ഡോളർ വിപണിയിലെത്തിച്ചു രൂപയെ പിടിച്ചു നിർത്താനുള്ള ശ്രമങ്ങൾ ആർബിഐയുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ടെങ്കിലും ഇതു ശാശ്വത പരിഹാരമല്ല. ഇന്ത്യയുടെ വിദേശനാണ്യശേഖരം വീണ്ടും ദുർബലമാകാനേ ഈ ഡോളർ വിറ്റഴിക്കൽ ഇടയാക്കുന്നുള്ളൂ എന്ന വിമർശനം നിലനിൽക്കുന്നുമുണ്ട്. രൂപയുടെ മൂല്യം ഇടിയുന്നത് സ്വർണവില കൂടാൻ കാരണമാകുന്നത് ഇറക്കുമതിച്ചെലവ് വർധിക്കുന്നതിനാലാണ്... Gold rate, India, Indian Rupee

ഡോളർ വിപണിയിലെത്തിച്ചു രൂപയെ പിടിച്ചു നിർത്താനുള്ള ശ്രമങ്ങൾ ആർബിഐയുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ടെങ്കിലും ഇതു ശാശ്വത പരിഹാരമല്ല. ഇന്ത്യയുടെ വിദേശനാണ്യശേഖരം വീണ്ടും ദുർബലമാകാനേ ഈ ഡോളർ വിറ്റഴിക്കൽ ഇടയാക്കുന്നുള്ളൂ എന്ന വിമർശനം നിലനിൽക്കുന്നുമുണ്ട്. രൂപയുടെ മൂല്യം ഇടിയുന്നത് സ്വർണവില കൂടാൻ കാരണമാകുന്നത് ഇറക്കുമതിച്ചെലവ് വർധിക്കുന്നതിനാലാണ്... Gold rate, India, Indian Rupee

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡോളർ വിപണിയിലെത്തിച്ചു രൂപയെ പിടിച്ചു നിർത്താനുള്ള ശ്രമങ്ങൾ ആർബിഐയുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ടെങ്കിലും ഇതു ശാശ്വത പരിഹാരമല്ല. ഇന്ത്യയുടെ വിദേശനാണ്യശേഖരം വീണ്ടും ദുർബലമാകാനേ ഈ ഡോളർ വിറ്റഴിക്കൽ ഇടയാക്കുന്നുള്ളൂ എന്ന വിമർശനം നിലനിൽക്കുന്നുമുണ്ട്. രൂപയുടെ മൂല്യം ഇടിയുന്നത് സ്വർണവില കൂടാൻ കാരണമാകുന്നത് ഇറക്കുമതിച്ചെലവ് വർധിക്കുന്നതിനാലാണ്... Gold rate, India, Indian Rupee

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വർണത്തിന്റെ ഇറക്കുമതി നികുതി ഒറ്റയടിക്ക് അഞ്ച് ശതമാനം വർധിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിനു പിന്നാലെ സംസ്ഥാനത്ത് സ്വർണവില കുതിക്കുകയാണ്. ശനിയാഴ്ച 400 രൂപ കൂടി പവന് ഉയർന്നതോടെ കേന്ദ്ര സർക്കാർ തീരുമാനത്തിനു ശേഷം ആകെ ഉയർന്നത് 1160 രൂപയാണ്. പവന് വില 38,400 രൂപയായി ഉയർന്നു. വെള്ളിയാഴ്ച 760 രൂപയും ശനിയാഴ്ച 400 രൂപയും പവന് കൂടി. രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞാൽ സ്വർണവില പരിധി വിട്ട് ഉയരും. നികുതി വർധനകൊണ്ടു മാത്രം പവന് 800 മുതൽ 1000 രൂപ വരെ ഇനിയും കൂടിയേക്കാമെന്ന സാഹചര്യത്തിൽ രൂപയുടെ മൂല്യമാണു വരും ആഴ്ചകളിൽ സ്വർണവിലയിൽ കാര്യമായ സ്വാധീനം ചെലുത്തുക. നിലവിൽ ഡോളറിനെതിരെ റെക്കോർഡ് തകർച്ചയിലാണു രൂപ. വരും ദിവസങ്ങളിൽ തന്നെ രൂപയുടെ മൂല്യം 80 കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡോളർ വിറ്റഴിച്ചിട്ടും രൂപയെ രക്ഷിക്കാൻ കഴിയുന്നില്ലെന്നതാണു യാഥാർഥ്യം. ഡോളർ കരുത്താർജിക്കുന്നതു തുടർന്നാൽ രാജ്യത്തു സ്വർണവില കുതിച്ചുയരും. രാജ്യാന്തര വിപണിയിൽ വലിയ ഇടിവ് ഉണ്ടായെങ്കിൽ മാത്രമാണ് കേരളത്തിൽ നേരിയ വിലക്കുറവെങ്കിലും പ്രതീക്ഷിക്കേണ്ടത്.

നികുതി കൂട്ടിയാൽ വിലയും കൂടും

ADVERTISEMENT

7.5 ശതമാനമായിരുന്ന സ്വർണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി 12.5 ശതമാനമായാണു വർധിപ്പിച്ചത്. 5 ശതമാനം വർധന വലിയ തോതിൽ വില കൂടാൻ കാരണമാകും. ഒരു കിലോഗ്രാം സ്വർണം ഇറക്കുമതി ചെയ്യുമ്പോൾ 2.25 ലക്ഷം രൂപയുടെ വർധനയാണ് കസ്റ്റംസ് ഡ്യൂട്ടി പരിഷ്കരണം മൂലം ഉണ്ടാകുന്നത്. ഇതിന് ആനുപാതികമായ വർധന സ്വർണ ഉപയോക്താവിലേക്കും വരും. നികുതി വർധനയും രൂപയുടെ റെക്കോർഡ് ഇടിവും മൂലം വെള്ളിയാഴ്ച രാവിലെ 960 രൂപയുടെ വർധനയാണു കേരളത്തിലെ വിപണിയിൽ ഉണ്ടായത്. എന്നാൽ രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ നേരിയ കുറവുണ്ടായതോടെ പവന് 200 രൂപ കുറച്ചു. എങ്കിലും 760 രൂപയുടെ വർധന നിലനിന്നു. ഇതിനൊപ്പമാണ് 400 രൂപ ശനിയാഴ്ച ഉയർന്നത്. ഡോളറിനെതിരെ രൂപയുടെ റെക്കോർഡ് ഇടിവ് തുടരുന്ന സാഹചര്യത്തിൽ കറന്റ് അക്കൗണ്ട് കമ്മി കുറച്ചു സമ്പദ്‌വ്യവസ്ഥയെ പിടിച്ചു നിർത്താനാണു കേന്ദ്ര സർക്കാർ നികുതി കൂട്ടിയത്.

സ്വർണാഭരണങ്ങൾ. ചിത്രം: മനോരമ

സ്വർണം ഇറക്കുമതിക്ക് 18 ശതമാനം നികുതി

2011 ൽ ആണ് സ്വർണത്തിന് രാജ്യം ആദ്യമായി ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തുന്നത്. അന്ന് ഒരു ശതമാനമായിരുന്നു കസ്റ്റംസ് ഡ്യൂട്ടി. എന്നാൽ 11 വർഷങ്ങൾ കഴിയുമ്പോൾ സ്വർണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി 12.5 ശതമാനമായി ഉയർന്നു. ഇതിനൊപ്പം സെസുകളും ചേരുമ്പോൾ നികുതി 15 ശതമാനമാകും. കൂടാതെ ഇറക്കുമതിക്ക് 3 ശതമാനം ജിഎസ്ടിയും ബാധകമാണ്. വിലയുടെ 18 ശതമാനമാണു സ്വർണ ഇറക്കുമതിക്കു രാജ്യത്ത് ഇപ്പോൾ നികുതിയായി നൽകേണ്ടത്. സ്വർണത്തിന്റെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി (ബിസിഡി) 12.5 ശതമാനമാണ്. ഇത് ഓരോ ദിവസത്തെയും വിപണി വില അനുസരിച്ചാണു കണക്കാക്കുന്നത്. കൃഷി–അടിസ്ഥാന വികസന സെസ് 2.5 ശതമാനവും ഇറക്കുമതിയിൽ ഈടാക്കും. ഇങ്ങനെയാണ് ഇറക്കുമതി നികുതി 15 ശതമാനമാകുന്നത്. കസ്റ്റംസ് ഡ്യൂട്ടി 7.5 ശതമാനമായിരുന്നപ്പോൾ ഈ നികുതിയുടെ 10 ശതമാനം (0.75 ശതമാനം) സാമൂഹിക സുരക്ഷാ സർചാർജ് ആയി ഈടാക്കിയിരുന്നു. ഇതു നികുതി നിരക്ക് കൂട്ടിയപ്പോൾ കേന്ദ്രസർക്കാർ ഒഴിവാക്കിയിട്ടുണ്ട്.

സ്വർണാഭരണങ്ങൾ

സ്വർണ കള്ളക്കടത്ത് കൂടിയേക്കും

ADVERTISEMENT

നികുതി വർധന വിവിധ തരത്തിലുള്ള പ്രതിഫലനങ്ങളാണു വിപണിയിൽ ഉണ്ടാക്കുക. വില ഉയരുന്നു എന്നതാണ് ഇതിൽ പ്രധാനം. എന്നാൽ ഉയർന്ന ഇറക്കുമതി നികുതി കള്ളക്കടത്തു കൂടാൻ കാരണമായേക്കും. നിലവിൽ ഒരു കിലോഗ്രാം സ്വർണം ഇറക്കുമതി ചെയ്യുമ്പോൾ ജിഎസ്ടി അടക്കം 18 ശതമാനം നികുതി നൽകേണ്ടതുണ്ട്. ഇപ്പോഴത്തെ സ്വർണവില അനുസരിച്ച് (52 ലക്ഷം രൂപയോളം) ഏതാണ്ട് 8.12 ലക്ഷം രൂപ നികുതി അടയ്ക്കണം. വലിയ നികുതി വെട്ടിപ്പിനുള്ള സാധ്യത കൂട്ടും. കള്ളക്കടത്തിനൊപ്പം നികുതി വെട്ടിച്ചുകൊണ്ടുള്ള അനധികൃത വ്യാപാരവും കൂടാൻ സാധ്യതയുണ്ട്. ഇത് രാജ്യത്തിന്റെ ജിഎസ്ടി വരുമാനത്തെയും ബാധിച്ചേക്കാം.

എന്തുകൊണ്ട് നികുതി വർധന?

രൂപയുടെ മൂല്യം റെക്കോർഡിൽ നിന്ന് റെക്കോർഡ് താഴ്ചയിലേക്ക് ഇടിയുന്ന സാഹചര്യത്തിൽ ഇറക്കുമതി ചെലവു കുറച്ച്, രൂപയെയും അതുവഴി സമ്പദ്ഘടനയെയും പിടിച്ചു നിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കേന്ദ്ര സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി നികുതി വലിയ തോതിൽ കൂട്ടിയത്. കോവിഡിനു ശേഷം രാജ്യത്തിന്റെ സ്വർണ ഇറക്കുമതി കുത്തനെ ഉയർന്നിരുന്നു. 2020 ൽ കോവിഡിനെ തുടർന്ന് 430 ടണ്ണിലേക്ക് സ്വർണ ഇറക്കുമതി കുറഞ്ഞിരുന്നെങ്കിലും 2021 സാമ്പത്തിക വർഷത്തിൽ ഇറക്കുമതി 1050 ടണ്ണിനു മുകളിലായി. 2021 കലണ്ടർ വർഷത്തിൽ ഇറക്കുമതി 925 ടണ്ണാണ്. ഈ വർഷവും സ്വർണ ഇറക്കുമതിയിൽ വലിയ കുതിപ്പാണു പ്രകടമാകുന്നത്. ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും വലിയ സ്വർണ ഉപയോക്താക്കളാണ് ഇന്ത്യ. കഴിഞ്ഞ മേയിൽ 107 ടൺ സ്വർണമാണ് ഇറക്കുമതി ചെയ്തത്. ഒരു വർഷം മുൻപ് കോവിഡ് അടക്കമുള്ള പ്രശ്നങ്ങൾ രൂക്ഷമായിരുന്ന ഇതേ മാസം ഇറക്കുമതി ഏകദേശം 11 ടൺ മാത്രമായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ 30 ടൺ ആയിരുന്ന ഇറക്കുമതിയാണ് മേയിൽ മൂന്നിരട്ടിയിലേറെ വർധിച്ചത്. ഇറക്കുമതി വർധിക്കുന്നത് ഇന്ത്യയുടെ വിദേശനാണ്യശേഖരത്തെയും സാരമായി ബാധിക്കും. 

Photo: INDRANIL MUKHERJEE / AFP

ഇറക്കുമതിക്ക് ഡോളർ നൽകേണ്ടതിനാൽ ഇറക്കുമതി കൂടുന്നത് രൂപയെ തളർത്തുന്നതാണു കാരണം. അസംസ്കൃത എണ്ണയാണു നിലവിൽ ഇന്ത്യ ഏറ്റവും കൂടുതലായി ഇറക്കുമതി ചെയ്യുന്നത്. ആകെ ആവശ്യമുള്ളതിന്റെ 85 ശതമാനവും ഇന്ത്യ ഡോളർ കൊടുത്ത് വിദേശ രാജ്യങ്ങളിൽ നിന്നു വാങ്ങുകയാണ്. അസംസ്കൃത എണ്ണയുടെ ഇറക്കുമതി നിയന്ത്രണം എളുപ്പമല്ല. ഇത്തരത്തിൽ ഇറക്കുമതിക്കായി കൂടുതൽ ഡോളർ ആവശ്യമായി വരുന്നത് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മിയും വ്യാപാരക്കമ്മിയും വലിയ തോതിൽ കൂട്ടുകയാണ്. ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യം കയറ്റുമതി ചെയ്യുന്നവയുടേതിനെക്കാൾ കൂടുതലാകുന്ന അവസ്ഥയാണ് കറന്റ് അക്കൗണ്ട് കമ്മി. രാജ്യത്തിന്റെ ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വിടവാണ് ഇതു സൂചിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം 1.2 ശതമാനമായിരുന്ന കമ്മി ഇക്കൊല്ലം 3 ശതമാനമാകുമെന്നാണു വിലയിരുത്തൽ.

ADVERTISEMENT

ഡോളർ കൂടുതൽ കരുത്താർജിക്കുന്ന സാഹചര്യത്തിൽ കറന്റ് അക്കൗണ്ട് കമ്മി, വ്യാപാരക്കമ്മി എന്നിവ കൂടുന്നതു നിയന്ത്രിക്കാനാണു കേന്ദ്രം നികുതി വർധിപ്പിച്ചത്. രാജ്യത്തിന്റെ വ്യാപാരക്കമ്മി റെക്കോർഡ് ഉയരത്തിലാണ്. ഇന്ത്യ പ്രതിവർഷം ശരാശരി 800 മുതൽ 900 ടൺ സ്വർണം ഇറക്കുമതി ചെയ്യുന്നുണ്ട്. നികുതി വർധിപ്പിക്കുന്നത് ഇറക്കുമതിയും അതുവഴി കമ്മിയും കുറയാനിടയാക്കും. കേന്ദ്രത്തിന്റെ നികുതി വരുമാനവും കൂടും. അതേസമയം 2011 ൽ ഒരു ശതമാനമായിരുന്ന നികുതി 15 ശതമാനം വരെ ഉയർത്തിയിട്ടും ഇറക്കുമതിയിൽ കാര്യമായ കുറവുണ്ടായിട്ടില്ലെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. സ്വർണ പുനരുപയോഗം ഉറപ്പാക്കിയെങ്കിലേ ഇറക്കുമതി കുറയ്ക്കാനാകൂ. അതിനുള്ള ഫലപ്രദമായ പദ്ധതികളാണു രാജ്യം ആവിഷ്കരിക്കേണ്ടത്.

AFP PHOTO/NARINDER NANU

‘വ്യാപാരമേഖലയെ ദുർബലമാക്കും’

ഇറക്കുമതി നികുതി വലിയ തോതിൽ വർധിപ്പിച്ചത് വ്യാപാരമേഖലയെ ദുർബലമാക്കുമെന്നും സ്വർണക്കള്ളക്കടത്ത് വൻതോതിൽ കൂടാൻ കാരണമാകുമെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററും ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടറുമായ എസ്.അബ്ദുൽ നാസർ പറഞ്ഞു. ആഭ്യന്തര വിപണിയിൽ വില കൂടുന്നതു വ്യാപാരം കുറയാനിടയാക്കും. രൂപ ദുർബലമാകുന്നതിനാൽ ഇപ്പോൾ തന്നെ രാജ്യത്ത് സ്വർണവില കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിൽ നികുതി വർധന കൂടി വരുന്നതു വ്യാപാരമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും കച്ചവടക്കാർ പറയുന്നു. ഓണം ഉൾപ്പെടെയുള്ള ഉത്സവ സീസണിലേക്ക് അടുക്കുമ്പോഴാണ് ഈ വില വർധന. സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ 4 ശതമാനമാക്കി കുറയ്ക്കണമെന്നു വ്യാപാരികൾ ആവശ്യപ്പെടുന്ന സാഹചര്യത്തിലാണു നികുതി 15 ശതമാനമായി ഉയർത്തിയത്. കള്ളക്കടത്തുകാർക്കു മാത്രമാണു പുതിയ തീരുമാനം കൊണ്ടു നേട്ടമുണ്ടാകുകയെന്നും വ്യാപാരി സംഘടനകൾ പറയുന്നു.

സ്വർണവില: രൂപയും രാജ്യാന്തര വിലയും നിർണായകം

വരും ആഴ്ചകളിൽ സ്വർണവിലയുടെ ഗതി നിർണയിക്കുന്നത് ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യവും രാജ്യാന്തര സ്വർണവിലയുമാണ്. രാജ്യാന്തര വിലയിൽ ചെറിയ തോതിൽ വർധന ഉണ്ടാകുന്നുണ്ട്. വെള്ളിയാഴ്ച ട്രോയ് ഔൺസിന് (31.1 ഗ്രാം സ്വർണം) 1790 ഡോളർ‌ നിലവാരത്തിലേക്കു താഴ്ന്ന സ്വർണവില 1810 നിലവാരത്തിലേക്ക് ശനിയാഴ്ച തിരികെയെത്തി. ഡോളർ ശക്തി പ്രാപിക്കുന്നുണ്ടെങ്കിലും കാര്യമായ ഇടിവു രാജ്യാന്തര തലത്തിൽ സ്വർണവിലയിൽ ഉണ്ടാകുന്നില്ല. അതേസമയം ആഗോളതലത്തിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളോ സമ്മർദങ്ങളോ നേരിട്ടാൽ സ്വർണവിലയിൽ പെട്ടെന്നുള്ള വർധനയുണ്ടായേക്കും. റഷ്യ–യുക്രെയ്ൻ യുദ്ധം ഇപ്പോൾ സ്വർണവിലയെ കാര്യമായി ബാധിക്കുന്നില്ല. അതേസമയം പണപ്പെരുപ്പത്തെ നിയന്ത്രിക്കാനായി അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് വലിയ തോതിൽ പലിശ നിരക്ക് ഉയർത്താനുള്ള തീരുമാനത്തിലാണ്. ഇത് ഡോളറിനെ വീണ്ടും ശക്തമാക്കും. ഡോളർ വീണ്ടും കരുത്താർജിക്കുന്നതു വൻകിട നിക്ഷേപകരെ ഒരുപക്ഷേ, സ്വർണം വിൽക്കാൻ പ്രേരിപ്പിച്ചേക്കാം. എങ്കിലും മാന്ദ്യം ഉൾപ്പെടെയുള്ള ഭീഷണി നിലനിൽക്കുന്നതിനാൽ സ്വർണം വിട്ടുകളയാൻ നിക്ഷേപകർ തയാറായേക്കില്ലെന്ന വിലയിരുത്തലുമുണ്ട്. 

ഡോളർ ശക്തമാകാനുള്ള സാഹചര്യങ്ങളെല്ലാം പക്ഷേ, ഇന്ത്യൻ രൂപയ്ക്ക് തിരിച്ചടിയാകുന്നതാണ്. ഫെഡറൽ റിസർവ് 3.5 മുതൽ 4 ശതമാനം വരെ പലിശ വർധിപ്പിക്കുന്നത് ഇന്ത്യൻ ഓഹരി–നാണ്യ വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിൻമാറ്റത്തിന് ആക്കം കൂട്ടും. ഡോളർ ഡിമാൻഡ് കുതിച്ചുയരാനും രൂപ വീണ്ടും ദുർബലമാകാനും ഇതിടയാക്കും. ഡോളർ വിപണിയിലെത്തിച്ചു രൂപയെ പിടിച്ചു നിർത്താനുള്ള ശ്രമങ്ങൾ ആർബിഐയുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ടെങ്കിലും ഇതു ശാശ്വത പരിഹാരമല്ല. ഇന്ത്യയുടെ വിദേശനാണ്യശേഖരം വീണ്ടും ദുർബലമാകാനേ ഈ ഡോളർ വിറ്റഴിക്കൽ ഇടയാക്കുന്നുള്ളൂ എന്ന വിമർശനം നിലനിൽക്കുന്നുമുണ്ട്. രൂപയുടെ മൂല്യം ഇടിയുന്നത് സ്വർണവില കൂടാൻ കാരണമാകുന്നത് ഇറക്കുമതിച്ചെലവ് വർധിക്കുന്നതിനാലാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 80 കഴിഞ്ഞും ഇടിഞ്ഞാൽ സ്വർണവില പവന് 39000–40000 രൂപ നിലവാരത്തിലേക്ക് വീണ്ടുമെത്തും. കേന്ദ്രത്തിന്റെ നികുതി വർധനയെത്തുടർന്ന് സ്വർണ ഇറക്കുമതിയിൽ കുറവുണ്ടാകുമോ എന്ന് കാത്തിരുന്നു തന്നെ കാണേണ്ടിവരും.

English Summary: Changes in gold rate after rupee falling against US dollar