ഹരിപ്പാട് ഹുദാ ട്രസ്റ്റ് ആശുപത്രിയുടെ രണ്ടാം നിലയിലെ മുറിയിലേക്കു കയറിവന്ന ആ മുപ്പത്തിയാറുകാരൻ എന്നും എന്റെ മനസ്സിൽ മായാതെ നിൽക്കും. വൈദ്യശാസ്ത്ര ചരിത്രത്തിൽ മറക്കാനാവാത്ത ഏടുകൾ തുന്നിച്ചേർക്കാൻ എനിക്കു സാഹചര്യം തന്ന ഏ | Sunday | Malayalam News | Manorama Online

ഹരിപ്പാട് ഹുദാ ട്രസ്റ്റ് ആശുപത്രിയുടെ രണ്ടാം നിലയിലെ മുറിയിലേക്കു കയറിവന്ന ആ മുപ്പത്തിയാറുകാരൻ എന്നും എന്റെ മനസ്സിൽ മായാതെ നിൽക്കും. വൈദ്യശാസ്ത്ര ചരിത്രത്തിൽ മറക്കാനാവാത്ത ഏടുകൾ തുന്നിച്ചേർക്കാൻ എനിക്കു സാഹചര്യം തന്ന ഏ | Sunday | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹരിപ്പാട് ഹുദാ ട്രസ്റ്റ് ആശുപത്രിയുടെ രണ്ടാം നിലയിലെ മുറിയിലേക്കു കയറിവന്ന ആ മുപ്പത്തിയാറുകാരൻ എന്നും എന്റെ മനസ്സിൽ മായാതെ നിൽക്കും. വൈദ്യശാസ്ത്ര ചരിത്രത്തിൽ മറക്കാനാവാത്ത ഏടുകൾ തുന്നിച്ചേർക്കാൻ എനിക്കു സാഹചര്യം തന്ന ഏ | Sunday | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ  ശസ്ത്രക്രിയ നടത്തി  ചരിത്രം സൃഷ്ടിച്ച  ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെഹൃദയം തൊട്ട അനുഭവക്കുറിപ്പുകൾ ആരംഭിക്കുന്നു ...

ഹരിപ്പാട് ഹുദാ ട്രസ്റ്റ് ആശുപത്രിയുടെ രണ്ടാം നിലയിലെ മുറിയിലേക്കു കയറിവന്ന ആ മുപ്പത്തിയാറുകാരൻ എന്നും എന്റെ മനസ്സിൽ മായാതെ നിൽക്കും. വൈദ്യശാസ്ത്ര ചരിത്രത്തിൽ മറക്കാനാവാത്ത ഏടുകൾ തുന്നിച്ചേർക്കാൻ എനിക്കു സാഹചര്യം തന്ന ഏബ്രഹാം. ശ്വാസത്തിനു വേണ്ടി ബുദ്ധിമുട്ടുന്ന, ദുർബലമായ ശബ്ദമുള്ള ആ യുവാവിന് ജീവിതത്തെപ്പറ്റി ആശങ്കകൾ മാത്രമായിരുന്നു ബാക്കി. മണലാരണ്യത്തിൽനിന്ന് ആരോഗ്യപ്രശ്നങ്ങളാൽ മടങ്ങേണ്ടിവന്ന ഏബ്രഹാമിന്റെ ജീവിക്കാനുള്ള മോഹങ്ങൾ തച്ചുടച്ചത് ചികിത്സയോടു പ്രതികരിക്കാത്ത ഹൃദയമായിരുന്നു.

ADVERTISEMENT

‘ഏബ്രഹാം, ജീവിതത്തിലേക്കു തിരികെയെത്താൻ നിങ്ങളുടെ ശക്തി നഷ്ടപ്പെട്ട ഹൃദയത്തിനു പകരമായി മറ്റൊന്നു വേണ്ടിവരും’ എന്നു പറഞ്ഞപ്പോൾ, എന്റെ പ്രതീക്ഷയ്ക്കു വിപരീതമായി ‘എനിക്കറിയാം’ എന്നായിരുന്നു മറുപടി. ജീവിക്കാൻ രണ്ടോ മൂന്നോ മാസങ്ങൾ മാത്രം ബാക്കിനിൽക്കുന്ന ആ യുവാവിന്റെ ജീവിതം കുറച്ചു വർഷങ്ങൾകൂടി നീട്ടിയെടുക്കാൻ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു മാത്രമേ കഴിയൂ എന്ന് ഏബ്രഹാമിനോട് ഒരു ഡോക്ടർ നേരത്തേ പറഞ്ഞിരുന്നു. അതുകൊണ്ട് ഞങ്ങളുടെ നിർദേശം മനസ്സിലാക്കാൻ അദ്ദേഹത്തിന് എളുപ്പം കഴിഞ്ഞു. 

ഇന്ത്യയിൽ വളരെക്കുറച്ചു മാത്രം ചെയ്യപ്പെട്ടിരിക്കുന്ന ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, കേരളത്തിൽ സ്വപ്നങ്ങളിൽ മാത്രമാണന്ന്. ശസ്ത്രക്രിയ വിജയകരമായി നിർവഹിക്കാൻ കഴിയുമോ എന്ന ആശങ്ക എന്നോടൊപ്പം ജോലി ചെയ്തിരുന്ന എല്ലാ ഡോക്ടർമാർക്കും ഉണ്ടായിരുന്നു. ഇംഗ്ലണ്ടിലെ പ്രശസ്തമായ പാപ്‌വർത്ത് (Papworth) ആശുപത്രിയിലെ പരിമിതമായ പരിശീലനം മാത്രമാണ് എനിക്കും സഹപ്രവർത്തകരായ ഡോ. സജി കുരുട്ടുകുളത്തിനും ഡോ.വിനോദനും ഉണ്ടായിരുന്ന മുതൽക്കൂട്ട്. ആ പരിമിതികൾക്കു മേലെ പറക്കാൻ ഞങ്ങളെ സഹായിച്ചത് അന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റിന്റെ ഡയറക്ടറായിരുന്ന ഡോ. വർഗീസ് പുളിക്കനായിരുന്നു.

നിങ്ങൾ മുന്നോട്ടു പോകുന്നതിൽ നിന്നു നിങ്ങളെ പിന്തിരിപ്പിക്കാൻ നിങ്ങൾക്കു മാത്രമേ കഴിയൂ, മറ്റൊരു പ്രതിബന്ധങ്ങൾക്കുമാവില്ലെന്ന് ഇംഗ്ലിഷിലെഴുതിയ ഒരു ബോർഡ് അദ്ദേഹത്തിന്റെ ഇടുങ്ങിയ മുറിയെ പ്രകാശമാനമാക്കുന്നതു ശ്രദ്ധേയമായിരുന്നു. ഒരു പടികൂടി കടന്ന് കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെയും തുടർ ചികിത്സകളുടെയും ചെലവുകൾ മുഴുവൻ ആശുപത്രിതന്നെ വഹിച്ചുകൊള്ളാമെന്ന അദ്ദേഹത്തിന്റെ തീരുമാനം നിർണായകമായിരുന്നു. പിന്നീടുള്ള ദിവസങ്ങളും ആഴ്ചകളുമൊക്കെ ഏബ്രഹാമിന്റെ പരിശോധനകളും ഹൃദയം മാറ്റിവയ്ക്കാനുള്ള ക്രമീകരണങ്ങളുമായി തിരക്കേറിയതായിരുന്നു.

ഈ കേരളത്തിൽ ഇതൊന്നും നടക്കാൻ പോകുന്നില്ലെന്നു പ്രസ്താവിച്ചവരും പരാജയപ്പെട്ടാൽ വലിയൊരു ആഘാതമായിരിക്കുമെന്നു പറഞ്ഞ് എന്നെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചവരും കുറച്ചൊന്നുമല്ല. എന്നാൽ, അതിനെയെല്ലാം മറികടക്കാനുള്ള ആത്മധൈര്യം നൽകുന്ന ഒരു അദൃശ്യശക്തി എവിടെയോ നിന്ന് എന്നെ നയിച്ചിരുന്നതായി പിൽക്കാലത്തു മനസ്സിലാക്കാൻ കഴിഞ്ഞു.

ADVERTISEMENT

ആശങ്കയുടെ ‌ദിനങ്ങൾ 

ഏബ്രഹാമിന്റെ ആരോഗ്യസ്ഥിതി ദിനംപ്രതിയെന്നോണം മോശമായിത്തുടങ്ങി. നടക്കാനും പടികയറാനും എന്തിനേറെ, കട്ടിലിൽ കിടക്കാൻ പോലും കഴിയാത്ത വിധത്തിൽ ശ്വാസതടസ്സം അലട്ടിക്കൊണ്ടിരുന്നു. ചെറുപ്പത്തിൽ പമ്പയാറിനു കുറുകെ നീന്തിയിരുന്ന, മുങ്ങാംകുഴിയിട്ട് വലിയ മത്സ്യങ്ങളെ വായിൽ കടിച്ചു പിടിച്ചുകൊണ്ട് ഇക്കരെ എത്തിയിരുന്ന ഏബ്രഹാമിന് കട്ടിലിൽനിന്നു പ്രാഥമികകൃത്യങ്ങൾക്കായിപ്പോലും നടന്നുപോകാൻ കഴിയാത്ത അവസ്ഥയായി. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലേക്ക് എത്തുമോയെന്നുപോലും സംശയിച്ചു, അദ്ദേഹവും ഞങ്ങളും.

ഏബ്രഹാമിനു വേണ്ടിയിരുന്നത് അദ്ദേഹത്തിന്റെ തന്നെ രക്തഗ്രൂപ്പിലുള്ള, ശരീരസാമ്യമുള്ള ആരോഗ്യവാനായ ഒരു വ്യക്തിയുടെ ഹൃദയമായിരുന്നു. ഏതെങ്കിലും അപകടത്തിൽ മസ്തിഷ്‌കമരണം സംഭവിച്ചു വെന്റിലേറ്ററിൽ കഴിയുന്ന, ഒരിക്കലും ജീവിതത്തിലേക്കു തിരിച്ചുവരില്ലെന്ന് ശാസ്ത്രീയ പരിശോധനകളിലൂടെ ന്യൂറോസർജന്മാർ വിധിയെഴുതിയ ഒരു വ്യക്തിക്കേ ഹൃദയം ദാനം ചെയ്യാനാവൂ. അപ്രതീക്ഷിതമായുണ്ടാകുന്ന വേർപാടിന്റെ ദുഃഖം താങ്ങാനാവാതെ തേങ്ങുന്ന ഒരു കുടുംബത്തോട്, അവരുടെ പ്രിയപ്പെട്ടവന്റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള അനുവാദം ചോദിക്കുക എന്നതുതന്നെ കടുംകൈയാണെന്നറിയാം. എന്നിരുന്നാലും ജീവൻ പൊലിയുന്ന ആ അവസരത്തിൽ ഹൃദയദാനത്തിലൂടെ അവരുടെ പ്രിയപ്പെട്ടവന്റെ ഓർമകളും ജീവസ്പന്ദനങ്ങളും നിലനിർത്താനാവുമെന്ന വലിയൊരു പ്രതീക്ഷയായിരിക്കാം, ഭാര്യയ്ക്കും മക്കൾക്കും സുകുമാരന്റെ ഹൃദയം ദാനം ചെയ്യാൻ പ്രചോദനം നൽകിയത് എന്നു കരുതണം.

ഏബ്രഹാം, സുകുമാരൻ

നന്മയുള്ള ഹൃദയം 

ADVERTISEMENT

സുകുമാരൻ വടക്കൻ പറവൂരിനടുത്തുള്ള ഒരു ഗ്രാമപ്രദേശത്തുനിന്നുള്ള ആളായിരുന്നു. വഴിയരികിൽ കരിക്കു വെട്ടിക്കൊടുത്തുകൊണ്ടിരുന്നപ്പോൾ ആകസ്മികമായുണ്ടായ വാഹനാപകടത്തിൽ അബോധാവസ്ഥയിലാവുകയും പല ആശുപത്രികൾ കടന്ന്, എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തുകയും ചെയ്തു. മസ്തിഷ്കമരണം സ്ഥിരീകരിക്കപ്പെട്ട സുകുമാരന്റെ ഭാര്യയോടും പറക്കമുറ്റാത്ത കുട്ടികളോടും അവയവദാനത്തെപ്പറ്റി പറയുക അതിരുകടന്ന കാര്യമാകുമോ എന്ന സന്ദേഹം ഇല്ലാതിരുന്നില്ല.

വിവാഹനാളുകളിൽത്തന്നെ സ്വന്തം കണ്ണുകളും വൃക്കകളും സാഹചര്യമുണ്ടായാൽ ദാനം ചെയ്യുമെന്ന ഇരുവരുടെയും തീരുമാനമായിരുന്നിരിക്കാം, ആ തീരാനഷ്ടത്തിനിടയിൽ സ്വന്തം ഭർത്താവിന്റെ ഹൃദയം ദാനം ചെയ്യാൻ പത്മിനിക്കു പ്രചോദനമായത്.

പിന്നീടു നടന്നതെല്ലാം യാന്ത്രികവും ഒരു പരിധിവരെ നാടകീയവുമായിരുന്നു. ഏബ്രഹാമിനെ രാത്രിയിൽത്തന്നെ ഒരു സുഹൃത്തിന്റെ ടാക്സിക്കാറിൽ ഹരിപ്പാട്ടുനിന്നു കൊണ്ടുവരാൻ ഏർപ്പാടു ചെയ്തു. ഏകദേശം 3 മണിക്കൂറെടുക്കുന്ന യാത്ര. ആ സമയത്ത് ഡോക്ടർമാർ കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള തയാറെടുപ്പുകൾ നടത്തിത്തുടങ്ങി. രണ്ട് ഓപ്പറേഷൻ തിയറ്ററുകൾ സജ്ജമാക്കുന്നതിന്റെ തിരക്കിലായിരുന്നു അനസ്തീസിയ വിഭാഗം മേധാവി ഡോ.വിനോദനും സഹകാരി ഡോ. ജേക്കബ് ഏബ്രഹാമും.

ഞാനും സഹപ്രവർത്തകനായിരുന്ന ഡോ.രാജശേഖരനും (ആലപ്പുഴ മെഡിക്കൽ കോളജിലെ ഹൃദയശസ്ത്രക്രിയാ മേധാവിയായി പിന്നീടു നിയമിക്കപ്പെട്ട ഡോ.രാജശേഖരൻ 3 വർഷം മുൻപു നമ്മെ വിട്ടുപിരിഞ്ഞു. അദ്ദേഹത്തിന് ആദരാഞ്ജലി) നഴ്സുമാരുമായും മറ്റു ടീം അംഗങ്ങളുമായും ശസ്ത്രക്രിയയുടെ അടിസ്ഥാന വസ്തുതകൾ നിരന്തരം ചർച്ച ചെയ്തുകൊണ്ടിരുന്നു. സാധാരണ ലോകമെമ്പാടും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നത് രണ്ടു ഗ്രൂപ്പുകളായി തിരിയുന്ന മെഡിക്കൽ സംഘമായിരിക്കും – ഒരു സംഘം ഹൃദയം ദാനം ചെയ്യുന്ന ശസ്ത്രക്രിയയും മറുസംഘം ഹൃദയം തുന്നിച്ചേർക്കുന്ന ശസ്ത്രക്രിയയും.

എന്നാലിവിടെ ആകെ രണ്ടുപേർ മാത്രമുള്ള ഒരു ടീമിനു രണ്ടു ശസ്ത്രക്രിയകളും ഒന്നിനു പിറകെ ഒന്നായി, അല്ലെങ്കിൽ രണ്ടു പ്രക്രിയകളും ഒരേസമയത്തു മാറിമാറി ചെയ്യേണ്ടി വരുന്ന അപൂർവ സാഹചര്യം എങ്ങനെ സുതാര്യമാക്കണമെന്നായിരുന്നു ചർച്ചകൾ. രാത്രി ഏകദേശം 8 മണിയോടെ ഏബ്രഹാം മെഡിക്കൽ ട്രസ്റ്റിൽ എത്തി. താമസിച്ചതിനു കാരണമായി ഏബ്രഹാം പറഞ്ഞത്, വരുന്നവഴി തനിക്ക്‌ ഏറ്റവും ഇഷ്ടമുള്ള പൊറോട്ടയും ബീഫും കഴിക്കാനായി ഇടയ്ക്ക് സമയമെടുത്തു എന്നതാണ്. ഒരുപക്ഷേ, ശസ്ത്രക്രിയയുടെ വിജയപരാജയങ്ങളെക്കുറിച്ചുള്ള ആശങ്ക കൊണ്ടായിരിക്കാം, തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായതെന്നു ഞാൻ വിശ്വസിക്കുന്നു.

ചരിത്രദിനം 

2003 മേയ് 13. സമയം രാത്രി 10 മണി. അന്തരീക്ഷം ശാന്തം. ഒരു ഓപ്പറേഷൻ തിയറ്ററിൽ ഏബ്രഹാമിന്റെ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അടുത്ത ഓപ്പറേഷൻ തിയറ്ററിൽ ദാതാവായ സുകുമാരനെ എത്തിച്ചു കഴിഞ്ഞു.

ഉദ്വേഗനിർഭരമായ നിമിഷങ്ങൾ. കണ്ണംകുന്നം പള്ളിയിൽനിന്ന് സ്പിരിച്വൽ ഫാദർ ആൻസലും എത്തി. ഞങ്ങൾ ഡോക്ടർമാർ, നഴ്സുമാർ, മറ്റു സഹപ്രവർത്തകർ, ആശുപത്രിയിലെ ഡയറക്ടർമാർ... ആൻസലച്ചന്റെ പ്രാർഥന... ദൈവത്തിന്റെ അനുകൂലമായ ഇടപെടലിനായി പ്രാർഥിക്കുന്നതിനിടെ ഉണ്ടായ അപ്രതീക്ഷിതമായ ഇടിമുഴക്കവും മിന്നലും എല്ലാവരെയും വിസ്മയിപ്പിച്ചു. ഒരു വിജയത്തിന്റെ ലക്ഷണമായി ഞങ്ങളതു സ്വീകരിച്ചു. ആൻസലച്ചൻ പ്ലാസ്റ്റിക് കടലാസിൽ പൊതിഞ്ഞ വെള്ളിക്കുരിശ് വെഞ്ചരിച്ച് എന്റെ കയ്യിൽ തന്നിട്ടു പറഞ്ഞു – ‘ഡോക്ടർ ഈ കുരിശ് പോക്കറ്റിൽ സൂക്ഷിക്കുക. ശസ്ത്രക്രിയ കഴിഞ്ഞേ പോക്കറ്റിൽനിന്ന് എടുക്കാവൂ’.

അദ്ദേഹം നിർദേശിച്ചതു പോലെ ആ കുരിശ് എന്റെ ശസ്ത്രക്രിയാ വസ്ത്രത്തിന്റെ വലത്തേ പോക്കറ്റിൽ ശസ്ത്രക്രിയയുടെ അവസാനം വരെ എനിക്കു ധൈര്യം പകർന്നുകൊണ്ട് എന്നോടൊപ്പം, എന്റെ ഹൃദയത്തോടൊപ്പം നിലകൊണ്ടു.

ഏബ്രഹാമിന്റെ ശസ്ത്രക്രിയയ്ക്കിടെ ഹൃദയം നിശ്ചലമാകാനുള്ള സാധ്യത എന്നെ ഭയപ്പെടുത്തിയിരുന്നു. അത്രമാത്രം പ്രവർത്തന പരാജയം ആ ഹൃദയത്തെ ബാധിച്ചിരുന്നു. പ്രതീക്ഷിക്കുന്നതിന്റെ നാലിരട്ടി വലുതായ ഒരു ഹൃദയം. പ്രതീക്ഷിക്കുന്നതിന്റെ വെറും 10% മാത്രം രക്തം പമ്പു ചെയ്യുന്ന ആ ഹൃദയം, ഹൃദയ ശ്വാസകോശ നിയന്ത്രണകാരിയിൽ ഘടിപ്പിക്കുന്നതു വരെ സ്പന്ദിക്കുമോ എന്നു സംശയിച്ച ഉദ്വേഗം.

സുകുമാരന്റെ ഹൃദയം നിശ്ചലമാക്കി തണുത്ത ലായനിയിലും ഐസിലും പൊതിഞ്ഞു പിറകിലത്തെ പാത്രത്തിൽ കൊണ്ടുവന്ന ശേഷമാണ് ഏബ്രഹാമിന്റെ പ്രവത്തനരഹിതമായ ഹൃദയം എടുത്തുമാറ്റിയത്. എന്റെ കൈകളെ ശരിയായ ദിശയിൽ ചലിപ്പിക്കണമേ എന്ന പ്രാർഥന, പോക്കറ്റിൽ സൂക്ഷിച്ചിരുന്ന വെള്ളിക്കുരിശിനെ ഞാൻ ഇടയ്ക്കിടെ ഓർമിപ്പിച്ചിരുന്നു.

ഹൃദയത്തിന്റെ ഓരോ അറയും ഒന്നിനു പിറകെ ഒന്നായി തുന്നിച്ചേർക്കുമ്പോൾ, ഓരോ രക്തധമനിയും തുന്നിച്ചേർക്കുമ്പോൾ, 42 വർഷം സുകുമാരന്റെ ജീവിതം കാത്തുസൂക്ഷിച്ച ആ ഹൃദയം ഏബ്രഹാമിന്റെ ശരീരത്തിൽ സ്പന്ദിക്കണമേ എന്ന ഒരേയൊരു ആഗ്രഹം. ഒരു മണിക്കൂർ 47 മിനിറ്റു കൊണ്ട്   പുതിയ ഹൃദയം ഏബ്രഹാമിന്റെ നെഞ്ചിൽ സ്പന്ദിച്ചു തുടങ്ങുമ്പോൾ അനിയന്ത്രിതമായ ആഹ്ലാദത്തിന്റെയും സംതൃപ്തിയുടെയും പ്രതിഫലനമായിട്ടായിരിക്കാം, എന്റെ മനസ്സ് മരവിച്ചു നിസ്സംഗതയിലെത്തിയിരുന്നു.

ഏബ്രഹാമിനെ യന്ത്രങ്ങളിൽനിന്നു വിഘടിപ്പിച്ച് ഐസിയുവിൽ കൊണ്ടുവരുമ്പോൾ പാതിരാത്രി കഴിഞ്ഞിരുന്നു. ഞാൻ കട്ടിലിൽ നിസ്സംഗനായി ഇരിക്കുമ്പോൾ ഒരു തണുത്ത കരം എന്റെ തോളിൽ തട്ടി. കൈപിടിച്ച് അഭിനന്ദിച്ച എന്റെ സഹപ്രവർത്തകൻ ഡോ.രാജശേഖരൻ ചെവിയിൽ ചോദിച്ചു, ‘സർ ഈ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആദ്യമായിട്ടാണു ചെയ്യുന്നതെന്നു ഞങ്ങളോടു പറഞ്ഞത് വെറും നുണയായിരുന്നു അല്ലേ’ എന്ന്.

ഒരിക്കലും ഞാൻ ചെയ്തിട്ടില്ലാത്ത ഒരു ശസ്ത്രക്രിയ, ഒരു സംസ്ഥാനത്ത് ആദ്യമായി ചെയ്യുന്ന ശസ്ത്രക്രിയ, പരാജയപ്പെട്ടാൽ എന്റെ പ്രഫഷനൽ ജീവിതത്തിലെ ഏറ്റവും വലിയ നിരാശാജനകമായ വഴിത്തിരിവാകുന്ന ശസ്ത്രക്രിയ, ഒരു പോറൽപോലുമില്ലാതെ നിർവഹിക്കാൻ ഞങ്ങളെ സഹായിച്ച, എന്നെ നയിച്ച സർവശക്തനായ ആ അദൃശ്യശക്തിക്കു മുന്നിൽ ഞാൻ നിർന്നിമേഷനായി നിന്നു, ശിരസ്സു നമിച്ച്.

ഈ ചരിത്രസംഭവത്തിലെ നായകൻ ഞാനോ ഏബ്രഹാമോ എന്നോടൊപ്പം പ്രവർത്തിച്ച ഡോക്ടർമാരോ നഴ്സുമാരോ ആയിരുന്നില്ല. അതിലെ നായകത്വം ഏറ്റവും കൂടുതൽ അർഹിക്കുന്നത്  തന്റെ സ്നേഹനിധിയായ ഭർത്താവിന്റെ അപ്രതീക്ഷിതമായ, അകാലത്തിലുണ്ടായ വിരഹദുഃഖം താങ്ങാനാവാത്ത നിമിഷങ്ങളിലും അദ്ദേഹത്തിന്റെ ഹൃദയം പകുത്തുനൽകിയ പത്മിനിയും അവരുടെ പറക്കമുറ്റാത്ത കുട്ടികളുമാണ്. നാം നമിക്കണം അവരുടെ ആ നന്മയെ. കേരള വൈദ്യശാസ്ത്രരംഗത്തു ചരിത്രം സൃഷ്ടിക്കുമ്പോൾ, ആ ചരിത്രത്തിലെ നായകത്വം ഏറ്റവും കൂടുതൽ അർഹിക്കുന്നത് പത്മിനിയും അവരുടെ കുടുംബാംഗങ്ങളുമാണെന്ന് ഞാൻ അന്നും ഇന്നും വിശ്വസിക്കുന്നു.