ബിജെപി ഇപ്പോൾതന്നെ ഒരു തിരഞ്ഞെടുപ്പ് മൂഡിലാണ്. പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഏതാനും ആഴ്ചകൾക്ക് മുൻപ് രണ്ടു ദിവസത്തെ ബ്രെയിൻ സ്റ്റോമിങ് സെഷൻ നടത്തി. അതിൽ പങ്കെടുത്തുകൊണ്ട് അമിത് ഷാ പ്രവർത്തകരോട് പറഞ്ഞത് പക്ഷേ വിജയം ഉറപ്പാക്കണമെന്ന് ആയിരുന്നു. വിജയിക്കുമെന്ന കാര്യത്തിൽ മുൻപൊക്കെ ഒരു സംശയവും ഇല്ലാതിരുന്ന പാർട്ടിക്ക് ഇത്തവണ കാലേക്കൂട്ടി തന്നെ പ്രവർത്തകരെ ഉദ്ബുദ്ധരാക്കേണ്ടിവന്നു.. BJP . AAP

ബിജെപി ഇപ്പോൾതന്നെ ഒരു തിരഞ്ഞെടുപ്പ് മൂഡിലാണ്. പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഏതാനും ആഴ്ചകൾക്ക് മുൻപ് രണ്ടു ദിവസത്തെ ബ്രെയിൻ സ്റ്റോമിങ് സെഷൻ നടത്തി. അതിൽ പങ്കെടുത്തുകൊണ്ട് അമിത് ഷാ പ്രവർത്തകരോട് പറഞ്ഞത് പക്ഷേ വിജയം ഉറപ്പാക്കണമെന്ന് ആയിരുന്നു. വിജയിക്കുമെന്ന കാര്യത്തിൽ മുൻപൊക്കെ ഒരു സംശയവും ഇല്ലാതിരുന്ന പാർട്ടിക്ക് ഇത്തവണ കാലേക്കൂട്ടി തന്നെ പ്രവർത്തകരെ ഉദ്ബുദ്ധരാക്കേണ്ടിവന്നു.. BJP . AAP

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിജെപി ഇപ്പോൾതന്നെ ഒരു തിരഞ്ഞെടുപ്പ് മൂഡിലാണ്. പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഏതാനും ആഴ്ചകൾക്ക് മുൻപ് രണ്ടു ദിവസത്തെ ബ്രെയിൻ സ്റ്റോമിങ് സെഷൻ നടത്തി. അതിൽ പങ്കെടുത്തുകൊണ്ട് അമിത് ഷാ പ്രവർത്തകരോട് പറഞ്ഞത് പക്ഷേ വിജയം ഉറപ്പാക്കണമെന്ന് ആയിരുന്നു. വിജയിക്കുമെന്ന കാര്യത്തിൽ മുൻപൊക്കെ ഒരു സംശയവും ഇല്ലാതിരുന്ന പാർട്ടിക്ക് ഇത്തവണ കാലേക്കൂട്ടി തന്നെ പ്രവർത്തകരെ ഉദ്ബുദ്ധരാക്കേണ്ടിവന്നു.. BJP . AAP

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിംഗപ്പൂരിലെ ലോക നഗര ഉച്ചകോടിയിൽ പങ്കെടുത്ത് ഡൽഹി മോഡൽ അവതരിപ്പിക്കാനായിരുന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പദ്ധതി. യാത്രയ്ക്ക് പക്ഷേ ലഫ്. ഗവർണർ വി.കെ. സക്സേന ഉടക്കിട്ടു. ഉച്ചകോടി മേയർമാർ പങ്കെടുക്കുന്നതാണ്, ഒരു മുഖ്യമന്ത്രി പങ്കെടുക്കാൻ തക്കവണ്ണം ഗൗരവമുള്ളതല്ല എന്ന് ഗവർണർ കണ്ടെത്തി. ഡൽഹിയിൽ സർക്കാരിനുമേൽ സൂപ്പർ ഭരണാധികാരിയായി ഗവർണർ ഏറെക്കാലമായി തുടരുന്ന നീക്കങ്ങളുടെ തുടർച്ചയായിരുന്നു ഈ അനുമതി നിഷേധമെന്ന് മനസ്സിലാക്കാൻ വിശേഷബുദ്ധിയൊന്നും വേണ്ട. വിദേശ മന്ത്രാലയത്തിനും പ്രധാനമന്ത്രിക്കും അനുമതി തേടി എഴുതിയിട്ടും പാർട്ടിയുടെ എംപിമാർ പാർലമെന്റിൽ പ്രതിഷേധിച്ചിട്ടും ഫലമുണ്ടായില്ല. അപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം വിദേശയാത്ര നടത്തുന്നതോ എന്നൊരു ഉടക്ക് ചോദ്യം കേജ്‌രിവാൾ ചോദിച്ചു. ഓഗസ്റ്റ് 2,3 തീയതികളിലായിരുന്നു യോഗം. സിംഗപ്പൂരിലേക്ക് പോകാനിരുന്ന ഈ ദിവസങ്ങളിൽ ബിജെപിയുടെ തട്ടകമായ ഗുജറാത്തിലേക്കു വച്ചുപിടിക്കാമെന്ന് കേജ്‌രിവാൾ തീരുമാനിച്ചു. മുൻപ്, ബിജെപിയുടെ വളർച്ചയുടെ കാലത്ത് എൽ.കെ. അഡ്വാനി സോമനാഥ ക്ഷേത്രത്തെപ്പറ്റി പറയുമായിരുന്നു. അതേ സോമനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം കേജ്‌രിവാൾ നിരവധി പൊതുസമ്മേളനങ്ങൾ നടത്തി. ഗുജറാത്തിൽ 27 വർഷമായി നടക്കുന്ന ദുർഭരണത്തിന് ഒരൊറ്റ മരുന്നേയുള്ളൂ, അത് ആംആദ്മി പാർട്ടി ഭരണമാണ് എന്നായിരുന്നു കേജ്‌രിവാൾ യോഗങ്ങളിൽ പറഞ്ഞത്. കുറച്ചുകാലമായി എല്ലാ ആഴ്ചയും ഡൽഹിയിൽനിന്ന് ഗുജറാത്തിലേക്ക് വണ്ടി കയറുകയാണ് അരവിന്ദ് കേജ്‌രിവാൾ. ശത്രുവിനെ അതിന്റെ മടയിൽ ചെന്ന് ആക്രമിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും സംസ്ഥാനമായ ഗുജറാത്തിൽ 27 വർഷമായി തുടരുന്ന ബിജെപി ഭരണത്തിന് അന്ത്യം കുറിക്കുമെന്നാണ് ആംആദ്മി പാർട്ടി പ്രഖ്യാപിക്കുന്നത്. ഗുജറാത്തിൽ കേജ്‍രിവാൾ ലക്ഷ്യം കാണുമോ? ഗുജറാത്തിന്റെ കാര്യത്തിൽ ബിജെപി ഉന്നത നേതൃത്വത്തിന് ആശങ്കയുണ്ടെന്നാണ് ആംആദ്മി പാർട്ടിയുടെ വിശ്വാസം. കേന്ദ്ര ഏജൻസികൾ തങ്ങളുടെ നേതാക്കൾക്കു ചുറ്റും വട്ടമിട്ടു പറക്കുന്നത് അതിന്റെ സൂചനയാണത്രേ.

∙ മടിയിൽ കനമില്ലാതെ കേജ്‌രിവാൾ

ADVERTISEMENT

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ട ബോർഡുകൾ ഇങ്ങനെയായിരുന്നു– മടിയിൽ കനമില്ലാത്തവന് വഴിയിൽ ഭയമില്ല. കേന്ദ്ര സർക്കാരിനെ എതിർക്കുന്ന കാര്യത്തിൽ ഭയമില്ലാതെ മുന്നോട്ടുപോകുകയാണ് കേജ്‌രിവാൾ. മടിയിൽ കനമില്ലാത്തതിനാലാണ് കേജ്‌രിവാളിന് ആക്രമണം തുടരാൻ കഴിയുന്നതെന്ന് കരുതാം. ഡൽഹിയിലെ ആംആദ്മിയുടെ രണ്ടു മന്ത്രിമാർക്കെതിരെ ഇഡി കേസ് നിലവിലുണ്ടെങ്കിലും പിന്തിരിയാൻ ഒരുക്കമില്ല എന്ന സന്ദേശമാണ് കേജ്‌രിവാൾ നൽകുന്നത്. ഡൽഹിയിലെ എക്സൈസ് നിയമത്തിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി സിബിഐയും സർക്കാരിനെ കുരുക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഭയന്ന് നിൽക്കുന്നില്ല ആംആദ്മി പാർട്ടി.

ഡൽഹിയിൽ പാവപ്പെട്ടവർക്ക് അത്താണിയായ മൊഹല്ല ക്ലിനിക്കുകൾ തുടങ്ങിയ മന്ത്രി സത്യേന്ദ്ര ജെയിനാണ് ഇപ്പോൾ ഇഡിയുടെ തടവിലായിരിക്കുന്നത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെയാണ് എക്സൈസ് നയങ്ങളുടെ പേരിൽ സിബിഐ അന്വേഷണം നടത്തുന്നത്. ‍‍എക്സൈസ് നയത്തെപ്പറ്റി സിബിഐ അന്വേഷണത്തിനും ആശുപത്രി കെട്ടിടങ്ങൾ നിർമിച്ച സംഭവത്തിൽ അഴിമതി വിരുദ്ധ ബ്യൂറോയോടും അന്വേഷിക്കാൻ ആവശ്യപ്പെട്ട് രംഗത്തിറങ്ങിയതും ഗവർണർ തന്നെ. പ്രതിപക്ഷത്തെ ഒന്നാകെ ഇഡി ഭീഷണിയുടെ നിഴലിൽ നിർത്തുകയാണ് കേന്ദ്രം എന്നാണ് ആരോപണം. അതുകൊണ്ട് എല്ലാ മന്ത്രിമാർക്കെതിരെയും ഒരേസമയം കേസും അന്വേഷണവും നടത്തൂ എന്ന് കേജ്‌രിവാൾ ആവശ്യപ്പെട്ടത്. അതുകഴിഞ്ഞ് ബാക്കി സമയത്ത് ഭരണം നടത്താമല്ലോ എന്നായിരുന്നു പരിഹാസം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന നീക്കങ്ങൾ ബിജെപിക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം പറയുന്നു– കാരണം എല്ലാം ജനങ്ങൾ കാണുന്നുണ്ട്. ദുർബലരാണ് ഭീഷണിപ്പെടുത്തുന്നത്.

അരവിന്ദ് കേജ്‌രിവാൾ. ചിത്രം: twitter/ArvindKejriwal

2017ൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ജൂലൈയിൽ മന്ത്രി സത്യേന്ദ്ര ജെയിനിനെ അറസ്റ്റ് ചെയ്തത്. 2013ൽ ആം ആദ്മി പാർട്ടിയിൽ ചേരുന്നതിനു മുൻപ് കമ്പനികളുടെ ഡയറക്ടർ‍ സ്ഥാനം താൻ രാജിവച്ചു എന്നാണു മന്ത്രി പറഞ്ഞത്. കമ്പനിയുടെ ഡയറക്ടർ അല്ല ജെയിൻ എങ്കിൽ എന്തിനാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതെന്ന് കഴിഞ്ഞ ദിവസം കോടതിയും ഇഡിയോട് ചോദിച്ചിരുന്നു. തൽക്കാലം മറുപടി ഗുജറാത്തിൽ നൽകാമെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്.

∙ ‘ഗാരന്റി’കളുമായി കേജ്‌രിവാൾ

ADVERTISEMENT

ജൂലൈ 21നാണ് ‘ഞങ്ങൾ ഗാരന്റി നൽകുന്നു’ എന്ന മുദ്രാവാക്യമുയർത്തി പാർട്ടി രംഗത്തിറങ്ങിയത്. സൗരാഷ്ട്ര മേഖലയിലെ ഗിർ സോമനാഥ് ജില്ലയിലെ വെരാവൽ നഗരത്തിൽ സംഘടിപ്പിച്ച പൊതുറാലിയിലാണ് ഈ പ്രഖ്യാപനം നടത്തിയത്. എല്ലാ കുടുംബങ്ങൾക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യം, മുടക്കമില്ലാതെ വൈദ്യുതി, ഡിസംബർ വരെയുള്ള കടങ്ങൾ എഴുതിത്തള്ളൽ, 10 ലക്ഷം സർക്കാർ ജോലി, തൊഴിലില്ലാത്ത യുവാക്കൾക്ക് പ്രതിമാസം 3000 രൂപ തൊഴിലില്ലായ്മ വേതനം എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ.

ജിഎസ്ടി ലഘൂകരിക്കും, വാറ്റ് നികുതി 6 മാസത്തിനുള്ളിൽ മടക്കി നൽകും തുടങ്ങിയ വാഗ്ദാനങ്ങൾ വ്യവസായ സമൂഹം ശക്തമായ ഗുജറാത്തിൽ ആംആദ്മി ഉയർത്തുന്നു. റെയ്ഡ് രാജ് അവസാനിപ്പിക്കും എന്നതാണ് മറ്റൊരു ആകർഷകമായ വാഗ്ദാനം. ‘ഭയത്തിന്റെ അന്തരീക്ഷം’ ഇല്ലാതാക്കും. ‘ഞാൻ സംഭാവന പിരിക്കാനല്ല വന്നത്, ഞങ്ങൾക്ക് സംഭാവന ആവശ്യമില്ല’ എന്നും വ്യവസായികളോട് പറയുന്നു. പരമ്പരാഗതമായി ബിജെപിയെ പിന്തുണയ്ക്കുന്നവരാണ് ഗുജറാത്തിലെ വ്യാപാരി സമൂഹം. അവിടേക്ക് കടന്നുകയറാനാണ് ശ്രമം. ഡൽഹിയിലെ സുഹൃത്തുക്കളോട് അവിടുത്തെ ഭരണത്തിന്റെ മെച്ചം വിളിച്ചുചോദിക്കൂ എന്ന ആത്മവിശ്വാസപ്രകടനമാണ് കേജ്‌രിവാൾ നടത്തുന്നത്.

∙ സൗജന്യം അപകടമോ?

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു– സൗജന്യം നൽകിക്കൊണ്ടുള്ള ഭരണം അപകടമാണ്. അതും തിരിച്ചടിക്കാനുള്ള അവസരമാക്കി മാറ്റുകയാണ് കേജ്‌രിവാൾ. ഗുജറാത്തിന് 3.5 ലക്ഷം കോടി രൂപയുടെ കടമുണ്ട്. കേജ്‌രിവാൾ ഗുജറാത്തിലെ പൊതുയോഗങ്ങളിൽ ചോദിക്കുന്നത് ഇക്കാര്യമാണ്– ‘ഇതിന് പിന്നിൽ ആരാണ്? നിങ്ങൾക്ക് ഗുജറാത്തിൽ എന്തെങ്കിലും സൗജന്യമായി ലഭിക്കുന്നുണ്ടോ? ഇല്ല, പിന്നെ എങ്ങനെയാണ് ഈ കടം ഉണ്ടായത്? അഴിമതിയാണ് കാരണം’. സൗജന്യം നൽകുന്നവരെന്ന് ആംആദ്മി പാർട്ടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി പരിഹസിച്ച കാര്യം ഓർമിപ്പിച്ചുകൊണ്ട് കേജ്‌രിവാൾ ചോദിക്കുന്നു– അതെന്താ, പൊതുപണം കൊണ്ടുള്ള സൗജന്യം മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും മാത്രം മതിയോ? സാധാരണക്കാരന് വേണ്ടേ?

അരവിന്ദ് കേജ്‌രിവാൾ. ചിത്രം: twitter/ArvindKejriwal
ADVERTISEMENT

സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും നൽകുന്നത് സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കുമെന്ന വിമർശനം തെറ്റാണെന്നാണ് ആംആദ്മി പാർട്ടി പറയുന്നത്. ഒരു സർക്കാർ കടബാധ്യത ഉണ്ടാക്കുന്നത് സൗജന്യങ്ങൾ കൊണ്ടല്ല, അഴിമതി കൊണ്ടാണ്. ആംആദ്മി പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വൈദ്യുതിയും വെള്ളവും സൗജന്യ രേവഡിയായി (ഒരു മധുരപലഹാരം) നൽകുമ്പോൾ ബിജെപി അവരുടെ സുഹൃത്തുക്കൾക്ക് മാത്രമാണ് ‘രേവഡി’ നൽകുന്നതെന്നും അതെല്ലാം സ്വിസ് ബാങ്കുകളിലേക്കാണ് പോകുന്നതെന്നുമാണ് പരിഹസിച്ചത്. മോദി അധികാരത്തിലെത്തിയ ശേഷം കുത്തകകളുടെ 10 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്. നൂറോ ഇരുന്നൂറോ കോടി പാവപ്പെട്ടവർക്ക് സൗജന്യമായി നൽകുന്നതിനെ പരിഹസിക്കുകയാണ് മോദി എന്ന് കേജ്‌രിവാൾ പറയുമ്പോൾ ജനം ചിന്തിക്കുന്നു.

സൗജന്യങ്ങളല്ല സംസ്ഥാനങ്ങളെ കടക്കെണിയിലാക്കാൻ കാരണമെന്ന് വ്യക്തമാക്കാൻ ആംആദ്മി പാർട്ടി മുന്നോട്ടുവയ്ക്കുന്നത് സിഎജി റിപ്പോർട്ടാണ്. സൗജന്യങ്ങളേറെ നൽകിയിട്ടും 2015 മുതൽ ഡൽഹി സർക്കാരിന് റവന്യൂ മിച്ചമുണ്ട് എന്ന സിഎജി റിപ്പോർട്ടാണത്. പഞ്ചാബിൽ 51 ലക്ഷം കുടുംബങ്ങൾക്കാണ് പൂജ്യം വൈദ്യുതി ബിൽ വരുന്നത്. ബിജെപിക്ക് വോട്ടുചെയ്താൽ വിഷമദ്യം ലഭിക്കും, ആംആദ്മിക്ക് വോട്ടു ചെയ്താൽ തൊഴിൽ ലഭിക്കും. ഭാവ്‌നഗറിൽ 75 പേരുടെ മരണത്തിന് ഇടയാക്കിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയശേഷമാണ് ഈ മുദ്രാവാക്യം രൂപപ്പെട്ടത്.

∙ ബിജെപി– എഎപി പോരു മൂക്കും

അവഗണിക്കാം എന്നതായിരുന്നു ബിജെപി തന്ത്രം. എന്നാൽ തുടർച്ചയായി ആക്രമണം നടത്തുകയാണ് കേജ്‌രിവാൾ. അതിൽ പാർട്ടി പതറുന്നു. പലതിനും ഉത്തരം പറയേണ്ടിവരുന്നു. ശക്തമായ പ്രത്യാക്രമണം നടത്താനാണ് ഇപ്പോൾ ബിജെപി തീരുമാനം. ഈ വർഷം അവസാനമാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ ബിജെപി കേന്ദ്ര നേതൃത്വവും ആംആദ്മി പാർട്ടിയും തമ്മിലുള്ള ശത്രുത വർധിക്കുമെന്നാണ് സൂചനകൾ.

അമിത് ഷാ (Photo - PIB)

ബിജെപി ഇപ്പോൾതന്നെ ഒരു തിരഞ്ഞെടുപ്പ് മൂഡിലാണ്. പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഏതാനും ആഴ്ചകൾക്ക് മുൻപ് രണ്ടു ദിവസത്തെ ബ്രെയിൻ സ്റ്റോമിങ് സെഷൻ നടത്തി. അതിൽ പങ്കെടുത്തുകൊണ്ട് അമിത് ഷാ പ്രവർത്തകരോട് പറഞ്ഞത് വിജയം ഉറപ്പാക്കണമെന്ന് ആയിരുന്നു. വിജയിക്കുമെന്ന കാര്യത്തിൽ മുൻപൊക്കെ ഒരു സംശയവും ഇല്ലാതിരുന്ന പാർട്ടിക്ക് ഇത്തവണ കാലേക്കൂട്ടി തന്നെ പ്രവർത്തകരെ ഉദ്ബുദ്ധരാക്കേണ്ടിവന്നു. ആം ആദ്മി പാർട്ടിയുടെ അതിതീവ്ര പ്രചാരണം എങ്ങനെ തങ്ങളെ ബാധിക്കുമെന്ന കാര്യം ചർച്ച ചെയ്തതായാണ് നേതാക്കൾ പുറത്തു പറഞ്ഞത്. ആ ജാഗ്രത ശരിയാണെന്ന് പിന്നാലെ തെളിഞ്ഞു. ബിജെപിയെ ഞെട്ടിച്ചുകൊണ്ട് ഡിസംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിനായി 10 സ്ഥാനാർഥികളുടെയും പട്ടിക ആം ആദ്മി പുറത്തിറക്കി. 182 മണ്ഡലങ്ങൾ ഉള്ള സംസ്ഥാനത്ത് ആദ്യ പട്ടിക പുറത്തിറക്കുന്ന പാർട്ടിയായി ആം ആദ്മി മാറി.

കാലിനടിയിൽ നിന്ന് മണ്ണ് ചോരുന്നു എന്ന് സംശയം തോന്നിയതിനെ തുടർന്നാണ് ഏതാനും മാസങ്ങൾക്ക് മുൻപ് വിജയ് രൂപാണി എന്ന മുഖ്യമന്ത്രിയെ ബിജെപി മാറ്റിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ മാസവും സംസ്ഥാനം സന്ദർശിക്കുകയും പുതിയ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്യുന്നു. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിൽ നിന്നുള്ള പല പ്രമുഖ നേതാക്കളെയും ബിജെപി ചാക്കിട്ടു പിടിച്ചുകഴിഞ്ഞു. അങ്ങനെ കാര്യങ്ങൾ സുരക്ഷിതമാക്കുന്നതിനിടയിലാണ് ശല്യക്കാരനായി കേജ്‌രിവാളിന്റെ രംഗപ്രവേശം. ഇപ്പോൾ കറുത്തകുതിരയാകാൻ ഒരുങ്ങുകയാണോ ആംആദ്മി പാർട്ടി എന്ന സംശയമാണ് പാർട്ടിക്ക്. ആദിവാസി മേഖലകൾ പോലെ ബിജെപി അവഗണിച്ചിരുന്ന മേഖലകളിൽ ആംആദ്മി പാർട്ടി പ്രത്യേക ശ്രദ്ധ ചെലുത്തുന്നതും സംശയം വർധിപ്പിക്കുന്നു.

സോമനാഥ് ക്ഷേത്രത്തിൽ‌ അരവിന്ദ് കേജ്‌രിവാൾ. ചിത്രം: twitter/ArvindKejriwal

∙ ത്രികോണ മത്സരം ആദ്യം

അടുത്തിടെ പുറത്തുവന്ന ഒരു സർവേ അനുസരിച്ച് ബിജെപിക്ക് 40%, കോൺഗ്രസിന് 30%, ആം ആദ്മിക്ക് 13% എന്നിങ്ങനെയാണ് പിന്തുണ. പക്ഷേ അതു പഴയകഥയാണെന്ന് ആംആദ്മി നേതാവ് സന്ദീപ് പഥക് പറയുന്നു. ഇപ്പോൾ തന്നെ പിന്തുണ 20% കടന്നു. വരും മാസങ്ങളിൽ വിജയത്തിലേക്ക് കുതിക്കും. ഓരോ ദിവസവും പാർട്ടി ശക്തിപ്രാപിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ വാദം. രാജ്യസഭാ എംപി സന്ദീപ് പാഥക്കിനാണ് ഗുജറാത്തിന്റെ ചുമതല എഎപി നൽകിയിട്ടുള്ളത്.

ഒരു കാര്യം സത്യമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പു വരെ നേരിട്ടുള്ള മത്സരമാണ് സംസ്ഥാനത്ത് നടന്നുവന്നത്. ആദ്യമായി ത്രികോണ മത്സരത്തിന് കളമൊരുങ്ങുകയാണ്. കഴിഞ്ഞ തവണ ശക്തമായ വെല്ലുവിളിയുയർത്താൻ കോൺഗ്രസിന് കഴിഞ്ഞു. ഇത്തവണ ആം ആദ്മി വോട്ടുപിടിച്ചു മാറ്റുമ്പോൾ ബിജെപിക്ക് കാര്യങ്ങൾ എളുപ്പമാകുമെന്ന വിലയിരുത്തൽ പക്ഷേ ഉപരിപ്ലവമാണെന്ന് കരുതുന്നവരാണ് ഏറെയും. ബിജെപിയുടെ വോട്ടും ആം ആദ്മി പിടിക്കും എന്ന് നിരീക്ഷകർ പറയുന്നു.

വിശ്വസിക്കാൻ കൊള്ളാവുന്ന പാർട്ടി– ഈ പ്രതിഛായ ഉണ്ടാക്കുകയാണ് എഎപി. ത്രിവർണ പതാക ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള തിരംഗ് റാലി ക്യാംപെയ്ൻ ജൂണിൽ തന്നെ ആരംഭിച്ചിരുന്നു. സംസ്ഥാന പ്രസിഡന്റ് ഗോപാൽ ഇതാലിയയ്ക്കാണ് നേതൃത്വം. ത്രിവർണപതാകയോട് ബിജെപിക്ക് പെട്ടെന്ന് സ്നേഹം വരാൻ ഇതാണ് കാരണമെന്ന് ആം ആദ്മി പരിഹസിക്കുന്നു. ഭൂപേന്ദ്ര പട്ടേൽ എന്ന മുഖ്യമന്ത്രിയെ മുന്നിൽ നിർത്തി നിലവിൽ ഭരണം പിടിക്കാൻ കഴിയില്ലെന്നും അതിനാൽ അമിത് ഷായെ ബിജെപി പരിഗണിക്കുന്നതായും കേജ്‌രിവാൾ പറയുന്നു. പ്രകോപനമാണ് ലക്ഷ്യം.

ഗുജറാത്തിലെ എഎപി പൊതുസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഗോപാൽ ഇതാലിയ. ചിത്രം: twitter/PravinRam

∙ കോൺഗ്രസ് അസ്തമിക്കുമോ?

മഹാത്മാ ഗാന്ധിയുടെ നാടാണ് ഗുജറാത്ത്. സംസ്ഥാനത്ത് കോൺഗ്രസിന്റെ പ്രതാപം അസ്തമിച്ചുവെന്നാണ് തങ്ങളുടെ വിലയിരുത്തലെന്നാണ് ആംആദ്മി പാർട്ടി കേന്ദ്രങ്ങൾ പറയുന്നത്. ഉത്സാഹികളായ നേതാക്കളോ ലക്ഷ്യബോധമുള്ള പ്രാദേശിക നേതൃത്വമോ പാർട്ടിക്ക് ഇല്ല. ഈ സമയത്ത് കടന്നുകയറിയില്ലെങ്കിൽ കോൺഗ്രസിന് വോട്ടുചെയ്യുന്നവർ ബിജെപി പക്ഷത്തേക്ക് നീങ്ങാം. അതുകൊണ്ടാണ് ഗുജറാത്തിൽ തീവ്രപ്രചാരണം നടത്തുന്നതെന്ന് പാർട്ടി വ്യക്തമാക്കുന്നു. ഗുജറാത്തിൽ മാത്രമല്ല, രാജ്യമെങ്ങും കോൺഗ്രസിന് വോട്ടുചെയ്യുന്നവർ ആശങ്കയിലാണെന്നും പാർട്ടി കരുതുന്നു. കോൺഗ്രസ് വിജയിച്ചാലും, സർക്കാർ രൂപീകരിച്ചാലും നിലനിൽക്കണമെന്നില്ല. മധ്യപ്രദേശ്, ഗോവ, കർണാടക എന്നീ സംസ്ഥാനങ്ങളുടെ അനുഭവം അങ്ങനെയാണ്. കോൺഗ്രസ് കടലാസിൽ മാത്രമുള്ള പാർട്ടി എന്നാണ് അരവിന്ദ് കേജ്‌രിവാൾ പറയുന്നത്. കോൺഗ്രസിനു വോട്ട് ചെയ്യുന്നതുകൊണ്ട് ഫലം ഇല്ലെന്ന് ജനങ്ങളോട് പറയണമെന്നാണ് പ്രവർത്തകരെ അദ്ദേഹം ആഹ്വാനം ചെയ്യുന്നത്.

1985ലാണ് കോൺഗ്രസ് ഗുജറാത്തിൽ അവസാനമായി അധികാരത്തിലെത്തിയത്. ഇന്നത്തെ വോട്ടർമാരിൽ ഭൂരിപക്ഷവും അന്ന് ജനിച്ചിട്ടുണ്ടായിരുന്നില്ല എങ്കിലും 35% വോട്ട് ഇപ്പോഴും കോൺഗ്രസിനുണ്ട്. എന്നാൽ കോൺഗ്രസിനു വോട്ട് ചെയ്യുന്നവർ നിരാശരാണ്. വിജയത്തിലേക്ക് കുതിക്കാ‍ൻ നേതൃത്വം തയാറാവുന്നില്ല. ഫൈനലിലെത്തുകയും രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിയടയുകയും ചെയ്യുകയാണ് കോൺഗ്രസ്. കോൺഗ്രസിന്റെ പ്രതാപകാലവും സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന ചരിത്രമല്ല മുന്നോട്ടുവയ്ക്കുന്നത്. അക്കാലത്തും ഗുജറാത്തിന് വർഗീയലഹളയിൽ നിന്ന് മോചനമുണ്ടായിട്ടില്ല. വിഭജനത്തിനു ശേഷം ഞെട്ടിപ്പിക്കുന്ന പല വർഗീയ കലാപങ്ങളും നടന്ന സ്ഥലമാണ് ഗുജറാത്ത്. ഇതിൽ ഏറ്റവും ഭീകരമായിരുന്നു 1969ലേത്. കോൺഗ്രസിന്റെ ഹിതേന്ദ്ര ദേശായി ആയിരുന്നു അക്കാലത്ത് മുഖ്യമന്ത്രി.

ചിത്രം: AFP

മാധവ് സിങ് സോളങ്കിയുടെ കാലത്ത് ക്ഷത്രിയ- മുസ്‌ലിം- ദലിത് വോട്ടുബാങ്കിനെയാണ് ആശ്രയിച്ചത്. എൺപതുകളിൽ അമർസിങ് ചൗധരിയുടെ ഭരണകാലത്ത് 1986–87 കാലത്ത് നടന്ന അഹമ്മദാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ അബ്ദുൽ ലത്തീഫ് എന്ന അധോലോക രാജാവ് 5 വാർഡുകളിൽ വിജയിച്ചു. ജയിലിൽ കിടന്നുകൊണ്ടായിരുന്നു ജയം. മണ്ഡൽ വിരുദ്ധ സമരം അഹമ്മദാബാദിൽ തുടങ്ങിയ കാലത്ത് ലത്തീഫിനെ ഉപയോഗിച്ച് സമരക്കാരെ നേരിടാൻ ശ്രമം നടത്തി. ഇത് വർഗീയ വിഭജനത്തിന് ഇടയാക്കി. ഒരു വിഭാഗം ജനങ്ങൾ ബിജെപിയെ ശക്തമായി പിന്തുണയ്ക്കാൻ ലത്തീഫിന്റെ സാന്നിധ്യം കാരണമായി.

1995ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം കിട്ടിയില്ല. ജാതിരാഷ്ട്രീയം പയറ്റിയ കോൺഗ്രസിനെ വിശാല ഹിന്ദു ആശയത്തിന്റെ പിൻബലവും ന്യൂനപക്ഷ വിരോധവും മുതലെടുത്ത് ബിജെപി മൂലയ്ക്കിരുത്തി. 2002ലെ കുപ്രസിദ്ധി ആർജിച്ച കലാപത്തിനു ശേഷം ഏതു ഭാഗത്തുനിൽക്കണമെന്നറിയാതെ കുഴങ്ങുന്ന അവസ്ഥയിലാണ് കോൺഗ്രസ്. കോൺഗ്രസ് എംപിയായിരുന്ന എഹ്സാൻ ജാഫ്രിയെ പൈശാചികമായ രീതിയിൽ കൊലപ്പെടുത്തിയ കേസിൽ തെളിവുകൾ നൽകി പോരാട്ടം നടത്തിയ മനുഷ്യാവകാശ പ്രവർത്തകർ ടീസ്റ്റ സെതെൽവാദും ആർ.ബി. ശ്രീകുമാറും ജയിലിലാണ്. അവർക്കു വേണ്ടി ശബ്ദിക്കാൻ കോൺഗ്രസ് മുന്നിട്ടിറങ്ങിയില്ല. കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ജിഗ്നേഷ് മേവാനി മാത്രമാണ് ഇവർക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചത്. ചുരുക്കത്തിൽ ആശയക്കുഴപ്പത്തിലാണ് കോൺഗ്രസ്.

∙ ‘ഐ ലവ് യു’ രാഷ്ട്രീയമെന്ന്

ഗുജറാത്തിൽ ബിജെപിയും കോൺഗ്രസും ചേർന്ന് ‘ഐ ലവ് യു’ രാഷ്ട്രീയം കളിക്കുന്നുവെന്നാണ് ആംആദ്മി ആരോപിക്കുന്നത്. കോൺഗ്രസിന്റെ എല്ലാ ദേശീയ നേതാക്കളും ഇപ്പോൾ ബിജെപിയിലാണ്, അതുകൊണ്ട് അവർക്ക് വോട്ടു ചെയ്യരുത്. കോൺഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം ബിജെപിയിൽ ചേർന്നുകഴിഞ്ഞു, ബാക്കിയുള്ളവർ തിരഞ്ഞെടുപ്പിനു ശേഷം ബിജെപിയിൽ ചേരും എന്നാണ് കേജ്‌രിവാൾ കളിയാക്കുന്നത്. രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടാണ് ഹാർദിക് പട്ടേലിനെ വർക്കിങ് പ്രസിഡന്റാക്കിയത്. ഒരു വർഷം കഴിഞ്ഞപ്പോൾ പട്ടേൽ ബിജെപിയിലേക്കെത്തി.

ഗോപാൽ ഇതാലിയ. ചിത്രം: twitter/PravinRam

കോൺഗ്രസിനെ മാറ്റി മുഖ്യപ്രതിപക്ഷം ആവുക എന്നുള്ളത് ആംആദ്മി പാർട്ടിയെ സംബന്ധിച്ചിടത്തോളം കഠിനമാണ് പക്ഷേ അസാധ്യമല്ല എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളിലെയും അവസ്ഥ ഇതിന്റെ സൂചകമാണ്. ഗുവാഹത്തി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ 2 സീറ്റ് നേടുകയും മറ്റു രണ്ടെണ്ണത്തിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു എഎപി. കോൺഗ്രസിന് ഒന്നും കിട്ടിയില്ല. ബാക്കി 58 സീറ്റുകളും ബിജെപിയാണ് ജയിച്ചത്. മധ്യപ്രദേശിലെ സിംഗ്രൗലിയിൽ മേയർ ആയി ജയിച്ചത് റാണി അഗർവാൾ എന്ന ആംആദ്മി പ്രവർത്തകയാണ്. ഇവിടെ ബിജെപിയിൽ നിന്ന് നഗരസഭ പിടിച്ചെടുത്തു. കേജ്‌രിവാൾ അവിടെ നേരിട്ടെത്തി പ്രചാരണം നടത്തിയിരുന്നു. ഗോവയിൽ 2 നിയമസഭാ സീറ്റ് നേടി. കോൺഗ്രസ് ഒഴിച്ചിട്ട ശൂന്യതയിലേക്ക് ആം ആദ്മി കടന്നു വരുന്നു എന്നതിന്റെ സൂചനയാണിതെല്ലാം.

∙ പഞ്ചാബ് ആവർത്തിക്കുമോ?

പുതിയ ‘തിരഞ്ഞെടുപ്പ് അനുഭവം’ ജനങ്ങൾക്ക് സമ്മാനിക്കും എന്നാണ് ആംആദ്മി പാർട്ടി പ്രഖ്യാപിക്കുന്നത്. ഗുജറാത്തിലെ നഗരങ്ങളാണ് എക്കാലവും ബിജെപിയുടെ ശക്തി കേന്ദ്രങ്ങൾ. നഗരങ്ങൾ കോൺഗ്രസിന്റെ ദൗർബല്യവും. നഗരങ്ങളിലെ പല ബൂത്തുകളിലും ഒരു കോൺഗ്രസ് പ്രവർത്തകരെ പോലും കിട്ടാനില്ല. അതേസമയം നഗരങ്ങളിൽ നിന്നാണ് തങ്ങളുടെ ജൈത്രയാത്ര തുടങ്ങുന്നത് എന്നതാണ് ആം ആദ്മി പാർട്ടിയുടെ പ്രത്യേകത. ഉദാഹരണത്തിന് ഗാന്ധിനഗർ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ 22% വോട്ട് ആം ആദ്മി നേടി. സൂറത്തിൽ 28%, രാജ്കോട്ടിൽ 17%, ഭാവനഗറിൽ 8%, അഹമ്മദാബാദിൽ 7% വോട്ട് എന്നിങ്ങനെയായിരുന്നു നേട്ടം. നഗര വോട്ടർമാർ പാർട്ടിയെ പ്രതീക്ഷയോടെ കാണുന്നു എന്നതിന്റെ സൂചനയാണിത്. സൂററ്റ് മുനിസിപ്പാലിറ്റിയിൽ കോൺഗ്രസിനെ മാറ്റി പ്രതിപക്ഷമായത് ആംആദ്മിയാണ്. 22 അംഗങ്ങളാണ് വിജയിച്ചത്.

ഗുജറാത്തിലെ ഗ്രാമീണ മേഖലയിൽ എഎപിയുടെ ക്യാംപെയ്ൻ. ചിത്രം: twitter/PravinRam

അതേസമയം ഗ്രാമീണ വോട്ടർമാരെ സ്വാധീനിക്കുക എന്നത് പാർട്ടിയുടെ ഏറ്റവും വലിയ വെല്ലുവിളിയാണ്. അതിനായി ഭാരതീയ ട്രൈബൽ പാർട്ടിയുമായി (ബിടിപി) ചില സ്ഥലങ്ങളിൽ സഖ്യമുണ്ടാക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. തുടർച്ചയായും കുറഞ്ഞ ചെലവിലും വൈദ്യുതി ലഭിക്കും എന്നുള്ളത് ഗ്രാമീണ കർഷകരെ ആകർഷിച്ചേക്കാം. ഗോത്രവിഭാഗക്കാർക്ക് ഭരണത്തിൽ പങ്കാളിത്തം നൽകുന്ന ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂൾ പാർട്ടി അധികാരത്തിലെത്തിയാൽ നടപ്പാക്കുമെന്നാണ് എഎപി വാഗ്ദാനം നൽകുന്നത്.

ബിജെപിയെ വെല്ലുവിളിക്കാൻ പോകുന്ന സംഘടനാ സംവിധാനം ഇല്ല എന്നതിന് പുറമേ കേജ്‌രിവാൾ അല്ലാതെ മറ്റൊരു സ്റ്റാർ നേതാവ് ഇല്ല എന്നത് പരിമിതിയാണ്. പഞ്ചാബിൽ ആദ്യത്തെ തവണ കുറച്ചുസീറ്റുകളോടെയാണ് പാർട്ടി തലയുയർത്തിയത്. ഇപ്പോൾ വൻഭൂരിപക്ഷത്തോടെയാണ് അധികാരം പിടിച്ചത്. ഇതേ അവസ്ഥയാണ് ഗുജറാത്തിലും സംഭവിക്കുക. ക്ഷമയും ധൈര്യവും ഉള്ള പാർട്ടികൾക്ക് നേട്ടം കൊയ്യാൻ കഴിയുന്ന രാജ്യമാണ് ഇന്ത്യ എന്ന് ആം ആദ്മി തെളിയിക്കുന്നു. ഗുജറാത്ത് അടുത്ത അവസരമാണ് ഇപ്പോൾ മൂന്നാം സ്ഥാനത്ത് ആണെങ്കിലും പാർട്ടിക്ക് കഴിവ് തെളിയിക്കാൻ ഇനി അഞ്ചുമാസം കൂടിയുണ്ട്. കാത്തിരിക്കാം.

English Summary: Is BJP Scared of Arvind Kejriwal and AAP in Gujarat? Explainer