ജനങ്ങളുടെ ചായകുടി വരെ അവസാനിപ്പിക്കാനുള്ള നീക്കത്തിലാണു പാക്കിസ്ഥാൻ. സാമ്പത്തിക പ്രതിസന്ധി അത്രമേൽ രൂക്ഷം. ശ്രീലങ്കയിലെപ്പോലെ സാമ്പത്തിക പ്രയാസത്തിന്റെ നടുക്കടലിൽ മുങ്ങുകയാണു പാക്കിസ്ഥാനും... Pakistan Economic Crisis | Pakistan Economic Crisis Explained | Manorama Online Photo Feature | Pakistan Energy Crisis | Fuel Crisis | Petrol Diesel Price | Tea | Manorama News

ജനങ്ങളുടെ ചായകുടി വരെ അവസാനിപ്പിക്കാനുള്ള നീക്കത്തിലാണു പാക്കിസ്ഥാൻ. സാമ്പത്തിക പ്രതിസന്ധി അത്രമേൽ രൂക്ഷം. ശ്രീലങ്കയിലെപ്പോലെ സാമ്പത്തിക പ്രയാസത്തിന്റെ നടുക്കടലിൽ മുങ്ങുകയാണു പാക്കിസ്ഥാനും... Pakistan Economic Crisis | Pakistan Economic Crisis Explained | Manorama Online Photo Feature | Pakistan Energy Crisis | Fuel Crisis | Petrol Diesel Price | Tea | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനങ്ങളുടെ ചായകുടി വരെ അവസാനിപ്പിക്കാനുള്ള നീക്കത്തിലാണു പാക്കിസ്ഥാൻ. സാമ്പത്തിക പ്രതിസന്ധി അത്രമേൽ രൂക്ഷം. ശ്രീലങ്കയിലെപ്പോലെ സാമ്പത്തിക പ്രയാസത്തിന്റെ നടുക്കടലിൽ മുങ്ങുകയാണു പാക്കിസ്ഥാനും... Pakistan Economic Crisis | Pakistan Economic Crisis Explained | Manorama Online Photo Feature | Pakistan Energy Crisis | Fuel Crisis | Petrol Diesel Price | Tea | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനങ്ങളുടെ ചായകുടി പോലും അവസാനിപ്പിക്കാനുള്ള നീക്കത്തിലാണു പാക്കിസ്ഥാൻ. സാമ്പത്തിക പ്രതിസന്ധി അത്രമേൽ രൂക്ഷം. ശ്രീലങ്കയിലെപ്പോലെ സാമ്പത്തിക പ്രയാസത്തിന്റെ നടുക്കടലിൽ മുങ്ങുകയാണു പാക്കിസ്ഥാനും. പണപ്പെരുപ്പം ഉച്ചസ്ഥായിയിൽ; എല്ലാ സാധനങ്ങൾക്കും തീ വില. എന്തു ചെയ്യണമെന്നു സർക്കാരിനും ജനങ്ങൾക്കും നിശ്ചയമില്ലാത്തതിനാൽ സ്ഥിതി ഇനിയും രൂക്ഷമായേക്കുമെന്നാണു വിദഗ്ധർ പറയുന്നത്. ചായ കുടിക്കുന്നതു കുറയ്ക്കണമെന്നു പറയുന്നു, വൈദ്യുതിയില്ലാതെ മണിക്കൂറുകളോളം രാജ്യത്തെ ഇരുട്ടിലാക്കുന്നു, ഇന്ധനവില കുതിച്ചു കയറുന്നു... രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികൾക്കിടെയാണ് ഇന്ധന–ഊർജ ക്ഷാമവും പാക്കിസ്ഥാനെ വലയ്ക്കുന്നത്. നമ്മുടെ അയൽരാജ്യമായ പാക്കിസ്ഥാനിൽ എന്താണു സംഭവിക്കുന്നത്?

∙ നിസ്സാരമല്ല പാക്ക് ചായകുടി

ADVERTISEMENT

കടക്കെണിയിൽ നട്ടംതിരിയുന്നതിനാൽ, ജനങ്ങളോടു ചായകുടി കുറയ്ക്കാൻ അഭ്യർഥിച്ചിരിക്കുകയാണു പാക്കിസ്ഥാൻ സർക്കാർ. ലോകത്ത് ഏറ്റവും കൂടുതൽ തേയില ഇറക്കുമതി ചെയ്യുന്ന രാജ്യമാണു പാക്കിസ്ഥാൻ. സർക്കാരിന്റെ സാമ്പത്തികഭാരം കുറയ്ക്കാനാണു ജനങ്ങൾ ദിവസം ഒന്നോ രണ്ടോ കപ്പ് ചായ വീതം കുറയ്ക്കാൻ ആസൂത്രണ–വികസന മന്ത്രി അഹ്സൻ ഇഖ്ബാൽ അഭ്യർഥിച്ചത്. കഴിഞ്ഞ മാസം 19ന് ആഡംബര വസ്തുക്കൾ അടക്കമുള്ളവയുടെ ഇറക്കുമതി പാക്കിസ്ഥാൻ നിരോധിച്ചിരുന്നു.

ഇസ്‌ലാമാബാദിലെ കടയിൽ ചായ തയാറാക്കുന്നയാൾ. ലോകത്ത് ഏറ്റവും കൂടുതൽ തേയില ഇറക്കുമതി ചെയ്യുന്ന രാജ്യമാണു പാക്കിസ്ഥാൻ. കടക്കെണി മറികടക്കാൻ ജനങ്ങളോടു ചായകുടി കുറയ്ക്കാൻ അഭ്യർഥിച്ചിരിക്കുകയാണു പാക്കിസ്ഥാൻ സർക്കാർ. Photo by Aamir QURESHI / AFP

നിസ്സാരമായി തള്ളിക്കളയാവുന്നതല്ല പാക്കിസ്ഥാന്റെ ചായപ്രേമം. 2021–22 സാമ്പത്തിക വർഷം 400 ദശലക്ഷം ഡോളറാണു തേയിലയ്ക്കായി പാക്കിസ്ഥാൻ ചെലവിട്ടത് എന്നാണു കണക്ക്. മുൻ വർഷത്തേക്കാൾ 60 ദശലക്ഷം ഡോളർ തേയില ഇറക്കുമതിക്കായി കൂടുതൽ ചെലവാക്കി. 2020 ൽ 640 ദശലക്ഷം ഡോളറാണു തേയിലയ്ക്കായി പാക്കിസ്ഥാൻ ചെലവിട്ടതെന്ന് ഒബ്സർവേറ്ററി ഓഫ് ഇക്കണോമിക് കോംപ്ലക്സിറ്റിയുടെ കണക്കുകൾ പറയുന്നു. എന്നാലും, ചായകുടി നിർത്തിയാൽ പരിഹരിക്കാവുന്നതല്ല രാജ്യത്തിന്റെ പ്രതിസന്ധി എന്നു ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ മന്ത്രിക്കെതിരെ ട്രോളുകളും നിറഞ്ഞു.

ചായപ്രേമികളാണ് പാക്കിസ്ഥാൻകാർ. ചായകുടി കുറയ്ക്കണമെന്ന് ആസൂത്രണ–വികസന മന്ത്രി അഹ്സൻ ഇക്ബാൽ അഭ്യർഥിച്ചതൊന്നും ജനം ഏറ്റെടുത്തിട്ടില്ല. ഇസ്‍ലാമാബാദിലെ റസ്റ്ററന്റിൽ സോസറിൽ ചായ മൊത്തിക്കുടിക്കുന്ന നാട്ടുകാരൻ. (Photo by Aamir QURESHI / AFP)

∙ പെട്രോളും ഡീസലും പൊള്ളും

പാക്കിസ്ഥാനിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണു മാനംമുട്ടെ ഉയരുന്ന ഇന്ധനവിലയും. ഒറ്റ ദിവസം 24 രൂപ വർധിച്ചതോടെ ഒരു ലീറ്റർ പെട്രോളിന്റെ വില 233.89 രൂപയായി! 16.31 രൂപ കൂടിയതോടെ ഡീസൽ വില 263.31 രൂപ. ജൂൺ 15 അർധരാത്രി മുതൽ പുതുക്കിയ ഇന്ധനവില പ്രാബല്യത്തിലായെന്നു പാക്ക് ധനമന്ത്രി മിഫ്താ‌ഹ് ഇസ്‌മായിൽ പറഞ്ഞു. ലീറ്ററിന് 29.49 രൂപ കൂടിയതോടെ മണ്ണെണ്ണയ്ക്കു വില 211.43 രൂപയായി. ലൈറ്റ് ഡീസലിന് 29.16 രൂപ കൂടി ലീറ്ററിന് 207.47 രൂപയിലെത്തി.

ADVERTISEMENT

കഴിഞ്ഞ 20 ദിവസത്തിനിടെ 84 രൂപയാണു പെട്രോളിനു കൂട്ടിയത്. രാജ്യാന്തര തലത്തിൽ പെട്രോൾ വില ലീറ്ററിന് 120 യുഎസ് ഡോളറാണ് എന്നതാണു വില കൂട്ടുന്നതിനുള്ള സർക്കാരിന്റെ ന്യായീകരണം. പെട്രോൾ സബ്സിഡിയായി 120 ബില്യൻ രൂപ പാക്കിസ്ഥാൻ ചെലവിടുന്നുണ്ടെന്നും അവകാശപ്പെട്ടു. വില വർധിപ്പിക്കാതെ സർക്കാരിനു മുന്നിൽ മറ്റു വഴികളില്ലെന്നും ചോദ്യത്തിനു മറുപടിയായി ധനമന്ത്രി പ്രതികരിച്ചു.

∙ കല്യാണത്തിനും പിടിവീണു

വില കുതിച്ചുയരുന്ന പ്രകൃതിവാതകവും കൽക്കരിയും വാങ്ങാൻ പണമില്ലാതെ പാക്കിസ്ഥാനിൽ വൈദ്യുതി ഉൽപാദനവും കടുത്ത പ്രതിസന്ധിയിലാണ്. രാജ്യത്തു മണിക്കൂറുകൾ നീളുന്ന പവർകട്ട് പതിവായി. ഊർജോൽപാദനച്ചെലവ് ഇരട്ടിയായതോടെ പ്രകൃതിവാതകത്തെയും (എൽഎൻജി) കൽക്കരിയെയും ആശ്രയിച്ചു പ്രവർത്തിക്കുന്ന ഊർജ പ്ലാന്റുകൾ ഭൂരിഭാഗവും ഉൽപാദനം നിലച്ച അവസ്ഥയിലാണ്. വീടുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കുമുള്ള വൈദ്യുതി വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി.

രാജ്യം ഇരുട്ടിലായതോടെ, കടുത്ത നിയന്ത്രണങ്ങളാണു സർക്കാർ നടപ്പാക്കുന്നത്. രാജ്യതലസ്ഥാനമായ ഇസ്‍ലാമാബാദിൽ രാത്രി 10 മണിക്കു ശേഷം വിവാഹ ആഘോഷങ്ങൾ നടത്തരുതെന്നു സർക്കാർ ഉത്തരവിട്ടു. സ്ഥാപനങ്ങളിലെ പ്രവൃത്തിദിനം ആഴ്ചയിൽ 5 ദിവസമായി ചുരുക്കി. സാമ്പത്തിക പ്രയാസത്തിനൊപ്പം ഊർജ പ്രതിസന്ധിയും കടുത്തതോടെ രാജ്യമെമ്പാടും മാർക്കറ്റുകളിലും നിയന്ത്രണം വന്നു. രാത്രി 8.30ന് ശേഷം എല്ലാ മാർക്കറ്റുകളും അടയ്ക്കണമെന്നു നാഷനൽ ഇക്കണോമിക് കൗൺസിൽ (എൻഇസി) നിർദേശിച്ചു. പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിലായിരുന്നു നിർണായക തീരുമാനങ്ങൾ.

ADVERTISEMENT

∙ ഇരുട്ട് പരന്ന് പാക്കിസ്ഥാൻ

മാർക്കറ്റുകൾ നേരത്തേ അടയ്ക്കുന്നതും സർക്കാർ–സ്വകാര്യ സ്ഥാപനങ്ങളിലെ പ്രവൃത്തി ദിവസം കുറയ്ക്കുന്നതും വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തുന്നതും ഊർജ പ്രതിസന്ധിക്ക് അയവുണ്ടാക്കുമെന്ന് ഊർജ മന്ത്രി ഖുറും ദസ്തഗിർ വ്യക്തമാക്കി. 22,000 മെഗാവാട്ട് വൈദ്യുതിയാണു രാജ്യത്ത് ഉൽപാദിപ്പിക്കുന്നത്; ആവശ്യമുള്ളതാകട്ടെ 26,000 മെഗാവാട്ടും. 4,000 മെഗാവാട്ടിന്റെ കുറവുണ്ടെന്നാണു സർക്കാർ കണക്ക്. എന്നാൽ 7,800 മെഗാവാട്ടിന്റെ കുറവുണ്ടെന്നാണു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഊർജ പ്രതിസന്ധി പാക്കിസ്ഥാനെ അക്ഷരാർഥത്തിൽ ഇരുട്ടിലാക്കിയിരിക്കുകയാണ്. പാക്കിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിൽ പവർകട്ട് സമയത്ത് റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ലൈറ്റ് മാത്രമാണു വെളിച്ചമായുള്ളത്. ഫയൽ ചിത്രം: Rizwan TABASSUM / AFP

കറാച്ചിയിൽ 15 മണിക്കൂറും ലഹോറിൽ 12 മണിക്കൂറും പവർകട്ട് ഏർപ്പെടുത്തിയെന്നാണു ജൂൺ ഏഴിലെ ‘ഡെയ്‌ലി ടൈംസ്’ വാർത്ത. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി സർക്കാർ ഓഫിസുകളിൽ ശനിയാഴ്ച അവധി പുനരാരംഭിച്ചു. തെരുവുവിളക്കുകൾ നിശ്ചിത ഇടവേളകളിൽ അണയ്ക്കുന്നുണ്ട്. എസി ഉപയോഗത്തിനും നിയന്ത്രണമേർപ്പെടുത്തി. ജൂൺ അവസാനത്തോടെ ലോഡ് ഷെഡ്‍ഡിങ് പ്രതിദിനം 2 മണിക്കൂറായി കുറയ്ക്കാനാകുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ പൊലീസും അധികൃതരും രംഗത്തുണ്ട്. നിയമലംഘകർക്കു കനത്ത ശിക്ഷയാണു നൽകുക.

22,000 മെഗാവാട്ട് വൈദ്യുതിയാണു രാജ്യത്ത് ഉൽപാദിപ്പിക്കുന്നത്; ആവശ്യമുള്ളതാകട്ടെ 26,000 മെഗാവാട്ടും. 4,000 മെഗാവാട്ടിന്റെ കുറവുണ്ടെന്നാണു സർക്കാർ കണക്ക്. എന്നാൽ 7,800 മെഗാവാട്ടിന്റെ കുറവുണ്ടെന്നാണു മാധ്യമ റിപ്പോർട്ടുകൾ. മൻസെഹ്‌റ ജില്ലയിൽ കാറക്കോറം മലനിരകളിൽ സുകി കിനാരി ജലവൈദ്യുത പദ്ധതിയുടെ ഡാം സൈറ്റിലെ നിർമാണ ദൃശ്യമാണിത്. 2022 ഫെബ്രുവരി ഏഴിനെടുത്തത്. (Photo by Farooq NAEEM / AFP)

∙ എല്ലാം മുടിപ്പിച്ചു, ഇമ്രാനെ തെറിപ്പിച്ചു

ഏറെ നാടകീയ സംഭവങ്ങൾക്കു ശേഷമാണ് ഇമ്രാൻ ഖാനെ താഴെയിറക്കി ഷഹബാസ് ഷരീഫ്പ്ര ധാനമന്ത്രിയായത്. എന്നാൽ പാക്ക് ജനതയുടെ ദുരിതങ്ങൾക്കു മാറ്റമൊന്നുമുണ്ടായില്ല. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി), പാക്കിസ്ഥാൻ മുസ്‍ലിം ലീഗ്–എൻ തുടങ്ങിയ മുഖ്യ പ്രതിപക്ഷ പാർട്ടികളും ഒട്ടേറെ പ്രാദേശിക പാർട്ടികളും പാക്കിസ്ഥാൻ ഡമോക്രാറ്റിക് മൂവ്മെന്റ് (പിഡിഎം) എന്ന ഒറ്റക്കുടക്കീഴിൽ ഒന്നിച്ചതാണ് ഇമ്രാൻ സർക്കാരിന്റെ പതനത്തിനു വഴിയൊരുക്കിയത്. ഇമ്രാൻ പട്ടാളത്തിനു പ്രിയങ്കരനാണെന്ന വിമർശനം കഴിഞ്ഞ തിരഞ്ഞെടുപ്പുകാലം മുതൽ പ്രതിപക്ഷം ഉയർത്തിയിരുന്നു.

നവാസ് ഷരീഫ് സർക്കാരിന്റെ ഭരണവീഴ്ചകളും സാമ്പത്തികമാന്ദ്യവും അഴിമതിയും ചൂണ്ടിക്കാട്ടിയാണ് ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭങ്ങൾ പാക്കിസ്ഥാനിൽ അലയടിച്ചത്. അഴിമതിരഹിതവും സാമ്പത്തിക ഉണർവുമുള്ള സദ്‌ഭരണമായിരുന്നു ഇമ്രാന്റെ വാഗ്ദാനവും. എന്നാൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാക്കാനാകാതെ ഇമ്രാനും അധികാരത്തിൽനിന്നു പടിയിറങ്ങേണ്ടി വന്നു.

2013–18 കാലഘട്ടത്തിൽ നവാസ് ഷരീഫ് സർക്കാരിന്റെ ഭരണവീഴ്ചകളും സാമ്പത്തികമാന്ദ്യവും അഴിമതിയും ചൂണ്ടിക്കാട്ടിയാണ് ഇമ്രാന്റെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭങ്ങൾ പാക്കിസ്ഥാനിൽ അലയടിച്ചത്. അഴിമതിരഹിതവും സാമ്പത്തിക ഉണർവുമുള്ള സദ്‌ഭരണമായിരുന്നു ഇമ്രാൻ അണികൾക്ക് ഉറപ്പു നൽകിയതും. വാഗ്ദാനങ്ങളൊന്നും പാലിക്കാൻ ഇമ്രാനു സാധിച്ചില്ല. രാജ്യത്തെ കൊള്ളയടിച്ച് കടക്കെണിയിലേക്കു തള്ളിവിട്ട മുൻ ഭരണാധികാരികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും വിദേശത്തു കുമിഞ്ഞുകൂടിയ അവരുടെ അനധികൃത സ്വത്തുക്കൾ നാട്ടിൽ തിരിച്ചെത്തിക്കുമെന്നും ഇമ്രാൻ വാക്കു നൽകിയതും ഫലം കണ്ടില്ല.

പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയാകുമ്പോൾ ആഗ്രഹങ്ങൾ ഏറെയായിരുന്നു ഷഹബാസ് ഷരീഫിന്. മുൻപ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനായ ഷഹബാസ് മൂന്നു വട്ടം പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായിരുന്നു. പാക്കിസ്ഥാനിലെ ഏറ്റവും ജനസംഖ്യയേറിയതും രാഷ്ട്രീയമായി സുപ്രധാനവുമായ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി കൂടുതൽ കാലമിരുന്നതും ഷഹബാസാണ്. സാമ്പത്തിക പ്രതിസന്ധി എങ്ങനെയെങ്കിലും മറികടക്കാനുള്ള ശ്രമത്തിലാണ് ഷഹബാസ്.

അസംബ്ലിയിലെ നേരിയ ഭൂരിപക്ഷവും സെനറ്റിലെ ന്യൂനപക്ഷ പദവിയും മൂലം, അർഥവത്തായ ഒരു നിയമനിർമാണവും ഇമ്രാൻ സർക്കാരിനു കൊണ്ടുവരാനായില്ല. ഓർഡിനൻസ് ഇറക്കിയായിരുന്നു എല്ലാ കാര്യങ്ങളും. സഭാ സമ്മേളനങ്ങളിൽ ഇമ്രാൻ പങ്കെടുത്തതുമില്ല. സമ്പദ്‍വ്യവസ്ഥ പിടിച്ചുനിർത്താൻ കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങി, രാജ്യം മുടിഞ്ഞു. 2021 വരെ സൈനിക നേതൃത്വവും ഇമ്രാൻ സർക്കാരും മനപ്പൊരുത്തത്തിലായിരുന്നു. മെല്ലെ സ്ഥിതി മാറി. ഇമ്രാനുള്ള പിന്തുണ സൈന്യം പിൻവലിച്ചെന്നു മനസ്സിലാക്കിയ ഉടനെയാണു പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിനു നീക്കം തുടങ്ങിയത്. സഖ്യകക്ഷികളും കൈവിട്ടതോടെ, കാലാവധി തികയ്ക്കാറില്ലെന്ന പാക്ക് പ്രധാനമന്ത്രിമാരുടെ ‘വിധി’യിൽ ഇമ്രാനും വീഴുകയായിരുന്നു.

∙ അഴിമതിക്കറ പുരളാത്ത നേതാവ്

അധികാരത്തിൽനിന്നു പുറത്തായ ഇമ്രാന് പിന്തുണയുമായി പാക്ക് നഗരവീഥികളിൽ പതിനായിരങ്ങളുടെ പ്രകടനം അരങ്ങേറി. വിദേശ ഗൂഢാലോചനയിലൂടെ സർക്കാരിനെ പുറത്താക്കിയതിന് എതിരെ പ്രതിഷേധിക്കാനുള്ള ഇമ്രാന്റെ ആഹ്വാനത്തെ തുടർന്നായിരുന്നു പ്രകടനങ്ങൾ. സ്ത്രീകളടക്കം വൻ ജനപങ്കാളിത്തമാണുണ്ടായത്. ‘അമേരിക്കയുടെ സുഹൃത്തുക്കൾ രാജ്യദ്രോഹികൾ’ എന്നു മുദ്രാവാക്യം വിളിച്ച ജനക്കൂട്ടം യുഎസിനും സൈന്യത്തിനുമെതിരെ സ്വരമുയർത്തി. സേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയ്ക്കെതിരെയും മുദ്രാവാക്യങ്ങൾ ഉയർന്നു. വിമർശനങ്ങൾ ഏറെയുണ്ടെങ്കിലും അഴിമതിയുടെ കറ പുരളാത്ത നേതാവ് എന്ന പ്രതിച്ഛായ ഇമ്രാന് ഇപ്പോഴുമുണ്ടെന്നു നയതന്ത്ര വിദഗ്ധർ പറയുന്നു.

പണപ്പെരുപ്പം, ഇന്ധന വിലക്കയറ്റം എന്നിവയ്ക്കെതിരെ കറാച്ചിയിൽ പ്രതിഷേധിക്കുന്നവർ. സമരങ്ങളിൽ സ്ത്രീകളുടെ സജീവ പങ്കാളിത്തമാണുള്ളത്. (Photo by Rizwan TABASSUM / AFP)

നവാസ് ഷരീഫിനുശേഷം സഹോദരൻ ഷഹബാസ് ഷരീഫും പ്രധാനമന്ത്രി പദവിയിലെത്തിയതോടെ പാക്ക് രാഷ്ട്രീയത്തിലെ കുടുംബാധിപത്യം കരുത്താർജിച്ചു. ശ്രീലങ്കയുടെ പ്രതിസന്ധിക്കു കാരണമായതു രാജപക്‌സെ കുടുംബത്തിന്റെ വാഴ്ചയായിരുന്നു എന്നത് ഈ സന്ദർഭത്തിൽ ഓർക്കാവുന്നതാണ്. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന നേതാവ് എന്ന നേട്ടവും നവാസിനാണ്. എന്നാൽ, പാക്കിസ്‌ഥാനിലെ ഏറ്റവും ശക്‌തമായ രാഷ്ട്രീയ കുടുംബം എന്നു വിശേഷിപ്പിക്കുന്നതു ഭൂട്ടോ കുടുംബത്തെയാണ്.

പ്രധാനമന്ത്രിയായും പ്രസിഡന്റായും ഏറെക്കാലം രാജ്യം ഭരിച്ചിട്ടുണ്ട് സുൽഫിക്കർ അലി ഭൂട്ടോ. മകൾ ബേനസീർ ഭൂട്ടോയും രണ്ടുവട്ടം പ്രധാനമന്ത്രിയായി. ബേനസീർ കൊല്ലപ്പെട്ടപ്പോൾ ഭർത്താവ് ആസിഫ് അലി സർദാരി പിന്നീട് പാക്ക് പ്രസിഡന്റായി. ഇമ്രാനെ പുറത്താക്കിയ പ്രതിപക്ഷസഖ്യത്തിലുള്ള ബേനസീർ ഭൂട്ടോയുടെ മകൻ ബിലാവൽ ഭൂട്ടോ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ അധ്യക്ഷനാണ്.

∙ പ്രതിസന്ധിക്കു കാരണമെന്താണ്?

നിലയങ്ങൾക്കായുള്ള എൽഎൻജി ഇറക്കുമതി ഇടിവിന്റെ ഫലമായി പാക്കിസ്ഥാനിൽ മാസങ്ങളായി വൈദ്യുതി പ്രതിസന്ധി നിലവിലുണ്ടെങ്കിലും സ്ഥിതി ഇപ്പോഴാണു രൂക്ഷമായത്. യുക്രെയ്നിലെ ആക്രമണവും തുടർന്നു റഷ്യയ്ക്കെതിരെ ഉപരോധ നീക്കങ്ങളും മൂലം ഇന്ധനവില ആഗോളതലത്തിൽ കുതിച്ചുയർന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ എൽഎൻജി വിതരണക്കാർ പിന്മാറിയതും തിരിച്ചടിയായി. രാജ്യത്തെ മിക്ക ഊർജ നിലയങ്ങളും ഇറക്കുമതി ചെയ്ത ഇന്ധനം കൊണ്ടാണു പ്രവർത്തിക്കുന്നത്. ആഗോള തലത്തിലെ ഇന്ധനക്ഷാമം, ഇറക്കുമതിയെ ആശ്രയിക്കുന്ന പാക്കിസ്ഥാനെ കൂടുതൽ അപായത്തിലാക്കുകയായിരുന്നു.‌

സാമ്പത്തിക പ്രതിസന്ധി ജനജീവിതത്തെയാകെ ബാധിച്ചു. വരുമാനം കുറഞ്ഞതും തൊഴിൽ നഷ്ടപ്പെട്ടതും പലരുടെയും ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മുൾട്ടാനിൽ സൗജന്യ ഭക്ഷണ വിതരണ കേന്ദ്രത്തിനു മുന്നിൽ കാത്തുനിൽക്കുന്നവർ. (Photo by Aamir QURESHI / AFP)

എണ്ണയും വാതകവും വാങ്ങാൻ പാക്കിസ്ഥാന്റെ കൈവശം പണമില്ലെന്നു പ്രധാനമന്ത്രി ഷഹബാസ് പറയുന്നു. ഗുരുതര പ്രതിസന്ധിയാണു പാക്കിസ്ഥാന്റെ വിദേശനാണ്യ ശേഖരത്തിൽ ഉണ്ടായത്. മേയ് ആറിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാൻ (എസ്ബിപി) കണക്കനുസരിച്ച്, 190 ദശലക്ഷം യുഎസ് ഡോളർ ഇടിഞ്ഞ് 10.308 ബില്യൻ ഡോളറായി വിദേശനാണ്യ ശേഖരം ചുരുങ്ങി. രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) കനിവു കാത്തിരിക്കുകയാണു രാജ്യം. 2019ൽ അംഗീകരിച്ച 6 ബില്യൻ യുഎസ് ഡോളറിന്റെ പാക്കേജ് ലഭ്യമാക്കാനാണു പാക്കിസ്ഥാന്റെ ശ്രമം.

പണപ്പെരുപ്പവും ഇന്ധനവിലക്കയറ്റവും ഊർജക്ഷാമവും കാരണം നിത്യോപയോഗ സാധനങ്ങൾക്ക് ഉൾപ്പെടെ ദിവസവും വില വർധിക്കുകയാണ്. കറാച്ചിയിലെ പലചരക്കു കടയിൽ സാധനങ്ങളുടെ പുതുക്കിയ വില സ്ഥാപിക്കുന്ന കടക്കാരൻ. (Photo by Asif HASSAN / AFP)

∙ മുണ്ടുമുറുക്കിയാൽ രക്ഷപ്പെടുമോ?

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചെലവുചുരുക്കൽ പദ്ധതികൾ ആലോചിച്ചു നടപ്പാക്കുകയാണ് അധികൃതർ. അവശ്യവസ്തുക്കളല്ലാത്ത നൂറോളം സാധനങ്ങളുടെ ഇറക്കുമതി നിരോധിച്ചു. കാർ, സ്മാർട്ഫോൺ, ഭക്ഷ്യസാധനങ്ങൾ തുടങ്ങിയവ നിരോധിത പട്ടികയിൽ ഉൾപ്പെടും. ‘വിലപിടിച്ച വിദേശനാണ്യശേഖരം’ സംരക്ഷിക്കാൻ വേണ്ടിയാണു നിയന്ത്രണമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ചെലവുചുരുക്കൽ നടപ്പിൽ വരുത്തിയതായും പാവപ്പെട്ടവരുടെമേൽ ബാധ്യത വരാതിരിക്കാനായി സമ്പന്നർ ഈ മാതൃക പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കടക്കെണിയിൽ കുരുങ്ങിയ പാക്കിസ്ഥാന്റെ സാമ്പത്തിക സ്ഥിതിയാകെ മോശമാണ്. ഓഹരി വിപണിയിലടക്കം അതിന്റെ പ്രതിഫലനം കണ്ടുകഴിഞ്ഞു. പാക്കിസ്ഥാൻ സ്റ്റോക് എക്സ്‌ചേഞ്ചിലെ (പിഎസ്‌എക്സ്) ഏറ്റവും പുതിയ ഓഹരി വിലകൾ ഫോണിലൂടെ പങ്കുവയ്ക്കുന്ന സ്റ്റോക് ബ്രോക്കർ. (Photo by Rizwan TABASSUM / AFP)

ചെലവുചുരുക്കലിലൂടെയും ഇറക്കുമതി നിരോധനത്തിലൂടെയും 600 കോടി ഡോളർ വിദേശനാണ്യം സംരക്ഷിക്കാൻ കഴിയുമെന്ന് വാർത്താവിനിമയ മന്ത്രി മറിയം ഔറംഗസേബ് പറഞ്ഞു. അതേസമയം ഇറക്കുമതി നിരോധനത്തെ രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) എതിർത്തു. പാക്കിസ്ഥാനിൽ ഇന്ധനവില കൂടുമ്പോൾ, ഇന്ത്യ പെട്രോൾ–ഡീസൽ വില കുറച്ചതിനെ പാക്ക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രശംസിക്കുകയും ചെയ്തു. ഇന്ത്യയ്ക്കു നികുതി ഇളവു ചെയ്യാനായതു റഷ്യയിൽനിന്നു കുറഞ്ഞ വിലയ്ക്ക് ഇന്ധനം ഇറക്കുമതി ചെയ്തതുകൊണ്ടാണെന്നും ‘സ്വതന്ത്ര വിദേശ നയ’ത്തിലൂടെ തന്റെ സർക്കാർ ലക്ഷ്യമിട്ടത് ഇതേ കാര്യം തന്നെയാണെന്നുമാണ് ഇമ്രാൻ അവകാശപ്പെട്ടത്.

∙ ആരു തുണയ്ക്കും ഷഹബാസിനെ?

യുഎസുമായി നല്ല ബന്ധം ആഗ്രഹിക്കുന്ന നേതാവാണു പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. സൈന്യവുമായും മികച്ച ബന്ധം പുലർത്തുന്ന ഇദ്ദേഹം ചൈനയ്ക്കും ഏറെ താൽപര്യമുള്ള നേതാവാണ്. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന കാലത്തു ചൈന-പാക്കിസ്ഥാൻ ഇടനാഴിയുമായി ബന്ധപ്പെട്ട വികസനപദ്ധതികൾ വിജയകരമായി വേഗത്തിൽ നടപ്പാക്കിയപ്പോൾ, ഷഹബാസിനെ ‘മാൻ ഓഫ് ആക്‌ഷൻ’ എന്നാണു ചൈന പ്രശംസിച്ചത്. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സൈന്യവുമായുള്ള ബന്ധവും വളർന്നത്. പ്രധാനമന്ത്രിക്കസേരയിൽ ഷഹബാസിന്റെ ഭാവി സുഖകരമല്ല. വിലക്കയറ്റവും പണപ്പെരുപ്പവും മറികടക്കുക എന്ന വലിയ വെല്ലുവിളിയാണു മുന്നിലുള്ളത്.

ഷഹബാസ് സർക്കാരിന്റെ നയങ്ങൾക്കെതിരെ തെരുവിൽ പ്രതിഷേധിക്കുന്നവർ. ജനങ്ങൾക്കു മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് എതിരെ സമൂഹമാധ്യമങ്ങളിലും വിമർശനമുയരുന്നുണ്ട്. (Photo by Rizwan TABASSUM / AFP)

പാക്കിസ്ഥാൻ 6.4 ബില്യൻ ഡോളറിന്റെ കടത്തിലാണെന്നാണു റിപ്പോർട്ട്. അടുത്ത സാമ്പത്തിക വർഷത്തിൽ 36 ബില്യൻ ഡോളറിന്റെ വിദേശ സഹായം അടിയന്തരമായി വേണമെന്നാണു കണക്കാക്കുന്നത്. വികസന സൂചികയിൽ ഏഷ്യയിലെ ഏറ്റവും മോശം പ്രകടനമാണു പാക്കിസ്ഥാന്റേതെന്നു ബ്ലൂംബെർഗ് അഭിപ്രായപ്പെടുന്നു. കഴിഞ്ഞ മാസം പാക്കിസ്ഥാൻ രൂപയുടെ മൂല്യം 8 ശതമാനമാണ് ഇടിഞ്ഞത്. ചെലവ് കൂടിയതും, വികസനത്തിന് സഹായിക്കാത്തതും സാമ്പത്തികമായി ഗുണപ്പെടാത്തതുമായ പദ്ധതികളുമാണ് പാക്കിസ്ഥാനെ ഈ അവസ്ഥയിലെത്തിച്ചത്.

പെട്രോളിനും ഡീസലിനും കുത്തനെ വില വർധിപ്പിച്ചതിൽ സർക്കാരിനെതിരെ പ്രതിഷേധിക്കുന്നയാൾ. ലഹോറിലെ പ്രകടനത്തിൽ നൂറുകണക്കിനാളുകളാണു പങ്കെടുത്തത്. (Photo by Arif ALI / AFP)

യുഎസിന്റെയോ ചൈനയുടെയോ സഹായം പാക്കിസ്ഥാൻ ആഗ്രഹിക്കുന്നുണ്ട്. പ്രശ്നങ്ങളാൽ നട്ടം തിരിയുമ്പോഴും, പരമാധികാരിയായ പാക്ക് സൈന്യം മൗനം പാലിക്കുന്നതാണ് ഏവരെയും അദ്ഭുതപ്പെടുത്തുന്നത്.

English Summary: Cutting tea, Curbs on weddings, Petrol-Diesel price hike, Powercut: Pakistan economic crisis explained