കോവിഡ് പ്രതിസന്ധിക്കു ശേഷം ഉയർന്നു തുടങ്ങിയ ഇന്ധനവില റഷ്യയുടെ ഇന്ധന യുദ്ധത്തോടെ പുതിയ ഉയരങ്ങൾ തൊടുമെന്ന് ഉറപ്പാണ്. റഷ്യയ്ക്കു മേൽ ഏർപ്പെടുത്തുന്ന ഏതൊരു നിയന്ത്രണവും ആഗോള ഊർജ വിപണിയെ കൂടുതൽ തളർത്തും. ഇതു ലോകമെങ്ങും വൻ ആഘാതങ്ങളേൽപ്പിച്ചേക്കാം.ഊർജ ദാരിദ്ര്യത്തിൽ വലയുന്ന യൂറോപ്പിലെ രാജ്യങ്ങൾ സാമ്പത്തികമായും വ്യാവസായികമായും തകർന്നു വീണേക്കാം. കമ്പനികളുടെ പ്രവർത്തനം താളംതെറ്റുന്നത് ലക്ഷക്കണക്കിനു പേരുടെ

കോവിഡ് പ്രതിസന്ധിക്കു ശേഷം ഉയർന്നു തുടങ്ങിയ ഇന്ധനവില റഷ്യയുടെ ഇന്ധന യുദ്ധത്തോടെ പുതിയ ഉയരങ്ങൾ തൊടുമെന്ന് ഉറപ്പാണ്. റഷ്യയ്ക്കു മേൽ ഏർപ്പെടുത്തുന്ന ഏതൊരു നിയന്ത്രണവും ആഗോള ഊർജ വിപണിയെ കൂടുതൽ തളർത്തും. ഇതു ലോകമെങ്ങും വൻ ആഘാതങ്ങളേൽപ്പിച്ചേക്കാം.ഊർജ ദാരിദ്ര്യത്തിൽ വലയുന്ന യൂറോപ്പിലെ രാജ്യങ്ങൾ സാമ്പത്തികമായും വ്യാവസായികമായും തകർന്നു വീണേക്കാം. കമ്പനികളുടെ പ്രവർത്തനം താളംതെറ്റുന്നത് ലക്ഷക്കണക്കിനു പേരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് പ്രതിസന്ധിക്കു ശേഷം ഉയർന്നു തുടങ്ങിയ ഇന്ധനവില റഷ്യയുടെ ഇന്ധന യുദ്ധത്തോടെ പുതിയ ഉയരങ്ങൾ തൊടുമെന്ന് ഉറപ്പാണ്. റഷ്യയ്ക്കു മേൽ ഏർപ്പെടുത്തുന്ന ഏതൊരു നിയന്ത്രണവും ആഗോള ഊർജ വിപണിയെ കൂടുതൽ തളർത്തും. ഇതു ലോകമെങ്ങും വൻ ആഘാതങ്ങളേൽപ്പിച്ചേക്കാം.ഊർജ ദാരിദ്ര്യത്തിൽ വലയുന്ന യൂറോപ്പിലെ രാജ്യങ്ങൾ സാമ്പത്തികമായും വ്യാവസായികമായും തകർന്നു വീണേക്കാം. കമ്പനികളുടെ പ്രവർത്തനം താളംതെറ്റുന്നത് ലക്ഷക്കണക്കിനു പേരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുക്രെയ്നിലെ കരയുദ്ധത്തിനു പിന്നാലെ, റഷ്യ തുടക്കമിട്ട സാമ്പത്തിക യുദ്ധത്തിന്റെ ഭാഗമായുള്ള ഊർജ പോരാട്ടത്തിന്റെ പ്രകമ്പനം റഷ്യൻ അതിർത്തികൾ കടന്നു ലോകമെങ്ങും മുഴങ്ങുകയാണ്. കുത്തനെ ഉയർന്ന ഇന്ധനവിലയുടെ ആഘാതത്തിൽ ശ്രീലങ്കയിൽനിന്നു തുടങ്ങിയ ഭരണമാറ്റങ്ങൾ ഇറ്റലിയും കടന്നു ലോകമെങ്ങും പതിയെ പടർന്നിറങ്ങുന്നു. റഷ്യയെ വരിഞ്ഞുമുറുക്കിയ ഉപരോധമെന്ന ഊരാക്കുടുക്കിനെ അരിഞ്ഞുവീഴ്ത്താൻ ഫോസിൽ ഇന്ധനമെന്ന വജ്രായുധം പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഒരു ദയവുമില്ലാതെ എടുത്തു വീശുമ്പോൾ കടന്നു വരാൻ പോകുന്ന ശൈത്യകാലത്തിനു മുന്നേ യൂറോപ്പ് ആകെ വിറയ്ക്കുകയാണ്, അതു തണുപ്പുകൊണ്ടല്ല, ഭയം കൊണ്ടാണെന്നു മാത്രം. റഷ്യൻ ക്രൂഡ് ഓയിലിനും ഗ്യാസിനും പ്രൈസ് ക്യാപ് (വിൽപന വില പരിധി) നിശ്ചയിക്കാനുള്ള ജി7 രാജ്യങ്ങളുടെയും യൂറോപ്യൻ യൂണിയന്റെയും നീക്കം തടയാൻ റഷ്യ തങ്ങളുടെ തുറുപ്പു ചീട്ട് പ്രയോഗിക്കുമ്പോൾ യൂറോപ്യൻ യൂണിയന്റെ ഐക്യത്തിനു തന്നെ അന്ത്യമണി മുഴങ്ങുമോയെന്ന ആശങ്കയും ഒട്ടും അസ്ഥാനത്തല്ല. സാങ്കേതിക കാരണങ്ങൾ നിരത്തി നോർഡ് സ്ട്രീം 1 പൈപ്‌ലൈനിലൂടെയുള്ള ഗ്യാസ് വിതരണം അനിശ്ചിത കാലത്തേക്കു നിർത്തി വച്ച റഷ്യൻ നടപടി, യൂറോപ്പിൽ വരാനിരിക്കുന്ന ശൈത്യകാലത്ത് കടുത്ത പ്രതിസന്ധി ഉയർത്തും. പ്രശ്നം നീണ്ടു പോകുകയാണെങ്കിൽ അടുത്ത വർഷം മുതൽ പ്രതിസന്ധി അതിരൂക്ഷമാകുകയും 5 മുതൽ 10 വർഷത്തേക്ക് ഇതു നീണ്ടു നിൽക്കുമെന്നും വിദഗ്ധർ പറയുന്നു. പാശ്ചാത്യ ഉപരോധത്തെ തുടർ‌ന്ന് ഇനിയും കമ്മിഷൻ ചെയ്യാത്ത നോർഡ് സ്ട്രീം 2 പൈപ്‌ലൈൻ തുറന്നാൽ പ്രതിസന്ധി പരിഹരിക്കാമെന്നു പുട്ടിൻ തുറന്നു പറഞ്ഞതോടെ കേവലമൊരു സമ്മർദ തന്ത്രത്തിനപ്പുറം ദീർഘകാല ലക്ഷ്യത്തോടെയാണ് റഷ്യൻ നീക്കമെന്നതും യൂറോപ്പിന്റെ ആശങ്ക വർധിപ്പിക്കുന്നു. എന്താണ് യൂറോപ്പിൽ യഥാർഥത്തിൽ സംഭവിക്കുന്നത്? ഉയർന്ന ഇന്ധനച്ചെലവും ഇന്ധന ലഭ്യതക്കുറവും യൂറോപ്പിനെ സാമ്പത്തിക മാന്ദ്യത്തിലേക്കാണോ നയിക്കുന്നത്? ഇന്ത്യയും ചൈനയും പോലുള്ള ഏഷ്യൻ രാജ്യങ്ങളെ ഈ ഊർജയുദ്ധം എങ്ങനെയാണു ‘സഹായിക്കുന്നത്’? അമേരിക്കയെ വിശ്വസിച്ച് മുന്നോട്ടിറങ്ങിയ യൂറോപ്യൻ രാജ്യങ്ങൾക്കു പണി കിട്ടിയോ?

ഡോളറും യൂറോയും. Representative Image: FRED TANNEAU / AFP

 

ADVERTISEMENT

ഇന്ധന വിലക്കയറ്റം സൃഷ്ടിക്കുന്ന കടുത്ത പണപ്പെരുപ്പത്തിനും സാമ്പത്തിക പ്രതിസന്ധിക്കും പുറമേ ഇന്ധനമേ ലഭിക്കാത്ത നാളെകളെക്കുറിച്ചുള്ള ആശങ്കയും യൂറോപ്പിലെങ്ങും അസ്വസ്ഥതകളും ചേരിതിരിവുകളും സൃഷ്ടിക്കാൻ തുടങ്ങിയിട്ടുണ്ട്. വർധിച്ച ഊർജച്ചെലവുകളിൽ പ്രതിഷേധിച്ചു ജനകീയ പ്രക്ഷോഭങ്ങളും യൂറോപ്പിൽ അരങ്ങേറുന്നു. യൂറോപ്പിന്റെ ഇന്ധന പ്രതിസന്ധി ചൈനയും ഇന്ത്യയുമടക്കുള്ള രാജ്യങ്ങൾക്ക് നേട്ടമാകുമ്പോൾ, ഊർജയുദ്ധം കടുത്താൽ തങ്ങളുടെ മേലുള്ള രാജ്യാന്തര ഉപരോധം അവസാനിക്കുമെന്നും ആഗോള ക്രൂഡ് ഓയിൽ‌ വിപണിയിലേക്ക് തിരിച്ചെത്താമെന്നുമുള്ള പ്രതീക്ഷയിലാണ് ഇറാനും വെനസ്വേലയും പോലുള്ള രാജ്യങ്ങൾ. 

 

∙ യൂറോപ്പിലെ വാതക പ്രതിസന്ധി

 

യുക്രെയ്നിലെ ഖാർക്കീവിൽ റഷ്യ നടന്ന വ്യോമാക്രമണത്തിൽ ഗ്യാസ് സ്റ്റേഷനു തീപിടിച്ചപ്പോൾ സമീപത്തുകൂടി കടന്നു പോകുന്ന വയോധികന്‍. 2022 മാർച്ച് 25ലെ ചിത്രം: Sergey BOBOK / AFP
ADVERTISEMENT

യൂറോപ്പിന്റെ പവർഹൗസ് എന്നാൽ റഷ്യയാണ്. ലോകത്ത് ഗ്യാസ് ഉൽപാദനത്തിൽ രണ്ടാം സ്ഥാനവും വിൽപനയിൽ ഒന്നാം സ്ഥാനവും റഷ്യ അലങ്കരിക്കുന്നു. ഗ്യാസ് ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് അമേരിക്കയാണെങ്കിലും ഏറിയ പങ്കും അമേരിക്ക സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയാണ്. റഷ്യയിൽ നിന്ന് യുക്രെയ്‌നിലൂടെയുള്ള പൈപ്‌ലൈനുകൾ, റഷ്യയിൽ നിന്നു ബാൾട്ടിക് കടലിലൂടെ വന്ന് ജർമനിയിൽ പ്രവേശിക്കുന്ന നോർഡ് സ്ട്രീം 1, ബെലാറൂസിലൂടെ വന്ന് പോളണ്ടു വഴി ജർമനിയിലെത്തുന്ന യെമാൽ പൈപ്‌ലൈൻ, കരിങ്കടലിലൂടെയുള്ള തുർക്ക്സ്ട്രീം തുടങ്ങിയവയിലൂടെയും പടിഞ്ഞാറൻ യൂറോപ്പിലെ നോർവീജിയൻ പൈപ്‌ലൈനുകളിലൂടെയും ‌ലഭിക്കുന്ന പ്രകൃതിവാതകമാണ് യൂറോപ്പിന്റെ ഊർജനാഡികൾ. എന്നാൽ കോവിഡ് മഹാമാരിക്കു ശേഷം നോർഡ് സ്ട്രീം 1 അടക്കമുള്ള റഷ്യൻ പൈപ്‌ലൈനുകൾ പ്രവർത്തന ശേഷി കുറച്ചതും യുക്രെയ്ൻ യുദ്ധത്തിനുശേഷം സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രവർത്തനം നിർത്തിവച്ചതും യൂറോപ്പിന്റെ വാതകശേഖരത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. റഷ്യയും യുക്രെയ്നും കനത്ത യുദ്ധം തുടരുമ്പോഴും യുക്രെയ്നിലൂടെയുള്ള പൈപ്‌ലൈനിലൂടെ റഷ്യൻ ഗ്യാസ് ലഭിച്ചിരുന്നത് യൂറോപ്പിന് ആശ്വാസമായിരുന്നു. എന്നാൽ റഷ്യൻ ക്രൂ‍ഡ് ഓയിലിനും ഗ്യാസിനും പരമാവധി വിൽപന വില പരിധി (പ്രൈസ് ക്യാപ്) ഏർപ്പെടുത്താനുള്ള അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും നീക്കങ്ങളാണ് വെറുതെ കത്തിച്ചുകളഞ്ഞാലും യൂറോപ്പിനു വാതകമില്ലെന്ന റഷ്യയുടെ ഇപ്പോഴത്തെ കടുത്ത നിലപാടിനു കാരണം.

 

∙ അവസാന അടവായി പ്രൈസ് ക്യാപ്

2009 കാലഘട്ടത്തിൽ യൂറോപ്പിലേക്കുള്ള റഷ്യൻ വാതക കയറ്റുമതിയുടെ 80% യുക്രെയ്നിലൂടെയാണ് നടന്നിരുന്നത്. ഇതു യൂറോപ്പിനാവശ്യമായ പ്രകൃതി വാതകത്തിന്റെ 25 ശതമാനമായിരുന്നു.

 

പുട്ടിൻ. ചിത്രം: Alexey DRUZHININ / SPUTNIK / AFP
ADVERTISEMENT

റഷ്യ വിൽക്കുന്ന ക്രൂ‍ഡ് ഓയിലിനും ഗ്യാസിനും വിൽപന വില പരിധി നിശ്ചയിക്കാനുള്ള ശ്രമത്തിലാണ് ജി7 രാജ്യങ്ങൾ. യുക്രെയ്നെതിരെയുള്ള യുദ്ധത്തിൽ ആയുധപ്പുരകൾ നിറയ്ക്കാൻ, ഇന്ധന വരുമാനം റഷ്യയെ സഹായിക്കരുതെന്ന ലക്ഷ്യത്തോടെയാണ് കടുത്ത ഉപരോധം അമേരിക്ക ഏർപ്പെടുത്തിയത്. റഷ്യൻ ഇന്ധന വിൽപനയ്ക്കു മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ പല രീതിയിൽ പരാജയപ്പെട്ടതോടെ അവസാന അടവായിട്ടാണ് പ്രൈസ് ക്യാപ് എന്ന തന്ത്രം അമേരിക്ക പുറത്തെടുത്തത്. എന്നാൽ പ്രൈസ് ക്യാപ്പിങ് എങ്ങനെ നടപ്പിലാക്കുമെന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല. 

 

റഷ്യൻ ഫോസിൽ ഇന്ധനങ്ങൾക്കു മാത്രമായി പ്രൈസ് ക്യാപ് ഏർപ്പെടുത്താനുള്ള യൂറോപ്യൻ യൂണിയന്റെ ശ്രമം 27 അംഗ ബ്ലോക്കിലെ അനൈക്യം മൂലം തകർന്നിരുന്നു. റഷ്യൻ ഗ്യാസിനു മാത്രമല്ല യൂറോപ്പ് വാങ്ങുന്ന എല്ലാ ഗ്യാസിനും പ്രൈസ് ക്യാപ് വേണമെന്ന പോളണ്ടിന്റെയും ഇറ്റലിയുടെയും നിലപാട് റഷ്യയെ പൂട്ടാമെന്ന അമേരിക്കൻ പ്രതീക്ഷയെ മുളയിലേ നുള്ളുന്നു. കൂടാതെ റഷ്യൻ ക്രൂഡ് ഓയിലിനു പ്രൈസ് ക്യാപ് എന്ന നിർദേശം ഇന്ത്യ എങ്ങനെ സ്വീകരിക്കുമെന്നതും ഏറ്റവും നിർണായകമാണ്. അമേരിക്കയുടെ പ്രൈസ് ക്യാപ് നിർദേശത്തോട്, പഠിച്ച് വിവരം അറിയിക്കാമെന്ന തണുപ്പൻ മറുപടിയാണ് ഇന്ത്യ നൽകിയതെന്നതു അമേരിക്കയ്ക്ക് ആശങ്കയുണ്ടാക്കുന്നതാണ്.

ചിത്രം: Ina FASSBENDER / AFP

 

∙ എങ്ങനെ നടപ്പാക്കും പ്രൈസ് ക്യാപ്?

പ്രകൃതിവാതകത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണു റഷ്യ. യൂറോപ്യൻ യൂണിയന്റെ ഐക്യത്തെ തന്നെ ബാധിക്കുന്ന തരത്തിലേക്കാണ് യൂറോപ്യൻ യൂണിയനിലെ ഊർജ പ്രതിസന്ധി കത്തിക്കയറുന്നത്.

 

നോർഡ് സ്ട്രീം 2 പൈപ്‌ലൈനിന്റെ സൂചനാബോർഡ്. ജർമനിയിൽനിന്നുള്ള ദൃശ്യം: Odd ANDERSEN / AFP

ഉൽപാദന ചെലവിന് ആനുപാതികമായി റഷ്യൻ ഫോസിൽ ഇന്ധനങ്ങൾക്ക് ഏർ‌പ്പെടുത്തുന്ന പരമാവധി വിൽപന വില പരിധിയാണ് അമേരിക്ക പദ്ധതിയിട്ട പ്രൈസ് ക്യാപ്പിങ്. ഇതിന്റെ ഭാഗമായി കുറഞ്ഞ വിലയ്ക്കു റഷ്യയിൽനിന്ന് ഇന്ധനം വാങ്ങാൻ മറ്റു രാജ്യങ്ങൾ നിർബന്ധിതരാകും. നിലവിൽ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങൾ നിലവിൽ ലഭിക്കുന്നതിലും കൂടുതൽ ഇളവ് ചോദിച്ചു വാങ്ങണം. മാത്രമല്ല, റഷ്യയിൽ നിന്നു ക്രൂഡ് ഓയിൽ കയറ്റുന്ന കപ്പലുകൾക്ക് ഏർപ്പെടുത്തുന്ന ഭീമമായ ഇൻഷുറൻസ് പ്രീമിയമാണ് പ്രൈസ് ക്യാപ്പിങ്ങിനുള്ള മറ്റൊരു അമേരിക്കൻ ഉപായം. 

 

രാജ്യാന്തര മാരിടൈം നിയമപ്രകാരം സമുദ്രത്തിൽ സഞ്ചരിക്കുന്ന ഏതൊരു കപ്പലിനും ഏതൊരു രാജ്യത്തിന്റെയും തുറമുഖത്ത് അടുക്കണമെങ്കിൽ രാജ്യാന്തര ഏജൻസികളുടെ ഇൻഷുറൻസ് കവറേജ് നിർബന്ധമാണ്. ജി7 രാജ്യങ്ങളിലെ 13 കമ്പനികൾ ചേർന്നിട്ടുള്ള ഒരു കൺസോർഷ്യമാണ് ലോകത്തെ മിക്ക ചരക്കുകപ്പലുകൾക്കും യാത്രാക്കപ്പലുകൾക്കും ഇൻഷുറൻസ് പരിരക്ഷയും റീ ഇൻഷുറൻസ് പരിരക്ഷയും നൽകുന്നത്. കടലിൽ വച്ചുണ്ടാകുന്ന അപകടങ്ങൾക്കോ എണ്ണച്ചോർച്ച പോലുള്ള അത്യാഹിതങ്ങൾക്കോ നഷ്ടപരിഹാരം നൽകാൻ ചെറുകിട ഇൻഷുറൻസ് കമ്പനികൾക്കു കഴിയില്ലെന്നതാണ് 13 കമ്പനികൾ ചേർന്നു കൺസോർഷ്യം രൂപീകരിക്കാൻ ഇടയാക്കിയത്. 

 

ചുരുങ്ങിയ വിലയ്ക്കു കിട്ടുന്ന റഷ്യൻ ഗ്യാസ് വൻ വിലയ്ക്ക് യൂറോപ്യൻ യൂണിയന് മറിച്ചുവിറ്റു ചൈന ലാഭം കൊയ്യുകയാണ്. റഷ്യയുടെ യുദ്ധക്കലവറ കാലിയാക്കാനിറങ്ങി സ്വന്തം കീശ കാലിയാകുന്നതിന്റെ ഞെട്ടലിലാണ് ഇപ്പോൾ യൂറോപ്പ്.

റഷ്യൻ ക്രൂഡ് ഓയിൽ കയറ്റിയിട്ടുള്ള കപ്പലുകൾക്ക് പരിരക്ഷ നൽകണമെങ്കിൽ വൻ തുക പ്രീമിയം നൽകേണ്ടി വരുന്നതോടെ നിലവിലുള്ള ക്രൂഡ് ഓയിലിന്റെ ഉയർന്ന വിലയുടെ ആനുകൂല്യം റഷ്യയ്ക്കു മുതലാക്കാനാവില്ലെന്നാണ് അമേരിക്ക കണക്കുകൂട്ടുന്നത്. കപ്പലുകൾക്ക് റഷ്യൻ സർക്കാർ ഇൻഷുറൻസ് പരീക്ഷ നൽകിയാൽ മാത്രമേ ഈ പ്രതിസന്ധി മറികടക്കാൻ കഴിയൂ. എന്നാൽ കടലിൽ വച്ച് ഇത്തരം റഷ്യൻ കപ്പലുകൾക്കു നേരെ അട്ടിമറി ശ്രമമുണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. അതിനാൽ തന്നെ ഇൻഷുറൻസ് പരിരക്ഷ നൽകുക എന്നത് റഷ്യയ്ക്കു താങ്ങാനാവുന്നതിലുമധികമായേക്കാം. കൂടാതെ റഷ്യൻ ഗ്യാസ് കടന്നു പോകുന്ന പൈപ്‌ലൈനുകളുടെ കടത്തുകൂലിയും ഇൻഷുറൻസ് തുകയും വർധിപ്പിച്ചും ഗ്യാസ് വിൽപനയിലൂടെ ലഭിക്കുന്ന വൻ വരുമാനം റഷ്യയ്ക്ക് ഇല്ലാതാക്കുകയെന്നതാണ് അമേരിക്കയുടെ പ്രൈസ് ക്യാപ്പിങ് ലക്ഷ്യം.

ബാൾട്ടിക് സീ പൈപ്‌ലൈനിന്റെ നിർമാണത്തിനിടെ. 2005 ഡിസംബറിലെ ചിത്രം: KOMMERSANT / AFP

 

∙ പൈപ്‌ലൈനുകൾ സൃഷ്ടിച്ച യുദ്ധം

 

പ്രകൃതിവിഭവങ്ങൾ വളരെ കുറഞ്ഞ യൂറോപ്പിന്റെ സാമ്പത്തിക പുരോഗതിയുടെ പിന്നിലെ പ്രധാന ഘടകം സോവിയറ്റ് യൂണിയന്റെ കാലം മുതൽക്കേ യൂറോപ്പിലെമ്പാടും സ്ഥാപിച്ചിട്ടുള്ള ഇന്ധന വിതരണ പൈപ്പുകളുടെ ശൃംഖലയാണ്. നോർവേയിൽ നിന്നും റഷ്യയിൽ നിന്നും കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന പ്രകൃതിവാതകവും ക്രൂഡ് ഓയിലും യൂറോപ്പിന്റെ വ്യാവസായിക പുരോഗതിക്കും സാമ്പത്തിക വളർച്ചയ്ക്കും നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്. വൈദ്യുതി ആവശ്യങ്ങൾക്കും വ്യാവസായിക ആവശ്യങ്ങൾക്കും ശൈത്യകാലത്ത് വീടുകൾ ചൂടുപിടിപ്പിക്കാനും റഷ്യൻ പ്രകൃതിവാതകത്തെ യൂറോപ്പ് വല്ലാതെ ആശ്രയിച്ചിരുന്നു. 

റഷ്യയിലെ ഗ്യാസ്പ്രോമിന്റെ ഓയിൽ റിഫൈനറികളിലൊന്ന്. ചിത്രം: Natalia KOLESNIKOVA / AFP

 

ഊർജ ലഭ്യതയുടെ പേരിൽ സുദൃഢമാകുന്ന റഷ്യ – യൂറോപ്യൻ ബന്ധം ശീതയുദ്ധകാലം മുതൽക്കേ അമേരിക്കയുടെ കണ്ണിൽ കരടായിരുന്നു. സോവിയറ്റ് യൂണിയനും ഓസ്ട്രിയയും തമ്മിൽ 1968ൽ ഒപ്പു വച്ച കരാറിലൂടെ, റഷ്യൻ നിയന്ത്രണത്തിലുണ്ടായിരുന്ന കിഴക്കൻ ജർമനി വഴി ഓസ്ട്രിയയിലേക്ക് ഗ്യാസ് പൈപ്‌ലൈൻ സ്ഥാപിച്ചു. 1970ൽ സൈബീരിയയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന 3000 കിലോമീറ്റർ ദൈർഘ്യം വരുന്ന ഗ്യാസ് പൈപ്‌ലൈനിനും സോവിയറ്റ് യൂണിയൻ പദ്ധതിയിട്ടിരുന്നു. ഇതോടെ അമേരിക്ക ആശങ്കയിലായി. യൂറോപ്യൻ ഭൂഖണ്ഡത്തിനു സുസ്ഥിരമായ ഗ്യാസ്, പദ്ധതിയിലൂടെ ലഭിക്കുമെങ്കിലും ശീതയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലത്ത് യൂറോപ്പ് സോവിയറ്റ് പക്ഷത്തേക്കു ചായുമോ എന്നതായിരുന്നു ആശങ്കയ്ക്കു കാരണം. 

 

ചിത്രം: REUTERS/Richard Carson/File Photo

പ്രകൃതി വാതകത്തെ സോവിയറ്റ് യൂണിയൻ നിർണായക ഘട്ടങ്ങളിൽ ആയുധമായി ഉപയോഗപ്പെടുത്തിയേക്കാമെന്ന്, 1981ൽ അമേരിക്കൻ ചാര സംഘടന (സിഐഎ) യുഎസ് ഗവൺമെന്റിനു മുന്നയിപ്പും നൽകി. എന്നാൽ 90കളിൽ യുഎസ്എസ്ആറിന്റെ തകർച്ചയോടെ യൂറോപ്പിലെമ്പാടും പ്രകൃതിവാതക ശൃംഖലയെന്ന സോവിയറ്റ് സ്വപ്നം പൊലിഞ്ഞു. സോവിയറ്റ് സാമ്രാജ്യം പല രാജ്യങ്ങളായി തിരിഞ്ഞതോടെ അമേരിക്ക ആശ്വസിച്ചു. എന്നാൽ രണ്ടായിരത്തിനു ശേഷം ഫോസിൽ ഇന്ധന വിലയിലുണ്ടായ വർധന, സോവിയറ്റ് യൂണിയന്റെ പിൻഗാമിയായ റഷ്യയുടെ ഉയർത്തെഴുന്നേൽപ്പിനു കാരണമായി. വ്ലാഡിമിർ പുട്ടിന്റെ കീഴിൽ റഷ്യ നേടിയ സാമ്പത്തിക – സൈനിക പുരോഗതി വീണ്ടും അമേരിക്കയെ ഭയപ്പെടുത്താൻ തുടങ്ങി. 

 

യൂറോപ്പിന്റെ ഊർജ ആവശ്യത്തെ റഷ്യ ഒറ്റയ്ക്കു ചുമലിലേറ്റുന്നത് മേഖലയിലെ അമേരിക്കൻ സ്വാധീനം കുറയ്ക്കുമെന്നു അമേരിക്ക തിരിച്ചറിഞ്ഞു തുടങ്ങി. ഒന്നിലേറെ യുദ്ധങ്ങൾ ഒരേ സമയം നേരിടാനുള്ള റഷ്യൻ കരുത്തും പുതിയ സൈനിക ആയുധങ്ങളും ഉപകരണങ്ങളും റഷ്യൻ ഗ്യാസിന്റെ അളവ് ഇരട്ടിയാക്കുന്ന നോർഡ് സ്ട്രീം 2 പൈപ്‌ലൈന്റെ നിർമാണവും, റഷ്യയെ ഉടനെ തടയേണ്ടതിന്റെ ആവശ്യകതയിലേക്ക് അമേരിക്കയെ നയിച്ചു. ഇതിന്റെ ഭാഗമായി മുൻ സോവിയറ്റ് റിപ്പബ്ലിക്കായ യുക്രെയ്നിന്റെ ബലഹീനത മുതലെടുത്ത് അമേരിക്ക അവിടെ സ്വാധീനം വർധിപ്പിക്കാൻ തുടങ്ങി. ഇതിനു പിന്നാലെ തങ്ങളുടെ രാജ്യത്തിലൂടെ കടന്നു പോകുന്ന പൈപ്‌ലൈനുകളിലെ റഷ്യൻ ഗ്യാസിന്റെ കടത്തുകൂലിയുടെ പേരിൽ യുക്രെയ്ൻ റഷ്യയുമായി കലഹിക്കാനും തുടങ്ങി. ഈ കലഹം പിന്നീട് 2004ൽ യുക്രെയ്നിലെ അമേരിക്കൻ ഒത്താശയോടെയുള്ള ഓറ‍ഞ്ച് വിപ്ലവത്തിനും 2014ൽ റഷ്യൻ അനുകൂല പ്രസിഡന്റ് വിക്ടർ യാനുകോവിച്ചിന്റെ അട്ടിമറിക്കും ഇടയാക്കി. 

 

എൽഎൻജിയുമായെത്തിയ കപ്പൽ ഫ്രഞ്ച് തീരത്ത്. ഫയൽ ചിത്രം: JEAN-FRANCOIS MONIER / AFP

യൂറോപ്യൻ യൂണിയനിൽ ചേരാതെ റഷ്യൻ വാണിജ്യ സംഖ്യത്തിൽ ചേരാൻ യാനുകോവിച്ച് തീരുമാനിച്ചതിനു പിന്നാലെ നടന്ന കലാപത്തിലൂടെയാണ് യാനുകോവിച്ചിന് അധികാരം നഷ്ടമായത്. ഈ കലാപത്തിനു പിന്നിൽ സിഐഎയുടെ ഇടപെടലുണ്ടെന്ന് റഷ്യ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ റഷ്യ ക്രൈമിയയെ റഷ്യയോട് കൂട്ടിച്ചേർത്തു. കൂടാതെ ഡോണെക്സിലും ലുഹാൻസ്കിലും വിമതയുദ്ധത്തിനും ഇടപെടൽ നടത്തി. ഇതാണു 2022ൽ പൂർണതോതിലുള്ള യുദ്ധത്തിലേക്കും എത്തിയത്.

 

∙ ഇടപെട്ട് യുക്രെയ്നും

നോർഡ് സ്ട്രീം 1 പൈപ്‌ലൈനിന്റെ ടർബൈനുകളിലൊന്ന് സീമെൻസ് എനർജിയുടെ ജർമനിയിലെ പ്ലാന്റിൽ അറ്റകുറ്റപ്പണിക്ക് എത്തിച്ചപ്പോൾ. ചിത്രം: Sascha Schuermann / AFP

 

ലോകത്ത് എല്ലായിടത്തും പെട്രോൾ, ഡീസൽ വില കുതിക്കുമ്പോഴും ഇന്ത്യൻ വിപണിയിൽ വിലകൾ മാസങ്ങളായി നിശ്ചലമായതിനും പിന്നിൽ റഷ്യൻ ക്രൂഡ് ഓയിലിന്റെ സമ്പന്നതയുണ്ട്.

സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം പിന്തുടർച്ചാവകാശിയായി റഷ്യയെത്തിയെങ്കിലും പല രാജ്യങ്ങളിലൂടെയുള്ള പൈപ്‌ലൈൻ ശൃംഖലകളുടെയും അധികാരം റഷ്യയ്ക്കു നഷ്ടമായിരുന്നു. തുടർന്നു യുക്രെയ്നിലൂടെയും ബെലാറൂസിലൂടെയുമുള്ള പൈപ്‌ലൈനുകളിലൂടെ, അതത് രാജ്യങ്ങൾ‌ക്ക് കടത്തുകൂലി നൽകി റഷ്യ യൂറോപ്പിനാവശ്യമായ പ്രകൃതിവാതകം നൽകിപ്പോന്നിരുന്നു. യുക്രെയ്നിന് ആവശ്യമായ ഗ്യാസ്, മുൻ സോവിയറ്റ് റിപ്പബ്ലിക് എന്ന പരിഗണനയിൽ 75 ശതമാനം വരെ സബ്ഡിഡിയോടെയാണ് നൽകിയിരുന്നത്. കൂടാതെ സോവിയറ്റ് വിഭജനകാലത്ത് കരാർ പ്രകാരം റഷ്യയ്ക്കു കൈമാറേണ്ടിയിരുന്ന ഒട്ടേറെ ആസ്തികളും യുക്രെയ്ൻ കൈവശപ്പെടുത്തിയിരുന്നു. എന്നാൽ ഇതിലൊന്നും ഒരിക്കലും റഷ്യ പരാതി പറഞ്ഞിരുന്നില്ല.

 

ബെലാറൂസിലൂടെ കടന്നു പോകുന്ന യെമ്മാൽ പൈപ്‌ലൈൻ റഷ്യൻ ഗ്യാസ് ഭീമനായ ഗ്യാസ്പ്രോം ഏറ്റെടുത്തിരുന്നു. എന്നാൽ യുക്രെയ്നിലൂടെ കടന്നു പോകുന്ന പൈപ്‌ലൈനുകൾ ഗ്യാസ്പ്രോമിന് വിൽക്കാൻ യുക്രെയ്ൻ തയാറായില്ല. യുക്രെയ്ൻ കടത്തുകൂലി അനിയന്ത്രിതമായി വർധിപ്പിച്ചതും പൈപ്‌ലൈനിൽ നിന്ന് അനധികൃതമായി പ്രകൃതിവാതകം മോഷ്ടിക്കുന്നെന്ന ആരോപണവും, റഷ്യയും യുക്രെയ്നും തമ്മിൽ 2005 മുതൽ പ്രശ്നങ്ങൾ തുടങ്ങാൻ കാരണമായി. 2006ൽ യുക്രെയ്നു പ്രകൃതി വാതകം റഷ്യ നിഷേധിക്കുക പോലും ചെയ്തു. 2008–09ൽ ഗ്യാസ് ഉപയോഗിച്ചതിൽ യുക്രെയ്ൻ നൽകാനുള്ള കുടിശികയെ ചൊല്ലി റഷ്യ വീണ്ടും ഗ്യാസ് നിഷേധിച്ചു. 

സൗദി സന്ദർശനത്തിനിടെ ജോ ബൈഡൻ. Photo by Bandar AL-JALOUD / Saudi Royal Palace / AFP

 

2009 കാലഘട്ടത്തിൽ യൂറോപ്പിലേക്കുള്ള റഷ്യൻ വാതക കയറ്റുമതിയുടെ 80% യുക്രെയ്നിലൂടെയാണ് നടന്നിരുന്നത്. ഇതു യൂറോപ്പിനാവശ്യമായ പ്രകൃതി വാതകത്തിന്റെ 25 ശതമാനമായിരുന്നു. കടത്തുകൂലിയിലെ അനിയന്ത്രിതമായ വർധന യൂറോപ്പിലേക്കുള്ള റഷ്യൻ ഗ്യാസിന്റെ വില വർധിപ്പിക്കുന്ന അവസ്ഥ വന്നു. 2009ൽ 300 കോടി ഡോളർ യുക്രെയ്നു മാത്രമായി റഷ്യ കടത്തുകൂലിയായി നൽകിയിരുന്നു. ഇതോടെ യുക്രെയ്നിനെ ഒഴിവാക്കി മറ്റു മാർഗങ്ങൾ തേടാൻ റഷ്യ നിർബന്ധിതരായി. ഇതേ തുടർന്നു ബാൾട്ടിക് കടലിലൂടെ നോർത്ത് സ്ട്രീം, കരിങ്കടലിലൂടെ സൗത്ത് സ്ട്രീം അഥവാ തുർക്കിഷ് സ്ട്രീം എന്ന രണ്ടു പദ്ധതികൾ റഷ്യ തയാറാക്കി.

ഗുജറാത്തിലെ എണ്ണ ശുദ്ധീകരണശാല. ചിത്രം: SAM PANTHAKY / AFP

 

∙ വില്ലൻ റോളിൽ നോർഡ് സ്ട്രീം പദ്ധതികൾ

 

നോർഡ് സ്ട്രീം പദ്ധതിയിൽ റഷ്യയിൽനിന്നു ബാൾട്ടിക് കടലിലൂടെ ജർമനിയിലെത്തുന്ന ഒരു പൈപ്‌ലൈനാണ് വിഭാവനം ചെയ്തത്. റഷ്യൻ ഗ്യാസ് ഭീമൻമാരായ ഗ്യാസ്പ്രോമിന്റെ മുഖ്യ ഉടമസ്ഥതയിൽ യൂറോപ്പിലെ അഞ്ചു കമ്പനികളുമായി ചേർന്നു രൂപീകരിച്ച നോർഡ് സ്ട്രീം എജി എന്ന ബഹുരാഷ്ട്ര കമ്പനിയാണ് ഇതിന്റെ നിർമാണവും നടത്തിപ്പും. 2011 മേയിൽ നിർമാണം തുടങ്ങി ഏഴുമാസം കൊണ്ട് 1222 കിലോമീറ്റർ നീളമുള്ള പൈപ്‌ലൈനിന്റെ നിർമാണം പൂർത്തീകരിച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും നീളമേറിയ സബ്സീ ഗ്യാസ് പൈപ്‌ലൈനായി ഇതുമാറി. അതുവഴി, യുക്രെയ്നിന്റെ സഹായമില്ലാതെ യൂറോപ്പിലേക്ക് കൂടുതൽ ഗ്യാസ് എത്തിക്കാനും റഷ്യക്കായി. 

സപൊറീഷ്യ ആണവപ്ലാന്റിനു മുന്നിലെ ദൃശ്യം. ചിത്രം: STRINGER / AFP

 

നോർഡ് സ്ട്രീം പദ്ധതിക്കെതിരെ തുടക്കം മുതൽ യുക്രെയ്ൻ രംഗത്തു വന്നിരുന്നു. യുക്രെയ്നിനെ ഒറ്റപ്പടുത്താനുള്ള റഷ്യൻ നീക്കമാണെന്നായിരുന്നു അവരുടെ വാദം. നോർഡ് സ്ട്രീം 1 നു പിന്നാലെ നോർഡ് സ്ട്രീം 2 എന്ന ഒരു പൈപ്‌ലൈൻ കൂടി റഷ്യ പദ്ധതിയിട്ടു. എന്നാൽ യുക്രെയ്നിനു പിന്നാലെ പോളണ്ടും പ്രതിഷേധവുമായെത്തി. പോളണ്ടിലൂടെ കടന്നു പോകുന്ന യെമാൽ പൈപ്‌ലൈനിലെ വിതരണം റഷ്യ കുറച്ചേക്കുമെന്ന ആശങ്കയായിരുന്നു ഇതിനു പിന്നിൽ. ഇതോടെ തിരശ്ശീലയ്ക്കു പിന്നിൽ മറഞ്ഞിരുന്ന അമേരിക്ക രംഗത്തെത്തി. നോർഡ് സ്ട്രീം 2 പൈപ്‌ലൈൻ യൂറോപ്പിനെ രണ്ടായി വിഭജിക്കുമെന്നും റഷ്യ ഗ്യാസിനെ രാഷ്ട്രീയ ആയുധമാക്കുമെന്നും വാദിച്ച് അമേരിക്ക പദ്ധതിക്ക് തടസ്സവാദമുന്നയിച്ചു.

യുക്രെയ്നിലെ ഗ്യാസ് സ്റ്റേഷനുകളിലൊന്നിൽ ഉപേക്ഷിക്കപ്പെട്ട റഷ്യൻ ടാങ്ക്. ചിത്രം: Juan BARRETO / AFP

 

2018ൽ നോർഡ് സ്ട്രീം 2വിന്റെ നിർമാണം തുടങ്ങി 2021 ജൂണിൽ ആദ്യ ലൈനിന്റെയും സെപ്റ്റംബറിൽ രണ്ടാമത്തെ ലൈനിന്റെയും നിർമാണം പൂർത്തീകരിക്കാനായിരുന്നു റഷ്യൻ പദ്ധതി. എന്നാൽ 2014ൽ റഷ്യയ്ക്കും റഷ്യൻ കമ്പനികൾക്കും ഏർപ്പെടുത്തിയ ഉപരോധത്തിനു പിന്നാലെ 2021 മേയിൽ അമേരിക്കയിലെ ബൈഡൻ ഭരണകൂടം നോർഡ് സ്ട്രീം പദ്ധതിക്കും വിലക്ക് ഏർപ്പെടുത്തി. ഇതോടെ 90 ശതമാനം നിർമാണം പൂർത്തിയായ പദ്ധതിയുടെ ഭാവി അനിശ്ചിതത്തിലായി. പദ്ധതിയുടെ പൂർത്തീകരണത്തിനായി ജർമൻ ഉപകമ്പനിയുടെ നേതൃത്വത്തിൽ നിർമാണവും മേൽനോട്ടവും നടത്താമെന്നു റഷ്യ ഉറപ്പുനൽകി. 2021 ജൂണിൽ ആദ്യ ലൈനിന്റെയും സെപ്റ്റംബറിൽ രണ്ടാമത്തെ ലൈനിന്റെയും നിർമാണം പൂർത്തിയായെങ്കിലും അമേരിക്കൻ സമ്മർദത്തെ തുടർന്നു പദ്ധതി പ്രവർത്തനസജ്ജമാക്കാൻ ജർമനി അനുമതി നൽകിയില്ല. പദ്ധതി പൂർത്തിയായാൽ യൂറോപ്പിലേക്കുള്ള വാതക കയറ്റുമതി 5500 കോടി ക്യുബിക് മീറ്റർ (ബിഎംസി) കൂടി ഉയർത്താമെന്നാണ് റഷ്യയുടെ ഉറപ്പ്.

 

വെനസ്വേലയിലെ എണ്ണ ശുദ്ധീകരണശാലകളിലൊന്ന്. ചിത്രം: Yuri CORTEZ / AFP

∙ നിറം മങ്ങി യൂറോപ്യൻ സ്വപ്നങ്ങൾ

 

2011ൽ ബാൾട്ടിക് കടലിടുക്കിലൂടെ റഷ്യയെയും യൂറോപ്പിലെ ജർമനിയെയും നേരിട്ടു ബന്ധിപ്പിക്കുന്ന നോർഡ് സ്ട്രീം 1 പൈപ്‌ലൈൻ സ്ഥാപിച്ചത് യൂറോപ്പിലേക്കുള്ള റഷ്യയുടെ വാതക കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം സൃഷ്ടിച്ചു. ഇതു യൂറോപ്പിൽ, പ്രത്യേകിച്ചു ജർമനിയിൽ വൻ വ്യാവസായിക മുന്നേറ്റങ്ങൾ സൃഷ്ടിച്ചു. ജർമൻ സമ്പദ്‌വ്യവസ്ഥയുടെ മുന്നേറ്റം യൂറോപ്പിനാകെ വ്യാവസായിക പുരോഗതി സമ്മാനിച്ചു. യൂറോപ്പിന്റെ വികസന എൻജിൻ എന്ന വിളിപ്പേരും ജർമനിക്കു സ്വന്തമായി. പിന്നാലെ നോർഡ് സ്ട്രീം 2 എന്ന പൈപ്‌ലൈൻ വിഭാവനം ചെയ്തതോടെ റഷ്യൻ ഗ്യാസിനെ അടിസ്ഥാനമാക്കി ഒട്ടേറെ പുതിയ വ്യാവസായിക വികസന പദ്ധതികൾക്ക് ജർമനി കോപ്പുകൂട്ടി. 

ഹോങ്കോങ്ങിലെ പെട്രോൾ സ്റ്റേഷനുകളിലൊന്ന്. ചിത്രം: Peter PARKS / AFP

 

റഷ്യയുടെ ഇന്ധന യുദ്ധം പരിസ്ഥിതിക്കു സൃഷ്ടിക്കാൻ പോകുന്ന നഷ്ടം അതിഭീകരമാണ്. കോപ്പൻഹേഗൻ സമ്മേളനത്തെ തുടർന്ന് ഹരിത ഇന്ധനത്തിലേക്കു മാറാനുള്ള യൂറോപ്പിന്റെ നടപടികളെയെല്ലാം ഇതു പിന്നോട്ടടിക്കും.

കാർബൺ ബഹിർഗമനം കുറച്ച് 2050തോടെ ഹരിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റത്തിനു ജർമനി പദ്ധതികൾ തയാറാക്കിയതും റഷ്യൻ ഗ്യാസിനെ കൂടി അടിസ്ഥാനമാക്കിയായിരുന്നു. എന്നാൽ യുക്രെയ്ൻ – റഷ്യ യുദ്ധവും റഷ്യയുടെ ഊർജ യുദ്ധവും അമേരിക്കൻ സമ്മർദവും ഈ സ്വപ്നങ്ങളെ കുഴിച്ചുമൂടാൻ ജർമനിയെ പ്രേരിപ്പിക്കുകയാണ്. അടച്ചുപൂട്ടിയ 15 കൽക്കരി നിലയങ്ങളും മൂന്ന് ആണവ നിലയങ്ങളും തുറന്നു പ്രവർത്തിപ്പിച്ചു പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് ജർമനി. സമാനമായ ഒരുക്കങ്ങളിലാണ് യൂറോപ്പിലെ മിക്ക രാജ്യങ്ങളും. യുക്രെയ്ൻ യുദ്ധത്തിലൂടെ റഷ്യ സൃഷ്ടിച്ച ഈ പ്രതിസന്ധിയെ മറികടക്കാൻ യൂറോപ്യന്‍ രാജ്യങ്ങൾക്കാകുമോ?

റഷ്യയിൽനിന്നുള്ള കപ്പൽ നോർവെയിൽ എണ്ണയെത്തിച്ചപ്പോൾ പ്രതിഷേധിക്കുന്ന ഗ്രീൻപീസ് സംഘടനാംഗങ്ങൾ. 2022 ഏപ്രിലിലെ ചിത്രം: Ole Berg-Rusten / NTB / AFP

 

∙ ചെലവു ചുരുക്കാൻ യൂറോപ്പ്

 

നരേന്ദ്ര മോദിയും വ്ളാഡിമിർ പുട്ടിനും (ഫയൽ ചിത്രം)

കടുത്ത ഇന്ധന പ്രതിസന്ധിയെ തുടർന്നു വൈദ്യുതി ചെലവുകൾ കുറയ്ക്കാനായി, ആവശ്യമില്ലാത്ത ലൈറ്റുകൾ ഒഴിവാക്കിയും പൊതുസ്ഥലങ്ങളിലെ രാത്രികളിലെ ദീപാലങ്കാരങ്ങളും ജലധാരകളും ലൈറ്റ് ഷോകളുമുൾപ്പെടെ അണച്ചും വൈദ്യുതി ലാഭിക്കാനുള്ള ശ്രമങ്ങളിലാണ് യൂറോപ്പിലെ മിക്ക രാജ്യങ്ങളും ജനങ്ങളും. കൂടാതെ ഹീറ്ററുകളുടെയും എസികളുടെയും താപനിലയിലും നിയന്ത്രണം ഏർപ്പെടുത്തി. വൈദ്യുതിയോ ഗ്യാസോ വൻതോതിൽ ആവശ്യമുള്ള ഫാക്ടറികൾ ശീതകാലത്ത് അടച്ചിടാനുള്ള നിർദേശവും നൽകിക്കഴിഞ്ഞു. ഉയർന്ന ഇന്ധന ബില്ലുകൾ സൃഷ്ടിക്കുന്ന പണപ്പെരുപ്പത്തിനു പുറമേ വ്യവസായങ്ങൾ അടച്ചുപൂട്ടുന്നതും വൻതോതിലുള്ള തൊഴിലില്ലായ്മയ്ക്കും യൂറോപ്പിൽ വഴിയൊരുക്കും. 

 

ഉയർന്ന ഇന്ധനച്ചെലവും ഇന്ധന ലഭ്യതക്കുറവും ബ്രിട്ടനിലും ജർമനിയിലും സാമ്പത്തിക മാന്ദ്യത്തിനുള്ള തുടക്കം കുറിച്ചു കഴിഞ്ഞു. ഇതു യൂറോപ്പിൽ രാഷ്ട്രീയ കൊടുങ്കാറ്റുകൾക്കും ഭരണമാറ്റങ്ങൾക്കും ജനകീയ പ്രക്ഷോഭങ്ങൾക്കും തുടക്കം കുറിച്ചിരിക്കുകയാണ്. ഇറ്റാലിയൻ പ്രസിഡന്റ് മാരിയോ ദെറാഗിയാണ് ഇത്തരത്തിൽ രാജിവച്ചു പുറത്തുപോകേണ്ടി വന്ന ആദ്യ രാഷ്ട്രത്തലവൻ. ചെക്ക് റിപ്പബ്ലിക്കിലും ജർമനിയിലും യുകെയിലും സ്വീഡനിലും എല്ലാം ജനകീയ പ്രക്ഷോഭങ്ങൾ ശക്തിയാർജിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാൻ വൈദ്യുതി – ഗ്യാസ് ബില്ലുകളിൽ സബ്സിഡി പ്രഖ്യാപിച്ചും ഉയർന്ന ഇന്ധനവിലയുടെ ലാഭം കൊയ്യുന്ന ഊർജ കമ്പനികൾക്ക് അധിക നികുതി (വിൻഡ്ഫാൾ ടാക്സ്) ഏർപ്പെടുത്തിയും പിടിച്ചു നിൽക്കാനുള്ള ശ്രമത്തിലാണ് യൂറോപ്യൻ രാജ്യങ്ങൾ. 500 ബില്യൻ (1 ബില്യൻ=100 കോടി) യൂറോയാണ് ഇത്തരത്തിൽ ഗാർഹിക ഉപയോക്താക്കൾക്ക് സബ്സിഡിക്കായി യുകെയും യൂറോപ്യൻ യൂണിയനും ചേർന്നു വകയിരുത്തിയിരിക്കുന്നത്. 

ഫ്രാൻസിലെ വൈദ്യുതോൽപാദന കേന്ദ്രങ്ങളിലൊന്നിൽ കൂട്ടിയിട്ടിരിക്കുന്ന കൽക്കരി. ചിത്രം: FREDERICK FLORIN / AFP

 

റഷ്യൻ ഗ്യാസിന്റെ ചെറുകിട ഉപയോക്താവായ ഫ്രാൻസ് തങ്ങളുടെ കരുതൽ ശേഖരം 90 ശതമാനത്തിലേറെ നിറച്ചു വച്ചിരിക്കുകയാണ്. കൂടാതെ ഫ്രാൻസിലെ കൽക്കരി നിലയങ്ങളും അടച്ചുപൂട്ടിയ ആണവ നിലയങ്ങളും പ്രവർത്തനസജ്ജമാക്കിയതിനാൽ കടുത്ത പ്രതിസന്ധിയുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ്. അടിയന്തരഘട്ടത്തിൽ വേണമെങ്കിൽ ജർമനിക്കു ഗ്യാസ് നൽകാമെന്നാണ് ഫ്രാൻസിന്റെ നിലപാട്. ഇക്കൊല്ലം കടുത്ത വരൾച്ചയെ നേരിട്ട യൂറോപ്പിലും നോർവേയിലും നദികളിലും വൈദ്യുത പദ്ധതികളിലും ജലനിരപ്പ് കുത്തനെ താഴ്ന്നതും യൂറോപ്പിലെ ഊർജ പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.

 

∙ ‘തുറുപ്പ് ഗുലാൻ’ ഇറക്കി റഷ്യ

 

തണുത്തുറയുന്ന ശൈത്യകാലത്തിലും യൂറോപ്പിനെ ആകെ ചൂടുപിടിപ്പിക്കുന്നത് റഷ്യയുടെ നിലപാടുകളാണ്. പ്രകൃതി വാതകത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണു റഷ്യ. യൂറോപ്യൻ യൂണിയന്റെ ഐക്യത്തെ തന്നെ ബാധിക്കുന്ന തരത്തിലേക്കാണ് യൂറോപ്യൻ യൂണിയനിലെ ഊർജ പ്രതിസന്ധി കത്തിക്കയറുന്നത്. നോർഡ് സ്ട്രീം 1 പൈപ്‌ലൈനിന്റെ പ്രധാനപ്പെട്ട രണ്ടു ടർബൈനുകളിൽ ഒന്ന് യുക്രെയ്ൻ യുദ്ധത്തിനു മുന്നേ തന്നെ, റഷ്യ അറ്റകുറ്റപ്പണികൾക്കായി നിർമാതാക്കളായ ജർമനിയിലെ സീമെൻസ് കമ്പനിക്ക് കൈമാറിയിരുന്നു. ഈ ടർബൈനിലെ നിർണായകമായ ഒരു ഉപകരണം നിർമിക്കുന്നതും അറ്റകുറ്റപ്പണി നടത്തുന്നതും സീമൻസിന്റെ തന്നെ കാനഡയിലെ ഉപകമ്പനിയാണ്. കൈമാറിയ ടർബൈനിലെ ഈ സുപ്രധാന ഉപകരണം അറ്റകുറ്റപ്പണിക്കായി കാനഡയിലാണെന്നു വ്യക്തമായി അറിയാവുന്ന റഷ്യ ഈ ടർ‌ബൈൻ ലഭിക്കാതെ നോർ‍ഡ് സ്ട്രീം1 ലൂടെ ഗ്യാസ് പമ്പിങ് നടക്കില്ലെന്നാണ് ജർമനിയെയും യൂറോപ്പിനെയും അറിയിച്ചത്. പാർട്സിന്റെ അറ്റകുറ്റപ്പണി കഴിഞ്ഞെങ്കിലും ഇതു റഷ്യയ്ക്കു കൈമാറിയാൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തിന്റെ നഗ്നമായ ലംഘനമാകും. ഇതോടെ ചെകുത്താനും കടലിനും നടുവിൽ കുടുങ്ങിയ അവസ്ഥയിലാണ് ജർമനി. ടർബൈൻ തിരിച്ചുകിട്ടിയാൽ‌ ഇതു ചൂണ്ടിക്കാട്ടി ഉപരോധത്തെ റഷ്യ മറികടക്കാൻ ശ്രമിക്കുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

 

തുടക്കകാലം മുതൽ റഷ്യയെ ഒറ്റപ്പെടുത്തുന്നതിൽ ജർമനിക്കും ഫ്രാൻസിനും താൽപര്യമില്ലായിരുന്നു. റഷ്യയെ പിണക്കിയാൽ ഏറ്റവും അധികം ക്ഷീണം സംഭവിക്കുക തങ്ങൾക്കാണെന്ന് ജർമനി ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. അതിനാൽ തന്നെ വളരെ മയപ്പെടുത്തിയുള്ള പ്രസ്താവനകളാണ് ജർമനിയുടെ ഭാഗത്തു നിന്നുണ്ടായതും. പുട്ടിന് അർഹമായ ബഹുമാനം കൊടുത്താൽ യൂറോപ്പിലെ പ്രതിസന്ധി മാറുമെന്നും ക്രൈമിയ ഇനി തിരിച്ചു യുക്രെയ്നു ലഭിക്കില്ലെന്നും ഇന്ത്യയിൽ വന്നു പ്രസ്താവനയിറക്കിയ ജർമൻ നാവിക വൈസ് അഡ്മിറൽ ഖേഅക്ഖിം ഷോയിൻ ബാഖിന് അമേരിക്കൻ സമ്മർദത്തെ തുടർന്നു സ്ഥാനമൊഴിയേണ്ടി വന്നിരുന്നു. സമാനമായ പ്രസ്താവന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയിൽനിന്നും വന്നത് യൂറോപ്യൻ യൂണിയനിലെ വേർത്തിരിവ് തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു. എങ്കിലും അമേരിക്കൻ സമ്മർദത്തെ തുടർന്നു റഷ്യയ്ക്കെതിരെ നിലപാട് എടുക്കാൻ യൂറോപ്യൻ യൂണിയനുകളിലെ മിക്ക രാജ്യങ്ങളും മനസ്സില്ലാ മനസോടെ നിർബന്ധിതരായി. 

 

റഷ്യൻ ഗ്യാസിന്റെ വലിയ ഉപയോക്താക്കളായ ഹംഗറി ആദ്യമേ തന്നെ റഷ്യൻ ചായ്‌വ് പ്രകടമാക്കിയിരുന്നു. ഉയർന്നു വരുന്ന വൈദ്യുതി –ഗ്യാസ് ബില്ലുകൾ, ഇതു തങ്ങളുടെ യുദ്ധമല്ലെന്നു യുക്രെയ്ൻ യുദ്ധത്തെ തള്ളിപ്പറയുന്നതിലേക്ക് ഒട്ടേറെ യൂറോപ്യൻ ജനങ്ങളെ പ്രേരിപ്പിച്ചുത്തുടങ്ങിയിട്ടുണ്ട്. ഇന്ധന പ്രതിസന്ധിക്കു പിന്നാലെ ജർമൻ ചാൻസലർ‌ ഒലാഫ് ഷോൾസും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോയും പുട്ടിനോട് ദീർഘനേരം സംസാരിച്ചതിൽ യുക്രെയ്ൻ അതൃപ്തി അറിയിക്കുകയും ചെയ്തു.

 

∙ പണി ഇരന്നു വാങ്ങി അമേരിക്ക

 

യുക്രെയ്നുമായി റഷ്യ യുദ്ധം തുടങ്ങിയപ്പോൾ റഷ്യൻ ഗ്യാസിന്റെ ഉപയോഗം പടിപടിയായി കുറച്ചുകൊണ്ടുവരാനുള്ള പദ്ധതി അമേരിക്കയുടെ നേതൃത്വത്തിൽ യൂറോപ്യൻ യൂണിയൻ ആസൂത്രണം ചെയ്തിരുന്നു. ഈ വർഷം മൂന്നിൽ രണ്ടുഭാഗം ഉപയോഗം കുറച്ച് 2027ൽ റഷ്യയിൽ നിന്നുള്ള ഗ്യാസിനും ക്രൂഡ് ഓയിലിനും പൂർണ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയിലായിരുന്നു യൂറോപ്യൻ യൂണിയനും അമേരിക്കയും. എന്നാൽ ഈ നീക്കത്തെ മറികടക്കാൻ വിതരണം കുത്തനെ കുറച്ചാണ് റഷ്യ മറുപടി നൽകിയത്. ഇതോടെ ആഗോളവ്യാപകമായി ക്രൂഡ് ഓയിലിനും പ്രകൃതിവാതകത്തിനും വില കുതിച്ചുകയറാൻ തുടങ്ങി. ഈ വിലക്കയറ്റം അമേരിക്കൻ വിപണിയെയും ബാധിച്ചതോടെ റഷ്യൻ ഗ്യാസിനു പകരമായി യൂറോപ്പിലേക്ക് അമേരിക്കയിൽനിന്നും ഖത്തറിൽനിന്നും ദ്രവീകൃത പ്രകൃതിവാതകം എത്തിക്കാനുള്ള ശ്രമവും ചെലവേറിയതായി. 

 

അമേരിക്കയിൽനിന്നോ ഗൾഫ് രാജ്യങ്ങളിൽനിന്നോ ഓസ്ട്രേലിയയിൽ നിന്നോ കപ്പലുകളിൽ എൽഎൻജി കൊണ്ടുവന്നാലും അതു സംഭരിക്കാൻ യൂറോപ്പിൽ ആവശ്യത്തിനു സൗകര്യങ്ങളില്ലെന്നതും പ്രതിസന്ധി രൂക്ഷമാക്കി. സ്പെയ്നിന്റെ തീരങ്ങളിൽ എൽഎൻജി ടെർമിനലുകളുണ്ടെങ്കിലും അതിനെ യൂറോപ്പുമായി ബന്ധിപ്പിക്കാൻ മതിയായ പൈപ്‌ലൈൻ സൗകര്യവുമില്ല. കൂടാതെ പെട്ടെന്നു തീരുമെന്നു പ്രതീക്ഷിച്ച റഷ്യൻ അധിനിവേശം മാസങ്ങളും വർഷങ്ങളും നീണ്ടേക്കാമെന്ന ആശങ്കയും ആഗോള ഇന്ധന വിപണിയെ പൊള്ളിച്ചു. ഇതോടെ യൂറോപ്പിന്റെ ഊർജ ലഭ്യത ഉറപ്പുനൽകിയ അമേരിക്കയ്ക്ക് അടിതെറ്റി. 

 

ഇന്ധന ലഭ്യത ഉറപ്പാക്കാനായി സൗദി അറേബ്യയിലേക്ക് അടക്കം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നടത്തിയ യാത്രകളും അടവുനയങ്ങളും എട്ടുനിലയിൽ പൊട്ടിയതോടെ റഷ്യയ്ക്ക് വച്ച കെണിയിൽ യൂറോപ്യൻ യൂണിയനും മറ്റു ഒട്ടേറെ ചെറുകിട രാജ്യങ്ങളും കുടുങ്ങി. യൂറോപ്പിനെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കു തള്ളിവിടാൻ മാത്രമാണ് അമേരിക്കയുടെ ഈ തന്ത്രത്തിനായത്. ദീർഘകാല അടിസ്ഥാനത്തിൽ പ്രതിസന്ധി പരിഹരിക്കാൻ ആഫ്രിക്കയിലെ നൈജീരിയ, മൊറോക്കോ എന്നിവിടങ്ങളിൽനിന്നും അസർബൈജാൻ, കസഖ്സ്ഥാൻ എന്നിവിടങ്ങളിൽനിന്നും പൈപ്‌ലൈൻ യൂറോപ്പിലേക്ക് സ്ഥാപിക്കാൻ പദ്ധതിയുണ്ട്. പക്ഷേ ഇതു നടപ്പിലാക്കാൻ വർഷങ്ങളെടുക്കും.

 

യുക്രെയ്ൻ അധിനിവേശത്തെ തുടർ‌ന്ന് ഏർ‌പ്പെടുത്തിയ ഉപരോധത്തിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് ഇളവുകൾ നൽകിയത് ചൂണ്ടിക്കാട്ടി ഇന്ത്യയും ചൈനയും റഷ്യൻ ക്രൂഡ് ഓയിലും ഗ്യാസും വൻതോതിൽ വാങ്ങാൻ തുടങ്ങിയതും അമേരിക്കയ്ക്ക് തിരിച്ചടിയായി. റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വാങ്ങാതിരിക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കാനായി അമേരിക്കൻ നയതന്ത്രവിദഗ്ധരും മറ്റു പാശ്ചാത്യ നേതാക്കളും മാർച്ച് മാസത്തിൽ ഇന്ത്യയിലേക്ക് ‘കൂട്ട മാർച്ച്’ നടത്തിയെങ്കിലും റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാനുള്ള തീരുമാനത്തിൽ ഇന്ത്യ ഉറച്ചു നിന്നു. ഇതോടെ റഷ്യൻ ക്രൂഡ് ഓയിലിനുള്ള അമേരിക്കൻ വിലക്ക് വെറും നനഞ്ഞപടക്കമായും മാറി.

∙ താങ്ങാകാൻ യുക്രെയ്ന്റെ ശ്രമം

 

ഊർജയുദ്ധത്തെ ചൊല്ലി യൂറോപ്യൻ യൂണിയന്റെ ഐക്യത്തിൽ വിള്ളൽ വീഴുന്നതിൽ ഏറ്റവും ആശങ്കപ്പെടുന്നത് യുക്രെയ്നാണ്. ഊർജലഭ്യതയെ ചൊല്ലി റഷ്യയോടുള്ള നിലപാട് പല യൂറോപ്യൻ രാജ്യങ്ങളും മയപ്പെടുത്തിത്തുടങ്ങിയത് യുക്രെയ്നിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അതിനാൽ തന്നെ യൂറോപ്പിന്റെ ഊർജ പ്രതിസന്ധിയിൽ സഹായിക്കാമെന്ന വാഗ്ദാനം അവർ മുന്നോട്ടു വയ്ക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ ആണവ വൈദ്യുതി ഉൽപാദകരായ യുക്രെയ്ൻ 100 മെഗാവാട്ട് വൈദ്യുതി യൂറോപ്പിനു നൽകാമെന്നു വാഗ്ദാനം ചെയ്തിരുന്നു. യൂറോപ്യൻ ഗ്രിഡുമായി ബന്ധിപ്പിച്ചിരുന്ന യുക്രെയ്ൻ ലൈനിനുള്ള പരമാവധി ശേഷിയാണിത്. ലൈനിന്റെ ശേഷി വർധിപ്പിച്ചാൽ കൂടുതൽ വൈദ്യുതി നൽകാമെന്നും അവർ പറയുന്നു. 

 

യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപൊറീഷ്യയിൽനിന്ന് 5700 മെഗാവാട്ട് വൈദ്യുതി വരെ ഉൽപാദിപ്പിക്കാൻ കഴിയുമായിരുന്നു. എന്നാൽ വൈദ്യുതി വിൽക്കാനുള്ള യുക്രെയ്ന്റെ ശ്രമങ്ങളെ മുളയിലേ നുള്ളുകയാണ് റഷ്യ. യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ ആണവ നിലയം റഷ്യ കൈവശമാക്കിയതും വരാൻ പോകുന്ന റഷ്യയുടെ ഊർജയുദ്ധത്തിന്റെ ഭാഗമായി തന്നെയായിരുന്നു. ആണവ നിലയം കൈവശമാക്കിയെങ്കിലും യുക്രെയ്ൻകാരായ ജോലിക്കാരെ വച്ചു പ്രവർത്തനം തുടരാൻ റഷ്യ അനുവദിച്ചിരുന്നു. ഇതിലെ വൈദ്യുതി യുക്രെയ്ൻ പവർ ഗ്രിഡിലേയ്ക്ക് പ്രവഹിക്കുന്നതും റഷ്യ തടഞ്ഞിരുന്നില്ല. 

 

യൂറോപ്യൻ രാജ്യങ്ങളോട് റഷ്യ ഊർജ യുദ്ധം തുടങ്ങിയ അധികം വൈകാതെ സപൊറീഷ്യയുടെ പ്രവർത്തനം തടസ്സപ്പെട്ടു തുടങ്ങി. ഇതിനു റഷ്യയും യുക്രെയ്നും പരസ്പരം പഴിചാരി. എന്നാൽ യുക്രെയ്നിന്റെ പ്രത്യാക്രമണത്തെ തുടർന്നു കിഴക്കൻ യുക്രെയ്നിലെ ഖാർകീവിൽ നിന്നും തെക്കൻ മേഖലയിലെ ഹഴ്സനിൽ നിന്നും പിൻമാറ്റം തുടങ്ങിയ റഷ്യൻ സേന പ്രദേശത്തെ വൈദ്യുതി നിലയങ്ങളും കൂറ്റൻ വൈദ്യുതടവറുകളും തകർത്തു കൊണ്ടാണു 

പിൻമാറുന്നത്. കൂടാതെ സെലൻസ്കിയുടെ നാടായ ക്രീവി റിയയിലെ ഒരു അണക്കെട്ടിനും റഷ്യൻ സേന നാശം വരുത്തിയിരുന്നു. ഈ ശൈത്യകാലത്ത് അമൂല്യമായ വൈദ്യുതി നൽകി യൂറോപ്യൻ യൂണിയന്റെ പിന്തുണ ഉറപ്പാക്കാമെന്ന യുക്രെയ്ൻ നീക്കങ്ങൾക്കു റഷ്യ കൃത്യമായി തടയിടുകയാണെന്നു ചുരുക്കം.

 

∙ കണ്ണുവെട്ടിച്ച് ‘പ്രേതക്കപ്പലുകൾ’

 

അമേരിക്കയുടെ കടുത്ത ഉപരോധത്തെ മറികടക്കാൻ ഇറാനാണ് ‘ഗോസ്റ്റ് അർമാഡാസ്’ എന്നു വിളിപ്പേരുള്ള പ്രേതക്കപ്പലുകൾ രംഗത്ത് ഇറക്കിയത്. രാജ്യാന്തര നാവിക നിയമപ്രകാരം ലോകത്തെ കടലുകളിൽ ഇറങ്ങുന്ന കപ്പലുകൾക്കെല്ലാം ഒരു തിരിച്ചറിയൽ കോഡും ജിപിഎസ് അടയാളവും നിർബന്ധമാണ്. ഇതിലൂടെ കപ്പലുകളുടെ ഓരോ നീക്കവും രാജ്യാന്തര മാരിടൈം ഏജൻസിക്കു പരിശോധിക്കാനാകും. കടലിൽ വച്ചുണ്ടാകുന്ന അത്യാഹിതങ്ങളിൽ ഉപകാരപ്പെടുക എന്നതാണ് ഇത്തരം തിരിച്ചറിയൽ കോഡുകളുടെ പ്രധാന ഉദ്ദേശം. എന്നാൽ ഇത്തരം തിരിച്ചറിയൽ സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കി കടലിലൂടെ നീങ്ങുന്ന കപ്പലുകൾ കണ്ടെത്തി പിന്തുടരാൻ നിലവിൽ സാറ്റലൈറ്റ് അല്ലാതെ മറ്റൊരു സംവിധാനവുമില്ല. ഈ പഴുത് മുതലെടുത്ത് ഹോർമുസ് കടലിടുക്കിലെ കടുത്ത അമേരിക്കൻ നിരീക്ഷണത്തെയും മറികടന്നു കോടിക്കണക്കിനു ബാരൽ ക്രൂ‍ഡ് ഓയിലാണ് ഇറാൻ ചൈനയ്ക്കു വിൽപന നടത്തി വരുന്നത്. 

 

ഇത്തരം ‘പ്രേത’ കപ്പലുകൾ തീരത്ത് അടുക്കാതെ കടലിൽ തന്നെ നങ്കൂരമിട്ട് മറ്റു കപ്പലുകളിലേക്ക് ക്രൂഡ് ഓയിൽ മാറ്റിക്കയറ്റും. മലേഷ്യൻ തീരത്തുകൂടെയാണ് ഇറാൻ ഇത്തരത്തിൽ ചൈനയ്ക്കു ക്രൂഡ് ഓയിൽ കൈമാറുന്നത്. ഇറാന്റെ പാത പിന്തുടർന്ന് വെനസ്വേലയും ഇത്തരം കപ്പലുകൾ ഉപയോഗപ്പെടുത്താൻ തുടങ്ങി. റഷ്യ–യുക്രെയ്ൻ യുദ്ധം തുടങ്ങിയതോടെ ഇത്തരം പ്രേതക്കപ്പലുകളുടെ ചരക്കുകടത്തലിൽ 600% വർധന ഉണ്ടായിട്ടുണ്ടെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. റഷ്യൻ ക്രൂഡ് ഓയിലിനു പ്രൈസ് ക്യാപ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ക്രൂഡ് ഓയിൽ കൊണ്ടുപോകുന്ന ടാങ്കറുകൾക്ക് കനത്ത ഇൻഷുറൻസ് പ്രീമിയം ഏർപ്പെടുത്തുന്ന നിലവന്നാൽ കൃത്യമായ പേരും തിരിച്ചറിയൽ നമ്പറുമില്ലാത്ത റഷ്യൻ പ്രേതക്കപ്പലുകളുടെ എണ്ണം വർധിക്കാൻ സാധ്യതയേറെയാണ്.

 

∙ ചൈന വഴി യൂറോപ്പിലേക്ക് റഷ്യൻ ഗ്യാസ്

 

ഇന്ധന പ്രതിസന്ധി രൂക്ഷമായ യൂറോപ്പിലേക്ക്, ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഇറക്കുമതിക്കാരായ ചൈനയിൽനിന്ന് ഗ്യാസ് കയറ്റുമതി നടക്കുന്നുണ്ട്. ചുരുങ്ങിയ വിലയ്ക്കു കിട്ടുന്ന റഷ്യൻ ഗ്യാസ് വൻ വിലയ്ക്ക് യൂറോപ്യൻ യൂണിയന് മറിച്ചുവിറ്റു ചൈന ലാഭം കൊയ്യുകയാണ്. റഷ്യയുടെ യുദ്ധക്കലവറ കാലിയാക്കാനിറങ്ങി സ്വന്തം കീശ കാലിയാകുന്നതിന്റെ ഞെട്ടലിലാണ് ഇപ്പോൾ യൂറോപ്പ്. കോവിഡ് തരംഗത്തെ തുടർന്നു രാജ്യത്തു ഫാക്ടറികളും സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നതിനാൽ ഉപയോഗിക്കാതെ ബാക്കി വന്നതെന്ന പേരിലാണ് ചൈന യൂറോപ്പിലേക്ക് ഗ്യാസ് കയറ്റുമതി ചെയ്യുന്നത്. എന്നാൽ യാഥാർഥ്യം മറ്റൊന്നാണ്. 

 

യൂറോപ്പിലേക്കുള്ള ഗ്യാസ് വാൽവുകൾ അടച്ച റഷ്യ ചൈനയിലേക്കു പരമാവധി പ്രകൃതിവാതകം കയറ്റിവിടുകയാണ്. 2019ൽ പൂർത്തിയായ പവർ ഓഫ് സൈബീരിയ 1 എന്ന പൈപ്‌ലൈനിലൂടെ റഷ്യ പ്രതിവർഷം 16.5 ബില്യൻ ക്യുബിക് മീറ്റർ (ബിസിഎം) ഗ്യാസ് ചൈനയ്ക്കു വിൽക്കാൻ തുടങ്ങിയിരുന്നു. ഈ വർഷം 30 ശതമാനത്തോളം കൂടുതൽ ഗ്യാസ് പമ്പ് ചെയ്തെന്നാണു കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നത്. യുക്രെയ്ൻ യുദ്ധത്തിനു തൊട്ടുമുൻപ് ശീതകാല ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിനു ചൈനയിലെത്തിയ സമയത്ത്, 10 ബിസിഎം ഗ്യാസ് കൂടി ചൈനയ്ക്കു നൽകാൻ റഷ്യ താൽപര്യമറിയിച്ചിരുന്നു. ഈ ഓഫർ ചൈന രണ്ടു കൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. 

 

കൂടാതെ 2025 ആകുമ്പോഴേയ്ക്കും ഗ്യാസ് കയറ്റുമതി 38 ബിസിഎം ആക്കി ഉയർത്താനും തീരുമാനിച്ചു. ചൈനയ്ക്കും ജപ്പാനുമടക്കം നിക്ഷേപമുള്ള റഷ്യൻ തീരത്തെ ഷക്‌ലൈൻ ഗ്യാസ് ഫീൽഡിൽനിന്നും സൈബീരിയിൽനിന്നും കൂടുതൽ പൈപ്‌ലൈനുകൾ ചൈനയിലേക്കു സ്ഥാപിക്കാൻ ഇരു നേതാക്കളും തത്വത്തിൽ തീരുമാനിച്ചിരുന്നു. ഈ പൈപ്‌ലൈനുകൾ പൂർത്തിയായാൽ അവിടെനിന്നു സൗത്ത് ഏഷ്യൻ രാജ്യങ്ങളിലേക്ക് പൈപ്‌ലൈൻ നീട്ടാനും സാധിക്കും. ഇതോടെ യൂറോപ്പിനു ലഭിക്കേണ്ട ഗ്യാസ് ചൈനയിലേക്കു തിരിച്ചുവിടാൻ റഷ്യയ്ക്കു വളരെയെളുപ്പം സാധിക്കും. പൈപ്‌ലൈനുകൾ പൂർത്തിയായാൽ ചൈനയുടെ വികസനത്തിൽ അതു വലിയ കുതിച്ചുചാട്ടം സൃഷ്ടിച്ചേക്കാം. കൂടാതെ 2050തോടെ കാർബൺരഹിത സമ്പദ്‌വ്യവസ്ഥയാകാനുള്ള ചൈനയുടെ ശ്രമങ്ങൾക്കു റഷ്യൻ ഗ്യാസ് കരുത്തുപകരുകയും ചെയ്യും.

 

∙ റഷ്യൻ നിലപാടിന്റെ ഇന്ത്യൻ കരുത്ത്

 

ഏതുറക്കത്തിലും വിശ്വസിക്കാവുന്ന സുഹൃത്താണ് ഇന്ത്യയ്ക്ക് റഷ്യ. പ്രതിസന്ധി കാലത്തെല്ലാം റഷ്യ ഇന്ത്യയെ ചേർത്തുപിടിച്ചിട്ടുണ്ട്. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയന്റെ കാലം മുതൽക്കേ രൂപപ്പെട്ട തന്ത്രപരമായ സൗഹൃദം റഷ്യയും ഇന്ത്യയിലെ മാറി മാറി വന്ന സർക്കാരുകളും വളരെയധികം ഊഷ്മളമായി പരിപോഷിപ്പിച്ചിരുന്നു. അതിനാൽ റഷ്യയ്ക്കുണ്ടായ പ്രതിസന്ധിയിൽ ഇന്ത്യ കൈവിടാതെ കൂടെ നിൽക്കുന്ന കാഴ്ചയ്ക്കാണു ലോകം സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യയുടെ നിലപാട് റഷ്യയ്ക്ക് അനുകൂലമായി മാറിയതോടെ തകർന്നു പോയത് അമേരിക്കയുടെ കരുനീക്കങ്ങളാണ്. അമേരിക്കയുടെ കടുത്ത ഭീഷണി വകവയ്ക്കാതെ റഷ്യൻ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി വർധിപ്പിക്കാൻ തീരുമാനിച്ച മോദി സർക്കാർ റഷ്യയെയും അതിലുപരിയായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും താങ്ങി നിർത്തുകയായിരുന്നു. 

 

ഉയർന്ന ഇന്ധന ഇറക്കുമതി ചെലവുകളെ തുടർ‌ന്നു ലോകമെങ്ങും നാണ്യപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയും കത്തിപ്പടരുമ്പോഴും ആദ്യ പാദത്തിൽ ലോകത്തെ ഏറ്റവും ഉയർന്ന വളർച്ച നിരക്കായ 13 ശതമാനം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ രേഖപ്പെടുത്തിയതിനു പിന്നിലും റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി വളരെയധികം സഹായിച്ചിട്ടുണ്ട്. കൂടാതെ ലോകത്ത് എല്ലായിടത്തും പെട്രോൾ, ഡീസൽ വില കുതിക്കുമ്പോഴും ഇന്ത്യൻ വിപണിയിൽ വിലകൾ മാസങ്ങളായി നിശ്ചലമായതിനും പിന്നിൽ റഷ്യൻ ക്രൂഡ് ഓയിലിന്റെ സമ്പന്നതയുണ്ട്. റഷ്യയിൽനിന്നു വൻ വിലക്കുറവിൽ ലഭിക്കുന്ന ക്രൂഡ് ഓയിൽ‌ വഴി ഇന്ത്യയ്ക്ക് സാമ്പത്തിക ലാഭത്തിനു പുറമേ വിദേശനാണ്യ ശേഖരത്തിനും വൻ മുതൽക്കൂട്ടാകുന്നുണ്ട്. ഉപരോധം മൂലം റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ റൂബിളോ ഇന്ത്യൻ രൂപയോ ദിനാറോ ഉപയോഗിക്കുന്നതിനാൽ ഇറക്കുമതി ചെലവിനുള്ള ഡോളർ ആവശ്യം ഇന്ത്യയ്ക്കു കുറയ്ക്കാനും കഴിഞ്ഞു.

 

റഷ്യയിൽ നിന്നു വൻ ഡിസ്കൗണ്ടോടെ ലഭിക്കുന്ന ക്രൂഡോയിൽ ഇന്ത്യൻ കമ്പനികൾക്കും വൻ സാമ്പത്തിക നേട്ടമാകുന്നുണ്ട്. റഷ്യൻ ക്രൂഡ് ഓയിൽ ഇന്ത്യയിലെ റിഫൈനറികളിലൂടെ സംസ്കരിച്ചു വിദേശത്തേക്കു കയറ്റുമതി ചെയ്തും ഇന്ത്യ സാമ്പത്തിക നേട്ടമുണ്ടാക്കുന്നു. ഇന്ത്യൻ പൊതുമേഖലാ കമ്പനികളും റിലയൻസ്, വേദാന്ത തുടങ്ങിയവരും ഇത്തരത്തിൽ സംസ്കരിച്ച ക്രൂഡ് ഓയിൽ യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കുമടക്കം കയറ്റി അയച്ചു വൻ ലാഭം കൊയ്യുന്നുണ്ട്. ഇന്ത്യൻ മാർക്കറ്റിനേക്കാൾ ലാഭം കയറ്റുമതിയിലായതോടെ ചില പൊതുമേഖലാ പമ്പുകളിലടക്കം ഇന്ധനക്ഷാമവും സ്വകാര്യ പമ്പുകളിൽ പെട്രോളിനും ഡീസലിനും വില കൂടി നിൽക്കുന്നതിനും രാജ്യം സാക്ഷിയാകുന്നുണ്ട്. ഇങ്ങനെ കയറ്റി അയയ്ക്കുന്ന സംസ്കരിച്ച എണ്ണയ്ക്ക് ഇന്ത്യൻ സർക്കാർ 5% തീരുവ ഏർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് എണ്ണക്കമ്പനികളുടെ സമ്മർദ്ദത്തെത്തുടർന്ന് പിൻവലിച്ചു.

 

∙ യൂറോപ്പിന്റെ ഇരട്ടത്താപ്പ്

 

റഷ്യയുടെ ഇന്ധന യുദ്ധം പരിസ്ഥിതിക്കു സൃഷ്ടിക്കാൻ പോകുന്ന നഷ്ടം അതിഭീകരമാണ്. കോപ്പൻഹേഗൻ സമ്മേളനത്തെ തുടർന്ന് ഹരിത ഇന്ധനത്തിലേക്കു മാറാനുള്ള യൂറോപ്പിന്റെ നടപടികളെ ഇതു പിന്നോട്ടടിക്കുകയാണ്. ശൈത്യകാലത്തെ വർധിച്ചുവരുന്ന വൈദ്യുത ആവശ്യങ്ങൾക്കായി കൽക്കരി നിലയങ്ങളെ ആശ്രയിക്കാനൊരുങ്ങുകയാണ് യൂറോപ്പിലെ മിക്ക രാജ്യങ്ങളും. ഇന്ത്യയെയും ചൈനയെയും, കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപാദനത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശിക്കുന്നവരാണ് യൂറോപ്യൻ യൂണിയൻ. എന്നാൽ ഊർജ പ്രതിസന്ധി അതിരൂക്ഷമായതോടെ അടച്ചുപൂട്ടിയ കൽക്കരി വൈദ്യുത നിലയങ്ങൾ തുറന്നു പ്രവർത്തിപ്പിക്കുകയാണ് ജർമനി, ഇറ്റലി, ഫ്രാൻസ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ. 

 

2021ൽ സീറോ കൽക്കരി പോളിസി പ്രഖ്യാപിച്ച ഫ്രാൻസ് 2022ൽ പ്രഖ്യാപനം മറന്ന മട്ടാണ്. രണ്ടു വർഷത്തേക്ക് ജർമനി തങ്ങളുടെ കൽക്കരി നിലയങ്ങൾ പ്രവർത്തിപ്പിക്കാനുള്ള നിയമം പാസാക്കി. പല യൂറോപ്യൻ രാജ്യങ്ങളും ഇതു പിന്തുടരാനുള്ള ഒരുക്കത്തിലാണ്. ഇംഗ്ലണ്ടിലും സ്ഥിതി വിഭിന്നമല്ല. കൽക്കരി വൈദ്യുത നിലയങ്ങൾ അടിയന്തര ഘട്ടത്തിൽ പ്രവർത്തിപ്പിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി 50 ലക്ഷം ടൺ കൽക്കരിയാണ് യൂറോപ്യൻ യൂണിയൻ ഇറക്കുമതി ചെയ്തിട്ടുള്ളത്. യൂറോപ്യൻ യൂണിയന്റെ കൽക്കരി ഉപയോഗം ഒരു കോടി ടൺ കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് കൂടുതലായി പുറംതള്ളുമെന്നാണ് വ്യക്തമാക്കുന്നത്.

 

∙ ലോകം മാറി മറിയും?

 

എന്തുതന്നെയായാലും കോവിഡ് പ്രതിസന്ധിക്കു ശേഷം ഉയർന്നു തുടങ്ങിയ ഇന്ധന വില റഷ്യയുടെ ഇന്ധന യുദ്ധത്തോടെ പുതിയ ഉയരങ്ങൾ തൊടുമെന്ന് ഉറപ്പാണ്. റഷ്യയ്ക്കു മേൽ ഏർപ്പെടുത്തുന്ന ഏതൊരു നിയന്ത്രണവും ആഗോള ഊർജ വിപണിയെ കൂടുതൽ തളർത്തും. ഇതു ലോകമെങ്ങും വൻ സാമ്പത്തിക – രാഷ്ട്രീയ ആഘാതങ്ങളേൽപ്പിച്ചേക്കാം. ഊർജ ദാരിദ്ര്യത്തിൽ വലയുന്ന യൂറോപ്പിലെ രാജ്യങ്ങൾ സാമ്പത്തികമായും വ്യാവസായികമായും തകർന്നു വീണേക്കാം. ഒട്ടേറെ കമ്പനികളുടെ പ്രവർത്തനം താളംതെറ്റുന്നത് ലക്ഷക്കണക്കിനു പേരുടെ വരുമാനത്തെയും തൊഴിലിനെയും ബാധിക്കും. 

ലോക്ഡൗണുകൾക്കു പിന്നാലെ ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഉൽപന്ന ക്ഷാമവും വിതരണ ശൃംഖലകളിലെ താളപ്പിഴകളും ഇനിയുള്ള നാളുകൾ കൂടുതൽ ശക്തമായേക്കാം. ശ്രീലങ്കയ്ക്കും ഇറ്റലിക്കും പിന്നാലെ ഒട്ടേറെ രാജ്യങ്ങളിൽ ഭരണമാറ്റങ്ങൾക്കും കലാപങ്ങൾക്കും സാധ്യതയുണ്ട്. രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾക്കും ഈ ഊർജപ്രശ്നം വഴിതെളിക്കാം. അതിലുപരിയായി അമേരിക്കൻ ചേരിയുമായുള്ള ഊർജയുദ്ധത്തിൽ റഷ്യ വിജയിച്ചാൽ അതു ലോകത്തെ ശാക്തിക സമവാക്യങ്ങൾ എന്നെന്നേക്കുമായി മാറ്റിയെഴുതപ്പെടുമെന്നതും ഉറപ്പാണ്.

 

English Summary: European Union-Russia Energy War Heats up; Does it Brings Recession and other Political Problems?