കഴിഞ്ഞ വ്യാഴം രാത്രി...ഉറക്കത്തിലേക്കു വഴുതിവീഴേണ്ട സമയത്തും ലോകത്തു പലരും ഉണർന്നിരുന്നത് വ്യത്യസ്തമായ ആ അനുഭവത്തിനായാണ്. പെഴ്‌സിവീയറൻസ് ചൊവ്വയുടെ അന്തരീക്ഷത്തിലേക്കു കടന്ന് ഉപരിതലം | Sunday | Malayalam News | Manorama Online

കഴിഞ്ഞ വ്യാഴം രാത്രി...ഉറക്കത്തിലേക്കു വഴുതിവീഴേണ്ട സമയത്തും ലോകത്തു പലരും ഉണർന്നിരുന്നത് വ്യത്യസ്തമായ ആ അനുഭവത്തിനായാണ്. പെഴ്‌സിവീയറൻസ് ചൊവ്വയുടെ അന്തരീക്ഷത്തിലേക്കു കടന്ന് ഉപരിതലം | Sunday | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ വ്യാഴം രാത്രി...ഉറക്കത്തിലേക്കു വഴുതിവീഴേണ്ട സമയത്തും ലോകത്തു പലരും ഉണർന്നിരുന്നത് വ്യത്യസ്തമായ ആ അനുഭവത്തിനായാണ്. പെഴ്‌സിവീയറൻസ് ചൊവ്വയുടെ അന്തരീക്ഷത്തിലേക്കു കടന്ന് ഉപരിതലം | Sunday | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ദിവസം നാസ ചൊവ്വയിലെത്തിച്ച പെഴ്‌സിവീയറൻസ് ദൗത്യത്തിനു പിന്നിൽ നിർണായക പങ്കു വഹിച്ച ഇന്ത്യൻ വംശജ.

കഴിഞ്ഞ വ്യാഴം രാത്രി...ഉറക്കത്തിലേക്കു വഴുതിവീഴേണ്ട സമയത്തും ലോകത്തു പലരും ഉണർന്നിരുന്നത് വ്യത്യസ്തമായ ആ. അനുഭവത്തിനായാണ്. പെഴ്‌സിവീയറൻസ് ചൊവ്വയുടെ അന്തരീക്ഷത്തിലേക്കു കടന്ന് ഉപരിതലം തൊടാനായി യാത്ര തുടങ്ങുന്നു.

ADVERTISEMENT

‘ നെഞ്ചിടിപ്പിന്റെ 7 മിനിറ്റെന്നു’ പേരുകേട്ട ആ ദുഷ്‌കരഘട്ടം ലൈവായി നാസ യുട്യൂബിൽ കാണിക്കുന്നുണ്ടായിരുന്നു. ഇതേ കാഴ്ച നാസയുടെ കലിഫോർണിയയിലെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ കാണുന്നുണ്ടായിരുന്നു ഡോ. സ്വാതി മോഹൻ. ആ തീവ്രനിമിഷങ്ങളിൽ പെഴ്‌സിവീയറൻസ് ഊളിയിട്ടുകൊണ്ട് ചൊവ്വയുടെ നേർത്ത അന്തരീക്ഷം താണ്ടി.

മണിക്കൂറിൽ ഇരുപതിനായിരം കിലോമീറ്റർ വരെയെത്തിയ അതിവേഗം ‌കുറയ്ക്കാനായി പാരഷൂട്ടുകൾ വിടർന്നു. ഒടുവിൽ അത്യാധുനിക സാങ്കേതികവിദ്യയുടെ കരുത്തിൽ ഇറങ്ങേണ്ട സ്ഥലം പരിശോധിച്ച ശേഷം റോവർ കവചത്തിൽനിന്നു താഴേക്ക്. എൺപതു സെക്കൻഡുകൾ...സുരക്ഷിതമായി റോവർ ചൊവ്വയിൽ പ്രാചീനകാലത്തു വെള്ളമുണ്ടായിരുന്ന, ജീവനുണ്ടായിരുന്നെന്നു സംശയിക്കുന്ന ജെസീറോ ക്രേറ്റർ മേഖലയിൽ തൊട്ടു. ദൗത്യം വിജയം...

ആഹ്ലാദത്തെക്കാൾ ചാരിതാർഥ്യമാണ് ഡോ.സ്വാതിക്കു തോന്നിയത്. താൻ നേതൃത്വം കൊടുത്തു വികസിപ്പിച്ചെടുത്ത ഒരു സാങ്കേതികവിദ്യയാണ് പെഴ്‌സിവീയറൻസിനൊപ്പം വിജയിച്ചിരിക്കുന്നത്. ഭാവിയിൽ ബഹിരാകാശമേഖലയിൽ അതു വിപ്ലവങ്ങൾ സൃഷ്ടിക്കും.

പെഴ്‌സിവീയറൻസ് റോവറിനെ ചൊവ്വയിൽ കൃത്യമായി ഇറക്കാനുള്ള ‘ആറ്റിറ്റ്യൂഡ് കൺട്രോൾ സിസ്റ്റംടെറെയ്ൻ റിലേറ്റീവ് നാവിഗേഷൻ’ എന്ന സാങ്കേതികവിദ്യയാണ് സ്വാതിയുടെ നേതൃത്വത്തിലുള്ള സംഘം വികസിപ്പിച്ചത്. ചൊവ്വയിൽ ഇറങ്ങുന്നതിനു മുൻപായി നിരീക്ഷണം നടത്തി, അനുയോജ്യ സാഹചര്യം കണ്ടെത്തി  എവിടെയിറങ്ങണമെന്നു തീരുമാനിക്കാൻ ഇത് പെഴ്‌സിവീയറൻസിനെ അനുവദിച്ചു. ഉപരിതലത്തിൽ ചാഞ്ഞോ ചരിഞ്ഞോ പ്രശ്‌നങ്ങൾ ഉണ്ടാക്കാതെ കൃത്യമായ ദിശയിൽ ദൗത്യം ഇറങ്ങിയതും സൗരോർജ പാനലുകൾ ഏറ്റവും സൂര്യപ്രകാശം കിട്ടുന്ന ദിശയിൽ കൃത്യമായി വിരിഞ്ഞതും ഈ സാങ്കേതികവിദ്യയുടെ മേന്മയാണ്. ഒരർഥത്തിൽ 279 കോടി യുഎസ് ഡോളർ മുതൽമുടക്കിൽ വികസിപ്പിച്ച ദൗത്യത്തിന്റെ കണ്ണുകളും കാതുകളുമാണ് ഈ സാങ്കേതികവിദ്യ.

ഡോ. സ്വാതി നാസയിൽ
ADVERTISEMENT

നേരത്തേയുള്ള ദൗത്യങ്ങളെല്ലാം റഡാറിന്റെ സഹായത്തോടെ ഉയരം കണക്കാക്കി,റിസ്‌കുകളെടുത്ത് താഴേക്കിറങ്ങുകയായിരുന്നു. പലപ്പോഴും ഉപരിതലത്തിലെ പാറകളും കല്ലുകളും കുഴികളും പോലുള്ള നിസ്സാര കാര്യങ്ങളാകും ധാരാളം പണവും സമയവും മുടക്കിയിറക്കിയ വമ്പൻ ദൗത്യങ്ങളെ തുടക്കത്തിൽ തന്നെ നശിപ്പിക്കുക. ഇതിനൊരു പരിഹാരമാണ് സ്വാതിയുടെ പുതിയ വിദ്യ.

നാസയിലെ പൊട്ടുകാരി

പെഴ്‌സിവീയറൻസ് പദ്ധതിയുടെ ഗൈഡൻസ്, നാവിഗേഷൻ, കൺട്രോൾ ഓപ്പറേഷൻസ് വിഭാഗം മേധാവിയാണ് സ്വാതി. 38 വയസ്സിൽ ഇത്ര ഉന്നതമായ ഒരു സ്ഥാനത്തേക്കെത്തിയത് സ്വാതിയുടെ പെഴ്‌സിവീയറൻസ് അല്ലെങ്കിൽ സ്ഥിരോത്സാഹമൊന്നുകൊണ്ടു മാത്രമാണ്. വെറും  ഒരു വയസ്സു മാത്രം പ്രായമുള്ളപ്പോഴാണ് ബെംഗളൂരുവിൽ നിന്ന് എൻജിനീയർമാരായ അച്ഛനും അമ്മയ്ക്കുമൊപ്പം സ്വാതി യുഎസിലെത്തിയത്. കർണാടകയിലെ തുമക്കുരുവിൽ വേരുകളുള്ളവരാണ് ഇവർ.

തുടർന്ന് ജീവിതത്തിന്റെ നല്ലൊരു പങ്കും ചെലവഴിച്ചത് യുഎസിലെ വെർജീനിയയിലും വാഷിങ്ടൻ ഡിസി മെട്രോ ഏരിയയിലും. എങ്കിലും സ്വാതിയെ കണ്ടാൽ ബെംഗളൂരുവിലെ ഒരു വീട്ടമ്മയാണെന്നു തോന്നും. നെറ്റിയിൽ പൊട്ടുവച്ച, ഇന്ത്യൻ വേഷങ്ങളണിഞ്ഞ സാധാരണ യുവതി. എന്നാൽ വേഷധാരണത്തിലെ ഈ മിതത്വമല്ല, വിദ്യാഭ്യാസത്തിലും കരിയറിലും. കോണൽ സർവകലാശാലയിൽ നിന്ന് എൻജിനീയറിങ്ങിൽ ബിരുദം നേടിയ സ്വാതി പിന്നീട് പിഎച്ച്ഡി പൂർത്തീകരിച്ചത് രാജ്യാന്തര സാങ്കേതിക സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള മാസച്യുസിറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നാണ്.

ADVERTISEMENT

സ്റ്റാർട്രെക്ക് കിഡ്

കുട്ടിക്കാലത്ത് ടിവിയിൽ കണ്ട സ്റ്റാർട്രെക്ക് പരമ്പരകളാണ് മനസ്സിൽ ബഹിരാകാശത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾക്ക് വിത്തിട്ടതെന്ന് സ്വാതി 'മനോരമയോട്' പറഞ്ഞു. സ്റ്റാർട്രക്കിന്റെ എപ്പിസോഡുകളിൽ കണ്ട താരാഗണങ്ങളുടെയും ലോകങ്ങളുടെയും മനോഹരമായ ദൃശ്യങ്ങൾ. എനിക്കവിടെ എന്നെങ്കിലും പോകണം എന്നു പല കുട്ടികളും അക്കാലത്ത് ആഗ്രഹിച്ചതുപോലെ തന്നെ സ്വാതിയും ആഗ്രഹിച്ചു. എന്നാൽ, ആഗ്രഹങ്ങൾ നേടിയെടുക്കാനുള്ള ഇച്ഛാശക്തിയും അവർക്കുണ്ടായിരുന്നു.

ഇതിനിടെ സ്വാതി വളർന്നു, ആഗ്രഹങ്ങളും. പ്രപഞ്ച, ബഹിരാകാശ സംബന്ധിയായ പുസ്തകങ്ങൾ വായിക്കുന്നതായിരുന്നു അക്കാലത്തെ പ്രധാന ഹോബി. സിനിമ കാണുന്നതിൽ പോലും ബഹിരാകാശം കടന്നുവന്നു.സ്‌പേസ് ഫിക്‌ഷൻ സിനിമകളും സീരീസുകളാണുമാണ് കൂടുതലും കണ്ടത്. എന്തുകൊണ്ട് ബഹിരാകാശമേഖലയിൽ തന്നെ പഠനവും ജോലിയുമായിക്കൂടാ എന്ന ചിന്ത സ്‌കൂൾ കാലഘട്ടത്തിൽ ഫിസിക്‌സ് പഠിക്കുന്നതിനിടെ വന്നു കയറിയതാണ്.

എയ്‌റോസ്‌പേസ് മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ അന്നേ ശ്രമിച്ചു. സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ ഗോഡാർഡ്, കെന്നഡി തുടങ്ങിയ നാസയുടെ ഫ്ലൈറ്റ് സെന്ററുകൾ, ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി തുടങ്ങിയ ഇടങ്ങളിൽ ഇന്റേൺഷിപ്പുകൾ പൂർത്തീകരിച്ചു. വിദ്യാഭ്യാസത്തിനു വലിയ പ്രാധാന്യം സ്വാതിയുടെ രക്ഷിതാക്കൾ നൽകിയിരുന്നു. കോളജ് വിദ്യാഭ്യാസം താരതമ്യേന ചെലവേറിയ യുഎസിൽ പഠനാവശ്യങ്ങൾക്കായി വിദ്യാർഥികൾ സ്വയം തൊഴിൽ ചെയ്തു പണം കണ്ടെത്താറുണ്ട്. എന്നാൽ, ഇതിന്റെയൊന്നും ആവശ്യമില്ലെന്നും കോളജ് പ്രവേശനം നേടിയാൽ ബാക്കി കാര്യങ്ങൾ തങ്ങൾ നോക്കിക്കൊള്ളാമെന്നുമുള്ള ഉറപ്പ് മാതാപിതാക്കൾ അവൾക്കു നൽകി. അതിനാൽത്തന്നെ പ്രത്യേകിച്ചു ശമ്പളമൊന്നും കിട്ടാത്ത ഇന്റേൺഷിപ്പുകൾക്ക് അപേക്ഷിക്കാനും സാറ്റലൈറ്റ് ഡിസൈൻ, കോഡിങ് തുടങ്ങിയ മേഖലകളിൽ പാഠ്യേതര പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമൊക്കെ സ്വാതിക്കു പറ്റി.

കസീനിയിൽ തുടക്കം

ബിരുദം നേടിയതിനു തൊട്ടുപിന്നാലെ തന്നെ നാസയുടെ ഐതിഹാസിക ദൗത്യമായ കസീനിയിൽ പ്രവർത്തിക്കാനുള്ള ക്ഷണം സ്വാതിയെ തേടിയെത്തി. ജൂനിയർ എൻജിനീയറായിട്ടായിരുന്നു നിയമനം. ലോകം ഉറ്റുനോക്കിയ ദൗത്യമായിരുന്നു കസീനി. ഇതിനോടൊപ്പമുണ്ടായിരുന്ന ഹൈജൻസ് പ്രോബ് ശനിയുടെ ഉപഗ്രഹമായ ടൈറ്റന്റെ ഉപരിതലത്തിലേക്കിറങ്ങുന്നതായിരുന്നു സവിശേഷത. സൗരയൂഥത്തിന്റെ പുറം മേഖലകളിൽ ഇത്തരമൊരു ദൗത്യം ആദ്യം. ഹൈജൻസിനെ ടൈറ്റന്റെ ഭ്രമണപഥത്തിലേക്കു കടത്തിവിടുന്ന പ്രക്രിയയിലായിരുന്നു സ്വാതി പ്രവർത്തിച്ചത്.

കസീനിക്കു ശേഷം എംഐടിയിൽ ബിരുദാനന്തര,പിഎച്ച്ഡി പഠനത്തിനായി ചേർന്ന സ്വാതിക്ക് ഗവേഷണ കാലഘട്ടത്തിൽ അസുലഭമായ ഒരു അവസരം ലഭിച്ചു. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നടക്കുന്ന 'സ്ഫിയേഴ്‌സ്' എന്ന പരീക്ഷണത്തിൽ ഭൂമിയിലിരുന്നു പങ്കുചേരാനുള്ള ക്ഷണം. ബഹിരാകാശ സംവിധാനങ്ങൾക്കു വേണ്ടി അൽഗരിതങ്ങൾ രൂപകൽപന ചെയ്യുന്നതും അവയുടെ പരീക്ഷണവുമെല്ലാം പഠിച്ചത് ആ കാലയളവിലാണ്. കസീനിക്കു ശേഷം ഗ്രെയിൽ, ഓകോ 3 തുടങ്ങിയ നാസ ദൗത്യങ്ങളിലും സ്വാതി സഹകരിച്ചു.

മാഴ്‌സ്  2020

2013ലാണ് പെഴ്‌സിവീയറൻസ് ദൗത്യത്തിൽ സ്വാതി ഭാഗമായത്.പിഎച്ച്ഡിക്കു ശേഷം 3 വർഷം പിന്നിട്ടതേയുണ്ടായിരുന്നുള്ളൂ അപ്പോൾ. സ്വാതിയുടെ മികവും അധ്വാനശീലവും ബോധ്യപ്പെട്ട മേലുദ്യോഗസ്ഥർ നാസയുടെ ഇക്കാലത്തെ ഏറ്റവും തലയെടുപ്പുള്ള ദൗത്യത്തിലേക്കു സ്വാതിക്കു വാതിൽ തുറക്കുകയായിരുന്നു. ചൊവ്വയിൽ ജീവന്റെ തെളിവുകൾ എല്ലാ അർഥത്തിലും അന്വേഷിക്കുന്ന ദൗത്യത്തിൽ പ്രവർത്തിക്കാനുള്ള അവസരം.

വലിയൊരു യത്നമായിരുന്നു പെഴ്‌സിവീയറൻസ്. ആദ്യ കാലഘട്ടത്തിൽ സാധാരണ പോലെ 8-9 മണിക്കൂർ ജോലി മാത്രം. എന്നാൽ, ദൗത്യത്തിന്റെ ഹാർഡ്‌വെയർ ടെസ്റ്റിങ് തുടങ്ങിയതോടെ പന്ത്രണ്ടു മണിക്കൂറിലേറെ ജോലി ചെയ്യേണ്ട ദിനങ്ങൾ വന്നു. ബുദ്ധിയും നിരീക്ഷണവും അറിവും ഒരുപോലെ വേണ്ട മേഖലയാണിത്. ബഹിരാകാശ മേഖലയിൽ പിഴവുകൾക്കു സ്ഥാനമില്ല.

വിക്ഷേപണത്തിനു മുൻപ് മൂന്നു ഘട്ടമായാണു ടെസ്റ്റിങ് നടത്തിയത്. ചൊവ്വയിലുണ്ടാകാവുന്ന വിവിധ ദുഷ്‌കര സാഹചര്യങ്ങൾ ടെസ്റ്റിങ്ങിനിടെ ഭൂമിയിൽ അനുകരിച്ചു. എല്ലാം വിജയമായതോടെ സാങ്കേതികവിദ്യ പെഴ്‌സിവീയറൻസിൽ ഉൾപ്പെടുത്താൻ നാസ പച്ചക്കൊടി കാട്ടി.

പെഴ്‌സിവീയറൻസ് കഴിഞ്ഞ ദിവസം ഇറങ്ങിയ ചൊവ്വയിലെ ജെസീറോ ക്രേറ്റർ 350 കോടി വർഷം മുൻപ് ജലസാന്നിധ്യമുള്ള മേഖലയായിരുന്നു. ചൊവ്വയിൽ പണ്ടുകാലത്തു ജീവനുണ്ടായിരുന്നെങ്കിൽ അതിന്റെ ശേഷിപ്പുകൾ ഇവിടെയുണ്ടാകാൻ സാധ്യതയുണ്ട്. ഇതന്വേഷിക്കുകയാണ് പെഴ്‌സിവീയറൻസിന്റെ പ്രധാന ലക്ഷ്യമെന്നു സ്വാതി പറയുന്നു. ചൊവ്വയുടെ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡിൽ നിന്ന്  ഓക്‌സിജൻ ഉൽപാദിപ്പിക്കാനുള്ള ശ്രമവും ദൗത്യം നടത്തുന്നുണ്ട്. ഇതു സാധിച്ചാൽ ഭാവി ചൊവ്വാ പദ്ധതികളിൽ വലിയ കുതിച്ചുചാട്ടമാകും നടക്കുക.

സ്വാതിയുടെ ഭർത്താവ് യുഎസിലെ തിരക്കുള്ള ഡോക്ടറാണ്.രണ്ടു പെൺമക്കളുമുണ്ട്. നാസയിലെ ഉത്തരവാദിത്തമേറിയ ജോലിയും വീട്ടിലെ കാര്യങ്ങളും ഒരുമിച്ചു കൊണ്ടുപോകാൻ  മാതാപിതാക്കളും ഭർത്താവും ഭർത്താവിന്റെ രക്ഷിതാക്കളും മികച്ച പിന്തുണയാണ് നൽകുന്നതെന്നു സ്വാതി പറയുന്നു.

ബഹിരാകാശ മേഖലയിലെ ജോലി പലപ്പോഴും പ്രഫഷനലിസത്തിനപ്പുറം ദാർശനികമായ തലത്തിലേക്ക് ആളുകളെ കൊണ്ടെത്തിക്കും. ഇഷ്ടപ്പെട്ട കോളജിൽ പ്രവേശനം കിട്ടാതിരിക്കുന്നത്, കിട്ടേണ്ടിയിരുന്ന ഒരു പുരസ്‌കാരം ലഭിക്കാതെ പോയത്.. ഇതൊക്കെ വിഷമിപ്പിച്ച സമയങ്ങളുണ്ടായിരുന്നെന്നു സ്വാതി പറയുന്നു. എന്നാൽ, ഇന്നു വ്യക്തിഗതമായ നേട്ടങ്ങൾക്കപ്പുറം ഓരോ പ്രോജക്ടിൽ നിന്നും ലഭിക്കുന്ന അനുഭവങ്ങളാണ് സ്വാതിയെ മുന്നോട്ടു നയിക്കുന്നത്. ചൊവ്വ ഒരു തുടക്കം മാത്രം; ബഹിരാകാശത്തിന്റെ കാണാപ്പുറങ്ങളിലേക്കുള്ള ദൗത്യങ്ങളിൽ ഇനിയും പങ്കാളിയാകണമെന്നാണു സ്വാതിയുടെ ആഗ്രഹം. യൂറോപ്പ, എൻസെലാദസ്... സൗരയൂഥത്തിൽ തന്നെ ലക്ഷ്യങ്ങൾ ഇനിയും ഒരുപാടുണ്ട് മുന്നിൽ. കർണാടകയിലെ ബന്ധുക്കളെ കാണാനായി ഇടയ്ക്കിടെ സ്വാതി ബെംഗളൂരുവിലെത്താറുണ്ട്.ഇടയ്ക്ക് ഒരുതവണ തിരുവനന്തപുരത്തും വന്നു, 2004ൽ.