ്ടു തന്നെ എൻആർഎയുടെ റേറ്റിങ് കുറഞ്ഞ സ്ഥാനാർഥിക്ക് പരാജയ സാധ്യതയും ഏറെയാണ്. അതിനാൽ തന്നെ യാഥാസ്ഥിതിക രാഷ്ട്രീയക്കാരും മാധ്യമങ്ങളുമൊക്കെ ഇവരുടെ പിന്തുണ തേടാറുണ്ട്, ഒപ്പം ഇവരെ പിണക്കാറുമില്ല.

2019–ന്റെ ആദ്യപകുതിയിൽ മാത്രം തോക്കിനു മേൽ നിയന്ത്രണം വേണ്ടെന്നു വാദിക്കുന്നവർ രാഷ്ട്രീയക്കാർക്കും മറ്റുമായുള്ള ലോബീയിങ്ങിനായി ചെലവഴിച്ചത് 5.46 ദശലക്ഷം ഡോളറായിരുന്നു. ഇതിൽ എൻആർഎ മാത്രം ചെലവഴിച്ചത് 1.69 ദശലക്ഷം വരും.

തോക്ക്. പ്രതീകാത്മക ചിത്രം: PopTika/Shutterstock

55 ലക്ഷം പേർ സംഘടനയിൽ അംഗങ്ങളായുണ്ടെന്നാണ് എൻആർഎയുടെ അവകാശവാദം. മുൻ പ്രസിഡന്റായിരുന്ന ജോർജ് ബുഷ് സീനിയർ ഒരു വേള ഈ സംഘടനയിൽ അംഗമായിരുന്നു, പിന്നീട് രാജിവച്ചു. റിപ്പബ്ലിക്കൻ നേതാവും മുൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയുമായിരുന്ന സാറ പേയ്‌ലിൻ ഈ സംഘടനയിൽ നിലവിൽ അംഗമാണെന്നാണ് റിപ്പോർട്ടുകൾ. അന്തരിച്ച നടൻ ചാൾട്ടൺ ഹെസ്റ്റൺ 1998–2003 കാലയളവിൽ എൻആർഎ പ്രസിഡന്റായിരുന്നു.

നാഷനൽ റൈഫിൾ അസോസിയേഷന്റെ വാർഷിക കൺവെൻഷൻ അടുത്തയാഴ്ച ടെക്സാസിലെ ഹൂസ്റ്റണിൽ നടക്കാനിരിക്കെയാണ് വെടിവയ്പ് ഉണ്ടായിട്ടുള്ളതും. മുൻ പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ്, ടെക്സസ് ഗവർണർ ഗ്രെഗ് ആബോട്ട്, സംസ്ഥാനത്തു നിന്നുള്ള സെനറ്റര്‍ ടെഡ് ക്രൂസ് തുടങ്ങിയവരടക്കമുള്ള റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളാണ് ഈ ചടങ്ങിലെ പ്രാസംഗികനിരയിൽ.

∙ ‘രണ്ടാം ഭേദഗതി’ എന്ന നിരന്തര വിവാദം

1791 ഡിസംബർ 15–ന് നിലവിൽ വന്ന അമേരിക്കൻ ഭരണഘടനയിലെ രണ്ടാം ഭേദഗതി ‘ബിൽ ഓഫ് റൈറ്റ്സ്’ അഥവാ അവകാശ പത്രിക പൗരന്മാരുടെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാനുള്ളതാണ് എന്നാണ് തോക്ക് അനുകൂലികളുടെ വാദം. ഈ ഭേദഗതിയനുസരിച്ച് എല്ലാ അമേരിക്കൻ പൗരന്മാർക്കും തോക്കുകൾ കൈവശം വയ്ക്കാനും കൊണ്ടുനടക്കാനുമുള്ള അവകാശം ഭരണഘടന നൽകുന്നതായും ഇവർ ആവർത്തിക്കുന്നു. എന്നാൽ തോക്ക് നിയന്ത്രണത്തിനായി വാദിക്കുന്നവർ ചൂണ്ടിക്കാട്ടുന്ന കാര്യം രാജ്യം സ്ഥാപിക്കപ്പെട്ട ശേഷം ഭരണഘടന അംഗീകരിക്കുമ്പോൾ ഈ ഭേദഗതി ഉൾപ്പെടുത്തിയത്, സംസ്ഥാനങ്ങൾ സാധാരണ ജനത്തെ ഉൾപ്പെടുത്തിയുള്ള സായുധ സംഘങ്ങളെ നിലനിർത്തിയിരുന്നു എന്നും ഈ സായുധ സംഘങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ടാണ് എന്നുമാണ്. സംസ്ഥാനങ്ങൾക്കെതിരെ സൈന്യത്തെ ഉപയോഗിക്കുന്ന സാഹചര്യമുണ്ടായാൽ പ്രതിരോധത്തിനായുള്ള ഈ സായുധ സംഘങ്ങള്‍ ആയുധങ്ങള്‍ കരുതണമെന്നാണ് ഭേദഗതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ തോക്ക് നിയന്ത്രണത്തെ എതിർക്കുന്നവർ പറയുന്നത് എല്ലാ വീടുകളില്‍ നിന്നുമുള്ള ജനം സംസ്ഥാന സർക്കാരുകളുടെ സായുധ സംഘങ്ങളിലുണ്ടായിരുന്നു എന്ന കാര്യമാണ്. എപ്പോൾ വേണമെങ്കിലും ആക്രമണം നേരിടാം എന്നതിനാൽ അവർക്ക് ആയുധം സ്വന്തമായുണ്ടാവുകയും അത് കൊണ്ടു നടക്കുകയും വേണം. അതുകൊണ്ടു തന്നെ ഇത് സാധാരണ പൗരന്മാരെ ഉദ്ദേശിച്ചുള്ളതാണെന്നും അവർ വാദിക്കുന്നു. ഒന്നാം ഭേദഗതിയലെ മറ്റ് വ്യക്തിഗത സ്വാതന്ത്ര്യങ്ങൾ പോലെ തന്നെ രണ്ടാം ഭേദഗതിയിൽ ‘ജനങ്ങളുടെ അവകാശം’ എന്നാണ് തോക്ക് കൊണ്ടു നടക്കുന്നതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് എന്നാണ് എന്‍ആർഎ അടക്കം വാദിക്കുന്നത്.

∙ തോക്കുകൾ കുറഞ്ഞാൽ അക്രമം കുറയുമോ?

‘ദി ഗൺ ഡിബേറ്റ്– വാട്ട് എവരിവൺ നീഡ്സ് ടു നോ’ എന്ന പുസ്തകമെഴുതിയ ക്രിസ്റ്റിൻ ഗോസ് പറയുന്നത്, ഈ വിഷയം സങ്കീർണമാണ് എന്നാണ്. തോക്കിനു മേൽ നിയന്ത്രണം വേണ്ടെന്ന് വാദിക്കുന്നവർ ഭയപ്പെടുന്നത് സർക്കാർ തോക്കുകളും അവകാശങ്ങളും എടുത്തുമാറ്റും എന്നാണ്. എന്നാൽ തോക്കിനു മേൽ നിയന്ത്രണം വേണമെന്നു പറയുന്നവരുടേത് അത്രയൊന്നും വ്യക്തതയില്ലാത്ത വാദമാണ്, അതായത്, ഇതുമൂലം അക്രമങ്ങൾ കുറയും എന്നുള്ളതാണത്. ഇത്തരം വെടിവയ്പ് അക്രമങ്ങളിൽ പരുക്കേൽക്കുന്നവരും ഇരകളുടെ കുടുംബങ്ങളുമൊക്കെ കൂട്ടായി ഇറങ്ങിയാൽ മാത്രമേ തോക്കു നിയന്ത്രണത്തിൽ എന്തെങ്കിലും നിയമനിർമാണങ്ങൾ വരൂ എന്നും അദ്ദേഹം പറയുന്നു.

ടെക്സസിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ ദുഃഖം രേഖപ്പെടുത്താൻ ജനം ഒത്തുചേർന്ന ഉവാൾഡെയിലെ വില്ലി ഡി ലിയോൺ സിവിക് സെന്ററിന് പുറത്ത് പൂക്കളുമായെത്തിയ ഒരു പെൺകുട്ടി. ചിത്രം – allison dinner / AFP

ചില സംസ്ഥാനങ്ങളിൽ‌ തോക്കുകൾ വാങ്ങുന്നതിനു നിയന്ത്രണങ്ങളുണ്ട്. പൊതുവെ റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ ഇല്ലാതെയും കുറവുള്ളതുമായ അവസ്ഥയുണ്ട്. അതിനാൽ തന്നെ ഡെമോക്രാറ്റിക് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളിലെത്തി തോക്കുകൾ വാങ്ങുന്നു. വാങ്ങുന്നവരുടെ മുൻകാല ചരിത്രമടക്കം പരിശോധിക്കുന്നതു ചില ഡെമോക്രാറ്റിക് സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നുണ്ട്. അതിനാൽ ദേശീയ തലത്തിൽ തന്നെ നിയമനിർമാണം നടത്തിയാൽ മാത്രമേ തോക്ക് കൊണ്ടുള്ള അക്രമങ്ങൾ കുറയുകയുള്ളൂ എന്നാണ് വാദം.

ഓസ്ട്രലിയയില്‍ എങ്ങനെയാണ് തോക്ക് കൊണ്ടുള്ള കൂട്ടക്കൊല അവസാനിപ്പിച്ചത് എന്നത് നിയമനിർമാണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഉദാഹരണമാണ്. 1996–ൽ ഒരു 28–കാരൻ ഓസ്ട്രേലിയയിലെ പോര്‍ട്ട് ആർതറിൽ ഒരു സെമി–ഓട്ടോമാറ്റിക് റൈഫിൾ കൊണ്ട് നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടത് 35 പേരാണ്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെടിവയ്പായിരുന്നു ഇത്. ഇതോടെ ഓട്ടോമാറ്റിക്, സെമി–ഓട്ടോമാറ്റിക് റൈഫിളുകളും ഷോട്ട്ഗണ്ണുകളും നിരോധിച്ചുള്ള നിയമങ്ങൾ പാസാക്കി രാജ്യം പ്രതികരിച്ചു. ഉടമകളിൽ നിന്നു തോക്കുകൾ തിരിച്ചു വാങ്ങുന്ന പരിപാടിയിലൂടെ 6,50,000 തോക്കുകൾ സർക്കാർ മടക്കിവാങ്ങി. തോക്കുകൾ ഉള്ളവരുടെ കണക്കുകൾ ഉണ്ടാക്കുകയും പുതിയ തോക്ക് സ്വന്തമാക്കാൻ പെര്‍മിറ്റ് നിർബന്ധമാക്കുകയും ചെയ്തു. അതിന്റെ ഫലവും ഉണ്ടാ‌യി – തോക്ക് ഉപയോഗിച്ചുള്ള കൊലപാതകങ്ങൾ ഏഴു വർഷത്തിനുള്ളിൽ 42 ശതമാനവും ആത്മഹത്യകൾ 57 ശതമാനവും കുറഞ്ഞു.

നൂറു കണക്കിന് കൂട്ട വെടിവയ്പ്പുകൾ എല്ലാ വർഷവും അമേരിക്കയിൽ നടക്കുന്നുണ്ട്. അതൊക്കെ തന്നെയും പലപ്പോഴും വലിയ വാർത്തകളായി മാറാറില്ല എന്നു മാത്രം. 2021–ല്‍ മാത്രം 61 വലിയ തോതിലുള്ള വെടിവയ്പുകളാണ് അമേരിക്കയിൽ ഉണ്ടായിട്ടുള്ളത്. അത് തലേ വര്‍ഷത്തേക്കാൾ 52 ശതമാനം കൂടുതലാണെന്ന് എഫ്ബിഐ രേഖകൾ പറയുന്നു. 30 സംസ്ഥാനങ്ങളിലായി 103 പേരുടെ മരണമാണ് ഈ വെടിവയ്പുകളിലുണ്ടായത്. ലോകം കോവിഡിന്റെ പിടിയിലായ 2020–ൽ 40 കേസുകളും 2019, 2018, വർഷങ്ങളിൽ 30 വീതം കേസുകളും 2017–ൽ 31 കേസുകളുമാണ് എഫ്ബിഐ രേഖകളിലുള്ളത്. 10 ദിവസം മുമ്പ് ബഫലോയിൽ കറുത്ത വർഗക്കാർക്ക് നേരെ നടന്ന വംശീയ ആക്രമണത്തിന് പിന്നാലെയാണ് എഫ്ബിഐ ഈ കണക്കുകൾ പുറത്തു വിട്ടത്. എന്നാൽ ഈ കണക്കിൽ ആളുകൾ കൊല്ലപ്പെട്ട മുഴുവൻ വെടിവയ്പുകളും ഉൾപ്പെട്ടിട്ടില്ലെന്നും എഫ്ബിഐ വ്യക്തമാക്കിയിരുന്നു. ഗാംങ്ങുകൾ തമ്മിലുള്ളതും മയക്കുമരുന്നുമായി ബന്ധപ്പെട്ടതും കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെതോ ആയ വെടിവയ്പുകളാണ് ഇതിൽ ഉൾപ്പെടാത്തത്.

എഫ്ബിഐ കണക്കുകൾ ഇതാണെങ്കിൽ ‘ദി ഗൺ വയലൻസ് ആർക്കൈവ്’ എന്ന സന്നദ്ധ സംഘടനയുടെ കണക്ക് പ്രകാരം 2022–ലെ ആദ്യ അഞ്ചു മാസങ്ങളിൽ മാത്രം 211 കൂട്ട വെടിവയ്പുകൾ അമേരിക്കയിൽ നടന്നിട്ടുണ്ട്.

∙ ഒൻപതു കോടി തോക്കുള്ള അമേരിക്ക

2018–ൽ ലോകത്താകെ 39 കോടി തോക്കുകൾ സ്വകാര്യവ്യക്തികളുടെ പക്കൽ ഉണ്ടെന്നാണ് സ്വിറ്റ്സർലൻഡിലെ പ്രശസ്തമായ സ്മോൾ ആംസ് സർവെ പറയുന്നത്. അതിൽ ഏകദേശം 9–10 കോടി തോക്കാണ് അമേരിക്കയിൽ ഉള്ളതെന്നാണ് കണക്ക്. 1968 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ 15 ലക്ഷം പേർ തോക്ക് മൂലമുള്ള ആക്രമണങ്ങൾ മൂലം മരിച്ചിട്ടുണ്ട്. 1775–മുതലുള്ള സ്വാതന്ത്ര്യസമര കാലത്തും അമേരിക്ക ഏർപ്പെട്ടിട്ട എല്ലാ യുദ്ധങ്ങളിലും ഉൾപ്പെടെ കൊല്ലപ്പെട്ട യുഎസ് സൈനികരേക്കാൾ കൂടുതലാണ് ഈ കണക്ക് എന്നാണ് ബിബിസി പറയുന്നത്.

2020–ൽ മാത്രം 45,000 അമേരിക്കക്കാർ വെടിയേറ്റ് കൊല്ലപ്പെടുകയോ തോക്കുപയോഗിച്ച് ആത്മഹത്യ ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഇതിൽ പകുതിയിലേറെയും ആത്മഹത്യകളാണ്. ഓരോ ദിവസവും കുറഞ്ഞത് 53 പേരെങ്കിലും അമേരിക്കയിൽ വെടിയേറ്റ് മരിക്കുന്നു എന്നാണ് കണക്ക്. കഴിഞ്ഞ കുറെ വർഷങ്ങളായി തോക്കുകൾ സ്വന്തമാക്കുന്ന അമേരിക്കക്കാരുടെ എണ്ണം കൂടി വരുന്നു എന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ ജനസംഖ്യയുടെ മൂന്നു ശതമാനം വരുന്ന 75 ലക്ഷം മുതിർന്നവർ 2019 ജനുവരി മുതൽ 2021 ഏപ്രിൽ വരെയുള്ള സമയത്ത് ആദ്യമായി തോക്കുകളുടെ ഉടമസ്ഥരായിട്ടുണ്ട് എന്നാണ് കണക്കുകൾ. ഇതിൽ 50 ശതമാനം സ്ത്രീകളും 40 ശതമാനം കറുത്ത വർഗക്കാരോ ഹിസ്പാനിക്ക് വംശജരോ ആണ്. ‌

തോക്കുകളാണ് അമേരിക്കയിലെങ്ങും. 2000 മുതൽ രണ്ടു ദശകത്തിനിടയിൽ 14 കോടിയോളം തോക്കുകൾ അമേരിക്കൻ ആയുധ നിർമാതാക്കൾ നിർമിച്ച് വിപണിയിലെത്തിച്ചു. 500 ഡോളറിന് കിട്ടുന്ന മാരക ശേഷിയുള്ള റൈഫിളുകൾ മുതൽ 200 ഡോളറിന്റെ 9 മി.മീ പിസ്റ്റളുകൾ വരെ ഇതിൽ ഉൾപ്പെടും. ഏഴു കോടി തോക്കുകൾ ഈ കാലയളവിൽ ഇറക്കുമതിയും ചെയ്തിട്ടുണ്ട്.

∙ ടെക്സസിലേത് ഈ വർഷത്തെ എട്ടാമത്തെ കൂട്ട വെടിവയ്പ്

സംസ്ഥാനങ്ങളിലാണ് കുറെയെങ്കിലും തോക്കുകൾ നിയന്ത്രിച്ചു കൊണ്ടുള്ള നിയമമുള്ളത്. കലിഫോർണിയ, കനക്ടികട്ട്, ഹവായ്, മേരിലാൻഡ്, മാസച്യൂസിറ്റ്സ്, ന്യൂജഴ്സി, ന്യൂയോർക്ക്, വാഷിങ്ടൻ ഡിസി എന്നിവിടങ്ങളിൽ മാരക ശേഷിയുള്ള യന്ത്ര തോക്കുകൾ (Assault Weapons) നിരോധിച്ചിട്ടുണ്ട്. ഇവയ്ക്ക് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും നിരോധിച്ചിട്ടില്ലാത്ത സംസ്ഥാനങ്ങളാണ് മിനസോഡയും വെർജീനിയയും.മാനസികാസ്വാസ്ഥ്യമുള്ളവർക്ക് തോക്കുകൾ അനുവദിക്കരുതെന്ന കാര്യത്തിൽ മാത്രമാണ് തോക്കിന് നിയന്ത്രണം ആവശ്യപ്പെടുന്നവരും ഇതിന് എതിരായി വാദിക്കുന്നവരും യോജിക്കുന്ന ഏക കാര്യം.

തോക്ക് ഉപയോഗിക്കുന്ന കാര്യത്തിൽ യാതൊരു നിയന്ത്രണങ്ങളും വേണ്ടെന്നു കരുതുന്ന സംസ്ഥാനങ്ങളും അമേരിക്കയിലുണ്ട്. 2021 ജൂണിൽ ടെക്സസ് ഗവർണർ ഗ്രെഗ് ആബോട്ട് ഒപ്പുവച്ച ഒരു നിയമം ‘പെര്‍മിറ്റ്‍ലെസ് ക്യാരി ബിൽ’ ഇതിന്റെ ഉദാഹരണമാണ്. ലൈസൻസോ പെർമിറ്റോ ഇല്ലാതെ സംസ്ഥാനത്തെ ആർക്കും തോക്കുകൾ കൊണ്ടുനടക്കാൻ ഈ നിയമം അനുവദിക്കുന്നു.

ഈ വർഷമുണ്ടായ എട്ടാമത്തെ കൂട്ട വെടിവയ്പാണ് ഇത്തവണത്തേത്. 2012–ൽ കനക്ടികട്ടിൽ 20 സ്കൂൾ കുട്ടികൾ കൊല്ലപ്പെട്ട വെടിവയ്പാണെങ്കിലും നാലു വർഷം മുമ്പ് 17 പേരെ ഫ്ലോറി‍ഡ ഹൈസ്കൂളിൽ വെടിവച്ചു കൊന്നതാണെങ്കിലും തോക്കുകൾ വാങ്ങുന്ന കാര്യത്തിലോ അതിന്റെ ഉടമസ്ഥതയിലോ കാര്യമായ നിയന്ത്രണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. മാരകശേഷിയുള്ള റൈഫിളുകൾ മുതൽ സെമി ഓട്ടോമാറ്റിക് പിസ്റ്റളുകൾ വരെ തുച്ഛമായ വിലയ്ക്ക് അമേരിക്കയിലെങ്ങും ലഭ്യമാണ്.

എന്നാൽ വെടിവയ്പിനെ രാഷ്ട്രീയവത്ക്കരിക്കുന്നു എന്നാണ് ടെഡ് ക്രൂസ് ഉൾപ്പെടെയുള്ള റിപ്പബ്ലിക്കൻമാരുടെ ആരോപണം. തോക്കുകൾ കൈവശം വയ്ക്കാൻ അമേരിക്കൻ ഭരണഘടനയിലെ ‘രണ്ടാം ഭേദഗതി’യനുസരിച്ച് ജനത്തിന്റെ അവകാശത്തെ ഇല്ലാതാക്കാൻ ഇത്തരം വെടിവയ്പുകൾ ആളുകൾ ഉയർത്തിക്കാട്ടും എന്നാണ് ക്രൂസിന്റെ ആരോപണം. കഴിഞ്ഞ വർഷം കൊളറാഡോയിലുണ്ടായ വെടിവയ്പിനെ തുടര്‍ന്ന് യന്ത്രത്തോക്കുകളും കൂടുതൽ തുടർച്ചയായി വെടിയുതിർക്കാൻ പറ്റുന്ന വെടിക്കോപ്പുകളും നിരോധിക്കുന്ന കാര്യം ബൈഡൻ പറഞ്ഞിരുന്നു. എന്നാൽ എൻആർഎ ഇതിനോട് പ്രതികരിച്ചത് ഭരണഘടനയുടെ ‘രണ്ടാം ഭേദഗതി’ ട്വീറ്റ് ചെയ്തുകൊണ്ടാണ്.

∙ സുപ്രീം കോടതിക്കും തീർപ്പാക്കാൻ പറ്റാത്ത വിവാദങ്ങൾ

ഭരണഘടനയിലെ വിഖ്യാതമായ ഈ രണ്ടാം ഭേദഗതി നിരവധി തവണ കോടതി കയറിയിട്ടുമുണ്ട്. ഇതില്‍ 1934–ല്‍ യു.എസ് കോൺഗ്രസ് പാസാക്കിയ നാഷനൽ ഫയർആംസ് ആക്ട് അഞ്ചു വർഷത്തിനുള്ളിൽ യു.എസ് സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. ചില പ്രത്യേക തോക്കുകൾക്ക് രജിസ്ട്രേഷൻ, തോക്കുകൾ നിർമിക്കുന്നതിനും വിൽക്കുന്നതിനും നികുതി, മെഷീന്‍ ഗൺ, ഷോർട്ട് ബാരൽഡ് ഷോട്ട്ഗൺ എന്നിവയുടെ വിൽപ്പനയും ഉടമസ്ഥതയും നിയന്ത്രിക്കൽ തുടങ്ങിയവയായിരുന്നു നിയമത്തിലെ പ്രധാനം.

യുണൈറ്റഡ് സ്റ്റേറ്റ്സ് വേഴ്സസ് മില്ലർ എന്ന 1939–ലെ ഈ കേസിൽ നിയമം ഭരണഘടനയുടെ രണ്ടാം ഭേദഗതിയെ ലംഘിക്കുന്നതല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി ശരിവച്ചു. തുടർന്ന് 1969–ല്‍ ന്യൂ ജഴ്സിയിലെ കർശനമായ തോക്ക് നിയന്ത്രണ നിയമവും കുറ്റവാളികൾ തോക്ക് കൈവശം വയ്ക്കുന്നത് നിരോധിക്കുന്ന നിയമം 1980–ലും സുപ്രീം കോടതി അംഗീകരിച്ചു. തോക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട് പിന്നീടുണ്ടായിട്ടുള്ള കീഴ്ക്കോടതി വിധികളെല്ലാം പിൻപറ്റിയത് 1939–ലെ സുപ്രീം കോടതി വിധിയായിരുന്നു.

എന്നാൽ 2008–ൽ സുപ്രീം കോടതി ഈ വിധിന്യായങ്ങൾക്ക് വിരുദ്ധമായ ഒരുത്തരവ് പുറപ്പെടുവിച്ചു. സ്വകാര്യവ്യക്തികൾ ‘നിറച്ച കൈത്തോക്കുകൾ’ വീടുകളിൽ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാക്കാൻ രണ്ടാം ഭേദഗതി സർക്കാരിനെ അനുവദിക്കുന്നില്ല എന്നായിരുന്നു ഡിസ്ട്രിക്ട് ഓഫ് കൊളംബിയ വേഴ്സസ് ഹെല്ലർ എന്ന ആ കേസിൽ സുപ്രീം കോടതി വിധി. ആയുധം കൈവശം വയ്ക്കാൻ രണ്ടാം ഭേദഗതി വ്യക്തികളെ അനുവദിക്കുന്നു എന്ന് വ്യക്തമാക്കുകയായിരുന്നു ഈ സുപ്രധാന വിധിയോടെ സുപ്രീം കോടതി. എന്നാൽ തോക്ക് നിയന്ത്രണത്തിനായി വാദിക്കുന്നവർ പറയുന്നത് ‘കൈത്തോക്കി’ന്റെ കാര്യം മാത്രമാണ് സുപ്രീം കോടതി അനുവദിച്ചത് എന്നാണ്. എന്നാൽ തോക്ക് നിയന്ത്രണത്തിനെതിരെ വാദിക്കുന്നവരാകട്ടെ, എല്ലാ തരത്തിലുള്ള ആയുധങ്ങളും കൈവശം വയ്ക്കാന്‍ ഭരണഘടന അനുവദിക്കുന്നു എന്നുമാണ്.

ആയുധം കൊണ്ടുനടക്കണമെങ്കിൽ പെർമിറ്റ് ആവശ്യമാണെന്ന ന്യൂയോർക്ക് സംസ്ഥാനത്തിന്റെ തീരുമാനവും കോടതികള്‍ കയറി ഇറങ്ങിയെങ്കിലും സുപ്രീം കോടതി ഒടുവിൽ ഇത് ശരിവയ്ക്കുകയായിരുന്നു.

ഡോ. മാർട്ടിൻ ലൂഥൻ കിങ്.

∙ ഡോ. മാർട്ടിൻ ലൂഥർ കിങ്ങിന്റെ കൊലപാതകം

അമേരിക്കയിലെ പ്രശസ്തനായ പൗരാവകാശ പ്രവർത്തകൻ ഡോ. മാർട്ടിൻ ലൂഥർ കിങ് ജൂനിയറും സെനറ്ററായിരുന്ന റോബർട്ട് എഫ് കെന്നഡിയും കൊല്ലപ്പെട്ടതോടെയാണ് 1968–ൽ തോക്ക് നിയന്ത്രണത്തിന്റെ കാര്യത്തിൽ വീണ്ടും നിയമനിർമാണം ഉണ്ടാകുന്നത്. അന്ന് കോൺഗ്രസ് പാസാക്കിയ ഗൺ കൺട്രോൾ ആക്ട് പക്ഷേ, കുറ്റവാളികൾക്കും, നിയമത്തിൽ നിന്ന് ഒളിച്ചു നടക്കുന്നവർക്കും മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കും മാനസികനില തകരാറിലായവർക്കുമൊക്കെ ആയുധങ്ങൾ നൽകുന്നത് തടയുന്നതിൽ മാത്രമായി ചുരുക്കപ്പെട്ടു.

ഈ നിയമം പക്ഷേ പിൽക്കാലത്ത് തോക്ക് നിയന്ത്രണ വിഷയത്തിലെ പല നിയമ നിർമാണങ്ങൾക്കും കാരണമായി. 1993–ൽ ഗൺ കൺട്രോൾ ആക്ട് ഭേദഗതി ചെയ്ത് ദ് ബ്രാഡി ഹാൻഡ‍്ഗൺ വയലൻസ് പ്രിവൻഷൻ ആക്ട് യുഎസ് കോൺഗ്രസ് പാസാക്കി. 1981–ൽ പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗനു നേരെയുണ്ടായ വധശ്രമത്തിൽ ഗുരുതര പരിക്കുപറ്റിയ അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി ജയിംസ് ബ്രാഡിയുടെ ബഹുമാനാർഥമാണ് നിയമത്തിന് ആ പേരു നൽകിയത്. തോക്ക് നിയന്ത്രണത്തിനായി വാദിക്കുന്നവർ ഉന്നയിക്കുന്ന നിരവധി കാര്യങ്ങൾ ഈ നിയമത്തിൽ പരിഗണിക്കാൻ ശ്രമിച്ചിരുന്നു. ഹാൻഡ്ഗണ്ണുകൾ വിൽക്കുന്നതിന് അഞ്ചു ദിവസത്തെ സാവകാശമെടുക്കുകയും ഈ സമയത്ത് തോക്ക് വാങ്ങുന്നവരുടെ പശ്ചാത്തലം പരിശോധിക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. തുടർന്ന് ഈ നിയമം 1998–ൽ കാലഹരണപ്പെടുകയും ഈ സ്ഥാനത്ത് ‘നാഷനൽ ഇൻസ്റ്റന്റ് ചെക്ക് സിസ്റ്റം’ (NICS) നിലവിൽ വരികയും ചെയ്തു. തോക്ക് വാങ്ങുന്നവരുടെ പശ്ചാത്തലം വിൽപ്പനക്കാർക്ക് മനസിലാക്കാനുള്ള ഒരു ഡേറ്റാബേസ് ആയിരുന്നു ഇത്. ഈ നിയമം പാസാക്കി മൂന്നു വര്‍ഷത്തിനുള്ളിൽ തോക്ക് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളിലും ആത്മഹത്യകളിലും ഗണ്യമായ കുറവുണ്ടായതായി എഫ്ബിഐ റിപ്പോർട്ട് ചെയ്തിരുന്നു. ബ്രാഡി കാംപെയ്ൻ ടു പ്രിവന്റ് ഗൺ വയലൻസ് 2013–ൽ പറഞ്ഞത് ഈ നിയമം മൂലം 20 ലക്ഷത്തോളം തോക്കുകൾ അനർഹര്‍ക്ക് വിൽക്കാതിരിക്കാൻ സാധിച്ചു എന്നാണ്.

ജോർജ് ബുഷ്.

∙ ജോർജ് ബുഷും ഒബാമയും

റിപ്പബ്ലിക്കൻ നേതാവായിട്ടും ജോർജ് ബുഷ് സീനിയർ പ്രസിഡന്റായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സർക്കാർ മാരകശേഷിയുള്ള റൈഫിളുകളുടെ (യന്ത്രത്തോക്കുകൾ) ഇറക്കുമതി 1989 ൽ സ്ഥിരമായി നിരോധിച്ചു. ചില പ്രത്യേക തരത്തിലുള്ള യന്ത്രത്തോക്കുകളുടെ നിർമാണവും വിൽപ്പനയും ബിൽ ക്ലിന്റന്റെ കാലത്ത് 1994–ൽ നിരോധിക്കുകയും ചെയ്തിരുന്നു. ഈ നിയമം 2004–ൽ കാലഹരണപ്പെട്ടെങ്കിലും ഇത് പുതുക്കാൻ കോൺഗ്രസിന് കഴിഞ്ഞുമില്ല. ഇപ്പോഴും പല സംസ്ഥാനങ്ങളിലും വ്യത്യസ്തമായ രീതിയിലാണ് തോക്കുകൾ വാങ്ങുന്നതിനും സൂക്ഷിക്കുന്നതിനും കൊണ്ടു നടക്കുന്നതിനുമൊക്കെയുള്ള നിയമങ്ങൾ.

ബറാക് ഒബാമ പ്രസിഡന്റായി വന്നപ്പോഴും തോക്ക് ഉപയോഗം നിയന്ത്രിക്കാനുള്ള പല നിയമനിർമാണങ്ങൾക്കും ശ്രമിച്ചിരുന്നു. 2012–ലെ കനക്ടികട്ട് സ്കൂൾ കൂട്ടക്കൊലയ്ക്ക് ശേഷം ഒബാമ പുതിയ ബിൽ അവതരിപ്പിച്ചിരുന്നു. തോക്കു വാങ്ങുന്നവരുടെ പൂർവകാലം വിശദമായി പരിശോധിക്കുക, തോക്കു വാങ്ങുന്നതിന് പരിധി വയ്ക്കുക, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ, 2004–ഓടു കൂടി കാലഹരണപ്പെട്ട നിയമത്തിൽ ഉണ്ടായിരുന്ന യന്ത്രത്തോക്കുകളുടെ നിരോധനം തുടങ്ങിയവ ഇതിന്റെ ഭാഗമായിരുന്നു. എന്നാൽ 2013–ൽ ബിൽ കോൺഗ്രസിൽ പരാജയപ്പെട്ടു. ‘വാഷിങ്ടൻ നാണംകെട്ട ദിവസം’ എന്നായിരുന്നു ഒബാമ ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ ഈ ബിൽ പാസാക്കുന്നതിൽ ഒബാമയ്ക്ക് ആത്മാർഥത ഉണ്ടായിരുന്നോ എന്ന് തോക്കു നിയന്ത്രണത്തിനായി വാദിക്കുന്നവർ സംശയം പ്രകടിപ്പിച്ചിരുന്നു, ഒപ്പം അദ്ദേഹം ഈ വിഷയത്തെ രാഷ്ട്രീയവത്ക്കരിച്ചു എന്നും അവർ വിമർശിച്ചിരുന്നു. തോക്ക് നിയന്ത്രണത്തിനെതിരെ നിൽക്കുന്ന വലതുപക്ഷ ഗ്രൂപ്പുകൾ പ്രചരിപ്പിച്ച ‘ഗൂഡാലോചനാ സിദ്ധാന്ത’ങ്ങളാകട്ടെ, തോക്കു നിയന്ത്രണത്തിനായി വാദിക്കുന്നവർ അവരുടെ നേട്ടത്തിനായി ഉണ്ടാക്കിയ കൂട്ടക്കൊലയായിരുന്നു കനക്ടികട്ടിലേത് എന്ന രീതിയിലായിരുന്നു.

2015–ൽ ദമ്പതികൾ കലിഫോർണിയയിൽ 14 പേരെ വെടിവെച്ചു കൊന്ന സംഭവം പിന്നാലെയുണ്ടായി. തോക്കു നിയന്ത്രണത്തിനായി നിരവധി ഉത്തരവുകൾ ഇറക്കിയ ഒബാമ ഇക്കാര്യത്തിൽ സമഗ്രമായ നിയമനിർമാണം നടത്താൻ കോൺഗ്രസിനോട് ആവശ്യപ്പെട്ടു. തോക്കു വാങ്ങുന്നവരുടെ പൂർവകാല ചരിത്രം കൂടുതൽ വിശദമായി ചികയുന്നതിനൊപ്പം തോക്കു വാങ്ങുന്നതിനു കൂടുതൽ നിയന്ത്രണങ്ങളും ഉത്തരവിൽ കൊണ്ടുവന്നു.

ബറാക് ഒബാമ.

ഇതിന് ഒരു വർഷത്തിനു ശേഷമായിരുന്നു, 2016ൽ– ഫ്ലോറിഡയിലെ ഒരു ഗേ നൈറ്റ് ക്ലബിൽ ഒരു അക്രമി നടത്തിയ വെടിവയ്പിൽ 49 പേർ കൊല്ലപ്പെട്ടത്. ഇയാൾക്ക് ഭീകര സംഘടനകളുമായുള്ള ബന്ധത്തെക്കുറിച്ച് എഫ്ബിഐ മുമ്പ് അന്വേഷണം നടത്തിയിരുന്നു. എന്നാൽ അക്രമത്തിനുപയോഗിച്ച തോക്ക് നിയമപ്രകാരം തന്നെ വാങ്ങാനും ആ അക്രമിക്ക് സാധിച്ചു എന്ന് അന്വേഷകർ കണ്ടെത്തുകയുണ്ടായി. ഭീകരവാദ കേസുകളിൽ‌ അന്വേഷണം നേരിട്ടവർക്ക് തോക്കു വിൽക്കരുത് എന്നതടക്കം നാലു പുതിയ നിയമങ്ങൾ ഡെമോക്രാറ്റുകൾ കൊണ്ടുവന്നെങ്കിലും റിപ്പബ്ലിക്കൻ അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള സെനറ്റ് ഇതെല്ലാം തള്ളി.

∙ ഡോണൾഡ് ട്രംപിന്റെ രംഗപ്രവേശം

ഒബാമ പ്രസിഡന്റായിരുന്നപ്പോൾ തോക്കു നിയന്ത്രണത്തിനായി നടപ്പാക്കിയ ഉത്തരവുകൾ മരവിപ്പിക്കും എന്നതായിരുന്നു തിരഞ്ഞെടുപ്പു പ്രചാരണ വേളയിൽ ട്രംപിന്റെ വാഗ്ദാനം. പ്രസിഡന്റായി ചുമതലയേറ്റയുടൻ ചെയ്ത കാര്യങ്ങളിലൊന്ന് സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ വ്യക്തികളുടെ മാനസിക നിലയെക്കുറിച്ച് NICS–ന് റിപ്പോർട്ട് നൽകണമെന്ന വകുപ്പ് റദ്ദാക്കുക എന്നതായിരുന്നു. ട്രംപിന്റെ വരവോടെ പല സംസ്ഥാനങ്ങളും ലൈസന്‍സില്ലാതെ തന്നെ തോക്കു കൈവശം വയ്ക്കാമെന്നതടക്കമുള്ള നിയമനിർമാണങ്ങൾ നടത്തുകയും ചെയ്തു.

ഡോണൾഡ് ട്രംപ്. – ഫയൽ ചിത്രം.

2017–ൽ ലാസ് വേഗാസിലുണ്ടായ വെടിവയ്പിൽ 58 പേർ കൊല്ലപ്പെടുകയും 500–ലേറെപ്പർക്ക് പരിക്കേൽക്കുകയും ചെയ്തു. പിന്നീട് നടത്തിയ പരിശോധനയിൽ ഇയാളുടെ ഹോട്ടൽ മുറിയിൽ നിന്ന് 12 യന്ത്രത്തോക്കുകൾ അടക്കം 23 തോക്കാണു കണ്ടെടുത്തത്. പിന്നാലെ ഫ്ലോറിഡയിലെ സ്കൂളിൽ ഉണ്ടായ വെടിവയ്പിൽ 14 കുട്ടികളും മൂന്ന് ജീവനക്കാരും കൊല്ലപ്പെട്ടു. അന്ന് ആക്രമണം നടത്തിയത് സ്കൂളിലെ പൂർവ വിദ്യാർഥി കൂടിയായ 19–കാരൻ നിക്കോളാസ് ക്രൂസ് ആയിരുന്നു. നിയമപ്രകാരം വാങ്ങിയ യന്ത്രത്തോക്ക് ഉപയോഗിച്ചായിരുന്നു ഇയാളുടെ വെടിവയ്പ്. ഇയാളുടെ മാനസിക നില തകരാറിലാണെന്നും അക്രമം നടത്താൻ സാധ്യതയുണ്ടെന്നുമൊക്കെ പലരും പൊലീസിനടക്കം മുന്നറിയിപ്പു നൽകിയിരുന്നുവെന്ന വിവരങ്ങൾ പിന്നീടു പുറത്തുവന്നു. ഇതൊന്നും പരിശോധിക്കാതെയായിരുന്നു ക്രൂസിന് തോക്കു നൽകിയത്.

അമേരിക്കയിൽ തോക്കിന്റെ നിയന്ത്രണം സംബന്ധിച്ച ചർച്ചകളോ വിവാദങ്ങളോ ഉടനെങ്ങും അവസാനിക്കില്ല. അത്രയേറെ ശക്തമാണ് തോക്കിന്റെ അവകാശത്തിനായി വാദിക്കുന്ന ലോബിയും അവരെ പിന്തുണയ്ക്കുന്നവരും. മുൻപും സ്കൂളുകളിലടക്കം നടന്ന വെടിവയ്പുകൾക്ക് ശേഷം തോക്കു നിയന്ത്രണത്തിനു വേണ്ടി മുറവിളികൾ ഉയർന്നെങ്കിലും വളരെ പെട്ടെന്ന് തന്നെ അത് അവസാനിക്കുകയും അടുത്ത ദുരന്തം ഉണ്ടാവുകയും ചെയ്യുന്ന കാഴ്ചയാണ് യുഎസിൽ. അപ്രതീക്ഷിത ആക്രമണങ്ങളിൽ സ്കൂൾ അങ്കണങ്ങളിലും മറ്റും നൂറുകണക്കിനു കുരുന്നുകളുടെയും മറ്റിടങ്ങളിൽ നിരപരാധികളായ നിരവധി പൗരന്മാരുടെയും ജീവനാണ് യുഎസിലെ ഈ തോക്കുവിവാദങ്ങൾക്കിടെ ബലികഴിക്കേണ്ടതായി വരുന്നതും.

English Summary: Debate Around Gun Laws In US And Who Are Opposing Gun Control Measures - Indepth Analysis