രൂപീകരിച്ച കാലം മുതൽ ഓരോ വർഷവും പിളരുകയും പുതിയ സംഘടനകൾ രൂപമെടുക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന് ബിജെപി പോലെ സമ്പത്തും കരുത്തും സംഘടനാബലവുമുള്ള ഒരു പാർട്ടിയെ നേരിടാൻ കഴിയുമോ? നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന കോൺഗ്രസ് പ്രസ്ഥാനം തന്നെ രാഷ്ട്രീയമായി ഏറെ തളർന്നിരിക്കുന്ന അവസ്ഥയിൽ ഈ ജനതാ കുടുംബ കൂട്ടായ്മ എത്രത്തോളം യാഥാർഥ്യമാകും? വിശദമായി വിലയിരുത്തുകയാണിവിടെ..

രൂപീകരിച്ച കാലം മുതൽ ഓരോ വർഷവും പിളരുകയും പുതിയ സംഘടനകൾ രൂപമെടുക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന് ബിജെപി പോലെ സമ്പത്തും കരുത്തും സംഘടനാബലവുമുള്ള ഒരു പാർട്ടിയെ നേരിടാൻ കഴിയുമോ? നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന കോൺഗ്രസ് പ്രസ്ഥാനം തന്നെ രാഷ്ട്രീയമായി ഏറെ തളർന്നിരിക്കുന്ന അവസ്ഥയിൽ ഈ ജനതാ കുടുംബ കൂട്ടായ്മ എത്രത്തോളം യാഥാർഥ്യമാകും? വിശദമായി വിലയിരുത്തുകയാണിവിടെ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രൂപീകരിച്ച കാലം മുതൽ ഓരോ വർഷവും പിളരുകയും പുതിയ സംഘടനകൾ രൂപമെടുക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന് ബിജെപി പോലെ സമ്പത്തും കരുത്തും സംഘടനാബലവുമുള്ള ഒരു പാർട്ടിയെ നേരിടാൻ കഴിയുമോ? നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന കോൺഗ്രസ് പ്രസ്ഥാനം തന്നെ രാഷ്ട്രീയമായി ഏറെ തളർന്നിരിക്കുന്ന അവസ്ഥയിൽ ഈ ജനതാ കുടുംബ കൂട്ടായ്മ എത്രത്തോളം യാഥാർഥ്യമാകും? വിശദമായി വിലയിരുത്തുകയാണിവിടെ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന 2024 ൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് 73 വയസ്സാകും. ഈ സമയത്ത് ആർജെഡി തലവനും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് 76 ഉം മുൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രി മുലായം സിങ് യാദവിന് 84 ഉം മുൻ പ്രധാനമന്ത്രി ദേവെ ഗൗഡയ്ക്ക് 91 ഉം വയസ്സാകും. ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇന്നു ജീവിച്ചിരിക്കുന്ന പ്രധാന നേതാക്കളെന്ന നിലയിൽ ചരിത്രത്തിൽ സ്വന്തം പേരെഴുതിയവരാണ് ഇവരെല്ലാവരും. ബിഹാറിൽ ഒരിക്കൽ പിരി‍ഞ്ഞ ബന്ധം വീണ്ടും പൊടിതട്ടിയെടുത്തുകൊണ്ട് നിതീഷ് കുമാറും ലാലുവിന്റെ മകൻ തേജസ്വി യാദവും വീണ്ടുമൊരു ഇന്നിങ്സിന് തുടക്കം കുറിച്ച സമയമാണിത്. 2024 ൽ നരേന്ദ്ര മോദി–അമിത് ഷാ സഖ്യത്തിന്റെ ബിജെപി മൂന്നാം തവണയും അധികാരത്തിനായി പടയ്ക്കിറങ്ങുമ്പോൾ പഴയ 'ജനതാ പരിവാർ' പൊടിതട്ടിയെടുക്കണമെന്ന ദേവെ ഗൗഡ‍യുടെ ആഗ്രഹം സഫലമാകുമോ? അതിന് 2024 വരെ കാത്തിരിക്കണമെങ്കിലും ഒരുക്കം തുടങ്ങുകയാണ് എന്ന സൂചനയാണ് എട്ടാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ നിതീഷ് കുമാർ പ്രകടിപ്പിച്ചത്. അതായത്, "2014-ൽ മോദി വിജയിച്ചു. പക്ഷേ 2024–ൽ അദ്ദേഹത്തിന് അത് സാധിക്കുമോ" എന്ന് നിതീഷ് ചോദിച്ചു കഴിഞ്ഞു. "മൂന്ന് പ്രധാനമന്ത്രിമാരെ സമ്മാനിച്ചതാണ് ജനതാ കുടുംബം. എനിക്ക് പ്രായമായി. എന്നാൽ വരുന്ന തലമുറയ്ക്കെങ്കിലും പഴയ ജനതാ കുടുംബത്തെ ഒന്നിപ്പിക്കാനും ഇന്ത്യയെ കൈപിടിച്ചു നടത്താനും കഴിഞ്ഞെങ്കിൽ എന്നാണ് ആഗ്രഹം"– ബിഹാറിലെ സംഭവ വികാസങ്ങളോട് ഗൗ‍ഡ പ്രതികരിച്ചത് ഇങ്ങനെയാണ്. എന്നാൽ അതത്ര എളുപ്പമാണോ? രൂപീകരിച്ച കാലം മുതൽ ഓരോ വർഷവും പിളരുകയും പുതിയ സംഘടനകൾ രൂപമെടുക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന് ബിജെപി പോലെ സമ്പത്തും കരുത്തും സംഘടനാബലവുമുള്ള ഒരു പാർട്ടിയെ നേരിടാൻ കഴിയുമോ? നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന കോൺഗ്രസ് പ്രസ്ഥാനം തന്നെ രാഷ്ട്രീയമായി ഏറെ തളർന്നിരിക്കുന്ന അവസ്ഥയിൽ ഈ ജനതാ കുടുംബ കൂട്ടായ്മ എത്രത്തോളം യാഥാർഥ്യമാകും എന്നതാണ് ചോദ്യം.

∙ അന്ന് മുലായത്തെ തെറിപ്പിച്ചു, കർണാടകയും കയ്യിൽ നിന്നു പോയി

ADVERTISEMENT

1996–ജൂൺ ഒന്നിന് ദേവെ ഗൗ‍ഡ എന്ന 'പാവം കർഷകൻ' പ്രധാനമന്ത്രിയായില്ലെങ്കിൽ ആ സ്ഥാനത്തിരിക്കേണ്ട ആളായിരുന്നു സമാജ്‌വാദി പാർട്ടി സ്ഥാപകൻ കൂടിയായ മുലായം. എന്നാൽ രാം മനോഹർ ലോഹ്യ എന്ന ഇന്ത്യൻ സോഷ്യലിസ്റ്റ് നേതാവിനു കീഴിൽ രാഷ്ട്രീയ കളരി അഭ്യസിച്ച ലാലുവും മുലായവും പ്രധാനമന്ത്രി പദത്തിന്റെ കാര്യത്തിലെത്തിയപ്പോൾ ഉടക്കി. അങ്ങനെ ദേവെ ഗൗ‍‍‍ഡയെ കൂട്ടുപിടിച്ച് മുലായത്തെ ഒതുക്കി ലാലു കര്‍ണാകടത്തിൽ നിന്നുള്ള 'പാവം കർഷക'നെ പ്രധാനമന്ത്രി പദത്തിലെത്തിച്ചു. ആ മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയായി മുലായം ഒതുങ്ങി.

മുലായം സിങ് യാദവ്. ചിത്രം: AFP

ഇതേ ലാലുവും ദേവെ ഗൗ‍‍‍‍‌‍ഡയും ചേർന്നാണ് തങ്ങളുടെ മറ്റൊരു സഹപ്രവർത്തകനും ജനതാദളിലെ തലമുതിർന്ന നേതാവുമായ രാമകൃഷ്ണ ഹെഗ്‍ഡയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ഒരിക്കൽ പ്രധാനമന്ത്രി പദത്തിലെത്തുമെന്ന് 1980–കളിൽ എല്ലാവരും കരുതിയിരുന്ന ആളായിരുന്നു കർണാടത്തിലെ പ്രബലമായ ലിംഗായത്ത് സമുദായാംഗമായിരുന്ന ഹെഗ്ഡെ. ഇതിന്റെ എതിർസമുദായമായ വൊക്കലിഗക്കാരനായിരുന്നു ജനതാദളിന്റെ മറ്റൊരു നേതാവായ ഗൗഡ‍. എന്തായാലും ഗൗഡ‍ പ്രധാനമന്ത്രിയായത് ഹെഗ്ഡെയ്ക്ക് ഒരുവിധത്തിലും സഹിക്കാൻ പറ്റുന്ന കാര്യമായിരുന്നില്ലെന്ന് അന്നത്തെ റിപ്പോർട്ടുകൾ പറയുന്നുണ്ട്. വാർത്തയറിഞ്ഞപ്പോൾ ഗൗ‍ഡയുടെ ഹിന്ദി പരി‍ജ്ഞാനത്തെ അടക്കം ഹെഗ്ഡെ പരിഹസിച്ചത്രെ. വിശ്വാസ വോട്ട് നേടിക്കഴിഞ്ഞ ശേഷം ലാലുവിന്റെ സഹായത്തോടെ ഗൗഡ ആദ്യം ചെയ്തത് ഹെഗ്ഡയെ പുറത്താക്കുകയായിരുന്നു. ഇതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജനതാദൾ പിളർന്നു.

ഗൗഡയുടെ നേതൃത്വത്തിൽ ജനതാദൾ (െസക്യുലർ) ഉണ്ടായപ്പോൾ ഹെഗ്‍ഡെ ജനതാദളിൽ (യുണൈറ്റഡ്) എത്തി. തന്നെ പുറത്താക്കിയതിന്റെ പകരമായി ഹെഗ്ഡെ ചെയ്തത് അതുവരെ കർണാടക രാഷ്ട്രീയത്തിൽ കാര്യമായ ശബ്ദമല്ലാതിരുന്ന ബിജെപിയുമായി സഖ്യമുണ്ടാക്കുകയാണ്. അതോടെ, ഹെഗ്ഡെയുടെ പക്കലുണ്ടായിരുന്ന ഭൂരിപക്ഷ ലിംഗായത്ത് വോട്ടുകൾ ബിജെപിയിലേക്ക് മറിഞ്ഞു. 2004–ൽ ഹെഗ്ഡെയുടെ പാർട്ടി നാമാവശേഷമാവുകയും വൈകാതെ അദ്ദേഹം അന്തരിക്കുകയും ചെയ്തു. അവിടെ നിന്നാണ് ബി.എസ് യെദിയൂരപ്പ എന്ന ലിംഗായത്ത് നേതാവ് കർണാടകത്തിൽ ബിജെപിയെ വളർത്തുന്നത്. ഹെഗ്ഡയെ പുറത്താക്കിയത് താനല്ല ലാലുവാണെന്ന് ഗൗഡയും, തിരിച്ചാണെന്ന് ലാലുവുമൊക്കെ പിന്നീടു പറഞ്ഞിട്ടുള്ളത് ചരിത്രം.

എച്ച്.ഡി.ദേവെഗൗഡ

∙ പഴയ കുപ്പിയിലെ പഴയ വീ​ഞ്ഞ്

ADVERTISEMENT

2014–ൽ വമ്പൻ ഭൂരിപക്ഷത്തോടെ മോദിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിൽ വന്നതിനു തൊട്ടു പിന്നാലെ പഴയ ജനതാ പാർട്ടി കുടുംബത്തിലെ നേതാക്കൾ ഒത്തുകൂടിയിരുന്നു. മോദി എൻഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാകുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ച് നിതീഷ് കുമാർ എൻഡിഎ ബന്ധം ഉപേക്ഷിച്ച സമയവുമായിരുന്നു അത്. ജെഡി(യു)വിൽ നിന്ന് നിതീഷ് കുമാറിനു പുറമെ പാർട്ടി സ്ഥാപകാംഗം ശരത് യാദവ്, ആർജെ‍ഡിയിൽ നിന്ന് ലാലു യാദവ്, എസ്പിയിൽ നിന്ന് മുലായം, ജെഡിഎസിന്റെ ദേവെഗൗ‍ഡ, ഐഎൻഎൽഡിയുടെ ഓം പ്രകാശ് ചൗട്ടാല തുടങ്ങിയവരായിരുന്നു അന്ന് ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകിയത്. ജനതാ പരിവാർ എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച ഈ കൂട്ടായ്മയ്ക്ക് മുലായം നേതൃത്വം നൽകട്ടെ എന്നായിരുന്നു പൊതുവായ തീരുമാനം.

പുതിയ കൂട്ടായ്മയ്ക്ക് സമാജ്‌വാദി ജനതാദൾ എന്ന് പേരു നൽകാനും എസ്പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിൾ മുന്നണിയുടെ ചിഹ്നമാക്കാനും തത്വത്തിൽ ധാരണയായിരുന്നു. ചരിത്രപരമായ തീരുമാനം എന്നായിരുന്നു നേതാക്കൾ ഇതിനെ വിശേഷിപ്പിച്ചത്. ജനതാ പരിവാറിലെ അതാത് പ്രാദേശിക പാർട്ടികൾ തങ്ങളുടെ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കാനും അതുവഴി കോൺഗ്രസിനും ബിജെപിക്കും ബദലാകാനും സാധിക്കും എന്നുമായിരുന്നു പ്രഖ്യാപനം. എന്നാൽ തൊട്ടടുത്ത വര്‍ഷം – 2015ൽ– നടന്ന ബിഹാർ തെരഞ്ഞെടുപ്പ് വരെ പോലും ഈ കൂട്ടായ്മ നിലനിന്നില്ല.

മുലായം സിങ് യാദവ്, ശരദ് യാദവ്, ലാലു പ്രസാദ് യാദവ്

യാതാരു അടിത്തറയുമില്ലെങ്കിലും മുലായത്തിന്റെ എസ്പി ബിഹാറിൽ പോയി ഒറ്റയ്ക്ക് മത്സരിച്ചു. അതേ സമയം, പഴയ ശത്രുത മറന്ന് ബിജെപിക്കെതിരെ സഖ്യം തീരുമാനിച്ച ജെഡ്(യു)–ആർജെഡി– കോൺഗ്രസ് സഖ്യം വമ്പൻ വിജയം നേടി അധികാരം പിടിച്ചു. എന്നാൽ ഇതും അധികം മുന്നോട്ടു പോയില്ല. കേവലം രണ്ടു വര്‍ഷത്തിനുള്ളിൽ നിതീഷ്, 1996 മുതലുള്ള സഖ്യകക്ഷിയായ ബിജെപി സഖ്യത്തിലേക്ക് തിരികെ പോയി. അവിടെ നിന്നുള്ള മടങ്ങിവരവാണ് 2022–ൽ സംഭവിച്ചിരിക്കുന്നത്. യുപിയിലാകട്ടെ, എസ്പിയെ തറപറ്റിച്ച് 2017–ൽ ബിജെപി അധികാരം പിടിച്ചു. 2022–ലും എസ്പിയുടെ മടങ്ങി വരവ് സാധ്യമായില്ല.

മുലായം വാർധക്യത്തിന്റേതായ അവശതയിലാണ്, കാലിത്തീറ്റ കുംഭകോണ കേസുകളിൽ തുടർച്ചയായി ശിക്ഷിക്കപ്പെട്ട ലാലു രോഗക്കിടക്കയിലും. ഇരുവരുടെയും മക്കളാണ് ഇപ്പോള്‍ നേതൃസ്ഥാനത്ത്. ബിഹാറിൽ ഇന്ന് ജനപിന്തുണയുള്ള ഏറ്റവും വലിയ യുവനേതാവാണ് തേജസ്വി യാദവ്. നിതീഷ് കുമാറിന്റെ രാഷ്ട്രീയ ജീവിതം അവസാനിക്കുമ്പോൾ ബിഹാറിനെ നയിക്കാനുള്ള പക്വത ഈ യുവനേതാവ് പ്രകടിപ്പിക്കുന്നുണ്ട് എന്നും രാഷ്ട്രീയ നിരീക്ഷകർ‌ ചൂണ്ടിക്കാണിക്കാറുണ്ട്. യുപിയിലാകട്ടെ, ബിജെപിയുടെ ഏക രാഷ്ട്രീയ എതിരാളിയാണ് മുലായത്തിന്റെ മകൻ അഖിലേഷ് യാദവ്. എസ്പി–ബിഎസ്പി എന്ന സാമുദായിക അടിത്തറയിലധിഷ്ഠിതമായ സമവാക്യം െതറ്റിച്ച് കളം പിടിച്ച ബിജെപിയെ മറികടക്കാൻ അഖിലേഷ് യാദവിന് അത്രയെളുപ്പം സാധിക്കുന്ന കാര്യവുമല്ല.

മുലായം സിങ് യാദവ്
ADVERTISEMENT

കർണാടകയിലാകട്ടെ, നാൾക്കുനാൾ തളർന്നു കൊണ്ടിരിക്കുകയാണ് ദേവെഗൗഡയുടെ ജെഡി(എസ്). ഒറ്റയ്ക്ക് ഭരണം പിടിക്കാനുള്ള കെൽപ്പില്ല. ബിജെപിക്കൊപ്പമോ കോൺഗ്രസിനൊപ്പമോ തരാതരം പോലെ സഖ്യം രൂപീകരിക്കുന്നതു വഴിയുള്ള നിലനിൽപ്പാണ് ആകെയുള്ള പിടിവള്ളി. ഹരിയാനയിലാകട്ടെ, ഓം പ്രകാശ് ചൗട്ടാലയുടെ രാഷ്ട്രീയ ജീവിതം ഏതാണ്ട് അവസാനിച്ചു. സ്വന്തം പാർട്ടിയായ ഐഎൻഎൽഡി പിളർത്തിയാണ് മകൻ അജയ് ചൗട്ടാലയും െകാച്ചുമകൻ ദുഷ്യന്ത് ചൗട്ടാലയും ചേർന്ന് പുതിയ പാർട്ടിയുണ്ടാക്കിയത്. അതാകട്ടെ ബിജെപിക്കൊപ്പം സംസ്ഥാന ഭരണം പങ്കിടുകയുമാണ്. നിലവിൽ ഇതാണ് ഒരു മൂന്നാം മുന്നണിയെന്ന രൂപത്തിൽ ഉയിർത്തെഴുന്നേൽക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ജനതാ പരിവാറിന്റെ അവസ്ഥ.‌‌

∙ നെഹ്റുവിന്റെ ക്ഷണം തള്ളിയ ജെപി

സ്വാതന്ത്ര്യാനന്തരം 1952–ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ വൻ വിജയമാണ് ജവാഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേടിയത്. എന്നാൽ സ്വാതന്ത്ര്യ സമരത്തിൽ കോൺഗ്രസിനൊപ്പമുണ്ടായിരുന്ന ജയപ്രകാശ് നാരായണും (ജെ.പി) രാം മനോഹർ ലോഹ്യയും അടക്കമുള്ള സോഷ്യലിസ്റ്റ് നേതാക്കളാകട്ടെ, ഇതിെലാന്നും ഉൾപ്പെടാതെ മാറി നിന്നു. വിജയം നേടിയെങ്കിലും പ്രതിപക്ഷത്തിന്റെ അഭാവം ഉണ്ടായതോടെ നെഹ്റു ജെ.പിയെ തന്റെ പിൻഗാമിയായി മന്ത്രിസഭയിലേക്ക് ക്ഷണിച്ചിരുന്നു എന്ന് പിൽക്കാലത്ത് വെളിപ്പെടുത്തലുണ്ടായി. ഇരുവരുടെയും കൂടിക്കാഴ്ച രേഖപ്പെടുത്തിയ നെഹ്റുവിന്റെ ബന്ധു കൂടിയായിരുന്ന സഹായിയും ഐസിഎസ് ഓഫിസറുമായ ബ്രിജ് കുമാർ നെഹ്റുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഈ ഓഫർ നിഷേധിക്കുകയാണ് ജെ.പി ചെയ്തത്. അന്ന് ഈ സോഷ്യലിസ്റ്റ് നേതാക്കളെല്ലാം പ്രവർത്തിച്ചിരുന്ന പ്രജാ സോഷ്യലിസ്റ്റ് പാർട്ടി കോൺഗ്രസിൽ ലയിപ്പിക്കാമെന്നും നെഹ്റു വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ ജെപിയും പാർട്ടിയിലെ വലിയൊരു വിഭാഗവും ഇതെല്ലാം തള്ളിക്കളഞ്ഞു. നെഹ്റുവിന്റെ പിൻഗാമിയാകാനല്ല, മറിച്ച് മഹാത്മാ ഗാന്ധിയുടെ പിൻഗാമിയാകാനായിരുന്നു അമേരിക്കൻ വിദ്യാഭ്യാസമൊക്കെ നേടിയിട്ടുള്ള ജെപിയുടെ ആഗ്രഹമെന്നെല്ലാം വ്യാഖ്യാനങ്ങളുമുണ്ടായിട്ടുണ്ട്.

ജവാഹർ ലാൽ നെഹ്‌റു

അന്ന് അധികാരത്തിന്റെ ശീതളിമയിൽ നിന്ന് ഒഴിഞ്ഞു നിന്ന, നെഹ്റുവിനൊപ്പമോ അതിലുമേറെയോ തലപ്പൊക്കമുള്ള സോഷ്യലിസ്റ്റ് നേതാക്കൾ തമ്മിലുള്ള ആശയപരമായ തർക്കം വർധിക്കുകയും പാർട്ടികൾ പിളരുകയും പുതിയവ പിറക്കുകയും ഒക്കെ ചെയ്തു. അടുത്ത തലമുറ ആയപ്പോഴേക്കുമാണ് അധികാരവും ഈ നേതാക്കൾ തമ്മിലുള്ള മത്സരങ്ങൾക്ക് കാരണമായത്. പ്രജാ സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ച് ഒരു വർഷമായപ്പോേഴക്കും ലോഹ്യയെ അതിൽ നിന്ന് പുറത്താക്കി. ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന സമയമൊക്കെ ആയപ്പോഴേക്കുംതന്നെ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയും ലോഹ്യ രൂപീകരിച്ച സോഷ്യലിസ്റ്റ് പാർട്ടിയുമൊക്കെ പല തവണ പിളരുകയും വീണ്ടും ലയിക്കുകയുമൊക്കെ ചെയ്തിരുന്നു. 1970–കളുടെ തുടക്കത്തിലാണ് പിന്നീട് സോഷ്യലിസ്റ്റ് പാർട്ടികൾ ഒന്നിക്കുന്നത്.

കാലിത്തീറ്റ കുംഭകോണക്കേസിലെ പ്രതിയെന്ന ആക്ഷേപവും ലാലുവിന്റെ ഭരണകാലത്ത് ബിഹാറിൽ മാഫിയാ ഭരണം (ജംഗിൾരാജ്) ആയിരുന്നു എന്ന ആരോപണവുമൊക്കെ നിലനിൽക്കുമ്പോഴും ഈയടുത്തു വരെ ജനക്കൂട്ടത്തെ ആകർഷിക്കാൻ കഴിയുന്ന നേതാവായിരുന്നു ലാലു പ്രസാദ് യാദവ്. ലാലു ജയിലിൽ ആയതോടെ തകർന്നുപോകുമായിരുന്ന പാർട്ടിയെ ആണ് മകൻ തേജസ്വി യാദവിന്റെ നേതൃത്വത്തിൽ ഇപ്പോൾ അധികാരത്തിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുന്നത്.

അപ്പോഴേക്കും ഇന്ദിരാ ഗാന്ധിയും കോൺഗ്രസും രാജ്യത്തെ അതിശക്തരായി വളർന്നിരുന്നു. ഇതോടെയാണ് ജയപ്രകാശ് നാരായണിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് തുടക്കമാവുന്നത്. സോഷ്യലിസ്റ്റ് പാർട്ടിയും ജനസംഘവും സോഷ്യലിസ്റ്റ് ധാരയിലുള്ള മറ്റ് പാർട്ടികളെയും ഉൾപ്പെടുത്തി ഈ ഘട്ടത്തിലാണ് ജയപ്രകാശ് നാരായൺ ജനതാ പാർട്ടി രൂപീകരിക്കുന്നത്. ഈ കൂട്ടായ്മ പക്ഷേ അധികം നീണ്ടു നിന്നില്ല. വിദ്യാർഥിയായിരുന്ന കാലത്ത് തീപ്പൊരി നേതാവായിരുന്ന മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെയും ചരൺസിങ്ങിന്റെയും ഇന്ദിരാ ഗാന്ധിയെ തോൽ‌പ്പിച്ചതിലൂടെ പ്രശസ്തനായ രാജ് നാരായന്റെയും നേതൃത്വത്തിൽ പാർട്ടി രണ്ടായി. പിന്നീട് ചരൺസിങ്ങും നാരായനും തമ്മിൽ പിരിഞ്ഞു. ഇരു പാർട്ടികളും പല പിരിയലുകളും ലയനവുമൊക്കെ കണ്ടതിനു ശേഷം ലോക്ദൾ ആയി രൂപം മാറി. ഈ ലോക്ദൾ വീണ്ടും പിളർന്ന് രണ്ടായി. അപ്പോഴും പിളരാതെ നിന്ന ചന്ദ്രശേഖറിന്റെ ജനതാ പാർട്ടിയിൽ ചരൺസിങ്ങിന്റെ മകൻ അജിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ലോക്ദൾ വിഭാഗം ലയിച്ചു. ഒടുവിൽ ജനതാ പാർട്ടി, ലോക്ദളിന്റെ മറ്റൊരു വിഭാഗം, കോൺഗ്രസ് വിട്ടുവന്ന വി.പി. സിങ്ങിന്റെ ജനതാ മോർച്ച എന്നിവ ലയിച്ചാണ് വിശാലമായ ജനതാദൾ ഉണ്ടാകുന്നത്.

വി.പി.സിങ്

ഈ ജനതാദളിൽ നിന്ന് പിരിഞ്ഞാണ് ആർജെ‍ഡി, സമാജ്‌വാദിപാർട്ടി, ജെഡി(യു), ജെഡി(എസ്), അജിത് സിങ്ങിന്റെ മകൻ ജയന്ത് ചൗധരി നയിക്കുന്ന ആർഎൽഡി തുടങ്ങിയ ജനപിന്തുണയുള്ള പാർട്ടികളും ഡസൻകണക്കിന് ചെറു കക്ഷികളും ഉണ്ടാകുന്നത്. ജയപ്രകാശ് നാരായൺ നേതൃത്വം നൽകിയ ജനമുന്നേറ്റത്തിനൊടുവിൽ ഉയർന്നു വന്ന നേതാക്കളാണ് ഈ പാർട്ടികളൊക്കെ രൂപീകരിച്ചത്. അതായത്, ഓരോ സമയത്തും അധികാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു ഈ രണ്ടാം തലമുറ സോഷ്യലിസ്റ്റ് നേതാക്കള്‍ വെവ്വേറെ വഴിക്കു തിരിയാൻ കാരണവും. ഓരോരുത്തരും തങ്ങളുടെ സംസ്ഥാനങ്ങളിൽ സ്വന്തം സാമ്രാജ്യം തീർത്തു. കൂട്ടായ്മകൾ ഉണ്ടാക്കുകയും അത് പൊളിക്കുകയും ചെയ്തു. ഇന്നും അതു തുടരുന്നു.

ജയപ്രകാശ് നാരായൺ

∙ ശരത് യാദവ് എന്ന ഒറ്റയാൻ

ഇപ്പോൾ ഒരുവിധപ്പെട്ട ബിജെപി വിരുദ്ധ രാഷ്ട്രീയ കൂട്ടായ്മകളിലെയൊക്കെ മുഖവും കാര്യമായ ജനപിന്തുണയില്ലാത്ത നേതാവുമാണ് ശരത് യാദവ്. 1970–കളുടെ ഒടുവിൽ ജെപി പ്രക്ഷോഭം രാജ്യത്ത് അലയടിച്ചു നിന്ന സമയത്ത് ജയപ്രകാശ് നാരായൺ‌ കലപ്പയേന്തിയ കർഷക ചിഹ്നത്തിൽ മത്സരിക്കാൻ ആദ്യമായി തിരഞ്ഞെടുത്തവരിലൊരാളാണ് അദ്ദേഹം. മധ്യപ്രദേശിലായിരുന്നു രാഷ്ട്രീയ കളരിയെങ്കിലും പിന്നീട് ഇത് യുപിയിലേക്കും ഒടുവിൽ ബിഹാറിലേക്കും വ്യാപിച്ചു. ജനതാ പരിവാർ കുടുംബത്തിലെ അനേകം പിളർപ്പുകൾക്കൊടുവിൽ 2003–ൽ ജെഡി(യു) പിറവിയെടുക്കുന്നത് ശരത് യാദവിന്റെ കീഴിലാണ്. 1974 മുതൽ ഏഴു തവണ ലോക്സഭാംഗവും മൂന്നു തവണ രാജ്യസഭാംഗവുമായിട്ടുള്ള ശരത് യാദവിനെ ഒടുവിൽ രാജ്യസഭാംഗത്വവും എടുത്തു കളഞ്ഞ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത് പാർട്ടിയുടെ സഹസ്ഥാപകൻ നിതീഷ് കുമാറാണ് എന്നതു പോലുള്ള കൗതുകമുള്ള ചരിത്രവും പുതിയ രാഷ്ട്രീയ വികാസങ്ങൾക്കിടയിലുണ്ട്. ജെഡി(യു)വിന്റെ ആദ്യ ദേശീയ പ്രസി‍ഡന്റ് ശരത് യാദവ് ആയിരുന്നെങ്കിലും പാർട്ടിയുടെ നിയന്ത്രണം പക്ഷേ നിതീഷ് കുമാറിനായിരുന്നു.

ശരത് യാദവ് കൂടി ഉൾപ്പെട്ട ജെഡി(യു) 2003 മുതൽ എൻഡിഎ അംഗമാണെങ്കിലും അദ്ദേഹം എതിർപ്പുകൾ ഉയർത്തിയിരുന്നില്ല. എന്നാൽ മോദിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച് നിതീഷിനൊപ്പം എൻഡിഎയിൽ നിന്ന് ഇറങ്ങിപ്പോന്നതിനു ശേഷം പിന്നീടൊരിക്കലും ശരത് യാദവ് തിരികെ പോയില്ല. 2017–ൽ എൻഡിഎയിലേക്ക് തിരികെ പോകാനുള്ള നിതീഷിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് പുറത്തു പോയ ശരത് യാദവ് ഇപ്പോൾ ആർജെഡിയിലാണ്. നിതീഷിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് പുറത്തു പോകുമ്പോൾ അദ്ദേഹം ജെഡി(യു)വിന്റെ രാജ്യസഭാംഗമായിരുന്നു. ഈ അംഗത്വമാണ് നിതീഷ് ഇല്ലാതാക്കിയത്. താൻ സ്ഥാപിച്ച പാർട്ടിയിൽ നിന്ന് പുറത്തായതോടെ ശരത് യാദവ് ലോക്താന്ത്രിക് ജനതാദൾ എന്ന എൽജെഡ‍ി രൂപീകരിച്ചു. ഇതാണ് ഈയടുത്ത കാലത്ത് ആർജെഡിയിൽ ലയിച്ചത്. ‌

ശരത് യാദവ്

ശരത് യാദവ് ആർജെ‍ഡിയിൽ ലയിക്കുകയും കേരളത്തിൽ ലാലുവിന്റെ പാർട്ടിക്ക് കാര്യമായ സ്വാധീനമില്ലാത്തതുമായ സാഹചര്യത്തിൽ ഗൗഡയുടെ ജെഡി(എസ്)ൽ ലയിക്കാനായിരുന്നു കേരളത്തിലെ എൽജെഡിയുടെ ആലോചന. ഇതു സംബന്ധിച്ച് ഇരു പാർട്ടികളുടെയും സംസ്ഥാന നേതാക്കൾ തമ്മിൽ ധാരണയിലുമെത്തിയിരുന്നു. വെവ്വേറെ പരിഗണിക്കാൻ പറ്റില്ലെന്നും ജനതാദളുകൾ ഒരുമിച്ച് ഒരു ബ്ലോക്കായി മാത്രമേ കണക്കാക്കാൻ പറ്റൂ എന്ന് സിപിഎമ്മും നിലപാടെടുത്തു. ലയനനീക്കം ശക്തമാകുന്നതിനിടെയാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകൾ വരുന്നത്. എൻഡിഎ സ്ഥാനാർഥികൾക്ക് ദേവെ ഗൗ‍ഡ പിന്തുണ പ്രഖ്യാപിച്ചതോടെ കുഴഞ്ഞത് ഇരു പാർട്ടികളുടെയും കേരള നേതൃത്വങ്ങളാണ്. അതുകൊണ്ടു തന്നെ ലയനം ഇതുവരെ സാധ്യമായിട്ടുമില്ല.

∙ നിതീഷ്–ലാലു എന്നീ സോഷ്യലിസ്റ്റുകൾ

എന്തുകൊണ്ടാണ് നിതീഷ് കുമാർ എൻഡിഎ വിട്ട് ആർജെ‍ഡിക്കൊപ്പം ചേർന്നത് എന്നതിന് ഗവർണറെ കണ്ടതിനു ശേഷം മറുപടി പറഞ്ഞത് തേജസ്വി യാദവാണ്. "ബിജെപിയുടെ പഴയ സഖ്യകക്ഷികളെ നോക്കൂ. പഞ്ചാബ്, മഹാരാഷ്ട്ര, ബിഹാർ... ഈ സ്ഥലങ്ങളിലെല്ലാം തങ്ങളുടെ സഖ്യകക്ഷികളെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇപ്പോൾ ഹിന്ദി മേഖലയിൽ ബിജെപിക്ക് ഒരു സഖ്യകക്ഷി പോലുമില്ല. ജെഡി(യു)വിനെയും വിഴുങ്ങാൻ ബിജെപി തയാറെടുക്കുകയായിരുന്നു. പക്ഷേ ഞങ്ങൾ സോഷ്യലിസ്റ്റുകളാണ്. നിതീഷ് കുമാർ ഞങ്ങളുടെ കാരണവരാണ്. അദ്ദേഹത്തിന്റെ പാരമ്പര്യം ഞങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതുണ്ട്" എന്നായിരുന്നു ആ വാക്കുകൾ.

ലാലു പ്രസാദ് യാദവ്, നിതീഷ് കുമാർ

ജയ്പ്രകാശ് നാരായണിന്റെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി വിരുദ്ധ പ്രക്ഷോഭം നടക്കുന്ന കാലത്ത് അടിയുറച്ച ലോഹ്യ ശിഷ്യരായിരുന്നു ലാലുവും നിതീഷ് കുമാറും. 1970–കളിലെ പ്രക്ഷുബ്ധമായ ക്യാമ്പസുകളിൽ കണ്ടുമുട്ടിയവർ. ജെപിയുടെ 'സമ്പൂർണ ക്രാന്തി' പ്രക്ഷോഭത്തിൽ ഇരുവരും, ഒപ്പം മുലായം അടക്കമുള്ള നേതാക്കളും പങ്കെടുക്കുകയും ഭാവിയുടെ നേതാക്കളായി വളരുകയും ചെയ്തു. ഈ സമയത്തെ കോൺഗ്രസിനെ നേരിട്ടെതിർക്കുന്ന ജനതാ പാർട്ടി അംഗങ്ങളായിരുന്നു ഇരുവരും.

ജനതാ പാർട്ടിയിൽനിന്ന് ജനസംഘ് പിരി‍ഞ്ഞു പോവുകയും ഇത് പിന്നീട് ബിജെപിയായി മാറുകയും ചെയ്തതിനു സമാന്തരമായി ജനതാദൾ ബിഹാറിൽ അധികാരം പിടിക്കുകയും ചെയ്തിരുന്നു. അതിനു മുന്‍പു തന്നെ, 1977 ൽ എംപിയായ ആളാണ് ലാലു പ്രസാദ് യാദവ്. ജനതാദൾ ബിഹാർ പിടിച്ച 1990 ൽ ലാലുവിനെ മുഖ്യമന്ത്രി പദത്തിലെത്തിക്കാൻ പിന്തുണ നൽകിയ ആളാണ് നിതീഷ് കുമാർ. എന്നാൽ വൈകാതെ ലാലുവുമായി ഉടക്കിയ നിതീഷ് കുമാർ‌ ആർജെഡി വിട്ട് ജോർജ് ഫെർണാണ്ടസിനൊപ്പം ചേർന്ന് സമതാ പാർട്ടി രൂപീകരിച്ചു. വൈകാതെ ലാലുവും ജനതാദൾ വിട്ട് ആർജെഡ‍ി എന്ന പാർട്ടിയുണ്ടാക്കി.

നിതീഷ് കുമാർ (Photo - Twitter/@NitishKumar)

∙ നിതീഷ് എന്ന ‘ബിജെപി സുഹൃത്തും’ ലാലു എന്ന പ്രതിയോഗിയും

ജനതാദളിന്റെയും തുടർന്നുണ്ടായ മണ്ഡൽ പ്രക്ഷോഭങ്ങളുടെയും കാലത്താണ് വടക്കേ ഇന്ത്യയിലെ സോഷ്യലിസ്റ്റ് പാർട്ടികൾ ശക്തരാകുന്നത്. ജാതിസമവാക്യങ്ങളിലൂന്നിയ നയങ്ങളായിരുന്നു ഇവർ പിന്തുടർന്നിരുന്നതും. ലാലുവും മുലായവും പിന്നോക്ക (യാദവ)–മുസ്‌ലിം സഖ്യമായിരുന്നു തങ്ങളുടെ വോട്ടുബാങ്കായി കണ്ടിരുന്നത്. 1989 ലാണ് ജനതാദൾ സീറ്റിൽ നിതീഷ് കുമാർ ആദ്യമായി ലോക്സഭയിലെത്തുന്നത്. 1984 ൽ ബിഹാർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമായിരുന്നു ഇത്. 1991 ൽ വീണ്ടും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നിതീഷ് 1994 ലാണ് ലാലുവുമായി തെറ്റി ജനതാദൾ വിടുന്നത്. 1996 ൽ സമതാപാർട്ടി ചിഹ്നത്തിൽ മത്സരിച്ച നിതീഷ് ഇതേ സമയത്തു തന്നെ ബിജെപിയുമായുള്ള സൗഹൃദവും ആരംഭിച്ചിരുന്നു. എ.ബി. വാജ്പേയി മന്ത്രിസഭയിൽ അംഗവും പിന്നീട് എൻഡിഎയുടെ മുഖ്യമന്ത്രിയായി 2000 മുതൽ തുടങ്ങിയ നിതീഷിന്റെ ബിജെപി ബന്ധത്തിന് വിള്ളൽ വീഴുന്നത് 2013 ൽ മാത്രമാണ്. 2017 ൽ വീണ്ടും ബന്ധം പുതുക്കിയെങ്കിലും അതാണ് ഇപ്പോൾ തകർന്നിരിക്കുന്നത്. 2002 ലെ ഗുജറാത്ത് കലാപത്തെ തുടർന്ന് ബിഹാറിൽ നിന്നുള്ള മറ്റൊരു നേതാവായ രാം വിലാസ് പാസ്വാൻ വാജ്പേയി മന്ത്രിസഭയിൽ നിന്ന് രാജിവച്ചെങ്കിലും റെയിൽവേ മന്ത്രിയായിരുന്ന നിതീഷ് കുമാർ ഇതിന് തയാറായില്ല എന്നത് ഇന്നും അദ്ദേഹം വിമർശനം നേരിടുന്ന കാര്യമാണ്.

അതേ സമയം, അയോധ്യയിലേക്കുള്ള രഥയാത്രാ സമയത്ത് അന്നത്തെ പ്രതാപിയായ എൽ.കെ. അദ്വാനിയെ ബിഹാറിലെ സമസ്തിപ്പൂരിൽ പിടിച്ചുകെട്ടി എന്ന ഖ്യാതിയാണ് ലാലു പ്രസാദ് യാദവിനുള്ളത്. ബിജെപിയുമായി ഇതുവരെ സന്ധി ചെയ്യാത്ത സോഷ്യലിസ്റ്റ് നേതാവ് കൂടിയാണ് ലാലു പ്രസാദ് യാദവ്. ജനതാദളിലെ ആഭ്യന്തര പ്രശ്നങ്ങൾ മൂർച്ഛിച്ചതോടെയാണ് ലാലുവും പാർട്ടിവിട്ട് പുറത്തുവന്ന് ആർജെഡി രൂപീകരിക്കുന്നത്. കാലിത്തീറ്റ കുംഭകോണക്കേസിലെ പ്രതിയെന്ന ആക്ഷേപവും ലാലുവിന്റെ ഭരണകാലത്ത് ബിഹാറിൽ മാഫിയാ ഭരണം (ജംഗിൾരാജ്) ആയിരുന്നു എന്ന ആരോപണവുമൊക്കെ നിലനിൽക്കുമ്പോഴും ഈയടുത്തു വരെ ജനക്കൂട്ടത്തെ ആകർഷിക്കാൻ കഴിയുന്ന നേതാവായിരുന്നു ലാലു പ്രസാദ് യാദവ്. ലാലു ജയിലിൽ ആയതോടെ തകർന്നുപോകുമായിരുന്ന പാർട്ടിയെ ആണ് മകൻ തേജസ്വി യാദവിന്റെ നേതൃത്വത്തിൽ ഇപ്പോൾ അധികാരത്തിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുന്നത്.

∙ മണ്ഡൽ കാലത്തിനു ശേഷമുള്ള ജാതി പാർട്ടികളും ബിജെപി രാഷ്ട്രീയവും

ലാലുവിനും അദ്ദേഹത്തിന്റെ ആർജെഡിക്കും എല്ലാക്കാലത്തും യാദവ– മുസ്‌ലിം പിന്തുണ ഉണ്ടായിരുന്നു. ഇതാകട്ടെ സംസ്ഥാന ജനസംഖ്യയുടെ 30 ശതമാനം വരും. എന്നാൽ ബിഹാറിൽ മൂന്നു ശതമാനം മാത്രം വരുന്ന ഒബിസി സമുദായമായ കുർമി വിഭാഗത്തിൽ നിന്നുള്ളയാളാണ് നിതീഷ് കുമാർ. യാതൊരു വിധത്തിലും അടിയുറച്ച സമുദായ പിന്തുണ ഇല്ലാതിരുന്നിടത്ത് അത് സൃഷ്ടിക്കുകയാണ് നിതീഷ് കുമാർ ചെയ്തത്. ‌1990 കള്‍ക്കു ശേഷം ബിഹാറിലെ പട്ടികജാതിക്കാർ ലാലു പ്രസാദ് യാദവിലേക്ക് ആകൃഷ്ടരായെങ്കിലും യാദവ സമുദായത്തിന്റെ മേൽക്കോയ്മ വലിയ പ്രശ്നമായതോടെ അവർ അകന്നു. ഇതാണ് നിതീഷ് കുമാർ അവസരമാക്കിയത്.

നരേന്ദ്ര മോദി, നിതീഷ് കുമാർ

2007 ൽ രണ്ടാം വട്ടം മുഖ്യമന്ത്രിയായി രണ്ടു വർഷത്തിനു ശേഷം മഹാദലിത് എന്ന സങ്കൽപം ബിഹാറിൽ അവതരിപ്പിക്കുന്നത് നിതീഷ് കുമാറാണ്. ദലിത് സമുദായത്തിലെ തന്നെ ഏറ്റവും പിന്നോക്കക്കാരെ ഉദ്ധരിക്കുക എന്നതായിരുന്നു അതിനു പിന്നിൽ. അതുവരെ ഏറ്റവും പ്രബലമായ ദലിത് സമുദായം പാസ്വാൻ വിഭാഗത്തിൽപ്പെട്ടതാണ്. അവരുടെ ഉറച്ച നേതാവായിരുന്നു രാം വിലാസ് പാസ്വാൻ എന്നതുെകാണ്ട് ഈ വിഭാഗത്തിന്റെ പിന്തുണ കിട്ടില്ല എന്ന് വ്യക്തമായതോടെ അദ്ദേഹം സംസ്ഥാന മഹാദലിത് കമ്മിഷൻ രൂപീകരിക്കുകയും ഇതുപ്രകാരം പട്ടികജാതിയിൽപ്പെട്ട 21 സമുദായങ്ങളെ മഹാദലിത് പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. അഞ്ചു ശതമാനം വരുന്ന പാസ്വാൻ സമുദായത്തെ മാത്രം ഇതിൽ ഉൾപ്പെടുത്തിയില്ല. 12–13 ശതമാനം വരുന്ന മഹാദലിത് സമുദായം കഴിഞ്ഞ 15 വർഷമായി നിതീഷിനൊപ്പം അടിയുറച്ചു നിൽക്കുന്നു.

മറ്റൊന്നായിരുന്നു അതീവ പിന്നോക്കക്കാർ (ഇബിസി) ആയ 130 ജാതികളെ ഉൾപ്പെടുത്തിയുള്ള പുതിയൊരു വിഭാഗത്തെ സൃഷ്ടിക്കുക എന്നത്. സംസ്ഥാനത്തെ 28–30 ശതമാനം ജനസംഖ്യ ഈ ജാതികളിൽ നിന്നാണ്. സാധാരണ നിലയിൽ ഏതെങ്കിലും പാർട്ടിക്ക് സ്ഥിരമായി വോട്ട് ചെയ്യാതിരുന്ന ഈ ജാതികളുടെ ഏകോപനം ഉണ്ടാകുന്നത് 2014 ൽ മോദിക്ക് അനുകൂലമായാണ്. എന്നാൽ അതിന് അടുത്ത വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡ‍ി(യു)–ആർജെഡി–കോൺഗ്രസ് സഖ്യം ഇത് തിരിച്ചു പിടിച്ചതാണ് ബിജെപി കേവലം 43 സീറ്റിലേക്ക് ഒതുങ്ങാൻ കാരണം. ചെറിയ തോതിലാണെങ്കിൽ പോലും ഇബിസി സമുദായങ്ങൾക്കിടയിൽ നിതീഷ് കുമാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന് ഇന്നും ഉറച്ച വോട്ടായി നിലനിൽക്കുന്നത്. മണ്ഡൽ കാലത്തിനു ശേഷം ശക്തമായ സമുദായ പാർട്ടികളെ നിഷ്പ്രഭരാക്കിക്കൊണ്ട് വിവിധ സമുദായ പാർട്ടികളുടെ കൂട്ടായ്മകൾ ഉണ്ടാക്കി കുത്തകകൾ തകർക്കുകയാണ് മോദി–അമിത് ഷാ സഖ്യം ചെയ്തുകൊണ്ടിരുന്നത്. മേൽജാതി വോട്ടുകൾക്കൊപ്പം ഇബിസി വിഭാഗത്തിന്റെ വോട്ട് കൂടിയായിരുന്നു എൻഡിഎയുടെ അടിത്തറ. ബിഹാറിൽ ബിജെപി വളർച്ച പ്രതീക്ഷിക്കുന്നതും മഹാദലിത്, ഇബിസി വിഭാഗങ്ങളുടെ പിന്തുണയിലാണ്. അതാണ് നിതീഷിനൊപ്പം പ്രതിപക്ഷത്തേക്ക് പോയിരിക്കുന്നത്.

വാൽക്കഷ്ണം: ലാലു പ്രസാദ് യാദവിനെ കാലിത്തീറ്റ കേസിൽ കുടുക്കിയത് ബിജെപി ആണെന്നാണ് ആർജെഡിയുടെ ആരോപണം. എന്നാൽ കേസിൽ പ്രതി കൂടിയായിരുന്ന ബിഹാർ മുൻ മുഖ്യമന്ത്രി ജഗന്നാഥ മിശ്ര അവകാശപ്പെട്ടത് ലാലുവിനെ കുടുക്കിയതിനു പിന്നിൽ ദേവെഗൗഡ ആയിരുന്നു എന്നാണ്. തന്നെ ഈ കേസിൽ കുടുക്കിയത് സീതാറാം കേസരിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസുമാണെന്നും അന്തരിക്കുന്നതിനു മുൻപ് മിശ്ര പറഞ്ഞിരുന്നു. ലാലുവിന്റെ ഉദയത്തിനു മുൻപ് ബിഹാറിലെ ഏറ്റവും വലിയ കോൺഗ്രസ് നേതാവ് കൂടിയായിരുന്നു ജഗന്നാഥ മിശ്ര.

English Summary: Re-emergence of Janata Dal Parivar against BJP; Is it Possible?