യുക്രെയ്ൻ യുദ്ധവും കേന്ദ്ര ഇടപെടലും കേരളത്തിലെ ഗോതമ്പുവിതരണത്തെ കാര്യമായി ബാധിക്കുന്ന സാഹചര്യമാണ്. റേഷൻ കട വഴി റാഗി വിതരണം ചെയ്യുന്നതിനെപ്പറ്റി കേരളം ആലോചിക്കുന്നു. എന്താണ് ഭാവിയിൽ കേരളത്തിലെ ഭക്ഷ്യമേഖല നേരിടാനിരിക്കുന്ന വെല്ലുവിളി? കോവിഡ്കാ\ലത്തു വിതരണം ചെയ്തതു പോലുള്ള കിറ്റ് വിതരണം ഇനിയുമുണ്ടാകുമോ? മനോരമ ഓൺലൈൻ അഭിമുഖ പരമ്പരയായ ‘ദി ഇൻസൈഡറി’ൽ ആർ.ശശിശേഖറിനോടു സംവദിക്കുകയാണ് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ

യുക്രെയ്ൻ യുദ്ധവും കേന്ദ്ര ഇടപെടലും കേരളത്തിലെ ഗോതമ്പുവിതരണത്തെ കാര്യമായി ബാധിക്കുന്ന സാഹചര്യമാണ്. റേഷൻ കട വഴി റാഗി വിതരണം ചെയ്യുന്നതിനെപ്പറ്റി കേരളം ആലോചിക്കുന്നു. എന്താണ് ഭാവിയിൽ കേരളത്തിലെ ഭക്ഷ്യമേഖല നേരിടാനിരിക്കുന്ന വെല്ലുവിളി? കോവിഡ്കാ\ലത്തു വിതരണം ചെയ്തതു പോലുള്ള കിറ്റ് വിതരണം ഇനിയുമുണ്ടാകുമോ? മനോരമ ഓൺലൈൻ അഭിമുഖ പരമ്പരയായ ‘ദി ഇൻസൈഡറി’ൽ ആർ.ശശിശേഖറിനോടു സംവദിക്കുകയാണ് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുക്രെയ്ൻ യുദ്ധവും കേന്ദ്ര ഇടപെടലും കേരളത്തിലെ ഗോതമ്പുവിതരണത്തെ കാര്യമായി ബാധിക്കുന്ന സാഹചര്യമാണ്. റേഷൻ കട വഴി റാഗി വിതരണം ചെയ്യുന്നതിനെപ്പറ്റി കേരളം ആലോചിക്കുന്നു. എന്താണ് ഭാവിയിൽ കേരളത്തിലെ ഭക്ഷ്യമേഖല നേരിടാനിരിക്കുന്ന വെല്ലുവിളി? കോവിഡ്കാ\ലത്തു വിതരണം ചെയ്തതു പോലുള്ള കിറ്റ് വിതരണം ഇനിയുമുണ്ടാകുമോ? മനോരമ ഓൺലൈൻ അഭിമുഖ പരമ്പരയായ ‘ദി ഇൻസൈഡറി’ൽ ആർ.ശശിശേഖറിനോടു സംവദിക്കുകയാണ് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥാ മാറ്റം കാരണം കാർഷിക ഉൽപാദനത്തിലുണ്ടായ കുറവ് ലോകമാകെ ഭക്ഷ്യ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. യുക്രെയ്നെതിരെ റഷ്യ നടത്തുന്ന യുദ്ധം പ്രശ്നങ്ങൾ കൂടുതൽ വഷളാക്കിയിരിക്കുന്നു. കാലാവസ്ഥയിലെ മാറ്റം ഇന്ത്യയിലെ കാർഷികോൽപാദനത്തെ വരെ ബാധിച്ചു തുടങ്ങി. ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ കരുതലോടെ നീങ്ങേണ്ട കാലമാണിത്. കേരളത്തിൽ മുൻഗണനാ വിഭാഗത്തിനു മാത്രമായി ഗോതമ്പു വിതരണം പരിമിതപ്പെടുത്തിയിരിക്കുകയാണിപ്പോൾ. മറ്റുള്ളവർക്കുള്ള റേഷൻ നിർത്തലാക്കി. ഇതു കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഗോതമ്പ് ക്ഷാമമാണു കേന്ദ്രം കാരണമായി പറയുന്നത്. വരാനിരിക്കുന്ന നാളുകളിലെ പ്രശ്നങ്ങളിലേക്കുള്ള ചൂണ്ടുപലക കൂടിയാവുകയാണിതെന്നു പറയുന്നു ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ. അനിൽ. ഭക്ഷ്യ സംസ്കാരത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ചു കേരളം ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. റേഷൻ കടകൾ വഴി റാഗി വിതരണം ചെയ്യുന്നതിനെപ്പറ്റിയും ആലോചിക്കുന്നു. ആവശ്യത്തിന് ഗോഡൗണുകൾ ഇല്ലാത്തത് കേരളത്തിൽ ഭക്ഷ്യധാന്യ സംഭരണത്തിനു വെല്ലുവിളിയാകുന്നുവെന്ന പ്രശ്നവുമുണ്ട്. അതേസമയം നെല്ലുൽപാദന രംഗത്ത് അടുത്ത കാലത്ത് നടത്തിയ ചില പരീക്ഷണങ്ങൾ ആത്മവിശ്വാസം നൽകിയിട്ടുണ്ടെന്നും മന്ത്രി പറയുന്നു. എന്താണ് ഭാവിയിൽ കേരളത്തിലെ ഭക്ഷ്യമേഖല നേരിടാനിരിക്കുന്ന വെല്ലുവിളി? റേഷൻ കടകളിലൂടെ റാഗി വരുമ്പോൾ നാം നമ്മുടെ ഭക്ഷണരീതിയും മാറ്റേണ്ടി വരുമോ? കേരളത്തിനാവശ്യമായ ഭക്ഷ്യധാന്യം നമുക്കു തന്നെ ഉൽപാദിപ്പിക്കാനാകാത്തതിൽ എന്താണു വെല്ലുവിളി? കോവിഡ് കാലത്തു വിതരണം ചെയ്തതു പോലെയുള്ള കിറ്റ് വിതരണം ഇനിയുമുണ്ടാകുമോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി, കേരളത്തിലെ ഭക്ഷ്യ പൊതുവിതരണ സമ്പ്രദായത്തിലെ ഭാവി -വർത്തമാനങ്ങളെപ്പറ്റിയും മുന്നൊരുക്കങ്ങളെപ്പറ്റിയും മനോരമ ഓൺലൈൻ പ്രീമിയം അഭിമുഖ പരമ്പരയായ ‘ദി ഇൻസൈഡറി’നോടു സംവദിക്കുകയാണ് മന്ത്രി ജി.ആർ.അനിൽ...

∙ റേഷൻ വിതരണം: കേന്ദ്ര നിലപാടുകൾ പ്രതിസന്ധി

ADVERTISEMENT

സ്റ്റാറ്റ്യൂട്ടറി റേഷൻ നൽകിയിരുന്ന സംസ്ഥാനമാണു കേരളം. 16.5 ലക്ഷം ടൺ അരിയാണ് ശരാശരി റേഷൻ വിതരണത്തിന് ഇവിടെ ആവശ്യം. ഇതിൽ 4.1 ലക്ഷം ടൺ മാത്രമാണ് നമ്മുടെ ഉൽപാദനം. അതാണ് കുത്തരിയായി റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്നത് ബാക്കി 12.40 ലക്ഷം ടൺ കേന്ദ്ര സർക്കാരാണു നൽകേണ്ടത്. ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയപ്പോൾ ബിപിഎൽ കാർഡ് ഉടമകൾക്കു മാത്രമായി റേഷൻ സബ്സിഡി വെട്ടിച്ചുരുക്കി. കേരളത്തിലെ 57 ശതമാനം പേരും കേന്ദ്രത്തിന്റെ കണക്കനുസരിച്ച് മുൻഗണനേതരം എന്നറിയപ്പെടുന്ന എപിഎല്ലുകാരാണ്. മുൻഗണനാ വിഭാഗത്തിൽ 43 ശതമാനം പേരേയുള്ളൂ. അവർക്കു മാത്രമായി റേഷൻ സബ്സിഡി പരിമിതപ്പെടുത്തിയതിനെത്തുടർന്ന് കേരളത്തിനു ലഭിച്ചിരുന്ന അരിയിൽ രണ്ടു ലക്ഷം ടണ്ണിന്റെ കുറവു വന്നു. മുൻഗണനാ വിഭാഗത്തിന് അരിയും ഗോതമ്പും കിലോയ്ക്ക് രണ്ടു രൂപ നിരക്കിലാണു കേന്ദ്രം നൽകുന്നത്. മുൻഗണനേതര (APL) കാർഡുകാർക്കു നൽകിയിരുന്ന ഗോതമ്പിന്റെ വിഹിതം നിർത്തലാക്കിയിരിക്കുകയാണ്. ഗോതമ്പ് ക്ഷാമമാണ് കാരണമായി പറയുന്നത്. ഇതൊക്കെ വ്യക്തമാക്കുന്നത് ഇനിയങ്ങോട്ട് പുറത്തു നിന്ന് അരിയും ഗോതമ്പും ലഭ്യമാകാനുള്ള സാധ്യത വല്ലാതെ കുറയുമെന്നതാണ്. കേന്ദ്രം ഈ സമീപനത്തിൽ മാറ്റം വരുത്താൻ തയാറാകാത്തിടത്തോളം കാര്യങ്ങൾ ഇങ്ങനെയൊക്കെത്തന്നെ ആയിരിക്കും.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഭക്ഷ്യമന്ത്രിയെന്ന നിലയിൽ ഞാൻ മൂന്നുതവണ കേന്ദ്ര മന്ത്രിയുമായി ഈ വിഷയങ്ങൾ ച‍ർച്ച ചെയ്തിരുന്നു. അവസാനമായി കണ്ടപ്പോൾ അദ്ദേഹം നിർദേശിച്ചത് കേരളം ഉൽപാദന സങ്കൽപത്തിൽ മാറ്റം വരുത്തണമെന്നാണ്. നെല്ലുൽപാദനം വർധിപ്പിക്കണമെന്നാണ് അതിന്റെ അർഥം. മറ്റൊരു മാർ‍ഗവുമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കേരളത്തിനു കേന്ദ്രവിഹിതമായി ലഭിക്കാനിരിക്കുന്ന അരിയുടെ വിഹിതത്തിൽ ചില പുനഃക്രമീകരണങ്ങൾ വരാൻ പോകുന്നുവെന്നാണ് ഇതിൽനിന്നു മനസ്സിലാകുന്നത്. ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് കേരളം പുതിയ ഉൽപാദന രീതിയെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയെ ഈ പശ്ചാത്തലത്തിലാണു മനസ്സിലാക്കേണ്ടത്. കേന്ദ്രത്തിന്റെ സമീപനങ്ങൾ മുന്നിൽ കണ്ടുകൊണ്ടുള്ള നടപടികൾ കേരളം നേരത്തേതന്നെ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ഫലമായി. 2020 മുതൽ കേരളത്തിലെ നെല്ലുൽപാദനത്തിൽ വർധനവുണ്ടായിട്ടുണ്ട്. നെല്ലു സംഭരണത്തിലെ കാര്യക്ഷമതയാണതിന്റെ ഒരു കാരണം. മറ്റ് ഏതു സംസ്ഥാനത്തേക്കാളും മികച്ച വില നൽകിയാണു നെല്ലു സംഭരിക്കുന്നത്. അത് ഇനിയും കൂടും. ഉൽപാദനത്തിന് അടിസ്ഥാന സൗകര്യം ഒരുക്കാൻ ഹെക്ടറിന് 30,000 രൂപ അനുവദിക്കുന്നുണ്ട്. ഉൽപാദന രംഗത്തേക്കു കർഷകരെ തിരികെക്കൊണ്ടുവരാനും അവരെ ഈ രംഗത്ത് ഉറപ്പിച്ചു നിർത്താനുമുള്ള കൂടുതൽ നടപടികൾ പരിഗണനയിലാണ്.

∙ റേഷൻ കടകൾ വഴി ഇനി റാഗിയും

നമ്മുടെ ഭക്ഷ്യ സംസ്കാരത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ചു കേരളം ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. അരിയാഹാരമാണ് കേരളത്തിലെ ജനങ്ങൾ കൂടുതൽ കഴിക്കുന്നത്. ജീവിത ശൈലീ രോഗങ്ങളെത്തുടർന്ന് ഗോതമ്പും ഭക്ഷണത്തിന്റെ ഭാഗമായി.എന്നാൽ കേന്ദ്രം ഗോതമ്പു വിതരണം നിർത്തിയിരിക്കുകയാണ്. കമ്പോളത്തിൽ കിലോയ്ക്ക് 36 രൂപയാണ് ഗോതമ്പിന്റെ വില. ഈ സാഹചര്യത്തിലാണ് റേഷൻ കടകളിലൂടെ റാഗി വിതരണം ചെയ്യാൻ ആലോചിക്കുന്നത്.

ADVERTISEMENT

നാണ്യവിളകൾ കൂടുതൽ ഉൽപാദിപ്പിക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്ത്യയ്ക്ക് വിദേശനാണയം നേടിത്തരുന്നതിൽ ഇവയ്ക്കു വലിയ പങ്കുണ്ട്. അതിനു പകരമായി കേരളത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ നൽകേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനുണ്ട്. കഴിഞ്ഞ തവണ കേന്ദ്ര മന്ത്രിയെ കണ്ടപ്പോൾ ഞാൻ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഭക്ഷ്യധാന്യത്തിൽ അരിയും ഗോതമ്പും ആവശ്യത്തിനു നൽകാൻ കഴിയുന്നില്ലെങ്കിൽ എന്തുകൊണ്ടു റാഗി നൽകിക്കൂടയെന്ന ചിന്തയും കഴിഞ്ഞ തവണത്തെ യോഗത്തിൽ ഞാൻ പങ്കുവച്ചിരുന്നു. കർണാടകയിൽ റാഗിയുടെ കമ്പോളവില കിലോയ്ക്ക് 36 രൂപയാണ്. ആ വിലയ്ക്ക് നമുക്ക് എടുക്കാൻ കഴിയില്ല. കേരളത്തിനു ഗോതമ്പ് നൽകിയിരുന്ന വിലയ്ക്ക് റാഗി നൽകാൻ കഴിയുമോയെന്നു ചോദിച്ചിരുന്നു. അതിന് അനുകൂലമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. ഓണം കഴിഞ്ഞ് രണ്ടു മാസത്തിനുള്ളിൽ അതിന്റെ തുടക്കം കുറിക്കാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. കേരളത്തിലെ പഞ്ചായത്തുകളിലെ ഓരോ റേഷൻ കടകളിലെങ്കിലും പരീക്ഷണാടിസ്ഥാനത്തിൽ വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. ആട്ട കൊടുത്തതു പോലെ പൊടിച്ചു വിതരണം ചെയ്യുന്നതിനെക്കുറിച്ചാണ് ചർച്ച നടക്കുന്നത്.

കർണാടകത്തിൽ നിന്നാണ് കൂടുതൽ റാഗി സംഭരിക്കുക. 17 ലക്ഷം ടൺ സ്റ്റോക്കുണ്ടെന്നാണ് അവിടുത്തെ മന്ത്രി അറിയിച്ചിട്ടുള്ളത്. കേന്ദ്രത്തിന്റെ സമീപനം അനുകൂലമാണ്. അനുമതി ലഭിച്ചാൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനും ഇക്കാര്യത്തിൽ ഒരു വിതരണ നയം രൂപീകരിക്കുന്നതിനുമുള്ള ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. റാഗി ഉൽപാദിപ്പിക്കാൻ കഴിയുന്ന ചില മേഖലകൾ കേരളത്തിലുണ്ട്. റാഗി മാത്രമല്ല പയറുവർഗങ്ങൾ ഉൽപാദിപ്പിക്കാനും കഴിയുന്ന ചില മേഖലകൾ നമുക്കുണ്ട്. നെല്ലും അരിയും പോലെ റാഗിയും പയറുവർഗങ്ങളും സംഭരിക്കാനും ന്യായ വിലയ്ക്കു വിതരണം ചെയ്യാനും നമുക്കു കഴിയും.

റാഗി. ചിത്രം: Shutterstock

∙ ഗോതമ്പ് ലഭ്യത ഇനി എളുപ്പമാകില്ല

ഗോതമ്പിന്റെ ഉൽപാദനവും വിതരണവും കേന്ദ്ര സർക്കാർ സ്ഥാര്യ ഏജൻസികളെ ഏൽപിച്ചത് ഈ രംഗത്തു പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്. യുക്രെയ്ൻ യുദ്ധമുൾപ്പെടെയുള്ള രാജ്യാന്തര പ്രതിസന്ധി പ്രശ്നങ്ങൾ കൂടുതൽ വഷളാക്കി. ഇപ്പോൾ മുൻഗണനാ വിഭാഗത്തിനു മാത്രമായി ഗോതമ്പു വിതരണം പരിമിതപ്പെടുത്തിയിരിക്കുകയാണ്. മറ്റുള്ളവർക്കുള്ള റേഷൻ നിർത്തലാക്കി. ഇതു കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.

ADVERTISEMENT

∙ നെല്ലുൽപാദനത്തിലെ പുതിയ പരീക്ഷണം

നെല്ലുൽപാദന രംഗത്ത് അടുത്ത കാലത്ത് നടത്തിയ ചില പരീക്ഷണങ്ങൾ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളിൽ കൃഷിയിറക്കുന്ന ആലപ്പുഴയിലെ റാണി, ചിത്തിര, മാർത്താണ്ഡൻ കായലിലെ പരീക്ഷണമാണ് ഒരു ഉദാഹരണം. കേരളത്തിന്റെ ചരിത്രത്തിൽ ഇവിടെ ഒരുപൂ കൃഷിമാത്രമാണു നടന്നിട്ടുള്ളത്. എന്നാൽ ഇത്തവണ രണ്ടുപൂ കൃഷി ചിത്തിരക്കായലിൽ വിജയകരമായി പരീക്ഷിക്കാൻ കഴിഞ്ഞു. 500 ഹെക്ടർ ഭൂമിയിലാണ് ഇവിടെ കൃഷിയിറക്കിയത്. അതിലൂടെ 2000 ക്വിന്റൽ നെല്ല് നമുക്ക് അധികമായി ലഭിക്കും. കേരളമൊട്ടാകെയുള്ള കർഷകർ ഇതിൽനിന്നു പ്രചോദനം ഉൾക്കൊള്ളണം.

രണ്ടുപൂ കൃഷിക്കു സാധ്യതയുള്ള സ്ഥലങ്ങളിൽ അതിനു തയാറാകണം. കേരളത്തിൽ മൂന്നുപൂ കൃഷിവരെ നടത്താൻ സാധ്യതയുള്ള സ്ഥലങ്ങളുമുണ്ട്. നമുക്ക് കൃഷിഭൂമിയുടെ വിസ്തൃതി വർധിപ്പിക്കാൻ കഴിയില്ല. ഉൽപാദനക്ഷമത വർധിപ്പിക്കുക മാത്രമാണ് വഴി. കൂടുതൽ ഉൽപാദനക്ഷമതയുള്ള വിത്തുകൾ വിതരണം ചെയ്യുന്നതുൾപ്പെടെയുള്ള മാർഗങ്ങൾ സ്വീകരിക്കാനുള്ള നീക്കത്തിലാണ് കൃഷിവകുപ്പ് എന്നാണു മനസ്സിലാക്കുന്നത്. അങ്ങനെ വന്നാൽ നമുക്ക് ആയിരക്കണക്കിന് ടൺ അരി അധികമായി ഉൽപാദിപ്പിക്കാൻ കഴിയും. പരമാവധി ഉൽപാദനത്തിലൂടെ കേന്ദ്രത്തിന്റെ സമീപനങ്ങളെയും സമ്മർദങ്ങളെയും നേരിടാൻ നമുക്കു കഴിയും.

∙ നെല്ലുസംഭരണം അട്ടിമറിച്ച് ഇടനിലക്കാർ

കേരളത്തിൽ കഴിഞ്ഞ സീസണിൽ 7.65 ലക്ഷം ടൺനെല്ല് സർക്കാർ സംഭരിച്ചു. ഇത്തവണ സംഭരണം പൂർത്തിയായിട്ടില്ല. എങ്കിലും 7. 51 ടൺ നെല്ല് ഇത്തവണ സംഭരിച്ചിട്ടുണ്ട്. സംഭരണ വിഷയത്തിൽ മില്ലുടമകളും കർഷകരുമായി ചില തർക്കങ്ങൾ നിലനിൽക്കുന്നു. ആലപ്പുഴയിലെ കുട്ടനാട് അപ്പർകുട്ടനാട് മേഖലകളിലാണ് ഇതു സങ്കീർണമാകുന്നത്. ഈർപ്പവുമായി ബന്ധപ്പെട്ടാണ് തർക്കമുള്ളത്. അതിനു കാരണം കൊയ്ത്തും വിളവെടുപ്പും എല്ലായിടത്തും ഒരുപോലെയല്ലെന്നുള്ളതാണ്. കർഷകർക്കൊപ്പമാണ് സർക്കാർ. എന്നാൽ മില്ലുടമകൾക്കുമേൽ നഷ്ടം അടിച്ചേൽപിക്കുന്നതു ശരിയല്ല. ഇരു വിഭാഗങ്ങൾക്കുമിടയ്ക്ക് ഒരു സമവായമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതു സംഭരണ രംഗത്തു പ്രകടമാണ്. എന്നാൽ കർഷകരെയും മില്ലുകാരെയും തമ്മിൽ അകറ്റുന്ന ചില ഇടനിലക്കാരുണ്ട്. അവർക്കെതിരെ കർഷകരും പാടശേഖര സമിതികളും ജാഗ്രത പുലർത്തണം.

മണ്ണെണ്ണ വിതരണ രംഗത്ത് കടുത്ത പ്രതിസന്ധിയാണ്. ഉയർന്ന വിലയ്ക്ക് മത്സ്യത്തൊഴിലാളികൾ മണ്ണെണ്ണ വാങ്ങേണ്ടി വരുകയാണ്. രാജ്യത്ത് മത്സ്യസമ്പത്ത് ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന സംസ്ഥാനമാണിത്. 15,000 യാനങ്ങൾ മണ്ണെണ്ണ ഉപയോഗിക്കുന്നവയാണ്. അവയെ പെട്ടെന്ന് ഡീസലിലേക്കും പെട്രോളിലേക്കും മാറ്റാൻ കഴിയില്ല. കേരളം മണ്ണെണ്ണ ഉൽപാദിപ്പിക്കുന്നില്ല. കേന്ദ്രം സഹായിക്കുക മാത്രമാണ് മാർഗം.

∙ ലക്ഷ്യമിടുന്നത് 83 സ്വന്തം ഗോഡൗണുകൾ

ആവശ്യത്തിന് ഗോഡൗണുകൾ ഇല്ലാത്തത് ഭക്ഷ്യധാന്യ സംഭരണത്തിനു വെല്ലുവിളിയാകുന്നുണ്ട്. സ്റ്റേറ്റ് വെയർ ഹൗസിങ് കോർപറേഷന്റെയും സെൻട്രൽ വെയർഹൗസിങ് കോർപറേഷന്റെയും ഗോഡൗണുകൾ 15നു താഴെ മാത്രമാണുള്ളത്. ഇതിനു മാറ്റം വരുത്തുന്ന കാര്യം പരിഗണനയിലാണ്. കേരളത്തിലെ ഓരോ താലൂക്കുകളിലും ശാസ്ത്രീയമായ ഒരു ഗോഡൗൺ വീതം തുടങ്ങുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്. സർക്കാർ ഭൂമിയുള്ള സ്ഥലങ്ങളി‍ൽ ശാസ്ത്രീയമായി നെല്ലു സംഭരിക്കാനും വിതരണം ചെയ്യാനും കഴിയുന്ന ഗോഡൗണുകൾ ആരംഭിക്കണമെന്നാണ് തീരുമാനം. ഇതിലൂടെ വാടക ഇനത്തിൽ ലാഭമുണ്ടാക്കാൻ കഴിയും. എല്ലാ മാസവും 15നു മുൻപ് വിതരണം പൂർത്തിയാക്കാനും ഇതുവഴി കഴിയും. ഇത്തരത്തിലുള്ള 83 ഗോഡൗണുകൾ ഘട്ടംഘട്ടമായി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഈ വർഷം 20 ഗോഡൗണുകൾ ലക്ഷ്യമിടുകയാണ്. 30,000 സ്ക്വയർ ഫീറ്റിനു മുകളിൽ വിസ്തൃതിയുള്ള ഗോഡൗണുകളാണു ലക്ഷ്യമിടുന്നത്. ഓരോ താലൂക്കിലെയും മുഴുവൻ റേഷൻ കടകളിലേക്കുമുള്ള ഉൽപന്നങ്ങൾ ഇവിടെ ശാസ്ത്രീയമായി സംഭരിക്കാനും രണ്ടു മാസത്തിലേറെ സൂക്ഷിക്കാനും കഴിഞ്ഞാൽ അവിചാരിതമായുണ്ടായേക്കാവുന്ന ഭക്ഷ്യ പ്രതിസന്ധികളെ നേരിടാനാകും. അതിനു പറ്റിയ സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രണ്ടിടത്തു കല്ലിട്ടു. ഒരിടത്തു കല്ലിടൽ നടപടികളിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. പയ്യന്നൂരിൽ സർക്കാരിനു കൈമാറിയ സ്ഥലത്താണ് കല്ലിട്ടത്. എറണാകുളത്ത് സപ്ലൈക്കോയുടെ സ്ഥലത്തു കല്ലിട്ടു. കോന്നിയിൽ പൊതുവിതരണ വകുപ്പിന്റെ സ്വന്തം സ്ഥലത്താണ് കല്ലിടാനുള്ള നീക്കം ആരംഭിച്ചിട്ടുള്ളത്.

മന്ത്രി ജി.ആർ.അനിൽ. ചിത്രം: Facebook

കേന്ദ്ര സർക്കാർ നാമമാത്ര പലിശയ്ക്ക് ഓരോ ഗോഡൗണിനും രണ്ടുകോടി രൂപ വീതം നൽകാമെന്നു സമ്മതിച്ചിട്ടുണ്ട്. കൃഷിവകുപ്പും സഹകരണവകുപ്പുമായിക്കൂടി ഇക്കാര്യം ചർച്ച ചെയ്യും. കേരളത്തിന്റെ കാലാവസ്ഥ അനുസരിച്ച് ആറുമാസം മഴക്കാലമാണ്. എഫ്സിഐ ഗോഡൗണുകളിൽ സൂക്ഷിക്കുന്നതിന്റെ പ്രശ്നങ്ങൾ കാരണം ഈർപ്പംതട്ടി ഭക്ഷ്യധാന്യങ്ങൾ കേടാകുന്ന സ്ഥിതിയാണ്. എഫ്സിഐ ഗോഡൗണിൽനിന്ന് എൻഎഫ്എസ്എ ഗോഡൗണുകളിലേക്കു വരുമ്പോൾ പാക്കിങ് കൃത്യമാകാറില്ല. ഈ ഘട്ടത്തിലുണ്ടാകുന്ന അപ്രതീക്ഷിത മഴ കാരണവും ഭക്ഷ്യധാന്യങ്ങൾ കേടാകുന്നു. ഇതു വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്.

സ്വന്തം ഗോഡൗണുകൾ വരുന്നതോടെ ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളിൽ വിതരണം ചെയ്യുന്ന കാര്യവും പരിഗണനയിലാണ്. എഫ്സിഐ ഗോഡൗണുകളിലെ പാക്കിങ്ങിന്റെ ഗുണമേന്മക്കുറവു കാരണം വലിയ തോതിൽ ഭക്ഷ്യധാന്യങ്ങൾ പാഴാകുന്ന സ്ഥിതിയുണ്ട്. അതു പരിഹരിക്കണമെന്ന് അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവിടുത്തെ കയറ്റിറക്കു വിഷയത്തിൽ പലതരത്തിലുള്ള തർക്കങ്ങളുണ്ട്. പലതും കോടതി വ്യവഹാരത്തിലാണ്. ഇതൊക്കെ അന്തിമമായി ബാധിക്കുന്നത് കേരളത്തിലെ പൊതുവിതരണ രംഗത്തെയാണ്. ഇക്കാര്യം അവരോടു ചർച്ച ചെയ്ത് ചില കരാറുകൾ ഉണ്ടാക്കിയിട്ടുണ്ട്. അതനുസരിച്ചുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. എഫ്സിഐയിലെയും സിവിൽ ‍സപ്ലൈസിലെയും ഉദ്യോഗസ്ഥർ സംയുക്തമായി പരിശോധന നടത്തുന്ന തരത്തിലേക്കു കാര്യങ്ങൾ എത്തിയിട്ടുണ്ട്.

∙ കിറ്റ് വിതരണത്തിന്റെ സാഹചര്യം ഇപ്പോൾ ഇല്ല

കേന്ദ്രത്തിന്റെ വിവേചന നയങ്ങൾ കേരളം പിന്തുടർന്നിട്ടില്ല. പ്രത്യേകിച്ച് കോവിഡ് പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിൽ. എല്ലാ വിഭാഗക്കാർക്കും അതിജീവന കിറ്റ് വിതരണം ചെയ്യാനാണ് ശ്രമിച്ചത്. അതു വിജയകരമായി നടപ്പിലാക്കുകയും ചെയ്തു. ഇപ്പോൾ 13 ഭക്ഷ്യ ഉൽപന്നങ്ങൾ സപ്ലൈകോ മാവേലി സ്റ്റോറുകളിലൂടെ 2016ലെ വിലയ്ക്കു നൽകുകയാണ്. വലിയൊരു കമ്പോള ഇടപെടലാണിത്. കേരളത്തിലെ 92 ലക്ഷം കാർഡ് ഉടമകൾക്കും ഇങ്ങനെ നൽകുന്നുണ്ട്. കോവിഡ് പ്രതിസന്ധി മൂർധന്യാവസ്ഥയിൽ നിന്നപ്പോഴാണ് എല്ലാവർക്കും ഭക്ഷണമെന്ന സങ്കൽപത്തിൽ കിറ്റും ഉച്ചയ്ക്ക് 20 രൂപ നിരക്കിൽ ജനകീയ-സുഭിക്ഷ ഹോട്ടലുകളും ആരംഭിച്ചത്. ഇപ്പോൾ അതു മാറി. ജീവിതം സാധാരണ നിലയിലേക്കു പോവുകയാണ്. അതുകൊണ്ടുതന്നെ കോവിഡ് കാലത്തു വിതരണം ചെയ്തതു പോലെയുള്ള കിറ്റ് വിതരണത്തിന്റെ സാഹചര്യം ഇപ്പോൾ ഇല്ല.

റേഷൻ കടകളിലൂടെ വിതരണം ചെയ്യാനുള്ള കിറ്റുകൾ തയാറാക്കുന്ന തൊഴിലാളികൾ (ഫയൽചിത്രം).

∙ റേഷൻ കടകളും വിപണന കേന്ദ്രങ്ങളും പരിഷ്കരിക്കും

നമ്മുടെ പല റേഷൻകടകളിലും ഗോഡൗണുകളിലും സ്ഥലപരിമിതി പ്രശ്നമാണ്. 300 സ്ക്വയർ ഫീറ്റെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ഒരു മാസത്തേക്കുള്ള റേഷൻ സാധനങ്ങൾ സൂക്ഷിക്കാൻ കഴിയൂ. റേഷൻ കടക്കാരെ ഇതു ബോധ്യപ്പെടുത്തി സ്റ്റോക്കുകൾ കാര്യക്ഷമമായി സൂക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. എല്ലാ ഗോഡൗണുകളിലും ക്യാമറ സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും ആദ്യഘട്ടത്തിൽ ക്യാമറാ നിരീക്ഷണം ശക്തമാക്കും. അടുത്തപടിയായി ജീവനക്കാർക്ക് പരിശീലനം നൽകും.

മന്ത്രി ജി.ആർ.അനിൽ. ചിത്രം: Facebook

ഇത് ഒരു സർവീസ് മേഖലയാണ്. അതിന് ഒരുപാട് പരിമിതികളുണ്ട്. ലക്ഷക്കണക്കിനു രൂപ കൈകാര്യം ചെയ്യുന്ന മേഖലയാണിത്. ഇവിടേക്കു വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനുള്ള ശ്രമം നടക്കുകയാണ്. ഒരു വർഷത്തിനുള്ളിൽ അതിന്റെ മാറ്റം കണ്ടു തുടങ്ങും. ഓൺലൈൻ വിപണനത്തിലേക്ക് കടക്കാൻ കഴിഞ്ഞു. സഞ്ചരിക്കുന്ന റേഷൻ കടകൾ മാവേലി സ്റ്റോറുകൾ എന്നിവ വ്യാപകമായി ആരംഭിക്കുന്നതിനുള്ള ചർച്ചകൾ നടക്കുകയാണ്. കേരളത്തിലുടനീളം മാളുകൾ വരികയാണ്. അതിനിടയിൽ പിടിച്ചു നിൽക്കാനുള്ള ശ്രമത്തിലാണ്. സഞ്ചരിക്കുന്ന റേഷൻകടകളിലൂടെ, 117 ആദിവാസി ഊരുകളിൽ ഭക്ഷ്യധാന്യം എത്തിച്ചു തുടങ്ങിയിട്ടുണ്ട്.

∙ മണ്ണെണ്ണ വിതരണം: കേന്ദ്രം സമീപനം മാറ്റണം

മണ്ണെണ്ണ വിതരണ രംഗത്ത് കടുത്ത പ്രതിസന്ധിയാണ്. ഉയർന്ന വിലയ്ക്ക് മത്സ്യത്തൊഴിലാളികൾ മണ്ണെണ്ണ വാങ്ങേണ്ടി വരുകയാണ്. രാജ്യത്ത് മത്സ്യസമ്പത്ത് ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന സംസ്ഥാനമാണിത്. 15,000 യാനങ്ങൾ മണ്ണെണ്ണ ഉപയോഗിക്കുന്നവയാണ്. അവയെ പെട്ടെന്ന് ഡീസലിലേക്കും പെട്രോളിലേക്കും മാറ്റാൻ കഴിയില്ല. കേരളം മണ്ണെണ്ണ ഉൽപാദിപ്പിക്കുന്നില്ല. കേന്ദ്രം സഹായിക്കുക മാത്രമാണ് മാർഗം. ഇക്കാര്യം പല തവണ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ അനുകൂല സമീപനമല്ല ഉണ്ടാവുന്നത്. ഇങ്ങനെ എത്രകാലം മുന്നോട്ടു പോകാൻ കഴിയുമെന്ന ആശങ്ക സർക്കാരും പങ്കിടുകയാണ്. ഇക്കാര്യത്തിൽ ഇടപെടൽ നടത്താൻ ഇവിടെനിന്നുള്ള എം പിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വസ്തുതകൾ കേന്ദ്ര മന്ത്രിമാർക്കും ബോധ്യമുണ്ട്. നമുക്ക് വേണ്ടത് ആശ്വാസ നടപടികളാണ്.

English Summary: Minister G.R. Anil Opens up about Kerala Food Culture, Rationing and Central Govt. Interventions