കേരളം മുഴുവൻ അറിയുന്ന ഒരു വിവാദത്തീയാണ് ഇന്നു ബ്രഹ്മപുരം. കത്തിപ്പിടിച്ചതിന്റെ 12–ാം ദിനം തീയണച്ചതിന്റെ വീരവാദമാണു സർക്കാർ മുഴക്കുന്നത്. പക്ഷേ, തുടക്കത്തിൽത്തന്നെ ശരിയായി ഇടപെട്ടിരുന്നെങ്കിൽ നേരത്തേ അണയ്ക്കാമായിരുന്നു ഈ തീ. എന്നിട്ടും എങ്ങനെയാണ് ഒരു നഗരത്തെ മുഴുവൻ വിഷപ്പുകയിൽ മുക്കിയ തീക്കൂനയായി ബ്രഹ്മപുരത്തെ മാലിന്യമല മാറിയത്? ഉത്തരം എളുപ്പമല്ലാത്ത ഈ ചോദ്യം പോലെത്തന്നെയാണു കോർപറേഷന്റെ ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ അവസ്ഥയും. യഥാർഥത്തിൽ‌ അതിനെ മാലിന്യ സംസ്കരണ കേന്ദ്രമെന്നു വിളിക്കരുത്. അതൊരു മാലിന്യം തള്ളൽ കേന്ദ്രമാണ്. അതിനൊപ്പം എല്ലാം ശരിയാക്കുമെന്ന കോർപറേഷന്റെ ‘തള്ളൽ’ കൂടിയാകുമ്പോൾ എല്ലാം ശുഭം. വടവുകോട് –പുത്തൻകുരിശ് പഞ്ചായത്തിൽ കൊച്ചി കോർപറേഷനു സ്വന്തമായുള്ള 110 ഏക്കർ സ്ഥലം മാലിന്യം തള്ളാനുള്ള കേന്ദ്രം മാത്രമല്ല; കോർപറേഷനിലെ ചിലർക്ക് പണം വാരാൻ കൂടിയുള്ള കേന്ദ്രമാണ്. അവരാണു ‘ബ്രഹ്മപുരം മാഫിയ’. ലക്ഷക്കണക്കിനു ടൺ മാലിന്യം കെട്ടിക്കിടക്കുന്ന അവസ്ഥയിലേക്കു ബ്രഹ്മപുരത്തെ മാറ്റിയതും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാരുമെല്ലാം ചേർന്ന ഈ മാഫിയയാണ്. അവരുടെ കൊള്ളരുതായ്മകളാണ് കൊച്ചിക്കാരുടെ ശ്വാസം മുട്ടിച്ചത്. അതിനു പിന്നിലെ യാഥാർഥ്യങ്ങളിലേക്ക്...

കേരളം മുഴുവൻ അറിയുന്ന ഒരു വിവാദത്തീയാണ് ഇന്നു ബ്രഹ്മപുരം. കത്തിപ്പിടിച്ചതിന്റെ 12–ാം ദിനം തീയണച്ചതിന്റെ വീരവാദമാണു സർക്കാർ മുഴക്കുന്നത്. പക്ഷേ, തുടക്കത്തിൽത്തന്നെ ശരിയായി ഇടപെട്ടിരുന്നെങ്കിൽ നേരത്തേ അണയ്ക്കാമായിരുന്നു ഈ തീ. എന്നിട്ടും എങ്ങനെയാണ് ഒരു നഗരത്തെ മുഴുവൻ വിഷപ്പുകയിൽ മുക്കിയ തീക്കൂനയായി ബ്രഹ്മപുരത്തെ മാലിന്യമല മാറിയത്? ഉത്തരം എളുപ്പമല്ലാത്ത ഈ ചോദ്യം പോലെത്തന്നെയാണു കോർപറേഷന്റെ ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ അവസ്ഥയും. യഥാർഥത്തിൽ‌ അതിനെ മാലിന്യ സംസ്കരണ കേന്ദ്രമെന്നു വിളിക്കരുത്. അതൊരു മാലിന്യം തള്ളൽ കേന്ദ്രമാണ്. അതിനൊപ്പം എല്ലാം ശരിയാക്കുമെന്ന കോർപറേഷന്റെ ‘തള്ളൽ’ കൂടിയാകുമ്പോൾ എല്ലാം ശുഭം. വടവുകോട് –പുത്തൻകുരിശ് പഞ്ചായത്തിൽ കൊച്ചി കോർപറേഷനു സ്വന്തമായുള്ള 110 ഏക്കർ സ്ഥലം മാലിന്യം തള്ളാനുള്ള കേന്ദ്രം മാത്രമല്ല; കോർപറേഷനിലെ ചിലർക്ക് പണം വാരാൻ കൂടിയുള്ള കേന്ദ്രമാണ്. അവരാണു ‘ബ്രഹ്മപുരം മാഫിയ’. ലക്ഷക്കണക്കിനു ടൺ മാലിന്യം കെട്ടിക്കിടക്കുന്ന അവസ്ഥയിലേക്കു ബ്രഹ്മപുരത്തെ മാറ്റിയതും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാരുമെല്ലാം ചേർന്ന ഈ മാഫിയയാണ്. അവരുടെ കൊള്ളരുതായ്മകളാണ് കൊച്ചിക്കാരുടെ ശ്വാസം മുട്ടിച്ചത്. അതിനു പിന്നിലെ യാഥാർഥ്യങ്ങളിലേക്ക്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളം മുഴുവൻ അറിയുന്ന ഒരു വിവാദത്തീയാണ് ഇന്നു ബ്രഹ്മപുരം. കത്തിപ്പിടിച്ചതിന്റെ 12–ാം ദിനം തീയണച്ചതിന്റെ വീരവാദമാണു സർക്കാർ മുഴക്കുന്നത്. പക്ഷേ, തുടക്കത്തിൽത്തന്നെ ശരിയായി ഇടപെട്ടിരുന്നെങ്കിൽ നേരത്തേ അണയ്ക്കാമായിരുന്നു ഈ തീ. എന്നിട്ടും എങ്ങനെയാണ് ഒരു നഗരത്തെ മുഴുവൻ വിഷപ്പുകയിൽ മുക്കിയ തീക്കൂനയായി ബ്രഹ്മപുരത്തെ മാലിന്യമല മാറിയത്? ഉത്തരം എളുപ്പമല്ലാത്ത ഈ ചോദ്യം പോലെത്തന്നെയാണു കോർപറേഷന്റെ ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ അവസ്ഥയും. യഥാർഥത്തിൽ‌ അതിനെ മാലിന്യ സംസ്കരണ കേന്ദ്രമെന്നു വിളിക്കരുത്. അതൊരു മാലിന്യം തള്ളൽ കേന്ദ്രമാണ്. അതിനൊപ്പം എല്ലാം ശരിയാക്കുമെന്ന കോർപറേഷന്റെ ‘തള്ളൽ’ കൂടിയാകുമ്പോൾ എല്ലാം ശുഭം. വടവുകോട് –പുത്തൻകുരിശ് പഞ്ചായത്തിൽ കൊച്ചി കോർപറേഷനു സ്വന്തമായുള്ള 110 ഏക്കർ സ്ഥലം മാലിന്യം തള്ളാനുള്ള കേന്ദ്രം മാത്രമല്ല; കോർപറേഷനിലെ ചിലർക്ക് പണം വാരാൻ കൂടിയുള്ള കേന്ദ്രമാണ്. അവരാണു ‘ബ്രഹ്മപുരം മാഫിയ’. ലക്ഷക്കണക്കിനു ടൺ മാലിന്യം കെട്ടിക്കിടക്കുന്ന അവസ്ഥയിലേക്കു ബ്രഹ്മപുരത്തെ മാറ്റിയതും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാരുമെല്ലാം ചേർന്ന ഈ മാഫിയയാണ്. അവരുടെ കൊള്ളരുതായ്മകളാണ് കൊച്ചിക്കാരുടെ ശ്വാസം മുട്ടിച്ചത്. അതിനു പിന്നിലെ യാഥാർഥ്യങ്ങളിലേക്ക്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളം മുഴുവൻ അറിയുന്ന ഒരു വിവാദത്തീയാണ് ഇന്നു ബ്രഹ്മപുരം. കത്തിപ്പിടിച്ചതിന്റെ 12–ാം ദിനം തീയണച്ചതിന്റെ വീരവാദമാണു സർക്കാർ മുഴക്കുന്നത്. പക്ഷേ, തുടക്കത്തിൽത്തന്നെ ശരിയായി ഇടപെട്ടിരുന്നെങ്കിൽ നേരത്തേ അണയ്ക്കാമായിരുന്നു ഈ തീ. എന്നിട്ടും എങ്ങനെയാണ് ഒരു നഗരത്തെ മുഴുവൻ വിഷപ്പുകയിൽ മുക്കിയ തീക്കൂനയായി ബ്രഹ്മപുരത്തെ മാലിന്യമല മാറിയത്? ഉത്തരം എളുപ്പമല്ലാത്ത ഈ ചോദ്യം പോലെത്തന്നെയാണു കോർപറേഷന്റെ ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ അവസ്ഥയും. യഥാർഥത്തിൽ‌ അതിനെ മാലിന്യ സംസ്കരണ കേന്ദ്രമെന്നു വിളിക്കരുത്. അതൊരു മാലിന്യം തള്ളൽ കേന്ദ്രമാണ്. അതിനൊപ്പം എല്ലാം ശരിയാക്കുമെന്ന കോർപറേഷന്റെ ‘തള്ളൽ’ കൂടിയാകുമ്പോൾ എല്ലാം ശുഭം. വടവുകോട് –പുത്തൻകുരിശ് പഞ്ചായത്തിൽ കൊച്ചി കോർപറേഷനു സ്വന്തമായുള്ള 110 ഏക്കർ സ്ഥലം മാലിന്യം തള്ളാനുള്ള കേന്ദ്രം മാത്രമല്ല; കോർപറേഷനിലെ ചിലർക്ക് പണം വാരാൻ കൂടിയുള്ള കേന്ദ്രമാണ്. അവരാണു ‘ബ്രഹ്മപുരം മാഫിയ’. ലക്ഷക്കണക്കിനു ടൺ മാലിന്യം കെട്ടിക്കിടക്കുന്ന അവസ്ഥയിലേക്കു ബ്രഹ്മപുരത്തെ മാറ്റിയതും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാരുമെല്ലാം ചേർന്ന ഈ മാഫിയയാണ്. അവരുടെ കൊള്ളരുതായ്മകളാണ് കൊച്ചിക്കാരുടെ ശ്വാസം മുട്ടിച്ചത്. അതിനു പിന്നിലെ യാഥാർഥ്യങ്ങളിലേക്ക്...

 

ADVERTISEMENT

∙ പ്ലാസ്റ്റിക്കിലെ അഴിമതി

കൊച്ചി പനമ്പിള്ളിനഗറിൽ മാലിന്യം നിക്ഷേപിക്കരുത് എന്ന ബോർഡിനു താഴെ നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങൾ. ചിത്രം: മനോരമ

 

കോർപറേഷൻ പ്ലാസ്റ്റിക് മാലിന്യം കിലോയ്ക്ക് വെറും ഒന്നര രൂപയ്ക്ക് ഒരു സ്വകാര്യ കമ്പനിക്ക് 10 വർഷത്തിലേറെയായി വിൽക്കുന്നതിന്റെ വാർത്തകൾ വിവരാവകാശ നിയമ പ്രകാരം പുറത്തു വന്നിരുന്നു.  വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ ഈ വിവരാവകാശ പ്രവർത്തകന്റെ വീട്ടിൽ അർധരാത്രിയിൽ ഇരുചക്ര വാഹനത്തിൽ ഗുണ്ടാ സംഘമെത്തി. വിവരാവകാശ പ്രവർത്തകന്റെ ഫോണിൽ വിളിച്ച സംഘം ആവശ്യപ്പെട്ടത് ആരു പറഞ്ഞിട്ടാണു വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകിയത് എന്നായിരുന്നു?. ചോദ്യമിതാണ്– കോർപറേഷനിൽ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകിയ ഒരാളിന്റെ വിലാസവും ഫോൺ നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങൾ എങ്ങനെയാണ് ഈ ഗുണ്ടാ സംഘത്തിന്റെ കയ്യിലെത്തിയത്. ഉത്തരം സിംപിളാണ്– അതാണു കോർപറേഷനിൽ പ്രവർത്തിക്കുന്ന ബ്രഹ്മപുരം മാഫിയ. ബ്രഹ്മപുരവുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമ പ്രകാരം ചോദിക്കുന്ന ചോദ്യങ്ങൾക്കൊന്നും കൃത്യമായ മറുപടി കൊടുക്കുന്ന ശീലം അധികൃതർക്കില്ല. ബയോമൈനിങ്ങുമായി ബന്ധപ്പെട്ടു കണ്ണൂരിൽനിന്ന് ഒരു വിവരാവകാശ പ്രവർത്തകൻ ചോദിച്ച ചോദ്യത്തിന് ഇതുവരെ കോർപറേഷൻ മറുപടി നൽകിയിട്ടില്ല. എന്താണതിനു കാരണം? ഉത്തരം സിംപിളാണ്– ബ്രഹ്മപുരത്തെ ബയോമൈനിങ്ങുമായി ബന്ധപ്പെട്ടു നടക്കുന്ന ക്രമക്കേടുകളെ കുറിച്ചു കോർപറേഷൻ അധികൃതർ‌ക്കു വ്യക്തമായ ധാരണയുണ്ടായിരുന്നു. അറിഞ്ഞിട്ടും മിണ്ടിയില്ല. ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം…

 

ADVERTISEMENT

∙ മാലിന്യം സംസ്കരിക്കേണ്ട, കാശും കിട്ടും

 

കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തീപിടിച്ചത് അണയ്ക്കാനെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ മാലിന്യക്കൂനയ്ക്കും പുകയ്ക്കുമിടയിൽ. ചിത്രം: മനോരമ

2008 മുതൽ ബ്രഹ്മപുരത്തു ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തിക്കുന്നുണ്ട്. ഒരു വർഷം ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തിപ്പിക്കാൻ കരാറുകാരനു കോർപറേഷൻ നൽകുന്നത് മൂന്നരക്കോടി രൂപ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു മാലിന്യം ബ്രഹ്മപുരത്ത് എത്തിക്കാൻ കോർപറേഷനുള്ള ചെലവ് എട്ടരക്കോടി രൂപ. പ്രതിദിനം 250 ടൺ മാലിന്യം സംസ്കരിക്കാനുള്ള ശേഷിയുണ്ടെന്നാണു വയ്പ്. പ്ലാന്റിന്റെ അവസ്ഥ മോശമാണെങ്കിലും ദൈനംദിന മാലിന്യം അവിടെ സംസ്കരിക്കുന്നുണ്ടെന്നു  ദേശീയ ഹരിത ട്രൈബ്യൂണലിൽ പലതവണ കോർപറേഷൻ റിപ്പോർട്ട് നൽകി. എന്നാൽ കാര്യമായ മാലിന്യ സംസ്കരണമൊന്നും അവിടെ നടന്നിരുന്നില്ലെന്ന് ഇപ്പോൾ വ്യക്തമാകുന്നു.  ജൈവ, അജൈവ മാലിന്യം കൂടിക്കുഴഞ്ഞു കിടക്കുകയും അതുവഴി മീഥെയ്ൻ വാതകം രൂപപ്പെടുകയും ചെയ്തതാണു ബ്രഹ്മപുരത്തെ തീ ഇത്രത്തോളം ആളിക്കത്താൻ സഹായിച്ചത്. ജൈവ മാലിന്യം സംസ്കരിച്ചു വളമാക്കി മാറ്റുന്ന പ്രക്രിയയ്ക്കു വേണ്ടിയാണു ബ്രഹ്മപുരത്തെ പ്ലാന്റ് പ്രവർത്തിക്കുന്നത്. എന്നാൽ ആ പ്ലാന്റ് ‘ശരിക്കു’ പ്രവർത്തിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അവിടെ മാലിന്യ സംസ്കരണം നടന്നിരുന്നില്ലെന്നു തന്നെ കരുതണം. സംസ്കരണം നടന്നില്ലെങ്കിലും സംസ്കരിച്ചുവെന്നു പറഞ്ഞു പണം കൃത്യമായി കരാറുകാരൻ പോക്കറ്റിലാക്കിയിട്ടുമുണ്ട്.

സംസ്കരണ കേന്ദ്രത്തിലേക്കുള്ള പ്രവേശന കവാടത്തിലെ ലോഗ്ബുക്ക് ഞാൻ പരിശോധിച്ചു. ബ്രഹ്മപുരത്തേക്കു കൊണ്ടു വരുന്ന ജൈവ, അജൈവ മാലിന്യത്തിന്റെ കണക്കുകൾ രേഖപ്പെടുത്താൻ 2 പ്രത്യേക ലോഗ്ബുക്കുകളുണ്ട്്. എന്നാൽ പൂർണ വിവരങ്ങളില്ലാതെ തോന്നിയ പോലെയാണ് ഇതിൽ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്.

 

ADVERTISEMENT

സംസ്കരിക്കാനായി ബ്രഹ്മപുരത്ത് എത്തിക്കുന്ന മാലിന്യത്തിന്റെ അളവിന് അനുസരിച്ചാണു കരാർ കമ്പനിക്ക് പണം (ടിപ്പിങ് ഫീസ്) നൽകുന്നത്. ഒരു ടൺ മാലിന്യത്തിന് ഇപ്പോൾ ടിപ്പിങ് ഫീസായി നൽകുന്നത് 492 രൂപയാണ്. അതായത് 100 ടൺ ജൈവ മാലിന്യം കോർപറേഷൻ ബ്രഹ്മപുരത്ത് എത്തിച്ചാൽ 49,200 രൂപ കരാർ കമ്പനിക്കു കോർപറേഷൻ നൽകണം. ശരാശരി 28 ലക്ഷം രൂപയാണു കരാർ കമ്പനിക്കു പ്രതിമാസം കോർപറേഷൻ നൽകിയിരുന്നത്. അതായത്, പ്രതിമാസം ഏകദേശം 6000 ടൺ ജൈവ മാലിന്യം ബ്രഹ്മപുരത്ത് എത്തിച്ചിരുന്നുവെന്നാണു പറയുന്നത്. ഇതിൽ എത്ര ജൈവ മാലിന്യം സംസ്കരിച്ചു വളമാക്കി മാറ്റിയെന്ന ചോദ്യത്തിനു കോർപറേഷൻ ഉത്തരം പറയില്ല. ബ്രഹ്മപുരം സംസ്കരണ കേന്ദ്രത്തിൽ ഉൽപാദിപ്പിക്കുന്ന വളത്തിന് അനുസരിച്ചു മാത്രമേ കരാർ കമ്പനിക്കു പണം നൽകാവൂവെന്ന നിർദേശം പലതവണ ഉയർന്നിട്ടുണ്ടെങ്കിലും നടപ്പായിട്ടില്ല. അങ്ങനെയാകുമ്പോൾ പണിയെടുക്കണമല്ലോ.

 

∙ കാട്ടിലെ തടി, തേവരുടെ ആന; കോർപറേഷന്റെ ബ്രഹ്മപുരം

 

വിൻഡ്രോ കംപോസ്റ്റിങ്ങിലൂടെ ജൈവമാലിന്യം മുഴുവൻ സംസ്കരിച്ചു വളമാക്കി മാറ്റുകയെന്ന നല്ല ഉദ്ദേശത്തോടെയാണു ബ്രഹ്‌മപുരം പ്ലാന്റ് ആരംഭിച്ചതെങ്കിലും അധികം വൈകാതെതന്നെ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും പണം അടിച്ചു മാറ്റാനുള്ള വഴിയായി മാറി. ബ്രഹ്മപുരത്തെ ചതുപ്പു നികത്തി പണിത പ്ലാന്റിൽ തുടക്കത്തിൽ തന്നെ പാളിച്ചകളുണ്ടായിരുന്നു. 2008ൽ പ്ലാന്റ് പ്രവർത്തിച്ചു തുടങ്ങിയെങ്കിലും ഏറെ വൈകാതെ തന്നെ അപാകതകൾ പിടികൂടി. പ്ലാന്റിലെത്തിക്കുന്ന മാലിന്യം പൂർണമായും സംസ്കരിക്കാതെ കുന്നുകൂടാൻ തുടങ്ങി. കൊച്ചി കോർപറേഷനൊപ്പം സമീപ നഗരസഭകൾ, പഞ്ചായത്തുകൾ എന്നിവിടങ്ങളിൽനിന്നും ജൈവ മാലിന്യം ബ്രഹ്മപുരത്ത് എത്തിച്ചിരുന്നു. അതും ബ്രഹ്മപുരത്തു മാലിന്യം കെട്ടിക്കിടക്കാൻ ഇടയാക്കി. 

കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിൽ പുകഞ്ഞു കത്തുന്ന മാലിന്യങ്ങൾ അണയ്ക്കുന്ന ജോലി പുരോഗമിക്കുമ്പോൾ അതിനിടയിലൂടെ ചൂടും പുകയും സഹിച്ചു നിർദേശങ്ങൾ നൽകാൻ നീങ്ങുന്ന അഗ്നിരക്ഷാ സംഘാംഗം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

 

ജൈവ മാലിന്യം മാത്രം സംസ്കരിക്കുകയെന്ന ഉദ്ദേശത്തോടെയാണു ബ്രഹ്മപുരം പ്ലാന്റ് തുടങ്ങിയതെങ്കിലും ഘട്ടം ഘട്ടമായി അവിടെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളും കുന്നുകൂടി. 2012 മുതൽ 2022 വരെയുള്ള 10 വർഷം ഒരേ കരാർ കമ്പനിയാണ് ഈ സംസ്കരണ പ്ലാന്റ് നടത്തിയിരുന്നത്. സാധാരണഗതിയിൽ ഓരോ വർഷവും ടെൻഡറുകൾ വിളിക്കുന്നതാണല്ലോ നാട്ടുനടപ്പ്. എന്നാൽ, ഇക്കാര്യത്തിൽ അങ്ങനെ ടെൻഡറൊന്നുമുണ്ടായിരുന്നില്ല. കരാറിൽ മനഃപൂർവം ഉൾപ്പെടുത്തിയ ഒരു വ്യവസ്ഥയായിരുന്നു അതിനുള്ള കാരണം. ‘പുതിയ ടെൻഡർ വിളിക്കുന്നതു വരെ’ എന്നതായിരുന്നു കരാറിലെ കാലാവധി. കോർപറേഷൻ ഒരിക്കലും പുതിയ ടെൻഡർ വിളിച്ചില്ല. ഫലമോ, കരാർ ഓരോ വർഷവും പുതുക്കി നൽകിക്കൊണ്ടേയിരുന്നു. ഇങ്ങനെയൊരു വ്യവസ്ഥ കരാറിൽ എഴുതിവച്ച കോർപറേഷൻ അധികൃതരേ നമോവാകം എന്നു പറയാൻ മാത്രമേ പറ്റുകയള്ളൂ. അന്നു ഭരിച്ചിരുന്നവരുമായി ഈ കമ്പനിക്കു രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും അതാണ് ഇത്തരമൊരു വ്യവസ്ഥ കരാറിൽ ഉൾപ്പെടുത്താൻ കാരണമെന്നും ആരോപണങ്ങളുണ്ട്. ഒരു കാര്യം ഉറപ്പാണ് ജൈവ മാലിന്യം സംസ്കരിക്കാനായി കോർപറേഷൻ ചെലവഴിച്ച പണത്തിന്റെ ഒരു പങ്ക് കോർപറേഷനിൽ അധികാരം കയ്യാളിയിരുന്ന രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പോക്കറ്റിലേക്ക് പോയിട്ടുണ്ട്. തങ്ങൾക്കു ചാകരയായ ബ്രഹ്മപുരം എല്ലാക്കാലത്തും ഇങ്ങനെ തന്നെ തുടരണമെന്ന് ആഗ്രഹിച്ചിരുന്നതും അവർ തന്നെയാണ്.

 

2022ൽ കരാർ കമ്പനി മാറി. പുതുതായി വന്ന കമ്പനിയുടെ പാർട്നർമാരിൽ ഒരാൾ പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. കമ്പനി എങ്ങനെയാണ് ഉണ്ടായതെന്ന് ഇനി കൂടുതൽ പറയേണ്ടതില്ലല്ലോ. ജൈവ മാലിന്യ സംസ്കരണമെന്ന പേരിൽ പ്രതിമാസം ശരാശരി 28 ലക്ഷം രൂപ  വീതം ഈ കമ്പനിക്കും നൽകിയിട്ടുണ്ട്. എന്നാൽ, അവർ ഉൽപാദിപ്പിച്ച വളത്തെ കുറിച്ചുള്ള വിവരങ്ങളും കോർപറേഷൻ പുറത്തു പറഞ്ഞിട്ടില്ല. മാർച്ച് ഒന്നിന് ഈ കരാറിന്റെ കാലാവധി അവസാനിച്ചു. സാധാരണഗതിയിൽ ഒരു കരാർ കാലാവധി തീരുന്നതിനു മുൻപു തന്നെ പുതിയ ടെൻഡർ വിളിക്കണമല്ലോ. പക്ഷേ, ഇവിടെ അതുണ്ടായില്ല. ബ്രഹ്മപുരത്തെ തട്ടിപ്പു തിരിച്ചറിഞ്ഞ കോർപറേഷൻ സെക്രട്ടറി ഫയലിൽ എഴുതി– ‘ബ്രഹ്മപുരത്തു പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതു വരെ ജൈവ മാലിന്യ സംസ്കരണം കോർപറേഷൻ സ്വന്തം നിലയിൽ ചെയ്യാം’. പക്ഷേ, അതു നടപ്പായില്ല. ബ്രഹ്മപുരത്തു തീപിടിത്തമുണ്ടായതിനു തൊട്ടു പിന്നാലെ ജൈവ മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനത്തിനു വേണ്ടി കോർപറേഷൻ പുതിയ ടെൻ‍ഡർ വിളിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാരുടെ കൺസോർഷ്യത്തിൽ രൂപപ്പെടുന്ന ഏതെങ്കിലും ‘ഉഡായിപ്പ്’ കമ്പനി ഇനിയും ബ്രഹ്മപുരത്തു നിന്നു പൈസ അടിച്ചു മാറ്റിക്കൊണ്ടേയിരിക്കുമെന്നു ചുരുക്കം.

 

∙ കണക്കു പെരുപ്പിച്ച് മാലിന്യത്തട്ടിപ്പ്

 

തീപിടിത്തത്തിനു ശേഷം ബ്രഹ്മപുരം സന്ദർശിച്ച മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധനയിൽ ഒരു കാര്യം കണ്ടെത്തി. ബ്രഹ്മപുരത്തേക്ക് എത്തിക്കുന്ന മാലിന്യത്തിന്റെ അളവെടുക്കാനായി ലോറികളുടെ ഭാരമെടുക്കുന്ന 2 വെയ്ബ്രിജുകളിൽ ഒന്നു പ്രവർത്തിക്കുന്നില്ല. അതായത് മാലിന്യത്തിന്റെ ഭാരം കൃത്യമായി എടുത്തിരുന്നില്ല. ഇതു ബ്രഹ്മപുരത്തു നടക്കുന്ന മറ്റൊരു തട്ടിപ്പ്. ബ്രഹ്മപുരത്തെ മാലിന്യക്കുന്നു കയറി വന്നു ചോദിക്കാൻ ആരുമില്ലാത്തതുകൊണ്ട് അവിടെ നടക്കുന്നതൊന്നും പുറത്തറിയില്ല. കോർപറേഷൻ ഉദ്യോഗസ്ഥരെ അവിടെ നിയോഗിച്ചിട്ടുണ്ടെങ്കിലും അവരും കണ്ണടയ്ക്കും. ഇതോടെ 100 ടൺ– ഇരുനൂറും മുന്നൂറും ടണ്ണാകും. കരാറുകാരന്റെ പോക്കറ്റ് നിറയും; ഒപ്പമുള്ളവരുടെയും. അതുകൊണ്ടു തന്നെയാണു തൂക്കമെടുക്കാനുള്ള വെയ്ബ്രിജ് പ്രവർത്തിക്കാത്തതും. 

 

സ്ഥലം സന്ദർശിച്ച ദേശീയ ഹരിത ട്രൈബ്യൂണൽ സംസ്ഥാന നിരീക്ഷണ സമിതി ചെയർമാൻ ജസ്റ്റിസ് എ.വി. രാമകൃഷ്ണപ്പിള്ള തന്റെ റിപ്പോർട്ടിൽ പറയുന്നു– ‘സംസ്കരണ കേന്ദ്രത്തിലേക്കുള്ള പ്രവേശന കവാടത്തിലെ ലോഗ്ബുക്ക് ഞാൻ പരിശോധിച്ചു. ബ്രഹ്മപുരത്തേക്കു കൊണ്ടു വരുന്ന ജൈവ, അജൈവ മാലിന്യത്തിന്റെ കണക്കുകൾ രേഖപ്പെടുത്താൻ 2 പ്രത്യേക ലോഗ്ബുക്കുകളുണ്ട്്. എന്നാൽ പൂർണ വിവരങ്ങളില്ലാതെ തോന്നിയ പോലെയാണ് ഇതിൽ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്’. അതങ്ങനെയേ എഴുതൂ. കാരണം, നോക്കുന്നവർക്ക് ഒരു ചുക്കും മനസ്സിലാകരുത്. ഓഡിറ്റ് വിഭാഗം പലതവണ ആവശ്യപ്പെട്ടിട്ടും ഈ ലോഗ്ബുക്ക് കോർപറേഷൻ ഇതുവരെ കൊടുത്തിട്ടില്ല. അതിന്റെ കാരണമറിയാൻ ഇനി ഏറെ അന്വേഷിച്ചു പോകേണ്ടതില്ലല്ലോ.

 

∙ ലോറിവാടകയിലും തട്ടിപ്പ്

കൊച്ചി കോർപ്പറേഷൻ ഓഫിസ് (ഫയൽ ചിത്രം)

 

കോർപറേഷന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ബ്രഹ്മപുരം മാലിന്യ കേന്ദ്രത്തിലേക്കു മാലിന്യമെത്തിക്കുന്നതു ലോറികളിലാണ്. കോർപറേഷനു  സ്വന്തമായി ലോറികൾ കുറച്ചേയുള്ളൂ. ആവശ്യമുള്ള ലോറികൾ വാടകയ്ക്കു വിളിക്കുകയാണ്. ഈ ലോറികൾ പലതും രാഷ്ട്രീയക്കാരുടെ ബെനാമികളുടേതാണെന്ന് ആരോപണമുണ്ട്. ലോറികൾ പ്രതിദിനം രണ്ടു ട്രിപ്പ് നടത്തണമെന്നും അതിൽ നിശ്ചിത അളവ് മാലിന്യം ബ്രഹ്മപുരത്തേക്കു കൊണ്ടു പോയിരിക്കണമെന്നുമാണു കരാർ. എന്നാൽ, അതൊന്നും കൃത്യമായി നടക്കില്ല. ആരും പരിശോധിക്കുകയുമില്ല. ലോറി വാടക ഇനത്തിലും കാര്യമായ തട്ടിപ്പു നടക്കുന്നുണ്ട്. ലോറികൾക്ക് പണം കൂടുതൽ നൽകിയതായി ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ല. 

 

ശുചിമുറി മാലിന്യം സംസ്കരിക്കാനായി ഒരു സെപ്റ്റേജ് മാലിന്യ സംസ്കരണ പ്ലാന്റ് ബ്രഹ്മപുരത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണു പറയുന്നത്. പ്രതിദിനം അവിടെ സംസ്കരിക്കാൻ കഴിയുന്നത് 20 ലോഡ് മാലിന്യം. എന്നാൽ, കഴിഞ്ഞ ദിവസം അവിടെ സന്ദർശിച്ചപ്പോഴും പ്ലാന്റ് പ്രവർത്തിക്കുന്നതിന്റെ ഒരു ലക്ഷണവും കണ്ടില്ല. പകരം ശുചിമുറി മാലിന്യം ബ്രഹ്മപുരത്തെ ചതുപ്പിൽ ഒഴുക്കിക്കളഞ്ഞിരിക്കുന്നു. ബ്രഹ്മപുരത്തെ ഈ പ്ലാന്റിലേക്ക് ശുചിമുറി മാലിന്യം കൊണ്ടു പോകാൻ ചിലരുടെ ഇഷ്ടക്കാരായ ടാങ്കർ ലോറികൾക്കു മാത്രമേ കോർപറേഷൻ പെർമിറ്റ് കൊടുക്കൂ. ബ്രഹ്മപുരത്തു നടക്കുന്നതെന്താണെന്നു പുറത്തറിയരുതെന്ന് അവർക്കു നിർബന്ധമുണ്ടെന്നു ചുരുക്കം.

ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീയും പുകയും അണയ്ക്കുന്ന ജോലികൾ പുരോഗമിക്കുമ്പോൾ സമീപത്തെ ചതുപ്പിൽ കരിഞ്ഞു നിൽക്കുന്ന പുല്ലിലേക്കും വെള്ളം തളിക്കുന്നു. ഫയൽ ചിത്രം: മനോരമ

 

∙ അഴിമതിയുടെ കരാറുകൾ

 

ജൈവമാലിന്യ സംസ്കരണത്തിനു പുറമെ ഓരോ വർഷവും ബ്രഹ്മപുരത്ത് കോടിക്കണക്കിനു രൂപയുടെ മരാമത്തു പണികളും നടക്കുന്നുണ്ട്. റോഡ് നിർമാണം, പ്ലാന്റിന്റെ അറ്റകുറ്റപ്പണി, ലീച്ചേറ്റ് പ്ലാന്റ്, സെപ്റ്റേജ് പ്ലാന്റ്, സിസിടിവി ക്യാമറ സ്ഥാപിക്കൽ, ഫയർ ഹൈഡ്രന്റുകൾ സ്ഥാപിക്കൽ… ഇങ്ങനെ പോകുന്നു ഈ പണികൾ. കോർപറേഷൻ രേഖകൾ പരിശോധിച്ചാൽ ബ്രഹ്മപുരത്ത് പലപ്പോഴായി ഫയർ ഹൈഡ്രന്റുകളും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ടെന്നു കാണാം. 2020 ഓഗസ്റ്റിൽ 20 ലക്ഷം രൂപ മുടക്കി ബ്രഹ്മപുരത്തു ഫയർ ഹൈഡ്രന്റുകൾ സ്ഥാപിക്കാൻ കരാർ നൽകിയിരുന്നു. അതു സ്ഥാപിക്കുകയും ചെയ്തു. എന്നാൽ ഇത്തവണ തീപിടിത്തമുണ്ടായപ്പോൾ ആ ഫയർ ഹൈഡ്രന്റുകളിൽനിന്ന് ഒരു തുള്ളി വെള്ളം പോലും പുറത്തു വന്നില്ല. വേനൽക്കാലമായതിനാൽ കടമ്പ്രയാറിലെ ജലനിരപ്പ് താഴ്ന്നതും ചെളിയടിഞ്ഞതും കാരണമാണു ഫയർ ഹൈഡ്രന്റുകൾ പ്രവർത്തിക്കാതിരുന്നതെന്നാണു കോർപറേഷൻ പറയുന്നത്.

 

ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ളയുടെ റിപ്പോർട്ടിലെ പരാമർശങ്ങൾ കേൾക്കുക: വേനൽകാലത്ത് കേരളത്തിലെ പുഴകൾ വറ്റിവരളുമെന്ന് എല്ലാവർക്കും അറിയാവുന്നതല്ലേ. വെള്ളമെടുക്കാനുള്ള പമ്പിന്റെ ഫുട് വാൽവ് പുഴയിൽ ഇറക്കിവച്ചാൽ ജലനിരപ്പ് താഴുമ്പോൾ അതു പരാജയപ്പെടുമെന്ന കാര്യം ഉറപ്പാണ്. അതിനു പകരം പ്രത്യേക ജല സംഭരണിയുണ്ടാക്കി അതിൽനിന്നാണു ഫയർ ഹൈഡ്രന്റിലേക്കു വെള്ളമെത്തിക്കേണ്ടിയിരുന്നത്. ബ്രഹ്മപുരത്തു നടക്കുന്ന ഓരോ പണിയിലും അഴിമതിയുടെ പുകയുണ്ട്. രാഷ്ട്രീയക്കാരുടെ പോക്കറ്റ് നിറയ്ക്കാനായി മാത്രം ചെയ്യുന്ന പണികളുമുണ്ട്. പൊതുജനങ്ങൾക്കു കടന്നു ചെല്ലാൻ കഴിയാത്ത ഒരിടമായി ബ്രഹ്മപുരം കിടക്കുന്ന കാലത്തോളം ഇതൊന്നും പുറത്തു വരില്ലെന്ന് കോർപറേഷൻ അധികൃതർക്കു നന്നായി അറിയാം. അതുകൊണ്ടു തന്നെയാണ് ബ്രഹ്മപുരം ഇത്രയും കാലം ഇങ്ങനെ കിടന്നതും.

 

∙ ആരോഗ്യ സമിതിയും ബ്രഹ്മപുരവും

 

കോർപറേഷനിലെ ആരോഗ്യ സ്ഥിര സമിതിയുടെ കൈവശമാണു ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രം. അവിടെയുള്ള എല്ലാ കാര്യങ്ങളും ആരോഗ്യ സ്ഥിര സമിതിയാണു ചെയ്യുന്നത്. ഇത്തവണ ബ്രഹ്മപുരത്തു തീപിടിത്തമുണ്ടായതിനു പിറ്റേന്ന് ആരോഗ്യ സ്ഥിര സമിതി ചെയർമാനും അംഗങ്ങളും പുണെയിൽ മാലിന്യ സംസ്കരണം പഠിക്കാൻ പോകുകയാണു ചെയ്തത്. ആരോഗ്യ സ്ഥിര സമിതി അംഗമാകാനൊക്കെ കൂട്ടയിടിയാണ്. ചെയർമാനാകാൻ അതിലേറെ. ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണവും കൊതുകിനു മരുന്നടിക്കലുമാണ് ആരോഗ്യ സ്ഥിര സമിതിയുടെ പ്രധാന ജോലി. എന്നാൽ ഈ കരാറുകളിലെല്ലാം കോടികൾ ഒഴുകുന്നുണ്ടെന്നതിലാണ് ആരോഗ്യ സ്ഥിര സമിതിയുടെ ‘പവർ’. ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സ്ഥിര സമിതിയുടെ പ്രവർത്തനത്തിനെതിരെ എൽഡിഎഫിൽനിന്നു തന്നെ രൂക്ഷ വിമർശനമുയരുന്നുണ്ട്. എന്നാൽ എന്തെങ്കിലും സംഭവിക്കുമെന്നു പ്രതീക്ഷിക്കരുത്. കോർപറേഷൻ ഭരണത്തിൽ എൽഡിഎഫിനെ താങ്ങി നിർത്താനുള്ള നിർണായക പിന്തുണ കിട്ടുന്നത് ആരോഗ്യ സ്ഥിര സമിതി ചെയർമാനും ലീഗ് വിമതനായി വിജയിച്ച കൗൺസിലറുമായ ടി.കെ. അഷറ്ഫിൽ നിന്നാണ്. ഇക്കാരണത്താലാണു ബ്രഹ്മപുരത്തു മേയർ എം. അനിൽകുമാർ വിട്ടുവീഴ്ചയ്ക്കു തയാറായതെന്നും വിമർശനമുണ്ട്. അതുകൊണ്ടുതന്നെ പ്രതിഷേധവും വിമർശനവുമെല്ലാം എൽഡിഎഫിനുള്ളിൽ ഒതുങ്ങാനാണു സാധ്യത.

 

∙ സോണ്ടയ്ക്കും മുൻപേ അഴിമതിയുടെ മണ്ണ്

 

ബെംഗളൂരു കേന്ദ്രമായ ബയോമൈനിങ് കമ്പനിയായ സോണ്ട വരുന്നതിന് എത്രയോ മുൻപുതന്നെ ബ്രഹ്മപുരം അഴിമതിക്കു വളക്കൂറുള്ള മണ്ണായിരുന്നു. ബ്രഹ്മപുരത്തു കെട്ടിക്കിടക്കുന്ന മാലിന്യം ബയോമൈനിങ് നടത്തി ശാസ്ത്രീയമായി സംസ്കരിച്ചു നീക്കി ഭൂമി വീണ്ടെടുക്കാനായി സോണ്ടയെ തിരഞ്ഞെടുത്തതു സംസ്ഥാന വ്യവസായ വികസന കോർപറേഷനാണ് (കെഎസ്ഐഡിസി). കൊച്ചി കോർപറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്, അവർ തന്നെ നടപ്പാക്കുന്ന പദ്ധതിക്ക് എങ്ങനെയാണു കെഎസ്ഐഡിസി കരാറുകാരനെ തിരഞ്ഞെടുക്കുന്നതെന്നു സ്വാഭാവികമായും സംശയം തോന്നാം. അതിന്റെ കഥയറിയാൽ കുറച്ചു കൂടി പിന്നിലേക്കു പോകണം. 

 

ബ്രഹ്മപുരത്തു കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യണമെന്നു ദേശീയ ഹരിത ട്രൈബ്യൂണൽ പലതവണ സംസ്ഥാന ചീഫ് സെക്രട്ടറിയോടും കോർപറേഷനോടും ആവശ്യപ്പെട്ടിരുന്നു. 2019ൽ കോർപറേഷൻ ഇതിനു വേണ്ട ടെൻ‍ഡർ നടപടികൾ തുടങ്ങുകയും ചെയ്തു. ഈറോഡ് കേന്ദ്രമായ ‘നെപ്റ്റ്യൂൺ ഓട്ടമേഷൻ’ എന്ന കമ്പനിയെയാണു ടെൻഡറിൽ യോഗ്യരായി കണ്ടെത്തിയത്. ഒരു ഘനമീറ്ററിന് 597 രൂപ പ്രകാരം കെട്ടിക്കിടക്കുന്ന 2.63 ലക്ഷം ഘനമീറ്റർ‌ മാലിന്യം നീക്കാനായി 15.71 കോടി രൂപയാണു ചെലവു കണക്കാക്കിയിരുന്നത്. ഈ കമ്പനിക്കു കരാർ നൽകുന്ന കാര്യം കോർപറേഷൻ കൗൺസിലിനു വിട്ടു. 2020ലെ ആദ്യ മൂന്നു മാസങ്ങളിൽ ചേർന്ന 6 കോർപറേഷൻ കൗൺസിൽ യോഗങ്ങൾ ഇക്കാര്യം ചർച്ച ചെയ്തെങ്കിലും തീരുമാനമെടുത്തില്ല. എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധമായിരുന്നു കാരണം. ഇതിനിടെ സർക്കാർ ഇടപെട്ടു. ദുരന്ത നിവാരണ നിയമം പ്രയോഗിച്ചു 2020 മാർച്ച് അ‍ഞ്ചിനു സർക്കാർ പദ്ധതി ഏറ്റെടുത്തു. കോർപറേഷനോടു നിലവിലെ ടെൻഡർ റദ്ദാക്കാനും കെഎസ്ഐഡിസിയോടു പുതിയ ടെൻഡർ വിളിക്കാനും നിർദേശിച്ചു. ഈ ടെൻഡർ വഴിയാണ് ഇപ്പോഴത്തെ വിവാദ കമ്പനിയായ സോണ്ട രംഗത്തു വരുന്നത്. 

 

സോണ്ടയുടെ പരിശോധനയിൽ മാലിന്യത്തിന്റെ അളവ് 4.75 ലക്ഷം ഘനമീറ്ററായി. ഒരു ഘനമീറ്റർ മാലിന്യം ബയോമൈനിങ് നടത്താനുള്ള ചെലവ് 1155 രൂപയായി. മൊത്തം ചെലവ് 54.90 കോടി രൂപയായി. കോർപറേഷൻ യുഡിഎഫ് ഭരിക്കുമ്പോൾ 15.71 കോടി രൂപയുടെ ബയോമൈനിങ് പദ്ധതിയെ എതിർത്തിരുന്ന എൽഡിഎഫ് ഭരണത്തിലെത്തിയപ്പോൾ നിലപാട് മാറ്റി. അതിന്റെ മൂന്നിരട്ടിയിലേറെ തുകയ്ക്കു 2021 സെപ്റ്റംബറിൽ സോണ്ട ഇൻഫ്രാടെക്കിനു ബയോമൈനിങ് കരാർ നൽകുമ്പോൾ ഭരണത്തിൽ എൽഡിഎഫ്. ഈ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്യാൻ പോലും പ്രതിപക്ഷം കാര്യമായി തുനിഞ്ഞില്ലെന്നതും ദുരൂഹമാണ്.

 

∙ കെഎസ്ഐഡിസിയും സോണ്ട ഇൻഫ്രാടെക്കും തമ്മില്‍?

 

ബ്രഹ്മപുരത്തു ടെൻഡർ വിളിച്ചതു കെഎസ്ഐഡിസിയാണെങ്കിലും സോണ്ട ഇൻഫ്രാടെക്കുമായി കരാർ ഒപ്പുവച്ചതു കോർപറേഷനാണ്. കരാറിൽ ഒൻപതു മാസമായിരുന്നു പദ്ധതി കാലാവധി. അതനുസരിച്ചു 2022 ജൂലൈ മാസത്തോടെ പദ്ധതി പൂർത്തിയാകണം. പക്ഷേ, ഒന്നും നടന്നില്ല. പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ചു കമ്പനി സമർപ്പിച്ച ഇംപ്ലിമെന്റേഷൻ പ്ലാനിൽ 24 മാസം സമയമാണു പറഞ്ഞിരുന്നത്. ഈ ഇംപ്ലിമെന്റേഷൻ പ്ലാൻ കോർപറേഷൻ കൗൺസിൽ അംഗീകരിക്കുകയും ചെയ്തത്രേ. കരാറാണോ ഇംപ്ലിമെന്റേഷൻ പ്ലാനാണോ പ്രധാനപ്പെട്ടതെന്നു ചോദിച്ചാൽ ഏതു കൊച്ചു കുട്ടിയും പറയും കരാറാണെന്ന്. എന്നാൽ കമ്പനി പറയുന്നത്   അവർ നൽകിയ ഇംപ്ലിമെന്റേഷൻ പ്ലാൻ കൗൺസിൽ അംഗീകരിച്ചിട്ടുണ്ടെന്നും അതാണു പ്രധാനപ്പെട്ടതെന്നുമാണ്. ശുചിത്വ മിഷനും കോർപറേഷനും ഇതിനെ എതിർത്തിട്ടും ഫലം കണ്ടില്ല. കെഎസ്ഐഡിസി വീണ്ടും സോണ്ടയ്ക്കു വേണ്ടി ഇടപെട്ടു. കാലാവധി 24 മാസമായി നീട്ടി നൽകി. പക്ഷേ, ബയോമൈനിങ് പുരോഗമിച്ചതു വളരെ പതുക്കെ മാത്രം.

 

ഇതു സംബന്ധിച്ചു പലവട്ടം കോർപറേഷനും കമ്പനിയും തമ്മിൽ കശപിശയുണ്ടായിട്ടുണ്ട്. ബയോമൈനിങ് ചെയ്തെടുക്കുന്ന സാധനങ്ങൾ 30 ദിവസത്തിൽ കൂടുതൽ അവിടെ സൂക്ഷിക്കരുതെന്നാണു കരാറിൽ പറയുന്നത്. എന്നാൽ, ബയോമൈനിങ് നടത്തിയെടുത്ത റെഫ്യൂസ് ഡിറൈവ്ഡ് ഫ്യുവൽ (ആർഡിഎഫ്– സിമന്റ് കമ്പനികളിലും വൈദ്യുതി പ്ലാന്റുകളിലും ചൂളയിൽ കത്തിക്കാൻ ഇന്ധനമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള വസ്തുക്കൾ) കമ്പനി ബ്രഹ്മപുരത്തു തന്നെ സൂക്ഷിക്കാൻ തുടങ്ങി. ഇതു പറ്റില്ലെന്നു കോർപറേഷൻ പറഞ്ഞു. തിരുച്ചിറപ്പള്ളിയിലെ സിമന്റ് കമ്പനിയിലേക്ക് 2 ലോഡ് ആർഡിഎഫ് കൊണ്ടു പോയെങ്കിലും നിലവാരമില്ലെന്നു പറഞ്ഞു തിരിച്ചയച്ചു. ദൂരം കൂടുതലായതിനാൽ ഗതാഗത ചെലവു കൂടുമെന്നും അതിനാൽ ഇനി പുറത്തേക്കു കൊണ്ടു പോകാനാകില്ലെന്നും കമ്പനി നിലപാടെടുത്തു. അപ്പോഴാണു വീണ്ടും കെഎസ്ഐഡിസി സോണ്ടയ്ക്കു സഹായവുമായി എത്തുന്നത്.  

 

ബ്രഹ്മപുരത്തു നടപ്പാക്കുന്ന മറ്റൊരു പദ്ധതിയായ, മാലിന്യത്തിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയുടെ നോഡൽ ഏജൻസിയാണു കെഎസ്ഐ‍ഡിസി. ആ പദ്ധതിയുടെ കരാറും ബയോമൈനിങ് നടത്തുന്ന കമ്പനിയായ സോണ്ട ഇൻഫ്രാടെക്കിനാണ്. പദ്ധതി നടപ്പാക്കാൻ ബ്രഹ്മപുരത്തെ 20 ഏക്കർ സ്ഥലം 27 വർഷത്തെ പാട്ടത്തിനു പണയാവകാശത്തോടെ കോർപറേഷൻ കെഎസ്ഐഡിസിക്കു കൈമാറിയിട്ടുണ്ട്. ആ സ്ഥലത്ത് ആർഡിഎഫ് വയ്ക്കാൻ കെഎസ്ഐഡിസി സോണ്ടയ്ക്ക് രേഖാമൂലം അനുമതി നൽകി. ഇതോടെ കോർപറേഷൻ പെട്ടു. അവർക്കു പാട്ടത്തിനു നൽകിയ സ്ഥലത്ത്, അവർ അവരുടെ സാധനങ്ങൾ വയ്ക്കുന്നതിൽ കോർപറേഷനെന്തു ചെയ്യാൻ പറ്റും! ബ്രഹ്മപുരത്തെ തീപിടിത്തത്തിന് അവിടെ സൂക്ഷിച്ചിരുന്ന ഈ ആർഡിഎഫും കാരണമായിട്ടുണ്ടോയെന്ന് അന്വേഷണത്തിലൂടെയാണു കണ്ടെത്തേണ്ടത്. 

 

∙ മുന്നറിയിപ്പുകൾ അവഗണിച്ചു

 

ഇക്കഴിഞ്ഞ ഫെബ്രുവരി 14നു ബ്രഹ്മപുരത്തു ചെറിയൊരു തീപിടിത്തമുണ്ടായിരുന്നു. അന്നു തീ പടർന്നത് ആർഡിഎഫ് സൂക്ഷിച്ചിരുന്ന ഭാഗത്താണെന്നു കണ്ടെത്തുകയും ഇക്കാര്യത്തിൽ സോണ്ട കമ്പനി ഗുരുതര വീഴ്ച വരുത്തിയെന്നും കാണിച്ചു ഫെബ്രുവരി 16നു കോർപറേഷൻ കത്തു നൽകുകയും ചെയ്തു. എന്നാൽ അങ്ങനെയൊരു കത്തു കിട്ടിയിട്ടില്ലെന്നും അതു കോർപറേഷൻ വ്യാജമായി തയാറാക്കിയതുമാണെന്നാണ് സോണ്ട എംഡി രാജ്കുമാർ ചെല്ലപ്പൻ പിള്ള പറയുന്നത്. കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച ദേശീയ ഹരിത ട്രൈബ്യൂണൽ സംസ്ഥാനതല നിരീക്ഷണ സമിതി അധ്യക്ഷൻ ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള ബയോമൈനിങ്ങിനെ കുറിച്ചു പറയുന്നതു കൂടി നോക്കാം: ബ്രഹ്മപുരം പ്ലാന്റിൽ കാര്യമായ ഒരു മാറ്റവുമുണ്ടായിട്ടില്ല. ബയോമൈനിങ് ഈ വിധം സാവധാനത്തിലാണു നടക്കുന്നതെങ്കിൽ അടുത്ത കാലത്തൊന്നും ഇതു പൂർത്തിയാകില്ല. ഇതു മൂലം ഇനിയും തീപിടിത്തമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. 

 

55 കോടി രൂപയുടെ ബയോമൈനിങ് പദ്ധതി നടപ്പാക്കാൻ സോണ്ടയ്ക്ക് 2 ഗഡുക്കളായി ഇതിനകം 11.04 കോടി രൂപ നൽകിക്കഴിഞ്ഞു. എന്നാൽ, കാര്യമായ ഒരു പണിയും സോണ്ട ബ്രഹ്മപുരത്ത് ചെയ്തിട്ടില്ലെന്നാണു മനസ്സിലാക്കുന്നത്. വളരെ കുറച്ചു ഭാഗത്തെ മാലിന്യം മാത്രമാണു കരാർ നൽകി 17 മാസത്തിനകം അവർ നീക്കിയിട്ടുള്ളത്. ഇനി അവശേഷിക്കുന്നത് ജൂൺ 30 വരെയുള്ള കാലയളവ് മാത്രം. എന്നിട്ടും ബയോമൈനിങ് കരാർ റദ്ദാക്കി കമ്പനിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ കോർപറേഷനു താൽപര്യമില്ല. ബ്രഹ്മപുരം ബയോമൈനിങ്ങുമായി ബന്ധപ്പെട്ടു കരാറിനു പുറമേ ഉപകരാറുമുണ്ടെന്നാണു പറയപ്പെടുന്നത്. കരാർ സിപിഎം നേതാവിന്റെ ബന്ധുവിനും ഉപകരാർ കോൺഗ്രസ് നേതാവിന്റെ ബന്ധുവിനുമെന്നാണ് ആരോപണം. കരാർ കണ്ടിട്ടുണ്ടെങ്കിലും ഈ ഉപകരാർ കണ്ടിട്ടില്ല. കരാർ പ്രകാരം പദ്ധതി ഉപകരാർ നൽകണമെങ്കിൽ കോർപറേഷനിൽ നിന്നു മുൻകൂട്ടി അനുമതി വാങ്ങണം. അങ്ങനെയൊരു അനുമതി വാങ്ങാത്ത സ്ഥിതിക്ക് രേഖകളിലൊന്നും ഉപകരാറുണ്ടാകില്ല. കരാറുകാർ രാഷ്ട്രീയക്കാരുടെ മക്കളായാലും മരുമക്കളായാലും പണി നടന്നാൽ പോരേ എന്നു ചിലരെങ്കിലും ചിന്തിക്കും. മതി. പക്ഷേ, മുൻകൂറായി കോടിക്കണക്കിനു രൂപ കൈവശപ്പെടുത്തിയിട്ടും ആ പണി ബ്രഹ്മപുരത്തു നടന്നില്ലെന്നതാണു പ്രശ്നവും.

 

∙ മാലിന്യത്തിൽനിന്ന് വൈദ്യുതിക്കും പദ്ധതി

 

മാലിന്യത്തിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പ്ലാന്റും ബ്രഹ്മപുരത്ത് ആരംഭിക്കാൻ പോകുന്നുണ്ട്. കെഎസ്ഐഡിസിയാണു നോ‍ഡൽ ഏജൻസി. കരാർ കിട്ടിയത് നേരത്തേ പറഞ്ഞ വിവാദ കമ്പനിയായ സോണ്ട ഇൻഫ്രാടെക്കിന്. പദ്ധതി നടപ്പാക്കുമ്പോൾ, സോണ്ടയ്ക്കു മാലിന്യം നൽകാനായി എറണാകുളം ജില്ലയിലെ എല്ലാ നഗരസഭകളും ഒപ്പുവച്ചെങ്കിലും കൊച്ചി കോർപറേഷൻ ഇതുവരെ ഒപ്പുവച്ചിട്ടില്ല. പദ്ധതി നടക്കുമെന്നു കൊച്ചി കോർപറേഷന് അത്ര ഉറപ്പില്ലാത്തതു തന്നെയാണ് ഒപ്പുവയ്ക്കാതിരിക്കാനുള്ള ഒരു കാരണം. ബ്രഹ്മപുരത്തു മാലിന്യത്തിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കാനായി ജി.ജെ. ഇക്കോപവർ എന്ന കമ്പനിക്കു 2015ൽ കരാർ നൽകിയിരുന്നു. 2018ൽ പദ്ധതിക്കു തറക്കല്ലിടുകയും ചെയ്തു. എന്നാൽ പദ്ധതിക്കു സാമ്പത്തിക സമാഹരണം നടത്താൻ കഴിയാതെ വന്നപ്പോൾ കമ്പനിയുമായുള്ള കരാർ റദ്ദാക്കി. പിന്നീടാണു കെഎസ്ഐഡിസി വീണ്ടും പദ്ധതിക്കു വേണ്ടി ടെൻഡർ വിളിക്കുന്നത്. വന്നതു സോണ്ട മാത്രം. 

 

റീടെൻഡർ വിളിച്ചു, അപ്പോഴും സോണ്ട. ഒടുവിൽ സോണ്ടയ്ക്കു കരാർ കൊടുത്തു. ബ്രഹ്മപുരത്തെ 20 ഏക്കർ ഭൂമി പദ്ധതി നടപ്പാക്കാൻ 27 വർഷത്തെ പാട്ടത്തിനു കൊച്ചി കോർപറേഷൻ കെഎസ്ഐഡിസിക്കു കൈമാറിയിട്ടുണ്ട്. ആദ്യ കരാറും രണ്ടാമത്തെ കരാറും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. പദ്ധതി നടപ്പാക്കാനായി 20 ഏക്കർ ഭൂമി പണയാവകാശത്തോടെയാണു കൈമാറുന്നത്. അതായത് പദ്ധതിക്കു പണം കണ്ടെത്താൻ സോണ്ട കമ്പനിക്ക് ഈ ഭൂമി പണയം വയ്ക്കാം. ജി.ജെ. ഇക്കോപവറുമായുള്ള കരാറിൽ ഭൂമി പണയം വയ്ക്കാൻ കഴിയുമായിരുന്നില്ല. രണ്ടാമത്തെ വ്യത്യാസം– ബ്രഹ്മപുരം വൈദ്യുതി പ്ലാന്റിലെത്തിക്കുന്ന ഒരു ടൺ മാലിന്യത്തിനു തദ്ദേശ സ്ഥാപനങ്ങൾ 3550 രൂപ ടിപ്പിങ് ഫീസായി കമ്പനിക്കു നൽകണം. ആദ്യത്തെ കരാറിൽ ഈ വ്യവസ്ഥയുമുണ്ടായിരുന്നില്ല. ഈ രണ്ടു വ്യവസ്ഥകളുടെയും ഗുണം സർക്കാരിനോ തദ്ദേശ സ്ഥാപനങ്ങൾക്കോ അല്ല, സോണ്ട കമ്പനിക്കു മാത്രമാണ്.

 

∙ തീപിടിത്തത്തിൽ തീരുമോ ബ്രഹ്മപുരത്തെ പ്രശ്നം?

 

നാടു മുഴുവൻ ചർച്ച ചെയ്ത വിഷയമായി ബ്രഹ്മപുരത്തെ തീപിടിത്തം മാറിയെങ്കിലും അവിടുത്തെ പ്രശ്നങ്ങൾ ഇതുകൊണ്ടൊന്നും തീരില്ല. അതു തീരണമെങ്കിൽ ബ്രഹ്മപുരം പ്ലാന്റിന്റെ പ്രവർത്തനം രാഷ്ട്രീയക്കാരിൽനിന്നു മാറ്റി പ്രഫഷനലുകളെ ഏൽപ്പിക്കണം. ബ്രഹ്മപുരത്തേക്കു കൊണ്ടു പോകുന്ന മാലിന്യത്തിൽ കയ്യിട്ടു വാരി പോക്കറ്റു നിറയ്ക്കുന്ന പരിപാടി നിർത്തണം. മാലിന്യ സംസ്കരണത്തിൽ വിജയമാതൃകകളായ ഇന്ത്യയിലെ നഗരങ്ങളെ നോക്കുക. അവിടെ രാഷ്ട്രീയ നേതൃത്വം നയപരമായ കാര്യങ്ങൾ മാത്രമാണു തീരുമാനിക്കുന്നത്. പ്ലാന്റിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നതു യോഗ്യതയുള്ള പ്രഫഷനലുകളാണ്. പൊതു-സ്വകാര്യ പങ്കാളിത്തം പ്രയോജനപ്പെടുത്തിയുള്ള പദ്ധതികളാണ് അവിടങ്ങളിൽ വിജയം കണ്ടത്. പുതിയ മാതൃകകളും രീതികളും സമീപനങ്ങളും പരീക്ഷിക്കാതെ ബ്രഹ്മപുരത്ത് ഒരു മാറ്റവും വരാൻ പോകുന്നില്ല; അഥവാ മാറ്റം വരാൻ രാഷ്ട്രീയ നേതൃത്വം സമ്മതിക്കുകയുമില്ല.

 

English Summary: The 'Polluted' Corruption of Kochi Corporation and others Behind Brahmapuram Waste Management