2017 ജനുവരി 27ന് അർധരാത്രി ‘ഫോർ സീസൺസ്’ ഹോട്ടലിൽനിന്ന് ഒരു വീൽ ചെയറിൽ, തല തുണികൊണ്ടു മറച്ച് ആ ശതകോടീശ്വരനെ കൊണ്ടു പോകുന്ന കാഴ്ച സിസിടിവി ക്യാമറകളിൽ പതിഞ്ഞതാണ്. അതുവരെ വീൽ ചെയർ ഉപയോഗിക്കാത്ത അദ്ദേഹത്തെ കുറച്ചു പേർ ചേർന്ന് പുറത്തേക്കു കൊണ്ടുവരുന്നു, അവരുടെ കൈവശം ഒരു പെട്ടിയുമുണ്ട്. കൂട്ടത്തിൽ ഏതാനും സ്ത്രീകളുമുണ്ടായിരുന്നു. വലിയൊരു നിഗൂഢതയിലേക്കായിരുന്നു ആ രാത്രി, ഇരുട്ടിന്റെ മറപറ്റി അവരുടെ യാത്ര.

2017 ജനുവരി 27ന് അർധരാത്രി ‘ഫോർ സീസൺസ്’ ഹോട്ടലിൽനിന്ന് ഒരു വീൽ ചെയറിൽ, തല തുണികൊണ്ടു മറച്ച് ആ ശതകോടീശ്വരനെ കൊണ്ടു പോകുന്ന കാഴ്ച സിസിടിവി ക്യാമറകളിൽ പതിഞ്ഞതാണ്. അതുവരെ വീൽ ചെയർ ഉപയോഗിക്കാത്ത അദ്ദേഹത്തെ കുറച്ചു പേർ ചേർന്ന് പുറത്തേക്കു കൊണ്ടുവരുന്നു, അവരുടെ കൈവശം ഒരു പെട്ടിയുമുണ്ട്. കൂട്ടത്തിൽ ഏതാനും സ്ത്രീകളുമുണ്ടായിരുന്നു. വലിയൊരു നിഗൂഢതയിലേക്കായിരുന്നു ആ രാത്രി, ഇരുട്ടിന്റെ മറപറ്റി അവരുടെ യാത്ര.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2017 ജനുവരി 27ന് അർധരാത്രി ‘ഫോർ സീസൺസ്’ ഹോട്ടലിൽനിന്ന് ഒരു വീൽ ചെയറിൽ, തല തുണികൊണ്ടു മറച്ച് ആ ശതകോടീശ്വരനെ കൊണ്ടു പോകുന്ന കാഴ്ച സിസിടിവി ക്യാമറകളിൽ പതിഞ്ഞതാണ്. അതുവരെ വീൽ ചെയർ ഉപയോഗിക്കാത്ത അദ്ദേഹത്തെ കുറച്ചു പേർ ചേർന്ന് പുറത്തേക്കു കൊണ്ടുവരുന്നു, അവരുടെ കൈവശം ഒരു പെട്ടിയുമുണ്ട്. കൂട്ടത്തിൽ ഏതാനും സ്ത്രീകളുമുണ്ടായിരുന്നു. വലിയൊരു നിഗൂഢതയിലേക്കായിരുന്നു ആ രാത്രി, ഇരുട്ടിന്റെ മറപറ്റി അവരുടെ യാത്ര.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഞ്ചു വർഷം മുൻപൊരു രാത്രി. കൃത്യമായി പറഞ്ഞാൻ 2017 ജനുവരി 27. ഹോങ്കോങ്ങിലെ പ്രശസ്തമായ ഫോർ സീസൺസ് ഹോട്ടലിൽനിന്ന് ചൈനയിലെ ശതകോടീശ്വരന്മാരിൽ ഒരാളും രാഷ്ട്രീയ നേതാക്കളുടെ ധനവിനിയോഗകാര്യ വിദഗ്ധനുമായ ഷിയാവോ ജിയാൻഹ്വയെ കാണാതാകുന്നു. ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥരാണ് ഷിയാവോയെ പിടിച്ചകൊണ്ടു പോയതെന്നാണ് ഭൂരിഭാഗം റിപ്പോർട്ടുകളും. എന്നാൽ അത് സ്ഥിരീകരിക്കാൻ തക്കതൊന്നും നിലവിലില്ല താനും. പിറ്റേദിവസം ,അതായത് 2017 ജനുവരി 28ന്, ഷിയാവോയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹോങ്കോങ് പൊലീസിന് ഒരു ഫോൺകോൾ വന്നു. ലോക്കൽ പൊലീസ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത ദിവസം ഷിയാവോയുടെ ഒരു ബന്ധുവെത്തി. പൊലീസ് ഈ അന്വേഷണം അവസാനിപ്പിക്കണമെന്നും ഷിയാവോ തങ്ങളുമായി ബന്ധപ്പെട്ടെന്നും അദ്ദേഹം സുരക്ഷിതനായി ഒരിടത്തുണ്ടെന്നും പറഞ്ഞു. പക്ഷേ ഇപ്പോൾ അഞ്ചു വർഷം പിന്നിട്ടിരിക്കുന്നു...! ഹോങ്കോങ് ഇപ്പോഴും ഷിയാവോ എവിടെയാണ് എന്ന തിരച്ചിലിലാണ്? എവിടേക്കാണ് അദ്ദേഹം പോയ്മറഞ്ഞത്? അല്ലെങ്കിൽ ആരാണ് അദ്ദേഹത്തെ കൊണ്ടുപോയത്? നീണ്ട ഇടവേളയ്ക്കു ശേഷം അടുത്തിടെ ഷിയാവോയുടെ പേര് വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ വിചാരണ ചൈനയിൽ ആരംഭിച്ചു എന്ന വിവരമാണ് അവസാനമായി പുറത്തുവന്നിരിക്കുന്നത്. പക്ഷേ എന്താണ് അദ്ദേഹം ചെയ്ത തെറ്റ്? 2017 ജനുവരി 27നു ശേഷം ഷിയാവോയെ ആരും കണ്ടിട്ടില്ല. കാണാതാകുമ്പോൾ 600 കോടി യുഎസ് ഡോളറിന്റെ ആസ്തിയുണ്ടായിരുന്നു അദ്ദേഹത്തിന്. ചൈനയിലെ കോടീശ്വരന്മാരുടെ പട്ടികയിൽ ആദ്യത്തെ 35 സ്ഥാനങ്ങളിൽ വർഷങ്ങളായി ആ പേരുണ്ട്. ഇത്രയേറെ പ്രമുഖനായ ഒരു വ്യവസായിയെ കാണാതായി അഞ്ചു വർഷം പിന്നിടുമ്പോഴും ഒരാളു പോലും അന്വേഷിച്ചില്ല. കമ്യൂണിസ്റ്റ് ഭരണകൂടത്തിൽ ഉരുക്കുമുഷ്ടിയിൽ കുരുങ്ങിയ ചൈനീസ് മാധ്യമങ്ങൾ ഇതുവരെ നിശബ്ദമായിരുന്നു. പക്ഷേ ഹോങ്കോങ്ങിലെ മാധ്യമങ്ങൾ ഇടയ്ക്കിടെ അദ്ദേഹത്തിന്റെ തിരോധാനത്തെക്കുറിച്ചുള്ള വാർത്തകൾ കൊടുത്തുകൊണ്ടേയിരുന്നു. പാശ്ചാത്യ മാധ്യമങ്ങൾക്കാകട്ടെ ഇപ്പോഴാണ് അവസരം ലഭിച്ചിരിക്കുന്നത്. അതും ഷിയാവോയുടെ വിചാരണ ആരംഭിച്ചുവെന്ന വാർത്തയിലൂടെ. അതിനപ്പുറം ആർക്കും വ്യക്തതയില്ല. ചൈനയിൽ ജനിച്ചെങ്കിലും കനേഡിയൻ പൗരത്വം സ്വന്തമാണ് ഷിയാവോയ്ക്ക്. പക്ഷേ വിചാരണയ്ക്ക് കോടതിയിലേക്കു പ്രതിനിധികളെ അയയ്ക്കാൻ പോലും കാനഡയ്ക്ക് ചൈനയുടെ അനുമതി ലഭിച്ചിട്ടില്ല. ഷിയാവോയെ പുറംലോകത്തിനു മുന്നിൽനിന്നു പോലും മാറ്റിനിർത്തും വിധം എന്തു തെറ്റാണ് അദ്ദേഹം ചെയ്തത്? അതോ ആ വ്യവസായിയെ ചൈന ഭയപ്പെടുകയാണോ? 2015ൽ ഹോങ്കോങ്ങിലെ അഞ്ചു പുസ്തക വിൽപനക്കാർ അപ്രത്യക്ഷമായതും പിന്നീട് അവർ ചൈനീസ് അധികൃതരുടെ കയ്യിൽ ചെന്നുപെട്ടതും ഇവിടെയും ആവർത്തിക്കപ്പെടുകയാണോ? രാത്രിയുടെ മറവിൽ ചൈനീസ് അധികൃതർ കടത്തിക്കൊണ്ടു പോകുകയും, പിന്നീട് പുറലോകം കാണാത്തവരുടെ പട്ടികയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തവരിൽ എത്രാമത്തെ പേരുകാരനാണ് ഷിയാവോ? എന്താണ് ആ ശതകോടീശ്വരനു പിന്നിലെ രഹസ്യം?

∙ ആ രാത്രിയിൽ സംഭവിച്ചത്...

ADVERTISEMENT

2017 ജനുവരി 27ന് അർധരാത്രി ‘ഫോർ സീസൺസ്’ ഹോട്ടലിൽനിന്ന് ഒരു വീൽ ചെയറിൽ, തല തുണികൊണ്ടു മറച്ച് ഷിയാവോ ജിയാൻഹുയെ കൊണ്ടു പോകുന്നത് ഹോട്ടലിലെ സെക്യൂരിറ്റി ക്യാമറകളിൽ പതിഞ്ഞതാണ്. അതുവരെ വീൽ ചെയർ ഉപയോഗിക്കാത്ത, നാൽപത്തിയഞ്ചുകാരനായ ഷിയാവോയെ കുറച്ചു പേർ ചേർന്ന് വീൽ ചെയറിൽ കൊണ്ടുവരുന്നു, അവരുടെ കൈവശം ഒരു പെട്ടിയുമുണ്ട്. എങ്ങോട്ടായിരുന്നു ആ യാത്ര?

ഫോർ സീസൺസ് ഹോട്ടൽ. ഇവിടെനിന്നാണ് ഷിയാാവോയെ തട്ടിക്കൊണ്ടു പോയത്. ചിത്രം: Anthony WALLACE / AFP

കനേഡിയൻ പൗരത്വം മാത്രമല്ല, കരീബിയിൻ രാജ്യമായ ആന്റിഗ്വയുടെ നയതന്ത്ര പാസ്പോർട്ടും കൈവശമുള്ള വ്യക്തിയാണ് ഷിയാവോ. വർഷങ്ങളായി ഹോങ്കോങ്ങിലെ ഫോർ സീസൺസ് ഹോട്ടലിലാണു താമസം. സുന്ദരിമാരായ വനിതാ അംഗരക്ഷകരുടെ ഒരു കൂട്ടം ഷിയാവോയ്ക്കൊപ്പം എപ്പോഴും ഉണ്ടാകും. കാണാതായ അന്നു രാത്രി, സാധാരണ രീതിയില്‍ വസ്ത്രം ധരിച്ച പുരുഷന്മാരുടെ ഒരു സംഘം വലിയ സ്യൂട്ട്കേസും വീൽചെയറുമായി ഷിയാവോയുടെ മുറിയിലേക്കു കയറിച്ചെല്ലുന്നത് സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു. കുറച്ചു സമയങ്ങൾക്കു ശേഷമാണ് ഇവർ ഷിയാവോയെ വീൽ ചെയറിൽ ഇരുത്തിയാണ് പുറത്തേക്ക് ഇറങ്ങി വന്നത്. അപ്പോൾ ഇവർക്കൊപ്പം ഏതാനും സ്ത്രീകളും കയ്യിൽ ഒരു സ്യൂട്ട്കേസും ഉണ്ടായിരുന്നു.

ഷിയാവോ പരിഭ്രാന്തിയൊന്നും കാണിക്കുന്നുണ്ടായിരുന്നില്ല എന്നായിരുന്നു സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായത്. എന്നാൽ അദ്ദേഹത്തിന് ക്ഷീണമുണ്ടായിരുന്നതായി തോന്നി എന്നാണ് വിഡിയോ ദൃശ്യങ്ങൾ കണ്ടു എന്ന് അവകാശപ്പെട്ട ചിലർ വിദേശമാധ്യമങ്ങളോടു പറഞ്ഞത്. മാധ്യമങ്ങളോട് സംസാരിക്കാർ അനുവാദമില്ലാത്തതിനാലോ ചൈനീസ് സർക്കാരിനെ ഭയന്നോ വിഡിയോ കണ്ടവർ ഇന്നും അജ്ഞാതരായി തുടരുന്നു. ഫോർ സീസൺസ് അപാർട്മെന്റ് ടവറിന്റെ ലോബി ഇതിന്റെ പ്രധാന ഹോട്ടലിൽനിന്ന് വേർപ്പെട്ടതാണ്. അതിനൊരു പ്രത്യേക റിസപ്ഷനും കീ കാർഡ് കൊണ്ടു തുറക്കുന്ന ഒരു വാതിലുമുണ്ട്. അവിടെയുണ്ടായിരുന്ന ഹോട്ടലിലെ ജീവനക്കാർ ഷിയാവോയെ കൊണ്ടുപോകാൻ വന്നവരോട് കാര്യങ്ങൾ തിരക്കിയിരുന്നു. പക്ഷേ അവർ ഷിയാവോയുടെ സുരക്ഷാ സംഘത്തിന്റെ ഭാഗമാണെന്നും അദ്ദേഹത്തിനു സുഖമില്ലാത്തതിനാൽ‌ ആശുപത്രിയിലേക്കു കൊണ്ടുപോകുകയാണെന്നുമാണ് പറഞ്ഞത്.

∙ ആരാണ് ആ സന്ദേശത്തിനു പിന്നിൽ?

ADVERTISEMENT

ഷിയാവോയെ കാണാതായ വാർത്ത മാധ്യമങ്ങളൊന്നും അറിഞ്ഞിരുന്നില്ല. പക്ഷേ കാണാതായതിന്റെ പിറ്റേന്ന്, ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മിൻജിങ് ന്യൂസ് ഒരു വാർത്ത പുറത്തുവിട്ടു. ഹോങ്കോങ്ങിൽനിന്ന് ഒരു ശതകോടീശ്വരനെ ചൈനീസ് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും അറസ്റ്റു ചെയ്ത് ചൈനയിലേക്കു കൊണ്ടുപോയെന്നായിരുന്നു അത്. ശതകോടീശ്വരന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും അസാധാരണമായതെന്തോ ഹോങ്കോങ്ങിൽ സംഭവിച്ചെന്ന് അതോടെ ലോകം അറിഞ്ഞു.

ബെയ്ജിങ്ങിൽ ഷിയാവോയുടെ ഉടമസ്ഥതയിലുള്ള ടുമാറോ ഹോൾഡിങ്സ് കമ്പനിയുടെ ആസ്ഥാന കെട്ടിടം. ഫയൽ ചിത്രം: REUTERS/Thomas Peter

ആരാണ് ആ കോടീശ്വരൻ? എന്താണ് അയാൾ ചെയ്ത തെറ്റ്? അയാളിപ്പോൾ എവിടെയാണ്? ചൈനീസ് ഏജന്റുമാർ ഹോങ്കോങ് മണ്ണിൽ യാതൊരു ഭയവുമില്ലാതെ വിളയാടുകയാണോ? തുടങ്ങിയ ചോദ്യങ്ങളുടെ കുത്തൊഴുക്കായിരുന്നു പിന്നീട്. വൈകാതെ തന്നെ, യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റൊരു വാർത്താ പോർട്ടൽ ആ വ്യവസായ പ്രമുഖന്റെ പേരു പുറത്തു വിട്ടു. ചൈനയിലെ ശതകോടീശ്വരന്മാരിൽ ഒരാളായ ഷിയാവോ ജിയാൻഹ്വ ആയിരുന്നു അത്. വിവാദം കത്തിപ്പടരുമെന്ന് ഉറപ്പായ ആ സമയത്താണ്, ബെയ്ജിങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷിയാവോയുടെ കമ്പനി ‘ടുമോറോ ഹോളിഡേയ്സ്’ ഒരു പ്രസ്താവന പുറത്തിറക്കിയത്. വിചാറ്റ് എന്ന സമൂഹമാധ്യമ ആപ്പിലെ അവരുടെ അക്കൗണ്ടിലൂടെയായിരുന്നു ഷിയാവോയുടെ പേരിലുള്ള വെളിപ്പെടുത്തൽ.

തന്റെ ബിസിനസ് ജീവിതത്തിലുടനീളം നിരവധി ശക്തരായ ചൈനീസ് അധികാരികളുമായി ചേർന്ന് ഷിയാവോ പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ന്യൂയോർക്ക് ടൈംസ് ഒരിക്കൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘അധികാര വർഗത്തിന്റെ ബാങ്കർ’ എന്നാണ്.

‘ഞാൻ വിദഗ്ധ ചികിത്സയ്ക്കായി വിദേശത്താണ്. ഇവിടെ എല്ലാം സുഖമായിരിക്കുന്നു.’ എന്നായിരുന്നു സന്ദേശം. ഷിയാവോ ചൈനയിലാണെന്ന ഹോങ്കോങ് പൊലീസിന്റെ കണ്ടെത്തലിനു വിപരീതമായിരുന്നു ഈ സന്ദേശം. അതിനടുത്ത ദിവസം മറ്റൊരു സന്ദേശവും കമ്പനി പുറത്തിറക്കി– ഷിയാവോ ഒരു ദേശസ്നേഹിയാണെന്നും കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനാണെന്നും പറയുന്നതായിരുന്നു അത്. ഷിയാവോയെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് അവകാശപ്പെടുന്നതായിരുന്നു ഈ പ്രസ്താവന. ചൈനയിൽ ജനിച്ച്, കനേഡിയൻ പൗരത്വം സ്വീകരിച്ച്, ഹോങ്കോങ്ങിൽ സ്ഥിരതാമസമാക്കിയ ഷിയാവോ ഇരു രാജ്യങ്ങളുടെയും നിയമപരിരക്ഷ ആസ്വദിക്കുന്നുണ്ടെന്നും ഈ പ്രസ്താവനയിലൂടെ പറയുന്നുണ്ട്. ഷിയാവോ എത്രയും പെട്ടെന്ന് തന്റെ ചികിത്സ പൂർത്തിയാക്കി മടങ്ങിയെത്തുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ഫോർ സീസൺസ് ഹോട്ടൽ. ഇവിടെനിന്നാണ് ഷിയാാവോയെ തട്ടിക്കൊണ്ടു പോയത്. ചിത്രം: Anthony WALLACE / AFP

എന്നാൽ ആ കമ്പനിക്കും കമ്പനിയുടെ സന്ദേശങ്ങൾക്കുമൊന്നും അധികനാൾ ആയുസ്സുണ്ടായിരുന്നില്ല. ഷിയാവോയുടെ പേരിലുള്ള സന്ദേശങ്ങളെല്ലാം പെട്ടെന്നു തന്നെ അപ്രത്യക്ഷമായി. എന്തിനേറെപ്പറയുന്നു വിചാറ്റിൽ കമ്പനിയുടെ പേരിലുള്ള അക്കൗണ്ടു തന്നെ പൂർണമായി നീക്കം ചെയ്യപ്പെട്ടു. കമ്പനിയുടെ വെബ്സൈറ്റ് പോലും ലഭ്യമാകാത്ത സ്ഥിതിയായി. ഇതോടെ അഭ്യൂഹങ്ങളേറെ ബാക്കിയാക്കി ഷിയാവോ എവിടെ എന്ന ചോദ്യം മാത്രം അന്വേഷകരുടെ തലയ്ക്കു മുകളിൽ തൂങ്ങിയാടി.

ADVERTISEMENT

∙ അഴിമതിക്കാരനാണോ ഷിയാവോ?

ഷിയാവോയുടെ തിരോധാനത്തിന് ചൈനീസ് സർക്കാരിന്റെ അഴിമതി വിരുദ്ധ പോരാട്ടങ്ങളുമായി ബന്ധമുണ്ടെന്ന അഭ്യൂഹങ്ങളും ഒരു ഭാഗത്ത് ഉയരുന്നുണ്ടായിരുന്നു. ചൈനയിലെ നിരവധി അധികാരികളുടെ ‘സാമ്പത്തിക സഹായി’ ആണ് ഷിയാവോ എന്നും അതിനാൽ സർക്കാരിന്റെ നോട്ടപ്പുള്ളിയാണെന്നുമായിരുന്നു ഇവരുടെ പക്ഷം. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെ എതിർക്കുന്ന ചൈനീസ് സർക്കാരിലെ ഒരു വിഭാഗവുമായി ഷിയാവോയ്ക്ക് അടുത്ത ബന്ധമായിരുന്നു എന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്തുവന്നു. ചൈനയിലെ പ്രമാണിമാരുടെ ബാങ്കറായി ഷിയാവോ പ്രവർത്തിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ടായി. എന്നാൽ വിചാറ്റിൽനിന്ന് മറഞ്ഞു പോയ സന്ദേശങ്ങളിൽ ‘ഞാൻ ഒരു പ്രതിപക്ഷ ശക്തികളെയും സംഘടകളെയും പിന്തുണച്ചിട്ടില്ല’ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടുതാനും!

ഷിയാവോയുടെ സന്ദേശമെന്ന പേരിൽ ഹോങ്കോങ്ങിലെ പത്രത്തിൽ വന്ന പരസ്യം (ഫയൽ ചിത്രം: Reuters)

അതിനിടെ, താൻ സുരക്ഷിതനാണെന്നും വിദേശത്ത് വിശ്രമത്തിലാണെന്നും പറഞ്ഞ് ഷിയാവോയുടെ പേരിൽ ഒരു പത്രപ്പരസ്യവും പ്രത്യക്ഷപ്പെടുകയുണ്ടായി. ഹോങ്കോങ്ങിലെ പത്രത്തിലായിരുന്നു മുഴുവൻ പേജ് പരസ്യം. ചൈനയിലേക്ക് ഒരു അന്വേഷണത്തിൽ സഹായിക്കാനായി പോയതാണെന്ന് അദ്ദേഹം പറഞ്ഞതായും വാർത്ത വന്നു. ഈ റിപ്പോർട്ടും അഭ്യൂഹങ്ങളുമൊക്കെ പല നിഗമനങ്ങളിലേക്ക് എത്തിച്ചെങ്കിലും അതൊന്നും ഷിയാവോയെ വെളിച്ചത്തു കൊണ്ടുവരാൻ പോന്നതായിരുന്നില്ല. കനേഡിയൻ അന്വേഷണ സംഘവും ഹോങ്കോങ് പൊലീസും അവരുടെ അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു. അതിനിടയിൽ, തലവനെ കാണാതായതോടെ ഷിയാവോയുടെ കീഴിലുള്ള കമ്പനികളുടെ ഓഹരിയും വിപണിയിൽ നിലംപൊത്താൻ തുടങ്ങി.

∙ എന്നെന്നും കമ്യൂണിസത്തിനോടൊപ്പം

1972 ൽ ഒരു സ്കൂൾ ടീച്ചറുടെ മകനായി ചൈനയിലെ കിഴക്കൻ പ്രവിശ്യയായ ഷാൻഡോങ്ങിലായിരുന്നു ഷിയാവോയുടെ ജനനം. പഠനകാലത്തു തന്നെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയിലെ അംഗം. അവിടെ സ്റ്റുഡന്റ്സ് യൂണിയൻ നേതാവായിരുന്ന ഷിയാവോ എന്നും സർക്കാരിനോടെ വിധേയത്വം പുലർത്തിയാണ് പ്രവർത്തിച്ചിരുന്നത്. 1989ൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭമായ ടിയാനൻസ്ക്വയർ പ്രക്ഷോഭത്തിൽ തന്റെ സഹപാഠികളെല്ലാം പങ്കെടുത്തപ്പോഴും അതിൽനിന്ന് മാറി നിന്ന് സർക്കാരിനോടുള്ള കൂറ് ഷിയാവോ തെളിയിച്ചിരുന്നു.

ബെയ്‌ജിങ്ങിൽനിന്നുള്ള കാഴ്ച. ചിത്രം: AFP

പീക്കിങ് സർവകലാശാലയിൽനിന്ന് നിയമത്തിൽ ബിരുദം കരസ്ഥമാക്കിയ ഷിയാവോ സർവകലാശാലയ്ക്കു സമീപം കംപ്യൂട്ടർ വിറ്റുകൊണ്ടാണ് തന്റെ ബിസിനസ് ജീവിതം ആരംഭിക്കുന്നത്. പിന്നീട് മൈക്രോസോഫ്റ്റ് കമ്പനിയിലും ജോലി നോക്കി. കുറച്ചു വർഷങ്ങൾക്കുള്ളിൽ തന്നെ ഷിയാവോയുടെ ആസ്തി 15 കോടി ഡോളറിലേക്ക് എത്തി. പിന്നീടാണ് ‘ടുമോറോ ഗ്രൂപ്പ്’ എന്ന സ്ഥാപനം തുടങ്ങുന്നത്. ബാങ്കിങ്, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ്, കൽക്കരി വിപണനം, സിമന്റ് നിർമാണം, ധാതുക്കൾ എന്നിവയുമായി ബന്ധപ്പെട്ട നിക്ഷേപ കമ്പനിയാണ് ടുമോറോ ഗ്രൂപ്. റിപ്പോർട്ടുകൾ പ്രകാരം പിങ് ആൻ ഇൻഷുറൻസ്, ഹർബിൻ ബാങ്ക്, ഹുആക്സിയ ബാങ്ക്, ഇൻഡസ്ട്രിയൽ ബാങ്ക് എന്നിവയിൽ അനിയന്ത്രിതമായ ഓഹരികൾക്ക് ഉടമയാണ് ഷിയാവോ. സമ്പത്ത് വർധിക്കുംതോറും ഷിയാവോ അധികാര വർഗവുമായുള്ള ബന്ധവും ശക്തമാക്കി. അങ്ങനെ കമ്യൂണിസ്റ്റ് പാർട്ടിയിലെ പ്രമുഖരുടെ ബന്ധുക്കളുമായി പലതരം ബിസിനസുകളിൽ ഏർപ്പെട്ടു.

ബെയ്ജിങ്ങിൽ ഷിയാവോയുടെ ഉടമസ്ഥതയിലുള്ള ടുമാറോ ഹോൾഡിങ്സ് കമ്പനിയുടെ ആസ്ഥാന കെട്ടിടം. ഫയൽ ചിത്രം: REUTERS/Thomas Peter

തന്റെ ബിസിനസ് ജീവിതത്തിലുടനീളം നിരവധി ശക്തരായ ചൈനീസ് അധികാരികളുമായി ചേർന്ന് ഷിയാവോ പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ന്യൂയോർക്ക് ടൈംസ് ഒരിക്കൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘അധികാര വർഗത്തിന്റെ ബാങ്കർ’ എന്നാണ്. 2016ഓടെ ഷിയാവോയുടെ ആസ്തി 600 കോടി ഡോളർ കടന്നിരുന്നു. അതിനോടകം, ചൈനയ്ക്കു പുറമേ കാനഡയിലേക്കും ഷിയാവോ തന്റെ ബിസിനസ് വ്യാപിപ്പിച്ചു. കാനഡയിലും യുഎസിലും വസ്തുവകകൾ വാങ്ങുകയും കനേഡിയൻ പൗരത്വം നേടുകയും ചെയ്തു. സ്വന്തമായി ഒരു സ്വകാര്യ ജെറ്റുമുണ്ട്. ആന്റിഗ്വ, ബാർബുഡ എന്നീ രാജ്യങ്ങളുടെ നയതന്ത്ര പാസ്പോർട്ടുകള്‍ ഷിയാവോ സ്വന്തമാക്കിയത്, കാണാതാകുന്നതിന് ഏതാനും ദിവസം മുൻപാണ്.

∙ ഷിയെ പേടിച്ച ഷിയാവോ?

2013 ജനുവരിയിൽ ചൈനീസ് പ്രസിഡന്റായി ഷി ചിൻപിങ്ങ് അധികാരത്തിലേറിയപ്പോൾ അദ്ദേഹത്തിന്റെ സഹോദരി ചി ചിയാവോയും ഭർത്താവും അവരുടെ ഉടമസ്ഥതയിലുള്ള നിക്ഷേപ കമ്പനിയുടെ ഓഹരികൾ ഷിയാവോയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കു വിറ്റിരുന്നു. അഴിമതിക്കെതിരെ ഷി വ്യാപകമായി ക്യാംപെയ്ൻ ആരംഭിച്ച സമയത്തായിരുന്നു ഇത്. അതിനാൽതന്നെ തന്റെ കുടുംബത്തെ നിക്ഷേപമുക്തമാക്കി ക്ലീൻ ചിറ്റ് നൽകാനുള്ള ഷിയുടെ നീക്കത്തിന്റെ ഭാഗമായിരുന്നു ഇതെന്നായിരുന്നു റിപ്പോർട്ടുകൾ.

ഷി ചിൻപിങ്ങ്. ചിത്രം: AFP

ചൈനയുടെ മുൻ വൈസ് പ്രസിഡന്റ് സെങ് ചിങ്ങോങ് ഉൾപ്പെടെ പാർട്ടിയുടെ നിരവധി നേതാക്കളും അവരുടെ ബന്ധുക്കളുമായി ഷിയാവോ ബിസിനസിൽ ഏർപ്പെട്ടിരുന്നു. ഈ ബിസിനസ് സൗഹൃദം പിന്നീട് ഇവരെ ഭീഷണിപ്പെടുത്താനായി ഷിയാവോ ഉപയോഗിക്കുമെന്ന് ഷി ഭയപ്പെട്ടിരുന്നതായാണു കരുതപ്പെടുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയിലെ പല പ്രമുഖരുടെയും ബിസിനസ് രഹസ്യങ്ങൾ ഷിയാവോയ്ക്ക് അറിയാമായിരുന്നുവെന്നതും ഷിയുടെ ‘പേടി’ക്കു കാരണമായി. ഷി അധികാരത്തിലേറിയതിനു പിന്നാലെ 2014ലാണ് ഷിയാവോ ഹോങ്കോങ്ങിൽ അഭയം പ്രാപിച്ചത്. ഇത് ഷിയെ ഭയപ്പെട്ടിട്ടാകാം എന്നും അഭ്യൂഹമുണ്ട്.

∙ എങ്ങനെ ഷിയാവോ നോട്ടപ്പുള്ളിയായി?

2006–2007 കാലഘട്ടത്തിൽ നടന്ന ലുനെങ് എന്ന കമ്പനിയുടെ സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട് ഒരു പ്രചാരണമുണ്ടായി. ഷിയാവോയുമായി ബന്ധപ്പെട്ട ഒട്ടേറെ കമ്പനികൾ ഈ സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായിരുന്നു. ഷിയാവോയുടെ ജന്മനാടായ ഷാൻഡോങ് പ്രവിശ്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഈ കൂറ്റൻ ഊർജ കമ്പനിയുടെ സ്വകാര്യവത്കരണം വൻ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഷിയാവോയ്ക്കു പുറമേ ഈ കമ്പനിയുടെ ഓഹരി വാങ്ങിയതിൽ സെങ് മിങ് എന്നൊരു വ്യക്തിയുമുണ്ടായിരുന്നതായി ചില മാധ്യമങ്ങൾ കണ്ടെത്തി. എന്നാൽ ഈ വാർത്ത പിന്നീട് ചൈനീസ് അധികൃതർ ഇടപ്പെട്ട് പിൻവലിപ്പിച്ചു.

ആരാണ് ഷിയാവോയ്ക്കൊപ്പംനിന്ന സെങ് മിങ് എന്ന് പലരും അക്കാലത്ത് അന്വേഷിച്ചു. വിദേശ മാധ്യമങ്ങളുടെ അന്വേഷണം ചെന്നെത്തി നിന്നത് മുൻ ചൈനീസ് വൈസ് പ്രസിഡന്റ് സെങ് ചിങ്ങോങ്ങിന്റെ വീട്ടിലായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ മറ്റാരും അറിയാതെ ബിസിനസ് ഡീലുകൾ നടത്താനായി ഉപയോഗിച്ച അപരനാമമായിരുന്നു സെങ് മിങ്. അവിടം കൊണ്ടും തീർന്നില്ല അധികാര വർഗവുമായി ഷിയാവോയ്ക്കുള്ള ബന്ധം വ്യക്തമാക്കുന്ന സംഭവങ്ങള്‍.

മുൻ ചൈനീസ് വൈസ് പ്രസിഡന്റ് സെങ് ചിങ്ങോങ്. 2005ലെ ചിത്രം: F.CASTILLO / MICPHOTOPRESS / AFP

2009 ജനുവരിയിൽ ഷിയാവോയുടെ ടുമോറോ ഗ്രൂപ്പിന്റെ പ്രധാന കമ്പനികളിൽ ഒന്നായ ബഒട്ടോ ടുമോറോ ടെക്നോളജി അഞ്ചു കോടി ഡോളറിന് തെക്കു പടിഞ്ഞാറൻ ചൈനയിലെ ചില വസ്തുവകകൾ വാങ്ങുമെന്ന് പ്രഖ്യാപിച്ചു. ആ വസ്തുവകകൾ അന്നത്തെ കമ്യൂണിസ്റ്റ് പാർട്ടിയിലെ നാലാം സ്ഥാനക്കാരനായ ജിയ ചിൻഗ്ലിന്റെ അനന്തരവന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. ജിയ ചിൻഗ്ലിനും സെങ് മിങ്ങും പാർട്ടിയിൽനിന്ന് വിരമിച്ചിരുന്നവരായിരുന്നെങ്കിലും ഇരുവർക്കും അപ്പോഴും പാർട്ടിയിൽ വ്യക്തമായ സ്വാധീനമുണ്ടായിരുന്നു. മാത്രവുമല്ല, മുൻ ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിന്റെ (1993-2003) അടുത്ത അനുയായികളും ആയിരുന്നു. ഇത്തരത്തിൽ ഷിയാവോയ്ക്കുണ്ടായിരുന്ന അതിശക്തമായ രാഷ്ട്രീയ ബന്ധമാണ് അദ്ദേഹത്തെ ഉന്നംവയ്ക്കാനുള്ള പ്രധാന കാരണമെന്നാണ് പറയപ്പെടുന്നത്.

ജിയ ചിൻഗ്ലിൻ. 2011ലെ ചിത്രം: MARK RALSTON / POOL / AFP

∙ പെട്ടെന്നൊരു വിചാരണ!

അഞ്ചു വർഷത്തിനിപ്പുറം ഷിയാവോ ചെനയിൽ ഉണ്ടെന്നും വിചാരണ നേരിടുകയാണെന്നുമുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അതും തികച്ചും അപ്രതീക്ഷിതമായി. അഴിമതിക്കേസുകളുമായി ബന്ധപ്പെട്ടാണ് ഷിയാവോയുടെ വിചാരണ നടക്കുന്നതെന്നാണ് കാനഡ പറയുന്നത്. ഈ വിചാരണ നിരീക്ഷിച്ചു വരികയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നുമാണ് ജൂലൈ ആദ്യം കനേഡിയൻ അധികൃതർ വ്യക്തമാക്കിയത്. എന്നാൽ ഷിയാവോ ചൈനയിലുണ്ടെന്നോ വിചാരണ നേരിടുകയാണെന്നോ ചൈന ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതിനാൽത്തന്നെ വിചാരണ വേളയിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന കാനഡയുടെ ആവശ്യവും ചൈന നിഷേധിച്ചു.

അഴിമതിക്കേസുകളുമായി ബന്ധപ്പെട്ടവരെ വിദേശത്തുനിന്ന് സമ്മർദ്ദം ചെലുത്തി ചൈനയിൽ എത്തിച്ച് വിചാരണയ്ക്കു വിധേയമാക്കാൻ ചൈനീസ് സർക്കാർ തീവ്ര ശ്രമം ആരംഭിച്ചതിനു പിന്നാലെയാണ് 2017ൽ ഷിയാവോ അപ്രത്യക്ഷനാകുന്നത്. വിദേശത്തേക്കു കടന്നവരെ ചൈന തട്ടിയെടുക്കുമെന്ന ഭീതി മറ്റുള്ളവരിൽ നിറയ്ക്കുന്നതായിരുന്നു ഈ നീക്കം. എന്നാൽ ഈ സമയം, പ്രത്യേക നിയമവ്യവസ്ഥ നിലനിൽക്കുന്ന ഹോങ്കോങ്ങിൽ പ്രവേശിക്കുന്നതിൽ ചൈനീസ് പൊലീസിന് വിലക്കുണ്ടായിരുന്നു. അതിനിടെയാണ് ഹോങ്കോങ്ങിനു മേലുള്ള നിയന്ത്രണം ഷി ചിൻപിങ് കൂടുതൽ ശക്തമാക്കിയത്.

ചൈനയുടെ ഹോങ്കോങ് അധിനിവേശത്തിനെതിരെ ലണ്ടനിൽ നടന്ന പ്രതിഷേധത്തിൽനിന്ന്. 2020ലെ ചിത്രം: JUSTIN TALLIS / AFP

1997ൽ ചൈന വാഗ്ദാനം ചെയ്ത സ്വയംഭരണാവകാശം ലംഘിക്കുന്നു എന്നതുൾപ്പെടെയുള്ള നിരവധി പരാതികൾ അക്കാലത്ത് ഉയർന്നു വന്നതിനു പിന്നിലും ഷിയുടെ നീക്കമാണെന്നു സംശയിക്കുന്നവരേറെ. അങ്ങനെ ഹോങ്കോങ് സർക്കാരിൽ സ്വാധീനം ചെലുത്തി 2020-ൽ ദേശീയ സുരക്ഷാ നിയമത്തിനു രൂപം നൽകി. അതുപ്രകാരം ഹോങ്കോങ്ങിൽ ചൈനീസ് പൊലീസിന് ഇടപെടാമെന്നു വരെയായി. ഷിയാവോയെ കാണാതാകുന്നതിനു മുൻപ് 2015ൽ ചൈനീസ് സര്‍ക്കാരിനെ നിശിതമായി വിമർശിക്കുന്ന അഞ്ചു പുസ്തക വിൽപനക്കാരെയും ഹോങ്കോങ്ങിൽനിന്ന് കാണാതായിരുന്നു. ഇവർ പിന്നീട് ചൈനയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

ഷിയാവോയുടെ വിചാരണ ചൈനയിൽ നടന്നുവരികയാണെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ അതിനെ കുറിച്ച് വ്യക്തമായ വിവരം ലഭ്യമായിട്ടില്ലതാനും. വിവരങ്ങൾ പുറത്തുവിടാൻ ചൈന കാലങ്ങളായി കാണിച്ചു വരുന്ന വിമുഖത ഇവിടെയും തുടരുകയാണെന്നു വേണം കരുതാൻ. എന്തായാലും ഷാങ്‌ഹായ് കോടതിയിൽ ഇക്കഴിഞ്ഞ ജൂലൈ നാലിന് ഷിയാവോ വിചാരണയ്ക്കായി എത്തി എന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ഉള്‍പ്പെടെ റിപ്പോർട്ട് ചെയ്തത്. അനധികൃതമായി ധനക്കൈമാറ്റം നടത്തിയതിനും സാമ്പത്തിക തട്ടിപ്പിനും ഇദ്ദേഹം പത്തു വർഷത്തോളം ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ചൈനീസ് അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

എന്നാൽ കൃത്യമായി എവിടെയാണ് വിചാരണ നടക്കുന്നതെന്നോ അഭിഭാഷകർ ആരെന്നോ ചൈനീസ് മാധ്യമങ്ങൾ‌‍ വ്യക്തമാക്കിയിട്ടില്ല. ഇനിയിപ്പോൾ വിചാരണ തുടങ്ങിയെന്നത് സത്യമാണെങ്കിലും അഞ്ചു വർഷത്തോളം ഷിയാവോ എവിടെയായിരുന്നു, എന്തിനാണ് അദ്ദേഹത്തെ കാണാമറയത്തു നിർത്തിയത് തുടങ്ങിയ ചോദ്യങ്ങൾ ബാക്കിയാണ്? ചൈനയിലെ വ്യവസായികൾക്കു മേൽ വലിയൊരു ഭീതിയുടെ വല വിരിച്ചാണ് ഷിയാവോ അപ്രത്യക്ഷനായത്. എന്താണ് ഷി ചിൻപിങ് തങ്ങൾക്കായി കാത്തുവച്ചിരിക്കുന്നതെന്ന ഭയം. അതിപ്പോഴും ഡെമോക്ലസിന്റെ വാളു പോലെ അവർക്കു മുകളിലുണ്ടു താനും. ‌‌

ഷിയാവോയുടെ തിരോധാനത്തെപ്പറ്റിയുള്ള വിവരം പുറത്തെത്തിയെന്നെങ്കിലും ആശ്വാസിക്കാം. എന്നാൽ എവിടെയാണെന്ന് ഒരാൾക്കു പോലും അറിയാത്ത വിധം, ഇരുട്ടിലേക്ക് ആഴ്ന്നു പോയവർ എത്രയേറെയുണ്ടാകും! അവരെ ഏതെല്ലാം അഗാധതകളിലേക്കായിരിക്കാം അധികൃതർ ആഴ്ത്തിയിട്ടുണ്ടാകുക? അവർക്കെന്തു സംഭവിച്ചിട്ടുണ്ടാകും? ചൈനീസ് ഉരുക്കുമറ ഭേദിച്ച് എന്നെങ്കിലും ഈ വിവരങ്ങളെല്ലാം പുറത്തുവരുമെന്നു തന്നെ പ്രതീക്ഷിക്കാം.

English Summary: The Mystery of Chinese Tycoon and Billionaire Xiao Jianhua's Disappearance