75 വയസ്സാകാൻ ഒരു വർഷത്തിലേറെ ബാക്കിയുള്ളപ്പോൾ പന്ന്യൻ രവീന്ദ്രൻ പാർട്ടിയുടെ നേതൃപദവികളിൽനിന്നു സ്വമേധയാ ഒഴിഞ്ഞത് എന്തിനാണ്? അതറിയണമെങ്കിൽ കണ്ണൂർ കക്കാട്ട് പന്ന്യൻ വീട്ടിലെ രവീന്ദ്രന്റെ ആദ്യകാലം മുതലറിയണം. കടന്നുവന്ന ജീവിതവഴികളിലെ അനുഭവച്ചൂടുമായി ആ തീരുമാനത്തിനു പിന്നിലെ വികാരം പന്ന്യൻ രവീന്ദ്രൻതന്നെ വെളിപ്പെടുത്തുന്നു.

75 വയസ്സാകാൻ ഒരു വർഷത്തിലേറെ ബാക്കിയുള്ളപ്പോൾ പന്ന്യൻ രവീന്ദ്രൻ പാർട്ടിയുടെ നേതൃപദവികളിൽനിന്നു സ്വമേധയാ ഒഴിഞ്ഞത് എന്തിനാണ്? അതറിയണമെങ്കിൽ കണ്ണൂർ കക്കാട്ട് പന്ന്യൻ വീട്ടിലെ രവീന്ദ്രന്റെ ആദ്യകാലം മുതലറിയണം. കടന്നുവന്ന ജീവിതവഴികളിലെ അനുഭവച്ചൂടുമായി ആ തീരുമാനത്തിനു പിന്നിലെ വികാരം പന്ന്യൻ രവീന്ദ്രൻതന്നെ വെളിപ്പെടുത്തുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

75 വയസ്സാകാൻ ഒരു വർഷത്തിലേറെ ബാക്കിയുള്ളപ്പോൾ പന്ന്യൻ രവീന്ദ്രൻ പാർട്ടിയുടെ നേതൃപദവികളിൽനിന്നു സ്വമേധയാ ഒഴിഞ്ഞത് എന്തിനാണ്? അതറിയണമെങ്കിൽ കണ്ണൂർ കക്കാട്ട് പന്ന്യൻ വീട്ടിലെ രവീന്ദ്രന്റെ ആദ്യകാലം മുതലറിയണം. കടന്നുവന്ന ജീവിതവഴികളിലെ അനുഭവച്ചൂടുമായി ആ തീരുമാനത്തിനു പിന്നിലെ വികാരം പന്ന്യൻ രവീന്ദ്രൻതന്നെ വെളിപ്പെടുത്തുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘75’ എന്ന രണ്ടക്കമാണ് ഇത്തവണ സിപിഐ ബ്രാഞ്ച് സമ്മേളനം മുതൽ പാർട്ടി കോൺഗ്രസ് വരെ ചർച്ചയിൽ നിറഞ്ഞത്. 75 വയസ്സു പിന്നിട്ടവരെ നേതൃസ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കണമെന്ന നിർദേശം പാലിക്കേണ്ടതാണോ അല്ലയോ, പാലിക്കുമോ ഇല്ലയോ എന്നിങ്ങനെ ചർച്ചകൾ നിറഞ്ഞപ്പോൾ, മുൻപെങ്ങുമില്ലാത്തവിധം സിപിഐ സമ്മേളനങ്ങളിൽ സസ്പെൻസ് നിറഞ്ഞു. സ്ഥാനപ്പോരിന്റെ ആ ദിവസങ്ങളിലാണ്, രേഖകളിൽ മാത്രം 75 കടന്ന പന്ന്യൻ രവീന്ദ്രൻ സ്ഥാനത്യാഗത്തിലൂടെ മറ്റൊരു സസ്പെൻസ് സൃഷ്ടിച്ചത്. യഥാർഥ ജനനത്തീയതി വച്ച് പന്ന്യന് ഈ ഡിസംബറിൽ 74 തികയുന്നേയുള്ളൂ. പക്ഷേ, ഔദ്യോഗിക രേഖകളിലെ വയസ്സിന്റെ ആനുകൂല്യം മതിയെന്നു പന്ന്യൻ തീരുമാനിച്ചു. ദേശീയ കൗൺസിലിലേക്കു കേരളത്തിൽനിന്നു രണ്ടാമനായി പേര് ഉൾപ്പെടുത്തിയിട്ടും ആ നിലപാട് കണിശമായി നിലനിന്നു. ആർക്കും പന്ന്യനെ പിൻമാറ്റാനുമായില്ല. പ്രായപ്പൊരുത്തമില്ലായ്മ പന്ന്യന്റെ ജീവിതത്തിൽ പലപ്പോഴും നേട്ടവും കോട്ടവുമുണ്ടാക്കിയിട്ടുണ്ട്. അതറിയണമെങ്കിൽ കണ്ണൂർ കക്കാട്ട് പന്ന്യൻ വീട്ടിലെ രവീന്ദ്രന്റെ ആദ്യകാലം മുതലറിയണം. ശ്രീജിത് കെ. വാരിയരുമായി പന്ന്യൻ സംസാരിച്ചു തുടങ്ങുന്നു...

∙ അമ്മയുടെ പാഠങ്ങൾ 

ADVERTISEMENT

ചെറുപ്പത്തിലേ അമ്മയാണ് എന്നെ എഴുത്തു പഠിപ്പിച്ചത്. അമ്മ അഞ്ചാം തരം വരെയേ പഠിച്ചിട്ടുള്ളൂ. പക്ഷേ, അമ്മയ്ക്കു നന്നായി സംസ്കൃതമറിയാം. മൂന്നു മക്കളിൽ രണ്ടാമനാണു ഞാൻ. മൂത്തതു പെങ്ങൾ, താഴെ അനിയൻ. എന്നെ അമ്മ ചെറുപ്പത്തിലേ നന്നായി ശ്രദ്ധിച്ചു. അങ്ങനെ 3 വയസ്സിൽത്തന്നെ ഞാൻ അക്ഷരം നന്നായി എഴുതിത്തുടങ്ങി. ഈ ധൈര്യത്തിൽ മൂന്നര വയസ്സായപ്പോൾ അമ്മ എന്നെ സ്കൂളിൽ ചേർത്തു.  1948 ഡിസംബർ 22 ആണ് എന്റെ യഥാർഥ ജനനത്തീയതി. പക്ഷേ, ആറു വയസ്സു കഴിഞ്ഞേ ഒന്നാം ക്ലാസിൽ ചേരാൻ കഴിയൂ എന്നതിനാൽ, അമ്മയത് 1945 ഡിസംബർ 22 എന്നാക്കി. എന്റെ ജീവിതത്തിൽ തീയതിക്കണക്കിന്റെ കളി അന്നു തുടങ്ങിയതാണ്. 

വീട്ടിൽ അമ്മ ഉറക്കെ വായിപ്പിക്കും. വീട്ടിൽ പത്രമില്ല. അപ്പുറത്തെ വീട്ടിൽനിന്നു വാങ്ങിക്കൊണ്ടുവന്ന് വായിപ്പിക്കും. ഏഴു വയസ്സായപ്പോൾ കക്കാട് ദേശാഭിവർധിനി വായനശാലയിൽ മെംബർഷിപ് എടുത്തുതന്നു. എനിക്കു പ്രായക്കുറവായതിനാൽ, അമ്മയുടെ പേരിലാണു മെംബർഷിപ് എടുത്തത്. ‘ഇവൻ വന്ന് ഇന്ന പുസ്തകമെടുക്കും’ എന്നു പറഞ്ഞ് അമ്മ എഴുതിത്തന്നുവിടും. ഞാൻ ആ പുസ്തകമെടുത്തു വീട്ടിൽ വരും. പുസ്തകത്തിലെ ഓരോ അധ്യായവും വായിച്ചുകഴിയുമ്പോൾ അമ്മ അതിനെ വിലയിരുത്തി അഭിപ്രായം പറയും. അതു കഴിഞ്ഞാണ് അടുത്ത അധ്യായത്തിലേക്കു കടക്കുക. കർക്കടകമാസമാകുമ്പോൾ, രാമായണവും ഇതുപോലെ ഉറക്കെ വായിപ്പിക്കും. 

പന്ന്യൻ രവീന്ദ്രൻ.

ഉറൂബിന്റെ ‘സുന്ദരികളും സുന്ദരൻമാരും’ വായിക്കുമ്പോൾ, അതിലെ ‘ചേച്ചിക്കു ഞാനും എനിക്കു ചേച്ചിയും’ എന്ന ഭാഗമെത്തി. അതു വായിച്ചപ്പോൾ എന്റെ തൊണ്ടയിടറി. അമ്മയും ഞാനും കരഞ്ഞു. അമ്മയ്ക്കു ഞാനും എനിക്ക് അമ്മയും എന്നതുപോലെ ആ ഭാഗം തോന്നിപ്പോയി. അത്രയ്ക്ക് ഉള്ളിൽത്തട്ടിയാണു ഞങ്ങളുടെ വായന. മിക്കവാറും സന്ധ്യ കഴിഞ്ഞാണു വായന. ‘നിന്നെ ഒരു വലിയ ആളാക്കണം’ എന്ന് അമ്മ അന്നൊക്കെ ഇടയ്ക്കിടെ പറയുമായിരുന്നു. മൂന്നാം വയസ്സിൽ എ.കെ.ഗോപാലന് എന്നെക്കൊണ്ടു മാലയിടീച്ചിട്ടുണ്ട്, അമ്മ. ‘എകെജിക്കു മാലയിട്ടവനാ’ എന്ന് അമ്മ ഇടയ്ക്കിടെ പറയും. 

∙ വേവുന്ന ഓർമകൾ 

ADVERTISEMENT

എനിക്കു 12 വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. വീട്ടിലെ സ്ഥിതി ദയനീയമായി. വീട്ടിൽത്തന്നെ അവിൽ ഇടിച്ച് അമ്മ നടന്നു വിൽക്കാൻ തുടങ്ങി. പിന്നെ പാൽ കറന്ന് കൊണ്ടുപോയി വിൽക്കും. കുറേക്കഴിഞ്ഞപ്പോൾ അവിൽ ഇടിച്ചു കൊണ്ടുപോകൽ ബുദ്ധിമുട്ടായി. അടുത്തുള്ള വീടുകളിലൊക്കെ അമ്മ ജോലിക്കു പോയിത്തുടങ്ങി. 

മിക്ക ദിവസങ്ങളിലും അരിഭക്ഷണമില്ല. കാരണം, അരി വാങ്ങാൻ പണമില്ല. ‘ഇവിടെ എന്തെങ്കിലും വിഷമമുണ്ടെങ്കിൽ പുറത്തു പറയരുത്’–ഞങ്ങൾ മൂന്നു പേരെയും കെട്ടിപ്പിടിച്ച് അമ്മ പറയാറുണ്ട്. കുറഞ്ഞ വിലയ്ക്കു കിട്ടുന്ന മധുരക്കിഴങ്ങാണ് മിക്ക ദിവസവും രാത്രി കഴിക്കുക. കുടിക്കാൻ കഞ്ഞിവെള്ളമില്ല, വെറും ചൂടുവെള്ളം മാത്രം. ഒരു ദിവസം രാത്രി ഞങ്ങൾക്കെല്ലാം വിളമ്പിത്തന്നിട്ടും അമ്മ കഴിക്കുന്നില്ല. ഞാൻ അടുക്കളയിൽ പോയി നോക്കിയപ്പോൾ അമ്മയ്ക്കു കഴിക്കാൻ ഒന്നുമില്ല. ഞാൻ പൊട്ടിക്കരഞ്ഞു. അമ്മയും വിങ്ങിപ്പൊട്ടിപ്പോയി. എന്നെ കെട്ടിപ്പിടിച്ച് ഒരുപാടു കരഞ്ഞു. 

പന്ന്യൻ രവീന്ദ്രൻ പിണറായി വിജയനൊപ്പം (ഫയൽ ചിത്രം).

അഞ്ചിലെത്തിയപ്പോഴേക്കു ഞാൻ ബാലസംഘത്തിൽ പ്രവർത്തിക്കാൻ പോയിത്തുടങ്ങി. വീട്ടിലെ സാഹചര്യംകൊണ്ട് ബീഡി തെറുക്കുന്ന ജോലിക്കു പോകാമെന്നു തോന്നി. സംഘത്തിലെ മുതിർന്ന സഖാക്കളോടു സഹായം ചോദിച്ചു. അവരുടെ ഏർപ്പാടിൽ, വീടിനടുത്തു സാധു ബീഡി സംഘത്തിന്റെ ശാഖയിൽ ജോലിക്കു പോയിത്തുടങ്ങി. 

രാവിലെ സ്കൂളിൽ പോകും മുൻപും വൈകുന്നേരം സ്കൂൾ വിട്ടു വരുമ്പോഴും ജോലി ചെയ്യും. അമ്മയെ അറിയിക്കാതെയാണു പോയിത്തുടങ്ങിയത്. ആദ്യ ആഴ്ചയിലെ പ്രതിഫലമായി 50 പൈസ കിട്ടിയപ്പോൾ അതു കൊണ്ടുപോയി അമ്മയ്ക്കു കൊടുത്തു. അന്നും അമ്മ എന്നെ കെട്ടിപ്പിടിച്ച് ഒരുപാടു കരഞ്ഞു. 

കമ്പനിയിൽ പണിക്കിടെ ആരെങ്കിലും പുസ്തകങ്ങൾ ഉറക്കെ വായിക്കും. ടോൾസ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’, മാക്സിം ഗോർക്കിയുടെ ‘അമ്മ’ തുടങ്ങിയ പുസ്തകങ്ങൾ കമ്പനിയിലാണു ഞാൻ ആദ്യം ‘കേട്ടു വായിക്കുന്നത്’.

ADVERTISEMENT

∙ ചെവിയിൽ ‘മരണമണി’ 

ആറാം ക്ലാസിൽ പഠിക്കുമ്പോൾ വസൂരി വന്നു ഞാൻ മരണത്തിന്റെ വക്കിലെത്തി. അന്നു വസൂരി പിടിപെട്ടാൽ നരകതുല്യമായ ജീവിതമാണ്. എന്റെ പ്രായത്തിൽത്തന്നെ നാലഞ്ചു പേർ അടുത്തൊക്കെ മരിച്ചുപോവുകയും ചെയ്തു. ഞങ്ങളുടെ വീട് കുറച്ച് ഉയരത്തിലാണ്. കുറേ താഴെയാണു ശ്മശാനം. അവിടെ മൃതദേഹങ്ങൾ കൊണ്ടുവരുന്നതു വീട്ടിലിരുന്നാൽ കാണാം. രണ്ടു മുള വച്ച് അതിൽ ചാക്ക് കെട്ടി, പായ ചുരുട്ടിയാണു മൃതദേഹം വയ്ക്കുക. അതിനു മുകളിൽ ചുവന്ന തുണി പുതപ്പിക്കും. മുന്നിൽ ഒരാൾ മണിയടിച്ചുകൊണ്ടു നടക്കും. ആരും അടുത്തേക്കു വരാതിരിക്കാനാണത്. 

രാത്രിയാണു മൃതദേഹങ്ങൾ സംസ്കരിക്കാൻ കൊണ്ടുവരിക. അങ്ങനെ രാത്രി കേൾക്കുന്ന ‘മരണമണികൾ’ എന്നെ വല്ലാതെ അലട്ടിത്തുടങ്ങി. ഒറ്റയ്ക്ക് ഒരു മുറിയിൽ കഴിയുകയാണു ഞാൻ. രാവിലെ ഉണരുമ്പോൾ കണ്ണുകൾ പീള കെട്ടി തുറക്കാനാവില്ല. സുധാകരൻ, കുമാരൻ എന്നീ സഖാക്കൾ വന്നു രാവിലെ മല്ലിവെള്ളം കണ്ണിലൊഴിച്ചാണു തുറപ്പിക്കുക. ഇടയ്ക്കിടെ ഒരു നാട്ടുവൈദ്യൻ വന്നു നോക്കും. 

പന്ന്യൻ രവീന്ദ്രൻ.

ഞാൻ വല്ലാത്ത ഗുരുതരാവസ്ഥയിലാണ് അപ്പോഴും. പായയുടെ മുകളിൽ വേപ്പില വിരിച്ചാണു കിടക്കുക. ഏതോ പിശാച് എന്നെ കൊണ്ടുപോകാൻ വന്നതും ഞാനതു തടയുന്നതുമായ ദുഃസ്വപ്നം കണ്ടതിനു പിറ്റേന്നു രാവിലെ കുടുംബത്തിലെ ഒരാൾ മുറിയിൽ കയറി നോക്കിയിട്ട് വിളിച്ചുപറഞ്ഞു: ‘ഓൻ ചത്തു’! കണ്ണു തുറക്കാൻ വയ്യാതെ, സംസാരിക്കാൻ ശേഷിയില്ലാതെ, നിശ്ചലനായി ഞാൻ കിടക്കുകയാണ്. വീട്ടിൽ നിലവിളി ഉയർന്നു. ‘ഞാൻ മരിച്ചിട്ടില്ല’ എന്ന് എനിക്കു വിളിച്ചുപറയണമെന്നുണ്ട്. പക്ഷേ, നാവു പൊന്തുന്നില്ല. എന്നെ ജീവനോടെ കുഴിച്ചിടുമോ എന്നെനിക്കു പേടിയായി. അപ്പോഴേക്കു സുധാകരനും കുമാരനും മുറിയിലേക്കു വന്നു. എന്നെ തൊട്ടുനോക്കിയിട്ട് അവർ പറഞ്ഞു: ‘ഇല്ല, ഓൻ ചത്തിട്ടില്ല’ 

മൂന്നു മാസത്തോളം രോഗക്കിടക്കയിലായി. അതോടെ, ആറാം ക്ലാസിൽ എന്റെ പഠിപ്പ് അവസാനിച്ചു. പിന്നെ കുറച്ചു കാലം ഹിന്ദി പഠിക്കാൻ പോയി. അതും അധികം നീണ്ടില്ല. പിന്നെ സ്ഥിരം ബീഡിപ്പണിക്കാരനായി. കമ്പനിയിൽ പണിക്കിടെ ആരെങ്കിലും പുസ്തകങ്ങൾ ഉറക്കെ വായിക്കും. ടോൾസ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’, മാക്സിം ഗോർക്കിയുടെ ‘അമ്മ’ തുടങ്ങിയ പുസ്തകങ്ങൾ കമ്പനിയിലാണു ഞാൻ ആദ്യം ‘കേട്ടു വായിക്കുന്നത്’. ഇടക്കാലത്തു ഫുട്ബോൾ കളിക്കാരനായി. കണ്ണൂർ ലക്കി സ്റ്റാർ ഫുട്ബോൾ ക്ലബ്ബുമായി ബന്ധപ്പെട്ടു. കളിക്ക് കമന്ററി പറയാൻ തുടങ്ങി. 

∙ ‘കുട്ടി’ സഖാവ് 

വയസ്സ് എന്റെ ജീവിതത്തിൽ മറ്റൊരു വഴിത്തിരിവായത് ഇക്കാലത്താണ്. 1964 ജനുവരിയിൽ, കമ്യൂണിസ്റ്റ് പാർട്ടി പിളരുന്നതിന് മാസങ്ങൾക്കു മുൻപു ഞാൻ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. അന്നെനിക്കു 16 വയസ്സു മാത്രം പ്രായം. പക്ഷേ, 18 കഴിഞ്ഞതിന്റെ രേഖയുള്ളതിനാൽ മുതിർന്നവരുടെ കൂട്ടത്തിൽ പാർട്ടി അംഗത്വം എനിക്കു കിട്ടി! പാർട്ടിയിലും എഐവൈഎഫിലും പ്രവർത്തിക്കുന്നതിനിടെ സന്തോഷവും കണ്ണീരും നിറഞ്ഞ രണ്ട് അനുഭവങ്ങളുണ്ടായി. ചെറുപ്പത്തിലേ ചില കവിതകൾ ഞാൻ എഴുതുമായിരുന്നു. ചിലതൊക്കെ മാസികകൾക്കും പത്രങ്ങൾക്കും അയച്ചുകൊടുത്തു. ഒന്നും പ്രസിദ്ധീകരിച്ചില്ല. പേരു മാറ്റി അയച്ചാലോ എന്നു തോന്നിയപ്പോൾ, ‘പ്രമീള’ എന്ന തൂലികാനാമത്തിൽ (പന്ന്യൻ രവീന്ദ്രൻ എന്നത് ഇംഗ്ലിഷിലാക്കുമ്പോഴുള്ള PRA ഉൾപ്പെടുത്തി ആലോചിച്ചിട്ട പേരായിരുന്നു) ‘ഹൃദയം’ എന്ന കവിത പ്രശസ്തമായൊരു മാസികയിലേക്ക് അയച്ചു. ഉടനെ അച്ചടിച്ചുവന്നു. 25 രൂപ പ്രതിഫലവും കിട്ടി. 

പന്ന്യൻ രവീന്ദ്രൻ (ഫയൽ ചിത്രം)

തോളിൽ വാരിക വച്ച് അഭിമാനത്തോടെ കമ്പനിയിൽ പോയപ്പോൾ അഭിനന്ദനത്തിനു പകരം ചെറിയ കളിയാക്കലുകൾ. ‘എടോ, ഇതു പ്രമീള എഴുതിയതല്ലേ? നിന്റെ കവിതയാണോ?’ എന്ന ചോദ്യത്തിൽ ഞാനാകെ അപമാനിതനായി. ‘പ്രമീള’യുടെ പേരിൽ വന്ന 25 രൂപയുടെ ചെക്ക് ‘രവീന്ദ്രന്’ മാറാൻ കഴിഞ്ഞതുമില്ല. 

കണ്ണൂരിലെ ശ്രീനാരായണ ഫുട്ബോൾ ടൂർണമെന്റിനു ഞാൻ കമന്ററി പറയുന്ന കാലത്ത്, ആകാശവാണിക്കുവേണ്ടി ടൂർണമെന്റ് വിലയിരുത്താൻ ഒരു ക്ഷണം വന്നു. അന്നു കോഴിക്കോട് നിലയത്തിൽനിന്നാണു പ്രക്ഷേപണം. തിക്കോടിയനൊക്കെ ആകാശവാണിയിലുള്ള കാലമാണ്. കമന്റേറ്റർ കൂടിയായിരുന്ന തിരക്കഥാകൃത്ത് ടി.ദാമോദരൻ വഴി തിക്കോടിയനുമായി അടുക്കാൻ കഴിഞ്ഞു. 10 മിനിറ്റ് കളി അവലോകനം നടത്തിയതിന് ആകാശവാണിയുടെ പ്രതിഫലമായി 70 രൂപ കിട്ടി!  

സന്ധ്യയ്ക്ക് 6.50നാണു പ്രക്ഷേപണം. അടുത്ത വീട്ടിലെ സ്ത്രീകളെയൊക്കെ അമ്മ ഇതു കേൾക്കാൻ വിളിച്ചുവരുത്തി. രാത്രി വീട്ടിലെത്തിയപ്പോൾ അമ്മ എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു: ‘മോനേ, ഇനിയെനിക്കു ചത്താലും വേണ്ടില്ല’. അമ്മയുടെ സന്തോഷം കിട്ടിയ പണത്തിലായിരുന്നില്ല. മകൻ ‘AIR ഫെയിം’ ആയതിലായിരുന്നു. 70 രൂപയുടെ ചെക്ക് മാറാൻ കഴിഞ്ഞില്ല. കാരണം, അതിനു സ്വന്തമായി അക്കൗണ്ട് വേണം. അക്കൗണ്ട് തുടങ്ങാൻ 50 രൂപ കയ്യിലില്ല. ആരോടെങ്കിലും കടം വാങ്ങി അക്കൗണ്ട് തുറന്നാലും കയ്യിൽ കിട്ടുക 20 രൂപ മാത്രമല്ലേ? 

പന്ന്യൻ രവീന്ദ്രൻ.

∙ പാർട്ടി തെളിച്ച വഴി 

പാർട്ടിയിൽ അപ്പോഴേക്കു ഞാൻ സജീവമായിരുന്നു. സിപിഐ കക്കാട് ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറിയായതാണു പാർട്ടിയിലെ ആദ്യ പദവി. പിന്നെ ബ്രാഞ്ച് സെക്രട്ടറിയായി, കണ്ണൂർ താലൂക്ക് കമ്മിറ്റി അംഗമായി, താലൂക്ക് അസി. സെക്രട്ടറിയായി, സെക്രട്ടറിയായി, എഐവൈഎഫ് ജില്ലാ സെക്രട്ടറിയായി. 1979ൽ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റായപ്പോഴാണു തിരുവനന്തപുരത്തു പ്രവർത്തനം സജീവമാകുന്നത്. 1982ൽ സിപിഐ ജില്ലാ സെക്രട്ടറിയായി വീണ്ടും കണ്ണൂരിലേക്ക്. ഇപ്പോഴത്തെ കാസർകോട് ജില്ലയും വടക്കേ വയനാടിന്റെ ഭാഗങ്ങളും ഉൾപ്പെട്ടതാണ് അന്നത്തെ കണ്ണൂർ ജില്ല. ’86ൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായപ്പോൾ മുതൽ തിരുവനന്തപുരമായി എന്റെ പ്രധാന തട്ടകം. 

പി.കെ. വാസുദേവൻ നായർ സിപിഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഞാനും വെളിയം ഭാർഗവൻ ആശാനും അസിസ്റ്റന്റ് സെക്രട്ടറിമാരായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ കാലമാണത്. അക്കാലത്തു പാർട്ടി ഓഫിസിലേക്കൊരു എസി കാർ വാങ്ങിയതിന് പികെവി എന്നെ കഠിനമായി ശകാരിച്ചു. ‘പികെവിക്കു മൂവാറ്റുപുഴയിൽ പോയിവരാൻ സൗകര്യമായിക്കോട്ടെ എന്നാണു ഞാൻ കരുതിയത്’ എന്നു ഞാൻ വിശദീകരിച്ചു. പികെവി അപ്പോൾ ഒന്നും മിണ്ടിയില്ല. പിന്നീടു സ്വകാര്യമായി വിളിച്ചിട്ടു പറഞ്ഞു: ‘രവീ, നമ്മുടെ പാർട്ടി സഖാക്കളുടെ കാലിന്റെ അടിഭാഗം തഴമ്പിച്ചു കിട്ടിയ പണമാണിത്. അതിലെ ഓരോ പൈസയും ചെലവാക്കുമ്പോൾ പലവട്ടം ആലോചിക്കണം’. 

1986ൽത്തന്നെ എനിക്കു പാർട്ടി ദേശീയ കൗൺസിലിൽ അംഗത്വം കിട്ടി. 3 തവണ ദേശീയ സെക്രട്ടറിയറ്റിലും 5 തവണ ദേശീയ എക്സിക്യൂട്ടീവിലും അംഗമായി. 2005 മുതൽ 3 വർഷം തിരുവനന്തപുരത്തുനിന്നുള്ള ലോക്സഭാംഗമായി. ഏറ്റവും ഒടുവിൽ, 4 വർഷം സിപിഐ കൺട്രോൾ കമ്മിഷൻ ചെയർമാനായി. ഈ പദവിയിലെത്തിയ ആദ്യ മലയാളിയായി. 

പന്ന്യൻ രവീന്ദ്രൻ (Photo: JOSEKUTTY PANACKAL)

∙ ആ തീരുമാനം മുൻപേ 

എന്നെക്കുറിച്ച് ഇത്രയൊക്കെ നീട്ടിപ്പറഞ്ഞത് എന്തിനാണെന്നു തോന്നാം. എന്റെ പാർട്ടിയിൽ എനിക്കു കിട്ടാവുന്ന എല്ലാം കഴിഞ്ഞു എന്ന സംതൃപ്തിയിലാണ്, യഥാർഥത്തിൽ 3 വർഷം ബാക്കിയുണ്ടായിട്ടും ഇനി നേതൃപദവികളിലൊന്നും ഇല്ല എന്ന വ്യക്തമായ തീരുമാനമെടുത്തത്. വിജയവാഡയിലെ പാർട്ടി കോൺഗ്രസിനിടെ പുതിയ ദേശീയ കൗൺസിൽ അംഗങ്ങളുടെ പട്ടിക അംഗീകാരത്തിനായി തയാറാക്കിയപ്പോൾ, കാനം രാജേന്ദ്രൻ കഴിഞ്ഞു രണ്ടാമത് എന്റെ പേര്. കേരളത്തിൽനിന്നുള്ള ദേശീയ കൗൺസിൽ അംഗങ്ങളുടെ യോഗം ചേർന്നപ്പോൾ ഞാൻ പറഞ്ഞു: ‘ഞാൻ അവസാനിപ്പിക്കുകയാണ്. എനിക്കു പാർട്ടിയിൽ കിട്ടാവുന്നതെല്ലാം കിട്ടി. ഇനി നേതൃത്വത്തിൽ ഞാനില്ല’. 

എല്ലാവരും മുഖത്തോടു മുഖം നോക്കി. ഞാൻ വീണ്ടും വ്യക്തമാക്കി: ‘ഇത് ആചാരവാക്കല്ല. ആത്മാർഥമായിത്തന്നെ പറഞ്ഞതാണ്. വിജയവാഡയ്ക്കു വരുംമുൻപേ ഞാനെടുത്ത തീരുമാനമാണിത്’. ഞാനൊരു നിലപാടെടുത്താൽ ചർച്ച ആവശ്യമില്ലെന്ന് അറിയാവുന്ന പ്രിയ സഖാക്കൾ അത് അംഗീകരിച്ചു. ഞാനെന്തോ വലിയ കാര്യം ചെയ്തു എന്നൊന്നും കരുതുന്നില്ല. നേരത്തേ പറഞ്ഞതുപോലെ, പികെവിയെപ്പോലുള്ളവർ കാണിച്ച വഴിയുടെ ഈയറ്റത്ത് അതിന്റെ ശുദ്ധിയോടെ നടക്കാൻ ശ്രമിക്കുന്ന ഒരു എളിയവൻ മാത്രമാണു ഞാൻ. സ്ഥാനങ്ങളൊന്നുമില്ലാതെയും പാർട്ടിക്കുവേണ്ടി ഞാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു; അത് എന്റെ ജീവിതാവസാനംവരെ തുടരുകയും ചെയ്യും. 

(പന്ന്യൻ രവീന്ദ്രനുമായി സംസാരിച്ച് തൊഴിൽവീഥി എഡിറ്റർ ഇൻ ചാർജ് ശ്രീജിത്ത് കെ.വാരിയർ തയാറാക്കിയ കുറിപ്പ്)

English Summary: Pannyan Raveendran Narrates his life story and decision to pull back from CPI National Council