പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി പാക്ക് അധിനിവേശ കശ്മീരിലെ ബാലാക്കോട്ടിലേക്ക് ഇരച്ചുകയറിയത് ഇന്ത്യയുടെ 12 യുദ്ധവിമാനങ്ങൾ. 12 ദിവസം അതീവ രഹസ്യമായി നടത്തിയ ആസൂത്രണത്തിനും തയാറെടുപ്പിനുംഒടുവിലായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ബാലാക്കോട്ട് ആക്രമണത്തിനു... Balakot, IAF

പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി പാക്ക് അധിനിവേശ കശ്മീരിലെ ബാലാക്കോട്ടിലേക്ക് ഇരച്ചുകയറിയത് ഇന്ത്യയുടെ 12 യുദ്ധവിമാനങ്ങൾ. 12 ദിവസം അതീവ രഹസ്യമായി നടത്തിയ ആസൂത്രണത്തിനും തയാറെടുപ്പിനുംഒടുവിലായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ബാലാക്കോട്ട് ആക്രമണത്തിനു... Balakot, IAF

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി പാക്ക് അധിനിവേശ കശ്മീരിലെ ബാലാക്കോട്ടിലേക്ക് ഇരച്ചുകയറിയത് ഇന്ത്യയുടെ 12 യുദ്ധവിമാനങ്ങൾ. 12 ദിവസം അതീവ രഹസ്യമായി നടത്തിയ ആസൂത്രണത്തിനും തയാറെടുപ്പിനുംഒടുവിലായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ബാലാക്കോട്ട് ആക്രമണത്തിനു... Balakot, IAF

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി പാക്ക് അധിനിവേശ കശ്മീരിലെ ബാലാക്കോട്ടിലേക്ക് ഇരച്ചുകയറിയത്  ഇന്ത്യയുടെ 12 യുദ്ധവിമാനങ്ങൾ. 12 ദിവസം അതീവ രഹസ്യമായി നടത്തിയ ആസൂത്രണത്തിനും തയാറെടുപ്പിനുംഒടുവിലായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ബാലാക്കോട്ട് ആക്രമണത്തിനു നേതൃത്വം നൽകിയ പടിഞ്ഞാറൻ വ്യോമസേനാ കമാൻഡ് മുൻ മേധാവിയും മലയാളിയുമായ എയർ മാർഷൽ (റിട്ട.) സി. ഹരികുമാർ അതെക്കുറിച്ച് മനസ്സു തുറക്കുന്നു...

ഫെബ്രുവരി 14, 2019, കശ്മീർ: പുൽവാമയിൽ സിആർപിഎഫ് സേനാ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഇന്ത്യ വിറങ്ങലിച്ചു. അന്നു വൈകുന്നേരം, ഡൽഹി: വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ, പടിഞ്ഞാറൻ വ്യോമ കമാൻഡ് മേധാവി എയർ മാർഷൽ സി. ഹരികുമാറിനോടു ചോദിച്ചു: എന്താണു നമുക്കു മുന്നിലുള്ള വഴി? യുദ്ധവിമാനം പോലെ ഇരമ്പിയെത്തി മറുപടി – തിരിച്ചടിക്ക് സേന സുസജ്ജം! 

ഹരികുമാർ ഭാര്യ ദേവികയോടൊപ്പം
ADVERTISEMENT

പാക്ക് അധീന കശ്മീരിലെ ബാലാക്കോട്ടിൽ ഭീകരതാവളത്തിനു നേരെ സേന നടത്തിയ വ്യോമാക്രമണത്തിന്റെ പൂർണ ചുമതല വഹിച്ചതു ചെങ്ങന്നൂർ സ്വദേശി ഹരികുമാറാണ്. 39 വർഷം നീണ്ട ഒൗദ്യോഗിക സേവനത്തിൽനിന്നു പടിയിറങ്ങുന്നതിനു രണ്ടു ദിവസം മുൻപ്, ഫെബ്രുവരി 26നു പുലർച്ചെ, തന്റെ പിറന്നാൾ ദിനത്തിൽ ജീവിതത്തിലെ ഏറ്റവും വലിയ ദൗത്യത്തിനു ഹരികുമാർ ചുക്കാൻ പിടിച്ചു. സൂക്ഷ്മമായ ആസൂത്രണം, പിഴവറ്റ നിർവഹണം എന്നിവയിലൂടെ ഇന്ത്യ വിജയകരമായി നടത്തിയ ബാലാക്കോട്ട് ഒാപ്പറേഷന്റെ അമരക്കാരനായ ഹരികുമാർ, വ്യോമാക്രമണത്തിന്റെ അണിയറ സംഭവങ്ങൾ ‘മനോരമ’യുമായി പങ്കുവയ്ക്കുന്നു: 

അതീവ രഹസ്യം, ആസൂത്രണം

പുൽവാമ ആക്രമണത്തിനു തൊട്ടുപിന്നാലെയാണു സേനാ മേധാവി ധനോവ എന്നെ വിളിച്ചത്. ഡൽഹി ആസ്ഥാനമായ പടിഞ്ഞാറൻ കമാൻഡിന്റെ മേധാവിയെന്ന നിലയിൽ, പാക്ക് അതിർത്തിയിലെ വ്യോമസുരക്ഷയുടെ ചുമതല എനിക്കായിരുന്നു. പാക്കിസ്ഥാനെതിരെ യുദ്ധവിമാനങ്ങൾ ഉപയോഗിച്ചുള്ള വ്യോമാക്രമണം വേണ്ടി വന്നേക്കുമെന്ന് ധനോവ സൂചിപ്പിച്ചു. ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജിൽ (ആർഐഎംസി) 11–ാം വയസ്സിൽ ചേർന്ന നാൾമുതൽ ഹരികുമാറിനു ധനോവയെ അറിയാം. 3 വർഷം സീനിയറായിരുന്നു ധനോവ. സ്കൂൾ കാലം മുതലുള്ള കൂട്ടുകാരനു ഹരികുമാർ മറുപടി നൽകി – പാക്കിസ്ഥാനെതിരെ ഏതു നടപടിക്കും സേന സജ്ജം. ഒാപ്പറേഷൻ അതീവ രഹസ്യമാക്കി വയ്ക്കാൻ ധനോവ നിർദേശിച്ചു. അന്നു ചേർന്ന സുരക്ഷാകാര്യ മന്ത്രിതല സമിതി യോഗത്തിൽ വ്യോമാക്രമണത്തിനു തയാറാണെന്നു കേന്ദ്ര സർക്കാരിനെ ധനോവ അറിയിച്ചു. 

ഞങ്ങൾക്കു പുറമെ, സേനയിലെ 2 മുതിർന്ന ഒാഫിസർമാർക്കു മാത്രമാണ് പ്രാരംഭഘട്ടത്തിൽ ഒാപ്പറേഷനെക്കുറിച്ച് അറിവുണ്ടായിരുന്നത്. പിറ്റേന്ന് പടിഞ്ഞാറൻ കമാൻഡ് ആസ്ഥാനത്ത് എന്നെ കാണാൻ ധനോവയെത്തി. പതിവു സന്ദർശനമെന്നാണു പറഞ്ഞത്. അന്നു ഞങ്ങൾ 4 പേർ രഹസ്യയോഗം ചേർന്ന് ആസൂത്രണത്തിനു തുടക്കമിട്ടു. 

ADVERTISEMENT

ലക്ഷ്യം ബാലാക്കോട്ട് 

തിരിച്ചടിക്കു പാക്ക് മണ്ണിലെ ഭീകര താവളങ്ങൾ കണ്ടെത്തുകയായിരുന്നു ആദ്യ ദൗത്യം. ഭീകരർ നിലയുറപ്പിച്ചിട്ടുള്ള ഒന്നിലധികം സ്ഥലങ്ങൾ ഞങ്ങൾ കണ്ടെത്തി. ഫെബ്രുവരി 18നു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഞങ്ങളെ വിളിപ്പിച്ചു. ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ ബാലാക്കോട്ടിലെ താവളത്തെക്കുറിച്ചു രഹസ്യാന്വേഷണ വിഭാഗമായ റോയ്ക്ക് വ്യക്തമായ വിവരം ലഭിച്ചുവെന്ന് അദ്ദേഹം അറിയിച്ചു. 

താവളത്തിന്റെ വിഡിയോ ദൃശ്യങ്ങളടക്കമുള്ള വിവരങ്ങൾ ഡോവൽ കൈമാറി. ജനവാസ മേഖലയല്ലാത്തതിനാൽ വ്യോമാക്രമണത്തിന് ഏറ്റവും യോജിച്ചതു ബാലാക്കോട്ട് തന്നെയെന്നു ഞങ്ങൾ തീരുമാനിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 4 മണിയോടെയാണു താവളത്തിൽ ആളനക്കം ആരംഭിക്കുന്നതെന്ന ഇന്റലിജൻസ് വിവരവും ലഭിച്ചു. ഭീകരർ ഉറക്കമെണീക്കും മുൻപ് ആക്രമണം നടത്താൻ ഞങ്ങൾ ഉറപ്പിച്ചു. 

ആക്രമണത്തിന് മിറാഷ്

ADVERTISEMENT

സൂക്ഷ്മആക്രമണത്തിന് ഉപയോഗിക്കുന്ന സ്പൈസ് ബോംബ്, ക്രിസ്റ്റൽ മേസ് മിസൈൽ എന്നിവ വഹിക്കാൻ കഴിയുന്ന മിറാഷ് 2000 യുദ്ധവിമാനങ്ങളെ ദൗത്യത്തിനു നിയോഗിക്കാൻ തീരുമാനിച്ചു. ആക്രമണത്തിന്റെ സ്വഭാവം, പ്രഹരശേഷി എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ വിലയിരുത്തിയ ശേഷമാണു മിറാഷിലേക്കെത്തിയത്. പിന്നാലെ, പാക്ക് അതിർത്തിയോടു ചേർന്നുള്ള രാജസ്ഥാനിലെ പൊഖ്റാനിൽ മുൻനിശ്ചയ പ്രകാരം സേനയുടെ അഭ്യാസ പ്രകടനങ്ങൾ (വായു ശക്തി) നടത്തി. അന്നുരാത്രി തന്നെ ഞാൻ ഡൽഹിക്കു തിരിച്ചു പറന്നു. എന്തിനിത്ര ധൃതിയെന്ന് ഒപ്പമുണ്ടായിരുന്ന ഭാര്യ ദേവിക ചോദിച്ചു; ചെന്നിട്ട് ഒരുപാടു ജോലിയുണ്ടെന്ന മറുപടിയിൽ ഞാൻ രഹസ്യം ഒളിപ്പിച്ചു. 

മിറാഷ് യുദ്ധവിമാന സ്ക്വാഡ്രൺ സ്ഥിതിചെയ്യുന്ന മധ്യപ്രദേശിലെ ഗ്വാളിയർ സേനാതാവളത്തിലേക്ക് 21നു ഞാൻ പറന്നു. സെൻട്രൽ കമാൻഡിന്റെ നിയന്ത്രണത്തിലുള്ള ഗ്വാളിയർ താവളത്തിലെ മിറാഷ് വിമാനങ്ങൾ ബാലാക്കോട്ട് ഒാപ്പറേഷനു വേണ്ടി പടിഞ്ഞാറൻ കമാൻഡിനു കീഴിലാക്കി. ഡൽഹിയിൽനിന്നു ഗ്വാളിയറിലേക്കുള്ള എന്റെ അപ്രതീക്ഷിത സന്ദർശനത്തിൽ ആർക്കും സംശയം തോന്നാതിരിക്കാൻ ഒരു വിദ്യ പ്രയോഗിച്ചു – ഫെബ്രുവരി അവസാനം സേനയിൽ നിന്നു വിരമിക്കുന്ന എനിക്കുള്ള യാത്രയയപ്പു ചടങ്ങ് അവിടെ സംഘടിപ്പിച്ചു.

ദൗത്യത്തിനു തിരഞ്ഞെടുക്കപ്പെട്ട ഫൈറ്റർ പൈലറ്റുമാരുമായി ചടങ്ങിന്റെ മറവിൽ ഞാൻ രഹസ്യ കൂടിക്കാഴ്ച നടത്തി. അവരോടു രണ്ടു കാര്യങ്ങൾ പറഞ്ഞു: 1. നിങ്ങൾ ചെയ്യാൻ പോകുന്ന ഒാപ്പറേഷൻ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധത്തിൽ കലാശിച്ചേക്കാം. അതു കാര്യമാക്കേണ്ട. പ്രത്യാഘാതങ്ങൾ സേന നോക്കിക്കൊള്ളാം. 2. ദൗത്യം പൂർത്തിയാക്കിയ ശേഷം എന്തു വിലകൊടുത്തും സുരക്ഷിതമായി ഇന്ത്യയിൽ മടങ്ങിയെത്തുക. വീണാൽ, ഇന്ത്യൻ മണ്ണിൽ വീഴുക! അവരുടെ സിരകളിൽ ആവേശം ജ്വലിച്ചുയരുന്നതു ഞാനറിഞ്ഞു.

വിസ്കി വേണ്ട, പകരം ജ്യൂസ്

ആക്രമണത്തിനുള്ള ഏറ്റവും യോജിച്ച ദിവസത്തിനായുള്ള കാത്തിരിപ്പായിരുന്നു പിന്നീട്. കാലാവസ്ഥ, ചന്ദ്രവെളിച്ചം, പടിഞ്ഞാറുനിന്നുള്ള കാറ്റിന്റെ ദിശ എന്നിവ കണക്കാക്കി 25–26ന്റെ രാത്രിയിൽ ദൗത്യം നടപ്പാക്കാൻ തീരുമാനിച്ചു. 25നു രാത്രി എനിക്കായി ഡൽഹിയിൽ സേനാംഗങ്ങൾ വിരമിക്കൽ പാർട്ടി ഒരുക്കിയിരുന്നു. മുൻനിശ്ചയ പ്രകാരമുള്ള പരിപാടി റദ്ദാക്കുന്നത് അസ്വാഭാവികമായ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നതിന്റെ സൂചന നൽകുമെന്നതിനാൽ, എല്ലാം പതിവുപോലെ നടക്കുന്നുവെന്ന് ഉറപ്പാക്കി.

രാത്രിയിലെ വിരമിക്കൽ പാർട്ടിയിൽ പതിവുള്ള വിസ്കി ഞാൻ കുടിച്ചില്ല. മറ്റു സേനാംഗങ്ങൾക്കു സംശയം തോന്നാതിരിക്കാൻ പകരം അതേ നിറത്തിലുള്ള ജ്യൂസ് നൽകാൻ വെയിറ്ററുടെ ചെവിയിൽ പറഞ്ഞു. പാർട്ടിക്കിടെ, സേനാമേധാവി ധനോവ എന്നെ ഒഴിഞ്ഞ സ്ഥലത്തേക്കു മാറ്റിനിർത്തി പറഞ്ഞു – ‘ഞാൻ പോകുന്നു. ദൗത്യം വിജയിച്ചാൽ ബന്ദർ (കുരങ്ങൻ എന്നർഥം) എന്ന ഹിന്ദി കോഡ് വാക്ക് എന്നെ ഫോണിലൂടെ അറിയിക്കുക’.  പാർട്ടിയിൽനിന്നു തിരക്കിട്ടിറങ്ങിയ ഞാൻ ഭാര്യ ദേവികയെ വീട്ടിലാക്കിയ ശേഷം സേനാ കേന്ദ്രത്തിലേക്കു കുതിച്ചു. അവിടെ കൺട്രോൾ റൂമിൽ വിവിധ സ്ക്രീനുകളിലായി ഗ്വാളിയർ, ബാലാക്കോട്ട്, ലക്ഷ്യസ്ഥാനത്തേക്കുള്ള വ്യോമപാത എന്നിവയുടെ ദൃശ്യങ്ങൾ ഞങ്ങൾക്കു മുന്നിൽ തെളിഞ്ഞു. 

ദൗത്യത്തിനിടയിലെ പിറന്നാൾ കേക്ക് !

പതിനൊന്നരയോടെ ദേവികയുടെ ഫോൺ വിളിയെത്തി. പിറ്റേന്ന് എന്റെ പിറന്നാളായതിനാൽ രാത്രി 12നു മുറിക്കാനുള്ള കേക്കുമായി സഹപ്രവർത്തകർ വീട്ടിലെത്തിയിരിക്കുന്നു! ഒഴിഞ്ഞുമാറുന്നത് സംശയം ജനിപ്പിക്കുമെന്നതിനാൽ ഞാൻ വീട്ടിലേക്കു പാഞ്ഞു. കേക്ക് മുറിച്ചശേഷം തിരികെ കൺട്രോൾ റൂമിലേക്ക്. ജോലിത്തിരക്കുണ്ടെന്ന പതിവുകാരണം ദേവികയോടു പറഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികൾക്കായി ദേവികയുടെ നേതൃത്വത്തിൽ ചണ്ഡീഗഡിൽ ആരംഭിച്ച സേനാ സ്കൂളിന്റെ ഉദ്ഘാടനത്തിനായി പിറ്റേന്നു ഞങ്ങൾ പോകാനിരിക്കുകയായിരുന്നു. ഡൽഹിയിൽ നിന്നു മാറിനിൽക്കാനാവില്ലെന്നും തനിച്ചു പോകാനും ദേവികയോട് ആവശ്യപ്പെട്ടു.

ഒറ്റപ്പറക്കൽ, ഗ്വാളിയർ – ബാലാക്കോട്ട്

26നു പുലർച്ചെ ഗ്വാളിയറിൽ നിന്ന് 12 മിറാഷ് യുദ്ധവിമാനങ്ങൾ ബാലാക്കോട്ട് ലക്ഷ്യമിട്ടു പറന്നുയർന്നു. 6 എണ്ണം വീതമുള്ള 2 സംഘങ്ങളായി വിമാനങ്ങൾ കുതിച്ചു. അവയ്ക്കു പിന്തുണയുമായി നാലെണ്ണം പിന്നിൽ പറന്നു. യുദ്ധവിമാനങ്ങളുടെ അസാധാരണ നീക്കം പ്രദേശവാസികളിൽ സംശയം ജനിപ്പിക്കുകയും അതു സമൂഹമാധ്യമങ്ങൾ വഴി അവർ പങ്കുവയ്ക്കുകയും ചെയ്യുമെന്ന് ഞങ്ങൾക്ക് ആശങ്കയുണ്ടായിരുന്നു. ഗ്വാളിയറിലെ മൊബൈൽ സിഗ്‌നലുകൾ അൽപനേരത്തേക്ക് സ്തംഭിപ്പിക്കാൻ ആലോചിച്ചെങ്കിലും അതു കൂടുതൽ കുഴപ്പങ്ങളുണ്ടാക്കുമെന്നു വിലയിരുത്തി ഉപേക്ഷിച്ചു.

ഡൽഹി വിമാനത്താവളത്തിനു മുകളിലൂടെയുള്ള യുദ്ധവിമാനങ്ങളുടെ നീക്കം രഹസ്യമാക്കി വയ്ക്കാൻ വിമാനത്താവളത്തിന്റെ കൺട്രോൾ റൂമിലേക്കു വ്യോമസേനാ ഉദ്യോഗസ്ഥനെ അയച്ചു. റഡാറിൽ തെളിയുന്ന യുദ്ധവിമാന നീക്കം കണ്ടില്ലെന്നു നടിക്കുക എന്ന സന്ദേശം അദ്ദേഹം വിമാനത്താവള അധികൃതർക്കു കൈമാറി. ഈ സമയം ഉത്തരേന്ത്യയിലെ താവളത്തിൽ നിന്നു പറന്നുയർന്ന ടാങ്കർ (റീഫ്യൂവലിങ്) വിമാനം ആകാശത്തുവച്ച് മിറാഷിൽ ഇന്ധനം നിറച്ചു.

മിറാഷിനു പിന്തുണ നൽകുന്നതിന് ഉത്തരേന്ത്യയിലെ വിവിധ സേനാ താവളങ്ങളിൽ യുദ്ധവിമാനങ്ങൾ ആയുധസജ്ജമാക്കി നിർത്താൻ അവിടുത്തെ കമാൻഡിങ് ഒാഫിസർമാർക്കു പിന്നാലെ നിർദേശം നൽകി. അതേസമയം, ദൗത്യത്തിന്റെ പൂർണ വിശദാംശങ്ങൾ അവരിൽ നിന്ന് ഞങ്ങൾ മറച്ചുവച്ചു. പാക്കിസ്ഥാൻ അതിർത്തിയിൽ ഏതു സാഹചര്യവും നേരിടാൻ ഒരുങ്ങുക എന്ന സന്ദേശം മാത്രം നൽകി.

12 വിമാനങ്ങൾ, പാക്കിസ്ഥാന്റെ കൺമുന്നിൽ

ബാലാക്കോട്ട് ലക്ഷ്യമിട്ടു മിറാഷ് വിമാനങ്ങൾ കുതിക്കുന്നതു ഡൽഹി സേനാകേന്ദ്രത്തിലെ കൺട്രോൾ റൂം സ്ക്രീനിൽ ഞങ്ങൾ കണ്ടു. അതിനിടെ, റാവൽപിണ്ടിക്കു സമീപമുള്ള വ്യോമപാതയിലെ കാഴ്ച ഞങ്ങളെ ഞെട്ടിച്ചു. പാക്കിസ്ഥാന്റെ നിരീക്ഷണ വിമാനവും എഫ് 16 യുദ്ധവിമാനവും അതുവഴി പറക്കുന്നു. അവയുടെ റഡാറിൽ മിറാഷിന്റെ നീക്കം കണ്ടെത്തിയാൽ ദൗത്യം പൊളിയും!

പാക്ക് വിമാനങ്ങളുടെ ശ്രദ്ധതിരിക്കാൻ നമ്മുടെ സുഖോയ് 30 എംകെഐ, ജാഗ്വർ യുദ്ധവിമാനങ്ങളെ പാക്കിസ്ഥാനിലുള്ള ബഹവൽപുരിലേക്കു വിടാൻ അടിയന്തര സന്ദേശം നൽകി. നിമിഷങ്ങൾക്കുള്ളിൽ പടിഞ്ഞാറൻ മേഖലയിലെ താവളങ്ങളിൽ നിന്ന് ബഹവൽപുർ ഉന്നമിട്ട് 6 വിമാനങ്ങൾ പറന്നുയർന്നു. ബഹവൽപുർ ആക്രമിക്കാൻ പോകുന്നുവെന്ന പ്രതീതി സൃഷ്ടിച്ചു. അതു റഡാറിൽ കണ്ട പാക്ക് വിമാനങ്ങൾ അവയെ ലക്ഷ്യമിട്ടു റാവൽപിണ്ടിയിൽ നിന്നു ദിശ മാറി നീങ്ങിയ തക്കത്തിൽ മിറാഷ് വിമാനങ്ങൾ ബാലാക്കോട്ടിലേക്കു ചീറിപ്പാഞ്ഞു.

പാക്ക് വിമാനങ്ങളുടെ ശ്രദ്ധതിരിച്ച സുഖോയ്, ജാഗ്വർ വിമാനങ്ങൾ വ്യോമാതിർത്തി വരെയെത്തിയ ശേഷം തിരികെ പറന്നു. മറുവശത്ത് 12 മിറാഷ് വിമാനങ്ങൾ 2 സംഘങ്ങളായി പാക്ക് വ്യോമാതിർത്തി കടന്നു കുതിച്ചു. മലനിരകളുടെ മറവിൽ നീങ്ങിയ അവ അതിർത്തി കടക്കവേ ഉയർന്നു പറന്നു. പിന്നാലെ വിമാനങ്ങൾ 2 ദിശകളിൽ നിന്ന് ബാലാക്കോട്ടിലേക്ക് ഇരച്ചുകയറി. ദൗത്യത്തിന്റെ നിർണായക നിമിഷങ്ങൾ ഡൽഹിയിലിരുന്നു ശ്വാസമടക്കിപ്പിടിച്ചു ഞങ്ങൾ കണ്ടു.

3.28ന് മിറാഷിൽ നിന്നുള്ള ആദ്യ ബോംബ് ഭീകര താവളത്തിലേക്കു പാഞ്ഞു. 12 മിനിറ്റ് പാക്കിസ്ഥാന്റെ കൺമുന്നിൽ നിന്നു വിമാനങ്ങൾ തീതുപ്പി. താവളം ആക്രമിച്ച ശേഷം അവ തിരികെ പറന്നു. നാലു മണിക്കു വിമാനങ്ങളെല്ലാം സുരക്ഷിതമായി ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചു. രണ്ടു താവളങ്ങളിലായി അവ പറന്നിറങ്ങി. പാക്കിസ്ഥാനിലേക്ക് ഇരച്ചുകയറി വ്യോമാക്രമണം നടത്താനും ഒരു പോറൽ പോലുമേൽക്കാതെ സുരക്ഷിതമായി തിരിച്ചെത്താനും ഇന്ത്യൻ യുദ്ധവിമാനങ്ങൾക്കും ഫൈറ്റർ പൈലറ്റുമാർക്കും കെൽപുണ്ടെന്ന് ആ രാത്രി വ്യോമസേന തെളിയിച്ചു.

ബന്ദർ!

ജീവിതത്തിലെ ഏറ്റവും ത്രസിപ്പിക്കുന്ന നിമിഷങ്ങൾക്കൊടുവിൽ കൺട്രോൾ റൂമിലിരുന്നു സേനാമേധാവിയെ ഞാൻ ഫോണിൽ വിളിച്ച് ഒറ്റവാക്കു പറഞ്ഞു; ബന്ദർ! ആക്രമണം സംബന്ധിച്ച വാർത്ത രാവിലെ പുറംലോകമറിഞ്ഞു; ഒപ്പം എന്റെ ഭാര്യ ദേവികയും! രണ്ടു ദിവസത്തിനു ശേഷം, ഫെബ്രുവരി 28നു തലയെടുപ്പോടെ ഹരികുമാർ സേനയിൽ നിന്നു വിരമിച്ചു. അന്നു പടി‍യിറങ്ങിയ ഹരികുമാർ മറ്റൊരിടത്തേക്കു ടേക്ക് ഒാഫ് ചെയ്തു; രാജ്യത്തിന്റെ ഹൃദയത്തിലേക്ക്!

പരമവിശിഷ്ടം ഈ സേവനം

1979ൽ വ്യോമസേനയിൽ ചേർന്ന ഹരികുമാർ, രാജ്യം കണ്ട മികച്ച ഫൈറ്റർ പൈലറ്റുമാരിലൊരാളാണ്. യുദ്ധവിമാനം പറത്തുന്നതിൽ 3300 മണിക്കൂറിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, അതിർത്തിയിൽ തന്ത്രപ്രധാന യുദ്ധവിമാന സ്ക്വാഡ്രണിന്റെ കമാൻഡിങ് ഒാഫിസറായിരുന്നു. വ്യോമാക്രമണ തന്ത്രങ്ങളിൽ രാജ്യത്തെ ഏറ്റവും മികച്ച ഫൈറ്റർ പൈലറ്റുമാർക്കു വിദഗ്ധ പരിശീലനം നൽകുന്ന ഗ്വാളിയറിലെ ടാക്ടിക്സ് ആൻഡ് എയർ കോംബാറ്റ് ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിന്റെ മേധാവിയായിരുന്നു. പടിഞ്ഞാറൻ കമാൻഡിനു പുറമെ, ചൈന അതിർത്തിയിൽ വ്യോമ സുരക്ഷയൊരുക്കുന്ന ഷില്ലോങ് (മേഘാലയ) ആസ്ഥാനമായ കിഴക്കൻ കമാൻഡിന്റെയും നേതൃത്വം വഹിച്ചു. സേവനമികവു കണക്കിലെടുത്ത് പരമോന്നത സൈനിക ബഹുമതിയായ പരമ വിശിഷ്ട സേവാ മെഡൽ നൽകി 2018ൽ രാജ്യം ആദരിച്ചു.