പിടിവിട്ടുയരുന്ന വിലപ്പെരുപ്പം, സാമ്പത്തിക മാന്ദ്യം,യുദ്ധം, അടിക്കടിയുള്ള പലിശ ഉയർത്തൽ.. പ്രതിബന്ധങ്ങളുടെ ഒരു ഘോഷയാത്രയെത്തന്നെ അതിജീവിച്ച് ആഗോളതലത്തിൽ വീണ്ടും ഓഹരി വിപണികൾ ഉണരുകയാണ്. പ്രതിസന്ധികൾ എല്ലാം ഇപ്പോഴും അതിജീവിച്ചിട്ടില്ല, യുദ്ധം അവസാനിച്ചിട്ടുമില്ല. വിലപ്പെരുപ്പം നിയന്ത്രണവിധേയമായിട്ടില്ല. വിപണിയിൽ നടക്കുന്ന റാലി യഥാർഥ മുന്നേറ്റം തന്നെയാണോ? അതോ ഇനിയും വലിയ ഇടിവുകൾ‍ കാത്തിരിക്കുന്നുണ്ടോ?

പിടിവിട്ടുയരുന്ന വിലപ്പെരുപ്പം, സാമ്പത്തിക മാന്ദ്യം,യുദ്ധം, അടിക്കടിയുള്ള പലിശ ഉയർത്തൽ.. പ്രതിബന്ധങ്ങളുടെ ഒരു ഘോഷയാത്രയെത്തന്നെ അതിജീവിച്ച് ആഗോളതലത്തിൽ വീണ്ടും ഓഹരി വിപണികൾ ഉണരുകയാണ്. പ്രതിസന്ധികൾ എല്ലാം ഇപ്പോഴും അതിജീവിച്ചിട്ടില്ല, യുദ്ധം അവസാനിച്ചിട്ടുമില്ല. വിലപ്പെരുപ്പം നിയന്ത്രണവിധേയമായിട്ടില്ല. വിപണിയിൽ നടക്കുന്ന റാലി യഥാർഥ മുന്നേറ്റം തന്നെയാണോ? അതോ ഇനിയും വലിയ ഇടിവുകൾ‍ കാത്തിരിക്കുന്നുണ്ടോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിടിവിട്ടുയരുന്ന വിലപ്പെരുപ്പം, സാമ്പത്തിക മാന്ദ്യം,യുദ്ധം, അടിക്കടിയുള്ള പലിശ ഉയർത്തൽ.. പ്രതിബന്ധങ്ങളുടെ ഒരു ഘോഷയാത്രയെത്തന്നെ അതിജീവിച്ച് ആഗോളതലത്തിൽ വീണ്ടും ഓഹരി വിപണികൾ ഉണരുകയാണ്. പ്രതിസന്ധികൾ എല്ലാം ഇപ്പോഴും അതിജീവിച്ചിട്ടില്ല, യുദ്ധം അവസാനിച്ചിട്ടുമില്ല. വിലപ്പെരുപ്പം നിയന്ത്രണവിധേയമായിട്ടില്ല. വിപണിയിൽ നടക്കുന്ന റാലി യഥാർഥ മുന്നേറ്റം തന്നെയാണോ? അതോ ഇനിയും വലിയ ഇടിവുകൾ‍ കാത്തിരിക്കുന്നുണ്ടോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിടിവിട്ടുയരുന്ന വിലപ്പെരുപ്പം, സാമ്പത്തിക മാന്ദ്യം, യുദ്ധം, താറുമാറായ വിതരണ ശൃംഖലകൾ, കേന്ദ്ര ബാങ്കുകളുടെ അടിക്കടിയുള്ള പലിശ ഉയർത്തൽ... ഇങ്ങനെ പ്രതിബന്ധങ്ങളുടെ ഒരു ഘോഷയാത്രയെത്തന്നെ അതിജീവിച്ച് ആഗോളതലത്തിൽ വീണ്ടും ഓഹരി വിപണികൾ ഉണരുകയാണ്. കഴിഞ്ഞ ഒക്ടോബർ മുതൽ ആരംഭിച്ച വിപണികളിലെ നഷ്ടങ്ങൾ പതിയെപ്പതിയെ നികന്നു തുടങ്ങുന്നു. ഓഹരി വിപണികൾ വീണ്ടും നേട്ടത്തിന്റെ പാതയിലേക്കു തിരിച്ചു വരുന്നു. നാലു മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് രാജ്യത്തെ ഓഹരി വിപണികൾ ഇപ്പോൾ. പ്രതിസന്ധികൾ എല്ലാം ഇപ്പോഴും അതിജീവിച്ചിട്ടില്ല, യുദ്ധം അവസാനിച്ചിട്ടുമില്ല. യുക്രെയ്ൻ–റഷ്യ യുദ്ധം തുടരുമ്പോഴും ചൈന– തയ്‌വാൻ യുദ്ധമുണ്ടാകുമോ എന്ന പേടി നിലനിൽക്കുന്നുണ്ട്. വിലപ്പെരുപ്പം നിയന്ത്രണവിധേയമായിട്ടില്ല. എങ്കിലും നിക്ഷേപകർ വീണ്ടും പ്രതീക്ഷയുടെ പാതയിലേക്കു തിരിച്ചു വരുന്നു. എന്തൊക്കെയാകും ഓഹരി വിപണികൾക്ക് ഇപ്പോൾ കുതിക്കാൻ ഇന്ധനം നൽകുന്ന ഘടകങ്ങൾ? വിപണിയിൽ നടക്കുന്ന റാലി യഥാർഥ മുന്നേറ്റം തന്നെയാണോ? അതോ ഇനിയും വലിയ ഇടിവുകൾ‍ കാത്തിരിക്കുന്നുണ്ടോ? തയ്‌വാൻ ഇനിയും വിപണിയിൽ ചലനമുണ്ടാക്കുമോ? ഇന്ത്യയിൽ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന കമ്പനികളുടെ മികച്ച ഫലങ്ങൾ നിക്ഷേപകരെ ആകർഷിക്കാൻ പോന്നതായിരുന്നു. ഓഗസ്റ്റിലും വിപണികൾ നേട്ടത്തിന്റെ പാതയിൽ മുന്നേറുമ്പോൾ ഒരു വിശകലനം.

∙ വിദേശനിക്ഷേപകർ വീണ്ടും ഇന്ത്യൻ വിപണിയിലേക്ക്

ADVERTISEMENT

ഏതാനും മാസങ്ങളിലായി വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്ഐഐ) വലിയ പിൻമാറ്റമായിരുന്നു ഇന്ത്യൻ ഓഹരി, ബോണ്ട് വിപണികളിൽ നടന്നിരുന്നത്. എഫ്ഐഐ നിക്ഷേപം വൻതോതിൽ പിൻവലിക്കപ്പെട്ടതിനാൽ ഓഹരി വിപണികളിൽ വലിയ ഇടിവുകളുണ്ടായി. ഡോളർ ശക്തമാകുന്നതായിരുന്നു ഇന്ത്യൻ വിപണികളിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിൻമാറ്റത്തിന്റെ പ്രധാന കാരണം. 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കാൽ ശതമാനത്തിലേക്കു കുറച്ച പലിശ നിരക്ക് വീണ്ടും പടിപടിയായി ഉയർത്താനുള്ള അമേരിക്കയുടെ തീരുമാനമാണ് ഡോളറിന്റെ കരുത്തു കൂട്ടുന്നതും നിക്ഷേപകരെ പിന്തിരിയാൻ പ്രേരിപ്പിക്കുന്നതും. എന്നാൽ പല വൻകിട നിക്ഷേപകരും മടങ്ങിവരുന്ന പ്രവണതയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഓഹരി വിപണികളിൽ കാണുന്നത്. ബോണ്ട് വരുമാനത്തിൽ ഇടിവുണ്ടായതോടെ ഡോളർ നേരിയ തോതിൽ ഇടിയുക കൂടി ചെയ്തതും നിക്ഷേപകർ ഇന്ത്യയിലേക്കു തിരിച്ചെത്താൻ കാരണമായി.

ചിത്രം: Shutterstock

∙ കരുത്ത് തെളിയിച്ച് ആഭ്യന്തര നിക്ഷേപകർ

വിദേശ നിക്ഷേപകരുടെ കുത്തൊഴുക്ക് വിപണിയിലുണ്ടായപ്പോഴും ഇന്ത്യൻ ഓഹരി വിപണിയെ ഒരു പരിധി വിട്ട് താഴേക്കു പോകാതെ പിടിച്ചു നിർ‌ത്തിയത് രാജ്യത്തെ ആഭ്യന്തര നിക്ഷേപകരാണ്. വിദേശനിക്ഷേപകരുടെ വിടവ് വിപണിയിൽ നികത്തിയത് ആഭ്യന്തര നിക്ഷേപകരുടെ ഇടപെടലാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകനയോഗത്തിലും വിലയിരുത്തലുണ്ടായി. പെട്ടെന്നുണ്ടാകുന്ന ചെറിയ ചലനങ്ങളിൽ വിദേശനിക്ഷേപകരെപ്പോലെ നിക്ഷേപം പിൻവലിച്ചുകൊണ്ടുപോകാത്ത ഈ ആഭ്യന്തര നിക്ഷേപകരാകും ഭാവിയിൽ ഇന്ത്യൻ ഓഹരി വിപണിയുടെ കരുത്ത്.

രാജ്യത്തെ കമ്പനികളുടെ പ്രകടനത്തിൽ രാജ്യത്തെ നിക്ഷേപകർക്കും നിക്ഷേപക സ്ഥാപനങ്ങൾക്കുമുള്ള വിശ്വാസമാകും ഭാവിയിൽ ഓഹരി വിപണിക്കു കുതിക്കാനുള്ള ഇന്ധനമേകുക. പാനിക് സെല്ലിങ് എന്നറിയപ്പെടുന്ന, വളരെ വേഗത്തിൽ ചെറുകാരണങ്ങളുടെ പേരിലുണ്ടാകുന്ന വലിയ വിറ്റൊഴിക്കലുകൾ ആഭ്യന്തര നിക്ഷേപകരിൽ നിന്ന് പൊതുവേ, ഉണ്ടാകാറില്ല. മാത്രമല്ല, പാനിക് സെല്ലിങ് ഉണ്ടാകുമ്പോൾ, വില കുറയുന്നത് അവസരമായി എടുത്ത് ആഭ്യന്തര നിക്ഷേപകർ ഓഹരികൾ വാങ്ങുന്ന പ്രവണതയും ഇപ്പോഴുണ്ട്.

ചിത്രം: Shutterstock
ADVERTISEMENT

മോർഗൻ സ്റ്റാൻലിയുടെ പഠന പ്രകാരം 2015 വരെ വിദേശ നിക്ഷേപകർക്ക് ഇന്ത്യയിലുള്ള നിക്ഷേപത്തിൽ 2.3 ശതമാനം ഇടിവു നേരിട്ട് 24.8 ശതമാനമായപ്പോൾ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപത്തിന്റെ വളർച്ച 5.8 ശതമാനം ഉയർന്ന് 9.5 ശതമാനമായി. ഈ സമയത്ത് വ്യക്തിഗത നിക്ഷേപകരുടെ നിക്ഷേപത്തിൽ 9 ശതമാനം വളർച്ച രേഖപ്പെടുത്തി. 2015 ലേതിനേക്കാൾ ആഭ്യന്തര നിക്ഷേപകർ വൻതോതിൽ ഓഹരി വിപണിയിലേക്ക് ഇപ്പോൾ വരുന്നുണ്ട്. കോവിഡിനു ശേഷം ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന ആഭ്യന്തര നിക്ഷേപകരുടെ എണ്ണം ഏതാണ്ട് ഇരട്ടിയോളമെത്തുകയും ചെയ്തു. എൽഐസി ഐപിഒ ലക്ഷക്കണക്കിന് ആളുകൾക്ക് ഓഹരി വിപണിയിലേക്കുള്ള വാതിൽ തുറന്നുകൊടുത്തു.

∙ വളരുന്നു... മ്യൂച്വൽ ഫണ്ടും എസ്ഐപിയും

കഴിഞ്ഞ ഒക്ടോബർ അവസാനത്തോടെയാണ് ഇന്ത്യൻ വിപണിയിൽ നിന്ന് വിദേശ നിക്ഷേപകരുടെ കൂട്ട പിൻമാറ്റം ആരംഭിക്കുന്നത്. ഡിസംബറോടെ വിറ്റൊഴിക്കലിന്റെ ശക്തി കൂടി. പുതുവർഷത്തിലും ഓഹരി വിപണികളിൽ ഇടിവായിരുന്നു. കഴിഞ്ഞ 9 മാസത്തിൽ 2.5 ട്രില്യൻ രൂപയാണ് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നു പിൻവലിച്ചുകൊണ്ടുപോയത്. യുദ്ധവും മറ്റ് ആഗോള രാഷ്ട്രീയ പ്രശ്നങ്ങളും വിവിധ കേന്ദ്രബാങ്കുകളുടെ പലിശ ഉയർത്തലുമെല്ലാം ഇതിനു കാരണങ്ങളായി. കഴിഞ്ഞ ജൂണിൽ മാത്രം വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) പിൻവലിച്ചത് 50,000 കോടി രൂപയാണ്. രണ്ടു വർഷത്തിലെ ഏറ്റവും വലിയ വിറ്റൊഴിക്കലായിരുന്നു ഇത്. എന്നാൽ ജൂലൈയിൽ ട്രെൻഡ് മാറി. വിദേശ നിക്ഷേപകർ വീണ്ടും ഇന്ത്യൻ ഓഹരി വിപണിയിലേക്കു തിരികെ എത്തുന്ന കാഴ്ചകൾ കണ്ടു തുടങ്ങി.

മുംബൈയിലെ ബോംബെ സ്റ്റോക് എക്സ്ചേഞ്ച്. (Photo by Punit PARANJPE / AFP)

ജൂലൈയിൽ 5000 കോടിയുടെ ഓഹരികൾ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ വാങ്ങി. എന്നാൽ ജൂണിൽ വിദേശ നിക്ഷേപകർ ഓഹരി വിറ്റഴിച്ചപ്പോൾ, അതായത് ഓഹരികളുടെ മൂല്യം കുറഞ്ഞപ്പോൾ, ആഭ്യന്തര സ്ഥാപക നിക്ഷേപകരും വ്യക്തിഗത നിക്ഷേപകരും ഈ ഓഹരികൾ വാങ്ങിക്കൂട്ടി. ഓഹരികളിൽ ഡിഐഐ (ഡൊമസ്റ്റിക് ഇൻസ്റ്റിസ്റ്റ്യൂഷനൽ ഇൻവെസ്റ്റേഴ്സ്) നിക്ഷേപകരുടെയും റീട്ടെയ്ൽ നിക്ഷേപകരുടെയും ഹൈലി നെറ്റ്‌വർത്ത് ഇൻഡിവീജ്വൽ (എച്ച്എൻഐ) നിക്ഷേപരുടെയും വിഹിതം റെക്കോർഡ് ഉയരത്തിലെത്തി. മ്യൂച്വൽ ഫണ്ടുകളും ഇൻഷുറൻസ് സ്ഥാപനങ്ങളും പെൻഷൻ ഫണ്ടുകളുമെല്ലാം അടങ്ങുന്നതാണ് ഡിഐഐ നിക്ഷേപകർ.

ADVERTISEMENT

2022 ൽ മ്യൂച്വൽ ഫണ്ട് കമ്പനികളിലുള്ള ഓഹരികളുടെ വിഹിതം 4.99 ൽ നിന്ന് 7.75 ആയി ഉയർന്നു. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) വഴി ഓഹരി വിപണിയിലേക്ക് കടക്കുന്ന പുതിയ നിക്ഷേപകരുടെയും എണ്ണം കൂടി. ഇതും ആഭ്യന്തര നിക്ഷേപം ഉയരാൻ കാരണമായി. നിലവിൽ ഏതാണ്ട് 5.5 ദശലക്ഷം ആക്ടീവ് മ്യൂച്വൽ ഫണ്ട് എസ്ഐപി അക്കൗണ്ടുകളുണ്ട്. 2017ലേതുമായി താരതമ്യം ചെയ്യുമ്പോൾ എസ്ഐപി വഴി ഓഹരി വിപണിയിലേക്കുള്ള നിക്ഷേപം മൂന്നിരട്ടിയായി ഉയർന്നു. 2022 സാമ്പത്തിക വർഷത്തിൽ 1.24 ട്രില്യൻ രൂപയുടെ നിക്ഷേപം ഓഹരി വിപണിയിൽ ഈ വിഭാഗത്തിലുണ്ട്. ആഭ്യന്തര നിക്ഷേപം ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിദേശ നിക്ഷേപകർ മടങ്ങിയെത്തുക കൂടി ചെയ്താൽ വിപണികൾ പുതിയ ഉയരങ്ങളിലേക്ക് ഉടൻ കടന്നേക്കും.

∙ മികച്ച ഫലം, മുന്നേറ്റത്തിന്റെ ഇന്ധനം

ആഗോള വിപണികളിലുണ്ടായ നേട്ടം മാത്രമല്ല ഇന്ത്യൻ ഓഹരി വിപണികളിലെ ഉയർച്ചയ്ക്കു കാരണം. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പുറത്തുവന്ന കമ്പനികളുടെ ഫലങ്ങൾ മികച്ചതായിരുന്നു. നിക്ഷേപകരെ ആകർഷിച്ചത് ഈ കോർപറേറ്റ് ഫലങ്ങൾ കൂടിയാണ്. ജൂലൈയിൽ മാത്രം ഇന്ത്യൻ ഓഹരി വിപണിയിൽ 8 ശതമാനം നേട്ടമുണ്ടായി. ഓഗസ്റ്റിലും വിപണികൾ നേട്ടത്തിന്റെ പാതയിലാണ്.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനു മുന്നിലെ കാഴ്ച. ചിത്രം: AFP

∙ നേട്ടം ആഗോളവിപണിയുടെ ചുവടുപിടിച്ച്

കഴിഞ്ഞ മാർച്ചിലുണ്ടായ ഇടിവിൽ നിന്ന് ആഗോള ഓഹരി വിപണി സൂചികകൾ ഏതാണ്ട് 11 ശതമാനം നേട്ടത്തിലെത്തി. നേട്ടത്തിലേക്കുള്ള ഓഹരികളുടെ പ്രയാണം തുടരുക തന്നെ ചെയ്യുമെന്നാണ് പല രാജ്യാന്തര സാമ്പത്തിക സ്ഥാപനങ്ങളും നൽകുന്ന സൂചന. ജെപി മോർഗനിലെ സാമ്പത്തിക ശാസ്ത്രജ്ഞരുടെ വിലയിരുത്തലുകൾ പ്രകാരം വിപണിയിലെ നേട്ടം ഈ വർഷം അവസാനം വരെ നിലനിൽക്കും. ഓഹരികളുടെ വില വാങ്ങാവുന്ന തരത്തിൽ നിലനിൽക്കുന്നതും ഫെഡറൽ റിസർവ് അടക്കമുള്ള കേന്ദ്രബാങ്കുകളുടെ പലിശ ഉയർത്തലുമെല്ലാം നിക്ഷേപകരെ ഓഹരി വിപണിയിലേക്ക് ആകർഷിക്കുന്നതാണെന്നാണ് ജെപി മോർഗന്റെ വിലയിരുത്തൽ.

അതേസമയം വിലപ്പെരുപ്പം വീണ്ടും ഉയർന്നാൽ വീണ്ടും ഇടിവ് പ്രതീക്ഷിക്കണമെന്നാണ് ബാർക്ലേയ്സ് പറയുന്നത്. എന്നാൽ തൊഴിലില്ലായ്മാ നിരക്ക് കുറഞ്ഞതോടെ അമേരിക്ക ഏതാണ്ട് സാമ്പത്തികമാന്ദ്യമുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ ആഴ്ച പുറത്തുവന്ന അമേരിക്കൻ ടെക് കമ്പനികളുടെ ഫലം ആഗോള വിപണികളിലെല്ലാം പ്രതിഫലിച്ചിരുന്നു. ആൽഫബെറ്റ്, മൈക്രോസോഫ്റ്റ്, ആപ്പിൾ, ആമസോൺ, ടെസ്‌ല തുടങ്ങിയ ആഗോള ടെക് വമ്പൻമാരെല്ലാം മികച്ച പാദഫലങ്ങളാണ് പുറത്തുവിട്ടത്. ആഗോളതലത്തിൽ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതായിരുന്നു ഈ ഫലങ്ങൾ. അതേസമയം സമൂഹ മാധ്യമ കമ്പനികളുടെ ഫലം മോശവുമായിരുന്നു.

ഇലസ്ട്രേഷൻ: REUTERS/Dado Ruvic/Illustration/File Photo

∙ തൊഴിലില്ലായ്മ കുറയുന്നു, മാന്ദ്യപ്പേടിയും

തൊഴിലില്ലായ്മാ നിരക്ക് കാര്യമായി കുറഞ്ഞതാണ് അമേരിക്കൻ ഓഹരി വിപണിയിൽ വലിയ ഉണർവുണ്ടാക്കിയത്. ഈ ഉണർവാണ് യൂറോപ്പിലേക്കും ഇന്ത്യ അടക്കമുള്ള ഏഷ്യൻ വിപണികളിലേക്കും പടർന്നത്. 5.2 ലക്ഷം പുതിയ തൊഴിലുകളാണ് കഴിഞ്ഞ മാസം അമേരിക്ക റിപ്പോർട്ട് ചെയ്തത്. ഇത് പ്രതീക്ഷിച്ചതിന്റെ രണ്ടിരട്ടിയാണ്. തുടർച്ചയായ രണ്ട് പാദങ്ങളിൽ ജിഡിപി നെഗറ്റീവ് വളർച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടും രാജ്യം സാമ്പത്തിക പ്രതിസന്ധിയിലല്ല, എന്ന് അമേരിക്ക ലോകത്തോടു പറഞ്ഞത് ഈ തൊഴിൽ കണക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു. സാമ്പത്തിക മാന്ദ്യത്തിലുള്ള ഒരു രാജ്യത്ത് എങ്ങനെ ഇത്രയേറെ തൊഴിലുകൾ കൊടുക്കാനാകുമെന്നാണ് അമേരിക്ക ചോദിക്കുന്നത്. പണപ്പെരുപ്പം ഇനിയും ഉയർന്നേക്കുമെന്നും വരും പാദങ്ങളിലും നെഗറ്റീവ് ജിഡിപി ഫലം ഉണ്ടായേക്കാമെന്നും അമേരിക്ക പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ഫെഡറൽ റിസർവിന്റെ പലിശ ഉയർത്തൽ അടക്കമുള്ള നയങ്ങൾ പ്രതിസന്ധി പരിഹരിക്കാനുള്ളതാണെന്ന വിശ്വാസവും നിക്ഷേപകർക്കുണ്ട്. ഓഹരി വിപണിയിൽ ഇപ്പോൾ നടക്കുന്ന ആശ്വാസ റാലിക്കു പിന്നിൽ ഈ വിശ്വാസം കൂടിയുണ്ട്.

∙ ക്രൂഡ് ഓയിൽ വില കുറയുന്നു

റഷ്യ–യുക്രെയ്ൻ യുദ്ധം മൂലം പിടിവിട്ടു കുതിച്ച ക്രൂഡ് ഓയിൽ വില കുറയുന്നത് വിപണികളിൽ സ്വാഭാവികമായ ഉണർവുണ്ടാക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഇറക്കുമതിക്കാരായ ചൈനയിൽ നിന്നുള്ള ക്രൂഡ് ഡിമാൻഡിൽ ജൂലൈയിലും കാര്യമായ ഉണർവ് ഉണ്ടാകുന്നില്ല. കോവിഡിനെ നേരിടാനുള്ള കനത്ത നിയന്ത്രണങ്ങൾ തുടരുന്നതാണു കാരണം. ഡിമാൻഡിൽ കാര്യമായ വർധന ഇല്ലാത്തതിനാലാണ് വിലയിൽ കുറവുണ്ടാകുന്നത്. 100 ഡോളറിനും താഴെയാണ് ഇപ്പോൾ ഒരു ബാരലിന്റെ വില. യുദ്ധത്തെത്തുടർന്ന് 130 ഡോളറിനു മുകളിലേക്കു വില കുതിച്ചുയർന്നിരുന്നു. ക്രൂഡ് വില ഉയരുന്നത് സാമ്പത്തിക പ്രവർത്തനങ്ങളെ ആകെ ബാധിക്കുമെന്നതിനാൽ വില ഉയരുന്നതിനനുസരിച്ച് ഓഹരി വിപണിയിൽ നഷ്ടവും കൂടും.

∙ തയ്‌വാൻ സ്വാധീനിക്കുമോ?

അമേരിക്കയും ചൈനയും തമ്മിൽ തയ്‌വാന്റെ പേരിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ഇനിയും ആഗോള തലത്തിൽ ഓഹരി വിപണികളെ ബാധിച്ചേക്കാം. ലോകത്തിലെ പ്രധാന ചിപ് നിർമാതാക്കളായ തയ്‌വാനിൽ യുദ്ധമുണ്ടായാൽ ഓട്ടമൊബീൽ, ഇലക്ട്രോണിക്സ് മേഖലകളിൽ വലിയ പ്രതിസന്ധിയുണ്ടാകും. എന്നാൽ പൊതുവേ യുദ്ധസമാന അന്തരീക്ഷമില്ലെന്ന വിലയിരുത്തലാണ് ഓഹരി വിപണികളിലുള്ളത്. ചൈന തയ്‌വാന്റെ ആകാശത്തും കടലിലും അഭ്യാസ പ്രകടനങ്ങൾ നടത്തിയതോടെ ഇന്ത്യ അടക്കമുള്ള ഓഹരി വിപണികളിൽ വലിയ ഇടിവു നേരിട്ടിരുന്നു. എന്നാൽ വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളിൽ വിപണി നഷ്ടങ്ങൾ തിരിച്ചുപിടിച്ച് നേട്ടത്തിന്റെ പാതയിലെത്തി. യുദ്ധമുണ്ടാകുമെന്ന വലിയ ആശങ്ക നിക്ഷേപകർക്കില്ലെന്ന സൂചനയാണ് ഇതു നൽകുന്നത്. അതേ സമയം വലിയ സംഭവവികാസങ്ങൾ അതിർത്തിയിൽ നടന്നാൽ വിപണിയിൽ അതിന്റെ പ്രതിഫലനങ്ങൾ ഉണ്ടാകുകയും ചെയ്യും.

∙ നിലനിൽക്കുമോ റാലി?

ഓഹരി വിപണികളിലെ നേട്ടങ്ങൾ തുടരുമെന്നു വിശ്വസിക്കുന്നവരും ഇനിയും ഇടിവുകൾക്കുള്ള സാധ്യതയാണുള്ളതെന്നു കരുതുന്നവരുമുണ്ട്. അമേരിക്കൻ, ഇന്ത്യൻ വിപണികളിൽ നടക്കുന്ന മുന്നേറ്റം സംശയമുളവാക്കുന്നതാണെന്നാണ് ജെഫറീസിന്റെ ഇക്വിറ്റി സ്ട്രാറ്റജി മേധാവി ക്രിസ്റ്റഫർ വുഡ് പറയുന്നത്. യഥാർഥ റാലിക്കുള്ള സാഹചര്യങ്ങൾ ഇപ്പോൾ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. എന്നാൽ ഇന്ത്യയിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടു വരികയാണെന്ന വിലയിരുത്തലുകളുമുണ്ട്. കഴിഞ്ഞ രണ്ടു മാസങ്ങളായി രാജ്യത്തേക്കുള്ള വിദേശ നിക്ഷേപം ഉയരുകയാണ്. വിദേശനിക്ഷേപം ആകർഷിക്കാനും രൂപയുടെ മൂല്യത്തകർച്ചയെ നേരിടാനുമുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടികൾ ലക്ഷ്യം കാണുന്നുണ്ട്.

അസംസ്കൃത എണ്ണവിലയിടിവ് രാജ്യത്തിന്റെ വ്യാപാരക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും കുറയ്ക്കും. ഇത് വളർച്ചയ്ക്കു കരുത്തു പകരും. ധനക്കമ്മിയും കുറയുകയാണ്. പലിശ നിരക്ക് ഉയർത്തുന്നതിനാൽ വിലപ്പെരുപ്പവും നിയന്ത്രണവിധേയമാകുമെന്ന പ്രതീക്ഷയുണ്ട്. രാജ്യത്തെ ബാങ്കുകളുടെ സ്ഥിതി ആരോഗ്യകരവുമാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പുറത്തുവന്ന കമ്പനികളുടെ പാദഫലങ്ങൾ മികച്ചവയുമായിരുന്നു. ഈ അനുകൂല സാഹചര്യങ്ങളിലാണ് ഇന്ത്യൻ ഓഹരി വിപണി ഇപ്പോൾ കരുത്തു കാട്ടുന്നത്. അപ്രതീക്ഷിതമായ ആഗോള പ്രതിസന്ധികൾ ഉണ്ടായില്ലെങ്കിൽ പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള കുതിപ്പായിരിക്കും വരും ദിവസങ്ങളിൽ സൂചികകൾ നടത്തുക.

English Summary: Why the Indian Stock Market is Rising despite Headwinds?