ക്രിപ്റ്റോകറൻസി സമ്പദ്‌വ്യവസ്ഥയുടെ ഭാവിയാണെന്നും ബിറ്റ്കോയിൻ ഭാവിയുടെ ലോക കറൻസിയാണെന്നുമൊക്കെ സാമ്പത്തിക-സാങ്കേതിക വിദഗ്ധർ കഴിഞ്ഞ പത്തു വർഷമായി പ്രഘോഷിച്ചപ്പോഴൊന്നും തകർന്നുവീഴാത്ത ബിറ്റ്കോയിനും മറ്റു ക്രിപ്റ്റോകറൻസികളും എൽ സാൽവദോർ കാശിറക്കിയപ്പോൾ തകർന്നടിയാൻ കാരണമെന്താണ്? എന്തുകൊണ്ട് മറ്റൊരു രാജ്യവും ഇത്ര സങ്കീർണവും സാഹസികവുമായ ഒരു പണപരീക്ഷണത്തിന് തയാറായില്ല? El Salvador . Bitcoin

ക്രിപ്റ്റോകറൻസി സമ്പദ്‌വ്യവസ്ഥയുടെ ഭാവിയാണെന്നും ബിറ്റ്കോയിൻ ഭാവിയുടെ ലോക കറൻസിയാണെന്നുമൊക്കെ സാമ്പത്തിക-സാങ്കേതിക വിദഗ്ധർ കഴിഞ്ഞ പത്തു വർഷമായി പ്രഘോഷിച്ചപ്പോഴൊന്നും തകർന്നുവീഴാത്ത ബിറ്റ്കോയിനും മറ്റു ക്രിപ്റ്റോകറൻസികളും എൽ സാൽവദോർ കാശിറക്കിയപ്പോൾ തകർന്നടിയാൻ കാരണമെന്താണ്? എന്തുകൊണ്ട് മറ്റൊരു രാജ്യവും ഇത്ര സങ്കീർണവും സാഹസികവുമായ ഒരു പണപരീക്ഷണത്തിന് തയാറായില്ല? El Salvador . Bitcoin

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിപ്റ്റോകറൻസി സമ്പദ്‌വ്യവസ്ഥയുടെ ഭാവിയാണെന്നും ബിറ്റ്കോയിൻ ഭാവിയുടെ ലോക കറൻസിയാണെന്നുമൊക്കെ സാമ്പത്തിക-സാങ്കേതിക വിദഗ്ധർ കഴിഞ്ഞ പത്തു വർഷമായി പ്രഘോഷിച്ചപ്പോഴൊന്നും തകർന്നുവീഴാത്ത ബിറ്റ്കോയിനും മറ്റു ക്രിപ്റ്റോകറൻസികളും എൽ സാൽവദോർ കാശിറക്കിയപ്പോൾ തകർന്നടിയാൻ കാരണമെന്താണ്? എന്തുകൊണ്ട് മറ്റൊരു രാജ്യവും ഇത്ര സങ്കീർണവും സാഹസികവുമായ ഒരു പണപരീക്ഷണത്തിന് തയാറായില്ല? El Salvador . Bitcoin

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതൊരു വലിയ ചുവടുവയ്പായിരുന്നു. മറ്റെല്ലാവരേക്കാൾ മുൻപേ നടക്കാനുള്ള വിപ്ലവകരമായ ഒരു ശ്രമം. ഇതാണ് ശരിയായ ചുവടെന്ന് പലരും ആവർത്തിച്ചു പറയുകയും പ്രകീർത്തിക്കുകയും ചെയ്തു. എന്നാൽ, പെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞത്. ഉള്ളതെല്ലാം വിറ്റു ബിറ്റ്കോയിൻ വാങ്ങിയ എൽ സാൽവദോർ എന്ന രാജ്യം ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോകറൻസികൾ തകർന്നടിയുന്നത് കണ്ട് തരിച്ചുനിൽക്കുമ്പോൾ രാജ്യാന്തര നാണയനിധി (ഐഎംഎഫ്) ഉൾപ്പെടെയുള്ളവർ മൂക്കത്തു വിരൽ വച്ചു ചോദിക്കുന്നത് ഒരേ ചോദ്യമാണ്- ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടായിരുന്നോ? ക്രിപ്റ്റോകറൻസി സമ്പദ്‌വ്യവസ്ഥയുടെ ഭാവിയാണെന്നും ബിറ്റ്കോയിൻ ഭാവിയുടെ ലോക കറൻസിയാണെന്നുമൊക്കെ സാമ്പത്തിക-സാങ്കേതിക വിദഗ്ധർ കഴിഞ്ഞ പത്തു വർഷമായി പ്രഘോഷിച്ചപ്പോഴൊന്നും തകർന്നുവീഴാത്ത ബിറ്റ്കോയിനും മറ്റു ക്രിപ്റ്റോകറൻസികളും എൽ സാൽവദോർ കാശിറക്കിയപ്പോൾ തകർന്നടിയാൻ കാരണമെന്താണ്?

ആരെങ്കിലും എൽ സാൽവദോറിന്റെ ഖജനാവ് കൊള്ളയടിക്കാൻ നടത്തിയ ബ്രഹ്മാണ്ഡ ‘മണി ഹെയ്സ്റ്റ്’ ആയിരുന്നോ അത്? അതോ പ്രകൃതിദുരന്തം പോലെ സംഭവിച്ച സാമ്പത്തികമാന്ദ്യത്തിൽ എൽസാൽവദോറിന്റെ ഖജനാവും കാലിയായതാണോ? എന്തുകൊണ്ട് ഇത്ര സങ്കീർണവും സാഹസികവുമായ ഒരു പണപരീക്ഷണത്തിന് എൽ സാൽവദോർ മുതിർന്നു? അല്ലെങ്കിൽ മറ്റൊരു രാജ്യവും ഇത്തരമൊരു കാര്യം ചെയ്യാത്തത് എന്തുകൊണ്ടാണ്? കാശിന്റെ കളി എൽ സാൽവദോറിനു പുതുമയല്ല. നോട്ടുനിരോധനവും പുതിയ നോട്ടിറക്കലും പലവട്ടം ചെയ്തിട്ടുണ്ട് ആ രാജ്യം. അവയെല്ലാം ഓരോ ചെറിയ വിപ്ലവങ്ങളായിരുന്നു.

ADVERTISEMENT

∙ 1892 ഒക്ടോബർ 1

അമേരിക്ക കണ്ടെത്തിയ ക്രിസ്റ്റഫർ കൊളംബസിനോടുള്ള ആദരസൂചകമായി, എൽസാൽവദോറിലെ നാണയകമായ സാൽവദോറൻ പെസോയുടെ പേര് കോളോൻ എന്നു മാറ്റിയതായി പ്രസിഡന്റ് കാർലോസ് എസെട്ടയുടെ സർക്കാർ പ്രഖ്യാപിച്ചു. 1919 ആയപ്പോഴേക്കും പെസോയെ പൂർണമായി ഇല്ലാതാക്കിക്കൊണ്ട് കോളോൻ പ്രചാരത്തിലായി. ഒരു ഡോളർ എന്നാൽ 2 കോളോൻ എന്നതായിരുന്നു അന്നു നിശ്ചയിച്ച മൂല്യം. 1931ലെ ആഗോളസാമ്പത്തികമാന്ദ്യത്തിൽ കോളോനും ഉലഞ്ഞു. കറൻസി നിക്ഷേപത്തിനായി സ്വർണത്തെ ആശ്രയിക്കുന്ന ഏർപ്പാട് എൽസാൽവദോർ ഉപേക്ഷിച്ചു. ഇതോടെ കോളോന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. 1934ൽ കറൻസി കൈകാര്യം ചെയ്യുന്നതിനു വേണ്ടി മാത്രമായി ഒരു സർക്കാർ ഏജൻസിക്കു രൂപം നൽകി. ഓഗസ്റ്റ് 31ന്, നിലവിൽ പ്രചാരത്തിലുണ്ടായിരുന്ന കോളോൻ കറൻസികൾക്കു പകരം റിസർവ് ബാങ്ക് ഒരേ തരത്തിലുള്ള കറൻസി നോട്ടുകൾ അവതരിപ്പിച്ചു.

∙ 2001 ജനുവരി 1

കോളോൻ കൊണ്ടു കാര്യമൊന്നുമില്ലെന്നു മനസ്സിലായ എൽ സാൽവദോർ ഡോളറിലേക്കു തിരിഞ്ഞു. പ്രസിഡന്റ് ഫ്രാൻസിസ്കോ ഫ്ലോറെസിന്റെ നേതൃത്വത്തിലുള്ള സർക്കാർ പാസാക്കിയ മോനിറ്ററി അഗ്രഗേഷൻ ആക്ട് കോളോനെ പുറത്താക്കി പകരം യുഎസ് ഡോളറിനെ കൈനീട്ടി സ്വീകരിച്ചു. യുഎസ് ഡോളറിന്റെ സ്വതന്ത്രവിനിമയം രാജ്യത്ത് അനുവദിച്ചു എന്നു മാത്രമല്ല ഒരു നൂറ്റാണ്ടിലധികമായി രാജ്യത്തു പ്രചാരത്തിലിരുന്ന കോളോൻ എന്ന കറൻസി നിരോധിക്കുകയും ചെയ്തു. യുഎസ് ഡോളറിലേക്കു മാറുമ്പോൾ രണ്ടു ഗുണങ്ങളാണ് എൽ സാൽവദോർ മുന്നിൽ കണ്ടത്. ഒന്ന്, രാജ്യത്തെ കറൻസി യുഎസ് ഡോളറാകുമ്പോൾ വിദേശനിക്ഷേപം ആകർഷിക്കാം. രണ്ട്, കയറ്റിറക്കുമതിയിൽ വിദേശനാണയവിനിമയത്തിന്റെ ആവശ്യം വരുന്നില്ല. അവിടെയും ഡോളർ, ഇവിടെയും ഡോളർ, സംഗതി ഭദ്രം.

യുഎസ് ഡോളർ. ചിത്രം: AFP
ADVERTISEMENT

എന്നാൽ, കാര്യങ്ങളൊന്നും ഭദ്രമല്ലെന്ന് വളരെ വേഗം വ്യക്തമായി. യുഎസ് ഫെഡറൽ റിസർവുമായി ബന്ധിപ്പിക്കപ്പെട്ട യുഎസ് ഡോളറിൽ അധിഷ്ഠിതമായ എൽ സാൽവദോർ സമ്പദ്‍വ്യവസ്ഥയിൽ പണനയത്തിനു പ്രസക്തിയില്ലാതായി. ഇതോടെ സമ്പദ്‍വ്യവസ്ഥയുടെ മേലുള്ള സർക്കാരിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. മുൻ കറൻസിയായ കൊളോനും യുഎസ് ഡോളറുമായുള്ള വിനിമയ നിരക്ക് ഡോളർ ഒന്നിന് 8.75 കൊളോൻ എന്നു നിശ്ചയിച്ചത് ജനങ്ങളെ പാപ്പരാക്കി. കുറഞ്ഞ മൂല്യമുള്ള മറ്റു രാജ്യങ്ങളുടെ കറൻസികളുമായി മത്സരിക്കാനാകാതെ വന്നതോടെ കയറ്റുമതി കുത്തനെ ഇ‍ടിഞ്ഞു. ചുരുക്കിപ്പറഞ്ഞാൽ എൽ സാൽവദോറിലെ ഡോളർവൽക്കരണം അക്ഷരാർഥത്തിൽ തുമ്പിയുടെ കല്ലെടുക്കൽ ദൗത്യമായി മാറി.

∙ എൽ സോന്തെ ഗ്രാമം, 2019

എൽ സാൽവദോറിലെ എൽ സോന്തെ ഗ്രാമത്തിലും ഡോളർവൽക്കരണം മൂലമുള്ള പ്രശ്നങ്ങൾ ചില്ലറയായിരുന്നില്ല. അങ്ങനെയിരിക്കെയാണ് വിനോദസഞ്ചാരത്തിനു പേരു കേട്ട ഗ്രാമത്തിന് അജ്‌‍ഞാതനായ ഒരാൾ ഒരു ലക്ഷം ഡോളർ മൂല്യമുള്ള ബിറ്റ്കോയിൻ സംഭാവന ചെയ്തത്. എൽ സാന്തോയിലെ സന്നദ്ധ സംഘടനകൾക്ക് യുഎസിൽ നിന്നാണ് അജ്ഞാതൻ ബിറ്റ്കോയിൻ സംഭാവനയായി നൽകിയത്. അന്ന് ഒരു ബിറ്റ്കോയിന് 7000 ഡോളറിനു മുകളിലാണ് വില. 4000 ഡോളർ വരെ താഴ്ന്നെങ്കിലും വർഷാവസാനത്തോടെ വില വീണ്ടും 8000 ഡോളറിലെത്തി. എങ്കിൽ എന്തുകൊണ്ട് ഡോളറിനു പകരം നമുക്ക് ബിറ്റ്കോയിൻ വിനിമയത്തിനായി ഉപയോഗിച്ചുകൂടാ എന്ന ചോദ്യം സംഭാവന ലഭിച്ച സംഘടനകൾ തന്നെയാണ് ചോദിച്ചത്.

പ്രതീകാത്മക ചിത്രം: AFP

​3000 ജനസംഖ്യയുള്ള ഗ്രാമത്തിൽ നല്ലൊരു ശതമാനം ആളുകളും ബാങ്കിങ് സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നവരല്ല. ഏതു ബാങ്കിനേക്കാൾ സുരക്ഷിതമായ ബിറ്റ്കോയിനെ വിനിമയത്തിനായി സ്വീകരിക്കുന്നതായി എൽ സോന്തെ പ്രഖ്യാപിച്ചു. ബിറ്റ്കോയിനിൽ ഇടപെട് നടത്താമെന്നായതോടെ അവിടെയെത്തുന്ന സഞ്ചാരികൾക്കും താൽപര്യമായി. ഗ്രാമത്തിലെ വ്യാപാരകേന്ദ്രങ്ങളിൽ ബിറ്റ്കോയിൻ എടിഎമ്മുകൾ സ്ഥാപിക്കപ്പെട്ടു. എൽ സോന്തെ ഗ്രാമം വളരെപ്പെട്ടെന്ന് ലോകപ്രശസ്തി നേടി. ലോകമെങ്ങമുള്ള ബിറ്റ്കോയിൻ വക്താക്കൾ എൽ സോന്തെ ഗ്രാമത്തെ ബിറ്റ്കോയിൻ വിപ്ലവത്തിലൂടെ വിജയം നേടിയ ഉജ്വലമാതൃകയായി അവതരിപ്പിച്ചു. ഗ്രാമത്തിന്റെ പേരു തന്നെ ബിറ്റ്കോയിൻ ബീച്ച് എന്നായി.

ADVERTISEMENT

∙ 2021 ജൂൺ 5

എൽ സാൽവദോർ പ്രസിഡന്റ് നയിബ് ബ്യുകെലെ വിപ്ലവകരമായ ആ പ്രഖ്യാപനം നടത്തി. പെസോയ്ക്കും കോളോനും ഡോളറിനും ശേഷം ബിറ്റ്കോയിൻ രാജ്യത്തിന്റെ ഔദ്യോഗിക കറൻസിയാകുന്നു. ഇത്തവണ ഡോളറിനെ പുറത്താക്കുന്നില്ലെന്നു മാത്രം. ഡോളറിനൊപ്പം ബിറ്റ്കോയിനും ആളുകൾക്ക് വിനിമയത്തിനുപയോഗിക്കാം. ബിറ്റ്കോയിൻ ബീച്ച് ഉള്ള രാജ്യത്തിന്റെ പുരോഗമനപരമായ നീക്കത്തെ ലോകം കയ്യടിച്ചു സ്വീകരിച്ചു. ക്രിപ്റ്റോകറൻസി വക്താക്കൾ ആ ധീരതയെ വാനോളം പുകഴ്ത്തി.

പരമ്പരാഗത ധനകാര്യ സ്ഥാപനങ്ങൾ മൂക്കത്തു വിരൽവച്ചു നിന്നു. ബിറ്റ്കോയിന് അംഗീകാരം നൽകുന്നതിനുള്ള പ്രധാനന്യായങ്ങളിലൊന്ന് എൽ സാൽവദോറുകാർക്ക് വിദേശത്തുനിന്ന് പണമയയ്ക്കാനുള്ള സൗകര്യമാണ്. ബാങ്ക് ചാർജുകളോ കമ്മിഷനോ ഒന്നുമില്ലാതെ പണം തത്സമയം നാട്ടിലെത്തും. നാണയ കൈമാറ്റത്തിന്റെ തലവേദനയുമില്ല. ബാങ്കിങ് സൗകര്യമില്ലാത്ത സാധാരണക്കാർക്ക് ബിറ്റ്കോയിൻ അംഗീകരിക്കപ്പെടുന്നതോടെ അവരുടെ ബിറ്റ്കോയിൻ ഇടപാടുകൾക്ക് നിയമസാധുത ലഭിക്കുമെന്നതും തീരുമാനത്തിന്റെ പ്രയോജനങ്ങളിലൊന്നായിരുന്നു. ജൂൺ 9ന് എൽ സാൽവദോർ പാർലമെന്റിൽ ബിൽ പാസായതോടെ ബിറ്റ്കോയിൻ രാജ്യത്തെ ഔദ്യോഗിക കറൻസികളിലൊന്നായി മാറി.

കടയിൽ ബിറ്റ്‌കോയിൻ സ്വീകരിക്കുമെന്ന ബോർഡ്. എൽ സാൽവദോറിൽനിന്നുള്ള കാഴ്ച. ചിത്രം: AFP

രാജ്യത്തെ ബിറ്റ്കോയിൻ വിനിമയത്തിനുള്ള കരുതൽ ധനമായി 15 കോടി ഡോളർ സർക്കാർ മാറ്റിവച്ചിട്ടുണ്ടെന്നും പ്രഖ്യാപിച്ചു. ബിറ്റ്കോയിൻ ഔദ്യോഗിക നാണയമായി സ്വീകരിക്കുന്ന പ്രക്രിയയെ സഹായിക്കണമെന്ന് സർക്കാർ ലോകബാങ്കിനോട് അഭ്യർഥിച്ചെങ്കിലും ലോകബാങ്ക് കൈമലർത്തി. ബിറ്റ്കോയിൻ ഇടപാടുകളിലെ സുതാര്യതക്കുറവും ബിറ്റ്കോയിൻ മൈനിങ്ങിനായി ഉപയോഗിക്കുന്ന ഊർജം സൃഷ്ടിക്കുന്ന പരിസ്ഥിതിപ്രശ്നവും ചൂണ്ടിക്കാണിച്ചാണ് ലോകബാങ്ക് സഹായം നിരസിച്ചത്. ഇതൊന്നും പോരാഞ്ഞ് ബിറ്റ്കോയിൻ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ 7.5 കോടി ഡോളർ ചെലവിട്ട് ‘ചിവോ’ എന്ന പേരിൽ ബിറ്റ്കോയിൻ വോലറ്റ് നിർമിച്ചു. അതിൽ അക്കൗണ്ട് ഉണ്ടാക്കുന്ന എല്ലാവർക്കും 30 ഡോളർ വീതം കാഷ്ബാക്കും പ്രഖ്യാപിച്ചു.

100 കോടി ഡോളർ സമാഹരിക്കാനായി പ്രഖ്യാപിച്ച കടപ്പത്രങ്ങളിൽ ഒന്നു പോലും ഇതുവരെ വിറ്റുപോയിട്ടില്ല. എൽ സാൽവദോർ നടത്തുന്ന ബിറ്റ്കോയിൻ പരീക്ഷണങ്ങളിൽ വിശ്വാസമർപ്പിച്ച് ഒരു ഡോളർ പോലും മുടക്കാൻ ആരും തയാറല്ല എന്നാണ് അതിനർഥം.

എൽ സാൽവദോറിലെ നടപടിക്രമങ്ങളെ ലോകത്തെ ക്രിപ്റ്റോകറൻസി അഭ്യുദയകാംക്ഷികൾ സ്വീകരിച്ചപ്പോൾ രാജ്യത്തിനകത്ത് അത്ര വെടിപ്പായിരുന്നില്ല കാര്യങ്ങൾ. ബിറ്റ്കോയിൻ കൈകാര്യം സംബന്ധിച്ചുണ്ടാക്കിയ നിയമത്തിലെ സുതാര്യതക്കുറവ്, ഡോളർ കൊടുത്ത് ബിറ്റ്കോയിൻ വാങ്ങുന്നതിന് സർക്കാർ ഏർപ്പെടുത്തിയ നികുതി, ഇതിനു പുറമെ, നേരേ ചൊവ്വേ ഇന്റർനെറ്റ് കിട്ടാത്ത രാജ്യത്ത് എന്തു ബിറ്റ്കോയിൻ എന്തു ക്രിപ്റ്റോകറൻസി എന്ന ചോദ്യവും. സെപ്റ്റംബർ 7ന് ഈ വിഷയങ്ങളെല്ലാം ചൂണ്ടിക്കാട്ടി ആയിരക്കണക്കിനാളുകൾ സാൽ സാൽവദോർ പട്ടണത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

പ്രതീകാത്മക ചിത്രം: AFP

ബിറ്റ്കോയിൻ വിശ്വസിക്കാവുന്ന ഒരു വിനിമയ മാർഗമല്ലെന്നും എൽ സാൽവദോർ പോലെ അവികസിതമായ ഒരു സമ്പദ്‌വ്യവസ്ഥ ബിറ്റ്കോയിനെ ഔദ്യോഗികനാണയമായി സ്വീകരിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും പല രാജ്യാന്തര ധനകാര്യ ഏജൻസികളും മുന്നറിയിപ്പു നൽകി. എന്നാൽ, എല്ലാം അസൂയക്കാരുടെ ജൽപനങ്ങളായും പരമ്പരാഗത ബാങ്കിങ് സംവിധാനം ബിറ്റ്കോയിൻ വിപ്ലവത്തിനു വഴിമാറുന്നത് അംഗീകരിക്കാൻ കഴിയാത്തവരുടെ പരിവേദനങ്ങളായും കണ്ട് സർക്കാർ തള്ളിക്കളഞ്ഞു.

എൽ സാൽവദോർ നടത്തിയത് വലിയ വിപ്ലവമാണെന്നു തോന്നിയ ഗ്വാട്ടിമാല, ഹോണ്ടുറാസ്, പനാമ എന്നീ രാജ്യങ്ങളിലും ബിറ്റ്കോയിൻ ഔദ്യോഗികമാക്കുകയോ രാജ്യത്തു വിനിമയത്തിനായി ലഭ്യമാക്കുകയോ ചെയ്യണമെന്ന ആവശ്യമുയരുകയും ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് അതിനായുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്തു. സെപ്റ്റംബറിൽ സെൻട്രൽ അമേരിക്കൻ യൂണിവേഴ്സിറ്റി എൽ സാൽവദോറിൽ നടത്തിയ ഒരു പഠനത്തിൽ രാജ്യത്തെ പത്തിൽ ഒൻപതു പേർക്കും ബിറ്റ്കോയിൻ എന്നാൽ എന്താണെന്നതിനെപ്പറ്റി ഏകദേശധാരണ പോലുമില്ലെന്നും ബിറ്റ്കോയിനെ ഔദ്യോഗിക നാണയമായി സ്വീകരിച്ചതിനോട് 60 ശതമാനം ജനങ്ങൾക്കും വിയോജിപ്പാണെന്നും കണ്ടെത്തി.

∙ സർജിക്കൽ സ്ട്രൈക്ക് !

2021 ഒക്ടോബറിൽ ഒരു ബിറ്റ്കോയിന്റെ വില 48,000 ഡോളർ. ജൂലൈയിൽ 33,000 ഡോളർ ആയിരുന്നത് അതിനു ശേഷം കുതിച്ചുകയറുകയാണ്. തീരുമാനം സമയോചിതവും ബുദ്ധിപരവും അതിനേക്കാളെല്ലാം വിപ്ലവകരവുമായിരുന്നെന്ന് സർക്കാർ അഭിമാനിച്ചു. അങ്ങനെയെങ്കിൽ എന്തുകൊണ്ട് ഈ നേട്ടത്തെ രാജ്യപുരോഗതിക്കായും സാമ്പത്തിക അഭിവൃദ്ധിക്കായും ഉപയോഗിച്ചുകൂടാ?

ഇത്രയേറെ വളർച്ചാനിരക്കുള്ള നാണയം ലോകത്ത് വേറെ എവിടെയാണുള്ളത്? ഇത്രയേറെ വളർച്ചാനിരക്കുള്ള നിക്ഷേപം ലോകത്തെവിടെയാണുള്ളത്? എന്തുകൊണ്ട് സർക്കാർ ഖജനാവിൽ വെറുതെ കിടക്കുന്ന പണമെടുത്ത് ബിറ്റ്കോയിനിൽ നിക്ഷേപിച്ചുകൂടാ ? രണ്ടു മാസം കൊണ്ട് അതിരട്ടിയും നാലു മാസം കൊണ്ട് നാലിരട്ടിയുമാകുമ്പോൾ സർക്കാരിനു മറ്റു വരുമാനമെന്തിന്? എൽ സാൽവദോറിൽ തലകൾ പുകഞ്ഞു. ചർച്ചകൾ കൊടുമ്പിരി കൊണ്ടു. മുൻപേ പറക്കുന്ന പക്ഷിയാണ്. പരിശോധിക്കാനും വിശകലനം ചെയ്യാനും ലോകത്തു മറ്റു മാതൃകകളില്ല. ഇപ്പോൾ തങ്ങൾ ചെയ്യുന്നതാണ് നാളെ ലോകം മാതൃകയാക്കാനും അനുകരിക്കാനും പോകുന്നത്.

അങ്ങനെ ബിറ്റ്കോയിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയിൽ നിൽക്കെ എൽ സാൽവദോർ സർക്കാർ ഖജനാവിലെ പണം മുടക്കി 400 ബിറ്റ്കോയിനുകൾ വാങ്ങി. ബിറ്റ്കോയിൻ ഒന്നിന് 60,300 ഡോളർ എന്ന നിരക്കിൽ. പ്രസിഡന്റ് നയിബ് ബ്യുകെലെ ഇത് ലോകത്തോടു പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് 2022 മേയ് 09 വരെ പല ഘട്ടങ്ങളിലായി വീണ്ടും ബിറ്റ്കോയിനുകൾ വാങ്ങിക്കൂട്ടി. 2021 നവംബർ മുതൽ വിലയിടിഞ്ഞു തുടങ്ങിയ ബിറ്റ്കോയിൻ വൻകുതിച്ചുകയറ്റം നടത്തുമെന്ന പ്രതീക്ഷയിൽ വിലയിടിഞ്ഞപ്പോഴെല്ലാം എൽസാൽവദോർ വാങ്ങിക്കൂട്ടി. 2022 മേയ് 9ന് വാങ്ങിയത് 500 ബിറ്റ്കോയിൻ. അപ്പോഴേക്കും വിലയിടിഞ്ഞ് 30,700 ഡോളറിൽ എത്തിയിരുന്നു. എൽസാൽവദോർ ആകെ വാങ്ങിയത് 2301 ബിറ്റ്കോയിനാണ്. അതിനായി ഖജനാവിൽ നിന്നു ചെലവഴിച്ചത് 100 കോടി ഡോളറും (ഏകദേശം 8000 കോടി രൂപ).

∙ ബിറ്റ്കോയിന് എന്തു സംഭവിച്ചു?

എൽ സാൽവദോർ ബിറ്റ്കോയിൻ ആദ്യമായി വാങ്ങിയ ദിവസം ബിറ്റ്കോയിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ ദിവസങ്ങളിലൊന്നായിരുന്നു. പിന്നെ, ഓരോ ദിവസവും വില താഴേക്കിറങ്ങി. വിലയിൽ അമ്പരപ്പിക്കുന്ന ഉയർച്ചതാഴ്ചകൾ പതിവുള്ളതിനാൽ ആർക്കും ഞെട്ടലുണ്ടായില്ല. എത്ര ഇടിഞ്ഞാലും ശക്തമായി തിരിച്ചുവരുന്ന ചരിത്രമാണ് ബിറ്റ്കോയിനുള്ളത്. മൂന്നു മുതൽ 6 മാസത്തിനുള്ളിൽ വില വീണ്ടും പുതിയ ഉയരങ്ങൾ തൊടുന്നതാണ് ചരിത്രം. എന്നാൽ, ഇത്തവണ ചരിത്രം ആവർത്തിച്ചില്ല. 2021 നവംബറിൽ ഇ‍ടിഞ്ഞു തുടങ്ങിയ ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോകറൻസികൾ പുതിയ താഴ്ചകളിലേക്കു പതിക്കുന്നതാണ് ലോകം കണ്ടത്.

പ്രതീകാത്മക ചിത്രം: AFP

കോവിഡ് മൂലമുണ്ടായ സാമ്പത്തികത്തകർച്ചയും റഷ്യ-യുക്രെയ്ൻ യുദ്ധം മൂലമുള്ള മാന്ദ്യവുമെല്ലാം ബിറ്റ്കോയിന്റെ തകർച്ചയ്ക്കു കാരണമാണ്. ബിറ്റ്കോയിൻ ഉൾപ്പെടെ എല്ലാ ക്രിപ്റ്റോകറൻസികളും പ്രതിസന്ധിയെ അതിജീവിക്കും എന്നതിൽ സംശയമില്ല. എന്നാൽ, വില എത്രത്തോളം ഉയരുമെന്നതു പ്രവചനാതീതമാണ്.

∙ എൽ സാൽവദോറിന് എത്ര പോയി?

100 കോടി ഡോളർ ചെലവിട്ട് ബിറ്റ്കോയിൻ വാങ്ങിയ എൽ സാൽവദോറിന് നിലവിൽ നഷ്ടം 50 കോടി ഡോളറാണ്. ഇത് സാങ്കേതിക നഷ്ടം മാത്രമാണ്. വാങ്ങിയ വിലയ്ക്കു മുകളിൽ വില തിരികെയെത്തും വരെ രാജ്യം 2301 ബിറ്റ്കോയിനുകളും ഖജനാവിൽ സൂക്ഷിക്കുകയും ലാഭത്തിൽ മാത്രം വിൽക്കുകയും ചെയ്താൽ നഷ്ടമുണ്ടാവില്ല. പക്ഷേ, എന്ന് ആ വില തിരികെയെത്തും എന്ന് ഇന്നു പ്രവചിക്കാനാവില്ല. മറ്റൊരു പ്രതിസന്ധി എൽ സാൽവദോർ പ്രഖ്യാപിച്ച ബിറ്റ്കോയിൻ അധിഷ്ഠിത കടപ്പത്രങ്ങളാണ്.

100 കോടി ഡോളർ സമാഹരിക്കാനായി പ്രഖ്യാപിച്ച കടപ്പത്രങ്ങളിൽ ഒന്നു പോലും ഇതുവരെ വിറ്റുപോയിട്ടില്ല. എൽ സാൽവദോർ നടത്തുന്ന ബിറ്റ്കോയിൻ പരീക്ഷണങ്ങളിൽ വിശ്വാസമർപ്പിച്ച് ഒരു ഡോളർ പോലും മുടക്കാൻ ആരും തയാറല്ല എന്നാണ് അതിനർഥം. 100 കോടി ഡോളർ സമാഹരിച്ച് പകുതിക്ക് വീണ്ടും ബിറ്റ്കോയിൻ വാങ്ങാനും ബാക്കി പകുതിക്ക് രാജ്യത്ത് ബൃഹത്തായ ബിറ്റ്കോയിൻ മൈനിങ് പദ്ധതി ആരംഭിക്കാനുമായിരുന്നു പദ്ധതി. കടപ്പത്രങ്ങൾ ചെലവാകാത്ത സാഹചര്യത്തിൽ രാജ്യം കടക്കെണിയിലേക്കു നീങ്ങുന്ന സ്ഥിതിയുമുണ്ട്. അങ്ങനെയെങ്കിൽ കൈവശമുള്ള ബിറ്റ്കോയിൻ കിട്ടുന്ന വിലയ്ക്കു വിറ്റ് കാര്യം നടത്തുമോ അതോ രാജ്യത്തെ പട്ടിണിയും പരിവട്ടവും കണ്ടില്ലെന്നു നടിച്ച് ബിറ്റ്കോയിന്റെ വില ഉയരാൻ നാൽപതുകാരനായ ന്യൂ ജനറേഷൻ പ്രസിഡന്റ് കാത്തിരിക്കുമോ ?

English Summary: El Salvador's Multimillion Bitcoin Experiment isn't Saving the Country's Finances