പൊതുതിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഉത്സവമാണെങ്കിൽ ഉപതിരഞ്ഞെടുപ്പ് സാക്ഷാൽ പൂരം തന്നെയാണ്. തൃക്കാക്കരയടക്കം കേരള നിയമസഭയിലേക്ക് ഇതുവരെ 65 ഉപതിരഞ്ഞെടുപ്പുകൾ നടന്നു. ഉപതിരഞ്ഞെടുപ്പിലൂടെ ആദ്യമായി നിയമസഭയിൽ എത്താൻ ഭാഗ്യം ലഭിച്ചവരിൽ മുൻ മുഖ്യമന്ത്രി ഇ.കെ.നായനാർ മുതൽ നിലവിലെ മന്ത്രി സജി ചെറിയാൻ വരെയുണ്ട്. ഇപ്പോൾ ഉമ തോമസും. ഉപതിരഞ്ഞെടുപ്പുകളുടെ ആ കൗതുകങ്ങളിലൂടെ... Byelections Kerala

പൊതുതിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഉത്സവമാണെങ്കിൽ ഉപതിരഞ്ഞെടുപ്പ് സാക്ഷാൽ പൂരം തന്നെയാണ്. തൃക്കാക്കരയടക്കം കേരള നിയമസഭയിലേക്ക് ഇതുവരെ 65 ഉപതിരഞ്ഞെടുപ്പുകൾ നടന്നു. ഉപതിരഞ്ഞെടുപ്പിലൂടെ ആദ്യമായി നിയമസഭയിൽ എത്താൻ ഭാഗ്യം ലഭിച്ചവരിൽ മുൻ മുഖ്യമന്ത്രി ഇ.കെ.നായനാർ മുതൽ നിലവിലെ മന്ത്രി സജി ചെറിയാൻ വരെയുണ്ട്. ഇപ്പോൾ ഉമ തോമസും. ഉപതിരഞ്ഞെടുപ്പുകളുടെ ആ കൗതുകങ്ങളിലൂടെ... Byelections Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുതിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഉത്സവമാണെങ്കിൽ ഉപതിരഞ്ഞെടുപ്പ് സാക്ഷാൽ പൂരം തന്നെയാണ്. തൃക്കാക്കരയടക്കം കേരള നിയമസഭയിലേക്ക് ഇതുവരെ 65 ഉപതിരഞ്ഞെടുപ്പുകൾ നടന്നു. ഉപതിരഞ്ഞെടുപ്പിലൂടെ ആദ്യമായി നിയമസഭയിൽ എത്താൻ ഭാഗ്യം ലഭിച്ചവരിൽ മുൻ മുഖ്യമന്ത്രി ഇ.കെ.നായനാർ മുതൽ നിലവിലെ മന്ത്രി സജി ചെറിയാൻ വരെയുണ്ട്. ഇപ്പോൾ ഉമ തോമസും. ഉപതിരഞ്ഞെടുപ്പുകളുടെ ആ കൗതുകങ്ങളിലൂടെ... Byelections Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ പൊതുതിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഉത്സവമാണെങ്കിൽ ഉപതിരഞ്ഞെടുപ്പ് സാക്ഷാൽ പൂരം തന്നെയാണ്. തൃക്കാക്കരയടക്കം കേരള നിയമസഭയിലേക്ക് ഇതുവരെ 65 ഉപതിരഞ്ഞെടുപ്പുകൾ നടന്നു. ഉപതിരഞ്ഞെടുപ്പിലൂടെ ആദ്യമായി നിയമസഭയിൽ എത്താൻ ഭാഗ്യം ലഭിച്ചവരിൽ മുൻ മുഖ്യമന്ത്രി ഇ.കെ.നായനാർ മുതൽ നിലവിലെ മന്ത്രി സജി ചെറിയാൻ വരെയുണ്ട്. ഏറ്റവും പുതുതായി തൃക്കാക്കരയിൽ ഉമ തോമസും.‌ ആദ്യ ജയത്തോടെ പാർലമെന്ററി മോഹം ഒതുക്കേണ്ടി വന്നവരുമുണ്ട്. നിർഭാഗ്യവശാൽ ഇതുവരെ നാലു വനിതകൾക്കു മാത്രമാണ് ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭാ പ്രവേശത്തിന് അവസരം ലഭിച്ചത്. അതെ, ഉപതിരഞ്ഞെടുപ്പുകൾ താരോദയങ്ങളുടെ വേദിയാണ്. അതേസമയം താരാസ്തമയങ്ങൾക്കും ഉപതിരഞ്ഞെടുപ്പുകൾ വഴിയൊരുക്കി. ഒറ്റത്തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം പലർക്കും അവസാനിപ്പിക്കേണ്ടി വന്നു. അക്കഥ വായിക്കാം. 

∙ ഉപതിരഞ്ഞെടുപ്പിലൂടെ നായനാർ രാഷ്ട്രീയത്തിൽ

ADVERTISEMENT

ഉപതിരഞ്ഞെടുപ്പിലൂടെ സഭയിലെത്തുകയും പിന്നീട് മുഖ്യമന്ത്രി സ്ഥാനമടക്കം ഉന്നത പദവികൾ വഹിക്കാൻ അവസരം ലഭിക്കുകയും ചെയ്ത 9 പേരുണ്ട്. ഈ നവരത്നങ്ങളിൽ മുമ്പൻ മുൻ മുഖ്യമന്ത്രി ഇ.കെ.നായനാർ തന്നെ. കണ്ണൂർ ജില്ലയിലെ ഇരിക്കൂരിൽ 1974 മേയ് രണ്ടിന് നടന്ന ഉപതിരഞ്ഞെടുപ്പിൽ നായനാർ 1,822 വോട്ടിന് ജയിച്ചു. സിപിഎം എംഎൽഎ എ.കുഞ്ഞിരാമന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആർഎസ്പി കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന കെ.അബ്ദുൽഖാദറായിരുന്നു മുഖ്യ എതിരാളി. പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം വഹിക്കുന്ന കാലത്താണ് നായനാർ ഉപതിരഞ്ഞെടുപ്പിനെ നേരിട്ടതെന്ന പ്രത്യേകത കൂടി മത്സരത്തിനു കൈവന്നിരുന്നു. അച്യുതമേനോനാണ് അന്ന് മുഖ്യമന്ത്രി, ഇ.എം.എസ് നമ്പൂതിരിപ്പാട് പ്രതിപക്ഷ നേതാവും. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ വരവോടെ പ്രതിപക്ഷ ക്യാംപിന് നിയമസഭയിൽ പുത്തനുണർവേകാൻ കഴിഞ്ഞു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും ഈ നിയമസഭയുടെ കാലത്തായിരുന്നു. 

ഇ.കെ.നായനാർ

പിന്നീട് ഒരിക്കൽ കൂടി നായനാർക്ക് ഉപതിരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നു. ആദ്യം സിപിഎം സംസ്ഥാന സെക്രട്ടറിയായിട്ടാണ് പോരിനിറങ്ങിയതെങ്കിൽ രണ്ടാം വട്ടം സംസ്ഥാന മുഖ്യമന്ത്രിയായിട്ടാണ് മത്സരത്തിന് എത്തിയത്. 1974ലെ ഉപതിരഞ്ഞെടുപ്പ് നായനാർക്ക് കടുപ്പമായിരുന്നെങ്കിൽ 1996ൽ അനായാസജയം ഉറപ്പാക്കിയാണ് അങ്കത്തിനിറങ്ങിയത്. മൂന്നാം വട്ടം 1996ൽ മുഖ്യമന്ത്രിയായി നായനാർക്കു നറുക്ക് വീഴുമ്പോൾ നിയമസഭാംഗമായിരുന്നില്ല. തലശേരിൽ നിന്നു ജയിച്ചു വന്ന കെ.പി.മമ്മു മാസ്റ്റർ നായനാർക്കായി സീറ്റൊഴിഞ്ഞു. 24,501 വോട്ടിന്റെ ഭൂരിപക്ഷത്തിനു കോൺഗ്രസിലെ ടി.അസഫലിയെ നായനാർ പരാജയപ്പെടുത്തി. ആദ്യമായി 1980ൽ മുഖ്യമന്ത്രി പദവി നായനാരെ നേടിയെത്തുമ്പോൾ അദ്ദേഹം നിയമസഭയിൽ മലമ്പുഴയുടെ പ്രതിനിധിയായിരുന്നു. പിന്നീട് 1987ൽ തൃക്കരിപ്പൂരിൽ നിന്നു ജയിച്ചാണ് രണ്ടാം വട്ടം മുഖ്യമന്ത്രിയാകുന്നത്. 

∙ മുഖ്യമന്ത്രിയായി ഉപതിരഞ്ഞെടുപ്പിൽ അച്യുതമേനോൻ

രാജ്യസഭാംഗമായിരുന്ന സി.അച്യുതമേനോൻ ആദ്യം 1969ൽ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമ്പോൾ നിയമസഭാംഗമാകാൻ ഉപതിരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നു. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയാണ് മത്സരത്തിനായി തിരഞ്ഞെടുത്തത്. സിപിഐ നേതാവ് ഇ.ചന്ദ്രശേഖരൻ നായർ രാജിവച്ചൊഴിഞ്ഞ കൊട്ടാരക്കരയിൽ മുഖ്യമന്ത്രി അങ്കത്തിനിറങ്ങി. സിപിഎം സ്വതന്ത്രൻ ശങ്കരനാരായണൻ നായരെ 26,046 വോട്ടിനു പരാജയപ്പെടുത്തി അച്യുതമേനോൻ മികച്ച വിജയം നേടി. താമസിയാതെ നടന്ന പൊതുതിരഞ്ഞടുപ്പിൽ തൃശൂർ ജില്ലയിലെ കൊടകരയിൽ നിന്നു ജയിച്ചാണ് അച്യുതമേനോൻ മുഖ്യമന്ത്രി പദത്തിലെ രണ്ടാമൂഴം ആഘോഷിച്ചത്. 

സി.അച്യുതമേനോന്‍, റോസമ്മ പുന്നൂസ്
ADVERTISEMENT

∙ കഴക്കൂട്ടം വഴി ആന്റണി മുഖ്യമന്ത്രിയിലേക്ക് 

അടിയന്തരാവസ്ഥക്കാലത്ത് നടന്ന പൊതുതിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യകക്ഷി സർക്കാർ 1977ൽ അധികാരത്തിലെത്തി. കെ.കരുണാകരനായിരുന്നു മുഖ്യമന്ത്രി. അധികാരത്തിലെത്തി ദിവസങ്ങള്‍ക്കുള്ളിൽ കോടതി പരാമർശത്തെ തുടർന്നു കെ.കരുണാകരനു രാജിവയ്ക്കേണ്ടി വന്നു. അടുത്ത നറുക്കു വീണത് കെപിസിസി പ്രസിഡന്റ് എ.കെ.ആന്റണിക്ക്, അദ്ദേഹം നിയമസഭാംഗമായിരുന്നില്ല. കഴക്കൂട്ടത്തു നിന്നു ജയിച്ച തലേക്കുന്നില്‍ ബഷീർ ആന്റണിക്കായി രാജിവച്ചു. തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ പിരപ്പൻകോട് ശ്രീധരൻ നായരെ 8,669 വോട്ടിനു പരാജയപ്പെടുത്തി. 

രണ്ടാംവട്ടം 1995ൽ അപ്രതീക്ഷിതമായി ആന്റണിക്കു മുഖ്യമന്ത്രി പദവി ഏറ്റെടുക്കേണ്ടി വന്നു. വിവാദ ചാരക്കേസിന്റെ കോലാഹലത്തിൽ കെ.കരുണാകരന് രാജിവയ്ക്കേണ്ടി വന്നു. ആന്റണി 1995 മാർച്ച് 22ന് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. ഇക്കാലത്ത് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി സീറ്റ് മുൻമന്ത്രികൂടിയായ യു.എ.ബീരാന്റെ രാജിയെ തുടർന്ന് ഒഴിഞ്ഞു കിടക്കുകയായിരുന്നു. പുതുപ്പള്ളി, ഇരിക്കൂർ അടക്കം പല സീറ്റുകളിൽ മത്സരിക്കാൻ ആന്റണിക്ക് സമ്മര്‍ദമുണ്ടായെങ്കിലും മുസ്‍ലിംലീഗിന്റെ ശക്തി കേന്ദ്രമായ തിരൂരങ്ങാടിയിൽ തന്നെ  മത്സരിക്കാൻ ആന്റണി തീരുമാനിച്ചു. ഇടതു സ്വതന്ത്രൻ ഡോ.എൻ.എ.കരീമിനെ 22,269 വോട്ടിനു പരാജയപ്പെടുത്തി ആന്റണി നിയമസഭാംഗമായി. 

∙ നിലമ്പൂർ പിടിച്ച ഗംഗാധരൻ പിന്നെ പോയില്ല

ADVERTISEMENT

ഉപതിരഞ്ഞെടുപ്പിലൂടെ നിയസഭയിലെത്തുകയും പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിൽ തിളക്കമാർന്ന പ്രകടനത്തോടെ വിജയം ആവർത്തിക്കാൻ കഴിഞ്ഞ പലരുമുണ്ട് കേരള രാഷ്ട്രീയത്തിൽ. ഇവരിൽ പിന്നീട് മന്ത്രി പദം തേടിയെത്തിവരുടെ പട്ടികയിൽ എം.പി.ഗംഗാധരൻ മുതൽ സജി ചെറിയാൻ വരെ നീളുന്നു. നിലമ്പൂർ എംഎൽഎയും സിപിഎം നേതാവുമായിരുന്ന കെ.കുഞ്ഞാലി 1969ൽ വെടിയേറ്റു മരിച്ചതിനെ തുടർന്നാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കുഞ്ഞാലിയുടെ മരണം ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കാൻ അക്കാലത്ത് കാരണമായി. സിപിഎം സ്ഥാനാർഥി സി.പി.അബൂബക്കറെ 5,574 വോട്ടിനു പരാജയപ്പെടുത്തിയാണു ഗംഗാധരൻ തന്റെ കന്നി ജയം സ്വന്തമാക്കിയത്. പിന്നീട് അഞ്ചു തവണ കൂടി ഗംഗാധരൻ നിയമസഭാംഗമായി. മൂന്നാം  കരുണാകരൻ മന്ത്രിസഭയിൽ ജലസേചനമന്ത്രിയായിരുന്നു. പ്രായപൂർത്തിയാകാതെ മകളുടെ വിവാഹം നടത്തിയെന്ന വിവാദത്തെ തുടർന്ന് 1986 മാർച്ചിൽ മന്ത്രിസഭയിൽ നിന്നു രാജിവയ്ക്കേണ്ടി വന്നു. 

എം.പി.ഗംഗാധരൻ, ഇ.ടി.മുഹമ്മദ് ബഷീർ

∙ മുഹമ്മദ് ബഷീർ യാത്ര തുടരുന്നു 

യുഡിഎഫിന്റെ സംസ്ഥാനത്തെ പ്രമുഖനായ നേതാവാണ് നിലവിലെ ലോക്സഭാംഗമായ ഇ.ടി.മുഹമ്മദ് ബഷീർ. ആദ്യമായി അദ്ദേഹം നിയമസഭയിലെത്തുന്നത് ഇടതുമുന്നണിയുടെ ഭാഗമായിട്ടാണ്. പെരിങ്ങളത്ത് എംഎൽഎയായിരുന്ന എൻ.എ.മമ്മുഹാജിയുടെ നിര്യാണത്തെ തുടർന്നു ഇ.ടി.മുഹമ്മദ് ബഷീർ അഖിലേന്ത്യാ ലീഗ് സ്ഥാനാർഥിയായി. 11,742 വോട്ടിന് യുഡിഎഫിലെ പാണറത്ത് കുഞ്ഞിമുഹമ്മദിനെ പരാജയപ്പെടുത്തി. ചെറിയൊരു ഇടവേളയ്ക്കു ശേഷം ഇ.ടി. തന്റെ രാഷ്ട്രീയ ജൈത്രയാത്ര തുടർന്നു. മൊത്തം നാലു തവണ നിയമസഭയിലെത്തി. മൂന്നു തവണ വിദ്യാഭ്യാസമന്ത്രി സ്ഥാനം വഹിച്ചു. 2009 മുതൽ ലോക്സഭാംഗമാണ്. പാർലമെന്റിൽ ഇതു മൂന്നാമൂഴം.. 

∙ വി.ജെ. തങ്കപ്പനെയുണ്ടോ നേമം വിടുന്നു!

മുഖ്യമന്ത്രി പദത്തിൽ കെ.കരുണാകരന്റെ മൂന്നാം മൂഴം, 1982ലെ പൊതുതിരഞ്ഞെടുപ്പിൽ അദ്ദേഹം രണ്ടു സീറ്റിൽ മത്സരിക്കുന്നു. സ്വന്തം മണ്ഡലമായ മാളയെക്കൂടാതെ നേമത്തും മത്സരിച്ചു. രണ്ടിടത്തും കരുണാകരൻ  ജയിച്ചു. മാള നിലനിർത്തി നേമം സീറ്റ് ഉപേക്ഷിക്കാൻ തീരുമാനിച്ചു. 1983ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ  കോൺഗ്രസിന്റെ ശക്തികേന്ദ്രമായ നേമത്ത് യുഡിഎഫിന് കാലിടറി. കരുണാകരനു വേണ്ടി സീറ്റൊഴിഞ്ഞ സിറ്റിങ് എംഎൽഎ രമേശൻ നായർ യുഡിഎഫ് സ്ഥാനാർഥിയായി. നെയ്യാറ്റിൻകര നഗരസഭാ അധ്യക്ഷനായിരുന്ന വി.ജെ.തങ്കപ്പൻ എൽഡിഎഫ് സ്ഥാനാർഥി. 8,289 വോട്ടിന് തങ്കപ്പൻ ജയിച്ചു. പിന്നീട് തങ്കപ്പൻ തന്റെ വിജയങ്ങൾ ആവർത്തിച്ചു. നേമത്തുനിന്നു തുടർച്ചയായി മൂന്നു ജയം. ഇടവേളയ്ക്കു ശേഷം 2006ൽ നെയ്യാറ്റിൻകരയിൽ നിന്നു ജയം. രണ്ടാം നായനാർ മന്ത്രിസഭയിൽ(1987–91) തദ്ദേശസ്വയംഭരണ മന്ത്രിയായി. 

വി.ജെ.തങ്കപ്പൻ, സുരേന്ദ്രൻ പിള്ള

∙ ‘പൂനലൂർ ലോട്ടറി’ കിട്ടി സുരേന്ദ്രൻ പിള്ള

അപ്രതീക്ഷിത ഭാഗ്യം രാഷ്ട്രീയത്തിൽ എപ്പോൾ വേണമെങ്കിലും കടന്നെത്താം, അതിന്റെ തെളിവാണ് വി.സുരേന്ദ്രൻ പിള്ള. പുനലൂർ എംഎൽഎ ആയിരുന്ന കേരള കോൺഗ്രസ് (ജെ) നേതാവ് സാം ഉമ്മന്റെ നിര്യാണത്തെ തുടർന്നാണ് 1984ൽ പുനലൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സുരേന്ദ്രൻ പിള്ളയ്ക്ക് അവസരം ലഭിച്ചത്. ഇടതുമുന്നണി സ്ഥാനാർഥി പി.കെ.ശ്രീനിവാസനെ 974 വോട്ടിനു പരാജയപ്പെടുത്തിയാണ് തന്റെ കന്നി നിയമസഭ പ്രവേശം ആഘോഷമാക്കിയത്. പിന്നീട് 22 വർഷങ്ങൾക്കു ശേഷം തിരുവനന്തപുരം വെസ്റ്റിൽ നിന്നും എൽഡിഎഫ് സ്ഥാനാർഥിയാകാൻ അവസരം ലഭിച്ചു. ഡിഐസിയിലെ ശോഭന ജോർജിനെ 13,233 വോട്ടിന് പരാജയപ്പെടുത്തി നിയമസഭയിലേക്കു രണ്ടാം ജയം സ്വന്തമാക്കി. കേരള കോൺഗ്രസ് ജോസഫ് വിഭാഗം എൽഡിഎഫ് വിട്ട് യുഡിഎഫിലെത്തി. പാർട്ടി  മാണി ഗ്രൂപ്പിൽ ലയിച്ചു. സുരേന്ദ്രൻ പിള്ള പി.സി.തോമസിനൊപ്പം ലയനത്തെ എതിർത്ത് എൽഡിഎഫിൽ തുടർന്നു. ഇതോടെ കേരള കോൺഗ്രസ് പ്രതിനിധിയായി അച്യുതാനന്ദൻ മന്ത്രിസഭയിൽ സുരേന്ദ്രൻ പിള്ള അംഗമായി. തുറുമുഖം, യുവജനകാര്യം എന്നീ വകുപ്പുകളാണ് അദ്ദേഹത്തിനു ലഭിച്ചത്. 

∙ ഉപതിരഞ്ഞെടുപ്പിലൂടെ താനൂരില്‍ ‘കുട്ടി’ക്കാലം 

മുസ്‍ലിംലീഗ് ലീഗ് നേതാവ് പി.സീതിഹാജിയുടെ നിര്യാണത്തെ തുടർന്നു താനൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി നിയോഗിച്ചത് 39കാരനായ യുവനേതാവ് കുട്ടി അഹമ്മദ് കുട്ടിയെയാണ്. 1992ലെ ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ എം.മുഹമ്മദിനെ 28,188 വോട്ടിനു പരാജയപ്പെടുത്തിയാണ് കുട്ടി അഹമ്മദ് കുട്ടി നിയമസഭാ പ്രവേശത്തിനു തുടക്കമിട്ടത്. പിന്നീട് മൂന്നു തവണ തുടർച്ചയായി തിരൂരങ്ങാടിയിൽ നിന്നു ജയിച്ചു നിയമസഭയിലെത്തി. മൂന്നാം എ.കെ.ആന്റണി മന്ത്രിസഭയിലും ഒന്നാം ഉമ്മൻ ചാണ്ടി മന്ത്രിസഭിലും അംഗമായിരുന്നു. 

കുട്ടി അഹമ്മദ് കുട്ടി, എ.സി.മൊയ്‌തീൻ

∙ ഉപതിരഞ്ഞെടുപ്പിൽ അടിപതറി കെ. മുരളീധരൻ 

കെ.മുരളീധരൻ കെപിസിസി പ്രസിഡന്റ് പദം ഉപേക്ഷിച്ച് ആന്റണി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായി 2004ൽ സ്ഥാനമേറ്റു. നിയമസഭാംഗമല്ലാത്ത മുരളീധരനു വേണ്ടി വടക്കാഞ്ചേരി എംഎൽഎ വി.ബലറാം രാജിവച്ചു. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം വടക്കാഞ്ചേരിയിൽ ഉപതിരഞ്ഞെടുപ്പ് നടന്നു. സിപിഎമ്മിലെ എ.സി.മൊയ്തീനായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. 2004 ലോക്സഭാ തിരഞ്ഞെടുപ്പിൽ ആഞ്ഞടിച്ച ഇടതു തരംഗത്തിനൊപ്പം വടക്കാഞ്ചേരിയും വീണു. എ.സി.മൊയ്തീൻ 3,715 വോട്ടിനു ജയിച്ചു. മന്ത്രി മുരളീധരൻ പരാജയപ്പെട്ടു. ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന സംസ്ഥാനത്തെ ഏക മന്ത്രിയെന്ന റെക്കോർഡ് മുരളീധരനിൽ സ്ഥാപിക്കപ്പെട്ടു. മൊയ്തീൻ 2006ൽ വീണ്ടും വടക്കാഞ്ചേരിയിൽ വിജയം ആവർത്തിച്ചു. 2016ൽ കുന്നംകുളത്തു നിന്നു ജയിച്ച് ഒന്നാം പിണറായി വിജയൻ മന്ത്രിസഭയിൽ സഹകരണം, ടൂറിസം, വ്യവസായം, സ്പോർട്സ്, യുവജനകാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു. 

∙ ജേക്കബിന്റെ പിൻഗാമി അനൂപ് 

രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ ആദ്യ രാഷ്ട്രീയ പരീക്ഷണമായിരുന്നു പിറവം ഉപതിരഞ്ഞെടുപ്പ്. പൊതുവിതരണ മന്ത്രി ടി.എം.ജേക്കബിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. അനൂപ് ജേക്കബ് 12,070 വോട്ടിന് മുൻ എംഎൽഎ എം.ജെ.ജേക്കബിനെ പരാജയപ്പെടുത്തി. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയായ അനൂപിനു പിതാവ് ടി.എം.ജേക്കബ് വഹിച്ചിരുന്ന പൊതുവിതരണം– റജിസ്ട്രേഷൻ വകുപ്പ് തന്നെ  ലഭിച്ചു. പിന്നീട് 2016, 2021 വർഷങ്ങളിൽ മികച്ച ഭൂരിപക്ഷത്തിനു തന്നെ അനൂപ് പിറവത്തുനിന്നു തന്നെ ജയിച്ചു കയറി. ആര്യനാട് ജി. കാർത്തികേയൻ മരിച്ചപ്പോൾ മകൻ കെ. ശബരീനാഥൻ പിൻഗാമിയായി ജയിച്ചു. 

കെ.നാരായണക്കുറുപ്പ്, സജി ചെറിയാൻ, അനൂപ് ജേക്കബ്

∙ ചെങ്ങന്നൂർ വഴി തിരുവനന്തപുരത്തേക്ക് സജി ചെറിയാൻ 

ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായിരുന്ന മേൽക്കൈ തിരികെ പിടിച്ചതാണ് 2018ലെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ പ്രത്യേകത. യുഡിഎഫിന് മേൽക്കൈയുള്ള ചെങ്ങന്നൂർ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും മികച്ച ലീഡ് ഉയർത്തി 20,956 വോട്ടിന് എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ ജയിച്ചു. 2021ൽ സജി ചെറിയാൻ വിജയം ആവർത്തിച്ചു. രണ്ടാം പിണറായി മന്ത്രിസഭയിൽ മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ മന്ത്രിയാണ് സജി ചെറിയാന്‍. 

∙ വാഴൂരിൽ വാണ് കുറുപ്പ് 

തിരുകൊച്ചിയിൽ രണ്ടു തവണ എംഎൽഎ ആയിരുന്ന കെ.നാരായണക്കുറുപ്പ് 1963ലെ ഉപതിരഞ്ഞെടുപ്പിലൂടെയാണ് ആദ്യമായി കേരള നിയമസഭയിലെത്തുന്നത്. ആർ.ശങ്കർ  മന്ത്രിസഭയിലെ ആരോഗ്യമന്ത്രി വി.കെ.വേലപ്പന്റെ നിര്യാണമാണ് ഉപതിരഞ്ഞെടുപ്പിനു സാഹചര്യമൊരുക്കിയത്.  12,146 വോട്ടിന് കമ്യൂണിസ്റ്റ് സ്വതന്ത്രൻ കെ.ജി. സുകുമാരൻ നായരെ പരാജയപ്പെടുത്തി നാരായണക്കുറുപ്പ് വിജയം സ്വന്തമാക്കി. പിന്നീട് അഞ്ച് തവണ കൂടി വാഴൂരിനെ പ്രതിനിധീകരിച്ച് നാരായണക്കുറുപ്പ് നിയമസഭയിലെത്തി. നാലു തവണ ഗതാഗതമന്ത്രിയായി. ഒൻ‌പതാം നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായിരുന്നു. 

∙ ഉപതിരഞ്ഞെടുപ്പിലൂടെ കേരള നിയമസഭയിലെ കന്നി ജയം നേടിയവർ

∙ ഇ.കെ.നായനാർ 1974* (ഇരിക്കൂർ), 1980, 1982 (മലമ്പുഴ), 1987,1991(തൃക്കരിപ്പൂർ), 1996* തലശേരി

∙ കെ.നാരായണക്കുറുപ്പ് 1954, 1956 (തിരുകൊച്ചി), 1963*, 1970, 1977, 1991, 1996, 2001 (വാഴൂർ)

∙ എം.പി.ഗംഗാധരൻ 1970*, 1970(നിലമ്പൂർ), 1977, 1980, 1982, 2001 (പൊന്നാനി)

∙ ഇ.ടി.മുഹമ്മദ് ബഷീർ (മുസ്‍ലിംലീഗ്), 1985* (പെരിങ്ങളം), 1991, 1996, 2001 (തിരൂർ), 2009, 2014, 2019 ലോക്സഭ (പൊന്നാനി)

∙ വി.സുരേന്ദ്രൻ പിള്ള (കെസിജെ) 1984* പുനലൂർ, തിരുവനന്തപുരം വെസ്റ്റ് 2006

∙ വി.ജെ.തങ്കപ്പൻ (സിപിഎം) 1983*നേമം, 1987, 1991, നെയ്യാറ്റിൻകര 2006

∙ കുട്ടി അഹമ്മദ്കുട്ടി (മുസ്‍ലിംലീഗ്) 1992*,1996, 2001, 2006 (താനൂർ)

∙ എ.സി.മൊയ്തീൻ (സിപിഎം) 2004*, 2006 വടക്കാഞ്ചേരി, 2016 കുന്നംകുളം

∙ അനൂപ്‍ ജേക്കബ് (കെസി ജേക്കബ്) 2012*, 2016, 2021 (പിറവം)

∙ സജി ചെറിയാൻ  (സിപിഎം) 2018*, 2021 (ചെങ്ങന്നൂർ)

∙ എം.വി.വാസു (സിപിഐ) പറളി 1961*

∙ മൊഹസിൻ ബിൻ അഹമ്മദ് (മുസ്‍ലിംലീഗ്) 1961* കുറ്റിപ്പുറം

∙ ഡോ.സി.എം.കുട്ടി (മുസ്‍ലിംലീഗ്) 1962* താനൂർ, 1967 കുറ്റിപ്പുറം 

∙ എം.രവീന്ദ്രനാഥ് (കോൺഗ്രസ്) 1963*പത്തനംതിട്ട

∙ പി.എ.ആന്റണി 1970* തൃശൂർ, ലോക്സഭ 1984, 1989 തൃശൂർ

∙ എം.പി.എം.അബ്ദുല്ല കുരിക്കൾ (മുസ്‍ലിംലീഗ്) 1973* കൊണ്ടോട്ടി,  1977 മഞ്ചേരി

∙ വർക്കി പൈനാടൻ (സ്വത)  1973*പറവൂർ

∙ ടി.കെ.ചന്ദ്രൻ (സിപിഎം)  1973* നീലേശ്വർ

∙ പി.സി.തോമസ് (ജനതാപാർട്ടി/കെസിഎം) 1978*,1980, 1982 തിരുവല്ല

∙ എം.വി.രാജഗോപാൽ (സിപിഎം) 1978*, 1980 തലശേരി

∙ എം.പി.എം.ഇസഹാക്ക് കുരിക്കൾ (മുസ്‍ലിംലീഗ്) 1984,1987,1991, 1996, 2001 മഞ്ചേരി

∙ പി.വിജയദാസ് (കോൺഗ്രസ് എസ്) 1985* ആറ്റിങ്ങൽ 

∙ റേച്ചൽ സണ്ണി പനവേലി  (കോൺഗ്രസ് എസ്)  1986* റാന്നി

∙ പാച്ചേനി കുഞ്ഞിരാമൻ (സിപിഎം) 1989*, 1991 തളിപ്പറമ്പ്

∙ പി.എസ്.സുപാൽ(സിപിഐ) 1996*, 2001 പുനലൂർ

∙ യു.എസ്.ശശി (സിപിഐ) 1998* മാള

∙ പി.നാരായണൻ (സിപിഐ) 1998*, 2001 വൈക്കം

∙ എൻ.അനിരുദ്ധൻ (സിപിഐ) 1998*, 2006 ചാത്തന്നൂർ

∙ എലിസബത്ത് മാമ്മൻ മത്തായി (കെസിഎം) 2003* തിരുവല്ല

∙ എം.പ്രകാശൻ (സിപിഎം) 2005*, 2006 അഴീക്കോട് 

∙ ജോർജ് എം.തോമസ് (സിപിഎം)* 2006, 2016 തിരുവമ്പാടി 

∙ എ.പി.അബുദല്ലക്കുട്ടി (കോൺഗ്രസ്) 2009*, 2011 കണ്ണൂർ

∙ കെ.എസ്.ശബരിനാഥൻ (കോൺഗ്രസ്) 2015*,2016 അരുവിക്കര

∙ ഡോ.സെബാസ്റ്റ്യൻ പോൾ (ഇടതു സ്വത) 1998* എറണാകുളം , ലോക്സഭ 1997*, 2003*, 2009 എറണാകുളം

∙ മാണി.സി.കാപ്പൻ (എൻസിപി)  2019*, 2021 പാലാ

∙ കെ.യു.ജനീഷ് കുമാർ(സിപിഎം) 2019*, 2021 കോന്നി

∙ വി.കെ.പ്രശാന്ത് (സിപിഎം)  2019*, 2021 വട്ടിയൂർക്കാവ്

∙ ടി.ജെ.വിനോദ് (കോൺഗ്രസ്) 2019*, 2021 എറണാകുളം

∙ എ.എ.ഷുക്കൂർ (കോൺഗ്രസ്) 2009* ആലപ്പുഴ

∙ എം.സി.ഖമറുദ്ദീൻ (മുസ്‍ലിംലീഗ്) 2019* മഞ്ചേശ്വരം

∙ ഷാനിമോൾ ഉസ്മാൻ (കോൺഗ്രസ്) 2019* അരൂർ

*ഉപതിരഞ്ഞെടുപ്പ്

∙ തിരഞ്ഞെടുപ്പ് വിജയങ്ങൾ ഒരു ഉപതിരഞ്ഞെടുപ്പിൽ മാത്രം ഒതുക്കപ്പെട്ടവർ

∙ എം.വി.വാസു (സിപിഐ) പറളി 1961

∙ മൊഹസിൻ ബിൻ അഹമ്മദ് (മുസ്‍ലിംലീഗ്) 1961 കുറ്റിപ്പുറം

∙ എം.രവീന്ദ്രനാഥ് (കോൺഗ്രസ്) 1963പത്തനംതിട്ട

∙ വർക്കി പൈനാടൻ (സ്വത)  1973*പറവൂർ

∙ ടി.കെ.ചന്ദ്രൻ (സിപിഎം)  1973 നീലേശ്വർ

∙ പി.വിജയദാസ് (കോൺഗ്രസ് എസ്) 1985 ആറ്റിങ്ങൽ 

∙ റേച്ചൽ സണ്ണി പനവേലി (കോൺഗ്രസ് എസ്) 1986 റാന്നി

∙ യു.എസ്.ശശി (സിപിഐ) 1998 മാള

∙ എലിസബത്ത് മാമ്മൻ മത്തായി (കെസിഎം) 2003 തിരുവല്ല

∙ എ.എ.ഷുക്കൂർ (കോൺഗ്രസ്) 2009 ആലപ്പുഴ

∙ എം.സി.ഖമറുദ്ദീൻ (മുസ്‍ലിംലീഗ്) 2019 മഞ്ചേശ്വരം

∙ ഷാനിമോൾ ഉസ്മാൻ (കോൺഗ്രസ്) 2019 അരൂർ

∙ പി.എ.ആന്റണി (കോൺഗ്രസ്) 1970* തൃശൂർ, ലോക്സഭ 1984, 1989 തൃശൂർ

ഷാനിമോൾ ഉസ്മാൻ, റേച്ചൽ സണ്ണി പനവേലി, എലിസബത്ത് മാമ്മൻ മത്തായി

∙ ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭാ പ്രവേശം ലഭിച്ച വനിതകൾ 

∙ റോസമ്മ പുന്നൂസ് (സിപിഐ) ദേവികുളം 1958

∙ റേച്ചൽ സണ്ണി പനവേലി  (കോൺഗ്രസ് എസ്) 1986 റാന്നി

∙ എലിസബത്ത് മാമ്മൻ മത്തായി (കെസിഎം) 2003 തിരുവല്ല

∙ ഷാനിമോൾ ഉസ്മാൻ (കോൺഗ്രസ്) 2019 അരൂർ

English Summary: History of Byelections in Kerala: Interesting Political Facts