തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ ഇന്ത്യക്കാർക്ക് ‘വീസ ഓൺ അറൈവൽ’ വഴി എത്തിച്ചേരാനാകും എന്നതാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്ന എളുപ്പ മാർഗം. ഇത്തരത്തിൽ എത്തിച്ചേരുന്നവരെ ഉടൻ തന്നെ സായുധ സംഘങ്ങളുടെ അകമ്പടിയോടെ മ്യാവഡിയിലേക്ക് കടത്തും. ഐടിയുമായി ബന്ധപ്പെട്ട ജോലികളെന്ന പേരില്‍ ആളുകളെ റിക്രൂട്ട് ചെയ്ത നാലോളം ‌ഏജൻസികളെ വിദേശകാര്യ മന്ത്രാലയം ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. മിക്കവരും 2 മുതൽ 15 ലക്ഷം രൂപ വരെ..

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ ഇന്ത്യക്കാർക്ക് ‘വീസ ഓൺ അറൈവൽ’ വഴി എത്തിച്ചേരാനാകും എന്നതാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്ന എളുപ്പ മാർഗം. ഇത്തരത്തിൽ എത്തിച്ചേരുന്നവരെ ഉടൻ തന്നെ സായുധ സംഘങ്ങളുടെ അകമ്പടിയോടെ മ്യാവഡിയിലേക്ക് കടത്തും. ഐടിയുമായി ബന്ധപ്പെട്ട ജോലികളെന്ന പേരില്‍ ആളുകളെ റിക്രൂട്ട് ചെയ്ത നാലോളം ‌ഏജൻസികളെ വിദേശകാര്യ മന്ത്രാലയം ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. മിക്കവരും 2 മുതൽ 15 ലക്ഷം രൂപ വരെ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ ഇന്ത്യക്കാർക്ക് ‘വീസ ഓൺ അറൈവൽ’ വഴി എത്തിച്ചേരാനാകും എന്നതാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്ന എളുപ്പ മാർഗം. ഇത്തരത്തിൽ എത്തിച്ചേരുന്നവരെ ഉടൻ തന്നെ സായുധ സംഘങ്ങളുടെ അകമ്പടിയോടെ മ്യാവഡിയിലേക്ക് കടത്തും. ഐടിയുമായി ബന്ധപ്പെട്ട ജോലികളെന്ന പേരില്‍ ആളുകളെ റിക്രൂട്ട് ചെയ്ത നാലോളം ‌ഏജൻസികളെ വിദേശകാര്യ മന്ത്രാലയം ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. മിക്കവരും 2 മുതൽ 15 ലക്ഷം രൂപ വരെ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളടക്കം നൂറുകണക്കിന് ഇന്ത്യക്കാരെ, മികച്ച ജോലി വാഗ്ദാനം ചെയ്ത് തായ്‌‍ലൻഡിലേക്ക് കൊണ്ടുപോകുന്നു, അവിടെനിന്ന് മ്യാൻമറിലേക്കും. അവിടെ പക്ഷേ അവരെ കാത്തിരുന്നത് അടിമപ്പണിയാണ്. അതും കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് തള്ളിവിട്ടുകൊണ്ട്...! ഇന്ത്യക്കാരെ തടവിലാക്കി കുറ്റകൃത്യങ്ങൾ ചെയ്യിക്കുന്നതിന്റെ വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. ഇത്തരത്തിൽ കുടുങ്ങിപ്പോയവരിൽ 32 പേരെ കേന്ദ്ര സർക്കാർ ഇടപെട്ട് ‌രക്ഷപ്പെടുത്തിയിരുന്നു. ബാക്കിയുള്ളവരെയും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. മ്യാൻമറിൽ പെട്ടുപോയവരിലെ ആലപ്പുഴ സ്വദേശിയുടെ കുടുംബം സംസ്ഥാന സർക്കാരിനും പരാതി നൽകിയിരിക്കുകയാണ്. ഇത്തരം ജോലിവാഗ്ദാനങ്ങളിൽപ്പെട്ട് ചതിക്കുഴിയിൽപ്പെട്ടരുതെന്നും കേന്ദ്രം നിർദേശിച്ചിര‌ിക്കുന്നു. എന്നാൽ പുറത്തു വരുന്ന വിവരം, ഇത്തരത്തിൽ വഞ്ചിക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തത് ഇന്ത്യക്കാർ മാത്രമല്ല എന്നാണ്. മലേഷ്യയിൽനിന്നുള്ള നൂറുകണക്കിന് ആളുകളും ഇത്തരത്തിൽ തടവിലാക്കപ്പെട്ടു. അവരെയും മോചിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യക്കാരെ കൊണ്ടുപോയത് മ്യാൻമറിലേക്കാണെങ്കിൽ മലേഷ്യക്കാരെ എത്തിച്ചത് അയൽരാജ്യമായ കംബോഡിയയിലാണ്. മ്യാൻമർ, കംബോഡിയ, ലാവോസ്, തായ്‍ലൻഡ് എന്നിവിടങ്ങളിലെല്ലാം ഈ തട്ടിപ്പുകൾ നടക്കുന്നു. ഇത്തരത്തിൽ ‘അടിമ ജോലി’ ചെയ്യിക്കുന്ന വാർത്തകൾ പ്രചരിക്കപ്പെട്ടതോടെ ഇന്ത്യക്കാരടക്കമുള്ളവരെ നിലവിലെ കേന്ദ്രത്തിൽനിന്ന് കുറ്റവാളികൾ മാറ്റിയതായ വാർത്തകളും പുറത്തുവന്നിരുന്നു. മലയാളികൾ അടക്കം കുടുങ്ങിയിരിക്കുന്നത് മ്യാൻമറിലാണെങ്കിലും അവിടുത്തെ സർക്കാർ എന്തുകൊണ്ടാണ് ഇടപെടാത്തത്?

ഓങ് സാൻ സു കി

രാജ്യത്തെ സൈനിക സർക്കാരിന് (ജുണ്ട) കാര്യമായ സ്വാധീനമൊന്നുമില്ലാത്ത മ്യാവഡി എന്ന അതിർത്തി ജില്ലയിലാണ് തട്ടിക്കൊണ്ടുപോകപ്പെട്ടവരുള്ളതെന്നാണ് പുറത്തു വന്ന റിപ്പോർട്ടുകൾ. നൊബേൽ സമ്മാന ജേതാവായ ഓങ് സാൻ സു കിയിലൂടെയാണ് അടുത്തകാലം വരെ മ്യാൻമർ ഏറ്റവുമധികം മാധ്യമ ശ്രദ്ധയിൽ വന്നിരുന്നത്. അതിനു ശേഷം റോഹിംഗ്യൻ അഭയാർഥികളായിരുന്നു, ബർമ എന്നും അറിയപ്പെട്ടിരുന്ന ഈ രാജ്യത്തെ വാർത്തകളിലെത്തിച്ചത്. സൈനിക ഭരണകൂടം സു കിയുടെ പാർട്ടിയുടെ ജനാധിപത്യ സർക്കാരിനെ താഴെയിറക്കി 2021 ഫെബ്രുവരിയിലാണ് അധികാരം പിടിക്കുന്നത്. എന്നാൽ ഇതു മാത്രമല്ല പ്രശ്നം. വിവിധ വംശീയ പോരാട്ടങ്ങൾ നടക്കുന്ന സ്ഥലമായതു കൊണ്ടുതന്നെ ഈ പോരാട്ടങ്ങൾ നയിക്കുന്ന വിവിധ സായുധ സംഘങ്ങളുടെ കൈയിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ. അത്തരത്തിൽ സായുധ സംഘങ്ങൾ‌ ഭരിക്കുന്ന സ്ഥലങ്ങളിലൊന്നു കൂടിയാണ് ഇപ്പോൾ ശ്രദ്ധയിൽ വന്നിട്ടുള്ള മ്യാവഡി. എന്താണ് അവിടെ സംഭവിക്കുന്നത്?

ADVERTISEMENT

∙ എന്തുകൊണ്ട് മ്യാവഡി?

തായ്‌ലൻഡ്–മ്യാൻമർ അതിർത്തിയിൽ മ്യാൻമറിലെ സർക്കാരിനു സ്വാധീനമില്ലാത്ത പ്രദേശമായാണ് മ്യാവഡിയെ വിശേഷിപ്പിക്കാറുള്ളത്. തായ്‍ലൻഡിന്റെയും മ്യാൻമറിന്റെയും പ്രധാനപ്പെട്ട അതിർത്തി വ്യാപാരം നടക്കുന്ന മേഖലകളിലൊന്നു കൂടിയാണ് ഇവിടം. മ്യാൻമറിന്റെ 15 അതിർത്തി വ്യാപാര മേഖകളിൽ പ്രധാനപ്പെട്ട രണ്ടാമത്തേ പ്രദേശവുമാണിത്. മ്യാൻമറിലെ മ്യാവഡി, തായ്‌ലൻഡിലെ മയീ സോട് എന്നീ അതിർത്തി നഗരങ്ങൾ അതുകൊണ്ടു തന്നെ വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു. മയീ സോട്ടിലുള്ള ഐടി സെസ് മേഖലയ്ക്കടുത്താണ് മ്യാവഡി സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് ഈ ‘ഐടി അടിമപ്പണി’ റാക്കറ്റ് പ്ര‍വർത്തിക്കുന്നത്. ഇവിടെ താമസമുറപ്പിച്ചിട്ടുള്ള ചൈനീസ് വംശജരാണ് റാക്കറ്റുകൾ നടത്തുന്നത് എന്ന് മലേഷ്യൻ‌ പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

∙ ആദ്യം ബാങ്കോക്കിൽ, പിന്നെ മ്യാൻമറിലേക്ക്...

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ ഇന്ത്യക്കാർക്ക് ‘വീസ ഓൺ അറൈവൽ’ വഴി എത്തിച്ചേരാനാകും എന്നതാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്ന എളുപ്പ മാർഗം. ഇത്തരത്തിൽ എത്തിച്ചേരുന്നവരെ ഉടൻ തന്നെ സായുധ സംഘങ്ങളുടെ അകമ്പടിയോടെ മ്യാവഡിയിലേക്ക് കടത്തും. ഇരുപ്രദേശത്തുമുള്ള അധികൃതരുടെ കണ്ണുവെട്ടിച്ച് വനത്തിലൂടെയും മറ്റുമാണ് യാത്ര. അതുകൊണ്ടുതന്നെ അകപ്പെട്ടവർ വിവരം പുറത്തറിയിക്കുമ്പോൾ മാത്രമാണ് ഇക്കാര്യം ഇന്ത്യൻ അധികൃതർ അടക്കം അറിയുക. അതേസമയം, ഇത്തരത്തിലുള്ള തട്ടിപ്പുകാരുടെ സംഘത്തിൽ ഇന്ത്യയിൽ നിന്നുള്ളവരും പങ്കാളികളായുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആകർഷകമായ ശമ്പളത്തിൽ ഡേറ്റ എൻട്രി ജോലികൾ എന്ന് പരസ്യമുൾപ്പെടെ നൽകിയാണ് ഇവർ ഇരകളെ കണ്ടെത്തുന്നത്.

ADVERTISEMENT

ഇത്തരത്തിൽ ഐടിയുമായി ബന്ധപ്പെട്ട ജോലികളെന്ന പേരില്‍ ആളുകളെ റിക്രൂട്ട് ചെയ്ത നാലോളം ‌ഏജൻസികളെ വിദേശകാര്യ മന്ത്രാലയം ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. മിക്കവരും 2 മുതൽ 15 ലക്ഷം രൂപ വരെ ഏജന്റുമാർക്ക് നൽകിയതിനു ശേഷമാണ് ഇവിടേക്ക് എത്തുന്നത്. ഇവിടെ എത്തിയ ശേഷമാണ് തങ്ങളുടെ ജോലി തായ്‍ലൻഡിൽ അല്ല എന്നു പലരും തിരിച്ചറിയുന്നതു തന്നെ. ദിവസം 16 മണിക്കൂർ വരെ ജോലിയെടുത്താലും മിക്കപ്പോഴും ‘നിയമലംഘനം’ ചൂണ്ടിക്കാട്ടി, ഇവർക്ക് വാഗ്ദാനം ചെയ്ത ശമ്പളം വെട്ടിക്കുറയ്ക്കും. കൃത്യമായി ഭക്ഷണമോ താമസ സൗകര്യങ്ങളോ നൽകില്ല. ‘ജീവനക്കാർ’ പരസ്പരം ഇടപെടുന്നതിനു വരെ കർശനമായ നിയന്ത്രണങ്ങളാണ്. ഫോൺ ഉപയോഗത്തിനും നിയന്ത്രണങ്ങളുണ്ടായിരുന്നു. പിന്നീട് ഈ വാർത്തകൾ ഇന്ത്യൻ മാധ്യമങ്ങളിൽ വന്നതോടെ ഫോൺ ഉപയോഗിക്കാൻ കർശന നിയന്ത്രണം വന്നുവെന്ന് കുടുങ്ങിപ്പോയവരുമായി സംസാരിച്ച ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Representative Image: Ozan KOSE / AFP

ക്രിപ്റ്റോ കറൻസി ഇടപാടിന്റെയും മറ്റും പേരിൽ തെറ്റിദ്ധരിപ്പിച്ച്, യൂറോപ്പിലും ഓസ്ട്രേലിയയിലുമുള്ള സമ്പന്നരുടെ പണം ഓൺലൈനിലൂടെ തട്ടിയെടുക്കുക എന്നതാണ് ഇന്ത്യയിൽനിന്നു കൊണ്ടുപോയിട്ടുള്ള മിക്കവർക്കും നൽകുന്ന ജോലി. ചൈനീസ് സ്ത്രീകൾ എന്ന വ്യാജേനയാണ് ഇവർ ‘ഇര’കളെ കണ്ടെത്തുന്നത് എന്ന് ഹൈദരാബാദിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മ്യാൻമറിനു പുറമെ തായ്‌ലൻഡ്, ലാവോസ്, കംബോഡിയ എന്നീ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലുടനീളം ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഓൺലൈൻ വഴിയുള്ള ഹണി ട്രാപ്പ്, ചൂതാട്ടം, ക്രിപ്റ്റോ കറൻസി തട്ടിപ്പുകൾ, സാമ്പത്തിക തട്ടിപ്പുകൾ തുടങ്ങിയ കാര്യങ്ങൾ ഇവരെക്കൊണ്ട് ചെയ്യിക്കുന്നു. ആയുധ ഇടപാടുകളും വേശ്യാവൃത്തിയും വരെ ഇവരെ ഉപയോഗിച്ച് ചെയ്യുന്നതായി മലേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

കഴിഞ്ഞ 20 മാസമായി ഓങ് സാൻ സു കിയെ ആരും കണ്ടിട്ടില്ലെന്നും അവരെ ഏകാന്ത തടവിലിട്ടിരിക്കുകയാണെന്നും അമേരിക്ക ആരോപിക്കുന്നു. മ്യാൻമറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് വെറും തട്ടിപ്പ് മാത്രമാണെന്ന് യുഎന്നിന്റെ പ്രത്യേക പ്രതിനിധിയും പ്രസ്താവിച്ചിരുന്നു.

കംബോ‍ഡിയയിലും മറ്റു രാജ്യങ്ങളിലുമായി തങ്ങളുടെ 300–ലേറെ പൗരന്മാർ ഇത്തരത്തിൽ തടവിലാക്കപ്പെട്ട് അടിമവേല ചെയ്തിരുന്നെന്നും കംബോഡിയയിൽ നടത്തിയ റെയ്ഡിൽ അതിൽ പകുതിയോളം പേരെ രക്ഷപ്പെടുത്തിയെന്നുമാണ് മലേഷ്യൻ അധികൃതർ പറയുന്നത്. 150-ഓളം ഇന്ത്യക്കാരെയാണ് ഇത്തരത്തിൽ തടവിലാക്കിയിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. ഇതിൽ 32 പേരെ ഇതുവരെ രക്ഷിച്ചു എന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു. എന്നാൽ ഇവിടെനിന്ന് രക്ഷപ്പെട്ട് ഡൽഹിയിലും ഹൈദരാബാദിലും എത്തിയവർ മാധ്യമങ്ങളോട് പറഞ്ഞത്, കുറ‍ഞ്ഞത് 500 ഇന്ത്യക്കാരെയെങ്കിലും ഇത്തരത്തിൽ അവിടെ തടവിലാക്കിയിട്ടുണ്ട് എന്നാണ്. എല്ലാ ദിവസവും 10–20 പേരെയെങ്കിലും അവിടെ എത്തിക്കുന്നു എന്നും.

∙ കേരളവും ബർമയും

ADVERTISEMENT

19–ാം നൂറ്റാണ്ടു മുതൽക്കെത്തന്നെ ഇന്ത്യയും ബർമയും തമ്മിലുള്ള ബന്ധം വിശദമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭൂമിശാസ്ത്രപരമായും ചരിത്രപരമായും സാമ്പത്തികപരമായും സാംസ്കാരികപരമായും ഏറെ പ്രധാനപ്പെട്ട രാജ്യം കൂടിയാണ് ബർമ എന്ന ഇന്നത്തെ മ്യാൻമർ. ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടത്തിലും ബർമയ്ക്ക് വലിയ പങ്കുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസ് തന്റെ ഇന്ത്യൻ നാഷണൽ ആർമി (ഐഎൻഎ) പ്രവർത്തകരോടായി നടത്തിയ 1944–ലെ, ‘നിങ്ങളെനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം’ എന്ന പ്രശസ്തമായ പ്രസംഗം ബർമയിൽ വച്ചായിരുന്നു. ഐഎൻഎയുടെ ബ്രിട്ടിഷ് വിരുദ്ധ പോരാട്ടത്തിന്റെ വലിയ കേന്ദ്രങ്ങളിലൊന്നായിരുന്നു ബർമ. ഐഎൻഎയുടെ ഝാൻസി റാണി റെജിമെന്റിനെ നയിച്ച മലയാളിയായ ക്യാപ്റ്റൻ ലക്ഷ്മിയെ രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടിഷുകാർ തുറുങ്കിലടച്ചതും ബർമയിലാണ്.

നേതാജി സുഭാഷ് ചന്ദ്രബോസ്, ക്യാപ്റ്റൻ ലക്ഷ്മി തുടങ്ങിയവർ.

മലയാളികൾക്കും ബർമയുമായി ഏറെ അടുത്ത ബന്ധമുണ്ട്. ബർമ ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമായിരുന്ന സമയത്ത് അവിടെ മലയാളികൾ അടക്കം ധാരാളം ഇന്ത്യക്കാർ ജോലി ചെയ്തിരുന്നു. സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ മാതാപിതാക്കൾ ബർമയിൽ ജോലി ചെയ്തിരുന്ന സമയത്ത് അവിടെയാണ് അദ്ദേഹം ജനിക്കുന്നത്. അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ യുഎ ഖാദറിന്റെ പിതാവ് മലയാളിയും മാതാവ് ബർമീസ് വംശജയുമായിരുന്നു. മുൻ രാഷ്ട്രപതി കെ.ആർ നാരായണൻ ഇന്ത്യയുടെ ബർമീസ് എംബസിയിൽ ജോലി ചെയ്തിരുന്ന കാലത്താണ് ഉഷാ നാരായണനെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും (മ്യാൻമറിന്റെ ഏറ്റവും വലിയ നേതാവ് എന്നു കരുതപ്പെടുന്ന ഓങ് സാൻ സു കി സ്കൂൾ വിദ്യാഭ്യാസം നേടിയത് ഡൽഹിയിലെ ജീസസ് ആൻഡ് മേരി സ്കൂളിലും കോളജ് വിദ്യാഭ്യാസം ലേഡി ശ്രീറാം കോളജിലുമായിരുന്നു).

അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ മലയാളികൾ അടക്കമുള്ള നിരവധി ഇന്ത്യക്കാർ ബർമയുമായി ഏതെങ്കിലും ബന്ധമുള്ളവരായുണ്ട്. 1855–ൽ ബർമയെ ബ്രിട്ടിഷുകാർ സ്വന്തം സാമ്രാജ്യത്തിലേക്കു കൂട്ടിച്ചേർത്തതിനു ശേഷം ആ നൂറ്റാണ്ടിന്റെ ഒടുവിലാണ് വലിയതോതിൽ ഇന്ത്യക്കാരെ അവിടേക്ക് കൊണ്ടുപോകുന്നത്. ഉദ്യോഗസ്ഥരും വ്യാപാരികളും കർഷകരും തുടങ്ങി എല്ലാ മേഖലയിൽനിന്നുള്ളവരും ചേർന്ന് 1930–കൾ ആയപ്പോഴേക്കും വലിയ സ്വാധീനമുള്ള സമൂഹമായി ഇന്ത്യക്കാർ മാറിയിരുന്നു. ആദ്യ ഇന്ത്യാ വിരുദ്ധ കലാപം ഉണ്ടാകുന്നതും ഈ ദശകത്തിൽ തന്നെയാണ്. തുടർന്ന് 1962–ൽ സർക്കാരിന്റെ നേതൃത്വത്തിൽ നടന്ന ദേശസാത്കരണ പരിപാടിയോട് അനുബന്ധിച്ച് മൂന്നു ലക്ഷത്തിലേറെ ഇന്ത്യക്കാർക്ക് ബർമ വിടേണ്ടി വന്നു എന്നാണ് കണക്ക്. ഇതിനു ശേഷവും പല കാലങ്ങളിലായി ഇന്ത്യാ വിരുദ്ധ വികാരം ബർമയിൽ ഉണ്ടായിട്ടുണ്ടെങ്കിലും മാറിവന്ന എല്ലാ സർക്കാരുകളും ഇതു വഷളാകാതെ സൂക്ഷിച്ചിട്ടുണ്ട്.

∙ ഇന്ത്യയുടെ തന്ത്രപ്രധാന മേഖല

ഇന്ത്യയുടെ വിവിധ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി 1640 കി.മീ അതിർത്തി പങ്കിടുന്ന രാജ്യമാണ് മ്യാൻമർ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വിവിധ സായുധ സംഘടനകൾ പലപ്പോഴും അഭയം കണ്ടെത്തുന്നതും താവളമാക്കുന്നതും മ്യാൻമർ അതിർത്തിയിലാണ്. 2015–ൽ ഇന്ത്യൻ സൈന്യത്തിലെ 18 പേരെ മണിപ്പൂരിൽ കൊലപ്പെടുത്തിയ എൻഎസ്‍സിഎൻ (കപ്ലാങ്) വിഭാഗത്തിനു നേരെ അതിർത്തി കടന്ന് ഇന്ത്യ വലിയ ആക്രമണം അഴിച്ചുവിട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിരവധി സമയങ്ങളിൽ ആക്രമണം അഴിച്ചു വിട്ടിട്ടുള്ള സായുധ സംഘങ്ങള്‍ക്കെതിരെ മ്യാൻമർ സൈന്യത്തിന്റെ കൂടി സഹകരണത്തോടെ 2019–ലും ഇന്ത്യ ആക്രമണം നടത്തിയിട്ടുണ്ട്. സൺറൈസ് 2 എന്നായിരുന്നു ഓപറേഷന്റെ പേര്.

Representative Image

മ്യാൻമർ സർക്കാരിനുതന്നെ തലവേദനയായ അരാക്കൻ ആർമി എന്ന സായുധ സംഘത്തിനെതിരെ ആയിരുന്നു ഇന്ത്യ സണ്‍റൈസ് 1 നടത്തിയത്. തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള ഇന്ത്യയുടെ കവാടമായ, കാലാദാൻ മൾട്ടി മോഡൽ ട്രാൻസിറ്റ് ട്രാൻസ്പോർട്ട് പദ്ധതിക്കെതിരെ അരാക്കൻ സംഘം രംഗത്തുവന്നിരുന്നു. അരാക്കൻ ആർമി പോലെ ഇത്തരത്തിൽ പ്രവർത്തിക്കുന്ന നിരവധി വംശീയ–സായുധ സംഘങ്ങൾ മ്യാൻമറിലുണ്ട്. ഇങ്ങനെയുള്ള മൂന്ന് സംഘടനകൾ ചേർന്ന് ബ്രദർഹുഡ് അലയൻ‌സ് എന്നൊരു കൂട്ടായ്മയും ഇടക്കാലത്ത് രൂപീകരിച്ചിരുന്നു.

∙ ആരുടെ അരാക്കൻ ആർമി?

2009–ൽ രൂപീകൃതമായ സായുധ സംഘമാണ് അരാക്കൻ ആര്‍മി. മ്യാന്‍മറിന്റെ യഥാർഥ അവകാശികൾ തങ്ങളാണ് എന്നാണ് തദ്ദേശീയരായ രഖൈൻ സമുദായത്തിന് ഭൂരിപക്ഷമുള്ള അരാക്കൻ ആര്‍മിയുടെ പ്രധാന വാദം. മ്യാൻമറിലെ ഏറ്റവും വലിയ പ്രശ്നങ്ങൾ നടക്കുന്ന രഖൈൻ സംസ്ഥാനത്തു തന്നെയാണ് ഇവരുടെ കേന്ദ്രവും. ഈ സംസ്ഥാനത്തിന്റെ മറ്റൊരു ഭാഗത്തായിരുന്നു റോഹിംഗ്യൻ ന്യൂനപക്ഷ വിഭാഗക്കാർ ജീവിച്ചിരുന്നത്. മ്യാൻമർ സൈന്യവും അരാക്കൻ ആർമിയും റോഹിംഗ്യൻ റിബലുകളും പരസ്പരം ഏറ്റുമുട്ടുന്ന ഭാഗങ്ങളിലൊന്നു കൂടിയാണ് ഇവിടം.

സു കിയുടെ പാർട്ടിയെ പുറത്താക്കി 2021–ൽ അധികാരം ഏറ്റെടുത്ത ശേഷം അരാക്കൻ ആര്‍മിയെ സൈനിക സർക്കാർ ഭീകര സംഘടനകളുടെ പട്ടികയിൽനിന്ന് നീക്കം ചെയ്തിരുന്നു. അതുകൊണ്ടുതന്നെ സൈന്യവുമായി അരാക്കൻ ആർമി കരാറിലെത്തി എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ വൈകാതെ ഇവർ വീണ്ടും പോരാട്ടം ആരംഭിച്ചു. തങ്ങൾക്ക് സ്വയംഭരണാവകാശം വേണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. സൈന്യവുമായുള്ള പോരാട്ടം പലപ്പോഴും രക്തരൂഷിതമാകുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്യാറുണ്ട്. 26 പേർ ചേർന്ന് രൂപീകരിച്ചു എന്നു പറയപ്പെടുന്ന അരാക്കൻ ആർമി പിന്നീട് 1500 പേരുള്ള കൂട്ടമായി വളരുകയും ഇപ്പോള്‍ 30,000 അംഗങ്ങളുള്ള വലിയ സായുധ സംഘമായി വളരുകയും ചെയ്തിട്ടുണ്ട്. ആയുധങ്ങളും യൂണിഫോമും അടക്കം നൽകി ചൈനയാണ് ഇവരെ പ്രധാനമായി സഹായിക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.

മ്യാൻമർ സൈനികർ. ചിത്രം: Reuters

അതിർത്തി മേഖലകളിൽ മ്യാൻമർ സൈന്യവും അരാക്കൻ ആർമിയും തമ്മിലുണ്ടാകുന്ന ഏറ്റുമുട്ടലുകൾ മ്യാൻമർ–ബംഗ്ലദേശ് ഉരസലിനു കാരണമാകുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞയാഴ്ച മ്യാൻമർ അ‌തിർത്തി മേഖലയിൽ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു റോഹിംഗ്യക്കാരൻ മരിക്കുകയും നിരവധി ബംഗ്ലദേശ് പൗരന്മാർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. നിരവധി പേരാണ് ബംഗ്ലദേശിലേക്ക് കടക്കാനായി അതിർത്തിയിൽ തടിച്ചു കൂടിയിരിക്കുന്നതെന്നും എന്നാൽ തങ്ങൾ അതിർത്തി അടയ്ക്കുകയാണെന്നും ബംഗ്ലദേശ് വിദേശകാര്യമന്ത്രി എ.കെ അബ്ദുൾ മോമൻ പറഞ്ഞിരുന്നു. ബംഗ്ലദേശിലേക്കുള്ള റോഹിംഗ്യൻ അഭയാർഥികളുടെ ഒഴുക്ക് തടയുന്നതിന്റെ ഭാഗമായാണിത്. തങ്ങളുടെ അതിർത്തിയിൽ മോർട്ടാർ ഷെല്ലുകൾ പതിക്കുന്നതിനെ കുറിച്ച് ബംഗ്ലദേശ് ഔദ്യോഗികമായി തന്നെ മ്യാൻമറിനെ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ ഇത് ചെയ്യുന്നത് അരാക്കൻ ആർമി ആണെന്നായിരുന്നു ബംഗ്ലദേശിലെ മ്യാൻമർ പ്രതിനിധിയുടെ പ്രതികരണം.‌ ഇക്കഴിഞ്ഞ ഓഗസ്റ്റ് മുതൽ അതിർത്തി മേഖലകളിൽ മ്യാൻമർ സൈന്യവും അരാക്കൻ ആർമിയും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമായിട്ടുണ്ട്.

∙ ‘എത്രയും വേഗം പരിഹാരം കാണണം, ഇനി പറ്റില്ല’

യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ അടുത്തിടെ യു.എസിലെത്തിയ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ഒരു പ്രധാന വിഷയത്തിലേക്ക് ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധ ക്ഷണിച്ചു. പത്തു ലക്ഷത്തിലധികം വരുന്ന റോഹിംഗ്യൻ അഭയാർഥികൾ തന്റെ രാജ്യത്ത് തുടരുന്നത് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നായിരുന്നു അത്. സെപ്റ്റംബർ 23ന്, ഇൻ‍ഡോ–പസഫിക് മേഖലയിലെ 24 രാജ്യങ്ങളുടെ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ‘റോഹിംഗ്യകളുടെ സ്വന്തം ദുരിതത്തിനു പുറമെ, അവർ ദീർഘകാലമായി അവിടെ തുടരുന്നത് ബംഗ്ലദേശിന്റെ സമ്പദ്‍വ്യവസ്ഥയെയും സുരക്ഷയെയും സാമൂഹിക, രാഷ്ട്രീയ സ്ഥിരതയെയും ബാധിക്കും’– ഷെയ്ക്ക് ഹസീന പറഞ്ഞു. സമ്മേളനത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങളിലെ പ്രതിനിധികളെ റോഹിംഗ്യൻ അഭയാർഥി ക്യാംപുകളുള്ള കോക്സ് ബാസാർ ജില്ലയിൽ കൊണ്ടുപോയി സാഹചര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നാണ് ബംഗ്ലദേശ് വ്യക്തമാക്കിയിട്ടുള്ളത്. ഇനിയും തങ്ങൾക്ക് മ്യാൻമറിൽനിന്നുള്ള അഭയാർഥികളെ ഉൾക്കൊള്ളാൻ കഴിയില്ലെന്നും അതിനാൽ ഐക്യരാഷ്ട്ര സംഘടന ഇക്കാര്യത്തിൽ പരിഹാരം കാണണം എന്നും അവർ ആവശ്യപ്പെട്ടു.

ഷെയ്ഖ് ഹസീന യുഎന്നിൽ സംസാരിക്കുന്നു. ചിത്രം: JOHN ANGELILLO / POOL / AFP

മ്യാൻമറിൽ സൈന്യം 2017–ൽ നടത്തിയ അടിച്ചമർത്തലിനെ തുടർന്ന് ഓടിപ്പോരേണ്ടി വന്ന 10 ലക്ഷത്തോളം പേർ – കൂടുതലും മുസ്‌ലിം സമുദായക്കാരായ റോഹിംഗ്യകൾ – അഭയാർഥികളായി താമസിക്കുന്ന രാജ്യം കൂടിയാണ് ബംഗ്ലദേശ്. വംശഹത്യ ലക്ഷ്യമാക്കിയുള്ള പ്രവൃത്തിയായിരുന്നു ഇതെന്ന് ഐക്യരാഷ്ട്ര സംഘടന അഭിപ്രായപ്പെട്ടിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതി വംശഹത്യയുടെ പേരിൽ മ്യാൻമറിനെതിരെ കുറ്റം ചുമത്തുകയും ചെയ്തു. മ്യാൻമറിലെ സൈനിക ഭരണകൂടം എന്നാൽ ഇത് നിഷേധിച്ചു. അന്ന് അതിനു നേരെ കണ്ണടച്ചു എന്നും തടയാൻ ശ്രമിച്ചില്ല എന്നും ഓങ് സാൻ സു കിയും ആരോപണം നേരിട്ടിരുന്നു. മ്യാൻമറിൽനിന്ന് തുടർച്ചയായി ബംഗ്ലദേശിലേക്ക് ഷെൽ ആക്രമണം ഉണ്ടാകുന്നുവെന്നും ഇതുവഴി കൂടുതൽ റോഹിംഗ്യൻ സമുദായക്കാർ ബംഗ്ലദേശിലേക്ക് പലായനം ചെയ്യേണ്ടി വരുമെന്നുമാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. അതോടൊപ്പം, മ്യാൻമറിലേക്ക് തിരികെ പോകാമെന്നുള്ള റോഹിംഗ്യകളുടെ ആഗ്രഹവും ഇതുവഴി തടസ്സപ്പെടുന്നു എന്നും. ബംഗ്ലദേശ്–മ്യാൻമർ അതിർത്തിയിലുള്ള ‘നോ മാൻസ് ലാൻഡി’ൽ മാത്രം 4500–ഓളം റോഹിംഗ്യൻ അഭയാർഥികളുണ്ട്.

∙ മ്യാൻമറിൽ തിരഞ്ഞെടുപ്പ് നടക്കുമോ?

2021 ഫെബ്രുവരിയിലാണ്, വോട്ടിങ്ങിൽ കൃത്രിമം നടന്നു എന്നാരോപിച്ച് സർക്കാർ അധികാരമേറുന്നതിനു മുൻപേ സൈന്യം അട്ടിമറി നടത്തിയത്. സു കി അടക്കമുള്ള പ്രമുഖ നേതാക്കൾ നിലവിൽ വിവിധ കുറ്റങ്ങളുടെ പേരിൽ ജയിലിലാണ്. അതിനിടെ, 2023 ഓഗസ്റ്റിൽ രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തും എന്നാണ് സൈനിക സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷേ, ഈ തിരഞ്ഞെടുപ്പ് വലിയ തട്ടിപ്പാണെന്നാണ് യുഎന്നിന്റെയും അമേരിക്കയുടെയും ആരോപണം. അതോടൊപ്പം, മ്യാൻമർ ഭരണകൂടത്തിനുമേൽ ലോകരാഷ്ട്രങ്ങൾ കൂടുതൽ സമ്മർദ്ദവും ഉപരോധങ്ങളും ചുമത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു. മ്യാൻമറിലെ സൈനിക ഭരണകൂടത്തിനു മേൽ ഐക്യരാഷ്ട്ര സഭ വഴി കൂടുതൽ സമ്മർദ്ദം ചെലുത്തണമെന്നാണ് അമേരിക്കയുടെ ആവശ്യം. വരാൻ പോകുന്ന തിരഞ്ഞെടുപ്പിനെ ഒരുവിധത്തിലും അംഗീകരിക്കരുതെന്നും അമേരിക്ക പറയുന്നു.

മ്യാൻമറിലെ സൈനിക അട്ടിമറിക്കാലത്തെ കാഴ്ച. ചിത്രം: REUTERS/Stringer/File Photo

സെപ്റ്റംബറിൽ നടന്ന ഹെലികോപ്റ്റർ ആക്രമണത്തിൽ മ്യാൻമറിൽ 11 സ്കൂൾ കുട്ടികൾ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടത് വലിയ തോതിൽ സൈന്യത്തിനെതിരെ രോഷമുയരാൻ ഇടയാക്കിയിട്ടുണ്ട്. എന്നാൽ തങ്ങൾ റിബലുകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും കുട്ടികളെ അടക്കം മനുഷ്യകവചമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് സൈന്യത്തെ ഉദ്ധരിച്ചുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഇക്കാര്യമടക്കം ചൂണ്ടിക്കാട്ടി മ്യാൻമറിൽ വലിയ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുവെന്നാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കൗൺസലർ ഡെറിക് ഷോലെറ്റ് ആരോപിക്കുന്നത്. 2021–ൽ സൈന്യം അധികാരം പിടിച്ചതിനു ശേഷം ഇതിനെതിരെ പ്രതികരിച്ച 2000–ത്തോളം പേർ കൊല്ലപ്പെട്ടിട്ടുണ്ട് എന്നും ആരോപണമുണ്ട്.

യുഎൻ സുരക്ഷാ കൗൺസിലിൽ നിലവിലെ സൈനിക ഭരണകൂടത്തിനെതിരെ പ്രമേയം പാസാക്കാൻ ശ്രമമുണ്ടെന്നും അതിനായി വിവിധ രാജ്യങ്ങളുമായി സംസാരിക്കുകയാണെന്നും എന്നാൽ ഇതിന് സമയമെടുക്കും എന്നുമാണ് അമേരിക്ക പറയുന്നത്. ഒപ്പം, ഈ മേഖലയിലെ റഷ്യ, ചൈന സ്വാധീനത്തെക്കുറിച്ചും അമേരിക്ക ആശങ്കപ്പെടുന്നു. മ്യാൻമറിനെതിരെ നടപടിയെടുക്കാൻ റഷ്യയും ചൈനയും എത്രത്തോളം അനുവദിക്കും എന്നതും നോക്കിക്കാണാം എന്നായിരുന്നു അദ്ദേഹം ഇക്കാര്യത്തിൽ പ്രതികരിച്ചത്. യുഎൻ രക്ഷാ സമിതിയിൽ വീറ്റോ അധികാരമുള്ള രാജ്യങ്ങളാണ് റഷ്യയും ചൈനയും.

മ്യാൻമർ സൈനികൻ. ഫയൽ ചിത്രം: REUTERS/Stringer/File Photo

അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് വെറുമൊരു ‘കണ്ണിൽ പൊടിയിടൽ’ മാത്രമാണെന്നും അത് യാതൊരു വിധത്തിലും സുതാര്യമായിരിക്കില്ലെന്നുമാണ് അമേരിക്ക കരുതുന്നത്. രാജ്യത്തിന്റെ വലിയൊരു ഭാഗം സൈന്യത്തിന്റെ കൈയിലല്ല, രാഷ്ട്രീയ തടവുകാരെ ജയിലിൽ അടയ്ക്കുകയും കൊല്ലുകയും ചെയ്യുന്നു. കഴിഞ്ഞ 20 മാസമായി ഓങ് സാൻ സു കിയെ ആരും കണ്ടിട്ടില്ലെന്നും അവരെ ഏകാന്ത തടവിലിട്ടിരിക്കുകയാണെന്നും അമേരിക്ക ആരോപിക്കുന്നു. മ്യാൻമറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് വെറും തട്ടിപ്പ് മാത്രമാണെന്ന് യുഎന്നിന്റെ പ്രത്യേക പ്രതിനിധി തോമസ് ആൻഡ്രൂസും ഇതിനു തൊട്ടുമുൻപ് പ്രസ്താവിച്ചിരുന്നു.

എന്തായാലും മലയാളികൾ അടക്കം, മ്യാൻമറിൽ ശേഷിച്ച ഇന്ത്യക്കാരുടെ മോചനത്തിനായുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാര്‍ വിവിധ രാജ്യങ്ങളുമായി ബന്ധപ്പെട്ട് ഊർജിതപ്പെടുത്തിയിട്ടുണ്ട്. വിവിധ രീതിയിലുള്ള സംഘർഷങ്ങൾക്കിടയിലും മ്യാൻമറുമായി മികച്ച ബന്ധമാണ് ഇന്ത്യ നിലനിർത്തുന്നത് എന്നതുകൊണ്ടുതന്നെ ഇവരുടെ മോചനം വേഗത്തിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയും. ഒപ്പം, ഈ തെക്കുകിഴക്കൻ രാജ്യങ്ങളിൽ വരുന്ന ജോലി വാഗ്ദാനങ്ങൾ കണ്ണുംപൂട്ടി സ്വീകരിക്കരുതെന്നും സർക്കാർ വീണ്ടും വീണ്ടും മുന്നറിയിപ്പു നൽകുന്നു.

English Summary: When Indian Govt Warns against Job Scam Rackets in South East Asia - Explainer