ക്യാംപസിലെ കൊല: എട്ടു വിദ്യാർഥികൾ അറസ്റ്റിൽ

പെഷാവർ ∙ മതനിന്ദ ആരോപിച്ചു പാക്കിസ്ഥാനിൽ ജേണലിസം വിദ്യാർഥിയെ വാഴ്സിറ്റി വളപ്പിൽ കൊലപ്പെടുത്തിയതിനെ പ്രധാനമന്ത്രി നവാസ് ഷരീഫ് അപലപിച്ചു. എട്ടു വിദ്യാർഥികളെ പൊലീസ് അറസ്റ്റുചെയ്തു. ഭീകരവിരുദ്ധ കോടതി ഇവരെ നാലു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഖാൻ അബ്ദുൽ വാലിഖാൻ സർവകലാശാലയിലെ ജേണലിസം വിദ്യാർഥി മഷാൽ ഖാനാണ് സ്വതന്ത്ര ചിന്തയുടെ പേരിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്.

മതനിന്ദ ആരോപിച്ച് ഒരുസംഘം വിദ്യാർഥികൾ മഷാലിനെ നഗ്നനാക്കി മർദിച്ചു തലയ്ക്കും നെഞ്ചിനും വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. മറ്റൊരു വിദ്യാർഥി അബ്ദുല്ലയെ പൊലീസെത്തി രക്ഷിച്ചു. മഷാൽ ഖാനെ കൊലപ്പെടുത്തുന്നതിന്റെ വിഡിയോ തന്നെ നടുക്കിയെന്നു നവാസ് ഷരീഫ് പറഞ്ഞു. സഹിഷ്ണുതയും നിയമവാഴ്ചയും നിലനിർത്താൻ അദ്ദേഹം ആഹ്വാനം ചെയ്തു.