ഓട്ടൻതുള്ളലിനു കുഞ്ചൻ നമ്പ്യാർ സമം, ചവിട്ടുനാടകത്തിനു ചിന്നത്തമ്പി അണ്ണാവി സമം, കേരളനടനത്തിനു ഗുരു ഗോപിനാഥ് സമം. നമ്മുടെ കഥാപ്രസംഗത്തിനും അങ്ങനെ ഒരാളുണ്ട്. കാഥികനായ, ഗായകനായ, കലാകാരനായ ആ യുവകോമളന്റെ പേരാണ്– സത്യദേവൻ നമ്മുടെ ചരിത്രനായകൻ... അല്ല, ചരിത്ര ഗായകൻ. കഥ പോലെ മോഹനവും ഗൂഢവുമായിരുന്നു ആ ജീവിതം.

ഓട്ടൻതുള്ളലിനു കുഞ്ചൻ നമ്പ്യാർ സമം, ചവിട്ടുനാടകത്തിനു ചിന്നത്തമ്പി അണ്ണാവി സമം, കേരളനടനത്തിനു ഗുരു ഗോപിനാഥ് സമം. നമ്മുടെ കഥാപ്രസംഗത്തിനും അങ്ങനെ ഒരാളുണ്ട്. കാഥികനായ, ഗായകനായ, കലാകാരനായ ആ യുവകോമളന്റെ പേരാണ്– സത്യദേവൻ നമ്മുടെ ചരിത്രനായകൻ... അല്ല, ചരിത്ര ഗായകൻ. കഥ പോലെ മോഹനവും ഗൂഢവുമായിരുന്നു ആ ജീവിതം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓട്ടൻതുള്ളലിനു കുഞ്ചൻ നമ്പ്യാർ സമം, ചവിട്ടുനാടകത്തിനു ചിന്നത്തമ്പി അണ്ണാവി സമം, കേരളനടനത്തിനു ഗുരു ഗോപിനാഥ് സമം. നമ്മുടെ കഥാപ്രസംഗത്തിനും അങ്ങനെ ഒരാളുണ്ട്. കാഥികനായ, ഗായകനായ, കലാകാരനായ ആ യുവകോമളന്റെ പേരാണ്– സത്യദേവൻ നമ്മുടെ ചരിത്രനായകൻ... അല്ല, ചരിത്ര ഗായകൻ. കഥ പോലെ മോഹനവും ഗൂഢവുമായിരുന്നു ആ ജീവിതം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓട്ടൻതുള്ളലിനു കുഞ്ചൻ നമ്പ്യാർ സമം, ചവിട്ടുനാടകത്തിനു ചിന്നത്തമ്പി അണ്ണാവി സമം, കേരളനടനത്തിനു ഗുരു ഗോപിനാഥ് സമം. നമ്മുടെ കഥാപ്രസംഗത്തിനും അങ്ങനെ ഒരാളുണ്ട്. കാഥികനായ, ഗായകനായ, കലാകാരനായ ആ യുവകോമളന്റെ പേരാണ്– സത്യദേവൻ

നമ്മുടെ ചരിത്രനായകൻ... അല്ല, ചരിത്ര ഗായകൻ. കഥ പോലെ മോഹനവും ഗൂഢവുമായിരുന്നു ആ ജീവിതം. (വായന തുടരുമ്പോൾ മനസ്സിൽ ഒരു ഹാർമോണിയത്തിന്റെ മധുര സംഗീതം കേൾക്കണം.)

ADVERTISEMENT

1924 മേയ് മാസത്തിലെ മേട സന്ധ്യ, ഇന്നേക്കു കൃത്യം 100 വർഷം മുൻപ്. എറണാകുളം ജില്ലയിലെ വടക്കൻപറവൂരിനും വടക്കുവശത്തുള്ള വടക്കുംപുറം ഗ്രാമത്തിലെ കേളപ്പൻ ആശാന്റെ സരസ്വതീ ക്ഷേത്രം പാഠശാലയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു. ഇവിടെയാണു ചരിത്രത്തിലെ ആദ്യ കഥാപ്രസംഗം അരങ്ങേറുന്നത്. കഥയുടെ പേര്– ചണ്ഡാലഭിക്ഷുകി, കുമാരനാശന്റെ കാവ്യസുന്ദരി തന്നെ.ആനന്ദഭിക്ഷുവിന്റെയും മാതംഗിയുടെയും കഥ.

സുന്ദരിയായ ആ നായികയുടെ പേരല്ല മാതംഗിയെന്നാണു സാഹിത്യ ചരിത്ര ഗവേഷകർ പറയുന്നത്. അതാ യുവതിയുടെ ജാതിപ്പേരാണ്. യഥാർഥത്തിൽ അവളുടെ പേര് ആർക്കും അറിയില്ല, ചരിത്രത്തിലും രേഖപ്പെടുത്തിയിട്ടില്ല. കുമാരനാശാനും നായികയ്ക്കു പ്രത്യേകിച്ചൊരു പേരിട്ടില്ല. ആശാനും മാതംഗിയെന്നു വിളിച്ചു. നമുക്കു കഥയിലേക്കു തിരിച്ചുവരാം.

ആനന്ദഭിക്ഷു... ബൗദ്ധസൗമ്യത നീലത്തടാകം പോലെ തിളങ്ങി നിൽക്കുന്ന ശാന്തമായ വിടർന്ന കണ്ണുകൾ, അദ്ദേഹം ആ കിണറ്റിൻ കരയിൽ തളർന്നു നിന്നു. ഉത്തരഭാരതത്തിലെ ശ്രാവസ്തിയെന്ന ദേശത്തെ ചണ്ഡാലിയാണു മാതംഗി. ആനന്ദൻ ഭിക്ഷാദേഹിയായ ബുദ്ധശിഷ്യനും.

2500 വർഷം മുൻപു ജാതി വ്യവസ്ഥയ്ക്കും തൊട്ടുകുടായ്മയ്ക്കും എതിരെ ആനന്ദഭിക്ഷു നടത്തിയ സൗമ്യസമരത്തിന്റെ കഥയാണു കുമാരനാശൻ നമുക്കു പാടിത്തന്നത്. വിയർപ്പു തുള്ളികൾ പോലും വറ്റിപ്പോയ കൊടുംചൂടും സഹിച്ചു, തീണ്ടാപ്പാടും ലംഘിച്ച് ആനന്ദൻ മുന്നോട്ടു നടന്നടുത്തു.

ADVERTISEMENT

‘‘ ദാഹിക്കുന്നു ഭഗിനീ, 
കൃപാരസ മോഹനം 
കുളിർ തണ്ണീരിതാശു നീ'

തൊട്ടുകൂടാത്തവളായ, തീണ്ടിക്കൂടാത്തവളായ എന്നോടു കുടിവെള്ളം ചോദിക്കുന്നോ? ദൈവമേ ആരെങ്കിലും കണ്ടാൽ, മാതംഗി നടുങ്ങിപ്പോയി...

‘അല്ലല്ലെന്തു കഥയിതു കഷ്ടമേ!
അല്ലലാലങ്ങു ജാതി മറന്നിതോ'

അത്യുഷ്ണത്തിനും തപിപ്പിക്കാൻ കഴിയാത്ത ആനന്ദന്റെ മനസ്സ് മാതംഗി കണ്ടു. സാഹോദര്യത്തിന്റെ തണുത്ത കാറ്റ് മാതംഗിയെ തൊട്ടു.

ADVERTISEMENT

ജാതി ചോദിക്കുന്നില്ല 
ഞാൻ സോദരി
ചോദിക്കുന്നു നീർ 
നാവുവരണ്ടഹോ!
ഭീതി വേണ്ട 
തരികതെനിക്കു നീ

കഥകൾ കാവ്യഭംഗി ചോരാതെ സാധാരണ ജനങ്ങളിലെത്തിക്കാൻ നമുക്കൊരു പുതിയ കലാരൂപം വേണമെന്നു സത്യദേവനോട് ആവശ്യപ്പെട്ടതും കുമാരനാശാൻ തന്നെയാണ്. അതു ചിട്ടപ്പെടുത്താൻ ഡോ പി.പൽപുവിന്റെയും പണ്ഡിറ്റ് കെ.പി.കറുപ്പന്റെയും സഹായം തേടണമെന്നും ആശാൻ നിർദേശിച്ചിരുന്നു.

ആവേശവും സംഗീതവും വിപ്ലവവും സമം ചേർത്ത കഥകളിലൂടെ ജനങ്ങളോടു കാര്യം പറയുന്ന കലാരൂപം മലയാളത്തിൽ വേണമെന്ന ആശയം ശ്രീനാരായണഗുരുവാണു കുമാരനാശാനോടു പറഞ്ഞത്. ഗുരുവിന്റെ ശിഷ്യന്മാരിൽ ഒരാളെത്തന്നെ ദൗത്യം ഏൽപിക്കാൻ ആശാനും തീരുമാനിച്ചു.

അതിന് ഏറ്റവും പറ്റിയ ആളായിരുന്നു സി.എ.നീലകണ്ഠ ഭാഗവതർ. അതായിരുന്നു നമ്മുടെ കാഥികൻ സത്യദേവന്റെ പൂർവാശ്രമത്തിലെ പേര്. ആലപ്പുഴ, ചേർത്തല ചെറുവാരണം, ചെറുകണ്ണാട്ടുവീട്ടിൽ അയ്യപ്പന്റെയും സീതയുടെയും മകനായി 1065 കുംഭമാസത്തിൽ (1890) ജനനം. ഇലന്തൂർ കേശവൻ വൈദ്യരുടെ മകൾ ഭാരതിയമ്മയെ വിവാഹം കഴിച്ചു, അവർക്ക് ഏഴു മക്കൾ, ആറു പെണ്ണും ഒരാണും.

സംഗീതം പഠിച്ചതു തമിഴ്നാട്ടിലെ കുംഭകോണത്തും തിരുനൽവേലിയിലും. മലയാളത്തിനും തമിഴിനും പുറമേ തെലുങ്ക്, സിംഹള, ഗുജറാത്തി, കന്നഡ ഭാഷകളും പഠിച്ചു, കഥപാടി. തിരുവനന്തപുരം വാഴമുട്ടത്ത് കുന്നുപാറ ക്ഷേത്രത്തിൽ സത്യദേവന്റെ മാർക്കണ്ഡേയ ചരിതം ഹരികഥ കേട്ട കുമാരനാശാൻ കഥപറച്ചിൽ കഴിഞ്ഞപ്പോൾ സത്യദേവനെ അടുത്തുവിളിച്ചു.

‘‘ വായിക്കാൻ അറിയാത്ത സാധുജനങ്ങൾക്കു വേണ്ടി സത്യദേവൻ മലയാള കഥാകാവ്യങ്ങൾ അവതരിപ്പിക്കണം.’’

അതിനു വേണ്ടി കുമാരനാശാനൊപ്പം സത്യദേവനും താമസം തുടങ്ങി. പറഞ്ഞും പാടിയും എഴുതിയും മാറ്റിയെഴുതിനും സത്യദേവൻ ആശാന്റെ മുന്നിൽ കഥ പ്രസംഗിച്ചു. ആദ്യ കഥാപ്രസംഗം അവതരിപ്പിക്കാനുള്ള ഒരുക്കങ്ങൾ മുന്നേറി. അതിനിടയിലായിരുന്നു ആ ദുരന്തം. 1924 ജനുവരി 16 നു പല്ലനയാറ്റിലുണ്ടായ ബോട്ടപകടത്തിൽ കുമാരനാശാൻ മരിച്ചു.

1) കുമാരനാശാൻ 2) ഡോ.പി.പൽപു 3) കേളപ്പൻ ആശാൻ 4) പണ്ഡ‍ിറ്റ് കറുപ്പൻ

ഇന്നത്തെ വടക്കുംപുറം, ഒരു വർഷം മുൻപ്

ഈഴവോദയസഭ യോഗം ചേർന്നു, കേളപ്പനാശാൻ ചരിത്ര പഠനകേന്ദ്രം പ്രസിഡന്റായ റിട്ട. തഹസീൽദാർ വി.എസ്.ജയപ്രകാശും കവിയും എഴുത്തുകാരനുമായ ടൈറ്റസ് ഗോതുരുത്തും സഭാഭാരവാഹികളും ഒരു തീരുമാനമെടുത്തു. കഥാപ്രസംഗത്തിന്റെ നൂറുവർഷങ്ങൾ ഗംഭീരമായി ആഘോഷിക്കണം. കഥാപ്രസംഗത്തിനും സത്യദേവനും പരിപാടിയുടെ മുഖ്യസംഘാടകനായ കേളപ്പനാശാനും ഉചിതമായ സ്മാരകം നിർമിക്കണം. ചരിത്രപുസ്തക രചനയ്ക്കു ടൈറ്റസിനെ ചുമതലപ്പെടുത്തി. സംഘാടനത്തിന്റെ ഉത്തരവാദിത്തം ജയപ്രകാശിനാണ്.

പുസ്തകരചന പുരോഗമിക്കുന്നു, ഓഗസ്റ്റ് 15നു പ്രകാശനം നടത്താനാണ് ആഗ്രഹം. സ്മാരകസ്തൂപം പൂർത്തിയായി, ഇന്ന് കലാകേരളത്തിനു സമർപ്പിക്കും. സിദ്ധാർഥ രാജകുമാരൻ ഗൗതമബുദ്ധനായപോലെ നീലകണ്ഠ ഭാഗവതർ സ്വാമി സത്യദേവനായ ജീവിതകഥ തേടിയ വടക്കുംപുറം ഈഴവോദയസഭാ ഭാരവാഹികളുടെ അന്വേഷണം അവസാനിച്ചതു വാരണാസിയിലാണ്.

സാഹിത്യപ്രവർത്തക സഹകരണസംഘത്തിനു വേണ്ടി ‘കഥാപ്രസംഗം– എന്ത്? എന്തിന്? എങ്ങനെ?’’ എന്ന പുസ്തകം എഴുതിയ അധ്യാപകനും കാഥികനുമായ കെ.കെ.വാദ്ധ്യാർ പുസ്തകത്തിന്റെ ഒരു കോപ്പി 1957ൽ സത്യദേവനു നൽകിയിരുന്നു. പുസ്തകത്തിന്റെ രണ്ടാം പകർപ്പിൽ ചേർക്കാനുള്ള സത്യദേവന്റെ കത്ത് കെ.കെ.വാദ്ധ്യാർക്കു ലഭിച്ചപ്പോൾ അതിലൊരു വിലാസം എഴുതിയിരുന്നു.

സ്വാമി സത്യദേവൻ,
ബി 13/182
കണ്ണപ്പസ്വാമി മഠ്
കേദാർഘട്ട്
വാരാണസി.

ഈ കത്തിൽ നിന്നാണു ചരിത്രത്തിലെ ആദ്യ കഥാപ്രസംഗ അവതരണത്തിന്റെ വിവരങ്ങൾ നമുക്കു ലഭിക്കുന്നത്.

കത്തിലെ പ്രസക്ത ഭാഗങ്ങൾ:

‘‘ കുമാരനാശാന്റെ ഉപദേശം കേട്ടു സാധാരണജനങ്ങൾക്കു വേണ്ടി കാവ്യകഥകൾ പറയാനുള്ള ഒരുക്കം നടക്കുന്നതിനിടയിൽ 99 മകരമാസം 3–ാം തീയതി വെളുപ്പിന് ഉദ്ദേശ്യം 3 മണിക്കാണു റെഡീമർ ബോട്ട് പല്ലനയാറ്റിൽ മുങ്ങി അനവധിയാളുകൾ മരിച്ചു. ഇതേ ബോട്ടിൽ മഹാകവി കുമാരനാശാനും ഉണ്ടായിരുന്നതായുള്ള വിവരം കിട്ടി ഞങ്ങൾ 3 വള്ളങ്ങളിലായി പല്ലനയിലെത്തി.

അതിരാവിലെ മുതൽ വൈകുന്നേരം വരെ തിരഞ്ഞു. ആശാനെ കണ്ടെത്താൻ കഴിഞ്ഞില്ല. പിറ്റേന്നു രാവിലെ വീണ്ടും പോയി, പത്തു മണിയോടെ മഹാകവിയുടെ മൃതദേഹം കിട്ടി. പിന്നീടുണ്ടായ കാര്യങ്ങൾ എഴുതാൻ പ്രയാസം. തിരുവിതാംകൂർ പൊലീസ് വകുപ്പ് മേലധ്യക്ഷൻ കുഞ്ഞുകൃഷ്ണപിള്ള അടക്കം എല്ലാവരും മഹാകവിയുടെ കണ്ണുപൂട്ടി, വിളറി, കാൽനീട്ടി അനങ്ങാതെയുള്ള കിടപ്പുകണ്ട് നെഞ്ചുപിളർന്നു കരച്ചിലായി. ഞാനും അയ്യർഭട്ടസ്വാമിയും ഏങ്ങിക്കരഞ്ഞു മൃതദേഹത്തിന്റെ ഇരുവശത്തുമിരുന്നു സുഗന്ധദ്രവ്യങ്ങൾ പുകച്ചുകൊണ്ടിരുന്നു...

‘‘ കഥാപ്രസംഗം ചിട്ടപ്പെടുത്താൻ പത്തനംതിട്ട പത്യാരത്ത് മൈലയ്ക്കൽ വൈദ്യന്മാരുടെ വീട്ടിൽ തങ്ങി. ഒരു മാസം കൊണ്ട് കഥാപ്രസംഗത്തിന്റെ പ്ലാൻ രൂപീകരിച്ചു. വർക്കല എത്തി ശ്രീനാരായണഗുരുവിനെ നമസ്കരിച്ചു, ആഗ്രഹം പറഞ്ഞു. അനുഗ്രഹം തേടി. അത് ആശാന്റെ പ്രേരണയാണെന്നും ഉണർത്തിച്ചു.‘ ഈ പ്രസ്ഥാനത്തിൽ ഇവൻ വളരെ ശോഭിക്കും. നീ ജനത്തെ കഠിനമായി ആക്ഷേപിക്കരുത്. ധർമവിരുദ്ധമായ രാജനീതിയെയും അനാചാരം പ്രവർത്തിക്കുന്ന പുരോഹിതരെയും സഭ്യമായ ഭാഷയിൽ അധിക്ഷേപിക്കാം...’

ഗുരുദേവന്റെ ഉപദേശം മനസ്സിൽ സൂക്ഷിച്ച് 3 ദിവസം ശിവഗിരിയിൽ തങ്ങി. പാട്ടുകൾ എഴുതാൻ എറണാകുളം മഹാരാജാസ് കോളജ് മലയാളം അധ്യാപകനായ പണ്ഡിറ്റ് കറുപ്പൻ മാസ്റ്ററെയും എറണാകുളം തച്ചക്കുടിയിൽ പൽപു ഡോക്ടറെയും കാണാനുള്ള ഉപദേശം കിട്ടി. പൽപു ഡോക്ടറെ കണ്ടു കാര്യം പറഞ്ഞപ്പോൾ കെട്ടിപ്പിടിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. കറുപ്പൻ മാസ്റ്ററെ അദ്ദേഹം തന്നെ വിളിച്ചു വരുത്തി. പാട്ടിന്റെ മട്ട് പറഞ്ഞു കൊടുത്താൽ എഴുതാമെന്ന് അദ്ദേഹവും ഏറ്റു.

ഡോക്ടറുടെ ബംഗ്ലാവിൽ തന്നെ താമസിച്ചു കഥാപ്രസംഗം പരിശീലിക്കാൻ തുടങ്ങിയപ്പോഴാണു. ഒരുദിവസം വടക്കൻ പറവൂരിലെ കേളപ്പനാശാനെന്ന പ്രമാണി അദ്ദേഹത്തെ കാണാനെത്തിയത്. അന്നു രാത്രി 7 മണിക്ക് കഥാപ്രസംഗത്തിന്റെ പരിശീലന അവതരണം തുടങ്ങി. അതു കണ്ടു താൻ നടത്തുന്ന സ്കൂളിൽ ഈ കലയുടെ രംഗപ്രവേശം നടത്തണമെന്നു കേളപ്പനാശാൻ അന്നു രാത്രി തന്നെ ഡോക്ടറോട് അപേക്ഷിച്ചു. ഞാനും സമ്മതിച്ചു.

കറുപ്പൻ മാസ്റ്റർ പുതിയ കലയ്ക്കു ‘ കഥാപ്രഭാഷണം’ എന്നാണു പേരിട്ടത്. തലശേരിക്കാരൻ സി.കെ.കുഞ്ഞിരാമനാണ് ‘ കഥാപ്രസംഗം’ എന്നു നിർദേശിച്ചത്. ഞാനും അതിനെ പിന്തുണച്ചു. എല്ലാം ഏർപ്പാടാക്കി 3 ദിവസം കഴിഞ്ഞു കേളപ്പനാശാൻ വീണ്ടും വന്നു. ഞങ്ങളെല്ലാം അങ്ങോട്ടു പുറപ്പെട്ടു. പിറ്റേന്നു വൈകിട്ട് വേദിയിൽ ഒരുപാടു പേർ തടിച്ചുകൂടി. ഹാർമോണിയം മാത്രമായിരുന്നു സംഗീത സഹായം. പ്ലാറ്റ്ഫോമിൽ കസേരയിട്ടു കരപ്രമാണിയുടെ ഭാവത്തിൽ ഒരാൾ ഇരുന്നിരുന്നു. കഥാപ്രസംഗ അവതരണം 3 മണിക്കൂറിലധികം നീണ്ടു. പ്രമാണി എന്റെ ഷർട്ടിന്റെ പോക്കറ്റിൽ ഒരു കടലാസു കഷണം തിരുകി. തൊഴുതു തിരിച്ചുപോയി. മറ്റാരും പിരിഞ്ഞുപോയില്ല. കേളപ്പനാശാൻ താലത്തിൽ പൂമാലയും നാരങ്ങയുമായെത്തി.

പോക്കറ്റിൽ തിരുകിയ കടലാസ് കഷണം പുറത്തെടുത്ത് വിടർത്തി കാണിച്ചു– 10 രൂപ നോട്ട്. ‘‘ കൊച്ചു ഗോവിന്ദപ്പിള്ള ജീവിതത്തിൽ ആർക്കെങ്കിലും ഇങ്ങനെ സംഭാവന ചെയ്തതായി നിങ്ങൾക്ക് അറിയാമോ?’’ എന്നു ചോദിച്ചു. എന്നിട്ട് കഴുത്തിൽ മാലയണിയിച്ചു. ആ 10 രൂപ അടക്കം 45 രൂപ എന്റെ കയ്യിൽ വച്ചുതന്നിട്ടു കേളപ്പൻ ആശാൻ പറഞ്ഞു ‘ ഈ പ്രസ്ഥാനം കൊണ്ടു ഭാവിയിൽ നിങ്ങൾക്കുണ്ടാവാൻ പോകുന്ന പ്രസിദ്ധിയും പ്രയോജനവും അത്ഭുതാവഹമായിരിക്കും.’

സത്യദേവന്റെ കത്ത് അവസാനിച്ചു. സന്യാസിയായി വാരാണസിയിലെത്തിയ സ്വാമി സത്യദേവനു പിന്നീടെന്തു സംഭവിച്ചെന്ന് ആർക്കും ഇതുവരെ അറിയില്ല. കഥപറച്ചിൽ നമ്മുടെ നാട്ടിൽ തുടർന്നു....

‘ ജയ ജയ ജയ ജനനീ, രമണീ മഹിത ചരിത ധരണീ

അമൃതകിരണേ, സുകൃതശയനേ ശയനമതുല ചരണേ....’’

സത്യദേവനില്ലാത്ത വേദികളെ വി.സാംബശിവനും കെടാമംഗലം സദാനന്ദനും ഏറെ മുന്നോട്ടു നയിച്ചു.

അങ്ങനെ 100 വർഷം. 

English Summary:

Sunday Special about Kadhaprasangam