എസ്കലേറ്റ് ടു ഡീ –എസ്കലേറ്റ്, മലയാളത്തിൽ പറഞ്ഞാൽ ഉഷ്ണം ഉഷ്ണേന ശാന്തി. റഷ്യൻ പ്രതിരോധ നയത്തിന്റെ ആണിക്കല്ലായ ഈ മുദ്രാവാക്യം യുക്രെയ്നിനെ മാത്രമല്ല ലോകത്തെയാകമാനം കൊണ്ടുചെന്നു നിർത്തുന്നത് ആശങ്കയുടെ മുൾമുനയിൽ. അതെ, റഷ്യ കലാശക്കൊട്ടിന് ഒരുങ്ങുകയാണ്. പത്തു മാസമായി ലോകത്തെ പ്രതിസന്ധിയിലാക്കിയ റഷ്യ– യുക്രെയ്ൻ യുദ്ധം അതിന്റെ ഏറ്റവും നിർണായകമായ ഘട്ടത്തിലേക്കു കടന്നതോടെ മൂന്നാം ലോക മഹായുദ്ധത്തിന്റെ ഭീതിയും ലോകമെങ്ങും മുഴങ്ങുകയാണ്. 2022 ഫെബ്രുവരി 24നു യുദ്ധം തുടങ്ങിയതിനു ശേഷം, യുക്രെയ്നിന്റെ മേൽ റഷ്യ ഏറ്റവും കൂടുതൽ മിസൈലാക്രമണം നടത്തിയ നവംബർ 15നു തന്നെ ചരിത്രത്തിലാദ്യമായി ഒരു നാറ്റോ അംഗരാജ്യവും ആക്രമിക്കപ്പെട്ടു. പോളണ്ടിൽ വീണ മിസൈൽ ആരുടേതാണെന്ന തർക്കം തുടരുമ്പോഴും റഷ്യ തങ്ങളുടെ രാജ്യത്തെമ്പാടുമുള്ള ശീതയുദ്ധകാലത്തെ ബോംബ് ഷെൽറ്ററുകൾ പുനർജ്ജീവിപ്പിക്കുന്ന തിരക്കിലാണ്. കൂടാതെ അതിർത്തി മേഖലകളിലെ ജനങ്ങൾക്കു സൈനിക പരിശീലനവും നൽകുന്നു. കടുത്ത യുദ്ധത്തിനു തയാറെടുക്കുകയാണ് റഷ്യയെന്ന സൂചന, തണുത്തുറയുന്ന മഞ്ഞുകാലത്തും യൂറോപ്പിനെ വിയർത്തു കുളിപ്പിക്കുകയാണ്. വരുന്ന ഏതാനും ആഴ്ചകൾ യുക്രെയ്നിനു നിർണായകമാണ്. ശീതകാല യുദ്ധത്തിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയ റഷ്യ വരുന്ന ആഴ്ചകളിൽ യുക്രെയ്നിനുമേൽ കനത്ത ആക്രമ

എസ്കലേറ്റ് ടു ഡീ –എസ്കലേറ്റ്, മലയാളത്തിൽ പറഞ്ഞാൽ ഉഷ്ണം ഉഷ്ണേന ശാന്തി. റഷ്യൻ പ്രതിരോധ നയത്തിന്റെ ആണിക്കല്ലായ ഈ മുദ്രാവാക്യം യുക്രെയ്നിനെ മാത്രമല്ല ലോകത്തെയാകമാനം കൊണ്ടുചെന്നു നിർത്തുന്നത് ആശങ്കയുടെ മുൾമുനയിൽ. അതെ, റഷ്യ കലാശക്കൊട്ടിന് ഒരുങ്ങുകയാണ്. പത്തു മാസമായി ലോകത്തെ പ്രതിസന്ധിയിലാക്കിയ റഷ്യ– യുക്രെയ്ൻ യുദ്ധം അതിന്റെ ഏറ്റവും നിർണായകമായ ഘട്ടത്തിലേക്കു കടന്നതോടെ മൂന്നാം ലോക മഹായുദ്ധത്തിന്റെ ഭീതിയും ലോകമെങ്ങും മുഴങ്ങുകയാണ്. 2022 ഫെബ്രുവരി 24നു യുദ്ധം തുടങ്ങിയതിനു ശേഷം, യുക്രെയ്നിന്റെ മേൽ റഷ്യ ഏറ്റവും കൂടുതൽ മിസൈലാക്രമണം നടത്തിയ നവംബർ 15നു തന്നെ ചരിത്രത്തിലാദ്യമായി ഒരു നാറ്റോ അംഗരാജ്യവും ആക്രമിക്കപ്പെട്ടു. പോളണ്ടിൽ വീണ മിസൈൽ ആരുടേതാണെന്ന തർക്കം തുടരുമ്പോഴും റഷ്യ തങ്ങളുടെ രാജ്യത്തെമ്പാടുമുള്ള ശീതയുദ്ധകാലത്തെ ബോംബ് ഷെൽറ്ററുകൾ പുനർജ്ജീവിപ്പിക്കുന്ന തിരക്കിലാണ്. കൂടാതെ അതിർത്തി മേഖലകളിലെ ജനങ്ങൾക്കു സൈനിക പരിശീലനവും നൽകുന്നു. കടുത്ത യുദ്ധത്തിനു തയാറെടുക്കുകയാണ് റഷ്യയെന്ന സൂചന, തണുത്തുറയുന്ന മഞ്ഞുകാലത്തും യൂറോപ്പിനെ വിയർത്തു കുളിപ്പിക്കുകയാണ്. വരുന്ന ഏതാനും ആഴ്ചകൾ യുക്രെയ്നിനു നിർണായകമാണ്. ശീതകാല യുദ്ധത്തിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയ റഷ്യ വരുന്ന ആഴ്ചകളിൽ യുക്രെയ്നിനുമേൽ കനത്ത ആക്രമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എസ്കലേറ്റ് ടു ഡീ –എസ്കലേറ്റ്, മലയാളത്തിൽ പറഞ്ഞാൽ ഉഷ്ണം ഉഷ്ണേന ശാന്തി. റഷ്യൻ പ്രതിരോധ നയത്തിന്റെ ആണിക്കല്ലായ ഈ മുദ്രാവാക്യം യുക്രെയ്നിനെ മാത്രമല്ല ലോകത്തെയാകമാനം കൊണ്ടുചെന്നു നിർത്തുന്നത് ആശങ്കയുടെ മുൾമുനയിൽ. അതെ, റഷ്യ കലാശക്കൊട്ടിന് ഒരുങ്ങുകയാണ്. പത്തു മാസമായി ലോകത്തെ പ്രതിസന്ധിയിലാക്കിയ റഷ്യ– യുക്രെയ്ൻ യുദ്ധം അതിന്റെ ഏറ്റവും നിർണായകമായ ഘട്ടത്തിലേക്കു കടന്നതോടെ മൂന്നാം ലോക മഹായുദ്ധത്തിന്റെ ഭീതിയും ലോകമെങ്ങും മുഴങ്ങുകയാണ്. 2022 ഫെബ്രുവരി 24നു യുദ്ധം തുടങ്ങിയതിനു ശേഷം, യുക്രെയ്നിന്റെ മേൽ റഷ്യ ഏറ്റവും കൂടുതൽ മിസൈലാക്രമണം നടത്തിയ നവംബർ 15നു തന്നെ ചരിത്രത്തിലാദ്യമായി ഒരു നാറ്റോ അംഗരാജ്യവും ആക്രമിക്കപ്പെട്ടു. പോളണ്ടിൽ വീണ മിസൈൽ ആരുടേതാണെന്ന തർക്കം തുടരുമ്പോഴും റഷ്യ തങ്ങളുടെ രാജ്യത്തെമ്പാടുമുള്ള ശീതയുദ്ധകാലത്തെ ബോംബ് ഷെൽറ്ററുകൾ പുനർജ്ജീവിപ്പിക്കുന്ന തിരക്കിലാണ്. കൂടാതെ അതിർത്തി മേഖലകളിലെ ജനങ്ങൾക്കു സൈനിക പരിശീലനവും നൽകുന്നു. കടുത്ത യുദ്ധത്തിനു തയാറെടുക്കുകയാണ് റഷ്യയെന്ന സൂചന, തണുത്തുറയുന്ന മഞ്ഞുകാലത്തും യൂറോപ്പിനെ വിയർത്തു കുളിപ്പിക്കുകയാണ്. വരുന്ന ഏതാനും ആഴ്ചകൾ യുക്രെയ്നിനു നിർണായകമാണ്. ശീതകാല യുദ്ധത്തിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയ റഷ്യ വരുന്ന ആഴ്ചകളിൽ യുക്രെയ്നിനുമേൽ കനത്ത ആക്രമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എസ്കലേറ്റ് ടു ഡീ –എസ്കലേറ്റ്, മലയാളത്തിൽ പറഞ്ഞാൽ ഉഷ്ണം ഉഷ്ണേന ശാന്തി. റഷ്യൻ പ്രതിരോധ നയത്തിന്റെ ആണിക്കല്ലായ ഈ മുദ്രാവാക്യം യുക്രെയ്നിനെ മാത്രമല്ല ലോകത്തെയാകമാനം കൊണ്ടുചെന്നു നിർത്തുന്നത് ആശങ്കയുടെ മുൾമുനയിൽ. അതെ, റഷ്യ കലാശക്കൊട്ടിന് ഒരുങ്ങുകയാണ്. പത്തു മാസമായി ലോകത്തെ പ്രതിസന്ധിയിലാക്കിയ റഷ്യ– യുക്രെയ്ൻ യുദ്ധം അതിന്റെ ഏറ്റവും നിർണായകമായ ഘട്ടത്തിലേക്കു കടന്നതോടെ മൂന്നാം ലോക മഹായുദ്ധത്തിന്റെ ഭീതിയും ലോകമെങ്ങും മുഴങ്ങുകയാണ്. 2022 ഫെബ്രുവരി 24നു യുദ്ധം തുടങ്ങിയതിനു ശേഷം, യുക്രെയ്നിന്റെ മേൽ റഷ്യ ഏറ്റവും കൂടുതൽ മിസൈലാക്രമണം നടത്തിയ നവംബർ 15നു തന്നെ ചരിത്രത്തിലാദ്യമായി ഒരു നാറ്റോ അംഗരാജ്യവും ആക്രമിക്കപ്പെട്ടു. പോളണ്ടിൽ വീണ മിസൈൽ ആരുടേതാണെന്ന തർക്കം തുടരുമ്പോഴും റഷ്യ തങ്ങളുടെ രാജ്യത്തെമ്പാടുമുള്ള ശീതയുദ്ധകാലത്തെ ബോംബ് ഷെൽറ്ററുകൾ പുനർജ്ജീവിപ്പിക്കുന്ന തിരക്കിലാണ്. കൂടാതെ അതിർത്തി മേഖലകളിലെ ജനങ്ങൾക്കു സൈനിക പരിശീലനവും നൽകുന്നു. കടുത്ത യുദ്ധത്തിനു തയാറെടുക്കുകയാണ് റഷ്യയെന്ന സൂചന, തണുത്തുറയുന്ന മഞ്ഞുകാലത്തും യൂറോപ്പിനെ വിയർത്തു കുളിപ്പിക്കുകയാണ്. വരുന്ന ഏതാനും ആഴ്ചകൾ യുക്രെയ്നിനു നിർണായകമാണ്. ശീതകാല യുദ്ധത്തിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയ റഷ്യ വരുന്ന ആഴ്ചകളിൽ യുക്രെയ്നിനുമേൽ കനത്ത ആക്രമണം അഴിച്ചുവിട്ടേക്കുമെന്നാണ് സൈനിക നിരീക്ഷകർ കണക്കുകൂട്ടുന്നത്.

 

യുക്രെയ്നിൽ മഞ്ഞുകാലത്തിനു തുടക്കം കുറിച്ച് ആദ്യത്തെ മഞ്ഞുവീഴ്ചയുണ്ടായതു കഴിഞ്ഞ ആഴ്ചയാണ്. പടിഞ്ഞാറൻ രാജ്യങ്ങളിൽ ആദ്യത്തെ മഞ്ഞുവീഴ്ച ഒട്ടേറെ ആചാരങ്ങൾക്കും ആഘോഷങ്ങൾക്കുമുള്ള സമയമാണ്. എന്നാൽ യുക്രെയ്നിന് ഈ വർഷത്തെ മഞ്ഞുവീഴ്ച ഭയത്തിന്റെയും ആശങ്കയുടേതുമാണ്.

ADVERTISEMENT

ഹേഴ്സണിൽ നിന്നുള്ള റഷ്യയുടെ പിൻമാറ്റം ആഘോഷിച്ച യുക്രെയ്നിനോടു, റഷ്യയെ വിലകുറച്ചു കാണരുതെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോളൻബെർഗ് മുന്നറിയിപ്പു നൽകിയതിനു പിന്നാലെ, ചരിത്രത്തിലെ ഏറ്റവും വലിയ റഷ്യൻ ആക്രമണത്തിനാണ് യുക്രെയ്ൻ‌ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ഒറ്റ ദിവസം തന്നെ നൂറിലേറെ മിസൈലുകളാണ് റഷ്യ യുക്രെയ്നിന്റെ മേൽ തീമഴയായി പെയ്യിച്ചത്. ഹേഴ്സണിൽ നിന്നു ഭാഗികമായി പിൻമാറിയ റഷ്യ ഡോൺബാസ് മേഖലയിൽ കനത്ത ആക്രമണം അഴിച്ചുവിടാൻ ആരംഭിച്ചതോടെ യുക്രെയ്ൻ സൈന്യത്തിനു കനത്ത ആൾനാശവും ആയുധ നഷ്ടവും നേരിട്ടു കൊണ്ടിരിക്കുന്നു. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മിന്നലാക്രമണത്തിലൂടെ റഷ്യയിൽനിന്നു തിരിച്ചു പിടിച്ച കിഴക്കൻ മേഖലയിലെ ഒട്ടേറെ പ്രദേശങ്ങളുടെ നിയന്ത്രണം പതിയെ യുക്രെയ്നിനു നഷ്ടമായിക്കൊണ്ടിരിക്കുന്നു. ഹേഴ്സണിൽ നിന്നു പിൻവലിച്ച 20,000 സൈനികരെ അടക്കം ഉപയോഗിച്ചു തന്ത്രപ്രധാനമായ ബാഖ്മുത് നഗരത്തിന്റെ അടക്കം നിയന്ത്രണം പിടിക്കാൻ റഷ്യ ആക്രമണം ശക്തമാക്കി തുടങ്ങി.

 

ഭാഗിക സൈനിക വിന്യാസത്തിന്റെ ഭാഗമായി റഷ്യൻ സൈന്യത്തിൽ ചേർന്ന മൂന്നു ലക്ഷത്തോളം സൈനികരും റഷ്യയുടെ പുതുതലമുറ ആയുധങ്ങളും വരും നാളുകളിൽ യുക്രെയ്നിനു സമ്മാനിക്കുക സമാനതകളില്ലാത്തെ ദുരിതമാകുമെന്ന് ഏറെക്കുറെ ഉറപ്പായി. പോളണ്ടിൽ വീണ മിസൈൽ യുക്രെയ്നിന്റേതാണെന്ന് നാറ്റോ പാതിമനസ്സോടെ പറയുമ്പോഴും അതിനു കാരണക്കാരൻ റഷ്യയാണെന്ന് അവർ അടിവരയിട്ടു പറയുന്നു. നാറ്റോയുടെ ആർട്ടിക്കിൾ 5 പ്രകാരം അംഗരാജ്യത്തിനെതിരായ ഏതൊരാക്രമണവും നാറ്റോയ്ക്കെതിരെയുള്ള ആക്രമണമായി പരിഗണിച്ച് ഒരുമിച്ചു തിരിച്ചാക്രമിക്കുമെന്നുള്ള നയം യൂറോപ്പിൽ മൂന്നാം ലോകമഹായുദ്ധ ഭീഷണി മുഴക്കുന്നു. റഷ്യൻ പ്രദേശങ്ങൾക്കെതിരെയുള്ള ഏതൊരാക്രമണത്തിനും ബദലായി അണ്വായുധം ഉപയോഗിച്ചു പോലും തിരിച്ചടിക്കുമെന്നണ് റഷ്യൻ നയം. അതോടെ ആണവ യുദ്ധമെന്ന ഭീഷണി ഡെമോക്ലീസിന്റെ വാൾ‌ പോലെ യൂറോപ്പിന്റെ തലയ്ക്കു മുകളിൽ തൂങ്ങിക്കിടന്നാടുകയാണ്. പരമ്പരാഗത ആണവ ആയുധമോ അല്ലെങ്കിൽ ഇഎംപി (ഇലക്ട്രോ മാഗ്നറ്റിക് പൾസ്) പോലുള്ള ആണവ–ആണവേതര ആയുധമോ റഷ്യ പ്രയോഗിക്കുമെന്ന ആശങ്കയും യൂറോപ്പിലുയരുന്നു. 

 

ADVERTISEMENT

അതിനിടയിൽ യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സപൊറിഷ്യ തകർ‌ക്കാൻ യുക്രെയ്ൻ ശ്രമിക്കുന്നതായി റഷ്യയുടെ ആരോപണമുയരുന്നു. യുദ്ധത്തിൽ റഷ്യ പിടിച്ചെടുത്ത യുക്രെയ്ൻ ഭൂപ്രദേശങ്ങൾ വിട്ടുകിട്ടാതെ വെടിനിർത്തലിനില്ലെന്ന യുക്രെയ്ൻ പിടിവാശി വെടിനിർത്തൽ അസാധ്യമാക്കുമോ? യുക്രെയ്നിനെ ഒഴിവാക്കി തുർക്കിയുടെ മധ്യസ്ഥതയിൽ അമേരിക്കൻ ചാരസംഘടനയായ സിഐഎ തലവൻ വില്യം ബേൺസും റഷ്യൻ ഫോറിൻ ഇന്റലിജൻസ് തലവൻ സെർഗെയ് നരാഷ്കിനും നടത്തിയ രഹസ്യ ചർച്ച യുക്രെയ്ൻ – റഷ്യൻ യുദ്ധത്തിനു അറുതി വരുത്തുമോ? ഇന്തൊനീഷ്യയിലെ ബാലിയിൽ നടന്ന ജി-20 സമ്മേളനം യുക്രെയ്ൻ – റഷ്യൻ യുദ്ധത്തെ എങ്ങനെ സ്വാധീനിക്കും? അതിലുപരി ഹേഴ്സണിൽ നിന്നുള്ള റഷ്യയുടെ പിൻമാറ്റം എന്താണ് അർഥമാക്കുന്നത്.? വിശദമായി പരിശോധിക്കാം.

 

∙ മഞ്ഞുകാലത്തിന് തുടക്കം, യുക്രെയ്നിന്റെ ആശങ്കയ്ക്കും

 

ADVERTISEMENT

യുക്രെയ്നിൽ മഞ്ഞുകാലത്തിനു തുടക്കം കുറിച്ച് ആദ്യത്തെ മഞ്ഞുവീഴ്ചയുണ്ടായതു കഴിഞ്ഞ ആഴ്ചയാണ്. പടിഞ്ഞാറൻ രാജ്യങ്ങളിൽ ആദ്യത്തെ മഞ്ഞുവീഴ്ച ഒട്ടേറെ ആചാരങ്ങൾക്കും ആഘോഷങ്ങൾക്കുമുള്ള സമയമാണ്. എന്നാൽ യുക്രെയ്നിന് ഈ വർഷത്തെ മഞ്ഞുവീഴ്ച ഭയത്തിന്റെയും ആശങ്കയുടേതുമാണ്. കുടിക്കാൻ വെള്ളവും തണുപ്പകറ്റാൻ വൈദ്യുതിയും അവർക്കൊരു വിദൂര സ്വപ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രീകൃത താപ സംവിധാനവും ഗ്യാസ് ശൃംഖലകളും റഷ്യൻ ആക്രമണത്തെ തുടർന്ന് തകർന്നു കഴിഞ്ഞു. രാജ്യത്തെ വൈദ്യുതി ശൃംഖലയുടെ 40 ശതമാനവും ആക്രമണത്തിൽ തകർന്നു. ഒരുകാലത്ത് യൂറോപ്പിലെ വൈദ്യുതി മിച്ച രാജ്യമായിരുന്ന യുക്രെയ്നിൽ ഒരു കോടിയോളം ജനങ്ങൾ വൈദ്യുതിയും വെള്ളവും മൊബൈൽ ഫോൺ സേവനവുമില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. 

 

ഈ മഞ്ഞുകാലം യുക്രെയ്ൻ സൈനികർക്കു മാത്രമല്ല സാധാരണക്കാരായ യുക്രെയ്ൻ ജനതയ്ക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. മഞ്ഞുകാലത്തെ റഷ്യ ആയുധമാക്കുന്നതായി പാശ്ചാത്യമാധ്യമങ്ങൾ കുറ്റപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. വൈദ്യുതിയും കേന്ദ്രീകൃത താപസംവിധാനങ്ങളും പുനഃസ്ഥാപിക്കാനായില്ലെങ്കിൽ ഒട്ടേറെപ്പേർ തണുത്തു മരിക്കുമോയെന്ന ആശങ്കയും യുക്രെയ്നിൽ ഉയർന്നു തുടങ്ങി. യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടു മാത്രം ആക്രമണങ്ങൾ നടത്തിയിരുന്ന റഷ്യ, ഒക്ടോബർ എട്ടിനു ശേഷമാണ് യുക്രെയ്നിന്റെ അടിസ്ഥാന സൗകര്യങ്ങളെ ഉന്നംവച്ചു തുടങ്ങിയത്. അതിനു കാരണമായി റഷ്യ നിരത്തുന്ന ന്യായം ക്രൈമിയയെയും റഷ്യൻ വൻകരയെയും ബന്ധിപ്പിക്കുന്ന കെർച്ച് കടലിടുക്കിലെ ഏക കരമാർഗമായ ക്രൈമിയൻ പാലത്തിനു നേർക്കുണ്ടായ ‘ഭീകരാക്രമണ’മാണ്. പാലത്തിനു നേർക്കുണ്ടായ ആക്രമണത്തെ സിവിലിയൻ ആക്രമണമായി വ്യാഖ്യാനിച്ചാണ് റഷ്യ യുക്രെയ്നിലെ അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുത നിലയങ്ങളെയും പവർ ഗ്രിഡുകളെയും ലക്ഷ്യമിട്ടു തുടങ്ങിയത്. 

 

വൈദ്യുത ശൃംഖലകൾക്കു നേരെയുള്ള ആക്രമണങ്ങൾ‌ തുടർക്കഥയായതോടെ അറ്റകുറ്റപ്പണി നടത്തി വലയുകയാണ് യുക്രെയ്ൻ. ആയിരത്തിലധികം പേരെയാണു തകരുന്ന വൈദ്യുത ശൃംഖലകൾ‌ നന്നാക്കാനായി മാത്രം നിയോഗിച്ചിട്ടുള്ളത്. റഷ്യയിൽ നിന്നു തിരിച്ചുപിടിച്ച ഹേഴ്സണിൽ വെള്ളവും വൈദ്യുതിയുമില്ലാത്തതിനാൽ മറ്റു പ്രദേശങ്ങളിലേക്കു താമസം മാറാൻ ജനങ്ങളോട് യുക്രെയ്ൻ‌ അധികൃതർ ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടാതെ വീടുകളിൽ‌ ഒറ്റപ്പെട്ടു താമസിക്കാതെ സംഘങ്ങളായി ഒരുമിച്ചു താമസിക്കാനും അങ്ങനെ തണുപ്പുകാലത്തെ പ്രതിസന്ധി കുറച്ചെങ്കിലും പരിഹരിക്കാനാണ് അധികൃതരുടെ അഭ്യർഥന. കഠിനമായ മഞ്ഞുകാലം പിന്നിട്ടു മാർച്ച് മാസത്തോടെ മാത്രമേ വൈദ്യുതിയും വെള്ളവും ഭാഗികമായെങ്കിലും പുനഃസ്ഥാപിക്കാനാകൂയെന്ന നിഗമനത്തിലാണ് യുക്രെയ്ൻ അധികൃതർ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 

 

വെടിനിർത്തൽ ചർച്ചകൾക്കായി യുക്രെയ്നിനെ നിർബന്ധിതരാക്കുക എന്നതാണ് അടിസ്ഥാന സൗകര്യങ്ങൾക്കു നേർക്കുള്ള റഷ്യൻ ആക്രമണങ്ങളുടെ ലക്ഷ്യമെന്നു പാശ്ചാത്യ സൈനിക വിദഗ്ധർ വിലയിരുത്തുന്നു. എന്നാൽ യുക്രെയ്നിന്റെ സൈനിക നീക്കത്തിന്റെ നട്ടെല്ലായ റെയിൽ റോഡ് സംവിധാനം നിശ്ചലമാക്കുകയെന്നത് ഈ ആക്രമണങ്ങൾക്കു പിന്നിലെ പ്രധാന ലക്ഷ്യമെന്ന് സ്വതന്ത്ര നിരീക്ഷകർ പറയുന്നു. യുക്രെയ്നിന്റെ റെയിൽവേ ലൈനുകൾക്കും പാലങ്ങൾക്കും നേരെ നടത്തിയ ആക്രമണങ്ങൾ വേണ്ടത്ര വിജയം കാണാത്തതുകൊണ്ട് റെയിൽവേയ്ക്ക് ആവശ്യമായ വൈദ്യുതി മുടക്കുകയെന്നത് ഈ ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യമായി അവർ വിലയിരുത്തുന്നു.

 

∙ പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്!

 

പോളണ്ടിൽ പതിച്ച മിസൈലിനെ ചൊല്ലി നാറ്റോയും യുക്രെയ്നും തമ്മിൽ ഇടയുന്ന കാഴ്ചകൾക്കാണ് ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. പോളണ്ടിലെ അതിർത്തിയിൽ പതിച്ച മിസൈൽ തങ്ങളുടേതല്ലെന്നു യുക്രെയ്ൻ ഉറച്ചുവാദിക്കുമ്പോൾ മിസൈൽ റഷ്യയുടേതാണെന്ന വാദത്തിൽ നിന്നു അമേരിക്കയും നാറ്റോയും പിന്നാക്കം പോകുകയായിരുന്നു. ഇന്തൊനീഷ്യയിലെ ബാലിയിൽ ജി20 സമ്മേളത്തിൽ ലോകത്തെ പ്രമുഖ രാജ്യങ്ങൾ പങ്കെടുത്തുകൊണ്ടിരിക്കെയാണ് പോളണ്ടിലെ ഷെവാഡോഫിൽ മിസൈൽ പതിച്ചു രണ്ടു ഗ്രാമീണർ കൊല്ലപ്പെട്ടത്. മിസൈൽ ആക്രമണത്തെ കുറിച്ചു അമേരിക്കൻ സൈനിക വിദഗ്ധരുമായും പോളണ്ടുമായും ചർച്ച നടത്തിയ ശേഷം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആദ്യം വിരൽ ചൂണ്ടിയത് റഷ്യയ്ക്കു നേരെയാണ്. എന്നാൽ അധികം വൈകാതെ ജോ ബൈഡൻ തന്റെ പ്രസ്താവന മയപ്പെടുത്തുകയാണ് ചെയ്തത്. റഷ്യൻ മിസൈൽ എന്നു പറഞ്ഞ നാറ്റോയും പിന്നീട് മിസൈൽ യുക്രെയ്നിന്റേതാണെന്നും എന്നാൽ മിസൈൽ പതിക്കാനുള്ള കാരണം റഷ്യയുടെ നടപടികളാണെന്നും അതിനാൽ കുറ്റക്കാരൻ റഷ്യയാണെന്നും തിരുത്തിപ്പറഞ്ഞു. പോളണ്ടും പിന്നീട് ഇതേ പാത പിന്തുടർന്നു. തങ്ങളുടെ മിസൈൽ പോളണ്ടിൽ പതിച്ചിട്ടില്ലെന്നും നാറ്റോയും പോളണ്ടും ഉത്തരവാദിത്തത്തോടെ പ്രസ്താവന നടത്തണമെന്നും റഷ്യ ആദ്യമേ ആവശ്യപ്പെട്ടിരുന്നു.

 

എന്നാൽ, പോളണ്ടിൽ പതിച്ച മിസൈൽ റഷ്യയുടേതാണെന്ന വാദത്തിൽ യുക്രെയ്ൻ ഉറച്ചുനിൽക്കുകയാണ്. അതിനു ന്യായവും അവർ നിരത്തുന്നുണ്ട്. നാറ്റോയുടെ അവകാശവാദം പ്രകാരം, വ്യോമപ്രതിരോധ മിസൈൽ ആയ എസ്300 ആണ് പോളണ്ടിൽ പതിച്ചിട്ടുള്ളത്. യുക്രെയ്നിന്റെ കൈവശമുള്ള എസ്300 മിസൈലുകൾ കരയിൽ നിന്നു ആകാശത്തിലേക്കു തൊടുക്കാവുന്നതു മാത്രമാണ്. കരയിൽ നിന്നു കരയിലേക്കു തൊടുക്കാവുന്ന നവീകരിച്ച എസ്300 മിസൈലുകൾ കൈവശമുള്ളത് റഷ്യയ്ക്കും റഷ്യൻ സഖ്യകക്ഷിയായ ബെലാറൂസിനും മാത്രമാണുള്ളത്. ഇനി എന്തെങ്കിലും കാരണവശാൽ യുക്രെയ്ൻ തൊടുത്ത വ്യോമപ്രതിരോധ മിസൈൽ ലക്ഷ്യം തെറ്റിയാലും അതു ആകാശത്തുവച്ചു തന്നെ സ്വയം നശിക്കുന്ന സംവിധാനമുള്ളതിനാൽ കരയിൽ പതിച്ചു നാശമുണ്ടാകില്ലെന്നും യുക്രെയ്ൻ വാദിക്കുന്നു. മിസൈൽ പതിച്ച പോളണ്ടിലെ ഷെവാഡോഫിന്റെ ജിപിഎസ് കോഓർഡിനേഷൻ റഷ്യ തെറ്റായി മിസൈലിൽ ഉൾപ്പെടുത്തിയതാണെന്നും യുക്രെയ്ൻ വാദിക്കുന്നു. യുക്രെയ്ൻ തലസ്ഥാനമായ കീവിലെ ഇൻഡിപെൻഡന്റ് സ്ക്വയറിന്റെ ലാറ്റിറ്റ്യൂഡും മറ്റൊരു നഗരമായ ലെവീവിന്റെ ലോങ്ങിറ്റ്യൂഡും ഇടകലർത്തി റഷ്യ മിസൈലിൽ ഫീഡ് ചെയ്തപ്പോൾ വരുന്ന പോയിന്റിലാണ് പോളണ്ടിലെ ഷെവാഡോഫിന്റെ ജിപിഎസ് സ്ഥാനമെന്നും അവർ വാദിക്കുന്നു. 

 

യുക്രെയ്ൻ വാദം ശരിയാണെങ്കിൽ റഷ്യയുമായി നേരിട്ടൊരു യുദ്ധത്തിനു ആഗ്രഹിക്കാത്തതു കൊണ്ടാണു നാറ്റോയും പോളണ്ടും മിസൈൽ യുക്രെയ്നിന്റേതാണെന്നു പറയുന്നതെന്നു കരുതേണ്ടിയിരിക്കുന്നു. അതല്ലെങ്കിൽ റഷ്യൻ മുന്നേറ്റം തടയാൻ, നാറ്റോയെ നേരിട്ടു യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കാൻ യുക്രെയ്ൻ മനഃപൂർവം പോളണ്ടിലേക്ക് മിസൈൽ വിട്ടതാണെന്നും ചിന്തിക്കേണ്ടിരിക്കുന്നു. അങ്ങനെയെങ്കിൽ മൂന്നാം ലോകമഹായുദ്ധത്തിനു തുടക്കം കുറിക്കാൻ യുക്രെയ്ൻ നടപടി ധാരാളമായിരുന്നു. യുക്രെയ്ൻ വാദപ്രകാരം റഷ്യയാണ് പോളണ്ടിലേക്ക് മിസൈൽ അയച്ചതെങ്കിൽ നാറ്റോയുടെ പ്രതികരണം അറിയാനുള്ള ഒരു പരീക്ഷണ മിസൈൽ ആക്രമണമായിരുന്നു ഇതെന്നും കരുതേണ്ടിയിരിക്കുന്നു. എന്തുതന്നെയായാലും പോളണ്ടിലേക്കുള്ള മിസൈൽ ആക്രമണം പാശ്ചാത്യ ശക്തികളും യുക്രെയ്നും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെ സാരമായി ബാധിച്ചു കൊണ്ടിരിക്കുകയാണ്. 

 

യുക്രെയ്ൻ യുദ്ധം തുടങ്ങിയ ദിവസം മുതൽ പോളണ്ടിൽ കനത്ത വ്യോമസുരക്ഷയും നിരീക്ഷണവും നാറ്റോ ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. 24 മണിക്കൂറും പോളണ്ടിന്റെ ആകാശത്ത് നാറ്റോയുടെ വ്യോമനിരീക്ഷണ വിമാനമായ അവാക്സ് വിമാനങ്ങൾ പറക്കുന്നുണ്ട്. റഷ്യ യുക്രെയ്നിനു മേൽ നടത്തുന്ന ആക്രമണങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനാണ് നാറ്റോ ഇത്തരം വ്യോമനിരീക്ഷണ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. കൂടാതെ അമേരിക്കൻ‌ നസാംസ് വ്യോമപ്രതിരോധ സംവിധാനവും പേട്രിയട്ട് മിസൈൽ സംവിധാനവും പോളണ്ടിൽ പ്രവർത്തനക്ഷമമാണ്. അതിനെയെല്ലാം മറികടന്നാണ് പോളണ്ടിൽ മിസൈൽ പതിച്ചിട്ടുള്ളതെന്നത് നാറ്റോയുടെയും പരാജയമായി മാറിയിട്ടുണ്ട്.

 

∙ ഹേഴ്സണിലെ പിൻമാറ്റം പരാജയമോ?

 

യുക്രെയ്നിനെതിരെ പ്രത്യേക സൈനിക നടപടി പ്രഖ്യാപിച്ചതിനു പിന്നാലെ റഷ്യ റഷ്യ കൈവശപ്പെടുത്തിയ പ്രധാന നഗരമായിരുന്നു ഹേഴ്സൺ. അതിനാൽ തന്നെ ഹേഴ്സണിൽ‌ നിന്നുള്ള റഷ്യൻ പിൻമാറ്റം യുക്രെയ്നിനെ സംബന്ധിച്ചിടത്തോളം വലിയ വിജയമാണ്. എന്നാൽ, റഷ്യയ്ക്കിത് തന്ത്രപരമായ പിൻമാറ്റമാണ്. ഹേഴ്സണിൽ ഡിനിപ്രോ നദിയുടെ പടിഞ്ഞാറൻ മേഖലയിൽനിന്നു മാത്രമാണ് റഷ്യൻ സേന പിൻമാറിയിട്ടുള്ളതെന്ന് അവഗണിക്കാൻ കഴിയാത്ത യാഥാർഥ്യമായി തുടരുകയാണ്. ഹേഴ്സൺ നഗരം യുക്രെയ്ൻ നിയന്ത്രണത്തിലായിട്ടുണ്ടെങ്കിലും ഹേഴ്സൺ പ്രവശ്യയുടെ 70% ഭൂപ്രദേശങ്ങളും ഇപ്പോഴും റഷ്യൻ നിയന്ത്രണത്തിലാണ്. ഡിനിപ്രോ നദി മുറിച്ചുകടന്നു മറുകരയിൽ മൂന്നു നിരയായി പ്രതിരോധ സന്നാഹങ്ങൾ ഒരുക്കിയിട്ടുള്ള റഷ്യയുടെ സൈനിക നിരകളെ മറികടന്ന് ഹേഴ്സൺ പൂർ‌ണമായി മോചിപ്പിക്കുകയെന്നത് യുക്രെയ്നിന് ബാലികേറാ മലയാണ്. പക്ഷെ ഹേഴ്സനിൽ നിന്നു കിഴക്കൻ മേഖലയിലെ റഷ്യൻ റഷ്യൻ സൈനിക കേന്ദ്രങ്ങളെയും ആയുധ ഡിപ്പോകളെയും ഹിമാഴ്സ് റോക്കറ്റുകളുപയോഗിച്ച് ആക്രമിക്കാൻ യുക്രെയ്നിനു സാധിക്കും.

 

നേരത്തേ, ഡിനിപ്രോ നദിയിലെ തന്ത്രപ്രധാനമായ ആന്റനോവിസ്കി പാലം യുക്രെയ്ൻ‌ ഹിമാഴ്സ് റോക്കറ്റ് ആക്രമണത്തിൽ ഭാഗികമായി തകർത്തിരുന്നു. പിന്നീട് പാലത്തിനോട് ചേർന്നു താൽക്കാലിക പാന്റൂൺ ബ്രിജ് നിർമിച്ചാണ് റഷ്യ മറുകരയിലുള്ള സൈനികർക്കുള്ള ആയുധങ്ങളും ഇന്ധനവുമെല്ലാം എത്തിച്ചുകൊണ്ടിരുന്നത്. ഈ താൽക്കാലിക പാലവും പലപ്പോഴും യുക്രെയ്ൻ ആക്രമണത്തിനു വിധേയമായിരുന്നു. ഇതോടെ നദിയുടെ പടിഞ്ഞാറൻ മേഖലയിൽ സൈനികരെ മഞ്ഞുകാലത്ത് നിലനിർത്തുകയെന്നത് റഷ്യയ്ക്ക് തീർത്തും ആത്മഹത്യാപരമായ നടപടിയായിരുന്നു. കൂടാതെ റഷ്യൻ നിയന്ത്രണത്തിലുള്ള നോവ കഹോവ്ക ഡാമിനു നേർക്കുള്ള യുക്രെയ്ൻ ആക്രമണങ്ങളും റഷ്യൻ പിൻമാറ്റത്തെ സ്വാധീനിച്ചു. ഡാം തകർക്കപ്പെടുകയാണെങ്കിൽ ഹേഴ്സണിൽ തമ്പടിച്ചിട്ടുള്ള റഷ്യൻ സൈന്യത്തിനു സർവനാശം സംഭവിക്കുമെന്നു മനസിലാക്കിയതോടെയാണു റഷ്യ പിൻമാറാൻ തീരുമാനിച്ചത്. ഹേഴ്സണിലെ പിൻമാറ്റത്തോട് റഷ്യയിൽ തന്നെ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. വ്ലാഡിമിർ പുട്ടിന്റെ തലച്ചോറ് എന്നു വിശേഷണമുള്ള അലക്സാണ്ടർ ഡ്യൂഗിൻ പോലും ഈ പിൻമാറ്റത്തോട് കടുത്ത എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ സൈനികരെ ബലികഴിക്കാനില്ലെന്ന റഷ്യൻ ജനറൽ സെർജിയോ സുറോവിക്കിന്റെ തീരുമാനം ഒടുവിൽ അംഗീകരിക്കപ്പെടുകയായിരുന്നു.

 

∙ ഹേഴ്സൺ തന്ത്രപ്രധാനമായ സ്ഥാനം

 

യുക്രെയ്നിൽ പ്രത്യേക സൈനിക നടപടി തുടങ്ങിയ ഫെബ്രുവരി 24നു തന്നെ റഷ്യൻ പാരാ കമാൻഡോകൾ ഹേഴ്സണിലെ നോവ കഹോവ്ക ഡാമിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. പിന്നാലെ മാർച്ച് ആദ്യവാരത്തോടെ ഹേഴ്സണിന്റെ നിയന്ത്രണം ഏറെക്കുറെ റഷ്യയുടെ കൈവശമാകുകയും ചെയ്തു. യുക്രെയ്നുമായുള്ള യുദ്ധത്തിൽ പുട്ടിന്റെ ഏറ്റവും വലിയ സൈനിക ലക്ഷ്യങ്ങളിലൊന്ന് നോവ കഹോവ്ക ഡാമിന്റെ നിയന്ത്രണമായിരുന്നു. കാരണം റഷ്യ 2014ൽ പിടിച്ചെടുത്ത ക്രൈമിയയിലേക്കുള്ള ശുദ്ധജലത്തിന്റെ 85% നൽകിയിരുന്ന നോർത്ത് ക്രൈമിയൻ കനാൽ തുടങ്ങുന്നത് ഈ ഡാമിൽ നിന്നാണ്. റഷ്യ ക്രൈമിയ പിടിച്ചെടുത്തതോടെ 2017ൽ ഈ കനാൽ യുക്രെയ്ൻ പൂർണമായും അടച്ചിരുന്നു. 2020ലും 2021ലുമുണ്ടായ കഠിനമായ വരൾച്ച ക്രൈമിയയുടെ നിലനിൽപ്പു തന്നെ അപകടത്തിലാക്കിയപ്പോൾ കനാൽ ബലമായി തുറപ്പിക്കാൻ പോലും റഷ്യ തയാറെടുത്തിരുന്നു. റഷ്യൻ സ്പെഷൽ മിലിറ്ററി ഓപ്പറേഷന്റെ ഏറ്റവും പ്രധാനമായ ലക്ഷ്യവും ഈ കനാലിന്റെ നിയന്ത്രണമായിരുന്നു. കനാലിനു തടസ്സമായി യുക്രെയ്ൻ നിർമിച്ച തടയണ യുദ്ധത്തിന്റെ ഒന്നാം ദിവസം തന്നെ തകർത്ത് ക്രൈമിയയിലേക്ക് റഷ്യ വെള്ളമെത്തിച്ചിരുന്നു. അതിനാൽ തന്നെ വെടിനിർത്തൽ പ്രഖ്യാപിച്ചാലും ഹേഴ്സണിന്റെ കിഴക്കൻ‌ മേഖല റഷ്യ ഇനിയൊരിക്കിലും യുക്രെയ്നിനു വിട്ടുനൽകാൻ സാധ്യതയില്ലെന്നു പല സൈനിക നിരീക്ഷകരും കണക്കുകൂട്ടുന്നു. ഹേഴ്സണിന്റെ കിഴക്കൻ മേഖല റഷ്യ വിട്ടുകൊടുത്താൽ ആ മേഖലയിൽ നിന്നു യുക്രെയ്നിനു ക്രൈമിയയിലേക്കു ഹിമാഴ്സ് റോക്കറ്റ് ആക്രമണം നടത്താനാകുമെന്നതും ഈ തീരുമാനത്തിനു പിന്നിലുണ്ട്. കൂടാതെ ക്രൈമിയയിലേക്കു കരമാർഗമെന്ന റഷ്യൻ പദ്ധതിക്കും ഹേഴ്സണിന്റെ കിഴക്കൻ‌ മേഖലയുടെ നിയന്ത്രണം അനിവാര്യമാണ്.

 

ഹേഴ്സണിൽ നിന്നു പിൻമാറിയപ്പോൾ യുക്രെയ്ൻ ആക്രമണത്തിൽ തകർന്ന ആന്റനോവിസ്കി പാലം ഏറെക്കുറെ പൂർണമായും തകർത്തിട്ടാണ് റഷ്യ പിൻമാറിയത്. കൂടാതെ ഹേഴ്സന്റെ കിഴക്കൻ മേഖലയെയും പടിഞ്ഞാറൻ മേഖലയെയും ബന്ധിപ്പിക്കുന്ന റെയിൽവേ പാലവും നോവ കഹോവ്ക ഡാമിലെ പാലവും റഷ്യ തകർത്തിരുന്നു. അതിനാൽ സൈനിക ടാങ്കുകളോ കവചിത വാഹനങ്ങളോ വലിയ ആയുധങ്ങളോ മറുകരയെത്തിച്ചു കിഴക്കൻ മേഖല ആക്രമിക്കാൻ അടുത്ത കാലത്തൊന്നും യുക്രെയ്നിനു സാധിക്കില്ല. ബോട്ടുകളിൽ നദി മുറിച്ചുകടന്നു റഷ്യൻ നിയന്ത്രിത മേഖലയിൽ അട്ടിമറികൾ നടത്താനോ ജലത്തിലൂടെയും കരയിലൂടെയും സഞ്ചരിക്കാൻ കഴിയുന്ന ആംബിബിയസ് വാഹനങ്ങളിലൂടെയുള്ള പരിമിതമായ ആക്രമണങ്ങൾ നടത്താനോ മാത്രമായിരിക്കും സാധിക്കുക. അതിനാൽ യുക്രെയ്നിനെയും റഷ്യയെയും വേർത്തിരിക്കുന്ന പ്രകൃതി നിർമിതമായ അതിർത്തിയായി ഡിനിപ്രോ നദി മാറുമെന്നു ലണ്ടൻ കിങ്സ് കോളജിലെ വാർ സ്റ്റഡീസ് വിദഗ്ധർ പറയുന്നു. ഹേഴ്സൺ മുതൽ സപൊറിഷ്യ പ്രവിശ്യ വരെ ഡിനിപ്രോ നദി ഭാവിയിൽ യുക്രെയ്ൻ– റഷ്യൻ സ്ഥിരം അതിർത്തിയായി മാറുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

 

∙ ആർക്കും ജയിക്കാൻ കഴിയാത്ത യുദ്ധം; വെടിനിർത്തലിന് കളമൊരുങ്ങുന്നു?

 

റഷ്യയ്ക്കെതിരെ സൈനികമായി യുക്രെയ്നിനു പൂർണമായി ജയിക്കാനാകില്ലെന്നു അമേരിക്കൻ സംയുക്ത സൈനിക ജനറലായ മാർക്ക് മില്ലി പെന്റഗണിൽ നടന്ന വാർത്താസമ്മേളനത്തിൽ തുറന്നു പറഞ്ഞത്, യുക്രെയ്ൻ യുദ്ധത്തിലുള്ള അമേരിക്കൻ നിലപാടിനെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് എത്തിച്ചിട്ടുണ്ട്. യുദ്ധത്തിൽ യുക്രെയ്ൻ സൈന്യത്തിന്റെ പോരാട്ടവീര്യത്തെ പുകഴ്ത്തിയ മാർക്ക് മില്ലി, യുദ്ധത്തിനു സൈനികമായി പരിഹാരം കാണാൻ റഷ്യയ്ക്കോ യുക്രെയ്നിനോ സാധിക്കില്ലെന്നും നയതന്ത്രത്തിന്റെ വഴികളാണു പരിഹാരമെന്നും എടുത്തുപറഞ്ഞത് അമേരിക്കൻ നിലപാടുമാറ്റമായി വിലയിരുത്തപ്പെടുന്നുണ്ട്. ചർ‌ച്ചകൾക്കുള്ള അവസരങ്ങൾ വീണുകിട്ടിയാൽ അതുപയോഗപ്പെടുത്തണമെന്നും മാർക്ക് മില്ലി പറഞ്ഞുവച്ചു. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ കീഴിലുള്ള ദേശീയ സുരക്ഷാ സംഘം ഇതിനോടു വിയോജിക്കുകയാണ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സളിവനും ചർച്ചകൾക്കായി തയാറെടുക്കണമെന്നു പറയുമ്പോഴും ജോ ബൈഡന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയാണ്. എന്തുവന്നാലും യുക്രെയ്നിനു സൈനികമായും സൈനികേതരമായും സഹായം തുടരുമെന്ന ജോ ബൈഡന്റെ വാക്കുകൾ യുദ്ധത്തിലുള്ള അമേരിക്കൻ ആശയക്കുഴപ്പം വ്യക്തമാക്കുന്നതാണെന്നു നിരീക്ഷകർ കരുതുന്നു.

 

തുർക്കിയിൽ അമേരിക്കയും റഷ്യയും തമ്മിൽ ചർച്ച നടന്നെങ്കിലും അതു യുക്രെയ്ൻ– റഷ്യ യുദ്ധത്തെ കുറിച്ചല്ലെന്നാണ് അമേരിക്കയുടെ വാദം. റഷ്യയുടെ കസ്റ്റഡിയിലുള്ള അമേരിക്കൻ പൗരന്മാരെ വിട്ടുകിട്ടാനായിരുന്നു ചർച്ചയെന്നായിരുന്നു ആദ്യത്തെ അമേരിക്കൻ വാദം. എന്നാൽ യുദ്ധത്തിൽ അണ്വായുധം ഉപയോഗിക്കുന്നതിൽ നിന്നു റഷ്യയെ പിന്തിരിപ്പിക്കാനുള്ള ചർച്ചകൾ നടന്നതായി പിന്നീട് പെന്റഗൺ സ്ഥിരീകരിച്ചിരുന്നു. വെടിനിർത്തൽ ചർച്ചകൾക്ക് കളമൊരുക്കുകയായിരുന്നു ഈ രഹസ്യ ചർച്ചയുടെ അന്തിമമായ ഉദ്ദേശമെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. ഇതിന്റെ ഭാഗമായാണ് ഹേഴ്സണിൽ നിന്നുള്ള റഷ്യൻ പിൻമാറ്റമെന്നും അവർ പറയുന്നു. വെടിനിർത്തൽ ചർച്ചകൾക്കു കളമൊരുങ്ങുന്നതായി റഷ്യയുടെ ഭാഗത്തുനിന്നുള്ള ചില സൂചനകളും വന്നു തുടങ്ങിയിട്ടുണ്ട്. യുക്രെയ്നിൽ ഭരണമാറ്റം ആവശ്യമില്ലെന്ന റഷ്യൻ വക്താവ് ദിമിത്രി പെഷ്കോവിന്റെ പ്രസ്താവന യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കിയെ ആശ്വസിപ്പിക്കാനും വെടിനിർത്തലിനു പ്രേരിപ്പിക്കാനുമാണെന്നു പൊതുവെ വിലയിരുത്തപ്പെടുന്നു.

 

∙ മുഖം തിരിച്ച് യുക്രെയ്ൻ

 

വെടിനിർത്തണമെങ്കിൽ ക്രൈമിയ അടക്കം റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങളെല്ലാം വിട്ടുകിട്ടണമെന്നാണ് യുക്രെയ്നിന്റെ ആവശ്യം. കൂടാതെ പുട്ടിനുമായി ചർച്ച നടത്താനൊരുക്കമല്ലെന്നും വേണമെങ്കിൽ പുതിയ റഷ്യൻ പ്രസിഡന്റിനോട് ചർ‌ച്ചയാകാമെന്നും സെലൻസ്കി പറയുന്നു. എന്നാൽ ക്രൈമിയ ഒരിക്കലും വിട്ടുകിട്ടുകയില്ലെന്നും പുട്ടിനുമായി ചർ‌ച്ചകൾക്ക് യുക്രെയ്ൻ തയാറാകണമെന്നുമാണ് നാറ്റോയിലെ അംഗങ്ങളടക്കം യൂറോപ്പിലെ ഒട്ടു മിക്ക രാഷ്ട്രത്തലവൻമാരും സെലൻസ്കിയോട് ഒളിഞ്ഞും തെളിഞ്ഞും സൂചിപ്പിക്കുന്നത്. യുക്രെയ്നിന്റെ പുനർനിർമാണത്തിനാവശ്യമായ തുകയും റഷ്യയിൽ നിന്ന് ഇടാക്കണമെന്നും സെലൻസ്കി വെടിനിർത്തലിനുള്ള ആവശ്യമായി മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇതേ വിഷയത്തിൽ യുഎൻ ജനറൽ അസംബ്ലിയും പ്രമേയം പാസ്സാക്കിയിരുന്നു. ഇതിനെ റഷ്യ ശക്തമായി എതിർത്തിരുന്നു. സാമ്പത്തിക ഉപരോധത്തെ തുടർ‌ന്ന് അമേരിക്കൻ ബാങ്കുകൾ മരവിപ്പിച്ച 300 ബില്യൻ വരുന്ന റഷ്യൻ കരുതൽ നിക്ഷേപം തട്ടിയെടുക്കാനുള്ള ഉപായമാണ് ഇതെന്നാണ് റഷ്യൻ സെക്യൂരിറ്റി കൗൺസിൽ ഡപ്യൂട്ടി ചെയർമാനായ ദിമിത്രി മെദ്‌വദേവ് കുറ്റപ്പെടുത്തിയത്.

 

∙ കുതിച്ചു കയറി യുദ്ധ ബജറ്റ്

 

യുക്രെയ്ൻ– റഷ്യ യുദ്ധം നീളുമ്പോൾ യുദ്ധബജറ്റും കുതിച്ചുയരുകയാണ്. 7770 കോടി യുഎസ് ഡോളർ ഇതുവരെ റഷ്യ യുദ്ധാവശ്യത്തിനായി ചെലവഴിച്ചുവെന്നാണ് ജർമൻ പ്രതിരോധ പഠന കേന്ദ്രമായ കിയാൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്ക്. 2023ൽ പ്രതിരോധ ബജറ്റിൽ 40 ശതമാനം വർധനയാണു റഷ്യ വരുത്തിയിരിക്കുന്നത്. യുക്രെയ്നിനുള്ള സൈനിക– സൈനികേതര സഹായത്തിനായി അമേരിക്ക ഇതുവരെ 5443 കോടി ഡോളർ ചെലവഴിച്ചെന്ന് കിയാൽ ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു. 3700 കോടി ഡോളറിന്റെ സഹായം കൂടി യുക്രെയ്നിനു നൽകാനായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കോൺഗ്രസിന്റെ അനുമതി തേടിയിട്ടുണ്ട്. ഇത് അംഗീകരിക്കപ്പെട്ടാൽ യുദ്ധം തുടങ്ങിയ ശേഷം യുക്രെയ്നിനുള്ള അമേരിക്കൻ സൈനിക– സൈനികേതര സഹായം മൊത്തം 9100 കോടി ഡോളറായി ഉയരും. യൂറോപ്യൻ യൂണിയൻ ഇതുവരെ യുക്രെയ്നിനു സഹായമായി 3045 കോടി ഡോളർ നൽകി. യുകെയാകട്ടെ ഏതാണ് 400 കോടി ഡോളറോളം സഹായമായി നൽകി. അഫ്ഗാനിസ്ഥാനിലെ 20 വർഷം നീണ്ടു നിന്ന അധിനിവേശത്തിന് ഏകദേശം മൂന്നു ലക്ഷം കോടി ഡോളറോളം അമേരിക്ക ചെലവഴിച്ചുവെന്നാണു കണക്ക്. ഇതിൽ 7300 കോടി ഡോളർ മാത്രമാണ് അഫ്ഗാന്റെ പുനർനിർമാണത്തിനായി ചെലവഴിച്ചത്. ബാക്കിയെല്ലാം യുദ്ധച്ചെലവുകളായിരുന്നു. യുക്രെയ്ൻ– റഷ്യൻ യുദ്ധം നീളുകയാണെങ്കിൽ അമേരിക്ക അഫ്ഗാനിൽ ചെലവഴിച്ചതിനേക്കാൾ തുക യുക്രെയ്നിൽ ചെലവഴിക്കേണ്ടിവരുമെന്നതിനു സംശയമില്ല. മറ്റൊരു വിയറ്റ്നാമായി യുക്രെയ്ൻ മാറുമോയെന്ന ആശങ്കയും അമേരിക്കൻ പ്രതിരോധ വിദഗ്ധർ ഉയർത്തുന്നുണ്ട്.

 

∙ ആയുധപ്പുരകൾ ഒഴിഞ്ഞ് യുക്രെയ്ൻ

 

റഷ്യയുമായുള്ള യുദ്ധം നിർണായകമായ ഘട്ടത്തിലേക്ക് കടക്കുമ്പോൾ മതിയായ ആയുധങ്ങളില്ലാതെ വലയുകയാണ് യുക്രെയ്ൻ. ആയുധ സംഭരണ കേന്ദ്രങ്ങളെയും നിർമാണ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള റഷ്യൻ ക്രൂസ് മിസൈൽ ആക്രമണങ്ങൾ‌ കനത്ത നാശമാണ് യുക്രെയ്നിനു സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. കൂടാതെ ഇറാനിയൻ നിർമിത ഷാഹിദ് 136 ക്വാമക്കോസി ഡ്രോണുകളും റഷ്യൻ നിർമിത ലാൻസെറ്റ് ക്വാമക്കോസി ‍ഡ്രോണുകളും യുക്രെയ്നിന്റെ വ്യോമപ്രതിരോധങ്ങളെ ഏറെക്കുറെ തകർത്തു നാശമാക്കിയിട്ടുണ്ട്. കൂടാതെ അമേരിക്കയിൽ നിന്നു ലഭിച്ച ഒട്ടേറെ എം777 ഹൊവിസ്റ്റുകളും ഇത്തരം ക്വാമക്കോസി ഡ്രോണുകളുടെ ആക്രമണത്തിൽ തകർന്നിട്ടുണ്ട്. അമേരിക്കൻ നിർമിത ഹിമാഴ്സ് റോക്കറ്റ് ലോഞ്ചറുകളും ഇത്തരം ആക്രമണത്തിൽ തകർത്തതായി റഷ്യ അവകാശപ്പെട്ടിരുന്നു. എന്നാൽ അമേരിക്കയും യുക്രെയ്നും ഇത് ആവർത്തിച്ചു നിഷേധിച്ചുകൊണ്ടിരിക്കുകയാണ്. 

 

അമേരിക്ക യുക്രെയ്നിനു നൽകിയ 350 ദീർഘദൂര പീരങ്കികളിൽ‌ മൂന്നിലൊന്നും തകരാറിലായതായി അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇവയുടെ അറ്റകുറ്റപ്പണികൾക്കായി അമേരിക്ക പോളണ്ടിൽ സർവീസ് സെന്റർ തുടങ്ങിയെന്നും റിപ്പോർട്ട് പറയുന്നു. കൂടാതെ ജർമനിയിൽ‌നിന്നു ലഭിച്ച പിഇസെഡ്എച്ച് 2000 ഹൊവിസ്റ്ററുകളും തകരാറിലായിരുന്നു. ഇതിനു കാരണമായി ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാണിക്കുന്നതു, നിലവാരമില്ലാത്ത ഷെല്ലുകൾ ഉപയോഗിച്ചതും പ്രതിദിനം 300 റൗണ്ട് എന്ന പരിധി ലംഘിച്ചു കൂടുതൽ ഉപയോഗിച്ചതുമാണ്. നൽകുന്ന ആയുധങ്ങൾ യുക്രെയ്ൻ അതിവേഗം ഉപയോഗിച്ചു തീർക്കുകയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു. യുക്രെയ്നിന് ആവശ്യമായ ചെറുകിട ആയുധങ്ങൾ നൽകാൻ നാറ്റോയ്ക്കും അമേരിക്കയ്ക്കും സാധിക്കാത്തതിനാൽ തെക്കൻ കൊറിയയിൽ നിന്നും തായ്‌വാനിൽ നിന്നും ആയുധങ്ങൾ ഇറക്കുമതി ചെയ്തു നൽകുകയാണ് അമേരിക്ക ഇപ്പോൾ. കൂടാതെ യുക്രെയ്നിനു നൽകുന്ന ആയുധങ്ങളിൽ ഒരു വിഭാഗം കരിഞ്ചന്തയിലൂടെ സായുധ സംഘങ്ങളുടെയും തീവ്രവാദികളുടെയും കൈകളിലേക്ക് എത്തിച്ചേരുന്നതായും ആരോപണമുണ്ട്. ഇതേത്തുടർന്ന്, യുക്രെയ്നിനു നൽകിയ ആയുധങ്ങളുടെ ഓഡിറ്റിങ്ങിനുള്ള നടപടികളിലാണ് അമേരിക്ക.

 

∙ പുത്തൻ ആയുധങ്ങൾ പുറത്തെടുത്ത് റഷ്യ

 

യുക്രെയ്ൻ ആവനാഴികളൊഴിയുമ്പോഴും പുതിയ ആയുധങ്ങൾ യുദ്ധരംഗത്തിറക്കി ലോകരാജ്യങ്ങളെ അമ്പരപ്പിക്കുകയാണ് റഷ്യ. റഷ്യയുടെ ആയുധക്കരുത്തിനെയും വൈവിധ്യത്തെയും അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പരോക്ഷമായി അഭിനന്ദിക്കുക പോലുമുണ്ടായി. യുക്രെയ്നിന്റെ വ്യോമപ്രതിരോധങ്ങളെ വിലകുറഞ്ഞ ഇറാനിയൻ ക്വാമക്കോസി ഡ്രോണുകൾ ഉപയോഗിച്ചു തകർത്ത റഷ്യ, യുക്രെയ്ൻ വ്യോമപരിധിയിൽ ഏറെക്കുറെ മേധാവിത്വം നേടിക്കഴിഞ്ഞു. ഇതിനു പിന്നാലെ ചരിത്രത്തിലാദ്യമായി റഷ്യ എസ്‌യു 57 ഫിഫ്ത്ത് ജനറേഷൻ യുദ്ധവിമാനങ്ങൾ ഉപയോഗിച്ചു യുക്രെയ്നിൽ മിസൈൽ ആക്രമണം നടത്തിയത് അമേരിക്കയെ പോലും ഞെട്ടിച്ചിട്ടുണ്ട്. ഉപരോധത്തെ തുടർന്ന് ആവശ്യമായ ചിപ്പുകൾ ലഭിക്കാതെ വന്നതോടെ ഇത്തരം യുദ്ധവിമാനങ്ങളുടെ വികസനം റഷ്യ ഉപേക്ഷിച്ചെന്നായിരുന്നു പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്. 

 

അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ വികസനത്തിന് റഷ്യയുമായി കൈകോർത്ത ഇന്ത്യ പിൻമാറിയതും ഉപരോധം മൂലം റഷ്യ നേരിട്ട ചിപ്പുക്ഷാമം മൂലമാണെന്നു അണിയക്കഥകളുണ്ടായിരുന്നു. എന്നാൽ യുക്രെയ്നിന്റെ ആകാശങ്ങളിൽ റഡാറുകളുടെ കണ്ണുവെട്ടിച്ച് എസ്‌യു 57 യുദ്ധവിമാനങ്ങൾ കനത്ത ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു. കൂടാതെ ടിഒഎസ്1എ തെർമോബാറിക് റോക്കറ്റ് ലോഞ്ചർ എന്ന ഹെവി ഫ്ലെയിം ത്രോവർ സിസ്റ്റവും പാശ്ചാത്യ ശക്തികളെ അമ്പരപ്പിച്ചിട്ടുണ്ട്. 600 മീറ്റർ മുതൽ 6000 മീറ്റർ പരിധിയുള്ള തെർമോബാറിക് ഷെല്ലുകൾ ഉപയോഗിക്കുന്ന ഇത്തരം റോക്കറ്റ് ലോഞ്ചറുകളുപയോഗിച്ച് യുക്രെയ്ൻ മുൻനിരകളെ റഷ്യ ഭസ്മമാക്കുന്ന കാഴ്ചകൾക്ക് ലോകം സാക്ഷ്യം വഹിക്കുകയാണ്.

 

∙ ശക്തമാകുന്ന ആണവഭീഷണി

 

യുക്രെയ്നിനെതിരെ റഷ്യ ഇലക്ട്രോ മാഗ്നറ്റിക് പൾസ് (ഇഎംപി) ആയുധം ഉപയോഗിക്കുമോയെന്ന ആശങ്കയും ശക്തമാകുന്നു. യുക്രെയ്നിന്റെ പ്രതിരോധത്തെയും സൈനിക സന്നാഹങ്ങളെയും നിശ്ചലമാക്കാൻ റഷ്യ ഇഎംപി പ്രയോഗിച്ചേക്കുമെന്ന മുന്നറിയിപ്പ് യൂണിവേഴ്സൽ പീസ് ഫെഡറേഷൻ വിദഗ്ധർ നൽകുന്നുണ്ട്. മനുഷ്യർക്കോ മറ്റു ജീവികൾക്കോ നാശം വരുത്താതെ സങ്കീർണമായ സൈനിക ഉപകരണങ്ങൾക്കും ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങൾക്കും വൈദ്യുത ശൃംഖലകൾക്കും നാശം വരുത്താൻ ഇത്തരം ആയുധങ്ങൾക്കു കഴിയും. അന്തരീക്ഷത്തിന്റെ പുറംപാളിയിൽ നടത്തുന്ന സ്ഫോടനത്തിന്റെ ഫലമായി ഗാമ കിരണങ്ങളിലൂടെ അത്യധികം ഉയർന്ന ഊർജം പുറത്തുവിടുന്ന ഇത്തരം ആയുധങ്ങൾ ഉപഗ്രഹങ്ങളെ വരെ നിശ്ചലമാക്കാൻ പര്യാപ്തമാണ്. ആണവ ഇഎംപികൾക്കു പുറമെ ആണവേതര ഇഎംപിയും വികസിപ്പിച്ചതായി റഷ്യ നേരത്തേ തന്നെ അവകാശപ്പെട്ടിട്ടുണ്ട്. 

 

കൂടാതെ കാലാവധി കഴിയാറായ ആണവ മിസൈലുകൾ ആണവ പോർമുനയില്ലാതെ റഷ്യ യുക്രെയ്നിനു നേർക്കു പ്രയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിൽ സംഭവിച്ചേക്കാവുന്ന ഏതെങ്കിലും ഒരു അബദ്ധം ആണവ യുദ്ധത്തിലേക്ക് എത്തിച്ചേക്കാം. കൂടാതെ റഷ്യൻ നിയന്ത്രണത്തിലുള്ള സപൊറീഷ്യ ആണവ നിലയത്തിനു നേർക്കു യുക്രെയ്ൻ നിരന്തരം റോക്കറ്റ് ആക്രമണം നടത്തുന്നുണ്ട്. ആണവ പ്ലാന്റിൽ റഷ്യ ആയുധങ്ങൾ സംഭരിച്ചിട്ടുണ്ടെന്നുള്ളതാണ് യുക്രെയ്ൻ ആക്രമണങ്ങൾക്കു കാരണം. റോക്കറ്റ് ആക്രമണത്തിൽ വരുന്ന ഏതൊരു കൈപ്പിഴയും പ്ലാന്റിന്റെ തകർ‌ച്ചയ്ക്കും ആണവപ്രസരണത്തിനും വഴിതെളിച്ചേക്കും. കൂടാതെ നോവ കഹോവ്ക ഡാം തകർക്കപ്പെടുന്നതും സപൊറീഷ്യ ആണവ നിലയത്തിന്റെ തകർച്ചയ്ക്കു വഴിയൊരുക്കും. ആണവ നിലയത്തിന്റെ നിലനിൽപ്പിനാവശ്യമായ ജലനിരപ്പ് ക്രമീകരിക്കുന്നതിൽ നോവ കഹോവ്ക ഡാമിന് സുപ്രധാന പങ്കുണ്ട്.

 

∙ യുദ്ധത്തിന് അറുതി വേണമെന്ന് ലോകം

 

യുക്രെയ്ൻ – റഷ്യൻ യുദ്ധത്തിന് അറുതിവേണമെന്ന ആവശ്യം ലോകത്തെമ്പാടും ശക്തമാകുകയാണ്. യുദ്ധം വരുത്തിവച്ച സാമ്പത്തിക–ഊർജ പ്രതിസന്ധി ലോകത്തെ സർവനാശത്തിലേക്കു തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. ഒട്ടേറെ വികസ്വര രാജ്യങ്ങൾ‌ അതികഠിനമായ സാമ്പത്തിക പ്രതിസന്ധിയിലേക്കു വീണുകഴിഞ്ഞു. ഉയർ‌ന്ന വിലക്കയറ്റവും വൈദ്യുതച്ചെലവുകളും യൂറോപ്പിലടക്കം ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിനു വഴിതെളിക്കുന്നു. ഇന്തൊനീഷ്യയിലെ ബാലിയിൽ നടന്ന ജി 20 സമ്മേളനവും, യുദ്ധത്തിന് അവസാനം വേണമെന്നും സമാധാന ചർച്ച തുടങ്ങണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുദ്ധത്തിൽ റഷ്യയെ വിമർശിച്ചുള്ള പ്രമേയം പാസാക്കുമെന്ന് ഉറപ്പായതോടെ റഷ്യൻ വിദേശകാര്യമന്ത്രി സെർജിയോ ലാവ്റോവ് പ്രമേയത്തിനു മുൻപേ മടങ്ങുകയും തൊട്ടടുത്ത ദിവസം റഷ്യ യുക്രെയ്നിനു മേൽ ഏറ്റവും കനത്ത മിസൈൽ ആക്രമണം അഴിച്ചുവിടുകയും ചെയ്യുകയായിരുന്നു. 

 

എന്തുതന്നെയായാലും യുദ്ധത്തിന് അറുതിവേണമെന്ന് ലോകരാജ്യങ്ങളെല്ലാം ആഗ്രഹിക്കുമ്പോൾ അതിനെതിരെ അധികം കാലം മുഖംതിരിക്കാൻ യുക്രെയ്നിനും റഷ്യയ്ക്കും സാധിക്കില്ലെന്നാണ് പ്രതീക്ഷ. വിജയിക്കില്ലെന്നുറപ്പായ യുദ്ധത്തിൽ നിന്നു നാണംകെടാതെ തടിയൂരാൻ കഴിയുമെങ്കിൽ നാറ്റോയും അമേരിക്കയും പിന്നാക്കം പോകുമെന്നും അതു സമാധാനത്തിന്റെ വിത്തുവിതയ്ക്കുമെന്നും പ്രതീക്ഷിക്കുന്നവരും ഏറെയാണ്. എല്ലാ പ്രതീക്ഷകളും ഈ മഞ്ഞുകാലത്തെ ആശ്രയിച്ചിരിക്കുമെന്ന് ഉറപ്പാണ്. വൈദ്യുതിക്ഷാമവും ആയുധബലവും പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ ചർച്ചകൾക്ക് വ്ളാഡിമിർ സെലൻസ്കി തയാറാകുമെന്നും മുൻധാരണകളില്ലാതെ പിടിവാശികളില്ലാതെ റഷ്യയും ഒത്തുതീർപ്പിനു സജ്ജമാകുമെന്നും ലോകത്തിനു പ്രതീക്ഷിക്കാം. മറിച്ചാണെങ്കിൽ ഈ മ‍ഞ്ഞുകാലം പിന്നിടുന്നതോടെ സമാനതകളില്ലാത്ത യുദ്ധദുരിതം യുക്രെയ്നിന്റെ അതിരുകൾ കടന്നു ലോകമെങ്ങും കൂടുതൽ ശക്തമായേക്കാം. അതൊരു പക്ഷേ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് ലോകത്തെ തള്ളിവിടുകയും ചെയ്തേക്കാം.

 

ലേഖകന്റെ ഇമെയിൽ വിലാസം: nishadkurian@mm.co.in

 

English Summary: Russia-Ukraine War Enters Winter and Reaches a Critical Moment