പ്രതിസന്ധി വരുന്ന സമയത്ത് അദ്ദേഹം അത് ആസ്വദിക്കും. അല്ലാത്തപ്പോൾ ഇതു പോരാ എന്ന തോന്നലാകും ഉണ്ടാകുക. ഓരോ ദിവസവും ഓരോ ആരോപണവും കൊണ്ടു വന്നാലും ഒരു ബുദ്ധിമുട്ടും അദ്ദേഹത്തിന് ഉണ്ടാകില്ല. സുഖമായി വീട്ടിൽ പോയി രുചിയറിഞ്ഞു ഭക്ഷണം കഴിച്ചു കിടന്നുറങ്ങുന്നുണ്ടാകും... AK Balan, CPM, CrossFire

പ്രതിസന്ധി വരുന്ന സമയത്ത് അദ്ദേഹം അത് ആസ്വദിക്കും. അല്ലാത്തപ്പോൾ ഇതു പോരാ എന്ന തോന്നലാകും ഉണ്ടാകുക. ഓരോ ദിവസവും ഓരോ ആരോപണവും കൊണ്ടു വന്നാലും ഒരു ബുദ്ധിമുട്ടും അദ്ദേഹത്തിന് ഉണ്ടാകില്ല. സുഖമായി വീട്ടിൽ പോയി രുചിയറിഞ്ഞു ഭക്ഷണം കഴിച്ചു കിടന്നുറങ്ങുന്നുണ്ടാകും... AK Balan, CPM, CrossFire

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതിസന്ധി വരുന്ന സമയത്ത് അദ്ദേഹം അത് ആസ്വദിക്കും. അല്ലാത്തപ്പോൾ ഇതു പോരാ എന്ന തോന്നലാകും ഉണ്ടാകുക. ഓരോ ദിവസവും ഓരോ ആരോപണവും കൊണ്ടു വന്നാലും ഒരു ബുദ്ധിമുട്ടും അദ്ദേഹത്തിന് ഉണ്ടാകില്ല. സുഖമായി വീട്ടിൽ പോയി രുചിയറിഞ്ഞു ഭക്ഷണം കഴിച്ചു കിടന്നുറങ്ങുന്നുണ്ടാകും... AK Balan, CPM, CrossFire

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിപിഎമ്മും അതിന്റെ മുഖ്യമന്ത്രിയും ആക്രമണങ്ങൾക്ക് വിധേയനാകുന്ന ഈ വേളയിൽ പ്രതിരോധത്തിനു മുന്നിൽ നിൽക്കുന്ന സഖാക്കളിൽ പ്രധാനിയാണ് മുതിർന്ന നേതാവും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ.ബാലൻ. വിഎസ് സർക്കാരിലും ഒന്നാം പിണറായി സർക്കാരിലും മന്ത്രി ആയിരുന്ന ചുരുക്കം നേതാക്കളിൽ ഒരാൾ കൂടിയാണ് ബാലൻ. പാർലമെന്ററി രംഗത്ത് സിപിഎമ്മിന്റെ മുഖങ്ങളിൽ ഒരാളായിരുന്ന മുൻ ലോക്സഭാംഗം കൂടിയായ ബാലൻ ഇന്ന് സംഘടനാ രംഗത്താണു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പാർട്ടി ആസ്ഥാനമായ എകെജി സെന്ററിലെ നേതൃനിരയുടെ ഭാഗമായി പ്രവർത്തിക്കുന്ന അദ്ദേഹം സഹപ്രവർത്തകർക്കും പുതിയ തലമുറയിൽ പെട്ടവർക്കും ഏതു സമയത്തും ആശ്രയിക്കാവുന്ന ഉറ്റസഖാവായാണ് അറിയപ്പെടുന്നത്.

തലശേരി ബ്രണ്ണൻ കോളജ് കാലം മുതൽ പിണറായി വിജയനുമായി ഉറ്റബന്ധം പുലർത്തുന്ന ബാലൻ മുഖ്യമന്ത്രിക്കെതിരെ ഇപ്പോൾ ഉയർന്നു വരുന്ന ആരോപണങ്ങളിലെ പാർട്ടി നിലപാട് ഈ അഭിമുഖത്തിൽ വിശദമാക്കുന്നു. ദലിത് വിഭാഗത്തിൽ നിന്നും സിപിഎമ്മിന്റെ ഉന്നത നേതൃനിരയിലേക്ക് ഉയർന്നുവന്ന ഏറ്റവും പ്രമുഖനായ നേതാവ് കൂടിയായ ബാലൻ ആ പരിമിത സാഹചര്യങ്ങളെ കൂടി അഭിമുഖത്തിൽ ഓർത്തെടുക്കുന്നു. മലയാളമനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ എ.കെ.ബാലൻ സംസാരിക്കുന്നു.

ADVERTISEMENT

∙എകെജി സെന്ററിനു നേരേ ഉണ്ടായ ആക്രമണമാണ് ഇപ്പോൾ ചർച്ചാവിഷയം. പാർട്ടി ആസ്ഥാനത്തേക്ക് കോൺഗ്രസ് നേരത്തേ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.അതിന്റെ ബാക്കിയാണോ ഈ ആക്രമണം, കോൺഗ്രസാണോ ഇതിനു പിന്നിൽ? 

അത് പൊലീസ് അന്വേഷിക്കുന്ന വിഷയം ആണല്ലോ.സാഹചര്യത്തെളിവു നോക്കുമ്പോൾ ഇതിന്റെ പിന്നിൽ കോൺഗ്രസ് തന്നെയാണെന്നു കരുതേണ്ടി വരും. കേരളത്തെ ഒരു കലാപഭൂമിയാക്കാനുള്ള ബോധപൂർവമായ ശ്രമം യുഡിഎഫിന്റെ ഭാഗത്തുനിന്നുണ്ട്. അതുവഴി മാത്രമേ തങ്ങളുടെ രാഷ്ട്രീയലക്ഷ്യത്തിലേക്ക് എത്താൻ കഴിയൂവെന്ന് അവർ കരുതുന്നു. ക്രമസമാധാനരംഗത്ത് കേരളം പരാജയപ്പെട്ടെന്ന് അവർക്കു വരുത്തിത്തീർക്കണം. അതുകൊണ്ടു തന്നെ ഇതിലും ഭീകരമായ രൂപങ്ങളും ഇനിയും വരാൻ ഇടയുണ്ട്. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്ന ആക്രമണം ആ നിലയിൽ ഉള്ളതായിരുന്നു. ജയരാജൻ ഇല്ലായിരുന്നുവെങ്കിൽ മുഖ്യമന്ത്രിയുടെ ശരീരം തൊടുന്ന സ്ഥിതി ആയേനെ. അതുവഴി കേരളം ആളിക്കത്തുമെന്നും വെടിവയ്പ് ഉണ്ടാകുമെന്നും കരുതിക്കാണും. ഇതെല്ലാം ചെയ്യുന്നവർക്കു കൂട്ടുനിൽക്കുകയും സംരക്ഷണം കൊടുക്കുകയും ചെയ്യുന്ന ഒരു നേതാവ് ആ പ്രസ്ഥാനത്തെ നയിക്കുമ്പോൾ സ്വാഭാവികമായും അവരുടെ ഭാഗത്തു നിന്നു തന്നെയാകും ആക്രമണം എന്ന കാര്യത്തിൽ സംശയം ഇല്ല. 

എ.കെ.ജി. സെന്ററിനു നേരെ സ്ഫോടക വസ്തു സ്ഥലം പരിശോധിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ

∙ എകെജി സെന്റർ കേന്ദ്രീകരിച്ചാണല്ലോ താങ്കളുടെ പ്രവർത്തനം. ഈ നിലയിൽ എന്തെങ്കിലും സംഭവിക്കുമെന്ന ആശങ്ക പാർട്ടി കേന്ദ്രത്തിനു തോന്നിയിരുന്നോ? 

വയനാട് സംഭവത്തിനു ശേഷം സ്വാഭാവികമായും അവരുടെ ഭാഗത്തു നിന്ന് തിരിച്ച് ഒരു ആക്രമണം ഉണ്ടാകുമെന്ന തോന്നൽ ഞങ്ങൾക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് പ്രധാന ഗേറ്റിന് പൊലീസ് കാവൽ നിന്നത്. ഇപ്പോൾ സ്ഫോടനം നടന്ന ഭാഗം അങ്ങനെ ശ്രദ്ധിച്ചില്ല. നിർഭാഗ്യത്തിന് അവിടെ അപ്പോൾ ഒരാൾ ഉണ്ടായിരുന്നു എന്നു കരുതുക. മരിക്കുമെന്ന് ഉറപ്പല്ലേ. എകെജി സെന്ററിന് ഉള്ളിൽ ഒരു സഖാവ് ബോംബേറിൽ മരിച്ചു എന്നു വന്നാൽ ഉള്ള സാഹചര്യം ആലോചിക്കൂ. എറിയുന്നവന് എവിടെയാണ് അതു പതിക്കുന്നതെന്ന് കൃത്യത ഒന്നുമില്ലല്ലോ. പ്രകോപനം ക്ഷണിച്ചു വരുത്തുക തന്നെയാണ് അപ്പോൾ ഉദ്ദേശ്യം. 

ADVERTISEMENT

∙ അവിടെ വീണത് ബോംബ് തന്നെയാണോ? 

സ്ഫോടക വസ്തുക്കൾ എന്നു പറയുമ്പോൾ പല തരത്തിൽ ഉണ്ടാകുമല്ലോ. ബോംബാണോ ഡൈനാമിറ്റ് ആണോ എന്നൊന്നും പറയാൻ കഴിയില്ല. എല്ലാത്തിന്റെയും ഉള്ളിലും സ്ഫോടക വസ്തുക്കൾ തന്നെയാണ്. വ്യത്യസ്തത കാഠിന്യത്തിൽ മാത്രമാണ് 

∙പാർട്ടി ആസ്ഥാനം സംരക്ഷിക്കുന്നതിൽ പൊലീസിന്റെ ഭാഗത്തു നിന്നു നോട്ടക്കുറവ് സംഭവിച്ചില്ലേ?  

താഴത്തെ ഗേറ്റിൽ അങ്ങനെയൊരു കാര്യം അവർ പ്രതീക്ഷിക്കുന്നില്ലല്ലോ. സംഭവിച്ചതിനു ശേഷം അതു ചെയ്തവരുടെ പിന്നാലെ പൊലീസ് ഓടിയോ ഇല്ലയോ, എന്ന് എനിക്ക് അറിയില്ല. ഒരു ഗേറ്റിന് അരികെ പൊലീസ് ഉള്ളപ്പോൾ മറ്റൊരു ഗേറ്റിൽ ആക്രമണത്തിനു മുതിരുമെന്ന് അവർ പ്രതീക്ഷിച്ചു കാണില്ല. അവിടെ വരെ കാര്യങ്ങൾ എത്തിയെന്നു ചുരുക്കം. 

ADVERTISEMENT

∙പുതിയ കോൺഗ്രസ് നേതൃത്വത്തിന്റെ ശൈലിയാണ് ഈ അക്രമത്തിലും പ്രതിഫലിക്കുന്നത് എന്നാണോ താങ്കൾ ആരോപിക്കുന്നത്?

കെ.സുധാകരൻ ബ്രണ്ണൻ കോളജിൽ പഠിക്കുമ്പോൾ തന്നെയാണു ഞാനും അവിടെ ഉണ്ടായത്. അന്നു തന്നെ എസ്എഫ്ഐക്കു പ്രവർത്തിക്കാൻ ഉള്ള സ്വാതന്ത്ര്യം തരാതിരിക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. എസ്എഫ്ഐയുടെ വളർച്ചയുടെ ഘട്ടത്തിൽ അദ്ദേഹം കെഎസ്‍യുവിൽ നിന്ന് മാറി സംഘടനാ കോൺഗ്രസിന്റെ ഭാഗമായി. അന്ന് സുധാകരനും കോൺഗ്രസ് ഈയിടെ പുറത്താക്കിയ മമ്പറം ദിവാകരനും തമ്മിൽ മത്സരിച്ചു. കൊള്ളാവുന്ന കോൺഗ്രസുകാരും സുധാകരനും തമ്മിലുള്ള പ്രശ്നവും അകൽച്ചയും അന്നു തുടങ്ങിയതാണ്. കെഎസ്‍യു കോളജുകളിൽ തോറ്റുകൊണ്ടിരുന്നപ്പോൾ അതിന് ആക്കം കൂട്ടുന്ന ആളായിരുന്നു അന്നു സുധാകരൻ. അതുകൊണ്ടു തന്നെ അദ്ദേഹവുമായി മാനസികമായി പൊരുത്തമില്ലാത്ത ഒരുപാട് കോൺഗ്രസുകാർ ഇപ്പോഴുമുണ്ട്. അപ്പോൾ ഞങ്ങളുടെ കാര്യം പറയണോ! അധികകാലം ഈ കയ്യൂക്കിന്റെ രാഷ്ട്രീയം കൊണ്ട് അദ്ദേഹത്തിനു നിൽക്കാൻ കഴിയില്ല. ഒരു ഘട്ടം കഴിഞ്ഞാൽ കോൺഗ്രസുകാർക്കു തന്നെ സുധാകരനെ പുറന്തള്ളേണ്ടി വരും. അദ്ദേഹം കെപിസിസി പ്രസിഡന്റായപ്പോൾ ‘ദേശാഭിമാനി’യിൽ എഴുതിയ ലേഖനത്തിൽ ഈ പട്ടാഭിഷേകത്തിന് അൽപ്പായുസേ ഉണ്ടാകുകയുള്ളൂവെന്നു ഞാൻ പറഞ്ഞിരുന്നു. അത് അദ്ദേഹത്തിന്റെ സ്വഭാവം നന്നായി അറിയാവുന്നതുകൊണ്ടാണ്. പിണറായി വിജയനെ വിമാനത്തിൽ ആക്രമിച്ചവരെ ‘എന്റെ കുട്ടികൾ’ എന്ന് വിശേഷിപ്പിച്ചത് ആ സ്വഭാവം കൊണ്ടാണ്. അങ്ങനെയുള്ളവരെ നേതൃത്വത്തിൽ നിന്നു മാറ്റിയാൽ കോൺഗ്രസിനു രക്ഷ ഉണ്ടാകും.  

എ.കെ. ജി. സെന്ററിൽ സ്ഫോടക വസ്തു പതിച്ച ഭാഗം

∙ ഇപ്പോഴത്തെ പ്രതിസന്ധികളിൽ നിന്ന് കരകയറാനും ശ്രദ്ധ തിരിക്കാനും പാർട്ടി തന്നെ ആസൂത്രണം ചെയ്തതാണാണ് എകെജി സെന്റർ ആക്രമണം എന്നാണല്ലോ കെ.സുധാകരൻ ആരോപിക്കുന്നത്?

അദ്ദേഹത്തിന്റെ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഉത്പന്നമാണ് ആ പ്രസ്താവന. അല്ലാതെ ഞങ്ങൾ അങ്ങനെ ചെയ്യുമോ! എകെജി സെന്ററിനു നേരെ സിപിഎമ്മിന്റെ തന്നെ ആളുകൾ അക്രമം നടത്തി എന്നു പറഞ്ഞാൽ തലയിൽ വെളിവുള്ള ആരും വിശ്വസിക്കാൻ പോകുന്നില്ല. അങ്ങനെ ഉള്ള ആരും അതു പറയുകയും ഇല്ല. വയനാട് ഒരു സംഭവം നടന്നപ്പോൾ അതിനെ തള്ളിപ്പറഞ്ഞ ഞങ്ങളുടെ നിലപാട് അവർ ഇവിടെ സ്വീകരിച്ചോ? ഞങ്ങളെല്ലാം ചോരയും നീരും കൊടുത്ത സംഘടനയാണ് എസ്എഫ്ഐ. എന്നിട്ടു പോലും അതിന്റെ ഒരു ജില്ലാ കമ്മിറ്റിയെ ‍ഞങ്ങളും എസ്എഫ്ഐയുടെ സംസ്ഥാന നേതൃത്വവും തള്ളിപ്പറഞ്ഞു.

∙അതു ശരിയാണ്. പക്ഷേ രാഹുൽഗാന്ധിയുടെ ഓഫിസ് തകർത്ത എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ഇതുവരെ സംഘടനാ നടപടി എടുത്തിട്ടില്ലല്ലോ? 

അവർ അതു ചെയ്യും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. എസ്എഫ്ഐ ഒരു സ്വതന്ത്ര സംഘടനയാണ്. അവരുടെ തലത്തിൽ ഒരു അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി അവർ തീരുമാനം എടുക്കും. ഈ രീതിയിൽ ഒരു തീരുമാനം എടുക്കണമെന്നു പാർട്ടിക്ക് പറയാൻ കഴിയില്ല. കെഎസ്‌യുവും യൂത്ത് കോൺഗ്രസും കോൺഗ്രസിന്റെ പോഷക സംഘടന ആയിരിക്കുന്നതു പോലെ അല്ല എസ്എഫ്ഐയും സിപിഎമ്മും തമ്മിലെ ബന്ധം. ഞങ്ങളുടെ വർഗ ബഹുജന സംഘടനകൾ സ്വതന്ത്രമായാണു പ്രവർത്തിക്കുന്നത്. ഇന്നാൽ ആ സംഘടനകളെ നേരായ വഴിക്കു നയിക്കുക എന്നത് അതിൽ പ്രവർത്തിക്കുന്ന പാർട്ടി അംഗങ്ങളുടെ ചുമതലയാണ്. 

∙എസ്എഫ്ഐയുടെ പാർട്ടി ചുമതല വഹിക്കുന്നത് താങ്കളാണ്. പാർട്ടി ജില്ലാകമ്മിറ്റി അറിയാതെ അത്തരം ഒരു സംഭവം നടക്കുമോ? മാർച്ച് ആരംഭിച്ചതു തന്നെ ജില്ലാ കമ്മിറ്റി ഓഫിസ് പരിസരത്തു നിന്നല്ലേ? 

അക്കാര്യം സിപിഎം  ജില്ലാകമ്മിറ്റി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവിടെയുള്ള മിക്ക സംഘടനകളും ഈ ബഫർ സോണുമായി ബന്ധപ്പെട്ടു സമരത്തിലാണ്. സമരം ചെയ്ത എസ്എഫ്ഐ വിദ്യാർഥികളുടെ രക്ഷിതാക്കളും ഇക്കാര്യത്തിൽ ആശങ്ക അനുഭവിക്കുന്നവരാകുമല്ലോ. പ്രകടനം നടത്തുന്ന കാര്യം പാർട്ടിക്ക് അറിവ് ഉണ്ടായിരുന്നു. ഒരു രൂപത്തിലും അനിഷ്ട സംഭവത്തിലേക്ക് എത്തിക്കാൻ പാടില്ലെന്ന നിർദേശം അവർ നൽകിയിരുന്നു. അതിരപ്പിള്ളി പദ്ധതിയെ പൊളിക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരിക്കെ ജയറാം രമേശ് കൊണ്ടുവന്ന ഗാഡ്ഗിൽ കമ്മിറ്റിയിലാണല്ലോ എല്ലാത്തിനും തുടക്കം. ഞാൻ അന്നു വൈദ്യുതി മന്ത്രിയായിരുന്നു. അന്ന് അതിരപ്പിള്ളിയുമായി ബന്ധപ്പെട്ട് ഒട്ടേറെ തർക്കങ്ങൾ നടന്നതാണല്ലോ. മൂന്നു തവണ അംഗീകാരം കിട്ടിയ ആ പദ്ധതി നടപ്പാക്കാൻ പറ്റില്ലെന്ന് അദ്ദേഹം ഫയലിൽ എഴുതിവയ്ക്കുകയായിരുന്നു. എനിക്ക് എസ്എഫ്ഐ എന്ന സംഘടനയുടെ ചുമതല അല്ല ഉള്ളത്. എസ്എഫ്ഐയിൽ ഉള്ള പാർട്ടി അംഗങ്ങളുടെ ചുമതലയാണ്.

എ.കെ. ബാലൻ

∙അതിരപ്പിളളി പദ്ധതിക്ക് ഇപ്പോഴും പ്രസക്തി ഉണ്ടെന്നാണോ താങ്കൾ കരുതുന്നത്?

അത് ഇനി ചർച്ച ചെയ്തിട്ടു കാര്യമില്ല. അതു പോയി. അതിന്റെ പേരിൽ എന്തിനാണു വെറുതെ വിവാദം.? 

∙സിപിഎമ്മും സർക്കാരും അതിരപ്പിള്ളി ഉപേക്ഷിച്ചോ? 

ആ പദ്ധതിയുടെ പിന്നാലെ ഇപ്പോൾ ‍ഞങ്ങൾ പോകുന്നില്ല. അത് അടഞ്ഞ അധ്യായമാണ്. പൊതു സമന്വയം ഉണ്ടായാൽ പോലും അതിന്റെ പിന്നാലെ പോയിട്ട് ഇനി കാര്യമില്ല.

∙ രണ്ടു മുന്നണികളുടെയും പാർട്ടി ഓഫിസുകൾ കേരളത്തിൽ വ്യാപകമായി ആക്രമിക്കപ്പെടുന്നു. ഇത് എത്രമാത്രം ആശാസ്യമാണ്?

അത് ഒരിക്കലും ആശാസ്യമല്ല. അതുകൊണ്ടാണ് എകെജി സെന്റർ ഓഫിസിനു നേർക്കുണ്ടായ അക്രമത്തിനു ശേഷം സംസ്ഥാന സെക്രട്ടറി ഇറക്കിയ പ്രസ്താവനയിൽ അക്കാര്യം വ്യക്തമാക്കിയത്. തികച്ചും സമാധാനപരമായി പ്രതിഷേധിക്കണമെന്നാണു പാർട്ടി നിർദേശിച്ചത്. പ്രകോപനത്തിന്റെ ഭാഗമായി അക്രമസംഭവങ്ങൾക്ക് ആരെങ്കിലും മുതിർന്നാൽ അവരുടെ പേരിൽ നടപടി എടുക്കുമെന്നാണ് അതിന്റെ അർഥം. പാർട്ടി ഒരു ആഹ്വാനം കൊടുത്താൽ അതിന്റെ പിന്നിൽ നിൽക്കണം. വീടും ഓഫിസും ആക്രമിക്കുക എന്നത് ആരു ചെയ്താലും പൊതു സമൂഹം അംഗീകരിക്കില്ല. 

∙ നിയമസഭയിൽ നടന്ന അടിയന്തരപ്രമേയ ചർച്ച ശ്രദ്ധിച്ചിരിക്കുമല്ലോ. അവിടെ തങ്ങൾ ഉന്നയിച്ച ആരോപണങ്ങൾക്കു കൃത്യമായ മറുപടി മുഖ്യമന്ത്രി പറഞ്ഞില്ലെന്നാണല്ലോ പ്രതിപക്ഷം ആരോപിക്കുന്നത്?

ഏതു കാര്യത്തിനാണ് അവിടെ മറുപടി പറയാതിരുന്നത്? എന്തുകൊണ്ട് കേസ് സിബിഐക്കു വിടുന്നില്ല എന്നതായിരുന്നല്ലോ അവരുടെ പ്രധാന ചോദ്യം. ഈ സംഭവം ഉണ്ടായപ്പോൾ തന്നെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രി തന്നെ കത്തയച്ചതല്ലേ. ഇതു സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ അല്ലെന്നും അതിനാൽ കേന്ദ്ര ഏജൻസികൾ ഏകോപനത്തോടെ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ഏത് ഏജൻസി എന്നു പറഞ്ഞില്ല. അതു കേന്ദ്രത്തിനു വിടുകയാണു ചെയ്തത്. അന്വേഷണം നടത്തിയ കസ്റ്റംസ് മൂവായിരം പേജുള്ള കുറ്റപത്രമല്ലേ തയാറാക്കിയത്. അതോടെ അന്നു വരെ ഉയർത്തിക്കൊണ്ടുവന്ന എല്ലാ ആരോപണങ്ങളും നീർക്കുമിളകളായി മാറി. എ‍ൻഐഎയും കസ്റ്റംസും ഇഡിയും ഓരോ കാര്യവും പരിശോധിച്ചതല്ലേ. അപ്പോൾ ഇപ്പോൾ വന്നിരിക്കുന്ന മൊഴി എന്നു പറയുന്നത് ഒരു പുനർവിചിന്തനമാണ്. അതും അന്വേഷിച്ചോട്ടെ. ഏത് ഏജൻസിയും അന്വേഷിച്ചോട്ടെ.

∙എങ്കിൽ പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ച് സിബിഐ അന്വേഷണത്തിനു ശുപാർശ ചെയ്യാമല്ലോ? 

ഏത് ഏജൻസിയാണ് അന്വേഷിക്കേണ്ടത് എന്ന കാര്യം കേന്ദ്രത്തിന് നേരത്തേ തന്നെ മുഖ്യമന്ത്രി വിട്ടതാണല്ലോ. അതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരാണ് അന്വേഷണത്തിന് ഏജൻസികളെ നിയോഗിച്ചത്. അപ്പോൾ അവർ നടത്തിയ അന്വേഷണം പരാജയമായിരുന്നു എന്ന് ആ വകുപ്പിന്റെ മന്ത്രിയോ പ്രധാനമന്ത്രിയോ പറയുമോ? ഞങ്ങളുടെ ഭാഗത്ത് നിന്നു വീഴ്ച ഉണ്ടായി എന്ന് അവർ പറയാതെ എങ്ങനെയാണ് സിബിഐക്കു വിടുന്നത്? ഞങ്ങളുടെ കീഴിലുള്ള എൻഐഎ, കസ്റ്റംസ്, ഇഡി എന്നിവ പരാജയപ്പെട്ടിരിക്കുന്നു, ഇനി സിബിഐ മാത്രമേ ഉള്ളൂ എന്ന് അവർ പറഞ്ഞാൽ, തീരുമാനിച്ചാൽ ഒരു തടസ്സവും ഞങ്ങൾക്ക് അക്കാര്യത്തിൽ ഇല്ല. 

എ.കെ. ബാലൻ

∙ സരിതയുടെ ആവശ്യം അംഗീകരിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിടാമെങ്കിൽ സ്വപ്നയുടെ അതേ ആവശ്യവും അംഗീകരിക്കാൻ എന്താണ് മടി എന്നും പ്രതിപക്ഷം ചോദിക്കുന്നുണ്ടല്ലോ? 

സരിത നായരുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ചത് യുഡിഎഫ് സർക്കാർ തന്നെയാണ്. ആ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ഇട്ട് അന്വേഷണം നടത്തിയത്. ആ അന്വേഷണത്തിന്റെ ഭാഗമായി കുറ്റപത്രം കൊടുക്കാ‍ൻ സാധിച്ചില്ല. അതോടെ ഉമ്മൻചാണ്ടിയും പിണറായി വിജയനും തമ്മിലെ ഗൂഢാലോചന ആണ് അതിനു പിന്നിൽ എന്നായി ആരോപണം. ബിജെപിക്കാ‍ർ എത്ര നാൾ അതു പറഞ്ഞു നടന്നു. അതിനിടയിൽ കമ്മിഷൻ റിപ്പോർട്ട് വന്നിട്ട് ഇത്രയും കാലമായിട്ടും നടപടി എടുക്കാത്തതിനാൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സരിത സർക്കാരിനെ സമീപിച്ചു.ആ സമയത്ത് ഒരു മുഖ്യമന്ത്രി ഇത് അല്ലാതെ മറ്റെന്ത് തീരുമാനമാണ് എടുക്കുക. ഇപ്പോൾ ഇവിടെ സംഭവിച്ചത് യഥാർഥ പ്രതികൾ പിടിക്കപ്പെടുമെന്നു വന്നതോടെ എല്ലാം മുഖ്യമന്ത്രിയുടെ തലയിലേക്കു വയ്ക്കാൻ നടത്തുന്ന ശ്രമമാണ്.  

∙ഇക്കുറി മുഖ്യമന്ത്രിയുടെ കുടുംബത്തിന് എതിരെ കൂടിയാണല്ലോ നേരിട്ട് ആക്ഷേപങ്ങൾ? 

ശുദ്ധ ഭോഷ്കല്ലേ അതെല്ലാം. അടിസ്ഥാനപരമായി മറുപടി പറയേണ്ട ഒരു കാര്യവും അതിൽ ഇല്ല. ഇനി അന്വേഷിക്കണമെങ്കിൽ അതും  ചെയ്യാമല്ലോ. 

∙കേന്ദ്ര ഏജൻസികളെ ഇവിടേക്ക് സ്വാഗതം ചെയ്തു എന്നെല്ലാം പറയുന്ന സർക്കാർ തന്നെയല്ലേ അവരെ തടയാനായി ജുഡീഷ്യൽ കമ്മിഷനെയും നിയോഗിച്ചത്? അപ്പോൾ ഒന്നും ഒളിക്കാനില്ല എന്ന വാദത്തിന് എന്താണു പ്രസക്തി? സ്വപ്ന വീണ്ടും ആരോപണം ഉയർത്തിയപ്പോൾ തന്നെ ആ കമ്മിഷന്റെ കാലാവധി ആറുമാസം നീട്ടുകയും ചെയ്തല്ലോ?

ആദ്യഘട്ടത്തിൽ ഈ അന്വേഷണം ശരിയായ ദിശയിൽ തന്നെയാണു നീങ്ങിയത്. അതോടെ കസ്റ്റംസ് ഉദ്യോഗസ്ഥനായ അനീഷ് പി.രാജനെ മാറ്റി. അദ്ദേഹം ബിഎംഎസിന്റെ നേതാവിന്റെ വീട്ടിൽ റെയ്ഡ് നടത്തുകയും ടെലിവിഷൻ മാധ്യമപ്രവർത്തകനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചെയ്തു. വേറെ സ്ഥിതിയിലേക്കു കാര്യങ്ങൾ പോകുന്നുവെന്നു വന്നതോടെ കേന്ദ്ര ഏജൻസികളെ വച്ച് ആളുകളെ പീഡിപ്പിക്കുക എന്നതിലേക്ക് അവരുടെ നിലപാടു മാറി. അങ്ങനെ യുടേൺ എടുക്കുന്നുവെന്നു വന്നപ്പോൾ ഇതിലെ ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ കാര്യങ്ങൾ പൊതു സമൂഹത്തിനു വ്യക്തത വരുത്തണമെന്ന നിലവന്നു. അതിന്റെ ഭാഗമായാണു കമ്മിഷനെ വച്ചതും അന്വേഷണ ഏജൻസികളുടെ നടപടികളെല്ലാം തുറന്നു പറയാൻ ഞങ്ങൾ നിർബന്ധിതമായതും. ഈ ഏജൻസികളിൽ മിടുക്കരായ നല്ല ഉദ്യോഗസ്ഥരുണ്ട്. പക്ഷേ അവർക്ക് അവിടെ നിൽക്കാൻ കഴിയില്ല.  

പ്രത്യയശാസ്ത്രപരമായും അനുഭവങ്ങൾ കൊണ്ടും ഒരു സഖാവിനെ രൂപപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന അദ്ഭുതമാണ് എനിക്കു പാർട്ടി. അതുകൊണ്ട് അപകർഷതാബോധം ഒരിക്കലും തോന്നിയിട്ടില്ല.

∙പിണറായി തൊട്ടാവാടി അല്ലെന്നു പറഞ്ഞല്ലോ.എന്താണ് അദ്ദേഹത്തിൽ കാണുന്ന പ്രത്യേകത. പിണറായി വിജയനെ വിദ്യാർഥി ആയിരിക്കുമ്പോൾ മുതൽ അറിയാവുന്ന താങ്കൾക്ക് ഈ ഗുരുതര ആക്ഷേപങ്ങൾ കേട്ടപ്പോൾ എന്തു തോന്നി?

എസ്എസ്എൽസി കാലം മുതൽ എനിക്ക് അദ്ദേഹത്തെ അറിയാം. അതിനു ശേഷം 50–55 വർഷമായി അടുത്തും അകലെയും നിന്നു പ്രവർത്തിച്ചിട്ടുണ്ട്. എല്ലാ കാര്യത്തിലും മൗലികത ഉള്ള നേതാവാണ് പിണറായി. നാടിന് ഒരു പ്രതിസന്ധി വരുമ്പോൾ ജനങ്ങളുടെ മുന്നിലാണ് അദ്ദേഹം. അല്ലാത്തപ്പോൾ ജനങ്ങളുടെ പിന്നിലും. ലാവ്‍ലിൻ ഉയർന്നു വന്നപ്പോൾ ‘ക്രൈം’ വാരികയിൽ  ‘പിണറായിയും റഷ്യൻ സുന്ദരിമാരും’ എന്നു വാർത്ത വന്നു. പിണറായിയുടെ വേഷത്തിന്റെയും ബട്ടൻസിന്റെയും നിറം നിശ്ചയിക്കുന്നത് റഷ്യൻ സുന്ദരിമാരാണത്രെ. ഞാൻ അതു വായിച്ചിട്ടു വിളിച്ചു. ബ്രണ്ണൻ കോളജിൽ പഠിക്കുന്ന കാലം മുതൽ നിങ്ങളുടെ വേഷവും ബട്ടൻസും എല്ലാം ഒന്നാണല്ലോ എന്നു ഞാൻ പറഞ്ഞു. കേട്ട് അദ്ദേഹം ചിരിച്ചങ്ങു വിട്ടു. പ്രതിസന്ധി വരുന്ന സമയത്ത് അദ്ദേഹം അത് ആസ്വദിക്കും. അല്ലാത്തപ്പോൾ ഇതു പോരാ എന്ന തോന്നലാകും ഉണ്ടാകുക. ഓരോ ദിവസവും ഓരോ ആരോപണവും കൊണ്ടു വന്നാലും ഒരു ബുദ്ധിമുട്ടും അദ്ദേഹത്തിന്  ഉണ്ടാകില്ല. സുഖമായി വീട്ടിൽ പോയി രുചിയറിഞ്ഞു ഭക്ഷണം കഴിച്ചു കിടന്നുറങ്ങുന്നുണ്ടാകും. നമ്മളെ പോലുള്ളവർ കിടന്നാലും തല പൊന്തിക്കാൻ പറ്റൂല. പക്ഷേ ആ ദിവസമാകും പിണറായി സുഖമായി ഉറങ്ങുക. അതുകൊണ്ട് ഇത് ഏതെങ്കിലും രൂപത്തിൽ അദ്ദേഹത്തെ മാനസികമായി വിഷമപ്പെടുത്തുമെന്ന് ഒരാളും വിചാരിക്കേണ്ട.

എ.കെ. ബാലനും പിണറായി വിജയനും. Photo: FB/AKBalan

∙ഒന്നും ഇല്ലാതെ കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ ഒരു സ്ത്രീ പരസ്യമായി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുമോ എന്നു കരുതുന്നവരും ഉണ്ടാകില്ലേ? 

ഉണ്ടാകും.അത് ഉണ്ടാക്കൽ ആണല്ലോ പണി. ആർഎസ്എസും ബിജെപിയും പിണറായി ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നവർ ആണല്ലോ. അവരുടെ വലയിലാണല്ലോ ഇന്ന് സ്വപ്ന സുരേഷ്. പിണറായിക്കെതിരെ ഏതു മാർഗവും അവർ സ്വീകരിക്കും. അതിനു വേണ്ടിയാണ് ഈ നാടകം അവരെ കൊണ്ട് കളിപ്പിക്കുന്നത്. ഒരിക്കൽ കുറ്റബോധം കൊണ്ട് സ്വപ്നയ്ക്കു കരയേണ്ടി വരും. ഇതൊന്നും ചെയ്യേണ്ടിയിരുന്നില്ലല്ലോ എന്ന സഹിക്കാൻ പറ്റാത്ത വിഷമം അവർക്കു വരും. ഒരു സംശയവും എനിക്കില്ല. എല്ലാ സംരക്ഷണവും നൽകി അവരെ തുള്ളിക്കുന്ന പരിപാടിയാണ് ഇപ്പോൾ നടക്കുന്നത്.

∙പാലക്കാട്ടെ സന്നദ്ധ സംഘടനയായ എച്ച്ആർഡിഎസ് ആണല്ലോ സ്വപ്നയുടെ പിൻബലം. പാലക്കാട്ടുകാരനായ താങ്കൾക്ക് ആ സംഘടനയെക്കുറിച്ച് അറിയാമായിരിക്കുമല്ലോ. പാർട്ടിക്കാർക്കും അതുമായി ബന്ധമുണ്ടെന്നു വാർത്തകൾ വന്നിരുന്നല്ലോ? 

ഉണ്ടെങ്കിൽ സർക്കാർ അന്വേഷിക്കട്ടെ. കേന്ദ്രഫണ്ടും കോർപറേറ്റുകളുടെ ഫണ്ടും ജീവകാരുണ്യ പ്രവർത്തനത്തിനു കിട്ടുന്ന ഒരു സംഘടനയാണ് അത്. ആദിവാസികൾക്കു വീടു വച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് അവർക്കെതിരെ ഒരു പ്രശ്നം ഉണ്ടായി. അക്കാര്യത്തിൽ ഒരു കേസ് നിലനിൽക്കുന്നുണ്ട്. അവരുടെ തന്നെ ഒരു അഭ്യുദയകാംക്ഷിയാണ് അതു നൽകിയത്. സ്വപ്നയെ ഉപയോഗിക്കാനായി അവർ നടത്തിയ നാടകമാണ് അവർക്ക് നല്‍കിയ ജോലി. അതിൽ അവർ പെടാൻ പാടില്ലായിരുന്നു. കോടതിക്കു നൽകുന്ന 164 മൊഴി ഇടയ്ക്കിടയ്ക്കു മാറ്റിപ്പറയാവുന്നതല്ല.

∙ സ്വപ്നയുടെ രണ്ട് 164 മൊഴികളും തമ്മിൽ വ്യത്യാസമുണ്ടെന്ന് ഒരു ഫെയ്സ്ബുക്ക് കുറിപ്പിൽ താങ്കൾ പറഞ്ഞു. കോടതിയിൽ കൊടുത്ത ആ രഹസ്യമൊഴി എങ്ങനെയാണ് താങ്കൾ അറിഞ്ഞത്? 

ഇല്ലില്ല. ഞാൻ പത്രത്തിൽ കണ്ടതും അവർ പത്രങ്ങളോടു പറഞ്ഞതുമായ വിവരങ്ങളെ ആശ്രയിച്ചാണ് അതു പറഞ്ഞത്. ഞാൻ കണ്ടിട്ടില്ല.

∙സ്വപ്ന രഹസ്യമൊഴി നൽകിയ കോടതിയെ തന്നെ നിയമത്തിന്റെ വഴിയിൽ സമീപിക്കാനോ അതിനെതിരെ മാനനഷ്ടക്കേസ് നൽകാനോ എന്തുകൊണ്ട് മുഖ്യമന്ത്രിയും സർക്കാരും തയാറാകുന്നില്ല എന്നാണല്ലോ പ്രതിപക്ഷം ചോദിക്കുന്നത്. മുൻ നിയമകാര്യമന്ത്രി എന്ന നിലയിൽ എന്താണു പ്രതികരണം?

സ്വപ്ന ആദ്യം കൊടുത്ത 164 മൊഴിയും ഇപ്പോഴത്തെ 164 മൊഴിയും തമ്മിൽ പൊരുത്തപ്പെടുന്നതും പൊരുത്തപ്പെടാത്തതുമായ ചില കാര്യങ്ങൾ ഉണ്ടെന്നാണു മാധ്യമങ്ങളിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നത്. അവരുടെ മൊഴികൾ പരിശോധിച്ചിട്ടായിരിക്കുമല്ലോ അന്വേഷണ ഏജൻസി കുറ്റപത്രം നൽകിയിരിക്കുന്നത്. 2020 ഒക്ടോബറിൽ കസ്റ്റംസ് അങ്ങനെ കുറ്റപത്രം നൽകി. അതിൽ ഇല്ലാത്ത ചില കാര്യങ്ങൾ ഇപ്പോൾ മൊഴിയിൽ പറഞ്ഞിട്ടുണ്ടെന്നാണു വാർത്ത. മാധ്യമങ്ങളിൽ വരുന്ന ഒരു കാര്യത്തിൽ, അതും അന്വേഷണ ഏജൻസികളുടെ മുന്നിൽ ഉള്ള ഒരു കാര്യത്തിൽ, അതിന്റെ നിയമവശം നോക്കി മാത്രമേ മാനനഷ്ടക്കേസ് കൊടുക്കാൻ കഴിയൂ. നിസാരമായ ചില കാര്യങ്ങളിൽ മാനനഷ്ടക്കേസ് നിൽക്കും, ഗുരുതരമായ ചില കാര്യങ്ങളിൽ നിൽക്കില്ല. അതാണ് മാനനഷ്ടക്കേസുകളുടെ പ്രത്യേകത. അതുകൊണ്ടു നിയമവശം നോക്കി ഉചിത തീരുമാനം എടുക്കും. 164 പ്രകാരം മൊഴി നൽകുമ്പോൾ നേരത്തേ അങ്ങനെ നൽകിയതുമായി ഒരു വ്യത്യാസവും പാടില്ല എന്നാണു നിയമം. ചെറിയ ഒരു വ്യത്യാസം പോലും പരിശോധിക്കണം. എല്ലാ 164 മൊഴിയും രേഖപ്പെടുത്തണമെന്നു തന്നെയില്ല. ഇവിടെ അത്തരം കാര്യങ്ങളിൽ നിയമപരമായ പരിശോധന നടന്നോ എന്ന് എനിക്ക് അറിയില്ല. ഇതെല്ലാം കണക്കിലെടുത്തേ നിയമപരമായ നടപടികളും എടുക്കാൻ  കഴിയൂ. 

∙സ്വപ്നയുടെ ആരോപണങ്ങളെ പുച്ഛിച്ചു തള്ളുന്ന പാർട്ടിയും ഇടതുമുന്നണിയും എന്തിനാണ് ഇത്ര വലിയ ക്യാംപയിനുകൾ അതിനെതിരെ നടത്തുന്നത്? 

നിങ്ങളെ പോലുള്ളവരെ പേടിച്ചിട്ടു തന്നെ. നിങ്ങളുടെ കയ്യിൽ ഒരു  സാധനം കൊടുത്താൽ എങ്ങനെയെല്ലാമാണ് അതു കൊടുക്കുക. അങ്ങനെയെല്ലാം ചിത്രീകരിക്കാനുള്ള പേനയും കഴിവും തലയും എല്ലാം നിങ്ങളെ പോലുള്ളവർക്ക് ഉണ്ടല്ലോ. നിങ്ങളെ നിയന്ത്രിക്കുന്നവർ ഞങ്ങളെക്കാൾ വലിയ ബുദ്ധിശാലികളുമാണ്. പൊതു സമൂഹത്തിനു മുന്നിൽ നിങ്ങൾ ഉത്പാദിപ്പിച്ചു വിടുന്ന ആശയത്തെ ഞങ്ങളുടെ ‘ദേശാഭിമാനിയോ’ കൈരളിയോ’ കൊണ്ടു മാത്രം നേരിടാവുന്നതല്ല. അതുകൊണ്ടാണു ജനങ്ങളോടു നേരിട്ടു കാര്യങ്ങൾ പറയുന്നത്. വേറെ ഒരു സംശയവും അക്കാര്യത്തിൽ വേണ്ട. 

∙മറ്റു കാര്യങ്ങളിലേക്കു വരാം. പാലക്കാട്ടും ആലപ്പുഴയും സിപിഎമ്മിൽ വിഭാഗീയ പ്രശ്നങ്ങൾ അവശേഷിക്കുന്നുവെന്നാണല്ലോ കൊച്ചി സംസ്ഥാന സമ്മേളനം വിലയിരുത്തിയത്. പാലക്കാട്ടെ പ്രശ്നപരിഹാരങ്ങളിൽ താങ്കൾ ഇടപെട്ടില്ലേ? അതോ താങ്കളും ഒരു കക്ഷിയാണോ?

ആലപ്പുഴയിലും പാലക്കാട്ടും ഉണ്ടായ പ്രശ്നങ്ങൾ പഴയ വിഭാഗീയതയുടെ ഭാഗമായല്ല. പ്രാദേശികമായ പ്രശ്നങ്ങളാണ്. എവിടെയാണു പ്രശ്നം എന്ന കാര്യത്തിൽ പരിശോധന ആവശ്യമാണ്. അതിൽ മെറിറ്റിനു മുകളിൽ മാത്രമേ നേതൃത്വം നിൽക്കാറുള്ളൂ. ഞാൻ എല്ലാകാലത്തും ആ സമീപനം സ്വീകരിച്ച ആളാണ്. വ്യക്തിനിഷ്ഠമായി സംഘടനാകാര്യങ്ങളെ ചെറുപ്പത്തിൽ പോലും കണ്ടിട്ടില്ല. ഏതെങ്കിലും ഒരു ഭാഗത്തു ഞാൻ നിൽക്കുന്നു എന്ന ധ്വനിയുള്ള ഈ ചോദ്യം തന്നെ ശരിയല്ല. അങ്ങനെ ഒരു ‘പെറ്റിക്കേസ്’  പോലും പാർട്ടിയുടെ മുന്നിൽ എന്നെ സംബന്ധിച്ച് ഇല്ല. അതിന് ഞാൻ നിന്നു കൊടുക്കുകയില്ല.

∙തൃക്കാക്കരയിലെ പരാജയം അന്വേഷിക്കുന്നതിനു നേതൃത്വം കൊടുക്കുന്ന കമ്മിഷൻ അംഗമാണല്ലോ താങ്കൾ? എന്തു തരത്തിലുള്ള വീഴ്ചകളാണ് അന്വേഷണ വിഷയം?

തെറ്റുകൾ എന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ അതു തിരുത്തുന്നതിനുള്ള ശ്രമമായിരിക്കും ആരു പരിശോധന നടത്തിയാലും സ്വീകരിക്കുക.

∙ ദലിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ പൊളിറ്റ് ബ്യൂറോ അംഗമായി താങ്കൾ മാറുമെന്ന് കണ്ണൂർ പാർട്ടി കോൺഗ്രസിനു മുൻപായി വാര്‍ത്തകൾ വന്നിരുന്നു. താങ്കളല്ല, രാമചന്ദ്രഡോം ആണ് പിബിയിൽ എത്തിയത്. പിബിയിലേക്കു പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷ താങ്കൾക്ക് ഉണ്ടായിരുന്നോ? 

മനസ്സിനകത്ത് എന്തെങ്കിലും അസംതൃപ്തി ഉണ്ടെങ്കിൽ അതു കിട്ടാൻ വേണ്ടിയാണല്ലോ താങ്കൾ ഈ ചോദ്യം ചോദിച്ചത്. കൊക്കിൽ ഒതുങ്ങുന്നതു മാത്രമേ ഞാൻ കൊത്തൂ. കൊക്കിൽ ഒതുങ്ങുന്നതിന്റെ പരമാവധി എനിക്ക് പാർട്ടി തന്നിട്ടുണ്ട്. അതു ഞാൻ കൊത്തിയിട്ടുമുണ്ട്. അതിൽ പാർട്ടിയും സംതൃപ്തമാണ്, ഞാനും തൃപ്തനാണ്. പട്ടികജാതിക്കാർക്ക് പിബിയിൽ സംവരണം എന്നതു പൂർണമായും തെറ്റായ കാഴ്ച്ചപ്പാടാണ്, മാർക്സിസ്റ്റ് വിരുദ്ധവുമാണ്. ജാതി നോക്കിയിട്ടല്ല, ഘടകങ്ങളിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്നത്. സംഘടനാപരമായും പ്രത്യയശസാത്രപരമായും മികവുള്ളവർക്കാണ് പ്രമോഷൻ നൽകുന്നത്. അതിനു പകരം ജാതിയുടെ ഒരു പരിഗണനയും എനിക്കു ലഭിച്ചിട്ടില്ല. സംവരണ മണ്ഡലത്തിലേക്ക് എന്നെ പാർട്ടി നിയോഗിച്ചിട്ടുണ്ട് എന്നതു ശരിയാണ്. പക്ഷേ അത് അല്ലെങ്കിൽ തന്നെ ഞാൻ അർഹനാണ് എന്നതു കൊണ്ടു തന്നെയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എസ്എഫ്ഐയുടെ ആദ്യ സെനറ്റ് അംഗവും, ബ്രണ്ണൻ കോളജിലെ എസ്എഫ്ഐയുടെ ആദ്യത്തെ കോളജ് യൂണിയൻ ചെയർമാനും ആയതു പട്ടികജാതിക്കാരൻ അയതു കൊണ്ടല്ല. പ്രമാണിമാരെ എല്ലാമാണ് തോൽപ്പിച്ചത്. ജാതിയുടെ പേരിൽ എന്തെങ്കിലും കിട്ടണം എന്നു ഞാൻ ഒരു കാലത്തും ആഗ്രഹിച്ചിട്ടില്ല. രാമചന്ദ്ര ഡോം പിബി അംഗം ആകാൻ എന്തുകൊണ്ടും അർഹനാണ്. പട്ടികജാതിക്കാരൻ അല്ലെങ്കിൽ തന്നെയും അദ്ദേഹം ആ ഘടകത്തിൽ വരേണ്ട മികവുറ്റ സഖാവാണ്.

∙കഴിഞ്ഞ നിയമസഭാ തിര‍ഞ്ഞെടുപ്പി‍ൽ പാർട്ടിയുടെ പുതിയ നിബന്ധന പ്രകാരം മത്സരിച്ചില്ലല്ലോ. സിപിഎമ്മിന്റെ മികച്ച പാർലമെന്റേറിയൻമാരിൽ ഒരാളായ താങ്കളുടെ പാർലമെന്ററി ജീവിതം അവസാനിച്ചോ? അതോ അടുത്ത തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കാമോ?

എന്റെ പാർലമെന്ററി ജീവിതം ലേശം കൂടിപ്പോയി എന്ന അഭിപ്രായം ഉള്ളയാളാണ് ഞാൻ. അതു പാർട്ടിയുടെ ശ്രദ്ധയിൽ ഞാൻ പെടുത്തുകയും ചെയ്തതാണ്. അസംതൃപ്തി എന്തെങ്കിലും ഉണ്ടെങ്കിൽ പിച്ചും പേയും പറയുന്ന സ്വഭാവം എനിക്കില്ല താനും. പാർലമെന്ററി രംഗത്താണോ, സംഘടനാ രംഗത്താണോ ഒരാളെ ഉപയോഗിക്കേണ്ടത് എന്നു പാർട്ടിയാണു തീരുമാനിക്കുന്നത്. പാർലമെന്ററി രംഗത്തു കൂടുതൽ കാലം തുടരാനായി പാർട്ടി വ്യവസ്ഥകളിൽ ഇളവ് വരെ എനിക്ക് ലഭിച്ചിട്ടുണ്ട്. ആ രംഗത്തു നിന്നുകൊണ്ടു പാർട്ടിയെ ശക്തിപ്പെടുത്താനായി കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇപ്പോൾ അവിടെ നിന്ന് മാറി പാർട്ടി കേന്ദ്രത്തിന്റെ ഭാഗമായാണു പ്രവർത്തിക്കുന്നത്. ആ രംഗത്തു പരമാവധി പാർട്ടിയെ സഹായിക്കാനാണു ശ്രമിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കാൻ കഴി‍ഞ്ഞതും അതു കേരളത്തിൽ തന്നെ ആയതും സ്വർഗം പോലെ കാണുന്ന ഒരാളാണു ഞാൻ. കാലക്കേടിനെങ്ങാനും മഹാരാഷ്ട്രയിലോ ബിഹാറിലോ ആയിരുന്നെങ്കിലോ! ഈ ജന്മം നിഷ്ഫലമാകുമായിരുന്നില്ലേ. പ്രവർത്തനങ്ങൾക്കിടയിൽ കുറേ പ്രശ്നങ്ങളെല്ലാം വരും. കേളുവേട്ടൻ മുതൽ പിണറായി വരെ ഉള്ളവരുടെ പ്രവർത്തനരീതി അപ്പോൾ മാർഗദർശിയാകും. പഴയ കാലഘട്ടത്തിലെ സഖാക്കളുടെ ത്യാഗമനോഭാവവും പ്രവർത്തനരീതിയും നഷ്ടപ്പെടാതെ പുതിയ തലമുറയ്ക്കു പകർന്നുകൊടുക്കുന്നതിൽ നമ്മൾ ഇപ്പോൾ വേണ്ടത്ര വിജയിച്ചിട്ടില്ല. അതിലാണു ഞങ്ങൾ ഇപ്പോ‍ൾ ഊന്നുന്നത്. 

∙എം.സി.ജോസഫൈനിന്റെ വേർപാടിന്റെ സമയത്ത് ഫെയ്സ്ബുക്കിൽ താങ്കൾ എഴുതിയ കുറിപ്പിലും ഈ ആത്മവിമർശനം ഉണ്ടായി. പഴയ ജീവിതരീതികളിൽ നിന്നു പ്രകടമായ മാറ്റം ഒന്നും കാണാത്ത സഖാക്കളിൽ ഒരാളാണു താങ്കൾ.ആ ലാളിത്യമെല്ലാം പാർട്ടിയിലെ പലരും ഉപേക്ഷിച്ചു എന്നത് യാഥാർഥ്യമല്ലേ? 

ആഗോളീകരണ കാലത്ത് പണത്തോടുള്ള വ്യഗ്രത എല്ലാവർക്കും കൂടുതലാണ്. അത് എല്ലാ പാർട്ടികളിൽ പെട്ടവരെയും പല രൂപത്തിൽ സ്വാധീനിക്കാം. ഇന്ന് ഒരു തെറ്റും പറ്റരുതേ എന്നാണു രാവിലെ എഴുന്നേൽക്കുമ്പോൾ ഞാൻ ആത്മാർഥമായി വിചാരിക്കുന്നത്. ഒരു ആരോപണം കേട്ടാൽ ഞാനെല്ലാം തൊട്ടാവാടിയെ പോലെ ആയിപ്പോകും. പിണറായി വിജയന്റെ ഒന്നും ശക്തി എനിക്കില്ല. പട്ടികജാതിയിൽ പെട്ട ഒരാൾ കൂടി ആയതുകൊണ്ട് വീഴ്ച സംഭവിച്ചാൽ അത് ആ ജാതിയുടെ തലയിലും ഇട്ടുകൊടുക്കും. എന്റെ കുടുംബം എനിക്കു വലിയ ശക്തിയാണ്.സഖാവ് പി.കെ.കുഞ്ഞച്ചന്റെ മകൾ പി.കെ. ജമീലയാണ് എന്റെ ഭാര്യ. അവരുടെ സഹായം  ചെറിയ കാര്യമല്ല. ഊഹിക്കാൻ കഴിയാത്ത പിന്തുണയാണു നൽകുന്നത്. മക്കളുടെ കാര്യത്തിലും ഞങ്ങൾ അതുപോലെ ശ്രദ്ധിക്കാറുണ്ട്. മക്കളെല്ലാം തല തിരിഞ്ഞുപോയാൽ എന്തു ചെയ്യാൻ കഴിയും! പരമാവധി കമ്മ്യൂണിസ്റ്റ് ബോധത്തിലും സംസ്കാരത്തിലും ആണു ഞങ്ങൾ ജീവിക്കുന്നത്. 

എ.കെ. ബാലനും ഭാര്യ പി.കെ. ജമീലയും

∙തെറ്റായ രീതിയിലേക്കു പോകാതിരിക്കാൻ പാർട്ടി എന്തു ചെയ്യുന്നു എന്നാണു ഞാൻ ചോദിച്ചത്?

തെറ്റുതിരുത്തൽ പ്രക്രിയ അതിനു വേണ്ടിയാണല്ലോ. അതു വളരെ പ്രധാനപ്പെട്ട പ്രക്രിയയാണ്. വിമർശനത്തിന്റെയും സ്വയം വിമർശനത്തിന്റെയും പാത സ്വീകരിച്ചു പറ്റിയ തെറ്റുകൾ തിരുത്തുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. അങ്ങനെ ചെയ്തില്ലെങ്കിൽ അത് ഓർമിപ്പിക്കുന്നതാണു തെറ്റുതിരുത്തൽ പ്രക്രിയ. അതിന് അർഥം ഒരു വ്യതിയാനവും ആർക്കും ഇല്ലെന്നല്ല. തെറ്റു ചെയ്താൽ ശിക്ഷ നൽകി തിരുത്താൻ പാർട്ടി വഴികാട്ടും. ഒരു തെറ്റിന്റെ പേരിൽ പ്രതികാരമനോഭാവത്തോടെ അയാളുടെ പാർട്ടി ജീവിതം ഇല്ലാതാക്കുന്നതും ഞങ്ങളുടെ രീതി അല്ല.

എ.കെ. ബാലനും ഭാര്യ പി.കെ. ജമീലയും

∙ജാതിയുടെ പേരിൽ പൊതു ജീവിതത്തിൽ അധിക്ഷേപം കേൾക്കാൻ ഇട വന്നിട്ടുണ്ടോ?

എന്റെ മാതാപിതാക്കൾ കർഷക– നിർമാണതൊഴിലാളിമാർ ആയിരുന്നു. രണ്ടു പേരും പഠിച്ചിട്ടൊന്നുമില്ല. പക്ഷേ വലിയ സ്വാധീനമായിരുന്നു. എന്നെ പഠിപ്പിച്ച മൊയ്തുമാഷ് വലിയ പിന്തുണയാണ് ബാല്യകൗമാര കാലത്തു നൽകിയത്. ഞാൻ വൈദ്യുതി മന്ത്രി ആയിരിക്കെ നാട്ടിൽ ഒരു ട്രാൻസ്ഫോർമർ വേണമെന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ ഞാൻ അതു ചെയ്തു. ഗദ്ഗദത്തോടെയാണ് മാഷ് നന്ദി പറഞ്ഞത്. നിശ്ചയദാർഢ്യമുണ്ടെങ്കിൽ  മുന്നി‍ൽ വഴിയും തെളിയും എന്നാണ് എന്നും അദ്ദേഹം എന്നോടു പറഞ്ഞിരുന്നത്. പാവപ്പെട്ട കുടുംബത്തിലാണു ജനിച്ചതെങ്കിലും, ചെറിയ ശരീരം ആണെങ്കിലും ആനയേക്കാൾ വലിപ്പവും സിംഹത്തേക്കാൾ ശക്തിയും ഉണ്ടെന്ന തോന്നൽ തന്നത് അനുഭവങ്ങളും എന്റെ പാർട്ടിയുമാണ്. പാർട്ടി ഒരു വല്ലാത്ത ശക്തിയാണ്. ആരുടെ മുന്നിലും തല കുനിക്കാതെ നട്ടെല്ല് ഉയർത്തി സംസാരിക്കാനുള്ള ശക്തി സ്രോതസ്. എസ്എഫ്ഐ കാലത്ത് പി.ഗോവിന്ദപ്പിള്ള ഉത്പാദനബന്ധത്തെക്കുറിച്ച് എടുത്ത ഉജ്വലമായ ക്ലാസ് മുതൽ ഉള്ള കാര്യങ്ങൾ ഓർത്തു പോകുകയാണ്. ലോകം എന്റെ കയ്യിലാണ് എന്ന ചിന്തയും ശക്തിയുമാണ് ആ ക്ലാസ് എനിക്കു സമ്മാനിച്ചത്. പ്രത്യയശാസ്ത്രപരമായും അനുഭവങ്ങൾ കൊണ്ടും ഒരു സഖാവിനെ രൂപപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന അദ്ഭുതമാണ് എനിക്കു പാർട്ടി. അതുകൊണ്ട് അപകർഷതാബോധം ഒരിക്കലും തോന്നിയിട്ടില്ല. പ്രൊബേഷണറി ഓഫിസറായി ബാങ്കിൽ ജോലി കിട്ടുന്ന സമയത്താണു ഞാൻ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി ആകുന്നത്. സത്യം പറയാമല്ലോ, റേഷൻ വാങ്ങാൻ വീട്ടിൽ പൈസയില്ലാത്ത ദാരിദ്രമായിരുന്നു ഞങ്ങൾക്ക്. ആ അനുഭവമാണ് ഇപ്പോഴെങ്കിൽ, ജോലി തിര‍ഞ്ഞടുക്കുമായിരുന്നോ എന്ന സംശയം സത്യമായിട്ടും ഉണ്ട്. പക്ഷേ പ്രസ്ഥാനം തലയിൽകയറി, ഒരു വൈദ്യുതി പ്രവാഹം പോലെ ശരീരത്തിലാകെ പടർന്ന സമയമായിരുന്നു അത്. ബാങ്ക് ജോലി വേണ്ടെന്നു വച്ച് ഞാൻ എസ്എഫ്ഐ സെക്രട്ടറി ആയി. പക്ഷേ അതിന്റെ പേരിൽ ഒരിക്കൽ പോലും  വീണ്ടു വിചാരമോ കുറ്റബോധമോ തോന്നാൻ ഇടവന്നിട്ടില്ല. എന്റെ പ്രസ്ഥാനം അത് അനുവദിച്ചിട്ടുമില്ല.

English Summary: CrossFire Exclusive Interview with CPM Leader AK Balan