‘‘ചില സെലിബ്രിറ്റികൾക്ക് വലിയ തോതിലുള്ള ഫോളോവേഴ്സ് ചൈനയിലുണ്ട്. അവർ വലിയ തോതിൽ ധനസമ്പാദനം നടത്തുന്നു.പലരും നികുതി വെട്ടിക്കുന്നു. രാഷ്ട്രീയ നേതാക്കളെയും കോടീശ്വരന്മാരെയും അനധികൃത ധനസമ്പാദനത്തിന് അറസ്റ്റു ചെയ്യുന്നതും ചൈനയിൽ പതിവാണ്. പക്ഷേ ഇത്തരക്കാരെ ഉയർത്തിക്കൊണ്ടുവരരുത് എന്നൊരു ചിന്ത ഷിയുടെ കാലത്ത് ഉയർന്നുവന്നിട്ടുണ്ട്...’’ചൈനീസ് പാർട്ടി കോൺഗ്രസ് വിശകലനം ചെയ്ത് ഡോ.സി.ആർ.പ്രമോദ് സംസാരിക്കുന്നു...

‘‘ചില സെലിബ്രിറ്റികൾക്ക് വലിയ തോതിലുള്ള ഫോളോവേഴ്സ് ചൈനയിലുണ്ട്. അവർ വലിയ തോതിൽ ധനസമ്പാദനം നടത്തുന്നു.പലരും നികുതി വെട്ടിക്കുന്നു. രാഷ്ട്രീയ നേതാക്കളെയും കോടീശ്വരന്മാരെയും അനധികൃത ധനസമ്പാദനത്തിന് അറസ്റ്റു ചെയ്യുന്നതും ചൈനയിൽ പതിവാണ്. പക്ഷേ ഇത്തരക്കാരെ ഉയർത്തിക്കൊണ്ടുവരരുത് എന്നൊരു ചിന്ത ഷിയുടെ കാലത്ത് ഉയർന്നുവന്നിട്ടുണ്ട്...’’ചൈനീസ് പാർട്ടി കോൺഗ്രസ് വിശകലനം ചെയ്ത് ഡോ.സി.ആർ.പ്രമോദ് സംസാരിക്കുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ചില സെലിബ്രിറ്റികൾക്ക് വലിയ തോതിലുള്ള ഫോളോവേഴ്സ് ചൈനയിലുണ്ട്. അവർ വലിയ തോതിൽ ധനസമ്പാദനം നടത്തുന്നു.പലരും നികുതി വെട്ടിക്കുന്നു. രാഷ്ട്രീയ നേതാക്കളെയും കോടീശ്വരന്മാരെയും അനധികൃത ധനസമ്പാദനത്തിന് അറസ്റ്റു ചെയ്യുന്നതും ചൈനയിൽ പതിവാണ്. പക്ഷേ ഇത്തരക്കാരെ ഉയർത്തിക്കൊണ്ടുവരരുത് എന്നൊരു ചിന്ത ഷിയുടെ കാലത്ത് ഉയർന്നുവന്നിട്ടുണ്ട്...’’ചൈനീസ് പാർട്ടി കോൺഗ്രസ് വിശകലനം ചെയ്ത് ഡോ.സി.ആർ.പ്രമോദ് സംസാരിക്കുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനയുടെ സർവാധികാരി... ഷി ചിൻപിങ്ങിനെ ഇനി അങ്ങനെത്തന്നെ വിശേഷിപ്പിക്കാം. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായും ചൈനയുടെ പ്രസിഡന്റായും ഇനി ഷി തന്നെ മതിയെന്ന് ഇരുപതാം പാർട്ടി കോൺഗ്രസ് ഉറപ്പിച്ചതോടെ മാവോ സെദുങ്ങിനു ശേഷം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേതാവായി ഷി മാറുകയാണ്. ചൈനീസ് സൈന്യത്തിന്റെ പരിപൂർണ നിയന്ത്രണം നിർവഹിക്കുന്ന സെൻട്രൽ മിലിട്ടറി കമ്മിഷൻ ചെയർമാൻ സ്ഥാനത്തേക്കും ഷിയെ വീണ്ടും തിരഞ്ഞെടുത്തിരിക്കുകയാണ്. ചൈനീസ് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ മാവോയ്ക്കു ശേഷം, ഒരുപക്ഷേ അദ്ദേഹത്തിനേക്കാളുമേറെ കരുത്തോടെ, ഇനി ഷി ചിൻപിങ് യുഗമാണ് ചൈനയിൽ. ഒരിക്കൽ ചൈനയെന്നാൽ മാവോ ആയിരുന്നെങ്കിൽ ഇനി അത് ഷി ആണ്. അത് എത്രകാലത്തേക്കും നീണ്ടേക്കാം, ഷിയുടെ മരണം വരെ പോലും! അങ്ങനെ ഒരു സർവാധികാരി ആയുഷ്കാലത്തേക്ക് സ്ഥാനം ഏറ്റെടുക്കുമ്പോൾ ചൈനയുടെ അല്ലെങ്കിൽ ഷിയുടെ മനസ്സിൽ എന്തൊക്കെയായിരിക്കാം? ലോകത്തിനു മുന്നിൽ ഏതു തരത്തിൽ ചൈനയെ അവതരിപ്പിക്കാനാകും ഇനി ഷി ശ്രമിക്കുക? ഷി ചിൻപിങ്ങിന്റെ ‘മൂന്നാം വരവ്’ ഇന്ത്യയെ എങ്ങനെയാകും ബാധിക്കുക? യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയുടെ പതനം സൃഷ്ടിച്ച വിടവിലേക്ക്, യുഎസിനെതിരെ ശക്തമായി നിലകൊള്ളുന്ന ഒരു എതിരാളിയിലേക്ക്, ചൈനയെ തിരുകിക്കയറ്റാനുള്ള ഷിയുടെ തന്ത്രങ്ങളാണോ ഇനി ലോകം കാണാൻ പോകുന്നത്? പാർട്ടി കോൺഗ്രസിലെ തീരുമാനങ്ങളും ഷി ചിൻപിങ്ങിനു കീഴിലെ ചൈനയെയും വിലയിരുത്തുകയാണ് തൃശൂർ കേരള വർമ കോളജിലെ അസിസ്റ്റന്റ് പ്രഫസറും ചൈന വിഷയ വിദഗ്ധനുമായ ഡോ. സി.ആർ. പ്രമോദ്. ജെഎൻയുവിലെ ഈസ്റ്റ് ഏഷ്യൻ സ്റ്റഡീസ് സെന്ററിൽനിന്ന് ചൈനീസ് സ്റ്റഡീസിൽ പിഎച്ച്ഡിയെടുത്തിട്ടുള്ള അദ്ദേഹം ‘മനോരമ ഓൺലൈന്‍ പ്രീമിയ’ത്തിൽ സംവദിച്ചപ്പോൾ... 

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിൽ സംസാരിക്കുന്ന ഷി ചിൻപിങ്. ചിത്രം: STR / AFP

 

ADVERTISEMENT

∙ ഷി ചിൻപിങ്ങിനു പരമാധികാരം നൽകുന്ന തീരുമാനത്തിലേക്കു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി എത്താൻ എന്തായിരിക്കും കാരണം?

നേതാക്കൾക്കു മുന്നോട്ടു വരാൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിൽ കൃത്യമായ മാനദണ്ഡങ്ങളുണ്ട്. സാമ്പത്തിക പരിഷ്കാരങ്ങൾക്ക് മാതൃക സൃഷ്ടിക്കുക, അവരുടെ പ്രവിശ്യ ഏറ്റവും സാമ്പത്തികപരമായി മുന്നേറ്റം നേടിയ ഒന്നാക്കി മാറ്റുക... ഇതിനു വേണ്ടിയുള്ള മത്സരങ്ങൾ വരെ പ്രവിശ്യകൾ തമ്മിൽ ഉണ്ടായിട്ടുണ്ട്.

 

ഇടത്തുനിന്ന് മാവോ സെദുങ്, ഡെങ് സിയാവോ പിങ്, ജിയാങ് സെമിൻ, ഹു ജിന്റാവോ, ഷി ചിൻപിങ് എന്നിവരുടെ ചിത്രങ്ങൾ. ചൈനീസ് മ്യൂസിയത്തിലെ കാഴ്ച. ചിത്രം: AFP PHOTO / WANG ZHAO

ഇപ്പോൾ പാർട്ടി കോൺഗ്രസിൽ കൈക്കൊണ്ട തീരുമാനങ്ങളൊന്നും പെട്ടെന്ന് ഉണ്ടായതല്ല. ഷി ആദ്യം അധികാരത്തിലേറിയതു മുതൽ വന്ന മാറ്റങ്ങൾ പാർട്ടി കോണ്‍ഗ്രസിൽ അതിന്റെ പരമോന്നതിയിൽ എത്തിയെന്നേയുള്ളൂ. ആദ്യകാലം മുതൽ, അതായത് ചൈനീസ് പരാമധികാരിയായിരുന്ന ഡെങ് സിയാവോ പിങ്ങിന്റെ  കാലഘട്ടത്തിൽത്തന്നെ (1980കളുടെ ആരംഭത്തിൽ) വന്നിരുന്ന ചില ചർച്ചകളുണ്ട്. രാഷ്ട്രീയ പരിഷ്കരണവും സാമ്പത്തിക പരിഷ്കരണവും തമ്മിലുള്ള ബന്ധം സംബന്ധിച്ചാണിത്. അതിൽ സാമ്പത്തിക പരിഷ്കാരങ്ങൾക്കു വേണ്ടി ഏതുതരത്തിലുള്ള മാറ്റങ്ങളും നടപ്പാക്കുന്നതിൽ തെറ്റില്ല എന്ന തരത്തിലായിരുന്നു ചർച്ചകൾ. എന്നാൽ രാഷ്ട്രീയ പരിഷ്കരണത്തിന്റെ കാര്യത്തിലാകട്ടെ അത്തരത്തിൽ ഒരു ആശയക്കുഴപ്പമുണ്ടായിരുന്നില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിനും പാർട്ടിക്കു തന്നെയും വെല്ലുവിളികൾ ഉണ്ടാകാതിരിക്കാനും അതിന്റെ ഘടനയിലും പ്രവർത്തനരീതിയിലും മാറ്റം വരാതിരിക്കാനും വളരെ സൂക്ഷ്മമായി തീരുമാനമെടുത്തു മുന്നോട്ടു പോകുന്ന രാജ്യമായി ചൈന മാറിയിരുന്നു. 

 

ADVERTISEMENT

1990ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ, രാഷ്ട്രീയ മേഖലയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തെ സുശക്തമാക്കുകയും പാർട്ടിയുടെ ഘടനയും പ്രവർത്തന രീതിയും തുടരുകയും ചെയ്തു. എന്നാൽ സാമ്പത്തിക മേഖലയിൽ വലിയ പരിഷ്കാരങ്ങളെ ശക്തമായി കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുകയാണുണ്ടായത്. ഗോർബച്ചേവ് എന്താണ് സോവിയറ്റ് യൂണിയനിൽ നടപ്പാക്കിയത്, രാഷ്ട്രീയ പരിഷ്കാരങ്ങൾ എങ്ങനെയാണ് സോവിയറ്റ് യൂണിയന്റെ തകർച്ചയിലേക്ക് എത്തിച്ചത് എന്നുള്ളതായിരുന്നു അന്ന് ചൈനയിലെ പ്രധാനപ്പെട്ട ചർച്ചാവിഷയം. 1989ൽ ടിയാനൻമെൻസ്ക്വയർ സംഭവം ചൈനയ്ക്കു മുന്നിൽ അപ്പോഴുണ്ടുതാനും. ഇത്തരം അടിച്ചമർത്തലുകൾ, രാഷ്ട്രീയ പരിഷ്കാരം വേണ്ട എന്നു പറയുകയും എന്നാൽ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ശക്തികൂട്ടുകയും ചെയ്യുകയാണുണ്ടായത്.

 

1992ൽ, ചൈനീസ് പരമോന്നത നേതാവ് ഡെങ് സിയാവോ പിങ് ഷെൻസെന്നിലെ സ്പെഷൽ ഇക്കണോമിക് സോണിൽ നടത്തിയ സന്ദർശനത്തിനും അതിനെത്തുടർന്നു നടത്തിയ പ്രസംഗത്തിനും ചൈനയുടെ ചരിത്രത്തിൽ നിർണായക പങ്കുണ്ട്. പുതിയ, വലിയ രീതിയിലുള്ള ഉദാരവൽക്കരണത്തിനും സാമ്പത്തിക മേഖലയിലെ പരിഷ്കാരങ്ങൾക്കും തുടക്കം കുറിക്കാനുള്ള ചൈനയുടെ സന്നദ്ധത അറിയിക്കുകയായിരുന്നു ആ പ്രസംഗത്തിൽ ഡെങ് ചെയ്തത്. സാമ്പത്തിക മേഖലയിലെ വലിയ മാറ്റങ്ങൾക്കു ചൈന തയാറാകുന്നു എന്ന് ലോകത്തോട് പ്രഖ്യാപിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി. അന്നുമുതൽ തന്നെ രാഷ്ട്രീയ പരിഷ്കാരങ്ങളും സാമ്പത്തിക പരിഷ്കാരങ്ങളും എങ്ങനെയാകണം എന്നത് ചൈനയിലെ പൊതുമണ്ഡല ചർച്ചകളിൽ ഉയർന്നുവരുന്നുണ്ട്. 

ഷാങ്‌ഹായിയിൽ ചൈന ഇന്റർനാഷനൽ ഇംപോർട്ട് എക്സ്പോയിൽ സംസാരിക്കുന്ന ഷി ചിൻപിങ്. 2021ലെ ചിത്രം: AFP

 

ADVERTISEMENT

∙ പരമാധികാരിയായി മാറിയ ഷിയുടെ സമീപനം എന്താകും? ചൈനയുടെ നയം മാറുമോ?

 

ഷി ചിൻപിങ്ങും ജോ ബൈഡനും. ചിത്രം: Frederic J. BROWN / AFP

ഷി ചിൻപിങ്ങിനു മുൻപ് പ്രസിഡന്റായിരുന്ന ഹു ജിന്റാവോയുടെ കാലഘട്ടം രാഷ്ട്രീയ– സാമ്പത്തിക പരിഷ്കാരങ്ങൾക്കു വലിയ മാറ്റങ്ങളുണ്ടായ ഒരു ഘട്ടമായാണു ലോകം കാണുന്നത്. വളരെ ഉദാരമായ സാമ്പത്തികരംഗം, പല അധികാരകേന്ദ്രങ്ങളെയും ഒരുമിച്ചു നിർത്തിക്കൊണ്ടുള്ള കൂട്ടായ നേതൃത്വത്തെ കുറിച്ചുള്ള ചർച്ചകൾ എന്നിവ വളരെയധികം പ്രാധാന്യത്തോടു കൂടി നടന്ന ഘട്ടം കൂടിയായിരുന്നു ഇത്. എല്ലാവർക്കും പ്രാധാന്യം നൽകി, എല്ലാവരെയും ഒരുമിച്ചു നിർത്തുന്ന നേതാവായാണ് ഹു ജിന്റാവോയെ പൊതുവെ കണ്ടിരുന്നത്. ഷി ചിൻപിങ്ങിന്റെ കാലഘട്ടത്തിലേക്കു വരുമ്പോൾ വളരെ വിശാലമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാടിൽനിന്നു മാറുന്ന കാഴ്ചയാണ് കാണുന്നത്. രാഷ്ട്രീയ വിശാലത വിട്ട് ഒന്നിലേക്ക് ഏകീകരിക്കുന്ന ഒരു തരത്തിലേക്ക് അത് മാറിയിരുന്നു. അത് ഈ പാർട്ടി കോൺഗ്രസിലേക്ക് എത്തിയപ്പോൾ കൂടുതൽ അരക്കിട്ട് ഉറപ്പിച്ചു എന്നുമാത്രം. ഷി ആദ്യം അധികാരത്തിലേറിയതു മുതൽ ഈ ചർച്ചകൾ സജീവമായിരുന്നു. ഈ പാർട്ടി കോൺഗ്രസിൽ ഷിയെ വീണ്ടു നേതാവായി അവരോധിച്ചപ്പോൾ അതു കൂടുതൽ ബലപ്പെട്ടു എന്നുമാത്രം. 

ഒരു എതിർ വോട്ട് ഒഴിവാക്കി, ഏകകണ്‌ഠമായി ഷിയെ തിരഞ്ഞെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഹു ജിന്റാവോയെ സമ്മേളന വേദിയിൽനിന്നു പുറത്താക്കിയതെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഹു ജിന്റാവോയ്ക്കും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർക്കും ഇനി സ്ഥാനമില്ലെന്ന് ഏതാണ്ട് ഉറപ്പാണ്.

 

വ്ളാഡിമിർ പുട്ടിനും ഷി ചിൻപിങ്ങും. ചിത്രം: Vyacheslav OSELEDKO / AFP

∙ യുഎസ് പ്രസിഡന്റുമാരുടെ ഒരോ ചലനവും ലോകം ശ്രദ്ധിച്ചു പോന്നിരുന്ന ഒന്നാണ്. ഇപ്പോൾ അതേ തലത്തിലേക്കു ഷിയും മാറുകയാണോ?

 

രാഷ്ട്രീയമായി പറഞ്ഞാൽ അധികാരം ഒന്നിലേക്ക് അല്ലെങ്കിൽ ഒരാളിലേക്ക് ഏകീകരിക്കുക എന്നതാണ് ഷി ലക്ഷ്യംവയ്ക്കുന്നത്. സാമ്പത്തിക പരിഷ്കാരങ്ങൾ പരിശോധിക്കുകയാണെങ്കിൽ, ഇതുവരെ ചർച്ച ചെയ്തതിൽനിന്ന് വ്യത്യസ്തമായി രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ കൂടുതൽ മെച്ചപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ഷിയുടെ കാലഘട്ടത്തിൽ ഉണ്ടായിട്ടുണ്ട്. ജലഗതാഗതം, റെയിൽവേ പോലുള്ള മേഖലകളിലെ വലിയ നിർമാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകുക, അതിലൂടെ കൂടുതൽ പണം വിപണിയിലേക്ക് എത്തുക, ആ പണം പരമാവധി സർക്കുലേറ്റ് ചെയ്യിക്കുക എന്നിങ്ങനെ. ഇതോടൊപ്പം ദാരിദ്ര്യനിർമാർജന പദ്ധതികളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തിരുന്നു. ഇതിലൂടെ താഴെത്തട്ടിലുള്ള ആളുകളിലേക്ക് വിപണിയെ എത്തിക്കാനുള്ള ശ്രമങ്ങളും നടത്തുന്നു അദ്ദേഹം.

 

സാമ്പത്തിക പരിഷ്കാരങ്ങൾക്കും രാഷ്ട്രീയ പരിഷ്കാരങ്ങൾക്കും തുല്യ പ്രാധാന്യം നൽകി നടപ്പാക്കാൻ ശ്രമിച്ചതാണ് സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു കാരണമായതെന്ന തിരിച്ചറിവ് ചൈനയ്ക്കുണ്ടായിട്ടുണ്ട്. അതുപോലെത്തന്നെ നിലവിലെ ലോക സാഹചര്യം തിരിച്ചറിഞ്ഞതു കൊണ്ടുതന്നെയാണ് ഒരു രാഷ്ട്രീയ ഏകീകരണത്തിനു ഷി ചിൻപിങ് ശ്രമിക്കുന്നത് എന്നാണ് തോന്നുന്നത്. അധികാരം ഒരാളിലേക്ക് കേന്ദ്രീകരിക്കുന്ന രീതി ഉണ്ടായാലും ലോകത്തിന്, തന്നെ ഒറ്റപ്പെടുത്താനോ ചൈനയെ മാറ്റിനിർത്താനോ ആകില്ലെന്ന ബോധ്യം ഷിയ്ക്കുണ്ട്. പ്രധാനപ്പെട്ട ഒരു ലോകശക്തിയായി വളർന്നുവെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്. അടുത്ത ഘട്ടത്തിലേക്ക് ചൈന പോകേണ്ട സമയമായി എന്നാണ് അദ്ദേഹം പറയുന്നത്. തിരസ്കരിക്കാനാകാത്ത ഒരു ശാക്തിക രാജ്യമായി അടുത്ത 50 വർഷത്തുള്ളിൽ നമ്മൾ വളരേണ്ടതുണ്ട് എന്ന ഭാഷയിൽനിന്ന്, ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്, ‘വി ആർ റെഡി’ എന്നു പറയുന്ന തരത്തിലേക്ക് ഒരു വലിയ മാറ്റം ‌കാണാം. ആ മാറ്റം ചൈനയുടെ ഭാഷയിലും പ്രവൃത്തിയിലുമെല്ലാം ഉണ്ട്. മൾട്ടി പോളാർ വേൾഡ് ഒാർഡർ (അതായത് യുഎസ് മാത്രമല്ല, പല രാജ്യങ്ങളെ ഒന്നിപ്പിച്ച് ഒരു പുതിയ അധികാരകേന്ദ്രം) നിർമിക്കാൻ പറ്റുന്ന ഏറ്റവും ശക്തമായ രാജ്യമായി ചൈനയെ ഇപ്പോൾ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഷി. അതിന്റെ ശബ്ദമായാണ് അദ്ദേഹം നിലകൊള്ളുന്നത്.

ആദ്യമായി കോവിഡ് സ്ഥിരീകരിച്ച വുഹാനിലെ ഒരു ആശുപത്രിക്കു മുന്നിലെ കാഴ്ച. ചിത്രം: Hector RETAMAL / AFP

 

∙ ലോകത്തിന്റെ അധികാരം കയ്യാളാൻ ശേഷിയുള്ള വൻ ശക്തിയായി ചൈന മാറുകയാണെന്നാണോ...?

 

ഹു ജിന്റാവോയും ഷി ചിൻപിങ്ങും. 2013ലെ ചിത്രം: Mark RALSTON / AFP

രാജ്യത്തെ വളർച്ച കാണിച്ചു കൊടുത്തും അവരുടെ ദേശീയതയും മറ്റും ലോകത്തിനു മുന്നിൽ അത്രയേറെ പ്രാധാന്യത്തോടെ കൊണ്ടുവരിക എന്ന വീക്ഷണത്തിൽ നിന്നുകൊണ്ടുമാണ് ഇപ്പോൾ ചൈനയുടെ പ്രവർത്തനങ്ങൾ. അതിനുവേണ്ടി ആരുമായി എങ്ങനെ കൂട്ടുകൂടണം എന്നുള്ളതിൽ പ്രത്യയശാസ്ത്രം ഒരു ഘടകമേയല്ല. ഏതു രാഷ്ട്രീയ സംവിധാനവുമായിക്കൊള്ളട്ടെ, നമ്മുടെ ദേശതാൽപര്യം എന്തെന്ന് നോക്കുന്ന രീതിയിലുള്ള ഒരു പ്രവൃത്തി ചൈനയിൽ കാണാം. മറ്റൊരു കാര്യം, ശക്തമായ രാജ്യങ്ങൾ ഇപ്പോൾ ശക്തി ക്ഷയിക്കുന്ന ഘട്ടത്തിലാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം, യുഎസ് ആണെങ്കിലും ‘ഡിക്ലൈനിങ് മോഡിൽ’ ആണ്. പിൻവലിയുകയാണ് അവർ. ചരിത്രപരമായി ആ രാജ്യങ്ങൾ വരുത്തിയിട്ടുള്ള തെറ്റുകൾ ആവർത്തിക്കില്ല എന്നാണ് ചൈന പ്രസ്താവിക്കുന്നത്. എന്തൊക്കെയാണ് ഈ രാജ്യങ്ങളിൽ സംഭവിച്ചത്? അവർ വരുത്തിയ തെറ്റുകൾ എന്തൊക്കെയാണ്? ഇതിനെക്കുറിച്ചെല്ലാം ചൈനയും ഷിയും ബോധവാനാണ്. അതുപോലെ പുതിയ തെറ്റുകൾ വരുത്താതെ മുന്നോട്ടു പോകാനുള്ള മുൻകരുതലുകളും ചൈന എടുക്കുന്നു. 

 

ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോൾ അതിൽ ചൈനയുടെ റോൾ എന്താണെന്നതു സംബന്ധിച്ച ചർച്ചകൾ ഉടലെടുത്തിരുന്നു. ആഗോളതലത്തിൽ നോക്കിയാൽത്തന്നെ കടക്കെണിയിൽപ്പെടാത്ത ഒരു രാജ്യവുമില്ല. ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവ് (ബിആർഐ) പ്രോജക്ടിന്റെ ഭാഗമായാണ് ശ്രീലങ്ക പോലുള്ള രാജ്യങ്ങളിൽ ചൈന‌ പണമിറക്കുന്നത്. ഇതിൽ സാമ്പത്തികമായ ഒരു വശം ഉണ്ടെങ്കിലും മറുഭാഗത്ത് അത് സുരക്ഷാ സംബന്ധമായി ഉപയോഗിച്ചെങ്കിലോ എന്നോരു ആശങ്കയുമുണ്ട്. ഇങ്ങനെയൊരു ആശങ്ക നിലനിൽക്കുന്നതുകൊണ്ടാണ് ഇന്ത്യ ഇത്തരം പദ്ധതികളുടെ ഭാഗമാകാതെ നിൽക്കുന്നത്. സുരക്ഷാ ആശങ്ക മാറ്റിവച്ചുകൊണ്ട്, ചൈനീസ് നിക്ഷേപം സ്വീകരിക്കണോ വേണ്ടയോ എന്നൊരു ആശങ്ക നിലനിൽക്കുന്നതിനാലാണ്, ചൈനയുടെ പദ്ധതികൾ‌ സ്വീകരിക്കണ്ട എന്നൊരു തീരുമാനത്തിലേക്ക് ഇന്ത്യ എത്തുന്നത്. അതിനെയാണ് സെക്യൂരിറ്റൈസേഷൻ ഓഫ് ഇക്കോണമി എന്നു പറയുക. 

 

ബെയ്ജിങ് രാജ്യാന്തര പുസ്തകമേളയിൽനിന്നുള്ള ദൃശ്യം. ചിത്രം: GREG BAKER / AFP

ഹംബൻതോട്ടയിൽ ചൈന നിർമിച്ച തുറമുഖത്തെ, ചൈനയിലേക്ക് വരാനും പോകാനുമുള്ള രാജ്യാന്തര വ്യാപാര പാതയുമായി ബന്ധിപ്പിക്കുന്ന ഒരു തുറമുഖമായി കാണുമ്പോൾ, അതിൽ സൈനിക ഇടപെടൽ വരാൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് ഇന്ത്യ, യുഎസ്, ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങൾ ഉയർത്തിക്കാട്ടുക. ബിആർഐ പ്രോജക്ടുകളിൽ കടക്കെണി പോലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന രാജ്യങ്ങളുണ്ടാകും. എന്നാൽ മറുഭാഗത്ത് ഇതിന്റെ ഗുണഭോക്താക്കളായുള്ള രാജ്യങ്ങൾ ഒട്ടനവധിയാണ്. ആഫ്രിക്കയിലായാലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലായാലും, ഇത്തരം പ്രോജക്ടുകൾ വഴി അവർ പുതിയ രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നുണ്ട്. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് ‘മൾട്ടി പോളാർ വേൾഡ് ഓർഡർ’ എന്ന തരത്തിലേക്ക് തുറന്നു പറയാൻ സാധിക്കുന്നത്. 

 

സോവിയറ്റ് യൂണിയൻ തകർന്നതോടെ ഒരു ഏകധ്രുവ ലോകം എന്ന ആശയത്തിലേക്ക് സ്വഭാവികമായും വരേണ്ടതാണ്. യുഎസ് ഒരൊറ്റ ശക്തികേന്ദ്രമായി (യൂണി പോളാർ) മാറേണ്ടതുമാണ്. എന്നാൽ അതിന്റെ സാധ്യതകൾ പല രീതിയിലും കാണുന്നില്ല എന്നതാണ് റഷ്യയ്ക്കും ചൈനയ്ക്കുമെല്ലാമുള്ള പ്രതീക്ഷകളിലൊന്ന്. അഫ്ഗാനിൽ വീണ്ടും താലി‌ബാൻ വരുന്നു, സൗദിയിൽ യുഎസിന്റെ സ്വാധീനം കുറയുന്നു, സിറിയയിൽ നടക്കുന്ന യുദ്ധത്തിൽ റഷ്യ അവിടുത്തെ സർക്കാരുമായി ബന്ധപ്പെട്ട് ഒരു നിലപാട് എടുക്കുന്നു, ജനാധിപത്യ രീതിയിലേക്ക് വരണമെന്ന് യുഎസ് അടക്കമുള്ളവർ ആവശ്യപ്പെട്ടിട്ടും ഇറാഖിലും മറ്റും ചെയ്തതു പോലെ സിറിയയിലെ സർക്കാരിനെ മാറ്റാൻ യുഎസിന് കഴിയാതാകുന്നു... ഇത്തരത്തിൽ ലക്ഷ്യങ്ങൾ വച്ച് യുഎസ് അടക്കമുള്ളവർ പ്രവർത്തിക്കുമ്പോൾ അതിൽ എന്തൊക്കെ നേടാൻ കഴിയുന്നുണ്ട്, ഏതൊക്കെ പാളിപ്പോകുന്നുണ്ട് എന്നത് ലോകം  വിശകലനം ചെയ്യും. ഒരുകാലത്ത് സോവിയറ്റ്് യൂണിയനുമായി മത്സരിച്ചിരുന്ന യുഎസ് ഇന്ന് അത്രയ്ക്കും ശക്തരാണോ എന്ന് മറ്റു രാജ്യങ്ങൾ വിശകലനം ചെയ്യുന്നത് ഇത്തരത്തിലാണ്. അങ്ങനെ വരുന്ന സമയത്താണ് ഒരു ‘മൾട്ടി പോളാർ വേൾഡ്’ നിർമിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശയം ഉറക്കെ പറയാനും അതിനു വേണ്ടി നിലകൊള്ളുന്നു എന്നു പറയാനും ധൈര്യമുള്ള രാജ്യങ്ങൾ മറുഭാഗത്ത് വരിക. ആ ഒരു സന്ദർഭത്തിലാണ് റഷ്യയും ചൈനയുമെല്ലാം ഇപ്പോൾ നിൽക്കുന്നത്. ചൈന അതിന് റഷ്യയെയും ഒപ്പം കൂട്ടുന്നുണ്ട്. റഷ്യയും ചൈനയും തമ്മിൽ ബിആർഐ പ്രോജക്ടുകളുണ്ട്. ചൈനയിൽനിന്ന് റഷ്യയെ കണക്ട് ചെയ്ത് യുറോപ്പിലേക്കുള്ള റെയിൽവേ പ്രോജക്ടുകൾ നിലനിൽക്കുന്നുണ്ട്. റഷ്യയും ചൈനയും പല രീതിയിലും പരസ്പരം മത്സരിക്കുന്നത് തുടരുമ്പോഴും ഒരു പൊതുതാൽപര്യം കണ്ടെത്തി അത് ശരിയായ രീതിയിൽ പ്രാവർത്തികമാക്കാൻ സാധിക്കുന്ന സാഹചര്യമാണു പക്ഷേ കാണുന്നത്.

ഡോ.സി.ആർ.പ്രമോദ്

 

ദലൈലാമയുടെ ചിത്രവുമായി കൊൽക്കത്തയിൽ ടിബറ്റൻ അനുകൂലികൾ നടത്തിയ പ്രകടനം. ചിത്രം: DIBYANGSHU SARKAR / AFP

∙ പാർട്ടി കോൺഗ്രസ് ഉദ്ഘാടന പ്രസംഗത്തിൽ ഉൾപ്പെടെ ഷി ഏറ്റവുമധികം എടുത്തു പറഞ്ഞത് ദേശീയതയെപ്പറ്റിയാണ്. ഇന്ത്യയിലും ദേശീയത സജീവ ചർച്ചയാണിപ്പോൾ...

മാവോ സെദുങ്ങിന്റെ പ്രതിമയുടെ പശ്ചാത്തലത്തിൽ ഷിയുടെ ചിത്രം. ഫയൽ ചിത്രം: Greg Baker / AFP

 

ഇന്ത്യയുടെ കാര്യം വരുമ്പോൾ അതിന് സാംസ്കാരിക ദേശീയതയാണ് (Cultural nationalism). അതിൽ ഹിന്ദുത്വ ആശയമാണ് നിലനിൽക്കുന്നത്. അതായത് മതമാണ് പ്രധാനമായും വരുന്ന ഘടകം. എന്നാൽ ചൈനയുടെ ദേശീയത എന്നത് ദേശരാഷ്ട്രത്തിന്റെ ഏകീകരണത്തെ (National unification) അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. തയ്‌വാൻ, ഹോങ്കോങ് പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലാണ് ആ ഏകീകരണം നടക്കുന്നത്. ഒറ്റ രാജ്യം എന്നൊരു ആശയമാണ് ചൈന മുന്നോട്ടു വയ്ക്കുന്നത്. തയ്‌വാനുമായി ബന്ധപ്പെട്ടുള്ള പുനരേകീകരണവും അതിൽ യുഎസ് ഉയർത്തുന്ന വെല്ലുവിളികളുമാണ് പാർട്ടി കോൺഗ്രസിലും ഷി അഭിസംബോധന ചെയ്തത്. പാർട്ടി കോൺഗ്രസും ഷി ചിൻപിങ്ങിന്റെ നേതൃത്വവും പ്രധാന പരിഗണന നൽകുന്നതും അതിനാണ്– തയ്‌വാന്റെ പുനരേകീകരണം സാധ്യമാക്കിക്കൊണ്ടുള്ള ദേശീയത. അതേസമയം, തയ്‌വാൻ പ്രശ്നത്തിൽ യുഎസിന്റെ ഇടപെടൽ ചൈനയ്ക്കു തലവേദന സൃഷ്ടിക്കുന്നുണ്ട്. ദക്ഷിണ ചൈനാക്കടലിൽ ചൈന ലക്ഷ്യം വയ്ക്കുന്നത് യുഎസിനെയാണ്. ദക്ഷിണ ചൈനാക്കടലിലെ രാജ്യങ്ങളായ ജപ്പാനിലും ദക്ഷിണ കൊറിയയിലും യുഎസിന്റെ സൈനിക താവളങ്ങളുമുണ്ട്. ഇങ്ങനെയുള്ള പ്രദേശങ്ങളിൽ യുഎസിന്റെ സൈനിക സാന്നിധ്യത്തെ മറികടക്കാനാണ് ചൈന ശ്രമിക്കുന്നത്. 

 

∙ തയ്‌വാനെ കൂട്ടിച്ചേർക്കാൻ ബലപ്രയോഗം നടത്തേണ്ടിവന്നാൽ അതിനും മടിക്കില്ലെന്ന് പാർട്ടി കോൺഗ്രസിൽ ഷി പ്രഖ്യാപിച്ചിട്ടുണ്ട്? തയ്‌വാനു പിന്തുണയുമായി യുഎസ് ആണ് മറുപക്ഷത്ത്? അങ്ങനെയെങ്കിൽ ചൈന– യുഎസ് പോരിലേക്കാണോ കാര്യങ്ങൾ നീങ്ങുന്നത്?

 

ഒരുകാലത്ത് ചൈനയ്ക്കു കൂട്ടായി നിന്നിരുന്ന രാജ്യമാണ് ഉത്തര കൊറിയ. എന്നാൽ ഒരു ഘട്ടം എത്തിയപ്പോൾ ഉത്തര കൊറിയ നിരുത്തരവാദപരമായ കാര്യങ്ങളാണ് ചെയ്യുന്നതെന്ന നിലയിലായി കാര്യങ്ങൾ. ചൈനയാകട്ടെ, ഉത്തരവാദിത്തപരമായി കാര്യങ്ങൾ ചെയ്യുന്നുവെന്നുമുള്ള നിലയിലേക്കുമെത്തി. രാജ്യാന്തര വിഷയങ്ങളിൽ ഇടപെടുന്ന ഉത്തരവാദിത്തമുള്ള ഒരു ‌‌‘പ്ലേയറാണെന്ന’ ഇമേജ് ഉണ്ടാക്കിയെടുക്കാൻ ചൈന ശ്രമിച്ചിട്ടുണ്ട്. ഉത്തരകൊറിയയുടെ എല്ലാ പ്രവർത്തനങ്ങളെയും ന്യായീകരിക്കുന്ന  ശക്തിയായി ഇനി ചൈനയെ കിട്ടില്ല എന്ന സന്ദേശവും ചൈന നൽകി. അതിനു വീഴ്ച സംഭവിച്ചത് കോവിഡ് വന്നപ്പോഴാണ്. ലോകത്ത് കോവിഡ് പടർത്തിയത് ചൈനയാണെന്നും രോഗ വിവരങ്ങൾ ലോകത്തെ അറിയിച്ചില്ലെന്നുമുള്ള വാദങ്ങൾ ഉയർന്നു. ചൈനയ്ക്കെതിരെ ഒരു രാഷ്ട്രീയ ക്യാംപെയ്ൻ തന്നെയുണ്ടായി. ‘ചൈനീസ് വൈറസ്’ എന്നാണ് കൊറോണയെ ട്രംപ് വിശേഷിപ്പിച്ചത്. ഉത്തരവാദിത്തമുള്ള ശക്തിയാണ് തങ്ങളെന്ന ഇമേജ് ഉയർത്തിക്കൊണ്ടുവരാൻ ചൈന ശ്രമിക്കുന്നിടത്താണ്, ഇത്തരം നിരുത്തരവാദപരമായ സമീപനം സംബന്ധിച്ച ക്യാംപെയ്ൻ ശക്തമായത്. ഇവിടെ ‘ഉത്തരവാദിത്തമുള്ള ശക്തി’ എന്നത്, ചൈന സംരക്ഷിക്കാൻ ശ്രമിക്കുന്ന ഒരു ഇമേജ് ആണ്. യുഎസുമായി പോരിനിറങ്ങി ആ ഇമേജ് തകർക്കാൻ ചൈന ശ്രമിക്കില്ല എന്നാണു തോന്നുന്നത്. 

 

ചൈനയും യുഎസും പരസ്പരം ആശ്രയിക്കുന്ന സാമ്പത്തിക–വ്യാപാര മേഖലകൾ ഏറെയാണ്. അതെല്ലാം മറികടന്ന്, തയ്‌വാൻ വിഷയത്തിന്മേൽ ഒരു യുദ്ധമെന്നു പറയുന്നത് പ്രവചിക്കാൻ പ്രയാസമുള്ള കാര്യവും. പല വാക്കുതർക്കങ്ങളും പ്രസ്താവനകളും ചൈനയെ പ്രകോപിക്കുന്ന തരം സന്ദർശനങ്ങളുമെല്ലാം ഉണ്ടാകാം. അല്ലാതെ ഒരു തുറന്ന പോരിലേക്കു പ്രശ്നം നീങ്ങുമെന്നു തോന്നുന്നില്ല. മാത്രവുമല്ല ചൈനയുടെ ഏകരാജ്യം എന്ന 1971ലെ നയം യുഎസ് അംഗീകരിച്ച സ്ഥിതിക്ക് അതിൽ മാറ്റം വരുത്തിയാൽ ലോകത്തിനു മുന്നിൽ യുഎസ് ഒരു നിരുത്തരവാദ ശക്തിയായി മാറും. തയ്‌വാനെ സൈനികമായി എതിർക്കാർ വന്നാൽ മാത്രം ഇടപെടുമെന്നാണ് യുഎസ് പറ‍ഞ്ഞിട്ടുള്ളത്. അങ്ങിനെ ഒരു സൈനിക ഇടപെടൽ പെട്ടെന്ന് ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും തോന്നുന്നില്ല. 

 

∙ കോവിഡിന്റെ പേരിൽ ഇപ്പോഴും ചില പ്രവിശ്യകൾ വരെ ചൈനയിൽ പൂർണമായി അടച്ചിടേണ്ടി വരുന്നു. ജനങ്ങൾ എതിർത്തിട്ടും ആ നടപടിക്കു മാറ്റമില്ല. സമ്പൂർണ സ്വേഛാധിപത്യത്തിലേക്കാണോ ഷിയുടെ യാത്ര?

 

ഹു ജിന്റാവോയുടെ കാലത്തുള്ള ഉദാര നയങ്ങൾക്ക് ഷിയുടെ കാലഘട്ടത്തിൽ മാറ്റം വരുന്നുണ്ട്. എന്നാൽ ജനങ്ങളിൽനിന്ന് അകന്നുപോകാൻ ഒരു നേതൃത്വവും ശ്രമിക്കില്ല. ചൈനയിലെ വലിയ ‘സെലിബ്രിറ്റികളുടെ’ കാര്യമെടുക്കാം. അവർ വലിയ തോതിൽ ധനസമ്പാദനം നടത്തിയിട്ടുണ്ട്. പലരും നികുതി വെട്ടിക്കുകയും ചെയ്യുന്നു. അത്തരക്കാരുടെ പ്രവർത്തനം തടയുക എന്നതടക്കമുള്ള വലിയ ക്യാംപെയ്ൻ ഷി ചിൻപിങ്ങിന്റെ കാലത്ത് എറ്റെടുക്കുകയും ഫലപ്രദമായി നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ധനസമ്പാദനം നടത്തുന്നവരുടെ എണ്ണം കൂടുന്നത് ചൈനയ്ക്ക് ഗുണം ചെയ്യില്ല. അവർ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയ മൂല്യങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഗുണം ചെയ്യില്ല എന്നൊരു തിരിച്ചറിവും ഷിയ്ക്ക് ഉണ്ടാകുന്നുണ്ട്. സെലിബ്രിറ്റികൾ മാത്രമല്ല, പല രാഷ്ട്രീയ നേതാക്കളെയും കോടീശ്വരന്മാരെയും അനധികൃത ധനസമ്പാദനത്തിന് അറസ്റ്റു ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള സെലിബ്രിറ്റികൾക്ക് വലിയ തോതിലുള്ള ഫോളോവേഴ്സ് ചൈനയിലുണ്ട്. അതുകൊണ്ടുതന്നെ അവരെ ഉയർത്തിക്കൊണ്ടുവരരുത് എന്നൊരു ചിന്തയും ഷിയുടെ കാലത്ത് ഉയർന്നുവന്നു. കോവിഡുമായി ബന്ധപ്പെട്ട അടച്ചിടലും മറ്റും ഉണ്ടാകുമെന്നിരിക്കെത്തന്നെ, ഇത്തരത്തിൽ ഷിയുടെ അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വലിയൊരു ജനവിഭാഗം ചൈനയിലുണ്ടെന്നതാണ് യാഥാർഥ്യം. 

 

∙ ഹു ജിന്റാവോയുടെ പിൻഗാമിയായാണ് ഷി പ്രസിഡന്റാകുന്നത്. ഷിയ്ക്ക് ഒപ്പം ലി കെച്യാങ് പ്രധാനമന്ത്രിയുമായി. ഇന്ന് കെച്യാങ്ങിനെ കേന്ദ്ര കമ്മിറ്റിയിൽനിന്നു പുറത്താക്കിയിരിക്കുന്നു, ജിന്റാവോയെ പാർട്ടി സമ്മേളന വേദിയിൽനിന്നും...

 

ഒരു എതിർ വോട്ട് ഒഴിവാക്കി, ഏകകണ്‌ഠമായി ഷിയെ തിരഞ്ഞെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഹു ജിന്റാവോയെ സമ്മേളന വേദിയിൽനിന്നു പുറത്താക്കിയതെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഹു ജിന്റാവോയ്ക്കും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർക്കും ഇനി സ്ഥാനമില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. ഷിയ്ക്ക് ഹു ജിന്റാവോ ഒരു വെല്ലുവിളിയേ അല്ല. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽതന്നെ അങ്ങനെയൊരു പരിണാമം സംഭവിച്ചു കഴിഞ്ഞു. ഒരു വോട്ട് ആണെങ്കിലും, എതിർത്തു വോട്ടു ചെയ്തു എന്നത് ചരിത്രപരമായി അവിടെ കിടക്കും. അത്തരം ചരിത്രങ്ങളെയും ചരിത്രമുഹൂർത്തങ്ങളെയും ഒഴിവാക്കാൻ വളരെ ശ്രദ്ധിക്കുന്നതാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു രീതി. അതുകൊണ്ടാണ് അദ്ദേഹത്തെ പുറത്താക്കിയതെന്നാണ് ഒരു വിലയിരുത്തൽ. പാർട്ടിയുടെ ഒരു രീതി വച്ച് അങ്ങനെയാകാമെന്നാണു കരുതുന്നത്.

 

∙ പാർട്ടിക്കാർക്കും വിശ്വസ്തർക്കും വേണ്ടി വിട്ടുവീഴ്ച നടത്തുന്ന രീതി ഷി ചിൻപിങ്ങിന്റെ ഭാഗത്തുനിന്നുണ്ടോ?

 

പാർട്ടിക്കാർക്കും വിശ്വസ്തർക്കും വേണ്ടി വിട്ടുവീഴ്ച നടത്തുന്നതാണ് ഷിയുടെ രീതിയെന്നോ, അക്കാര്യത്തിൽ അദ്ദേഹത്തിനു വ്യക്തിതാൽപര്യമുണ്ടെന്നോ പറയാൻ സാധിക്കില്ല. അദ്ദേഹത്തിന്റെ നീക്കങ്ങളിൽ ഒരു പ്രഫഷനലിസം ഉണ്ട്. ഒരു സമയത്ത് പാർട്ടി ചെയ്തിരുന്നത്, പ്രവിശ്യകളിൽ പാർട്ടി നേതാക്കൾ സാമ്പത്തികപരമായി ഉന്നതി ഉണ്ടാക്കിയാൽ അവരെ നേതൃനിരയിലേക്കു പരിഗണിക്കുകയെന്നതായിരുന്നു. അതായത് മുന്നോട്ടു വരാൻ പാർട്ടിൽ കൃത്യമായ മാനദണ്ഡങ്ങളുണ്ട്.  സാമ്പത്തിക പരിഷ്കാരങ്ങൾക്ക് മാതൃകകൾ സൃഷ്ടിക്കുക, അവരുടെ പ്രവിശ്യ ഏറ്റവും സാമ്പത്തികപരമായി മുന്നേറ്റം നേടിയ ഒന്നാക്കി മാറ്റുക... ഇതിനു വേണ്ടിയുള്ള മത്സരങ്ങൾ വരെ പ്രവിശ്യകൾ തമ്മിൽ ഉണ്ടായിട്ടുണ്ട്. 

 

സാമ്പത്തികപരമായ മുന്നേറ്റങ്ങൾ രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള ചാലകശക്തിയാകുന്ന ഒരു രീതി ചൈനയിൽ എല്ലാക്കാലത്തും ഉണ്ടായിരുന്നു. വെറുതെ ഒരാൾ പോളിറ്റ് ബ്യുറോയിലേക്കോ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്കോ എത്തില്ല. അവർ സൃഷ്ടിച്ച നേട്ടങ്ങളും മറുഭാഗത്തുണ്ടാകണം. അതേസമയം, ഇത്തവണ കേന്ദ്ര കമ്മിറ്റിയിൽനിന്നു പുറത്താക്കപ്പെട്ടവരിൽ ഹു ജിന്റാവോയുടെ വിശ്വസ്തരായ നിലവിലെ പ്രധാനമന്ത്രി ലെ കെച്യാങ്ങും വാൻ യാങ്ങുമുണ്ട്. ഗ്വാങ്ഡോങ്ങിലെ പാർട്ടി തലവനായ വാൻ യാങ് അടുത്ത പ്രധാനമന്ത്രിയാകാൻ ഏറെ സാധ്യത കൽപിച്ചിരുന്നവരിൽ ഒരാളായിരുന്നു. എന്നാൽ അദ്ദേഹത്തിനു പകരം പാർട്ടി സ്റ്റാന്റിങ് കമ്മിറ്റിയിൽ ഷിയ്ക്കു താഴെ രണ്ടാമനായി എത്തിയത് ഷാങ്‌ഹായിയിൽനിന്നുള്ള ലി ചിയാങ് ആണ്. ചിയാങ് തന്നെയായിരിക്കും അടുത്ത ചൈനീസ് പ്രധാനമന്ത്രിയും.

 

∙ മാവോയ്ക്കു ശേഷം ചൈനയിലെ ഏറ്റവും ശക്തനായ നേതാവായി ഷി മാറുകയാണ്. ഇത് ഇന്ത്യയെ എങ്ങനെയാകും ബാധിക്കുക? 

 

അതിർത്തിപ്രശ്നങ്ങൾ നിലനിൽക്കുമ്പോൾതന്നെ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം ഏറ്റവും കൂടിയ കാലഘട്ടമാണിത്. ടെലികോം, സുരക്ഷ എന്നീ മേഖലകളിൽ പ്രശ്നങ്ങൾ പറയുമ്പോൾ തന്നെയാണ് ഐഎസ്ആർഒയ്ക്കു വേണ്ടിയുള്ള സാങ്കേതിക സഹായങ്ങൾക്കായി ചൈനയുമായി കരാറിൽ ഏർപ്പെടുന്നത്. ഇത്രയും കാലം പറഞ്ഞിരുന്നത് സൈനികശേഷിയും ആണവോർജ ഉപയോഗവുമെല്ലാമുള്ള രാജ്യങ്ങളാണ് സൂപ്പർ പവറുകൾ എന്നാണ്. അതിലാണ് നേരത്തേ യുഎസും സോവിയറ്റ് യൂണിയനുമെല്ലാം വന്നിരുന്നത്. എന്നാൽ ഇപ്പോൾ പറയുന്നത് ഭാവിയിലെ സൂപ്പർ പവർ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി (എഐ) ബന്ധപ്പെട്ട കാര്യങ്ങളിലെ ശേഷിയാണെന്നാണ്. അത്തരം മേഖലയിൽ വലിയ കുതിച്ചുചാട്ടം നടത്തിയ രാജ്യമാണ് ചൈന. എഐയിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യമെന്ന നിലയ്ക്കും ഇന്ത്യയ്ക്കു ചൈനയെ മാറ്റിനിർത്താനാകില്ല. ഒരു വശത്ത് വാഗ്വാദങ്ങൾ നടത്തുകയും ശത്രുവായി പ്രഖ്യാപിക്കുകയുമെല്ലാം ചെയ്യാം. പക്ഷേ മറുവശത്ത് ചൈനയുടെ സാധ്യതകൾ മനസ്സിലാക്കി അവരുമായി ബന്ധം നിലനിർത്തേണ്ടിവരും. 

 

2005ൽ, ആദ്യ യുപിഎ സർക്കാരിന്റെ കാലത്ത് ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി സംബന്ധമായ ഒരു ഉടമ്പടിയുണ്ടായിരുന്നു- Agreement on the Political Parameters and Guiding Principles for the Settlement of the India-China Boundary Question, 2005. എങ്ങനെയാണ് രണ്ടു രാഷ്ട്രങ്ങളുടെയും താൽപര്യം സംരക്ഷിച്ച് പ്രശ്നം പരിഹരിക്കാമെന്നാണ് ഇതിൽ പറഞ്ഞിരിക്കുന്നത്. അരുണാചലിലെ തവാങ് പോലുള്ള മേഖലകളെ കുറിച്ച് പറയുമ്പോൾ അവിടെ ഉയരുന്നത് ടിബറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. ദലൈലാമയ്ക്കു ശേഷം ആരുവേണം എന്നു തീരുമാനിക്കുന്ന സമയത്ത് ടിബറ്റിലെ മൊണാസ്ട്രിയല്ലെങ്കിൽ പിന്നെയുള്ളത് അരുണാചലിലെ മൊണാസ്ട്രിയാണ്. അരുണാചൽ ഇന്ത്യയുടെ ഭാഗമായി നിൽക്കുമ്പോൾ വേണമെങ്കിൽ ദലൈലാമയുടെ പിൻഗാമിയെ തിരഞ്ഞടുക്കാം. ടിബറ്റിന്റെ സ്ഥിരതയ്ക്കു വേണ്ടി ഇത്  ഒഴിവാക്കുക എന്നത് ചൈനയുടെ ആവശ്യമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ചൈനയ്ക്ക് ആശങ്കയുണ്ട്. 

 

റഷ്യ–യുക്രെയ്ൻ യുദ്ധ സമയത്ത് ഇന്ത്യ റഷ്യയോട് ആഭിമുഖ്യം കാണിക്കുന്ന ഒരു സാഹചര്യമുണ്ടായിരുന്നു. ചൈനയും അതേ രീതി പിന്തുടർന്നിരുന്നു. അതുപോലെ യുഎന്നിന്റെ മനുഷ്യാവകാശ കൗൺസിലിൽ, ചൈനയിലെ ഉയിഗുർ വിഭാഗക്കാർക്കെതിരെ നടക്കുന്ന പ്രശ്നങ്ങളെ വോട്ടിനിട്ട് തള്ളിയിരുന്നു. അതിൽ 11 രാജ്യങ്ങൾ വോട്ടു ചെയ്യാതെ മാറിനിന്നപ്പോൾ ഒരു രാജ്യം ഇന്ത്യയായിരുന്നു. ഇത്തരത്തിൽ വിവിധ വിഷയങ്ങളിൽ സഹകരിക്കാൻ പറ്റുന്നത്, അല്ലാത്തത് എന്ന രീതിയിലുള്ള യുക്തിസഹമായ തീരുമാനങ്ങൾ എടുക്കുന്നതിലേക്ക് ഇന്ത്യയ്ക്കു മാറേണ്ടി വരും. 

 

ഷി ചിൻപിങ് മൂന്നാമതും പ്രസിഡന്റായി അധികാരം ഊട്ടിയുറപ്പിക്കുമ്പോൾ, അതിന് മാവോയുടെ കാലഘട്ടത്തിൽ മാവോയ്ക്ക് ഉണ്ടായിരുന്ന അധികാരത്തില്‍നിന്ന് ഏറെ വ്യത്യാസമുണ്ട്. ഡെങ് സിയാവോപിൻ ആകട്ടെ, മാവോയുടെ കാലഘട്ടത്തിലെ അധികാര കേന്ദ്രീകരണ രീതികളെ  എതിർത്ത് സ്വന്തമായ രീതിയിൽ അധികാരം ഊട്ടിയുറപ്പിക്കുന്ന രീതിയായിരുന്നു അനുവർത്തിച്ചത്. ഇതിൽനിന്നെല്ലാം വ്യത്യസ്തനാകാനാണ് ഷിയുടെ ശ്രമം. ഒപ്പം, ഹു ജിന്റാവോയുടെ കാലത്തെ സാമ്പത്തിക–രാഷ്ട്രീയ മേഖലകളിലെ ഉദാരീകരണത്തിന്റെയും പരിഷ്കാരങ്ങളുടെയും പരിമിതികളെ മറികടക്കാനുള്ള ശ്രമവും നടത്തും. ഇവയിലൂടെയായിരിക്കും സ്വന്തം അധികാരത്തെ ചൈനയില്‍ ഷി ചിൻപിങ് ഇനിയുള്ള നാളുകളിൽ ഊട്ടിയുറപ്പിക്കുക.

 

(അഭിപ്രായങ്ങൾ വ്യക്തിപരം)

 

English Summary: Xi Jinping Secures Historic Third term in Power, What Next? Interview with Dr. CR Pramod