അമിത് ഷായുടെ വരവോടെയാണ് ബൊമ്മയ്ക്ക് സ്ഥാനചലനമുണ്ടാകുമെന്ന പ്രചരണം ശക്തമായത്. ബിജെപി മുൻ എംഎൽഎ ബി. സുരേഷ് ഗൗഡ തന്നെ ഇക്കാര്യം ശരിവച്ച് രംഗത്തുവന്നു. ഓഗസ്റ്റ് 15–നോടനുബന്ധിച്ച് നേതൃമാറ്റം ഉണ്ടാകുമെന്നാണ് ഗൗഡ പറയുന്നത്. ബൊമ്മെയെ മാറ്റുമെന്ന വാർത്തകൾ അസത്യമാണെന്നാണ് െയഡിയൂരപ്പയും പ്രതികരിച്ചിരിക്കുന്നത്. Karnataka Politics

അമിത് ഷായുടെ വരവോടെയാണ് ബൊമ്മയ്ക്ക് സ്ഥാനചലനമുണ്ടാകുമെന്ന പ്രചരണം ശക്തമായത്. ബിജെപി മുൻ എംഎൽഎ ബി. സുരേഷ് ഗൗഡ തന്നെ ഇക്കാര്യം ശരിവച്ച് രംഗത്തുവന്നു. ഓഗസ്റ്റ് 15–നോടനുബന്ധിച്ച് നേതൃമാറ്റം ഉണ്ടാകുമെന്നാണ് ഗൗഡ പറയുന്നത്. ബൊമ്മെയെ മാറ്റുമെന്ന വാർത്തകൾ അസത്യമാണെന്നാണ് െയഡിയൂരപ്പയും പ്രതികരിച്ചിരിക്കുന്നത്. Karnataka Politics

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമിത് ഷായുടെ വരവോടെയാണ് ബൊമ്മയ്ക്ക് സ്ഥാനചലനമുണ്ടാകുമെന്ന പ്രചരണം ശക്തമായത്. ബിജെപി മുൻ എംഎൽഎ ബി. സുരേഷ് ഗൗഡ തന്നെ ഇക്കാര്യം ശരിവച്ച് രംഗത്തുവന്നു. ഓഗസ്റ്റ് 15–നോടനുബന്ധിച്ച് നേതൃമാറ്റം ഉണ്ടാകുമെന്നാണ് ഗൗഡ പറയുന്നത്. ബൊമ്മെയെ മാറ്റുമെന്ന വാർത്തകൾ അസത്യമാണെന്നാണ് െയഡിയൂരപ്പയും പ്രതികരിച്ചിരിക്കുന്നത്. Karnataka Politics

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ പ്രധാനപ്പെട്ട രണ്ട് രാഷ്ട്രീയ പാർട്ടികളുടെ രണ്ട് കേന്ദ്ര നേതാക്കൾ ഈ മാസം ഒരേ ദിവസം കർണാടയിലെത്തിയിരുന്നു. ഈ ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായിരുന്നു ഇരുവരുടെയും സന്ദർശനം. ഓഗസ്റ്റ് മൂന്നിന് ബെംഗളുരുവിലെത്തിയ ബിജെപി മുന്‍ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ നാലിന് തിരിച്ചു പോയി. കോൺ‌ഗ്രസ് മുൻ അധ്യക്ഷനും എംപിയുമായ രാഹുൽ ഗാന്ധി എത്തിയത് ഓഗസ്റ്റ് രണ്ടിനും തിരിച്ചു പോയത് പിറ്റേന്നും. ബി.എസ് യെഡിയൂരപ്പയെന്ന പ്രബലനായ നേതാവിനെ മുഖ്യധാരാ അധികാര രാഷ്ട്രീയത്തിൽ നിന്ന് ഒഴിവാക്കിയതോടെ ഉണ്ടായ വിടവും പാർട്ടിയിലേയും സർക്കാരിലെയും ഐക്യമില്ലായ്മയും ബസവരാജ് ബൊമ്മെ എന്ന മുഖ്യമന്ത്രിയുടെ പരിചയക്കുറവും പരിഹരിച്ച് ബിജെപിയെ തിരഞ്ഞ‌ടുപ്പിന് സജ്ജമാക്കുകയായിരുന്നു അമിത് ഷായുടെ ഔദ്യോഗിക സന്ദർശനത്തിനു പുറമെയുള്ള കാര്യങ്ങൾ. വരുന്ന തിരഞ്ഞെടുപ്പിൽ അധികാരം പിടിക്കാൻ എല്ലാ സാധ്യതകളും നിലനിൽക്കുന്ന സംസ്ഥാനത്തെ മുതിർന്ന രണ്ട് നേതാക്കൾ തമ്മിലുള്ള അധികാര വടംവലിക്ക് ശമനം കാണുകയും അണികളെ ഊർജസ്വലരാക്കുകയും ഒപ്പം കർണാടകയുടെ ജാതി രാഷ്ട്രീയ സമവാക്യങ്ങൾ കോൺഗ്രസിന് അനുകൂലമാക്കുകയുമായിരുന്നു രാഹുൽ ഗാന്ധിയുടെ ദൗത്യം. ഇരുവരുടെയും കർണാടക സന്ദര്‍ശനത്തിന്റെ ബാക്കിപത്രം ഇങ്ങനെ പറയാം: ബിജെപി - ബൊമ്മെയേയും പാർട്ടി സംസ്ഥാന അധ്യക്ഷൻ നളീൻ കുമാർ കാട്ടീലിനെയും മാറ്റാൻ കേന്ദ്രത്തിനു മേൽ സമ്മർദ്ദമുണ്ട്. ബൊമ്മെ തത്കാലം തടി രക്ഷിച്ചിട്ടുണ്ടെങ്കിലും വരും മാസങ്ങൾ നിർണായകമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മാർഗരേഖ തയാറാക്കാനും ഭരണം മെച്ചപ്പെടുത്താനും അമിത് ഷായുടെ നിർദേശം. കോൺഗ്രസ‌്: യാതൊരു വിധത്തിലും മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി പരസ്യമായ കടിപിടി ഉണ്ടാവരുത്. അങ്ങനെ ഉണ്ടായാൽ അച്ചടക്ക നടപടി സ്വീകരിക്കാൻ നിർബന്ധിതമാവും. മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയും ഇപ്പോഴത്തെ പാർട്ടി സംസ്ഥാന അധ്യക്ഷനും മുൻ മന്ത്രിയുമായ ഡി.കെ ശിവകുമാറും പാർട്ടിക്ക് ഒരുപോലെയാണ്. ആദ്യം ഭരണം പിടിക്കൂ, എന്നിട്ടാകാം മുഖ്യമന്ത്രിയെ തീരുമാനിക്കൽ എന്ന ശക്തമായ താക്കീതായിരുന്നു രാഹുൽ ഗാന്ധി വക. 

ഇരു കൂട്ടരുടേയും കേന്ദ്ര നേതാക്കൾ പ്രശ്നങ്ങൾ പരിഹരിക്കാൻ എത്തിയപ്പോൾ തങ്ങളെ ഇല്ലാതാക്കാനാണ് ഇരു പാർട്ടികളും ശ്രമിക്കുന്നത് എന്നായിരുന്നു ജനതാദൾ (സെക്യുലർ) നേതാവും മുൻമുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിയുടെ ആവലാതി. ഒരു മൂന്നാം പാർട്ടിയായി ജെഡി(എസ്) ഒറ്റയ്ക്ക് മത്സരിച്ച ശേഷം തിരഞ്ഞെടുപ്പാനന്തര സഖ്യത്തിന് ശ്രമിക്കുമോ അതോ കോൺഗ്രസിനോ ബിജെപിക്കോ ഒപ്പം ചേർന്നു മത്സരിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. ഇരു പാർട്ടികളുമായും അധികാരം പങ്കിട്ടിട്ടുള്ള ചരിത്രവും ദേവഗൗഡയുടെ ഈ പാർട്ടിക്കുണ്ട്. 

ADVERTISEMENT

∙ കുതിരക്കച്ചവടം, കൂറുമാറ്റം

അധികാരത്തിലേറിയ നിരവധി സർക്കാരുകൾ എംഎൽഎമാർ കൂറുമാറുന്നതു മൂലം താഴെപ്പോകുന്നതിന് ഇന്നു നാം സാക്ഷ്യം വഹിക്കുന്നുണ്ട്. അങ്ങനെ അസ്ഥിരമായി പോകുന്ന സംസ്ഥാന സർക്കാരുകളെ മുൻപിൻ നോക്കാതെ പിരിച്ചുവിടാൻ ഗവർണർമാർക്ക് അധികാരം നൽകുന്ന നിയമം സുപ്രീം കോടതിയിൽ ചോദ്യം ചെയ്തത് കർണാടകത്തിലെ ഒരു മുൻമുഖ്യമന്ത്രിയാണ്. ജനതാ പാർട്ടി–ജനതാദൾ നേതാവും 1988 മുതൽ ഒരുവർഷത്തിനടുത്ത് മുഖ്യമന്ത്രിയായിരിക്കുകയും ചെയ്ത എസ്.ആർ ബൊമ്മ. തന്റെ സർക്കാരിനെ താങ്ങിനിർത്തിയിരുന്ന എംഎൽഎമാരിൽ വലിയൊരു വിഭാഗം കൂറുമാറിയതോടെ ബൊമ്മ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്നു ചൂണ്ടിക്കാട്ടി ഗവർണർ സർക്കാരിനെ പിരിച്ചു വിട്ടു. തനിക്ക് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും ഭൂരിപക്ഷം തെളിയിക്കാൻ കുറച്ചു സമയം നൽകണമെന്നും ബൊമ്മ ആവശ്യപ്പെട്ടെങ്കിലും ഗവർണർ വഴങ്ങിയില്ല. അതോടെ ആദ്യം കർണാടക ഹൈക്കോടതിയേയും പിന്നാലെ സുപ്രീം കോടതിയേയും ബൊമ്മ സമീപിച്ചു. ഈ കേസിൽ സുപ്രീം കോടതിയിൽ നിന്നുണ്ടായ സുപ്രധാന വിധി ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ളതാണ്. മുമ്പ് ഗവർണർമാർക്ക് ഏകപക്ഷീയമായി സർക്കാരുകളെ പിരിച്ചുവിടാൻ കഴിയുമായിരുന്നെങ്കിൽ ഇന്ന് ഭൂരിപക്ഷം തെളിയിക്കാൻ സമയം നൽകണം തുടങ്ങി നിരവധി നിബന്ധനകൾ സുപ്രീം കോടതി വിധിയിലൂടെ നിലവിൽ വന്നു. ഭരണഘടനയുടെ 356–ാം അനുച്ഛേദം ഉപയോഗിച്ച് സംസ്ഥാന സർക്കാരുകളെ പിരിച്ചു വിടുന്നതിനും ഇതോടെ കുറവുണ്ടായി. ആ പ്രധാനപ്പെട്ട കേസ് വിജയിച്ച എസ്.ആർ ബൊമ്മയുടെ മകനാണ് ഇന്നത്തെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. 

ബിജെപി നിയമസഭാകക്ഷി യോഗത്തിനു ശേഷം ബി.എസ്.യെഡിയൂരപ്പയ്ക്കൊപ്പം നിയുക്ത മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

∙ യെഡിയൂരപ്പയുടെ പിൻഗാമി, തെറിക്കില്ലെന്ന് ബൊമ്മെ

‘ഓപറേഷൻ കമല’യുടെ പേരിൽ താൻ ഖേദിക്കുന്നില്ലെന്നും രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഇതൊക്കെ എന്ന് തുറന്നു പറഞ്ഞിട്ടുള്ള നേതാവാണ് കർണാകടയിൽ ബിജെപിക്ക് ശക്തമായ അടിത്തറ ഉണ്ടാക്കിക്കൊടുത്ത ബി.എസ് യെഡിയൂരപ്പ. അഴിമതിയുടെ പേരിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരു തവണ സ്വയം പാർട്ടിയിൽ നിന്നു പുറത്തു പോയി തിരിച്ചു വന്നിട്ടുണ്ടെങ്കിലും ഒടുവിൽ‌ ‘പ്രായപരിധിയുടെ പേരിൽ’ വിരമിച്ചെങ്കിലും ഇന്നും സംസ്ഥാനത്തെ ഏറ്റവും ശക്തനായ നേതാക്കളിൽ ഒരാളാണ് യെഡിയൂരപ്പ. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞപ്പോൾ അവിടെ നിയമിക്കപ്പെട്ട നേതാവാണ് ബൊമ്മെ. 

ADVERTISEMENT

പിതാവിന്റെ പാത പിന്തുടർന്ന് ആദ്യം ജനതാ രാഷ്ട്രീയത്തിലൂടെയായിരുന്നു ബാസവരാജ് ബൊമ്മയുടെ തുടക്കമെങ്കിലും 2008–ൽ ബിജെപിയിലെത്തി. എസ്.ആർ ബൊമ്മ നേരിട്ടതുപോലെ ഒരു പ്രതിസന്ധി ആയിരുന്നു 2018-ൽ അധികാരത്തിൽ വന്ന ജെഡി(എസ്)–കോണ്‍ഗ്രസ് സർക്കാരിന് നേതൃത്വം നൽകിയ എച്ച്.ഡി കുമാരസ്വാമി 2019–ൽ നേരിട്ടതും. അന്ന് കോൺഗ്രസിന്റെയും ജെ‍ഡി(എസ്)ന്റെയും 15 എംഎൽഎമാർ റിബലുകളായി, തുടർന്ന് രാജിവച്ചു. വിശ്വാസ വോട്ടെടുപ്പിൽ ജെ‍ഡി(എസ്)–കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടതോടെ ബിഎസ് യഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തി. ബിജെപി ആയിരുന്നു എംഎൽഎമാരുടെ കൂടുമാറ്റത്തിനു പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചു. ജെഡി(എസ്)–കോണ്‍ഗ്രസ് സർക്കാരിനെ വീഴ്ത്തിയ യെഡിയൂരപ്പയ്ക്ക് പക്ഷേ മുഖ്യമന്ത്രി പദത്തിൽ വലിയ ആയുസുണ്ടായില്ല. രണ്ടു വര്‍ഷത്തിനുള്ളിൽ യെഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ബിജെപി കേന്ദ്രനേതൃത്വം മാറ്റിയപ്പോൾ അപ്രതീക്ഷിതമായി ആ പദവി ലഭിച്ചയാളാണ് ബസവരാജ് ബൊമ്മെ. സംസ്ഥാനത്ത് ബിജെപിയുടെ കോർ വോട്ടുബാങ്കായ ലിംഗായത് സമുദായക്കാരാണ് യെഡിയൂരപ്പയും ബൊമ്മെയും.

∙ ‘ഞാൻ കൂടുതൽ ജോലി ചെയ്യും, കള്ളപ്രചാരണം നടത്തിയാൽ നടപടി’

ബിഹാർ പൊട്ടിത്തെറികൾക്ക് ഒരാഴ്ച മുമ്പാണ് ഔദ്യോഗിക പരിപാടികൾക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർണാടക സന്ദർശിച്ചത്. ഇതോടെ പൊട്ടിപ്പുറപ്പെട്ട പ്രചാരണം ബൊമ്മെയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റുന്നതിന്റെ ഭാഗമായാണ് അമിത് ഷായുടെ സന്ദർശനം എന്നായിരുന്നു. ഇത് ഏറ്റുപിടിച്ച കോൺഗ്രസ് അതൊരു രാഷ്ട്രീയായുധമാക്കുകയും ചെയ്തു. സംസ്ഥാനം വിവിധ പ്രശ്നങ്ങൾ നേരിട്ടു കൊണ്ടിരിക്കുമ്പോൾ അടുത്ത മുഖ്യമന്ത്രിയെ നിയമിക്കാനുള്ള ഓട്ടത്തിലാണ് ബിജെപി എന്നാണ് കോൺഗ്രസിന്റെ വിമർശനം. ബിജെപി കേന്ദ്ര നേതൃത്വം ബൊമ്മയുടെ പ്രവർത്തനങ്ങളിൽ അസന്തുഷ്ടരാണെന്നും അതുകൊണ്ട് തന്നെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹത്തെ മാറ്റുമെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്. 

അമിത് ഷാ. ചിത്രം: ട്വിറ്റർ‌

എന്നാൽ ബൊമ്മെ തന്നെ കോൺഗ്രസിന്റെ ആരോപണങ്ങൾ തള്ളിക്കളഞ്ഞു കൊണ്ട് രംഗത്തെത്തുകയും ചെയ്തു. തന്നെ മാറ്റുമെന്ന് പ്രചരിപ്പിക്കുന്നത് അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയ പ്രേരിതമായുള്ള പ്രചരണമാണ് ഇപ്പോൾ നടക്കുന്നത് എന്നുമാണ് ബൊമ്മെ പറയുന്നത്. ‘ഞാൻ അസ്ത്രപ്രജ്ഞനായിപ്പോയി’, എന്നാണ് തന്നെ മാറ്റുമെന്നുള്ള പ്രചരണത്തോട് ബൊമ്മ പ്രതികരിച്ചത്. ‘ഇതെന്ന കൂടുതൽ ശക്തനാക്കുന്നു. സംസ്ഥാനത്തിന്റെ പുരോഗതിക്കു വേണ്ടി കൂടുതൽ ജോലി ചെയ്യാൻ ഇതെന്നെ പ്രചോദിപ്പിക്കുന്നു. ഇനി മുതൽ രണ്ടു മണിക്കൂർ ഞാൻ കൂടുതലായി ജോലി ചെയ്യും. വരും ദിവസങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്താനും വോട്ടർമാരിലേക്ക് ഇറങ്ങിച്ചെല്ലാനും വലിയ തോതിലുള്ള പരിപാടികളുണ്ടാകും’, ബൊമ്മ പറയുന്നു. അമിത് ഷായുടെ വരവോടെയാണ് ബൊമ്മയ്ക്ക് സ്ഥാനചലനമുണ്ടാകുമെന്ന പ്രചരണം ശക്തമായത്. ബിജെപി മുൻ എംഎൽഎ ബി. സുരേഷ് ഗൗഡ തന്നെ ഇക്കാര്യം ശരിവച്ച് രംഗത്തുവന്നു. ഓഗസ്റ്റ് 15–നോടനുബന്ധിച്ച് നേതൃമാറ്റം ഉണ്ടാകുമെന്നാണ് ഗൗഡ പറയുന്നത്. 

ADVERTISEMENT

ബൊമ്മെയെ മാറ്റുമെന്ന വാർത്തകൾ അസത്യമാണെന്നാണ് െയഡിയൂരപ്പയും പ്രതികരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ആറേഴ് മാസങ്ങൾ മാത്രമുള്ളപ്പോൾ ഇത്തരത്തിൽ നടപടികളുണ്ടാകില്ല എന്നാണ് മുൻ മുഖ്യമന്ത്രി പറയുന്നത്. അതേ സമയം, ബിജെപി സംസ്ഥാന പ്രസിഡന്റും പാർട്ടിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളിലൊന്നായ ദക്ഷിണ കന്നഡയിൽ നിന്നുള്ള നേതാവുമായ നളിൻകുമാർ കാട്ടീലിന്റെ കാര്യത്തിൽ യെഡിയൂരപ്പ ഈ ഉറപ്പ് പറയുന്നുമില്ല. കാലാവധി കഴിയുന്ന ആളുകൾ സ്ഥാനമൊഴിയുന്നത് പതിവ് കാര്യമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ഇതു സംബന്ധിച്ച മറുപടി. എന്നാൽ തന്റെ കാലാവധി കഴിഞ്ഞിട്ടില്ലെന്നും അതിനാൽ താൻ സ്ഥാനമൊഴിയുന്നു എന്നത് ശരിയല്ലെന്ന് കാട്ടീലും പ്രതികരിച്ചു. കാട്ടീലിന്റെ കാലാവധി ഈ മാസം അവസാനിക്കുമെന്നും അതു കഴിയുമ്പോൾ അദ്ദേഹത്തെ മാറ്റുമെന്നുമുള്ള അഭ്യൂഹങ്ങൾ അമിത് ഷായുടെ വരവിനു ശേഷം പ്രചരിച്ചിരുന്നു. കാട്ടീലിന്റെ ലോക്സഭാ മണ്ഡലത്തിലാണ് മൂന്നു കൊലപാതകങ്ങളും നടന്നത്. 

∙ ദക്ഷിണ കന്നഡയിലെ കൊലപാതകങ്ങളും പ്രതിഷേധങ്ങളും

ബിജെപിക്കും സംഘപരിവാർ സംഘടനകൾക്കും ആഴത്തിൽ വേരോട്ടമുള്ള മേഖലയാണ് ദക്ഷിണ കന്നഡ എന്ന തീരദേശ മേഖല. അമിത് ഷായുടെ വരവിന് തൊട്ടു മുമ്പാണ് തുടർ കൊലപാതകങ്ങൾ ഈ മേഖലയിൽ അരങ്ങേറിയതും പാര്‍ട്ടിയുടെ യുവജന സംഘടനാ പ്രവർത്തകർ സർക്കാരിനും പാർട്ടിക്കുമെതിരെ രംഗത്തെത്തിയതും. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകമായിരുന്നു പാർട്ടി പ്രവർത്തകരുടെ രോഷത്തിനിടയാക്കിയത്. ഇതുൾപ്പെടെ മൂന്ന് കൊലപാതകങ്ങളാണ് ഇരുഭാഗത്തുമായി ഉണ്ടായത്. തങ്ങളുടെ സർക്കാർ ഭരിക്കുമ്പോൾ തങ്ങൾക്ക് പോലും സംരക്ഷണം ലഭിക്കുന്നില്ലെന്നായിരുന്നു ബിജെപി പ്രവർത്തകരുടെ പരാതി. ബൊമ്മയുടെയും കാട്ടീലിന്റെയും നേതൃത്വത്തിനെതിരെയും പരാതികളും പ്രതിഷേധങ്ങളുമുയർന്നു. ഇതേ തുടർന്ന് തന്റെ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങൾ ബൊമ്മെയ്ക്ക് വേണ്ടെന്നു വയ്ക്കേണ്ടി വന്നു. പാർട്ടിയുടെ യുവജന വിഭാഗത്തിലെ നിരവധി പേർ രാജി സമർപ്പിക്കുകയും കാട്ടീലും സംസ്ഥാന മന്ത്രി സുനിൽ കുമാറും പ്രവർത്തകരുടെ രോഷത്തിന് ഇരയാകുകയും ചെയ്തതോടെയാണ് ‘യുപി മോഡലി’ൽ കുറ്റവാളികളെ കൈകാര്യം ചെയ്യണമെന്ന് ബൊമ്മെ പ്രസ്താവന ഇറക്കിയത്. നിലവിലെ രോഷവും പാർട്ടിയോടുള്ള എതിർപ്പും ഇല്ലാതാക്കാനുള്ള വഴികള്‍ കണ്ടെത്താനാണ് ബൊമ്മയ്ക്ക് ലഭിച്ചിരിക്കുന്ന നിർദേശവും. ബിജെവൈഎം നേതാവ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തിട്ടുണ്ട്. 

കർണാടകയിൽ കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു.

ഇതിനെ തുടർന്നുള്ള പ്രതിഷേധങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് അമിത് ഷാ സംസ്ഥാനത്തെത്തിയത്. സർക്കാരിനെതിരെ പ്രതിഷേധം ഉണ്ടായതും ആഭ്യന്തര മന്ത്രി അരഗ ‍‍ജ്ഞാനേന്ദ്രയുടെ വീട്ടിലേക്ക് എബിവിപി പ്രതിഷധ മാർച്ച് നടത്തിയതുമടക്കമുള്ള കാര്യങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അതൃപ്തി പ്രകടിപ്പിച്ചെന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ചും അമിത് ഷാ കർണാടക നേതാക്കളുമായി ചർച്ച നടത്തി. നേരത്തെ, ഹിജാബ് വിവാദം ഉണ്ടായപ്പോൾ ബിജെപി നേതൃത്വത്തിലെ ഒരു വിഭാഗം ഈ വിഷയം കൈകാര്യം ചെയ്ത സംസ്ഥാന സർക്കാർ നടപടി ശരിയായ രീതിയിലല്ലെന്ന് പ്രതകരിച്ചിരുന്നു. 

സർക്കാരുമായി അത്ര സ്വരച്ചേർച്ച‌യിലല്ലെന്ന് പറയപ്പെടുന്ന സംസ്ഥാന പ്രസിഡന്റ് കാട്ടീലിനു പകരം സംസ്ഥാന മന്ത്രിയും പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള നേതാവുമായ വി. സുനിൽ കുമാറിനെ പാർട്ടി പ്രസിഡന്റാക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ആർഎസ്എസ് ആണ് ഈ നിർദേശം വച്ചിരിക്കുന്നത്. കേന്ദ്ര സഹമന്ത്രി കൂടിയായ മുതർന്ന നേതാവ് ശോഭ കരന്തലജെ, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി തുടങ്ങിയവരുടെ പേരുകളും നേതൃത്വത്തിനു മുമ്പാകെയുണ്ട്. അമിത് ഷായുടെ കർണാടക സന്ദര്‍ശനത്തിനു മുമ്പ് ശോഭ അദ്ദേഹത്തെ സന്ദർശിച്ചതും സംസ്ഥാനത്തെ സ്ഥിതിഗതികൾ ധരിപ്പിച്ചതും ചർച്ച ചെയ്യപ്പെട്ട കാര്യമാണ്. 

∙ ഇടപെട്ട് കേന്ദ്ര നേതൃത്വം

ബൊമ്മെയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണങ്ങളിൽ യാതൊരു കാര്യവുമില്ലെന്നും അദ്ദേഹത്തോട് തുടരാനാണ് കേന്ദ്ര നേതൃത്വം പറഞ്ഞിരിക്കുന്നത് എന്നുമാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ നോക്കാനും തിരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണമെന്ന കാര്യത്തിൽ റോ‍ഡ് മാപ്പ് തയാറാക്കാനും കേന്ദ്ര നേതൃത്വം ബൊമ്മെയോട് നിർദേശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. മുഖ്യമന്ത്രിയെ മാറ്റും എന്ന തരത്തിലുള്ള വാര്‍ത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാനും പാർട്ടി നേതൃത്വത്തോട് കേന്ദ്ര നേതൃത്വം നിർദേശിച്ചിട്ടുണ്ട് എന്നും വാർത്തകളുണ്ട്. 

62ന്റെ മിഴിവിൽ...ജന്മദിനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും ഭാര്യ ചെന്നമ്മയും വസതിയിൽ ഗോപൂജ നടത്തുന്നു.

∙ വിവാദങ്ങളിലും ‘വാർറൂം റെഡി’

വിവാദങ്ങൾ നിലനിൽക്കുമ്പോഴും തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി ബിജെപി ഒരു വാർ റൂം തുറന്നു കഴിഞ്ഞു. മാത്രമല്ല, ബൊമ്മെ അടുത്തു തന്നെ സംസ്ഥാന പര്യടനം ആരംഭിക്കാനും ആലോചിക്കുന്നുണ്ട്. എന്നാൽ അഴിമതി അടക്കമുള്ള വിഷയങ്ങൾ, പല തവണ കേന്ദ്ര നേതൃത്വത്തെ കണ്ടിട്ടും മന്ത്രിസഭാ വികസനം പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യം തുടങ്ങിയവയൊക്കെ ബൊമ്മ സർക്കാരിനും പാർട്ടിക്കും മുമ്പിലെ വെല്ലുവിളികളാണ്. 

∙ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് കാഹളം 

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കോൺഗ്രസ് സംഘടനാപരമായി ശക്തമായ സ്ഥലമാണ് കർണാടക. 2019–ൽ അധികാരത്തിൽ നിന്നു പുറത്തായതിനു ശേഷവും പാർട്ടി സംഘടനാ തലത്തിൽ കരുത്തരാണ്. സിദ്ധരാമയ്യയുടെ പ്രതിച്ഛായയും ഡികെ ശിവകുമാറിന്റെ സംഘടനാ മികവുമാണ് പാർട്ടിക്ക് ഇപ്പോഴും അടുത്ത വർഷം മെയിലോ അതിനു മുമ്പോ നടക്കാനിടയുള്ള തിരഞ്ഞെടുപ്പിൽ സാധ്യത കൽപിക്കപ്പെടുന്നത്. എന്നാൽ ഈ രണ്ടു നേതാക്കളും തമ്മിലുള്ള അധികാര വടംവലി തന്നെയാണ് പാർട്ടിക്ക് മുമ്പാകെയുള്ള വലിയ തടസവും 

1990–നു ശേഷം കോൺഗ്രസിന് ലിംഗായത് സമുദായത്തിൽ നിന്ന് മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. ഇപ്പോൾ ഈ സമുദായത്തിന്റെ ഭൂരിപക്ഷവും യെഡിയൂരപ്പയ്ക്കും അതിനു ശേഷം മുഖ്യമന്ത്രിയായ ലിംഗായത് സമുദായാംഗം തന്നെയായ ബസവരാജ് ബൊമ്മെയ്ക്കും പിന്നിലാണ്.

∙ വൊക്കലിഗ മുഖ്യമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും

കർണാടകത്തിലെ വൊക്കലിഗ സമുദായക്കാരനാണ് ഡി.കെ. ശിവകുമാർ. ഏറ്റവും വലിയ സമുദായമാണെങ്കിലും സാമൂഹിക, രാഷ്ട്രീയ അധികാരം കൂടുതലുള്ള ലിംഗായത് സമുദായത്തെ അപേക്ഷിച്ച് ഭൂരിപക്ഷവും കർഷകരാണ് വൊക്കലിഗക്കാർ. ദേവ ഗൗഡ–കുമാരസ്വാമി കുടുംബവും ഈ സമുദായക്കാരാണ്. വൊക്കലിംഗക്കാർക്ക് നല്ല സ്വാധീനമുള്ള ഓൾ‍ഡ് മൈസൂരു മേഖലയിൽ സമുദായത്തെ ഒന്നിപ്പിച്ച് തനിക്കൊപ്പം നിർത്തുന്നതിന്റെ കൂടി ഭാഗമായി ശിവകുമാർ ഈ വര്‍ഷമാദ്യം കാവേരി നദിയിലെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു പദയാത്ര നടത്തിയിരുന്നു. അടുത്ത മുഖ്യമന്ത്രി പദത്തിലേക്കുള്ള തയാറെടുപ്പുകൾ ശിവകുമാർ നേരത്തെ തുടങ്ങിവച്ചതാണ് ഇതെന്നാണ് കോൺഗ്രസുകാർ തന്നെ പറയുന്നത്.

ഇതിനുള്ള ഒരു മറുപടി എന്ന നിലയിലാണ് സിദ്ധരാമയ്യയുടെ അനുയായികൾ ഇതുവരെ പിറന്നാളാഘോഷം നടത്താത്ത അദ്ദേഹത്തിന്റെ 75–ാം പിറന്നാൾ ഗംഭീരമായി ആഘോഷിക്കാൻ തീരുമാനിച്ചത്. പിറന്നാളോഘോഷം ഒരു സ്വകാര്യ ചടങ്ങായി നടത്താനായിരുന്നു അദ്ദേഹത്തിന്റെ അനുയായികൾ ആദ്യം ആലോചിച്ചത്. എന്നാൽ ഇത് ശക്തിപ്രകടനമായി മാറുമോ എന്ന സംശയമുയർന്നു. തുടർന്ന് ഇത് ഒരു പാർട്ടി പരിപാടിയായി നടത്താനായി ആലോചന. എന്നാൽ പാർട്ടി പരിപാടിയായി വേണ്ടെന്നും അതേ സമയം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്നു നടത്തുന്ന പരിപാടിയാക്കാമെന്നുമുള്ള തീരുമാനം എടുപ്പിക്കുന്നതിൽ സിദ്ധരാമയ്യ വിജയിച്ചു. ഇതിനൊപ്പം സിദ്ധരാമയ്യ ഒരു പ്രഖ്യാപനം കൂടി നടത്തി. 2023 നിയമസഭാ തിരഞ്ഞെടുപ്പായിരിക്കും തന്റെ അവസാന തിരഞ്ഞെടുപ്പ് എന്നായിരുന്നു അത്. ഇതിന്റെ പിറ്റേന്നാണ് ഡി.കെ ശിവകുമാർ തന്റെ വൊക്കലിഗ സമുദായക്കാർഡ് പുറത്തെടുത്തത്. 

മുന്‍ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും ഒക്കെയായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവും ഒടുവിൽ ബിജെപിയിൽ ചേരുകയും ചെയ്ത എസ്.എം. കൃഷ്ണയെ ഉദാഹരിച്ചു കൊണ്ടായിരുന്നു ശിവകുമാറിന്റെ പ്രസ്താവന. വൊക്കലിഗക്കാരുടെ ഒരു പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കൃഷ്ണയും വൊക്കലിഗ സമുദായക്കാരനായിരുന്നു. അന്ന് ഒരു സമുദായക്കാരൻ പിസിസി അധ്യക്ഷനായതിനു ശേഷം ഇപ്പോഴാണ് ഒരാൾ വീണ്ടും അധ്യക്ഷനാകുന്നത്. കൃഷ്ണയെ പോലെ തന്നെ ഒരു വൊക്കലിഗക്കാരൻ വീണ്ടും മുഖ്യമന്ത്രിയാകാനുള്ള സാധ്യതയാണ് വന്നിരിക്കുന്നത്. അത് സമുദായത്തിന്റെ കൈയിലാണ് എന്നായിരുന്നു ശിവകുമാറിന്റെ പ്രസ്താവന. 

സിദ്ധരാമയ്യ.

ഇതിന് തിരിച്ചടി വന്നത് സിദ്ധരാമയ്യയുടെ അടുത്ത അനുയായി സമീർ അഹമ്മദ് ഖാനിൽ നിന്നാണ്. ഒരു സമുദായത്തിന്റെ മാത്രം പിന്തുണ കൊണ്ട് ആർക്കും മുഖ്യമന്ത്രിയാകാൻ സാധിക്കില്ല എന്ന് പറഞ്ഞ സമീർ, വൊക്കലിഗക്കാരെക്കാളും മുസ്‌ലിംകൾ സംസ്ഥാനത്തുണ്ടെന്നും പക്ഷേ മുസ്‌ലിംകൾ മാത്രം വോട്ടു ചെയ്താൽ താൻ മുഖ്യമന്ത്രിയാകില്ല എന്നും കൂടി പറഞ്ഞു. ഇത് ശിവകുമാറിനെ മാത്രമല്ല, വൊക്കലിഗ സമുദായക്കാരെയും പ്രകോപിപ്പിച്ചു. ഈ തർക്കം മുന്നോട്ടു പോവുന്നതിനിടെയാണ് സിദ്ധരാമയ്യയുടെ പിറന്നാളാഘോഷ ഒരുക്കങ്ങൾ മുറുകിയത്. ആദ്യം മാറി നിന്ന ശിവകുമാറും സഹോദരൻ ഡി.കെ സുരേഷും ഒടുവിൽ പരിപാടിയിൽ പങ്കെടുക്കാമെന്ന് തീരുമാനിച്ചു. ഇതിനൊപ്പമാണ് രാഹുൽ ഗാന്ധിയും പങ്കെടുക്കാൻ തീരുമാനിച്ചത്.

∙ സിദ്ധരാമയ്യയുടെ അമൃത് മഹോത്സവം

 ആദ്യം സിദ്ധരാമോത്സവ എന്നു പേരിട്ട പരിപാടി പിന്നീട് സിദ്ധരാമയ്യയുടെ 75–ാം അമൃത് മഹോത്സവം എന്നാക്കുകയായിരുന്നു. ആറു മുതൽ എട്ടു ലക്ഷത്തോളം പേരാണ് ആ പരിപാടിയിൽ പങ്കെടുക്കാൻ തടിച്ചു കൂടിയത് എന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. അതുകൊണ്ടു തന്നെയാണ് ഇത് തിരഞ്ഞെടുപ്പ് പ്രചാരത്തിന്റെ തുടക്കമായി കണക്കാക്കാമെന്ന് പാർട്ടി പറയുന്നതും. 

സിദ്ധരാമയ്യയെ ഷാൾ അണിയിച്ചതിനു ശേഷം കൈകൾ കൂട്ടിപ്പിടിച്ച ഉയർത്തിയ ശേഷം തിരി‍ഞ്ഞ ശിവകുമാറിനോട് സിദ്ധരാമയ്യയെ ആലിംഗനം ചെയ്യാൻ ആംഗ്യം കാണിക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രം ഏറെ ചർച്ചയായിരുന്നു. തുടർന്ന് ശിവകുമാർ അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയും പ്രവർത്തകർ ആരവം മുഴക്കുകയും ചെയ്തു. താൻ സാധാരണ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാറില്ലെങ്കിലും സിദ്ധരാമയ്യയുമായി പ്രത്യേകം ബന്ധം പുലർത്തുന്നതു കൊണ്ടാണ് താൻ വന്നത് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സിദ്ധരാമയ്യയുടെ കഴിഞ്ഞ ഭരണത്തിൽ താൻ തൃപ്തനാണെന്നും മാതൃകാ ഭരണമായിരുന്നു അതെന്നും കൂടി രാഹുൽ പറഞ്ഞുവച്ചു. പാർട്ടിക്ക് വേണ്ടി വലിയ പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുള്ള ആളാണ് ശിവകുമാറെന്നും പറഞ്ഞ രാഹുൽ ഗാന്ധി, എന്തായാലും ഇരു നേതാക്കളും ഒരുമിച്ച പ്രവർത്തിക്കുന്നത് സന്തോഷം നൽകുന്ന കാഴ്ചയാണെന്നു കൂടി പറഞ്ഞു. താനും ശിവകുമാറുമായി യാതൊരു പ്രശ്നവുമില്ലെന്നും എല്ലാം രാഷ്ട്രീയ സൃഷ്ടികളാണെന്നുമായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. കൂട്ടായ നേതൃത്വമായിരിക്കും പാർട്ടിക്ക് ഉണ്ടാവുക എന്നായിരുന്നു ശിവകുമാറിന്റെ പ്രസ്താവന.

∙ തലേന്നത്തെ രാഹുലിന്റെ യോഗം, അച്ചടക്കം

പിറന്നാളാഘോഷത്തിന്റെ തലേന്ന് കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി യോഗം ചേർന്നിരുന്നു. തുടർന്ന് സിദ്ധരാമയ്യയുമായും ശിവകുമാറുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയെന്നും അതിന്റെ പ്രതിഫലനമായിരുന്നു പിറ്റേന്ന് കണ്ടത് എന്നും പാർട്ടി നേതാക്കൾ പറയുന്നു. എന്നാൽ എത്ര നാളേക്ക് ഈ ഐക്യം തുടർന്നു കൊണ്ടുപോകും എന്ന കാര്യത്തിൽ മാത്രം ആർക്കും ഉറപ്പില്ല. 

അഞ്ചുവർഷക്കാലത്തെ സിദ്ധരാമയ്യയുടെ ഭരണത്തിനു ശേഷമാണ് 2018–ൽ ജെഡി(എസ്)മായി കൂട്ടുകെട്ടുണ്ടാക്കി കോണ്‍ഗ്രസ് ഭരത്തിലേറുന്നത്. മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാതെ വന്നതോടെ ബിജെപി നേതാവ് ബി.എസ് യെഡിരൂപ്പ രാജിവച്ചതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ ഇത് അധികകാലം മുന്നോട്ടു പോയില്ല. 2019ൽ തന്നെ എച്ച്.ഡി. കുമാരസ്വാമിക്ക് പുറത്തു പോകേണ്ടി വന്നു. പിന്നാലെ െയഡിയൂപ്പ വീണ്ടും മുഖ്യമന്ത്രിയായെങ്കിലും ഈ സമയത്തൊക്കെ കോൺഗ്രസിന്റെ പ്രധാന ‘ട്രബിൾഷൂട്ടർ’ എന്ന നിലയിൽ വലിയ ജനപിന്തുണയുള്ള നേതാവായിരുന്നു ശിവകുമാർ. പിന്നീടാണ് അദ്ദേഹത്തെ പാർട്ടി സംസ്ഥാന പ്രസിഡന്റായി നിയമിച്ചത്. ഇതിനു പിന്നാലെ പാർട്ടിയിലെ ഈ രണ്ടു വിഭാഗങ്ങളും മുഖ്യമന്ത്രി പദത്തിലേക്ക് അവകാശവാദം ഉന്നയിച്ചു തുടങ്ങുകയും ചെയ്തു. 

ഡി.കെ.ശിവകുമാർ. ഫയൽ ചിത്രം: @DKShivakumar / Twitter

∙ കൂടുതൽ പിന്തുണ സിദ്ധരാമയ്യയ്ക്ക്, ശിവകുമാറിനും പറയാനുണ്ട്

2023 തന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിതിനു ശേഷം ശിവകുമാറിനേക്കാൾ അദ്ദേഹത്തിനാണ് പാർട്ടിയിൽ കൂടുതൽ പിന്തുണ ലഭിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ശിവകുമാറിന് ഇനിയും സമയമുണ്ടെന്നും സിദ്ധരാമയ്യയെ അവസാന വട്ടം ഒരിക്കൽ കൂടി മുഖ്യമന്ത്രിയാകാൻ അനുവദിക്കണം എന്നുമാണ് പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ പലരും പറയുന്നത്. എന്നാൽ 2013–18 സമയത്ത് സിദ്ധരാമയ്യ മുഖ്യമന്ത്രിയായി എന്നതു കൊണ്ട് തന്നെ ഇത്തവണ ശിവകുമാറിന്റെ ചാൻസാണ് എന്നാണ് മറുഭാഗം വാദിക്കുന്നത്. കഴി‍ഞ്ഞ തവണ തിരഞ്ഞെടുപ്പ് പ്രചാരണ തലവനായും പാർട്ടിയെ അധികാരത്തിലെത്തിക്കാനുമൊക്കെ പ്രധാനമായും പണിയെടുത്തത് താനാണെങ്കിലും തുടക്കത്തിൽ തന്നെ മന്ത്രിയാക്കാൻ പോലും സിദ്ധരാമയ്യ തയാറായിരുന്നില്ല എന്ന് ശിവകുമാർ ചൂണ്ടിക്കാട്ടിയിരുന്നു.

അതേ സമയം, രാഷ്ര്ടപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ എൻ‍ഡിഎ സ്ഥാനാർഥികൾക്ക് പിന്തുണ നൽകിയ പാർട്ടി സ്ഥാപകൻ കൂടിയായ എച്ച്.ഡി. ദേവ ഗൗ‍ഡയുടെ നടപടി ജെ‍ഡി(എസ്) ഇപ്പോഴേ ഒരു പാലമിട്ടു കഴിഞ്ഞു എന്നതിന്റെ സൂചന കൂടിയായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.

കർണാടകത്തിൽ മുഴുവൻ സ്വാധീനമുള്ള കോണ്‍ഗ്രസിന്റെ നേതാവ് ഇപ്പോഴും സിദ്ധരാമയ്യയാണ്. നിരവധി ജനോപകാരപ്രദമായ പദ്ധതികളിലൂടെയാണ് സിദ്ധരാമയ്യയുടെ അഞ്ചു വർഷ ഭരണം കടന്നു പോയത്. ഇത് തുടർഭരണത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. അതുകൊണ്ടു തന്നെ ഒരിക്കൽ കൂടി മുഖ്യമന്ത്രിയാവുക എന്നതാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അതേ സമയം, ഏതു സമയത്തും കോൺഗ്രസിന് ആശ്രയിക്കാവുന്ന, തെരുവിൽ പോരടിക്കുന്ന ആൾ എന്ന പ്രതിച്ഛായയാണ് ശിവകുമാറിന് ഉള്ളത്. പാർട്ടിക്ക് വേണ്ടി താൻ വളരെയേറെ ത്യാഗം ചെയ്തിട്ടുണ്ട് എന്ന് ശിവകുമാർ തന്നെ ഒാർമിപ്പിക്കാറുമുണ്ട്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ഇ.ഡി, ആദായ നികുതി കേസുകളും ഇതുമായി ബന്ധപ്പെട്ട് തിഹാർ ജയിലില്‍ കിടന്നതുെമാക്കെ പക്ഷേ, ശിവകുമാറിന് പ്രതിബന്ധങ്ങളാണ്. 

അതുപോലെ കോൺഗ്രസിന് ഒരു ദലിത് മുഖ്യമന്ത്രി വേണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നതാണ്. മല്ലികാർജുൻ ഖാർഗെയും സിദ്ധരാമയ്യയുടെ കീഴിൽ ഉപമുഖ്യമന്ത്രിയായിരുന്ന ജി. പരമേശ്വരയുമൊക്കെയാണ് ഈ പദവികൾ കാംഷിക്കുന്നവർ. എന്നാൽ ഏറെക്കാലമായി സിദ്ധരാമയ്യ നെയ്തുണ്ടാക്കിയതും 2013–ൽ പാർട്ടിക്ക അധികാരം നൽകിയതുമായ സംസ്ഥാനത്തെ 55 ശതമാനം വരുന്ന അഹിന്ദ (ന്യൂനപക്ഷങ്ങൾ, പിന്നാക്കക്കാർ, ദലിതർ എന്നിവരെ കുറിക്കാൻ കന്ന‍ഡയിൽ പറയുന്ന പേര്) വോട്ടുകളാണ് കുറുബ സമുദായക്കാരനായ മുൻമുഖ്യമന്ത്രിയുടേ ശക്തി. 

രാഹുൽ ഗാന്ധി

∙ ലിംഗായത് സമുദായത്തെ രാഹുൽ കണ്ടപ്പോൾ 

ബിജെപിക്കൊപ്പം നിൽക്കുന്ന പ്രബലമായ ലിംഗായത് സമുദായത്തെ ഒപ്പം നിർത്തേണ്ടതിന്റെ ആവശ്യകത കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. 1990–നു ശേഷം കോൺഗ്രസിന് ലിംഗായത് സമുദായത്തിൽ നിന്ന് മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. ഇപ്പോൾ ഈ സമുദായത്തിന്റെ ഭൂരിപക്ഷവും യെഡിയൂരപ്പയ്ക്കും അതിനു ശേഷം മുഖ്യമന്ത്രിയായ ലിംഗായത് സമുദായാംഗം തന്നെയായ ബസവരാജ് ബൊമ്മെയ്ക്കും പിന്നിലാണ്. അതുകൊണ്ടു തന്നെ ലിംഗായത് സമുദായക്കാരനായ മുതിർന്ന നേതാവ് എം.ബി പാട്ടീലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക്ക കൊണ്ടുവരും എന്നുള്ള ചർച്ചകളും സജീവമാണ്. ഈ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ ഈ അടുത്തുണ്ടായ സന്ദർശനവും ഇതുകൊണ്ടു തന്നെ പ്രധാനമാണ്. 

ശിവകുമാറുമൊന്നിച്ച് ചിത്രദുർഗ ജില്ലയിലുള്ള മുരുകരാജേന്ദ്ര മഠത്തിലെത്തിയ രാഹുൽ ഗാന്ധി അവിടെ വച്ച് മഠത്തിലെ പൂജാരിയായ ശിവമൂർത്തി മരുഗശരണയിൽ നിന്ന് വിശിഷ്ടമായ ‘ഇഷ്ട ലിംഗ ദീക്ഷ’ സ്വീകരിച്ചിരുന്നു. രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളതാണ് ഈ സന്ദർശനം. ലിംഗായത്–വീരശൈവ വിഭാഗത്തിൽ നിന്ന് യെഡിയൂരപ്പ, ജഗദീഷ് ഷെട്ടാർ, ബസവരാജ് ബൊമ്മെ എന്നിങ്ങനെ മൂന്ന് ബിജെപി മുഖ്യമന്ത്രിമാരുണ്ടായിട്ടുണ്ട്. എന്നാൽ ഇവരിലെ ഏറ്റവും ശക്തനായ യെ‍ഡിയൂരപ്പ പുറത്താവുകയും താൻ വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തതോടെ ഈ പ്രബല സമുദായത്തെ ഒപ്പം നിർത്താനുള്ള സാഹചര്യങ്ങളാണ് കോണ്‍ഗ്രസിന് തെളിഞ്ഞു വന്നിട്ടുള്ളത്. 

∙ ജെ‍ഡി(എസ്) എന്ന ‘കറുത്ത കുതിര’

വീണ്ടും കർണാടക രാഷ്ട്രീയത്തിലെ 'കറുത്ത കുതിര'കളാകാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന സൂചനയാണ് ജെഡി(എസ്) നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി നൽകുന്നത്. ബിജെപിക്കും കോൺഗ്രസിനുമെതിരെ ഒരേ വിധത്തിൽ വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടു തന്നെ പാർട്ടിയുടെ അടിയുറച്ച വോട്ടുകളായ വൊക്കലിഗ സമുദായ വോട്ടുകൾ ഒരുമിപ്പിക്കാനാണ് കുമാരസ്വാമിയുടെ ശ്രമം. അതേ സമയം, രാഷ്ര്ടപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ എൻ‍ഡിഎ സ്ഥാനാർഥികൾക്ക് പിന്തുണ നൽകിയ പാർട്ടി സ്ഥാപകൻ കൂടിയായ എച്ച്.ഡി. ദേവ ഗൗ‍ഡയുടെ നടപടി ജെ‍ഡി(എസ്) ഇപ്പോഴേ ഒരു പാലമിട്ടു കഴിഞ്ഞു എന്നതിന്റെ സൂചന കൂടിയായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. 

ഇക്കഴിഞ്ഞ മേയ് മാസത്തിൽ‌ തന്നെ ജെഡി(എസ്) തിര‍ഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരുന്നു. വമ്പൻ പൊതുയോഗത്തോടെയായിരുന്നു പ്രചരണ പരിപാടികളുടെ ഉത്ഘാടനം. താൻ ഫീനിക്സ് പക്ഷിയെപ്പോലെ ഉദിച്ചുയരുമെന്നും ഇത്തവണ ജെ‍ഡി(എസ്) ഒറ്റയ്ക്ക് അധികാരം പിടിക്കും എന്നുമാണ് കുമാരസ്വാമി പറയുന്നത്. സംസ്ഥാനത്തെ നദികളിലെ ജലം കാര്യക്ഷമമായി ഉപയോഗിക്കുന്നത് സംബന്ധിച്ച് പാർട്ടി നടത്തിയ ജനത ജലധാര പ്രചരണ പരിപാടിയുടെ കൂടി ഭാഗമായിരുന്നു സമ്മേളനം. അതായത്, കർഷകരെ ഒപ്പം നിർത്താനുള്ള തീവ്രശ്രമങ്ങൾ പാര്‍ട്ടിയുടെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട്.

എച്ച്.ഡി. കുമാരസ്വാമി.

ഈ വർഷം ഡിസംബറിൽ തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന കണക്കുകൂട്ടലിലാണ് കുമാരസ്വാമി ഇപ്പോൾ സംസ്ഥാനത്തൊട്ടാകെ പര്യടനം നടത്തുന്നുമുണ്ട്. ഈയിടെ രണ്ടു സമുദായങ്ങളിലുമായി മൂന്ന് കൊലപാതകങ്ങൾ നടന്ന ദക്ഷിണ കന്നഡ ജില്ലയിലെത്തിയ ജെഡി(എസ്) നേതാവ് കൊല്ലപ്പെട്ട മൂന്നു പേരുടെ വീടുകളും സന്ദര്‍ശിച്ചിരുന്നു. മരിച്ച ബിജെപി പ്രവർത്തകന്റെ വീട് മാത്രം സന്ദർശിച്ചതിന് മുഖ്യമന്ത്രി ബൊമ്മെയെ കുമാരസ്വാമി കുറ്റപ്പെടുത്തുകയും ചെയ്തു. 

∙ ഭൂരിപക്ഷമില്ലാഞ്ഞിട്ടും ജെഡിഎസ്

225 അംഗ നിയമസഭയിൽ ജെഡി(എസ്)ന് ഒറ്റയ്ക്ക് ഭരിക്കാൻ ഒരിക്കലും അവസരം കിട്ടിയിട്ടില്ല. എന്നാൽ രണ്ടു തവണ മുഖ്യമന്ത്രിയായ ആളാണ് എച്ച്.ഡി കുമാരസ്വാമി. 2006–ൽ ബിജെപി പിന്തുണയിലും 2018–ൽ കോൺഗ്രസ് പിന്തുണയിലും. അതുകൊണ്ടു തന്നെ കോൺഗ്രസോ ബിജെപിയോ കേവല ഭൂരിപക്ഷം നേടാതെ വന്നാൽ തങ്ങളുടെ സാധ്യതകൾ ഇനിയും അവസാനിച്ചിട്ടില്ല എന്ന് കുമാരസ്വാമിക്കും ജെഡി(എസ്)നും അറിയാം. 

പിഎസ്: കോൺഗ്രസിന്റെ കർണാടത്തിലെ തമ്മിലടി കാണുമ്പോൾ പലരും ഇതിനെ ഉപമിക്കുന്നത് പഞ്ചാബിനോടാണ്. പഞ്ചാബിൽ വലിയ ഭൂരിപക്ഷത്തിൽ ഭരിച്ചിരുന്ന കോൺഗ്രസിന് ക്യാപ്റ്റൻ അമരിന്ദർ സിങ്ങിന്റെയും മുൻ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദുവിന്റെയും തമ്മിലടി മൂലം ഭരണവും നഷ്ടമായി, പാർട്ടിയും തകരുന്ന അവസ്ഥയുണ്ടായി എന്നതാണ് ബാക്കിപത്രം. 

 

English Summary: Parties Focus on Upcoming State Polls; Political heat Boils in Karnataka