ഗൾഫ് വഴിയുള്ള യുഎസ് യാത്രക്കാർ വലയും

ദോഹ ∙ വിലക്കു വളരെ ചെറിയ ശതമാനം യാത്രക്കാരെ മാത്രമേ ബാധിക്കൂവെന്നാണു യുഎസ് അധികൃതരുടെ വിശദീകരണമെങ്കിലും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരാണു പ്രധാനമായി ബുദ്ധിമുട്ടിലാകുക. യുഎസിലേക്കുള്ള ദീർഘയാത്രയ്ക്കിടെ ജോലിയാവശ്യത്തിനും നേരംപോക്കിനും ഇലക്ട്രോണിക് ഉപകരണങ്ങൾ യാത്രക്കാർ ഉപയോഗിക്കുക സാധാരണമായിരുന്നു. വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ചെക്ക്ഇൻ ബാഗേജിൽ അയയ്ക്കുന്നതിനോടു യാത്രക്കാർക്കു താൽപര്യമില്ല.

ബാഗേജുകൾ വിമാനത്തിൽ കയറ്റുമ്പോഴും ഇറക്കുമ്പോഴും അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിനാൽ ഇലക്ട്രോണിക് ഉപകരണങ്ങൾക്കു കേടുപാടുകൾ സംഭവിക്കുമോയെന്നാണു ഭയം. ഇന്ത്യയിൽ നിന്നുൾപ്പെടെ ഒട്ടേറെപ്പേർ യുഎസ് യാത്രയ്ക്കു ഗൾഫ് വിമാനങ്ങളെയാണ് ആശ്രയിക്കുന്നത്. കുറഞ്ഞ നിരക്ക്, മികച്ച സർവീസ് തുടങ്ങിയവയാണ് ഇവയെ ആകർഷകമാക്കുന്നത്. ദോഹ, ദുബായ്, അബുദാബി തുടങ്ങിയ ഹബ്ബുകളിലെത്തി വിമാനം മാറിക്കയറിയാണ് ഇവർ യുഎസിനു പോകുന്നത്. മറ്റു രാജ്യങ്ങളിൽ നിന്നു ഗൾഫിലെത്തി യാത്ര തുടരുന്നവരെ ആശങ്കപ്പെടുത്തുന്നതാണു തീരുമാനം.

നാട്ടിൽനിന്നു കയറുമ്പോഴേ ഇലക്ട്രോണിക് ഉപകരണങ്ങൾ ചെക്ക്ഇൻ ബാഗേജിൽ സൂക്ഷിക്കേണ്ടി വരും. ഗാലക്സി നോട്ട് 7 സ്മാർട് ഫോൺ നേരത്തേ തന്നെ വിമാനത്തിനുള്ളിൽ നിരോധിച്ചിരുന്നു. ഈ നിരോധനവും തുടരും. വിലക്കു ബാധകമായ വിമാനത്താവളങ്ങളിൽനിന്നു സർവീസ് നടത്താത്തതിനാൽ യുഎസ് വിമാനക്കമ്പനികൾക്കു വിലക്കു ബാധകമല്ല. യുഎസ് സർക്കാരിന്റെ നിയന്ത്രണങ്ങൾ കാരണം വിമാനത്തിനുള്ളിൽ മൊബൈൽ ഫോൺ ഒഴിച്ചുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതു വിലക്കിയതായി ഖത്തർ എയർവേയ്സ് അറിയിച്ചു. 96 മണിക്കൂറിനകം നടപ്പാക്കിയില്ലെങ്കിൽ വിമാന കമ്പനികളുടെ യുഎസ് സർവീസ് അനുമതി പിൻവലിക്കുമെന്നും ഉത്തരവു വ്യക്തമാക്കുന്നു.