‘‘ഞങ്ങൾ തമ്മിൽ വ്യക്തിപരമോ രാഷ്ട്രീയമോ ആയ ശത്രുതയില്ല. ‘മാതോശ്രീ’യുടെ വാതിൽ എനിക്കു മുന്നിൽ അടച്ചത് അയാളാണ്. അയാളെന്റെ ഫോൺ പോലും എടുക്കാറില്ല’’– മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ശിവസേന തലവനും മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയെക്കുറിച്ച് അടുത്തകാലത്ത് പറഞ്ഞത് ഇങ്ങനെയാണ്. താക്കറെയുടെ

‘‘ഞങ്ങൾ തമ്മിൽ വ്യക്തിപരമോ രാഷ്ട്രീയമോ ആയ ശത്രുതയില്ല. ‘മാതോശ്രീ’യുടെ വാതിൽ എനിക്കു മുന്നിൽ അടച്ചത് അയാളാണ്. അയാളെന്റെ ഫോൺ പോലും എടുക്കാറില്ല’’– മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ശിവസേന തലവനും മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയെക്കുറിച്ച് അടുത്തകാലത്ത് പറഞ്ഞത് ഇങ്ങനെയാണ്. താക്കറെയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഞങ്ങൾ തമ്മിൽ വ്യക്തിപരമോ രാഷ്ട്രീയമോ ആയ ശത്രുതയില്ല. ‘മാതോശ്രീ’യുടെ വാതിൽ എനിക്കു മുന്നിൽ അടച്ചത് അയാളാണ്. അയാളെന്റെ ഫോൺ പോലും എടുക്കാറില്ല’’– മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ശിവസേന തലവനും മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയെക്കുറിച്ച് അടുത്തകാലത്ത് പറഞ്ഞത് ഇങ്ങനെയാണ്. താക്കറെയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഞങ്ങൾ തമ്മിൽ വ്യക്തിപരമോ രാഷ്ട്രീയമോ ആയ ശത്രുതയില്ല. ‘മാതോശ്രീ’യുടെ വാതിൽ എനിക്കു മുന്നിൽ അടച്ചത് അയാളാണ്. അയാളെന്റെ ഫോൺ പോലും എടുക്കാറില്ല’’– മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ശിവസേന തലവനും മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയെക്കുറിച്ച് അടുത്തകാലത്ത് പറഞ്ഞത് ഇങ്ങനെയാണ്. താക്കറെയുടെ ഭാര്യയെ ഒരു പൊതുപരിപാടിയിൽ കണ്ടപ്പോൾ തന്റെ മനസിലുള്ള കാര്യങ്ങൾ താക്കറെയോട് പറയാനായി അവരെ അറിയിച്ചെന്നും ഫഡ്നാവിസ് പറയുകയുണ്ടായി. കാലങ്ങളോളം ഒരുമിച്ച് നടക്കുകയും ഒടുവിൽ വഴിമാറുകയും ഒടുവിൽ ശത്രുപക്ഷത്ത് എന്നതു പോലെ പരസ്പരം കണക്കാക്കുകയും ചെയ്യുന്ന രണ്ടു നേതാക്കളാണ് ദേവേന്ദ്ര ഫ‍ഡ്നാവിസും ഉദ്ധവ് താക്കറെയും. ഇരുവരും മഹാരാഷ്ട്രയുടെ മുന്‍മുഖ്യമന്ത്രിമാർ. താക്കറെ പക്ഷത്തെ രണ്ടാംനിര നേതാവിനെ സ്വന്തം പക്ഷത്ത് കൂട്ടി മുഖ്യമന്ത്രിയാക്കി ഫഡ്നാവിസ് ഇന്ന് മന്ത്രിസഭയിലെ രണ്ടാമനായി ഭരിക്കുന്നു. കൂടെ നിന്നവർ ഒറ്റയടിക്ക് വഞ്ചിച്ചതിന്റെയും താക്കറെ കുടുംബത്തിന്റെ ആധിപത്യം തകർന്നതിന്റെയും വേദനയുണ്ടെങ്കിലും എങ്ങനെയും അധികാരം തിരിച്ചു പിടിക്കാനായി അതിനുള്ള തന്ത്രങ്ങൾ മെനയുകയുമാണ് ഉദ്ധവ് താക്കറെ. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കേണ്ടത്. എന്നാൽ സംസ്ഥാനം ഓരോ നിമിഷവും തിരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു എന്ന പ്രതീതിയാണ് ഓരോ രാഷ്ട്രീയ പാർട്ടികളിലുമുണ്ടാകുന്ന സംഭവവികാസങ്ങൾ സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിൽ ഭരണപക്ഷത്തെ ഷിൻഡെ സേനയിലും ബിജെപിയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും അത്രയധികമാണ്. അവയാകട്ടെ, സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ സ്വാധീനമായിരിക്കും വരുംനാളുകളിൽ ചെലുത്തുക. 

ഷിൻഡെയും ഫഡ്നാവിസും കഴിഞ്ഞ വർഷം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ (ചിത്രം– പിടിഐ)

∙ ‘മോദിയുടെ ആളുകളിലൊരാൾ’

ADVERTISEMENT

‘എന്താണ് സംസാരിക്കുന്നതെന്ന് ഊഹിക്കാമോ’ എന്ന ക്യാപ്ഷനോടെ കഴിഞ്ഞ ദിവസം ഫ‍ഡ്നാവിസ് ട്വീറ്റ് ചെയ്ത ഒരു ചിത്രത്തിലുണ്ട് മഹാരാഷ്ട്രയിലെ സംഭവവികാസങ്ങളുടെ ഒരു പാതി. ബിജെപി എത്രത്തോളം പ്രധാന്യമാണ്, യുപി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എംപിമാരെ ലോക്സഭയിലേക്ക് അയയ്ക്കുന്ന ഈ സംസ്ഥാനത്തിന് നൽകുന്നത് എന്നത് തെളിയിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്. ലാഘവത്തോടെ ഉല്ലാസവാനായിരിക്കുന്ന മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ േനർക്ക് നോക്കി ചിരിച്ചുല്ലസിച്ചിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും വശത്ത് മന്ദഹാസത്തോടെ ഫഡ്നാവിസും. മുംബൈയിൽ പുതുതായി ഉദ്ഘാടനം ചെയ്ത മെട്രോ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു ഇത്. 

ആ യാത്രയിൽ മാത്രമായിരുന്നില്ല മോദി ഷിൻഡെയെ പ്രകീർത്തിച്ചതും അദ്ദേഹത്തോട് അടുപ്പം കാണിച്ചതും. വിമാനം ഇറങ്ങിയതു മുതൽ ഷിൻഡെയോട് പ്രധാനമന്ത്രി പ്രത്യേക താൽപര്യം കാണിച്ചിരുന്നു. ഔദ്യോഗിക ചടങ്ങുകൾക്കിടെയും സ്റ്റേജിൽ വച്ച് ഷിൻഡെയുമായി സംസാരിക്കുകയും പ്രസംഗത്തിനിടയിൽ രണ്ടു തവണ ‘ഷിൻഡെ–ഫഡ്നാവിസ് സർക്കാർ’ എന്ന് പരാമർശിച്ചതും പ്രധാനമായിരുന്നു. ബിജെപി ‘ഷിൻഡെ സേന’യെ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത് എന്നതിനുള്ള സൂചന നൽകുകയായിരുന്നു പ്രധാനമന്ത്രി എന്നാണ് ഷിൻ‌ഡെ വിഭാഗം നേതാക്കൾ പ്രതികരിച്ചത്. അടുത്തു വരുന്ന മുംബൈ മുനിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ഈ അടുപ്പം സഖ്യത്തെ ഏറെ സഹായിക്കുമെന്നും കരുതപ്പെടുന്നു. താനും ‘മോദിയുടെ ആളുകളിലൊരാൾ’ ആണെന്നായിരുന്നു തന്റെ പ്രസംഗത്തിനിടെ ഷിൻഡെ പ്രസ്താവിച്ചതും. 

അടുത്ത കേന്ദ്ര മന്ത്രിസഭാ വികസനത്തിൽ തങ്ങളുടെ വിഹിതവും ഷിൻഡെയുടെ ബാലാസാഹേബോഞ്ചി ശിവസേന (ബിഎസ്‍എസ്) തേടുന്നുണ്ട്. ഇപ്പോഴുള്ള സഖ്യകക്ഷികളിൽ 13 അംഗങ്ങളുള്ള ഷിൻഡെ സേന തന്നെയാണ് അംഗസംഖ്യയിൽ മുന്നിൽ. കണക്കുകൾ നോക്കിയാൽ ഷിൻഡെ സേനയ്ക്ക് കുറഞ്ഞത് മൂന്ന് സഹമന്ത്രി സ്ഥാനമെങ്കിലും ലഭിക്കുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രിയാകാൻ തയാറെടുത്തിരുന്ന ഫഡ്നാവിസിനെ നിർബന്ധപൂർവം ഉപമുഖ്യമന്ത്രി പദത്തിലിരുത്തി ഷിൻഡെയെ മുഖ്യമന്ത്രി പദം ഏൽപ്പിച്ചപ്പോൾ തന്നെ മഹാരാഷ്ട്രയിൽ ബിജെപി വലിയ ഇന്നിങ്സ് കളിക്കാൻ തയാറെടുക്കുന്നു എന്നതുറപ്പായിരുന്നു. ശിവസേനയെ നെടുകെ പിളർത്തുന്നത് പൂർത്തിയായ സാഹചര്യത്തിൽ ഉദ്ധവ് താക്കറെ പക്ഷത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനും ഷിൻഡെയും കൂടെയുള്ള ശിവസൈനികരും വേണമെന്ന് ബിജെപിക്കറിയാം. അടുത്ത തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രി പദം എന്നതാണ് ഫഡ്നാവിസിനെ അച്ചടക്കത്തോടെ നിലനിർത്തുന്നത്. 

ശിവസേന പിളർത്തിയ ശേഷം ഷിൻഡെ തന്റെ എംഎൽഎമാർക്കൊപ്പം ഗുവാഹത്തിയിലെ ഹോട്ടലിൽ (ചിത്രം– പിടിഐ)

∙ അസംതൃപ്തരെ മെരുക്കാനുള്ള സമയം‌

ADVERTISEMENT

ഏറെ നാളായി വിവിധ കാരണങ്ങൾ പറഞ്ഞ് നീട്ടിവച്ചു കൊണ്ടിരുന്ന മന്ത്രിസഭാ വികസനത്തിന് അവസാനം കേന്ദ്രം പച്ചക്കൊടി കാണിച്ചു എന്നത് ഷിൻഡെ പക്ഷത്തിന് ഏറെ ആശ്വാസം നൽകുന്നുണ്ട്. അടുത്ത ബജറ്റ് സമ്മേളനത്തിനു മുൻപ് മന്ത്രിസഭ വികസിപ്പിക്കാനാണു തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടതിനു ശേഷം ഷിൻഡെ, ഫഡ്നാവിസ് എന്നിവർ ഇക്കാര്യം അറിയിക്കുകയായിരുന്നു. 

കഴിഞ്ഞ വർഷം ശിവസേന പിളർത്തി ജൂണിൽ മന്ത്രിസഭ രൂപീകരിച്ചതിനു ശേഷം രണ്ടു മന്ത്രിമാരുമായാണ് ഏറെ നാൾ‌ സർക്കാർ മുന്നോട്ടു പോയത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചേർന്ന് 20–ഓളം വകുപ്പുകള്‍ ഭരിച്ചു. പ്രതിപക്ഷത്തു നിന്നുള്ള വിമർശനം മാത്രമല്ല, സ്വന്തം പാർട്ടികളിലും മുറുമുറുപ്പ് ഉയർന്നതോടെയാണ് ഓഗസ്റ്റിൽ 18 മന്ത്രിമാരെ കൂടി ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചത്. ആ മന്ത്രിസഭയിൽ ഇടം കിട്ടാത്തവരെ തണുപ്പിക്കാൻ ഷിൻഡെ ഏറെ പണിപ്പെട്ടുവെന്നും സെപ്റ്റംബറിൽ ഉണ്ടാകുന്ന രണ്ടാംഘട്ട മന്ത്രിസഭാ വികസനത്തിൽ മറ്റുള്ളവർക്കും ഇടം നൽകുമെന്ന് സമാധാനിപ്പിച്ചു എന്നുമായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ 2023 ജനുവരി അവസാനിക്കാറായിട്ടും മന്ത്രിസഭാ വികസനം ഉണ്ടാകാത്ത സാഹചര്യത്തിൽ ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ എംഎൽഎമാരുടെ അസ്വസ്ഥത വർധിച്ചിരുന്നു. ഇതിനൊടുവിലാണ് കഴിഞ്ഞ ദിവസം കേന്ദ്രത്തിൽനിന്നുള്ള അനുമതി ലഭിച്ചതും ഷിൻഡെ ഇക്കാര്യം പ്രസ്താവിച്ചതും. മുഖ്യമന്ത്രി ഉൾപ്പെടെ 43 അംഗങ്ങൾ വരെ മന്ത്രിസഭയിൽ ആവാം. ഇനി 23 മന്ത്രിമാരെ കൂടി നിയമിക്കുമ്പോൾ തുല്യ വിഹിതം ഷിൻഡെ പക്ഷം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ നൂറിലേറെ സീറ്റുകളുള്ള തങ്ങൾക്കായിരിക്കും കൂടുതൽ മന്ത്രിമാരെന്ന സൂചന ബിജെപി നൽകിയിട്ടുണ്ട്. 

ബാൽ താക്കറെയ്ക്കൊപ്പമുള്ള ചിത്രം ഷിൻഡെ ട്വിറ്ററിൽ പങ്കുവച്ചപ്പോൾ. (Twitter- @mieknathshinde)

∙ ‘ഉദ്ധവിന്റേത് മാത്രമല്ല ബാൽ താക്കറെ’

‘ബാൽ താക്കറെ ആരുടേയും സ്വകാര്യ സ്വത്തല്ല. അദ്ദേഹം ഈ രാജ്യത്തെ എല്ലാവരുടേതുമാണ്. ഇത്തരത്തിലുള്ള സ്വഭാവം കൊണ്ടൊക്കെയാണ് കൂടെയുണ്ടായിരുന്നവർ അയാളെ വിട്ട് ഷിൻഡെയ്ക്കൊപ്പം പോയത്’, ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെക്കുറിച്ച് ഫഡ്നാവിസ് പറഞ്ഞത് ഇങ്ങനെ. തന്റേടമുണ്ടെങ്കിൽ ബാൽ താക്കറെയുടെ ചിത്രം വച്ചല്ലാതെ വോട്ട് പിടിക്കാൻ ഉദ്ധവ് താക്കറെ ഷിൻഡെ സേനയെ വെല്ലുവിളിച്ചിരുന്നു. ഇതിനുള്ള മറുപടി എന്നോണമായിരുന്നു ഫഡ്നാവിസിന്റെ പ്രതികരണം. ശിവസേനയുടെ അവകാശം ഉദ്ധവ് താക്കറെയ്ക്ക് മാത്രമല്ലെന്ന് സ്ഥാപിക്കലായിരുന്നു ബിജെപി ആദ്യം ലക്ഷ്യമിട്ടത്. ഷിൻഡെയിലൂടെ ഒരു പരിധി വരെ ഇക്കാര്യം സ്ഥാപിക്കാൻ ബിജെപിക്ക് സാധിച്ചു. മാത്രമല്ല, ബാൽ താക്കറെയുടെ 97–ാം ജന്മദിനത്തോട് അനുബന്ധിച്ച് മഹാരാഷ്ട്ര നിയമസഭയിൽ അദ്ദേഹത്തിന്റെ എണ്ണച്ഛായാ ചിത്രം അനാച്ഛാദനം ചെയ്തുകൊണ്ട് ഷിൻഡെയും ഫഡ്നാവിസും ഊന്നിപ്പറഞ്ഞതും ഇതേ കാര്യമായിരുന്നു. 

ADVERTISEMENT

മറ്റൊന്നാണ് ബാൽ താക്കറെയും ശിവസേനയും ഉദ്ധവിന്റേതും കുടുംബത്തിന്റേതും മാത്രമല്ല എന്നു സ്ഥാപിക്കാനുള്ള ശ്രമം. താക്കറെ കുടുംബത്തിലെ മറ്റുള്ളവർക്കും അതിന് അവകാശമുണ്ട്. ബാൽ താക്കറെയുടെ ചിത്രം അനാച്ഛാദനം ചെയ്ത ദിവസം, മഹാരാഷ്ട്ര നിയമസഭ ഉദ്ധവ് താക്കറെ ഒഴിച്ചുള്ള ബാൽ താക്കറെ കുടുംബത്തിന്റെ കൂടിച്ചേരൽ കൂടിയായി. ബാൽ താക്കറെയുടെ മരുമകനും എംഎൻഎസ് തലവനുമായ രാജ് താക്കറെ, ഉദ്ധവിന്റെ ജ്യേഷ്ഠൻ ജയ്ദേവിന്റെ മുൻ ഭാര്യ സ്മിത താക്കറെയും മകൾ ഐശ്വര്യയും, ശിവസേന തലവന്റെ മൂത്ത മകൻ അന്തരിച്ച ബിന്ദു മാധവിന്റെ മക്കൾ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിനു ശേഷം ഷിൻ‌ഡെയെ കണ്ട് അഭിനന്ദിച്ച താക്കറെ കുടുംബത്തിൽ നിന്നുള്ള ആദ്യ ആള്‍ സ്മിത താക്കറെയായിരുന്നു. ബിന്ദു മാധവിന്റെ മകൻ നിഹാർ താക്കറെ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നുവെന്നും ഇതിന്റെ ഭാഗമായി ഷിൻഡെയെ കണ്ടിരുന്നു എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഷിൻഡെ ദാവോസിൽ (ചിത്രം – പിടിഐ)

∙ ദാവോസിൽ എന്തു സംഭവിച്ചു? 

മഹാരാഷ്ട്രയ്ക്ക് കിട്ടേണ്ടിയിരുന്ന വമ്പൻ പദ്ധതികൾ തിരഞ്ഞെടുപ്പ് മുൻനിർത്തി ഗുജറാത്തിലേക്ക് കൊണ്ടു പോകുന്നതിന് ഷിൻഡെയും ഫഡ്നാവിസും കൂട്ടുനിന്നു എന്ന വിമർശനമാണ് പ്രതിപക്ഷം കുറച്ചു നാളായി ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെ മറികടക്കാനായി ഭരണസഖ്യം കണ്ടെത്തിയ വഴികളിലൊന്നായിരുന്നു ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തുകൊണ്ട് കോടികളുടെ നിക്ഷേപം ആകർഷിക്കാനുള്ള പദ്ധതികളിൽ ഒപ്പുവയ്ക്കുക എന്നത്. എന്നാൽ ദാവോസിൽ ഷിൻഡെ പങ്കെടുത്തതു സംബന്ധിച്ച വിവാദങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ലോക സാമ്പത്തിക ഫോറത്തിൽ 1.37 ലക്ഷം കോടി രൂപയുടെ കരാറുകളിൽ സംസ്ഥാന സർക്കാർ ഒപ്പു വച്ചു എന്നായിരുന്നു തിരിച്ചെത്തിയ ശേഷം ഷിൻഡെ പ്രസ്താവിച്ചത്. മൂന്നു ദിവസംകൊണ്ടാണ് ഇതു നടന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മോദിയുടെ മുംൈബ സന്ദർശനം പ്രമാണിച്ച് ഷിൻഡെ തന്റെ യാത്ര ഒരു ദിവസം നേരത്തെയാക്കുകയും ചെയ്തിരുന്നു. മാത്രമല്ല, വിമാനമിറങ്ങി നേരെ പോയത്, മോദി പിറ്റേന്ന് സംസാരിക്കാനിരിക്കുന്ന വേദിയിയിലെ ഒരുക്കങ്ങൾ പരിശോധിക്കാനാണ്. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ഫഡ്നാവിസ് സാമ്പത്തിക ഫോറത്തിന് പോയതുമില്ല. 

എന്നാൽ വെറും 28 മണിക്കൂർ മാത്രമാണ് മുഖ്യമന്ത്രി ദാവോസിൽ ഉണ്ടായിരുന്നതെന്ന് ഉദ്ധവ് താക്കറെയുടെ മകനും സംസ്ഥാന മന്ത്രിയുമായിരുന്ന ആദിത്യ താക്കറെ പരിഹസിച്ചു. സംസ്ഥാന മന്ത്രിസഭ നേരത്തേ അനുമതി കൊടുത്ത പദ്ധതികളും 2019ൽ അംഗീകരിച്ചതുമൊക്കെയാണ് സാമ്പത്തിക ഫോറത്തിൽ ഒപ്പുവച്ച നിക്ഷേപങ്ങളായി അവകാശപ്പെടുന്നത്. മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും ദാവോസ് യാത്രയ്ക്ക് 35–40 കോടി രൂപയെങ്കിലും ചെലവഴിച്ചു. സംസ്ഥാന വ്യവസായ മന്ത്രി തന്നെ പറഞ്ഞത് 32–33 കോടി ചെലവായി എന്നാണ്. ചാർട്ടേഡ് വിമാനത്തിലാണ് ഷിൻ‍ഡെ സ‌‍ഞ്ചരിച്ചതെന്നും ആദിത്യ താക്കറെ കുറ്റപ്പെടുത്തി. നേരത്തേ തന്നെ തീരുമാനിക്കപ്പെട്ടിരുന്ന യാത്ര എന്തുകൊണ്ടാണ് അവസാന നിമിഷം രണ്ടു കോടി രൂപ മുടക്കുള്ള ചാർട്ടേഡ് വിമാനത്തിലേക്ക് മാറ്റിയതെന്നും ആദിത്യ താക്കറെ ചോദിച്ചു. സമാനമായ ആരോപണമാണ് എൻസിപി നേതാവ് സുപ്രിയ സുളെയും കഴിഞ്ഞ ദിവസം ഉയർത്തിയത്. സ്ഥലംമാറ്റത്തിന്റെ കാര്യത്തിലാണെങ്കിലും എന്തിലാണെങ്കിലും സർക്കാരിന് സമാന്തരമായി ഒരു സംഘടന പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ദാവോസിൽ കണ്ട ചില ആളുകളുടെ സാന്നിധ്യം അത് ഉറപ്പിക്കുന്നതാണ്. ഒരു ഭാഗത്ത് അധികാരം മുഴുവൻ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും മറുഭാഗത്ത് കടുത്ത അതൃപ്തിയാണെന്നും ഒരു ദേശീയ മാധ്യമത്തോട് അവർ പറഞ്ഞിരുന്നു.

തുനിഷ ശർമ (ചിത്രം– Tunisha Sharma/Facebook)

∙ ‘ലവ് ജിഹാദ്’, നിർബന്ധിത മതപരിവർത്തന നിയമങ്ങൾ

നിർബന്ധിത മതപരിവർത്തനം, ‘ലവ് ജിഹാദ്’ തുടങ്ങിയവയ്ക്കെതിരെ നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നവംബർ മുതൽ സംസ്ഥാനത്തുടനീളം  ആരംഭിച്ച റാലികളാണ് മറ്റൊന്ന്. ഇതിനകം രണ്ടു ഡസനിലധികം റാലികൾ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലായി നടത്തിക്കഴിഞ്ഞു. വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ജനജാഗ്രിതി സംഘതന തുടങ്ങിയ സംഘടനകൾ ചേർന്ന ഹിന്ദു ജനസംഘർഷ് മോർ‌ച്ച എന്ന സംഘടനയാണ് റാലികൾ നടത്തുന്നത്. ആയിരക്കണക്കിന് പേരാണ് ഓരോ റാലിയിലും പങ്കെടുക്കുന്നതും. മുംബൈ സ്വദേശിയായ ശ്രദ്ധ വാക്കർ ഡൽഹിയിൽ കൊല്ലപ്പെട്ട സംഭവത്തോടെ ഈ റാലികൾക്ക് കിട്ടുന്ന ശ്രദ്ധ വർ‌ധിക്കുകയും ചെയ്തു. ഭിന്ന ജാതി–മതങ്ങളിൽനിന്ന് വിവാഹം കഴിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനുള്ള പ്രത്യേക സമിതിക്കും സംസ്ഥാന സർക്കാർ ഇതിനിടെ രൂപം നൽകിയിരുന്നു. എന്നാല്‍ ഇത് ജാതി വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന ആരോപണമുയർന്നതോടെ ഭിന്ന ജാതിക്കു പകരം ഭിന്നമതത്തിൽ നിന്നുള്ളവരെ മാത്രം ഈ സമിതിയുടെ പരിധിയിൽ കൊണ്ടുവന്നു.

നടി തുനിഷ ശർമ ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ കാമുകനായ ഷീസാൻ മുഹമ്മദ് ഖാനെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാന മന്ത്രി ഗിരീഷ് മഹാജൻ ഈ മരണത്തെ വിശേഷിപ്പിച്ചത് ‘ലവ് ജിഹാദ്’ എന്നാണ്. സർക്കാർ ഇതിനെതിരെ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കഴി‍​ഞ്ഞ ഡ‍ിസംബറിൽ, ‘ലവ് ജിഹാദി’നെതിരെ നിയമം കൊണ്ടുവരാൻ സര്‍ക്കാർ തയാറെന്ന് ഫ‍ഡ്നാവിസ് പ്രസ്താവിക്കുകയും ചെയ്തിരുന്നു. അതേ സമയം, ബിജെപിയുടെ രാഷ്ട്രീയ നീക്കമാണിത് എന്നാണ് ഉദ്ധവ് താക്കറെയ്ക്കു കീഴിലെ സേനാ നേതാക്കൾ പറയുന്നത്. പരസ്പരം ഇഷ്ടപ്പെട്ട് രണ്ടു പേർ വിവാഹം കഴിച്ചാൽ അതെങ്ങനെ കുറ്റകരമാകുമെന്ന് താക്കറെ സേനാ നേതാവ് അംബാദാസ് ഡാൻവെ മറ്റൊരു മാധ്യമത്തോട് പ്രതികരിച്ചിരുന്നു. സ്ത്രീകളുടെ അവകാശങ്ങളെ കവർന്നെടുക്കുന്നതാണ് ഇത്തരം നിയമമെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നുമാണ് കോണ്‍ഗ്രസ് വക്താവ് സച്ചിൻ സാവന്ത് പ്രതികരിച്ചത്. എന്തായാലും സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ വരും ദിവസങ്ങളിൽ ഈ വിഷയങ്ങളും ഇടംപിടിക്കുമെന്ന് ഉറപ്പ്. 

ബിജെപിയിൽ ചേർന്ന ശേഷം ക്യാപ്റ്റൻ അമരീന്ദർ സിങ്, അമിത് ഷാ, ജെപി നദ്ദ (പിടിഐ ഫയൽ ചിത്രം)

∙ ഗവർണർ മാറിയാൽ?

സർക്കാരിനെയും രാഷ്ട്രീയ പാർട്ടികളെന്ന നിലയിൽ ബിജെപിയെയും ഷിൻഡ‍െ സേനയെയും പ്രതിരോധത്തിലാക്കുന്നതായിരുന്നു സംസ്ഥാന ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ ചില പ്രസ്താവനകൾ. മറാത്താ രാജാവ് ശിവാജി ഉൾപ്പെടെയുള്ളവർ പഴയ ആളുകളാണെന്നും ഡോ. ബി.ആർ. അംബേദ്ക്കറും നിതിൻ ഗഡ്ക്കരിയുമൊക്കെയാകണം മഹാരാഷ്ട്രയുടെ പുതിയകാല നായകർ എന്നുമുള്ള കോഷിയാരിയുടെ പ്രസ്താവനയ്ക്ക് പ്രതിപക്ഷത്തുനിന്നു മാത്രമല്ല, ഭരണപക്ഷത്തുനിന്നും ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നു. മഹാ വികാസ് ആഘാഡി ഭരിച്ചിരുന്ന സമയത്ത് സർക്കാരുമായി നിരന്തരം ഏറ്റുമുട്ടലിലായിരുന്നു ഗവർണറുടെ ഓഫിസ്. എന്നാൽ ഒടുവിൽ തന്നെ ഗവർണർ സ്ഥാനം ഒഴിയാൻ അനുവദിക്കുന്ന കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നാണ് കോഷിയാരി വ്യക്തമാക്കിയിരിക്കുന്നത്. ഗവർണർ സ്ഥാനം ഒഴിയുക മാത്രമല്ല, താൻ ഇത്തരമൊരു കാര്യം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പരസ്യപ്പെടുത്തുക കൂടി ചെയ്തു എന്നതാണ് പ്രത്യേകത. 

പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കോൺഗ്രസ് അപമാനിച്ച് ഇറക്കിവിട്ടു എന്ന് ഇന്നും പരാതിയുള്ള ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെ കേന്ദ്രം മഹാരാഷ്ട്രയിലേക്ക് നിയോഗിക്കുമോ എന്നതാണ് ഇപ്പോൾ പരക്കുന്ന അഭ്യൂഹങ്ങൾ. രാഷ്ട്രീയം കളിച്ചും കളിപ്പിച്ചും ഏറെ പരിചയമുള്ള ക്യാപ്റ്റൻ കൂടി മഹാരാഷ്ട്രയിലേക്ക് എത്തിയാൽ രാഷ്ട്രീയക്കളം കൂടുതൽ ചൂടുപിടിക്കും എന്നതുറപ്പ്. 

പിളർപ്പിനു മുമ്പ് ആദിത്യ താക്കറെ, ഷിൻഡെ തുടങ്ങിയവർ ഗവർണർ ബി.എസ് കോഷിയാരിയെ സന്ദർശിച്ചപ്പോൾ (ശിവസേന ട്വിറ്ററിൽ പങ്കുവച്ച ചിത്രം)

∙ ഒരു കോൺഗ്രസ് പരിച

അതുപോലെ, ഹിമാചൽ പ്രദേശിൽ കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ച, അധികാരത്തിലെത്തിയാൽ നടപ്പാക്കുമെന്ന് മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസ് മുന്നോട്ടു വച്ചിട്ടുള്ള, പഴയ പെൻഷൻ പദ്ധതി തിരിച്ചു കൊണ്ടുവരുന്നത് മഹാരാഷ്ട്ര സർക്കാരും പരിഗണിക്കുന്നു എന്നും സൂചനകളുണ്ട്. അധ്യാപകർക്കും സംസ്ഥാന സർക്കാർ ജീവനക്കാർക്കും പഴയ പെൻഷൻ പദ്ധതി പ്രകാരം പെൻഷൻ ലഭ്യമാക്കുന്നതിനെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണെന്ന് ഷിൻഡെ അടുത്തിടെ ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ട് വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പുകളുടെ ഫലം തന്നെ മാറ്റി മറിക്കാൻ സാധ്യതയുള്ളതാണ് ഇത്തരമൊരു തീരുമാനം എന്നാണ് കണക്കാക്കുന്നത്. 

മിഷന്‍ 45, മിഷൻ 145 എന്നതാണ് 2024–ൽ ബിജെപി ലക്ഷ്യം. ലോക്സഭയിലെ 48 സീറ്റുകളിൽ 45 എണ്ണവും 288 അംഗ നിയമസഭയിൽ 145 സീറ്റുകളുമാണത്. അതിനായുള്ള തന്ത്രങ്ങൾ മെനയുകയാണ് ഭരണപക്ഷം. നിലവിൽ ബിജെപി–104, ഷിൻഡെ സേന – 40 എന്നിങ്ങനെയാണ് നിയമസഭയിലെ കക്ഷിനില. 57 എംഎൽഎമാർ ഉണ്ടായിരുന്ന ശിവസേനയിൽ ഇനി ഉദ്ധവ് താക്കറെയ്ക്കൊപ്പം ശേഷിക്കുന്നത് 17 പേരാണ്. എൻസിപി–53, കോൺഗ്രസ്– 44 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ നില. ലോക്സഭയിലെ 19 സേനാ എംപിമാരിൽ ഷിൻഡെയ്ക്കൊപ്പമുള്ളത് 13 പേരാണ്. ബിജെപിക്ക് 23 എംപിമാരുമുണ്ട്. 

 

English Summary: New Turning Points in Maharashtra as Shinde and Fadnavis Team Try to Beat Uddhav Thackeray-led Sena