വിദ്യാർഥിയായിരിക്കെ ഓൾ അസം സ്റ്റുഡന്റ്സ് യൂണിയന്റെ (എഎഎസ്‌യു) മുൻനിരനേതാക്കളിൽ ഒരാൾ, 2012–15 കാലയളവിൽ യുഎസിന്റെ തലസ്ഥാനമായ വാഷിങ്ടനിൽ സേവനമനുഷ്ഠിച്ച ഇന്ത്യയുടെ ‘സൂപ്പർ’ ചാരൻ, രാജ്യത്തെ വിഘടന–തീവ്രവാദ ഗ്രൂപ്പുകളെ, അവർ ചിന്തിക്കും മുൻപു.. Tapan Kumar Deka, Intelligence Bureau, IB

വിദ്യാർഥിയായിരിക്കെ ഓൾ അസം സ്റ്റുഡന്റ്സ് യൂണിയന്റെ (എഎഎസ്‌യു) മുൻനിരനേതാക്കളിൽ ഒരാൾ, 2012–15 കാലയളവിൽ യുഎസിന്റെ തലസ്ഥാനമായ വാഷിങ്ടനിൽ സേവനമനുഷ്ഠിച്ച ഇന്ത്യയുടെ ‘സൂപ്പർ’ ചാരൻ, രാജ്യത്തെ വിഘടന–തീവ്രവാദ ഗ്രൂപ്പുകളെ, അവർ ചിന്തിക്കും മുൻപു.. Tapan Kumar Deka, Intelligence Bureau, IB

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദ്യാർഥിയായിരിക്കെ ഓൾ അസം സ്റ്റുഡന്റ്സ് യൂണിയന്റെ (എഎഎസ്‌യു) മുൻനിരനേതാക്കളിൽ ഒരാൾ, 2012–15 കാലയളവിൽ യുഎസിന്റെ തലസ്ഥാനമായ വാഷിങ്ടനിൽ സേവനമനുഷ്ഠിച്ച ഇന്ത്യയുടെ ‘സൂപ്പർ’ ചാരൻ, രാജ്യത്തെ വിഘടന–തീവ്രവാദ ഗ്രൂപ്പുകളെ, അവർ ചിന്തിക്കും മുൻപു.. Tapan Kumar Deka, Intelligence Bureau, IB

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദ്യാർഥിയായിരിക്കെ ഓൾ അസം സ്റ്റുഡന്റ്സ് യൂണിയന്റെ (എഎഎസ്‌യു) മുൻനിരനേതാക്കളിൽ ഒരാൾ, 2012–15 കാലയളവിൽ യുഎസിന്റെ തലസ്ഥാനമായ വാഷിങ്ടനിൽ സേവനമനുഷ്ഠിച്ച ഇന്ത്യയുടെ ‘സൂപ്പർ’ ചാരൻ, രാജ്യത്തെ വിഘടന–തീവ്രവാദ ഗ്രൂപ്പുകളെ, അവർ ചിന്തിക്കും മുൻപു തന്നെ ചീന്തിയെറിയുന്ന രഹസ്യാന്വേഷണ ബുദ്ധികളിൽ പ്രമുഖൻ, സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ തവണ തന്നെ ഐപിഎസ് – വിശേഷണങ്ങൾ ഏറെയാണ് ഐബിയുടെ തലപ്പത്തേക്ക് കടന്നെത്തുന്ന തപൻ ദേക്ക എന്ന തപൻ കുമാർ ദേക്കയ്ക്ക്. ഇന്റലിജൻസ് ബ്യൂറോ (ഐബി) തലപ്പത്തേക്ക് രാജ്യത്തെ മുൻനിര ഐപിഎസ് ഓഫിസർമാരിൽ ഒരാളായ തപൻ ദേക്കയുടെ കടന്നുവരവ് ഏറെ നിർണായകമായാണ് വിലയിരുത്തപ്പെടുന്നത്. 1988 ഐപിഎസ് ബാച്ചിലെ ഈ ഉദ്യോഗസ്ഥൻ ഐബിയിലെ ദീർഘകാല സേവന പരിചയവുമായാണ് രാജ്യത്തെ ഈ മുൻനിര രഹസ്യാന്വേഷണ ഏജൻസിയുടെ തലപ്പത്തെത്തുന്നത്.

∙ ഗൂഗിളിലല്ല, നിറയുന്നത് രഹസ്യദൗത്യങ്ങളിൽ

ADVERTISEMENT

ഇന്റർനെറ്റ് താളുകളിലെ ‘രഹസ്യാന്വേഷണ ഭീമ’നായ ഗൂഗിളിനു പോലും അത്ര പിടികൊടുക്കാത്ത വ്യക്തിത്വമാണ് ദേക്ക. 1988 ലെ ഐപിഎസ് ബാച്ചിലെ ഹിമാചൽ കേഡർ അംഗമായ അദ്ദേഹം 2012 ൽ രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടുന്ന ചിത്രമാണ് ദേക്കയെക്കുറിച്ചുള്ള ഇമേജ് സെർച്ചിൽ അൽപമെങ്കിലും കടന്നെത്തുക. പ്രശസ്തിക്കുപരി അപ്രശസ്തനായി, എന്നാൽ അത്ര അപ്രസക്തമല്ലാത്ത ദൗത്യങ്ങൾ ഉൾപ്പെടുന്ന രാജ്യസേവനത്തിലാണ് ദേക്ക ഹരം കണ്ടെത്തുന്നത്.

സ്ഥാനമൊഴിയുന്ന നിലവിലെ ഡയറക്ടർ അരവിന്ദ് കുമാർ (ചിത്രം: പിഐബി ഇന്ത്യ)

2008 ൽ അസം തലസ്ഥാനമായ ഗുവാഹത്തിയിലെ സ്ഫോടനപരമ്പര തെളിയിച്ച മികവും ദേക്കയുടെ വിജയപ്പട്ടികയിൽ ഉൾപ്പെടും. നിലവിലെ ഐബി തലവനും 1984 ബാച്ചിലെ അസം–മേഘാലയ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ അരവിന്ദ് കുമാർ ഐബിയുടെ തലപ്പത്ത് ഈ മാസം 30 ന് കാലാവധി പൂർത്തിയാക്കുന്നതിനു പിന്നാലെയാകും ഹിമാചൽ കേഡറിലാണെങ്കിലും രാജ്യത്തിന്റെ വടക്കുകിഴക്കിന്റെ പാരമ്പര്യം പേറുന്ന തപൻ ദേക്ക എത്തുക. 2023 ൽ വിരമിക്കേണ്ട തപന് ഐബി തലവന്റെ നിയമന കാലാവധി കണക്കാക്കിയാൽ പുതിയ നിയോഗത്തോടെ ഒരു വർഷം കൂടി അധികമായി 2024 വരെ സേവനത്തിൽ തുടരാനാകും.

∙ സ്പെഷൽ ഡയറക്ടർ, പിന്നാലെ ഐബി തലപ്പത്ത്

കഴിഞ്ഞ വർഷം ജൂണിൽ ഐബി സ്പെഷൽ ഡയറക്ടറായി ദേക്ക നിയമിതനായിരുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി രാജ്യത്തെ തീവ്രവാദ വിരുദ്ധ നീക്കങ്ങളിലും മതമൗലികവാദം ചെറുക്കാനുള്ള ശ്രമങ്ങളിലും സജീവസാന്നിധ്യമായതിന്റെ പരിചയസമ്പത്താണ് ദേക്കയ്ക്കുള്ളത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ (ഫയൽ ചിത്രം)
ADVERTISEMENT

കശ്മീരിൽ ഭീകരഗ്രൂപ്പുകളുടെ നിരവധി ആക്രമണശ്രമങ്ങൾ മികച്ച രഹസ്യാന്വേഷണ നീക്കങ്ങളിലൂടെ തകർത്ത മികവും ഇതിൽ ഉൾപ്പെടുന്നു. 2019 ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ അരങ്ങേറിയ പ്രക്ഷോഭങ്ങളുടെ കാലത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ അസമിലേക്കു നിയോഗിച്ചതും ദേക്കയെ ആയിരുന്നു. ഭീകരവിരുദ്ധ നീക്കങ്ങളിലെ മികവു തന്നെയാണ് ദേക്കയെ ഐബി തലപ്പത്തേക്ക് നിയോഗിക്കുന്നതിലേക്കു കേന്ദ്രസർക്കാരിനെ നയിച്ചതും.

∙ ‘ഐഎമ്മി’നെ തകർത്ത ഐബി മികവ്

2008 നവംബർ 26ന് മുംബൈയെ പിടിച്ചുകുലുക്കിയ ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ തലപ്പത്ത് ദേക്കയുണ്ടായിരുന്നു. ഈ നീക്കത്തിനൊപ്പം രാജ്യത്തു വേരുപടർത്തിയ ഇന്ത്യൻ മുജാഹിദ്ദീൻ (ഐഎം) എന്ന ഭീകരസംഘടനയുടെ വേരറുക്കാനും ദേക്കയ്ക്കും സംഘത്തിനുമായി. 2012 ൽ നേപ്പാളിൽ നിന്ന് ഐഎം സഹസ്ഥാപകൻ യാസിൻ ഭട്കലിനെയും പിന്നാലെ തെഹ്‌സിൻ അക്തറെയും വലയിലാക്കിയതോടെ ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തനങ്ങൾ രാജ്യത്ത് ഏറെക്കുറെ സ്തംഭനാവസ്ഥയിലായിരുന്നു.

ഇന്റലിജൻസ് ബ്യൂറോയുടെ നിയുക്ത ഡയറക്ടർ തപൻ കുമാർ ദേക്ക.

കശ്മീരിലും മറ്റും പാക്കിസ്ഥാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനകളെ അമർച്ച ചെയ്യുന്നതിലും മികവു കാട്ടിയ ദേക്ക രാജ്യത്തെ മതതീവ്രവാദസംഘങ്ങൾക്കെതിരായ നടപടികളിലും സജീവമാണ്. 1998 ലാണ് പൊലീസ് യൂണിഫോമിൽനിന്ന് മാറി ഐബിയിൽ എത്തിയത്.

ADVERTISEMENT

∙ ഫിസിക്സ് ബിരുദാനന്തരബിരുദം, വിദ്യാർഥി പ്രസ്ഥാനത്തിലെ ഊർജം

നാട്ടിലെ വേരുകളെ എന്നും മുറുകെപ്പിടിക്കുന്ന തികഞ്ഞ അസംകാരൻ കൂടിയാണ് ദേക്ക. അസമിലെ ബർപേട്ട ജില്ലയിൽ നിന്നുള്ള ദേക്ക സ്കൂൾ പഠനകാലം മുതൽ തേസ്പുരിലായിരുന്നു. ഫിസിക്സിൽ ബിരുദാനന്തരബിരുദം നേടിയ ശേഷമാണ് സിവിൽ സർവീസ് പരീക്ഷ എഴുതിയത്. ആദ്യ തവണ തന്നെ ഐപിഎസ് നേടി.

തപൻ കുമാർ ദേക്കയുടെ പഴയകാല ചിത്രം

വിദ്യാർഥിയായിരിക്കെ ഓൾ അസം സ്റ്റുഡന്റ്സ് യൂണിയന്റെ പ്രധാന നേതാക്കളിൽ ഒരാളായി മാറിയ ദേക്കയ്ക്ക് 1979–85 കാലഘട്ടത്തിൽ സംസ്ഥാനത്ത് ചരിത്രപ്രധാനമായ അസം മുന്നേറ്റത്തിലെ സംഘടനാ പരിചയവും കൈമുതലായുണ്ട്. 1993–2001 ൽ അസമിൽ വിഘടനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവന്ന ഉൾഫയുമായി (യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം) ബന്ധപ്പെട്ട രഹസ്യാന്വേഷണ കേസുകളിൽ വേറിട്ട പ്രകടനം കാഴ്ചവയ്ക്കാൻ അസമിന്റെ പ്രാദേശികതലങ്ങളിലെ പഴയ ബന്ധങ്ങൾ ദേക്കയെ സഹായിച്ചിരുന്നു.

∙ മികവുറപ്പിച്ച് കടന്നുവരവ്

ആക്രമണങ്ങളും മറ്റും ഉണ്ടായ ശേഷം അവയുടെ കാരണങ്ങളുടെ വിശകലനം എന്നതിൽ നിന്നു മാറി രഹസ്യാന്വേഷണ നീക്കങ്ങളിലൂടെ വിവരങ്ങൾ മുൻകൂട്ടി നേടിയുള്ള സജീവപ്രതിരോധം എന്ന പ്രവർത്തനതലത്തിലേക്ക് രാജ്യത്തെ രഹസ്യാന്വേഷണ രംഗം മാറുന്ന കാഴ്ചയാണ് പിന്നിട്ട വർഷങ്ങളിലേത്. എതിരാളിയുടെ തന്ത്രങ്ങളും നീക്കങ്ങളും മുൻകൂട്ടിക്കണ്ട് മികച്ച തന്ത്രങ്ങളിലൂടെ അവയുടെ വേരറുക്കുന്ന രീതിയാണ് കഴിഞ്ഞ വർഷങ്ങളിൽ രാജ്യം ഏറെക്കണ്ടതും. അത്രയേറെ ശ്രദ്ധ നേടുന്നില്ലെങ്കിലും പ്രധാന നഗരങ്ങളിലും മറ്റും ഭീകരപ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെടുന്ന ചില വാർത്തകൾക്കു പിന്നിൽ, വലിയ ഭീകരപ്രവർത്തന നീക്കങ്ങൾ മികച്ച രീതിയിൽ ചെറുക്കുന്നതിന്റെ സൂചനകൾ കൂടി വായിച്ചെടുക്കാം.

ഐബി ഓപ്പറേഷൻസ് ഡെസ്ക്കിലെ സ്പെഷൽ ഡയറക്ടറായി കശ്മീരിലെ ഭീകരവിരുദ്ധനീക്കങ്ങളുടെ ഏകോപനചുമതല കൂടി വഹിച്ചുവന്ന ദേക്കയെ ഐബി തലപ്പത്തേക്ക് നിയോഗിക്കുന്നതിലൂടെ ഐബിയിൽ മികവിന്റെ പുത്തൻ സാധ്യതകൾ കൂടി തുറന്നിടാനാണ് കേന്ദ്രം ഒരുങ്ങുന്നതും. ഐബിയിലെ നാലോളം മുൻനിര ഉദ്യോഗസ്ഥരെ മറികടന്നാണ് പുതുനിയോഗത്തിലേക്ക് ദേക്കയുടെ കടന്നുവരവ്.

∙ ഡോവലിന്റെ സ്വന്തം ദേക്ക

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പ്രിയ സഹപ്രവർത്തകരിൽ ഒരാൾ കൂടിയായാണ് ദേക്ക അറിയപ്പെടുന്നത്. കശ്മീരിൽ പണ്ഡിറ്റുകളെ ലക്ഷ്യമിട്ടു നടത്തുന്ന ഭീകരാക്രമണം ചെറുക്കാൻ നിയോഗിക്കപ്പെട്ട ദൗത്യത്തിൽ സജീവമായിത്തുടങ്ങിയതിനിടെയാണ് പുതിയ പദവിയിലേക്ക് ദേക്കയ്ക്കു വിളിയെത്തുന്നതും.

അജിത് ഡോവൽ (ചിത്രം: എഎഫ്‌പി)

2015–16 ൽ പത്താൻകോട്ട് വ്യോമത്താവളത്തിനു നേരെയും 2019 ൽ പുൽവാമയിലുമുണ്ടായ ഭീകരാക്രമണ കേസുകളുടെ അന്വേഷണം മികച്ച രീതിയിൽ നടപ്പാക്കിയ സംഘത്തിൽ ദേക്ക നേതൃപരമായ പങ്കുവഹിച്ചിരുന്നു. ഐപിഎസ് നേടി പത്തുവർഷത്തിനപ്പുറം 1998 മുതൽ ഐബിയിൽ അണിചേർന്ന ദേക്ക 2006 മുതൽ 2012 വരെ ഡോവലിനു കീഴിൽ ഭീകരവിരുദ്ധ സംഘത്തിന്റെ തലപ്പത്ത് പ്രവർത്തിച്ചിരുന്നു. 2012 മുതൽ 2015 വരെ രാജ്യാന്തര ദൗത്യങ്ങളുടെ ഭാഗമായി യുഎസ് തലസ്ഥാനമായ വാഷിങ്ടനിലേക്ക് ദേക്കയെ നിയോഗിച്ചതിലും ഡോവൽ നിർണായക പങ്കുവഹിച്ചു.

കശ്മീരിലും മറ്റും വീണ്ടും ചുവടുറപ്പിക്കുന്ന വിഘടനവാദപ്രവർത്തനങ്ങൾ തടയുക എന്ന വെല്ലുവിളിയാണ് ദേക്കയെ പ്രധാനമായും കാത്തിരിക്കുന്നത്. ഭീകരസംഘങ്ങളിലേക്ക് കൂടുതൽ കശ്മീരി യുവാക്കൾ റിക്രൂട്ട് ചെയ്യപ്പെടുന്നത് തടഞ്ഞ് യുവാക്കളിൽ ദേശീയബോധം ഉറപ്പാക്കി താഴ്‌‍വരയിൽ കൂടുതൽ സമാധാനം ഉറപ്പിക്കാനുള്ള കേന്ദ്രദൗത്യങ്ങളിൽ പുതിയ ഐബി തലവൻ ക്രിയാത്മക നിലപാട് കൈക്കൊള്ളുമെന്നാണ് വിലയിരുത്തപ്പെടുന്നതും.

∙ ഇന്റലിജൻസ് ബ്യൂറോ എന്നാൽ

ആഭ്യന്തര സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന രാജ്യത്തെ മുൻനിര രഹസ്യാന്വേഷണ ഏജൻസിയാണ് ഇന്റലിജൻസ് ബ്യൂറോ. ബ്രിട്ടിഷ് ഭരണത്തിനു കീഴിൽ 1887 ൽ ‘സെൻട്രൽ സ്പെഷൽ ബ്രാഞ്ച്’ എന്ന പേരിൽ പ്രവർത്തനം തുടങ്ങിയ ഈ സംവിധാനം ലോകത്തെ തന്നെ പഴക്കം ചെന്ന രഹസ്യാന്വേഷണ എജൻസികളിൽ ഒന്നാണ്.

സ്വാതന്ത്ര്യാനന്തരം ആഭ്യന്തര വിദേശ രഹസ്യാന്വേഷണ ഉത്തരവാദിത്തങ്ങൾ നിറവേറ്റി വന്ന ഐബി 1968 ൽ ‘റിസർച്ച് ആൻഡ് അനാലിസിസ് വിങ്’ അഥവാ റോയുടെ രംഗപ്രവേശത്തോടെയാണ് വിദേശ രഹസ്യാന്വേഷണ പ്രവർത്തനങ്ങളിൽനിന്നു മാറി ആഭ്യന്തര രഹസ്യാന്വേഷണത്തിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തിത്തുടങ്ങിയത്.

ഐപിഎസ്, ഐആർഎസ്, മിലിട്ടറി വിഭാഗങ്ങളിൽ നിന്നാണ് പ്രധാനമായും ഉദ്യോഗസ്ഥർ ഐബിയിലേക്ക് എത്തുന്നത്. ഡയറക്ടർ ഓഫ് ഇന്റലിജൻസ് ബ്യൂറോ അഥവാ ഡിഐബി എന്നറിയപ്പെടുന്ന ഐബി തലവൻ ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും. അതിർത്തിപ്രദേശങ്ങളിലും മറ്റുമുളള രഹസ്യാന്വേഷണ നീക്കങ്ങളിലും സജീവ പങ്കാളിത്തം വഹിക്കുന്ന ഏജൻസി കൂടിയാണിത്.

English Summary: Who is Tapan Kumar Deka?, the new Director of Intelligence Bureau of India