ശിവസേനയുടെ വളർച്ചയുടെ കാരണം അതിന്റെ പ്രത്യയശാസ്ത്രം തന്നെയായിരുന്നു. പ്രാദേശിക ജനതയുടെ ആഗ്രഹം, ദേശീയതയോടുള്ള കൂറും, ശിവജിയുടെ പോരാട്ടവീര്യവും ഒത്തിണക്കിയത് അവരെ ആകർഷിച്ചു. ഒരു രാഷ്ട്രീയപാർട്ടി എന്നതിനുപരിയായി ഈ ആശയങ്ങളെ സംരക്ഷിക്കാൻ വേണ്ടിയുള്ള സംഘടന എന്ന നിലയിലാണ് സേന ചുടവുറപ്പിച്ചത്. ബോംബെയുടെ ഭാഗധേയം | Uddhav Thackeray | Maharashtra | Shiv Sena | NCP | Maharashtra politics | Manorama Online

ശിവസേനയുടെ വളർച്ചയുടെ കാരണം അതിന്റെ പ്രത്യയശാസ്ത്രം തന്നെയായിരുന്നു. പ്രാദേശിക ജനതയുടെ ആഗ്രഹം, ദേശീയതയോടുള്ള കൂറും, ശിവജിയുടെ പോരാട്ടവീര്യവും ഒത്തിണക്കിയത് അവരെ ആകർഷിച്ചു. ഒരു രാഷ്ട്രീയപാർട്ടി എന്നതിനുപരിയായി ഈ ആശയങ്ങളെ സംരക്ഷിക്കാൻ വേണ്ടിയുള്ള സംഘടന എന്ന നിലയിലാണ് സേന ചുടവുറപ്പിച്ചത്. ബോംബെയുടെ ഭാഗധേയം | Uddhav Thackeray | Maharashtra | Shiv Sena | NCP | Maharashtra politics | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശിവസേനയുടെ വളർച്ചയുടെ കാരണം അതിന്റെ പ്രത്യയശാസ്ത്രം തന്നെയായിരുന്നു. പ്രാദേശിക ജനതയുടെ ആഗ്രഹം, ദേശീയതയോടുള്ള കൂറും, ശിവജിയുടെ പോരാട്ടവീര്യവും ഒത്തിണക്കിയത് അവരെ ആകർഷിച്ചു. ഒരു രാഷ്ട്രീയപാർട്ടി എന്നതിനുപരിയായി ഈ ആശയങ്ങളെ സംരക്ഷിക്കാൻ വേണ്ടിയുള്ള സംഘടന എന്ന നിലയിലാണ് സേന ചുടവുറപ്പിച്ചത്. ബോംബെയുടെ ഭാഗധേയം | Uddhav Thackeray | Maharashtra | Shiv Sena | NCP | Maharashtra politics | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1970 ജൂൺ 5, മഹാരാഷ്ട്രയിലെ കൃഷ്ണ ദേശായി എന്ന കമ്യൂണിസ്റ്റുകാരനായ എംഎൽഎ കുത്തേറ്റു മരിച്ചു. ശിവസേനക്കാർ ആയിരുന്നു അറസ്റ്റിലായത്. പരേൽ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗവും ട്രേഡ് യൂണിയൻ നേതാവുമായിരുന്നു കൃഷ്ണ ദേശായി. യൂണിയൻ ഓഫിസിന് അക്രമികൾ തീയിടുകയും ചെയ്തു. മഹാരാഷ്ട്രയിൽ വലിയ ഒച്ചപ്പാടുണ്ടാക്കിയ സംഭവം ആയിരുന്നു അത്. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഐ അദ്ദേഹത്തിന്റെ ഭാര്യ സരോജിനി ദേശായിയെ മത്സരിപ്പിച്ചെങ്കിലും 1679 വോട്ടിന് അവർ പരാജയപ്പെട്ടു. 62,000 ത്തോളം വോട്ടു രേഖപ്പെടുത്തിയ ആ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത് ശിവസേന സ്ഥാനാർഥി ആയിരുന്നു. മഹാരാഷ്ട്രയിലെ ആദ്യ ശിവസേന എംഎൽഎയുടെ അരങ്ങേറ്റം. ലോക്സഭയിലോ നിയമസഭയിലോ അതേവരെ ശിവസേന വിജയിച്ചിരുന്നില്ല. അതൊരു തുടക്കമായിരുന്നു മറ്റു ചിലതിന്റെ ഒടുക്കവും. ബോംബെ മഹാനഗരത്തിന്റെ ചുവപ്പുമാറി ക്രൗര്യമുള്ള കാവിയിലേക്കുള്ള പരിവർത്തനം അവിടെയാണ് ആരംഭിച്ചത്. 1966 മുതൽ സംസ്ഥാനത്ത് പ്രവർത്തനം തുടങ്ങിയെങ്കിലും ഭരണകക്ഷിയിലേക്കുള്ള ശിവസേനയുടെ യാത്ര അങ്ങനെ തുടങ്ങി. എഴുപതുകളിലും, എൺപതുകൾ വരെയും ബോംബെ നഗരത്തിൽ ശക്തിയായിരുന്നു കമ്യൂണിസ്റ്റ് പാർട്ടികളും ഇടതു സ്വഭാവമുള്ള പെസന്റ് ആൻഡ് വർക്കേഴ്സ് പാർട്ടിയും റിപ്പബ്ലിക്കൻ പാർട്ടിയും.

അവകാശ സമരങ്ങളുടെ മുൻനിരയിൽ സോഷ്യലിസ്റ്റുകളും ശക്തമായി നിലയുറപ്പിച്ചിരുന്നു. ജോർജ് ഫെർണാണ്ടസും മധു ദന്തവതെയും ബോംബെ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു. ഈ പുരോഗമന പാർട്ടികളുടെ മേധാവിത്വം കൂടിയാണ് കൃഷ്ണ ദേശായിക്കൊപ്പം കുത്തേറ്റുവീണത്. കൊലപാതകത്തെ തുടർന്ന് ദാദറിലെ ശിവസേനയുടെ ഓഫിസിനു നേരെ തൊഴിലാളികൾ രോഷാകുലരായി നടത്തിയ  പ്രകടനം തടയാനും അവരെ പിന്തിരിപ്പിക്കാനും നേതാക്കൾക്ക് ഏറെ കഷ്ടപ്പെടേണ്ടിവന്നു. അറസ്റ്റ് ചെയ്യപ്പെട്ട ശിവസൈനികർക്കു വേണ്ടി റാംജത് മലാനിയാണ് ഹാജരായത്. ‘‘കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കാനുള്ള ഒരു അവസരവും നമ്മൾ പാഴാക്കരുത്’’ എന്ന് ബാൽ താക്കറെ ഈ സംഭവത്തിനു പിന്നാലെ അനുയായികളോട് പറഞ്ഞതായും അന്ന് ആരോപണമുയർന്നു. മറാഠികൾ മാത്രമായിരുന്നില്ല ട്രേഡ് യൂണിയനുകളിൽ അംഗങ്ങളായ തൊഴിലാളികൾ. മണ്ണിന്റെ മക്കൾ വാദമുയർത്തി വളർന്നുവന്ന ശിവസേനയ്ക്ക് അത് അസഹ്യമായിരുന്നു. പ്രാദേശിക വാദത്തിൽ തുടങ്ങി ക്രമേണ തീവ്ര ഹിന്ദു ആശയത്തിലേക്ക് വഴിമാറിയ ശിവസേനയുടെ മറുപാതി കമ്യൂണിസ്റ്റ് വിരുദ്ധത കൂടി ആയിരുന്നു. ശിവസേനയെ അന്ന് വളർത്തിയത് അന്നു സംസ്ഥാനം ഭരിച്ചിരുന്ന കോൺഗ്രസ് ആണെന്ന് ഇടതുപക്ഷം ആരോപിച്ചിരുന്നു.

ജോർജ് ഫെർണാണ്ടസ് (ചിത്രം: പിടിഐ)
ADVERTISEMENT

ട്രേഡ് യൂണിയനുകൾക്കെതിരെ ശിവസേന നടത്തിയ നീക്കങ്ങൾക്കൊപ്പം കോൺഗ്രസ് നിലയുറപ്പിച്ചതായും ആരോപണമുയർന്നു. കമ്യൂണിസ്റ്റുകാരെ തളർത്തുകയായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യം എന്നാണ് പരാതിയുയർന്നത്. ടെക്സ്റ്റൈൽ രംഗത്തിന്റെ പ്രതാപകാലമായിരുന്നു എഴുപതുകളും എൺപതുകളും. അവിടെ നിർണായകശക്തി സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയും ജോർജ് ഫെർണാണ്ടസിന്റെ യൂണിയനുമായിരുന്നു. 1975നു ശേഷം ഹോട്ടൽ തൊഴിലാളികളുടെ ഇടയിലും അന്ധേരിയിലെ വ്യവസായ തൊഴിലാളികൾക്കിടയിലും സിഐടിയു സ്വാധീനം നേടി.

ടെക്സ്റ്റൈൽ മേഖലയിൽ എഐടിയുസിക്കും ദത്താ സാമന്തിനും ഐഎൻടിയുസിക്കുമാണ് സ്വാധീനമുണ്ടായിരുന്നത്. കോൺഗ്രസിൽ നിന്ന് തെറ്റി യൂണിയനുണ്ടാക്കിയ ദത്താ സാമന്ത് ബോംബെയിലെ വലിയൊരു വിഭാഗം യൂണിയനുകൾ പിടിച്ചടക്കി. 80കളായപ്പോഴേക്കും ശിവസേനയും ദത്താ സാമന്തും എല്ലാം കൂടി ഒത്തൊരുമിച്ച് ഇടത് യൂണിയനുകളെ തകർത്തു. ഏറ്റവും ഒടുവിൽ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും നാമാവശേഷമാകാൻ തുടങ്ങി. യൂണിയനുകളിൽ നിന്ന് നഗരത്തെ മോചിപ്പിക്കുക എന്ന താക്കറെയുടെ പ്രഥമ ഉദ്ദേശമാണ് ഇതിലൂടെ പ്രാവർത്തികമായത്.

ബാൽ താക്കറെ (PTI Photo)

∙ ആംഗ്രി യങ് മാൻ വരുന്നു

തൊഴിലില്ലായ്മ, വിശപ്പ്, ചേരി എല്ലാം നടുങ്ങുന്ന മട്ടിൽ മലയാളി കണ്ടത് ഹിന്ദി സിനിമയിലൂടെ ആയിരുന്നു. അധോലോക സാമ്രാജ്യങ്ങളുടെയും കുടിപ്പകകളുടെയും കഥ പിന്നാലെ വന്നു. ‘ആംഗ്രി യങ് മാൻ' സിനിമകളിലെ പ്രിയ നായക കഥാപാത്രമായി.. കൊലയ്ക്കുകൊല, വഞ്ചനയ്ക്കുപകരം വഞ്ചന എന്നൊക്കെ വിശ്വസിക്കുന്ന സാധാരണ പ്രേക്ഷകർക്കിടയിൽ ഇത്തരം സിനിമകൾ വലിയ പ്രദർശനവിജയം നേടി. അമിതാഭ് ബച്ചൻ ക്ഷുഭിത യൗവനത്തിന്റെ പ്രതിനിധിയായി വളർന്നു. ഈ കാലത്തു തന്നെയാണ് മറുനാട്ടുകാർ നിങ്ങളുടെ ജോലി തട്ടിയെടുക്കുന്നു എന്ന് മഹാരാഷ്ട്രയിലെ ‘ക്ഷുഭിതയൗവന’ങ്ങളെ ബാൽ താക്കറെ പഠിപ്പിച്ചത്.

ADVERTISEMENT

‘ബച്ചാവോ പുങ്കി, ഹഠാവോ ലുങ്കി’ എന്ന മുദ്രാവാക്യം ബോംബെയിൽ ഉയർന്നു. തെക്കേയിന്ത്യക്കാരെയും ഗുജറാത്തികളെയും ആണ് അത് പ്രധാനമായും ലക്ഷ്യമിട്ടത്. മുംബൈയിലെ ഹോട്ടൽ വ്യവസായം ഗുജറാത്തികളുടെ നിയന്ത്രണത്തിലായിരുന്നു. ഇതാണ് ശിവസേന ഗുജറാത്തികൾക്കെതിരെ തിരിയാൻ കാരണമായത്. മറ്റുള്ളവരുടെ ഭക്ഷണശാലകളെ നേരിടാൻ നഗരത്തിലുടനീളം വട പാവ് സ്റ്റാളുകൾ സ്ഥാപിക്കാൻ താക്കറെ അനുയായികളോട് ആവശ്യപ്പെട്ടു.

അക്കാലത്ത് ബോംബെ നഗരത്തിലെ സമ്പന്നരും കൂടുതലും ഗുജറാത്തികളായിരുന്നു. വ്യാപാരികൾ എന്ന നിലയിൽ, അവർക്ക് ബോംബെ നഗരത്തിന്റെ നിയന്ത്രണം എളുപ്പത്തിൽ നേടാൻ കഴിയുമായിരുന്നു. ഒരു ഘട്ടത്തിൽ ബോംബെ നഗരം ഗുജറാത്തിൽ ലയിപ്പിക്കാനുള്ള നിർദേശം വരെ ഉയർന്നിരുന്നു. അതേസമയം മഹാരാഷ്ട്രയിലെ ഗ്രാമീണ യുവാക്കളും കർഷകത്തൊഴിലാളികളും സ്വന്തം നഗരം കൈവിട്ടുപോകുന്നു എന്ന സംശയത്തിലായിരുന്നു. മറാത്തി ഒഴികെയുള്ള ഭാഷകൾ കൈകാര്യം ചെയ്യാൻ അവർക്ക് അറിയില്ല എന്നത് തൊഴിൽ കിട്ടുന്നതിനു തടസ്സമായി. ഇതേസമയം ഗുജറാത്തികളുടെ ബോംബെയിലേക്കുള്ള കുടിയേറ്റം വർധിച്ചുവരാനും തുടങ്ങി. കർഷകത്തൊഴിലാളികളും ഇടത്തരക്കാരും താക്കറെയുടെ വാക്കുകളിൽ ആകൃഷ്ടരായി. ദക്ഷിണേന്ത്യക്കാരും ഗുജറാത്തികളും പ്രാദേശികതയുടെ പേരിൽ ആക്രമിക്കപ്പെട്ടപ്പോൾ മുസ്‌ലിംകളോട് തീവ്രഹിന്ദു ആശയങ്ങൾ കൊണ്ടാണ് ശിവസേന വിയോജിച്ചത്. 

ബാൽ താക്കറെ (PTI Photo)

∙ കലാപം, പിന്നെ ഭീതി

ശിവസേനയുടെ വളർച്ചയുടെ കാരണം അതിന്റെ പ്രത്യയശാസ്ത്രം തന്നെയായിരുന്നു. പ്രാദേശിക ജനതയുടെ ആഗ്രഹം, ദേശീയതയോടുള്ള കൂറും, ശിവജിയുടെ പോരാട്ടവീര്യവും ഒത്തിണക്കിയത് അവരെ ആകർഷിച്ചു. ഒരു രാഷ്ട്രീയപാർട്ടി എന്നതിനുപരിയായി ഈ ആശയങ്ങളെ സംരക്ഷിക്കാൻ വേണ്ടിയുള്ള സംഘടന എന്ന നിലയിലാണ് സേന ചുടവുറപ്പിച്ചത്. ബോംബെയുടെ ഭാഗധേയം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച നാട്ടുകാർക്കു വേണ്ടിയാണ് താക്കറെ പൊരുതുന്നത് എന്ന ആശയം വേരുപിടിച്ചു. മുന്നോക്ക ജാതിക്കാർക്ക് പുറമെ പിന്നോക്ക വിഭാഗങ്ങളുടെയും ഒരു പരിധിവരെ ദലിതരുടെയും പിന്തുണ ആർജിക്കാൻ ശിവസേനയ്ക്ക് കഴിഞ്ഞു. സെൻട്രൽ ബോംബെയിലെ മില്ലുകളിൽ ശക്തിയായിരുന്ന ഇടതുപാർട്ടികളുടെ പ്രവർത്തനങ്ങൾ ജോലിസ്ഥലത്ത് മാത്രമായി ഒതുങ്ങി. അതേസമയം സേന ഗ്രാമങ്ങളിലേക്ക് കടന്നു. തൊഴിലാളികളുടെ അവകാശങ്ങൾ മറ്റുള്ളവർ ഉയർത്തിപ്പിടിച്ചപ്പോൾ നാട്ടുകാരന്റെ വൈകാരിക പ്രശ്നങ്ങളിലായിരുന്നു സേന ഇടപെട്ടത്.

ADVERTISEMENT

മണ്ണിന്റെ മക്കൾ വാദം ശക്തിപ്പെട്ട് അടിത്തറ വിപുലപ്പെടുത്തിയ ശേഷം ഹിന്ദു ഐഡിയോളജിയിലേക്ക് മാറി. 1970കളിൽ നടന്ന പല കലാപങ്ങളിലും സേനയുടെ പങ്കാളിത്തം ആരോപിക്കപ്പെട്ടു. 1970ലെ ഭിവണ്ടി കലാപത്തിൽ 250 പേർക്കാണ് ജീവൻ നഷ്ടമായത്. 1992ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനു പിന്നാലെ ബോംബെയിൽ രണ്ടുമാസത്തോളമാണ് കലാപം തുടർന്നത്. നഗരത്തിൽ മാത്രം ആയിരത്തോളം പേർക്ക് ജീവൻ നഷ്ടമായി. മുംബൈയിലെ ക്രൂരതകൾക്ക് ശിവസേനയും ബാൽതാക്കറെയും ആണ് കാരണക്കാരായതെന്ന് പല മനുഷ്യാവകാശ സംഘടനകളും ആരോപിച്ചു. കലാപം അന്വേഷിച്ച ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മിഷനും (1998) അങ്ങനെയാണ് നിഗമനത്തിലെത്തിയത്. അതേസമയം അക്കാലത്ത് ഭരണത്തിലിരിക്കുന്ന ശിവസേന– ബിജെപി സർക്കാർ ഈ റിപ്പോർട്ടിന് വില നൽകിയില്ല. അടിയന്തരാവസ്ഥയെ പിന്തുണച്ച, ഹിറ്റ്ലറെ പുകഴ്ത്തിയ, ഗോഡ്സെയുടെ ദേശാഭിമാനത്തെ പുകഴ്ത്തിയ രാഷ്ട്രീയം മുംബൈ മഹാനഗരം സ്വീകരിച്ചു. ഒരിക്കൽ എല്ലാവരെയും സ്വീകരിച്ച മഹാനഗരം എപ്പോൾ വേണമെങ്കിലും ഭീതിയിലേക്ക് വീഴാം എന്ന അവസ്ഥയിലായി.

പ്രകാശ് അംബേദ്കർ (PTI Photo by Shashank Parade)

∙ ചുവപ്പുമാഞ്ഞു

1990ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് റിപ്പബ്ലിക്കൻ നേതാവ് പ്രകാശ് അംബേദ്കർ പ്രഖ്യാപിച്ചു –  ‘‘ഈ തിരഞ്ഞെടുപ്പോടെ ഇടത് ലിബറൽ പാർട്ടികൾ അപ്രത്യക്ഷമാകും.’’ അതു സത്യമായിരുന്നു. വൈകാതെ യാഥാർഥ്യമാകുകയും ചെയ്തു. തൊണ്ണൂറുകൾ വരെ പുരോഗമന ഇടതു സഖ്യ പാർട്ടികൾക്ക് മഹാരാഷ്ട്രയിൽ നടത്തിയ പോരാട്ടങ്ങൾ വെറുതെയായി. പെസന്റ് ആൻഡ് വർക്കേഴ്സ് പാർട്ടി, റിപ്പബ്ലിക്കൻ പാർട്ടി തുടങ്ങി മറ്റ് സംസ്ഥാങ്ങളിൽ വേരോട്ടമില്ലാത്ത പാർട്ടികളും ഇടത് പാർട്ടികളും ഒപ്പംതന്നെ സോഷ്യലിസ്റ്റുകളും ആ കാലംവരെ രാഷ്ട്രീയ ശക്തിയായിരുന്നു. 1994ലെ തിരഞ്ഞെടുപ്പിൽ 94 സീറ്റ് നേടിയ ബിജെപി ശിവസേന സഖ്യം പ്രതിപക്ഷത്ത് എത്തി. അതോടെ പുരോഗമന കക്ഷികളുടെ തകർച്ച തുടങ്ങി. റിപ്പബ്ലിക്കൻ പാർട്ടി പലതായി ചിതറി. ബിജെപി സഖ്യത്തിന് മേൽക്കൈ കിട്ടി. ഗോപിനാഥ് മുണ്ടെയെപ്പോലുള്ള പിന്നോക്ക നേതാക്കളെ ഉയർത്തി എടുക്കാൻ ബിജെപിക്ക് സാധിച്ചു.

ഗോവിന്ദ് പൻസാര (ഫയൽ ചിത്രം)

റിപ്പബ്ലിക്കൻ പാർട്ടിയും പെസന്റ് ആൻഡ് വർക്കേഴ്സ് പാർട്ടിയും സമയാസമയം ഓരോ നിലപാടുകൾ സ്വീകരിച്ചത് ബിജെപി-ശിവസേന സഖ്യത്തിന് നേട്ടമായി. ഉദാഹരണത്തിന് 1996 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ കക്ഷികൾ കോൺഗ്രസ്-എൻസിപി സഖ്യത്തിന് എതിരെ  നിന്നു. ഫലം 48 ൽ 32 സീറ്റ് ബിജെപി സേന സഖ്യം പിടിച്ചു. അതേസമയം 1998 ൽ  കോൺഗ്രസ്-എൻസിപി സഖ്യത്തോടൊപ്പം റിപ്പബ്ലിക്കൻ പാർട്ടിയും പി ഡബ്ല്യു സിയും നിന്നു. അത്തവണ 38 സീറ്റും സഖ്യത്തിന് കിട്ടി. ബിജെപി ശിവസേന സഖ്യം ശക്തിപ്പെട്ടതോടെ മറ്റു പാർട്ടികളിൽ നിന്ന് ഒരു ഒഴുക്കായിരുന്നു. ഇടതു പാർട്ടികളിൽ നിന്നുള്ളവർ പോലും അവിടേക്ക് ചേക്കേറി. ഉദാഹരണത്തിന് രണ്ടു പതിറ്റാണ്ടോളം നേതാവായിരുന്ന പെസന്റ് ആൻഡ് വർക്കേഴ്സ് പാർട്ടിയുടെ വിജയ് ദേവയെ പോലുള്ളവർ ശിവസേനയുടെ കീഴിലേക്ക് മാറി. കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥിയായി മത്സരിച്ച വ്യക്തിയായിരുന്നു വിജയ് ദേവനെ. അക്കാലത്ത് കോൽഹാപുർ ആയിരുന്നു ഇടതു തട്ടകം. ഇവിടെ ഗോവിന്ദ് പൻസാരെ ആയിരുന്നു നേതാവ്. മഹാരാഷ്ട്രയിൽ ഇടതുപക്ഷത്തിന് വലിയ ഉയർത്തെഴുനേൽപ്പ് സാധ്യതയുണ്ടെന്ന് സിപിഐ സെക്രട്ടറി കൂടിയായിരുന്ന പൻസാരെ ആവർത്തിച്ചിരുന്നു. 2015 ഫെബ്രുവരി 16ന് പ്രഭാതനടത്തത്തിനിടെ പൻസാരയെ അക്രമികൾ വെടിവച്ചു കൊല്ലുകയായിരുന്നു. ഇടതുപക്ഷ വെല്ലുവിളികൾ അതോടെ അവസാനിച്ചു.

∙ ശിവസേനയുടെ തിരഞ്ഞെടുപ്പ് വിജയങ്ങൾ

മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ഭരണം 1985-ൽ സേന പിടിച്ചെടുത്തത് നിർണായക തുടക്കമായി. 1989ൽ ലോക്‌സഭാ– നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുമായി സഖ്യമുണ്ടാക്കി. 1990-ൽ മഹാരാഷ്ട്ര നിയമസഭയിൽ 52 സീറ്റുനേടിയ ശിവസേന മനോഹർ ജോഷിയെ പ്രതിപക്ഷ നേതാവാക്കി.1995-ൽ ബിജെപി-ശിവസേന സഖ്യം ആദ്യമായി മഹാരാഷ്ട്രയിൽ അധികാരത്തിലേറി. 73 സീറ്റുകൾ നേടിയ ശിവസേനയുടെ മനോഹർ ജോഷി മുഖ്യമന്ത്രിയായി. അക്കൊല്ലം തന്നെ ബോംബെയെ പേരുമാറ്റി മുംബൈയാക്കി.

ഉദ്ധവ് താക്കറെ (PTI Photo/Mitesh Bhuvad)

ഇതിനിടെയാണ് മറാത്ത വികാരമുയർത്താതെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് ശരദ്പവാർ മനസ്സിലാക്കിയത്. സോണിയയോടുള്ള എതിർപ്പും മറാത്തകളോടുള്ള അവഗണനയും ഉയർത്തിക്കാട്ടി പവാർ എൻസിപി രൂപീകരിച്ചു. ഫലം ഉടൻ തന്നെയുണ്ടായി. 1999-ലെ തിരഞ്ഞെടുപ്പിൽ ശിവസേന-ബിജെപി സഖ്യം കോൺഗ്രസ്-എൻസിപി സഖ്യത്തോട് തോറ്റു. പിന്നെ 15 വർഷം കോൺഗ്രസ് സഖ്യം തന്നെ ഭരിച്ചു. 2005ൽ കേന്ദ്രഭരണത്തിന്റെ ഭാഗവുമായതാണ് നേട്ടം. ഇതിനിടയിൽ താക്കറെ 2003-ൽ മകൻ ഉദ്ധവ് താക്കറെയെ പാർട്ടിയുടെ എക്‌സിക്യുട്ടീവ് പ്രസിഡന്റായി നിയമിച്ചു. 2012-താക്കറെ അന്തരിച്ചു. തുടർന്ന് ഉദ്ധവ് താക്കറെ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കെത്തി. ശിവസേനയുടെ രാഷ്ട്രീയത്തിൽ കാര്യമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയത് ഈ ഘട്ടത്തിലാണ്.

താക്കറെയുമായി താരതമ്യം ചെയ്താൽ മൃദുവായ രാഷ്ട്രീയമാണ് ഉദ്ധവ് പയറ്റിയത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം പിരിഞ്ഞ് ശിവസേന ഒറ്റയ്ക്ക് മത്സരിച്ചത് ഇതിന്റെ ഭാഗമായാണ്. എന്നിട്ടും 63 സീറ്റു നേടി. തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയെ പിന്തുണയ്ക്കുകയും വീണ്ടും എൻഡിഎയുടെ ഭാഗമാകുകയും ചെയ്തു. ബിജെപിയുടെ പിറകിലായതോടെ മുഖ്യമന്ത്രിസ്ഥാനത്തിന് വാദമുന്നയിക്കാനാവുമായിരുന്നില്ല.  2019-ൽ ഒന്നിച്ച് മത്സരിച്ചെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം സഖ്യം തകർന്നു. പിന്നീടുണ്ടായത് രാഷ്ട്രീയ നിരീക്ഷകരെപ്പോലും അമ്പരപ്പിക്കുന്ന കാര്യങ്ങളാണ്. എൻസിപിയുമായും കോൺഗ്രസുമായും ചേർന്ന മഹാ വികാസ് അഘാടി സഖ്യം രൂപീകരിച്ച് ശിവസേന അധികാരത്തിലേറി. താക്കറെ കുടുംബത്തിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ മാറി. 

ഉദ്ധവ് താക്കറെ (PTI Photo/Vijay Verma)

∙ തകർന്ന കോൺഗ്രസ് ശിവസേനയുടെ പിന്നാലെ 

കോൺഗ്രസിനെ പുറത്താക്കണമെന്ന് ജനം അഭിലഷിച്ചപ്പോഴാണ് ശിവസേനയും ബിജെപിയും ബദൽ ആയി ആദ്യം കടന്നുവന്നത്. ശക്തി ക്ഷയിച്ച ഇടതുപക്ഷത്തിന് കോൺഗ്രസിന് ബദലാകാൻ കഴിയുമായിരുന്നില്ല. സംസ്ഥാനം ഒറ്റയ്ക്ക് ഭരിക്കാൻ കഴിഞ്ഞ ഏക കക്ഷി കോൺഗ്രസ് ആയിരുന്നു. അതും ദീർഘകാലം. കരുത്തൻമാരുടെ ബലത്തിൽ ഏറെക്കാലം കൈവശം വച്ച സംസ്ഥാനം. മത ധ്രുവീകരണം ആണ് കോൺഗ്രസിന്റെയും തകർച്ചയ്ക്ക് ആക്കം കൂട്ടിയത് എന്നാണ് ഒരു വിലയിരുത്തൽ. ശരത്പവാർ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി രൂപീകരിച്ചു വിട്ടുപോയതോടെ കോൺഗ്രസിന്റെ പ്രതാപം അസ്തമിച്ചു.

ആദ്യഘട്ടമായി 1995 ശിവസേന-ബിജെപി സഖ്യം അധികാരം പിടിച്ചു. പിന്നീട് ഭരണത്തിലേറാൻ കഴിഞ്ഞെങ്കിലും 2014 ലെ മോദി തരംഗത്തിൽ കോൺഗ്രസ് തുടച്ചുനീക്കപ്പെട്ടു. ആദർശ് കുംഭകോണം പോലുള്ള വലിയ അഴിമതികൾ പരാജയത്തിന് ആക്കം കൂട്ടി. 70,000 കോടി രൂപയുടെ ജലസേചന അഴിമതികൾ വരൾച്ച മൂലം കർഷകർ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനത്തിന് ആത്മഹത്യാപരമായിരുന്നു. അൻപതിനായിരത്തോളം കർഷകർ ആത്മഹത്യ ചെയ്തു എന്നാണ് ഒരു കണക്ക്.

പരുത്തി കർഷകരുടെയും പഞ്ചസാര കർഷകരുടെയും അതൃപ്തി വലിയ ഘടകമായി വളർന്നു. തൊഴിലുറപ്പുപദ്ധതി പരാജയവും അഴിമതിയും നിറഞ്ഞതായി. അങ്ങനെ 15 വർഷം തുടർച്ചയായി ഭരിച്ച കോൺഗ്രസ് എൻസിപി സഖ്യം പരാജയപ്പെട്ടു. 2014 മോദി തരംഗത്തിൽ വെറും രണ്ടു സീറ്റിലേക്ക് കോൺഗ്രസ് ഒതുങ്ങി. 2019ലെ ആകട്ടെ പിന്നെയും തകർന്നു. കിട്ടിയത് ഒരേയൊരു സീറ്റ്. 

ശരദ് പവാർ (PTI Photo/Kunal Patil)

∙ പവാർ തട്ടിയെടുത്ത സേനയുടെ കളം

സോണിയ ഗാന്ധി വിദേശിയാണെന്നും മറാത്ത സംരക്ഷണം നടക്കുന്നില്ലെന്നും പറഞ്ഞാണ് ശരദ് പവാർ കോൺഗ്രസ് വിട്ടത്. ഇത് ശിവസേനയുടെ മുന്നേറ്റത്തിന് വിഘാതമായി. കോൺഗ്രസിന്റെ ഡിഎൻഎ ഇന്ത്യയുടേതല്ലെന്ന് പറഞ്ഞ് കോൺഗ്രസ് വിരോധം വളർത്തിയ താക്കറെയ്ക്ക് പവാറിന്റെ വരവ് ക്ഷീണം ചെയ്തു. 1998ന് ശേഷം ശിവസേനയുടെ മുന്നേറ്റത്തിന് കടിഞ്ഞാൺ വന്നത് അങ്ങനെയാണ്. മഹാരാഷ്ട്രയുടെ വികാരം പേറുന്നത് നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയാണെന്ന് പവാർ പ്രഖ്യാപിച്ചു.

താക്കറെയെ പ്രായം തളർത്തുന്ന കാലമായിരുന്നു. മകൻ ഉദ്ധവ് കടന്നുവരുമ്പോൾ രാഷ്ട്രീയ അനന്തരാവകാശി ആയി അതേവരെ കരുതിയിരുന്ന അനന്തരവൻ രാജ് താക്കറെ പിണങ്ങി. നവനിർമാൺ സേനയുമായി അദ്ദേഹം പോയി. ഉദ്ധവ് താക്കറെ പല കാര്യങ്ങളിലും പിതാവിനെപ്പോലെ ആയിരുന്നില്ല. പ്രത്യയശാസ്ത്രത്തെക്കാൾ വ്യക്തിപരമായ കാര്യങ്ങൾക്കാണ് അദ്ദേഹം പ്രാധാന്യം നൽകിയത്.

ഇതിനിടെ ബിജെപി രാജ്യമെങ്ങും മോദിയുടെ തണലിൽ ശക്തിപ്പെടുകയായിരുന്നു. 1995 മുതൽ 2014 വരെ ശിവസേനയായിരുന്നു പ്രധാനകക്ഷിയെങ്കിൽ 2014 ലെ മോദി തരംഗത്തിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 30 വർഷത്തെ കൂട്ടുകെട്ടിനു ശേഷം രണ്ടാമനാകാൻ തയാറായി ശൗര്യം ഒതുക്കിവച്ച് ശിവസേന കഴിഞ്ഞു. അടുത്തൊരു അവസരം കാത്ത്. 

ദേവേന്ദ്ര ഫഡ്നാവിസ് (Photo: REUTERS/Francis Mascarenhas)

∙ ഫഡ്നാവിസ് എന്ന വിജയം, പരാജയവും 

മോദി-ഫഡ്‌നാവിസ് ഭരണം. ഈ മുദ്രാവാക്യം ഉയർത്തിയത് 2019ൽ ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെയായിരുന്നു. മോദി കഴിഞ്ഞാൽ നാളെ ഞാൻ എന്ന ആ മുദ്രാവാക്യത്തിൽ നിന്ന് പലരും പലതും വായിച്ചെടുത്തെങ്കിൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. മഹാരാഷ്ട്രയിൽ നിന്ന് നാഗ്പൂരിലെ പിന്തുണയോടെ ദേശീയതലത്തിലേക്ക്. ഇതാണ് ഫഡ്‌നാവിസിന്റെ മനസ്സിലിരിപ്പ് എന്ന് ഒരു വിഭാഗം കരുതി. അവരെ കുറ്റപ്പെടുത്താനാവില്ല. എല്ലാം തികഞ്ഞ ആളായിരുന്നു ഫഡ്‌നാവിസ്. ചെറുപ്പം, വിദ്യാഭ്യാസയോഗ്യത, സംഘപരിവാർ ആസ്ഥാനം സ്ഥിതിചെയ്യുന്ന നാഗ്പൂരിൽ നിന്നുള്ള പോസ്റ്റർ ബോയ്. എന്നിട്ടും ഫഡ്‌നാവിസ് ഭരണമൊഴിഞ്ഞപ്പോൾ ഒരു ദുഃഖ കഥാപാത്രമായി മാറി.

ഫഡ്‌നാവിസ് 44–ാമത്തെ വയസ്സിൽ മഹാരാഷ്ട്രയുടെ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി ആയി മാറിയപ്പോൾ വലിയ അത്ഭുതങ്ങളാണ് പലരും പ്രതീക്ഷിച്ചത്. പക്ഷേ അത് ഉണ്ടായില്ല എന്നുമാത്രമല്ല അടുത്ത തവണ വീണ്ടും പാർട്ടിയെ അധികാരത്തിലെത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞില്ല. ആർഎസ്എസ് തട്ടകമായ നാഗ്പുരിൽ നിന്നാണ് അദ്ദേഹം വന്നത്. വിദേശ വിദ്യാഭ്യാസം അടക്കം ഉന്നത ബിരുദങ്ങളും സ്വന്തമായി ഉണ്ടായിരുന്നു. 2014ൽ അമിത്ഷാ അദ്ദേഹത്തെ മുഖ്യമന്ത്രിയായി നിയോഗിച്ചു. അഞ്ചുവർഷം മുഖ്യമന്ത്രി പദവിയിൽ കഴിഞ്ഞ ശേഷം പാർട്ടിയിൽ തന്നെ ഒറ്റപ്പെടുന്ന അവസ്ഥയാണ് അദ്ദേഹത്തിന് ഉണ്ടായത്. 

2019ൽ ശിവസേനയുമായി പ്രശ്നം ഉണ്ടായപ്പോൾ അതു പരിഹരിക്കാൻ പാർട്ടിയിലെ മുതിർന്നവർ അദ്ദേഹത്തെ സഹായിച്ചില്ല എന്നിടത്തോളം എത്തി കാര്യങ്ങൾ. മറിച്ച് പാർട്ടിയിൽ തഴയപ്പെട്ട മുതിർന്ന നേതാക്കൾ അദ്ദേഹത്തിന്റെ പതനത്തിൽ സന്തോഷിക്കുകയായിരുന്നു. മുഖ്യമന്ത്രി പദവിയിൽ ഇരിക്കെ രാഷ്ട്രീയ എതിരാളികളെക്കാൾ സ്വന്തം പാർട്ടിയിലെ എതിരാളികളുടെ പിന്നാലെയായിരുന്നു അദ്ദേഹം എന്നാണ് ആരോപണം. അതേസമയം വ്യക്തിപരമായ രാഷ്ട്രീയ വളർച്ചയ്ക്ക് വേണ്ടത് എല്ലാം അദ്ദേഹം ചെയ്തുകൊണ്ടേയിരുന്നു. 

ദേശീയതലത്തിൽ ഭാവിയുള്ള ഏറ്റവും പ്രധാന നേതാവായി അദ്ദേഹത്തെ ചുറ്റുമുള്ളവർ ഉയർത്തിക്കാട്ടിയത് ഇതിന്റെ പേരിലാണ്. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ മുതിർന്ന രണ്ട് മന്ത്രിസഭാംഗങ്ങൾക്ക് സീറ്റ് നിഷേധിക്കുന്നിടത്തോളം എത്തി കാര്യങ്ങൾ. മഹാരാഷ്ട്രയിലെ ഉന്നതനായ നിതിൻ ഗഡ്കരിയുമായി ആദ്യകാലത്ത് നല്ല ബന്ധം ഉണ്ടായിരുന്നു എങ്കിലും പിൽക്കാലത്ത് അത് മോശമായി. അങ്ങനെയാണ് 2019 ലെ തിരഞ്ഞെടുപ്പിൽ മോദി–ഫഡ്‌നാവിസ് സർക്കാർ എന്ന മുദ്രാവാക്യം ഉയർന്നത്, അമിത് ഷായും ഗഡ്കരിയും ഔട്ട്. ‘തിരിച്ചുവരും’ എന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹം ആവർത്തിച്ചുകൊണ്ടിരുന്നു. ജനം തനിക്ക് വോട്ട് ചെയ്യും എന്ന് വിശ്വസിക്കുന്ന ഒരു രാഷ്ട്രീയക്കാരൻ. തിരഞ്ഞെടുപ്പു കഴിഞ്ഞ് ചുറ്റും നോക്കിയപ്പോഴാണ് തനിക്ക് ചുറ്റും ആരുമില്ല എന്ന ഫഡ്‌നാവിസ് മനസ്സിലാക്കിയത്. മോദി അഭിനന്ദിച്ചു എങ്കിലും അമിത് ഷായുടെ ഇടപെടൽ ഉണ്ടായില്ല. 

ഫഡ്‌നാവിസുമായി ഒരിക്കലും നല്ല ബന്ധത്തിലായിരുന്നില്ല ശിവസേന. എങ്കിലും സഖ്യം തകർത്ത് അവർ പുറത്തുപോകും എന്ന് ആരും പ്രതീക്ഷിച്ചില്ല. രണ്ടാമൻ എന്ന പ്രതിഛായ കുടഞ്ഞുകളയാനുള്ള അവസരമായാണ് ഇതിനെ ശിവസേന കണ്ടത്. രണ്ടര വർഷം വീതം ഭരിക്കാം എന്ന ശിവസേനയുടെ വാദം ഫ‌ഡ്‌നാവിസിന് അംഗീകരിക്കാൻ ആവുമായിരുന്നില്ല. ബന്ധം പിരിയുന്നു എങ്കിൽ ഇതുതന്നെയാണ് നല്ല സമയം എന്ന ശിവസേനയും തീരുമാനിച്ചു. മുഖം നഷ്ടപ്പെട്ടത് ഫഡ്‌നാവിസിന് ആയിരുന്നു. തന്റെ തകർച്ചയിൽ ആരും കരയുന്നില്ല എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ശിവസേനയുടെ മുന്നിൽ അടിയറവു പറഞ്ഞ് നിശബ്ദനായി കഴിയുകയായിരുന്നു ഫഡ്‌നാവിസ് പിന്നിട്ട് ദിവസങ്ങൾ വരെ. ഇന്ന് മികച്ച ഓപ്പറേറ്റർ എന്ന കഴിവ് പുറത്തെടുക്കുകയാണ് ഫ‍ഡ്നാവിസ്. കേന്ദ്രത്തിലെ ബിജെപിയുടെ ഭരണവും സാമ്പത്തിക ശക്തിയും അദ്ദേഹത്തിന്റെ നീക്കങ്ങൾക്ക് പിന്തുണയേകുന്നു. 

ഉദ്ധവ് താക്കറെ (PTI Photo)

∙ ഉദ്ധവിന്റെ നേതൃത്വം

അടുത്തിടെ മുഖ്യമന്ത്രി എന്ന നിലയിൽ ഉദ്ധവ് എങ്ങനെ എന്ന് ഒരു ചാനൽ സർവേ നടത്തി. 68 ശതമാനം പേരാണ് പിന്തുണച്ചത്. താക്കറെയുടെ തീവ്രഭാവമല്ല ഉദ്ധവിനുള്ളത്. നല്ല ഭരണമാണ് ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സർക്കാർ കാഴ്ചവച്ചത് എന്നാണ് പൊതുവിലയിരുത്തലുണ്ടായതും. കഴിയുന്നത്ര ബിജെപിയെ കുത്തിമുറിവേൽപ്പിക്കാനും ഇതിനിടെ പാർട്ടി ശ്രമിച്ചു. അധികം സംസാരിക്കാതെ, കാര്യങ്ങൾ ചെയ്യുന്നയാളാണ് ഉദ്ധവ്. ചെയ്യും ചെയ്യും എന്ന പ്രതീക്ഷ നൽകിയ നേതാവായ ഫഡ്നാവിസ് ഒന്നും ചെയ്തില്ലെന്നാണ് വിമർശനമുയർന്നത്. ഇവിടെയാണ് ഉദ്ധവ് ജനപിന്തുണ നേടിയത്. അതിനാൽ ഇപ്പോഴത്തെ കോലാഹലങ്ങൾ കഴിഞ്ഞാലും ഉദ്ധവ് മടങ്ങിവരും എന്നാണ് വിലയിരുത്തൽ. മകൻ ആദിത്യ താക്കറെയുടെ ഇടപെടലുകളും ജനത്തിന് ഇഷ്ടമാണ്. സ്വന്തം പാർട്ടിയിൽ തൽക്കാലം ദുർബലനായെങ്കിലും ശക്തമായ ജനപിന്തുണയോടെ ഉദ്ധവ് മടങ്ങിവരാൻ സാധ്യതയുണ്ട്. ആരൊക്കെ വിട്ടുപോയാലും ഭദ്രമായ അടിത്തറയുണ്ടെന്ന് ശിവസേന മുൻപ് തെളിയിച്ചിട്ടുണ്ട്.

1991ൽ ഛഗൻ ഭുജ്ബൽ പാർട്ടി വിട്ടുപോയിട്ടുണ്ട്. പിന്നീട് എൻസിപിയിൽ ചേർന്ന അദ്ദേഹം ഉദ്ധവ് മന്ത്രിസഭയിലെ അംഗമായി. 2005ലാണ് മറ്റൊരു പ്രമുഖനായ നാരായൺ റാണെ വിട്ടുപോയത്. 1999 ൽ കുറച്ചുകാലം മുഖ്യമന്ത്രി പദവി വഹിച്ച റാണെ പിന്നീട് ബിജെപിയിൽ ചേർന്നു. ശിവസേനയ്ക്ക് വലിയ തിരിച്ചടി നൽകികൊണ്ടാണ് രാജ് താക്കറെ 2006-ൽ പാർട്ടി വിട്ടത്. ബാൽ താക്കറെയുടെ സഹോദര പുത്രൻ കൂടിയായ രാജ് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) എന്ന പേരിൽ സ്വന്തമായി പാർട്ടി രൂപീകരിക്കുകയും ചെയ്തു. ബിജെപിയിൽ ചേർന്ന് കേന്ദ്രമന്ത്രിയായ സുരേഷ് പ്രഭുവാണ് മറ്റൊരു പ്രമുഖൻ. ഇത്രയൊക്കെ തിരിച്ചടി നേരിട്ടപ്പോഴും സേന പിടിച്ചുനിന്നു. ഇത്തവണ ഏക്നാഥ് ഷിൻഡെയുടെ കലാപത്തിൽ നിയമസഭാംഗങ്ങൾ ഏറെക്കുറെ മുഴുവനായും വിട്ടുപോയി. പാർട്ടി അടിത്തട്ടിൽ നിലനിൽക്കുമോയെന്ന് വ്യക്തമാകണമെങ്കിൽ അടുത്ത തിരഞ്ഞെടുപ്പുവരെ കാക്കണം. 

∙ എന്തുകൊണ്ട് ‘സേനാ’കലാപം?

അടിസ്ഥാന ആശയങ്ങളിൽ നിന്ന് ശിവസേന വ്യതിചലിക്കുന്നു എന്നതിൽ വലിയൊരു വിഭാഗം നേതാക്കൾക്ക് അമർഷമുണ്ട്. ബിജെപിയേക്കാൾ തീവ്ര ഹിന്ദു ആഭിമുഖ്യ രാഷ്ട്രീയമാണ് ശിവസേന എക്കാലത്തും പയറ്റിയത്. ആ കളരിയിൽ നിന്നു വരുന്ന നേതാക്കൾക്ക് ഇപ്പോൾ സേന നടത്തിവരുന്ന ബിജെപി വിരുദ്ധ ആഞ്ഞടികൾ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. ആ അമർഷത്തിന്റെ പാരമ്യം കൂടിയാണ് ഏക്നാഥ് ഷിൻഡെയിൽ കൂടി പുറത്തുവരുന്നത്.

2012ൽ ബാൽ താക്കറെയുടെ മരണശേഷം ശിവസേന താരതമ്യേന അതിതീവ്ര നിലപാടുകൾ ഒഴിവാക്കിയാണ് പ്രവർത്തിച്ചത്. താക്കറെയുമായി താരതമ്യപ്പെടുത്തുമ്പോൾ ഡ്രോയിങ് റൂം രാഷ്ട്രീയക്കാരനാണ് ഉദ്ധവ്. പിതാവിനെപ്പോലെ ബഹളക്കാരനോ കരിസ്മാറ്റിക് വാഗ്മിയോ അല്ല. ശിവസേനയുടെ കേഡർ ശക്തി കാരണം ആണ് കഴിഞ്ഞതവണ വിജയിച്ചത്. പക്ഷേ വേണ്ടിവന്നാൽ ഒറ്റദിവസം കൊണ്ട് ശിവസേനയുടെ ‘നിറംമാറു’മെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. വിമതരെ തിരിച്ചുവിളിക്കാൻ ഉദ്ധവ് ഉപയോഗിച്ച വാക്കുകൾ അതുതന്നെയായിരുന്നു. പാർട്ടി തീവ്രഹിന്ദുത്വം കൈവിടില്ല എന്ന്.

ഹിന്ദുത്വ വിഷയങ്ങളിൽ ബിജെപിയേക്കാൾ ശക്തമായ നിലപാടാണ് ശിവസേന അടുത്തകാലം വരെ സ്വീകരിച്ചിരുന്നതെന്നും ഓർക്കാം. രാമക്ഷേത്രം, പൗരത്വ വിഷയം തുടങ്ങിയ വിഷയങ്ങളിൽ ശിവസേന ബിജെപിയെ കടത്തിവെട്ടി. ഉദ്ധവ് താക്കറെ തന്നെ 2013-ൽ ഗോഡ്സെയെ ദേശസ്നേഹിയെന്ന് വിളിച്ചു. തൽക്കാലം എല്ലാം ഒന്ന് മരവിപ്പിച്ചുനിർത്തിയിരിക്കുകയാണ്. ഇതാണ് ഉദ്ധവിന്റെ കാര്യമെങ്കിൽ മകൻ ആദിത്യ താക്കറെ ഒന്നുകൂടി സൌമ്യനാകുകയാണ്. കഴിഞ്ഞ തവണ വർളിയിൽ മത്സരിക്കുമ്പോൾ ആദിത്യ താക്കറെ ലുങ്കി ധരിച്ച് വോട്ടുപിടിച്ചു. ഇതരസംസ്ഥാനക്കാരുടെ വോട്ടായിരുന്നു ലക്ഷ്യം. മാറ്റം സോഷ്യൽ എൻജിനീയറിങ്ങിന്റെ ഭാഗമാണെന്ന് ഒപ്പമുള്ളവർ വിശദീകരിച്ചു. മണ്ണിന്റെ മക്കളുടെ സ്ഥാനത്ത് മറ്റുള്ളവരെയും അംഗീകരിച്ചു. ശിവസേനയുടെ ചരിത്രം മാറ്റിയെഴുതാനാണ് ആദിത്യ ഇതിലൂടെ ശ്രമിച്ചത്.

ശിവസേന അങ്ങനെ ഇന്ത്യൻ ലിബറലുകളുടെ ശ്രദ്ധ ആകർഷിച്ചു. ബിജെപിയെ അകറ്റിനിർത്താനും മോദി-ഷായുടെ അനിയന്ത്രിതമായ ശക്തി നിയന്ത്രിക്കാനും ശിവസേനയുടെ ആക്രമണങ്ങൾക്ക് കഴിയുമെന്ന് ചിലരെങ്കിലും കരുതി. അങ്ങനെ ജനപക്ഷത്തേക്കും ഇടതുപക്ഷത്തേക്കും ചരിയാൻ നേതൃത്വം ശ്രമിച്ചപ്പോൾ അനുയായികൾ മറുവശത്തേക്ക് തിരിഞ്ഞു. കാലം മായ്ച്ചു എന്നു കരുതിയ വരകൾ തിരിച്ചെടുക്കാൻ ശ്രമിക്കുന്ന കടുവയായി പാർട്ടിയെ മാറ്റാൻ ആണ് ശിവസേന അനുയായികളുടെ ശ്രമം. അവരുടെ വികാരത്തിനൊപ്പം നേതൃത്വവും പോകുമോ എന്നത് ഇനിയുള്ള ദിവസങ്ങളിൽ വ്യക്തമാകും. 

English Summary: Special Political Analysis on Shiv Sena on the backdrop on revolt in the party