അതിനാൽ തന്നെ അമേരിക്കൻ സൈനികരുടെ ആൾനാശം ഒഴിവാക്കാൻ രാജ്യത്തിന്റെ മുദ്രയില്ലാത്ത സ്വകാര്യ സൈനിക സംഘങ്ങളെ ഇറാഖ് യുദ്ധമേഖലയിൽ നിയോഗിക്കാൻ അന്നത്തെ അമേരിക്കൻ‌ വൈസ് പ്രസിഡന്റായിരുന്ന ഡിക് ചെയ്നി തീരുമാനിച്ചു. സ്വകാര്യ – വിദേശ സൈനിക സംഘാംഗങ്ങൾ കൊല്ലപ്പെട്ടാൽ ആരോടും കണക്ക്ബോ ധിപ്പിക്കേണ്ടതില്ലെന്നായിരുന്നു ഇതിനു പിന്നിലെ പ്രധാന ആകർഷണം. Private Military Company

അതിനാൽ തന്നെ അമേരിക്കൻ സൈനികരുടെ ആൾനാശം ഒഴിവാക്കാൻ രാജ്യത്തിന്റെ മുദ്രയില്ലാത്ത സ്വകാര്യ സൈനിക സംഘങ്ങളെ ഇറാഖ് യുദ്ധമേഖലയിൽ നിയോഗിക്കാൻ അന്നത്തെ അമേരിക്കൻ‌ വൈസ് പ്രസിഡന്റായിരുന്ന ഡിക് ചെയ്നി തീരുമാനിച്ചു. സ്വകാര്യ – വിദേശ സൈനിക സംഘാംഗങ്ങൾ കൊല്ലപ്പെട്ടാൽ ആരോടും കണക്ക്ബോ ധിപ്പിക്കേണ്ടതില്ലെന്നായിരുന്നു ഇതിനു പിന്നിലെ പ്രധാന ആകർഷണം. Private Military Company

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിനാൽ തന്നെ അമേരിക്കൻ സൈനികരുടെ ആൾനാശം ഒഴിവാക്കാൻ രാജ്യത്തിന്റെ മുദ്രയില്ലാത്ത സ്വകാര്യ സൈനിക സംഘങ്ങളെ ഇറാഖ് യുദ്ധമേഖലയിൽ നിയോഗിക്കാൻ അന്നത്തെ അമേരിക്കൻ‌ വൈസ് പ്രസിഡന്റായിരുന്ന ഡിക് ചെയ്നി തീരുമാനിച്ചു. സ്വകാര്യ – വിദേശ സൈനിക സംഘാംഗങ്ങൾ കൊല്ലപ്പെട്ടാൽ ആരോടും കണക്ക്ബോ ധിപ്പിക്കേണ്ടതില്ലെന്നായിരുന്നു ഇതിനു പിന്നിലെ പ്രധാന ആകർഷണം. Private Military Company

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റ ദിവസത്തെ ജോലിക്ക് ഒന്നര ലക്ഷത്തിലധികം രൂപ ശമ്പളവും ബോണസും. വേണമെങ്കിൽ ഒന്നോ രണ്ടോ മാസം മാത്രം കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു തിരിച്ചുപോരാം. താൽപര്യമുണ്ടെങ്കിൽ തുടർന്നും ജോലി ചെയ്യാം. ലോകം മുഴുവൻ വേണമെങ്കിൽ യാത്ര ചെയ്യാം. പുതിയ ഭാഷകൾ, സംസ്കാരങ്ങൾ, സാങ്കേതിക വിദ്യകൾ, ഉപകരണങ്ങൾ ഒക്കെ പഠിക്കാം. പ്രായം 18നും 40നുമിടയിൽ... കേൾക്കുമ്പോൾ ഇതിലും മികച്ച ഒരു ജോലി ഓഫർ ലോകത്തു ലഭിക്കാനില്ലെന്നു ആർക്കും തോന്നാം, അതേ സത്യമാണ് ഇത്രയും മികച്ച ഓഫറുകൾ കൊടുത്ത് യുവ ഉദ്യോഗാർഥികളെ തേടുന്നതു ലോകത്തെ ഏതെങ്കിലും ടെക് കമ്പനികളോ മൾട്ടി നാഷനൽ കമ്പനികളോ അല്ല, മറിച്ചു ‘കൂലിപ്പട്ടാളം’ എന്നു വിളിപ്പേരുള്ള പ്രൈവറ്റ് മിലിറ്ററി കോൺട്രാക്ടേഴ്സ് (പിഎംസി) എന്ന സ്വകാര്യ സൈനിക സംഘങ്ങളാണ്. ലോകമെങ്ങും പലപേരുകളിൽ പല രൂപങ്ങളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഇത്തരം സൈനിക സംഘങ്ങൾ നിഴലിൽ നിന്നും പകൽ വെളിച്ചത്തിലേക്ക് ഇറങ്ങി നടത്തുന്ന റിക്രൂട്മെന്റ് പരസ്യങ്ങൾ ഇപ്പോൾ ഒട്ടേറെ വിദേശ ജോലി വെബ്സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും സുലഭമാണ്. 1000 മുതൽ 2000 ഡോളർ വരെ ദിവസ ശമ്പളവും ബോണസും നൽകുന്ന ഇത്തരം കമ്പനികളുടെ ഇപ്പോൾ നടക്കുന്ന റിക്രൂട്മെന്റുകൾ അധികവും യുക്രെയ്നിലേക്കാണെന്നറിയുമ്പോഴേ ജോലിയുടെ യഥാർഥ സ്വഭാവം ഉദ്യോഗാർഥിക്കു മനസ്സിലാകൂ.. ലോകത്തിന്റെ ഏതു ഭാഗത്തും, എത്ര ദുർഘടം പിടിച്ച ദൗത്യമാണെങ്കിലും ഏറ്റെടുക്കാൻ ഇവർ തയാറാണ്. അമേരിക്കയ്ക്കും റഷ്യയ്ക്കും കീഴിൽ പോർമുഖത്തിന്റെ ഇരുവശത്തുമായി അണിനിരക്കുമ്പോഴും തത്വത്തിൽ ഇവർ സ്വതന്ത്രരാണ്. യുക്രെയ്ൻ – റഷ്യൻ യുദ്ധം സൃഷ്ടിച്ചതുതന്നെ ഇത്തരം ‘കൂലിപ്പട്ടാള’മാണെന്നു പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ? 

∙ കളം വാഴും കൂലിപ്പട്ടാളം 

ADVERTISEMENT

കൂലിപ്പട്ടാളം എന്ന ആശയത്തിനും പ്രയോഗത്തിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ആധുനിക കാലത്തെ കൂലിപ്പട്ടാളങ്ങൾക്കു ശീതയുദ്ധകാലം മുതൽക്കാണു രാഷ്ട്രീയ–സാമ്പത്തിക–യുദ്ധ മുന്നണികളിൽ തന്ത്രപ്രധാനമായ സ്ഥാനം ലഭിച്ചുതുടങ്ങിയത്. ശീതയുദ്ധകാലത്തു വിരുദ്ധ ചേരികളിൽ അണിനിരന്ന അമേരിക്കയും സോവിയറ്റ് യൂണിയനും തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനായി ലോകത്തിന്റെ പലയിടങ്ങളിലായി ഒട്ടേറെ വിമതസംഘങ്ങളെ ചെല്ലുംചെലവും നൽകി പോറ്റിയിട്ടുണ്ട് .സോവിയറ്റ് യൂണിയനെതിരെ അഫ്ഗാനിൽ അമേരിക്കയും ഇത്തരം ഇടപെടൽ നടത്തി. ലാറ്റിൻ അമേരിക്കയിലും ക്യൂബയിലും സോവിയറ്റ് യൂണിയനും ഒട്ടേറെ ഇടതുതീവ്ര സംഘടനകളെ പിന്തുണച്ചിരുന്നു. ഇത്തരം നിഴൽ യുദ്ധങ്ങൾ ഇന്നും ലോകത്തിന്റെ പലഭാഗങ്ങളിലും തുടരുന്നുണ്ട്. 

ബാഗ്ദാദിൽ സ്വകാര്യ സൈനിക അംഗങ്ങൾ ഫോട്ടോയ്ക്കു പോസ് ചെയ്തപ്പോൾ. PATRICK BAZ / AFP

∙ 9/11 തീർത്ത അരക്ഷിതാവസ്ഥ 

മതപരമോ ആശയപരമോ ആയ ചിന്തകളുടെ പേരിൽ ഒരുമിച്ചിരുന്ന ഇത്തരം തീവ്രവാദ പോരാട്ട സംഘങ്ങളെ ആഫ്രിക്കയിലും മധ്യപൂർവേഷ്യയിലും അഫ്ഗാനിസ്ഥാനിലും പിന്തുണച്ചിരുന്ന അമേരിക്ക, ന്യൂയോർക്കിൽ നടന്ന 9/11 വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തോടെയാണു മാറി ചിന്തിക്കാൻ തുടങ്ങിയത്. തീവ്രസംഘങ്ങളെ ഉപേക്ഷിച്ചു സ്വകാര്യ സൈനിക സംഘങ്ങളെ തങ്ങളുടെ താൽപര്യങ്ങൾക്കായി ഉപയോഗപ്പെടുത്താൻ അമേരിക്ക തീരുമാനിച്ചതോടെ വരാൻ പോകുന്ന പല യുദ്ധങ്ങളുടെയും കൂടി തലക്കുറി മാറ്റിയെഴുതപ്പെടുകയായിരുന്നു. അമേരിക്കയ്ക്കു പിന്നാലെ റഷ്യയടക്കമുള്ള ഒട്ടേറെ രാജ്യങ്ങളും ഈ വഴി സ്വീകരിച്ചപ്പോൾ ‘പ്രോക്സി വാർ’ അഥവാ ഒളിയുദ്ധങ്ങളുടെ ചാകരക്കാലം തുടങ്ങുകയായിരുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ തൊഴിൽ നഷ്ടപ്പെട്ട ഒട്ടേറെ സൈനികരും ഇത്തരം സംഘങ്ങളുടെ ഭാഗമായി. പിന്നീട് സൈനിക അട്ടിമറികളുടെയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും രാജ്യധ്രൂവീകരണത്തിന്റെയും ചോരപുരണ്ട കാഴ്ചകൾക്കാണു ലോകം സാക്ഷ്യം വഹിച്ചത്. അതിലെ സുപ്രധാനമായ ഒരേടാണ് സാങ്കേതികമായി എട്ടു വർഷമായി തുടരുന്ന യുക്രെയ്ൻ – റഷ്യ യുദ്ധം. 

∙ കാൽപാട് പതിയാതെ അമേരിക്കൻ യുദ്ധം 

ADVERTISEMENT

യുക്രെയ്നിൽ അമേരിക്കൻ ബൂട്ടുകൾ പതിക്കില്ലെന്നു പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചെങ്കിലും റഷ്യയോട് യുദ്ധം ചെയ്യുന്നവരിൽ വലിയൊരു വിഭാഗം വിരമിച്ച അമേരിക്കൻ സൈനികരാണ്. 2014 മുതൽ അമേരിക്കൻ സ്വകാര്യ സൈനിക സംഘങ്ങൾ യുക്രെയ്നിൽ പ്രവർത്തനം തുടങ്ങിയിരുന്നു. യുക്രെയ്ൻ സൈനികരെ പരിശീലിപ്പിക്കാനും വിമതമേഖലകളിൽ യുക്രെയ്ൻ സേനയോട് ചേർന്നു പൊരുതാനും ഇത്തരം സംഘങ്ങളെ അമേരിക്കയും യുക്രെയ്നും ഉപയോഗപ്പെടുത്തിയിരുന്നു. 

2022 ഫ്രെബുവരിയിൽ റഷ്യ പ്രത്യേക സൈനിക നടപടി തുടങ്ങിയപ്പോൾ യുക്രെയ്നിൽ പതിനയ്യായിരത്തിലേറെ വിദേശ സ്വകാര്യ സൈനികർ റഷ്യയുമായി പോരാടാൻ ഒരുങ്ങിയിരിക്കുകയായിരുന്നു. യുദ്ധത്തിന്റെ അഞ്ചാം നാളിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ഫോറിൻ ലീജിയൻ നിയമം പ്രഖ്യാപിച്ചതോടെ 18 മുതൽ 60 വയസ്സുവരെ പ്രായമുള്ള ഏതൊരു വിദേശ പൗരനും യുക്രെയ്നു വേണ്ടി യുദ്ധം ചെയ്യാനും അതിലൂടെ യുക്രെയ്ൻ പൗരത്വം നേടാനുള്ള അവസരവും ലഭിച്ചു. ഒരാഴ്ചയ്ക്കകം 52 രാജ്യങ്ങളിൽ നിന്നായി 20,000 പേർ ഫോറിൻ ലീജിയന്റെ ഭാഗമായതായി യുക്രെയ്ൻ അവകാശപ്പെടുകയും ചെയ്തു. ഈ സമയത്ത് യുക്രെയ്നിലെ എയറോ നോട്ടിക്കൽ എൻജിനീയറിങ് വിദ്യാർഥിയും തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയുമായ സായ്നാഥ് യുക്രെയ്നിന്റെ ഫോറിൻ ലീജിയനിൽ ചേർന്നത് ഇന്ത്യയിൽ സൃഷ്ടിച്ച പുകിൽ ചെറുതൊന്നുമായിരുന്നില്ല. അമേരിക്കയിൽ നിന്നും യുകെയിൽ നിന്നുമുള്ള വിദേശ സൈനികർ യുദ്ധത്തിനിടയിൽ റഷ്യൻ പിടിയിലാകുകയും ഇവർക്ക് റഷ്യൻ യുദ്ധക്കോടതി വധശിക്ഷ വിധിക്കുകയും ചെയ്തതു വളരെ വിവാദം സൃഷ്ടിച്ച നടപടിയായിരുന്നു. റഷ്യ–യുക്രെയ്ൻ യുദ്ധത്തിനു പിന്നാലെ അമേരിക്കൻ കാർമികത്വത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ട യെമനിൽ അറബ് സഖ്യ സേനയ്ക്കു വേണ്ടി ഹൂതികളോട് പോരാടിക്കൊണ്ടിരുന്ന സ്വകാര്യ സൈനിക സംഘങ്ങളും ഇപ്പോൾ യുക്രെയ്നിൽ അമേരിക്കയ്ക്കു വേണ്ടി റഷ്യയോട് പൊരുതിക്കൊണ്ടിരിക്കുകയാണ്. 

ഖാർകിവിൽ റഷ്യയ്ക്കെതിരെ പ്രത്യാക്രമണത്തിനു തയാറെടുക്കുന്ന യുക്രെയ്ൻ സേന അംഗങ്ങൾ SERGEY BOBOK / AFP

∙ വിദേശ കൂലിപ്പട്ടാളക്കാരുടെ ജനനം 

കൂലിപ്പട്ടാളത്തെ ഉപയോഗിച്ചു യുദ്ധം നയിച്ച കഥകൾ ചരിത്രത്തിലെമ്പാടും നോക്കിയാൽ കാണാനാകും. എന്നാൽ ആധുനിക ചരിത്രത്തിൽ ഇത്തരം വിദേശ കൂലിപ്പട്ടാളക്കാരെ ഉപയോഗപ്പെടുത്തി സാമ്രാജ്യം വികസിപ്പിച്ച കഥ പറയാൻ കഴിയുക ഫ്രാൻസിനാണ്. 1831ൽ തുടക്കമിട്ട ഫ്രഞ്ച് ഫോറിൻ ലീജിയൻ എന്ന വിദേശ കൂലിപ്പട്ടാളക്കാരുടെ സംഘങ്ങളെ ഉപയോഗിച്ചാണ് യൂറോപ്പിനു പുറത്ത്, പ്രത്യേകിച്ച് ആഫ്രിക്കയിലും ഏഷ്യയിലും ഏഷ്യ പസഫിക്കിലും ഫ്രാൻസ് തങ്ങളുടെ കോളനികൾ സ്ഥാപിച്ചത്. യുദ്ധവീര്യരായ ആളുകൾക്കു പുറമേ കുറ്റവാളികളും കൊലയാളികളും തങ്ങളുടെ രാജ്യത്തിന്റെ നിയമത്തിൽ നിന്നു രക്ഷപ്പെടാനായി ഫ്രഞ്ച് ഫോറിൻ ലിജിയനിൽ ചേർന്നിരുന്നു. 

ADVERTISEMENT

ഇങ്ങനെ ഫോറിൻ ലീജിയനിൽ ചേരുന്ന വിദേശികളെ അവരുടെ സർവീസ് കാലാവധിക്കു ശേഷം പൗരത്വം നൽകി സ്വീകരിക്കുന്ന അന്നത്തെ നയം ഫ്രാൻസ് ഇപ്പോഴും പിന്തുടരുന്നുണ്ട്. 17 മുതൽ 40 വയസ്സ് പ്രായമുള്ള ആർക്കും ഇന്നും ഫ്രഞ്ച് ഫോറിൻ ലീജിയനിൽ അംഗമാകാം. പക്ഷേ ക്രിമിനൽ പശ്ചാത്തലമുള്ളവർക്കോ ദുഷ്‌ട്ടലാക് ഉള്ളവർക്കോ ഇതിൽ അംഗമാകാനാകില്ലെന്നാണ് ഇപ്പോഴത്തെ നയം. ഫ്രഞ്ച് ഫോറിൻ ലീജിയൻ ഒരു മികച്ച സൈനിക സംഘമായാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. ആഫ്രിക്കയിലും മറ്റുമുള്ള ഫ്രാൻസിന്റെ വിദേശ താൽപര്യങ്ങളെ സംരക്ഷിക്കുന്നതും നാറ്റോയുടെ കീഴിലുള്ള ഫ്രാൻസിന്റെ സൈനിക നീക്കത്തിലും ഫ്രഞ്ച് ഫോറിൻ ലീജിയൻ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. അമേരിക്കയും റഷ്യയും ഇത്തരം സ്വകാര്യ സൈനിക സംഘങ്ങളെ പോറ്റി വളർത്തുന്നതും തങ്ങളുടെ വിദേശനയങ്ങളുടെ നടത്തിപ്പിനും സ്വാധീനം വർധിപ്പിക്കാനുമാണ്. 

സിറിയയിലെ ഹസാഖ പ്രവിശ്യയിൽ റഷ്യൻ– തുർക്കി സേനാംഗങ്ങൾ സംയുക്തമായി നടത്തിയ പട്രോളിങ്. Delil SOULEIMAN / AFP

∙ അമേരിക്കയുടെ വിയറ്റ്നാം പാഠം 

ഇറാഖ്, അഫ്ഗാൻ യുദ്ധങ്ങളാണ് യുദ്ധമുന്നണിയിൽ സഹായത്തിനു അച്ചടക്കമുള്ള തീർത്തും പ്രഫഷനലായ സ്വകാര്യ സൈനിക സംഘം എന്ന ആശയത്തിലേക്ക് അമേരിക്കയെ കൊണ്ടുചെന്നെത്തിച്ചത്. രണ്ടാം ഇറാഖ് അധിനിവേശത്തിൽ നഗരങ്ങൾ കേന്ദ്രീകരിച്ചു നേരിട്ട കടുത്ത ഗറില്ലാ ആക്രമണങ്ങൾ ഒട്ടേറെ അമേരിക്കൻ സൈനികരുടെ ജീവനപഹരിച്ചിരുന്നു. യുദ്ധത്തോട് അമേരിക്കയിൽ തന്നെ അതൃപ്തി ഉയർന്നു കൊണ്ടിരിക്കെ, ദേശീയ പതാകയിൽ പൊതിഞ്ഞെത്തുന്ന സൈനികരുടെ മൃതദേഹങ്ങൾ അമേരിക്കൻ സമൂഹത്തിൽ കടുത്ത പ്രതികരണം സൃഷ്ടിച്ചിരുന്നു. വിയറ്റ്നാം യുദ്ധത്തിൽ നേരിട്ട ആൾനാശത്തെ തുടർന്നുണ്ടായ പ്രതിഷേധവും സൈനിക പിൻമാറ്റവും അമേരിക്കൻ സൈനിക ചരിത്രത്തിലെ തന്നെ എന്നും കറുത്ത ഒരേടാണ്. അതിനാൽ തന്നെ അമേരിക്കൻ സൈനികരുടെ ആൾനാശം ഒഴിവാക്കാൻ രാജ്യത്തിന്റെ മുദ്രയില്ലാത്ത സ്വകാര്യ സൈനിക സംഘങ്ങളെ ഇറാഖ് യുദ്ധമേഖലയിൽ നിയോഗിക്കാൻ അന്നത്തെ അമേരിക്കൻ‌ വൈസ് പ്രസിഡന്റായിരുന്ന ഡിക് ചെയ്നി തീരുമാനിച്ചു. സ്വകാര്യ – വിദേശ സൈനിക സംഘാംഗങ്ങൾ കൊല്ലപ്പെട്ടാൽ ആരോടും കണക്ക് ബോധിപ്പിക്കേണ്ടതില്ലെന്നായിരുന്നു ഇതിനു പിന്നിലെ പ്രധാന ആകർഷണം. കൂടാതെ രാജ്യാന്തര നിയമങ്ങളെയും നീതിന്യായ വ്യവസ്ഥകളെയും മറികടക്കാമെന്നുള്ളതും ഇത്തരം സ്വകാര്യ സൈനിക സംഘങ്ങളോടുള്ള പ്രതിപത്തി വർധിപ്പിച്ചു. 

സിറിയയിലെ യുദ്ധഭൂമികളിൽ വച്ചു പലതവണ അമേരിക്കയുടെ ബ്ലാക്ക്‌വാട്ടറും റഷ്യയുടെ വാഗ്നർ സംഘവും നേർക്കുനേർ കൊമ്പുകോർത്തിട്ടുണ്ട്. എന്നാൽ 2018ൽ സിറിയയിലെ കുർദിഷ് മേഖലയിലെ ക്രൂ‍ഡ് ഓയിൽ ഉൽപാദന മേഖലയുടെ നിയന്ത്രണത്തിനായി വാഗ്നർ സംഘം കുർദിഷ് – അമേരിക്കൻ സൈനികരോട് ഏറ്റുമുട്ടിയിരുന്നു.

അഫ്ഗാൻ യുദ്ധത്തിന്റെ അവസാന ദശകത്തിൽ അമേരിക്കൻ സൈനിക സംഖ്യത്തിലെ അംഗങ്ങളിൽ 85 ശതമാനവും ഇത്തരം വിദേശ സ്വകാര്യ കൂലിപ്പട്ടാളമായിരുന്നുവെന്ന് അറിയുമ്പോഴാണു യുദ്ധമുന്നണിയിൽ സ്വകാര്യ സൈനിക സംഘങ്ങളുടെ ഇന്നത്തെ സ്വാധീനം വ്യക്തമാകുക. 

യുദ്ധമേഖലയിൽ മാത്രമല്ല, ആക്രമികളെയും മോഷ്ടാക്കളെയും നേരിടാൻ എണ്ണ ഉൽപാദന മേഖലയിലും ഖനന–വ്യവസായിക മേഖലയിലും കടൽക്കൊള്ളക്കാരെ നേരിടാൻ വാണിജ്യകപ്പലുകളിലുമെല്ലാം ഇന്നു സ്വകാര്യ സൈനിക സംഘങ്ങളെ നിയോഗിക്കുന്നുണ്ട്. ആഫ്രിക്കയിലെയും പാക്കിസ്ഥാനിലെയും ചൈനീസ് വ്യവസായ–ഖനന സ്ഥാപനങ്ങൾക്കു സുരക്ഷയൊരുക്കുന്നതും ഇത്തരം സ്വകാര്യ സുരക്ഷാ സംഘങ്ങളാണ്. ചില രാജ്യങ്ങൾ തങ്ങളുടെ പ്രധാന വ്യക്തികൾക്കും എംബസികൾക്കും സുരക്ഷയൊരുക്കാനും ഇത്തരം സംഘങ്ങളുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. 

∙ മലയാളിയെയും പട്ടാളത്തിലെടുത്തു 

ആദ്യകാലത്ത് ഇറാഖിലെ അമേരിക്കൻ സൈനികർക്ക് ഭക്ഷണം പാചകം ചെയ്യാനും സൈനിക വാഹനങ്ങൾ ഒരുക്കുന്നതിനും ക്യാംപ് ക്ലീനിങ്ങിനും മറ്റുമായിരുന്നു സ്വകാര്യ ‘സൈനികരെ’ നിയോഗിച്ചിരുന്നത്. ഇത്തരത്തിൽ അമേരിക്കൻ സൈനികർക്കായി ഔട്ട് സോഴ്സിങ് നടത്തുന്നവരെ സ്വകാര്യ സൈനിക കരാറുകാർ (പിഎംസി) എന്നു വിളിക്കാൻ തുടങ്ങി. ഇക്കാലയളവിൽ ഇറാഖിലെ അമേരിക്കൻ സൈനിക ക്യാംപുകളിൽ ഗൾഫ് മേഖലകളിൽ നിന്നടക്കമുള്ള മലയാളികൾ‌ ഉൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർ ഇത്തരം ഔട്ട് സോഴ്സിങ് ജോലികൾക്കായി പോകുകയുണ്ടായി. പാക്കിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും അക്കാലത്ത് ഇത്തരം അമേരിക്കൻ സൈനിക ക്യാംപുകളുടെ ഭാഗമായിട്ടുണ്ടായിരുന്നു. അഫ്ഗാനിസ്ഥാനിലെ യുദ്ധഭൂമികളിലും മലയാളികളടക്കമുള്ളവർ അമേരിക്കൻ‌ സൈന്യത്തിന് വേണ്ടി കരാർ ജോലികൾ ചെയ്തിട്ടുണ്ട്. 

എറിക് പ്രിൻസ്. ചിത്രം– റോയ്‌ട്ടേഴ്സ്.

∙ ഏറിക് പ്രിൻസ് എന്ന യുദ്ധപ്രഭു 

തുടക്കത്തിൽ സൈനിക ക്യാംപുകളിലെ ജോലികൾക്കു മാത്രമാണു പുറംകരാർ തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരുന്നെങ്കിൽ പിന്നീട് യുദ്ധമേഖലയിലെ അപകടകരമായ ജോലികൾക്കും ആളുകളെ റിക്രൂട്ട് ചെയ്തു തുടങ്ങി. ഈ അവസരത്തിലാണ് ലോകത്തെ സ്വകാര്യ സൈനിക സംഘങ്ങളുടെയെല്ലാം തലവര മാറ്റിയെഴുതിയ ഏറിക് പ്രിൻസ് എന്ന അമേരിക്കൻ മുൻ നേവി സീൽ അംഗത്തിന്റെ കടന്നുവരവ്. ഇറാഖിലെ യുദ്ധഭൂമിയിലെ സുരക്ഷാ ചുമതല സ്വകാര്യ സൈനികരെ ഏൽപ്പിക്കാനുള്ള നീക്കം ഏറിക് പ്രിൻസ് ഒരവസരമായി കണ്ടു. വിരമിച്ച അമേരിക്കൻ നേവിസീൽ അംഗങ്ങളെ ഉൾപ്പടുത്തി ബ്ലാക്ക്‌വാട്ടർ എന്ന പേരിൽ ഒരു സ്വകാര്യ സൈനിക സംഘം നിർമിച്ചു. ഇറാഖിലെ പല മേഖലകളുടെയും സുരക്ഷാ ചുമതല ഏറ്റെടുത്ത ബ്ലാക്ക്‌വാട്ടർ അവരുടെ സൈനിക പരിചയ സമ്പത്തുവച്ച് ഒട്ടേറെ നേട്ടങ്ങൾ‌ സൃഷ്ടിച്ചു. ഇതോടെ കോടിക്കണക്കിനു ഡോളറിന്റെ അമേരിക്കൻ സൈനിക കരാറുകൾ ബ്ലാക്ക്‌വാട്ടറിനു സ്വന്തമായി. ഡിക് ചെയ്നിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഏറിക് പ്രിൻസ് അവിടം കൊണ്ടു നിർത്താനൊരുക്കമല്ലായിരുന്നു. യുദ്ധമുന്നണിയിൽ നേരിട്ടു ഇടപെടാനും പോരാടാനും ആളുകളെ രക്ഷപ്പെടുത്തിക്കൊണ്ടു വരാനും നിയോഗിക്കപ്പെട്ടതോടെ ബ്ലാക്ക്‌വാട്ടർ മറ്റു സ്വകാര്യ സൈനിക സംഘങ്ങളിൽ നിന്നു തീർത്തും വ്യത്യസ്തരായി. 

ബാഗ്ദാദിലെ ബാഗ്ദാദ് രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള ഹൈവേയിൽ സുരക്ഷയൊരുക്കുന്ന ബ്ലാക്ക്‌വാട്ടർ സൈനികർ. - ഹാദി മിസ്ബാൻ എപി

∙ യുദ്ധക്കൊതിയൻമാരുടെ ബ്ലാക്ക്‌വാട്ടർ 

എന്തു ജോലിക്കും ആളെ തിരഞ്ഞെടുക്കുന്ന രീതി അവസാനിപ്പിച്ചു പോരാടാൻ ശേഷിയുള്ള മുൻ സൈനികരെ മാത്രം തിര‍ഞ്ഞെടുക്കുന്നതിൽ ശ്രദ്ധ പതിപ്പിച്ച എറിക് പ്രിൻസ്, അവരിലെ യുദ്ധക്കൊതിയൻമാരെ കൂടുതൽ പ്രോത്സാഹിപ്പിച്ചു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും രണ്ടും മൂന്നും തവണയായി തുടർച്ചയായി പോരാട്ടം നടത്തിയ പല അമേരിക്കൻ സൈനികർക്കും തിരിച്ചു നാട്ടിലെത്തിയിട്ടും യുദ്ധഭൂമിക്കു പുറത്തുള്ള ജീവിതവുമായി പൊരുത്തപ്പെടാൻ സാധിച്ചിരുന്നില്ല. സൈനിക സേവനം അവസാനിപ്പിച്ചു മടങ്ങുന്ന ഇത്തരം പട്ടാളക്കാരെ സാധാരണ ജീവിതത്തിലേക്കു തിരിച്ചു വരാനും മാനസികമായ പിന്തുണയ്ക്കും പുനരധിവാസത്തിനായി അമേരിക്ക ഒട്ടേറെ പദ്ധതികളും ഒരുക്കിയിരുന്നു. എന്നാൽ ഇത്തരം ആളുകളെ തിരഞ്ഞു പിടിച്ച എറിക് പ്രിൻസ് അവർക്കു വൻ വാഗ്ദാനങ്ങൾ നൽകി അവരെ ബ്ലാക്ക്‌വാട്ടറിലേക്ക് ചേർക്കുകയായിരുന്നു. പരിചയ സമ്പന്നതയും യുദ്ധത്തോടുള്ള ഇവരുടെ അടങ്ങാത്ത അഭിനിവേശവും മൂലം ബ്ലാക്ക്‌വാട്ടർ അംഗങ്ങൾ അസാധ്യമായ പല ദൗത്യങ്ങളും അമേരിക്കയ്ക്കു വേണ്ടി ഇറാഖിൽ പൂർത്തിയാക്കുകയും ചെയ്തു.

എന്നാൽ 2007ൽ ഇറാഖിലെ ബാഗ്ദാദിലെ വാണിജ്യകേന്ദ്രമായ നിസോർ സ്ക്വയറിൽ നടത്തിയ വെടിവയ്പ്പിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 17 പേരെ ബ്ലാക്ക്‌വാട്ടർ കൊലപ്പെടുത്തിയതിന്റെ പേരിൽ ഏറിക് പ്രിൻസിന് യുഎസ് കോൺഗ്രസിനു മുന്നിൽ മറുപടി പറയേണ്ടി വന്നു. സംഭവത്തെ തുടർന്നു ഇറാഖി സർക്കാരിന്റെ നിരോധനം ഏറ്റുവാങ്ങിയ ബ്ലാക്ക്‌വാട്ടർ തൊട്ടുപിന്നാലെ മറ്റു പേരിൽ ഇറാഖിൽ പ്രവർത്തനം പുനരാരംഭിച്ചു. 2020ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിസോർ കൂട്ടക്കൊലയിൽ മാപ്പ് പറഞ്ഞതോടെയാണ് പിന്നീട് ഈ പ്രശ്നം അവസാനിച്ചത്. അമേരിക്കയുടെ നിയന്ത്രണത്തിലുള്ള അബുഗാരിബ് ജയിലിലുണ്ടായ ഇറാഖി തടവുകാർ അനുഭവിച്ച ക്രൂരപീഡനങ്ങൾക്കു പിന്നിലും ജയിലിന്റെ നടത്തിപ്പു ചുമതലയുണ്ടായിരുന്ന ബ്ലാക്ക്‌വാട്ടർ സംഘം തന്നെയായിരുന്നു. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിൽ ഏറ്റവും കൂടുതൽ പഴികേട്ടതും അബുഗാരിബ് ജയിലിലെ ക്രൂരപീഡന കഥകൾ തന്നെയായിരുന്നു. 

ബ്ലാക്ക്‌വാട്ടർ ലോഗോ.

∙ സിഐഎയുടെ ഹിറ്റ് ടീം 

നിരോധനത്തിനു പിന്നാലെ തുടർച്ചയായി പേരുകൾ മാറ്റിക്കൊണ്ടിരുന്നെങ്കിലും പ്രവർത്തന രീതിയിൽ മാത്രം ബ്ലാക്ക്‌വാട്ടർ മാറ്റം വരുത്തിയില്ല. എക്സി സർവീസസ് അക്കാദമി എന്ന പേരിലാണ് ഇപ്പോൾ ബ്ലാക്ക്‌വാട്ടർ അറിയപ്പെടുന്നത്. അമേരിക്കൻ സൈന്യത്തിനു പുറമേ അമേരിക്കൻ ചാരസംഘടനയായ സിഐഎയ്ക്കു വേണ്ടിയും പലരാജ്യങ്ങളിലും അട്ടിമറി ശ്രമങ്ങൾക്കും സൈനിക നീക്കങ്ങൾക്കുമുള്ള ഹിറ്റ് ടീമായി ബ്ലാക്ക്‌വാട്ടർ മാറിയിട്ടുണ്ട്. ഹെയ്റ്റിയിലെ പ്രസിഡന്റ് ജോവിനേൽ മോസെയെ 2021 ജൂലൈ 17ന് കൊലപ്പെടുത്തിയതും അമേരിക്കൻ മുൻ സൈനികരും കൊളംബിയൻ പട്ടാളക്കാരും ഉൾപ്പെടുന്ന സ്വകാര്യ സൈനിക അംഗങ്ങളായിരുന്നു. അമേരിക്കൻ ചാരസംഘടനയായ സിഐഎയ്ക്കു വേണ്ടിയാണ് ഈ ഓപ്പറേഷൻ നടന്നതെന്നു പലരും വിശ്വസിക്കുന്നു. 

ആഫ്രിക്കയിലെ പലരാജ്യങ്ങളിലും സിഐഎയ്ക്കു വേണ്ടി സ്വകാര്യ സൈനിക സംഘത്തെ രൂപപ്പെടുത്തിയ മുൻ അമേരിക്കൻ സൈനിക കരാറുകാരനും വിരമിച്ച പാരാമിലിറ്ററി കമാൻഡോയുമായ സീൻ മക്ഫെറ്റ് എഴുതിയ ‘ദി മോഡേൺ മേർസെനറി’ എന്ന ഗ്രന്ഥം ലോകമെമ്പാടും ചിറകുവിരിച്ച സ്വകാര്യ സൈനിക സംഘങ്ങളെ കുറിച്ചും അവയുടെ പ്രവർത്തനങ്ങളെ കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത്. ബ്ലാക്ക്‌വാട്ടർ എന്ന അതിശക്തമായ സ്വകാര്യ സൈനിക സംഘത്തെ കുറിച്ചും എറിക് പ്രിൻസിനെ കുറിച്ചും ഈ ഗ്രന്ഥത്തിൽ സീൻ മക്ഫെറ്റ് വിശദമായി പ്രതിപാദിക്കുന്നുണ്ട്. 

അമേരിക്കയിലെ കലിഫോർണിയയിൽ 6000 ഏക്കർ വിസ്തൃതിയുള്ള വമ്പൻ പരിശീലന കേന്ദ്രമടക്കം ഒരുക്കിയിട്ടുള്ള ബ്ലാക്ക്‌വാട്ടർ ഇന്നു ലോകം മുഴുവൻ സാന്നിധ്യമുള്ള, ഏതു രാജ്യത്തും ഏതു ദുർഘടമായ ഓപ്പറേഷനും ഏറ്റെടുക്കാൻ ശേഷിയുള്ള ഒരു സൈനിക സംഘമായി മാറിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയ്ക്കു പിന്നാലെ ചൈനയുമായും ബന്ധം സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് എറിക് പ്രിൻസ്. ഹോങ്കോങ്ങിൽ ഫ്രണ്ടിയർ സർവീസസ് ഗ്രൂപ്പ് എന്ന പേരിൽ ഏറിക് പ്രിൻസ് ഒരുക്കിയിട്ടുള്ള സ്വകാര്യ സൈന്യമാണ് ആഫ്രിക്കയിലുള്ള ചൈനീസ് നിർമാണ ഖനന കമ്പനികൾക്ക് സുരക്ഷ ഒരുക്കുന്നത്. ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗമായുള്ള വികസന പദ്ധതികളിൽ ഇത്തരം സ്വകാര്യ സൈനിക സംഘങ്ങളെ കൂടുതലായി ഉപയോഗപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ചൈന. 

വാഗ്നർ ഗ്രൂപ്പ് ലോഗോ.

∙ പേടിപ്പിക്കും വാഗ്നർ ഗ്രൂപ്പ് 

അമേരിക്കയുടെ ബ്ലാക്ക്‌വാട്ടർ സംഘത്തിനു ബദലായി 2014ലെ യുക്രെയ്ൻ – റഷ്യ സംഘർഷകാലത്ത് അർജന്റീന കേന്ദ്രമായി റഷ്യ രൂപീകരിച്ച സ്വകാര്യ സൈനിക സംഘമാണ് വാഗ്നർ ഗ്രൂപ്പ്. റഷ്യയിലെ നിയമങ്ങൾക്ക് അതീതമായി രാജ്യാന്തരതലത്തിൽ പ്രവർത്തിക്കാനാണ് അർജന്റീനയിൽ പ്രവർത്തനം റജിസ്റ്റർ ചെയ്തത്. പുട്ടിന്റെ സ്വകാര്യ സൈന്യമെന്നും വാഗ്നർ‌ സംഘത്തിനു വിളിപ്പേരുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലുതും ശക്തവുമായ സ്വകാര്യ സൈനിക സംഘമായി വിലയിരുത്തപ്പെടുന്ന വാഗ്നർ ഗ്രൂപ്പ് സ്വകാര്യ താൽപര്യങ്ങളെക്കാൾ റഷ്യയുടെ വിദേശനയങ്ങളെ പിന്തുണയ്ക്കാനുള്ള സൈനിക ശക്തികൂടിയാണ്. രാജ്യാന്തര നിയമങ്ങൾക്കു മുകളിലൂടെ ഏതെങ്കിലും വിദേശരാജ്യത്ത് സ്വന്തം സൈനിക മുദ്ര പതിപ്പിക്കാതെ തന്നെ സൈനിക മേധാവിത്വം നേടാനായി റഷ്യ ഇവരെ നിയോഗിക്കാറുണ്ട്. ‌സിറിയ, ലിബിയ, ഇറാഖ്, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, മഡഗാസ്കർ, മാലി, യുക്രെയ്ൻ തുടങ്ങിയവിടങ്ങളിലെല്ലാം വാഗ്നർ സംഘത്തിന്റെ ശക്തമായ സാന്നിധ്യമുണ്ട്. 

പുടിന്റെ അടുത്ത സുഹൃത്തായ യെഗേനി പ്യുഷ്കോവ് എന്ന റഷ്യൻ കോടീശ്വരനാണ് വാഗ്നർ ഗ്രൂപ്പിന്റെ സ്ഥാപകൻ. റഷ്യൻ മിലിറ്ററി ഇന്റലിജൻസ് ഏജൻസിയായ ജിആർയുവിലെ വിരമിച്ചവരെയാണു പ്രധാനമായും വാഗ്നർ റിക്രൂട്ട് ചെയ്യുന്നത്. റഷ്യൻ സ്പെഷൽ ഫോഴ്സ് അംഗമായിരുന്ന ദിമിത്രി വലേറിവിച്ച് ഉട്കിൻ ആണു വാഗ്നർ ഗ്രൂപ്പിന്റെ കമാൻഡർ. പോരാട്ടവീര്യത്തിനും യുദ്ധക്രൂരതകൾക്കും പേരെടുത്തവരാണ് വാഗ്നർ സംഘാംഗങ്ങളും. ഇറാഖിലും സിറിയയിലുമായി പ്രബലമായ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരെ നാമാവശേഷമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചവരാണ് വാഗ്നർ സംഘം. ഐഎസ് ഭീകരരെ കൊന്നൊടുക്കുന്ന കൂട്ടത്തിൽ വിമത സിറിയൻ സേനയെയും വാഗ്നർ ഗ്രൂപ്പ് നിലംപരിശാക്കുകയും അസദ് സർക്കാരിനെ സിറിയയിൽ പുനഃസ്ഥാപിക്കുകയും ചെയ്തതോടെ ആർക്കും നിഷേധിക്കാനാവാത്ത സൈനിക സംഘമായി വാഗ്നർ മാറിയിട്ടുണ്ട്. 

വാഗ്നർ ഗ്രൂപ്പിനു വേണ്ടി പ്രവർത്തിച്ചിരുന്ന മാരത് ഗബിയുദ്ദീൻ എന്നയാൾ പാരിസിൽ ഫോട്ടോയ്ക്കു പോസ് ചെയ്തപ്പോൾ STEPHANE DE SAKUTIN / AFP.

∙ പണം വാരും വാഗ്നർ 

യുദ്ധമോ ഓപ്പറേഷനോ സ്പോൺസർ ചെയ്യുന്ന ആളിൽ നിന്നോ രാജ്യത്തിൽ നിന്നു ലഭിക്കുന്ന പ്രതിഫലമാണു ബ്ലാക്ക്‌വാട്ടർ അടക്കമുള്ള മിക്ക സ്വകാര്യ സൈനിക സംഘങ്ങളുടെയും വരുമാനം. എന്നാൽ വാഗ്നർ ഗ്രൂപ്പ് മറ്റുള്ളവരിൽ നിന്നു വ്യത്യസ്തരാകുന്നതു പ്രതിഫലത്തിന്റെ കാര്യത്തിൽ തന്നെയാണ്. പ്രതിഫലം പണമായി സ്വീകരിക്കുന്നതിനെക്കാൾ വാണിജ്യ പങ്കാളിത്തമാണ് വാഗ്നർ തേടുന്നത്. സിറിയിൽ വിമതരെ നേരിട്ടു പിടിച്ചെടുത്ത എണ്ണ ഉൽപാദക കേന്ദ്രങ്ങളിലെ വരുമാനത്തിന്റെ 25 ശതമാനമാണ് ബഷാർ അൽ അസദ് സർക്കാരിൽ നിന്നു വാഗ്നർ നേടിയെടുത്തത്. സെൻട്രൽ ആഫ്രിക്ക റിപ്പബ്ലിക്കിൽ (സിഎആർ) 2013 മുതൽ തുടരുന്ന ആഭ്യന്തര യുദ്ധത്തെ തുടർന്നു പ്രസിഡന്റ് ഫൗസ്റ്റിൻ അർചേച്ച് ട്രൗഡേര 2017ൽ റഷ്യൻ പ്രസിഡന്റ് പുട്ടിനോട് സൈനിക സഹായം തേടിയിരുന്നു. യുഎൻ‌ അനുമതി പ്രകാരം സിഎആറിന്റെ സൈന്യത്തെ പരിശീലിപ്പിക്കാനായി 175 റഷ്യൻ സൈനികർക്ക് അനുമതി ലഭിച്ചെങ്കിലും രണ്ടായിരത്തിലധികം വരുന്ന വാഗ്നർ സംഘാങ്ങൾ സിഎആറിൽ എത്തുകയും ആഭ്യന്തര യുദ്ധത്തിലും സൈനിക പരിശീലനത്തിലും സർക്കാരിനെ സഹായിക്കുകയും ചെയ്തു. പ്രതിഫലമായി സിഎആറിലെ ധാതുസമ്പന്നമായ മേഖലകളിൽ വജ്രം, സ്വർണം, യുറേനിയം എന്നിവയുടെ ഖനനാനുമതി വാഗ്നർ സംഘം സ്വന്തമാക്കി. സാധാരണ റഷ്യൻ സൈനികർക്കു നൽകുന്നതിനേക്കാൾ മൂന്നിരട്ടിയിലേറെ ശമ്പളമാണ് വാഗ്നർ സേനാംഗങ്ങൾക്കു നൽകുന്നത്. 2021 ഡിസംബറിൽ യൂറോപ്യൻ യൂണിയൻ വാഗ്നർ ഗ്രൂപ്പിനെതിരെ ഉപരോധം പ്രഖ്യാപിച്ചു. 

ലീവിൽ നടത്തിയ സൈനിക പരിശീലനത്തിൽ ഏർപ്പെടുന്ന യുക്രയ്ൻ പൗരൻ YURIY DYACHYSHYN / AFP

∙ പരാജയം രുചിച്ച പോരാട്ടങ്ങൾ 

ക്വട്ടേഷൻ സംഘങ്ങളെ പോലെ വളർത്തിക്കൊണ്ടു വരുന്ന സ്വകാര്യ സൈനിക സംഘങ്ങൾ അമേരിക്കയുടെയും റഷ്യയുടെയും വിശാല സാമ്രാജ്യത്വ മോഹങ്ങൾക്കു ശക്തമായ പിന്തുണയേകുന്നുണ്ട്. ഗൾഫിൽ യെമനിലെ ഹൂതികൾക്കെതിരെ പോരാടാൻ സുഡാനിൽ നിന്നുള്ള കൂലിപ്പട്ടാളക്കാരെ സൗദിയും കൊളംബിയയിൽ നിന്നുള്ളവരെ യുഎഇയും ഉപയോഗപ്പെടുത്തിയിരുന്നു. വിജയത്തിന്റെ തിളക്കത്തിനുമപ്പുറം പരാജയത്തിന്റെ കയ്പ്പുനീരും ഇത്തരം സൈനിക സംഘങ്ങൾ‌ നേരിടാറുണ്ട്. സിറിയയിലെ യുദ്ധഭൂമികളിൽ വച്ചു പലതവണ അമേരിക്കയുടെ ബ്ലാക്ക്‌വാട്ടറും റഷ്യയുടെ വാഗ്നർ സംഘവും നേർക്കുനേർ കൊമ്പുകോർത്തിട്ടുണ്ട്. എന്നാൽ 2018ൽ സിറിയയിലെ കുർദിഷ് മേഖലയിലെ ക്രൂ‍ഡ് ഓയിൽ ഉൽപാദന മേഖലയുടെ നിയന്ത്രണത്തിനായി വാഗ്നർ സംഘം കുർദിഷ് – അമേരിക്കൻ സൈനികരോട് ഏറ്റുമുട്ടിയിരുന്നു. എന്നാൽ ഹെലികോപ്ടറുകളുടെയും യുദ്ധവിമാനങ്ങളുടെയും അകമ്പടിയോടെ തിരിച്ചടിച്ച അമേരിക്കൻ സൈനിക സംഘം മുന്നൂറിലേറെ വാഗ്നർ അംഗങ്ങളെ വധിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 

വാഗ്നറിനെ പോലെ തന്നെ ബ്ലാക്ക്‌വാട്ടറും ചിലയിടങ്ങളിൽ തിരിച്ചടികൾ നേരിട്ടിരുന്നു. 2019ൽ കരാക്കസ് മേഖലയിൽ സിഐഎ ബ്ലാക്ക്‌വാട്ടറിനെ മുന്നിൽ നിർത്തി നടത്തിയ അട്ടിമറിശ്രമം അമ്പേ പരാജയപ്പെട്ടിരുന്നു. പിടികൂടിയ അമേരിക്കക്കാരായ ആക്രമികളുടെ പേരുകളും വിവരങ്ങളും കൊളംബിയ പുറത്തുവിട്ടു. എന്നാൽ ഇതേകുറിച്ചു കൂടുതലൊന്നും അറിയില്ലെന്നു പറഞ്ഞു അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തടിയൂരുകയായിരുന്നു. 2020 മേയിൽ വെനസ്വേലയിൽ പ്രസിഡന്റ് മഡൂറോയ്ക്കു നേരെ നടന്ന പരാജയപ്പെട്ട വധശ്രമത്തിനു പിന്നിലും അമേരിക്കൻ പൗരന്മാരായ ബ്ലാക്ക്‌വാട്ടർ സംഘാംഗങ്ങളായിരുന്നു. 

ബ്ലാക്ക്‌വാട്ടർ സൈനിക സംഘം കലിഫോർണിയയിലെ പരിശീലന കേന്ദ്രത്തിനു മുന്നിൽ.

∙ സ്വകാര്യ സൈനിക സംഘങ്ങൾ ഇന്ത്യയിലും? 

സ്വകാര്യ സൈനിക സംഘങ്ങൾ ഇന്ത്യയിൽ ഇതുവരെ രൂപപ്പെട്ടിട്ടില്ലെങ്കിലും സ്വകാര്യ സുരക്ഷാ സംഘങ്ങൾ ഇന്ത്യയിൽ നന്നായി വേരുപിടിച്ചിട്ടുണ്ട്. സിനിമാതാരങ്ങളുടെയും വ്യവസായ ഭീമന്മാരുടെയും സുരക്ഷ ഇത്തരം സ്വകാര്യ സുരക്ഷാ സംഘങ്ങളുടെ കൈകളിലാണ് (ഇത്തരം സ്വകാര്യ സുരക്ഷാ സംഘങ്ങൾ കേരളത്തിൽ അത്ര പരിചിതമല്ലെങ്കിലും സിനിമ - ബിസിനസ് രംഗങ്ങളിലെ ചില ‘പ്രമുഖർ’ സ്വകാര്യ ഏജൻസികളുടെ സുരക്ഷ ഉപയോഗപ്പെടുത്തുന്നുണ്ട്. 2007ൽ പുറത്തിറങ്ങിയ അമൽ നീരദ് ചിത്രമായ ‘ബിഗ് ബി’യിൽ മമ്മൂട്ടി അവതരിപ്പിച്ച ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രമായിരിക്കണം മലയാളികൾക്കു സുപരിചിതനായ ആദ്യത്തെ സ്വകാര്യ സുരക്ഷാ ഭടൻ. രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന സിനിമയിൽ ദുൽഖർ സൽമാനും മുംബൈയിലെ സ്വകാര്യ സുരക്ഷാ സേനാംഗമായി പ്രത്യക്ഷപ്പെടുന്നുണ്ട്) 

യുദ്ധമുന്നണിയിൽ ഇത്തരം സ്വകാര്യ സൈനിക സംഘങ്ങൾ നൽകുന്ന മുൻതൂക്കം അവർക്ക് ഒഴിവാക്കാനാകില്ല. പണക്കാരായ വ്യവസായ ഭീമൻമാർ എതിരാളികളെ വകവരുത്താനോ സർക്കാരിനെ അട്ടിമറിക്കാനോ ഇത്തരം സംഘങ്ങളെ ഉപയോഗപ്പെടുത്താനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ഇന്ന് ഒട്ടേറെ വിദേശ രാജ്യങ്ങൾക്ക് ഇന്ത്യ സൈനിക പരിശീലനം നൽകുന്നുണ്ടെങ്കിലും അതെല്ലാം ഇന്ത്യൻ സൈന്യത്തിന്റെ നേതൃത്വത്തിലാണ്. യുഎൻ സമാധാന സേനയിലേക്ക് ഏറ്റവും കൂടുതൽ സൈനികരെ അയയ്ക്കുന്നതും ഇന്ത്യയാണ്.

∙ കൂലിപ്പട്ടാളം സൃഷ്ടിച്ച യുദ്ധം 

യുക്രെയ്ൻ – റഷ്യൻ യുദ്ധം സൃഷ്ടിച്ചത് കൂലിപ്പട്ടാളമാണെന്നു പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ? എന്നാൽ അതാണു യാഥാർഥ്യം. റഷ്യയും യുക്രെയ്നും വളരെ സമാധാനത്തോടെ കഴിഞ്ഞിരുന്ന നാളുകളിൽ യൂറോപ്യൻ യൂണിയനു പകരം റഷ്യയുമായി വാണിജ്യ കരാറിൽ ഏർപ്പെടാൻ റഷ്യൻ അനുകൂല യുക്രെയ്ൻ പ്രസിഡന്റായിരുന്ന വിക്ടർ യാനുകോവിച്ച് തീരുമാനിച്ചതോടെ ഉടലെടുത്ത ഓറ‍ഞ്ച് വിപ്ലവമാണ് പിന്നീട് യുദ്ധത്തിലേക്ക് എത്തിച്ചേർന്നത്. വിക്ടർ യാനുകോവിച്ചിനെ അധികാരഭ്രഷ്ടനാക്കാൻ അമേരിക്കൻ ചാരസംഘടനയായ സിഐഎ അംഗങ്ങൾ (ബ്ലാക്ക്‌വാട്ടർ) ഓറഞ്ച് വിപ്ലവത്തിലേക്ക് നുഴഞ്ഞുകയറിയെന്നും സമാധാനപരമായ കലാപം പെട്ടെന്നു ആക്രമാസക്തമാക്കിയെന്നും റഷ്യ ആരോപിച്ചിരുന്നു. എന്നാൽ ഇതേ നാണയത്തിൽ‌ തന്നെയാണ് ക്രൈമിയയുടെ കൂട്ടിച്ചേർക്കലും ലുഹാൻസ്കിലും ഡോൺബാസിലും വിമത യുദ്ധവും റഷ്യ നടത്തിയത്. 

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ ആഭ്യന്തര കലാപം അടിച്ചമർത്താനും സൈനിക പരിശീലനത്തിനുമായി എത്തിയ റഷ്യൻ വാഗ്നർ സംഘാംഗങ്ങൾ. - എഎഫ്പി

വിമതരായി യുക്രെയ്ൻ മേഖലയിൽ എത്തിയതിലധികവും മുൻ റഷ്യൻ സൈനികരായിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരം ആളുകളെ ചേർത്ത് വാഗ്നർ ഗ്രൂപ്പിനെ ദിമിത്രി ഉട്കിൻ രൂപപ്പെടുത്തിയത്. നിലവിൽ യുക്രെയ്ൻ യുദ്ധത്തിന്റെ മുൻനിരയിൽ നിലയുറപ്പിച്ചിട്ടുള്ളത് ഇരുവിഭാഗത്തിലെയും കൂലിപ്പട്ടാളങ്ങൾ തന്നെയാണ്. 

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കൻ പിൻമാറ്റത്തോടെ ‘തൊഴിൽ നഷ്ടപ്പെട്ട’ വിദേശ കൂലിപ്പട്ടാളക്കാരാണ് ഇപ്പോൾ യുക്രെയ്നിൽ റഷ്യയോട് ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത്. യുക്രെയ്നിൽ റഷ്യയ്ക്കെതിരെ യുദ്ധം ചെയ്യുന്നതിൽ അമേരിക്കൻ, യുകെ, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിലെ വിരമിച്ച സൈനികരടക്കം ഒട്ടേറെ വിദേശ സ്വകാര്യ സൈനികരുണ്ട്. മറുഭാഗത്ത് ലോകത്തിലെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള റഷ്യൻ സ്വകാര്യ സൈനിക സംഘമായ വാഗ്നർ ഗ്രൂപ്പും സജീവമാണ്. സിറിയയിൽ നിന്നും ചെച്നിയയിൽ നിന്നും വാഗ്നർ ഗ്രൂപ്പ് ഇറക്കിയിട്ടുള്ള വിദേശ കൂലിപ്പട്ടാളവും യുക്രെയ്ൻ സൈന്യത്തിനു വൻ നാശം വിതയ്ക്കുന്നുണ്ട്. 

മരിയുപോളിലെ അസോവ് സ്റ്റീൽ ഫാക്ടറി കേന്ദ്രീകരിച്ചു പോരാടിയ കരുത്തരായ അസോവ് ബറ്റാലിയനെ തകർക്കാൻ റഷ്യ വിനിയോഗിച്ചത് ചെച്നിയയിൽ നിന്നുള്ള റമ്സാൻ ഖാദിറോവിന്റെ സൈനികരെയായിരുന്നു. ബ്ലാക്ക്‌വാട്ടേഴ്സിനും വാഗ്നർ ഗ്രൂപ്പിനും പുറമേ അരഡസനോളം മറ്റു സ്വകാര്യ സൈനിക സംഘങ്ങളും യുക്രെയ്ന്റെ യുദ്ധഭൂമികളിൽ ഇരുകൂട്ടർക്കുമായി പോരാട്ടം നയിക്കുന്നുണ്ട്. റഷ്യ – യുക്രെയ്ൻ യുദ്ധം ആറാം മാസത്തിലേക്കു കടന്നതോടെ യുദ്ധമേഖലയിൽ റഷ്യയ്ക്കു വേണ്ടിയും യുക്രെയ്നു വേണ്ടിയും മുൻനിരയിൽ യുദ്ധം ചെയ്യുന്നവരിൽ ഭൂരിഭാഗവും ഇത്തരം സ്വകാര്യ സൈനിക സംഘങ്ങളാണ്. ഇതുവരെ രണ്ടായിരത്തോളം വിദേശ സൈനികരെ യുക്രെയ്നിൽ വധിച്ചെന്നാണ് റഷ്യയുടെ അവകാശവാദം. റഷ്യയുടെ കനത്ത ആർട്ടിലറി ആക്രമണത്തെ തുടർന്നു യുക്രെയ്നിലെത്തിയ ഒട്ടേറെ വിദേശ സൈനികർ ഭയപ്പെട്ടു തിരിച്ചു പോയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. 

∙ യുദ്ധഭൂമിയിലെ ചാവേറുകൾ 

വടക്കൻ പാട്ടുകളിലെ ചേകവരുടെ കഥകളിൽ പറയുന്നതു പോലെ മറ്റാരുടെയോ താൽപര്യങ്ങൾക്കായി പയറ്റിനിറങ്ങുന്ന ചാവേറുകളാണ് ഇന്ന് ഇത്തരം സ്വകാര്യ സൈനിക സംഘങ്ങൾ. എന്നാൽ വടക്കൻ പാട്ടുകളിലെ പയറ്റിനു നേരും നെറികളുമുണ്ടെങ്കിൽ ഒരു രാജ്യത്തിന്റെയും നിയമവ്യവസ്ഥയുടെ കീഴിലല്ലാത്ത, രാജ്യാന്തര നിയമങ്ങളെയോ സൈനിക കോടതികളെയോ ഭയക്കേണ്ടതില്ലാത്ത സ്വകാര്യ സൈനിക സംഘങ്ങളെ ഉപയോഗപ്പെടുത്തിയുള്ള യുദ്ധം നൈതീകമായ ഒട്ടേറെ വെല്ലുവിളികളും യുദ്ധക്കുറ്റകൃത്യങ്ങളും സൃഷ്ടിക്കുന്നുണ്ട്. ജനീവ കൺവൻഷൻ‌ 47–ാം ആർട്ടിക്കിൾ പ്രകാരം മെർസണറീസിനെ (കൂലിപ്പട്ടാളം) അംഗരാജ്യങ്ങൾ ഉപയോഗപ്പെടുത്താൻ പാടില്ലെന്നു ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത്തരത്തിൽ യുദ്ധത്തിൽ പങ്കെടുക്കുന്ന മേഴ്സണറിക്ക് യുദ്ധതടവുകാരനുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും ഇതിൽ പറയുന്നു. എന്നാൽ യുദ്ധമുന്നണിയിലോ സൈനിക ഓപ്പറേഷനിലോ രാജ്യത്തിന്റെ സ്വന്തം സൈനികർ നേരിടുന്ന നിയമപരവും ധാർമികവുമായ പരിമിതികൾ ഇത്തരം സ്വകാര്യ സൈനിക സംഘങ്ങൾക്കില്ല. അതിനാൽ തന്നെ ഇത്തരം സ്വകാര്യ സൈനിക സംഘങ്ങളെ ഊട്ടിവളർത്താൻ അമേരിക്കയും റഷ്യയും മത്സരിക്കുകയാണ്. യുദ്ധമുന്നണിയിൽ ഇത്തരം സ്വകാര്യ സൈനിക സംഘങ്ങൾ നൽകുന്ന മുൻതൂക്കം അവർക്ക് ഒഴിവാക്കാനാകില്ല. പണക്കാരായ വ്യവസായ ഭീമൻമാർ എതിരാളികളെ വകവരുത്താനോ സർക്കാരിനെ അട്ടിമറിക്കാനോ ഇത്തരം സംഘങ്ങളെ ഉപയോഗപ്പെടുത്താനുള്ള സാധ്യതയും വളരെ കൂടുതലാണ്. എന്തൊക്കെയാണെങ്കിലും ഇനിയുള്ള നാളുകളിൽ യുദ്ധങ്ങളിൽ മാത്രമല്ല രാജ്യാന്തര ബന്ധങ്ങളിലും സൈനിക മുൻതൂക്കത്തിലും നിർണായകമാകുക ഇത്തരം സൈനിക സംഘങ്ങളുടെ പ്രവർത്തനങ്ങളായിരിക്കുമെന്നതിൽ ഒരു തർക്കവുമില്ല. 

 

English Summary: What is a Private Military Company (PMC) and How Does it Operate?