മുൻപൊക്കെ ഒന്നര മണിക്കൂറെങ്കിലും പ്രസംഗിച്ചില്ലെങ്കിൽ അതൊരു പ്രസംഗമേ അല്ല എന്നായിരുന്നു വിലയിരുത്തൽ. പണ്ടൊരിക്കൽ പെരുമ്പാവൂരിലെ കോടനാട് എന്ന സ്ഥലത്ത് പ്രസംഗിക്കാൻ പോയി. കട വരാന്തയിലാണു പ്രസംഗം. 6.30ക്കു തുടങ്ങിയ പ്രസംഗം തീരുമ്പോൾ ഏതാണ്ട് 9 മണിയായി. എന്റെ മുൻപിലൂടെ രണ്ടു പേർ സൈക്കിളിൽ പോകുന്നുണ്ട്. അവരുടെ കമന്റ് ‘‘എടാ നമ്മൾ സിനിമയ്ക്കു പോകുമ്പോഴും ഇയാൾ തന്നെയാണല്ലോ പ്രസംഗിച്ചോണ്ടിരുന്നത്’’!

മുൻപൊക്കെ ഒന്നര മണിക്കൂറെങ്കിലും പ്രസംഗിച്ചില്ലെങ്കിൽ അതൊരു പ്രസംഗമേ അല്ല എന്നായിരുന്നു വിലയിരുത്തൽ. പണ്ടൊരിക്കൽ പെരുമ്പാവൂരിലെ കോടനാട് എന്ന സ്ഥലത്ത് പ്രസംഗിക്കാൻ പോയി. കട വരാന്തയിലാണു പ്രസംഗം. 6.30ക്കു തുടങ്ങിയ പ്രസംഗം തീരുമ്പോൾ ഏതാണ്ട് 9 മണിയായി. എന്റെ മുൻപിലൂടെ രണ്ടു പേർ സൈക്കിളിൽ പോകുന്നുണ്ട്. അവരുടെ കമന്റ് ‘‘എടാ നമ്മൾ സിനിമയ്ക്കു പോകുമ്പോഴും ഇയാൾ തന്നെയാണല്ലോ പ്രസംഗിച്ചോണ്ടിരുന്നത്’’!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻപൊക്കെ ഒന്നര മണിക്കൂറെങ്കിലും പ്രസംഗിച്ചില്ലെങ്കിൽ അതൊരു പ്രസംഗമേ അല്ല എന്നായിരുന്നു വിലയിരുത്തൽ. പണ്ടൊരിക്കൽ പെരുമ്പാവൂരിലെ കോടനാട് എന്ന സ്ഥലത്ത് പ്രസംഗിക്കാൻ പോയി. കട വരാന്തയിലാണു പ്രസംഗം. 6.30ക്കു തുടങ്ങിയ പ്രസംഗം തീരുമ്പോൾ ഏതാണ്ട് 9 മണിയായി. എന്റെ മുൻപിലൂടെ രണ്ടു പേർ സൈക്കിളിൽ പോകുന്നുണ്ട്. അവരുടെ കമന്റ് ‘‘എടാ നമ്മൾ സിനിമയ്ക്കു പോകുമ്പോഴും ഇയാൾ തന്നെയാണല്ലോ പ്രസംഗിച്ചോണ്ടിരുന്നത്’’!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതൊരു സത്യകഥയാണ്. അധികകാലം പഴക്കമില്ലാത്ത ഒരു കഥ. കണ്ണൂരിലെ പൊലീസ് മൈതാനം. കർഷകത്തൊഴിലാളികളും തയ്യൽത്തൊഴിലാളികളും അടക്കമുള്ള നൂറുകണക്കിനു തൊഴിലാളികൾ പങ്കെടുക്കുന്ന സമ്മേളനം. 3.30യോടെ വേദിയിൽ  ഉദ്ഘാടകനായ നേതാവെത്തി. പെരിസ്ട്രോയിക്കയും ഗ്ലാസ്സ്നോസ്റ്റും. വൈരുദ്ധ്യാത്മക ഭൗതികവാദവും തുടങ്ങി കമ്യൂണിസ്റ്റ് അവലോകനം അടരുകളായി ഒഴുകി. ചൈനയും പോളണ്ടും ബൾഗേറിയയും ചെക്ലോസ്ലോവാക്യയും വിയ്റ്റ്നാമും പിന്നിട്ട് നകസ്ൽബാരിയും കടന്ന് പ്രാദേശിക രാഷ്ട്രീയത്തിലെത്തി. പിന്നെയും പലകാല ദേശങ്ങൾ സഞ്ചരിച്ച് രണ്ടു മണിക്കൂറിനു ശേഷം നേതാവ് പതുക്കെ ഉപസംഹാരത്തിലെത്തി. പ്രസംഗം പതിയെ നിലം തൊട്ടു തുടങ്ങി. എല്ലാം കഴിഞ്ഞെന്നു കരുതി ജനം ഒന്നു നെടുവീർപ്പിട്ടു  തുടങ്ങുമ്പോൾ അതാ  വരുന്നു നേതാവിന്റെ  ഇടിവെട്ട് വാചകം. ‘‘ഒന്നാം ഭാഗം കഴിഞ്ഞു; ഇനി രണ്ടാം ഭാഗം’’.  ആ പ്രസംഗത്തിന്റെ അവസാനം എന്തു സംഭവിച്ചു എന്നതു സംബന്ധിച്ചു തൽക്കാലം  ഒന്നും പറയുന്നില്ല. 

ഒരു കാലത്ത് കേരളത്തിലെ രാഷ്ട്രീയ സമ്മേളനങ്ങളുടെയും പൊതു പരിപാടികളുയെടും സ്ഥിതി ഇതായിരുന്നു. സ്വാഗത പ്രാസംഗികൻ തുടങ്ങി നന്ദി പ്രാസംഗികൻ വരെ നീളുന്ന പ്രാസംഗികർ. ഒരു മണിക്കൂർ പ്രസംഗിച്ച ശേഷം സ്വാഗത പ്രാസംഗികൻ പറയും, ‘‘ ഇനി ഞാനെന്റെ കർത്തവ്യത്തിലേക്കു കടക്കട്ടെ.’’ ഓരോ പ്രാസംഗികനും അവരുടെ അറിവും കഴിവും വിശദീകരിക്കാന‍് ഉദ്ദേശിച്ച കാര്യവും കേൾവിക്കാരനു ബോധ്യപ്പെട്ടു എന്ന് ഉറപ്പു വരുത്തിയിട്ടേ മൈക്ക് മറ്റൊരാൾക്കു വിട്ടു കൊടുത്തിരുന്നുള്ളൂ. കഴിഞ്ഞ മാസം സ്പീക്കർ എ.എൻ. ഷംസീർ കോഴിക്കോട് പങ്കെടുത്ത ഒരു പൊതുപരിപാടി ‌. പ്രസംഗം 20 മിനിറ്റ് പിന്നിട്ടപ്പോൾ അദ്ദേഹം പറഞ്ഞു,

ADVERTISEMENT

‘‘ഞാൻ ഇനി അധികം ദീർഘിപ്പിക്കുന്നില്ല. പണ്ടത്തെ പോലെയല്ല, ഇപ്പോൾ രാഷ്ട്രീയക്കാർ ഒന്നും അധിക നേരം സംസാരിക്കാറില്ല. പഴയ പോലെ രണ്ടും മൂന്നും മണിക്കൂർ രാഷ്ട്രീയ പ്രസംഗം കേൾക്കാനുള്ള ക്ഷമയൊന്നും ജനങ്ങൾക്കില്ല. അൽപമൊന്നു നീണ്ടാൽതന്നെ ജനം പോക്കറ്റിൽ നിന്നു മൊബൈൽ ഫോൺ എടുക്കും.അതൊരു സൂചനയാണ്. പെട്ടെന്നു നിർത്തുന്നതാണ് നല്ലത്. പ്രസംഗിക്കാൻ വിളിച്ചു കൊണ്ടു വരുന്ന സംഘാടകർ പോലും പ്രസംഗം അധിക നേരം നീളണമെന്ന് ആഗ്രഹിക്കുന്നില്ല’’.–  സ്പീക്കർ ചൂണ്ടിക്കാട്ടി. ശരിയാണ് ദീർഘ നേരം പ്രസംഗം കേൾക്കാനുള്ള സഹനശീലം ഇപ്പോൾ മലയാളിക്കില്ലെന്ന് നമ്മുടെ രാഷ്ട്രീയക്കാരും തിരിച്ചറിയുന്നുണ്ട്. 

∙ കേരളം കത്തിയ പ്രസംഗങ്ങൾ ഏറെ

എ.കെ. ഗോപാലൻ.

ചോര പൊടിയുന്ന, തീ പാറുന്ന പലതരം രാഷ്ട്രീയ –വിപ്ലവ പ്രസംഗങ്ങൾ  കേട്ട നാടാണ് കേരളം. നെയ്ത്തുകാരും ബീഡിത്തൊഴിലാളികളും കർഷകത്തൊഴിലാളികളും പിന്നാക്കക്കാരും അധഃസ്ഥിതരും ആയിരുന്ന ഒരു ജനസമൂഹത്തെ രാഷ്ട്രീയ ബോധത്തിലേക്കും പുരോഗമന നവോത്ഥാന ചിന്തയിലേക്കും നയിച്ചതിൽ നമ്മുടെ രാഷ്ട്രീയ പ്രസംഗങ്ങളുടെ പങ്ക് വളരെ വലുതാണ്. സോവിയറ്റ് യൂണിയൻ അടക്കമുള്ള വിദേശരാജ്യങ്ങളിൽ നിന്നുള്ള പുസ്തകങ്ങളും മാസികകളും ന്യൂസ് ലെറ്ററുകളും ശേഖരിച്ചും വായിച്ചും പഠിച്ചും മുൻ തലമുറ രാഷ്ട്രീയ പ്രസംഗങ്ങളിലൂടെ പകർന്നു നൽകിയ ബോധ്യങ്ങൾ മലയാളി ജീവിതത്തിന്റെ അടിത്തറയാണ്. 

അക്കാലങ്ങളിൽ രണ്ടും മൂന്നും മണിക്കൂർ നീണ്ട അക്കാലത്തെ ചില പ്രസംഗങ്ങൾ കേട്ട് കേരളം വിറച്ചിട്ടുണ്ട്. കെ.കേളപ്പനും, പാർവതി നെന്മിനിമംഗലവും, പണ്ഡിറ്റ് കെ.പി. കറുപ്പനും, സി.കേശവനും സ്വാതന്ത്ര്യസമരത്തോടും നവോത്ഥാന പോരാട്ടങ്ങളോടും അനുബന്ധിച്ചു നടത്തിയ പ്രസംഗങ്ങൾ കേരളം ഏറെ ആവേശത്തോടെയാണു സ്വീകരിച്ചത്. പി.കൃഷ്ണപിള്ള, എ.കെ.ഗോപാലൻ, ഇ.എം.എസ് നമ്പൂതിരിപ്പാട്, കേസരി ബാലകൃഷ്ണപ്പിള്ള, കെ. ബാലകൃഷ്ണൻ, ജോസഫ് മുണ്ടശ്ശേരി, കെ.ആർ. ഗൗരിയമ്മ, ടി.വി.തോമസ് അടക്കമുള്ളവരുടെ വിപ്ലവ പ്രസംഗങ്ങൾ, അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്കെതിരെ പെണ്ണമ്മ ജേക്കബ്, പൊലീസ് ലോക്കപ്പ് മർദനത്തെക്കുറിച്ച് പിണറായി വിജയനും നടത്തിയ പ്രസംഗം, ആർ.ബാലകൃഷ്ണപിള്ളയുടെ പ‍ഞ്ചാബ് മോഡൽ പ്രസംഗം, മന്നത്തു പത്മനാഭന്റെ സാമുദായിക പ്രസംഗങ്ങൾ, എം.എൻ.വിജയന്റെയും സുകുമാർ അഴീക്കോടിന്റെയും സാഹിത്യ–സാംസ്കാരിക പ്രഭാഷണങ്ങൾ ഇവയെല്ലാം കേരള ചരിത്രത്തിലെ തീക്കാറ്റുകളാണ്. 50 പിന്നിട്ട മലയാളത്തിലെ സാഹിത്യ അതികായൻ ജി.ശങ്കരക്കുറുപ്പിനെ 35 പിന്നിടാത്ത സുകുമാർ അഴീക്കോട് വിമർശിച്ചു നടത്തിയ പ്രസംഗം  ഇപ്പോഴും സാഹിത്യ ചരിത്രത്തിലെ വിറയ്ക്കുന്ന ഏടാണ്. ഒരുകാലത്ത് സാഹിത്യ പ്രഭാഷണങ്ങൾ ടിക്കറ്റ് വെച്ചു നടത്തുന്ന രീതി പോലുമുണ്ടായിരുന്നു കേരളത്തിൽ. 

ADVERTISEMENT

∙ മാറുന്ന കാലത്തെ പ്രസംഗം

ആർ. ബാലകൃഷ്ണപിള്ള (ഫയൽ ചിത്രം).

എന്നാൽ മാറിയ കാലത്ത് പ്രസംഗങ്ങളുടെ പ്രാധാന്യം കുറഞ്ഞു. 5 ദിവസം തുടർച്ചയായി ഒരു ബോൾ പോലും ഒഴിവാക്കാതെ ക്രിക്കറ്റ് ടെസ്റ്റ് മാച്ച് കണ്ടിരുന്ന മലയാളി ഇപ്പോഴില്ല. ഏറി വന്നാൽ ഒരു സായാഹ്നം ചെലവഴിക്കാൻ കഴിയുന്ന ട്വന്റി ട്വന്റി  ക്രിക്കറ്റിന്റെ ലോകത്തേക്ക് മലയാളികൾ  ചുരുങ്ങി. നെടുങ്കൻ പ്രസംഗങ്ങൾ താങ്ങാനുള്ള കഴിവ് കേൾവിക്കാർക്കോ അണികൾക്കോ ഇല്ലെന്ന് നേതാക്കളും തിരിച്ചറിയുന്നുണ്ട്. വൈകിട്ട് 3നു തുടങ്ങി രാത്രി പത്തും പതിനൊന്നും വരെ നീളുന്ന രാഷ്ട്രീയ വിശദീകരണ സമ്മേളനങ്ങളും ഇപ്പോഴില്ല.  ഉള്ളത് ഏറി വന്നാൽ ഒന്നോ രണ്ടോ മണിക്കൂറിന്റെ പരിപാടി. അതിനുള്ളിൽ എല്ലാവരും പ്രസംഗിച്ചു തീരും. അതു കഴിഞ്ഞാൽ പിന്നെ പറയാനുള്ളതെല്ലാം സോഷ്യൽ മീഡിഡയിൽ ക്യാപ്സ്യൂളുകളായി ഇറങ്ങും. ഈ മാറിയ കാലത്തെ എങ്ങനെയാണ് നമ്മുടെ രാഷ്ട്രീയക്കാർ ഉൾക്കൊള്ളുന്നത്? 

∙ പന്ന്യന്റെ പ്രസംഗം

അരനൂറ്റാണ്ടിലേറെക്കാലം കേരളത്തിലെ പൊതു രംഗത്ത് നിറഞ്ഞു നിന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറയുന്നു ‘‘ പണ്ടത്തെ പോലെയല്ല, ഇന്നു ദീർഘ പ്രസംഗം കേൾക്കാൻ നാട്ടുകാർക്കു താൽപര്യം പോര. അതിന്റെ പ്രധാന കാരണം വിവര വിപ്ലവമാണ്. എന്തെങ്കിലും ഒരു കാര്യത്തെക്കുറിച്ചു മനസ്സിലാക്കാൻ നേതാക്കൾ പറഞ്ഞു തരണം എന്ന സ്ഥിതിയൊന്നും ഇപ്പോഴില്ല.. രാഷ്ട്രീയം അടക്കം ഏതു വിഷയത്തെക്കുറിച്ചും അപ്പപ്പോൾ വിവരം ലഭിക്കും. എന്നു മാത്രമല്ല, പല സദസ്സുകൾക്കും നമ്മളേക്കാൾ വിവരമുണ്ട്. പ്രസംഗത്തിനിടെ എന്തെങ്കിലും ചെറിയൊരു പിഴവു വന്നാൽ പിന്നെ പറയുന്ന ആളിന്റെ കഥ അതോടെ കഴിഞ്ഞു. ചിലപ്പോൾ അപ്പോൾ തന്നെ തിരുത്തലുണ്ടാകും, അല്ലെങ്കിൽ സോഷ്യൽമീഡിയ വഴി.  അതിനാൽ ഏതു കാര്യങ്ങളെക്കുറിച്ചും പറയുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. പറയേണ്ട കാര്യങ്ങൾ മിതമായി പറഞ്ഞാൽ ആളുകൾക്ക് നമ്മളോടുള്ള ഇഷ്ടം കൂടും. 

വർഗീയ– രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ എഐവൈഎഫ് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ‘മാനവ സംഗമം' പരിപാടി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം∙ മനോജ് ചേമഞ്ചേരി
ADVERTISEMENT

സുകുമാർ അഴീക്കോടിനെ പോലെ അഗാധ പാണ്ഡിത്യവും ഭാഷാ ജ്ഞാനവും ഒക്കെയുള്ളവരുടെ പ്രസംഗം ചിലപ്പോൾ ആളുകൾ കേട്ടിരിക്കുമായിരിക്കും.അതല്ലാതെ വലിച്ചു നീട്ടി പരത്തി പറയുന്നവരെ സഹിക്കാൻ ജനം ഇപ്പോൾ തയാറല്ല. അരനൂറ്റാണ്ട് മുൻപാണു ഞാനൊക്കെ പ്രസംഗം തുടങ്ങുന്നത്. അക്കാലത്ത് കേൾവിക്കാർക്ക് അധികം വിവരങ്ങൾ ലഭ്യമല്ലാത്ത കാലമായിരുന്നു. രാഷ്ട്രീയമാണെങ്കിലും മറ്റു വിഷയങ്ങളാണെങ്കിലും. എന്നാൽ നമുക്ക് പല വഴികളിലൂടെ അത്തരം വിവരങ്ങൾലഭിക്കുമായിരുന്നു. അതിനാൽ അന്നത്തെക്കാലത്ത് ദീർഘ പ്രസംഗങ്ങൾക്ക് പ്രസക്തി ഏറെയായിരുന്നു. 

മുൻ എംഎൽഎയും നാടകരചിയതാവും ഗാനരചയിതാവും സംസ്കാരിക പ്രവർത്തകനുമൊക്കെയായിരുന്ന കണിയാപുരം രാമചന്ദ്രന്റെ പ്രസംഗമാണ് ഞാൻ കേട്ട ഏറ്റവും ദീർഘമായ പ്രസംഗം. നല്ല ഭാഷാ സ്വാധീനം, പദസമ്പത്ത്, അദ്ദേഹത്തിന്റെ ശബ്ദം പോലും മൈക്കിന് പറ്റിയതായിരുന്നു. 2–3 മണിക്കൂർ ഒക്കെ ഒരേ നിൽപിൽ അദ്ദേഹം പ്രസംഗിക്കുമായിരുന്നു. 

ജവഹർലാൽ നെഹ്റു (Photo: Manorama Archives)

ശ്രോതാക്കൾ മാറിയതോടെ അതിനനുസരിച്ചു ഞാനും പ്രസംഗ ശൈലികളിൽ മാറ്റം വരുത്തിയിട്ടുണ്ട്. പ്രസക്തമായ കാര്യങ്ങൾ മാത്രം പറഞ്ഞു ശീലിക്കുന്നു. പഠിച്ചു പറയുന്നതാണെന്നു തോന്നിയാൽ കേൾക്കാൻ ഒരു പരിധി വരെ ആളുകൾ തയാറാകും. പറയുന്ന കാര്യങ്ങൾക്ക് ഉദാഹരണമായി വസ്തുതകളും ഉദാഹരണങ്ങളും ഉപകഥകളും ഉണ്ടായാൽ അവർ കുറച്ചു കൂടി കേൾക്കാൻ തയാറാകും. ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ചു പറയുമ്പോൾ നെഹ്റുവിനെക്കുറിച്ചും നെഹ്റുവിന്റെ കാലത്തെ ചില കഥകളെക്കുറിച്ചുമൊക്കെ പറയുമ്പോൾ അവർ ശ്രദ്ധിക്കും. 

വിശാലമായ ലോകം മുന്നിൽ കണ്ടായിരുന്നല്ലോ അന്നത്തെ പ്രസംഗങ്ങൾ ഏറെയും. അതിനാൽ സാർവദേശീയം, ദേശീയം, സംസ്ഥാനം എന്നിങ്ങനെ ഏറ്റവും അവസാനം പ്രാദേശിക രാഷ്ട്രീയം പറയുന്നതായിരുന്നു രീതി. ഇന്നിപ്പോൾ അതിന്റെയൊന്നും ആവശ്യമില്ല. ഈ വിവരങ്ങളൊക്കെ പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും ലഭ്യമാണ്. പ്രസംഗിക്കുന്ന ആളിന്റെ മഹത്വം കാണിക്കാനല്ല സംസാരിക്കേണ്ടത് എന്ന കാഴ്ചപ്പാടും ഉണ്ട്’’.– പന്ന്യൻ പറയുന്നു. 

∙ പ്രസംഗത്തിലെ സി.പി ജോൺ മോഡൽ

സോണിയ ഗാന്ധിക്കൊപ്പം സി.പി. ജോൺ.

കാലത്തിനനുസരിച്ച് പ്രസംഗത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയെന്ന് സിഎംപി സംസ്ഥാന ജന.സെക്രട്ടറി  സി.പി.ജോൺ പറയുന്നു.  മുൻപൊക്കെ ഒന്നര മണിക്കൂറെങ്കിലും പ്രസംഗിച്ചില്ലെങ്കിൽ അതൊരു പ്രസംഗമേ അല്ല എന്നായിരുന്നു വിലയിരുത്തൽ. പണ്ടൊരിക്കൽ പെരുമ്പാവൂരിലെ കോടനാട് എന്ന സ്ഥലത്ത് പ്രസംഗിക്കാൻ പോയി. കട വരാന്തയിലാണു പ്രസംഗം. 6.30ക്കു തുടങ്ങിയ പ്രസംഗം തീരുമ്പോൾ ഏതാണ്ട്  9 മണിയായി. എന്റെ മുൻപിലൂടെ രണ്ടു പേർ സൈക്കിളിൽ പോകുന്നുണ്ട്. അവരുടെ കമന്റ്  ‘‘എടാ നമ്മൾ സിനിമയ്ക്കു പോകുമ്പോഴും ഇയാൾ തന്നെയാണല്ലോ പ്രസംഗിച്ചോണ്ടിരുന്നത്’’! . 

അന്നത്തെ കാലം അങ്ങനെയായിരുന്നു ഒരു സിനിമയുടെ സമയമായിരുന്നു ഒരു പ്രസംഗത്തിന്റെ ദൈർഘ്യം. ഒരു മണിക്കൂറിനുള്ളിൽ കുറഞ്ഞ് പ്രസംഗം നിർത്തിയാൽ കൂടെയുള്ളവർ ചോദിക്കും, ‘‘ അയ്യോ എന്തു പറ്റി സീപി, സുഖമില്ലേ, പനിയാണോ’’  എന്നൊക്കെ. ഒന്നര മണിക്കൂറെങ്കിലും പ്രസംഗിക്കാൻ കണ്ടന്റ് ഇല്ലാത്തവനെയൊന്നും പ്രാസംഗികരായിപ്പോലും ജനം പരിഗണിക്കാറില്ലായിരുന്നു. 

എന്നാൽ ഇന്നു കഥമാറി. രാഷ്ട്രീയ വിശദീകരണങ്ങളും പ്രസംഗങ്ങളും ടെലിവിഷൻ കൊണ്ടു പോയി. ന്യൂസ് ചാനലുകളിലെ അന്തിച്ചർച്ചകളിലേക്ക് രാഷ്ട്രീയക്കാർ ചുവടുമാറി. അതിനു വലിയ കാഴ്ചക്കാരുണ്ടായിരുന്നപ്പോൾ ആ സമയത്തു നടത്തിയിരുന്ന പൊതു സമ്മേളനങ്ങൾക്കും പ്രഭാഷണങ്ങൾക്കും ആൾ കുറഞ്ഞു. ഇപ്പോൾ അത് അവിടെ നിന്നും പോയി. ഇപ്പോൾ സോഷ്യൽ മീഡിയയിലാണ് കൂടുതൽ പ്രഭാഷണങ്ങൾ. നൂറോ ഇരുന്നൂറോ പേർ മാത്രം കേട്ടിരുന്ന പഴയ പ്രസംഗങ്ങൾ ഇപ്പോൾ കുറഞ്ഞ സമയത്തിനുള്ളിൽ ഒന്നോ രണ്ടോ ലക്ഷം പേർ കേൾക്കുന്നു പങ്കുവയ്ക്കുന്നു. 

അതുകൊണ്ടു തന്നെ നേരിട്ടുള്ള ദീർഘ പ്രസംഗങ്ങൾ വളരെ കുറഞ്ഞുവെന്ന് സി.പി.ജോൺ പറയുന്നു. പൊതു സമ്മേളനങ്ങൾ ചുരുങ്ങിയപ്പോൾ കുടുംബ യോഗങ്ങൾ കൂടി. അപ്പോൾ പ്രസംഗത്തിന്റെ സ്വഭാവവും മാറണം. സ്ത്രീകളും കുട്ടികളും അടക്കമുള്ള സദസ്സിനോട് പ്രസംഗിക്കുന്ന രീതി വേറെയാണ്. അപ്പോൾ അതിനനുസരിച്ചു മാറ്റം വരുത്തും– സി.പി.ജോൺ പറയുന്നു. 

∙ ‘പരമാവധി അര മണിക്കൂർ’

പി.കെ. ഫിറോസ്

പുതിയ തലമുറയിലെ പ്രാസംഗികരിൽ ഒരാളാണ് യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ. ഫിറോസ്. പരമാവധി അര മണിക്കൂറിനപ്പുറം പ്രസംഗം പോകാറില്ലെന്ന് പി.കെ. ഫിറോസും പറയുന്നു. ‘‘ പാർലമെന്റേറിയനും ലീഗ് നേതാവുമായിരിരുന്ന ജി.എം.ബനാത്ത് വാലയുടെ പ്രസംഗമാണ് ഞാൻ കേട്ട ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം. ഒന്നര മണിക്കൂർ വരെ അദ്ദേഹം ഒരേ നിൽപ്പിൽ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്.  എന്നാൽ ഇന്ന് ആളുകൾക്ക് അത്ര ദീർഘ നേരം പ്രസംഗം ഒന്നും താൽപര്യമില്ല.  പ്രത്യേകിച്ച് ചെറുപ്പക്കാർക്ക്. അവരോടു സംവദിക്കുക എന്നതു വലിയ വെല്ലുവിളിയാണ്.  ഒരു വീഡിയോ പോലും എത്ര സമയമുണ്ട് എന്നു നോക്കിയല്ലേ നമ്മളിപ്പോൾ കാണുന്നത്. കൂടുതലുണ്ടെങ്കിൽ കാണില്ല. വാട്സാപ് ഓഡിയോ വേഗത്തിൽ കേൾക്കാൻ വേണ്ടി സ്പീഡ് ‘2’ ൽ വരെ ഇടാൻ തുടങ്ങി. കാലത്തിന്റെ മാറ്റം മനസിലാക്കി പരമാവധി ചുരുക്കിയേ ഇപ്പോൾ പ്രസംഗിക്കാറുള്ളൂ.

ചുരുങ്ങിയ സമയത്തിനുള്ളിൽ പറയാനുള്ള കാര്യങ്ങളെല്ലാം പറ‍ഞ്ഞു തീർക്കാൻ പ്രത്യേക സ്കിൽ വേണം. അതുകൊണ്ട് പ്രസംഗത്തിനു മുൻപ് ഇപ്പോൾ നന്നായി ഗൃഹപാഠം ചെയ്യും. നല്ല ട്രോളുകളും കമന്റുകളുമൊക്കെ ഓർത്തു വയ്ക്കും. പറയാൻ പോകുന്ന വിഷയവുമായി ബന്ധപ്പെട്ട് പരമാവധി ചരിത്ര വസ്തുതകൾ ശേഖരിക്കും. പറയാനുള്ള കാര്യങ്ങൾ ആറ്റിക്കുറുക്കി വയ്ക്കും. അല്ലാതെ രക്ഷയില്ല. ’’– പി.കെ.ഫിറോസ് പറയുന്നു.

വിഡിയോയും ഫയൽ സൈസും നോക്കി കേൾക്കണോ വേണ്ടയോ എന്ന്  ജനം തീരുമാനിക്കുന്ന കാലത്ത് നമ്മളും അതിനൊപ്പം മാറുകയേ രക്ഷയുള്ളൂ. ഇപ്പോൾ ഒരു പ്രസംഗത്തിലെ ഒന്നോ രണ്ടോ മിനിറ്റുള്ള ഏറ്റവും പ്രസക്തമായ ഭാഗങ്ങൾ വെട്ടിച്ചുരുക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ് അധികവും ചെയ്യുന്നത്. അതിനാണു റീച്ച് കൂടുതൽ.  നമ്മളേക്കാൾ വിവരം കേൾക്കുന്നവർക്ക് ഉണ്ട് എന്ന ബോധ്യം വന്നു. പണ്ടത്തെ പോലെ എന്തും ചെന്നു നിന്നു മൈക്കിനു മുൻപിൽ പറയാനുള്ള ധൈര്യം പോര. പ്രസംഗത്തിൽ എന്തെങ്കിലും തെറ്റ് ഉണ്ടായാൽ ആ സെക്കൻഡിൽ തന്നെ ആളുകൾ തിരുത്തും. 

യുഎസ് പ്രസിഡന്റ് ഡോ ബൈഡൻ പ്രസംഗത്തിനിടെ.

ഒരിക്കൽ  പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ ഖാഇദേ മില്ലത്ത് എം,മുഹമ്മദ് ഇസ്മയിലിന്റെ ജീവിതം ഉദാഹരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മകൻ മിയാൻ ഖനെ ഇന്ത്യ–ചൈന യുദ്ധത്തിൽ പങ്കെടുപ്പിക്കാൻ അദ്ദേഹം കത്തെഴുതി എന്നു ഞാൻ  പറഞ്ഞു. ഉടൻ സദസ്സിൽ നിന്ന് ഒരാൾ എഴുന്നേറ്റു പറഞ്ഞു, അത് ഇന്ത്യ–ചൈന യുദ്ധമല്ല, ഇന്ത്യ പാക്കിസ്ഥാൻ യുദ്ധമാണെന്ന്. ഇപ്പോൾ അങ്ങനെയാണ്. സോഷ്യൽ ഓഡിറ്റിങിന്റെ കാലമാണ്. അതിനാൽ എന്തും അടിച്ചു വിടാൻ കഴിയില്ല. അതുകൊണ്ട് നന്നായി പഠിച്ച്, ചുരുക്കി പറയുക എന്നതാണ് ഏറ്റവും നല്ല സ്ട്രാറ്റജി’’

∙ പ്രസംഗിക്കാനും പരിശീലനം നൽകുന്നു പാർട്ടികൾ 

അമേരിക്കൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്ക് പ്രസംഗ പരിശീലനം നൽകുന്നു എന്ന വാർത്തയെ ഒരു കാലത്ത് അത്ഭുതത്തോടെ കേട്ടവരാണ് നമ്മൾ മലയാളികൾ. എന്നാൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മാത്രമല്ല, പഞ്ചായത്ത് അംഗങ്ങൾക്കു വരെ പ്രസംഗത്തിൽ പരിശീലനം നൽകുന്നുണ്ട് പാർട്ടികൾ ഇപ്പോൾ. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു മാത്രമല്ല, പാർട്ടികളുടെ പ്രത്യേക ക്യാംപയിനുകൾ വരുമ്പോൾ, രാഷ്ട്രീയ വെല്ലുവിളികൾ നേരിടുമ്പോൾ, ഇത്തരം സാഹചര്യത്തിൽ എന്തു പ്രസംഗിക്കണം, എങ്ങനെ പ്രസംഗിക്കണം എന്നെല്ലാം പരിശീലനം നൽകും. 

മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസംഗത്തിനിടെ.

പൊളിറ്റിക്കൽ കറക്ടനസ്സിന്റെ കാലത്ത് നാക്കു പിഴയ്ക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന് മറ്റാരെക്കാൾ നല്ല തിരിച്ചറിവുണ്ട് രാഷ്ട്രീയ പാർട്ടികൾക്ക്. അതിനാൽ തങ്ങളുടെ പഞ്ചായത്ത് അംഗം മുതൽ സംസ്ഥാന തലം വരെയുള്ള നേതാക്കൾക്ക് പ്രസംഗങ്ങൾക്ക് പരിശീലനം നൽകുന്നുണ്ട്. ആളുകളോട് തടിയെക്കുറിച്ചോ നിറത്തെക്കുറിച്ചോ കളിയാക്കാതെ, ബോഡി ഷെയിമിങ് നടത്താതെ പ്രസംഗിക്കേണ്ടത് എങ്ങനെ, പോസിറ്റീവ് ആയി സംസാരിക്കുന്നത് എങ്ങനെ എന്നൊക്കെയാണു  പ്രധാനമായും പരിശീലനം നൽകുന്നത്. 

ഘോര ഘോരമുള്ള അലർച്ച പ്രഭാഷണങ്ങളല്ല, കണ്ടന്റ് ഉള്ള പ്രസംഗം നടത്താനാണ് പുതു തലമുറയ്ക്ക് ഇപ്പോൾ പരിശീലനം നൽകുന്നത്-  പ്രാസംഗികനും പരിശീലകനുമായ ഹസിം ചെമ്പ്ര പറയുന്നു. ഗീർവാണ പ്രാസംഗികരെ ആളുകൾ ഇപ്പോൾ അധികം ഗൗനിക്കാറില്ല. പ്രാസമൊപ്പിച്ചും കടുത്ത വാക്കുകൾ ഉപയോഗിച്ചുമുള്ള ക്ലീഷേ പ്രസംഗങ്ങളോടും ആളുകൾക്ക് താൽപര്യമില്ല. മാന്യമായ വിമർശനങ്ങളേ ആളുകൾ ഉൾക്കൊള്ളാറുള്ളൂ. അസഭ്യവും മാന്യതയില്ലാത്തതുമായ വിമർശനങ്ങളെല്ലാം സോഷ്യൽ മീഡീയയിലേക്കു പോയി. പൊതുപരിപാടികളിലും പാർട്ടി പരിപാടികളിലും ഇപ്പോൾ അത്തരം വിമർശനങ്ങൾ ഉണ്ടാകാറില്ല. 

കണ്ടന്റ് ക്രിയേറ്റ് ചെയ്ത് അതു പ്രസന്റ് ചെയ്യുക എന്ന ഗൗരവമുള്ള തലത്തിലേക്കാണ് പുതുതലമുറയെ പരിശീലിപ്പിക്കുന്നതെന്നും ഹസിം പറയുന്നു. നല്ല വായനയുള്ള നല്ല ചരിത്രബോധവും വേണമെന്നാണ് പ്രധാനമായും നിർദേശിക്കാറുള്ളത്. പഴയ കാലത്തെ ലെജൻഡറി പ്രഭാഷകരേക്കാൾ ഇപ്പോൾ പ്രഫഷനൽ പ്രഭാഷകരാണു കൂടുതലുള്ളത്. 

പ്രഭാഷണങ്ങളും എല്ലാം ലൈവ് ആണ്. ഇന്റേണൽ പ്രോഗ്രാമുകൾ പോലും ലൈവ് ആണ്. അപ്പോൾ ലൈവ് ആയി നടക്കുന്നതു കൊണ്ട് വളരെ ഓഡിറ്റബിൾ ആണ്. ബോഡി ഷെയിമിങ് തുടങ്ങിയ കാര്യങ്ങൾ ഉണ്ടാകാൻ പാടില്ല എന്നത് കർശനമായി പറയാറുണ്ടെന്നും ഹസിം വ്യക്തമാക്കുന്നു. 

 

English Summary: Evolving Speeches and techniques in Politicians and Speakers