പിടി മരിച്ചു കഴി‍ഞ്ഞ ശേഷം മോശമായി സംസാരിച്ച ഏക ആൾ എം.എം.മണി ആയിരുന്നു. ആ വാക്കൊന്നും എനിക്കു പറയാൻ പ്രയാസമാണ്. ആളു പോയിക്കഴിയുമ്പോൾ അവരെ മഹാൻ എന്നു പറയും എന്ന മട്ടിൽ ചിലതെല്ലാം അദ്ദേഹം പറഞ്ഞു. ഇടുക്കിയിൽ വച്ച് ആ സമയത്തു തന്നെ അങ്ങനെ അദ്ദേഹം പറഞ്ഞത് ഞാൻ കേൾക്കുക ഉണ്ടായി. പിടി തോമസ് ഒന്നാന്തരം രാഷ്ട്രീയക്കാരനായിരുന്നു. K.K. Rema, Uma Thomas, Crossfire

പിടി മരിച്ചു കഴി‍ഞ്ഞ ശേഷം മോശമായി സംസാരിച്ച ഏക ആൾ എം.എം.മണി ആയിരുന്നു. ആ വാക്കൊന്നും എനിക്കു പറയാൻ പ്രയാസമാണ്. ആളു പോയിക്കഴിയുമ്പോൾ അവരെ മഹാൻ എന്നു പറയും എന്ന മട്ടിൽ ചിലതെല്ലാം അദ്ദേഹം പറഞ്ഞു. ഇടുക്കിയിൽ വച്ച് ആ സമയത്തു തന്നെ അങ്ങനെ അദ്ദേഹം പറഞ്ഞത് ഞാൻ കേൾക്കുക ഉണ്ടായി. പിടി തോമസ് ഒന്നാന്തരം രാഷ്ട്രീയക്കാരനായിരുന്നു. K.K. Rema, Uma Thomas, Crossfire

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിടി മരിച്ചു കഴി‍ഞ്ഞ ശേഷം മോശമായി സംസാരിച്ച ഏക ആൾ എം.എം.മണി ആയിരുന്നു. ആ വാക്കൊന്നും എനിക്കു പറയാൻ പ്രയാസമാണ്. ആളു പോയിക്കഴിയുമ്പോൾ അവരെ മഹാൻ എന്നു പറയും എന്ന മട്ടിൽ ചിലതെല്ലാം അദ്ദേഹം പറഞ്ഞു. ഇടുക്കിയിൽ വച്ച് ആ സമയത്തു തന്നെ അങ്ങനെ അദ്ദേഹം പറഞ്ഞത് ഞാൻ കേൾക്കുക ഉണ്ടായി. പിടി തോമസ് ഒന്നാന്തരം രാഷ്ട്രീയക്കാരനായിരുന്നു. K.K. Rema, Uma Thomas, Crossfire

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ ആഴ്ച സമാപിച്ച നിയമസഭാ സമ്മേളനത്തിൽ രണ്ട് വനിതാമുഖങ്ങളാണ് നിറഞ്ഞു നിന്നത്: കെ.കെ.രമയും ഉമ തോമസും. സിപിഎമ്മിലെ മുതിർന്ന നേതാവ് എം.എം.മണി രമക്കെതിരെ നടത്തിയ വിവാദ പരാമർശം കേരളം ആകെ ചർച്ച ചെയ്യപ്പെട്ടു. ഒടുവിൽ ഖേദപ്രകടനം നടത്തി മണിക്ക് തലയൂരേണ്ടി വന്നു. രമയ്ക്കേറ്റ ആ മുറിവ് സ്വന്തം വേദനയായി കണ്ട് ഭരണപക്ഷത്തിനെതിരെ കന്നിക്കാരിയായ ഉമ തോമസ് ഗർജിച്ചു. പി.ടി.തോമസിന്റെയും ടി.പി.ചന്ദ്രശേഖരന്റെയും ഈ ജീവിത പങ്കാളികൾക്ക് സമാനതകൾ ഏറെയാണ്. പ്രതിപക്ഷത്തെ ഏക പെൺതരി ആയ രമയ്ക്ക് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഉജ്വല വിജയത്തോടെ ഉമ എന്ന കൂട്ട്  ലഭിച്ചിരിക്കുന്നു. നിയമസഭാ സമ്മേളത്തിനു ശേഷം രമയും ഉമയും അതിലേക്ക് ഇവിടെ തിരിഞ്ഞുനോക്കുകയാണ്. ആർഎംപി നേതാവ് കെ.കെ.രമയും കോൺഗ്രസ് എംഎൽഎ ഉമ തോമസും മലയാളമനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ സംസാരിച്ചു. അവരുടെ വാക്കുകളിൽ പുരണ്ട രോഷവും കണ്ണീരും  ഈ അഭിമുഖത്തിൽ ദർശിക്കാം.

∙ ഈ നിയമസഭയുടെ അഞ്ചാം സമ്മേളനത്തിലാണ് ഒടുവിൽ പങ്കെടുത്തത്. ഇത്തവണ ശ്രദ്ധാകേന്ദ്രം തന്നെ കെ.കെ.രമ ആയി. അതുകൊണ്ടു തന്നെ മാനസിക സംഘർഷങ്ങൾ ഏറ്റവും അനുഭവിച്ച സഭാ സമ്മേളനവും ഇതു തന്നെ ആയിരുന്നോ? 

ADVERTISEMENT

എം.എം.മണി നടത്തിയ പരാമർശത്തിന്റെ ആ ഘട്ടം വല്ലാത്തൊരു പിരിമുറുക്കം നൽകി. കാരണം അങ്ങനെ ഒരു സമീപനം ഞാൻ പ്രതീക്ഷിച്ചതല്ല. ഓരോ വിഷയത്തെയും ആസ്പദമാക്കിയാണ് സഭയിൽ ഞാൻ സംസാരിക്കാറുളളത്. എകെജി സെന്റർ ആക്രമിച്ചതുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ ചർച്ചയായിരുന്നു അതിൽ ഒന്ന്. ഭരണകക്ഷിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൽ പ്രതിയ പിടികൂടാതെ വരുമ്പോൾ സ്വാഭാവികമായും ആഭ്യന്തരവകുപ്പിനെതിരെ പരാമർശം വരും. സംസാരിക്കുമ്പോൾ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത ഭാഷയിലാണ് സംസാരിക്കാറുളളത്. അതിൽ രാഷ്ട്രീയം മാത്രമേ ഉള്ളു. അല്ലാതെ വ്യക്തിപരമായി ഒന്നുമില്ല. വകുപ്പിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടുമ്പോൾ ആ വിമർശനം ഉൾക്കൊണ്ട് തിരുത്തലുകൾ വരുമെന്നാണ് ഞങ്ങൾ വിചാരിക്കുന്നത്. രണ്ടാമത്തേത് ആഭ്യന്തരവകുപ്പിന്റെ തന്ന ധനാഭ്യർഥന ചർച്ച ആയിരുന്നു. ഈ രണ്ടു പ്രസംഗങ്ങളും എന്നെ ലക്ഷ്യമിട്ട് നീങ്ങാൻ അവരെ പ്രേരിപ്പിച്ചു. 

കെ.കെ. രമ (ഫയൽചിത്രം).

∙ മുഖ്യമന്ത്രിക്കെതിരെ താങ്കൾ നടത്തിയ പരാമർശങ്ങൾ തന്നെ അല്ലേ ഭരണപക്ഷത്തെയും മണിയെയും പ്രകോപിപ്പിച്ചത്? 

മുഖ്യമന്ത്രിയെ ഞാൻ അധിക്ഷേപിച്ചു സംസാരിക്കുന്നുവെന്നാണ് എം.എം മണി പരാതിപ്പെട്ടത്. എന്താണ് ഞാൻ അധിക്ഷേപിച്ചത്? അധിക്ഷേപകരമായ ഒരു വാക്ക് ഞാൻ പറഞ്ഞതായി സഭാ രേഖകളിൽ കാണിക്കാൻ കഴിയുമോ? അവർ നുണ പറഞ്ഞ് ആളുകളെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കുകയാണ്. പച്ചക്കള്ളം പറഞ്ഞ് എന്നെ എന്തിനാണ്  ഇപ്പോഴും വേട്ടയാടുന്നത്? ആർഎംപി രൂപീകരിച്ചിട്ട് 15 വർഷമായി. പക ഇപ്പോഴും സിപിഎം കൊണ്ടു നടക്കുകയാണ്. 

∙ വൈധവ്യം വിധിയാണ് എന്ന എം.എം.മണിയുടെ ആ പരാമർശം കേട്ട നിമിഷം എന്താണ് തോന്നിയത്?

ADVERTISEMENT

തളർന്നുപോയി. അതുവരെ എനിക്ക് ഉണ്ടായിരുന്ന ശക്തി മുഴുവൻ ചോർന്നു പോയ പോലെ ആയി. നിന്നിടത്ത് ഐസ് ആയി പോകുക എന്നെല്ലാം പറയില്ലേ. പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അവസ്ഥ. സങ്കടമാണോ കരച്ചിലാണോ ഒന്നും അറിയില്ല. ഒരു മിനിറ്റ് നിശബ്ദമായിപ്പോയി. ഞെട്ടിക്കുന്നതായിരുന്നു ആ പ്രസ്താവന. 

എം.എം. മണി (ഫയൽചിത്രം).

∙ എം.എം. മണി രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിൽ താങ്കൾക്കെതിരെ നടത്തിയ പ്രസ്താവന ആണോ അത്.? വ്യക്തിപരമായി എന്തെങ്കിലും നീരസം ഉണ്ടായിട്ടുണ്ടോ? 

വ്യക്തിപരമായി ഒരു അനിഷ്ടവും എന്നോട് അദ്ദേഹത്തിന് ഉള്ളതായി ഇതുവരെ തോന്നിയിട്ടില്ല.കാണുമ്പോൾ ചിരിക്കുകയും സംസാരിക്കുകയും  ചെയ്തിട്ടുണ്ട്. മണിയെക്കുറിച്ച് നേരത്തെ ഉണ്ടായിരുന്ന സങ്കൽപം സഭയിൽ എത്തിയശേഷം സത്യത്തിൽ മാറുകയാണ് ചെയ്തത്; ഈ പ്രസ്താവന ഉണ്ടാകുന്നതു വരെ. അദ്ദേഹത്തോട് വലിയ സ്നേഹവും ബഹുമാനവും ആണ് ഉണ്ടായിരുന്നത്. പക്ഷേ ഇതു കേട്ടതോടെ തകർന്നുപോയി. അദ്ദേഹത്തെ അതു പറയാൻ നിയോഗിച്ചതാണെന്നാണ് ഞാൻ കരുതുന്നത്. 

∙മുഖ്യമന്ത്രി മണിയെ പിന്തുണച്ച് രംഗത്തു വരുമെന്ന് കരുതിയിരുന്നോ? 

ADVERTISEMENT

മുഖ്യമന്ത്രി അതു തിരുത്തുമെന്നാണ് ഞാൻ വിചാരിച്ചത്. ഏതാനും ദിവസം മുൻപ് വരെ വ്യക്തിശുദ്ധിയെ പറ്റിയാണല്ലോ നിയമസഭയിൽ മുഖ്യമന്ത്രി സംസാരിച്ചത്. അങ്ങനെ ഉള്ള അദ്ദേഹത്തിനും ആ വ്യക്തിശുദ്ധി ഉണ്ടാകുമെന്നാണ് ഞാൻ കരുതിയത്. സഭയിൽ അങ്ങനെ ഒരു പരാമർശം ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു എന്ന് അദ്ദേഹം പറയുമെന്നാണ് ഞാൻ വിചാരിച്ചത്. സഭ നിർത്തിവച്ച ശേഷം മണിക്ക് വീണ്ടും സംസാരിക്കാൻ അവസരം കൊടുക്കുമെന്നും കരുതിയില്ല. അതും സ്പീക്കർ അനുവദിച്ചു. തിരുത്തുമെന്ന് പ്രതീക്ഷിച്ച് സമയം കൊടുത്തതാണെന്നാണ് സ്പീക്കർ ചിലരോട് പറഞ്ഞത്. പക്ഷേ മണി അതിനു തയാറായില്ല.  മുഖ്യമന്ത്രി എഴുന്നേറ്റ പാടെ അദ്ദേഹത്തെ ന്യായീകരിക്കുകയും ചെയ്തു. 

കെ.കെ. രമ (ഫയൽചിത്രം).

∙ മുഖ്യമന്ത്രി കൂടി പിന്തുണച്ച ശേഷം സ്പീക്കറുടെ മറിച്ചുള്ള റൂളിങും മണിയുടെ ഖേദപ്രകടനവും വിചാരിച്ചതാണോ? 

ഇത്രയും ശക്തമായ ഒരു റൂളിങ്ങ് ഞാൻ പ്രതീക്ഷിച്ചില്ല. ഒഴുക്കൻ മട്ടിൽ പറഞ്ഞുപോകുമെന്നേ കരുതിയുള്ളൂ. റൂളിങ് ഉണ്ടാകുമെന്ന് അറിയാമായിരുന്നു. പക്ഷേ ഇത്രയും അർഥവത്തായ വാക്കുകളും ശക്തമായ ഭാഷയും ഉള്ള റൂളിങ്ങ് വിചാരിച്ചതിനും അപ്പുറത്തായി. നമ്മളെല്ലാം ഉള്ളാലെ പ്രതീക്ഷിച്ച ഒരു റൂളിങ്ങ്!. അത് എനിക്ക് വലിയ അത്ഭുതവും ആഹ്ലാദവും സമ്മാനിച്ചു. എല്ലാ പ്രതീക്ഷകളും അസ്തമിച്ചിട്ടില്ല എന്ന തോന്നൽ ഉണ്ടാക്കി. പുരോഗമനവാദികൾ എന്നെല്ലാം പറയുമ്പോഴും പലപ്പോഴും അവർ  ചെയ്യുന്നത് എന്താണെന്ന് നമ്മുക്ക് അറിയാമല്ലോ. 

∙ എന്താണ് അങ്ങനെ ഒരു വീണ്ടു വിചാരത്തിന് ഭരണപക്ഷത്തെ പ്രേരിപ്പിച്ചത്? 

അവർക്ക് അതിലേക്കു  വരേണ്ടി വന്നതാണ്. അല്ലെങ്കിൽ ഒറ്റപ്പെടുമെന്ന് തോന്നിയിട്ടുണ്ടാകാം. ഇടതുപക്ഷത്തു തന്നെ വലിയ വിമർശനങ്ങൾ ഉയർന്നല്ലോ. പാർട്ടി ആലോചിച്ചതിന്റെ ഭാഗമായാണോ,  സ്പീക്കറാണോ മുൻകൈ എടുത്തത് എന്നൊന്നും അറിയില്ല. എന്തായാലും വളരെ പുരോഗമന പരമായ ഒരു റൂളിങ്ങാണ് സ്പീക്കർ നൽകിയത്. താൻ പറഞ്ഞതിൽ ഒരു വാക്ക് എങ്കിലും പിൻവലിക്കുന്നതായി മണി പറയുകയും ചെയ്തല്ലോ. അത്രയും ആശ്വാസം. 

സ്പീക്കർ എം.ബി. രാജേഷ് (ഫയൽചിത്രം).

∙ റൂളിങ്ങിന് സ്പീക്കറെ കണ്ട് നന്ദി പറഞ്ഞോ?

അതു പറയാൻ വേണ്ടി പോയിരുന്നില്ല. മറ്റൊരു കാര്യം ശ്രദ്ധയിൽ പെടുത്താനായി പോയപ്പോൾ ഇക്കാര്യവും സംസാരിച്ചു. നല്ല റൂളിങ്ങായിരുന്നു എന്ന് പറഞ്ഞു. അദ്ദേഹം പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. ഗുണപരമായ മാറ്റം വളരെ പ്രകടമായ ഒരാളാണ് അദ്ദേഹം. യുവതലമുറയിലെ നേതാക്കൾ ഇങ്ങനെ വേറിട്ടു ചിന്തിക്കുകയും നിലപാട് എടുക്കുകയും ചെയ്യുന്നത് ആശ്വാസകരമാണ്. മറ്റൊരു നിലപാടും വേണമെങ്കിൽ അദ്ദേഹത്തിന് എടുക്കാമായിരുന്നു. ആരും അദ്ദേഹത്തെ കുറ്റപ്പെടുത്തുകയും ചെയ്യുമായിരുന്നില്ല. എന്നാൽ അദ്ദേഹം സഭയുടെ ഉന്നതമായ മൂല്യം ഉയർ‍ത്തിപ്പിടിക്കുക തന്നെ ചെയ്തു. 

∙ മണി ആ വിവാദ പരാമർശം നടത്തിയശേഷം ഭരണപക്ഷത്തെ ആരെങ്കിലും വ്യക്തിപരമായി  വന്നു ഖേദം പറഞ്ഞോ? 

ധാരാളം പേർ അങ്ങനെ എന്നോട് സംസാരിച്ചിട്ടുണ്ട്. ‘വിഷമിക്കേണ്ട സഖാവേ’ എന്ന്  പലരും ആശ്വസിപ്പിച്ചിട്ടുണ്ട്. 

∙ മന്ത്രിമാർ ആരെങ്കിലും അതിൽ ഉണ്ടോ? 

ഇല്ല. മന്ത്രിമാർ ആരും തന്നെ ആ നിലയിൽ സംസാരിച്ചിട്ടില്ല.

∙ നിയമസഭയിൽ എന്തു സ്ത്രീവിരുദ്ധ പരാമർശം ഉണ്ടായാലും പ്രതിഷേധിക്കാറുള്ള ഭരണപക്ഷത്തെ വനിതാ അംഗങ്ങളുടെ ഇക്കാര്യത്തിലെ നിലപാടിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? 

വളരെ ദയനീയമെന്നു മാത്രമെ അവരുടെ സമീപനത്തെ വിശേഷിപ്പിക്കാൻ കഴിയൂ. അത് എംഎൽഎമാരുടെ മാത്രം കാര്യമായി ഞാൻ പറയില്ല. മഹിളാ അസോസിയേഷന്റെ നേതാക്കളുടെയും സ്ത്രീപക്ഷ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരുടെയും മൗനം കുറ്റകരമായ അപകടം തന്നെയാണ്. യഥാർഥ സ്ത്രീപക്ഷ രാഷ്ട്രീയമാണ് അവർ ഉയർത്തുന്നതെങ്കിൽ ഇത്തരം സ്ത്രീവിരുദ്ധ പരാമർശം എവിടെ നിന്നു വന്നാലും പക്ഷം നോക്കാതെ അതിനെ എതിർക്കണം. അതു ചെയ്തില്ലെങ്കിൽ  അവരുടെ നിലപാടിലെ പൊള്ളത്തരമാണ് തുറന്നുകാട്ടപ്പെടുന്നത്. അക്കാര്യത്തിൽ ആനി രാജയുടെ കാര്യം മാത്രമേ എനിക്ക് എടുത്തു പറയാനുള്ളൂ. തന്റെ പാർട്ടി എതിർക്കുമോ എന്നുപോലും നോക്കാതെ സ്ത്രീപക്ഷ സമീപനം അവർ വ്യക്തമാക്കി.  നിയമസഭ എന്നു പറയുന്നത് കെ. കെശൈലജ ടീച്ചർ അടക്കം ഇരിക്കുന്ന വേദിയാണ്. അതിനോടുള്ള എതിർപ്പ് ടീച്ചർക്ക് കൃത്യമായി എഴുന്നേറ്റു നിന്നു പറയാമായിരുന്നു. പക്ഷേ പാർട്ടിയെ ഭയപ്പെട്ടാണ് അവരെല്ലാം ജീവിക്കുന്നത്.സ്ത്രീവിരുദ്ധ നിലപാട് എടുക്കുന്ന പാർട്ടിക്കാർക്കെതിരെ സംസാരിക്കാനുള്ള തന്റേടം അവർക്ക് ആർക്കുമില്ല. ഞാൻ കുറ്റം പറയില്ല. പക്ഷേ അത് അവർ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയത്തിന് വിരുദ്ധമാണെന്നും അതുവഴി സമൂഹത്തോട്  വഞ്ചന കാണിക്കുകയാണെന്നും സ്വയം അവർ മനസ്സിലാക്കണം. 

മുഖ്യമന്ത്രി പിണറായി വിജയൻ.

∙ അന്ന് സഭയിൽ ഇതിനെതിരെ പ്രതിഷേധം ഉണ്ടായപ്പോൾ ടി.പി.ചന്ദ്രശേഖരന്റെ ചിത്രം താങ്കൾക്ക് കൈമാറാ‍ൻ പ്രതിപക്ഷത്തെ ഒരു അംഗം ശ്രമിക്കുന്നതും താങ്കൾ അത് സ്നേഹപൂർവം നിരസിക്കുന്നതും ശ്രദ്ധയിൽ പെട്ടു. അത്തരം പ്രകടനങ്ങൾ വേണ്ടെന്ന തീരുമാനമാണോ അതിനു കാരണം? 

അതു തന്നെയാണ്. ചന്ദ്രശേഖരന്റ ഫോട്ടോ പിടിച്ച് ‍ഞാൻ നടക്കേണ്ട കാര്യമില്ലല്ലോ. എന്തിനെയാണ് ഞാൻ  പ്രതിനിധാനം ചെയ്യുന്നത് എന്നത് ഈ സമൂഹത്തിന് അറിയാമല്ലോ. അതിന് അപ്പുറം ഒരു പ്രകടനപരത അക്കാര്യത്തിൽ കാട്ടേണ്ട ആവശ്യം എനിക്കില്ല. സഭയിൽ ആദ്യ ദിനം ചന്ദ്രശേഖരന്റെ ബാഡ്ജ് ഞാൻ പ്രതീകാത്മകമായി ധരിച്ചതു ശരിയാണ്. പക്ഷേ അല്ലാതെ സമ്മേളനങ്ങൾക്കെല്ലാം പോകുമ്പോൾ ആ ബാഡ്ജ് കുത്താൻ എനിക്ക്  പ്രയാസമാണ്.  

∙ മുഖ്യമന്ത്രിക്കെതിരെ താങ്കളുടെ വിമർശനം വ്യക്തിപരമല്ലെന്ന് വിശദീകരിക്കാറുണ്ട്. പക്ഷേ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ  ഉന്നമിട്ട് സഭയിൽ പ്രസംഗിക്കാറുണ്ട് എന്ന തോന്നൽ അതു പലപ്പോഴും ഉയർത്താറില്ലേ? 

എന്തുകൊണ്ട് അങ്ങനെ ചിത്രീകരിക്കപ്പെടുന്നു എന്നാണ് എന്റെ മറുചോദ്യം. ഏതു വിഷയം ആണോ ആ വിഷയവുമായി ബന്ധപ്പെട്ടു മാത്രമാണ് ഓരോ അവസരത്തിലും ഞാൻ സംസാരിക്കാറുളളത്. ആഭ്യന്തര വകുപ്പിന്റെ ചർച്ചയിൽ മാത്രമാണ് ആ വകുപ്പിനെക്കുറിച്ച് സംസാരിച്ചത്. അപ്പോൾ ആ ചിന്ത  അവരുടെ പ്രശ്നമാണ്. അവരുടെ ഉള്ളിൽ എന്തോ സംശയം ഉണ്ട്. എനിക്കെതിരെ മുഖ്യമന്ത്രി ഒരിക്കൽ എന്തോ ചെയ്തെന്ന് അവരിൽ പലരും വിചാരിക്കുന്നു. ആ സംശയം അവർക്ക് ഉള്ളതുകൊണ്ട് ഞാൻ എന്തു പറഞ്ഞാലും മുഖ്യമന്ത്രിയിൽ കേന്ദ്രീകരിക്കുകയാണെന്ന് അവർ വിചാരിക്കുന്നു. ആ തോന്നൽ അവരാണ് തിരുത്തേണ്ടത്.  

∙ ഒടുവിൽ ഭീഷണിക്കത്തും ലഭിച്ചു. പാർട്ടിക്കാരാണ് അതിനു പിന്നിലെന്ന വ്യക്തമായ സൂചന താങ്കൾ നൽകി. ടി.പി.ചന്ദ്രശേഖരനോട് ഉള്ള വൈരം പാർട്ടി ഇപ്പോഴും താങ്കളോട് കാത്തു സൂക്ഷിക്കുന്നുണ്ടോ? 

അങ്ങനെ തന്നെ കരുതണമല്ലോ. ആർഎംപിയോട് ഉള്ള പക അന്നും ഇന്നും കൊണ്ടു നടക്കുന്നതു കൊണ്ടല്ലേ കൊന്നും ഉപദ്രവിച്ചും പരിഹസിച്ചും ജീവനോപാധികൾ നഷ്ടപ്പെടുത്തിയും എല്ലാം ഞങ്ങളെ വേട്ടയാടുന്നത്. സമാനതകൾ ഇല്ലാത്ത അക്രമങ്ങളാണ് ആർഎംപിയുടെ സഖാക്കൾ നേരിടുന്നത്.ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായി എന്നതു മാത്രമാണ് അവർ ചെയ്ത കുറ്റം. ഇപ്പോഴും ഉപജീവനമാർഗത്തിന് പോകാൻ കഴിയാത്ത എത്രയോ പേർ ഞങ്ങൾക്ക് ഇടയിലുണ്ട്. കള്ളക്കേസ് നൽകിയതിന്റെ പേരിൽ കോടതികളിൽ ജീവിതം കഴിച്ചുകൂട്ടേണ്ട അവസ്ഥ നേരിടുന്ന എത്രയോ പേരുണ്ട്. ഒട്ടും ജനാധിപത്യപരമല്ലാതെയാണ് സിപിഎം ഞങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനെ എല്ലാം അതിജീവിച്ചാണ് ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായി ജയിച്ച് ഞാൻ നിയമസഭയിൽ വന്നത്. അത് അവരെ വല്ലാതെ അസ്വസ്ഥമാക്കുന്നു. അതുകൊണ്ടാണല്ലോ എളമരം കരീമിനെ പോലെ ഒരു നേതാവ് എന്നെ ഒറ്റുകാരി എന്നു വിശേഷിപ്പിച്ചത്. പിന്നാലെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ വീണ്ടും ആക്രമിച്ചത്. 

∙ മുതിർന്ന സിപിഎം നേതാവ് കൂടിയായിരുന്ന കെ.കെ. മാധവന്റെ മകളാണ് എന്ന അനുതാപവും സ്നേഹവും ആരം പ്രകടിപ്പിക്കാറില്ലെന്നാണോ? 

എന്റെ അച്ഛനെ  ഇവർ കണ്ടു പഠിക്കേണ്ടതാണ്. എങ്ങനെയാണ് ഒരു കമ്യൂണിസ്റ്റുകാരൻ സമൂഹത്തിന് മാതൃകയാകേണ്ടത് എന്ന് സ്വന്തം ജീവിതം കൊണ്ടു തെളിയിച്ച ആളാണ് അദ്ദേഹം.ഇപ്പോഴും അദ്ദേഹം കമ്യൂണിസ്റ്റായാണ് ജീവിക്കുന്നത്. നാലു മക്കളെയും രാഷ്ട്രീയത്തിലേക്ക് അയച്ചതും അദ്ദേഹത്തിന്റെ സ്വന്തം രാഷ്ട്രീയം കൊണ്ടാണ്. ആ അച്ഛനെ പോലും വെറുതെ വിടാൻ ഇവർ തയാറാകുന്നില്ല. അദ്ദേഹത്തിനും ഇക്കഴിഞ്ഞ ദിവസം ഒരു കത്ത് ലഭിച്ചു. എംഎൽഎ ഹോസ്റ്റലിൽ എനിക്ക് കത്ത് കിട്ടിയതിന്റെ പിറ്റേന്ന് വീട്ടിലെ മേൽവിലാസത്തിലാണ് കിട്ടിയത്. അദ്ദേഹത്തെ അതു കാണിക്കാ‍ൻ കഴിയില്ല. കാരണം പച്ചത്തെറിയാണ് അതിൽ എഴുതിവച്ചിരിക്കുന്നത്. എന്നെക്കുറിച്ച് വളരെ മോശമായും കേട്ടാൽ അറയ്ക്കുന്ന ഭാഷയിലും ആണ് എഴുതിവച്ചിരിക്കുന്നത്.

ആരാണ് എഴുതിയിരിക്കുന്നതെന്ന് പറഞ്ഞിട്ടില്ല. പക്ഷേ നമുക്ക് അറിയാമല്ലോ. എന്റെ സഹോദരന്റെ കയ്യിലാണ് ആ കത്ത് ഉള്ളത്. പക അവർ തുടരുക തന്നെയാണ്. പഴയതൊന്നും വിടാൻ തയാറിട്ടില്ലെന്നും പഠിക്കാൻ കൂട്ടാക്കില്ലെന്നുമാണ്  എന്നാണ് ഇതു വ്യക്തമാക്കുന്നത്. ഭീഷണിപ്പെടുത്തിയാൽ ഭയന്നുപോയി  ഒന്നും പറയില്ലെന്നാണ് കരുതുന്നതെങ്കിൽ അവർക്ക് തെറ്റിപ്പോയി. ഇതൊന്നും കൊണ്ട് തളരാനോ പിന്നോട്ടു പോകാനോ എന്നെ കിട്ടില്ല. മനസ്സിൽ ഉറച്ച ഒരു തീരുമാനം എടുത്തു തന്നെയാണ് രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങിയത്. മരണത്തിന് അല്ലാതെ ഒരു ശക്തിക്കും അതിനെ തടസ്സപ്പെടുത്താൻ കഴിയില്ല.    

എളമരം കരീം (ഫയൽചിത്രം).

∙ യുഡിഎഫ് പിന്തുണയോടെയാണ് താങ്കൾ ജയിച്ചത്. നിയമസഭയിൽ യുഡിഎഫ് നിയമസഭാകക്ഷിയുടെ ഭാഗമാണ്. ഇക്കാര്യത്തിൽ യുഡിഎഫ് വലിയ പിന്തുണയാണ് താങ്കൾക്ക് നൽകിയത്. ആർഎംപി വൈകാതെ മുന്നണിയുടെ ഭാഗമാകുമോ? 

ഒരിക്കലും ഇല്ല. യുഡിഎഫിന്റെ ഭാഗമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതു ഞങ്ങളുടെ രാഷ്ട്രീയമല്ല. കമ്യൂണിസ്റ്റ് രാഷ്ട്രീയവുമായി തന്നെ മുന്നോട്ടുപോകും. പക്ഷേ യുഡിഎഫ് തരുന്ന പിന്തുണ ഞാൻ അങ്ങേയറ്റം വിലമതിക്കുന്നു. ആ പിന്തുണ മൂലമാണ് നിയമസഭയിൽ കടന്നുവരാൻ എനിക്ക് കഴിഞ്ഞതും. തികച്ചും വ്യത്യസ്തമായ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ അംഗീകരിക്കാനും ചേർത്തു പിടിക്കാനും  യുഡിഎഫിനു കഴിയുന്നു. അതാണ് ജനാധിപത്യം. അതു കണ്ടു പഠിക്കണം. നിങ്ങളുടെ രാഷ്ട്രീയത്തിൽ ഞങ്ങൾ കൈ കടത്തുകയേ ഇല്ലെന്നാണ് തുടക്കത്തിലേ അവർ വ്യക്തമാക്കിയത്. സഭയിൽ തികച്ചും സ്വതന്ത്രമായാണ് ഞാൻ സംസാരിക്കുന്നത്. പക്ഷേ ഒരു സഹോദരിയെ പോലെയാണ് അവർ എന്നെ സംരക്ഷിക്കുന്നത്. മണി പ്രസംഗിച്ച ദിവസം അത് എനിക്ക് നൽകിയ ആശ്വാസം ചെറുതായിരുന്നില്ല. പ്രതിപക്ഷനേതാവ് അടക്കം എല്ലാവരും എന്നെ സ്വന്തം  സോദരിയെ പോലെ ആശ്വസിപ്പിച്ചു.

സഭയിൽ ഏറ്റവും ഒടുവിലാണല്ലോ ഞാൻ വാക്കൗട്ട് പ്രസംഗം നടത്തുക. അപ്പോൾ അതിനു മുൻപ് വാക്കൗട്ട് പ്രസംഗം കഴിഞ്ഞ് ഇറങ്ങിയ ലീഗ് എംഎൽഎമാർ സഭയുടെ പിന്നിൽ തന്നെ നിൽക്കും. പ്രസംഗത്തിന്റെ ഭാഗമായി എന്തെങ്കിലും ഒരു വിഷയം ഉണ്ടായാൽ ഞാൻ തനിച്ചായി പോകാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നത്. എന്റെ രാഷ്ട്രീയവും ലീഗിന്റെ രാഷ്ട്രീയവും തമമിൽ ഒരു ബന്ധവും ഇല്ല. പക്ഷേ അവർ പ്രസരിപ്പിക്കുന്നത് മനുഷ്യത്വമാണ്. ഇടതുപക്ഷം ഉയർത്തിപ്പിടിക്കേണ്ട മാനവികത മറ്റുള്ളവർ പുലർത്തുന്നത് കാണുമ്പോഴെങ്കിലും മനസ്സിലാക്കാൻ സിപിഎമ്മുകാർ  ശ്രമിക്കണം. മറ്റുള്ളവർ പറയുന്നത്  അംഗീകരിക്കാനോ സഹിഷ്ണുതയോടെ കേൾക്കാനോ കഴിയാത്തവരായി സിപിഎമ്മിലെ പലരും മാറിയിരിക്കുയാണ്.എല്ലാവരും എന്നു ഞാൻ പറയുന്നില്ല.

കെ.കെ. രമ (ഫയൽചിത്രം).

∙ ആർഎംപി രൂപീകരിച്ചിട്ട് 15 വർഷമായി എന്നു പറഞ്ഞല്ലോ. പാർട്ടി പക്ഷേ ഒഞ്ചിയത്തിനും കോഴിക്കോടിനും പുറത്ത് സംഘടനാപരമായ വളർച്ച കൈവരിക്കുന്നില്ലെന്ന വിമർശനമില്ലേ?

ശരിയാണ്. ഒരു വലിയ രാഷ്ട്രീയ പ്രസ്ഥാനമായി മാറാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. സിപിഎം പോലെയുള്ള രാഷ്ട്രീയ പാർട്ടികളിൽ നിന്നാണ് ആർഎംപിയിലേക്ക് ആളുകൾ വരേണ്ടത്. പക്ഷേ സിപിഎം ശക്തികേന്ദ്രങ്ങളിൽ നിന്നെല്ലാം ആളുകൾ ഞങ്ങളുടെ പാർട്ടിയിലേക്കു വരുന്നത് ബുദ്ധിമുട്ട് തന്നെയാണ്. ഞങ്ങളോട് അനുഭാവം ഉള്ള ധാരാളം പേരുണ്ട് പക്ഷേ അത് പുറത്തേക്ക് പ്രകടിപ്പിക്കാൻ അവർക്ക് പരിമിതി ഉണ്ട്. നമ്മുടെ പോരാട്ടവും നിലപാടും ആണ് ശരി എന്നു മറ്റുള്ളവർക്ക് ബോധ്യപ്പെടാനും സമയം എടുക്കും.വളർച്ചയ്ക്ക് പരിമിതി ഉണ്ടാകുന്നു എന്നത്  എന്നത് ഞങ്ങളും സ്വയംവിമർശനപരമായി ഉൾക്കൊള്ളുന്നു. തൃശൂർ അടക്കമുള്ള ജില്ലകളിൽ പാർട്ടി പ്രവർത്തനം ശക്തമാക്കുന്നുണ്ട്. കൊല്ലത്തും കൊട്ടാരക്കരയിലും അടുത്തയിടെ ഞങ്ങൾക്ക് കമ്മിറ്റികൾ ഉണ്ടായി. വലിയ ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് അപ്പുറത്ത് നിൽക്കുന്നത് എന്നതുകൊണ്ടു തന്നെ ഞങ്ങൾക്ക് വളരാൻ  തടസ്സങ്ങൾ ഒട്ടേറെയുണ്ട്  ഞങ്ങളുടെ ആ രാഷ്ട്രീയം വേരു പിടിച്ച് വരാൻ സമയമെടുക്കും. പക്ഷേ ഞങ്ങളെ ചേർത്തുനിർത്തുന്ന ആശയം നല്ലതാണെന്നും മറ്റുള്ളവരും വൈകാതെ  അതിലേക്ക് ആകൃഷടരാകുമെന്നും തന്നെ പ്രതീക്ഷിക്കുന്നു. 

∙ താങ്കളെ പോലെ തന്നെ മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ ഉമ തോമസ് സംസാരിക്കുന്നത് കേട്ടപ്പോൾ എന്തു തോന്നി?

വലിയ അഭിമാനം തോന്നി. സ്ത്രീകൾ ഒരു ഭയവും ഇല്ലാതെ, കൃത്യമായ നിലപാട് എടുത്തു തന്നെ മുന്നോട്ടു പോകട്ടെ. പലതിനെയും തിരുത്തിക്കാൻ അതാണ് ശരിയായ മാർഗം. ഉമ ചേച്ചി നല്ല കൂട്ടാണ്. ഏകദേശം സമാനമായ ദു:ഖങ്ങൾ പങ്കിടുന്നവരും സമാനമായ ചിന്താഗതികൾ കൊണ്ടു നടക്കുന്നവരുമാണല്ലോ ‍ഞങ്ങൾ.ഒരുമിച്ച് നടക്കാൻ കഴിയുന്നവർ. 

ഉമ തോമസ് (ഫയൽചിത്രം).

സങ്കടങ്ങൾ എന്റേതു മാത്രം, മാറ്റിവച്ച് ചിരിക്കും: ഉമ 

∙ പി.ടി. തോമസ് നിറഞ്ഞു നിന്ന കേരള നിയമസഭയിലേക്ക് ആദ്യമായി കടന്നു വന്നപ്പോൾ തോന്നിയ വികാര വിചാരങ്ങൾ എന്താണ്? 

സത്യത്തിൽ മനസ്സു നിറെയ നല്ല സങ്കടമായിരുന്നു. പിടി ഉണ്ടാകേണ്ടിയിടത്തേക്കാണല്ലോ ഞാൻ പോകുന്നത് എന്ന പ്രയാസം വല്ലാതെ ഉണ്ടായി. അതിനൊപ്പം തന്നെ  പിടി ബാക്കിവച്ചത് പൂർത്തിയാക്കാൻ കഴിയണം എന്ന പ്രാർഥനയും ഉണ്ടായി.

∙ തൃക്കാക്കര ഫലം സഭാ ചർച്ചകളിൽ നിറഞ്ഞു നിന്നല്ലോ. അവിടുത്തെ യുഡിഎഫ് വിജയത്തെ വില കുറച്ചു കാണുന്ന ധാരാളം പ്രതികരണങ്ങൾ ഭരണപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായി. എന്താണ് അതെല്ലാം കേട്ടപ്പോൾ തോന്നിയത്? 

അവർക്ക് ചില ന്യായീകരണങ്ങൾ നിരത്താൻ മാത്രല്ലേ  കഴിയൂ. സ്വന്തം രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ അതല്ലേ മാർഗമുള്ളൂ. എന്താണ് സംഭവിച്ചത് എന്ന് തൃക്കാക്കരയിലെ ജനങ്ങൾക്ക് അറിയാം. പിന്നെ  കണക്ക് കണക്ക് അല്ലാതെ ആകുന്നില്ലല്ലോ. മുഖ്യമന്ത്രിയെ പോലെ ഒരാൾ എല്ലാത്തിനും ചുക്കാൻ പിടിച്ചിട്ടും, 20 മന്ത്രിമാരടക്കം എൽഡിഎഫ് ആകെ അവിടെ തലകുത്തി മറിഞ്ഞിട്ടും മികച്ച വിജയമാണ് യുഡിഎഫിന് ലഭിച്ചത്. അത് ഈ സർക്കാരിന് എതിരെയുള്ള വിധിയെഴുത്തു തന്നെ ആയിരുന്നു. 

∙ സഹതാപതരംഗം എന്നെല്ലാമുള്ള വിലയിരുത്തലുകൾ ഉണ്ടായല്ലോ? 

സഹതാപത്തിന്റെ ആവശ്യം ഒട്ടുമില്ല. പിടി തോമസ് അവിടെ ജനങ്ങൾക്കായി പ്രവർത്തിച്ചതിന്റെ ഫലം കൂടിയാണ് എനിക്ക് ലഭിച്ചത്. എൽഡിഎഫ് അതല്ലേ പറയൂ. സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച വിധിയെഴുത്താണെന്ന് ആദ്യം അവർ പറഞ്ഞു. എന്തു വന്നാലും അതു നടപ്പാക്കും എന്നു പറഞ്ഞതിലെ ധിക്കാരം ജനങ്ങൾക്കു ബോധ്യപ്പെട്ടു.അവർ സർക്കാരിനെതിരെ വോട്ടു ചെയ്തു. 

ഉമ തോമസ് പി.ടി. തോമസിനൊപ്പം (ഫയൽചിത്രം).

∙ ഭരണ–പ്രതിപക്ഷ ഏറ്റുമുട്ടൽ കാര്യമായി നടന്ന, രാഷ്ട്രീയ ചർച്ചകൾ കൊടുമ്പിരി കൊണ്ട ഒരു സഭാസമ്മേളനമാണ് നടന്നത്. അവിടുത്തെ ഡിബേറ്റിനെക്കുറിച്ച് കന്നി അംഗത്തിന് എന്താണ് തോന്നിയത്? 

വകുപ്പുകളുടെ ധനാഭ്യർഥന ചർച്ചയാണ് നടന്നതെങ്കിലും രാഷ്ട്രീയമാണല്ലോ ഉയർന്നു നിന്നത്. സത്യസന്ധമായി പറഞ്ഞാൽ ചോദ്യം ചോദിക്കുന്നതിനല്ല അവർ ഉത്തരം പറയുന്നത് എന്നു തോന്നി. ഉത്തരം വഴിവിട്ട് തിരിച്ച് വേറെ എവിടെയൊക്കെയോ എത്തിപ്പെടും. ഞാൻ വലിയ രാഷ്ട്രീയക്കാരി ഒന്നുമല്ല. പേര് എന്താണ് എന്നു ചോദിച്ചാൽ ഉമ എന്നോ ഉമ തോമസ് എന്നോ പറയാനാണ് ഞാൻ പഠിച്ചിരിക്കുന്നത്. അതല്ലാതെ എന്റെ അമ്മയുടെ ഇഷ്ടപ്രകാരമുള്ള പേരാണ് എനിക്ക് ഇട്ടിരിക്കുന്നത് എന്നു പറയുമോ? വളച്ചു തിരിച്ചു വന്നാൽ പോലും ഉമ തോമസിൽ എത്തില്ല എന്ന വാശി തോന്നുന്ന  മറുപടികളാണ് അവിടെ ദർശിച്ചത്. 

∙ താങ്കൾ നിയമസഭയിൽ എത്തിയ ദിവസം തന്നെ സഭ സ്തംഭിച്ചു. നേരെ നടുത്തളത്തിൽ ഇറങ്ങേണ്ടി വന്നു.  നിയമസഭയിലെത്തി ആദ്യദിവസം മുതൽ  പ്രതിഷേധത്തി‍ൽ പങ്കെടുത്തത് എങ്ങനെ കൈകാര്യം ചെയ്തു?

തൃക്കാൽ വച്ചു കയറിയേ ഉള്ളല്ലോ പലരും അന്ന് എന്നോട് തമാശയായി പറഞ്ഞു. എനിക്ക് വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. കാരണം സഭയിൽ നടക്കുന്നത് മിക്കതും പി.ടി. വീട്ടിൽ വന്നു പറയാറുണ്ടായിരുന്നു. പണ്ടെല്ലാം പ്രതിപക്ഷം ഇറങ്ങിപ്പോയി എന്നെല്ലാം കേട്ടാൽ പിന്നെ അന്നു തിരിച്ചു വരില്ല എന്നാണ് ഞാൻ വിചാരിച്ചത്.  കുറച്ചു നേരം പ്രതിഷേധിച്ച് പുറത്തു നിന്ന ശേഷം തിരിച്ചുവരും എന്ന് പിന്നീടാണ് മനസ്സിലായത്. 

∙ സഭയിലെ കാര്യങ്ങളെല്ലാം പിടി തോമസ് വീട്ടിലെത്തി വിവരിക്കുമായിരുന്നോ?

മിക്കവാറും. പ്രസംഗം ഉള്ള ദിവസം കാര്യമായി തയാറെടുത്താണ് അദ്ദേഹം പോകുക. അതു കാണുമ്പോൾ നമ്മുക്ക് മനസ്സിലാകും. വിവരങ്ങൾ ശേഖരിക്കാൻ ഒരു പാട് അധ്വാനിക്കും.എത്രയോ പേരെയാണ് വിളിക്കുക എന്നോ! പാതിരാത്രി വരെ ആളുകളെ വിളിച്ചെഴുന്നേൽപ്പിക്കും. രാത്രി ഇരുന്ന് എഴുതും, വലിച്ചുകീറും, പിന്നെയും എഴുതും അങ്ങനെ.. ഒടുവിൽ തൃപ്തി വരുത്തിയാണ് അദ്ദേഹം പോകാറുള്ളത്. നിയമസഭയ്ക്ക് അതിന്റേതായ ഗൗരവം എപ്പോഴും പിടി കൊടുക്കുമായിരുന്നു. 

ഉമ തോമസ് (ഫയൽ ചിത്രം).

∙ ഈ സഭാ സമ്മേളനത്തിൽ രണ്ടു തവണ പ്രസംഗിച്ചു. രണ്ടും നല്ല രാഷ്ട്രീയ പ്രസംഗങ്ങളായിരുന്നു. സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ വിമർശനങ്ങൾ ഉണ്ടായി. പിടിയുടെ പാതയിൽ തന്നെയാണോ ഉമയും? 

വിമർശനം എന്നു മാത്രം പറയാൻ കഴിയില്ല. തിരഞ്ഞെടുപ്പ് സമയത്ത് തൃക്കാക്കരയിൽ നടപ്പാക്കുമെന്ന് സർക്കാർ  പ്രഖ്യാപിച്ച കാര്യങ്ങൾ  നടപ്പാക്കണമെന്നു മാത്രമാണ് ആദ്യത്തെ പ്രസംഗത്തിൽ ഞാൻ പറഞ്ഞത്. അത് സത്യസന്ധമായ ഒരു അഭ്യർഥന മാത്രമായിരുന്നു. രണ്ടാമത്തേത് എനിക്ക് പ്രതികരിക്കാതിരിക്കാൻ കഴിയാത്ത ഒരു സന്ദർഭമായിരുന്നു. രമയെ തൊട്ടപ്പോൾ എനിക്ക് നന്നായി പൊള്ളി. അതു പറയാതിരിക്കാൻ  കഴിയില്ല. എം.എം.മണിയോട് എനിക്ക് ഒരു പിണക്കം ഉണ്ടായിരുന്നു താനും. 

∙ അതിന്റെ സൂചന ആ പ്രസംഗത്തിൽ ഉണ്ടായിരുന്നു. മണി പിടിയുടെ മരണത്തിനുശേഷം മോശമായി സംസാരിച്ചു എന്നതായിരുന്നില്ലേ ആ സൂചന?

അതെ. പിടി മരിച്ചു കഴി‍ഞ്ഞ ശേഷം മോശമായി സംസാരിച്ച ഏക ആൾ എം.എം.മണി ആയിരുന്നു. ആ വാക്കൊന്നും എനിക്കു പറയാൻ പ്രയാസമാണ്. ആളു പോയിക്കഴിയുമ്പോൾ അവരെ മഹാൻ എന്നു പറയും എന്ന മട്ടിൽ ചിലതെല്ലാം അദ്ദേഹം പറഞ്ഞു. ഇടുക്കിയിൽ വച്ച് ആ സമയത്തു തന്നെ അങ്ങനെ അദ്ദേഹം പറഞ്ഞത്  ഞാൻ കേൾക്കുക ഉണ്ടായി. അങ്ങനെ ഉള്ള ഒരാളോട് ക്ഷമിക്കാൻ കഴിയില്ലെന്ന ഒരു തോന്നൽ അന്ന് മുതൽ  മനസ്സിൽ ഉണ്ടായി. അത്രയും വികലവും ക്രൂരവുമായ ചിന്ത പാടില്ല. പിടി തോമസ് ഒന്നാന്തരം രാഷ്ട്രീയക്കാരനായിരുന്നു. അതേ സമയം നല്ല സ്നേഹം ഉള്ള ആളായിരുന്നു. പ്രശ്നങ്ങളുടെ പേരിൽ മാത്രമേ ആളുകളോട് അദ്ദേഹം എതിർത്തിട്ടുള്ളൂ. പിടി മരിച്ചു കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി വന്നിരുന്നല്ലോ. അപ്പോൾ അദ്ദേഹത്തിന് പിടിയോട് ഒരു വാത്സല്യം ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞത് ചിലർക്ക് ഇഷ്ടപ്പെട്ടില്ല. രാഷ്ട്രീയത്തിന് അപ്പുറം ഉള്ള ആ സമീപനത്തെക്കുറിച്ച് തന്നെയാണ് ഞാൻ പറഞ്ഞത്. അതിൽ ഒരു കുഴപ്പവും ഇല്ല. വ്യക്തിപരമായി എല്ലാവരുമായും നല്ല ബന്ധം പുലർത്തിയിരുന്ന പിടിയെ പോലെ ഒരാൾക്കെതിരെ അദ്ദേഹത്തിന്റെ മരണ ശേഷം മണിയാശാൻ അങ്ങനെ ഒരു അഭിപ്രായ പ്രകടനം നടത്തരുതായിരുന്നു. അതുകൊണ്ടു തന്നെ സഭയിലേക്ക് വന്നപ്പോൾ മനസ്സിൽ എതിർപ്പുളള ഒരേ ഒരാൾ എം.എം.മണി ആയിരുന്നു. വേറൊരാളോടും എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. 

ഉമ തോമസ് കെ.കെ. രമയ്ക്കൊപ്പം.

∙തൃക്കാക്കര ഫലത്തെക്കുറിച്ച് ന്യായീകരണം എല്ലാം നിരത്തിയ ഭരണപക്ഷത്തുള്ളവർ വ്യക്തിപരമായി എങ്ങനെയാണ് താങ്കളെ സ്വീകരിച്ചത്? 

എല്ലാവരും വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. പി.ടിയോട്  കാട്ടിയ അടുപ്പം എന്നോടും പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും ഞാൻ പോയി കണ്ടിരുന്നു. എന്താണ് വന്നതെന്നു ചോദിച്ചു. നിയമസഭ പിരിയുന്നതിന് മുൻപായി പുതിയ അംഗം എന്ന നിലയിൽ  വെറുതെ കാണാൻ വന്നതു മാത്രമാണെന്നു ഞാൻ പറഞ്ഞു. അദ്ദേഹത്തെ പോയി കാണണമല്ലോ. ‘വിശേഷം ഒന്നുമില്ലല്ലോ, പ്രത്യേകിച്ച് എന്തെങ്കിലും ഉണ്ടോ’ എന്ന്  പ്രത്യേകം ചോദിക്കുകയും ചെയ്തു.  

∙എം.എം. മണി നടത്തിയ പ്രസംഗം പൊള്ളിച്ചെന്നു പറഞ്ഞല്ലോ. അതിനെതിരെ  ശക്തമായി രംഗത്തു വരികയും ചെയ്തു? താങ്കളും ഭർത്താവ് നഷ്ടപ്പെട്ട  സ്ത്രീയാണ്. വിധി എന്ന ആ  പ്രയോഗം വല്ലാതെ വേദനിപ്പിച്ചോ? സമാനതകൾ രണ്ടുപേർക്കും ഉണ്ടല്ലോ?

സമാനതകൾ എന്നു പറഞ്ഞാൽ അതു പൂർണമായും ശരിയല്ല.എന്റെ പിടിയുടെ കാര്യത്തിൽ അത് വിധിയാണെന്നും ഈശ്വര നിശ്ചയമാണെന്നും എനിക്ക് കരുതാം. അദ്ദേഹത്തെ ഒരു രോഗമാണ് കൊണ്ടുപോയത്. രമയുടെ കാര്യത്തിൽ അങ്ങനെയാണോ? ആയുസ് എത്താതെ അല്ലേ ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. അത് എങ്ങനെ ചെറുതായി കാണാൻ കഴിയും. 41–ാമത്തെ വയസ്സിൽ വിധവ ആയ സ്ത്രീയാണ് അവർ. പത്തു വർഷമായി. അവരുടെ സങ്കടം.. എങ്ങനെയാണ് അവർ അതുകൊണ്ടു നടക്കുന്നതെന്ന് എനിക്ക് അറിയില്ല... (വിതുമ്പുന്നു) നമ്മളുടെ സങ്കടം ആൾക്കാരുടെ അടുത്ത് കാണിച്ചിട്ടു കാര്യമില്ലെന്നു കഴിഞ്ഞ ദിവസം രമ എന്നോട് പറഞ്ഞു. എനിക്കും അങ്ങനെ തന്നെ തോന്നാറുണ്ട്. എന്റെ വായ തുറക്കുമ്പോഴേ ചിരിയാണ്. അത് സങ്കടം ഇല്ലാത്തതു കൊണ്ടാണോ! ചിരിക്കാൻ പറ്റുന്നതു കൊണ്ടാണോ, സങ്കടങ്ങളേ ഉളളൂ. പക്ഷേ അത് എല്ലാവരെയും അറിയിച്ചോണ്ട് നടക്കേണ്ട കാര്യമില്ല. മറ്റുള്ളവർക്ക് സന്തോഷം നൽകുന്നത് ഈ ചിരി ആണെങ്കിൽ ഈ ചിരി തന്നെയാണ് നല്ലത്.

പി.ടി. തോമസ്, ഉമ തോമസ്.

∙തൃക്കാക്കര ഫലം പുറത്തുവന്നതിന്റെ പിറ്റേന്ന് ‘മലയാള മനോരമ’ അടക്കം പ്രസിദ്ധീകരിച്ച താങ്കളുടെ ചിത്രം വാർത്തകളിലും ചർച്ചകളിലും നിറഞ്ഞുനിന്നല്ലോ. വീട്ടിൽ പിടിയുടെ മുറിയിൽ എല്ലാ സങ്കടവും കിനിയുന്ന മുഖവുമായി നിൽക്കുന്ന ആ ചിത്രം ഒരു നൊമ്പരകാഴ്ച  ആയിരുന്നു. അതേസമയം ആ ചിത്രത്തെ വിമർശിച്ച് ചിലരെല്ലാം രംഗത്തുവന്നതും ശ്രദ്ധിച്ചുകാണുമല്ലോ? 

എന്റെ വികാരവും എന്റെ സങ്കടവും എല്ലാം എന്റേതു മാത്രമാണ്. അന്ന് അരുൺ വന്നതോ ഫോട്ടോ എടുത്തതോ ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ ജയിച്ച് എന്റെ വീട്ടിൽ കയറി വന്നപ്പോൾ എന്റെ പിടിയെ കണ്ടപ്പോൾ ഉള്ള ഒരു സങ്കടം.. ( വിതുമ്പുന്നു) അത് പറയാൻ കഴിയുന്നതല്ല. ഞാൻ ആഗ്രഹിച്ചത് പിടി ഇങ്ങനെ നഷ്ടപ്പെട്ടു പോകാൻ അല്ലല്ലോ. അദ്ദേഹം കെപിസിസി വർക്കിങ് പ്രസിഡന്റ് ആയപ്പോൾ ഞങ്ങൾക്ക് എന്തു സന്തോഷം ആയെന്നോ. ആ രണ്ടാമത്തെ പോസിഷൻ തന്നെ മതിയെന്നു വരെ ഞാൻ പറഞ്ഞു. വിമർശനങ്ങൾ കെപിസിസി പ്രസിഡന്റാണല്ലോ വരുന്നത്. അതൊന്നും ശ്രദ്ധിക്കാതെ അപ്പോൾ പിടിക്ക് ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയുമല്ലോ.അങ്ങനെ കേരളം ആകെ ഓടി നടന്ന് ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ആ രോഗം. ഒരുപാട് അളുകളെ കണ്ട് കോൺഗ്രസിന്റെ പുനരുജ്ജീവനത്തിനു വേണ്ടി ഒരു റിപ്പോർട്ട്  അദ്ദേഹം തയാറാക്കിയിരുന്നു. എന്നാൽ അതു കൈമാറാൻ കഴിഞ്ഞില്ലെന്ന് കഴിഞ്ഞ ദിവസം ഒരാൾ പറഞ്ഞു. 

∙ പിടിക്ക് ഏറെ ഇഷ്ടപ്പെട്ട ‘ചന്ദ്രകളഭം’  ഭരണപക്ഷത്തെ ഗായിക കൂടിയായ അംഗം ദലീമ സഭയിൽ അപ്രതീക്ഷിതമായി പാടിയത് കേട്ടപ്പോൾ എന്തു തോന്നി?

ഒട്ടും പ്രതീക്ഷിച്ചില്ല.കഴിഞ്ഞപ്പോൾ പാവം ദലീമ എന്റെ അടുക്കൽ വന്നിരുന്നു. ചേച്ചിയെ പ്രയാസപ്പെടുത്താനല്ലെന്നും വയലാറിന്റെ നാട്ടിൽ ജനിച്ചത് കൊണ്ട് പാടിയതാണെന്നും പറഞ്ഞു. അതൊന്നും സാരമില്ലെന്നു ഞാൻ പറഞ്ഞു. ദലീമയുടെ ബാക്കി  പ്രസംഗം അതു കൊണ്ട് കേൾക്കാൻ പറ്റിയില്ല.എനിക്ക് അതു കേട്ടിട്ട് അവിടെ ഇരിക്കാൻ പറ്റിയില്ല. പുറത്തുപോയി അൽപം കഴിഞ്ഞാണ്  മടങ്ങിവന്നത്. 

∙ പിടിയുടെ നിഴലായി ഉള്ളതുകൊണ്ട് രാഷ്ട്രീയം അപരിചിതമല്ല. പക്ഷേ പെട്ടെന്ന് മുഴുവൻ സമയ രാഷ്ട്രീയക്കാരി ആയി മാറി. മണ്ഡലത്തിന്റെ വികസന പ്രശ്നങ്ങൾക്ക് അടക്കം പരിഹാരം കാണേണ്ട എംഎൽഎ ആയി. ഈ മാറ്റത്തോട് പൂർണമായും പൊരുത്തപ്പെട്ടോ?

പൊരുത്തപ്പെട്ടേ പറ്റൂ.എല്ലാവരും ഒരുമിപ്പിച്ചു കൊണ്ടു പോകാൻ കഴിയണം. മുന്നോട്ടുള്ള പ്രയാണത്തിൽ അതിന് കഴിയണം എന്നതാണ് പ്രാർഥന. 

∙ തൃക്കാക്കര എംഎൽഎ എന്ന നിലയിൽ മണ്ഡലത്തിൽ കേന്ദ്രീകരിക്കാനാണോ താൽപര്യം അതോ  പിടി തോമസിനെ പോലെ രാഷ്ട്രീയ മുഖ്യധാരയിലും ഒപ്പം  ഉണ്ടാകണം എന്നാണോ? 

എന്റെ മനസ്സിൽ ഇപ്പോൾ തൃക്കാക്കര മാത്രമേ ഉള്ളൂ. മണ്ഡലത്തിനു വേണ്ടി കുറേ കാര്യങ്ങൾ കൂടി  ചെയ്യണം എന്ന് പിടി ആഗ്രഹിച്ചിരുന്നു. അത് പൂർത്തീകരിക്കണം എന്നതു ഇപ്പോഴത്തെ ആഗ്രഹം. 

 

English Summary: K.K. Rema and Uma Thomas Sharpens Criticism against Government and LDF in Cross Fire