മരണമെത്തുന്നുവെന്ന തോന്നലിൽനിന്നു കുതറിമാറാൻപോലും വയ്യാത്തതുപോലെ. അധ്വാനിച്ചു കെട്ടിപ്പൊക്കിയ സ്ഥാപനങ്ങളെല്ലാം സി.എൻ.വിജയകൃഷ്ണന്റെ മനസ്സിൽ തെളിഞ്ഞുവന്നു. മനസ്സിൽ കോഴിക്കോട് നഗരം നീണ്ടു നിവർന്നു. ഭാര്യയും മകനും ചങ്ങാതികളും നെഞ്ചിലിരുന്നു വിങ്ങി. ശൂന്യത വന്നു നിറഞ്ഞപ്പോൾ ഉള്ളിൽ ഉറഞ്ഞുനിന്ന മൗനത്തോട് വിജയകൃഷ്ണൻ വീണ്ടും ചോദിച്ചു, ഞാൻ ഉടൻ മരിച്ചു പോകുമോ?. | Sunday | Story of CN Vijayakrishnan | Malayalam News | Manorama Online

മരണമെത്തുന്നുവെന്ന തോന്നലിൽനിന്നു കുതറിമാറാൻപോലും വയ്യാത്തതുപോലെ. അധ്വാനിച്ചു കെട്ടിപ്പൊക്കിയ സ്ഥാപനങ്ങളെല്ലാം സി.എൻ.വിജയകൃഷ്ണന്റെ മനസ്സിൽ തെളിഞ്ഞുവന്നു. മനസ്സിൽ കോഴിക്കോട് നഗരം നീണ്ടു നിവർന്നു. ഭാര്യയും മകനും ചങ്ങാതികളും നെഞ്ചിലിരുന്നു വിങ്ങി. ശൂന്യത വന്നു നിറഞ്ഞപ്പോൾ ഉള്ളിൽ ഉറഞ്ഞുനിന്ന മൗനത്തോട് വിജയകൃഷ്ണൻ വീണ്ടും ചോദിച്ചു, ഞാൻ ഉടൻ മരിച്ചു പോകുമോ?. | Sunday | Story of CN Vijayakrishnan | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മരണമെത്തുന്നുവെന്ന തോന്നലിൽനിന്നു കുതറിമാറാൻപോലും വയ്യാത്തതുപോലെ. അധ്വാനിച്ചു കെട്ടിപ്പൊക്കിയ സ്ഥാപനങ്ങളെല്ലാം സി.എൻ.വിജയകൃഷ്ണന്റെ മനസ്സിൽ തെളിഞ്ഞുവന്നു. മനസ്സിൽ കോഴിക്കോട് നഗരം നീണ്ടു നിവർന്നു. ഭാര്യയും മകനും ചങ്ങാതികളും നെഞ്ചിലിരുന്നു വിങ്ങി. ശൂന്യത വന്നു നിറഞ്ഞപ്പോൾ ഉള്ളിൽ ഉറഞ്ഞുനിന്ന മൗനത്തോട് വിജയകൃഷ്ണൻ വീണ്ടും ചോദിച്ചു, ഞാൻ ഉടൻ മരിച്ചു പോകുമോ?. | Sunday | Story of CN Vijayakrishnan | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മരണമെത്തുന്നുവെന്ന തോന്നലിൽനിന്നു കുതറിമാറാൻപോലും വയ്യാത്തതുപോലെ. അധ്വാനിച്ചു കെട്ടിപ്പൊക്കിയ സ്ഥാപനങ്ങളെല്ലാം സി.എൻ.വിജയകൃഷ്ണന്റെ മനസ്സിൽ തെളിഞ്ഞുവന്നു.

മനസ്സിൽ കോഴിക്കോട് നഗരം നീണ്ടു നിവർന്നു. ഭാര്യയും മകനും ചങ്ങാതികളും നെഞ്ചിലിരുന്നു വിങ്ങി. ശൂന്യത വന്നു നിറഞ്ഞപ്പോൾ ഉള്ളിൽ ഉറഞ്ഞുനിന്ന മൗനത്തോട് വിജയകൃഷ്ണൻ വീണ്ടും ചോദിച്ചു, ഞാൻ ഉടൻ മരിച്ചു പോകുമോ?. 

ADVERTISEMENT

ഓർമകളും ചിന്തകളും പൊരിവെയിലിൽനിന്നു വിയർത്തപ്പോൾ ഭാര്യ ഉഷയോടു പറഞ്ഞു, ‘ഞാൻ ഉടൻ മരിക്കും’. കാലിക്കറ്റ് സിറ്റി ബാങ്ക് മാനേജർമാരോടും ‘ലാഡർ’ ജനറൽ മാനേജരോടും സുഹൃത്തായ കോഴിക്കോട് മെഡിക്കൽ കോളജിലെ റേഡിയോളജി വിഭാഗം തലവൻ ഡോ. രാജനോടും മരണവികാരം പങ്കുവച്ചു.

ഡോ. രാജന്റെ നിർബന്ധപ്രകാരം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഫുൾ ബോഡി ചെക്കപ്പിനു ചെന്ന വിജയകൃഷ്ണൻ ശസ്ത്രക്രിയ കഴിഞ്ഞാണു വീട്ടിലേക്കു മടങ്ങിയത്. 

‘നിങ്ങളെ ഞാൻ അഡ്മിറ്റ് ചെയ്യുന്നു. വീട്ടിൽ വിളിച്ചറിയിച്ചോളൂ’, ട്രെഡ് മില്ലിൽ ഓടി ഏഴുമിനിറ്റായപ്പോൾ ഡോ. അശോകൻ നമ്പ്യാർ പറഞ്ഞിടത്തുനിന്നാണ് എല്ലാം മാറിമറിഞ്ഞത്. പുറത്തിറങ്ങാൻപോലും അനുവദിച്ചില്ല. ഭാര്യയെ ആശുപത്രിയിലേക്കു വിളിച്ചു വരുത്തി. ശസ്ത്രക്രിയയ്ക്കു തയാറെടുപ്പുകളായി.

പിറ്റേന്ന്, ജൂലൈ ആറിനു പുലർച്ചെ അഞ്ചുമണിക്കു ഡോ. ഹരിലാലിന്റെ നേതൃത്വത്തിൽ ബൈപാസ് ശസ്ത്രക്രിയ. ഹൃദയത്തിലേക്കുള്ള രക്തധമനികളിൽ തടസ്സം മാത്രമല്ല, അവ ശോഷിച്ചു ചുരുങ്ങിയ നിലയിലുമായിരുന്നു.

ADVERTISEMENT

ഇത് അപൂർവമാണത്രെ. പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. അഹമ്മദ്കുട്ടി യുഎസിൽനിന്നു കോഴിക്കോട്ടെ വീട്ടിലെത്തിയതു നിമിത്തമായി. വിവരമറിഞ്ഞ് ഡോ. അഹമ്മദ്കുട്ടിയും ആശുപത്രിയിലെത്തി. ഒരാഴ്ച കഴിഞ്ഞപ്പോൾ ഡോ. അഹമ്മദ്കുട്ടിയാണു പറഞ്ഞത്, 

‘വിജയകൃഷ്ണാ...രോഗത്തിന്റെ ഒരു ലക്ഷണവും കണ്ടില്ലെന്നാണു നീ പറയുന്നത്, എങ്കിൽ ഇതു രണ്ടാം ജന്മമാണ്’. 

ചിട്ടപ്പെടുത്തൽ ഒട്ടുമില്ലാതെ കെട്ടിപ്പൊക്കിയ ജീവിതം രസകരമായ അനുഭവങ്ങളുടെ കടലാണെന്നു വിജയകൃഷ്ണൻ പറയും. സഹകരണ മേഖലയുടെ ജാതകം മാറ്റിയെഴുതിയ വിജയകൃഷ്ണന്റെ ജീവിതത്തിലെ ആദ്യത്തെ പുറപ്പാടുകൾ പക്ഷേ തോൽവികളുടേതായിരുന്നു.

സി.എൻ. വിജയകൃഷ്ണൻ

പത്താംക്ലാസിൽ തോറ്റു സ്കൂളിന്റെ പടിയിറങ്ങിയ അദ്ദേഹത്തിന്റെ കീഴിലിപ്പോൾ കോടികളുടെ ബിസിനസ് സ്ഥാപനങ്ങളുണ്ട്, 35 ലക്ഷം മുതൽ 15,000 രൂപ വരെ ശമ്പളം വാങ്ങുന്ന മൂവായിരത്തോളം ജീവനക്കാരുണ്ട്, ആയിരങ്ങൾക്കു പ്രതീക്ഷ നൽകുന്ന ആതുരാലയവും ഷോപ്പിങ് മാളുകളും കെട്ടിട സമുച്ചയങ്ങളും ഹോട്ടലുകളുമുണ്ട്. അദ്ദേഹം ജീവിതം പറയുന്നു. 

ADVERTISEMENT

∙ കെട്ടഴിഞ്ഞ സങ്കടങ്ങൾ 

കോഴിക്കോട് ഫറോക്കിലാണ് അമ്മയുടെ ചെറുകാട്ട് നടുത്തൊടി തറവാട്. അച്ഛൻ പെരുമണ്ണക്കാരൻ പദ്മനാഭ മേനോൻ അറിയപ്പെടുന്ന ആധാരമെഴുത്തുകാരനായിരുന്നു. രോഗത്തിന്റെ കനലേറ്റു പൊള്ളിയ നിലയിലായിരുന്നു എന്നും അമ്മ സരോജിനിയമ്മ. ചികിത്സിക്കാത്ത ആശുപത്രികളില്ല.

ആധാരമെഴുത്തു നിർ‌ത്തി അച്ഛൻ കുറിക്കമ്പനിയും തീപ്പെട്ടിക്കമ്പനിയും നടത്താനിറങ്ങിയെങ്കിലും എല്ലാം പൊട്ടിത്തകർന്നു. വലിയൊരു വീടുണ്ടാക്കാനായി ഉള്ള വീട് പൊളിച്ച കാലത്താണ് അച്ഛൻ മരവ്യാപാരത്തിനു കുറ്റ്യാടിയിൽ പോയി മല ഒന്നിച്ചു വിലയ്ക്കെടുത്തത്. വനം ദേശസാത്കരണം വന്നതോടെ ആ വഴിയും അടഞ്ഞു.

ആശാരിമാർക്കു താമസിക്കാനായി കെട്ടിയ ഷെഡിൽ മരത്തിനു മീതെ കിടന്നു 14 വർഷം കഴിച്ചുകൂട്ടി. ആ ഷെഡിൽ കിടന്നാണ് അമ്മ മരിച്ചത്. വലിയൊരു തറവാട്ടിൽനിന്നുള്ള അമ്മയുടെ ജീവിതം ഒരു ഷെഡിൽ എരിഞ്ഞു തീർന്നത് ഇന്നും സങ്കടമാണ്. 

∙ തറച്ചു നിൽക്കുന്ന തോൽവികൾ

ജ്യേഷ്ഠന്മാരായ സദാനന്ദനും ദയാനന്ദനും ചേച്ചി കല്യാണിക്കുട്ടിയും നന്നായി പഠിച്ചപ്പോൾ ഇളയവനായ ഞാൻ ആറാംക്ലാസ് മുതൽ സ്കൂളിൽ രാഷ്ട്രീയം കളിച്ചു. എസ്എഫ്ഐ ആയിരുന്നു. പത്താം ക്ലാസിലായിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായി 14 ദിവസം റിമാൻഡിൽ കിടന്നു. റിമാൻഡിൽ നിന്നിറങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴായിരുന്നു അമ്മയുടെ മരണം.

പത്തു തോറ്റപ്പോൾ അച്ഛൻ കോഴിക്കോട് എംപി ട്യൂട്ടോറിയലിൽ പഠിക്കാനയച്ചു. തൊട്ടുമുന്നിലിരുന്ന കുട്ടിയുടെ ഉത്തരക്കടലാസ് പകർത്തിയെഴുതുന്നത് അധ്യാപകന്റെ കണ്ണിൽപെട്ടപ്പോൾ ഉത്തരക്കടലാസ് കീറിയെറിഞ്ഞു സ്കൂളിന്റെ പടിയിറങ്ങിയതാണ്. പഠനം അന്നവസാനിച്ചു.

സ്കൂളിൽനിന്നിറങ്ങി അച്ഛന്റെ ആധാരമെഴുത്താപ്പീസിൽ ചെന്ന് ഇനി പഠിക്കാൻ വയ്യെന്നും ഒരു ബസ് വാങ്ങിത്തന്നാൽ അതുമായി ജീവിച്ചോളാമെന്നും പറഞ്ഞു. നിസ്സഹായത നിറച്ചുള്ള അച്ഛന്റെ അന്നത്തെ നോട്ടം ഇന്നും ഉള്ളിൽ തറച്ചുനിൽപ്പുണ്ട്. 

∙ തനിച്ചാവലിന്റെ നൊമ്പരം

അച്ഛൻ വാങ്ങിത്തന്ന ടാക്സി കാറിൽ നിന്നാണ് ഒറ്റയ്ക്കു നേരിടാവുന്ന ജീവിതാവസ്ഥകളെ അഭിമുഖീകരിക്കാൻ പഠിച്ചത്. ബസ് വാങ്ങിത്തരില്ലായിരുന്നു. ഇതിനിടെ പുതിയ വീട് വച്ചു,  ഏറെ വൈകാതെ ചേച്ചിയുടെയും ഏട്ടന്മാരുടെയും കല്യാണം കഴിഞ്ഞു. അതോടെ അച്ഛനും ഞാനും വീട്ടിൽ തനിച്ചായി.

ആഹാരം ഫറോക്കിലെ ബാലകൃഷ്ണന്റെ ഹോട്ടൽ സിന്ധുവിൽനിന്നായി. മൂന്നു നേരത്തേക്കുമായി 50 രൂപയ്ക്കു വരെ കഴിക്കാം. മകൻ ടാക്സി ഡ്രൈവറാകാതിരിക്കാൻ രണ്ടു ഡ്രൈവർമാരെ ഏർപ്പാടാക്കിയിരുന്നു അച്ഛൻ.

ടാക്സി സ്റ്റാൻഡിൽ സിഐടിയു യൂണിയനൊക്കെ ഉണ്ടാക്കുന്നതിനിടെ കാർ ബിസിനസ് തരിപ്പണമായി. അതോടെ മൂത്ത ഏട്ടൻ എന്നെ വീട്ടിൽ നിന്നിറക്കിവിട്ടു. ബന്ധുവായ, അയൽവീട്ടിലെ ജാനകിയമ്മയാണു കിടക്കാനിടം തന്നത്. അവരും മകൻ രാമചന്ദ്രനും ഭാര്യ ലീലേട്ടത്തിയുമാണെന്നെ നോക്കിയത്. എന്റെ കല്യാണം വരെ ഞാൻ വീട്ടിൽ കയറിയതേയില്ല. 

∙ ബസിൽ മോഹം കയറിയപ്പോൾ

ടാക്സി കാർ നഷ്ടപ്പെട്ടും വീട്ടിൽനിന്നു പുറത്താക്കപ്പെട്ടും തടവിൽപ്പെട്ടവനെപ്പോലെയായി. അപ്പോഴും ബസ് വാങ്ങാനുള്ള മോഹം തീർന്നില്ല. കാശുണ്ടാക്കാൻ തീർച്ചപ്പെടുത്തി കാർ ഡ്രൈവറായി.

അതിൽനിന്നുണ്ടാക്കിയ 40,000 രൂപകൊണ്ടു പരപ്പനങ്ങാടി– കോഴിക്കോട് റൂട്ടിലോടുന്ന കെഎൽഎം 1655 എന്ന ബസ് വാങ്ങിയതറിഞ്ഞ് അച്ഛൻ സന്തോഷിച്ചു. അന്നെനിക്ക് 20 വയസ്സായിരുന്നു.

പിന്നീട്, പഴയ ബസ് മാറ്റി പുതിയതെടുത്തു. കോഴിക്കോട്ടെ ബസ് ഓണേഴ്സ് സംഘടനയിൽ  പരീക്കുട്ടിഹാജിക്കും സിഡബ്ല്യുഎംഎസ് മുതലാളി രാഘവേട്ടനുമൊപ്പം ഞാനും അംഗമായി. ബസ് ഡ്രൈവറായും  ബസ് മുതലാളിയായും സജീവമാകുന്നതിനിടെ അച്ഛൻതന്നെയാണു കല്യാണം ആലോചിച്ചത്. 

∙ എട്ടുകെട്ടിന്റെ ജാതകം

എട്ടുകെട്ടും സാമ്പത്തിക ശേഷിയുമുള്ള ബേപ്പൂർ ഇല്ലത്തുവീട്ടിലെ കുട്ടി ഉഷയെ അച്ഛൻ തന്നെയാണു കണ്ടെത്തിയത്. കസ്റ്റംസിലായിരുന്ന അച്ഛൻ‌ ചെറുപ്പത്തിലേ മരിച്ചതിനാൽ ഉഷയും അമ്മയും തനിച്ചായിരുന്നു. സ്വത്ത് കണ്ടു തന്നെയാവും അച്ഛൻ ഈ ആലോചന നടത്തിയത്.

1986 ഡിസംബർ 25ന് വീട്ടിൽവച്ചു കല്യാണം. 1988 ജനുവരി ഒന്നിനു മകനുണ്ടായി, ഹരിത് കൃഷ്ണൻ. അവനിപ്പോൾ ദുബായിലാണ്. ഭാര്യ ഉഷ ഫറോക്ക് അർബൻ ബാങ്കിൽ മാനേജരായി ജോലി നോക്കുന്നു.

1990ൽ ബസ് ബിസിനസ് നിർത്തിയപ്പോഴുണ്ടായ കടം തീർക്കാൻ ഉഷയുടെ തറവാട് വിറ്റ് അമ്മയ്ക്കൊപ്പം ഫറോക്കിൽ വീടെടുത്തു. ആ എട്ടുകെട്ട് വിൽക്കേണ്ടി വന്നതിന്റെ കുറ്റബോധം ഇന്നുമെന്റെ വേദനയാണ്. 

∙ ആദ്യസഹകരണ സംരംഭം

1992ൽ ഫറോക്ക് അർബൻ ബാങ്കിൽനിന്നു തുടങ്ങിയതാണ് സഹകരണ രംഗത്തെ യാത്ര. ഈ ബാങ്ക് തുടങ്ങാൻ ലഭിച്ച ആർബിഐ ലൈസൻസുമായി എം.വി. രാഘവനെ കാണാൻ കോഴിക്കോട് ഗെസ്റ്റ് ഹൗസിൽ ചെന്നപ്പോൾ അദ്ദേഹത്തിന്റെ സെക്രട്ടറി മാധവൻ സാർ അതുവായിച്ച് എന്നെ ചേർത്തു പിടിച്ചതാണ് ഈ രംഗത്ത് എനിക്കു കിട്ടിയ ആദ്യ അംഗീകാരം.

അന്നാണ് എംവിആർ ആദ്യമായെന്നോട് കസേര ചൂണ്ടി ഇരിക്കാൻ പറഞ്ഞത്. ഒരു കഷണം പുട്ടും ഒരു പപ്പടവും നൽകി അടുത്തിരുത്തിയ എംവിആർ മരണംവരെ എന്നെ ചേർത്തുപിടിച്ചു. ആയിരം ആളുകളിൽനിന്നു ഷെയർ പിരിച്ചാണു ഫറോക്ക് അർബൻ ബാങ്ക് തുടങ്ങിയത്. അതേവർഷം 26 ആളുകൾ ചേർന്നു കരുവൻതുരുത്തി  സഹകരണ ബാങ്കും തുടങ്ങി. 

∙ സിറ്റി സർവീസ് കോ. ഓപ്പറേറ്റീവ് ബാങ്ക്

33 ആളുകളുടെ ഷെയറിൽ നിന്നു 2003ൽ കാലിക്കറ്റ് സിറ്റി സർവീസ് ബാങ്ക് തുടങ്ങി. ഫറോക്കിലെ വീടുവിറ്റ പണമാണ് ആദ്യ നിക്ഷേപം. തുടക്കത്തിൽ ജീവനക്കാരില്ല. ഭരണസമിതിക്കാർ തന്നെ എല്ലാം ചെയ്തു. പിന്നീട് മൂന്നുപേരെ വച്ചു തുടങ്ങിയ ബാങ്കിൽ ഇപ്പോൾ 200ൽ ഏറെ ജീവനക്കാർ.

26 ബ്രാഞ്ചുകൾ. ഏഴു ലക്ഷം രൂപകൊണ്ടു തുടങ്ങിയ ബാങ്കിന് ഇപ്പോൾ 1320 കോടി രൂപയാണു മൂലധനം. 5 വർഷംകൊണ്ടു കേരളത്തിലെ ഏറ്റവും മികച്ച ബാങ്കാവുമെന്നും 1000 കോടി മൂലധനമാകുമ്പോൾ ചെയർമാൻ സ്ഥാനം ഒഴിയുമെന്നും ഉദ്ഘാടന ദിവസം പറഞ്ഞിരുന്നു.

ആയിരം കോടി കടന്നപ്പോൾ ഞാൻ ചെയർമാൻ പദവി ഒഴിഞ്ഞു. തുടർന്നാണ് എംവിആർ കാൻസർ സെന്ററിൽ കൂടുതൽ സജീവമായത്. 

∙ എംവിആർ കാൻസർ സെന്റർ

അച്ഛന്റെ മരണകാരണം കാൻസറായിരുന്നു. സിറ്റി ബാങ്ക് ജനറൽ മാനേജർ സാജു ജെയിംസിന്റെ ഭാര്യ വിവാഹം കഴിഞ്ഞു മൂന്നാം വർഷം കാൻസർ വന്നു മരിച്ചു. അന്നെടുത്ത തീരുമാനമായിരുന്നു ലോകോത്തര നിലവാരമുള്ള ഒരു കാൻസർ ആശുപത്രി. എംവിആറിനോടു സമ്മതം ചോദിച്ചപ്പോൾ പരിയാരം മെഡിക്കൽ കോളജിന്റെ അനുഭവങ്ങൾ നിരത്തി നിരുത്സാഹപ്പെടുത്തി.

ഒരിക്കൽ കോയമ്പത്തൂരിൽനിന്നു കണ്ണൂർക്കുള്ള യാത്രയ്ക്കിടെ വീണ്ടും ഇക്കാര്യം എടുത്തിട്ടപ്പോഴാണു സമ്മതിച്ചത്. കോഴിക്കോട്ടിറങ്ങി നേരെ പോയതു മന്ത്രി ജി. സുധാകരനെ കാണാനായിരുന്നു. ചാരിറ്റബിൾ സൊസൈറ്റിയായി റജിസ്റ്റർ ചെയ്ത് അപേക്ഷ നൽകിയാൽ അനുമതി നൽകാമെന്ന ജി. സുധാകരന്റെ ഉപദേശപ്രകാരം അന്നുതന്നെ അതു ചെയ്തു റെയിൽവേ സ്റ്റേഷനിൽ അപേക്ഷ എത്തിക്കുകയായിരുന്നു.

നാലാം ദിവസം അദ്ദേഹത്തിന്റെ അനുമതിയെത്തി. സത്യത്തിൽ എംവിആർ കാൻസർ സെന്ററിന്റെ സ്ഥാപകൻ ജി.സുധാകരനാണ്. 2017 ജനുവരി 17ന് തുടങ്ങിയ കാൻസർ സെന്ററിൽ 65 ഡോക്ടർമാരുണ്ടിപ്പോൾ.

ആയിരത്തോളം ജീവനക്കാർ. കാ‍ൻസർ റിസർച്ചിനു മാത്രമായി ലോകോത്തര നിലവാരമുള്ള ലാബ് പ്രവർത്തിക്കുന്നു. എല്ലാവർഷവും ഓങ്കോളജിയിൽ രാജ്യാന്തര സെമിനാർ നടത്തുന്നു.  ഓങ്കോളജിക്കു മാത്രമായി പ്രത്യേക പഠനം നടത്താൻ കേന്ദ്രസർക്കാരിന്റെ അനുമതി കിട്ടിയിരിക്കുന്നു. 

∙ ലാഡർ, വിജയങ്ങളുടെ ഗോവണി

ആറുകൊല്ലം മുൻപ് തുടങ്ങിയ ലാൻഡ് ഡവലപ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി (ലാഡർ) ഇന്നു നിർമാണ രംഗത്തൊരു വിസ്മയമാണ്. 5 സിനിമാ തിയറ്ററുകളടക്കമുള്ള മഞ്ചേരിയിലെ ഇന്ത്യൻ മാൾ സഹകരണ മേഖലയിൽ ആദ്യത്തേതാണ്. ലാഡർ ആണു നിർമാതാക്കൾ. വാടകയിനത്തിൽ മാത്രം 60 ലക്ഷം രൂപയാണു പ്രതിമാസ വരുമാനം.

ഒറ്റപ്പാലത്തു 18 നിലകളുള്ള ആധുനിക ഫ്ലാറ്റ് സമുച്ചയം അവസാന ഘട്ടത്തിലാണ്. ഒറ്റപ്പാലത്തുതന്നെ തിയറ്റർ കോംപ്ലക്സും കുട്ടികൾക്കായുള്ള ഗെയിം സോണും തുടങ്ങാനിരിക്കുന്നു. തിരുവനന്തപുരത്തെ ‘ദ് ടെറസ്’ ഹോട്ടൽ ശൃംഖല വിജയത്തിലാണ്. കോഴിക്കോട് ലിങ്ക് റോഡിൽ ദ് ടെറസിന്റെ പുതിയ ഹോട്ടൽ പൂർത്തിയാവുന്നു.

മഞ്ചേരി ഇന്ത്യൻ മാളിനു മുകളിൽ 56 മുറികളുള്ള ദ് ടെറസ് ഹോട്ടൽ ഉടൻ പ്രവർത്തനം തുടങ്ങും. വയനാട്ടിൽ സഹകരണ മേഖലയിൽ ലോകത്തിലെ ആദ്യ ഫൈവ് സ്റ്റാർ ഹോട്ടൽ നാലര ഏക്കറിൽ പണി പൂർത്തിയാവുന്നു. ജനുവരിയിൽ ഉദ്ഘാടനം ചെയ്യുകയാണു ലക്ഷ്യം.

തിരുവനന്തപുരത്തു പാങ്ങപ്പാറയിലും ഫ്ലാറ്റ് സമുച്ചയമുയരുന്നു. പിഡബ്ല്യുഡിയുടെ കരാർ ഏറ്റെടുത്തു നിർമിച്ച ചീമേനി തുറന്ന ജയിൽ കെട്ടിടം, മാടായി ഗേൾസ് ആൻഡ് ബോയ്സ് സ്കൂൾ, പാലക്കാട്ടെ കോഴിപ്പാറ സ്കൂൾ, ചിറ്റൂർ കോളജ് ലൈബ്രറി കെട്ടിടങ്ങൾ തുടങ്ങിയവ ലാഡറിന്റെ സഹകരണ മികവിന്റെ ഉദാഹരണങ്ങളാണ്. 

കാർത്തിക നക്ഷത്രത്തിലാണു വിജയകൃഷ്ണന്റെ ജനനം. നാലാമനായി ജനിച്ചതിനാൽ നാടുഭരിക്കുമെന്ന അച്ഛന്റെ വാക്കുകൾ മകൻ സാർഥകമാക്കിയെന്നു പറയാം. കാർ ഡ്രൈവറായി കോഴിക്കോട് നഗരത്തിൽ ജീവിതം തുടങ്ങിയതാണ്. സഹകരണ രംഗത്തു കോടികളുടെ ആസ്തിയുള്ള സ്ഥാപനങ്ങളുടെ തലപ്പത്താണിപ്പോൾ വിജയകൃഷ്ണൻ.

60 വയസ്സായിരിക്കുന്നു. ചികിത്സയ്ക്കു പണമില്ലാതെ മരിക്കേണ്ടി വരുന്നവരെക്കുറിച്ചാണിപ്പോൾ ആലോചന. അതിനൊരു പരിഹാരത്തിനായി എന്തെങ്കിലും ചെയ്യണമെന്നാണു ചിന്ത. വിജയകൃഷ്ണന്റെ നേതൃത്വത്തിൽ കോഴിക്കോട്ട് ആരംഭിച്ച ഡയാലിസിസ് സെന്ററിൽ ഒരു ദിവസം 24 പേർക്കു സൗജന്യമായി ഡയാലിസിസ് നൽകുന്നു.

2012 ജൂലൈ 23 മുതൽ ഇതുവരെ 40360 പേർ സൗജന്യ ഡയാലിസിസിനു വിധേയരായി. കോഴിക്കോട് നഗരത്തിലെ ചാലപ്പുറത്ത് 60 വയസ്സിനു മുകളിലുള്ള 101 പേരുടെ വിശപ്പകറ്റാൻ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് സദ്യയൊരുക്കുന്നു. 

‘ഭക്ഷണത്തിനു വേണ്ടി വല്ലാതെ ബുദ്ധിമുട്ടിയ ആളാണ് ഞാൻ. 15 വയസ്സ് മുതൽ 27 വയസ്സുവരെ ഹോട്ടൽ ഭക്ഷണം കഴിച്ചു ജീവിച്ച എനിക്ക് ഒരു വീട്ടിൽ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാൻ വല്ലാതെ കൊതി തോന്നിയിട്ടുണ്ട്. 

ഈ സങ്കടത്തിൽ നിന്നാണ് ഇങ്ങനെയൊരു ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചത്’, വിജയകൃഷ്ണന്റെ വാക്കുകളിൽ ഇന്നലെകളിലെ ഓർമകൾ പറ്റിപ്പിടിച്ചു. അനുഭവങ്ങളടർന്നു വീഴുന്നതു രണ്ടാം ജന്മത്തിലേക്കുള്ള ഊർജമാവാനാണ്. വിജയകൃഷ്ണന്റെ ജീവിതം ഇനിയും വിജയങ്ങളെഴുതാനുള്ളതാകട്ടെ!