യുഎസിലേക്കു മുലപ്പാൽ കയറ്റുമതി കംബോഡിയ തടഞ്ഞു

നോംപെൻ ∙ കംബോഡിയയിലെ ദരിദ്രരായ അമ്മമാരിൽനിന്നു മുലപ്പാൽ ശേഖരിച്ച് അമേരിക്കയിൽ വിൽക്കുന്ന യുഎസ് കമ്പനിയുടെ നടപടി ഐക്യരാഷ്ട്ര സംഘടന ശിശുക്ഷേമ ഏജൻസി (യുനിസെഫ്) അപലപിച്ചു.

യുഎസിലെ യുട്ടാ ആസ്ഥാനമായ അംബ്രോസിയ ലാബ്‌സിന്റെ മുലപ്പാൽ കയറ്റുമതി കഴിഞ്ഞദിവസം കംബോഡിയ സർക്കാർ തടഞ്ഞിരുന്നു. ആവശ്യത്തിനു മുലപ്പാലില്ലാത്ത അമേരിക്കൻ അമ്മമാരാണ് ഉപഭോക്താക്കൾ.

കംബോഡിയൻ അമ്മമാരിൽനിന്നു ശേഖരിക്കുന്ന മുലപ്പാൽ ശീതീകരിച്ചശേഷമാണു കയറ്റുമതി. 147 മില്ലിലീറ്ററിന് 20 ഡോളർ (1300 രൂപ) എന്ന നിരക്കിലാണു വിൽപന. ഏഷ്യയിലെ ദരിദ്രരാജ്യങ്ങളിലൊന്നായ കംബോഡിയയുടെ തലസ്ഥാനമായ നോംപെന്നിലെ സ്ത്രീകളാണു മുലപ്പാൽ വിൽക്കുന്നത്.

‘പോഷകാഹാരം കിട്ടാത്ത കുട്ടികൾ ഒരുപാടുള്ള ആ രാജ്യത്തു തന്നെയാണ് അധികം മുലപ്പാൽ വേണ്ടത്. ലാഭത്തിനും വാണിജ്യാവശ്യത്തിനും വേണ്ടി ദുർബലരും പാവങ്ങളുമായ സ്ത്രീകളെ ചൂഷണം ചെയ്യരുത്’– യുനിസെഫ് കംബോഡിയ വക്താവ് ഇമാൻ മൊറൂകാ പറഞ്ഞു.