വീണുകിട്ടിയ അവസരം നന്നായി കേന്ദ്ര സർക്കാർ ഉപയോഗിക്കുമ്പോൾ കരപറ്റാൻ കോൺഗ്രസ് നന്നേ വിയർക്കേണ്ടി വരും. തങ്ങൾക്ക് ആവശ്യമുള്ളപ്പോഴൊക്കെ കോൺഗ്രസിനെതിരെ എടുത്തു വീശാൻ പറ്റിയ ആയുധമായും വേണ്ടപ്പോൾ അവരെ പൂട്ടിയിടാൻ പറ്റിയ ചങ്ങലയായും നാഷനൽ ഹെറാൾഡ് കേസിനെ കേന്ദ്രസർക്കാർ എത്രനാൾ ഉപയോഗിക്കും ...Natioanl Herald Case | History of Natioanl Herald Newspaper | Manorama News

വീണുകിട്ടിയ അവസരം നന്നായി കേന്ദ്ര സർക്കാർ ഉപയോഗിക്കുമ്പോൾ കരപറ്റാൻ കോൺഗ്രസ് നന്നേ വിയർക്കേണ്ടി വരും. തങ്ങൾക്ക് ആവശ്യമുള്ളപ്പോഴൊക്കെ കോൺഗ്രസിനെതിരെ എടുത്തു വീശാൻ പറ്റിയ ആയുധമായും വേണ്ടപ്പോൾ അവരെ പൂട്ടിയിടാൻ പറ്റിയ ചങ്ങലയായും നാഷനൽ ഹെറാൾഡ് കേസിനെ കേന്ദ്രസർക്കാർ എത്രനാൾ ഉപയോഗിക്കും ...Natioanl Herald Case | History of Natioanl Herald Newspaper | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീണുകിട്ടിയ അവസരം നന്നായി കേന്ദ്ര സർക്കാർ ഉപയോഗിക്കുമ്പോൾ കരപറ്റാൻ കോൺഗ്രസ് നന്നേ വിയർക്കേണ്ടി വരും. തങ്ങൾക്ക് ആവശ്യമുള്ളപ്പോഴൊക്കെ കോൺഗ്രസിനെതിരെ എടുത്തു വീശാൻ പറ്റിയ ആയുധമായും വേണ്ടപ്പോൾ അവരെ പൂട്ടിയിടാൻ പറ്റിയ ചങ്ങലയായും നാഷനൽ ഹെറാൾഡ് കേസിനെ കേന്ദ്രസർക്കാർ എത്രനാൾ ഉപയോഗിക്കും ...Natioanl Herald Case | History of Natioanl Herald Newspaper | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഗ്നിപഥ് സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് രാജ്യമെമ്പാടും പ്രതിഷേധങ്ങൾ അലയടിക്കുമ്പോൾ അതിനു നേതൃത്വം വഹിക്കേണ്ടിയിരുന്ന മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് പാർട്ടി അഗ്നിവലയത്തിൽ അകപ്പെട്ട സ്ഥിതിയിലായിരുന്നു. കാരണം അതിന്റെ സമുന്നതരായ നേതാക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ചോദ്യം ചെയ്യലിന് ഊഴം കാത്തു നിൽക്കുന്നു. ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലുകൾക്കിടെ, സർവസന്നാഹങ്ങളുമായി, അതിന്റെ പേരിലുള്ള പ്രക്ഷോഭങ്ങൾക്കായി ആളും സമയവും ചെലവഴിക്കേണ്ട സ്ഥിതിയിലായി കോൺഗ്രസ്. ഒരു കാലത്ത് അതിന്റെ നാവായിരിക്കുകയും പിൽക്കാലത്ത് പൂട്ടിപ്പോവുകയും ചെയ്ത ഒരു പത്രത്തിനു വേണ്ടി ചെലവഴിച്ച പണത്തിന്റെ പേരിൽ കണക്കു പറയേണ്ടി വന്നിരിക്കുകയാണ് കോൺഗ്രസിന്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ആശയത്തിൽ നിന്നുദിച്ച നാഷനൽ ഹെറൾഡ് കോൺഗ്രസിനു തലവേദനയാകുന്നത് ഇപ്പോൾ മാത്രമല്ല. ബ്രിട്ടിഷ് കാലം മുതൽ നിശ്ചിത ഇടവേളകളിൽ അത് കോൺഗ്രസിന്റെ ഉറക്കം കെടുത്തി. നെഹ്റു വിഭാവനം ചെയ്ത മട്ടിൽ, സ്വാതന്ത്ര്യ സമരത്തിനു കരുത്തു പകരാനായി ഉദയം കൊള്ളുകയും സ്വാതന്ത്ര്യാനന്തരം നിക്ഷ്പക്ഷ പത്രമായി നിലകൊള്ളുമെന്നു നെഹ്റു തന്നെ പ്രഖ്യാപിക്കുകയും ചെയ്ത നാഷനൽ ഹെറൾഡ് പൂട്ടിപ്പോയത് പിൽക്കാലത്ത് അതിന്റെ തലപ്പത്തിരുന്നവരുടെ പിടിപ്പുകേടു കൊണ്ടു കൂടിയാണെന്നു പറയേണ്ടി വരും.

∙ നാഷനൽ ഹെറൾഡിന്റെ പിറവി

ADVERTISEMENT

സ്വാതന്ത്ര്യ സമരകാലത്താണ് കോൺഗ്രസിന്റെ ആശയങ്ങൾക്കു പ്രചാരം നൽകാൻ ഒരു പത്രം ആവശ്യമാണെന്ന തോന്നൽ ജവഹർലാൽ നെഹ്റുവിന് ഉണ്ടാകുന്നത്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു ദശകം മുൻപു തന്നെ ഇതിനുള്ള ആലോചനകൾ നെഹ്റു തുടങ്ങിയിരുന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ ശബ്ദമാകണം പുതിയ പത്രം എന്നായിരുന്നു നെഹ്റുവിന്റെ അഭിലാഷം. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നയങ്ങളോടു പൊരുത്തപ്പെട്ടു പോകുന്നതും സമരസേനാനികൾക്ക് ഊർജം പകരുന്നതുമായ ഒരുപകരണമായി പത്രത്തെ രൂപപ്പെടുത്തിയെടുക്കാൻ നെഹ്റു ശ്രമങ്ങളാരംഭിച്ചു. പി.ഡി. ഠണ്ഡൻ, ആചാര്യ നരേന്ദ്രദേവ്, റാഫി അഹമ്മദ് കിദ്വായ് എന്നിവരായിരുന്നു ഇക്കാര്യത്തിൽ നെഹ്റുവിനൊപ്പം പ്രവർത്തിച്ചത്. മുന്നിട്ടിറങ്ങുമ്പോൾത്തന്നെ ഏറ്റവും വലിയ ഒരു പ്രതിസന്ധി നേതാക്കൾക്കു മുന്നിലുണ്ടായിരുന്നു; മറ്റൊന്നുമല്ല, ഭീമമായ മുതൽമുടക്കിനു വേണ്ട പണം കണ്ടെത്തൽ തന്നെ.

ജവഹർലാൽ നെഹ്റു. ചിത്രം∙ മനോരമ ആർക്കൈവ്സ്

1937ൽ അസോഷ്യേറ്റ് ജേണൽ ലിമിറ്റഡ് (എജെഎൽ) എന്ന പേരിൽ ഇതിനായി ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി ആരംഭിച്ചു. ജവഹർലാൽ നെഹ്റു ആയിരുന്നു ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ. എന്തുവന്നാലും പത്രം പുറത്തിറക്കണമെന്ന നിശ്ചയത്തിൽനിന്നു പിന്നോട്ടു പോകാൻ പാടില്ലെന്നു തന്നെയായിരുന്നു നെഹ്റുവിന്റെ തീരുമാനം. പിൽക്കാലത്ത്, ‘ആനന്ദഭവൻ വിൽക്കേണ്ടി വന്നാലും നാഷനൽ ഹെറൾഡ് പൂട്ടിപ്പോകാൻ താൻ അനുവദിക്കുകയില്ലെന്ന്’ നെഹ്റു നടത്തിയ പ്രസ്താവനയിൽനിന്നു തന്നെ ആ പത്രം ഇന്ത്യൻ നാഷനൽ കോൺഗ്രസിന് എത്രമാത്രം പ്രാധാന്യമുള്ളതായിരുന്നെന്ന് വ്യക്തമാകും.

എജെഎൽ കമ്പനിക്കു വേണ്ടി ഓഹരി സ്വരൂപിച്ചു കൊണ്ടായിരുന്നു നടപടികൾ ആരംഭിച്ചത്. അയ്യായിരത്തോളം സ്വാതന്ത്ര്യ സമര സേനാനികളാണ് കമ്പനിയിൽ ഓഹരിയെടുത്തത്. തുടർന്ന് 1938 സെപ്റ്റംബർ 9ന് ലക്നൗവിൽനിന്ന് ഇംഗ്ലിഷിൽ ‘നാഷനൽ ഹെറൾഡ്’ പ്രസിദ്ധീകരിച്ചു. ഒപ്പം തന്നെ ഉറുദുവിൽ ‘ക്വാമി ആവാസും’ ഹിന്ദിയിൽ ‘നവജീവനും’ തുടങ്ങി. ഗാന്ധിജി തുടക്കമിടുകയും പിൽക്കാലത്ത് നിലച്ചു പോവുകയും ചെയ്ത നവജീവൻ എന്ന പത്രത്തിന്റെ പേരുതന്നെ പുതിയ ഹിന്ദി പത്രത്തിന് ഗാന്ധിജിയുടെ അനുമതിയോടെ സ്വീകരിക്കുകയായിരുന്നു. നാഷനൽ ഹെറൾഡിന്റെ മാസ്റ്റ്ഹെഡിനൊപ്പം ചേർത്തത് ‘സ്വാതന്ത്യം അപകടത്തിലാണ്, നിങ്ങളുടെ സർവശക്തിയും ഉപയോഗിച്ച് അതിനെ പ്രതിരോധിക്കുക’ (Freedom is in Peril, Defend it with All Your Might) എന്ന വാക്കുകളായിരുന്നു. അക്കാലത്ത് താൻ കാണാനിടയായ ഒരു കാർട്ടൂണിലെ ഈ വരികൾ നെഹ്റുവിന്റെ ശ്രദ്ധയിൽപെടുത്തിയത് മകൾ ഇന്ദിരയായിരുന്നു.

ഇന്ദിര ഗാന്ധിയും ജവഹർലാൽ നെഹ്റുവും(ഫയൽ ചിത്രം)

∙ സമരമുഖത്തെ കോൺഗ്രസിന്റെ ശബ്ദം

ADVERTISEMENT

കെ.രാമറാവു ആയിരുന്നു പത്രത്തിന്റെ ആദ്യ എഡിറ്റർ. നെഹ്റുവിന്റെ ലേഖനങ്ങളും പത്രത്തിന്റെ എഡിറ്റോറിയൽ പേജിലടക്കം പ്രസിദ്ധീകരിച്ചു. പത്രത്തിന്റെ വിദേശകാര്യ ലേഖകൻ എന്ന ചുമതല വഹിച്ചു പോന്നതും നെഹ്റു ആയിരുന്നു. ആരംഭം മുതൽ ശക്തമായ നിലപാടുകളുള്ള പത്രം എന്ന നിലയിൽ നാഷനൽ ഹെറൾഡ് ശ്രദ്ധിക്കപ്പെട്ടു. സ്വാതന്ത്ര്യപൂർവ കാലത്ത് ഇന്ത്യയിൽ ജനാഭിപ്രായം സ്വരൂപിക്കുന്നതിൽ മുൻപന്തിയിലായിരുന്ന ട്രിബ്യൂൺ (ചണ്ഡിഗഢ്), നോർത്തേൺ ഇന്ത്യൻ പത്രിക (അലഹബാദ്), സെർച്ച് ലൈറ്റ് (പട്ന) തുടങ്ങിയ പത്രങ്ങൾക്കൊപ്പം വളരെപ്പെട്ടെന്നുതന്നെ നാഷനൽ ഹെറൾഡ് ഓടിയെത്തി.

സ്വാതന്ത്ര്യ പോരാട്ടം തീവ്രമായ ഘട്ടത്തിൽ ഹെറൾഡ് തലവേദനയാകുന്നെന്നു കണ്ട ബ്രിട്ടിഷ് സർക്കാർ 1942ൽ പത്രം നിരോധിച്ചു. മൂന്നു വർഷം പൂട്ടിക്കിടന്ന ശേഷം 1945ലാണ് പത്രം വീണ്ടും പുറത്തിറങ്ങിയത്. 1946 വരെ കെ.രാമറാവു പത്രത്തിന്റെ എഡിറ്റർ സ്ഥാനം വഹിച്ചു. ഫിറോസ് ഗാന്ധിയും ഇക്കാലയളവിൽ പത്രത്തിലെത്തി. 1946 മുതൽ 1950 വരെ മാനേജിങ് ഡയറക്ടറുടെ ചുമതല വഹിച്ച ഫിറോസ് ഗാന്ധിയുടെ കാലത്താണ് പത്രം അൽപമെങ്കിലും സാമ്പത്തിക ഭദ്രത കൈവരിച്ചത്.

സ്വാതന്ത്യാനന്തരം ഇടക്കാല മന്ത്രിസഭയെ നയിക്കേണ്ടി വന്നതിനാൽ നെഹ്റു പത്രത്തിന്റെ ബോർഡ് ചെയർമാൻ സ്ഥാനം രാജിവച്ചു. സ്വതന്ത്ര ജനാധിപത്യ രാജ്യത്തെ പത്രങ്ങൾ ഭരണകൂടത്തിന്റെ ഇടപെടലിൽനിന്നു മുക്തമായിരിക്കണമെന്ന നെഹ്റുവിന്റെ ആഗ്രഹ പ്രകാരമായിരുന്നു രാജി. തുടർന്നുള്ള കാലങ്ങളിൽ, കോൺഗ്രസിന്റെ മുഖപത്രമായിരിക്കുമ്പോൾത്തന്നെ സ്വതന്ത്രമായ നിലപാടുകളോടെയാണ് പത്രം മുന്നോട്ടു പോയത്. ഈ കാലഘട്ടത്തിൽ പത്രത്തിന്റെ എഡിറ്ററായെത്തിയത് എംസി എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന എം.ചലപതിറാവുവാണ്. നെഹ്റുവിന്റെ അടുത്ത സുഹൃത്തു കൂടിയായിരുന്നു ചലപതി റാവു. 1946 ൽ എഡിറ്ററായി ചുമതലയേറ്റ ചലപതി റാവു1978 വരെ ആ സ്ഥാനത്തു തുടർന്നു. ആ കാലഘട്ടം തന്നെയായിരുന്നു നാഷനൽ ഹെറൾഡിന്റെ ചരിത്രത്തിലെ സുവർണകാലഘട്ടം. പണം മുടക്കുന്നത് കോൺഗ്രസ് പാർട്ടിയാണെങ്കിലും ആ വിധേയത്വം തെല്ലുമില്ലാതെയായിരുന്നു പത്രത്തിന്റെ പ്രവർത്തനം. അത്തരം ഇടപെടലുകൾക്ക് നെഹ്റു അനുവദിച്ചിരുന്നില്ല എന്നതായിരുന്നു വാസ്തവം. നെഹ്റു മന്ത്രിസഭയുടെ പല നിലപാടുകളെയും പത്രം എതിർക്കുകയും ചെയ്തിരുന്നു. പക്ഷേ ചലപതിറാവുവിന്റെ കരങ്ങൾക്കു കൂച്ചുവിലങ്ങിടാൻ നെഹ്റുവോ പാർട്ടിയിലെ മറ്റ് ഉന്നതരോ ശ്രമിച്ചതേയില്ല.

∙ നെഹ്റുവിന്റെ അസാന്നിധ്യം

ADVERTISEMENT

എന്നാൽ ആ നിലപാടുകൾക്കൊക്കെ നെഹ്റുവിന്റെ കാലത്തോളമേ ആയുസ്സുണ്ടായിരുന്നുള്ളൂ. 1964 ൽ നെഹ്റുവിന്റെ മരണം നാഷനൽ ഹെറൾഡിനെയും ഉലച്ചു. അധികാരസ്ഥാനത്തിരിക്കുമ്പോഴും പത്രത്തിന്റെ നയപരമായ വിഷയങ്ങളിൽ ഇടപെടാതെ പിന്തുണച്ചു പോന്ന ആ സ്ഥാപകന്റെ മരണം പത്രത്തിന് ഏൽപിച്ച ആഘാതം ചെറുതായിരുന്നില്ല. 1968ൽ ഡൽഹി എഡിഷൻ ആരംഭിക്കാൻ കഴിഞ്ഞെങ്കിലും നാഷനൽ ഹെറൾഡ് അതിന്റെ പടിയിറക്കം കൂടി ആരംഭിച്ചു കഴിഞ്ഞിരുന്നു എന്നു പറയാം. ഇന്ദിരാഗാന്ധിയുടെ കാലമായതോടെ പത്രത്തിനു നിലപാടുകൾ മയപ്പെടുത്തേണ്ടി വന്നു.

ഇന്ദിര ഗാന്ധി. ചിത്രം∙മനോരമ ആർക്കൈവ്സ്

വിമർശനങ്ങൾ അനുവദിക്കുന്നതായിരുന്നില്ല ഇന്ദിരയുടെ രീതി. നാഷനൽ ഹെറൾഡ് കോൺഗ്രസിന്റെ മുഖപത്രമാണെങ്കിൽ ആ മട്ടിൽ പിന്തുണയ്ക്കണമെന്നതായിരുന്നു ഇന്ദിരയുടെ നിലപാട്. 1978ൽ ചലപതിറാവു പത്രത്തിൽനിന്ന് പടിയിറങ്ങുകയും ചെയ്തു. പിന്നീട് ആ സ്ഥാനത്തേക്ക് എത്തിയത് ഖുശ്‌വന്ത് സിങ് ആയിരുന്നു. ഇല്ലസ്ട്രേറ്റഡ് വീക്ക‌്‌ലിയിൽ നിന്നെത്തിയ ഖുശ്‌വന്ത് സിങ് പക്ഷേ ആറുമാസത്തോളം മാത്രമേ ആ സ്ഥാനത്തു തുടർന്നുള്ളൂ. തന്റെ കാലത്തെ നാഷനൽ ഹെറൾഡിന്റെ രീതികളെപ്പറ്റിയും ഇന്ദിരയുടെയും പാർട്ടിയുടെയും ഇടപെടലുകളെപ്പറ്റിയും ഖുശ്‌വന്ത് സിങ് തന്റെ ആത്മകഥയായ ‘ട്രൂത്ത്, ലൗവ് ആൻഡ് എ ലിറ്റിൽ മാലിസ്’ എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.

∙ തൊഴിൽക്കുഴപ്പങ്ങൾ

സിങ് എത്തുമ്പോൾ പത്രത്തിൽ വലിയ തൊഴിൽക്കുഴപ്പങ്ങൾ നിലനിൽക്കുകയായിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ച് ജീവനക്കാരുടെ ശമ്പളം തീർത്തു നൽകിയ ശേഷമേ താൻ ശമ്പളം കൈപ്പറ്റൂ എന്നായിരുന്നു സിങ് ജീവനക്കാരോടു പറഞ്ഞത്. തന്റെ ഉറപ്പ് പാലിക്കാൻ വേണ്ടി നാഷനൽ ഹെറൾഡിൽ ജോലി ചെയ്ത കാലത്ത് ഖുശ്‌വന്ത് സിങ്ങിനു ശമ്പളം കൈപ്പറ്റാനായതേയില്ല. ആ സമയത്ത് തൊഴിൽ സമരം മൂലം പത്രത്തിന്റെ പ്രചാരം കുത്തനെ ഇടിഞ്ഞിരുന്നു. ഇക്കാലയളവിൽ സ്ഥാപനത്തിൽ തൊഴിലന്തരീക്ഷം വളരെ മോശമായിരുന്നു.

തൊഴിൽക്കുഴപ്പങ്ങൾ കനക്കുമ്പോൾ, ചില പ്രഭാതങ്ങളിൽ ഓഫിസിലെത്തുമ്പോൾ പണം നിറച്ച സ്യൂട്കെയ്സുകൾ ദുരൂഹസാഹചര്യത്തിൽ അവിടെ കാണുമായിരുന്നെന്നും സിങ് എഴുതിയിട്ടുണ്ട്. ഈ പണം തൊഴിലാളികൾക്ക് കുടിശ്ശിക കൊടുത്തു തീർക്കാനും പിടിഐ, യുഎൻഐ പോലുള്ള ന്യൂസ് എജൻസികളുടെ വരിസംഖ്യ കൊടുക്കാനുമാണ് ഉപയോഗിച്ചിരുന്നതെന്ന് ഖുശ്‌വന്ത് സിങ് എഴുതിയിട്ടുണ്ട്. (Every second month or so, when the workers threaten to go on strike again, suitcases full of currency notes would mysteriously appear in the office: the workers arrears were cleared, and we were able to pay subscriptions due to PTI and UNI and get supplies of newsprint.– Truth, love & a little malice: an autobiography by Khushwant Singh). താൻ എഡിറ്ററായിരിക്കുന്ന കാലത്തു തന്നെ രണ്ടു തവണയെങ്കിലും രഹസ്യപ്പൊലീസ് സ്ഥാപനത്തിൽ പരിശോധന നടത്തിയിട്ടുണ്ടെന്നും സിങ് എഴുതിയിട്ടുണ്ട്.

ഖുശ്‍വന്ത് സിങ്(STR / AFP), ഖുശ്‌വന്തിന്റെ ആത്മകഥയായ ട്രൂത്ത്, ലവ് ആന്റ്ഡ് മലൈസും

1977ൽ ജനതാപാർട്ടി അധികാരത്തിലെത്തിയത് ഹെറൾഡിന്റെ തളർച്ചയ്ക്ക് പിന്നെയും ആക്കം കൂട്ടി. 1979ൽ ആണ് പത്രത്തിൽ ആദ്യത്തെ ലോക്കൗട്ട് നടന്നത്. കൃത്യമായ നേതൃത്വമില്ലാത്തത് കാര്യങ്ങൾ വഷളാക്കിക്കൊണ്ടേയിരുന്നു. പിന്നീടും തൊഴിൽക്കുഴപ്പങ്ങളും ശമ്പളമില്ലായ്മയും നാഷനൽ ഹെറൾഡിനെ രോഗശയ്യയിലേക്കു നയിച്ചു. കോൺഗ്രസ് വിധേയത്വം മൂലം വലിയ ന്യൂസ് ബ്രേക്കുകൾ നൽകാൻ എഡിറ്റോറിയൽ ടീമിനായില്ല. ആ സമയത്തെ വലിയ പത്രങ്ങളായ ഹിന്ദുസ്ഥാൻ ടൈംസിനെയും ടൈംസ് ഓഫ് ഇന്ത്യയെയും അപേക്ഷിച്ച് കുറഞ്ഞ ശമ്പളത്തിലായിരുന്നു നാഷനൽ ഹെറൾഡിലെ ജേണലിസ്റ്റുകളടക്കം ജോലി ചെയ്തു കൊണ്ടിരുന്നത്. ഇതുകൂടാതെ എഡിറ്റോറിയൽപരമായ വീഴ്ചകളും പത്രത്തെ തളർത്തി. മറ്റു പത്രങ്ങൾ നൽകുന്ന വാർത്തകളുടെ ഫോളോഅപ് വാർത്തകൾ ശേഖരിക്കുക മാത്രമായിരുന്നു ഹെറൾഡിലെ മാധ്യമപ്രവർത്തകരുടെ ജോലിയെന്നും പത്രത്തെ പ്രഫഷനൽ ആക്കാനുള്ള ശ്രമങ്ങളൊന്നും അതിനു നേതൃത്വം നൽകുന്നവരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നു അക്കാലത്ത് അതിൽ ജോലി ചെയ്തിരുന്ന ചില മാധ്യമപ്രവർത്തകർ തന്നെ എഴുതിയിട്ടുണ്ട്.

പക്ഷേ ചലപതിറാവുവിനു ശേഷം പത്രത്തിന്റെ വളർച്ചയുടെ ഗ്രാഫ് താഴോട്ടു തന്നെയായിരുന്നു. ലക്നൗവിലെയും ഡൽഹിയിലെയുമൊക്കെ ഒട്ടേറെ ബിസിനസുകാർ സ്വാർഥ താൽപര്യങ്ങളുമായി മാനേജ്മെന്റിനെ സമീപിക്കുകയും പണംമുടക്കുകയും ചെയ്തതായി അക്കാലത്ത് അവിടെ ജോലി ചെയ്തിരുന്ന ചില പത്രപ്രവർത്തകരും എഴുതിയിട്ടുണ്ട്. ന്യൂസ്പ്രിന്റ് പോലും കടം വാങ്ങി അച്ചടി നിർവഹിക്കേണ്ട അവസ്ഥയിലേക്ക് പത്രം എത്തി. ഇതിനിടയിൽത്തന്നെ ലക്നൗവിലെ പഴയ കെട്ടിടം പൊളിച്ച് നെഹ്റു മൻസിൽ എന്ന പേരിൽ വലിയ ഷോപ്പിങ് കോംപ്ലക്സ് പണിയാനുള്ള നീക്കങ്ങളും ആരംഭിച്ചു.

ബഹുനിലക്കെട്ടിടം നിർമിച്ച് പല നിലകളും വ്യാപാര സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും വാടകയ്ക്കു നൽകി. എന്നാലും കടം വലുതായിക്കൊണ്ടിരുന്നതും വാടകയിനത്തിലും പത്രത്തിൽ നിന്നുള്ള വരുമാനയിനത്തിലും ലഭിക്കുന്ന വരവ് കുറഞ്ഞുകൊണ്ടിരുന്നതും ഭാരം ഇരട്ടിയാക്കി. പല പ്രമുഖ ജേണലിസ്റ്റുകളും പത്രം വിട്ടു. മലയാളിയായ പി.തര്യനും നാഷണൽ ഹെറൾഡിന്റെ പത്രാധിപരായി ജോലി നോക്കിയിട്ടുണ്ട്. ജയ്സിങ്, പി.ഡി.ഠൻഡൻ തുടങ്ങിയവരും വിവിധ കാലങ്ങളിൽ പത്രത്തിന്റെ എഡിറ്റർമാരായെത്തി.

∙ വിവാദങ്ങളുടെ ആരംഭം

കനത്ത നഷ്ടത്തെത്തുടർന്ന് അച്ചടി തുടരാൻ നിർവാഹമില്ലാത്തതിനാൽ 71 വർഷങ്ങൾക്കു ശേഷം 2008 ഏപ്രിലിൽ പത്രം അടച്ചുപൂട്ടാൻ എജെഎൽ ഔദ്യോഗികമായി തീരുമാനിച്ചു. ഒപ്പം ഹിന്ദി, ഉറുദു പത്രങ്ങളും നിർത്തി. (പിന്നീട് 2017 ജൂണിൽ പത്രങ്ങളുടെ ഇ എഡിഷൻ ആരംഭിച്ചു. നീലഭ് മിശ്രയായിരുന്നു പത്രാധിപർ. അദ്ദേഹത്തിന്റെ മരണ ശേഷം ചുമതലയേറ്റ സഫർ ആഘയാണ് ഇപ്പോൾ എഡിറ്റർ). ടി.വി.വെങ്കടാചലമായിരുന്നു പത്രത്തിനു താഴിടുമ്പോൾ അതിന്റെ എഡിറ്ററായി പ്രവർത്തിച്ചിരുന്നത്. തൊഴിലാളികളുമായി നടത്തിയ ചർച്ചയ്ക്കു ശേഷം ആകർഷകമായ ഓഫറാണ് പിരിഞ്ഞു പോകുന്നവർക്കായി മുന്നോട്ടു വച്ചത്. ഇംഗ്ലിഷ്, ഉറുദു എഡിഷനുകളിലെ 40 ജേണലിസ്റ്റുകൾ അടക്കം 265 തൊഴിലാളികൾക്കു വിആർഎസ് നൽകാൻ ധാരണയായി. അച്ചടിപ്പത്രം നിർത്താനുള്ള തീരുമാനം കോൺഗ്രസ് നേതൃത്വത്തിനു ഞെട്ടലുണ്ടാക്കി.
പത്രത്തെ മുന്നോട്ടു നടത്തിക്കാൻ നേതൃത്വം പല ശ്രമങ്ങൾക്കും തുടക്കമിട്ടു. പക്ഷേ വൈകിപ്പോയ രക്ഷാപ്രവർത്തനങ്ങളൊന്നും ഫലം കണ്ടില്ല. മൊത്തം 90 കോടി രൂപ പാർട്ടിയിൽനിന്നു പത്രത്തിലേക്ക് ഒഴുകി.‌‌‌‌ കടം നൽകിയ പണം ഉപയോഗിച്ചത് ശമ്പളക്കുടിശ്ശികയും നികുതിയുടെ അടക്കം മറ്റു കുടിശ്ശികകളും തീർക്കാനാണെന്നാണ് കോൺഗ്രസ് പിന്നീട് വ്യക്തമാക്കിയത്. കോൺഗ്രസിന്റെ അഭിമാനമായി നേതൃത്വം കണക്കാക്കിയ പത്രത്തെ എങ്ങനെയും കരകയറ്റാനുള്ള ശ്രമങ്ങൾ ഊർജിതമായി തുടർന്നു. കടമെടുപ്പിനമായി ബാങ്കുകളെ സമീപിച്ചെങ്കിലും 90 കോടിയോളം ബാധ്യതയുള്ള എജെഎൽ കമ്പനിയുമായി സഹകരിക്കാൻ അവരാരും തയാറായില്ല.

നാശനൽ ഹെറൾഡ് കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ ബാരിക്കേഡുകൾവച്ച് തടയുന്ന ‍ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ. ഫയൽ ചിത്രം: രാഹുൽ ആർ. പട്ടം

∙ യങ് ഇന്ത്യന്റെ വരവ്

തുടർന്നാണു വിദഗ്ധരുടെ അഭിപ്രായപ്രകാരം പ്രൈവറ്റ് ചാരിറ്റബിൾ കമ്പനിയായി യങ് ഇന്ത്യൻ എന്ന കമ്പനി രൂപീകരിക്കാൻ കോൺഗ്രസ് തീരുമാനിക്കുന്നത്. 1956ലെ കമ്പനീസ് ആക്ടിലെ 25ാം വകുപ്പുപ്രകാരമുള്ള കമ്പനിയാണ് യങ് ഇന്ത്യൻ. എജെഎലും യങ് ഇന്ത്യനും വ്യത്യസ്ത കമ്പനികളാണ്. എജെഎലിന്റെ സ്ഥാവര ജംഗമ വസ്തുക്കളിൽ യങ് ഇന്ത്യന് ഒരു അവകാശവുമുണ്ടായിരിക്കില്ല, സോണിയയും രാഹുലും ഉൾപ്പെടെയുള്ള ഡയറക്ടർമാർക്കു കമ്പനിയിൽനിന്നു ലാഭമെടുക്കാനുമാവില്ല തുടങ്ങിയ ഉപാധികളോടെയാണ് പുതിയ കമ്പനി രൂപം കൊണ്ടതെന്ന് കോൺഗ്രസ് വാദിക്കുമ്പോഴും കമ്പനി നിയമപ്രകാരമുള്ള ചില കുരുക്കുകൾ അതിലുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ചില മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച് വാർത്തകൾ വരുന്നതും ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ ശ്രദ്ധ ഈ വിഷയത്തിൽ പതിയുന്നതും. തുടർന്ന് പരാതിയുമായി സ്വാമി മുന്നോട്ടു പോയതോടെയാണ് നാഷനൽ ഹെറൾഡ് കേസ് എന്ന പേരിൽ ഇപ്പോൾ ഇന്ത്യയിൽ വിവാദമായ കോടതി വ്യവഹാരങ്ങളിലേക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ഇടപെടൽ അടക്കമുള്ള നടപടികളിലേക്കും കാര്യങ്ങൾ എത്തിയത്.

എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതിനു തൊട്ടു പിന്നാലെ, കോൺഗ്രസ് പാ‌ർട്ടി എജെഎലിന് 90 കോടി രൂപ പലിശയില്ലാതെ വായ്പ നൽകിയതിനും പിന്നീട് കടം എഴുതിത്തള്ളിയതിനും എതിരെ സുബ്രഹ്മണ്യൻ സ്വാമി കോടതിയെ സമീപിച്ചു. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിലുള്ള യങ് ഇന്ത്യൻ കമ്പനി, അസോഷ്യേറ്റഡ് ജേണൽസിനെ ഏറ്റെടുത്തതിനു പിന്നിൽ ക്രമക്കേടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. സോണിയയ്ക്കും രാഹുലിനും പുറമെ മോട്ടിലാൽ വോറ, ഓസ്കർ ഫെർണാണ്ടസ്, സുമൻ ദുബെ, സാം പിത്രോദ എന്നിവരും കേസിൽ പ്രതികളാണ്. രാഹുലും വോറയും ഓസ്‌കറും സുമൻ ദുബെയും സാം പിത്രോദയുമാണ് എജെഎലിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്സ് അംഗങ്ങൾ. യങ് ഇന്ത്യന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്സിലുള്ളത് സോണിയയും രാഹുലും വോറയും ഓസ്‌കറും ദുബെയും പിത്രോദയുമാണ്. സോണിയയ്‌ക്കും രാഹുലിനും പുറമേ, വോറയും (12%) ഓസ്‌കറും (12%) യങ് ഇന്ത്യന്റെ ഓഹരിയുടമകളാണ്.

സുബ്രഹ്മണ്യ സ്വാമി (NARINDER NANU / AFP)

∙ ആരോപണങ്ങൾ

പാർട്ടിക്ക് സംഭാവനയായി ലഭിച്ച തുക ഉപയോഗിച്ച് മൂന്നോ നാലോ വ്യക്തികൾ ചേർന്നു മറ്റൊരു കമ്പനിയെ കൈവശപ്പെടുത്താൻ നടത്തിയ ശ്രമമാണ് നടന്നതെന്നായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം. വിൽപനയ്ക്കു വച്ച കമ്പനിയുടെയും വാങ്ങാൻ രൂപീകരിച്ച കമ്പനിയുടെയും അതിനു ചുക്കാൻ പിടിച്ച രാഷ്ട്രീയ പാർട്ടിയുടെയും പിന്നിലുള്ളത് ഒരേ ആളുകൾ. 2000 കോടി രൂപയോളം വിലമതിക്കുന്ന വസ്തുവകകൾ അടക്കം കൈവശപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നായിരുന്നു സ്വാമിയുടെ ആരോപണം.
∙കോൺഗ്രസ് പാർട്ടിക്കു സംഭാവനയായി പലവഴിക്കു ലഭിച്ച തുകയുടെ ഭാഗമായ 90 കോടി പലിശരഹിത വായ്‌പയായി നൽകിയതും അതു പിന്നീട് എഴുതിത്തള്ളാൻ തീരുമാനിച്ചതും വഴിവിട്ട നടപടിയാണ്.
∙ എജെഎലിന്റെ വമ്പിച്ച സ്ഥാവര ജംഗമ സ്വത്തുവകകൾ തട്ടിയെടുക്കാനുള്ള കുറ്റകരമായ ഗൂഢാലോചനയുടെ ഭാഗമായാണു പുതിയ കമ്പനി.
∙ എജെഎലിന്റെ ഓഹരികൾ യങ് ഇന്ത്യൻ എന്ന പുതിയ കമ്പനിയിലേക്കു മാറ്റാൻ ബോർഡ് ഓഫ് ഡയറക്‌ടേഴ്സ് തീരുമാനിച്ചത് ഓഹരിയുടമകൾ അറിയാതെയാണ്.
∙ പത്രം പുനഃപ്രസിദ്ധീകരിക്കാൻ യങ് ഇന്ത്യൻ ഉദ്ദേശിക്കുന്നില്ലെന്നു രാഹുൽ ഗാന്ധി അയച്ച ഇമെയിൽ തെളിവായുണ്ടെന്നും അതിനാൽത്തന്നെ എജെഎലിന്റെ ആസ്‌തികൾ കൈവശപ്പെടുത്തുക മാത്രമായിരുന്നു ഉദ്ദേശ്യമെന്നതും വ്യക്‌തമാക്കുന്നു.

മറുവാദങ്ങൾ
∙ നഷ്ടത്തിലേക്കു കൂപ്പുകുത്തിയ എജെഎലിനു ബാങ്കുകളിൽ നിന്നു വായ്പ ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് 90 കോടി രൂപ നൽകേണ്ടി വന്നത്.
∙ സ്ഥാപനത്തിന്റെ ബാധ്യതകൾ തീർക്കാനും ജോലിക്കാർക്കു മാന്യമായ നഷ്ടപരിഹാരം നൽകാനുമാണു പണം ചെലവഴിച്ചത്. ഇതു നിയമവിരുദ്ധമല്ല. സാമ്പത്തിക തിരിമറി, വഞ്ചന എന്നീ കുറ്റങ്ങൾ ഇക്കാര്യത്തിൽ ആരോപിക്കാനുമാകില്ല.
∙ വായ്‌പകൾ നൽകാൻ രാഷ്‌ട്രീയ പാർട്ടികൾക്കു സാധിക്കും. ഇക്കാര്യത്തിൽ കോൺഗ്രസിനെതിരെ സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതി തിരഞ്ഞെടുപ്പു കമ്മിഷൻ തള്ളിക്കളഞ്ഞതാണ്.
∙ എജെഎല്ലിന്റെ ഓഹരികളുടെ കൈമാറ്റം മാത്രമാണുണ്ടായത്, വസ്‌തുവകകൾ എജെഎലിന്റേതു തന്നെയായി തുടരുന്നു.

ഇനിയെന്ത്?

സാമ്പത്തിക ഇടപാടിൽ അഴിമതി കണ്ടെത്താൻ സാധിച്ചില്ലെങ്കിലും സ്വന്തം കമ്പനികൾക്കിടയിൽ നടത്തിയ ഈ സാമ്പത്തിക ഇടപാടിൽ നിയമപരമായ അശ്രദ്ധ കടന്നുകൂടിയിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരും സാമ്പത്തികകാര്യ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. കിട്ടാക്കടമായി മാറിയ 90 കോടി രൂപ എഴുതിത്തള്ളാൻ കോൺഗ്രസ് എപ്പോൾ തീരുമാനിച്ചു, തീരുമാനമെടുത്തവരിൽ ആരൊക്കെ ഉൾപ്പെട്ടു എന്ന ചോദ്യത്തിനൊന്നും തൃപ്തികരമായ ഉത്തരം നൽകാൻ കോൺഗ്രസ് നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. പത്രമിറക്കാൻ ഉദ്ദേശ്യമില്ലെന്നു കാട്ടി രാഹുൽ ഇ–മെയിൽ അയച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളോടു പാർട്ടി പ്രതികരണമറിയിച്ചിട്ടില്ല. ഇപ്പോൾ കരകയറിക്കൊണ്ടിരിക്കുന്ന എജെഎൽ വീണ്ടും പത്രമിറക്കുമെന്നു തന്നെയാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. ഒരു പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കുക മാത്രമായിരുന്നു യങ് ഇന്ത്യന്റെ ഉദ്ദേശ്യം. ഇപ്പോഴത്തെ പ്രശ്നങ്ങൾ രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് ബിജെപി സർക്കാർ ഉയർത്തിക്കൊണ്ടു വരുന്നതാണ് എന്നാണ് കോൺഗ്രസിന്റെ ആരോപണം.

പക്ഷേ പല ദിവസങ്ങളിലായി 50 മണിക്കൂറോളം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനു വിധേയനായ രാഹുലും, വരും ദിവസങ്ങളിൽ ചോദ്യം ചെയ്യലിനു വിധേയയാകാനിരിക്കുന്ന പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും നൽകിയ വിശദീകരണങ്ങൾ തൃപ്തികരമാണോ എന്നതിനെ ആശ്രയിച്ചിരിക്കും യങ് ഇന്ത്യന്റെയും എജെഎലിന്റെയും ഭാവി; തീർച്ചയായും കോൺഗ്രസിന്റെയും.

വേണ്ടത്ര കൂടിയാലോചനകളില്ലാതെ അഗ്നിപഥ് പോലെയൊരു പദ്ധതി നടപ്പാക്കാനിറങ്ങിത്തിരിച്ച കേന്ദ്ര സർക്കാർ കനത്ത പ്രക്ഷോഭങ്ങളെ ഭയന്ന് കോൺഗ്രസിനെ പ്രതിരോധത്തിലാക്കാൻ വേണ്ടിയാണ് ഈ ദിവസങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ചതെന്ന് കോൺഗ്രസ് വൃത്തങ്ങളെങ്കിലും കരുതുന്നു. അല്ലെന്നു തെളിയിക്കേണ്ടത് തങ്ങളുടെ ബാധ്യതയല്ലാത്തതിനാൽ വീണുകിട്ടിയ അവസരം നന്നായി കേന്ദ്ര സർക്കാർ ഉപയോഗിക്കുമ്പോൾ കരപറ്റാൻ കോൺഗ്രസ് നന്നേ വിയർക്കേണ്ടി വരും. തങ്ങൾക്ക് ആവശ്യമുള്ളപ്പോഴൊക്കെ കോൺഗ്രസിനെതിരെ എടുത്തു വീശാൻ പറ്റിയ ആയുധമായും വേണ്ടപ്പോൾ അവരെ പൂട്ടിയിടാൻ പറ്റിയ ചങ്ങലയായും നാഷനൽ ഹെറാൾഡ് കേസിനെ കേന്ദ്രസർക്കാർ എത്രനാൾ ഉപയോഗിക്കും എന്നതും കണ്ടറിയേണ്ട വസ്തുതയാണ്.

നാഷനൽ ഹെറൾഡ് കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ കോൺഗ്രസ് ആസ്ഥാനത്തു നിന്ന് ഇഡി ഓഫിസിലേക്ക് നടന്നു നീങ്ങുന്ന രാഹുൽ ഗാന്ധി. ചിത്രം : മനോരമ

English Summary : What is National Herald case? All you need to know about the newspaper started by first PM Jawaharlal Nehru