ഇന്നു രാവിലെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു നാട്ടിലേക്കാണു ഞാൻ ഉറക്കമുണർന്നത്. ഇന്നലെ വീട്ടിലെ കിടക്കയിൽ ഉറങ്ങിയ ഞാൻ എങ്ങനെയാണ് അപരിചിതമായ ഈ നാട്ടിലേക്കു കൺതുറന്നത്?....Sunday, Kadha , Malayalam News, Manorama Online

ഇന്നു രാവിലെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു നാട്ടിലേക്കാണു ഞാൻ ഉറക്കമുണർന്നത്. ഇന്നലെ വീട്ടിലെ കിടക്കയിൽ ഉറങ്ങിയ ഞാൻ എങ്ങനെയാണ് അപരിചിതമായ ഈ നാട്ടിലേക്കു കൺതുറന്നത്?....Sunday, Kadha , Malayalam News, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നു രാവിലെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു നാട്ടിലേക്കാണു ഞാൻ ഉറക്കമുണർന്നത്. ഇന്നലെ വീട്ടിലെ കിടക്കയിൽ ഉറങ്ങിയ ഞാൻ എങ്ങനെയാണ് അപരിചിതമായ ഈ നാട്ടിലേക്കു കൺതുറന്നത്?....Sunday, Kadha , Malayalam News, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നു രാവിലെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു നാട്ടിലേക്കാണു ഞാൻ ഉറക്കമുണർന്നത്. ഇന്നലെ വീട്ടിലെ കിടക്കയിൽ ഉറങ്ങിയ ഞാൻ എങ്ങനെയാണ് അപരിചിതമായ ഈ നാട്ടിലേക്കു കൺതുറന്നത്? 

രാത്രി ഉറങ്ങുന്നതിനു മുമ്പു കുറച്ചുനേരം വായിച്ചിരുന്നത്, ഉറക്കംതൂങ്ങാൻ തുടങ്ങിയപ്പോൾ വായിച്ചു നിർത്തിയ താളിൽ അടയാളംവച്ചശേഷം പല്ലുതേച്ചു വന്നു കിടക്കയിൽ എത്തിയതുവരെ എനിക്കു നല്ല ഓർമയുണ്ട്. പക്ഷേ, ഇപ്പോൾ ഇവിടെയാണ്. ഇതെങ്ങനെ...?

ADVERTISEMENT

സ്വപ്നാടനത്തിലെപ്പോലെ രാത്രിയിൽ ഉറക്കത്തിൽ സഞ്ചരിച്ച് ഇവിടെ എത്തിയതോ...? അതോ ആരെങ്കിലും ഞാനറിയാതെ മയക്കി ഇവിടെ കൊണ്ടുവന്നു നിർത്തിയതോ..? ഒന്നും വ്യക്തമാകുന്നില്ല.

എന്റെ മുന്നിൽ അധികം വീതിയില്ലാതെ എന്നാൽ വൃത്തിയായി ടാറിട്ട് ഇരുവശങ്ങളിലും ചുവന്ന നിറത്തിൽ വാക പൂത്തുനിൽക്കുന്ന, വളവോ തിരിവോ ഇല്ലാത്ത ഒരു നീളൻ റോഡാണ്. യാത്രയുടെ ക്ഷീണമോ തളർച്ചയോ ഇല്ലാതെ എങ്ങും പോകാനില്ലാത്തവളെപ്പോലെ, എന്തു ചെയ്യണമെന്നറിയാതെ ഞാനവിടെത്തന്നെ നിന്നു. തൊട്ടരികിൽ ഒരു പൊതു ടാപ്പുണ്ട്. അതിനടുത്തേക്കു നടന്നു മുഖവും വായും കഴുകി വൃത്തിയാക്കി. നല്ല തണുത്ത വെള്ളം കൈക്കുമ്പിളിൽ ശേഖരിച്ച് കുറച്ചു കുടിക്കുകയും ചെയ്തു. എന്നിട്ടു വീണ്ടും നിന്നിടത്തുപോയി നിന്നു. മുഖത്തു പറ്റിയിരുന്ന വെള്ളത്തുള്ളികളിൽ പുലരിയുടെ കുളിർകാറ്റടിച്ചപ്പോൾ നല്ല ഉന്മേഷം തോന്നി.

ഇനി ഞാനാരെയെങ്കിലും കാത്തു നിൽക്കയാണോ...? ഈ സ്ഥലത്ത് ഇപ്പോൾ ഞാൻ മാത്രം. ആരും അങ്ങോട്ടോ ഇങ്ങോട്ടോ പോകുന്നുമില്ല. വിജനമായ ഈ റോഡരികിൽ വീടോ കടയോ ഒന്നുമില്ല. എങ്ങും പച്ചപ്പു മാത്രമുള്ള ഒരു ഗ്രാമം. ആ നാട്ടിൽ തലേന്നു രാത്രി മഴ പെയ്തിരുന്നു എന്നു മണ്ണിന്റെ നനവിൽ നിന്നും ഇലത്തലപ്പുകളിലെ ഈർപ്പത്തിൽ നിന്നും മനസ്സിലായി. പുല്ലിൽ ചവിട്ടി നിൽക്കുന്ന എന്റെ നഗ്നമായ കാലടികളിലും തണുപ്പ്.

ഇതു മഴക്കാലമാണോ? പക്ഷേ, ആകാശം പ്രഭാതത്തിൽ വൃത്തിയാക്കിയ പൂമുഖംപോലെ മഴമേഘങ്ങളുടെ ലാഞ്ചന പോലുമില്ലാതെ നിർമലമായി കിടക്കുന്നു. മഞ്ഞുകാലത്തു സംഭവിക്കുന്നപോലെ രാത്രിയിൽ ഹിമകണങ്ങൾ വീണതാണോ ഈ ഈർപ്പം?... എനിക്കു കാലഗണന ചെയ്യാനുള്ള കഴിവു നഷ്ടപ്പെട്ടപോലെ. എന്തോ കുഴപ്പം സംഭവിച്ചു എന്നംഗീകരിച്ചതിന്റെ ഭാഗമായി ഞാൻ അതും വിട്ടുകളഞ്ഞു.

ADVERTISEMENT

അപരിചിതമായ ഒരു നാട്ടിൽ എത്തിയതോ, കാലം തിരിച്ചറിയാത്തതോ ഒന്നും എന്നെ പരിഭ്രമിപ്പിക്കുന്നേയില്ല. എനിക്കിപ്പോൾ ചിന്തകളില്ല. ഭൂതമോ ഭാവിയോ എന്നെ അലോസരപ്പെടുത്തുന്നില്ല. ഇപ്പോഴുള്ളത് വർത്തമാനം എന്തെന്നറിയാനുള്ള ആകാംക്ഷ മാത്രം.

എന്തൊരു വിജനതയാണിവിടെ? ഒരു വാഹനംപോലും, എന്തിന് ഒരു സൈക്കിൾ പോലുമില്ലാത്ത നാടോ ഇത്...? എന്താണ് ഈ വിചിത്ര നാട്ടിൽ എങ്ങനെ എത്തിയെന്ന പരിഭ്രമം പോലുമില്ലാതെ ഞാനിങ്ങനെ നിൽക്കുന്നത്...? ഉണർന്ന ഉടനെ ഒരു ചായ കുടിക്കുന്ന ശീലംപോലും ഈ പുതിയ നാട്ടിൽ എന്നെ ബുദ്ധിമുട്ടിക്കുന്നില്ല. 

സമയമെന്തായിക്കാണും...? വെളിച്ചത്തിന്റെ രീതി കണ്ട് ഒരേകദേശ കണക്കിനു ഞാൻ ശ്രമിച്ചു. നേരം പുലർന്നിട്ട് അധിക സമയമായിട്ടില്ല. എന്റെ കയ്യിൽ‍ വാച്ചോ സെൽഫോണോ ഇല്ല.

കുറച്ചുനേരം പരിസരം വീക്ഷിച്ചുകഴിഞ്ഞ ഞാൻ ഇപ്പോൾ ദൂരേക്കു കണ്ണയച്ചു നിൽക്കുകയാണ്. മന്ദത ബാധിച്ച എന്റെ മനസ്സ് ഏതോ കാഴ്ച പ്രതീക്ഷിച്ചു നിൽക്കുകയാണ് എന്നു തോന്നി. എന്റെ കണ്ണുകൾ ഉദ്വേഗത്തോ‌ട‌െയാണ് ദൂരേക്കു നോക്കുന്നത്. പക്ഷേ, ഏതു ദിക്കിലേക്കു നോക്കണം എന്നെനിക്കു വ്യക്തതയില്ല. അതുകൊണ്ട് ഇരുവശങ്ങളിലേക്കും ഞാൻ മാറിമാറി നോക്കിക്കൊണ്ടിരുന്നു. ഒരു മടുപ്പുമില്ലാതെ എത്രനേരം അങ്ങനെ നിന്നു എന്നും അറിയില്ല.

ADVERTISEMENT

അപ്പോൾ അതാ, അങ്ങു ദൂരെ, ഇടതുവശത്തായി ഒരു പൊട്ട് പ്രത്യക്ഷപ്പെടുകയായി... ഞാൻ ആ കാഴ്ച സൂക്ഷിച്ചു നോക്കി. ആ പൊട്ടു വളർന്ന് ഒരേ നിറത്തിൽ വസ്ത്രം ധരിച്ച ഒരുകൂട്ടം മനുഷ്യരുടെ നിരയായി എന്നിലേക്കു നടന്നടുത്തുവരുന്നത് ഞാൻ ആഹ്ലാദത്തോടെ തിരിച്ചറിഞ്ഞു. അതേ മനുഷ്യരെ... അവരെത്തന്നെയാണ് കാത്തുനിൽപിന്റെ മടുപ്പോ, ഏകാന്തതയുടെ പരിഭ്രാന്തിയോ ഇല്ലാതെ ഞാനിവിടെ പ്രതീക്ഷിച്ചു നിന്നത്. ഒരു സഹജീവിയെപ്പോലും ഈ നാട്ടിൽ കാണാതെ ഞാൻ അത്രമേൽ അസ്വസ്ഥയായിരുന്നു എന്ന് എന്റെ ഈ അതിരറ്റ ആഹ്ലാദം എനിക്കു പറഞ്ഞുതന്നു.

ഒരു നിമിഷം, എന്റെ കണ്ണുകൾ എതിർദിശയിലേക്കു ചലിച്ചു. അതിശയപ്പെടുത്തിക്കൊണ്ട് അവിടെയും അങ്ങുദൂരെ അതേ കാഴ്ച. അവർക്കും ഒരേ നിറത്തിലുള്ള വസ്ത്രം. പക്ഷേ, ഒന്നാമത്തെ കൂട്ടരുടെ വസ്ത്രത്തിന്റെ നിറവുമായി അവരുടെ വസ്ത്രത്തിന്റെ നിറത്തിനു വ്യത്യാസമുണ്ട്. ഞാൻ ഇടത്തേക്കും വലത്തേക്കും മാറിമാറി നോക്കി. ഒന്നാം നിറക്കാരും രണ്ടാം നിറക്കാരും രണ്ടിടത്തുനിന്നും ഒരേ കാൽവയ്പിൽ അടുത്തടുത്തു വരുന്നു. രണ്ടു കൂട്ടർക്കും അതതു നിറങ്ങളിൽ തലപ്പാവ് ഉള്ളതുകൊണ്ട് നിറങ്ങൾ സഞ്ചരിക്കുകയാണെന്നേ ഒറ്റ നോട്ടത്തിൽ തോന്നുകയുള്ളൂ. മനോഹരമായിരുന്നു ആ കാഴ്ച.

ഏകനായി നിന്ന എന്നരികിലേക്ക് ഇരുവശത്തുനിന്നും ഐക്യമുള്ള മനുഷ്യർ. ഇരു നിരകളും അടുത്തു വരുന്നതിനനുസരിച്ച് രണ്ടു കൂട്ടരും പാടുന്ന ശബ്ദവും അവ്യക്തമായി കേൾക്കാം. ഒരേ ഈണവും താളവും. ഇടയ്ക്കു കൈകൾ ചലിപ്പിക്കുന്നുമുണ്ട്. നൃത്തം ചെയ്യുകയാണോ അവർ...? ഇപ്പോൾ അവർക്ക് ഞാൻ നിൽക്കുന്ന ഇടത്തേക്കു കാര്യമായ ദൂരമില്ല. മിക്കവാറും ഞാൻ നിൽക്കുന്ന ഇടത്ത് സന്ധിക്കും എന്നു തോന്നി. സന്ധിച്ചശേഷം എന്തായിരിക്കും സംഭവിക്കുക? എന്റെ ആകാംക്ഷ വർധിച്ചു. രണ്ടുകൂട്ടരും കൈകൾ കോർത്ത് എനിക്കു ചുറ്റും പാടി നൃത്തം വയ്ക്കും. ഞാനും അവരൊപ്പം ചേർന്ന് അവരിലൊരാളാകും. എന്റെയുള്ളിൽ ഹർഷത്തിന്റെ വലിയൊരു തിരയിളക്കമുണ്ടായി.

അപ്പോഴാണ് ഞാനാ കാഴ്ച കണ്ടത്. ഇരു നിരയുടെയും അവസാനം, നീളമുള്ള പെട്ടി തോളിലേന്തിയവർ. ഞൊടിയിടയിൽ വല്ലാത്തൊരസ്വസ്ഥത എന്നെ പിടികൂടി. ആഹ്ലാദത്തിന്റെ കൊടുമുടിയിൽ നിന്ന എന്നെ ആ അസ്വസ്ഥത തെല്ലുലയ്ക്കുക തന്നെ ചെയ്തു. ഞാൻ ആ പെട്ടികളിൽ മാറിമാറി സൂക്ഷിച്ചു നോക്കി നിൽക്കുകയാണ്. കുറച്ചുകൂടി അടുത്തപ്പോൾ എന്റെ നെഞ്ചിടിപ്പ് വർധിപ്പിച്ചുകൊണ്ട് രണ്ടു പെട്ടികളിലും നീണ്ടു നിവർന്നു കിടക്കുന്ന ആളുകളാണെന്ന് എനിക്കു വ്യക്തമായി. അതു മരണത്തിന്റെ പെട്ടിയാണെന്നു ഞാൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു. അതെ, അവ രണ്ടും വ്യത്യസ്ത നിറങ്ങളിലെ ശവഘോഷയാത്രയാണ്. 

ഞാൻ ഇത്രയുംനേരം താളത്തിൽ കേട്ടിരുന്ന ഗാനം കണ്ണോക്കായിരുന്നോ? പക്ഷേ ഒന്നുകൂടി അടുത്തപ്പോൾ അതു കണ്ണോക്കല്ല എന്നു ഞാൻ തിരിച്ചറിഞ്ഞു. ഇപ്പോൾ അവർ പാടുന്നതു പാട്ടുപോലുമല്ല, അവർ ഉരുവിടുന്നത് മുദ്രാവാക്യമാണ്. അതു കൈയുയർത്തി എതിർ നിരയ്ക്കു നേർക്കുമാണ്. എപ്പോഴാണ് ഇവർ മരണപ്പാട്ടിൽ നിന്നും മുദ്രാവാക്യത്തിലേക്കു മാറിയത്...? അതു തുടക്കത്തിലേ ഇങ്ങനെ തന്നെയായിരുന്നോ...?

ഇപ്പോൾ രണ്ടു കൂട്ടരും എതിർ ദിശയിലേക്കു വിരൽചൂണ്ടി ഉച്ചത്തിൽ ആക്രോശിക്കുകയാണ്. ഇടത്തോട്ടും വലത്തോട്ടും മാറി മാറി നോക്കി എന്റെ കഴുത്തു വേദനിക്കാൻ തുടങ്ങി. അവർ പറയുന്നതൊക്കെയും എനിക്കു സ്പഷ്ടമായി കേൾക്കാം. അതൊക്കെയും വെറുപ്പിന്റെയും പകയുടെയും ഉച്ചാരണങ്ങളായിരുന്നു എന്നു ദുഃഖത്തോടെ ഞാൻ തിരിച്ചറിഞ്ഞു.

അതാ അവർ സന്ധിച്ചുകഴിഞ്ഞു. ഞാൻ വിചാരിച്ചപോലെ കൃത്യം എന്റെ മുന്നിൽ നേർക്കുനേർ എത്തിയിട്ടും ഇരു കൂട്ടരും നിര തെറ്റിച്ചിട്ടില്ല എന്നത് ഞാൻ ശ്രദ്ധിച്ചു. ഇരു കൂട്ടരും സമാന്തരമായി രണ്ടു നിറത്തിൽ രണ്ടു നിരകളായി റോഡിൽ നിൽക്കുന്നു. ആ നിൽപിനു മാത്രമേ ചിട്ടയുള്ളൂ. ചുറ്റും ചെവി പൊട്ടുമാറു ശബ്ദകോലാഹലങ്ങളാണ്. ശബ്ദംകൊണ്ട് ഇരുകൂട്ടരും എതിർ കൂട്ടരെ കീഴ്പ്പെടുത്താൻ നോക്കുകയാണ്. ‘‘നിങ്ങളല്ലേ... നിങ്ങളല്ലേ ...? എന്നു തങ്ങളുടെ പെട്ടിയിലുള്ള ആളെ ചൂണ്ടിക്കാട്ടി രോഷവും ദുഃഖവും ചേർത്തവർ അലറുന്നു. തങ്ങളാണ് ശരി എന്നും നിങ്ങൾ പാടേ തെറ്റാണെന്നും അലർച്ചകൾക്കിടയിൽ സ്ഥാപിക്കാൻ കിണഞ്ഞു ശ്രമിക്കുന്നു.

പാതയോരത്ത് ഞാനെന്ന ഒരാ‍ൾ നിൽക്കുന്നു എന്നാരും അറിഞ്ഞിട്ടേയില്ല. അവരിൽ നിന്നും തികച്ചും വ്യത്യസ്തനായി പുള്ളിക്കുപ്പായമണി‍ഞ്ഞു നിൽക്കുന്ന ഞാൻ അവരുടെ കണ്ണിൽ പെടുന്നില്ലെന്നോ...!!

ഈ ശബ്ദകോലാഹലങ്ങൾക്കിടെ ഒന്നാം നിറക്കാർ അവരുടെ പെട്ടി റോഡിനു നടുവിലായി വച്ചുകഴിഞ്ഞു. വെള്ള വസ്ത്രമണിഞ്ഞ ഒരു ചെറുപ്പക്കാരൻ കണ്ണടച്ച് ആ പെട്ടിയിൽ ഉറങ്ങുന്നു. മുഖത്തു നിറയെ വെട്ടേറ്റ പാടുകൾ. വെള്ള വസ്ത്രത്തിനു മേലെ ചുവന്ന രക്തക്കറകൾ. നീരു വന്നു ചീർത്ത ആ മുഖത്തേക്കു നോക്കിയപ്പോൾ എനിക്കു പേടി തോന്നി. നല്ല മുഖപരിചയമുള്ള ഈ ചെറുപ്പക്കാരൻ ആരാണ്? ഉൾക്കിടിലത്തോടെ ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു. ഇയാളെ ഞാൻ കണ്ടിട്ടുണ്ട്. എപ്പോഴോ ഞങ്ങൾ സംസാരിച്ചിട്ടുണ്ട്. പക്ഷേ, ഭയവിഭ്രമത്തിന്റെ ഈ അന്തരീക്ഷത്തിൽ എവിടെവച്ച് എന്നോർക്കാൻ പറ്റുന്നില്ലല്ലോ. ഉടനെ തന്നെ വീറോടെ രണ്ടാം നിറക്കാരും തങ്ങളുടെ പെട്ടി ഒന്നാം നിറക്കാരുടെ പെട്ടിക്കരികിൽ കൊണ്ടുവച്ചു. അതിനുള്ളിലും വെട്ടേറ്റു മരിച്ച ഒരു യുവാവ്. ഒന്നാം നിറക്കാരും രണ്ടാം നിറക്കാരും സമാന്തരമായി എന്നപോലെ റോഡിനു നടുവിൽ രണ്ടു പെട്ടികളും സമാന്തരമായി. ഞാൻ രണ്ടു പെട്ടിയിലേക്കും മാറിമാറി നോക്കി. അപ്പോൾ കണ്ടതായിരുന്നു അന്നത്തെ ഏറ്റവും ഭയങ്കര കാഴ്ച. രണ്ടു മൃതദേഹങ്ങൾക്കും ഒരേ മുഖം, ഒരേ ശരീരം, ഒരേ വെട്ടുപാടുകളും, രണ്ടു പേരുടെയും വസ്ത്രങ്ങളിൽ രക്തക്കറയുണ്ടാക്കിയ ആകൃതികൾ പോലും ഒന്ന്!!! ചലനമറ്റു കിടക്കുന്ന ഈ രണ്ടുപേരിൽ ആരായിരിക്കും എന്റെ പരിചയക്കാരൻ. ഇവരി‍ൽ ആരോടാണ് ഞാൻ മുമ്പു സംസാരിച്ചിട്ടുള്ളത്....? അതോ ഇവർ രണ്ടുപേരോടുമോ...?

പിന്നെയവിടെ നടന്നത് രണ്ടു നിറങ്ങളുടെ സങ്കലനമായിരുന്നു. ഒന്നാം നിറക്കാരും രണ്ടാം നിറക്കാരും വരിതെറ്റിച്ച് അങ്ങോട്ടും ഇങ്ങോട്ടും പായുന്നു, ചോദ്യം ചെയ്യുന്നു, രണ്ടു കൂട്ടരുടെയും രോഷം കണ്ണീരായി റോഡിൽ പതിക്കുന്നു. ഒടുവിൽ ആ ചെയ്തികളിൽ ക്ഷീണിതരായ അവർ പഴയപോലെ നിരയിൽ പോയി വീണ്ടും സമാന്തരമായി നിന്നു. എങ്കിലും അവരുടെ രോഷമടങ്ങിയിട്ടില്ല. മുറുമുറുത്തുകൊണ്ടു പരസ്പരം നോക്കുന്നതിനിടെ ഇരു കൂട്ടരും പെട്ടി കൈയിൽ എടുത്തു തിരികെ പോകാൻ തുനിഞ്ഞു. രണ്ടു നിറക്കാരും ഒരേസമയം കുനിഞ്ഞു പെട്ടികൾ എടുത്തുയർത്തി നടന്നുതുടങ്ങി. പാതയോരത്ത് അവരുടെ ചെയ്തികൾ സസൂക്ഷ്മം വീക്ഷിച്ചിരുന്ന എന്നെ അവർ അപ്പോഴും കണ്ടതേയില്ല. കണ്ടിരുന്നെങ്കിൽ നിങ്ങളുടെ പെട്ടികൾ പരസ്പരം മാറിപ്പോയി എന്നെനിക്ക് വിളിച്ചു പറയാമായിരുന്നു. പറഞ്ഞിട്ടെന്തിന്...? രണ്ടു ശവങ്ങൾക്കും ഒരേ മുഖമായിരുന്നു എന്നു പറഞ്ഞാലും അവർ വിശ്വസിക്കുമോ?...

വന്ന വഴിയെ തിരിച്ചു പോവുകയാണ് അവർ, അതേ കാൽവയ്പിൽ അകലുന്നതനുസരിച്ച് അവരുടെ മുദ്രാവാക്യങ്ങൾ ആദ്യത്തേതുപോലെ പാട്ടുകളായി, അതേ താളത്തിൽ ...ഈണത്തിൽ... ഇരുവശത്തേക്കും അകന്നു പോകുന്ന പെട്ടികളും അവയ്ക്കു മുന്നിലെ വ്യത്യസ്ത നിറങ്ങളും. ചലിക്കുന്ന തലപ്പാവുകളും. ഞാൻ ഇരു വശങ്ങളിലേക്കും മാറിമാറി നോക്കിക്കൊണ്ടിരുന്നു. അവർ തമ്മിലുള്ള ദൂരം വർധിച്ചുകൊണ്ടിരിക്കുന്നു. അകന്നകന്നു പോവുകയാണ് അവർ. ഇപ്പോൾ ഇരുവശവും ഓരോരോ ശവപ്പൊട്ടുകൾ.

ശവഘോഷയാത്രയ്ക്കു മുമ്പ് എനിക്കു ചുറ്റുമുണ്ടായിരുന്ന പ്രഭാതവും അതിന്റെ കുളിരും എന്നെന്നേക്കുമായി മറഞ്ഞപോലെ. ഇപ്പോൾ ഇവിടെ നട്ടുച്ചയാണ്. ചുറ്റും ദേഹമാസകലം പൊള്ളുന്ന ചൂട്. ആകാശത്തു കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യന്റെ നേർക്കു നോക്കിയ എന്റെ കണ്ണിലേക്കു കടുംവെയിലിന്റെ കിരണങ്ങൾ തുളച്ചു കയറി. കണ്ണു മഞ്ഞളിച്ചു. മഞ്ഞളിച്ച കണ്ണുമായി ഞാൻ ശവപ്പൊട്ടുകളെ ഇരുവശവും തേടി. കറുത്ത പൊട്ടായി സൂര്യൻ മാത്രമേ അപ്പോൾ എന്റെ കണ്ണിനു മുന്നിൽ തെളിഞ്ഞുള്ളൂ. പെട്ടെന്നു പേരോ സ്ഥലനാമമോ രേഖപ്പെടുത്തിയിട്ടില്ലാത്ത ഒരു ബസ് എന്റെ മുന്നിലൂടെ നിർത്താതെ പാഞ്ഞുപോയി. യാത്രക്കാർ ആരും തന്നെയില്ലാത്ത ശൂന്യമായ ഒരു ബസായിരുന്നു എന്നു കറുത്ത സൂര്യ‍ൻ നിറഞ്ഞുനിന്ന കണ്ണുകൊണ്ടു ഞാൻ മനസ്സിലാക്കി. ആരാണ് അതോടിച്ചിരുന്നത് എന്നു ധൃതിയിൽ നോക്കുന്നതിനിടെ അതെന്റെ കാഴ്ചയിൽ നിന്നു മാഞ്ഞുപോയിരുന്നു. എന്റെ കണ്ണിൻ മുന്നിൽ ഇപ്പോൾ രണ്ടു കറുത്ത വൃത്തങ്ങൾ...