34 കൊല്ലത്തിനിപ്പുറം, 12 കൊല്ലം കൊണ്ടു 16 പടങ്ങളിൽ നടിച്ച് അഭിനയം നിർത്താനൊരുങ്ങുമ്പോൾ മുഖ്യമന്ത്രിയുടെ മകനും എംഎൽഎയുമാണ് ഉദയനിധി. M.K. Stalin, Udayanithi Stalin, Karunanithi, MGR, M.G. Ramachandran, M.K. Stalin Actor, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ, മലയാള മനോരമ

34 കൊല്ലത്തിനിപ്പുറം, 12 കൊല്ലം കൊണ്ടു 16 പടങ്ങളിൽ നടിച്ച് അഭിനയം നിർത്താനൊരുങ്ങുമ്പോൾ മുഖ്യമന്ത്രിയുടെ മകനും എംഎൽഎയുമാണ് ഉദയനിധി. M.K. Stalin, Udayanithi Stalin, Karunanithi, MGR, M.G. Ramachandran, M.K. Stalin Actor, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ, മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

34 കൊല്ലത്തിനിപ്പുറം, 12 കൊല്ലം കൊണ്ടു 16 പടങ്ങളിൽ നടിച്ച് അഭിനയം നിർത്താനൊരുങ്ങുമ്പോൾ മുഖ്യമന്ത്രിയുടെ മകനും എംഎൽഎയുമാണ് ഉദയനിധി. M.K. Stalin, Udayanithi Stalin, Karunanithi, MGR, M.G. Ramachandran, M.K. Stalin Actor, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ, മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടു കൊല്ലം കൊണ്ടു രണ്ടേ രണ്ടു സിനിമകളിലും ദൂരദർശനിലെയൊരു സീരിയലിലും മാത്രം അഭിനയിച്ച് 1988ൽ സിനിമ വിടുമ്പോൾ തമിഴ്നാട്ടിലെ മുൻമുഖ്യമന്ത്രിയുടെ മകനും ‘തോറ്റ എംഎൽഎ’യുമായിരുന്നു എം.കെ.സ്റ്റാലിൻ. 34 കൊല്ലത്തിനിപ്പുറം, 12 കൊല്ലം കൊണ്ടു 16 പടങ്ങളിൽ നടിച്ച് അഭിനയം നിർത്താനൊരുങ്ങുമ്പോൾ മുഖ്യമന്ത്രിയുടെ മകനും എംഎൽഎയുമാണ് ഉദയനിധി. ഡിഎംകെയുടെ യുവജനവിഭാഗം തലവനായിരുന്നു അന്നു സ്റ്റാലിൻ, ഇന്ന് ഉദയനിധിയും അതെ.

മുൻമുഖ്യമന്ത്രിമാരായ ഒ.പനീർശെൽവത്തിനും എടപ്പാടി പളനിസ്വാമിക്കും പരസ്പരം തല്ലിപ്പിരിയാൻ തീയതി കുറിച്ച് അണ്ണാ ഡിഎംകെയുടെ ജനറൽ കൗൺസിൽ യോഗം ജൂലൈ 11നു ചെന്നൈയിൽ ചേരാനിരിക്കുമ്പോൾ, 35 കൊല്ലം മുൻപ് അഭിനയം നിർത്തിയ എം.കെ.സ്റ്റാലിനും, നാൽപത്തിയഞ്ചാം വയസ്സിൽ അഭിനയം നിർത്താനൊരുങ്ങുന്ന ഉദയനിധി സ്റ്റാലിനും തമിഴ് മക്കളെ ചിലതൊക്കെ ഓർമിപ്പിക്കുന്നുണ്ട്.

ADVERTISEMENT

‘എനിക്ക് ഈയിടെയായി ജനാധിപത്യമര്യാദ ഇത്തിരി കൂടിപ്പോയി എന്നു കൂട്ടുകാർ പറയാറുണ്ട്. പക്ഷേ, അച്ചടക്കമില്ലായ്മയും അഴിമതിയും നിങ്ങളുടെ തലയ്ക്കു പിടിച്ചെന്നു കണ്ടാൽ അന്നേരം ഞാനൊരു ഏകാധിപതിയാകും. മറക്കണ്ട’–കഴിഞ്ഞയാഴ്ച നാമക്കലിൽ തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗത്തിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. അതേ ദിവസമാണ് സ്റ്റാലിന്റെ മകൻ ഉദയനിധി ട്വിറ്ററിൽ രണ്ടു പേജ് കുറിപ്പിട്ടത്. ഡിഎംകെ യുവജനവിഭാഗം തലവനായി താൻ ചുമതലയേറ്റതിന്റെ മൂന്നാം വാർഷികത്തിൽ, മൂന്നു വർഷത്തെ രാഷ്ടീയ പ്രവർത്തനങ്ങൾ വിശദമായി വിവരിക്കുന്ന ആ കുറിപ്പിന്റെ അവസാനഭാഗത്ത് ഉദയനിധി പറഞ്ഞു:

‘എന്റെ ഇനിയുള്ള ജീവിതം തമിഴ് മക്കളുടെ സംരക്ഷണത്തിനും ദ്രാവിഡ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും വേണ്ടി സമർപ്പിക്കുമെന്നു ഞാൻ ഉറപ്പു നൽകുന്നു’. അതിന് ഏതാനും ആഴ്ച മുൻപാണ് സിനിമാഭിനയം നിർത്താനുള്ള ആലോചന ഉദയനിധി പ്രഖ്യാപിച്ചത്. ‘പരിയേറും പെരുമാളും’ ‘കർണനും’ സംവിധാനം ചെയ്ത മാരി ശെൽവരാജ് ഒരുക്കുന്ന ‘മാമന്നൻ’, നടനെന്ന നിലയിൽ മിക്കവാറും തന്റെ അവസാന പടമായിരിക്കും എന്നായിരുന്നു പ്രഖ്യാപനം (മാരി ശെൽവരാജിന്റെ പടത്തിൽ നായകനാകുന്നു എന്നതു തന്നെ മറ്റൊരു രാഷ്ട്രീയ പ്രഖ്യാപനമാണ്!)

ഏകാധിപതികളായ ഭരണാധികാരികൾ തമിഴ്മക്കൾക്ക് അപരിചിതരല്ല. മക്കൾതിലകവും ഏഴൈതോഴനുമായിരിക്കുമ്പോഴും ഭരണത്തിലും പാർട്ടിയിലും ഏകഛത്രാധിപതിയായിരുന്നു എംജിആർ. കരുണാനിധിയാകട്ടെ അതിപ്രതാപകാലത്ത് തന്റെ അധികാരം ചോദ്യം ചെയ്യപ്പെടാതിരിക്കാൻ എംജിആറിനെ മന്ത്രിസഭയിലെടുക്കാതെ പാർട്ടിയുടെ ഖജാൻജിയായി ഒതുക്കുക വരെ ചെയ്തു (കരുണാനിധിയുടെ ഏകാധിപത്യത്തോടു വിയോജിച്ചാണ് എംജിആർ ഡിഎംകെയിൽ നിന്നു പുറത്തു പോകുന്നതും അണ്ണാഡിഎംകെ രൂപീകരിക്കുന്നതും തന്നെ). 

എം.കെ. സ്റ്റാലിൻ സ്കൂൾ വിദ്യാർഥികൾക്കൊപ്പം.

ജയലളിതയുടെ ഭരണത്തിലോ, മന്ത്രിസഭായോഗങ്ങളിൽ വാ തുറക്കാൻ പോലും മന്ത്രിമാർക്ക് അധികാരമുണ്ടായില്ല. മുഖ്യമന്ത്രി സ്റ്റാലിൻ പക്ഷേ, ദ്രാവിഡ രാഷ്ട്രീയത്തിലെ പല കീഴ്‌വഴക്കങ്ങളും തെറ്റിച്ചുകൊണ്ടാണ് ഭരണം തുടങ്ങിയത്. സത്യപ്രതിജ്ഞാചടങ്ങിൽ പ്രതിപക്ഷനേതാവിനു മുൻനിരയിൽ കസേരയിടുന്നത് ചെന്നൈ രാഷ്ട്രീയത്തിൽ സമീപകാലത്തു പുതിയ കാഴ്ചയായിരുന്നു.

ADVERTISEMENT

ഒപ്പം നിന്ന് സെൽഫിയെടുക്കാൻ വന്നവരെ സ്റ്റാലിൻ തട്ടിമാറ്റുന്നതിന്റെയും മുഖത്തടിച്ച് ഇറക്കിവിടുന്നതിന്റെയും പഴയ വിഡിയോകൾ ഇപ്പോഴും യൂട്യൂബിലുണ്ടെങ്കിലും, വിനയത്തിന്റെയും സുജനമര്യാദയുടെയും ആൾരൂപമായാണ് മുഖ്യമന്ത്രി സ്റ്റാലിൻ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടത്. എങ്കിലും ഒരേകാധിപതിയുടെ സാധ്യതകൾ തനിക്കു മുൻപിലും തുറന്നു കിടക്കുന്നുണ്ടെന്ന് അതേ സ്റ്റാലിൻ തിരിച്ചറിയുന്നു എന്നതിനു തെളിവായിരിക്കാം ആ നാമക്കൽ പ്രസംഗം. ജയലളിതയുടെ പാർട്ടി പിളർപ്പിലേക്കു നീങ്ങുമ്പോൾ തനിക്കു മുൻപിൽ ആ സാധ്യതകൾ കൂടുതൽ കൂടുതൽ തെളിഞ്ഞു വരുന്നുവെന്ന് ദ്രാവിഡ രാഷ്ട്രീയത്തിൽ താരപരിവേഷം ബാക്കിയുള്ള ഒരേയൊരു നേതാവിനു തോന്നുന്നതും സ്വാഭാവികം.

∙ ആയിരം വിളക്കിലെ ഉദയം

നിയമസഭയിലേക്കുള്ള ആദ്യ മത്സരത്തിൽ ചെന്നൈയിലെ ‘ആയിരം വിളക്ക്’ (തൗസന്റ് ലൈറ്റ്) മണ്ഡലത്തിൽ തോറ്റ് തല താഴ്ത്തി നിൽക്കുന്ന കാലത്താണ് സ്റ്റാലിൻ സിനിമയിലഭിനയിച്ചത്. സമ്പത്തും സ്വാധീനവുമുള്ള കുടുംബങ്ങളിലെ പ്രത്യേകിച്ചൊരു പണിയുമില്ലാത്ത ചെറുപ്പക്കാരുടേതായ കയ്യിലിരിപ്പുകളെല്ലാം കയ്യിലുള്ളൊരു ചെറുപ്പക്കാരനായിരുന്നു അന്നു സ്റ്റാലിൻ. നാട്ടുകാരെക്കൊണ്ട് നല്ല പോലെ പറയിപ്പിച്ചിട്ടുമുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കിടന്ന കഥയൊക്കെ പറയാനുണ്ടെങ്കിലും രാഷ്ടീയത്തിൽ ജയിച്ചു കയറുന്ന കാര്യം കഷ്ടമാണെന്നു തന്നെയാണ് അച്ഛനടക്കം കരുതിയത്. അങ്ങനെയാണ് സിനിമയിലൊരു കൈ നോക്കാനിറങ്ങിയത്. അതിനു മുൻപ് അൽപകാലം ഡിഎംകെയുടെ രാഷ്ട്രീയ പ്രചാരണ നാടകങ്ങളിലും പതിവു വേഷക്കാരനായിരുന്നു സ്റ്റാലിൻ.

കരുണാനിധിയാകട്ടെ, മൂത്തമകൻ മുത്തുവിനെ സൂപ്പർതാരമാക്കാനിറങ്ങി കയ്യുംകാലും കീശയും പൊള്ളി കുത്തിയിരിക്കുന്ന കാലം (പഴയ തോഴനും പിൽക്കാല ശത്രുവുമായ എംജിആറിനെ തമിഴ്സിനിമയിൽ നിന്നു കെട്ടുകെട്ടിക്കാനാണ് കരുണാനിധി മൂത്ത പുത്രൻ എം.കെ.മുത്തുവിനെ സ്വന്തം തിരക്കഥയിൽ എംജിആറിനെപ്പോലെ വേഷം കെട്ടിച്ച് സിനിമയിലിറക്കിയത്. അണയാവിളക്ക്, നമ്പിക്കൈ നക്ഷത്രം തുടങ്ങിയ ഗംഭീര പേരുകളുമിട്ട് അര ഡസനോളം പടങ്ങളെടുത്തെങ്കിലും എല്ലാം പതിനെട്ടുനിലയിൽ പൊട്ടിയെന്നു മാത്രമല്ല, പിൽക്കാലം മുത്തു പിതാവിനോട് തെറ്റി അണ്ണാ ഡിഎംകെയുടെ ക്യാംപിലെത്തി കരുണാനിധിയുടെ ഏറ്റവും വലിയ വിമർശകനുമായി).

ADVERTISEMENT

പക്ഷേ, സ്റ്റാലിൻ നടിച്ച രണ്ടു പടങ്ങളും തരക്കേടില്ലാതെ ഓടി. ‘കുറിഞ്ചിമലർ’ സീരിയൽ ഹിറ്റായി. എന്നിട്ടും മകനെ സിനിമയിൽ നിന്നു വലിച്ചിറക്കി രാഷ്ട്രീയത്തിൽ പിടിച്ചു നിർത്തുകയാണു കരുണാനിധി ചെയ്തത്. 1989ൽ അതേ ‘ആയിരം വിളക്ക്’ മണ്ഡലത്തിൽ നിന്നു ജയിച്ച് സ്റ്റാലിൻ ആദ്യമായി എംഎൽഎ ആയി. അന്നു തൊട്ടിന്നു വരെ ദ്രാവിഡ മുന്നേറ്റ കഴകത്തിൽ സ്റ്റാലിനല്ലാതെ മറ്റൊരു താരം ഉദിച്ചിട്ടില്ല. സ്റ്റാലിൻ എന്ന 'ഇളയസൂര്യനു' മേൽ ഗ്രഹണം വീഴ്ത്താൻ മറ്റൊരു താരത്തെയും കരുണാനിധി അനുവദിച്ചില്ല (എങ്കിലും, ആദ്യമായി നിയമസഭയിലെത്തി 17 കൊല്ലം കാത്തിരിക്കേണ്ടി വന്നു സ്റ്റാലിന് അച്ഛനിൽ നിന്നൊരു മന്ത്രിക്കസേര കിട്ടാൻ).

നരേന്ദ്ര മോദി, എം.കെ. സ്റ്റാലിൻ.

∙ ‘വല്യച്ഛനാണ് പറയുന്നത്. നിർത്തടാ അഭിനയം’

സ്റ്റാലിനെപ്പോലെ അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കിടക്കേണ്ടി വന്ന കഥയൊന്നും പറയാനില്ല മകൻ ഉദയനിധിക്ക്. അടിയന്തരാവസ്ഥ പിൻവലിച്ച് എട്ടു മാസം കഴിഞ്ഞാണ് ഉദയനിധിയുടെ ജനനം. ‘കുടുംബ ബിസിനസായ’ രാഷ്ട്രീയത്തിൽ അൽപം പോലും താൽപര്യമില്ലാത്ത കുട്ടിയായാണ് ഉദയനിധി വളർന്നത്. സിനിമ മാത്രമായിരുന്നു കമ്പം. ലൊയോള കോളജിൽ നിന്ന് വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദമെടുത്തു. അൽപകാലം യുഎസിൽ പോയും പെരിയ പഠിപ്പുകൾ പഠിച്ചു (ചെന്നൈയിലെ സിനിമാകുടുംബങ്ങളിലെ കുട്ടികൾ പതിവായി ചെയ്യുന്ന ആചാരങ്ങളാണു രണ്ടും). മുപ്പത്തിയൊന്നാം വയസ്സിൽ, ‘കുരുവി’ എന്ന വിജയ്-തൃഷ പടം നിർമിച്ചു കൊണ്ടാണ് ഉദയനിധി സിനിമയിൽ സജീവമായത്. 

പിന്നീടു തമിഴിൽ സൺ പിക്ചേഴ്സിനോടു കിടപിടിക്കുന്ന ഒന്നാംനിര നിർമാണക്കമ്പനിയായി മാറി ഉദയനിധിയുടെ റെഡ് ജയന്റ് മൂവീസ്. കമലഹാസന്റെ ‘വിക്രം’ ഉൾപ്പെടെ എത്രയോ പണംവാരിപ്പടങ്ങളുടെ വിതരണക്കാരുമായി. ‘ഒരു കൽ ഒരു കണ്ണാടി’ എന്ന ന്യൂജനറേഷൻ മെട്രോ റൊമാന്റിക് കോമഡിപ്പടത്തിലാണ് ഉദയനിധി ആദ്യമായി നായകനായത്. പടം വൻ ഹിറ്റായിരുന്നു. ഗംഭീര അഭിപ്രായവുമുണ്ടാക്കി. ഇതു കതിർവേലൻ കാതൽ, ശരവണൻ ഇരുക്ക ഭയമേൻ, പൊതുവാക എൻമനസ് തങ്കം, കണ്ണേ കലൈമാനേ തുടങ്ങി ‘ആരെയും ഉപദ്രവിക്കാത്ത’ പേരുകളും പടങ്ങളുമായിരുന്നു പിന്നീട്. ഇതിനിടെ പ്രിയദർശന്റെ സംവിധാനത്തിൽ ‘മഹേഷിന്റെ പ്രതികാര’ത്തിന്റെ തമിഴ് പതിപ്പിലും (നിമിർ-2018) നായകനായി. രാഷ്ട്രീയം തന്റെ ലക്ഷ്യമല്ലെന്നു കിട്ടിയ അവസരത്തിലെല്ലാം തുറന്നു പറഞ്ഞു. കോവിഡ് കാലത്തിറങ്ങിയ ‘സൈക്കോ’യിൽ വരെ സിനിമയല്ലാതെ മറ്റൊന്നുമില്ലായിരുന്നു.

ഒട്ടുമിക്ക പടങ്ങളും തരക്കേടില്ലാതെ ഓടുകയും ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ പടം നല്ല കലക്ഷനും നല്ല അഭിപ്രായവുമുണ്ടാക്കുകയും ചെയ്തിട്ടും പിതാവിന്റെ പാതയിൽ, സിനിമ വിട്ട് രാഷ്ട്രീയത്തിൽ മുഴുകാൻ ഉദയനിധി സ്റ്റാലിനും തീരുമാനിക്കുമ്പോൾ ദ്രാവിഡ രാഷ്ട്രീയത്തിൽ ഒരിക്കൽകൂടി ചരിത്രത്തിന്റെ ആവർത്തനം പ്രതീക്ഷിക്കുന്നുണ്ട് തമിഴകം. നേരവകാശികളില്ലാത്ത ജയലളിത ഭൂമിയിലുപേക്ഷിച്ചു പോയ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (അണ്ണാഡിഎംകെ) അവകാശത്തർക്കത്തിൽ കുടുങ്ങി പുതിയൊരു പിളർപ്പിലേക്കു നീങ്ങുമ്പോഴാണ് സ്റ്റാലിൻ തന്റെ അനന്തരാവകാശിയെ പറയാതെ പറഞ്ഞ് ദ്രാവിഡ രാഷ്ട്രീയത്തിൽ സ്ഥിരപ്രതിഷ്ഠ നടത്താനൊരുങ്ങുന്നത്. (അതേ സമയം, മുംബൈയിലെ താക്കറേ കുടുംബത്തിലേക്കു വിരൽ ചൂണ്ടിക്കൊണ്ട് തമിഴക ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ നൽകുന്ന മുന്നറിയിപ്പും ചിലരെങ്കിലും ശ്രദ്ധിക്കുന്നുണ്ട്-ഉദ്ധവ് താക്കറേയുടെ കുടുംബാധിപത്യത്തിനെതിരെ ശിവസേനയിലുണ്ടായ കലാപം പോലൊന്ന് ഉടനെയൊന്നും ഡിഎംകെയിലുണ്ടാവാൻ ഒരു സാധ്യതയുമില്ലെങ്കിലും).

അണ്ണാഡിഎംകെ പിളർന്നു മാറിയാൽ തൽക്കാലത്തേക്കെങ്കിലും തമിഴ്നാട് രാഷ്ട്രീയത്തിൽ ഡിഎംകെയല്ലാതെ മറ്റൊരു ശക്തിയുണ്ടാവില്ല. ഡിഎംകെയിലാവട്ടെ, സ്റ്റാലിനല്ലാതെ മറ്റൊരു നേതാവുമില്ല. ഉദയനിധി കൂടി സിനിമ വിട്ട് രാഷ്ട്രീയം സ്ഥിരതാവളമാക്കുന്നതോടെ അച്ഛനും മകനും മാത്രമാകും കളത്തിൽ. രാജാവും യുവരാജാവും. അല്ലെങ്കിൽ രാജാവും മഹാരാജാവും. അതുമല്ലെങ്കിൽ മഹാരാജാവും ചക്രവർത്തിയും. ഉദയനിധി അവസാനമായി അഭിനയിക്കുന്ന സിനിമയുടെ പേരും മഹാരാജാവ് എന്നാണ്- മാമന്നൻ!

സിനിമാനടിപ്പ് നിർത്തി മുഴുവൻസമയ രാഷ്ട്രീയക്കാരനാവുമ്പോൾ ഉദയനിധി ലക്ഷ്യമിടുന്നതും മഹാരാജാവിന്റെ സിംഹാസനം തന്നെയാവും. ആ സിംഹാസനത്തിലിരിക്കുന്നയാളൊരു വെറും തിരൈപ്പടനടികൻ ആയിരിക്കാൻ സ്റ്റാലിനും ആഗ്രഹിക്കുന്നുണ്ടാവില്ല. നടികനായി വന്ന് നടികനായി നിന്ന് ദ്രാവിഡ രാഷ്ടീയത്തിൽ വിജയിച്ച ഒരാളേയുള്ളൂ എന്നും, അയാൾക്ക് പകരക്കാരനാവാൻ മറ്റൊരാളിനി ഉണ്ടാവില്ലെന്നും സ്റ്റാലിനു നന്നായി അറിയാം. എംജിആറിനും മുൻപും ശേഷവും മറ്റൊരു നടനും ദ്രാവിഡ രാഷ്ടീയത്തിൽ താരമായിട്ടില്ലെന്നു സ്റ്റാലിനോളം നന്നായി അറിയുന്നവരില്ലല്ലോ. (ഒരുകാലത്ത് കരുണാനിധിയുടെ ഏറ്റവുമടുത്ത തോഴനായിരുന്നു എംജിആർ. കൊടിയ രാഷ്ട്രീയവിരോധ കാലത്തും ആ സൗഹൃദം ഉലഞ്ഞില്ല.

എം.കെ. സ്റ്റാലിൻ.

എംജിആറിന്റെ ‘ദുർഭരണത്തിനെതിരെ ജനവികാരമുണർത്താൻ’ തമിഴ്നാടിന്റെ ഒരറ്റത്തു നിന്നു മറ്റേ അറ്റത്തേക്കു പദയാത്ര നടത്തുകയായിരുന്ന പ്രതിപക്ഷ നേതാവ് കരുണാനിധി, കാലുകൾ നീരുവന്നു വീർത്ത് ആശുപത്രിയിലായപ്പോൾ മദ്രാസിൽ നിന്ന് ഏറ്റവും വിദഗ്ധരായ ഡോക്ടർമാരുടെ സംഘത്തെ അയയ്ക്കുക വരെ ചെയ്തിട്ടുണ്ട് മുഖ്യമന്ത്രി എംജിആർ. അതൊന്നും ഒരിക്കലും മറക്കില്ലെന്ന് കലൈഞ്ജർ ഇടയ്ക്കിടെ പറയുകയും ചെയ്തു. എംജിആർ മരിച്ചപ്പോൾ കരുണാനിധി എഴുതിയൊരു അനുസ്മരണക്കുറിപ്പുണ്ട്. രണ്ടു മനുഷ്യർക്കിടയിൽ സാധ്യമായേക്കാവുന്ന സൗഹൃദത്തിന്റെ എക്കാലത്തെയും മാനിഫെസ്റ്റോ ആകുന്നു അത്. എംജിആർ-കരുണാനിധി സൗഹൃദം ആസ്പദമാക്കിയൊരുക്കിയ ‘ഇരുവർ’ എന്ന ചിത്രത്തിൽ മണിരത്‌നം അതീവവൈകാരികതയോടെ ആ മുഹൂർത്തം പുനരാവിഷ്‌കരിക്കാൻ ശ്രമിക്കുന്നുണ്ട്).

‘പെരിയപ്പ’ എന്നാണ് എംജിആറിനെ സ്റ്റാലിൻ വിളിച്ചിരുന്നത്. കൗമാരകാലത്ത് ഡിഎംകെയ്ക്കു വേണ്ടി സ്റ്റേജുകൾ തോറും നാടകം കളിച്ചു നടന്നിരുന്ന സ്റ്റാലിനെ നാടകത്തിൽ നിന്നു നിർബന്ധിച്ചു തിരിച്ചു വിളിച്ചത് എംജിആറാണ്: ‘നീ ഇങ്ങനെ പഠിത്തം ഉഴപ്പി നാടകം കളിച്ചു നടക്കുന്നതിൽ നിന്റെ അച്ഛന് വിഷമമുണ്ട്. ഞാനാണ് പറയുന്നത്, നിന്റെ പെരിയപ്പയാണ് പറയുന്നത്, നീ നാടകം നിർത്തണം. പഠിപ്പിൽ ശ്രദ്ധിക്കണം’. (‘ശംഖേ മുഴങ്ങ്’ എന്ന പ്രചാരണ നാടകത്തിൽ നാൽപതോളം വേദികളിൽ സ്റ്റാലിൻ അഭിനയിച്ചിരുന്നു).

വല്യച്ഛന്റെ ഉപദേശത്തിന്റെ ആദ്യ ഭാഗം സ്റ്റാലിൻ നടപ്പാക്കി. നാടകം നിർത്തി. പക്ഷേ പഠിത്തം-അതെങ്ങുമെത്തിയില്ല.

എം.കെ. സ്റ്റാലിൻ ഉദയനിധി സ്റ്റാലിനൊപ്പം.

∙ സ്റ്റാലിന് ഓർമയില്ലാത്ത സിനിമാക്കാലങ്ങൾ

ഡിഎംകെയുടെ നേതൃത്വത്തിലെത്തിയ ശേഷം ഒരിക്കലും തന്റെ സിനിമാക്കാലം ഓർക്കാനോ, ആരെങ്കിലും അതോർമിപ്പിക്കാനോ സ്റ്റാലിൻ ഇഷ്ടപ്പെട്ടില്ല. സിനിമാക്കാരോട് അതിരുവിട്ട അടുപ്പം നിലനിർത്താതിരിക്കാനും പിൽക്കാല സ്റ്റാലിൻ ശ്രദ്ധിച്ചു (കമലഹാസൻ രാഷ്ടീയത്തിലിറങ്ങിയതും, രജനീകാന്ത് ഒരു കാലത്ത് രാഷ്ടീയത്തിലിറങ്ങാൻ ഒരുങ്ങിയതും കാരണങ്ങളായിരിക്കാം). കരുണാനിധിയുടെ നാട്ടുകാരനും കുടുംബക്കാരനും കളിക്കൂട്ടുകാരനും തമിഴിലെ അറിയപ്പെടുന്ന സിനിമാക്കാരനുമായിരുന്ന കെ.സ്വർണം 2021 ജൂൺ എട്ടിന് എൺപത്തിയെട്ടാം വയസ്സിൽ ചെന്നൈ കൊട്ടിവാക്കത്തെ വസതിയിൽ മരിക്കുമ്പോൾ സ്റ്റാലിൻ തമിഴകത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് കൃത്യം ഒരു മാസം തികയുന്നതേയുള്ളൂ. 

രാവിലെ മരണവാർത്ത അറിഞ്ഞയുടൻ സ്റ്റാലിൻ കൊട്ടിവാക്കത്തേക്കു തിരിച്ചു. ചടങ്ങുകൾ തീരും വരെ വീട്ടുകാരിലൊരാളായി അവിടെ നിന്നു. അനുശോചന സന്ദേശം കിട്ടാൻ മാധ്യമങ്ങൾ തിരക്കുകൂട്ടുന്നുണ്ടായിരുന്നു. അനുശോചനമറിയിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് പത്രക്കുറിപ്പ് ഉടൻ എത്തി. നാടകകൃത്തും തിരക്കഥാകൃത്തും സിനിമാ സംവിധായകനും പത്രപ്രവർത്തകനുമായി പ്രതിഭ തെളിയിച്ച സ്വർണത്തിന്റെ സംഭാവനകൾ ഓരോന്നും അതിൽ എടുത്തു പറഞ്ഞിരുന്നു. തന്റെ പിതാവ് കരുണാനിധിയുമായി പള്ളിക്കൂടക്കാലം തൊട്ടേ സ്വർണം പുലർത്തിയ സൗഹൃദം സ്റ്റാലിൻ പ്രത്യേകം അനുസ്മരിച്ചു. ഡിഎംകെയുടെ യുവജനവിഭാഗത്തിന്റെ ചുമതലക്കാരനായിരിക്കെ താൻ തുടങ്ങിവച്ച 'ഇളയസൂര്യൻ' എന്ന മാസികയുടെ പത്രാധിപരെന്ന നിലയിൽ സ്വർണം അനുഷ്ഠിച്ച സേവനങ്ങളെയും മുഖ്യമന്ത്രി നന്ദിയോടെ അനുസ്മരിച്ചു.

പക്ഷേ, ആ അനുശോചനക്കുറിപ്പിൽ സ്റ്റാലിൻ ഒരു കാര്യം പറയാൻ വിട്ടു പോയി. അതൊരു സിനിമയെക്കുറിച്ചായിരുന്നു. എംജിആറിനു വേണ്ടി ഇരുപതോളം സിനിമകൾ എഴുതിയ, പത്തിലധികം സിനിമകൾ സംവിധാനം ചെയ്ത കെ.സ്വർണം അവസാനമായി സംവിധാനം ചെയ്ത സിനിമയെക്കുറിച്ച്. കരുണാനിധി എഴുതിയ ‘ഒരേ രക്തം’ എന്ന ആ സിനിമയിലാണ് എം.കെ.സ്റ്റാലിൻ ആദ്യമായി അഭിനയിച്ചത്. കുങ്കുമം വാരികയിൽ കരുണാനിധി എഴുതിക്കൊണ്ടിരുന്ന നോവൽ അതേ പേരിൽ സിനിമയാക്കുകയായിരുന്നു. അതിൽ നായകനായിരുന്നില്ല സ്റ്റാലിൻ. കാർത്തിക്, പാണ്ഡ്യൻ എന്നിവരാണു മുഖ്യവേഷങ്ങളിൽ. നായികമാരായി സീതയും മാധുരിയും. അവർണരുടെ അവകാശസംരക്ഷണത്തിനു വേണ്ടി പോരാടി രക്തസാക്ഷിത്വം വരിക്കുന്ന നന്ദകുമാർ എന്ന ചെറുപ്പക്കാരന്റെ വേഷത്തിലാണ് സ്റ്റാലിൻ അഭിനയിച്ചത്.

നന്ദകുമാറിന്റെ സംഭാഷണങ്ങളിലെല്ലാം കലൈഞ്ജറുടെ രാഷ്ട്രീയഭാഷണങ്ങളുണ്ടായിരുന്നു. ജാതിവെറിയുടെ ഇരയായി കുത്തേറ്റു മരിച്ച നന്ദകുമാറിന്റെ മൃതദേഹം ചുടുകാട്ടിലേക്കു കൊണ്ടുപോകുമ്പോൾ പശ്ചാത്തലത്തിൽ മുഴങ്ങുന്നതും കരുണാനിധി എഴുതിയ വരികൾ തന്നെ (കലൈഞ്ജർ എഴുതിയ ആദ്യത്തെ സിനിമാപ്പാട്ട്): 'ഒരു പോരാളിയിൻ പയണം ഇത്, അവൻ പോരാടിപ്പെറ്റ്ര പരിസ് ഇത്...' (ഒരു പോരാളിയുടെ യാത്രയാണിത്. അവൻ പോരാടി നേടിയ സമ്മാനവും).

‘യുവാക്കളെ വിളിച്ചുണർത്താനെത്തിയ സിംഹക്കുട്ടീ, ഇളംസൂര്യനായ് വെളിച്ചം വീശിയ തങ്കക്കട്ടീ ’ (ഇളൈഞ്ജർകളൈ എഴുപ്പ വന്ത കുട്ടി സിങ്കമേ, ഇളം സൂരിയനായ് ഒളിവീശിയ കട്ടിത്തങ്കമേ') എന്നും സ്റ്റാലിനെക്കുറിച്ച് കരുണാനിധി അതേ പാട്ടിൽ എഴുതി.

വിജയകാന്ത് നായകനായ 'മക്കൾ ആണൈയിട്ടാൽ' ആയിരുന്നു സ്റ്റാലിന്റെ രണ്ടാമത്തെയും അവസാനത്തെയും പടം. അതൊരു അതിഥിവേഷം. ഡിഎംകെയുടെ മഹാസമ്മേളനത്തിന്റെയും പടുകൂറ്റൻ റാലിയുടെയും പശ്ചാത്തലത്തിൽ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ രാഷ്ട്രീയ പ്രചാരണ ഗാനം. ‘ആറ അമരക്കൊഞ്ചം യോസിത്തുപ്പാര്...നീ അടുത്ത തലമുറയൈ സിന്തിത്തുപ്പാര്..’ എന്നു തുടങ്ങുന്ന പാട്ടിൽ അവതാരകനായാണ് സ്റ്റാലിൻ സ്‌ക്രീനിലെത്തുന്നത്. എസ്.എ.രാജ്കുമാർ ഈണം നൽകി മലേഷ്യാ വാസുദേവൻ പാടിയ പാട്ട് ഇന്നും ഡിഎംകെ സമ്മേളനങ്ങളിൽ പതിവായി കേൾക്കാം. എങ്കിലും ആ സിനിമാക്കാലം ഓർക്കാൻ സ്റ്റാലിൻ ഇഷ്ടപ്പെടുന്നില്ലെന്നു തീർച്ച.

(രാഷ്ട്രീയത്തിലിറങ്ങിക്കഴിഞ്ഞും സിനിമയിൽ അഭിനയിക്കുന്നവരോടു കരുണാനിധിക്കും വലിയ താൽപര്യമുണ്ടായിരുന്നില്ല. ഡിഎംകെയിലുള്ളപ്പോൾ എംജിആറിന്റെ താരപ്രഭയിൽ കരുണാനിധിക്ക് അനിഷ്ടമുണ്ടായിരുന്നു. മന്ത്രിസഭയിലെടുക്കണമെങ്കിൽ സിനിമാഭിനയം നിർത്തണം എന്ന് എംജിആറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഡിഎംകെയിൽ നിന്നു പുറത്താക്കപ്പെട്ട എംജിആർ എഡിഎംകെ രൂപീകരിച്ചപ്പോൾ ‘നടന്റെ പാർട്ടി’ എന്നു പരിഹസിച്ചു കരുണാനിധി).

എം. കരുണാനിധി.

∙ കരുണാനിധിയുടെ ആത്മകഥ, അംബേദ്കറുടെ ചെറുപ്രതിമ

ഉദയനിധി പക്ഷേ അടുത്ത കാലം വരെ ഒരു സിനിമയിലും കാര്യമായി രാഷ്ട്രീയം പറഞ്ഞിരുന്നില്ല. ഡിഎംകെ യുവജന വിഭാഗം തലവനായി ചുമതലയേൽക്കുന്നതിനു തൊട്ടുമുൻപു നായകവേഷം ചെയ്ത 'കണ്ണേ കലൈമാനേ' എന്ന പടത്തിൽ മാത്രമാണ് അൽപമെങ്കിലും സമകാലിക രാഷ്ട്രീയം പരാമർശിക്കപ്പെട്ടത്. കർഷകരുടെ ദുരിതവും, മെഡിക്കൽ പ്രവേശനത്തിനു ദേശീയതലത്തിൽ നടത്തുന്ന നീറ്റ് പരീക്ഷയോട് തമിഴ്നാടിനുള്ള എതിർപ്പും മറ്റും ആ പടത്തിൽ പരാമർശിച്ചുവെങ്കിലും കോവിഡ് കാലത്ത് വന്ന ‘സൈക്കോ’യിൽ രാഷ്ട്രീയ പ്രസ്താവനകളുണ്ടായിരുന്നില്ല. രാഷ്ട്രീയ സിനിമകൾ ചെയ്യാൻ തനിക്കു താൽപര്യമില്ലെന്ന് അഭിമുഖങ്ങളിൽ ഉദയനിധി പലതവണ പറയുകയും ചെയ്തു.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പിതൃസഹോദരി കനിമൊഴിക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയെങ്കിലും അപ്പോളും മുഴുവൻ സമയ രാഷ്ട്രീയക്കാരനാവാനില്ലെന്ന് ഉദയനിധി സൂചിപ്പിക്കുന്നുണ്ട്. (തന്റെ മകനോ മരുമകനോ ഒരിക്കലും രാഷ്ട്രീയത്തിലിറങ്ങില്ല എന്ന് അതിനും മൂന്നു വർഷം മുൻപ് വികടൻ ടിവിയിലെ അഭിമുഖത്തിൽ സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു).

2019 ജൂലൈയിൽ യൂത്ത് വിങ് സെക്രട്ടറിയായി നിയമിക്കപ്പെട്ട ശേഷവും ഉദയനിധി സിനിമയിൽ തന്നെ മുഴുകി. ഡിഎംകെയിൽ വീണ്ടും കുടുംബവാഴ്ചയ്ക്ക് അരങ്ങൊരുങ്ങുകയാണെന്ന് അന്ന് അണ്ണാഡിഎംകെ നേതാക്കൾ ആരോപിക്കുമ്പോഴും ഉദയനിധി സിനിമാത്തിരക്കിലായിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു കൊല്ലം മുൻപു മാത്രമാണ് പൊതുരംഗത്തു സജീവമായത്.

സ്റ്റാലിനൊപ്പം മകനും നിയമസഭയിലേക്കു മത്സരിക്കാനുണ്ടാവുമെന്ന് അതോടെ ഉറപ്പായി. പക്ഷേ, 2021ലെ തിരഞ്ഞെടുപ്പിൽ ചെന്നൈയിലെ ട്രിപ്ലിക്കേൻ-ചെപ്പോക്ക് മണ്ഡലത്തിൽ നിന്നു ജയിച്ച ശേഷവും ഉദയനിധി സിനിമയിൽ തന്നെയാണു ശ്രദ്ധ കേന്ദ്രീകരിച്ചത്. മന്ത്രിസഭാ രൂപീകരണ വേളയിൽ, സ്റ്റാലിൻ മകനെ മന്ത്രിയാക്കുമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. പക്ഷേ, വിമർശകരെ ഞെട്ടിച്ചു കൊണ്ട് ഉദയനിധി അച്ഛന്റെ മന്ത്രിസഭയിൽ ഇടംകിട്ടാതെ വെറും എംഎൽഎ ആയി നിയമസഭയിലിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പു നടന്ന 2021 ഏപ്രിലിൽ തന്നെ ഉദയനിധി നായകനായി പുതിയൊരു പടത്തിന്റെ ചിത്രീകരണം പൊള്ളാച്ചിയിൽ തുടങ്ങിയിരുന്നു. അരുൺരാജ കാമരാജ് സംവിധാനം ചെയ്ത ആ പടത്തിനു പേരിട്ടത് പിന്നെയും അഞ്ചാറു മാസം കഴിഞ്ഞാണ്. അപ്പോഴേക്ക് സ്റ്റാലിൻ മുഖ്യമന്ത്രിയും ഉദയനിധി എംഎൽഎയുമായിക്കഴിഞ്ഞിട്ടുണ്ട്. കരുണാനിധിയുടെ ആത്മകഥയുടെ പേരാണ് ഉദയനിധി സ്റ്റാലിൻ ആ സിനിമയ്ക്കിട്ടത്: ‘നെഞ്ച്ക്ക് നീതി’. അടിച്ചമർത്തപ്പെടുന്ന അവർണ മനുഷ്യരുടെ വിമോചനം ഒരു കഥാപ്രസംഗത്തിലെന്ന പോലെ ഉച്ചത്തിൽ പറയുന്നുണ്ട് ആ പടം. വിജയരാഘവൻ എന്ന ഐപിഎസ് ഓഫിസറുടെ വേഷത്തിലെത്തുന്ന ഉദയനിധിയുടെ സംഭാഷണങ്ങളിലാവട്ടെ തമിഴകത്തെ സമകാലിക രാഷ്ട്രീയ വിഷയങ്ങൾ ഒന്നുപോലും ഒഴിവാക്കാതെ കടന്നുവരുന്നുമുണ്ട്-‘നീറ്റ്’ പരീക്ഷ മുതൽ ഹിന്ദിവിരോധം വരെ. ഒരുപക്ഷെ, 'ജയ്ഭീ'മിനേക്കാൾ 'പ്രകടമായി' ജാതിരാഷ്ട്രീയം പറയുന്നുണ്ട് ‘നെഞ്ചുക്ക് നീതി’-എന്തോ ഒരു തിടുക്കത്തിലെന്ന പോലെ, വളരെ അത്യാവശ്യമായി ആരെയോ കാണിക്കാനുണ്ടെന്ന പോലെ. ('നെഞ്ചുക്ക് നീതി' കണ്ട് ഇഷ്ടപ്പെട്ട് കമലഹാസൻ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉദയനിധിയെയും സംവിധായകനെയും വിളിച്ചുവരുത്തി ആദരിക്കുകയുണ്ടായി. ആദരത്തിനു നന്ദിയായി ഉദയനിധി കമലിനു കൊടുത്തതു രണ്ടു ചെറു പ്രതിമകളാണ്. ഒന്ന് അംബേദ്കറുടേത്. അടുത്തത് പെരിയോർ ഇ.വി.രാമസ്വാമി നായ്ക്കരുടേതും. ).

ഉദയനിധിയുടെ അവസാന ചിത്രമെന്നു പറയുന്ന ‘മാമന്ന’നും അടിമുടി രാഷ്ട്രീയ ചിത്രമായിരിക്കുമെന്നതിൽ സംശയമില്ല. സംവിധായകൻ മാരി ശെൽവരാജിന്റെ രണ്ടു മുൻപടങ്ങളും (പരിയേറും പെരുമാൾ, കർണൻ) ദലിത് രാഷ്ട്രീയം ‘പച്ചയ്ക്കു’ പറഞ്ഞവയായിരുന്നല്ലോ (ഷൂട്ടിങ് തീരാറായി. കീർത്തി സുരേഷും ഫഹദ് ഫാസിലുമുണ്ട് ‘മാമന്ന’നിൽ ഉദയനിധിക്കൊപ്പം). ‘മാമന്നൻ’ തീർത്ത്, അഭിനയം നിർത്തി, മുഴുവൻ സമയ രാഷ്ട്രീയക്കാരനായി ഉദയനിധി എത്തുമ്പോൾ മകനു നൽകാൻ എന്തു സമ്മാനമായിരിക്കും സ്റ്റാലിൻ കരുതിവച്ചിട്ടുണ്ടാവുക? അതറിയാനാണ് തമിഴ്‌നാട് രാഷ്ട്രീയം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

∙ എംജിആറിനും ജയലളിതയ്ക്കും മക്കളുണ്ടായിരുന്നെങ്കിൽ....

എം.ജി. രാമചന്ദ്രൻ.

അണ്ണാമലൈ നൽകിയ മുന്നറിയിപ്പിലേക്കു തിരിച്ചുവരാം. ശിവസേനയിലേതു പോലൊരു കലാപം ഡിഎംകെയിൽ സംഭവിക്കാൻ നിലവിൽ കാരണങ്ങളൊന്നുമില്ല. കുടുംബവാഴ്ചയെന്നത് ദ്രാവിഡ രാഷ്ട്രീയത്തിൽ അപ്രതീക്ഷിതമോ അദ്ഭുതമോ അശ്ലീലമോ ആയിരുന്നില്ല ഒരിക്കലും. (എംജിആറിനോ ജയലളിതയ്‌ക്കോ മക്കളുണ്ടായിരുന്നെങ്കിൽ ഉദയനിധിക്ക് സിനിമാഭിനയം നിർത്തേണ്ടി വരുമായിരുന്നില്ലല്ലോ).

കലൈഞ്ജരുടെ രാഷ്ട്രീയ അനന്തരാവകാശിയെന്ന് അവകാശപ്പെട്ടിരുന്ന അർധസഹോദരൻ അഴഗിരി ഇപ്പോൾ സ്റ്റാലിനു മുമ്പിൽ വഴിമുടക്കാൻ മാത്രം കരുത്തനല്ല. കുടുംബത്തിനകത്ത് എതിർശബ്ദങ്ങൾ ഒന്നു പോലുമില്ല. സ്‌പെക്ട്രം അഴിമതിയുടെ കളങ്കം ഇനിയും പൂർണമായും കഴുകിക്കളഞ്ഞിട്ടില്ലാത്ത അർധസഹോദരി കനിമൊഴിക്കു തൽക്കാലം കൂടുതൽ വലിയ രാഷ്ടീയ സ്വപ്‌നങ്ങളില്ല. 

കരുണാനിധിയുടെ അനന്തരവനായിരുന്ന മുരശൊലി മാരന്റെ മക്കൾ-കലാനിധി മാരനും ദയാനിധി മാരനും- കച്ചവടത്തിൽ ശ്രദ്ധിച്ചു കഴിയുന്നു (ദയാനിധി മാരൻ ഇപ്പോളും എംപിയാണെങ്കിലും രാഷ്ട്രീയത്തിൽ അത്ര സജീവമല്ല). മുഖ്യഎതിരാളിയായ അണ്ണാഡിഎംകെയാവട്ടെ എംജിആറിന്റെയും, പിന്നീടു ജയലളിതയുടെയും താരത്തിളക്കത്തിൽ മാത്രം വിജയിച്ചു നിന്ന പാർട്ടിയാണ്.

ആ പാർട്ടിയിൽ ഇനിയൊരു താരോദയം അതിവിദൂരസാധ്യത മാത്രം. തിങ്കളാഴ്ച ചേരുന്ന ജനറൽ കൗൺസിൽ യോഗം, ഇനി ഒരു നേതാവു മാത്രം മതിയെന്നു തീരുമാനിച്ച് ഒ.പനീർശെൽവത്തെ തള്ളിക്കളഞ്ഞ് എടപ്പാടി പഴനിസ്വാമിയെ ജനറൽ സെക്രട്ടറിയായി അവരോധിച്ചാൽ പാർട്ടി പിളരുമെന്നു തീർച്ചയാണ്. ബിജെപിയുടെ ക്യാംപിലേക്കല്ലാതെ മറ്റൊരു വഴി ഒപിഎസ്സിന്റെ മുൻപിലുണ്ടാവില്ലെന്നും രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നു. ഭൂരിഭാഗം നേതാക്കളുടെയും എംഎൽഎമാരുടെയും പിന്തുണയുണ്ടെങ്കിലും, അണികളെ ആവേശഭരിതരാക്കാൻ പോന്ന താരപരിവേഷം എടപ്പാടിയിലില്ല. അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം എന്ന പ്രസ്ഥാനത്തിന്റെ അസ്തമനത്തിന്റെ ആരംഭമായിരിക്കും ആ പിളർപ്പ് എന്നു വിശ്വസിക്കുന്നവരുമേറെ.

ജയലളിത.

ജയലളിതയുടെ പഴയ തോഴി ശശികല അഴിമതിക്കേസിലെ ജയിൽവാസം പൂർത്തിയാക്കി പുറത്തുവന്ന് രാഷ്ട്രീയപുനപ്രവേശനത്തിന് അവസരം നോക്കിയിരിക്കുന്നുണ്ട്. മരുമകൻ ടി.ടി.വി.ദിനകരൻ രൂപീകരിച്ച എഎംഎംകെയ്ക്ക് (അമ്മാ മക്കൾ മുന്നേറ്റ കഴകം) തേവർ സമുദായത്തിലുള്ള സ്വാധീനത്തിലും ബിജെപിയുടെ കാരുണ്യത്തിലുമാണ് ശശികലയുടെ പ്രതീക്ഷ. പക്ഷേ, നീറ്റ് പരീക്ഷയും ഹിന്ദി അടിച്ചേൽപിക്കലും മറ്റുമായി സ്ഥാനത്ത് ബിജെപി വിരുദ്ധത വീണ്ടും ശക്തിപ്രാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ശശികലയുടെ നീക്കങ്ങൾക്ക് ആരും അത്ര വലിയ സാധ്യതകൾ കാണുന്നില്ല. അമ്മയില്ലാതെന്തുചിന്നമ്മ? മഹാറാണി പടിയിറങ്ങിക്കഴിഞ്ഞ് തോഴിയെ ആരു വണങ്ങാൻ?ജനസ്വാധീനമുള്ള ശക്തരായ നേതാക്കളുടെ അഭാവത്തിൽ കോൺഗ്രസും തമിഴകത്ത് ഉടനെയൊരു തിരിച്ചുവരവ് സ്വപ്‌നം കാണുന്നില്ല.

 ഡിഎംകെ മുന്നണിയിലെ ഘടകകക്ഷിയെന്ന നിലയിൽ, ഡിഎംകെയുടെ ഔദാര്യത്തിൽ വിട്ടുകിട്ടിയ ഏതാനും ബോർഡുകളിലും കോർപറേഷനുകളിലുമൊതുങ്ങുന്നു സംസ്ഥാന ഭരണത്തിൽ കോൺഗ്രസിന്റെ പങ്ക്. വണ്ണിയർ സമുദായ പാർട്ടിയായ പാട്ടാളി മക്കൾ കക്ഷി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെ മുന്നണിയിൽ മത്സരിച്ച് അഞ്ചു സീറ്റിൽ ജയിച്ചെങ്കിലും ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപായി മുന്നണിയിൽ നിന്നു തെറ്റിപ്പിരിഞ്ഞു നിലവിൽ അനാഥാവസ്ഥയിലാണ്. ഡിഎംകെയിൽ സ്റ്റാലിനു നൽകിയ അമിതപരിഗണനയിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട വൈകോ 1994ൽ രൂപീകരിച്ച എംഡിഎംകെയ്ക്കു (മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം) നിലവിൽ ഡിഎംകെ മുന്നണിയുടെ ഭാഗമായി നാല് എംഎൽഎമാരും രണ്ട് എംപിമാരുമുണ്ടെങ്കിലും വൈകോയുടെ പല പല രാഷ്ട്രീയ മലക്കംമറിച്ചിലുകളിൽ ആ പാർട്ടിയുടെ പ്രസക്തിയും സാധ്യതയും എന്നേ നഷ്ടമായിരിക്കുന്നു. നടൻ വിജയകാന്ത് സ്ഥാപിച്ച ഡിഎംഡികെയും (ദേശീയ മുർപ്പോക്ക് ദ്രാവിഡ കഴകം) തത്വത്തിൽ അകാലചരമം പ്രാപിച്ചു കഴിഞ്ഞു.

വിജയകാന്തിന്റെ വ്യക്തിപ്രഭാവത്തിൽ മാത്രം നിലനിന്ന പാർട്ടിക്ക് 2016ൽ നിയമസഭയിലെ മുഖ്യപ്രതിപക്ഷമാകാൻ കഴിഞ്ഞെങ്കിലും വിജയകാന്ത് രോഗബാധിതനായി കിടപ്പിലായതോടെ നിലവിൽ സംഘടനയ്ക്കു കാര്യമായ പ്രവർത്തനങ്ങളില്ല.

രജനീകാന്ത് രാഷ്ട്രീയ സ്വപ്‌നങ്ങൾ പിൻവലിച്ചു കഴിഞ്ഞു. 'വിക്രം' സിനിമയുടെ വൻവിജയത്തോടെ കമലഹാസനും തൽക്കാലം രാഷ്ട്രീയ നീക്കങ്ങൾ നിർത്തിവച്ചതു പോലെയാണ്. എന്നും അടിമുടി സിനിമാക്കാരനായിരുന്ന കമലിനെ വിക്രവിജയം വീണ്ടും ആശയക്കുഴപ്പത്തിലാക്കിയെന്നതാണു സത്യം. ന്യൂജൻ പയ്യന്മാരുടെ തിരതള്ളലിനിടയിൽ തമിഴ് സിനിമയിൽ ഇനിയുമൊരു ബോക്‌സ് ഓഫിസ് അങ്കത്തിനു തനിക്കു ബാല്യമില്ലെന്നു തന്നെയാണ് കമലഹാസൻ വിശ്വസിച്ചിരുന്നത്.

പക്ഷേ, 'വിക്ര'ത്തിനു പിന്നാലെ കമൽ നിരനിരയായി പുതിയ പ്രോജക്ടുകളുടെ പിന്നാലെയാണ്. മക്കൾ തലൈവനായല്ല, നവരസനായകനായാണ് ആരാധകർ തന്നെ കാണാനിഷ്ടപ്പെടുന്നത് എന്നു കമലും തിരിച്ചറിയുന്നുണ്ടാവണം. (കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ ബിജെപിയുടെ മഹിളാ മോർച്ച നേതാവ് വാനതി ശ്രീനിവാസനോട് ആയിരത്തിൽപരം വോട്ടിനാണു കമലഹാസൻ തോറ്റത്. ‘വിക്രം’ കണ്ട്, പഴയ കമലിനെ തിരിച്ചുകിട്ടിയതിന്റെ ആനന്ദത്താൽ മതിമറന്ന് വാനതി ശ്രീനിവാസൻ ട്വിറ്ററിലെഴുതി: ‘തിരഞ്ഞെടുപ്പിൽ അങ്ങയെ തോൽപിച്ചതിൽ ഞാൻ ഒരിക്കൽ കൂടി സന്തോഷിക്കുന്നു’).

എതിരാളികളെല്ലാം ഒഴിഞ്ഞുപോകുന്ന, എതിർശബ്ദങ്ങളെല്ലാം അമർന്നു പോകുന്ന കളിക്കളത്തിൽ വൈകാതെ സ്റ്റാലിൻ ഏകനാകും. ആ ഏകാന്തതയിലായിരിക്കണം അയാൾ ഒരു ഏകാധിപതിയാകുന്നതിന്റെ സാധ്യതകളെക്കുറിച്ച് ആലോചിച്ചു തുടങ്ങുന്നത്. ഏകാധിപതികളേക്കാൾ ഏകാന്തത അനുഭവിക്കുന്ന മറ്റാരുമുണ്ടാവില്ലല്ലോ. ആ ഏകാന്തതയിലേക്ക് പുതിയ ഇളയസൂര്യനായി ഉദയനിധിയും ഉദിച്ചുയരുമോ?

 

English Summary: M.K. Stalin once quit acting career to pursue politics, Udayanithi Stalin follows father's footsteps now