ന്യൂഡൽഹി∙ 10 മന്ദിരം. അതിൽ 51 കേന്ദ്രസർക്കാർ വകുപ്പുകളിലെ 51,000 ജീവനക്കാർ. ഇവർക്കായി എല്ലാ മന്ദിരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രത്യേക ഭൂഗർഭ മെട്രോ പാത. അത്യാധുനിക സൗകര്യങ്ങളും കോൺഫറൻസ് സെന്ററുകളും ലാൻഡ്സ്കേപ് ലോൺസും എല്ലാം ഉൾപ്പെടുന്ന സംവിധാനം. മുതൽമുടക്ക് 20,000 കോടി രൂപയിലേറെ!

നോർത്ത്–സൗത്ത് ബ്ലോക്കുകൾ ഉൾപ്പെടുന്ന നിലവിലെ ഭരണകേന്ദ്രത്തിനു പകരം കേന്ദ്രസർക്കാർ ആവിഷ്കരിച്ചിരിക്കുന്ന സെൻട്രൽ വിസ്ത പദ്ധതി ഇതൊക്കെയാണ്. പാർലമെന്റ് മന്ദിരം മാത്രമല്ല, പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള അണ്ടർ ഗ്രൗണ്ട് ടണൽ, പുതിയ സെൻട്രൽ സെക്രട്ടേറിയറ്റ് എന്നിവയെല്ലാം ഉൾപ്പെടുന്നു. കോവിഡും സാമ്പത്തിക ‍ഞെരുക്കവുമെല്ലാം പിടിമുറുക്കുന്നതിനിടെ എന്തിന് ഇത്തരമൊരു പദ്ധതിയെന്നതു കടുത്ത വിമർശനമുയർത്തുകയും കോടതി കയറുകയും ചെയ്തു കഴിഞ്ഞു.

ഭരണസിരാകേന്ദ്രം മോടി പിടിപ്പിക്കാനുള്ള സെൻട്രൽ വിസ്താ പദ്ധതിയുടെ ആദ്യഭാഗമായിരുന്നു പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം. 10നു പ്രധാനമന്ത്രി തറക്കല്ലിടുമെന്നു പറഞ്ഞിരിക്കെയാണു സുപ്രീം കോടതിയുടെ പ്രഹരമേറ്റത്. നിർമാണച്ചിലവു മാത്രമല്ല ഒട്ടേറെ ചട്ടങ്ങൾ മറികടന്നാണു സെൻട്രൽ വിസ്ത പദ്ധതിക്ക് അംഗീകാരം നൽകിയിരിക്കുന്നതെന്നു വിദഗ്ധർ പറയുന്നു. ഇതുൾപ്പെടെയുള്ള പല വിഷയങ്ങൾ കോടതിയുടെ മുന്നിലുണ്ട്.

സെൻട്രൽ സെക്രട്ടേറിയറ്റും പാർലമെന്റ് മന്ദിരവും ദീപാലങ്കാരത്തിൽ (ഫയൽ ചിത്രം) (Photo by Chandan Khanna / AFP)

∙ ലട്യൻസിന്റെ നഗരം

ന്യൂഡൽഹി നഗരത്തിന്റെ ശിൽപ്പിയെന്ന് പറഞ്ഞാൽ മിക്കവരും എഡ്വിൻ ലട്യൻസിനെയാണ് ഓർക്കുക. എന്നാൽ ലട്യൻസ് യഥാർത്ഥത്തിൽ രാഷ്‌ട്രപതി ഭവനും (അന്ന് വൈസ്രോയ്‌സ് ഹൗസ്) നാല് ബംഗ്ലാവുകളും നഗരത്തിന്റെ രൂപരേഖയുമേ നിർമ്മിച്ചുള്ളൂ. രാഷ്‌ട്രപതി ഭവന് തൊട്ടടുത്തുള്ള നോർത്ത് ബ്ലോക്കും സൗത്ത് ബ്ലോക്കും നിർമ്മിച്ചത് ഹെർബെർട് ബേക്കറായിരുന്നു. പുതിയ നഗരം നിർമിക്കാൻ തീരുമാനമെടുത്തതു വൈസ്രോയ് ഹാർഡിംജിന്റെ കാലത്താണ്. തികച്ചും ക്ഷേത്രഗണിതാപരമായ സമതുലനാവസ്‌ഥ അനുസരിച്ചായിരുന്നു നിർമാണം. രാഷ്‌ട്രപതി ഭവനെ കേന്ദ്ര ബിന്ദുവാക്കി. അതനുസരിച്ച് അതിന്റെ വടക്ക് വശത്തുള്ള ഓരോ റോഡിനും കെട്ടിടത്തിനും സമതുല്യമായി തെക്കുവശത്തും ഓരോ റോഡും കെട്ടിടവും രൂപകൽപ്പന ചെയ്‌തു.

ബ്രിട്ടിഷ് ഇന്ത്യയുടെ തലസ്ഥാനമായി 1931ലാണു ന്യൂഡൽഹി ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ഓരങ്ങളിൽ തണൽമരങ്ങളുള്ള നിരത്തുകളും വിശാലമായ ഉദ്യാനങ്ങളുള്ള ബംഗ്ലാവുകളുമെല്ലാം ഇതിനെ മനോഹരമാക്കി.

∙ പുതിയ സെൻട്രൽ വിസ്ത

നിലവിലെ പാർലമെന്റ് മന്ദിരം (ഫയൽ ചിത്രം)

ലട്യൻസ് ഡൽഹിയെ പുതുക്കിപ്പണിയാനുള്ള തീരുമാനം കഴിഞ്ഞ വർഷം സെപ്റ്റംബറിലാണു കേന്ദ്രസർക്കാർ സ്വീകരിച്ചത്. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെയുള്ള രാജ്പഥിലെ 3.5 കിലോമീറ്റർ ദൂരത്തെ കെട്ടിടങ്ങളെല്ലാം പൊളിച്ചു പണിയാനാണു തീരുമാനം. ആദ്യം പാർലമെന്റ് മന്ദിരം. ഇപ്പോൾ ഇന്ദിരാഗാന്ധി സെന്റർ നാഷനൽ സെന്റർ ഫോർ ആർട്സ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു 2023 ആകുമ്പോൾ സെൻട്രൽ സെക്രട്ടേറിയറ്റിലെ 3 കോംപ്ലക്സുകൾ. ഇന്ദിരാഗാന്ധി സെന്ററിനെ നിലവിലെ ജൻപഥ് ഹോട്ടലിലേക്കു മാറ്റുന്നു.

നിലവിലെ സെൻട്രൽ സെക്രട്ടേറിയറ്റ് കോംപ്ലക്സിൽ 22 കേന്ദ്ര വകുപ്പുകളാണു പ്രവർത്തിക്കുന്നത്. 41,000 ജീവനക്കാരും. പല ഓഫിസുകളും നഗരത്തിന്റെ പലഭാഗത്താണെന്നതും ഇതു പ്രവർത്തന മികവിനു തടസമാകുന്നുവെന്ന വാദവുമെല്ലാം പദ്ധതിയെ സാധുകരിക്കാൻ കേന്ദ്രം മുന്നോട്ടു വയ്ക്കുന്നു.

∙ മുഖം മിനുക്കുന്ന പാർലമെന്റ് മന്ദിരം

ന്യൂഡൽഹിയിൽ 2.43 ഹെക്ടർ സ്ഥലത്താണു നിലവിലുള്ള പാർലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നത്. വൃത്താകൃതിയിലാണു നിർമിതി. വരാന്തയ്ക്കു ചുറ്റുമുള്ള 144 തൂണുകൾ മന്ദിരത്തിന്റെ മോടി കൂട്ടുന്നു. 12 കവാടങ്ങളുണ്ട്. കെട്ടിടത്തിന്റെ നടുക്കാണു വൃത്താകൃതിയിലുള്ള സെൻട്രൽ ഹാൾ. ഈ ഹാളിൽ ഒരേ രീതിയിലുള്ള 3 ചേംബറുകളുണ്ട്. ഒന്ന് ലോക്സഭയും മറ്റൊന്നു രാജ്യസഭയുമാണ്. മൂന്നാമത്തേത് ലൈബ്രറി.

രാജ്പഥ് (Photo by Sajjad HUSSAIN / AFP)

1921 ഫെബ്രുവരി 12 നു തറക്കല്ലിട്ട കെട്ടിടം 6 വർഷം കൊണ്ടാണു പൂർത്തിയായത്.സർ എഡ്വേഡ് ലുട്യൻസും സർ ഹർബട്ട് ബേക്കറുമായിരുന്നു മേൽനോട്ടം. 1927 ജനുവരി 18 ന് അന്നത്തെ ഗവർണർ ജനറലായിരുന്ന ലോഡ് ഇർവിൻ മന്ദിരം തുറന്നു കൊടുത്തു. അന്ന് 83 ലക്ഷം രൂപയായിരുന്നു ചെലവ്. പുതിയ മന്ദിരത്തിന് 10നു പ്രധാനമന്ത്രിയാണു തറക്കല്ലിടുക. 888 സീറ്റുള്ള ലോക്സഭാ ഹാൾ, 384 സീറ്റുള്ള രാജ്യസഭാ ഹാൾ, എല്ലാ എംപിമാർക്കും വെവ്വേറെ ഓഫിസ് സൗകര്യം, വിശാലമായ ഭരണഘടനാ ഹാൾ, ലൈബ്രറി തുടങ്ങിയവ ഉൾപ്പെടുന്നതാണ് പുതിയ മന്ദിരം. ഭാവിയിൽ അംഗങ്ങളുടെ എണ്ണം വർധിക്കാൻ സാധ്യതയുള്ളതു വിലയിരുത്തിയാണ് ഈ ക്രമീകരണങ്ങൾ. ടാറ്റാ പ്രോജക്ട്സ് ലിമിറ്റഡിനാണ് 861.90 കോടി രൂപയുടെ നിർമാണ കരാർ ലഭിച്ചത്.

നിലവിൽ ശ്രംശക്തി ഭവനിരിക്കുന്ന സ്ഥലക്കാകും എംപിമാർക്കുള്ള ഓഫിസ് സമുച്ചയം നിർമിക്കുക. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ കരാർ 861.9 കോടി രൂപയ്ക്കു ടാറ്റ പ്രോജക്ട്സ് ലിമിറ്റഡാണ് സ്വന്തമാക്കിയിരിക്കുന്നത്. 64,500 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുതിയ മന്ദിരങ്ങളുടെ ആകെ ചിലവാണു 971 കോടി രൂപ. നിലവിലെ പാർലമെന്റ് മന്ദിരത്തോട് ഏകദേശം സാമ്യമുള്ളതാണു പുതിയ മന്ദിരവും. ഉയരവും തുല്യമാണ്.

∙ പരിസ്ഥിതി ആഘാതമുൾപ്പെടെയുള്ള വിഷയങ്ങൾ

രാജ്യം കടുത്ത പ്രതിസന്ധി നേരിടുമ്പോൾ അമിത ആർഭാടമാണ് ഈ വികസന പദ്ധതിയെന്നതു മാത്രമല്ല സെൻട്രൽ വിസ്തയ്ക്കു മുന്നിലെ പ്രതിസന്ധി. പരിസ്ഥിതി പ്രശ്നങ്ങൾ ഉൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടുന്നുണ്ട്. 1962ലെ ഡൽഹി മാസ്റ്റർ പ്ലാൻ അനുസരിച്ചു പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതാണു ലട്യൻസ് ഡൽഹിയുടെ ഭാഗമായ ഈ സ്ഥലങ്ങളെല്ലാം. അതിനാൽ തന്നെ വലിയ നിർമാണപ്രവർത്തനങ്ങൾ നടത്തുമ്പോൾ സമഗ്രമായ പഠനം ആവശ്യമാണെന്നു വിദഗ്ധർ പറയുന്നു.

യുകെയിലെ പാർലമെന്റ് മന്ദിരത്തിന്റെ വികസനത്തിനു 10 വർഷമാണു പഠനം നടത്തിയത്. പരിസ്ഥിതി, പൈതൃക, ചരിത്ര വിഷയങ്ങളെല്ലാം ഇതിൽ പഠനമാക്കേണ്ടിയിരുന്നെന്നാണ് ഒരു വാദം. നിർമാണത്തിനു വേണ്ടി പ്രദേശത്തെ മരങ്ങളും പച്ചപ്പും നീക്കേണ്ടി വരുമെന്നതും അതിന്റെ പ്രശ്നങ്ങളുമാണു മറ്റൊരു വിഷയം. വായു മലിനീകരണം ഗുരുതരമായ നഗരത്തിന് ഇതെല്ലാം എങ്ങനെ താങ്ങാനാവുമെന്നു കണ്ടറിയണം.

English Summary: What is the Central Vista Project?