ബിജെപിയുടെ മികച്ച സംഘടനാ ബലത്തിനെതിരെ പാർട്ടിയെ ഒരുമിപ്പിച്ചുകൊണ്ടുപോകാൻ പ്രതിഭയ്ക്കു കഴിയുമെന്നാണു ഹൈക്കമാൻഡിന്റെ വിശ്വാസം. വീരഭദ്ര സിങ്ങിന്റെ അനുയായികളാണ് സംസ്ഥാന കോൺഗ്രസിലെ പ്രബലവിഭാഗം. Himachal Pradesh Elections

ബിജെപിയുടെ മികച്ച സംഘടനാ ബലത്തിനെതിരെ പാർട്ടിയെ ഒരുമിപ്പിച്ചുകൊണ്ടുപോകാൻ പ്രതിഭയ്ക്കു കഴിയുമെന്നാണു ഹൈക്കമാൻഡിന്റെ വിശ്വാസം. വീരഭദ്ര സിങ്ങിന്റെ അനുയായികളാണ് സംസ്ഥാന കോൺഗ്രസിലെ പ്രബലവിഭാഗം. Himachal Pradesh Elections

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിജെപിയുടെ മികച്ച സംഘടനാ ബലത്തിനെതിരെ പാർട്ടിയെ ഒരുമിപ്പിച്ചുകൊണ്ടുപോകാൻ പ്രതിഭയ്ക്കു കഴിയുമെന്നാണു ഹൈക്കമാൻഡിന്റെ വിശ്വാസം. വീരഭദ്ര സിങ്ങിന്റെ അനുയായികളാണ് സംസ്ഥാന കോൺഗ്രസിലെ പ്രബലവിഭാഗം. Himachal Pradesh Elections

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഞ്ചാബ് തിരഞ്ഞെടുപ്പിൽ നിന്നുള്ള പാഠം ഉൾക്കൊണ്ട് കോൺഗ്രസ് കരുതലോടെ ഹിമാചലിൽ ഇറങ്ങുന്നു. പുതുമുഖ, യുവജന സ്ഥാനാർഥികളെന്ന രീതി കളഞ്ഞ് ജനപ്രീതിയുള്ള വരെ രംഗത്തിറക്കി ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസ് കച്ചമുറുക്കിക്കഴിഞ്ഞു. പഞ്ചാബിൽ തിരഞ്ഞെടുപ്പിന്റെ പതിമൂന്നാം മണിക്കൂറിൽ അമരിന്ദർ സിങ്ങിനെ മാറ്റി പുതിയ ടീമിനെ പരീക്ഷിച്ച തന്ത്രം മാറ്റി, ജയിക്കുന്ന സ്ഥാനാർഥികളെ രംഗത്തിറക്കി ബിജെപിയെ മറികടക്കാനാണ് കോൺഗ്രസ് ശ്രമം. പ്രിയങ്ക ഗാന്ധി നേരിട്ട് പ്രചാരണം നയിക്കുന്ന ഹിമാചലിൽ വലിയ പ്രശ്നങ്ങൾ ഇല്ലാതെ സ്ഥാനാർഥി പട്ടിക പുറത്തിറക്കാനായതിന്റെ ആത്മവിശ്വാസം കോൺഗ്രസ് ക്യാംപുകളിൽ പ്രകടമായിത്തുടങ്ങിയിട്ടുണ്ട്.  സ്ഥാനാർഥികളിൽ ഭൂരിപക്ഷവും 70–80 പ്രായപരിധിയിൽ പെടുന്നവരാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. മുൻ മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ കുടുംബത്തിലെ രണ്ട് അംഗങ്ങളുടെ നേതൃത്വത്തിലാണ് കോൺഗ്രസിന്റെ പടയോട്ടം. മണ്ഡി ലോക്സഭാ മണ്ഡലം ഭരണകക്ഷിയായ ബിജെപിയിൽനിന്നു തിരിച്ചുപിടിച്ചശേഷം പ്രതിഭ സിങ്ങിന്റെ പ്രാധാന്യമുയർന്നു. ആറു വട്ടം മുഖ്യമന്ത്രിയായിരുന്ന ഭർത്താവിന്റെ പേരിലുള്ള സഹതാപ തരംഗമാണു വിജയത്തിനു കാരണമെന്നു പറയുമ്പോഴും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിഴലിൽ നിന്ന് പിസിസി അധ്യക്ഷയായ പ്രതിഭ പുറത്തെത്തിയതിന്റെ ആവേശത്തിലാണ് ഹിമാചലിലെ കോൺഗ്രസ്. നവംബർ 12നാണ് ഹിമാചലിൽ തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ 8നും.

∙ ജനപിന്തുണ നോക്കി സ്ഥാനാർഥിത്വം

ADVERTISEMENT

പ്രതിഭ സിങിന്റെ മകൻ വിക്രമാദിത്യക്ക് ഷിംല റൂറലിൽ ടിക്കറ്റ് നൽകിയിട്ടുണ്ട്. സ്ഥാനാർഥി നിർണയത്തിൽ യുവത്വത്തെക്കാളുപരി ജയിക്കാനുള്ള കഴിവ് പ്രധാന മാനദണ്ഡമാക്കി എന്നാണു കോൺഗ്രസ് പറയുന്നത്. പ്രമുഖ നേതാക്കളുടെ നിരവധി ബന്ധുക്കൾക്ക് ടിക്കറ്റ് നൽകി തിരിച്ചുവരവിന് ശ്രമിക്കുകയാണ് കോൺഗ്രസ്. ധരംശാലയിൽ നിന്ന് സുധീർ ശർമ, രേണുകാജിയിൽ –വിനയ്കുമാർ,  കോട്ഖായി– രോഹിത് താക്കൂർ, നൂർപൂർ- അജയ് മഹാജൻ, പാലംപുർ– ആശിഷ് ബൂട്ടെയ്ൽ, ഫത്തേപ്പുർ– ഭവാനി സിങ് പതാനിയ, നഗ്രോട്ട–  രഘുബീർ സിങ് ബാലി തുടങ്ങിയവർ ‘സീറ്റ് തരപ്പെടുത്തിയ’ ബന്ധുക്കളിൽപ്പെടുന്നു.

നിലവിലെ 20 സിറ്റിങ് എംഎൽഎമാരിൽ 19 പേർക്കും വീണ്ടും ടിക്കറ്റ് നൽകി. 37 വർഷം മുൻപ് 1985ൽ വീരഭദ്ര സിങിന്റെ നേതൃത്വത്തിൽ കോൺഗ്രസ് തുടർച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തിയത് ഒഴിച്ചാൽ മലയോര സംസ്ഥാനത്ത് ഒരു പാർട്ടിക്കും ഭരണത്തുടർച്ച കിട്ടിയിട്ടല്ല. മുഖ്യമന്ത്രി ജയ്റാം ഠാക്കൂറിന്റെ നേതൃത്വത്തിൽ ബിജെപി 35 വർഷം മുൻപത്തെ ഭരണത്തുടർച്ചാ ചരിത്രം ആവർത്തിക്കാൻ ശ്രമിക്കുമ്പോൾ വീരഭദ്രസിങിന്റെ കുടുംബത്തെ കൂട്ടുപിടിച്ച് കോൺഗ്രസ് ഭരണം തിരിച്ച് പിടിക്കാൻ ശ്രമിക്കുന്നു,

ജയ്റാം ഠാക്കൂർ

തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപേ ബിജെപി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരെ രംഗത്തിറക്കി പ്രചാരണത്തിൽ മുൻപിലെത്തിയെങ്കിലും പ്രിയങ്കയെ തന്നെ ഇറക്കി കോൺഗ്രസും തിരഞ്ഞെടുപ്പ് കളം സജീവമാക്കി. പ്രതിഭാ സിങിൽ കോൺഗ്രസ് പൂർണ വിശ്വാസം അർപ്പിച്ചതോടെയാണ് പോര് മറന്ന് കോൺഗ്രസ് സടകുടഞ്ഞ് എഴുന്നേറ്റത്.

∙ വീരഭദ്രസിങിന്റെ അനുയായികളിൽ വിശ്വാസം അർ‍പ്പിച്ച്

ADVERTISEMENT

മുഖ്യമന്ത്രി ജയ്റാം ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ബിജെപിയുടെ മികച്ച സംഘടനാ ബലത്തിനെതിരെ പാർട്ടിയെ ഒരുമിപ്പിച്ചുകൊണ്ടുപോകാൻ പ്രതിഭയ്ക്കു കഴിയുമെന്നാണു ഹൈക്കമാൻഡിന്റെ വിശ്വാസം. വീരഭദ്ര സിങ്ങിന്റെ അനുയായികളാണ് സംസ്ഥാന കോൺഗ്രസിലെ പ്രബലവിഭാഗം. അവരുടെ പിന്തുണ ലഭിക്കുമെന്ന ആത്മവിശ്വാസമുള്ള പ്രതിഭ, മണ്ഡിയിലെ കൊട്ടാരം വിട്ട് ജനങ്ങളിലേക്കിറങ്ങിക്കഴിഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക ശക്തികളായ രജ്പുത്ത്, ബ്രാഹ്മണ വിഭാഗങ്ങളെ കൂടെ നിർത്തുക എന്ന ലക്ഷ്യത്തോടെ അവർ കോൺഗ്രസിലെ മറ്റു ഗ്രൂപ്പുകളെയും കൂടെക്കൂട്ടി റാലികൾ സംഘടിപ്പിക്കുന്നു. രണ്ടുവട്ടം ബിജെപി മുഖ്യമന്ത്രിയായിരുന്ന ശാന്ത കുമാർ ഒഴികെ സംസ്ഥാനത്തെ മുഖ്യമന്ത്രിമാരെല്ലാം രജ്പുത് വിഭാഗത്തിൽനിന്നായിരുന്നു. ശാന്ത കുമാർ ബ്രാഹ്മണ സമുദായാംഗവും. സംസ്ഥാനത്തുനിന്നുള്ള ശക്തരായ ബ്രാഹ്മണ നേതാക്കളിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയും കോൺഗ്രസിന്റെ കേന്ദ്രമന്ത്രിമാരായിരുന്ന സുഖ് റാം, ആനന്ദ് ശർമ എന്നിവരും ഉൾപ്പെടുന്നു.

പ്രതിഭ പട നയിക്കാൻ ഇറങ്ങിയതോടെ ബിജെപിയെക്കാൾ മുൻപ് തന്നെ കോൺഗ്രസ് 46 സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കി എതിരാളികളെ ഞെട്ടിച്ചു. ബിജെപി സംസ്ഥാനത്തെ 68 സീറ്റുകളിലെയും സ്ഥാനാർഥികളെ തീരുമാനിച്ചു കഴിഞ്ഞപ്പോൾ കോൺഗ്രസിൽ തർക്കുമുണ്ടായിരുന്ന ഹമീർപ‌ുർ മണ്ഡലത്തിൽ ഡോച പുഷ്പേന്ദ്ര വർമായെ സ്ഥാനാർഥിയാക്കി. മുൻ മന്ത്രി രഞ്ജിത് സിങ് വർമയുടെ മകനാണ് പുഷേപേന്ദ്ര.  അതേസമയം അവസാന നിമിഷം കുളുവിൽ ബിജെപി സ്ഥാനാർഥി മഹേശ്വർ സിങിന്റെ ടിക്കറ്റ്  തെറിച്ചു. പകരം  നരോത്തം ഠാക്കൂറിനെ സ്ഥാനാർഥിയാക്കി. സിങിന്റെ  മകൻ ബിജേശ്വർ സിങ് വിമതനായി മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് മഹേശ്വറിന്റെ ചീട്ട് ബിജെപി കീറിയത്. സിങ് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഭഗവന്ത് മാന്‍ (Photo - Twitter/@BhagwantMann)

∙ ‘പിൻവലിഞ്ഞ്’ ആംആദ്മി 

54 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി പരമ്പരാഗത എതിരാളികളിൽ നിന്നു വിമതർക്കായി കാത്തിരുന്നെങ്കിലും കാര്യമായ ഗുണം കിട്ടിയില്ല. കോൺഗ്രസിനെക്കാൾ ബിജെപിയിലെ വിമതശല്യം ‌ മുതലാക്കാനാണ് ആം ആദ്മി ശ്രമിച്ചത്. പഞ്ചാബ് വിജയത്തോടെ ആംആദ്മി പാർട്ടി ഹിമാചലിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് തോന്നൽ ഉണ്ടാക്കിയെങ്കിലും ഉത്തരാഖണ്ഡിലെപ്പോലെ കോൺഗ്രസ്– ബിജെപി നേരിട്ട് പോരാട്ടമായതിനാൽ സംസ്ഥാനത്ത് കടന്നു കയറുക അത്ര എളുപ്പമല്ലെന്ന് പാർട്ടി തിരിച്ചറിഞ്ഞിരിക്കുന്നു എന്നു വേണം അനുമാനിക്കാന്‍. ഗുജറാത്തിലേക്കാണ് അവർ ഇപ്പോൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്. 

ADVERTISEMENT

അരവിന്ദ് കേജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ,പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ തുടങ്ങിയവരുടെ നേരത്തെയുള്ള സന്ദർശനത്തിന് ശേഷം മുതിർന്ന നേതാക്കളോ പ്രചാരണ പരിപാടികളോ കാര്യമായി ഉണ്ടായിട്ടില്ല. അതേസമയം ഇൗ നേതാക്കളും പഞ്ചാബിൽ നിന്നുള്ള മന്ത്രിപ്പടയും ഗുജറാത്തിൽ സജീവമായി രംഗത്തുണ്ട്.

ഭരണവിരുദ്ധ വികാരം മറികടക്കാൻ ബിജെപി പുതുമുഖങ്ങളെ ഇറക്കി മത്സരം കടുപ്പിക്കുകയാണ്. 2017ൽ 44 സീറ്റുകൾ നേടി ബിജെപി ഇത്തവണ 20 പുതുമുഖങ്ങളെയാണ് മത്സരിപ്പിക്കുന്നത്. 6 വനിതകൾക്കും സീറ്റ് നൽകി.

അമിത് ഷാ. ചിത്രം: NARINDER NANU / AFP

∙ പോരിനിറങ്ങി 11 മന്ത്രിമാർ

1990നു ശേഷം ഹിമാചലിൽ ഒരു കക്ഷി തന്നെ തുടർച്ചയായി ഭരിച്ചിട്ടില്ല. ജയ്റാം ഠാക്കൂറിനെതിരായ ഭരണവിരുദ്ധവികാരം തനിക്കു ഗുണകരമാകുമെന്ന വിശ്വാസത്തിലാണ് അറുപത്തിയാറുകാരിയായ പ്രതിഭ സിങ്. കഴിഞ്ഞ വർഷം നടന്ന മൂന്നു നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും ബിജെപി പരാജയപ്പെട്ടെങ്കിലും നരേന്ദ്ര മോദിക്ക് ജയ്റാം ഠാക്കൂറിൽ പൂർണവിശ്വാസമാണ്. 

മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ ഉൾപ്പെടെ 11 മന്ത്രിമാർക്ക് ബിജെപി വീണ്ടും സീറ്റ് നൽകി. മുഖ്യമന്ത്രി സെറാജ് മണ്ഡലത്തിൽ നിന്നു തന്നെ വീണ്ടും ജനവിധി തേടും. പട്ടികയിൽ ഇടം പിടിക്കാത്ത ഏക മന്ത്രി മഹേന്ദ്രസിങ് മാത്രമാണ്. പക്ഷേ മകൻ രജത് ഠാക്കൂറിന് ധരംപുരിൽ ടിക്കറ്റ് നൽകി. സിങിന്റെ മകൾ വന്ദന ഗുലേറിയ സീറ്റിൽ കണ്ണുവച്ചത് പ്രവർത്തകരുടെ വൻ പ്രതിഷേധത്തിന് ഇടയാക്കി. മാണ്ഡി സിംല പരിഷത്ത് അംഗമായും ബിജെപി മഹിളാ മോർച്ച ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ച വന്ദനയ്ക്ക് സീറ്റ് നിഷേധിച്ചതിൽ അവർ കടുത്ത ഭാഷയിൽ രോഷം പ്രകടിപ്പിച്ചു. എന്തുകൊണ്ട് പെൺമക്കൾ എപ്പോഴും കുടുംബ വാദത്തിൽ ബലിയാടാകുന്നതെന്ന്  ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. ‍ഡൽഹിയിൽനിന്ന് ടിക്കറ്റ് കൊണ്ടുവരാം പക്ഷേ വോട്ട് കൊണ്ടുവരാനാവില്ലെന്ന വന്ദനയുടെ പോസ്റ്റ് വൈറലായിക്കഴിഞ്ഞു.

കുടുംബ ഭരണം പ്രോൽസാഹിപ്പിക്കുന്നതിൽ മറ്റു പാർട്ടികളെ വാതോരാതെ വിമർശിക്കുന്ന ബിജെപി ഹിമാചലിലെ നേതാക്കളുടെ കുടുംബാംഗങ്ങൾക്ക്  വാരിക്കോരി സീറ്റ് നൽകി. ജുബൽകോത്ഖായിൽ ബിജെപി മന്ത്രി നരീന്ദർ ബ്രാഗ്തയുടെ മകൻ ചേതനാണ് സീറ്റ്. 2021ൽ അച്ഛന്റെ മരണത്തെത്തുടർന്ന് ചേതൻ സ്വതന്ത്ര സ്ഥാനാർഥിയായി ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചു. ബിജെപി ആദ്യം പുറത്താക്കിയെങ്കിലും പിന്നീട് പാർട്ടിയിലേക്ക് തിരിച്ചെടുക്കുകയും ഇപ്പോൾ ടിക്കറ്റ് നൽകുകയും ചെയ്തു.

പ്രിയങ്ക ഗാന്ധി (എഎൻഐ ചിത്രം)

∙ വിമതരെക്കൊണ്ട് പൊറുതിമുട്ടി

കഴിഞ്ഞ തവണ ബിജെപി ഭൂരിപക്ഷം നേടിയെങ്കിലും പ്രമുഖ നേതാവ് പ്രേം കുമാർ ധുമാലിന്റെ അപ്രതീക്ഷിത തോൽവിയാണ് ജയ് റാം ഠാക്കൂറിന് വഴിയൊരുക്കിയത്. മുഖ്യമന്ത്രി ജയ്റാം ഠാക്കൂറിന്റെ ജില്ലയായ മാണ്ഡിയിലും വിമത ശല്യത്തിനു ശമനമില്ല. പാർട്ടിയുടെ മീഡിയ ഇൻചാർജ് പ്രവീൺ ശർമയ്ക്ക് സീറ്റ് കിട്ടാത്തതിനെത്തുടർന്ന് മാണ്ഡി സദറിൽ സ്വതന്ത്രനായി മൽസരിക്കുന്നു. വിമതർക്ക് ആറു വർഷത്തെ പുറത്താക്കൽ പ്രഖ്യാപിച്ചെങ്കിലും ഇതു കൊണ്ടും പ്രശ്നങ്ങൾ അവസാനിക്കുന്ന മട്ടില്ല. ഇതിനു പുറമെ കോൺഗ്രസ് വിട്ടുവരുന്നവരോടു ബിജെപിയിലെ മുൻ എംഎൽഎമാരും അമർഷത്തിലാണ്. കോൺഗ്രസ് എംഎൽഎ ലഖ്‌വീർ സിങ് റാണയ്ക്ക് നാൽഗണ്ഡിൽ സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് ബിജെപി മുൻ എംഎൽഎ കെ.എൽ. ഠാക്കൂർ സ്വതന്ത്രനായി പത്രിക നൽകി. ധരംശാലയിൽ കോൺഗ്രസ് എംഎൽഎ രാകേഷ് ചൗധരിക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് സിറ്റിങ് എംഎൽഎ വിശാൽ നെഹ്റിയും അനുയായികളും രാജിവച്ചു.

കോൺ‌ഗ്രസിലും പ്രശ്നങ്ങൾ കുറവല്ല. മുൻമന്ത്രി കരൺ സിങിന്റെ മകൻ ആദിത്യവിക്രം സിങ് സീറ്റ് കിട്ടാത്തതിനെത്തുടർന്ന് കോൺഗ്രസ് വിട്ടു. പ്രചാരണത്തിന് കോൺഗ്രസിലെയും ബിജെപിയിലെയും വൻനിര തന്നെ എത്തുന്നു. ബിജെപിയുടെ താര പ്രചാരക പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമി ത്ഷാ, യോഗി ആദിത്യനാഥ്, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ തുടങ്ങിയവരാണ് താര പരിവേഷത്തിൽ എത്തുന്നത്. കോൺഗ്രസ് നിരയിൽ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രിയങ്കാ ഗാന്ധി, രാഹുൽ ഗാന്ധി, അശോക് ഗെലോട്ട്, ഭുപേഷ് ബാഗൽ തുടങ്ങിയ 40 അംഗ പ്രചാരക പട്ടിക പുറത്തിറക്കിക്കഴിഞ്ഞു. ഈ മാസം 29 വരെ പത്രിക പിൻവലിക്കാം. 80 വയസ്സ് കഴിഞ്ഞവർക്ക് വീടുകളിൽത്തന്നെ വോട്ടു ചെയ്യാൻ അവസരം നൽകും. ഹിമാചലിൽ ആകെയുള്ള 55,07,261 വോട്ടർമാരിൽ 1,22,087 പേർ 80 കഴിഞ്ഞവരാണ്.

 

English Summary: Himachal Pradesh: BJP deploys Top Guns, Congress Tries for Bounce Back