ആത്മവിശ്വാസവും മനോധൈര്യവും മാത്രമല്ല, ‘ആനത്തലയോളം പോന്ന’ ആനക്കമ്പവും കൂടി ചേരുമ്പോഴാണ് ആനക്കാരൻ ജനിക്കുന്നത്. അയാൾ ആനയ്ക്കായി പകുത്തുകൊടുക്കുന്നതു തന്റെ ജീവിതമാണ്. കാരക്കോൽ കയ്യിലെടുത്ത് കൊമ്പുപിടിച്ച് അയാൾ...Elephant manorama news, Elephants in kerala, Elephant Kerala temples, Elephant caring

ആത്മവിശ്വാസവും മനോധൈര്യവും മാത്രമല്ല, ‘ആനത്തലയോളം പോന്ന’ ആനക്കമ്പവും കൂടി ചേരുമ്പോഴാണ് ആനക്കാരൻ ജനിക്കുന്നത്. അയാൾ ആനയ്ക്കായി പകുത്തുകൊടുക്കുന്നതു തന്റെ ജീവിതമാണ്. കാരക്കോൽ കയ്യിലെടുത്ത് കൊമ്പുപിടിച്ച് അയാൾ...Elephant manorama news, Elephants in kerala, Elephant Kerala temples, Elephant caring

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആത്മവിശ്വാസവും മനോധൈര്യവും മാത്രമല്ല, ‘ആനത്തലയോളം പോന്ന’ ആനക്കമ്പവും കൂടി ചേരുമ്പോഴാണ് ആനക്കാരൻ ജനിക്കുന്നത്. അയാൾ ആനയ്ക്കായി പകുത്തുകൊടുക്കുന്നതു തന്റെ ജീവിതമാണ്. കാരക്കോൽ കയ്യിലെടുത്ത് കൊമ്പുപിടിച്ച് അയാൾ...Elephant manorama news, Elephants in kerala, Elephant Kerala temples, Elephant caring

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആത്മവിശ്വാസവും മനോധൈര്യവും മാത്രമല്ല, ‘ആനത്തലയോളം പോന്ന’ ആനക്കമ്പവും കൂടി ചേരുമ്പോഴാണ് ആനക്കാരൻ ജനിക്കുന്നത്. അയാൾ  ആനയ്ക്കായി പകുത്തുകൊടുക്കുന്നതു തന്റെ ജീവിതമാണ്. കാരക്കോൽ കയ്യിലെടുത്ത് കൊമ്പുപിടിച്ച് അയാൾ വഴി നടത്തുന്നതു തന്റെ ആനക്കമ്പത്തെയാണ്!

ഏതു തപസ്സിനെക്കാളും ശക്തിയേറിയ ഉപാസനയാണ്  ആനക്കാരന്റെ തുണ; ചങ്ങലയിടാത്ത സ്നേഹം! ഉപാധികളില്ലാതെ ആനയെ സ്നേഹിക്കുന്ന ആനക്കാരനെ ആന തിരിച്ചും സ്നേഹിക്കും. വന്മരങ്ങൾ പിഴുതെറിയാനുള്ള കൊടുങ്കാറ്റ് മസ്തകത്തിനുള്ളിൽ ചിന്നം വിളിക്കുന്ന ആനയുടെ കൊമ്പുപിടിച്ച് “അടങ്ങെടാ മോനേ...” എന്നു വിളിച്ചുപറയാൻ ആനക്കാരനു ധൈര്യം പകരുന്നതു താൻ പ്രാണൻ പകുത്ത് ആനയ്ക്കു നൽകിയ സ്നേഹവും കരുതലുമാണ്.

ADVERTISEMENT

കരുത്തുറ്റ കൈകളിൽ തോട്ടിയും വടിയും പിടിച്ച്, മുഷിഞ്ഞ വസ്ത്രവും പരുക്കൻഭാവവുമായി ആനയ്ക്കൊപ്പം നടക്കുന്ന മനുഷ്യനാണ് ആനക്കാരൻ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്കോടിയെത്തുക.

ഇന്നു കഥ മാറി. തലയെടുപ്പുള്ള കൊമ്പൻമാരുടെ പാപ്പാൻമാർക്കു സമൂഹമാധ്യമങ്ങളിൽ സൂപ്പർസ്റ്റാർ പരിവേഷമാണ്. ഉത്സവപ്പറമ്പിൽ അവർക്കൊപ്പം സെൽഫിയെടുക്കാനും രണ്ടു വാക്ക് സംസാരിക്കാനുമൊക്കെ ആനപ്രേമികൾ തിരക്കുകൂട്ടുന്നു. ഈ മാറ്റം ആനപ്പണിയിലും വന്നുചേർന്നിട്ടുണ്ട്. കൊമ്പുപിടിച്ചു നടന്ന രണ്ടു തലമുറയിൽപ്പെട്ട ആനക്കാരുടെ കഥയാണിത്. അല്ല... ഏറിയും കുറഞ്ഞും എല്ലാ ആനക്കാരുടെയും കഥ തന്നെയാണിത്.

ചങ്ങല പൊട്ടിച്ച ആനക്കമ്പം

ഒരാനയും പലയാനയും കയറി കൊലയാനപ്പുറത്തു കയറുന്നതു ശീലമാക്കിയ ആളാണ് ആറന്മുള മോഹൻദാസ്. വീട്ടുകാരുടെ കാരക്കോലിനും തോട്ടിക്കും അടങ്ങാത്ത ആനക്കമ്പം മൂത്ത് വീടുവിട്ട് ഒരാനയ്ക്കൊപ്പം കൂടിയ ബാല്യം. പലയാനകൾക്കൊപ്പം നടന്ന യൗവനം. മധ്യവയസ്സിൽ കൊലയാനകളെ മെരുക്കുന്നതിലെത്തി നിൽക്കുന്നു ആ വഴിയടി. അതിനെക്കുറിച്ചു മോഹൻദാസ്: 

ADVERTISEMENT

ചങ്ങനാശ്ശേരിക്കടുത്ത ഇത്തിത്താനത്ത് 1959ൽ ആണു ഞാൻ ജനിച്ചത്. അച്ഛൻ ശങ്കർദാസ് മൃദംഗവിദ്വാനായിരുന്നു. അമ്മ ജാനകിയമ്മ. ആനയ്ക്കൊപ്പം കൂടിയ കാര്യം ഓർക്കുമ്പോൾ ഓർമയിലെത്തുക പുളിവാറുകൊണ്ടുള്ള അച്ഛന്റെ അടിയാണ്.

വീടിനടുത്തുള്ള എളങ്കാവ് അമ്പലത്തിൽ ഉത്സവംകഴിഞ്ഞ് ആനയും ആനക്കാരനും മടങ്ങുമ്പോൾ വലിയ സങ്കടമാകും. അൽപം കൂടി വലുതായപ്പോൾ ആന വന്നാൽ അടുത്തുനിന്നു മാറാതായി. ആനക്കാരെ സഹായിക്കാനും കൂടും. മരം കയറാൻ വിരുതുള്ളതിനാൽ ആനയ്ക്കു പട്ടയും ഓലയുമൊക്കെ വെട്ടിക്കൊടുക്കും. രാവും പകലും ആനയ്ക്കൊപ്പമുള്ള ഈ പോക്ക് ശരിയല്ലെന്ന് അച്ഛനു തോന്നിത്തുടങ്ങിയതോടെ തല്ലു കിട്ടിത്തുടങ്ങി. 

അങ്ങനെയിരിക്കെയാണ് വീടിനടുത്ത് ഒരു ആനക്കുട്ടി വരുന്നത്. ആനക്കാരൻ  ഭാസ്കരപിള്ളച്ചേട്ടനൊപ്പം പറ്റിക്കൂടി. കുളിപ്പിക്കാൻ കൊണ്ടുപോകുമ്പോൾ അയാളുടെ സഞ്ചിയും ആനയെ കുളിപ്പിക്കാനുള്ള ചകിരിയുമൊക്കെ ചുമന്നു പിന്നാലെ ഞാനും നടന്നു. ആനയെ വെള്ളത്തിൽക്കിടത്തി ഭാസ്കരപിള്ളച്ചേട്ടൻ ചകിരിയെടുത്തു കയ്യിൽത്തന്നു. ആനയെ തേച്ചുരയ്ക്കുമ്പോൾ അതു പിടിക്കേണ്ട വിധവും കാട്ടിത്തന്നു. ആനപ്പണിയിലെ ‘ഹരിശ്രീ’.

ആനയെ കുളിപ്പിക്കാനുള്ള ചകിരി ചെത്തിയൊരുക്കുന്നത് എളുപ്പമുള്ള കാര്യമല്ല. ചകിരി ഒരു പ്രത്യേകതരത്തിൽപ്പിടിച്ച് ഒന്നു ചരിച്ചുവേണം ചെത്താൻ. അതൊന്നു വശമായിക്കിട്ടാൻ വർഷങ്ങളെടുക്കും.ആനയുടെ കഴുത്തിനു പിറകിലേക്കു തേച്ചുരച്ചു കഴുകാനാണ് എന്നോടു പറഞ്ഞത്. ആനയുടെ മുഖവും മസ്തകവും കഴുകൽ ഒന്നാംപാപ്പാന്റെ ചുമതലയാണ്. ആനയുടെ പ്രധാനപ്പെട്ട പല മർമങ്ങളുമുള്ള ശരീരഭാഗങ്ങളാണവ.

ADVERTISEMENT

ആനയുടെ ശരീരം തേച്ചുരയ്ക്കുന്നതിനുമുണ്ടു ചിട്ട. കൈമുട്ടു നന്നായി നിവരുംവിധം വേണം തേയ്ക്കാൻ. അങ്ങനെ തേച്ചുതേച്ച് കഴുത്തിൽനിന്നു പിന്നോട്ടു പോകണം. 

ആനയെ തേച്ചുരച്ചു കഴുകി. വെള്ളം ഉണങ്ങിക്കഴിഞ്ഞപ്പോൾ ഭാസ്കരപിള്ളച്ചേട്ടൻ ആനയുടെ ദേഹത്തേക്കു ചൂണ്ടിക്കാട്ടി.

“നോക്ക്...” ആനയുടെ ദേഹത്ത് തേച്ചുരച്ചതിന്റെ പാടുകൾ. “ആനയുടെ ദേഹം തേച്ചുകഴിഞ്ഞാൽ ഈ കൈപ്പാടു വരരുത്.”അതായിരുന്നു ആനയെ കുളിപ്പിക്കുന്നതിൽ ആദ്യം കിട്ടിയ ഉപദേശം. ഇന്നു കണ്ണുകെട്ടി ആനയെ കുളിപ്പിച്ചാലും ദേഹത്തു കൈപ്പാടു വരില്ല. അത്ര തിട്ടമായിക്കഴിഞ്ഞു ആനയുടെ ദേഹം.

ആനക്കമ്പം മൂത്ത് ഒരിക്കൽ വീടു വിട്ടിറങ്ങി സർക്കസിൽ ചേർന്നു. അനാഥനാണെന്നു കള്ളം പറഞ്ഞാണ് അവിടെ ചേർന്നത്. 

സർക്കസിൽ ആനകൾക്കൊപ്പം പലതരം മൃഗങ്ങളെ പരിശീലിപ്പിക്കുന്നതും കണ്ടുപഠിച്ചു. അവിടെനിന്നു മറ്റൊരു സർക്കസിലേക്കു ചേക്കേറി.  അപ്പോഴേക്കും ചില അഭ്യാസങ്ങളും പരിശീലിച്ചുതുടങ്ങിയിരുന്നു. വല്ല അത്യാവശ്യവും വന്നാൽ ആനപ്പുറത്തേക്കു ചാടിക്കയറാനും ചാടിയിറങ്ങാനും ഉപകരിക്കുമല്ലോ എന്നു കരുതിയിട്ട്! സർക്കസുകാർക്കൊപ്പം വടക്കേയിന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും കറങ്ങി. ഒരിക്കൽ ബെംഗളൂരുവിലുമെത്തി. അവിടെ സർക്കസ് നടക്കുമ്പോഴാണ് ഒരു നാട്ടുകാരൻ എന്നെ തിരിച്ചറിഞ്ഞത്.  അച്ഛനും സംഘവും അവിടെയെത്തി വീട്ടിലേക്കു കൊണ്ടുപോന്നു.  അച്ഛൻ പല പല സ്കൂളുകളിൽ മാറിമാറിച്ചേർത്തു. പക്ഷേ, കണ്ണും മനസ്സും എപ്പോഴും പുറത്തായിരിക്കും. ആനയുടെ ചങ്ങലക്കിലുക്കം കേൾക്കുന്നുണ്ടോ... എന്നു ശ്രദ്ധിച്ച്! ആന പോകുന്നതു കണ്ടാൽ അതിനൊപ്പം കൂടും. സഹികെട്ട അച്ഛൻ പരിസരത്തെ പൊലീസുകാർക്കു മകനെ പരിചയപ്പെടുത്തി.

“ഇനി  ഇവനെ ഈ പരിസരത്ത് എവിടെക്കണ്ടാലും നല്ല തല്ലു കൊടുത്തേക്കണം...”  അച്ഛൻ പൊലീസുകാരോടുപറഞ്ഞു.

സ്കൂളിൽ നിൽക്കവേ, ഒരിക്കൽ വേലായുധൻ എന്ന കൊച്ചാനയും ആനക്കാരൻ ഗോപാലപിള്ളച്ചേട്ടനും പോകുന്നതു കണ്ടു. അവർക്കൊപ്പം കൂടി.  “പഠിത്തമൊക്കെ നിർത്തി ആനപ്പണി പഠിക്കാനായി ഇറങ്ങി ചേട്ടാ.” ഞാൻ ഗോപാലപിള്ളച്ചേട്ടനോട് ഒരു കള്ളം പറഞ്ഞു.  അങ്ങനെ ഞങ്ങൾ ആനയ്ക്കൊപ്പം നടപ്പു തുടർന്നു. ഒരിടത്തെത്തിയപ്പോൾ എന്നെ ആനയ്ക്കൊപ്പമിരുത്തി ആശാൻ കള്ളുഷാപ്പിൽ കയറി. ആ സമയത്താണ് അച്ഛൻ സൈക്കിളിൽ ആ വഴി വന്നത്. ഞാൻ പിന്നെയും ആനയ്ക്കൊപ്പം കൂടിയെന്ന് എങ്ങനെയോ അറിഞ്ഞുള്ള വരവാണ്. കള്ളുഷാപ്പിനടുത്ത് ആനയ്ക്കൊപ്പം ഇരിക്കുന്ന മകനെ കണ്ടതും അച്ഛൻ അങ്ങോട്ടോടി വന്നു. അച്ഛന്റെ അടിയും വഴക്കും പ്രതീക്ഷിച്ചാണ് ഞാനിരിക്കുന്നത്. 

പക്ഷേ, അച്ഛൻ എന്റെ മുന്നിൽനിന്ന് ഒറ്റക്കരച്ചിൽ... അന്നുവരെ അച്ഛൻ കരയുന്നതു ഞാൻ കണ്ടിട്ടില്ല. അതുകണ്ടു ഞാൻ ആകെ വല്ലാതായി. അതിനിടെ ആശാൻ ഗോപാലപിള്ളച്ചേട്ടൻ ഷാപ്പിൽനിന്നിറങ്ങി വന്നു പറഞ്ഞു: “ആശാനേ, ഇവനെ നിങ്ങൾ പഠിക്കാൻ വിട്ടാലും നിൽക്കില്ല. ഇവന്റെ മനസ്സു മുഴുവൻ ആനയാണ്. ഇവനെ ആനയുടെ വഴിക്കുതന്നെ വിടുന്നതാ നല്ലത്”

“എന്റെ മോനെ നോക്കിക്കോളണേ...” അച്ഛൻ വിങ്ങലോടെ പറഞ്ഞു. 

ഞങ്ങൾ ആനയെയുംകൊണ്ട് അവിടെനിന്നു നടന്നുനീങ്ങി. ഏറെച്ചെന്നു തിരിഞ്ഞുനോക്കിയപ്പോഴും അച്ഛൻ അവിടെത്തന്നെ ഇരിക്കുന്നുണ്ടായിരുന്നു. ഇരുകൈകൾകൊണ്ടും തലതാങ്ങിപ്പിടിച്ച് ആനയ്ക്കു പിന്നാലെ പോകുന്ന മകനെ നോക്കിക്കൊണ്ട്...അങ്ങനെ ഞാൻ ആനയ്ക്കൊപ്പം വഴിയടി തുടങ്ങി

ആറന്മുള മോഹൻദാസ്

മദം പൊട്ടിയ വാശികൾ

ഇരുപതുവയസ്സുള്ള കാലം. അപ്പോഴേക്കും പല പല ആനകൾക്കൊപ്പം ജോലി ചെയ്ത് ആറന്മുളയിൽ എത്തിയിരുന്നു. ഏതാനയോടും ഒരു കൈ നോക്കാമെന്ന ആത്മവിശ്വാസം വന്ന കാലം. ആറന്മുള രഘുനാഥൻ എന്ന ആനയ്ക്ക് ഒറ്റച്ചട്ടമാണ്. അതായത് ഒരു പാപ്പാനുമാത്രം വഴങ്ങുന്ന സ്വഭാവം. “നീ അത്ര കേമനാണെങ്കിൽ രഘുനാഥനാനയെ ഒന്നഴിക്ക്...”  ഒരിക്കൽ ആശാൻ ഗോപാലപിള്ളച്ചേട്ടൻ വെല്ലുവിളിയുടെ സ്വരത്തിൽ പറഞ്ഞു. കുറച്ചുപേരുടെ മുന്നിൽവച്ചാണ് ആശാന്റെ വെല്ലുവിളി. തോറ്റുകൊടുക്കാൻ മനസ്സില്ലായിരുന്നു. അന്നു രാത്രി ആനയ്ക്കു പട്ടയിട്ടുകൊടുക്കാൻ ചെന്നതും ആന തുമ്പിക്കൈ വീശി ഒരടി. ഞാൻ തെറിച്ചുപോയി. അതോടെ വാശി കൂടി. അന്നു രാത്രി മുഴുവൻ ആനയ്ക്കടുത്തുനിന്നു. ഓരോന്നു പറഞ്ഞും ചെറുതായി വടിയോങ്ങിയും ഇരുത്തിയും കിടത്തിയുമൊക്കെ പതുക്കെ മെരുക്കി.

പിറ്റേന്നു ക്ഷേത്രത്തിൽ ആനയെ അഴിച്ചുകൊണ്ടു പോയി. അന്ന് അതു കണ്ടവർ അമ്പരന്നു.  രഘുനാഥനെ ഗോപാലപിള്ള അഴിക്കുന്നതു മാത്രമാണ് അന്നാട്ടുകാർ കണ്ടിട്ടുള്ളത്. ഒരു പീക്കിരിപ്പയ്യൻ ആനയെ അഴിച്ചുകൊണ്ടുപോകുന്നത് അവർക്കു വിശ്വസിക്കാനായില്ല.

ഒരിക്കൽ ഗോപാലപിള്ള വന്നു പറഞ്ഞു.

“മുണ്ടക്കയത്ത് കൃഷ്ണൻകുട്ടി എന്ന ആന തെറ്റി. രണ്ടാളെ കൊന്നു. സർക്കാർ വെടിവച്ചു കൊല്ലാൻ ഉത്തരവിട്ടിരിക്കുകയാണ്. നീ അതിനെ പിടിച്ചുകെട്ട്. എങ്കിൽ ആനക്കാരനായി എന്നു ഞാൻ സമ്മതിക്കാം...” ആ വെല്ലുവിളിയും ഏറ്റെടുത്തു. ആനയെ പിടിച്ചുകെട്ടിയാൽ ഒരു പൊൻമോതിരമായിരുന്നു ഗോപാലപിള്ളയുടെ വാഗ്ദാനം. പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, ഒരു കൂട്ടുകാരനെയും കൂട്ടി ചെന്നു. മുണ്ടക്കയം ആറിനടുത്താണ് ആനയുടെ നിൽപ്. പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശം. ആനയ്ക്കു ചുറ്റുമായി തീയിട്ടിരിക്കുകയാണ്. കുറെ ദൂരെയായി തോക്കുമായി പൊലീസ് നിലയുറപ്പിച്ചിരിക്കുന്നു.

ആനക്കാരായ അച്ഛനെയും മകനെയും ആന കൊന്നിട്ട് അധികനേരമായിട്ടില്ല. പ്രാണഭയംകൊണ്ട് ഒരാളും ആനയുടെ അടുത്തേക്കടുക്കുന്നില്ല. ആകെ ഒരു ഭീകരാന്തരീക്ഷം.

വൈദ്യുതത്തൂണിൽ കെട്ടുന്ന സ്റ്റേ വയർ കൊണ്ടുണ്ടാക്കിയ കുരുക്കുമായാണ് ആനയെ പിടിക്കാൻ ചെന്നത്. ഒപ്പമുള്ളയാളോടു പഴം മുന്നിലേക്കിട്ടുകൊടുത്ത് ആനയുടെ ശ്രദ്ധ തിരിക്കാൻ പറഞ്ഞിരുന്നു. പഴം ഇട്ടപ്പോൾ ആന അതെടുക്കാൻ തുമ്പിക്കൈ നീട്ടി വന്നു. 

കുരുക്കുമായി പിന്നിലൂടെ ആനയെ സമീപിച്ചു. ഹൃദയം പടപടാ മിടിക്കുന്നു. കുരുക്ക് നിലംപറ്റെ വച്ച് ആനയുടെ പിൻകാലുകൾക്കടുത്തേക്കു നീക്കി. ഒരുപടലപ്പഴത്തിനു നേർക്കു തുമ്പിക്കൈ നീക്കി ആന മുന്നോട്ടുനീങ്ങിയതും കാലിൽ കുരുക്കിട്ടു. ആന അതു തിരിച്ചറിഞ്ഞു തിരിഞ്ഞപ്പോഴേക്കും അവിടെനിന്ന് ഓടിമാറി. പിന്നീടു നട വാറാക്കി. (മുൻകാലുകൾ ബന്ധിച്ചു). വെടിവയ്ക്കാൻ സർക്കാർ ഉത്തരവിട്ട ആനയെ തളച്ച പിള്ളേർക്കു നാട്ടുകാർ വലിയ സ്വീകരണമാണു നൽകിയത്. ആർപ്പുവിളിയുമായി ആളുകൾ നഗരപ്രദക്ഷിണം നടത്തി. പിരിവെടുത്തു വലിയൊരു തുക കയ്യിൽത്തന്നു. ഒരു പവന് 450 രൂപ വിലയുള്ള കാലത്തു കിട്ടിയതു രണ്ടായിരത്തിലധികം രൂപ!

ആറന്മുള രഘുനാഥൻ

ആനക്കോട്ടയിൽ

തൃശൂർ മേഖലയിൽ പല ആനകൾക്കൊപ്പം കഴിഞ്ഞുവരെയാണു ഗുരുവായൂർ ദേവസ്വത്തിലേക്കു പാപ്പാന്മാരെ എടുക്കുന്നതിനുള്ള അഭിമുഖത്തിൽ പങ്കെടുക്കുന്നത്. പൂമുള്ളി ആറാം തമ്പുരാനടക്കമുള്ള വിദഗ്ധരായിരുന്നു ബോർഡിൽ.

ആനകളെക്കുറിച്ചുള്ള പാഠശാലയായിരുന്നു ഗുരുവായൂർ ആനക്കോട്ട. അക്കാലത്താണ് അച്ഛൻ പണ്ടുപഠിപ്പിച്ച സംഗീതപാഠങ്ങൾ പൊടിതട്ടിയെടുത്തത്. ഗുരുവായൂരിലെ ആനകളെ ആദ്യകാലത്തു തടിപിടിക്കാൻ വിടുമായിരുന്നു. മറ്റു ക്ഷേത്രങ്ങളിലെ ഉത്സവത്തിനും പോകേണ്ടി വരും. വളരെ ദൂരെയുള്ള ക്ഷേത്രങ്ങളിലേക്കു പോകണമെങ്കിൽ രാവിലെ രണ്ടുമണിക്കൊക്കെ ആനയെയുംകൊണ്ട് യാത്ര തുടങ്ങും. അങ്ങനെയുള്ള നടപ്പിൽ സൂര്യനുദിക്കുവോളം പാട്ടുപാടും. കൂടെയുള്ള ആനയും ഇത് ആസ്വദിക്കുന്നതായി തോന്നിയിട്ടുണ്ട്. ചില ആനകൾ തുമ്പിക്കൈകൊണ്ട് നിലത്തു താളമടിക്കുമായിരുന്നു. ആനയുടെ ശ്രദ്ധ മറ്റു കാര്യങ്ങളിലേക്കു തിരിയാതിരിക്കാൻ ഈ പാട്ടുപാടൽ സഹായിച്ചിട്ടുണ്ട്.

ചെമ്പൈ സംഗീതോത്സവം നടക്കുമ്പോൾ എന്നും കേൾവിക്കാരനായി ചെല്ലും. അങ്ങനെ ഒരിക്കൽ പാടാനും അവസരം കിട്ടി. പതിനെട്ടു വർഷത്തോളം അതു തുടർന്നു.

ആനക്കോട്ടയിൽ പല പല ആനകളിൽ കയറിയിട്ടുണ്ട്. ആനക്കാരൻ ഒരാനയിൽനിന്നു മറ്റൊരാനയിലേക്കു മാറുന്നതിനും ഒരു ചിട്ടയുണ്ട്. ആ ആനയ്ക്കൊപ്പംനിന്ന ആനക്കാരനോടു വിശദമായി സംസാരിക്കണം. ആനയുടെ ശീലങ്ങളും ശീലക്കേടുകളും ചോദിച്ചറിയണം. എന്നിട്ടുമാത്രമേ ആനയോട് അടുക്കാൻ ശ്രമിക്കാവൂ. 

ആനയും ആനക്കാരനും

ദിവസവും രാവിലെ ആനയെ തൊഴുതു പ്രാർഥിച്ച ശേഷമേ ആനക്കാരൻ അടുത്തേക്കു ചെല്ലാവൂ. ഒരിക്കലും നേരെ മുന്നിലൂടെ ആനയുടെ അടുത്തേക്കു ചെല്ലരുത്. അടുത്തേക്കെത്തും മുൻപ് ആനയെ പേരെടുത്തു വിളിക്കണം. ആനയുടെ ‘മൂഡ്’ ശരിയാണോ എന്നു നോക്കാനാണിത്.

ആന നല്ല രീതിക്കല്ലെങ്കിൽ പറഞ്ഞും തലോടിയും അതിനെ സമാധാനിപ്പിച്ചു നേരെയാക്കണം. ആന വാട പിടിക്കുന്നുണ്ടെങ്കിൽ അതീവ സൂക്ഷ്മത പുലർത്തണം. തുമ്പിക്കൈകൊണ്ടു സൂക്ഷ്മമായി ചുറ്റുപാടുകളിലെ മണം പിടിക്കുന്നതിനാണു വാട പിടിക്കുക എന്നു പറയുന്നത്. എന്തോ സംശയം ആനയുടെ മനസ്സിലുണ്ടെന്നാണർഥം. 

ആനയുടെ എരണ്ടം (പിണ്ടം) ആണു പിന്നെ നോക്കേണ്ടത്. തലേന്നു കൊടുത്ത ഭക്ഷണത്തിനനുസരിച്ച് ആന എരണ്ടമിടണം. അതിനു നിറവ്യത്യാസമുണ്ടോ എന്നു നോക്കണം. നൂറു പറഞ്ഞ് ആറോങ്ങി ഒരടി. അതാണ് ആനയെ അനുസരിപ്പിക്കുന്നതിൽ വേണ്ട നയം. നൂറു തവണ പറയണം. അതു കേട്ടില്ലെങ്കിൽ ആറു തവണ ഓങ്ങണം. അതും ഫലിച്ചില്ലെങ്കിൽ ഒരടി. അത്രയേ പാടുള്ളൂ.

കൊലയാനകളുടെ ക്യാപ്ചർ

വടക്കെ ഇന്ത്യയിലെ സർക്കസുകളിൽ ആനയുടെ കാലിൽ മുള്ളാണികൊണ്ടുള്ള ബെൽറ്റിടുന്ന പതിവുണ്ട്. വല്ലാതെ വലിച്ചാൽ മാത്രമേ മുള്ളാണി ആനയുടെ കാലി‍ൽ കുത്തിക്കയറൂ. അല്ലാത്തപ്പോൾ ലോഹവളയം പോലെ അതങ്ങനെ കാലിൽ കിടക്കും. അതിൽനിന്നാണു ക്യാപ്ചർ ബെൽറ്റ് എന്ന ആശയം കിട്ടുന്നത്.പഴയകാലത്തെ സൈക്കിളിന്റെ ലോക്കുപോലെ  ലോക്ക് ഞാൻ രൂപപ്പെടുത്തി. ആ മാതൃകയുമായി ഇരുമ്പു പണിക്കാരനെ കണ്ടു നിർമിച്ചതാണു ക്യാപ്ചർ ബെൽറ്റ്. 

സ്പ്രിങ് ആക്‌ഷനിലാണു പ്രവർത്തനം. ഇടഞ്ഞുനിൽക്കുന്ന ആനയുടെ പിന്നിലൂടെ ചെന്ന് ഇരുകൈകൾകൊണ്ടും ബെൽറ്റ് വിടർത്തി ആനയുടെ പിൻകാലുകളിലൊന്നിൽ ലോക്ക് ചെയ്യണം. ക്യാപ്ചറടിക്കുക എന്നാണ് ഇതിന് ആനക്കാരുടെ ഭാഷയിൽ പറയുക. കാലിൽ അനുഭവപ്പെടുന്ന ശക്തമായ പിടിത്തം ആനയ്ക്കു ഭയമുള്ള കാര്യമാണ്. ക്യാപ്ചറടിച്ചു നാലഞ്ച് മിനിറ്റോളം ആന ഒന്നു പരിഭ്രമിക്കും. എന്താണു സംഭവിച്ചതെന്നു തിരിച്ചറിഞ്ഞു വരുന്ന ആ നാലു മിനിറ്റാണ് ആനയെ തളയ്ക്കാനുള്ള സുവർണാവസരം. ഇങ്ങനെ നാനൂറിലധികം ആനകളെ തളച്ചിട്ടുണ്ട്. 

കൊടുങ്ങല്ലൂർ അനീഷ്

ഇടഞ്ഞകൊമ്പനെ പിടിച്ചുനിർത്തിയ ധീരൻ

വിരണ്ടോടാൻ നോക്കിയ ആനയ്ക്കു മുന്നിൽച്ചെന്ന് ഇരുകൊമ്പുകളും പിടിച്ചു തടഞ്ഞു നിർത്തിയതിലൂടെ ആനപ്രേമികളുടെ മനസ്സിൽ ഹീറോ ആയ ആനക്കാരനാണു കൊടുങ്ങല്ലൂർ അനീഷ്.

ഒൻപതാംക്ലാസിൽവച്ച് പഠനം നിർത്തി ‘ആന’ എന്ന യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ എടുത്തയാളാണ് ഈ ഇരുപത്തേഴുകാരൻ. അനീഷ് പറയുന്നു: ചെറായി പൂരത്തിനിടയിലാണ് ആ സംഭവം നടന്നത്. വിരണ്ടോടാൻ നോക്കിയ പുതുപ്പള്ളി കേശവൻ ആനയുടെ കൊമ്പു പിടിച്ചു നിർത്തിയതു ധീരത കാണിക്കാനും ആളാവാനും വേണ്ടിയല്ല. ഇത്രയുംകാലം ഒപ്പം നടന്ന ആന ഞാൻ പറഞ്ഞാൽ കേൾക്കും എന്ന ഒറ്റവിശ്വാസം. പിന്നെ എന്റെ ആശാൻ കുന്നന്താനം മനോജ് ചേട്ടൻ ആനയ്ക്കു പിന്നിൽനിന്നു വിലക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ആന നിന്നത്. ഇതിനെക്കാൾ വലിയ സാഹസികത ഒട്ടുമിക്ക ആനക്കാരും കാണിച്ചിട്ടുണ്ടാകും. പക്ഷേ, ഞാൻ കൊമ്പുപിടിച്ചുനിർത്തിയത് സിസി ടിവിയിൽ പതിഞ്ഞുവെന്നു മാത്രം. പിന്നീടതു കുറെപ്പേർ കണ്ടു. കുറെപ്പേർ വിളിച്ച് അഭിനന്ദിച്ചു. 

പതിമൂന്നാം വയസ്സിലാണു ഞാൻ ആനപ്പണിക്കിറങ്ങുന്നത്. വീട്ടുകാർക്ക് അതൊന്നും താൽപര്യമുള്ള കാര്യമായിരുന്നില്ല. പക്ഷേ, ആന തന്നെയാണു ജീവിതമെന്നു ഞാൻ ഉറപ്പിച്ചപ്പോൾ അവരുടെ എതിർപ്പുകളുടെ ശക്തി കുറഞ്ഞു. ഇപ്പോൾ പതിനാലു വർഷമായി. ഒരുപാട് ആനകൾക്കൊപ്പമൊന്നും നിന്നിട്ടില്ല. ഏറ്റവുമധികം നിന്നതു പുതുപ്പള്ളി കേശവനൊപ്പമാണ്. ആശാനും കേശവനും ഞാനും ഒരു കുടുംബം പോലെയായിരുന്നു. പിന്നീട് ആശാൻ പറഞ്ഞു. “ഇനി സ്വന്തമായി ചുമതലയേറ്റ് ഒരു ആനയെ അഴിക്ക്.” ആശാൻ തന്ന ആത്മവിശ്വാസവുമായിട്ടാണു സ്വന്തമായി ആനയുടെ ചുമതല ഏറ്റെടുത്തത്. 

ആനപ്പണി പുതിയകാലത്ത്

സ്വന്തമായി ഒരു ആനയെ ചുമതലയേറ്റ് അഴിക്കാറായെങ്കിലും അത്ര നല്ല അനുഭവങ്ങളല്ല പലപ്പോഴും ഉണ്ടായിട്ടുള്ളത്. ചിലയിടത്ത് ആനയുടെ പാട്ടക്കാരുമായി (ആന മുതലാളിയിൽനിന്നു പാട്ടത്തിനെടുത്തവർ) അഭിപ്രായവ്യത്യാസങ്ങളുണ്ടായി. ആനയെ നോക്കുന്നതിനെക്കുറിച്ച് ഒരുപാടുപേർ വന്ന് അഭിപ്രായം പറയും. നമ്മൾ അതനുസരിച്ചു പെരുമാറണമെന്നു വന്നാൽ നടക്കില്ലല്ലോ. അങ്ങനെ ഒരാനയിൽനിന്നു മാറി. മറ്റൊരാനയിൽ നിന്നപ്പോൾ വരുമാനക്കുറവായിരുന്നു പ്രശ്നം. നമ്മളെ ചൂഷണം ചെയ്യുന്നതുപോലെ തോന്നിയപ്പോൾ വിട്ടു. ഇതു നമ്മുടെ വരുമാനമാർഗമാണ്. നമ്മളെ ആശ്രയിച്ച് ഒരു കുടുംബം കാത്തിരിക്കുന്നുണ്ട്. ആനപ്പണിയല്ലാതെ മറ്റൊരു പണിയും എനിക്ക് അറിയുകയുമില്ല. നിവൃത്തികേടുകൊണ്ടാണ് ആന മാറുന്നത്.  

ആനയ്ക്കു തീറ്റയുണ്ടാക്കാനാണ് ആനക്കാരൻ ആദ്യം പഠിക്കേണ്ടത്. പിന്നെ കഴുകാനും. ഇതു രണ്ടുമാണ് ആനപ്പണിയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യങ്ങൾ. ആനയെ കൊണ്ടുനടക്കുന്നത് ഇതുമായി തട്ടിച്ചു നോക്കുമ്പോൾ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ആനക്കമ്പം മൂത്ത് ഒരുപാടു കുട്ടികൾ ആനയ്ക്കൊപ്പം വരാറുണ്ട്. ഒന്നു രണ്ടാഴ്ച ആനയ്ക്കൊപ്പം നടക്കും. പിന്നെ പാപ്പാനായങ്ങു കൂടും. ഇവരാണു പലപ്പോഴും ആനയ്ക്കു കുഴപ്പങ്ങളുണ്ടാക്കുന്നത്. ഇപ്പോൾ പൂരങ്ങളില്ല. ദേവസ്വം ആനക്കാർക്കു കൃത്യമായി ശമ്പളമുള്ളതുകൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെ കഴിയാനാകും. പക്ഷേ, സ്വകാര്യ ആനകൾക്കൊപ്പം നിൽക്കുന്ന പല ആനക്കാരുടെയും അവസ്ഥ പരിതാപകരമാണ്. സർക്കാർ ഇവർക്കായി എന്തെങ്കിലും ചെയ്യണം. എത്ര കഷ്ടപ്പാടായാലും ആനയെവിട്ട് മറ്റൊരു ജോലിക്കു പോകുന്ന കാര്യം ഞാൻ  ഒരിക്കലും ചിന്തിച്ചിട്ടില്ല.  

മാർഷൽ സി. രാധാകൃഷ്ണൻ

ആനയോളം പോന്ന പാപ്പാൻ കമ്പം 

നക്കമ്പം മൂത്ത് പാപ്പാന്മാരിലും കമ്പം കയറിയ ആളാണു തൃശൂർ സ്വദേശി മാർഷൽ സി. രാധാകൃഷ്ണൻ. മെഡിക്കൽ ആൻഡ് സൈക്ക്യാട്രിക് സോഷ്യൽ വർക്കിൽ എംഫിലും മാസ്റ്റർ ബിരുദവും എടുത്ത മാർഷലിന്റെ ഗവേഷണ വിഷയം ‘ആനയും പാപ്പാനും’ എന്നതായിരുന്നു. ഇരുപതിലധികം രാജ്യാന്തര, ദേശീയ സെമിനാറുകളിൽ പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. 

മാർഷൽ പറയുന്നു:

കുട്ടിക്കാലം മുതൽ ആനക്കാരനാകണമെന്ന ആഗ്രഹമാണ് എന്നെ ഈ വിഷയം തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. ഒരുകാലത്തു മഹനീയമായി കണക്കാക്കപ്പെട്ടിരുന്ന ആനപ്പണി ഇന്ന് ഇന്ത്യയിൽ മൂല്യശോഷണത്തിന്റെ വക്കിലാണ്. നാട്ടാനകളുടെ എണ്ണവും കുറഞ്ഞുവരുന്നു. യുക്തിയും കായികക്ഷമതയും ക്ഷമയും അധ്വാനവും വേണ്ട തൊഴിലാണിത്. ദിവസവും 12 മുതൽ 14 മണിക്കൂർ വരെയും ഉത്സവകാലത്ത് 24 മണിക്കൂറും ആനയോടൊപ്പം ആനക്കാരൻ ചെലവഴിക്കേണ്ടിവരും. ആനക്കാർ അനുഭവിക്കുന്ന മാനസികസമ്മർദമാണ് മറ്റൊരു പ്രധാനപ്രശ്നം. ഉത്സവകാലങ്ങളിൽ കൃത്യമായി ഭക്ഷണം കഴിക്കാൻ സാധിക്കാത്തത്, ശുചിമുറി സംവിധാനങ്ങൾ ലഭ്യമല്ലാത്തത്, ഉറക്കമില്ലായ്മ ഇതെല്ലാം ആനക്കാരുടെ മാനസിക-ശാരീരിക ആരോഗ്യത്തിന്റെ താളം തെറ്റിക്കുന്നു. പ്രമേഹം, അമിത രക്തസമ്മർദം, ഹൃദ്രോഗം, വിട്ടുമാറാത്ത ചുമ, ദഹനപ്രശ്നങ്ങൾ, അലർജി തുടങ്ങിയവ മിക്ക ആനക്കാർക്കുമുണ്ട്. ലോക്ഡൗൺ കാലത്ത് പാപ്പാന്മാർ ആനകളോടൊപ്പം കുടുങ്ങി. തങ്ങളുടെ അന്നദാതാവിനെ പരിപാലിക്കുക എന്ന ലക്ഷ്യത്തോടെ അവർ വീട്ടിൽപോകാതെ ആനകളോടൊപ്പം കഴിഞ്ഞു. പലരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. 

ശാസ്ത്രീയ രീതിയിൽ ഗജപരിപാലനം നിലനിന്നിരുന്ന നാടാണു നമ്മുടേത്. അനുഭവസ്ഥരായ ആനക്കാർ മൺമറയുന്നതോടെ പരമ്പരാഗത ഗജപരിപാലനം നാമാവശേഷമാകും. ആനപ്പണി എന്നത് എവിടെയും എഴുതപ്പെടാത്ത, ക്ഷയിച്ചു പോകുന്ന തൊഴിലാണ്. ആനക്കാരുടെ അറിവുകളും അനുഭവപാഠങ്ങളും സംരക്ഷിച്ചേ മതിയാകു. ഒപ്പം  പുതുതലമുറയിലെ ആനപ്പാപ്പാന്മാർക്കു ശാസ്ത്രീയ പരിശീലനം നൽകുകയും വേണം. പല വിദേശ രാജ്യങ്ങളിലും ഇവർ ‘സൂ കീപ്പർ’ അല്ലെങ്കിൽ  ‘അനിമൽ കീപ്പർ’ ആണ്. തായ്‌ലൻഡിലും മലേഷ്യയിലും ആനപ്പാപ്പന്മാർക്ക് ഉയർന്ന സാമൂഹിക പദവിയാണുള്ളത്. അവിടെ സർക്കാർ സഹായത്തോടെ പാപ്പാന്മാരുടെ വില്ലേജുകൾ സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യമുള്ള പാപ്പാൻ ഉള്ളിടത്തെ ആരോഗ്യമുള്ള നാട്ടാനയും ഉണ്ടാകൂ.  

മാനസിക-സാമൂഹിക  പിന്തുണ നൽകുന്നതിനായി ആനപ്പാപ്പാന്മാർക്കായി പ്രത്യേക കൗൺസലിങ്ങും മാർഷൽ സി .രാധാകൃഷ്ണൻ നടത്തുന്നുണ്ട്. 

ആനയെ തളച്ചയിടങ്ങളിൽ കണ്ണും മനസ്സും നിറയെ ആന മാത്രമായി ചില കുട്ടികളെ ഇന്നും കാണാം. തോട്ടിയും കോലും കയ്യിലെടുത്ത് ആനയെ വഴി നടത്താൻ കൈ തരിക്കുന്നവർ. ഇനിയുള്ള കാലം   ഒരു പക്ഷേ, ആനക്കാരുടെ കഥകൾ കേട്ട് അവർ തൃപ്തിയടയേണ്ടി വന്നേക്കാം. കേരളത്തിൽ നാട്ടാനകളുടെ എണ്ണം അതിവേഗം കുറയുകയാണ്; ആനക്കാരുടെയും.

English summary: Mahout and Elephant care taking