റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തോടു കൂടി ലോകം പലതായി വിഭജിക്കപ്പെട്ടിട്ടുണ്ട് എന്നതിൽ തർക്കമില്ല. പല വികസ്വര രാജ്യങ്ങളും യുദ്ധം മൂലമുള്ള ഭക്ഷ്യ, ഇന്ധന ക്ഷാമം നേരിടുന്നു, വിലക്കയറ്റം ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. അതുകൊണ്ടു കൂടിയാണ് ‘ഇത് യുദ്ധത്തിനുള്ള സമയമല്ല’ എന്ന ഇന്ത്യയുടെ വാക്കുകൾക്ക് ലോകം ചെവിയോർത്തത്. ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് കൃത്യസമയത്താണ് ഇന്ത്യക്ക് ഈ അധ്യക്ഷ പദവി വന്നു ചേർന്നിരിക്കുന്നത്. കാരണം...

റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തോടു കൂടി ലോകം പലതായി വിഭജിക്കപ്പെട്ടിട്ടുണ്ട് എന്നതിൽ തർക്കമില്ല. പല വികസ്വര രാജ്യങ്ങളും യുദ്ധം മൂലമുള്ള ഭക്ഷ്യ, ഇന്ധന ക്ഷാമം നേരിടുന്നു, വിലക്കയറ്റം ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. അതുകൊണ്ടു കൂടിയാണ് ‘ഇത് യുദ്ധത്തിനുള്ള സമയമല്ല’ എന്ന ഇന്ത്യയുടെ വാക്കുകൾക്ക് ലോകം ചെവിയോർത്തത്. ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് കൃത്യസമയത്താണ് ഇന്ത്യക്ക് ഈ അധ്യക്ഷ പദവി വന്നു ചേർന്നിരിക്കുന്നത്. കാരണം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തോടു കൂടി ലോകം പലതായി വിഭജിക്കപ്പെട്ടിട്ടുണ്ട് എന്നതിൽ തർക്കമില്ല. പല വികസ്വര രാജ്യങ്ങളും യുദ്ധം മൂലമുള്ള ഭക്ഷ്യ, ഇന്ധന ക്ഷാമം നേരിടുന്നു, വിലക്കയറ്റം ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. അതുകൊണ്ടു കൂടിയാണ് ‘ഇത് യുദ്ധത്തിനുള്ള സമയമല്ല’ എന്ന ഇന്ത്യയുടെ വാക്കുകൾക്ക് ലോകം ചെവിയോർത്തത്. ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് കൃത്യസമയത്താണ് ഇന്ത്യക്ക് ഈ അധ്യക്ഷ പദവി വന്നു ചേർന്നിരിക്കുന്നത്. കാരണം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉസ്ബെക്കിസ്ഥാനിലെ സമർക്കന്ദിൽ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഷാങ്ഹായി കോഓപറേഷൻ ഓർഗനൈസേഷൻ ‌യോഗത്തിനിടെ നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസി‍ഡന്റ് വ്ലാഡിമിർ പുട്ടിനോട് പറഞ്ഞ വാചകം അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ‘ഇത് യുദ്ധത്തിനുള്ള കാലമല്ല’ (Now is not an era of war). അവിടെ നിന്ന് കിലോമീറ്ററുകൾ അകലെ ഇന്റൊനീഷ്യയിലെ ബാലിയിൽ‌ ഈ മാസം 15–16 തീയതികളിൽ നടന്ന ജി–20 രാജ്യങ്ങളുടെ ഉച്ചകോടി പാസാക്കിയ പ്രമേയത്തിൽ റഷ്യ–യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചുള്ള ഖണ്ഡിക അവസാനിക്കുന്നത് ഇങ്ങനെയൊരു വാചകത്തോടെയാണ്: ‘ഈ കാലം യുദ്ധത്തിന്റേതാകാൻ പാടില്ല’  (Today’s era must not be of war). റഷ്യ–യുക്രെയ്ൻ യുദ്ധം സംബന്ധിച്ച് ലോകം ഏറെ പ്രതീക്ഷയോടെ നോക്കുന്ന ഒന്നു കൂടിയാണ് ഇന്ത്യ ഏതുവിധത്തിലാവും ഈ വിഷയത്തിൽ ഇടപെടുക എന്നത്.

മറ്റൊന്നു കൂടിയുണ്ട് ആ പ്രമേയത്തിൽ ശ്രദ്ധേയമായി. യുദ്ധത്തെ അപലപിക്കുന്ന വാചകങ്ങൾ ഉള്ളപ്പോഴും റഷ്യയുടെ പേരെടുത്ത് കുറ്റപ്പെടുത്തുന്ന വാചകങ്ങളൊന്നും ഉച്ചകോടി പാസാക്കിയ പ്രമേയത്തിലില്ല എന്നതാണത്. ഒരുപക്ഷേ റഷ്യയുടെ സുഹൃത്തുക്കളെന്ന് പാശ്ചാത്യ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന ഇന്ത്യയുടെയും ചൈനയുടെയും സ്വാധീന ഫലമായിരിക്കാം ഇതെന്ന് വിലയിരുത്തുന്നവരുമുണ്ട്. പലതുകൊണ്ടും വിശേഷപ്പെട്ട ഉച്ചകോടി എന്ന നിലയിൽ ഇന്ത്യയെ സംബന്ധിച്ചും ഇത് ഏറെ പ്രധാനമായിരുന്നു എന്നു കാണാം. ജി–20യുടെ അധ്യക്ഷപദം ഡിസംബർ ഒന്നു മുതൽ ഇന്ത്യയ്ക്കാണ്. അതായത്, അടുത്ത ജി–20 ഉച്ചകോടി നടക്കുക ഇന്ത്യയിലായിരിക്കും. ലോകം നിർണായകമായ വിഷയങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ആഗോള സാമ്പത്തിക ശക്തികളുടെ ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകാനുള്ള ദൗത്യം ഇന്ത്യയില്‍ എത്തിച്ചേർന്നിരിക്കുകയാണ്. ഏതൊക്കെ വിഷയങ്ങളിലായിരിക്കും ഇന്ത്യ മുൻഗണന നൽകേണ്ടി വരിക? ഇതുവരെ നടന്നതിൽ നിന്ന് വ്യത്യസ്തമായ എന്തു സമീപനമായിരിക്കും ഇന്ത്യ സ്വീകരിക്കുക? ഏതൊക്ക സംസ്ഥാനങ്ങളിൽ, നഗരങ്ങളിലായിരിക്കും ജി–20 ഉച്ചകോടിയുടെ ഭാഗമായുള്ള മന്ത്രിതല മീറ്റിങ്ങുകൾ നടക്കുക? ചോദ്യങ്ങൾ അനവധിയാണ്. 

ബാലിയിൽ ജി20 നേതൃയോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ സമീപം. ചിത്രം: എപി
ADVERTISEMENT

‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’

‘‘സമാധാനവും സുരക്ഷിതത്വവുമില്ലാത്ത അവസ്ഥയിൽ സാമ്പത്തിക വളർച്ചയുടെയോ സാങ്കേതിക വികാസത്തിന്റെയ‌ോ ഗുണഫലങ്ങൾ വരുംതലമുറയ്ക്ക് ലഭിക്കുകയില്ല. സമാധാനത്തിന്റെയും ഐക്യത്തിന്റെയും ശക്തമായൊരു സന്ദേശമാണ് ജി–20 കൂട്ടായ്മ നൽകുന്നത്. ഈ ആശയങ്ങളെയെല്ലാം ഉൾക്കൊള്ളുന്നതാണ് ജി–20 നേതൃത്വത്തില്‍ ഇന്ത്യ എത്തുമ്പോൾ ആവിഷ്കരിച്ചിട്ടുള്ള ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ (One Earth, One Family, One Future) എന്നത്’’, ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോക്കോ വിദോദോയിൽ നിന്ന് 2022 ഡിസംബർ മുതൽ ഒരു വർഷത്തേക്ക് ജി–20 കൂട്ടായ്മയുടെ നേതൃത്വം ഏറ്റെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഹൃസ്വമായ പ്രസംഗത്തിൽ നിന്നുള്ളതാണ് ഈ വരികൾ.

പ്രധാന സാമ്പത്തിക ശക്തികളായ വികസന, വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ജി–20യുടെ നേതൃത്വത്തിൽ ഇന്ത്യ എത്തുമ്പോൾ ‘ആഗോള തലത്തിൽ ഉയർന്നിട്ടുള്ള സംഘർഷങ്ങൾ, സാമ്പത്തിക മാന്ദ്യം, ഭക്ഷ്യ–ഇന്ധന വിലക്കയറ്റം, ഇപ്പോഴും വിട്ടുപോകാതെ നിൽക്കുന്ന കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ’ തുടങ്ങി നിരവധി വിഷയങ്ങളാണ് അഭിമുഖീകരിക്കേണ്ടി വരിക എന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. ജി–20യിലുള്ള ഇന്ത്യയുടെ നേതൃസ്ഥാനം എല്ലാവരെയും ഉൾക്കൊള്ളുന്നതും  സ്ഥിരതയുള്ളതും പരിഹാര നടപടികൾ ഉള്ളതുമായിരിക്കും എന്നും അദ്ദേഹം പറയുന്നു. ജി 20– നേതൃസ്ഥാനം ഏറ്റെടുക്കുന്നതിനു മുന്നോടിയായി പാരിസ്ഥിതിക പ്രശ്നങ്ങൾ‌ നേരിടുന്നതിനുള്ള ലൈഫ് (LiFE - Lifestyle for Environment) പദ്ധതിക്ക് ഇന്ത്യ രൂപം നൽകിയിരുന്നു. സുസ്ഥിരമായ ജീവിതരീതി ഒരു ആഗോള മുന്നേറ്റമായി വളർത്തിയെടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 

‘‘ഇന്ത്യ ജി–20 അധ്യക്ഷ പദം ഏറ്റെടുത്തു എന്നത് ഓരോ ഇന്ത്യക്കാർക്കും അഭിമാനമാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലുമെല്ലാം ഇന്ത്യ ജി–20 യോഗങ്ങൾ സംഘടിപ്പിക്കും. ഇന്ത്യയുടെ അത്ഭുതകരമായ വൈവിധ്യം, എല്ലാവരേയും ഉൾക്കൊള്ളുന്ന പാരമ്പര്യം, സാംസ്കാരിക സമ്പന്നത എന്നിവയെല്ലാം എല്ലാവർക്കും അനുഭവവേദ്യമാക്കും. ‘ജനാധിപത്യത്തിന്റെ മാതാവാ’യ ഇന്ത്യയിൽ നടക്കുന്ന ഈ ആഘോഷങ്ങളിൽ എല്ലാവരും പങ്കെടുക്കണം. അതുവഴി ജി–20യെ ആഗോള മാറ്റത്തിനുള്ള ചാലകശക്തിയാക്കി മാറ്റാം’’ – ഇതായിരുന്നു പ്രധാനമന്ത്രി ജി–20 അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം നടത്തിയ പ്രസംഗത്തിലെ പ്രധാന കാര്യങ്ങൾ. 2024–ൽ ബ്രസീലിനും അതിനടുത്ത വർഷം ദക്ഷിണാഫ്രിക്കയ്ക്കുമായിരിക്കും ജി–20 അധ്യക്ഷ പദവി.

ജി20 അധ്യക്ഷ സ്ഥാനം ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈമാറിയപ്പോൾ. (Photo: ANI, Twitter)
ADVERTISEMENT

∙‘ഗ്ലോബൽ നോർത്തി’ന്റെ പ്രതിസന്ധിയും ‘ഗ്ലോബൽ സൗത്തി’ന്റെ അവസരങ്ങളും

ആഗോള ധനമന്ത്രിമാരുടെ ഒരു കൂട്ടായ്മ ആവശ്യമാണെന്ന ചർച്ച 1999 മുതൽ ശക്തമായിരുന്നു. അമേരിക്കയുടെയും ജർമനിയുടെയും നേതൃത്വത്തിൽ ജി–7 രാജ്യങ്ങൾ എല്ലാ വിധത്തിലും പ്രാതിനിധ്യമുള്ള കൂട്ടായ്മയ്ക്കായുള്ള ആവശ്യം മുന്നോട്ടു വയ്ക്കുകയും ചെയ്തതോടെയാണ് 2008–ൽ ജി–20 ഉച്ചകോടി ഔദ്യോഗികമായി ചേരുന്നത്. ആദ്യ രണ്ടു തവണ വർഷത്തിൽ രണ്ടു തവണയായിരുന്നു എങ്കിൽ പിന്നീട് ഏറ്റവും പ്രധാന വാർഷിക ഉച്ചകോടിയായി മാറി. ധനമന്ത്രിമാർക്ക് പകരം രാഷ്ട്രത്തലവന്മാരായി ജി–20 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. കാരണം അത്രയേറെ പ്രധാനപ്പെട്ടതാണ് ജി–20 കൂട്ടായ്മയിലെ പ്രാതിനിധ്യം.

ആകെ ആഗോള ഉത്പാദനത്തിന്റെ 80 ശതമാനം, രാജ്യാന്തര വ്യാപാരത്തിന്റെ 60–80 ശതമാനം, ആകെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് അധിവസിക്കുന്ന സ്ഥലം, ആകെ ഭൂവിസ്തൃതിയുടെ 60 ശതമാനം ഇവയാണ് ജി–20 രാജ്യങ്ങൾ പ്രതിനിധീകരിക്കുന്നത് എന്നതു കൊണ്ട് തന്നെ ലോകത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന കൂട്ടായ്മയാണ് ഇത്. അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, ചൈന, കാനഡ, ഫ്രാൻസ്, ജർമനി, ഇന്ത്യ, ഇന്തൊനീഷ്യ ഇറ്റലി, ജപ്പാൻ, മെക്സിക്കോ, റഷ്യ, സൗത്ത് കൊറിയ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, തുർക്കി, യുകെ, യുഎസ് എന്നിവയ്ക്ക് പുറമെ യൂറോപ്യന്‍ യൂണിയനുമാണ് ജി–20യിൽ ഉൾപ്പെടുന്നത്. സ്പെയിനെ സ്ഥിരം ക്ഷണിതാവായും ഉൾപ്പെടുത്തി.

2008-ആഗോള സാമ്പത്തിക പ്രതിസന്ധിക്കു ശേഷം വികസ്വര രാജ്യങ്ങൾ നാലു തവണ മാത്രമേ ജി–20ക്ക് അധ്യക്ഷം വഹിച്ചിട്ടുള്ളൂ. 2012–ൽ മെക്സിക്കോ, 2016–ൽ ചൈന, 2018–ല്‍ അർജന്റീന എന്നിവയ്ക്ക് ശേഷം ഈ വർഷം ഇന്തൊനീഷ്യയും. 2023– ഇന്ത്യ, 2024–ബ്രസീൽ, 2025 ദക്ഷിണാഫ്രിക്ക എന്നിങ്ങനെയാണ് ജി–20 അധ്യക്ഷപദം അലങ്കരിക്കുന്നത്. അതായത് 2022–25 സമയം ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങള്‍ക്കാണ് ആഗോളക്രമം തീരുമാനിക്കുന്ന പ്രാധാനപ്പെട്ട ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇരിക്കാനുള്ള അവസരം.

ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന നരേന്ദ്ര മോദിയും ഷി ചിൻപിങ്ങും. Image/ANI Twitter
ADVERTISEMENT

അതിജീവിക്കാൻ യുദ്ധക്കെടുതികൾ

റഷ്യയുടെ യുക്രെയൻ ആക്രമണത്തോടു കൂടി ലോകം പലതായി വിഭജിക്കപ്പെട്ടിട്ടുണ്ട് എന്നതിൽ തർക്കമില്ല. പല വികസ്വര രാജ്യങ്ങളും യുദ്ധം മൂലമുള്ള ഭക്ഷ്യ, ഇന്ധന ക്ഷാമം നേരിടുന്നു, വിലക്കയറ്റം ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. അതുകൊണ്ടു കൂടിയാണ് ‘ഇത് യുദ്ധത്തിനുള്ള സമയമല്ല’ എന്ന ഇന്ത്യയുടെ വാക്കുകൾക്ക് ലോകം ചെവിയോർത്തത്. ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് കൃത്യസമയത്താണ് ഇന്ത്യക്ക് ഈ അധ്യക്ഷ പദവി വന്നു ചേർന്നിരിക്കുന്നത്. കാരണം, ആഗോള ലോകക്രമം നിശ്ചയിച്ചിരുന്ന അമേരിക്കയും യൂറോപ്പും കൃത്യമായി യുക്രയ്ന്റെ പക്ഷം പിടിച്ചിരിക്കുന്നു. ചൈന റഷ്യയ്ക്കൊപ്പവും നിൽക്കുന്നു. ഈ സാഹചര്യത്തിലും റഷ്യയുമായുള്ള വ്യാപാര സഹകരണം ഉൾപ്പെടെ വർധിപ്പിച്ചു കൊണ്ട് ഇന്ത്യ ആ രാജ്യത്തെ തള്ളിപ്പറയാതെയും എന്നാൽ യുദ്ധത്തെ തള്ളിപ്പറഞ്ഞും വേറിട്ടു നിൽക്കുകയാണ്‌.

‘ഗ്ലോബൽ നോർത്ത്’ എന്ന അമേരിക്കയും റഷ്യയും യൂറോപ്പും ഒക്കെയടങ്ങുന്ന വികസിത രാജ്യങ്ങളുടെ കൂട്ടായ്മ പ്രതിസന്ധിക്കു മുന്നിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ ഏഷ്യയും ആഫ്രിക്കയും ലാറ്റിൻ അമേരിക്കയും അടങ്ങുന്ന ‘ഗ്ലോബൽ സൗത്തി’ന് ലോകത്തെ മുന്നിൽ നിന്നു നയിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. അതിന്റെ നേതൃസ്ഥാനത്തിരിക്കുന്ന ഇന്ത്യക്ക് ആ പദവി കൃത്യമായി ഉപയോഗിക്കാനായാൽ ഏറ്റവുമാദ്യം അവസാനിക്കുക റഷ്യ–യുക്രെയ്ൻ യുദ്ധമായിരിക്കും. ഐക്യരാഷ്ട്ര സഭ പലപ്പോഴും നോക്കുകുത്തിയാവുന്ന അവസരങ്ങളിൽ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് പുതിയ ലോക ക്രമം രൂപീകരിക്കാൻ മുന്നിട്ടിറങ്ങാനുമുള്ള അവസരമാണിത് എന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തിൽ തകർന്ന സ്ഥലങ്ങൾ (ഫയൽ ചിത്രം)

ഇന്ത്യയുടെ മുൻഗണനകൾ

‘വികസനത്തിനായി ഡേറ്റ’ എന്നതായിരിക്കും ജി–20 നേതൃത്വത്തിൽ ഇന്ത്യ എത്തുമ്പോഴുള്ള പ്രധാന പ്രമേയമെന്ന് രാജ്യം നേരത്തെ തന്നെ വ്യക്ത‌മാക്കിയിരുന്നു. മനുഷ്യവംശത്തിലെ ചെറിയൊരു വിഭാഗത്തിലേക്ക് മാത്രമായി ഡിജിറ്റൽ മേഖലയുടെ വികാസം ചുരുങ്ങരുതെന്ന് ജി–20 ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞിരുന്നു. ‘‘ഡിജിറ്റൽവത്ക്കരണം എല്ലാവരിലേക്കും എത്തിയെങ്കിൽ മാത്രമേ ഇതിന്റെ യഥാർഥ ഗുണഫലങ്ങൾ അറിയാൻ സാധിക്കൂ. അത് എല്ലാവരിലും എത്തിക്കുക എന്നത് ജി–20 നേതാക്കളുടെ ഉത്തരവാദിത്തമാണ്. അടുത്ത 10 വർഷത്തിനുള്ളിൽ ലോകത്തിലെ എല്ലാ മനുഷ്യരുടേയും ജീവിതത്തിൽ ഡിജിറ്റൽ വികാസം എത്തുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്’’, അദ്ദേഹം പറഞ്ഞു. 

കാലാവസ്ഥാ വ്യതിയാനവും കോവിഡും യുക്രെയ്ൻ യുദ്ധവും മൂലം ലോകം കൂട്ടക്കുഴപ്പത്തിലാണ്. ആഗോള വിതരണ ശൃംഖലകളെല്ലാം തകർന്നു. അവശ്യവസ്തുക്കളുടെ വിതരണത്തിനുള്ള വിതരണ ശൃംഖല പോലും ഇല്ലാതായി. ഓരോ രാജ്യത്തുമുള്ള പാവപ്പെട്ട ജനങ്ങളെയാണ് ഇത് ഏറ്റവുമധികം ബാധിക്കുക എന്നും ഇന്ത്യൻ പ്രധാനമന്ത്രി ജി–20 വേദിയിൽ ഓർമിപ്പിച്ചു. 2030–ഓടെ ഇന്ത്യയുടെ ഊർജ ഉപഭോഗത്തിന്റെ 50 ശതമാനവും പുനരുപയോഗ ഊർജം വഴിയാക്കുമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ മാതൃകയിൽ ലോകത്തെ എങ്ങനെ നയിക്കാൻ കഴിയും എന്നതായിരിക്കും ഇന്ത്യക്കു മുന്നിലുള്ള വെല്ലുവിളി. 

മറ്റൊന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത് ഈ ജി–20 അധ്യക്ഷ പദവിയെ ആഭ്യന്തര രാഷ്ട്രീയത്തിൽ നരേന്ദ്ര മോദിയും അദ്ദേഹം പ്രതിനിധീകരിക്കുന്ന പാർട്ടിയും എങ്ങനെ ഉപയോഗിക്കും എന്നതാണ്. കാരണം 2024–ൽ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു വരികയാണ്. ജി–20 അധ്യക്ഷ പദവിയിലൂടെ പലപ്പോഴും ഇന്ത്യ ലോകവേദികളിൽ പരാമർശിക്കപ്പെടുന്ന സാഹചര്യം ഉണ്ടായേക്കാം. അത് രാജ്യത്തിന്റെ യശസ് ഉയർത്തുകയും ചെയ്യും. എന്നാൽ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ആഘോഷങ്ങൾ മാത്രമാക്കി ജി–20 പരിപാടികൾ ചുരുക്കുന്ന സാഹചര്യം ഒഴിവാക്കിയാൽ ലഭിച്ച അവസരം രാജ്യത്തിന് ഏറെ പ്രയോജനപ്പെടുമെന്നും വിലയിരുത്തപ്പെടുന്നു.

ഒരു വർഷത്തിനിടയിൽ 55 സ്ഥലങ്ങളിലായി ജി–20യുമായി ബന്ധപ്പെട്ട വിവിധ മീറ്റിങ്ങുകൾ നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഡൽഹി, ആഗ്ര, ഹമ്പി, ഭുവനേശ്വര്‍, ശ്രീനഗർ, ഗോവ, സിലിഗുഡി, ഖജുരാഹോ, അമൃത്സർ തുടങ്ങിയ സ്ഥലങ്ങൾ ഇതിനകം തന്നെ തീരുമാനിച്ചിരുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കൂടി ജി–20 മീറ്റിങ്ങുകൾ വ്യാപിപ്പിക്കാനും ആലോചനയുണ്ട്. അരുണാചൽ പ്രദേശിലെ ഇറ്റാനഗർ, മിസോറമിലെ ഐസ്വാൾ, അസമിലെ ഗുവാഹത്തി, ത്രിപുരയിലെ അഗർത്തല, മണിപ്പൂരിലെ ഇംഫാൽ തുടങ്ങിയ സ്ഥലങ്ങളും കേന്ദ്രത്തിന്റെ ആലോചനയിലുണ്ട് എന്നാണ് റിപ്പോർട്ടുകൾ. 

ഇന്ത്യാ ഗേറ്റ് (ഫയല്‍ ചിത്രം)

‘റഷ്യയെ അപലപിക്കേണ്ട, യുദ്ധത്തെ മതി’

റഷ്യ യുക്രെയ്നെ ആക്രമിച്ചതു തന്നെയായിരുന്നു ജി–20 ഉച്ചകോടിയിലെ പ്രധാന പ്രശ്നം. വിഷയം ചർച്ച ചെയ്ത് പരിഹരിക്കണം എന്നതാണ് മിക്ക രാജ്യങ്ങളും ആഗ്രഹിക്കുന്നത്. യുക്രെയ്ന്‍ ആക്രമിച്ചതിന് റഷ്യയ്ക്ക് അവരുടേതായ ന്യായമുണ്ട്. അത് മറ്റുള്ളവർക്ക് സ്വീകാര്യമാകണം എന്നുമില്ല. ആ ആക്രമണത്തിൽ യുക്രെയ്ന് സഹായവുമായി നിൽക്കുന്നത് അമേരിക്കയും മറ്റ് നാറ്റോ രാജ്യങ്ങളുമാണ്. സമാധാനത്തിന്റെ പാതയിൽ, വിഷയങ്ങൾ ചർച്ച ചെയ്തു പരിഹരിക്കൂ എന്ന് ഇവർ മറ്റു രാജ്യങ്ങളെ ഉപദേശിക്കാറുമുണ്ട്. എന്നാല്‍ ഈ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി റഷ്യ ആക്രമണം അവസാനിപ്പിക്കണം എന്നു പറയുന്നതല്ലാതെ, അമേരിക്ക ഏതെങ്കിലും വിധത്തിൽ ഈ സംഘർഷം അവസാനിപ്പിക്കാൻ മുൻകൈ എടുക്കുന്നു, അല്ലെങ്കിൽ ഇരു രാജ്യങ്ങളെയും ചർച്ചയ്ക്കായി ടേബിളിൽ കൊണ്ടുവന്നു, അല്ലെങ്കിൽ കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തു എന്നാരെങ്കിലും കേട്ടിട്ടുണ്ടോ? അതുകൊണ്ടു തന്നെയാണ് അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ഈ വിഷയത്തിൽ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്. അതുകൊണ്ടു തന്നെ പുതിയ നേതൃത്വം ഏറ്റെടുക്കുമ്പോൾ ഇന്ത്യക്ക് വെല്ലുവിളി ഏറെയാണ്.

‘‘യുക്രെയൻ വിഷയത്തിൽ ഏറ്റുമുട്ടൽ അവസാനിപ്പിച്ച് നയതന്ത്ര വഴികളിലേക്ക് മടങ്ങണമെന്ന കാര്യം ഞാൻ ആവർത്തിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധം ലോകത്ത് കൂട്ടക്കുഴപ്പങ്ങളുണ്ടാക്കി. അതിനു ശേഷം സമാധാനത്തിന്റെ പാത വെട്ടിയുണ്ടാക്കാൻ അന്നത്തെ നേതാക്കള്‍ ഏറെ പണിപ്പെട്ടു. ഇനി നമ്മുടെ ഊഴമാണ്’’, പ്രധാനമന്ത്രി ജി–20 വേദിയിൽ പറഞ്ഞു.  

നരേന്ദ്ര മോദി, വ്ളാഡിമിർ പുട്ടിൻ (Photo - PIB)

റഷ്യയെ അപലപിക്കാനുള്ള അമേരിക്കൻ, യൂറോപ്യൻ‌ രാജ്യങ്ങളുടെ ശക്തമായ ശ്രമങ്ങളെ വഴിതിരിച്ചു വിടാനും എതിർപ്പ് യുദ്ധത്തിന് നേർക്കാക്കാനും ഇന്ത്യൻ നയതന്ത്രജ്ഞരുടെ ഇടപെടലും വിജയം കണ്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതുകൊണ്ടു തന്നെ ബാലിയില്‍ അവസാനിച്ച ജി–20 പ്രമേയത്തിൽ റഷ്യയെ അപലപിക്കുന്ന വാക്കുകൾ ഇല്ല. ‘‘യുക്രെയ്നിലെ യുദ്ധത്തെ മിക്ക രാജ്യങ്ങളും എതിർത്തു. മനുഷ്യർ കഠിനമായ ദുരിതങ്ങൾ അനുഭവിക്കുന്നതിനും ആഗോള സമ്പദ്‍വ്യവസ്ഥ ഇപ്പോൾ നേരിടുന്ന പ്രതിസന്ധി രൂക്ഷമാക്കുന്നതിനും ഇത് കാരണമായിട്ടുണ്ട്. വളർച്ച മുരടിക്കുന്നു, പണപ്പെരുപ്പം വർധിക്കുന്നു, വിതരണ ശൃംഖലകൾ തകരുന്നു, ഭക്ഷ്യ, ഊർജ സുരക്ഷ ഇല്ലാതാകുന്നു തുടങ്ങിയ പ്രശ്നങ്ങളെ വർധിപ്പിക്കുകയാണ് യുദ്ധം. ഉപരോധത്തെ സംബന്ധിച്ചും നിലവിലെ സ്ഥിതിഗതികളെ സംബന്ധിച്ചും വ്യത്യസ്ത അഭിപ്രായങ്ങളും വിലയിരുത്തലുകളും ഉള്ളവരുണ്ട്. എന്നാൽ സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വേദിയല്ല ജി–20 എങ്കിൽ പോലും ഇത്തരം സുരക്ഷാ പ്രശ്നങ്ങൾ ആഗോള സമ്പദ്‍വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്ന് ഞങ്ങൾ തിരിച്ചറിയുന്നു. സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്ന രാജ്യാന്തര നിയമങ്ങളും ബഹുകക്ഷി സമ്പ്രദായങ്ങളും പിന്തുടരേണ്ടതുണ്ട്. ആണവായുധം പ്രയോഗിക്കുന്നതോ അത് പ്രയോഗിക്കുമെന്ന ഭീഷണിയോ അംഗീകരിക്കാൻ പറ്റുന്നതല്ല. ഒരു സംഘർഷത്തിന് സമാധാനപരമായ പരിഹാരവും പ്രതിസന്ധി ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങളും നയതന്ത്രവും ചർച്ചകളും എല്ലാം വളരെ പ്രധാനമാണ്. ‘ഇന്നത്തെ കാലഘട്ടം യുദ്ധത്തിന്റേതാകാൻ പാടില്ല’ ’’– ഇങ്ങനെയാണ് പ്രമേയത്തിൽ റഷ്യ–യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട ഭാഗം അവസാനിക്കുന്നത്. ഇതിലെ അവസാന വരിയിൽ പറഞ്ഞിരിക്കുന്ന കാര്യത്തിലേക്ക് റഷ്യയേയും യുക്രയ്നെയും ഒപ്പം യുക്രെയ്ന് പിന്നിൽ പ്രവർത്തിപ്പിക്കുന്നവരേയും എത്തിക്കുക എന്നതായിരിക്കും ജി–20 അധ്യക്ഷപദം കൈയാളുന്ന രാജ്യമെന്ന നിലയിൽ ആഗോളതലത്തിൽ ഇന്ത്യക്കു മുന്നിലുള്ള ആദ്യകടമ്പ.

 

English Summary: G20’s criticism of Russia shows the emergence of a new Asian power. And it India– Explained